
“കല്ലൈ മറ്റ്റും കണ്ടാല്‍ കടവുള്‍ തെരിയാത്..
കടവുള്‍ മറ്റ്റും കണ്ടാല്‍ കല്ലടി തെരിയാത്..”ഒന്ന്
കമലാഹാസന് ഉലകനായകനാണെന്നു പറയുന്നത് കമലാഹാസന്റെ തന്നെ സംവിധായകനാണ്. സംശയമുണ്ടെങ്കില്‍ ‘ദശാവതാരം’ അവസാനത്തെ പാട്ടു സീന്‍ വരെ ക്ഷമയോടെയിരുന്നു കാണുക. അത് കഥാപാത്രമായ ഗോവിന്ദരാജനെക്കുറിച്ചല്ല, സംവിധായക ബിനാമി ഏര്‍പ്പാടു വഴി തന്നെ ഒരു വലിയ ഒരാളാക്കിക്കൊണ്ടിരിക്കുന്ന കമല്‍സാറിനെപ്പറ്റിയാണെന്ന് ഏത് ആണ്ടിക്കും വരികള്‍ക്കിടയില്‍ വായിക്കാതെ തന്നെ മനസ്സിലാവും. അതിനായി ശ്രീമാന്‍ കെ എസ് രവികുമാര്‍ പ്രത്യേകം തയ്പ്പിച്ച കോട്ടും സ്യൂട്ടുമിട്ടാണ് പാടിക്കൊണ്ട് അറിയാന്‍ വയ്യാത്ത കളി കളിക്കുന്നത്. പരുത്തിവീരനും മൊഴിയും വെയിലും ഒക്കെ ഇറങ്ങുന്നുണ്ടെങ്കിലും തമിഴില്‍ ഇതും പതിവാണ്. ‘ശിവകാശി’ എന്ന പണം വാരി അടിപ്പടത്തില്‍ ചുണ്ടത്തെ ചോരയും തുടച്ചുകൊണ്ട് വിധേയോത്വിനമ്രനായി പഞ്ചപുച്ഛവും അടക്കി നിന്ന് വിജയിനെ അവതരിപ്പിക്കുന്നത് ആ സിനിമയുടെ സംവിധായകനാണ്. നായകന് വന്ന് അയാളെയും കൂടി രക്ഷിക്കും. (സിനിമ സംവിധായകന്റെ മാത്രം കലയാണ്, സാമ്രാജ്യമാണെന്നൊക്കെ പതിറ്റാണ്ടുകളായി പറഞ്ഞുകൊണ്ടിരിക്കുന്ന അടൂര്‍ മലയാളത്താനെ തമിഴന്മാര് പാണ്ടി ഏരിയയിലെങ്ങാനും കണ്ടാല്‍ ഓട്ടിച്ചിട്ടു കൊഞ്ഞനം കുത്തും. (പിന്നേ ഒരു ചംവിതായകന്‍! ) ഇളയദളപതിയുടെ സിനിമാപേരുകള്‍ കാണാതെ ഉരുവിട്ടുള്ള സംവിധായകന്റെ അഭ്യാസം കേട്ട് കടുത്ത ഫാന്‍സുകാരുടെ പോലും മുണ്ട് രോമാഞ്ചം കൊണ്ട് അഴിഞ്ഞുപോയതില്‍ എന്തെങ്കിലും അദ്ഭുതമുണ്ടോ ?
എനിക്കു തോന്നുന്നത് ‘ദാണ്ടെ ഉലകനായകന്’ എന്ന് ചൂണ്ടി തരുന്നതിനു മാത്രമാണ് കെ എസ്, സംവിധായകനുള്ള വൌച്ചര്‍ ഒപ്പിട്ടു വാങ്ങിച്ചതെന്നാണ്. പുള്ളിക്കതില്‍ വേറേ കാര്യമായ പണിയൊന്നുമില്ല. ‘ദശാവതാര‘ത്തിനു നിരൂപണങ്ങളെഴുതിയവരും കമല്‍ കമല്‍ എന്നല്ലാതെ രവികുമാര്‍ രവികുമാര്‍ എന്നു പറഞ്ഞിട്ടില്ലെന്നു ശ്രദ്ധിക്കണം. കമലാഹാസന്റെ ഫാന്‍സിഡ്രസ്സാണ് മെയിന്‍ തീം. അതിനു വേണ്ടുന്ന ചില അനുസാരികള്‍ കഥ, തിരക്കഥ, സംഭാഷണം എന്ന പേരില്‍ കമല്‍സാറു തന്നെ തയാര്‍ ചെയ്തിട്ടുണ്ട്. 10 കഥാപാത്രങ്ങള്‍ ഒരാളായാല്‍ പിന്നെ ബാക്കിയുള്ളവര്‍ക്ക് എന്തോന്നു പണി? സോ അഭിനയത്തിന്റെ ക്രെഡിറ്റും കമല്‍ സാറിനു തന്നെ. കമലാഹാസന് കനിഞ്ഞു സ്വീകരിച്ച ആറിലധികം കഥാപാത്രങ്ങളുടെ മേക്കപ്പ്, മരത്തടിയില്‍ പെയിന്റടിച്ചതു പോലെ ആകയാല്‍ മേക്കപ്പ് സൂപ്പര്‍വൈസരും കമലു തന്നെ. ചെയ്യുന്നത് വെള്ളക്കാരനാണെങ്കിലും ഇങ്ങനെയൊക്കെ മതിയെന്നു തീരുമാനിക്കാന്‍ ഒരു ദേഹം വേണമല്ലോ. വസ്ത്രാലങ്കാരക്കുത്തക ഫാമിലി വക വാണിഗണപതി, സരിക വഴി ഇപ്പോള്‍ ഗൌതമി അവര്‍കളിലാണ്. അവിടെയും കമലാഹാസന് ! ങേ..അപ്പോള്‍ ആനിമേഷന്‍ , അടി, പാട്ട്, ശൃംഗാരം, നാടകം, കത്രിക..............സംശയിക്കാന്‍ ഇനിയുമെന്തിരിക്കുന്നു..?
എന്താണ് ഈ സകലകലാഭ്യാസത്തില്‍ നിന്ന് ആത്യന്തികമായി നമുക്ക് ലഭിക്കുന്ന കോപ്പ്? സ്കിന്‍ ഗ്രാഫ്റ്റിംഗ് എന്ന വിദ്യ ലോകത്തിലാദ്യമായി പരീക്ഷിച്ച രജനീകാന്തിന്റെ ‘ശിവാജി’ യുടെ ടൈപ്പ് സാങ്കേതിക പ്രാധാന്യം എന്തെങ്കിലും ദശാവതാരത്തിനുണ്ടെന്ന് ശത്രുക്കള്‍ പോലും പറയില്ല. പിന്നെയുള്ളത് കമലിന്റെ അസാധാരണ ക്ഷമാശക്തിയെ ലോകസമക്ഷം വച്ച മേക്കപ്പുകളുടെ പുകഴാണ്. അതു വല്ലതും നമ്മുടെ കലാസ്വാദന സംസ്കാരത്തെയോ സൌന്ദര്യബോധത്തെയോ ഒരിഞ്ചെങ്കിലും മുന്നോട്ടു കൊണ്ടു പോകുന്നുണ്ടോ? ഏറ്റവും കനമുള്ള മേക്കപ്പിന് ഗിന്നസ് ബുക്ക് ഓഫ് റിക്കോഡില്‍ കയറിപ്പറ്റിയ കഥകളിയുടെ സ്വന്തം നാട്ടുകാരാണ് മലയാളത്താന്മാര്! വഴി വിടയ്യാ വഴി വിട് ! പഴയ വിട്ടലാചാര്യ സിനിമകളിലുമുണ്ടായിരുന്നു, തറടിക്കറ്റുകാരനെ വാപൊളിപ്പിക്കുന്ന മേക്കപ്പും മായാലോകങ്ങളും. പഴയസംഗീതനാടകാസ്വാദനപാരമ്പര്യത്തിന്റെ കാണാന്‍ വയ്യാത്ത കൈകള്‍ താരാട്ടുകയാണ് ഇന്നും തമിഴ് സിനിമാവബോധത്തെ. ചവിട്ടുഹാര്‍മോണിയക്കാരന്‍ തിളങ്ങുന്നക്കുപ്പായവുമിട്ട് അലറിവിളിച്ചു ഓട്ടയാക്കിയ ഇന്ദ്രിയബോധം ഒരു ജനക്കൂട്ടത്തെ ഇരുട്ടിലും പ്രദര്‍ശകനെ/പെര്‍ഫോമന്‍സുകാരനെ (കഥാപാത്രയല്ല) തിരയാന്‍ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പതിനാറാം വയതിനിലേ, മൂന്നാം പിറ, നായകന്, പുഷ്പകവിമാനം. നാന്‍സി, മഹാനദി, ഗുണ, വിരുമാണ്ടി, അന്പേ ശിവം. ഒരു പിടി നല്ല ചിത്രങ്ങളുണ്ട് കമലിന്റെ ക്രെഡിറ്റില്‍. ഭൂരിഭാഗവും വിജയിക്കാതെ പോയവ. തമിഴ്നാട്ടില്‍ ആര്‍ക്കെങ്കിലുമൊക്കെ ആരെങ്കിലുമൊക്കെ ആയിരിക്കാതെ വയ്യ. ആ ടിക്കറ്റിലാണ് കമല്‍ ഉലകനായകനായത്. സൂര്യനൊന്നേയുള്ളൂ എന്നു പറയും പോലെ സൂപ്പര്‍സ്റ്റാര്‍ ഒന്നേയുള്ളൂ എന്നെന്നേയ്ക്കും. രജനികാന്ത് ! സൂപ്പര്‍ താരങ്ങളുടെ മാനറിസങ്ങളെല്ലാം ചെപ്പടി വിദ്യകളാണ്. ആ വഴിയ്ക്കു തന്നെയാണ് കമലും യാത്രയായിരുന്നത്. സകലകലാവല്ലഭന്, കാക്കിച്ചട്ടൈ, ഒരു കൈതിയിന്‍ കതൈ.. പിന്നെ ദിശമാറ്റി. ഷോമാനായി. വേഷം കെട്ട്, ട്രിക്ക്, ഗിമിക്ക്..ആ പരിണതിയുടെ ഇങ്ങേയറ്റമാണ് ദശാവതാരം. ഇതിനിയും വളരും.
ദശാവതാരത്തിലെ കമലിന്റെ പത്തുവേഷങ്ങള്‍ക്ക് പ്രത്യേകിച്ച് താത്ത്വികാടിത്തറയൊന്നുമില്ല. ഒരേ മനസ്സിന്റെ വ്യത്യസ്തഭാവങ്ങളെന്നോ, നരവംശാധിഷ്ഠിതമായ വിശകലനമെന്നോ.. അങ്ങനെയൊന്നും. കമലിന്റെ ഭാവാര്‍ദ്രമായ വിടര്‍ന്ന കണ്ണുകളാകട്ടെ ബദ്ധപ്പെട്ടുകെട്ടിയ വേഷങ്ങളുടെ തനിമയെ അങ്ങേയറ്റം കൃത്രിമമാക്കുന്നുണ്ട്, പലേടത്തും. ‘വലിയ’ കണ്ണുള്ള ജപ്പാന്‍കാരനെയും ജോര്‍ജ്ജു ബുഷിനെയും നോക്കുക. 7 അടിപ്പൊക്കക്കാരനായ അമാനുള്ളഖാനും മുത്തുപ്പാട്ടിയും പെയിന്റടിച്ച മരക്കഷ്ണങ്ങളാണ്. മുഖാവയവങ്ങളുടെ സ്വാഭാവികചലനം പോലും അസാദ്ധ്യമായ അവസ്ഥയില്‍ അതാര്‍ക്കും -സിനിമയുമായി പുലബന്ധം പോലുമില്ലാത്തയാളിനും- പറ്റുന്ന വേഷങ്ങളാണ്. നല്ലൊരു ആനിമേറ്റര്‍ കൂടി വേണമെന്നു മാത്രം, പോസ്റ്റ് പ്രൊഡക്ഷന്‍ യൂണിറ്റില്‍. പാട്ടുകാരന് അവതാര്‍ സിംഗാവട്ടേ, വേഷം കൊണ്ട് സുന്ദരനെങ്കിലും നാടകീയതകൊണ്ട് ചുവപ്പുകലക്കിയൊഴിച്ച കഥാപാത്രം. ഇങ്ങനെയുണ്ടോ ഒരു സെന്റിമെന്റ്സ്..? വില്ലനായ ക്രിസ്ത്യന്‍ ഫ്ലെച്ചറും നായകനായ ഗോവിന്ദരാജനും ഒരാളുതന്നെയായതിലെ ഭാവന കൊള്ളാം. എങ്കില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ വില്ലത്തരം (വിഷ്ണു വിഗ്രഹത്തെ പൊളിച്ചെടുത്ത് കടലില്‍ താഴ്തുന്ന ശൈവ ആക്രമണകാരിയായ രാജാവ് കുലോത്തുംഗചോളന് ) എന്തിന് നെപ്പോളിയനായി മാറ്റി വച്ചു? അതും കമലുതന്നെയായാല്‍ മതിയായിരുന്നു. ആകെ പത്തുമിനിട്ടു പോലുമില്ലാത്ത ഇരുന്നുകൊണ്ടുള്ള പ്രകടനമാണ് രാജാവിന്റേത്. കയോസ് തിയറിക്ക് സ്ക്രീനില്‍ ഒരു യുക്തിയും കൂടി ലഭിച്ചേനേ. മണല്‍മാഫിയയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന വിന്‍സന്റ് പൂവരഗനും റാ ഉദ്യോഗസ്ഥന് ബല് റാം നായിഡുവുമാണ് ദശാവതാരത്തിലെ കമലാഹാസനു വേണ്ടിയുള്ള ശരിവേഷങ്ങള്‍ . പിന്നെ രണ്ടു കാലഘട്ടത്തിലെ നായകരായുള്ള രംഗരാജ നമ്പി- ഗോവിന്ദ രാമസ്വാമി ദ്വന്ദ്വങ്ങളും. ഈ നാലുപേര്‍ക്കു വേണ്ടിയാണ് നാം ബാക്കി ആറ് അവതാരങ്ങളെയും അവരെ ചുറ്റുന്ന പാവം നിഴലുകളെയും 31/2 മണിക്കൂര്‍ കണ്ടിരിക്കേണ്ടത്.
രണ്ട്
യുദ്ധങ്ങളും ദുരന്തങ്ങളും ദേശീയതാസങ്കല്‍പ്പത്തെ ഉത്തേജിപ്പിക്കും. ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നത് മനുഷ്യ ദുരന്തങ്ങളാണ്. സുനാമിയെക്കുറിച്ചോര്‍ത്തു ദുഃഖിക്കേണ്ടതില്ല, എന്ന് പറയുന്നത് 4 വര്‍ഷങ്ങള്‍ക്കു ശേഷമായതുകൊണ്ട് നമുക്കും ആ അഭിപ്രായത്തോട് ഒരനുഭാവം തോന്നിക്കൂടായ്കയില്ല. മനുഷ്യകുലത്തെ മുച്ചൂടും നശിപ്പിക്കാന്‍ പോന്ന അണുബാധയില്‍ നിന്ന് രക്ഷിക്കാനായിരുന്നത്രേ സുനാമി. കൂടുതല്‍ നല്ലതിനു വേണ്ടിയാവുമ്പോള്‍ കുറച്ചു ബലിയൊക്കെയാവാം. രംഗരാജ നമ്പി അങ്ങനെ വിഷ്ണുവിഗ്രഹം രക്ഷിക്കാനായി ബലിയായ വ്യക്തിയാണ്. ( ഇവിടെ സിനിമ, മതപരമായ സംഘര്‍ഷങ്ങള്‍ പണ്ടുമുതല്‍ക്ക് ഭാരതത്തില്‍ ഉണ്ട് എന്നകാര്യത്തിന് അടിവരയിടുന്നുണ്ടെന്നു തോന്നുന്നു. വൈഷ്ണവ-ശൈവ സംഘര്‍ഷത്തില്‍ സിനിമയുടെ പക്ഷം വ്യക്തം, ‘അന്യനി‘ലും കാണാം വൈഷ്ണവ പക്ഷപാതിത്വം. അതെങ്ങനെയുണ്ടായി ?) കടലില്‍ വീണ വിഗ്രഹം അതില്‍ പറ്റിച്ചേര്‍ന്നു നില്ക്കുന്ന അസ്ഥികൂടത്തോടെ സുനാമിയില്‍ കരയ്ക്കടിയുന്നുണ്ട്. മാറിയ ഇന്ത്യന്‍ സാഹചര്യത്തില്‍ അതൊരു വലിയ ക്ഷേത്രവും തീര്‍ത്ഥാടനകേന്ദ്രവുമൊക്കെയായി പരിണമിക്കും. കടലിനടിയില്‍ ആ വിഗ്രഹം നൂറ്റാണ്ടുകള്‍ കാത്തു കിടന്നത് ഈയൊരു നിമിഷത്തിനും ആര്‍ത്തത്രാണനത്തിനും വേണ്ടിയായിരുന്നു. എല്ലാത്തിനും അര്‍ത്ഥമുണ്ട്. അതോ ഇതോ എന്നും പറഞ്ഞ് കരഞ്ഞും വിളിച്ചും രക്തം തുപ്പിയും നിന്ന അവതാര്‍ സിംഗിന് (പാവത്തിന് തൊണ്ടയില്‍ ക്യാന്‍സറാണ്, ഓപ്പറേഷന് ചെയ്തില്ലെങ്കില്‍ ആളു തട്ടിപ്പോവും, ഓപ്പറേഷന് ചെയ്താല്‍ പാട്ടു നിന്നു പോവും!) ഓര്‍ക്കാപ്പുറത്ത് വില്ലന്റെ വെടിയേറ്റപ്പോള്‍ എല്ലാവരും കരുതിയത്, മോങ്ങാനിരുന്ന കുരങ്ങന്റെ തലയില്‍ നീ തേങ്ങായും കൂടി വെട്ടിയിട്ടു കൊടുത്തല്ലോ ദൈവമേ എന്നാണ്. പക്ഷേ കാല്‍പ്പന്തുകളിയില്‍ പറയുന്നതു പോലെ ഒന്നും സംഭവിച്ചില്ലാാാാ. ഉണ്ട സിംഗിന്റെ ക്യാന്‍സറും കൊണ്ടു പോയി. അതും പറഞ്ഞുവച്ചപോലെ പെര്‍ഫെക്ടായിട്ട് ! ഡോക്ടര്‍ കുപ്പായമിട്ട് രംഗത്ത് നില്ക്കുന്ന നടന് മൂക്കില്‍ വിരലു വച്ചുകൊണ്ട് പറയുന്നത് ഇതിനേക്കാള്‍ നന്നായി ലോകത്തിലെ എറ്റവും നല്ല സര്‍ജ്ജനും ‘കയൂല്ലാ‘ എന്നാണ് ! സിംഗിനിനിയും ആടിക്കൊണ്ട് പാടാം. വോക്കല്‍ കോഡ് വില്‍ ബി പെര്‍ഫെക്ട് ദാന്‍ എവെര് സിന്‍സ്. വിന്‍സന്റ് പൂവരഗന്‍ എന്ന നല്ല മനുഷ്യന് സുനാമിയില്‍ ബലിയാവുന്നത് ശത്രുവിന്റെ കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ്. അതുകൊണ്ട് തടിമാടന്മാരായ കുറെ വില്ലന്മാരങ്ങ് (മണല്‍ മാഫിയ) നന്നായി. ജീവിതത്തില്‍ നല്ലതൊന്നും ചെയ്തിട്ടില്ലാത്ത അവര്‍ ഒരു നന്മ കണ്മുന്നില് കണ്ടത് ആദ്യമായിട്ടായിരിക്കും. മറ്റൊരു സാമൂഹിക വിപ്ലവം കൂടി പൂവരഗന്റെ ബലി കൊണ്ട് സിനിമ സാധിച്ചെടുക്കുന്നുണ്ട്. അഗ്രഹാരത്തില്‍ ശുദ്ധിയും വെടിപ്പും പറഞ്ഞ് അടമ്പിടിത്തവും ഇത്തിരി നൊസുമായി നടക്കുന്ന വൃദ്ധകളുടെ സ്റ്റീരിയോ മാതൃക കൃഷ്ണവേണിപ്പാട്ടി മരിച്ചു പോയ മകനെ കാണുന്നത് ഈ പൂവരഗനിലാണ്. ആശാന് സാവിത്രിയിലൂടെയും ചാത്തനിലൂടെയും 1924-ല്‍ വിഭാവന ചെയ്ത ഒരു സാമൂഹിക വിപ്ലവത്തിന്റെ മറ്റൊരു ചലച്ചിത്ര വെര്ഷന്. 2008-ല്‍. ഇവിടെ അമ്മ - മകന് ബന്ധമാണ്. അതു കുറച്ചുകൂടി ആഴത്തിലുള്ളതാണ്. ആരാണ് ശരിയായ മകന്? ഉള്ളില്‍ തട്ടുന്ന ഒരു കലാപരതയുണ്ട് ഈ രംഗത്തിന്. സത്യം അറിയുന്നത് ഒരു ഭ്രാന്തിയാണെന്ന്. മറ്റൊരു ലോകത്തിന്റെ സൂര്യനുദിച്ച തലയാണെന്ന്. ഒരു തെറ്റും ചെയ്യാതെ ഖലീഫുല്ലാഖാനും കുടുംബത്തിനും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെയും (മേല്‍പ്പറഞ്ഞവയുടെ അത്രയില്ലെങ്കിലും) ബലി വകുപ്പില്‍പ്പെടുത്തണം. ഒരാവശ്യവുമില്ലാതെ പോലീസ് സ്റ്റേഷനില്‍ പിടിച്ചിരുത്തിയിരിക്കുകയായിരുന്നു അവരെ. തീവ്രവാദി ബന്ധം സംശയിച്ച്. അപ്പോഴാണ് സുനാമി. പോലീസ് സ്റ്റേഷനിലായതുകൊണ്ടാണ് മുന്നോറോളം പേര് ഒരു പരിക്കുമില്ലാതെ രക്ഷപ്പെട്ടത്.
തമിഴ്നാട്ടില്‍ നിന്ന് ഇന്ത്യയിലേയ്ക്കും ലോകത്തിലേയ്ക്കും (ലോകം = അമേരിക്ക തന്നെ വേറെയെന്തോന്ന്?) പ്രപഞ്ചത്തിലേയ്ക്കും ഒരു നോട്ടമാണ് ദശാവതാരം. ജനപ്രിയ സിനിമകളുടെ തനതു മട്ടില്‍ ഒരു പാര്‍ശ്വവീക്ഷണം. സംഭവങ്ങള്‍ക്കെല്ലാം ഒരു കാര്യകാരണബന്ധമുണ്ടെന്ന് അടിവരയിട്ടാല്‍ നമ്മളെത്തുക കയോസ് തിയറിയിലല്ല, മറിച്ച് ദൈവമെന്ന അവസാനത്തെ അഭയത്തിലാണ്. പെണ്ണുങ്ങളെ കേറിപിടിക്കുന്ന തെമ്മാടികളെ മൂന്നാം കണ്ണു തുറന്ന് ഭസ്മമാക്കുകയും ദാരിദ്ര്യത്തിന് സ്വര്‍ണ്ണമഴ പൊഴിച്ചുകൊടുക്കുകയും തേരാപാരാ ശൂലം കുന്തം ഇത്യാദികളെ വായുവിലൂടെ പായിക്കുകയും കണ്ണുകളുറുട്ടി നൃത്തം ചെയ്യുകയും മരിച്ചവരെ പുനര്‍ജീവിപ്പിക്കുകയും ചെയ്തിരുന്നതു കൊണ്ട് ജനപ്രിയരായിരുന്ന ‘സിനിമാ ദൈവങ്ങള്‍‘ ഇപ്പോള്‍ ടിവിയിലേയ്ക്ക് മാറി. സിനിമയില്‍ ഇനി അവര്‍ക്ക് സ്കോപ്പില്ല. മറിച്ച് മറ്റൊരു തരം ദൈവത്തിന്റെ അവതരണമാണ് ദശാവതാരത്തിലൂടെ ഉദ്ഘാടനം ചെയ്യപ്പെട്ടത്. അദൃശ്യനും സര്‍വശക്തനും കാലവ്യാപിയും ആസൂത്രണങ്ങളുടെ മഹാമസ്തിഷ്കവുമായ പുതിയ ദൈവം. അദ്ദേഹത്തിന്റെ ആവിഷ്കാരങ്ങളായി ദൌത്യ നിര്‍വഹണം ചെയ്യുകയാണ് കമല്ഹാസന് എന്ന നടന് പത്തായി പിരിഞ്ഞ് ഈ ചിത്രത്തില്‍. ആ നിലയ്ക്ക് ആ വേഷങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. സിനിമയിലെ ആദ്യരംഗങ്ങളില്‍ നാം കാണുന്നത് യോഗനിദ്രയിലാണ്ട ഒരു വലിയ വിഷ്ണു വിഗ്രഹത്തെയാണ്. അണുപാക്കറ്റ് ഉള്ളില്‍പ്പെട്ടുപോയ പെരുമാള്‍ വിഗ്രഹവും സിനിമയിലുടനീളമുണ്ട്. ഈ ചിഹ്നങ്ങളുടെ ധ്വനി ആലോചിച്ച് അധികം അലയേണ്ടതില്ല എന്നു തോന്നുന്നു. ദൈവം പ്രതിരൂപങ്ങളിലൂടെയാണ് അവതരിക്കുന്നത്. വിഗ്രഹങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട ആശയത്തിന്റെ ചലിക്കുന്ന പ്രതിനിധിയാണ് കമല്‍ എന്ന് ഒന്നാലോചിച്ചാല്‍ അറിയാം. ബലിയും സംരക്ഷണവും ദൈവേച്ഛയുടെ നടപ്പാക്കലും ദൈവാസ്തിത്വത്തിനു തെളിവുനല്‍കലുമാണ് മൊത്തത്തില്‍ അവതാരങ്ങളെല്ലാം കൂടി ചെയ്യുന്നത്. താന്‍ ദൈവവിശ്വാസിയല്ലെന്നും തനിക്ക് മതമില്ലെന്നും ആണയിട്ടു പറഞ്ഞിട്ടുണ്ടെങ്കിലും സിനിമയുടെ അബോധഘടനയില്‍ വിഗ്രഹാരാധനയുടെയും പ്രതിപുരുഷത്വത്തിന്റെയും പ്രേരണകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമയിതായതു കൊണ്ട് അങ്ങനെ കമലിന്റെ വേഷം കെട്ടലിനു പ്രത്യേക അര്‍ത്ഥങ്ങളുണ്ടാവുന്നു. 1. പലരൂപങ്ങളായി ഇറങ്ങി വരുന്നതു (അവതാരത്തിന് ഇറങ്ങി വരല് എന്നാണര്‍ത്ഥം) ഒന്നു തന്നെയെന്ന് ബോധം ഉറപ്പിക്കുന്നു. 2. പ്രതിപുരുഷന്റെ (റെപ്രസന്റേറ്റീവ്) പ്രാധാന്യം അറിയിക്കുന്നു. ദൈവത്തിലേയ്ക്കുള്ള വഴിയിലെ സൈന്‍ ബോര്‍ഡുകളാണ് രണ്ടും. ‘ഉലകനായകന്’ എന്ന പദത്തിന് ദശാവതാരം കണ്ടു കഴിഞ്ഞപ്പോള്‍ മറ്റൊരര്‍ത്ഥം ഉണ്ടെന്നു തോന്നിയതു വെറുതെയല്ല.