April 19, 2008
പ്രൊമിത്യൂസ്
പ്രൊമിത്യൂസിനെപ്പറ്റി നാല് കേട്ടുകേള്‍വികളുണ്ട്.
ഒന്നാമത്തേതില്‍, സ്വര്‍ഗത്തിന്റെ രഹസ്യം മോഷ്ടിച്ച് മനുഷ്യര്‍ക്കു നല്‍കിയതില്‍ കോപിച്ച് ദേവന്മാര്‍ അദ്ദേഹത്തെ കൌക്കാസസിലെ പാറയില്‍ തറച്ചിട്ടു. അദ്ദേഹത്തിന്റെ കരളു കൊത്തിതിന്നാന്‍ കഴുകുകളെ അയച്ചു. പക്ഷികള്‍ തിന്നുന്നതിനനുസരിച്ച് കരള്‍ വളര്‍ന്നുകൊണ്ടിരുന്നു.
രണ്ടാമത്തെ ഐതിഹ്യം, പക്ഷികള്‍ കരളുകൊത്തിപ്പറിക്കുമ്പോഴുള്ള കഠോരമായ വേദനയില്‍ നിന്നു രക്ഷപ്പെടാന്‍ പ്രൊമിത്യൂസ് തന്റെ ശരീരത്തെ പാറയോട് കൂടുതല്‍ കൂടുതല്‍ ചേര്‍ത്തുപിടിച്ചവസാനം പാറയായി തീര്‍ന്നു എന്നാണ്.
ആയിരക്കണക്കിനു വര്‍ഷങ്ങള്‍ ഇങ്ങനെ കിടന്നതുകാരണം പ്രൊമിത്യൂസ് ചെയ്ത ചതി വിസ്മരിക്കപ്പെട്ടുപ്പോയെന്നതാണ് മൂന്നാമത്തേത്. ദേവന്മാരതു മറന്നു. കഴുകന്മാരു മറന്നു. അദ്ദേഹം തന്നെയും അതു മറന്നുപോയി.
നാലാമത്തെ ഐതിഹ്യമനുസരിച്ച് അര്‍ത്ഥമില്ലാതായ ഒരു കാര്യത്തില്‍ പിന്നീട് എല്ലാവര്‍ക്കും മനസ്സുമടുത്തുപോവുകയാണുണ്ടായത്. ദൈവങ്ങള്‍ക്ക് താത്പര്യമില്ലാതെയായി. പക്ഷികള്‍ തളര്‍ന്നു. പ്രൊമിത്യൂസിന്റെ ശരീരത്തിലെ മുറിവുകള്‍ക്കു പോലും മടുത്തു.
ഇനി ബാക്കിയാവുന്നത് എന്താണെന്ന് വിശദീകരിക്കാന്‍ കഴിയാത്ത ആ കൂറ്റന്‍ പാറയാണ്. ഐതിഹ്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റാത്തവയെ വിവരിക്കാന്‍ ശ്രമിക്കുകയാണല്ലോ ചെയ്യുന്നത്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ആവിര്‍ഭവിച്ചതുകൊണ്ട് അവസാനിക്കുന്നതും ഗ്രഹിക്കാന്‍ കഴിയാത്ത വിധത്തില്‍ തന്നെയാവട്ടെ.
- ഫ്രാന്‍സ് കാഫ്ക
Labels:
കഥ,
വിവര്‍ത്തനം
Subscribe to:
Post Comments (Atom)
12 comments:
കഴുകന്‍ വരാന്‍ വേണ്ടി കാക്കുന്ന ഒരു മസോക്കിസ്റ്റ് ഭാവനയും ആകാം:)
നല്ല ചിന്തകള്‍ തന്നെ
യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ആവിര്‍ഭവിച്ചതുകൊണ്ട് അവസാനിക്കുന്നതും ഗ്രഹിക്കാന്‍ കഴിയാത്ത വിധത്തില്‍ തന്നെയാവട്ടെ...!!!
പ്രോമെത്യൂസിനെപ്പറ്റി കഥകള്‍ കുറവല്ല.
സ്വര്‍ഗ്ഗത്തിന്റെയും (Uranus) ഭൂമിയുടെയും (Gaea) പന്ത്രണ്ട് മക്കളായ ടൈറ്റാനുകളില്‍ (Titans)(ആറാണും ആറു് പെണ്ണും!)ഒരുവനായ പ്രോമെത്യൂസ് മഹാ സൂത്രശാലി ആയിരുന്നു. ഒരിക്കല്‍ പ്രധാന ദൈവമായ Zeus-നെക്കൊണ്ടു് ബലിമൃഗത്തിന്റെ മാംസത്തിനു് പകരം എല്ലും നെയ്യും സ്വീകരിപ്പിച്ചതില്‍ കോപിച്ചു് Zeus മനുഷ്യരില്‍ നിന്നും തീ ഒളിച്ചുവയ്ക്കുന്നു. പ്രോമിത്യൂസ് സ്വര്‍ഗ്ഗത്തില്‍ നിന്നും തീ മോഷ്ടിച്ചു് വീണ്ടും ഭൂമിയില്‍ എത്തിക്കുന്നു. അതിനു് അവനോടു് പകരം വീട്ടാന്‍ Zeus അവനെ ഒരു പാറയോടു് ഉരുക്കിച്ചേര്‍ക്കുന്നു. ഒരു കഴുകന്‍ അവന്റെ കരള്‍ കൊത്തിത്തിന്നുണ്ടു്. പക്ഷേ കരള്‍ രാത്രിയില്‍ വീണ്ടും വളരുന്നുമുണ്ടു്. Zeus-ന്റെയും Alcmene-യുടെയും മകനായ Heracles (ഹെര്‍കുലീസ്) അവനെ കഴുകനില്‍ നിന്നും മോചിപ്പിക്കുന്നു.
(Alcmene-യുടെ ഭര്‍ത്താവായ Amphitryon യുദ്ധത്തിലായിരുന്നപ്പോള്‍ Zeus അവന്റെ രൂപത്തില്‍ അവളെ സമീപിച്ചു് ഗര്‍ഭിണിയാക്കുന്നു. ഭര്‍ത്താവു് തിരിച്ചുവന്നപ്പോള്‍ അവനില്‍ നിന്നും അവള്‍ 'വീണ്ടും' ഗര്‍ഭിണിയാവുന്നു! അങ്ങനെ അവള്‍ ഇരട്ടകളെ പ്രസവിക്കുന്നു! Zeus-ന്റെ മകന്‍ Heracles, യഥാര്‍ത്ഥഭര്‍ത്താവിന്റെ മകന്‍ Iphicles. മിത്തോളജിയില്‍ മനുഷ്യരുടെ ഭാവന പോവുന്ന പോക്കേ!
പ്രോമെത്യൂസിനെ ശിക്ഷിച്ചതു് പോരാഞ്ഞിട്ടു്, മനുഷ്യരോടും പകരം വീട്ടാന്‍ Zeus ലോകത്തിലെ ആദ്യത്തെ സ്ത്രീ ആയ Pandora-യെ സൃഷ്ടിക്കുന്നു. (Prometheus-ന്റെ താക്കീതു് വകവയ്ക്കാതെ സഹോദരനായ Epimetheus അവളെ ഭാര്യയാക്കുന്നു.)
Pandora-യ്ക്കു് ലഭിച്ച ഒരു ഭരണി തുറക്കരുതെന്നു് ദൈവം അവളോടു് പറഞ്ഞിരുന്നെങ്കിലും അവള്‍ അതു് തുറക്കുന്നു. അതു് നിറയെ തിന്മകള്‍ ആയിരുന്നു! അതുവഴി ലോകത്തില്‍ തിന്മകള്‍ ഉണ്ടായി. ഉടനെതന്നെ അവള്‍ അതു് അടച്ചതുകൊണ്ടു് തിന്മകള്‍ പുറത്തായെങ്കിലും തിന്മകളോടൊപ്പം ഭരണിയിലുണ്ടായിരുന്ന പ്രത്യാശ (Hope) അകത്തുതന്നെ നിലകൊണ്ടു! മനുഷ്യരുടെ ഭാഗ്യം എന്നല്ലാതെ എന്തു് പറയാന്‍!
Friedrich Nietzsche പണ്ടോറയുടെ കഥയ്ക്കു് മറ്റൊരു നിറം നല്‍കുന്നുണ്ടു്. നീറ്റ്‌സ്‌ഷെയുടെ കാഴ്ചപ്പാടില്‍, ഭരണിയില്‍ ബാക്കിനിന്ന Hope-നു് ആകെ ചെയ്യാന്‍ കഴിയുന്നതു് ലോകത്തിലെ മനുഷ്യരുടെ ദുരിതങ്ങള്‍ (തിന്മകള്‍) വലിച്ചുനീട്ടുക എന്നതു് മാത്രമാണു്! തത്വചിന്തകരുടെ വീക്ഷണകോണങ്ങളിലെ വ്യത്യാസങ്ങള്‍!
ഗ്രീക്ക് മിത്തോളജി ഇന്നു് മിത്തോളജി മാത്രമായി ഗ്രീക്കുകാര്‍ മനസ്സിലാക്കുമ്പോള്‍, മിത്തോളജിയില്‍ മനുഷ്യജീവിതത്തിന്റെ സകല അര്‍ത്ഥവും ലക്‍ഷ്യവും ദര്‍ശിക്കുന്ന ജനവിഭാഗങ്ങളും ലോകത്തിലുണ്ടു്! :)
വിശദീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ എത്രയോ ഉണ്ടു്. "അണ്ടിയോ മാവോ മൂത്തതു്?" "ദൈവം ഉണ്ടോ, ഇല്ലയോ?" മുതലായ ചോദ്യങ്ങള്‍ എത്ര പ്രാവശ്യം ചോദിച്ചാലും മതിയാവാത്തവരല്ലേ നമ്മള്‍ മനുഷ്യര്‍! ഒരു ബുദ്ധിമുട്ടുമില്ലാതെ വിശദീകരിക്കാന്‍ കഴിയുന്ന വിശപ്പു് ദാഹം മുതലായ കാര്യങ്ങള്‍ക്കു് പരിഹാരം കാണുന്നതിനു് ഒരു priority നല്‍കിയാല്‍ അതൊരു തെറ്റാവില്ലെന്നു് തോന്നുന്നു. അതായതു്, ആദ്യം ജീവിക്കുക, അതിനുശേഷം മരിക്കുക, മരിച്ചശേഷം മാത്രം സ്വര്‍ഗ്ഗത്തെപ്പറ്റി ചിന്തിക്കുക? ഭൂമിയില്‍ അദ്ധ്വാനിക്കാന്‍ കൂടുതല്‍ സമയം കിട്ടും എന്നതുകൊണ്ടാണേ! തെറ്റിദ്ധരിക്കരുതു്. :)
കൂറ്റന്‍ പാറകളെ പാറകളായി മാത്രം കാണാന്‍ കഴിയണമെങ്കില്‍ വളരെ ദീര്‍ഘമായ യാത്രകളുടെ, ഒഴുക്കിനെതിരായ നീന്തലുകളുടെ, എത്രയോ തിരയലുകളുടെ, അരിക്കലുകളുടെ, കൊഴിക്കലുകളുടെ എല്ലാം യാതനകളും വേദനകളും സഹിക്കാന്‍ തയ്യാറായാലേ സാധിക്കൂ എന്നു് തോന്നുന്നു.
അതിലൊക്കെ എളുപ്പം താടിയും ജടയും നീട്ടി ഏതെങ്കിലും വിശുദ്ധസ്ഥലങ്ങളില്‍ പോയി കഞ്ചാവടിച്ചു് "ഹരേ രാമ ഹരേ കൃഷ്ണ" ചൊല്ലി, ലൌകികഭാഗ്യത്തിനു് ദൈവാനുഗ്രഹം തേടിയെത്തുന്ന ഭക്തജനങ്ങള്‍ കനിഞ്ഞു് നല്‍കുന്ന അവരുടെ അദ്ധ്വാനഫലത്തിന്റെ അംശം ധര്‍മ്മമായി വാങ്ങി ജീവിച്ചു് ചത്തുചീഞ്ഞു് മോക്ഷം പ്രാപിച്ചു് ദൈവത്തിനൊരു കൂട്ടാവാന്‍ ശ്രമിക്കുന്നതാണു്!
കമന്റ് ദീര്‍ഘിച്ചതില്‍ ക്ഷമിക്കുമല്ലോ.
പോസ്‌റ്റു ഗംഭീരം. കമന്റ് അതിഗംഭീരം
വര്‍ഷങ്ങള്‍ക്കുമുമ്പ്,എന്റെ കോളേജ് കാലത്ത്,ഒരു കൈയ്യെഴുത്ത് മാസിക ഇറക്കാന്‍ കുറെ തയ്യാറെടുപ്പുകള്‍ നടത്തി.അത് ഇറങ്ങിയില്ല.പക്ഷെ,ഒരുപാട് കഥകളും കവിതകളുമായി പരിചയപ്പെടാന്‍ ആ അലസിപ്പോയ ഉദ്യമം വഴിയൊരുക്കി.ബെഞ്ചമിന്‍ പേരേയുടെ സര്‍ റിയലിസ്റ്റ് കവിതകള്‍,പാസ്,ഓട്ടോ റെനോ കാസ്റ്റിലോ..കാഫ്കയുടെ രണ്ടു കഥകള്‍ അതിലുണ്ടായിരുന്നു..ഒന്ന് ഇതു തന്നെ..മറ്റൊന്ന് എലിയുടെ അന്യോപദേശ കഥ..എല്ലാ ദിവസവും പത്രം വായിക്കുമ്പോള്‍ ഇന്നും കാഫ്ക കയറിവരാറുണ്ട്..പീനല്‍ കോളനി,ട്രയല്‍,നിരവധി അന്യോപദേശ കഥകള്‍..മെറ്റമോര്‍ഫോസിസിലെ ഗ്രിഗര്‍ സാംസ ഒരു സെയിത്സ് റെപ്രസെന്റേറ്റിവ് ആയിരുന്നു എന്നതോര്‍ക്കുമ്പോള്‍ പഴയൊരു പ്രയോഗം കടമെടുക്കാതെ നിവൃത്തിയില്ല..ക്രാന്തദര്‍ശിത്വം..വി.കെ.എന്നെ എന്ന പോലെ കാഫ്കയെ മാത്രം വായിക്കുന്ന ചില സുഹൃത്തുക്കള്‍ എനിക്കുണ്ട്..
നന്ദി
ഗോപീ, എലിക്കഥ മുന്‍പ് മൂന്നാമിടത്തില്‍ വന്നിരുന്നു, എന്തുകൊണ്ടാണാവോ എനിക്കിതു തന്നെ പോസ്റ്റു ചെയ്യാന്‍ തോന്നിയത്. വേറെയും വിവര്‍ത്തനം ചെയ്തു വച്ചിരിക്കുകയായിരുന്നു. The Great Wall of China and Other stories എന്ന പെന്‍ഗ്വിന്‍ പുസ്തകത്തില്‍ നിന്ന്. കറന്റു ബുക്സ് ഇപ്പോള്‍ കാഫ്ക കഥകള്‍ പുറത്തിറക്കിയെന്നു കണ്ടു. ഏതൊക്കെ കഥകളാണതിലുള്ളതെന്ന് അറിയില്ല. രൂപാന്തരപ്രാപ്തി മാതൃഭൂമിയും. കാഫ്കയിലെത്തണമെങ്കില്‍ കുന്ദേര വഴി പോകണം എന്നു തോന്നുന്നു. ഇപ്പോഴത്തെ കാഫ്ക പ്രേമത്തിന്റെ അടിസ്ഥാനം അവിടെ നിന്നാണ്. ബാബൂ, പുരാണത്തിലെ പ്രൊമിത്യൂസിനെ വിശദമാക്കിയതിനു പ്രത്യേകം നന്ദി. പ്രമോദേ, അനൂപേ, പാമരാ, നിത്യാ ..........
കുന്ദേരയിലൂടെ കാഫ്കയിലെത്തുന്നത് നല്ലതാണ്.അതു വായിച്ചുതുടങ്ങിയാ എന്തിനാ കുന്ദേര എഴുതുന്നത് എന്നു തോന്നാന്‍ സദ്ധ്യതയുണ്ടെന്നു മാത്രം :) ചെലപ്പോ കുന്ദേരയുടേത് ഒരു നിയോഗമാവും. “അധികാരത്തിന്നെതിരെയുള്ള മനുഷ്യന്റെ ചെറൂത്തുനില്‍പ്പെന്നത് മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ ചെറുത്തുനില്‍പ്പാണ്“..എന്നല്ലേ അദ്ദേഹം പറഞ്ഞത്. വളര്‍ന്ന് ആകാശം മുട്ടെ പോയ ഹോളോകോസ്റ്റ് സാഹിത്യവ്യവസായത്തിന്നിടയില്‍ വെറൂം കുടില്‍ വ്യവസായമായി അവസാനിച്ചുപോയ സ്റ്റാലിനിസത്തിന്നെക്കുറിച്ചുള്ള ഓര്‍മ്മകളും നമുക്കു വേണ്ടേ?
“The Street Window" എന്ന കഥയുണ്ടോ മാഷേ ആ പുസ്തകത്തില്‍? ഉണ്ടെങ്കില്‍ ഉടനെ വായിക്കൂ...
അപ്പോ ആ സമരവും സത്യമാകുന്ന അടിത്തട്ടില്‍ നിന്നു വന്നതുകൊണ്ട് വിശദീകരിക്കാന്‍ കഴിയാത്തതായി അവസാനിക്കട്ടെ.
കാഫ്കയില്‍ രണ്ടാമതെത്തിയതു കുന്ദേരവഴിയാണെന്നു ഞാന്‍ തിരുത്തുന്നു. ‘സാമൂഹികമോ രാഷ്ട്രീയമോ ആയ ചിന്തകള്‍ക്ക് പറഞ്ഞുതരാന്‍ കഴിയാത്ത മനുഷ്യാവസ്ഥയെക്കുറിച്ചു പറഞ്ഞുതരാന്‍ കാഫ്കയുടെ കഥകള്‍ക്കു കഴിഞ്ഞു’ എന്നു കുന്ദേര എഴുതിയതു മാത്രമെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. ഫയല്‍ ഉണ്മയായിരിക്കുകയും മനുഷ്യ ജീവിതം നിഴലായിരിക്കുകയും ചെയ്യുന്ന ബ്യൂറോക്രസിയുടേ വഴികളെ സൂക്ഷ്മ സ്പര്‍ശിനികള്‍ കൊണ്ട് പിടിച്ചെടുത്തിരുന്നു കാഫ്ക എന്ന് കുന്ദേര തെളിയിച്ചതു വച്ച്. (അല്ലതെ കുന്ദേരയുടെ നോവലുകള്‍ വച്ച് കാഫ്കയെ പുനര്‍മൂല്യ നിര്‍ണ്ണയം നടത്തുക എന്നുദ്ദേശിച്ചിട്ടില്ല) പ്രവാചകാ.. പറഞ്ഞു വന്നതിലെന്തെക്കൊയോ ധ്വനികളുള്ളതായി തോന്നുന്നതുകൊണ്ട് പോസ്റ്റായോ കമന്റായോ വിശദീകരിച്ചാല്‍ അതു നല്ലതല്ലേ?
ആക്രാന്ദം, ക്ഷമയില്ലായ്മ, സുക്ഷ്മതക്കുറവ്...ഞാന്‍ നിരുപാധികം ക്ഷമചോദിക്കുന്നു.കുറച്ചുകൂടെ
ഇരുത്തിവായിക്കേണ്ടതായിരുന്നു ഞാന്‍, അഭിപ്രായം പടച്ചുവിടുന്നതിന്നു മുമ്പ്.
കുന്ദേരയുടെ നോവലുകള്‍ വച്ച് താങ്കള്‍ കാഫ്കയെ പുനര്‍മൂല്യ നിര്‍ണ്ണയം നടത്തും എന്നു വിചാരിക്കാന്‍ മാത്രം പൊട്ടനാണോ
ഞാന്‍. ഇത്രേം നാളായില്ലേ ഞാന്‍ നിങ്ങളെഴുതുന്നതൊക്കെ വിടാതെ വായിക്കുന്നു?
അല്ലെങ്കിലും കാഫ്കയെക്കുറിച്ച് ആരെത്ര പറഞ്ഞാലും തീരുകയുമില്ല. ഒരോ വായനയും തിരിച്ചറീവിന്റെ ഒരു പ്രപഞ്ചത്തിലേക്കു തുറക്കുന്നതാവുമ്പോള്‍.ഇപ്പോ തന്നെ താങ്കള്‍ ഇവിടെക്കൊടുത്ത കഥയ്ക്കെത്ര വ്യാഖ്യാനങ്ങളുണ്ട്!
പിന്നെ “The Street Window" വായിക്കാന്‍ പറഞ്ഞത് എനിക്ക് ഒരുപാടിഷ്ടപ്പെട്ടതായതുകൊണ്ടാണ്.
നമുക്കിഷ്ടപ്പെട്ടത് മറ്റൊരാളോട് പറയുകയെന്ന പച്ചമനുഷ്യന്റെ സ്വഭാവം.
ഇനി ബാക്കിയുള്ളത് സമരത്തെക്കുറിച്ചാണ്. കെ പി സുകുമാരന്റെ ബ്ലോഗില്‍ ഞാന്‍ കമന്റെഴുതിയപ്പോള്‍ “വെള്ളെഴുത്തേ"
എന്നു വിളിച്ചുതുടങ്ങിയത് ചുമ്മാ ഒരു തമാശക്കല്ല. ആ സംഭവമാകെ വല്ലാതെ ദുരൂഹമായിത്തോന്നി. അതുകൊണ്ടാണ് നിങ്ങള്‍ അഭിപ്രായം പറയൂ എന്നു പറഞ്ഞത്. ആ സംഭവവും, മനസ്സിലാവതെ -എഴുതപ്പെട്ടതിന്നപ്പുറം,പരസ്പരാരോപണങ്ങള്‍ക്കപ്പൂറം, മാറിമറിയപ്പെട്ട ഐതിഹ്യസമാനമായ കഥകള്‍ക്കപ്പുറം
- ശിലയായി അവശേഷിക്കും എന്ന് ഞാന്‍ ആത്മഗതം കൊണ്ടതാണ്.
ഒരിക്കല്‍ക്കൂടി ക്ഷമചോദിക്കുന്നു. ദുരൂഹതയുണ്ടാക്കിയതിന്നും, ആലോചിക്കാതെ വായില്‍ തോന്നിയത് അഭിപ്രായമായി
എഴുന്നള്ളിച്ചതിന്നും.
*************************
ഒരപേക്ഷ: ഈ കഥ വായിച്ച് അഭിപ്രായവും ചര്‍ച്ചയും നടക്കുന്നതിന്ന് എന്റെ കമന്റുകള്‍ ഒരിടങ്കോലാവാന്‍ ഇടയുണ്ട്. അതു
കൊണ്ട് ഇത് മായ്ച്ചുകളഞ്ഞാല്‍ നല്ലതായിരിക്കും.
കാഫ്കയെക്കുറിച്ച് വാള്‍ട്ടര്‍ ബെഞ്ചമിന്‍ എഴുതിയ പഠനത്തില്‍ നിന്നും എടുത്ത ഒരു കഥപറഞ്ഞാണ് ഞാന്‍ ബ്ലോഗ് തുടങ്ങിയത് എന്നത് നല്ലൊരോര്‍മ്മ.
കാഫ്ക്കയെ കുറിച്ചു ഒരുപാട് കേട്ടിരുന്നെങ്കിലും ,വായിക്കന്‍ പറ്റിയില്ല സാഹചര്യം.ഒരു വിവര്‍ത്തനമെങ്കിലും വായിക്കന്‍ കഴിഞ്ഞല്ലൊ?
Post a Comment