
ഒരു സ്പാനിഷ് സുവിശേഷ പ്രവര്ത്തകന് ഒരു ദ്വീപ് സന്ദര്‍ശിക്കുന്നതിനിടയില്‍ മൂന്ന് ആസ്ടെക് പുരോഹിതന്മാരെ കണ്ടു മുട്ടി.
"നിങ്ങള്‍ എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നത്?" അദ്ദേഹം ചോദിച്ചു.
"ഞങ്ങള്‍ക്ക് ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ."ഒരു പുരോഹിതന് പറഞ്ഞു. "ഞങ്ങള്‍ പറയും, ദൈവമേ, നീ മൂന്ന്, ഞങ്ങളും മൂന്ന്, ഞങ്ങളോട് കരുണ കാണിക്കണമേ!"
"മനോഹരമായ പ്രാര്‍ത്ഥന" സുവിശേഷ പ്രവര്ത്തകന് പറഞ്ഞു. " പക്ഷേ ഇതല്ല ദൈവം ശ്രദ്ധിക്കുക. കൂടുതല്‍ മികച്ച ഒരെണ്ണം ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം".
അദ്ദേഹം മറ്റൊരു പ്രാര്‍ത്ഥന അവരെ പഠിപ്പിച്ച ശേഷം സംതൃപ്തിയോടെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി യാത്രയായി. വര്‍ഷങ്ങള്‍ക്കു ശേഷം, സ്പെയിനിലേയ്ക്കുള്ള മടക്കയാത്രയ്ക്കിടയില്‍ അദ്ദേഹത്തിന്റെ കപ്പല്‍ അതേ ദ്വീപില്‍ നങ്കൂരമിട്ടു. പഴയ പുരോഹിതന്മാര് മൂന്നുപേരും കടല്ക്കരയില് നില്‍ക്കുന്നത് ഡെക്കില്‍ നിന്നു കണ്ട അദ്ദേഹം അവരെ നോക്കി കൈവീശി.
അപ്പോള്‍ മൂന്നു പുരോഹിതന്മാരും തിടുക്കപ്പെട്ട് അദ്ദേഹത്തിന്റെ അടുക്കലേയ്ക്ക് വെള്ളത്തിലൂടെ നടന്നു വന്നു.
"ഫാദര്‍...." കപ്പലിന്റെ നേര്‍ക്ക് നടന്നടുക്കവേ അവരിലൊരാള്‍ വിളിച്ചു പറഞ്ഞു." ഞങ്ങള്‍ക്ക് ദൈവം ശ്രദ്ധിക്കുന്ന ആ പ്രാര്‍ത്ഥന ഒന്നു കൂടി പഠിപ്പിച്ചു തരണേ.... അതെങ്ങനെയാണ് പറയേണ്ടതെന്ന് ഞങ്ങള്‍ മറന്നു പോയി."
കണ്മുന്നില് അദ്ഭുതം കണ്ട് വൈദികന് വിമത മനസ്കനായി. " അതു ഗൌരവമായി എടുക്കേണ്ട...“ അദ്ദേഹം പറഞ്ഞു.
എല്ലാ ഭാഷയും മനസ്സിലാക്കുന്നവനാണ് ദൈവം എന്ന കാര്യം തിരിച്ചറിയാന്‍ കഴിവില്ലാതെ പോയതില്‍ വ്യസനിച്ച് അദ്ദേഹം പിന്നീട് ദൈവത്തോട് മാപ്പിരന്നു.
പ്രണയത്തിലെന്നപോലെ ദൈവത്തിലെത്താനും നിശ്ചിതവഴികള്‍ മാത്രമേയുള്ളൂ എന്ന സാമാന്യബോധത്തെ തകര്‍ക്കാന്‍ വേണ്ടിയാണ് പൗലോ കോയ്ലൊ, By the river Piedra I sat down and wept എന്ന നോവലിന്റെ ആമുഖത്തില്‍ ഈ കഥ പറഞ്ഞത്. ഒരു കാര്യം ഈ കഥയില്‍ തീര്‍ച്ചയാണ്, ദൈവത്തിലെത്താനുള്ള വഴി, പ്രാര്‍ത്ഥനയാണ് എന്നുള്ളത്. അതെങ്ങനെ വേണം എന്നകാര്യത്തില്‍ മാത്രമാണ് ‘ബഹുസ്വരത’. മറ്റൊന്നുകൂടിയുണ്ട്. ദൈവികാനുഗ്രഹത്തിന്റെ ദൃഷ്ടാന്തം വെള്ളത്തിനു മീതേ നടക്കുക തുടങ്ങിയ അമാനുഷിക സംഗതികളില്‍ കൂടി തിരിച്ചറിയാമെന്ന്. കണ്ണടച്ചു തുറക്കുന്നതിനു മുന്‍പ് ധനവാനാകുന്നതും അതേ. ആള്‍ദൈവങ്ങള്‍ക്ക് കണ്‍കെട്ടുവിദ്യകള്‍ കാണിക്കേണ്ടി വരുന്നതു വെറുതേയാണോ? ഭൌതികമായ പരിമിതികളെക്കുറിച്ചുള്ള ബോധ്യം അത്രയ്ക്ക് തീവ്രമാണ് നമ്മുടെയൊക്കെ ഉള്ളില്‍. അസ്തിത്വത്തെക്കുറിച്ചുള്ള അപാരമായ ഭീതിയില്‍ നിന്നാണ് പ്രാര്‍ത്ഥന പ്രതിരോധത്തിനുള്ള ഏറ്റവും സൌമ്യവും സുതാര്യവുമായ ഉപാധിയാവുന്നത് എന്നു വേണമെങ്കില്‍ പറയാം. ഏറ്റവും അടിസ്ഥാനപരമായ ആശ്രയമാണ് ദൈവം. ഏതു നിമിഷവും താന്‍ അപകടപ്പെട്ടേയ്ക്കാമെന്ന ആവലാതി പ്രച്ഛന്നരൂപത്തില്‍ ബോധത്തിനുള്ളില്‍ കുടഞ്ഞു കളയാനാവാത്ത വിധം കടന്നു കൂടിയിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് നിത്യവും നമ്മുടെ ആത്മാവിന്റെ കൈകള്‍ ആകാശത്തിലേയ്ക്ക് എരിഞ്ഞുയരുന്നത്?
ദൈവം ഒരു മൂലകാരണമാണ്. അല്ലെങ്കില്‍ മൂല്യസഞ്ചയമാണ്. അതുമല്ലെങ്കില്‍ ഒരു അതീതത്വമാണ്. ‘ദൈവത്തെക്കുറിച്ച് നാം ആലോചിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ മറ്റൊരു തത്ത്വം നിലനില്ക്കുന്നില്ല എന്നാണ് നാം അര്‍ത്ഥമാക്കുന്നത് ‘ സെന്റ് ആന്‍സ്ലെം പറയുന്നു. മനുഷ്യബുദ്ധിയ്ക്ക് അപ്രാപ്യമായ ഒരു അപരിമേയത്വത്തെയാണ് ദൈവസത്ത എന്നു വിളിക്കുന്നത്. പരിപൂര്‍ണ്ണതയെ. പ്രാര്‍ത്ഥനയപ്പോള്‍ അത്തരമൊരു അവസ്ഥയിലേയ്ക്കു കുതിക്കാനുള്ള സഹജമായ ത്വരകൂടിയല്ലേ? ഒരിക്കലും സാഫല്യത്തിലെത്താന്‍ നിര്‍വാഹമില്ലാത്ത, എന്നാല്‍ അങ്ങനെയൊരിക്കലും ബോധത്തില്‍ തിരിച്ചറിയാത്ത ത്വര? മതഗ്രന്ഥങ്ങള്‍ ശീലിക്കാന്‍ ഒത്താശ ചെയ്തു തരുന്ന ആത്മീയതയ്ക്കു വിരുദ്ധമാണീ സംഗതി. ‘ഞാന്‍’ എന്നും ‘എന്റേതെന്നു’മുള്ള ബോധമാണ് സകല തിന്മയ്ക്കും കാരണം എന്നാണ് ആത്മീയത ഉപദേശിക്കുന്നത്. പ്രപഞ്ചമനസുമായുള്ള താദാത്മ്യത്തിലാണ് യഥാര്‍ത്ഥമോക്ഷം കുടിയിരിക്കുന്നത്. ‘ഞാനും നീയുമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന്, ഞാന്‍ നിന്നില്‍ ലയിച്ച് നീ മാത്രമായി അവശേഷിക്കുന്ന അവസ്ഥ. ഒന്നും ഒന്നും കൂടെ കൂടിയ ഇമ്മിണി ബല്യ ഒന്ന്. ‘അഹമേവ വിശ്വതനു‘. അനല്‍ ഹക്ക്. ‘ഞാന്‍‘ എന്ന ബോധത്തിന്റെ നാശത്തിലാണ് ആ അവസ്ഥയുടെ ജനനം. എന്നാല്‍ ‘അഹം’ബോധമില്ലാത്തവന് സംഘര്‍ഷമെവിടെ? എത്തേണ്ട അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവ് എവിടെ? അവിടെയ്ക്കുള്ള വഴി അന്വേഷിക്കേണ്ട ആവശ്യമെവിടെ? പ്രാര്‍ത്ഥനയെവിടെ?
അപ്പോള്‍ ഇങ്ങനെ പറയാം. ആദ്യം ബോധമുണ്ടാകണം. (ഇതിന് അതു ഭൌതികവാദപരമായ വിശദീകരണമുണ്ട്. അതിങ്ങനെ : വ്യക്തിയും സാമൂഹികസാഹചര്യങ്ങളും തമ്മിലുള്ള താത്കാലികവും ചലനാത്മകവുമായ ഒരു സന്തുലനത്തിന്റെ താളം തെറ്റുമ്പോഴാണ് വ്യക്തി പ്രപഞ്ചത്തിലെ തന്റെ സാന്നിദ്ധ്യം എന്ന പ്രഹേളികയെക്കുറിച്ച് ആലോചിക്കാന്‍ നിര്‍ബന്ധിതനാവുന്നത്. -ലൂഷ്യന്‍ ഗോള്‍ഡ്മാന്‍, The Hidden God. സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളാണതിനു പിന്നില്‍. ഇതാണു മുന്‍കാലങ്ങളില്‍ ദുരന്തങ്ങളായും ആധുനികതയുടെ കാലത്ത് അസ്തിത്വപ്രശ്നങ്ങളായും കലകളില്‍ ആവിഷ്കാരം നേടിയത്. )
പിന്നെ കുടമുടഞ്ഞ് അതിനുള്ളിലെയും പുറത്തെയും വായു ലയിച്ചൊന്നാകുന്നതുപോലെ, മനുഷ്യനിലെ ‘അഹം” ഉടഞ്ഞ് വിശ്വചേതസ്സില്‍ ലയിക്കണം. അത്ര ഋജുവായി കാര്യങ്ങള്‍ നീങ്ങാത്തിടത്തു നിന്നാണ് ‘ദൈവമരണ തത്ത്വ(ദൈവ)ശാസ്ത്രങ്ങള്‍’ (Death of God Theology) പിറക്കുന്നത്. ബോധം ഉണ്ടായി എന്നാല്‍ കുടം ഉടഞ്ഞില്ല എന്ന അവസ്ഥ. ഇന്ദ്രിയങ്ങളുടെ തെളിവ്, യുക്തി, പ്രമാണം ഇവ മൂന്നും വച്ചു നോക്കിയാല്‍ ദൈവം ഉണ്ടെന്ന നിഗമനത്തിലെത്താന്‍ കഴിയില്ലെന്ന് കവി ഷെല്ലി എഴുതിയത് അതുകൊണ്ടാണ് (Necessity of Atheism). ലോകം എത്രമാറി എങ്കിലും പുരാവൃത്തങ്ങളില്‍ നിന്നു പിടിവിടാന്‍ നമുക്കു പറ്റുന്നില്ല. എന്നാല്‍ ശാസ്ത്രീയ നേട്ടങ്ങളില്‍ ഊറ്റം കൊള്ളുകയും ചെയ്യുന്നു. ഇതിനിടയില്‍ എവിടെയാണ് നിസ്കാരപ്പായ വിരിക്കേണ്ടത് എന്നതാണ് മൌലികമായ പ്രശ്നം.
ആര് രാമചന്ദ്രനെഴുതിയ ‘ദിവ്യദുഃഖത്തിന്റെ നിഴലില്‍‘ എന്ന കവിതയില്‍ കവി എഴുതുന്നു :
“നിന്റെ കരളിലെ കറുത്ത നിറമുള്ള ദുഃഖത്തിന്റെ സത്യം
എനിക്കു ചുറ്റുമുള്ള ഏകാന്തതയില്‍ നിഴലിക്കുമ്പോഴാണ്
വിശ്വനായകാ, ദൈവമേ, നിന്നെ ഞാന്‍ അറിയുന്നത്.
മൃത്യുഭീതിയില്ലാത്തതു കൊണ്ട് നിനക്ക് ജീവിതസ്നേഹത്തിന്റെ മാധുര്യമറിയില്ല,
പൂര്‍ണ്ണകാമനായതുകൊണ്ട് സ്വപ്നഭൂയില്‍ നൃത്തം ചെയ്യുന്ന മുഗ്ദ്ധസൌദര്യത്തെ നിനയ്ക്കാന്‍ കഴിയില്ല,
സ്നേഹിക്കാനും വെറുക്കാനും കഴിയില്ല,
ഇന്ദ്രിയബദ്ധനല്ലാത്തതുകൊണ്ട്
സ്വന്തം കാലൊച്ചകേള്‍ക്കാനോ സ്വന്തം നിഴലിനെ ദര്‍ശിക്കാനോ പറ്റില്ല,
സര്‍വവ്യാപിയായതുകൊണ്ട്
നീ നിന്റെ തന്നെ തടവില്‍, നിത്യതയുടെ ഏകാന്തതയില്‍ നീറി നീറിയിരിക്കയാണു നീ!
നിന്റെ കരച്ചിലാണു കാലം, നിന്റെ ദുഃഖമാണ് ആകാശം
ആത്മവിസ്മൃതിയ്ക്കായി നീ നടത്തുന്ന സര്‍ഗലീലയില്‍ പോലും തുടിക്കുന്നത് നിന്റെ വിഷാദമാണ്.
അതുകൊണ്ട്
ഞാന്‍ നിന്നെ പഴിക്കുന്നു.
മനുഷ്യന്റെ അഹങ്കാരമായിരിക്കാം
മാപ്പു നല്കി പൊറുക്കുക.“
പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങളുണ്ട്.