June 17, 2018

മനസിന് ഉടുക്കാനുള്ള സാരി


                                                                                                                                ചിത്രം : ഫിൽമീ ബീറ്റ്സ്

                    ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ലോകത്ത് ആദ്യം വിധേയനായ വ്യക്തിയുടെ യഥാർത്ഥ കഥ എന്ന പരസ്യവുമായാണ് ‘ദ ദാനിഷ് ഗേൾ‘ പ്രദർശനത്തിനെത്തുന്നത്. ഡേവിഡ് എബർഷോഫിന്റെ നോവൽ കഥ ഏറെയും കല്പനാനിർഭരമായിരുന്നു.  സിനിമയുടെ സംവിധായകൻ ടോം ഹൂപ്പർ, പക്ഷേ സിനിമയ്ക്ക് യാഥാർത്ഥ്യവുമായി നോവലിനേക്കാൾ ബന്ധമുണ്ടെന്നു തിരുത്തി. 20-കളിൽ കോപ്പൻഹേഗനിൽ നടന്ന സംഭവഗതികളാണെങ്കിലും അവ 2015-ലെ ചലച്ചിത്രത്തിലേക്ക് കടന്നു കയറുമ്പോൾ സ്വാഭാവികമായും അതിനകത്ത് ‘ലിംഗാന്തരതയെ‘ (ട്രാൻസ് സെക്ഷ്വാലിറ്റി) ക്കുറിച്ച് നാളിതുവരെ സമൂഹം ആലോചിച്ചുകൂട്ടിയതും നേടിയെടുത്തതുമായ ആശയഗതികളും ഒപ്പം നടന്നുകയറും. പുരുഷശരീരത്തിനുള്ളിലെ സ്ത്രീയെ എങ്ങനെ ആവിഷ്കരിക്കാമെന്നതായിരുന്നു എയ്നറുടെ/ ലിലിയുടെ പ്രശ്നം. വിഷയം ടോം ഹൂപറിന്റെ കൈകളിൽ ഭദ്രമായിരുന്നു. ബ്രിട്ടീഷ് നടൻ എഡ്ഡി റെഡ്‌മെയ്ൻ എയ്നറെയും ലിലിയെയും അസാധാരണമാംവിധം ആവിഷ്കരിക്കുകയും ചെയ്തു. ലൈംഗികമാറ്റശസ്ത്രക്രിയയെ തുടർന്നുള്ള പ്രശ്നങ്ങളിലാണ് ലിലി എൽബെ മരിക്കുന്നത്. തിരുവനന്തപുരത്തെ ചലച്ചിത്രോൽസവത്തിൽ കാണികളുടെ പ്രശംസ നേടിയ, 2007 -ലെ സ്പാനിഷ് ചിത്രം ‘എക്സ് എക്സ് വൈ‘ അലെക്സ് അൽവാരോ ദ്വന്ദ്വങ്ങളിലൂടെ ‘ലൈംഗികസ്വത്വനിർണ്ണയനം‘ ( എന്താണ് ആണ്, ആരാണ് പെണ്ണ്?) എന്ന പ്രഹേളികാസ്വഭാവമുള്ള വിഷയത്തെ കൈകാര്യം ചെയ്യുന്നതായിരുന്നു. ലൈംഗിക (ഭിന്ന) സ്വത്വം സാമൂഹികമായി സ്വീകാര്യമാകുന്നത് ഏതൊക്കെ പരിണതിയിലാണെന്ന കാര്യം, യാഥാസ്ഥിതികവും ആധുനികവുമായ രണ്ട് കുടുംബങ്ങളെ വച്ചുകൊണ്ടും , അർജ്ജന്റീന പെറു എന്നീ രണ്ട് ലാറ്റിനമേരിക്കൻ ദേശസ്വത്വത്തെ കൂട്ടു പിടിച്ചും സംവിധായിക ലൂസിയ പുയൻസോ ആ സിനിമയിൽ കാര്യമായി ആലോചിക്കുന്നുണ്ട്.
2018-ൽ ‘ഞാൻ മേരിക്കുട്ടി‘ പുറത്തിറങ്ങുന്നത് ലൈംഗികസ്വത്വത്തെ സംബന്ധിക്കുന്ന നിർണ്ണായകമായ ചിന്തകൾ കേരളീയ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ കലാപരമായി പങ്കുവയ്ക്കുന്ന സിനിമ എന്ന നിലയ്ക്കൊന്നും അല്ല. മറിച്ച്, ഭിന്നശേഷിക്കാരുടെയും സാമൂഹികമായി താഴ്ന്ന പദവിലുള്ളവരുടെയും അരികുജീവിതത്തെ കരുണാർദ്രമായി നോക്കിക്കാണാനുള്ള ശ്രമം എന്ന നിലയ്ക്കാണ്. നമ്മുടെ പ്രതിബദ്ധതാസിനിമകളുടെ ഘടന അത്രയൊക്കെയേ ആഗ്രഹിക്കുന്നുള്ളൂ എന്നതാണ് സത്യം. കലാരൂപങ്ങളെ സംബന്ധിച്ച് അപകടകരമായ കാര്യം, ഇത്തരം പ്രത്യക്ഷമായ സന്ദേശങ്ങൾ മാത്രം മതി ഒരു ചലച്ചിത്രത്തിന് സാമൂഹികാംഗീകാരം കിട്ടാനെന്നതാണ്. സമൂഹത്തിന്റെ അവബോധത്തെയോ സൗന്ദര്യബോധത്തെയോ ഒരു തരത്തിലും നേരിട്ടുള്ള പ്രതിബദ്ധതാസന്ദേശങ്ങളും വൈകാരിക അവതരണങ്ങളും സഹായിക്കില്ല. എന്നിട്ടു വേണമല്ലോ ഉയർത്താൻ. അങ്ങനെയായിരുന്നെങ്കിൽ ഓരോ സിനിമയ്ക്കും തുടക്കത്തിലും ഇടവേളകളിലുമായി ഈരണ്ടു പ്രാവശ്യം വീതം കാണിച്ചു പോരുന്ന ‘ദ്രാവിഡ് പുകവലി വിരുദ്ധ സന്ദേശം‘ മാത്രംകൊണ്ടുതന്നെ നമ്മുടെ അവബോധശേഷി വല്ലാതെ ഉയരുമായിരുന്നു. മറിച്ചാണ് അനുഭവം.
ഡാനിഷ് ഗേളിലെ ഒരു സംഭാഷണത്തിലുള്ളതുപോലെ, തന്റെയുള്ളിലെ മറ്റൊരു സ്വത്വത്തെ പുറത്തെടുക്കാൻ വെമ്പുന്ന ഒരാളായി, തന്നെ മനശ്ശാസ്ത്രജ്ഞരുടെ മുന്നിൽ ജയസൂര്യ സിനിമയുടെ ആദ്യം അവതരിപ്പിക്കുന്നുണ്ട്. തെറ്റിദ്ധാരണയുടെയും ഭൂരിപക്ഷാധികാരത്തിന്റെയും ഫലമായി പീഡനങ്ങൾ നാളിതുവരെ അനുഭവിച്ചു വന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് മേരിക്കുട്ടി. സാമ്പത്തികമ്പോലുമല്ല സാമൂഹിക അംഗീകരത്തിന്റെ മാനദണ്ഡം എന്നും അത് യൂണിഫോമിലുള്ള അധികാരമാണെന്നുമാണ് സിനിമയുടെ ഒറ്റവരി പ്രമേയം. പെട്ടെന്ന് ശരിയെന്നു തോന്നുന്ന ഈ നിലപാട് സത്യത്തിൽ തട്ടിക്കൂട്ടിയെടുത്തതാണ്. അദ്ധ്യാപിക, അച്ചാണി, അരയന്നങ്ങളുടെ വീട് തുടങ്ങി നിരവധി സിനിമകളിൽ നാം കണ്ടു പരിചയിച്ച ‘കുടുംബത്തിലെ ത്യാഗം‘ എന്ന സന്മനസ്= സമാധാനം ഘടനയിലാണ്. ‘ഇര നായകന്റെ/നായികയുടെ‘ ത്യാഗത്തിലും സഹനത്തിലും കെട്ടിപ്പൊക്കുന്ന നൂറ്റൊന്നാവർത്തിച്ച സംഗതിമാത്രമാണിത്. ഇരകളെ സന്ദിഗ്ദ്ധഘട്ടത്തിൽ സഹായിക്കാൻ ‘രക്ഷാകർത്താക്കളും‘ സമയാസമയം ഇമ്മാതിരി സിനിമകളിൽ പ്രത്യക്ഷപ്പെടുമെന്നതും ഓർക്കേണ്ട കാര്യമാണ്. ഇരയാണെങ്കിലും പ്രോട്ടഗോണിസ്റ്റ് സർവകലാവല്ലഭയും തന്നേക്കാൾ ചെറിയവർക്ക് സ്വീകാര്യയുമായിരിക്കും എന്നും കാണാം. വോൾടേജു കൂട്ടാനുള്ള ഗിമ്മിക്കുകൾ - തുണിയുരിഞ്ഞ് പോലീസ് അപമാനിക്കുന്നത്, സാമൂഹിക വിരുദ്ധരുടെ ലൈംഗികച്ചുവയുള്ള കമന്റും കയേറ്റശ്രമവും, ബന്ധുക്കളോട്, ഇത് മറ്റാരോ ആണെന്നു പറഞ്ഞു വീട്ടുകാർ പരിചയപ്പെടുത്തുന്നത്, സ്വന്തം സഹോദരി തള്ളിപ്പറയുന്നതും വിവാഹത്തിനും വരരുതെന്ന് കൈയെടുത്തു കുമ്പിടുന്നതും, അമ്മ സങ്കല്പത്തിന്റെ മഹനീയത, പുതിയ മേമ്പൊടിയായി സ്വതന്ത്രയായ സ്ത്രീയുടെ ബിയറു കുടി.. എല്ലാത്തിനുമൊപ്പം, കഥയുടെ അവസാനം പീഡകരുടെ മനമ്മാറ്റം സംഭവിക്കുന്നതോടെ ശുഭമായി പര്യവസാനിക്കുന്ന നാടകവും. ഇതെല്ലാം എത്രയോ സിനിമകളിൽ വൈകാരിക നാടകങ്ങൾക്കു കൊഴുപ്പുകൂട്ടാൻ 101 ആവർത്തിച്ച മരുന്നുകളാണെന്നോർക്കുക.
ഇതുകൊണ്ട് സംഭവിക്കുന്നത് ഉദ്ദേശ്യത്തിനു നേരെ വിപരീതഫലമാണ്. നാളിതുവരെയുള്ള മലയാളസിനിമയിലെ ഇരയും ത്യാഗിയുമായ പ്രോട്ടഗോണിസ്റ്റുകൾ അനുഭവിച്ച പ്രശ്നങ്ങൾതന്നെയാണ് വിമതലൈംഗികരുടെയും എന്നു വരും ഫലത്തിൽ. അല്ലെങ്കിൽ അത്രത്തോളമേ ആലോചന പോകുന്നുള്ളൂ എന്നാണർത്ഥം. മേരിക്കുട്ടിയുടെ ആധാർ കാർഡിൽ സ്ത്രീയെന്നു എഴുതികിട്ടുന്നതാണ് സിനിമയിലെ വലിയ സംഭവം. കളക്ടർ നൽകുന്നപേര് ‘ഹീറോ‘ എന്നതിനുപകരം ‘ഷീറോ‘ എന്നാണ്. അതും കൃത്യമായി സ്ത്രീ സ്വത്വത്തിലൂന്നുന്നതാണ്. ( ആ പേര് ‘ഹൗ ഓൾഡാർ യു യിലെ സ്ത്രീനായികയ്ക്കും ശരിയാവും) മേരിക്കുട്ടി ഒരു സംഭാഷണത്തിൽ ‘ട്രാൻസ് ജെൻഡർ‘ എന്ന വാക്കിനോടുപോലുമുള്ള വെറുപ്പ് അറിയിക്കുന്നുണ്ട്. പകരം ‘ട്രാൻസ് സെക്ഷ്വൽ‘ എന്ന് പറയണമത്രേ. പറച്ചിലല്ലാതെ സിനിമയിൽ വിശദീകരണമില്ല. മലയാളത്തിൽ രണ്ടിനും വെവ്വേറെ പേരുകളില്ല. ഫിനിഷിലും ജർമ്മനിലും ഒക്കെ അതാണവസ്ഥ. ‘ജെൻഡർ‘ സാഹചര്യങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതാണ്, സാമൂഹികമാണെന്ന് നമുക്ക് വിശാലമായ അർത്ഥത്തിൽ പറയാം. അതേ സമയം സെക്സ്, ജീവശാസ്ത്രപരമാണ്. രൂപപരമായി ആണായിരുന്നുകൊണ്ട് സ്ത്രീയുടെ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നതിനെ, അവരുടെ ലൈംഗികപ്രവണതയെ കണക്കിലെടുത്ത് ‘ട്രാൻസ് സെക്സ്‘ എന്നു വിളിക്കാമെന്നു തോന്നുന്നു. തിരിച്ചും. ഇത്രയും സൂക്ഷ്മവിചാരം ഒരു പ്രമേയത്തിനകത്ത് കടന്നുകൂടുന്നത് നല്ലതാണ്. പക്ഷേ സിനിമയുടെ വിഷയം അതൊന്നുമല്ലല്ലോ. അത് ഊന്നൽ നൽകുന്നത് യൂണിഫോമിനാണ്. അതുവഴി കിട്ടുന്ന വിമത ലൈംഗികതരുടെ സാമൂഹിക അധികാരത്തിനാണ്. ലൈംഗികതയുടെ പ്രശ്നമേ സിനിമയിൽ വരുന്നുമില്ല. (മറ്റുള്ളവരുടെ തോന്നലുകൾ അല്ലാതെ). ഇതേ പ്രശ്നമാണ് സാനിട്ടറി പാഡിൽ എഴുതി വച്ചിരിക്കുന്ന ഞാൻ മേരിക്കുട്ടി എന്ന ശീർഷകത്തിലും ഉള്ളത്. ജീവശാസ്ത്രപരമായി പൂർണ്ണമായും പെണ്ണാകാനാകാത്ത മേരിക്കുട്ടിയ്ക്ക് (കുട്ടിയെ പ്രസവിക്കാനൊക്കുകയില്ലെന്നത് അവരുടെ വാക്യമാണ്) ‘പാഡ്‘ ഒരു വച്ചുകെട്ടാണ്. അപ്പോൾ അത് അവരുടെ ഐഡന്റിറ്റി കാർഡായി മാറുന്നതെങ്ങനെ? വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തെ ഉപരിപ്ലവമായി പരിചരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിന്റെ പ്രശ്നങ്ങളാണ്, എല്ലാം.
മറ്റൊന്നുകൂടിയുണ്ട്, ലൈംഗികസ്വത്വമാറ്റം നേരിട്ട് പറയാനാവാത്തതിനാൽ മലയാള സിനിമ സ്വീകരിച്ച ചില കൈവഴികളുണ്ട്. അവയിൽ പലതും സാമൂഹികപദവിയെ ഒളിഞ്ഞും തെളിഞ്ഞും ലക്കാക്കുന്നതാണെങ്കിൽ മറ്റു ചിലത് ജീവശാസ്ത്രപരം തന്നെയാകുന്നു. ബാലചന്ദ്രമേനോന്റെ ‘അമ്മയാണെ സത്യത്തിൽ‘ പാർവതി, തോമസാകുന്നു. സത്യൻ അന്തിക്കാടിന്റെ ‘രസതന്ത്ര‘ത്തിൽ കണ്മണി, വേലായുധൻ കുട്ടിയാവുന്നു. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി‘ൽ രാധാകൃഷ്ണൻ രാധയാവുന്നു. ജോസ് തോമസിന്റെ ‘മായാമോഹിനി‘യിൽ മോഹനകൃഷ്ണൻ, മായാമോഹിനിയാവുന്നു. ചലച്ചിത്രങ്ങളുടെ അന്ത്യത്തിൽ ലിംഗപരമായ തീർപ്പുകളോടെയാണ് ഈ പ്രച്ഛന്നവേഷങ്ങളെല്ലാം അവസാനിക്കുന്നത്. (ചാന്തുപൊട്ടിലെ രാധാകൃഷ്ണൻ ആണുതന്നെ എന്നുറപ്പിക്കുന്നതുപോലെ) ബാലചന്ദ്രമേനോന്റെ ‘രാധയെന്ന പെൺകുട്ടി‘യും ലാൽ ജോസിന്റെ ‘എൽസമ്മ എന്ന ആൺകുട്ടി‘യും ആൺ -പെൺസ്വത്വപരമായ പ്രശ്നങ്ങളെ സമൂഹത്തിന്റെ സാമാന്യധാരണയുടെ വെളിച്ചത്തിൽ അവതരിപ്പിക്കുന്നവയാണ്. കാലം കഴിയുന്നതോടെയാണ് രൂപപരമായ വ്യക്തത ലൈംഗികസ്വത്വസംഘർഷങ്ങളുടെ ആവിഷ്കാരത്തിനുമേൽ സംവിധായകർക്ക് ഉണ്ടാവുന്നത് എന്നേയുള്ളൂ. നമ്മുടെ കലാസൃഷ്ടികൾ ഭിന്നസ്വത്വങ്ങളുടെ കലക്കത്തെ സാമൂഹികമായും മനശാസ്ത്രപരമായും ആവിഷ്കരിക്കാൻ മുൻപും ശ്രമിച്ചിട്ടുണ്ട്. ഒരു ജനവിഭാഗത്തിന്റെ കലാരൂപങ്ങളിൽ സംസ്കാരം അബോധാത്മകമായി ഇടപെടുന്ന രീതിയാണിത്. വിമതലൈംഗികതയെക്കുറിച്ച് കുറച്ച് വ്യക്തമായ അറിവുകൾപോലും ഇല്ലാതിരുന്ന സമൂഹത്തിന് ആസ്വദിക്കാനാവുന്നവിധത്തിൽ. (തീർച്ചയായും സംവിധായകരുടെ ധാരണക്കുറവിനതിൽ പങ്കില്ലെന്നല്ല..) കാര്യങ്ങൾക്ക് വ്യക്തതയുണ്ടാവുകയും വിദേശ ചലച്ചിത്രങ്ങൾ വഴി ആവിഷ്കാരരീതികൾ തുറന്നുകിട്ടുകയും ചെയ്ത സമകാലത്ത് നിന്നുകൊണ്ടു നോക്കുമ്പോൾ ആ വഴിയ്ക്കും ഒരു പുതുമ ‘എന്റെ മേരിക്കുട്ടിയ്ക്ക്‘ അവകാശപ്പെടാൻ കഴിയുമെന്നു തോന്നുന്നില്ല.

2 comments:

സുധി അറയ്ക്കൽ said...

കാണണം എന്നുണ്ട്..........

Muralee Mukundan , ബിലാത്തിപട്ടണം said...

നാളിതുവരെയുള്ള മലയാളസിനിമയിലെ ഇരയും ത്യാഗിയുമായ പ്രോട്ടഗോണിസ്റ്റുകൾ അനുഭവിച്ച പ്രശ്നങ്ങൾതന്നെയാണ് വിമതലൈംഗികരുടെയും എന്നു വരും ഫലത്തിൽ. അല്ലെങ്കിൽ അത്രത്തോളമേ ആലോചന പോകുന്നുള്ളൂ എന്നാണർത്ഥം. മേരിക്കുട്ടിയുടെ ആധാർ കാർഡിൽ സ്ത്രീയെന്നു എഴുതികിട്ടുന്നതാണ് സിനിമയിലെ വലിയ സംഭവം. കളക്ടർ നൽകുന്നപേര് ‘ഹീറോ‘ എന്നതിനുപകരം ‘ഷീറോ‘ എന്നാണ്. അതും കൃത്യമായി സ്ത്രീ സ്വത്വത്തിലൂന്നുന്നതാണ്. ( ആ പേര് ‘ഹൗ ഓൾഡാർ യു യിലെ സ്ത്രീനായികയ്ക്കും ശരിയാവും) മേരിക്കുട്ടി ഒരു സംഭാഷണത്തിൽ ‘ട്രാൻസ് ജെൻഡർ‘ എന്ന വാക്കിനോടുപോലുമുള്ള വെറുപ്പ് അറിയിക്കുന്നുണ്ട്. പകരം ‘ട്രാൻസ് സെക്ഷ്വൽ‘ എന്ന് പറയണമത്രേ. പറച്ചിലല്ലാതെ സിനിമയിൽ വിശദീകരണമില്ല. മലയാളത്തിൽ രണ്ടിനും വെവ്വേറെ പേരുകളില്ല. ഫിനിഷിലും ജർമ്മനിലും ഒക്കെ അതാണവസ്ഥ. ‘ജെൻഡർ‘ സാഹചര്യങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതാണ്, സാമൂഹികമാണെന്ന് നമുക്ക് വിശാലമായ അർത്ഥത്തിൽ പറയാം. അതേ സമയം സെക്സ്, ജീവശാസ്ത്രപരമാണ്. രൂപപരമായി ആണായിരുന്നുകൊണ്ട് സ്ത്രീയുടെ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നതിനെ, അവരുടെ ലൈംഗികപ്രവണതയെ കണക്കിലെടുത്ത് ‘ട്രാൻസ് സെക്സ്‘ എന്നു വിളിക്കാമെന്നു തോന്നുന്നു. തിരിച്ചും. ഇത്രയും സൂക്ഷ്മവിചാരം ഒരു പ്രമേയത്തിനകത്ത് കടന്നുകൂടുന്നത് നല്ലതാണ്. പക്ഷേ സിനിമയുടെ വിഷയം അതൊന്നുമല്ലല്ലോ. അത് ഊന്നൽ നൽകുന്നത് യൂണിഫോമിനാണ്. അതുവഴി കിട്ടുന്ന വിമത ലൈംഗികതരുടെ സാമൂഹിക അധികാരത്തിനാണ്. ലൈംഗികതയുടെ പ്രശ്നമേ സിനിമയിൽ വരുന്നുമില്ല.