March 1, 2015

കാലം ഒരു യഥാർത്ഥ വസ്തുവല്ല


ആരോഗ്യം വീണ്ടെടുക്കുന്നതിനുവേണ്ടി മലമുകളിലെ സുഖവാസം കഴിഞ്ഞ് ക്വാൻ (സിയോ യംഗ്‌ഹ്വാ) തിരിച്ചെത്തുമ്പോൾ അവൾക്കു പഴയ, വിദേശിയായ പ്രണയാഭ്യർത്ഥനകാരനിൽനിന്നുള്ള ഒരു കെട്ട് കത്ത് കിട്ടുന്നു. രണ്ടു വർഷം മുൻപ് അവൾ പ്രണയം തിരസ്കരിച്ച ജപ്പാൻകാരനായ മോറിയാണ് (കാസെ റിയോ) കത്തെഴുതിയിരിക്കുന്നത്. അവൾ അവിടില്ലാതിരുന്ന സമയം അവൾക്കൊരു മനം മാറ്റം ഉണ്ടായാലോ എന്ന പ്രതീക്ഷയിൽ അയാൾ അവിടെ വന്നിരുന്നു. വടക്കൻ സിയൂളിനടുത്തുള്ള ബുക്ചൻ എന്ന ശാന്തസുന്ദരമായ സ്ഥലത്തെ അതിഥിമന്ദിരത്തിൽ താമസിച്ചുകൊണ്ട് (ക്വാന്റെ വാ‍സസ്ഥലത്തേയ്ക്ക് അവിടെ നിന്ന് 5 മിനിട്ട് നടത്തം മാത്രമേയുള്ളൂ.) അയാൾ എന്നും ക്വാന്റെ പൂട്ടിക്കിടക്കുന്ന ഫ്ലാറ്റിൽ പോയി. അവൾക്ക് കുറിപ്പുകൾ എഴുതി വച്ചു. ഇവരിരുവരും ഒരു ഭാഷാപള്ളിക്കൂടത്തിലെ അദ്ധ്യാപകരായിരുന്നു. കൊറിയക്കാരായ സഹപ്രവർത്തകരെ മുഴുവൻ ജപ്പാൻകാരനായ മോറി വെറുത്തെങ്കിലും ക്വാൻ അയാൾ കണ്ടതിൽ വച്ച് ഏറ്റവും വണ്ടർഫുള്ളായ സ്ത്രീയാണെന്ന് അയാൾക്ക് ഉറപ്പുണ്ട്. അതുകൊണ്ടാണ് സ്വന്തം രാജ്യത്തിൽ കിട്ടാത്ത ശാന്തിയും ഇണയും തേടി അയാൾ പിന്നെയും തിരിച്ചു വന്നത്. ക്വാനെ അന്വേഷിക്കുന്നതിനിടയിലാണ് അയാൾ ‘ജിയു ഗാ ഓക’ എന്നു പേരുള്ള റെസ്റ്റൊറന്റ് കാണുന്നതും അതിന്റെ നടത്തിപ്പുകാരിയായ യങ് സണി (മൂൺ സോറി)നെ പരിചയപ്പെടുന്നതും അവളുടെ ഓമനയായ പട്ടിയെ രക്ഷിക്കുന്നതും കൊറിയക്കാരനും പണക്കാരനുമായ ഒരു കാമുകൻ നിലവിൽ ഉള്ള അവളുമായി പ്രണയത്തിൽ ഏർപ്പെടുന്നതും.
ദക്ഷിണകൊറിയൻ സംവിധായകനായ ഹോങ് സാങ് സൂവിന്റെ ചലച്ചിത്രം, ഹിൽ ഓഫ് ഫ്രീഡം (സ്വാതന്ത്ര്യത്തിന്റെ കുന്ന്) ത്രികോണപ്രണയത്തിന്റെ അതിലളിതമായ സമവാക്യങ്ങളെ നർമ്മത്തിൽ കൊരുത്ത് തീർത്തതാണ്; പ്രത്യക്ഷത്തിൽ. സമകാലിക ചലച്ചിത്രപ്രതിഭകളിൽ ഒരാളാണ് ഹോങ് സാങ്, 54 വയസ്സുള്ള അദ്ദേഹത്തിന്റെ പതിനെട്ടാമതു ചലച്ചിത്രമാണ് ഹിൽ ഓഫ് ഫ്രീഡം. പ്രണയത്തിന്റെ സങ്കീർണ്ണതയെ മിനുസപ്പെടുത്തി നേർത്ത നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുക എന്ന പതിവ് ‘ഔർ സുൻഹി’ ഉൾപ്പടെയുള്ള അദ്ദേഹത്തിന്റെ സിനിമയിൽ നേരത്തെ പരിചയിച്ചിട്ടുള്ളതാണ്. പ്രാഥമികമായ ആ രസനീയതയ്ക്കപ്പുറം ഹിൽ ഓഫ് ഫ്രീഡം എന്ന സിനിമയിലെ ഉപരിതലലാളിത്യം, സാന്ദ്രത മുറുക്കിക്കെട്ടി അടിത്തട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. സിനിമയുടെ ആഖ്യാനഘടന അത്ര ഋജുവല്ല. ആ സങ്കീർണത ബോധപൂർവം തീർത്തതുമാണ്.

രണ്ടുതരത്തിലാണ് ഈ ആഖ്യാനസങ്കീർണ്ണതയെ സംവിധായകൻ കലാപരമാക്കുന്നത്.
  1. സിനിമയിലെ സംഭവങ്ങൾ ഭൂതകാല സംഭവങ്ങളാണ്. മോറി ഏൽ‌പ്പിച്ചിട്ടു പോയ ഒരു കെട്ടു കത്തുകൾ ക്വാൻ വായിക്കുന്നതാണ്, സിനിമയിലെ സംഭവങ്ങൾ.. മലമുകളിലെ സുഖവാസ കേന്ദ്രത്തിൽനിന്നു മടങ്ങിയതാണെങ്കിലും ക്വാന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടില്ല. കത്തു കൈപ്പറ്റി പടിയിറങ്ങി വരുന്നതിനിടയ്ക്ക് അവൾ കാലു തെറ്റി വീഴുന്നു.. കത്തുകൾ ചിതറിപോകുന്നു. കത്തുകളിൽ തിയതിയില്ല. അതുകൊണ്ട് തന്റെ അഭാവത്തിൽ മോറി ബുക്ചനിൽ ചെലവഴിച്ച ദിവസങ്ങളിൽ നടന്ന സംഭവങ്ങളുടെ പൂർവ – പരക്രമം തെറ്റിയാണ് സിനിമ അവതരിപ്പിക്കുന്നത്. ആദിമദ്ധ്യാന്തങ്ങളുള്ള ഒരു രേഖീയ ഘടന അവിടെ താളം തെറ്റുന്നു. സിനിമ കാണിച്ചുതരുന്ന അവസാനത്തെ ദൃശ്യം അവസാനത്തേതല്ല. ആദ്യത്തേത് നടുവിലെവിടെയോ സംഭവിച്ചതാണ്.. 66 മിനിട്ട് നീളുന്ന ഈ സിനിമ ആ സമയമത്രയും കാണിയുമായി ഒരു ചതുരംഗത്തിലേർപ്പെടുകയാണ്.. ചിതറിയ കുറേ ചലിക്കുന്ന ചിത്രങ്ങളിൽനിന്ന് ഏത് ഏതിന്റെ തുടക്കമാണെന്നും ഏതിന്റെ അവസാനമാണെന്നും തിരിച്ചറിയുക അത്ര എളുപ്പമല്ല. ഈ പ്രശ്നം സിനിമയിലെ പ്രധാനകഥാപാത്രമായ ക്വാൻ അനുഭവിക്കുന്നതാണ്. അത് അവിടെനിന്നിറങ്ങി നേരെ വന്ന് കാണികളെയും ആശ്ലേഷിക്കുന്നു.
  2. മോറി, സംസാരിക്കുന്നത് ഇംഗ്ലീഷാണ്. അയാൾക്ക് കൊറിയൻ പിടിയില്ല. കൊറിയയിലെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അയാൾ വിദേശഭാഷയായ ജാപ്പാനീസ് ആണ് പഠിപ്പിച്ചിരുന്നത്. സിനിമ പിന്തുടരുന്നത് മോറിയെ ആയതിനാൽ സ്വാഭാവികമായും അയാളുമായി ബന്ധപ്പെടുന്നവരെല്ലാം, കൊറിയൻ ഭാഷ കളഞ്ഞ്, അയാളെപോലെതന്നെ മുട്ടി മുട്ടി ഇംഗ്ലീഷ് സംസാരിക്കുന്നു. സ്വന്തം ഭാഷ(കൾ)യല്ല, രണ്ടാം ഭാഷയാണ് സിനിമയിലെ പൊതുഭാഷ. ഇതോടെ ആശയവിനിമയം സിനിമയ്ക്കകത്ത് പ്രശ്നമുള്ളതാവുകയും പറയാത്ത കാര്യങ്ങൾക്കും മൌനങ്ങൾക്കും മുഴക്കവും അർത്ഥവും കൈവരികയും ചെയ്യുന്നു. ഭാഷയുടെ അതിവൈകാരികമായ തക്കിടവിദ്യകളെ ചെറുചിരിയോടെ ഒഴിവാക്കുകയാണ് സംവിധായകൻ ചെയ്തതെന്ന് മനസ്സിലാക്കുക എളുപ്പമാണ്. അമേരിക്കൻ നിരൂപണങ്ങളിൽ, ഇംഗ്ലീഷു പറയാനുള്ള കൊറിയയുടെ കൊതിയെ പരിഹസിക്കുന്ന ഒന്നാണ് ഈ ഭാഷാപ്രശ്നം. കൊളോണിയൽ ബാധ്യതകൾ തുടയ്ക്കാനാവാതെ ഇന്നും കൊണ്ടു നടക്കുന്ന നമ്മുടെതു പോലെയുള്ള സമൂഹത്തിന് മനസ്സിലാകുന്ന വേറൊരു ഒരു വശം ഈ പരിഹാസങ്ങൾക്കുണ്ടെന്നതാണ് സത്യം. വിദേശഭാഷാഭ്രമത്തെത്തന്നെ പരിഹസിക്കുന്നതിലൂടെ സ്വന്തം കൊളോണിയൽ ഭൂതകാലത്തെ തന്നെ പരിഹസിക്കുക എന്നുള്ളതാണ് നമുക്കത്. ആഗോളീകരണത്തിന്റെ ദുർമ്മേദസ്സുകളാണ് മറ്റൊരു അർത്ഥത്തിൽ ആധുനിക കാലത്ത് പരിഹസിക്കപ്പെടുന്നത്. ചൈനയിൽ ഒളിമ്പിക്സ് നടക്കുന്നതിനു മുൻപ് അവിടത്തെ ആളുകളുടെ ഇംഗ്ലീഷു പഠിക്കാനുള്ള ഭ്രമത്തെപ്പറ്റി ലിയാൻ പെക്ക് നിർമ്മിച്ച ആധാരചിത്രമുണ്ട്, ‘മാഡ് എബൌട്ട് ഇംഗ്ലീഷ്.’
    ‘ജിയു ഗാ ഓക്ക’ എന്ന റെസ്റ്റാറന്റിൽനിന്നുമാണ് സിനിമ അതിന്റെ പേരു സ്വീകരിച്ചിരിക്കുന്നത്. അതൊരു ജാപ്പാനീസ് പേരാണെന്ന കാര്യം ശ്രദ്ധേയമാണ്. സ്ഥിതിസമത്വത്തിന്റെ മട്ടിൽ തിരച്ഛീനമായതല്ല, അധികാരത്തിന്റെയും മേൽക്കോയ്മയുടെയും രൂപരേഖകളിൽ കാണുന്നതുപോലെ, ലംബമാനമായ ഒരു സ്വാതന്ത്ര്യത്തെയാണ് ‘സ്വാതന്ത്ര്യത്തിന്റെ കുന്ന്‘ എന്ന ബിംബം പെട്ടെന്ന് ഓർമ്മയിൽ കൊണ്ടു വരിക. 1910 ൽ കൊറിയയെ ജപ്പാൻ കീഴടക്കിയതിന്റെയും രണ്ടാം ലോകമഹായുദ്ധകാലത്ത് കൊറിയൻ സ്ത്രീകളെ സുഖഭോഗത്തിനായും യുവാക്കളെ അടിമപ്പണിയ്ക്കായും നിയോഗിച്ചിരുന്നതിന്റെ ഒരു ചരിത്രം ഈ തമാശപ്പരപ്പിന്റെ അടിത്തട്ടിലുണ്ട്. ഒരു കുന്ന് സ്വാതന്ത്ര്യമല്ല അത്. സ്വാതന്ത്ര്യത്തിനല്ല, കുന്നിനാണ് ഊന്നൽ. സ്വാതന്ത്ര്യം അവിടെ മാത്രം എന്നൊരർത്ഥം ഉണ്ട് അതിന്. അതിനുമുകൾപ്പരപ്പും വിശാലമായ താഴ്വാരവുമുണ്ടായിരിക്കണം. ചരിത്രം ചിലപ്പോൾ വർത്തമാനാവസ്ഥയിൽ കയറിപ്പറ്റുന്നത് (ആവർത്തിക്കുന്നത്) തമാശരൂപത്തിലായിരിക്കുമെന്നതിന്റെ സാക്ഷാത്കാരം സിനിമയിൽ എണ്ണം പറഞ്ഞ സ്ഥലങ്ങളിൽ കാണാം. ജപ്പാൻ അധിനിവേശത്തിന്റെ മിച്ചമാണ് റെസ്റ്റോറന്റിനു കൊടുത്തിട്ടുള്ള/ അതുവഴി സിനിമയ്ക്കു കിട്ടിയിട്ടുള്ള ആ പേര്. തിന്നുകയും കുടിക്കുകയും ചെയ്യാനുള്ള ഒരു സ്ഥലവും മോറിയുടെ ആകസ്മിക പ്രണയിനിയായി അയാൾക്ക് സുഖം നൽകുന്ന യങ് സണി എന്ന കൊറിയൻ യുവതിയും ഒരു കണക്കിനു പഴയ ചരിത്രത്തിന്റെ തിരിച്ചിട്ട രൂപകമാണ്. ക്വാന്റെ പ്രണയതിരസ്കാരം വെറും വ്യക്തപരമല്ല. അവൾ ഭൂതത്തിലേക്കു നോക്കുന്നുണ്ടാവും. യങ് സൺ വർത്തമാനത്തിലേയ്ക്കു നോക്കുന്നു. അവളുടെ സമീപനം പാരിഡോക്സിക്കലായി ചരിത്രവിരുദ്ധവുമാണ്.
മോറി താമസിക്കുന്ന അതിഥിമന്ദിരത്തിന്റെ വൃദ്ധയായ ഉടമ, ഗു ഓക് (യൂൺ യിയോ ജിയോങ്) ചരിത്രത്തിന്റെ ഭാരം പേറുന്ന സ്ത്രീയാണെന്ന് സംശയിക്കാവുന്ന ഒരാളാണ്. തന്റെ ബന്ധുവായ സാങ് വോന് (കിം യൂയി സങ്) ഭക്ഷണകാര്യത്തിൽ അവിടെ ഒരു നിയമവും അതിഥിയായ ജപ്പാൻകാരന് മറ്റൊരു നിയമവുമാണ്. കൊറിയക്കാരുടേതായ അതീവ വിനയത്തോടെ മോറിയുമായി സംസാരിക്കുന്നതിനിടയിൽ തനിക്കറിയാവുന്ന ജപ്പാൻകാരിൽ വച്ച് മോറി മാന്യനാണെന്ന് അവർ വിശദമാക്കുന്നുണ്ട്. ഇതേ വാചകം മറ്റൊരു തരത്തിൽ മോറിയും ആവർത്തിക്കുന്നുണ്ട്, കൊറിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപ്രവർത്തകരെല്ലാം ഹൊറിബിളാണെന്ന്.. അയാൾ സ്നേഹിക്കുന്ന ക്വാൻ ഒഴിച്ച്…സംസ്കാരങ്ങളുടെ പ്രഹേളികാരൂപത്തിലുള്ള അഭിമുഖീകരണത്തിനുദാഹരണമായി ഒരു കഥാപാത്രത്തെകൂടി സിനിമ അവതരിപ്പിക്കുന്നുണ്ട്. അയാൾ ഒരു അമേരിക്കക്കാരനാണ്. ബുക്ചൻ പോലൊരു ഒഴിഞ്ഞ സ്ഥലത്ത് കോക്കക്കോള സ്റ്റോറിൽ വാങ്ങാൻ കിട്ടുന്നില്ലെന്ന് പരാതി പറയുന്ന അയാൾ, മോറിയെപോലെതന്നെ കൊറിയൻ പെണ്ണിനെ സ്നേഹിച്ച്, അവളുടെ ഇഷ്ടം നേടാനായി അവിടെ ചടഞ്ഞുകൂടിയിരിക്കുകയാണ്. മോറിയുടെ പാശ്ചാത്യമായ പ്രതിരൂപമാണയാൾ. ഇവരെ രണ്ടാളെയും പിന്നെ അതിഥിയായി ജോലിയൊന്നുമില്ലാതെ കടം കേറി മുടിഞ്ഞ് അമ്മായിയുടെ കാരുണ്യംകൊണ്ട് ആഹാരം കഴിച്ച് ജീവിതം കഴിച്ചുകൂട്ടുന്ന സാങ് വോനെയും മദ്യശാലയിലെ ഒരു മേശയുടെ ചുറ്റുമായി ഇരുത്തി സംസാരിപ്പിച്ചുകൊണ്ട് സംവിധായകൻ ചരിത്രത്തിന്റെ പ്രഹസനരൂപത്തിലുള്ള ആവർത്തനങ്ങളെ വിചാരണ ചെയ്യുന്നു, സൌ‌മ്യമായി, ആരെയും നോവിക്കാതെ. ശരാശരി കൊറിയക്കാരന്റെ സഹജമായ വിനയത്തോടെ.
ക്വാന് കിട്ടുന്ന തീയതികളില്ലാതെ, കുത്തഴിഞ്ഞുപോയ ഒരു കെട്ട് കത്തിലെ സംഭവങ്ങളെയാണ് സിനിമ അടുക്കും ചിട്ടയും നഷ്ടപ്പെട്ട രീതിയിൽ അവതരിപ്പിക്കുന്നതെന്ന് പറഞ്ഞല്ലോ. സാമ്പ്രദായിക രീതിയനുസരിച്ച് സിനിമയിലുള്ളത് ഒരു ഫ്ലാഷ് ബാക്കാണ്. സംഭവങ്ങളുടെ പൂർവപരക്രമം നഷ്ടപ്പെട്ടതോടെ വർത്തമാനം – ഭൂതം ഇവയുടെ അതിർവരമ്പ് നഷ്ടപ്പെടുന്ന പ്രതീതിയാണുണ്ടാവുന്നത്. ക്വാനെ അന്വേഷിച്ചു വന്ന് യങ് സണിയുമായി പ്രേമത്തിലായിപ്പോകുന്ന മോറി ഇപ്പോഴും കൊറിയയിലുണ്ടോ, അയാൾ ഇനിയും വരാൻ സാധ്യതയുണ്ടോ അയാളുടെ പുതിയ പ്രണയഭാജനത്തെ കല്യാണം കഴിച്ചോ എന്നൊന്നും സിനിമ പറയുന്നില്ല. അതായത് ക്വാന്റെ കത്തുവായനപോലും ഒരു ഭൂതകാലമാണ്. മോറി കൊണ്ടു നടക്കുന്ന ഒരു പുസ്തകത്തിന്റെ പേര്, അയാൾ പറയുന്നതനുസരിച്ച് ടൈം (കാലം) എന്നാണ്. കളിമ്പക്കാരിയായ യങ് സണിന്, കുടിച്ച വൈനിന്റെ ലഹരിയിൽ ആ പുസ്തകത്തിലെ ആശയം അയാൾ വിശദീകരിച്ചു കൊടുക്കുന്നു.
“സമയം യഥാർത്ഥ വസ്തുവല്ല; എന്റെയും നിന്റെയും ശരീരം പോലെ. ഈ മേശപോലെ. ഭൂതം, വർത്തമാനം, ഭാവിയെന്നൊക്കെയുള്ള സമയത്തിന്റെ തുടർച്ചകൾ, നമ്മുടെ തലച്ചോറുണ്ടാക്കുന്ന ഒരു മാനസികച്ചട്ടക്കൂടാണ്. ഒരു ജീവിവർഗം എന്ന നിലയിൽ, ആർത്തിപിടിച്ച് നമ്മൾ ജീവിതത്തെ അതുവച്ച് അനുഭവിക്കേണ്ടതില്ല. പക്ഷേ അത്യന്തികമായി നമുക്ക് മനസ്സിന്റെ ഈ ചട്ടക്കൂടിൽനിന്ന് രക്ഷപ്പെടാൻ പറ്റില്ല. എനിക്കറിഞ്ഞുകൂടാ, എന്തുകൊണ്ടെന്ന്….”
ആ ദൃശ്യത്തിലെ ഭാവഹാവാദികളിൽനിന്ന് അവളത് ഉൾക്കൊള്ളാൻ അപ്പോൾ പ്രയാസം അനുഭവിക്കുന്നു എന്നാണ് നമ്മൾ മനസ്സിലാക്കുന്നത്. നിലവിലുള്ള കാമുകനെ കളഞ്ഞ് മോറിയെ സർവാത്മനാ സ്വീകരിക്കാൻ അവൾ തയാറാവുന്നത് ഒരുതരം കാലത്തെ സംബന്ധിക്കുന്ന മാനസിക ചട്ടക്കൂടിൽനിന്ന് അവൾ രക്ഷപ്പെട്ടതുകൊണ്ടാണ്. ക്വാൻ എന്ന ഭൂതകാലത്തിൽനിന്നും മോറി യങ് സണിന്റെ വർത്തമാനത്തിലേയ്ക്കു വരുന്നതും, ആ കഥ, വായിച്ചുകൊണ്ടിരിക്കെ ക്വാനിന്റെ വർത്തമാനമാകുന്നതും ഭാവിയെപ്പറ്റി വിവൃതമായൊരു നിലപാട് സിനിമ സ്വീകരിക്കുന്നതും അതിനെല്ലാം പുറത്ത് തെക്കൻ കൊറിയ അതിന്റെ മുറിവേറ്റ ഭൂതകാലത്തിന്റെ അധീശത്വങ്ങളെക്കുറിച്ചുള്ള ഓർമ്മകളെ മറിച്ചിട്ട് കലാപരമായി രസമുള്ള വർത്തമാനമാക്കുന്നതും ഒക്കെ സിനിമയുടെ ദൃശ്യതയിലേക്ക് കാലത്തെപ്പറ്റിയുള്ള അജ്ഞാതനാമാവായ എഴുതുകാരൻ എഴുതിയ ആ കൃതിയിലെ ആശയത്തെ സ്വാംശീകരിച്ചിരിക്കുന്ന ഒരു രീതിയാണ്.

(http://www.whitecrowartdaily.com)

No comments: