December 11, 2010

വായിച്ചറിയുവാന്‍ ഒരു സങ്കടഹര്‍ജിഇന്നത്തെ (10-12-2010) മനോരമ പത്രത്തിലെ പഠിപ്പുരയില്‍ ‘നിങ്ങളുടെ സ്കൂളില്‍ അവകാശലംഘനമുണ്ടോ?’ എന്നൊരു ചോദ്യമുണ്ടായിരുന്നല്ലോ. ഇന്നുച്ചയ്ക്ക് കിട്ടിയ ഫ്രീ പിരീഡില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഈ വിഷയം ഏതെങ്കിലും അദ്ധ്യാപകര്‍ അസൈന്മെന്റായി തന്നിരുന്നുവെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ഞങ്ങള്‍ എഴുതുമായിരുന്നു എന്ന് വെറുതേ ആലോചിച്ചു. അങ്ങനെയെങ്കിലും ഞങ്ങളുടെ ഉള്ളിലുള്ള കാര്യങ്ങള്‍ ഇവിടെയുള്ള അദ്ധ്യാപികമാരെ അറിയിക്കാന്‍ അവസരം കിട്ടുമായിരുന്നു. അല്ലാതെ അവസരമില്ല. പറഞ്ഞിട്ടെന്തു ഫലം? അങ്ങനെയൊന്നും ഉണ്ടാവില്ല. ‘നിലവാരം കണക്കിലെടുക്കാതെയുള്ള പഠനരീതിയും കനമുള്ള ബാഗു‘മൊന്നുമല്ല ഞങ്ങളുടെ പ്രശ്നം.

പഠിക്കാത്തതുകൊണ്ടും ഉഴപ്പുന്നതുകൊണ്ടുമുള്ള കുറ്റങ്ങള്‍ കേട്ടു കേട്ട് ജീവിതം തന്നെ മടുത്തിരിക്കുന്ന ഞങ്ങള്‍ക്ക് ഇതൊക്കെ അവകാശ ലംഘനം തന്നെയാണോ എന്നും അറിയില്ല.

എന്തായാലും ഒന്നു കേട്ടു നോക്കുക. ഒരുപാട് കാര്യങ്ങള്‍ക്ക് ദിവസവും പഴി കേള്‍ക്കുന്നതിനാല്‍ ഇക്കാര്യം തുറന്നു പറഞ്ഞതിന്റെ ‘ഗുരുത്വദോഷം’ കൂടി ഞങ്ങളുടെ തലയില്‍ ഇരുന്നോട്ടെ.

1. പത്തുവരെ സ്കൂളുകളില്‍ ഉച്ചയ്ക്കുള്ള ഇടവേള ഒരു മണിക്കൂറായിരുന്നെങ്കില്‍ ഹയര്‍ സെക്കണ്ടറിയില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് അരമണിക്കൂറേ ഉള്ളൂ. 12.30- ന് ക്ലാസു കഴിഞ്ഞാല്‍ മരണവെപ്രാളത്തോടെ ഓടിപോയി കൈ കഴുകി ഉള്ളതെന്തായാലും വാരിത്തിന്ന് റെഡിയാവണം.

2. ആകെ രണ്ടു വാഷ് ബേയ്സിനേയുള്ളൂ. കൈകഴുകാനുള്ള കുട്ടികളുടെ എണ്ണം മുന്നൂറ്റി അന്‍പതോളം വരും.. ഉച്ചയാവുമ്പോള്‍ അവിടെ തള്ള്, ക്യൂ.. ഇപ്പോള്‍ പുതിയ നിയമം വന്നിട്ടുണ്ട്. അതായത് കൈ കഴുകാം, പാത്രം കഴുകാന്‍ പാടില്ല. സ്കൂള്‍ പരിസരം വൃത്തികേടാവുന്നു. അതുകൊണ്ട് എച്ചില്‍പ്പാത്രവും മിച്ചം വന്നതും കഴുകാതെ പഠിക്കുന്ന പുസ്തകങ്ങളോടൊപ്പം വച്ച് കൊണ്ടുപോകണം. പരിസ്ഥിതി വൃത്തിയായി. ഞങ്ങളുടെ ബാഗ് എച്ചില്‍ ബാഗായിയിരിക്കുന്നു.

3. അദ്ധ്യാപകര്‍ക്ക് തോന്നിയതുപോലെ ക്ലാസില്‍ വരാമെങ്കിലും - വാരാതെയുമിരിക്കാമെങ്കിലും - ഞങ്ങള്‍ സ്കൂള്‍ സമയത്തിനു 5 മിനിട്ട് മുന്‍പേ സ്കൂളില്‍ എത്തിയിരിക്കണം. വഴി മുഴുവന്‍ കുഴിയാണ്, റോഡ് ബ്ലോക്കാണ്, ബസ്സു സമയത്തിനു വന്നില്ല എന്ന ന്യായമൊന്നും പറയാന്‍ പാടില്ല. എന്നല്ല, ഒന്നും തിരിച്ചു പറയാന്‍ പാടില്ല. ലേറ്റായി വരുന്നവരെല്ലാം ബോയ്സിന്റെ കൂടെ കറങ്ങാന്‍ പോയിട്ടു വരുന്നവരാണെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്. ചിലപ്പോള്‍ അച്ഛനും അമ്മയ്ക്കും കൂടി ചേര്‍ത്താണ് തെറി. ലേറ്റായി വരുന്നരുടെ പേര് ബുക്കിലെഴുത്ത്, വഴക്കു പറച്ചില്‍ ശിക്ഷ, കരച്ചില്‍... എല്ലാം കൂടി ചേര്‍ന്ന് ക്ലാസില്‍ ചെല്ലുമ്പോള്‍ അവിടെയും ചിലപ്പോള്‍ പുറത്ത് നില്‍ക്കേണ്ടി വരും. അതായത് 5 മിനിട്ട് ലേറ്റാവുന്ന കുട്ടികള്‍ വഴക്കുപറയല്‍, ഗുണദോഷ ചടങ്ങുകളൊക്കെ കഴിഞ്ഞ് ചിലപ്പോള്‍ ക്ലാസിലിരിക്കുന്നത് മൂന്നാമത്തെ പിരീഡായിരിക്കും.

4. സ്കൂളില്‍ എത്തുന്ന കാര്യത്തില്‍ മാത്രമാണ് സമയനിര്‍ബന്ധം. അതുകഴിഞ്ഞാല്‍ പല ആവശ്യങ്ങള്‍ക്കായി കറങ്ങി നടക്കുന്ന കുട്ടികളെ കാണാം. ഹൈസ്കൂളില്‍ ചില ആണ്‍ കുട്ടികളെ ( ഞങ്ങളുടെ സ്കൂളില്‍ ഹൈസ്കൂള്‍ വരെ ആണ്‍ കുട്ടികള്‍ ഉണ്ട്, ഹയര്‍ സെക്കണ്ടറി പെണ്‍കുട്ടികള്‍ക്കു മാത്രം) ക്ലാസിനു പുറത്തോ ഓഫീസിനു വെളിയിലോ നിര്‍ത്തിയിരിക്കുന്നതു കാണാം. ദിവസം മുഴുവന്‍ അവരെ അവിടെ നിര്‍ത്തിയിരിക്കും.

5. ലീഡര്‍മാരുടെ പ്രധാന ജോലി ക്ലാസിലുള്ള കുട്ടികളുടെ പ്രേമം കണ്ടെത്തുകയാണ്. ഒരു കുട്ടി ആരെ നോക്കി ചിരിച്ചു, ബസ്സില്‍ ആരുടെ അടുത്താണ് നില്‍ക്കുന്നത്, ട്യൂട്ടോറിയല്‍ കോളേജില്‍ ആരോടു സംസാരിക്കുന്നു ഇതൊക്കെ ചെന്നു ടീച്ചറോടു പറഞ്ഞുകൊടുക്കണം. അല്ലെങ്കില്‍ വഴക്കു കിട്ടും. നല്ല ലീഡറാവാന്‍ ഇതൊക്കെ ചെയ്യണം. അതുകൊണ്ട് ക്ലാസില്‍ എല്ലാവരും എല്ലാവരെയും സംശയിക്കുന്നു. ക്ലാസിലിരുന്ന് ഒരു തമാശപറയാന്‍ പോലും ആര്‍ക്കും കഴിയില്ല. എപ്പോള്‍ ആരുടെ തലയില്‍ ഇടിവീഴും എന്നു പറയാന്‍ പറ്റില്ലല്ലോ.

6. ഏതെങ്കിലും കുട്ടിയുടെ നാവില്‍ നിന്ന് ആരുടെയെങ്കിലും പേരു വീണു കിട്ടിയാല്‍ പൂരമാണ് പിന്നെ. ചോദ്യം ചെയ്യാന്‍ പ്രിന്‍സിപ്പാള്‍ വിളിപ്പിക്കും. സ്കൂള്‍ സമയം കഴിഞ്ഞും നീളും ചോദ്യം ചെയ്യല്‍. അപ്പോള്‍ ക്ലാസില്‍ പോകേണ്ടതില്ല. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ മതി. സ്വന്തം കാര്യം മാത്രമല്ല. മറ്റു കുട്ടികളുടെ പ്രേമത്തെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും പറഞ്ഞുകൊടുക്കണം. കണ്ടെത്തിയ പ്രേമങ്ങളുടെ നീണ്ട ലിസ്റ്റ് അവരുടെ കൈയ്യിലുണ്ട്. അവിടെ വരുന്ന എല്ലാവരെയും അതു കാണിക്കും.

7. സ്കൂള്‍ അസംബ്ലിയിലും സ്കൂളില്‍ നടക്കുന്ന പരിപാടികളിലും കുട്ടികളില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രിന്‍സിപ്പാള്‍ മൈക്കിലൂടെ പറയും. ഇത് നാണം കെടുത്തുന്ന പരിപാടിയാണ്. കുട്ടിയുടെ പേരു പറയാറില്ലെങ്കിലും കൂട്ടുകാര്‍ക്കും അവരോടൊപ്പം ഉള്ള അച്ഛനമ്മമാര്‍ക്കും ആ കുട്ടിയെ അറിയാമായിരിക്കും. ഇങ്ങനെ ഒരു കാര്യത്തിനു പേര് മൈക്കിലൂടെ പറഞ്ഞതിന്റെ പേരില്‍ ഒരു കുട്ടിക്ക് മനശ്ശാസ്ത്ര ചികിത്സ വേണ്ടി വന്നു.

8. ചില ടീച്ചര്‍മാരും ചോദ്യം ചെയ്യാറുണ്ട്. സ്കൂളില്‍ പ്രേമം പിടിക്കുന്ന പരിപാടിയാണ് മുഖ്യം. പഠിപ്പിക്കലിന് അത്ര പ്രാധാന്യമില്ല. സ്റ്റാഫ് റൂമില്‍ ചെന്നാല്‍ ചിലപ്പോള്‍ ചില കുട്ടികള്‍ക്ക് ‘റാഗിംഗ്’ നേരിടേണ്ടി വരും. “ഇന്നു നിന്റെ മറ്റേയാളിനെ കണ്ടില്ലേ? അയാള്‍ എന്തു ഷര്‍ട്ടാണ് ഇട്ടുകൊണ്ട് വന്നിരിക്കുന്നത്? നീ നന്നായി നോക്കിയോ, എന്താണ് മുഖത്തൊരു ദുഃഖം? ... (ഏതെങ്കിലും സിനിമാതാരത്തിന്റെയോ പുരാണ കഥാപാത്രത്തിന്റെയോ പേരു്..) ..കണ്ടിട്ട് മൈന്‍ഡ് ചെയ്തില്ലേ? അയാള്‍ നിന്നെ മറന്ന് മറ്റാരെങ്കിലും കണ്ടെത്തിയോ? ” ഇതൊക്കെയാണ് ചോദ്യങ്ങള്‍. എന്നിട്ട് ടീച്ചര്‍മാരെല്ലാം കൂടി കൂട്ട ചിരി. ക്ലാസില്‍ വന്നും ചിലര്‍ ഇതൊക്കെ കാണിക്കാറുണ്ട്. ഇവര്‍ പ്രേമിക്കാന്‍ പ്രേരിപ്പിക്കുകയല്ലേ ചെയ്യുന്നത്? എന്നിട്ട് അതു കുറ്റമായി എല്ലാവരോടും പറഞ്ഞു നടക്കും.

9. അച്ഛനോ അമ്മയോ കാണാന്‍ വരുമ്പോള്‍ ടീച്ചര്‍മാര്‍ പറയുന്നത് ‘ഇവള്‍ എപ്പഴും ആലോചിച്ചുകൊണ്ടിരിക്കുന്നു. പഠിക്കുന്നില്ല. ഇവള്‍ക്ക് ചികിത്സ വേണം’ എന്നാണ്. ‘ആലോചിച്ചുകൊണ്ടിരിക്കുന്നു’ എന്നു പറഞ്ഞാല്‍ അവള്‍ ആരെയോ പ്രേമിക്കുന്നു എന്നാണ്. പിന്നെ അമ്മമാര്‍ക്ക് സംശയമായി. അവര്‍ക്ക് അതു സഹിക്കാന്‍ പറ്റില്ല. അതോടെ അമ്മയോട് എന്തു പറഞ്ഞാലും ദേഷ്യം പിടിക്കും. ഞങ്ങളെ സംശയിക്കാന്‍ തുടങ്ങും.

10. ചായ കുടിച്ച ഗ്ലാസു കഴുകുക, ഇരിക്കാനുള്ള കസേര തുടപ്പിക്കുക, തുടങ്ങിയ പരിപാടികളും ഉണ്ട്, ടീച്ചര്‍മാര്‍ക്ക്. പലപ്പോഴും സ്നേഹത്തോടെയാണ് പറയുന്നത്. ദേഷ്യത്തോടെ പറയുന്നവരും ഉണ്ട്. നിഷേധിക്കാന്‍ പറ്റില്ല. നിഷേധി എന്ന പേരു കേള്‍ക്കേണ്ടി വരും. എല്ലാത്തിനും ഇമ്പോസിഷന്‍ കിട്ടും. ടീച്ചര്‍മാര്‍ ചെയ്യേണ്ട ജോലികള്‍ ഞങ്ങളെക്കൊണ്ട് ചിലപ്പോള്‍ ചെയ്യിക്കും. മാര്‍ക്കു ലിസ്റ്റ് വായിച്ചു കൊടുക്കുക. ഉത്തരക്കടലാസിലെ മാര്‍ക്കെഴുതുക, റിപ്പോര്‍ട്ട് കാര്‍ഡിലെ മാര്‍ക്കും മറ്റും എഴുതി കൊടുക്കുക, നോട്ടീസ് കൊണ്ടു കൊടുക്കുക...അങ്ങനെ അങ്ങനെ. ചെയ്തു കൊടുത്താല്‍ കുറച്ചു നാള്‍ വഴക്കു പറച്ചില്‍ ഇല്ല. പ്രിന്‍സിപ്പാളിന്റെയും ടീച്ചര്‍മാരുടെയും പ്രിയപ്പെട്ട കുട്ടിയാവാം.

11. ഇതൊന്നും സാരമില്ല, ഞങ്ങളൊക്കെ പിച്ചക്കാരികളാണെന്ന മട്ടില്‍ ടീച്ചര്‍മാര്‍ സംസാരിക്കും അതാണ് സഹിക്കാന്‍ പറ്റാത്തത്. ഒരു അദ്ധ്യാപിക ക്ലാസില്‍ പറഞ്ഞത് നിന്നെയൊക്കെ പഠിപ്പിക്കാനല്ല ഞാന്‍ വരുന്നത് ശമ്പളം കിട്ടും അതുകൊണ്ടാണെന്നാണ്. ഞങ്ങളെ വിശേഷിപ്പിക്കാന്‍ ഒരു ചീത്തപ്പേരും അവര്‍ ഉപയോഗിച്ചു. ദേഷ്യം കൊണ്ടല്ല. അവര്‍ ആത്മാര്‍ത്ഥമായി തന്നെ പറഞ്ഞതാണ്. കാരണം അവര്‍ പഠിപ്പിക്കാനേയല്ല ക്ലാസില്‍ വരുന്നത്. അവര്‍ പഠിപ്പിച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നും മനസ്സിലാകുകയും ഇല്ല. ഇങ്ങനെ മനോഭാവമുള്ള ഒരാള്‍ ആത്മാര്‍ത്ഥമായി പഠിപ്പിക്കുമോ? ചില അദ്ധ്യാപികമാര്‍ മറ്റു ടീച്ചേഴ്സിനെ കുറ്റം പറയും. ------- സാറിനോട് സംസാരിച്ചാൽ ചീത്തയായി പോകും എന്നൊക്കെ. അതാണ് അവര്‍ പഠിപ്പിക്കുന്ന പാഠം.

12. സി ഇ മാര്‍ക്ക് കുറയ്ക്കുമെന്നും കോണ്ടക്ട് സര്‍ട്ടിഫിക്കറ്റില്‍ ബാഡ് എന്നെഴുതി ഭാവി തുലയ്ക്കുമെന്നും ടി സി തരുമെന്നും ഞങ്ങളെ അദ്ധ്യാപികമാര്‍ ഭീഷണിപ്പെടുത്താറുണ്ട്. സി ഇ മാർക്ക് നല്ലവണ്ണം കുറ്ച്ചിട്ട ടീച്ചർ മാരുണ്ട്. ചോദിച്ചപ്പോൾ തെറ്റിപ്പോയതാണെന്ന് പറഞ്ഞു. ചില കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വളരെ ഭയമുണ്ട്. ക്ലാസില്‍ സംശയം ചോദിച്ചാലും അതങ്ങനെയാണോ എന്ന് തിരിച്ചു ചോദിച്ചാലും ഭീഷണിയാണ്. അതു കുറച്ചു ദിവസം നീണ്ടു നില്‍ക്കും. ഏതെങ്കിലും ടീച്ചറിനു ഒരു കുട്ടിയോടു ഇഷ്ടക്കേടുണ്ടായാല്‍ പിന്നെ ആ കുട്ടിയുടെ കാര്യം പോക്കാണ്. എന്തു ചെയ്താലും അതിനെ വഴക്കു പറഞ്ഞുകൊണ്ടിരിക്കും.

13. ചില ടീച്ചര്‍മാര്‍ക്ക് ചില കുട്ടികളെ ഇഷ്ടമാണ്. പക്ഷേ ടീച്ചര്‍മാര്‍ക്കു തമ്മില്‍ തമ്മില്‍ വഴക്കുണ്ട്. അതിന്റെ ഫലം പാവം ഞങ്ങളാണ് അനുഭവിക്കേണ്ടത്. ഒരു ടീച്ചറിന്റെ പെറ്റായ കുട്ടിയെ കാണുന്നത് മറ്റേ ടീച്ചറിനു കലിയാണ്..അതുകൊണ്ട് ആ ക്ലാസില്‍ ആ കുട്ടി എന്തു ചെയ്താലും കുറ്റമാണ്. വെറുതെ വഴക്കു പറഞ്ഞുകൊണ്ടിരിക്കും. കണ്ണീരു കണ്ടാല്‍ പോലും ചില അദ്ധ്യാപികമാര്‍ക്ക് ദയയുണ്ടാവില്ല. വഴക്കു പറഞ്ഞു കൊണ്ടിയിരിക്കും. എന്തെങ്കിലും മനസ്സിലാവണ്ടേ? അതിന്റെ കൂടെ വഴക്കും. രണ്ടു ദിവസം മുന്‍പ് ഏതോ കരിയര്‍ ഗൈഡന്‍സുകാര്‍ ഒരു സ്ലിപ്പു കൊണ്ടു വന്ന് പൂരിപ്പിക്കാന്‍ പറഞ്ഞു, അതിലൊരു ചോദ്യമുണ്ടായിരുന്നു, നിങ്ങളെ ഏറ്റവും സ്വാധീനിച്ച വ്യക്തി ആര്? അതിനൊരു കുട്ടി ഒരു ടീച്ചറിന്റെ പേരെഴുതി മറ്റൊരു ടീച്ചറിന്റെ പേരെഴുതിയില്ല എന്നും പറഞ്ഞ് അതിനും കിട്ടി ഞങ്ങള്‍ക്ക് വഴക്ക്. അദ്ധ്യാപികമാര്‍ക്ക് എന്തോ മാനസികക്കുഴപ്പമുണ്ടെന്നു തോന്നും ഒരു കാര്യവുമില്ലാതെ അവര്‍ ദേഷ്യം കൊണ്ട് തുള്ളിച്ചാടിക്കൊണ്ടിരിക്കുന്നതു കണ്ടാല്‍. കാരണം ഒന്നും പറയുകയും ഇല്ല.

14. എക്സ്ട്രാ ക്ലാസുകള്‍ ഞങ്ങള്‍ക്ക് പേടി സ്വപ്നമാണ്. ശനിയും ഞായറുമൊക്കെ ഞങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍ വക എക്സ്ട്രാക്ലാസുകളാണ്. അവധി ദിവസങ്ങളിലും എക്ട്രാക്ലാസാണ്, പോയില്ലെങ്കില്‍ വീട്ടില്‍ വിളിച്ച് പരാതി പറയും. പിന്നെ തുടര്‍ച്ചയായി ചോദ്യം ചെയ്യും. അതു പേടിച്ച് എല്ലാവരും പോകും. എന്നാല്‍ പോര്‍ഷന്‍ ഒരിഞ്ചു പോലും മുന്നോട്ടു പോകുന്നില്ല. പ്രിന്‍സിപ്പാളിനു പഠിപ്പിക്കാന്‍ സമയമില്ലാത്തതുകൊണ്ട് ഞങ്ങള്‍ അവധികള്‍ ഇല്ലാതെ ചെന്നിരുന്നുകൊടുക്കണം. ക്ലാസെടുപ്പൊന്നുമില്ല. വെറും വാചകമടിമാത്രം. മണിക്കൂറുകളോളം നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കും. അതില്‍ പഠിക്കാനുള്ള ഒന്നും ഉണ്ടാവില്ല. ഞങ്ങള്‍ വെറുതേ കേട്ടുകൊണ്ടിരിക്കണം. അങ്ങോട്ടും ഇങ്ങോട്ടും നോക്കിക്കൂടാ, കോട്ടുവായിട്ടുകൂടാ, പുറത്തേയ്ക്ക് നോക്കിക്കൂടാ, ഉറങ്ങിക്കൂടാ, അനങ്ങാതെ ബാഗും പിടിച്ച് പാവകളെപ്പോലെ രാവിലെ മുതല്‍ ഓരോ സെക്കന്റും എണ്ണി കഴിച്ചുകൂട്ടും. അപ്പോള്‍ തോന്നും, ജീവിതം എന്ത് ബോറാണ്‌!

15. ഇപ്പോള്‍ സ്കൂളില്‍ പുതിയൊരു നിയമം കൂടി വന്നു. നാട്ടില്‍ സ്ത്രീ പീഡനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ആണ്‍ അദ്ധ്യാപകരോട് (അവര്‍ ആണുങ്ങളാണ്. ആകെ നാലുപേരേയുള്ളൂ സ്കൂളില്‍) ഞങ്ങള്‍ ക്ലാസിനു പുറത്തു വച്ച് സംസാരിക്കാന്‍ പാടില്ല. അവരുടെ സ്റ്റാഫ് റൂമില്‍ പോകാന്‍ പാടില്ല. എന്തു സംശയവും ക്ലാസില്‍ വച്ചു തന്നെ തീര്‍ക്കണം. ക്ലാസ് മുറിയില്‍ നടക്കുന്ന രഹസ്യങ്ങളൊക്കെ ഞങ്ങള്‍ അവരോട് പറയുമോ എന്നായിരിക്കും പേടി. എന്നാല്‍ പെണ്‍ ടീച്ചര്‍മാരുടെ സ്റ്റാഫ് റൂമില്‍ പോയി തന്നെ സംശയങ്ങള്‍ തീര്‍ക്കണം. അദ്ധ്യാപകരുടെ അടുത്തു നിന്ന് പെണ്‍കുട്ടികള്‍ സംസാരിക്കുന്നു. തോളില്‍ കൈയ്യിടുന്നില്ലെന്നേയുള്ളൂ, എന്നൊക്കെ പ്രിന്‍സിപ്പാള്‍ ക്ലാസ് പി ടി എയ്ക്കു വന്ന അമ്മമ്മാരോട് പറയുന്നു. രക്ഷാകര്‍ത്താക്കള്‍ ചോദിച്ച ചോദ്യത്തിനൊന്നും ഉത്തരമില്ല. എല്ലാമറിയാവുന്ന വൃദ്ധയുടെ ഗൂഢമായ മന്ദസ്മിതത്തില്‍ തന്ത്രപൂര്‍വം ഒളിപ്പിച്ചു വച്ചിരിക്കുന്നു, അവര്‍ എല്ലാം.

16. പിന്നെയുമുണ്ട് നിയമങ്ങള്‍. ക്ലാസില്‍ വച്ച് കൈപൊക്കാന്‍ പാടില്ല. ക്ലാസു കഴിഞ്ഞ് പുറത്തിറങ്ങാന്‍ പാടില്ല. കാരണം താഴെ നിന്ന് ആണ്‍കുട്ടികള്‍ മൊബൈലില്‍ ഫോട്ടോ എടുക്കും. എന്നും ഒരേ ബസ്സില്‍ കയറാന്‍ പാടില്ല. കാരണം ആണ്‍ കുട്ടികളെ എന്നും കണ്ടാല്‍ പ്രേമമാകും. തൊട്ടിരിക്കാനും കൊഞ്ചിക്കുഴയാനും പാടില്ല. തൊട്ടടുത്ത് ബോയ്സ് സ്കൂളായതിനാല്‍ മുന്‍പേ തന്നെ സ്കൂള്‍ ഗ്രൌണ്ടിലൊന്നും പോകാന്‍ പാടില്ല. ഇപ്പോള്‍ ക്ലാസിനു പുറത്തിറങ്ങാനും അവിടെ നില്‍ക്കാനും പാടില്ലെന്ന നിയമം വന്നതോടെ സ്കൂള്‍ ഒരു ജയില്‍ ആയി. അന്‍പതില്‍ കൂടുതല്‍ കുട്ടികളാണ് ഈ ജയിലില്‍. സിനിമകളില്‍ പോലും ഇതിനേക്കാള്‍ വലിയ മുറിയാണ് ജയില്‍. അതിലിത്രയും തടവുകാരെ ഒരു സമയം ഇടില്ല.

17. രണ്ടു ദിവസം മുന്‍പ് നടന്ന ഞങ്ങളുടെ ക്ലാസ് പി ടി എ സ്കോര്‍ കുറഞ്ഞതിനു കുറ്റം കുറ്റം തന്നെ. ടീച്ചര്‍മാര്‍ക്ക് ഒരു കുഴപ്പവുമില്ല. ഒരു കുട്ടിയ്ക്ക് നല്ല സ്കോര്‍ ഏതിനെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ അതു ടീച്ചര്‍ വെറുതേ കൊടുത്തത്. ഗ്രേഡു മോശമായത് കുട്ടി പഠിക്കാത്തതുകൊണ്ട്. അതു സാരമില്ല. “നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയാണ് ഇപ്പോള്‍ മോശമായിരിക്കുന്നത്.. ഇങ്ങനെ പോയാല്‍ ഇവള്‍ തോല്‍ക്കും.” ഇതാണ് അച്ഛനമ്മമാരോട് പറയാന്‍ ടീച്ചര്‍മാര്‍ റെക്കോഡു ചെയ്തു വച്ചിരിക്കുന്ന വാക്യം. വല്ലാത്ത ക്രൂരതയാണിത്. ഒന്നുരണ്ട് ടീച്ചര്‍മാരെപ്പറ്റി കുറ്റം പറയാന്‍ എഴുന്നേറ്റവരെ അതൊന്നും ഇവിടെ പറയണ്ട എന്നു പറഞ്ഞ് ഇരുത്തി. ഒരു മണിക്കൂറോളം ക്ലാസെടുത്ത പ്രിന്‍സിപ്പാളിന് പഠനം മെച്ചപ്പെടുത്തുന്നതിനെപ്പറ്റി ഒന്നും പറയാനില്ല. പരാതികള്‍ക്ക് മറുപടി ഇല്ല. പകരം സ്കൂളിലെ പെണ്‍കുട്ടികളുടെ സ്വഭാവം ചീത്തയാണെന്ന് മാത്രമാണ് എല്ലാ ക്ലാസിലും വിളിച്ചു പറഞ്ഞത്. പെണ്‍കുട്ടികള്‍ കൊഞ്ചുകയും കുഴയുകയും ചെയ്യുന്നു. ആണ്‍കുട്ടികളുടെ തോളില്‍ കൈയിടുന്നില്ലെന്നു മാത്രം ബാക്കിയെല്ലാം ചെയ്യുന്നുണ്ട്. ആണുങ്ങളുടെ മൊബൈലില്‍ എല്ലാം ഇവിടുള്ള പെണ്‍കുട്ടികളുടെ പടമാണ്. ചില പെണ്‍കുട്ടികള്‍ വിസിലടിക്കുന്നു, ആ‍രുടെയൊക്കെയോ കൂടെ കാറില്‍ കേറി പോകുന്നു, ഐസ്ക്രീം കുടിക്കാന്‍ പോകുന്നു. ബൈക്കിന്റെ പിന്നില്‍ മോശമായ രീതിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നു. അതൊന്നും ശരിയല്ല. നമ്മുടേത് അമേരിക്കയല്ല. കേരളത്തിന്റെ സംസ്കാരം നമ്മള്‍ പുലര്‍ത്തണം. ആരാണ് ഇതൊക്കെ ചെയ്തതെന്ന് ചോദിച്ചിട്ട് മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ പി ടി എ മീറ്റിംഗ് കഴിഞ്ഞതിനു ശേഷം വീട്ടിലും അടിയന്തിരാവസ്ഥയാണ്.. ആരും ഒന്നും മിണ്ടുന്നില്ല. ‘നീ പറഞ്ഞത് കേട്ടാല്‍ മതി. പഠിക്കാന്‍ പോയാല്‍ പഠിച്ചാല്‍ മതി മറ്റൊന്നും നീ ചിന്തിക്കണ്ട, അതിനൊക്കെ വേറെ ആളുകള്‍ ഇവിടുണ്ട്..’ എന്നൊക്കെയാണ് ഉഗ്രശാസനം.

ഇടയ്ക്ക് സ്കൂളില്‍ ഒരു കൌണ്‍സിലര്‍ വന്നിരുന്നു. ചില കാര്യങ്ങള്‍ തുറന്നു പറയാമെന്നു മനസ്സിലായത് അപ്പോഴാണ്. കേള്‍ക്കാനാളുണ്ടാവുമ്പോഴല്ലേ പറയാനും ആളുണ്ടാവൂ.. ഒന്നോരണ്ടോ കുട്ടികള്‍ ചെയ്ത തെറ്റിനു ഒരു സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ മുഴുവന്‍ പീഡനം അനുഭവിക്കേണ്ടി വരില്ലേ? അതാണിവിടെ സംഭവിക്കുന്നത്. അദ്ധ്യാപകര്‍ക്ക് കുട്ടികളെ അറിയില്ലെങ്കില്‍ അവരുടെ ജീവിതം ദുരന്തമാവില്ലേ? അതാണ് ഇവിടെയും. പറഞ്ഞതില്‍ ഏതൊക്കെയാണ് അവകാശ ലംഘനം എന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്തായാലും പെണ്‍കുട്ടികളായി ജനിക്കുന്നത് ശാപമാണെന്ന് ഇവിടെ വന്നതിനു ശേഷമാണ് കൂടുതലായി മനസ്സിലാവുന്നത്. തൊട്ടടുത്തുള്ള സ്കൂളിലെ ആണ്‍കുട്ടികള്‍ക്ക് ഒരു കുഴപ്പവുമില്ല. ഇവിടെ അവര്‍ ഇഷ്ടം പോലെ കറങ്ങി നടക്കുന്നുണ്ട്. അത്രയും ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം കുറയുന്നു. അധികം താമസിക്കാതെ ഞങ്ങളില്‍ ആര്‍ക്കെങ്കിലും ഭ്രാന്തുവരും. പേരെഴുതി വച്ച് ആത്മഹത്യ ചെയ്താല്‍ ചിലപ്പോള്‍ ഒരു സ്കൂളിന്റെ കാര്യം പുറത്തറിയുമായിരിക്കും. എന്നിട്ടും എന്തു പ്രയോജനം? അയിരൂപ്പാറ സ്കൂളില്‍ മരണം നടന്നു കഴിഞ്ഞിട്ടും അദ്ധ്യാപകരുടെ പെരുമാറ്റത്തിലൊന്നും ഒരു മാറ്റവും വന്നിട്ടില്ലല്ലോ..ഞങ്ങളുടെ വിധി!


( നഗരത്തിലെ മറ്റു പെണ്‍പള്ളിക്കൂടങ്ങളിലെ സ്ഥിതിയും ഇതൊക്കെ തന്നെയാണ്. ഇതെങ്ങാനും പ്രസിദ്ധീകരിച്ചോ അല്ലാതെയോ സ്കൂളിലെ ആരെങ്കിലും കണ്ടാല്‍ പിന്നെ നേരെ കിണറ്റില്‍ ചാടിയാല്‍ മതി. ഇതിങ്ങനെ പ്രസിദ്ധീകരിക്കാതെ ഇതില്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്നു പരിശോധിച്ച് അതൊരു റിപ്പോര്‍ട്ടായി മെട്രോയിലോ പെണ്മയിലോ പ്രസിദ്ധീകരിച്ചാല്‍ പഠിപ്പിസ്റ്റുകളും ടീച്ചേഴ്സ് പെറ്റുകളും സ്പൈകളും പോമറേനിയനുകളുമായ കുറച്ചു കുട്ടികളുടെ മുഖം ചുളിക്കല്‍ ഒഴിച്ച് ബാക്കി ഈ സ്കൂളിലെ 300-ല്‍ അധികം വരുന്ന ‘പാവം’ പെണ്‍കുട്ടികളുടെ ആത്മാര്‍ത്ഥമായ സ്നേഹവും ആശംസയും മനോരമയോടൊപ്പം എന്നും ഉണ്ടാവും. മറ്റുള്ള സ്കൂളില്‍ എന്തു നടക്കുന്നു എന്ന് അറിയാനും അതു വഴിയൊരുക്കും. ‘വാടരുതീ മലരുകള്‍’ എന്നൊക്കെ മനോരമ ലേഖനം എഴുതിയതല്ലേ? അങ്ങനെ മാത്രമല്ല, ഇങ്ങനെയും സ്കൂളുകളില്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ വാടുന്നുണ്ട്. അതു മനസ്സിലാക്കും എന്നു വിചാരിക്കുന്നു.
എന്ന് ...
സ്നേഹത്തോടെ,
- ഞങ്ങള്‍,
..................സ്കൂളിലെ പന്ത്രണ്ടാം തരത്തില്‍ പഠിക്കുന്ന ചില ‘നിഷേധി’കളായ വിദ്യാര്‍ത്ഥിനികള്‍.
- പെണ്ണുങ്ങളായി ജനിച്ചതുകൊണ്ട് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നവര്‍‍)

( P S : ഭാഷ മാറ്റിയിട്ടുണ്ട്. ബാക്കിയെല്ലാം കുട്ടികള്‍ എഴുതിയതും പറഞ്ഞതുമായ കാര്യങ്ങളാണ്)
Post a Comment