July 15, 2010

സ്വാതന്ത്ര്യത്തിന്റെ അർത്ഥംഒറ്റയിരുപ്പിനു വായിച്ചു തീർക്കാവുന്ന പുസ്തകം എന്ന മേൽച്ചാർത്ത് ഒരു നോവലിനെ സംബന്ധിച്ചിടത്തോളം പ്രശംസയാകുമോ എന്നു സംശയമുണ്ട്. നോവലിനുള്ളിൽ, പരസ്പരം ഏറ്റുമുട്ടുകയും ദിശമാറി ഒഴുകുകയും പുതിയവയ്ക്ക് ഉരുവം നൽകുകയും ചെയ്യുന്ന നിരവധി ധാരകളെ അവഗണിച്ചുകൊണ്ടല്ലേ ‘ഒറ്റവായന’ എന്ന രസനീയതയിൽ മാത്രം അഭിരമിക്കാൻ പറ്റൂ എന്നാണ് ചോദ്യം. ദുർഗ്രഹത എന്ന പോലെ ഘടനാപരമായ ലാളിത്യവും ആന്തരികമായ സങ്കീർണ്ണതകളുടെ പ്രച്ഛന്നവേഷങ്ങൾ ആകാം. ചിലപ്പോൾ; ചിലയിടങ്ങളിൽ. ചരിത്രവും രാഷ്ട്രീയവും മതവും കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു ഭൂപ്രദേശമാണ് കശ്മീർ ഒരിന്ത്യൻ നോവലിനു പറ്റിയ ഏറ്റവും വളക്കൂറുള്ള തട്ടകമാണെന്നതിൽ തർക്കമുണ്ടാവില്ല. പക്ഷേ എന്തുകൊണ്ടോ ഭാവനാത്മകവ്യവഹാരങ്ങളിൽ സമകാലിക കശ്മീർ ആ നിലയ്ക്ക് കയറിപ്പറ്റിയിട്ടില്ല. വിവരണാത്മകവ്യവഹാരങ്ങളിൽ കശ്മീർ കൂടുതലായി ഉണ്ടുതാനും. അതിനുള്ള ഒരു കാരണം സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, പ്രത്യേകിച്ച് അൻപതുകളുടെ അവസാ‍നത്തോടെ ഒരു ഭൂപ്രദേശമെന്ന നിലയിൽ ഭൂമിയിലെ ഈ സ്വർഗം, ഇന്ത്യയെന്ന വികാരത്തിൽ നിന്ന് മാറി ഒറ്റപ്പെടാൻ തുടങ്ങി എന്നുള്ളതായിരിക്കും. പട്ടാളനിരകൾ മറക്കുട തീർത്തു നിൽക്കുന്ന ഒരു പ്രദേശത്തെ ജീവിതങ്ങളുമായി വൈകാരികമായ കൊടുക്കൽ വാങ്ങലുകൾ സർഗാത്മകത്യ്ക്ക് സാധ്യമാവുന്നതെങ്ങനെ എന്നതും ആലോചനാവിഷയമാണ്. ഇന്ത്യാവിഭജനഘട്ടത്തിൽ ഇസ്ലാമിന്റെ പേരിൽ ജന്മം കൊണ്ട പാകിസ്താനോടൊപ്പം ചേരാനല്ല, ഇന്ത്യയെ മാതൃരാജ്യമാക്കാനുള്ള തീരുമാനത്തിൽ ഷേക്ക് അബ്ദുള്ളയുടെ നേതൃത്വത്തിനു കീഴെ ഉറച്ചു നിന്നവരാണ് കാശ്മീരിലെ ഭൂരിപക്ഷജനത. പക്ഷേ ഷേക്ക് അബ്ദുള്ളയുടെ സർക്കാരിനെ തെറ്റായ വിവരത്തിന്റെ പേരിൽ, 1953-ൽ നെഹ്രൂ ഭരണകൂടം പിരിച്ചു വിട്ടു. ഒറ്റപ്പെടലിന്റെ രാഷ്ട്രതന്ത്രം തുടങ്ങുന്നത് അവിടെ നിന്നാണെന്ന് പറയപ്പെടുന്നു. ആ ഒഴിവിടങ്ങളിലേയ്ക്ക് അയൽ‌ദേശങ്ങളുടെയും മതതീവ്രവാദസ്വരൂപങ്ങളുടെയും ഭരണകൂടത്തിന്റെയും സ്ഥാപിതതാത്പര്യങ്ങൾ കുടിയേറി ഉറഞ്ഞുതുള്ളാൻ തുടങ്ങുന്നതോടെ ഒരു ജനത നിസ്സഹായരായി തീരുന്നത് നാം കാണുന്നു. സ്വാതന്ത്ര്യത്തിന്റെ സാമ്പ്രദായിക അർത്ഥങ്ങൾ പടം പൊഴിച്ച് മറ്റൊന്നായിക്കൊണ്ടിരിക്കുന്നതാണ് പുതിയ യാഥാർത്ഥ്യം. ഇന്ത്യയുടെ കിഴക്കൻ മേഖലകളിൽ നിന്നുള്ള വാർത്തകൾ കൂടി പരിഗണിച്ചു തുടങ്ങുമ്പോൾ വിടുതലുകളുടെ രാഷ്ട്രീയാർത്ഥങ്ങൾ വേവലാതിയാക്കുന്ന ഏതു സർഗാത്മകരചനയ്ക്കും രസനീയതയിൽ കവിഞ്ഞ പ്രാധാന്യം സ്വതവേ ഉണ്ടാവും.

ഭൂമിയിലെ സ്വർഗമായിരുന്നു കശ്മീർ. തിളക്കമുള്ള ഒരു ഭൂതകാലം സ്വന്തമായുണ്ടായിരുന്ന കാശ്മീരിനെ പശ്ചാത്തലമാക്കി എസ് മഹാദേവൻ തമ്പി എഴുതിയ ‘ആസാദി’ എന്ന നോവൽ ഉന്നയിക്കുന്ന കാതലായ പ്രശ്നവും സ്വാതന്ത്ര്യത്തിന്റെ അർത്ഥസന്ദിഗ്ദതയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ പ്രത്യേകിച്ചും. പാലോത്ത് പ്രഭാകര മേനോൻ എന്ന പഴയ ബ്രിട്ടീഷ് ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥൻ നാലു ദശാബ്ദകാലം താൻ ജോലി ചെയ്തിരുന്ന പ്രദേശത്തേയ്ക്ക് പഴയ കൂട്ടുകാരനെ കണ്ട് വ്യക്തിപരമായ ചില ദൌത്യങ്ങൾ പൂർത്തിയാക്കാൻ കൊച്ചുമകനും സ്വതന്ത്ര ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥനുമായ ഹരിയോടൊപ്പം നടത്തുന്ന യാത്രയാണ് നോവലിലെ വിഷയം. ജോലി ചെയ്തത് ബ്രിട്ടീഷുകാർക്കു വേണ്ടി ആയിരുന്നെങ്കിലും മനസ്സാ സ്വാതന്ത്ര്യസമരസേനാനികളുടെ കൂടെയായിരുന്നു മേനോൻ. അതുകൊണ്ടാണ് അദ്ദേഹത്തിന് ‘അകത്തെ പോരാളി’ എന്ന വിളിപ്പേരു കിട്ടിയത്. ബൈത്തുള്ള എന്ന പഴയകൂട്ടുകാരന്റെ സന്ദേശത്തെ തുടർന്നാണ് വിശ്രമജീവിതം നയിച്ചിരുന്ന വയോധികനായ മേനോൻ, യാത്ര അങ്ങേയറ്റം അപകടകരമായി തീർന്നിരിക്കുന്ന കാശ്മീരിന്റെ ഉൾഭാഗങ്ങളിലേയ്ക്ക് ചെറുമകനോടൊപ്പം യാത്രതിരിക്കുന്നത്. കാശ്മീരിന്റെ പഴയതും പുതിയതുമായ അവസ്ഥകൾ ഈ യാത്രയ്ക്കിടയിൽ വന്നു നിറയുന്നു. കാശ്മീരിന്റെ വർത്തമാനകാലാവസ്ഥ മംഗളകരമാകാത്തതിന്റെ കാരണത്തെ ഏകപക്ഷീയമായി പാകിസ്താനിലേയ്ക്കും മതതീവ്രവാദങ്ങളിലേയ്ക്കും കുത്തിച്ചെലുത്തുകയല്ല നോവലിസ്റ്റ്. ചായ്‌വ് സ്വാഭാവികമായി തന്നെ പ്രകടമാണെങ്കിലും. കശ്മീർ കാര്യത്തിൽ ഇന്ത്യ നടത്തിയ എടുത്തുച്ചാട്ടങ്ങൾ എങ്ങനെ മതൈകപക്ഷപാതികൾക്ക് വളമായി എന്ന് നോവൽ തെളിവു തരുന്നുണ്ട്. അതിനുദാഹരണമാണ് സ്വാതന്ത്ര്യസമരസേനാനിയായ ബൈത്തുള്ളയുടെ കൊച്ചുമകൻ ഷംസീർ ചെന്നകപ്പെട്ടിരിക്കുന്നത് തീവ്രവാദികളുടെ കയ്യിലാണെന്ന കാര്യം. കശ്മീർ ജനതയ്ക്ക് സർവാദരണീയനായ ബൈത്തുള്ളയെയും കുടുംബത്തെയും പിടിച്ചുക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ വച്ച് വധിച്ചിട്ട് അതു ചെയ്തത് ഇന്ത്യൻ സൈന്യമാണെന്ന് വരുത്തിതീർത്താൽ ജനം സൈനികർക്ക് എതിരാവും എന്ന മതതീവ്രവാദ ഗ്രൂപ്പിന്റെ ഗൂഢാലോചനയെയാണ് മേനോന്റെ യാത്ര തകർത്തത്. ആസാദി ആരിൽ നിന്ന്, ആർക്കാണ് എന്നും അതെന്തിനുവേണ്ടിയാണെന്നും ചോദിക്കപ്പെടേണ്ടതുണ്ടെന്ന് നോവൽ പറയുന്നു. നോം ചോംസ്കി ഉൾപ്പടെയുള്ള ചിന്തകർ കാശ്മീരിലെ ഇന്ത്യൻ ഇടപെടലുകളെ വിമർശിച്ചിട്ടുണ്ടെന്ന വാസ്തവം നാം ഇവിടെ ഓർത്തുപോകാതിരിക്കില്ല. ന്യായാന്യായ വിവേചനത്തിന്റെ യുക്തി ഭാവനാത്മക ഭൂമികളെ ജ്ഞാനസ്നാനം ചെയ്യിക്കാൻ കുറച്ചേ തുനിഞ്ഞിറങ്ങാറുള്ളൂ എന്ന മുൻ‌ധാരണയോടെ തന്നെ.

ഒരു കുടുംബരഹസ്യം വെളിവാക്കിക്കൊണ്ടാണ് നോവൽ അവസാനിക്കുന്നത്. ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനു നിർഭയം പോരാടിയ ബൈത്തുള്ളയുടെ മകൻ അബുതാജിന് ഒരപരൻ കൂടിയുണ്ട്. ഹരിയുടെ അച്ഛൻ. സത്യത്തിൽ ബൈത്തുള്ളയുടെ ഭാര്യ ജരിയാബീഗം ഇരട്ടപ്രസവിച്ചതാണ്. മേനോന്റെ കുട്ടികളുണ്ടാവാത്ത ഭാര്യ പാർവതിയ്ക്ക് ഒരു കുഞ്ഞിനെ പ്രസവിച്ച ഉടൻ നൽകുകയായിരുന്നു. അബുതാജിനെ വീണ്ടുവിചാരമില്ലാത്ത എടുത്തുച്ചാട്ടത്തിന്റെ പേരിൽ ബൈത്തുള്ള തന്നെ കൈയൊഴിയുന്നു. അബുതാജിന്റെ മകനായ ഷംസീർ തന്റെ തീവ്രവാദി ബന്ധത്തിൽ പശ്ചാപിക്കുന്നതു നാം കാണുന്നു. ഈ വ്യക്തിത്വങ്ങളുടെ അപരങ്ങളെയാണ് നാടിനു വേണ്ടി (എന്നു വച്ചാൽ ഇന്ത്യ) ഉറച്ചു നിൽക്കുന്ന ബ്യൂറോക്രാറ്റുകളായ ഹരിയുടെ മാതൃകയിൽ നോവലിസ്റ്റ് നെടുനായകസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. സാമൂഹികപദവികൊണ്ടും സാമ്പത്തികനേട്ടം കൊണ്ടും ജീവിതത്തിൽ വിജയിച്ചവരാണ് ഇങ്ങേപ്പുറത്ത് നിൽക്കുന്ന ഇവർ. രണ്ടു തരക്കാരെയും ഒരേ കുടുംബത്തിന്റെ കൈവഴിയാക്കുന്നതിലൂടെ പല കാര്യങ്ങൾ നോവലിസ്റ്റ് സ്ഥാപിച്ചെടുത്തിട്ടുണ്ട്. ഒരേ സാംസ്കാരികഭൂതകാലം പേറുന്ന ഇന്ത്യയിലെ ഇസ്ലാം-ഹൈന്ദവ വഴികളെ തമ്മിലിടയുന്നതോടെ രാഷ്ട്രതന്ത്രം പ്രശ്നസങ്കുലമാവുന്നു എന്നത്. (അമർനാഥ് പ്രശ്നത്തിലെ പുതിയ വഴക്കുകൾ ഈ വഴിക്കുള്ള വേറൊരു ഉദാഹരണമാണ്). നായകത്വവും പ്രതിനായകത്വവും ഒരേ താവഴിയാണെന്നത്. ശരിയായ മാർഗവും ശരിയായ സ്വാതന്ത്ര്യവും ഏതെന്നുള്ളത്. ബൈത്തുള്ള കുടുംബത്തിലെ പുതിയ അംഗമായ ‘ആസാദി’ എന്ന പെൺകുട്ടിയെ ഹരിയെ ഏൽ‌പ്പിക്കുന്നതോടെ ചരിതാർത്ഥനാവുന്ന ബൈത്തുള്ളയെയാണ് നോവലിന്റെ അവസാനത്തിൽ നാം കാണുന്നത്. കശ്മീർ പ്രശ്നത്തിൽ നോവൽ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയവും പരിഹാരവും പ്രതീക്ഷയും ഈ പ്രതീകാത്മക സംഭവത്തിലുണ്ട്. കശ്മീർപ്രദേശം ആരുടെ കൈയിലാണ് സുരക്ഷിതമായിരിക്കുക എന്നതിനോടൊപ്പം സ്വാതന്ത്ര്യം എന്താണെന്നതിനുള്ള നോവലിസ്റ്റിന്റെ തീർപ്പുകൂടിയാണിത്.

--------------------------
ആസാദി
നോവൽ
എസ് മഹാദേവൻ തമ്പി
ഗ്രീൻ ബുക്സ് തൃശ്ശൂർ
വില : 115 രൂപ

4 comments:

~ റിസ് ~ said...

കാശ്മീര്‍ എന്ന വെള്ളെഴുത്ത് തന്നെ തെറ്റാണ്. കശ്മീര്‍ ആണ് ശരി :))

വെള്ളെഴുത്ത് said...

ബുക്ക് റിവ്യൂ ആകുമ്പോൾ പുസ്തകത്തിലെങ്ങനെയോ അങ്ങനെ. കാശ്മീർ എന്നു പറഞ്ഞു ശീലിച്ച പതിവു തെറ്റിക്കുന്ന സുഖമുണ്ട് കശ്മീർ എന്നു പറയുമ്പോൾ. ഇനി മുതൽ അങ്ങനെ ശീലിക്കാം. കശ്മീർ!

-സു‍-|Sunil said...

വെള്ളേ,
കശ്മീരദേശത്തെ പറ്റി ഞാൻ അറിഞ്ഞുവായിച്ചത്‌ എം.പി.ശങ്കുണ്ണിനായരുടെ നാട്യമണ്ഡപത്തിലാണ്‌.

കണ്ഡഹാറിനെപ്പറ്റിയും മറ്റും ഞാൻ അഭിമാനം കൊള്ളുന്നത്‌ അവയൊക്കെ ഇപ്പോഴും എന്റെ രാജ്യാതിർത്തിയിൽ ആണ്‌ എന്നുവിചാരിച്ചിട്ടല്ല. ആ ഭൂപ്രദേശത്തെപ്പറ്റി വായിച്ചതും നാട്യമണ്ഡപത്തിൽ തന്നെ.

എന്തോ കഥ! വാസ്തവം വേറെ കഥ വേറെ!

ചിന്തയുടെ അഗ്രിഗേറ്റർ പ്രശ്നമായതുമുതൽ ഞാൻ അഗ്രിഗേറ്ററുകൾ ഒന്നും നോക്കാറെ ഇല്ല. അതുകൊണ്ട്‌ ഈ പോസ്റ്റും കണ്ടില്ല.

ഇനി ഇപ്പോ ബുസ്സിൽ പുതിയ പോസ്റ്റുകളുടെ ലിങ്ക്‌ കൊടുക്കുകയേ നിവൃത്തിയുള്ളൂ. അല്ലാതെ നോ കമന്റ്സ്‌ :)

ചാർ‌വാകൻ‌ said...

വയിച്ചു.ഒന്നും മുണ്ടുന്നില്ല.