December 4, 2009

മാലാഖമാരും പിശാചുക്കളും


നമ്മുടെ പെണ്‍കുട്ടികളുടെ മേല്‍ രണ്ടുകണ്ണല്ല മിനിമം നാലുകണ്ണെങ്കിലും വേണമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഏതാണ്ട് തീരുമാനമായിട്ടുണ്ട്. മനോരമമാത്രമല്ല മാതൃഭൂമിയും ഇക്കാര്യത്തിലുള്ള തങ്ങളുടെ വൈകാരിക ഉത്കണ്ഠ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനജിഹ്വകള്‍ ഇങ്ങനെയായതു കൊണ്ട് പൊതുജനത്തിന്റെ അഭിപ്രായമറിയാന്‍ ഇനി എസ് എം എസ് സന്ദേശങ്ങള്‍ പ്രത്യേകം അന്വേഷിക്കണമെന്നില്ല. അപ്പോള്‍ സ്കൂളുകളില്‍ വൈകിയെത്തുന്ന പെണ്‍കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചിന്ത അക്കാദമിക് വിഷയത്തേക്കാള്‍ പൌരസമൂഹത്തെ അലട്ടുന്നതില്‍ തെറ്റ് കാണുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അയാള്‍ക്കാണ് തകരാറ്. വൈകി വരുന്ന കുട്ടികളെ -പെണ്‍കുട്ടികളെ - അവര്‍ വന്ന സമയം വച്ച് എന്തുകൊണ്ടു വൈകി എന്ന് എഴുതിക്കുകയും ഇനി വൈകില്ലെന്ന് എഴുതി വാങ്ങുകയും ചെയ്യുന്നതാണ് സ്കൂളുകളില്‍ അനുവര്‍ത്തിച്ചു വരുന്ന ഒരു രീതി. എന്നിട്ടും വൈകുന്നവരെ ഒരു പാഠം പഠിപ്പിക്കാനായി പിഴ ഈടാക്കാന്‍ തുടങ്ങുന്നു. എല്ലാ കുട്ടികളും പിഴ നല്‍കാന്‍ കഴിവുള്ളവരല്ല. അപ്പോള്‍ അവരെ എന്തു ചെയ്യണം. തലസ്ഥാനത്തെ ഒരു പെണ്‍പള്ളിക്കൂടം ഒരു ദിവസം പതിനാറും പതിനേഴും വയസ്സുള്ള വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പാളിന്റെ റൂമിലെ തറയില്‍ ഇരുത്തി. അവിടെ കയറി ഇറങ്ങിയവരൊക്കെ പിച്ചക്കാരെപ്പോലെ നാലു പ്രായപൂര്‍ത്തിയായ കുട്ടികള്‍ തറയിലിരിക്കുന്നതു കണ്ടു ചിരിച്ചു. സ്കൂള്‍ അഡ്മിനിഷ്ട്രേഷന്‍ കാര്യത്തില്‍ പ്രിന്‍സിപ്പാളി -അവര്‍ സ്ത്രീയാണ്- നുള്ള ശുഷ്കാന്തി കണ്ട് ഉള്ളാലെ സന്തോഷിച്ചു.

നടന്ന കഥയാണ്. കഷ്ടിച്ച് ഒരാഴ്ചയ്ക്കു മുന്‍പ്. കൌമാരക്കാരായ കുട്ടികളുടെ പ്രശ്നം ചര്‍ച്ച ചെയ്യാനും പരിഹരിക്കാനുമായി ഒരു സൈക്കോളജിസ്റ്റിനെ വിളിക്കുന്നതിന്റെ ഭാഗമായി ഇക്കാര്യം സൂചിപ്പിക്കാനിടയായി. ഇത്തരം ശിക്ഷണനടപടികള്‍ ഉണ്ടായാല്‍ കുട്ടികളുടെ മനസ്സിനെ ബാധിക്കാത്ത തരത്തില്‍ അവര്‍ക്ക് കൌണ്‍സിലിംഗ് നല്‍കുകയാണ് വേണ്ടത് എന്നായിരുന്നു അവരുടെ ആദ്യപ്രതികരണം. പറഞ്ഞയാളും സ്ത്രീയാണ്. അപ്പോഴും പിന്നീട് ചര്‍ച്ചാ വിഷയമായപ്പോഴും നാലുകുട്ടികളുടെ മാനുഷികമായ അവകാശം എന്തിന്റെ പേരിലായാലും അവഹേളിക്കപ്പെട്ടത് (അതിലൊരു കുട്ടി വൈകിയത് സുഖമില്ലാത്ത അമ്മയുമായി ആശുപത്രിയില്‍ പോയതുകൊണ്ടാണെന്ന് അമ്മ വന്ന് പറയേണ്ടി വന്നു) ഒരു വിഷയമാവുന്നതേയില്ല. കുറ്റങ്ങള്‍ മുഴുവന്‍ കുട്ടികളുടെ, അതും പെണ്‍കുട്ടികളുടെ ആയി തീരുന്ന വിചിത്രമായ സാമൂഹികാവസ്ഥയാണ് നമ്മുടേത് എന്ന് ഒന്നു കൂടി ഉച്ചത്തില്‍ വിളിച്ചു പറയുന്നു ഈ സംഭവം. നീതികേടിനെതിരെ വിരല്‍ ചൂണ്ടുക എന്നത് ആരുടെയും ബാധ്യതയല്ലേ? നീതികേടുമായി രഞ്ജിപ്പിലെത്തി ജീവിച്ചുപോകാനാണ്, പരിശീലനം ഔദ്യോഗികമായി തന്നെ വേണ്ടതെന്ന ചിന്ത പ്രാമാണ്യം നേടിയിരിക്കുകയാണ് ഇപ്പോള്‍ . വൈകി വരുന്ന പെണ്‍കുട്ടികളെല്ലാം ആണ്‍കുട്ടികളുമായി കറങ്ങാന്‍ പോയിട്ട് കറക്കം കഴിഞ്ഞു എന്നാലിനി കുറച്ചു പഠിച്ചുകളയാം എന്ന ലാസ്യഭാവത്തോടെ സ്കൂളില്‍ വരുന്നവരാണോ? ജപ്പാന്‍ കുഴിയും സമയക്രമമില്ലാത്ത സര്‍ക്കാര്‍ - സ്വകാര്യ ബസ്സുകളും തോന്നിയ സമയത്ത് കുട്ടികളെക്കൊണ്ടിറക്കിയാലും വൈകിയതിന്റെ പേരില്‍ ഒരു നേരത്തെ ആഹാരം വേണ്ടെന്നു വച്ച് അല്ലെങ്കില്‍ വൈക്കേരം വീട്ടിലേയ്ക്ക് നടക്കാമെന്നു വച്ച് ആ പണം പിഴയായി ഒടുക്കേണ്ടവരാണോ നമ്മുടെ പെണ്‍കുട്ടികള്‍ ?

സ്കൂളുകളില്‍ അപൂര്‍വമായി ഭാവന വിടന്നു വിലസുന്ന ഇടമാണ് ബ്ലാക്ക് ബോഡുകള്‍ ‍, ഒരു സ്കൂളില്‍ വന്നവരും വരാത്തവരുമായ കുട്ടികളുടെ എണ്ണം അടയാളപ്പെടുത്തിയിരിക്കുന്നിടത്ത് ഇത്തരമൊരു ഭാവന പൂത്തുലഞ്ഞു നില്‍ക്കുന്നതു കാണാന്‍ ഇടയായി. ക്ലാസില്‍ പ്രസന്റായവരെല്ലാം മാലാഖമാര്‍ (ഏഞ്ചത്സ്) വരാത്തവര്‍ (ആബ്സെന്റ്സ്) , പിശാചുകള്‍ (ഡെവിള്‍സ്). ഏതു ചെറിയ കാര്യത്തിലും നമ്മളുദ്ദേശിക്കാത്ത മുന്‍‌ധാരണകളും വിദ്വേഷങ്ങളും കേറി മനസ്സുകളെ കൈയ്യേറ്റം ചെയ്യുമെന്നുള്ളതുകൊണ്ട് നിരുപദ്രവകരവും അതിലേറേ തമാശയുള്ളതും എന്നു നാം തെറ്റിദ്ധരിക്കുന്ന ഈ ബോഡെഴുത്ത് അപകടകരമായ ഒരു മുന്‍‌വിധിയെ മുന്നോട്ടു വയ്ക്കുന്നു. +2 -ലെ ശ്രീകല എന്ന 18 കാരി പെണ്‍‌കുട്ടിയ്ക്ക് അച്ഛനും അമ്മയും ഇല്ല. ഉള്ളത് ഒരു അമ്മൂമ്മയാണ്.(അമ്മയുടെ അമ്മ) അവര്‍ നിത്യ രോഗിയും. സര്‍ക്കാര്‍ ലാവണത്തില്‍ തൂപ്പുകാരിയായിരുന്ന അവര്‍ വയ്യാത്തകാലത്ത് ഒരു പെണ്‍കുട്ടിയ്ക്ക് ചെലവിനു കൊടുക്കുന്നതും സ്വന്തം കൂരയിലെ കട്ടിലിനു താഴെ ഉറങ്ങാന്‍ അനുവദിക്കുന്നതും മോക്ഷം കിട്ടുമെന്ന ചിന്തകൊണ്ടല്ല. മറിച്ച് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവര്‍ക്കൊരു സഹായമാവുമെന്നു വച്ചിട്ടാണ്. ശുശ്രൂഷ, വീട്ടു ജോലി, പഠനം ഇവയെല്ലാം പലപ്പോഴും കൂട്ടിതൊടുവിക്കാന്‍ പറ്റാത്തതു കൊണ്ട് ശ്രീകല മിക്കവാറും സ്കൂളില്‍ വരാറില്ല. കൊണ്ടു വിടാന്‍ അച്ഛനോ അമ്മയോ ഒക്കെയുള്ള, ട്യൂഷനുപോകുന്ന, ക്ലാസിലുള്ള ബാക്കി 59 കുട്ടികള്‍ക്കു മുന്നില്‍ ഇടയ്ക്കിടയ്ക്ക് ഡെവിളാകുന്ന, എന്നിട്ടൊടുവില്‍ മോചനമില്ലാതെ സ്ഥിരം ‘പിശാചായി’ എന്നെന്നേയ്ക്കുമായി എങ്ങോട്ടോ മറഞ്ഞ ഒരു കുട്ടി ഈ ശ്രീകലയാണ്.

ടെക്നോപാര്‍ക്കില്‍ ഈയിടെ ജോലിക്കു ചേര്‍ന്ന ഒരു പെണ്‍കുട്ടി ബസ്സില്‍ മുപ്പത്തഞ്ചിലധികം പ്രായം തോന്നാത്ത ഒരു മനുഷ്യന്റെ അടുത്തു ചെന്നിരുന്നപ്പോള്‍ അയാള്‍ തീയില്‍ തൊട്ടതുപോലെ ചാടിയെണീറ്റ് ചീത്ത വിളിച്ചത്രേ. അയാളുടെയും അയാളുള്‍പ്പെട്ട സമൂഹത്തിന്റെയും സ്വച്ഛവും മാന്യവുമായ ഒരു സംസ്കാരത്തെ ജീന്‍സിട്ട പെണ്ണ് തകര്‍ത്തു കളഞ്ഞു! സമാനമായ ഒരു സംഭവത്തില്‍ ഉത്തരേന്ത്യന്‍ പയ്യന്റെ ചെകിട്ടത്തടിച്ചത് 40-ലധികം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയാണ്. മലയാളി മദ്ധ്യവയസ്കര്‍ ഉള്ളില്‍ പേറി നടക്കുന്നത് ടണ്‍ക്കണക്കിനു ലൈംഗികമാലിന്യമാണ്. ഒരിടത്തും ഇറക്കി വയ്ക്കാന്‍ അവന്റെ/അവളുടെ മാന്യത അനുവദിക്കുന്നില്ല. അതിന്റെ അപകൃഷ്ടത മലയാളിയുടെ വാക്കിലും നോക്കിലും കപടനാട്യങ്ങളിലും ഉണ്ട്. തൊട്ടടുത്തിരിക്കുന്നത് വ്യക്തിത്വമല്ല, ലൈംഗികാവയവങ്ങളാണെന്ന് മാത്രം ഉറച്ചുപോയ ബോധം ഉള്ളതുകൊണ്ടാണ് ഈ പാവങ്ങള്‍ ഞെട്ടുന്നത്. ആരുടെ കുറ്റം? അങ്ങനെയല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ സമൂഹം അവര്‍ക്ക് അവസരം നല്‍കിയിട്ടില്ല. വൈകി വരുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ കൂടെ കറങ്ങാനാണ് പോയതെന്നല്ലാതെ മറ്റൊന്നും പൊതു സമൂഹത്തിന്റെ (അദ്ധ്യാപകര്‍ക്ക്/സമൂഹത്തിന്/ പോലീസിന്/പത്രങ്ങള്‍ക്ക്/ മാതാപിതാക്കള്‍ക്ക്) തലയ്ക്കുള്ളില്‍ പൊടിക്കുന്നില്ലെന്നുള്ളത് നാം ജീവിക്കുന്ന ജീവിതത്തിന്റെ നരകക്കുഴിയെ വെടിപ്പായി വെളിവാക്കി തരുന്നുണ്ട്. (അല്ലാ, ഇവര്‍ ഇഷ്ടമുള്ളവരോടൊപ്പം കറങ്ങി നടന്നാല്‍ എന്തു സംഭവിക്കും? ലോകം 2012-നു മുന്‍പ് വെടി തീരുമോ?) ഈ ലൈംഗികപരിശുദ്ധീനിര്‍മ്മാണത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്താണ്? ഇവരെ വിശ്വാസത്തിന്റെ ആഭരണങ്ങളും പട്ടുസാരിയും ധരിപ്പിച്ച് ‘കൊള്ളരുതാത്ത’ ഒരുത്തന്റെ കൂടെ കെട്ടിച്ചു വിടാനോ? എന്നിട്ട്? മുന്‍പ് അച്ഛനമ്മമാരുടെ മാത്രം വേദനയായിരുന്ന ഉത്തരവാദിത്വമാണ് സമൂഹം ഒന്നടങ്കം ഏറ്റെടുത്ത് കൊണ്ടാടുന്നത് അതും നഖം നനയാതെ! നമ്മുടെ പെണ്‍ കുട്ടികള്‍ സ്വയം ചിന്തിക്കരുത്, സ്വന്തം ശരീരത്തില്‍ പോലും അവകാശം കാണിക്കരുത്, വിമര്‍ശനം അരുത്, ആത്മവിശ്വാസം ഒട്ടും അരുത്, ആശ്രയമില്ലാതെ ഒന്നും പ്രവര്‍ത്തിക്കരുത്, ഇഷ്ടമുള്ളത് ചെയ്യരുത്. സമ്പൂര്‍ണ്ണവിധേയത്വമുള്ള അടിമയായിരിക്കുക. എന്നാല്‍ ഒരു കുഴപ്പവും ഇല്ല. ലോകത്തിനു സുഖം വരും ! ഇങ്ങനെയാണ് സമൂഹം മാലാഖമാരെ സൃഷ്ടിക്കുന്നത്. പിശാചുക്കളുടെ എണ്ണം കുറയുകയാണ്. ഭൂമിമലയാളം നന്നാവുന്നതിന്റെ ലക്ഷണമായിരിക്കും !

ചിത്രം : www.smh.com.au
Post a Comment