August 26, 2009

ഗം ഗണപതിയേ*ബാലിശത്വവും ആകൃതിയും കുസൃതിയും വച്ചു നോക്കിയാല്‍ പേഗന്‍ ദൈവങ്ങളുടെ മുഖ്യധാരയില്‍ വരാന്‍ ഗണപതിയ്ക്ക് ശേഷിയില്ല. അര്‍ദ്ധ/ഉപദൈവങ്ങളുടെ പ്രത്യേകതകളാണ് മേല്‍പ്പറഞ്ഞവ. നാരദന്റെ ഏഷണിവാസനകൊണ്ട് കുട്ടിച്ചാത്തന്റെ ഗണത്തില്‍പ്പെടുന്നതുപോലെ. വിഘ്നങ്ങള്‍ സൃഷ്ടിക്കുന്ന അസുരനായിട്ടാണ് ആദ്യകാല കൃതികള്‍ ഈ ദൈവത്തെ വിശേഷിപ്പിച്ചിരുന്നത്. പ്രധാന പുരാണ- ഉപപുരാണങ്ങളിലൊന്നുപോലും ഗണപതിയുടെ പേരിലില്ല. ഗണപതികഥകള്‍ പ്രധാനമായും ലഭിക്കുന്നത് ഉത്തരരാമായണത്തില്‍ നിന്നും മഹാഭാരതത്തിന്റെ ആദ്യഭാഗത്തു നിന്നും പദ്മപുരാണത്തില്‍ നിന്നും സ്കന്ദപുരാണത്തില്‍ നിന്നുമാണ്. ഗണേശോപനിഷത്തിന്റെ പഴക്കത്തെക്കുറിച്ച് അത്ര പ്രതീക്ഷ വേണ്ട. ഗണപതിയെക്കുറിച്ച് പുസ്തകമെഴുതിയ (The Book of Ganesha) റോയിന ഗ്രെവാള്‍ പറയുന്നത് ഗുപ്തചക്രവര്‍ത്തിമാരുടെ പ്രതാപകാലത്താണ് ഗണപതിയും ആത്മീയപൊതുധാരയില്‍ എത്തുന്നത് എന്നാണ്. അതായത് ഏ ഡി അഞ്ചാം നൂറ്റാണ്ടോടെ. ദക്ഷിണഭാരത ചരിത്രമെഴുതിയ കെ ഏ നീലകണ്ഠശാസ്ത്രി ബുദ്ധമതം സുസ്ഥാപിതമായി തീര്‍ന്ന മൂന്നാം നൂറ്റാണ്ടില്‍ തന്നെ ഹിന്ദുമതക്കാര്‍ക്കിടയിലെ മുഖ്യദൈവങ്ങളിലൊരാളായി ഗണേശനും ഇടം പിടിച്ചിരുന്നു എന്ന് ഉറപ്പിച്ചു പറയുന്നു. പക്ഷേ വേദങ്ങളിലും പുരാണകൃതികളിലുമൊക്കെ കാണുന്ന ‘ഗണേശ്വരന്‍’ നാം കരുതിവരുന്ന ആനത്തയുള്ള ദൈവമല്ലെന്നതാണ് സത്യം. അതു ഗോത്രങ്ങളെ നയിച്ചിരുന്ന സേനാനായകരാണ്. രുദ്രനും ബൃഹസ്പതിയും ഗണേശ്വരന്മാരാണ് അവയില്‍ .

ഗണപതിയെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ ഏറിയക്കൂറും ഇപ്പറഞ്ഞ കാലത്തിനു ശേഷം ഗണപതേയന്മാരാല്‍ രചിക്കപ്പെട്ടതാവാനാണു സാധ്യത. ഇടത്തേക്കൊമ്പൊടിച്ച് മഹാഭാരതകഥ (ആദിപര്‍വം) അസാധാരണമായ വേഗത്തില്‍ എഴുതിതീര്‍ത്ത നിലയ്ക്ക് നമ്മള്‍ പരിചയപ്പെടുന്ന ഗണപതി പില്‍ക്കാലത്തുള്ള കൂട്ടിച്ചേര്‍പ്പാണെന്ന് ഏതാണ്ട് ഉറപ്പിക്കാം. കാരണം മഹാഭാരതത്തില്‍ മറ്റൊരിടത്തും ഗണപതിയ്ക്ക് വിശേഷപ്പെട്ട പങ്കില്ല. പുരാതനചൈനയില്‍ ആനത്തലയുള്ള രൂപത്തെ നിഷേധാത്മകമായ ശക്തിയായിട്ടാണ് ഗണിച്ചിരുന്നത്. ബുദ്ധമതസങ്കല്‍പ്പപ്രകാരം വിനാശകാരകനും പ്രതിബന്ധകാരകനുമാണ് ഇദ്ദേഹം. വിഘ്നകാരിയായി ഗണപതിയെ കണക്കാക്കുന്നതില്‍ ഒരു ആസുരത്വം ഒളിഞ്ഞിരിപ്പുണ്ട്. ഭാരതത്തില്‍ പ്രചാരമുള്ള മറ്റൊരു കഥ, ഗണപതി ഉണ്ടാക്കുന്ന വിഘ്നങ്ങള്‍ സ്വന്തം സൃഷ്ടി അല്ലെന്നതാണ്. വിഘ്നാസുരന്‍ എന്ന ഒരു സത്വത്തിന്റെ മേല്‍ക്കോയ്മ ഗണപതിയ്ക്കായതുകൊണ്ട് അയാളെ അഴിച്ചുവിട്ടും പറഞ്ഞയച്ചുമാണ് അദ്ദേഹം പ്രശ്നങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് അതു പറയുന്നു. ഇതിലൊരു സമന്വയ ചരിത്രമുണ്ട്. ഒരു പക്ഷേ പ്രതിപക്ഷത്തുണ്ടായിരുന്ന ഒരു ദൈവത്തെ തങ്ങളുടെ അധീശതയില്‍ കൊണ്ടു വന്ന ഗോത്രത്തിന്റെ കാവ്യത്മകമായ ആവിഷ്കരണമാകാമിത്. വ്യത്യസ്ത കുലചിഹ്നങ്ങളുള്ള ഗോത്രങ്ങള്‍ കലഹിച്ചോ വിവാഹബന്ധങ്ങളിലൂടെയോ ഒന്നായപ്പോഴുണ്ടായ മാറ്റങ്ങളെയാണ് മിക്കവാറും ഹിന്ദുദൈവങ്ങളുടെ വാഹനങ്ങള്‍ (എലി, മയില്‍ , പൂവന്‍ കോഴി, കാള, പരുന്ത്...) അര്‍ത്ഥമാക്കുന്നത്. അതതു ചിഹ്നങ്ങളുള്ള ഗോത്രങ്ങളുടെ കീഴടക്കല്‍ തന്നെയാണ് വാഹനങ്ങളായി പരിണമിക്കുന്ന കഥകളിലുള്ളത്. വൈരുദ്ധ്യങ്ങളുടെ സമന്വയം എന്നതിനേക്കാള്‍ രണ്ടു വ്യത്യസ്ത ഗോത്രങ്ങളുടെ ഒന്നാകല്‍ എന്ന ചരിത്രപരമായ സത്യത്തിനാണ് ഗണപതി കഥയില്‍ സാധുതയുള്ളത്. ഒരു നേപ്പാളി കഥയില്‍ ബുദ്ധമത മൂര്‍ത്തിയായ വിഘ്നാന്തകനാല്‍ പരാജിതനായി ബുദ്ധമത അനുയായി ആയിത്തീര്‍ന്ന വ്യക്തിയാണ് ഗണേശന്‍. ജൈനര്‍ ദ്വാരപാലകന്റെ സ്ഥാനമാണ് ആനത്തലയുള്ള മൂര്‍ത്തിയ്ക്ക് നല്‍കിയിരിക്കുന്നത്.

ചൈനയിലെയും ജപ്പാനിലെയും ചില ബുദ്ധമതക്കാര്‍ ബഹുമാനത്തോടെയും ആനത്തലയുള്ള ദൈവത്തെ നോക്കിക്കണ്ടിട്ടുണ്ട്. വലിപ്പമാണ് തായ്ലന്റ്, കമ്പോഡിയ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ ബുദ്ധപ്രതിമകള്‍ക്കുള്ള പ്രത്യേകത. മെക്സിക്കോയിലും ആരാധ്യമൂര്‍ത്തിയായി ഒരു ഗജമുഖദേവന്‍ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. പ്രകൃത്യാതീതശക്തിയുടെ പ്രഭവവും സമൃദ്ധിയുമാണ് വലിപ്പക്കൂടുതലോടെ വിഗ്രഹങ്ങള്‍ പണിയുന്നതിനു പിന്നിലെ മാനസികപ്രേരണ. ജപ്പനിലെ ഷിങ്കന്‍ ബുദ്ധമതക്കാര്‍ ലൈംഗികാഭീഷ്ടസിദ്ധിയാണ് ഗണപതി ആരാധനയിലൂടെ പ്രതീക്ഷിക്കുന്നത്. ബ്രൂസ്‌ലിയുടെ കുപ്പായത്തിലെ തലവാലുകള്‍ ഒട്ടിയ മത്സ്യരൂപങ്ങളും ഹിറ്റ്ലറുടെ സ്വസ്തികയും നിലം ഉഴുന്ന കലപ്പയും ജനപ്രിയമാവുന്നത് ചിഹ്നശാസ്ത്രമനുസരിച്ച് അവയുടെ ലൈംഗികസൂചകത്വത്തിലൂടെയാണെങ്കില്‍ ഗണപതിയുടെ തുമ്പിക്കൈയ്ക്കും അതേ അബോധവിവക്ഷ അവകാശപ്പെടാം. ശിവന്റേതായ പലപ്രത്യേകതകളും ഗണപതിയ്ക്കുമുണ്ട്. അമ്മയായ പാര്‍വതിയെപ്പോലൊരുവളെ വിവാഹം കഴിക്കാനാഗ്രഹിച്ചതുകൊണ്ടാണ് ഗണപതിയുടെ വിവാഹം നടക്കാത്തത് എന്ന് പറയപ്പെടുന്നു. (അമ്മയെപ്പോലെ ഒരുവളെ കണ്ടു പിടിക്കാനാണ് ഗണപതി വഴിവക്കുകളില്‍ ഇരിക്കുന്നത്.) ശിവനെപ്പോലെ പാമ്പിനെ ആഭരണമായി ഗണപതിയും അണിയുന്നുണ്ട്. ഗണപതേയന്മാര്‍ ഇക്കാര്യങ്ങളെ ശിവാംശസംഭവനെന്ന സങ്കല്‍പ്പത്തിന് ഊന്നല്‍ നല്‍കാനായിട്ടാണ് വിനിയോഗിച്ചത്. എങ്കിലും ലിംഗാരാധനയുമായി ബന്ധപ്പെട്ട് ഗണപതിയുടെ രൂപത്തെ അപനിര്‍മ്മിക്കാന്‍ ഇവ സഹായിക്കും. ഓരോ യുഗത്തിലും ഓരോ നിറമാണ് ഗണപതിയ്ക്ക്. സൌവര്‍ണ്ണം, ശ്വേതം, കുങ്കുമം എന്നിങ്ങനെ. കുറുകിയതും തടിച്ചതും കുടവയറുള്ളതും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും ആയ ഗണപതിയുടെ രൂപവും കുട്ടിത്തവും സ്ത്രീകള്‍ക്ക് പഥ്യമാവാന്‍ ഇടയില്ല എന്ന സങ്കല്പം വച്ച് ബംഗാളില്‍ ഗണേശന് ഒരു വാഴയെ കല്യാണം കഴിച്ചുകൊടുക്കുന്ന ചടങ്ങുണ്ട്. വാഴയാവുമ്പോള്‍ കുണുങ്ങിക്കൊണ്ടു നിന്നോളും പരാതി പറയില്ലെന്ന്. താന്ത്രികാചാരങ്ങളിലെ ഗണേശസങ്കല്പം ഇതിനു വിരുദ്ധമാണ്. അവിടെ ഗണപതിയുടെ പത്നി നഗ്നരൂപത്തിലാണ്. പൂജകഴിക്കുന്ന ആള്‍ , നഗ്നനായി, വായില്‍ ഭക്ഷണപദാര്‍ത്ഥങ്ങളോടെ നിന്നു വേണം അതു ചെയ്യാന്‍. ഉച്ഛിഷ്ടഗണപതി എന്നാണ് വാമപക്ഷതാന്ത്രികാചാരം അനുഷ്ഠിക്കേണ്ടുന്ന ഈ മൂര്‍ത്തിയുടെ പേര്. സിദ്ധിയെന്നും ബുദ്ധിയെന്നും രണ്ടു ഭാര്യമാര്‍ ഗണപതിയ്ക്ക് ബ്രഹ്മാവ് നല്‍കിയെന്നും ഒരു കഥ പദ്മ പുരാണത്തില്‍ കാണാനുണ്ട്. ഇവരിലൊരാള്‍ കിണ്ണത്തില്‍ മോദകങ്ങളുമായി ഗണപതിയുടെ ഇടം തുടയിലിരിക്കുകയും ഗണപതി തുമ്പിക്കൈ നീട്ടി മോദകം ഭക്ഷിക്കുകയും ചെയ്യുന്നമട്ടിലാണ് ശില്പം. ശാസ്ത്രപ്രകാരം മോദകം, ലഡ്ഢു തുടങ്ങിയുള്ള മധുരഭക്ഷണവസ്തുക്കള്‍ ആനന്ദാനുഭൂതിയുടെ പ്രതിബിംബങ്ങളാണ്. ലൌകികാനന്ദത്തെ ചൂണ്ടിയാണ് പണ്ടുള്ളവര്‍ ബ്രഹ്മാനന്ദത്തെ നിര്‍വചിച്ചിരുന്നത്. അപ്പോള്‍ വിചാരിക്കുന്നതു പോലെ പെണ്ണുങ്ങളെയും നോക്കി വഴിയിലിരിക്കുന്ന, കല്യാണം കഴിക്കാത്ത അഭിനവആണ്‍ യുവത്വവുമായി ഒത്തുപോകാന്‍ സാധ്യമല്ലാത്തതരം ഗണപതിസങ്കല്‍പ്പവും ഇന്ത്യയിലുണ്ടായിരുന്നു.

പക്ഷേ പ്രകട ലൈംഗികത അത്ര പഥ്യമല്ലാത്തതിനാല്‍ അയ്യപ്പനെപ്പോലെ, ഹനുമാനെപ്പോലെ, ബ്രഹ്മചാരിയായ ദൈവത്തെയാണ് മലയാളി കൂടുതല്‍ പരിഗണിക്കുക. കേരളത്തില്‍ ഗണപതി ഉപാസനാ മൂര്‍ത്തിയായ കുടുംബങ്ങളുണ്ടായിരുന്നു. (ചാത്തന്‍/ഹനുമാന്‍/ശാസ്താ സേവപോലെതന്നെ) ‘ഈശ്വരന്റെ രൂപകല്‍പ്പനയിലെ ചമത്കാരം’ എന്ന പുസ്തകത്തില്‍ചിന്മയാനന്ദന്‍ എഴുതുന്നത്, ശരിയായ വിദ്യാര്‍ത്ഥിയുടെ പ്രതീകമാണ് വിനായകന് എന്നാണ്‍. ആനത്തല അപാരമായ ബുദ്ധിയുടെ പ്രഭവമാണ്. വലിയ ചെവികള്‍ കേള്‍ക്കുന്നതെന്തും ഉള്‍ക്കൊള്ളാനുള്ള ശേഷിയുടെ ചിഹ്നങ്ങള്‍. മൊട്ടുസൂചിയും മരങ്ങളും ഒന്നുപോലെ എടുക്കാന്‍ കെല്‍പ്പുറ്റ തുമ്പിക്കൈ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാത്തിനെയും പിടിച്ചെടുക്കാനുള്ള കഴിവിനെയും പ്രതിനിധീകരിക്കുന്നു. വിദ്യാര്‍ത്ഥി ബ്രഹ്മചാരിയുമായിരിക്കണം. അങ്ങനെ കൃത്യമായി ഗണേശനില്‍ എല്ലാം ഒത്തുപോകുന്നു. ഗണപതിയ്ക്ക്, പിള്ളയാര്‍ക്ക് ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് സ്വാധീനമുണ്ട്. ഈ സ്വാധീനം നമ്മുടെ മഹാരാഷ്ട്രബന്ധത്തിന്റെ ഫലമാണെന്ന സിദ്ധാന്തത്തെ നീലകണ്ഠശാസ്ത്രി എതിര്‍ക്കുന്നത് സാതവാഹകന്മാര്‍ (മൂന്നാം നൂറ്റാണ്ട്) ആരാധിച്ചിരുന്ന ഗണപതി വിഗ്രഹങ്ങളെ ചൂണ്ടിക്കാട്ടിയാണ്. ഈ വാദത്തെ “സംഘകാലഭരണസംവിധാനം ‘ എന്ന കനപ്പെട്ട ഗ്രന്ഥം തയ്യാറാക്കിയ എന്‍ സുബ്രഹ്മണ്യനും എതിര്‍ത്തിട്ടുണ്ട്.

അതെന്തായാലും ഒന്‍പതാം ശതകത്തില്‍ ശങ്കരാചാര്യരാണ് ഗണപതി പൂജയ്ക്ക് പുതിയ ഉണര്‍വ് നല്‍കിയതെന്ന് റൊയിനാ ഗ്രെവാള്‍ പറയുന്നു. ഗണപതിപൂജക്കാരുടെ സമൂഹം പത്താം നൂറ്റാണ്ടോടെ ശക്തിപ്പെട്ടു. 17-ന്റെ അവസാനം മോറയഗോസ്വാമിയുടെ ശ്രമഫലമായി ഇതൊരു പ്രസ്ഥാനമായി. തുടര്‍ന്നാണ് ഗണപതി സ്തോത്രങ്ങളുടെയും പുരാണങ്ങളുടെയും ഒഴുക്കുണ്ടായത്. ജനങ്ങലെ ഒരുമിപ്പിക്കുവാന്‍ ഉത്സവങ്ങള്‍ക്കുള്ള പ്രാധാന്യം കണ്ടറിഞ്ഞ ബാലഗംഗാധരതിലകനാണ് ഗണേശോത്സവത്തിന് മാഹാരാഷ്ട്രയില്‍ തുടക്കം കുറിച്ചത്. സവര്‍ണ്ണര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരുന്ന ക്ഷേത്രങ്ങളില്‍ നിന്ന് വിഗ്രഹത്തെ പുറത്തിറക്കാനും സാധാരണജനങ്ങള്‍ക്ക് ആരതിയുഴിയാനും മഹാരാഷ്ട്രയിലെ ഗണേശോത്സവം അവസരം കൊടുത്തു. അതിന്റെ വമ്പിച്ച ജനപ്രീതിയുടെ കാരണവും അതു തന്നെ. സംഭാവനകളിലൂടെ സ്വരൂപിച്ച പണം കൊണ്ട് കൂറ്റന്‍ വിഗ്രഹങ്ങളുണ്ടാക്കുന്നതിലും അവയെ എഴുന്നള്ളിച്ച് സമുദ്രത്തില്‍ നിമ്മജ്ജനം ചെയ്യിക്കാനായി ആളുകൂട്ടുന്നതിലും തിലകന്‍ പ്രവര്‍ത്തിപ്പിച്ചത് ആത്മീയരാഷ്ട്രീയമാണ്. ഭൌതികശരീരം അപാരചൈതന്യത്തില്‍ ലയിക്കുന്നതിന്റെ പ്രതീകാത്മക ആചാരമാണ് ഗണപതി വിഗ്രഹങ്ങളുടെ സമുദ്രലയനം. ആധ്യാത്മികമാണെങ്കിലും ഈ വിശദീകരണത്തിന്റെ വിഡ്ഢിത്തത്തെപ്പറ്റി ആലോചിച്ചു നോക്കുക. ജാതിഭേദങ്ങള്‍ക്കൊണ്ട് കലഹിച്ചുനിന്ന ഹൈന്ദവമനസ്സുകളുടെ ഏകീകരണമായിരുന്നു തിലകന്റെ ഉദ്ദേശ്യം. സ്വാതന്ത്ര്യം എന്ന ലക്ഷ്യവും അന്ന് ജ്വലിച്ചുകൊണ്ട് മുന്നിലുണ്ട്. തിലകന്റെ മരണത്തോടെ നിന്നുപോയ ഘോഷയാത്ര ശിവസേനയുടെ ഉദയത്തോടെയാണ് തിരിച്ചു വരുന്നത്. എന്നുവച്ചാല്‍ അതിന്റെ രാഷ്ട്രീയവശം കൃത്യമായി മനസ്സിലാക്കാനും പ്രയോഗതലത്തില്‍ കൊണ്ടുവരാനും സമകാലത്ത് സാധിച്ചത് താക്കറെയുടെ ശിവസേനയ്ക്കായിരുന്നു എന്ന്. മണ്ണിന്റെ മക്കള്‍ വാദം ഉന്നയിച്ച് അധികാരത്തിന്റെ രുചിയറിഞ്ഞ മഹാരാഷ്ട്രയില്‍ ശിവസേനയുടെ ഭൌതികശരീരത്തിന് ഭീമാകാരത്വം ഉറപ്പിച്ചുകൊടുത്ത അതേ ഉത്സവത്തെ മലയാളികള്‍ സ്വന്തമാക്കിയതെന്തിനാണെന്നാണ് ഇനി വിചാരിക്കാനുള്ളത്. പഴയ സിദ്ധാന്തങ്ങള്‍ വിടാം, നാം അക്ഷരം എഴുതി പഠിച്ചതെങ്ങനെയായാലും, വര്‍ണ്ണ ശബളിതനായ ഈ പുതിയ ഗണപതി മഹാരാഷ്ട്ര വഴി തന്നെയാണ് കേരളത്തില്‍ അണഞ്ഞിരിക്കുന്നത്. ഈ വര്‍ഷത്തെ ഗണേശ നിമ്മജ്ജനത്തിനായി തിരുവനന്തപുരത്ത് ശിവസേന ഒരുക്കിയിരിക്കുന്ന വഴിയോരകൂടാരങ്ങള്‍ 1008. ഇവിടങ്ങളിലെല്ലാം പൂജകളുണ്ട്, അനുബന്ധ പണപ്പിരിവുകളുണ്ട്. രാപകലില്ലാതെ ഗണേശസ്തോത്രങ്ങള്‍ ഉച്ചത്തില്‍ ഉച്ചഭാഷിണികള്‍ അലറുന്നുണ്ട്. വിഗ്രഹങ്ങള്‍ കടലിലൊഴുക്കല്‍ പരിപാടിയ്ക്ക് കഴിഞ്ഞതവണ സുരേഷ്ഗോപിയായിരുന്നു മുഖ്യാതിഥിയെങ്കില്‍ ഇത്തവണ സാക്ഷാല്‍ ചിയാന്‍ വിക്രമാണ്. കൂടിക്കളിക്കാനും രോമാഞ്ചം കൊള്ളാനും ഭക്തിയില്‍ മുഴുകാനും തലയില്ലാത്ത ജനത്തിന് ഇനിയെന്തു വേണം?

അദ്ഭുതകരമാണ് ഗണേശോത്സവത്തിന്റെ കേരളത്തിലെ വളര്‍ച്ച. അതിനു പിന്നിലുള്ള കാരണം എന്തായാലും. ആത്യന്തികമായി എന്താണ് ഈ പുതിയ ഉത്സവം, റോഡടച്ചുള്ള ഘോഷയാത്ര, 1008 കൂറ്റന്‍ ഗണപതികളെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങളുടെ പാഴ്ച്ചെലവ്, വിഗ്രഹങ്ങള്‍ (അവയിലൊന്നും ഇപ്പോള്‍ കളിമണ്ണല്ല) കടലിലൊരിടത്ത് ലയിക്കുന്നതുകൊണ്ടുണ്ടാവുന്ന പരിസ്ഥിതിപ്രശ്നം (കഴിഞ്ഞതവണ ഗണേശോത്സവം കഴിഞ്ഞയുടന്‍ മുംബായ് കടലില്‍ കൂട്ടത്തോടെ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയിരുന്നു.) , ശബ്ദമലിനീകരണം എല്ലാം കൂടി തലസ്ഥാനത്തെ പ്രബുദ്ധജനതയ്ക്ക് നേടിക്കൊടുക്കുന്നത്? ഫലത്തിലിത് അതു നടത്തുന്ന സംഘത്തിനല്ലാതെ മറ്റാര്‍ക്കും പ്രയോജനം ചെയ്യുന്നില്ലെന്നതാണ് വാസ്തവം. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ , ഈ ഘോഷയാത്രയ്ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ. അധികാരത്തെ തെഴുപ്പിക്കല്‍ . അതറിയാതെയാണ് ജനം ഭക്തിയില്‍ രമിക്കുന്നത്. കുറ്റബോധങ്ങളെ ഇറക്കി വയ്ക്കുന്നത്. വഴിവക്കിലെ താത്കാലിക ടെന്റിലെ ആരതികളില്‍ തൊട്ട് കണ്ണില്‍ വയ്ക്കുന്നത്. വിഘ്നേശ്വരോത്സവം പല നിലയ്ക്കും സാമൂഹികമായ വിഘ്നങ്ങളെ ക്ഷണിച്ചു വരുത്തുകയും കുടിയിരുത്തുകയുമാണ്. പൂജിക്കുന്നത് ആരുടെ ദൈവത്തെ, എന്തിനുള്ള ദൈവത്തെ എന്നതിനെപ്പറ്റി കൂടി ചിന്തയുണ്ടാവണം ആചാരങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക്. സമൂഹത്തിന്റെ ഗതിവിഗതികള്‍ അവിടെ കിടക്കുന്നു എന്നതിനാല്‍ . ഭക്തിയുടെ ബാഹ്യതലത്തില്‍ അതിരുവിട്ട് രമിക്കുന്ന സ്വഭാവമുള്ളതുകൊണ്ടും തിരിച്ചറിവുകള്‍ പല നില്യ്ക്കും സംഭവിക്കാതെ സ്തംഭിച്ചു നില്‍ക്കുന്നതുകൊണ്ടും ജനക്കൂട്ടം എന്ന നിലയില്‍ മലയാളിക്ക് അത് മനസ്സിലാക്കുന്നതിനു പ്രയാസമുണ്ട്. ഗണപതി എന്ന ദൈവം അതിന്റെ ആദിസ്വരൂപമായ അസുരാവസ്ഥയിലേയ്ക്ക് പോവുകയാണ് ഗണേശോത്സവങ്ങളില്‍ എന്നു സംശയിക്കാന്‍ ഒരുപാട് ന്യായങ്ങളുണ്ട് എന്നു മാത്രം ഇപ്പോള്‍ പറയാം.

ചിത്രം. ദ ഹിന്ദു ബ്ലോഗ്
*സംസ്കൃതരീതിയനുസരിച്ച് ഗണപതയേ, ഗണപതേ (രണ്ടിനും അര്‍ത്ഥവ്യത്യാസമുണ്ട്) എന്നൊക്കെയാണു വേണ്ടത്. ഇതു മലയാളരീതി !
Post a Comment