February 28, 2008

ദൈവമേ......


ഒരു സ്പാനിഷ്‌ സുവിശേഷ പ്രവര്‍ത്തകന്‍ ഒരു ദ്വീപ്‌ സന്ദര്‍ശിക്കുന്നതിനിടയില്‍ മൂന്ന് ആസ്ടെക്‌ പുരോഹിതന്മാരെ കണ്ടു മുട്ടി.
"നിങ്ങള്‍ എങ്ങനെയാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌?" അദ്ദേഹം ചോദിച്ചു.
"ഞങ്ങള്‍ക്ക്‌ ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ."ഒരു പുരോഹിതന്‍ പറഞ്ഞു. "ഞങ്ങള്‍ പറയും, ദൈവമേ, നീ മൂന്ന്, ഞങ്ങളും മൂന്ന്, ഞങ്ങളോട്‌ കരുണ കാണിക്കണമേ!"
"മനോഹരമായ പ്രാര്‍ത്ഥന" സുവിശേഷ പ്രവര്‍ത്തകന്‍ പറഞ്ഞു. " പക്ഷേ ഇതല്ല ദൈവം ശ്രദ്ധിക്കുക. കൂടുതല്‍ മികച്ച ഒരെണ്ണം ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം".
അദ്ദേഹം മറ്റൊരു പ്രാര്‍ത്ഥന അവരെ പഠിപ്പിച്ച ശേഷം സംതൃപ്തിയോടെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി യാത്രയായി. വര്‍ഷങ്ങള്‍ക്കു ശേഷം, സ്പെയിനിലേയ്ക്കുള്ള മടക്കയാത്രയ്ക്കിടയില്‍ അദ്ദേഹത്തിന്റെ കപ്പല്‍ അതേ ദ്വീപില്‍ നങ്കൂരമിട്ടു. പഴയ പുരോഹിതന്മാര്‍ മൂന്നുപേരും കടല്‍ക്കരയില്‍ നില്‍ക്കുന്നത്‌ ഡെക്കില്‍ നിന്നു കണ്ട അദ്ദേഹം അവരെ നോക്കി കൈവീശി.
അപ്പോള്‍ മൂന്നു പുരോഹിതന്മാരും തിടുക്കപ്പെട്ട് അദ്ദേഹത്തിന്റെ അടുക്കലേയ്ക്ക്‌ വെള്ളത്തിലൂടെ നടന്നു വന്നു.
"ഫാദര്‍...." കപ്പലിന്റെ നേര്‍ക്ക് നടന്നടുക്കവേ അവരിലൊരാള്‍ വിളിച്ചു പറഞ്ഞു." ഞങ്ങള്‍ക്ക്‌ ദൈവം ശ്രദ്ധിക്കുന്ന ആ പ്രാര്‍ത്ഥന ഒന്നു കൂടി പഠിപ്പിച്ചു തരണേ.... അതെങ്ങനെയാണ്‌ പറയേണ്ടതെന്ന് ഞങ്ങള്‍ മറന്നു പോയി."
കണ്മുന്നില്‍ അദ്ഭുതം കണ്ട് വൈദികന്‍ വിമത മനസ്കനായി. " അതു ഗൌരവമായി എടുക്കേണ്ട...“ അദ്ദേഹം പറഞ്ഞു.
എല്ലാ ഭാഷയും മനസ്സിലാക്കുന്നവനാണ്‌ ദൈവം എന്ന കാര്യം തിരിച്ചറിയാന്‍ കഴിവില്ലാതെ പോയതില്‍ വ്യസനിച്ച്‌ അദ്ദേഹം പിന്നീട് ദൈവത്തോട് മാപ്പിരന്നു.

പ്രണയത്തിലെന്നപോലെ ദൈവത്തിലെത്താനും നിശ്ചിതവഴികള്‍ മാത്രമേയുള്ളൂ എന്ന സാമാന്യബോധത്തെ തകര്‍ക്കാന്‍ വേണ്ടിയാണ് പൗലോ കോയ്‌ലൊ, By the river Piedra I sat down and wept എന്ന നോവലിന്റെ ആമുഖത്തില്‍ ഈ കഥ പറഞ്ഞത്. ഒരു കാര്യം ഈ കഥയില്‍ തീര്‍ച്ചയാണ്, ദൈവത്തിലെത്താനുള്ള വഴി, പ്രാര്‍ത്ഥനയാണ് എന്നുള്ളത്. അതെങ്ങനെ വേണം എന്നകാര്യത്തില്‍ മാത്രമാണ് ‘ബഹുസ്വരത’. മറ്റൊന്നുകൂടിയുണ്ട്. ദൈവികാനുഗ്രഹത്തിന്റെ ദൃഷ്ടാന്തം വെള്ളത്തിനു മീതേ നടക്കുക തുടങ്ങിയ അമാനുഷിക സംഗതികളില്‍ കൂടി തിരിച്ചറിയാമെന്ന്. കണ്ണടച്ചു തുറക്കുന്നതിനു മുന്‍പ് ധനവാനാകുന്നതും അതേ. ആള്‍ദൈവങ്ങള്‍ക്ക് കണ്‍കെട്ടുവിദ്യകള്‍ കാണിക്കേണ്ടി വരുന്നതു വെറുതേയാണോ? ഭൌതികമായ പരിമിതികളെക്കുറിച്ചുള്ള ബോധ്യം അത്രയ്ക്ക് തീവ്രമാണ് നമ്മുടെയൊക്കെ ഉള്ളില്‍. അസ്തിത്വത്തെക്കുറിച്ചുള്ള അപാരമായ ഭീതിയില്‍ നിന്നാണ് പ്രാര്‍ത്ഥന പ്രതിരോധത്തിനുള്ള ഏറ്റവും സൌമ്യവും സുതാര്യവുമായ ഉപാധിയാവുന്നത് എന്നു വേണമെങ്കില്‍ പറയാം. ഏറ്റവും അടിസ്ഥാനപരമായ ആശ്രയമാണ് ദൈവം. ഏതു നിമിഷവും താന്‍ അപകടപ്പെട്ടേയ്ക്കാമെന്ന ആവലാതി പ്രച്ഛന്നരൂപത്തില്‍ ബോധത്തിനുള്ളില്‍ കുടഞ്ഞു കളയാനാവാത്ത വിധം കടന്നു കൂടിയിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് നിത്യവും നമ്മുടെ ആത്മാവിന്റെ കൈകള്‍ ആകാശത്തിലേയ്ക്ക് എരിഞ്ഞുയരുന്നത്?

ദൈവം ഒരു മൂലകാരണമാണ്. അല്ലെങ്കില്‍ മൂല്യസഞ്ചയമാണ്. അതുമല്ലെങ്കില്‍ ഒരു അതീതത്വമാണ്. ‘ദൈവത്തെക്കുറിച്ച് നാം ആലോചിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ മറ്റൊരു തത്ത്വം നിലനില്‍ക്കുന്നില്ല എന്നാണ് നാം അര്‍ത്ഥമാക്കുന്നത് ‘ സെന്റ് ആന്‍സ്‌ലെം പറയുന്നു. മനുഷ്യബുദ്ധിയ്ക്ക് അപ്രാപ്യമായ ഒരു അപരിമേയത്വത്തെയാണ് ദൈവസത്ത എന്നു വിളിക്കുന്നത്. പരിപൂര്‍ണ്ണതയെ. പ്രാര്‍ത്ഥനയപ്പോള്‍ അത്തരമൊരു അവസ്ഥയിലേയ്ക്കു കുതിക്കാനുള്ള സഹജമായ ത്വരകൂടിയല്ലേ? ഒരിക്കലും സാഫല്യത്തിലെത്താന്‍ നിര്‍വാഹമില്ലാത്ത, എന്നാല്‍ അങ്ങനെയൊരിക്കലും ബോധത്തില്‍ തിരിച്ചറിയാത്ത ത്വര? മതഗ്രന്ഥങ്ങള്‍ ശീലിക്കാന്‍ ഒത്താശ ചെയ്തു തരുന്ന ആത്മീയതയ്ക്കു വിരുദ്ധമാണീ സംഗതി. ‘ഞാന്‍’ എന്നും ‘എന്റേതെന്നു’മുള്ള ബോധമാണ് സകല തിന്മയ്ക്കും കാരണം എന്നാണ് ആത്മീയത ഉപദേശിക്കുന്നത്. പ്രപഞ്ചമനസുമായുള്ള താദാത്മ്യത്തിലാണ് യഥാര്‍ത്ഥമോക്ഷം കുടിയിരിക്കുന്നത്. ‘ഞാനും നീയുമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന്, ഞാന്‍ നിന്നില്‍ ലയിച്ച് നീ മാത്രമായി അവശേഷിക്കുന്ന അവസ്ഥ. ഒന്നും ഒന്നും കൂടെ കൂടിയ ഇമ്മിണി ബല്യ ഒന്ന്. ‘അഹമേവ വിശ്വതനു‘. അനല്‍ ഹക്ക്. ‘ഞാന്‍‘ എന്ന ബോധത്തിന്റെ നാശത്തിലാണ് ആ അവസ്ഥയുടെ ജനനം. എന്നാല്‍ ‘അഹം’ബോധമില്ലാത്തവന് സംഘര്‍ഷമെവിടെ? എത്തേണ്ട അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവ് എവിടെ? അവിടെയ്ക്കുള്ള വഴി അന്വേഷിക്കേണ്ട ആവശ്യമെവിടെ? പ്രാര്‍ത്ഥനയെവിടെ?

അപ്പോള്‍ ഇങ്ങനെ പറയാം. ആദ്യം ബോധമുണ്ടാകണം. (ഇതിന് അതു ഭൌതികവാദപരമായ വിശദീകരണമുണ്ട്. അതിങ്ങനെ : വ്യക്തിയും സാമൂഹികസാഹചര്യങ്ങളും തമ്മിലുള്ള താത്കാലികവും ചലനാത്മകവുമായ ഒരു സന്തുലനത്തിന്റെ താളം തെറ്റുമ്പോഴാണ് വ്യക്തി പ്രപഞ്ചത്തിലെ തന്റെ സാന്നിദ്ധ്യം എന്ന പ്രഹേളികയെക്കുറിച്ച് ആലോചിക്കാന്‍ നിര്‍ബന്ധിതനാവുന്നത്. -ലൂഷ്യന്‍ ഗോള്‍ഡ്‌മാന്‍, The Hidden God. സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളാണതിനു പിന്നില്‍. ഇതാണു മുന്‍‌കാലങ്ങളില്‍ ദുരന്തങ്ങളായും ആധുനികതയുടെ കാലത്ത് അസ്തിത്വപ്രശ്നങ്ങളായും കലകളില്‍ ആവിഷ്കാരം നേടിയത്. )
പിന്നെ കുടമുടഞ്ഞ് അതിനുള്ളിലെയും പുറത്തെയും വായു ലയിച്ചൊന്നാകുന്നതുപോലെ, മനുഷ്യനിലെ ‘അഹം” ഉടഞ്ഞ് വിശ്വചേതസ്സില്‍ ലയിക്കണം. അത്ര ഋജുവായി കാര്യങ്ങള്‍ നീങ്ങാത്തിടത്തു നിന്നാണ് ‘ദൈവമരണ തത്ത്വ(ദൈവ)ശാസ്ത്രങ്ങള്‍’ (Death of God Theology) പിറക്കുന്നത്. ബോധം ഉണ്ടായി എന്നാല്‍ കുടം ഉടഞ്ഞില്ല എന്ന അവസ്ഥ. ഇന്ദ്രിയങ്ങളുടെ തെളിവ്, യുക്തി, പ്രമാണം ഇവ മൂന്നും വച്ചു നോക്കിയാല്‍ ദൈവം ഉണ്ടെന്ന നിഗമനത്തിലെത്താന്‍ കഴിയില്ലെന്ന് കവി ഷെല്ലി എഴുതിയത് അതുകൊണ്ടാണ് (Necessity of Atheism). ലോകം എത്രമാറി എങ്കിലും പുരാവൃത്തങ്ങളില്‍ നിന്നു പിടിവിടാന്‍ നമുക്കു പറ്റുന്നില്ല. എന്നാല്‍ ശാസ്ത്രീയ നേട്ടങ്ങളില്‍ ഊറ്റം കൊള്ളുകയും ചെയ്യുന്നു. ഇതിനിടയില്‍ എവിടെയാണ് നിസ്കാരപ്പായ വിരിക്കേണ്ടത് എന്നതാണ് മൌലികമായ പ്രശ്നം.

ആര്‍ രാമചന്ദ്രനെഴുതിയ ‘ദിവ്യദുഃഖത്തിന്റെ നിഴലില്‍‘ എന്ന കവിതയില്‍ കവി എഴുതുന്നു :

“നിന്റെ കരളിലെ കറുത്ത നിറമുള്ള ദുഃഖത്തിന്റെ സത്യം
എനിക്കു ചുറ്റുമുള്ള ഏകാന്തതയില്‍ നിഴലിക്കുമ്പോഴാണ്
വിശ്വനായകാ, ദൈവമേ, നിന്നെ ഞാന്‍ അറിയുന്നത്.

മൃത്യുഭീതിയില്ലാത്തതു കൊണ്ട് നിനക്ക് ജീവിതസ്നേഹത്തിന്റെ മാധുര്യമറിയില്ല,
പൂര്‍ണ്ണകാമനായതുകൊണ്ട് സ്വപ്നഭൂയില്‍ നൃത്തം ചെയ്യുന്ന മുഗ്ദ്ധസൌദര്യത്തെ നിനയ്ക്കാന്‍ കഴിയില്ല,
സ്നേഹിക്കാനും വെറുക്കാനും കഴിയില്ല,
ഇന്ദ്രിയബദ്ധനല്ലാത്തതുകൊണ്ട്
സ്വന്തം കാലൊച്ചകേള്‍ക്കാനോ സ്വന്തം നിഴലിനെ ദര്‍ശിക്കാനോ പറ്റില്ല,
സര്‍വവ്യാപിയായതുകൊണ്ട്
നീ നിന്റെ തന്നെ തടവില്‍, നിത്യതയുടെ ഏകാന്തതയില്‍ നീറി നീറിയിരിക്കയാണു നീ!
നിന്റെ കരച്ചിലാണു കാലം, നിന്റെ ദുഃഖമാണ് ആകാശം
ആത്മവിസ്മൃതിയ്ക്കായി നീ നടത്തുന്ന സര്‍ഗലീലയില്‍ പോലും തുടിക്കുന്നത് നിന്റെ വിഷാദമാണ്.
അതുകൊണ്ട്
ഞാന്‍ നിന്നെ പഴിക്കുന്നു.
മനുഷ്യന്റെ അഹങ്കാരമായിരിക്കാം
മാപ്പു നല്‍കി പൊറുക്കുക.“

പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങളുണ്ട്.

February 23, 2008

മണ്ണിന്റെ നിറം


“കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി ഒരു കുഞ്ഞിന്റെയും അമ്മയുടെയും കണ്ണീരുവീഴാന്‍ പാടില്ലായിരുന്നു. അവരോട് മാപ്പു ചോദിക്കുന്നു.”
-വല്ലാര്‍പ്പാടത്ത് നാലുവരിപ്പാത നിര്‍മ്മിക്കാന്‍ വേണ്ടി ഭൂമി ഏറ്റെടുത്ത സംഭവത്തില്‍ വീഴ്ചയും അപാകതയുമുണ്ടെന്ന കാര്യം പുറത്തുവന്നപ്പോള്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞ വാക്കുകളാണിത്. ഫെബ്രുവരി ആറിന് മൂലമ്പള്ളി ദ്വീപിലെ പത്തു കുടുംബങ്ങളെ ബലം പ്രയോഗിച്ചു പുറത്താക്കിയതിന്റെ സാഹചര്യം മന്ത്രി തന്നെ വിശദമാക്കിയതു പത്രങ്ങളില്‍ വന്നിരുന്നു. അതായത് “ഫെബ്രുവരി 15-നു മുന്‍പ് ഭൂമി ഏറ്റെടുത്തു നല്‍കേണ്ടതുണ്ടായിരുന്നെന്നും കുടിയൊഴിക്കപ്പെടുന്നവരുടെ സ്ഥലത്തിനു ‘നല്ല‘ വില നല്‍കണമെന്നും വീടു വയ്ക്കാന്‍ സ്ഥലം നല്‍കണമെന്നും വീടുവയ്ക്കുന്നതുവരെ താമസിക്കാന്‍ ആറുമാസത്തെ വാടക മുന്‍‌കൂര്‍ നല്‍കണമെന്നുമൊക്കെ മന്ത്രിസഭ നിശ്ചയിച്ചിരുന്നെന്നും ....“ ഒന്നും സംഭവിച്ചില്ല. അല്ലെങ്കില്‍ ഈ പറഞ്ഞു കേള്‍ക്കുന്നതിന്റെ മാധുര്യം സംഭവിക്കുന്നതിനില്ല. നന്ദിഗ്രാമവും ഖമ്മവുമൊക്കെ വഴിപോലും ചോദിക്കാതെ തീവണ്ടി കയറി ഇങ്ങോട്ടു വരികയാണ്. പക്ഷേ ഇതില്‍ ശ്രദ്ധേയമായ ഒരു സംഗതിയുണ്ട്, നന്ദിഗ്രാം ഇന്നും കുറച്ചുപേര്‍ക്കെങ്കിലും പ്രത്യയശാസ്ത്രവിശകലനത്തില്‍ ഒരു തെറ്റല്ല. അതുകൊണ്ട് പ്രയാസപ്പെട്ടുള്ള പശ്ചാത്താപപ്രകടനങ്ങള്‍ക്കിടയിലും ഒരു പാട് ‘പക്ഷേകള്‍‘ നുഴഞ്ഞു കയറുന്നതു കാണാം. മറിച്ച്, ഗുണപരമായ മാറ്റം ഉണ്ടായാലും ഇല്ലെങ്കിലും റവന്യൂ മന്ത്രിയുടെ നടേ പറഞ്ഞ മാപ്പപേക്ഷയില്‍ ഒരു നന്മയുണ്ട്. സാധാരണ അധികാരത്തിലെത്തിയവരില്‍ കാണാത്ത ജനാധിപത്യബോധത്തിന്റെ തിരിനാളമുണ്ട്. പ്ലാച്ചിമടയുള്‍പ്പടെയുള്ളിടങ്ങളില്‍ ഇടതുവലതു ഭേദമില്ലാതെ കേട്ട/കേട്ടുകൊണ്ടിരിക്കുന്ന മുടന്തന്‍‌ന്യായങ്ങളുടെ ചുറ്റിക്കളി കുറവ്. കാര്യങ്ങള്‍ മന്ത്രിസഭാ തലത്തില്‍ തീരുമാനമായിട്ടുണ്ട്. അതു നടപ്പാവും എന്നൊരു ശുഭ സൂചന പിന്നാലെ വരുന്ന വാര്‍ത്തകള്‍ നല്‍കുന്നുണ്ട്.

ഈ ചെയ്തി, ഏതു ഗുണപരമായ രാഷ്ട്രീയ ഊര്‍ജ്ജത്തിന്റെ ഫലമാണ്? മാദ്ധ്യമം ആഴ്ചപ്പതില്‍ ലേഖനമെഴുതിയ സി ആര്‍ നീലകണ്ഠന്‍ ഇതിനെ ജനകീയശക്തികളുടെ മുന്നേറ്റമായിട്ടാണ് കാണുന്നത്. ഒരു മുഖ്യധാരാകക്ഷിയുടെ പിന്‍‌ബലമില്ലെങ്കില്‍ പോലും സര്‍ക്കാരുകളുടെ അജണ്ടയെ സ്വാധീനിക്കത്തക്കത്തരത്തില്‍ ജനകീയ ശക്തികള്‍ക്ക് വളരാന്‍ കഴിയുമെന്നതിന്റെ സൂചനയാണിത്. ആണോ? മുത്തങ്ങയിലും നൈനാം കോണത്തും പ്ലാച്ചിമടയിലും തോറ്റുപോയ നിസ്സഹായരായ ജനക്കൂട്ടം കാലപരിണാമത്തിന്റെ ചക്രവാതമേറ്റ് ഇവിടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ഭാവിയിലേയ്ക്ക് വിജയസൂചന നല്‍കുകയും ചെയ്തതാണോ? ആ ആലോചനതന്നെ സുഖമുള്ള ഒരു കുളിക്കാറ്റ് സൃഷ്ടിക്കുന്നുണ്ടെങ്കിലും തത്കാലം നമുക്ക് ഒരു നിര്‍ണ്ണയനത്തിലേയ്ക്കും എടുത്തു ചാടാതിരിക്കാം, മാവൂര്‍ സമരവും സൈലന്റുവാലിയും അതിവേഗപാതയും നമ്മുടെ ചരിത്രത്തില്‍ വേണ്ട രീതിയില്‍ അടയാളപ്പെട്ടിട്ടില്ലാത്ത നിലയ്ക്ക്. മറ്റു രൂപങ്ങളില്‍ അവ എതു സമയവും തിരിച്ചു വരാന്‍ സാദ്ധ്യതയുള്ള നിലയ്ക്ക്..

മണ്ണ് ഇപ്പോള്‍ വാര്‍ത്തകളില്‍ പലവേഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂമിവില ഒരിഞ്ചുപോലും ഉയരാതിരുന്ന ഒരവസ്ഥയുണ്ടായിരുന്നു. അതു നികുതി പ്രഭവസ്ഥാനത്തു വച്ചു തന്നെ ഈടാക്കാന്‍ തീരുമാനിച്ചതിന്റെ ഫലമാണെന്നായിരുന്നു സാധാരണക്കാരന്‍ പരത്തിയ കിംവദന്തി ! ഇന്ന് സെന്റിന് കോടികളാണെന്നറിയാന്‍ റിയല്‍ എസ്റ്റേറ്റുകാരുടെ മുറയ്ക്കുള്ള പത്രപരസ്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി. ആര്‍ക്കാണ് കോടികള്‍ മുടക്കി ഒരു തുണ്ട് ഭൂമി സ്വന്തമാക്കാന്‍ കഴിയുന്നത്? 32% ഡി എയുമായി അവനവനെ(അവളവളെക്കൊണ്ടും) കൊണ്ടു പറ്റാത്ത സ്വപ്നം കണ്ടു കഴിഞ്ഞു കൂടുന്ന സര്‍ക്കാര്‍ ലാവണക്കാരെയോ അവരെ ഉപജീവിച്ചു വില കൂട്ടിയും കുറച്ചും ജീവിക്കുന്ന ചെറുകിടകച്ചവടക്കാരെയോ? അവരാണല്ലോ ഭൂരിപക്ഷം. കിഡ്‌നി വില്‍ക്കുമ്പോലെ, പാരമ്പര്യവഴിയ്ക്കു കിട്ടിയ തുണ്ടോ പറമ്പോ വില്‍ക്കണം എന്തെങ്കിലുമൊരു കുടുംബാഘോഷം നടത്താന്‍ എന്ന അവസ്ഥയിലേയ്ക്ക് ബഹുദൂരം അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിലെ സോ കോള്‍ഡ് മദ്ധ്യവര്‍ഗം. എ പി എല്ലുകള്‍. സര്‍ക്കാരാപ്പീസുകളില്‍ കേറുമ്പോള്‍ ‘താ താ‘ എന്നു പറഞ്ഞു കൈയും നാക്കുമൊക്കെ നീട്ടുന്ന ഇരപ്പാളിത്തരം അവന്റെ ‘അടിച്ചുപൊളി’ ജീവിതത്തിനു ജാമ്യമെടുക്കാനാണ് എന്നാണു വയ്പ്പ്. എന്നിട്ട് രക്ഷപ്പെടുമോ? പ്രൈവറ്റ് ആശുപത്രിയില്‍ (അതല്ലേയുള്ളൂ കേരളത്തില്‍) കുടുമ്മത്തുള്ള ആരു കേറിയാലും തീരില്ലേ അവന്റെ ആയുഷ്ക്കാല ‘കൈക്കൂലി‘ സമ്പാദ്യം. അതുപോട്ടെ, വിവിധ എല്‍ ഡി എഫ് മന്ത്രിമാര്‍ അകപ്പെട്ട വിവാദച്ചുഴികളില്‍ മുഖ്യം ഭൂമിയിടപാടുകളുമായി ബന്ധപ്പട്ടവയാണെന്നത് വെറുമൊരു ആകസ്മികതയാണോ?

നിയമപരിഷ്കരണ കമ്മീഷന്റെ അദ്ധ്യക്ഷസ്ഥാനത്തു തുടരാന്‍ താത്പര്യമില്ലെന്ന് ജസ്റ്റീസ് കൃഷ്ണയ്യര്‍ പറഞ്ഞത്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ ചൊടിച്ചാണ്. ഭൂപരിഷ്കരണനിയമം റദ്ദാക്കിയാല്‍ ഒന്നും സംഭവിക്കില്ലെന്നാണ് ബാലകൃഷ്ണന്‍ പറഞ്ഞത്. കേരളത്തില്‍ വ്യവസായം വളരാത്തതിന്റെ കാരണം അതാണത്രേ. അതു തന്നെയാണ് കുറച്ചു മുന്‍പ് മന്ത്രി എളമരം കരീമും വേറൊരു തരത്തില്‍ ചോദിച്ചത് “വ്യവസായം പിന്നെ തെങ്ങിന്‍ മണ്ടയിലാണോ വരിക?” സമൂഹം വളരുകയാണ്. കാലഗതിയ്ക്കൊത്തു നീങ്ങുന്ന ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങളായാണ് ടെക്നോസിറ്റിയും അതിവേഗ പാതകളും വ്യവസായങ്ങളും ലക്ഷ്വറി പാര്‍പ്പിടങ്ങളും മറ്റും മറ്റും വരുന്നത്. പൊതുസമൂഹമെന്നതിന്റെ നിര്‍വചനം പ്രത്യയശാസ്ത്രമാറ്റങ്ങള്‍ക്കനുസരിച്ച് മാറുന്നതിന്റെ ഒരു ഫലമാണിത്. മുകളിലേയ്ക്കു നോക്കി സാധാരണ ജനങ്ങള്‍ സമൂഹം എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്ന കൂട്ടത്തെയല്ല ഭരണകൂടം സിവില്‍ സമൂഹമെന്നു വിളിച്ച് അഭിസംബോധനചെയ്യുന്നത്. മുതലാളിത്തത്തിന്റെയും വിവിധ പാര്‍ട്ടികളുടെയും സമൂഹസങ്കല്പം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. കാരണം വ്യക്തമാണ്. അധികാരത്തിന്റെ സുഗമമായ ഒഴുക്കിനുവേണ്ട ‘വിഭവം’ ഉത്പാദിപ്പിക്കുന്ന വിപണിയിലേയ്ക്കാണ് ഒരു ഭരണകൂടത്തിനു നോക്കാനുള്ളത്. മുതലാളിത്തത്തിന്റെ പ്രച്ഛന്നരൂപങ്ങളായി അതിനെ മാറ്റി തീര്‍ക്കുന്നതും വിപണി മേല്‍നോ‍ട്ടത്തിലുള്ള അതിന്റെ കൊതിയാണ്. സമഗ്രാധിപത്യസ്വഭാവം കൈയാളുന്നതോടെ ഭരണകൂടങ്ങള്‍ക്ക് പൊതുസമൂഹം ബാദ്ധ്യതയാവുന്നു. നിര്‍വചനത്തിന്റെ പരിധി ചുരുങ്ങുന്നു. നിയമങ്ങള്‍ കര്‍ക്കശമാണെന്ന് ഭാവിക്കുന്നു.വരയ്ക്കപ്പുറത്തുള്ളവരുടെ നിലവിളി ഒന്നുമല്ലാതെയാവുന്നു. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്. . പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ, മാനുഷിക മുഖങ്ങളെക്കുറിച്ചുവാചാലമാവുന്ന, സോഷ്യലിസ്റ്റ് ഭരണസംവിധാനത്തില്‍ പോലും സ്ഥിതി ഇതാണെങ്കില്‍, വെറും ഉടുപ്പും കൊടിയും മാത്രമുള്ള ഇടതിന്റെ വലതു ചുവടുകള്‍ എത്ര ഭീകരമായിരിക്കുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. ഇതാണ് ഭരണപക്ഷവിമര്‍ശനത്തെ സാധുവാക്കുന്ന ഘടകം. ഇടതുപക്ഷത്തിന്റെ അധികാരപ്രയോഗങ്ങളെ ഫലപ്രദമായി തടയുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതരം ‘പാപബോധ’ത്തിന്റെ നിര്‍മ്മാണം ഇടതുപക്ഷപ്രത്യയശാസ്ത്രത്തിനുള്ളില്‍ നിഹിതമാണ്. രാഷ്ട്രീയ കുത്തകകള്‍ രൂപം കൊള്ളുന്നതിനെ വിലക്കുന്ന ഒരു സമരവും ‘പാപനിര്‍ഭര‘മല്ല. അത് ഏതാനും കൂട്ടങ്ങളില്‍ മാത്രമായി ഒതുങ്ങാനുള്ളതല്ലെന്ന തിരിച്ചറിവിലേയ്ക്കാണു നാം ഉണരേണ്ടത്. പറഞ്ഞു വരുമ്പോള്‍, താന്‍ ഒരു സോഷ്യലിസ്റ്റാണെന്നാണല്ലോ ഹിറ്റ്ലറും അവകാശപ്പെട്ടിരുന്നത്.

അനുബന്ധം:
അരിയുടെ വില ഇനിയും കുറയാന്‍ സാദ്ധ്യതയില്ലാത്തതുകൊണ്ട് വയറു നിറച്ചു കഴിക്കുന്ന ശീലം ഉപേക്ഷിക്കണം.
-ഭക്ഷ്യമന്ത്രി മുല്ലക്കര രത്നാകരന്‍ (വയനാട് ജില്ലാ കര്‍ഷകസംഘം സുല്‍ത്താന്‍ ബത്തേരിയില്‍ ഉദ്ഘാടനം ചെയ്യുന്ന വേളയില് പറഞ്ഞത്‍)

February 20, 2008

നീലഞരമ്പുള്ള പുസ്തകം


ആഷാമേനോന്റെ ‘ഓഷോവിന്റെ നീലഞരമ്പ്‘ സംസ്കാരത്തിലും പാരിസ്ഥിതികാവബോധത്തിലും രാഷ്ട്രീയത്തിലും സന്നിഹിതമാവുന്ന രത്യൂര്‍ജ്ജത്തിന്റെ പ്രകാരഭേദങ്ങളെക്കുറിച്ചുള്ള ചിന്തയുടെ ഒരു വഴിമാറി നടക്കലാണ്. ലൈംഗികതയുടെ ഐന്ദ്രിയവും ഇന്ദ്രിയാതീതവുമായ അനുഭൂതിവിശേഷങ്ങളെക്കുറിച്ച് ഉറക്കെ ചിന്തിച്ച സന്ന്യാസി എന്ന നിലയ്ക്കാണ് ഓഷോവിനെ ആഷാമേനോന്‍ ഉള്ളിലറിയുന്നത്. സംസ്കാരത്തിന്റെ വഴിത്താരകളെവിടെയോ വച്ച് വിടര്‍ച്ച നേടി പിണങ്ങി നില്‍ക്കുന്ന ഒരു സംവേദനത്വത്തെ സംസ്കൃതിയുമായി കൂട്ടിയിണക്കി സാകല്യമാര്‍ന്ന ധാരണകള്‍ സ്വരൂപിക്കാനായിരുന്നു, ഓഷോയുടെ ശ്രമം. പെണ്ണുടലിന്റെ വേലിയേറ്റങ്ങളില്‍ മാത്രം ഉടക്കിക്കിടക്കുന്ന ഗൃഹസ്ഥാശ്രമിയാകാതെ ആത്മീയതയുടെ നളിനങ്ങള്‍ പൂക്കുന്ന ഗിരിശൃംഗങ്ങളിലേയ്ക്കു നിരന്തരം യാത്ര നയിക്കുന്ന പരിവ്രാജകന്‍ കൂടിയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഭൌതികാതിഭൌതികങ്ങളുടെ നീലിമയാര്‍ന്ന രസപാകം. ‘നീല’യ്ക്ക് സവിശേഷമായ ഒരു അര്‍ത്ഥവ്യാപ്തി വരുന്നത് ഈ പരിണതിയിലാണ്. ഉന്മത്തതയുടെ സമുദ്രത്തിന്റെ മാത്രം നിറമല്ലല്ലോ, ഈ നീല, ആകാശവിശാലതയുടെയും മലനിരകളുടെ സ്ഥൈര്യത്തിന്റെയും കൂടിയല്ലേ. മറ്റൊരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിന്റെയും ഉത്തുംഗതയുടെയും.

ദ്രൌപദിയെക്കുറിച്ചുള്ള ഓഷോവിന്റെ അഭിദര്‍ശനങ്ങള്‍ സ്നേഹത്തിന്റെ സീമാതീതമായ അവസ്ഥയെ ഉദാഹരിക്കുന്നതെങ്ങനെ എന്ന് ആഷാമേനോന്‍ വ്യക്തമാക്കുന്നുണ്ട്. (കദംബത്തിന്റെ ഒരിതള്‍) പങ്കുവയ്ക്കുമ്പോള്‍ കുറയുന്നതാണ് സ്നേഹമെന്നുള്ളത്, സങ്കുചിതമായ മുന്‍‌ധാരണമാത്രമാണ്. പങ്കുവയ്ക്കുംതോറും പെരുകുന്ന ഒന്നാണത്. പക്ഷേ അത്തരം സങ്കല്‍പ്പങ്ങള്‍ മനുഷ്യനെന്ന സമൂഹജീവിയെ അരാജകത്വത്തിലേയ്ക്കല്ലേ നയിക്കുകയുള്ളൂ എന്ന ചോദ്യം വരാം. ദേഹബോധത്തെ അതിവര്‍ത്തിക്കുക എന്നതാണ് അതിന് ഓഷോവിന്റെ ആദേശം. കാറ്റുപോലെ അന്തരംഗത്തില്‍ പതിക്കുന്ന (അതനുഭവിക്കുക മാത്രമേ നിവൃത്തിയുള്ളൂ) പ്രണയത്തിന്റെ നേരാണ് (sexual veracity)രാസക്രീഡയുടെയും പൊരുള്‍ (നൃത്തം ചെയ്യുന്ന ദ്വീപ്). ഈശാവാസ്യമിദം സര്‍വമെന്ന ഉപനിഷദ് വാക്യത്തിനു ഓഷോ നല്‍കിയ വിശദീകരണത്തിനിടയില്‍ പറയും പോലെ സമുദ്രത്താല്‍ ആവസിക്കപ്പെട്ട മത്സ്യത്തെപ്പോലെ സ്നേഹം നമ്മെപ്പൊതിഞ്ഞിരിക്കുന്ന ഒരവസ്ഥയെ വരികള്‍ തോറും ബോദ്ധ്യപ്പെടുത്തുകയാണ് ‘ഓഷോവിന്റെ നീലഞരമ്പ്’.

സ്നേഹത്തിന്റെയും പച്ചപ്പുള്ള തത്ത്വചിന്തയുടെയും പ്രവാചകന്മാരായിരുന്ന മഹത്തുക്കളെ ഈ പുസ്തകം മുന്നില്‍ കൊണ്ടുവരുന്നുണ്ട്. ഓഷോവിന്റെ ദര്‍ശനങ്ങളുടെ സ്ഥായിയില്‍ അവയുടെ പുനര്‍വിചിന്തനങ്ങള്‍ക്ക് പ്രത്യേക നിറശബളിമയുണ്ട്. വേട്ടക്കാരന്റേതല്ലാത്ത സത്ത മനുഷ്യനു നല്‍കിയ വികാരം അഹിംസയാണ് (അഹിംസയുടെ പച്ചരാശി). അതിനെ ഒരു രാഷ്ട്രീയപ്രയോഗമായി മാറ്റി വിജയിച്ചപ്പോഴും ഗാന്ധിജിയുടെ നിരാഹാരം ഒരു ഹിംസതന്നെയാണെന്ന് ഓഷോയോട് അനുകൂലിച്ചുകൊണ്ടു തന്നെ ആഷാമേനോന്‍ ഗാന്ധിജിയുമായൊരു താരതമ്യത്തിനു ഓഷോയെ വിധേയമാക്കുന്നത് കൌതുകകരമാണ്. ഗാന്ധിജി ഏറ്റുവാങ്ങിയ വേദനകളുടെ നൂറിലൊരംശം പോലും ഓഷോ അനുഭവിച്ചു കാണില്ല. ഗാന്ധിജിയുടേത് ചരിത്രത്തിലേയ്ക്കു നടന്നു കയറിയ ഭൂതാനുകമ്പയാണ്. ഗാന്ധിയന്‍ ലൈംഗികസംയമനങ്ങളുടെ ഏറ്റുപറച്ചിലാണ് മറ്റൊന്ന്. രണ്ടും രണ്ടു വഴികളാണെന്നു പറഞ്ഞുകൊണ്ടാണ് ആഷാമേനോന്‍ ഇവിടെ രാജിയാവുന്നത്. ഇതുപോലൊരു താരതമ്യം മസനാബുഫുക്കുവോക്കയെയും ഡാര്‍വിനെയും വച്ചും അദ്ദേഹം നടത്തുന്നുണ്ട്. അതിജീവനോപായങ്ങള്‍ പ്രകൃതിയില്‍ സംഗതമല്ലെന്നു പറഞ്ഞ ഫുക്കുവോക്കയുടെ വിചാരങ്ങളില്‍ മനുഷ്യകേന്ദ്രീകൃതമായ സങ്കല്‍പ്പങ്ങളുടെ പൊളിച്ചെഴുത്തുണ്ട്. (ജിങ്‌കോവൃക്ഷത്തിലും സ്പന്ദിക്കുന്നത്) അതും സംഗതമാണ്.

പുസ്തകത്തിലെ ’ഉറവെ’ന്ന രണ്ടാം ഖണ്ഡം മലയാളകൃതികളുടെ നിരൂപണമാണ്. കസാന്‍സാക്കീസിന്റെ കരച്ചിലിന്റെ (ജീവിതമാകെ ഒരു കരച്ചിലാണ്) കാതരമായ ഒരംശം വിജിതമ്പിയുടെ കവിതകളുണ്ടെന്ന ഉപദര്‍ശനമാണ് ‘ബുദ്ധന്റെ മിന്നല്‍പ്പിണര്‍‘. മിന്നല്‍ ഒരു സമാപ്തിയല്ല. കണ്ടെത്തലിനായുള്ള ഉറയൂരലാണ്. ‘ഭൂസ്പര്‍ശത്തിന്റെ വീര്യത്തില്‍’ പികവിതകളിലെ മണ്‍സ്പന്ദങ്ങളെ ഉള്‍ക്കാതറിയുന്നു. ഒരു കര്‍ഷകസംസ്കൃതിയുടെ ശീതളിമയാണ് പിയില്‍ നിന്ന് ആഷാമേനോന്‍ കണ്ടെടുക്കുന്ന തണല്. പാരിസ്ഥിതികവിവേകം ഏറ്റവും കൂടിയ അളവില്‍ ഉണ്ടായിരുന്ന കവിയാണ് കുഞ്ഞിരാമന്‍ നായര്‍. മാധവിക്കുട്ടിയുടെ രൂപകം നീര്‍മാതളമല്ല, താ‍ഴ്വാരങ്ങളില്‍ തീജ്വാലകള്‍ പോലുള്ള പൂക്കളുമായി ഉലയുന്ന ഗുല്‍മോഹറുകളാണെന്ന തിരിച്ചറിവിനാല്‍ സമ്പന്നമാണ് ‘ഗുല്‍മോഹറിന്റെ പൂക്കള്‍, ഇനിയും?’ എന്ന ലേഖനം. മാധവിക്കുട്ടിയുടെ സ്വത്വത്തെ ആവിഷ്കരിക്കാന്‍ കരുത്തുള്ളത് ഗുല്‍മോഹറിന്റെ ചടുലദീപ്തിയ്ക്കാണ്, നീര്‍മാതളത്തിന്റെ ക്ഷണികതയ്ക്കല്ല.

യൌവനതീക്ഷ്ണങ്ങളായ ആവേഗങ്ങളെ അടയാളപ്പെടുത്തിയാണ് നീല ഞരമ്പുകള്‍ തുടിക്കുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ പച്ചപ്പില്‍ നിന്ന് ദര്‍ശനങ്ങളുടെ നീലിമയിലേയ്ക്കും തിരിച്ചും ഊര്‍ജ്ജദായിനികളായി പ്രവഹിക്കുന്ന സരസ്വതികളെ പിന്തുടരുക എന്ന അനുഭവം ‘ഓഷോവിന്റെ നീലഞരമ്പ്‘ സമ്മാനിക്കുന്നുണ്ട്. രണ്ടു സന്ദര്‍ഭങ്ങളില്‍ ഒരു പുസ്തകത്തിന് സാന്ദ്രമായ ഒരു സൌന്ദര്യാനുഭവമായി മാറാം. ഇതുവരെ ആരുമുയര്‍ത്താത്ത ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്, അല്ലെങ്കില്‍ ആരും ചിന്തിക്കാത്ത ചില ഉത്തരങ്ങള്‍ നല്‍കിക്കൊണ്ട്. (ഓഷോവിന്റെ നീല ഞരമ്പ്) അങ്ങനെയുള്ള ചില ഉത്തരങ്ങളെ പിന്തുടരുന്നതിന്റെ വിസ്മയങ്ങള്‍ പകര്‍ന്നു നല്‍കുന്നു എന്നിടത്താണ് ഈ രചനയും പ്രസക്തമാവുന്നത്.

February 17, 2008

ചുവന്ന ചായം മാറ്റിയാല്‍ പിന്നെ......?




കോട്ടയത്തു നടന്ന സി പി ഐ എം -ന്റെ സംസ്ഥാനസമ്മേളനം അത്ര നല്ല നിലയിലൊന്നുമല്ല അവസാനിച്ചത്. രാഷ്ട്രാന്തരീയവും ദേശീയവുമായ പ്രശ്നങ്ങളുടെ തലനാരിഴകീറിയുള്ള വിശകലനത്തിനായി മണിക്കൂറുകള്‍ ചെലവിട്ട മുന്‍‌കാല കോണ്‍ഗ്രസ്സുകളെ അപേക്ഷിച്ച് എന്തെങ്കിലും മെച്ചം കോട്ടയം സമ്മേളനത്തിനുണ്ടോ എന്നാലോചിക്കുന്ന ഒരാളുടെ മുന്നില്‍ തെളിയുന്ന ചിത്രം അലങ്കോലപ്പെട്ട സമാപന സമ്മേളനത്തിന്റേതാണ്. ‘ആവേശം അല ’തല്ലി’യെന്നും ‘അടിച്ചു പിരിഞ്ഞു’ എന്നും ‘സമാപനത്തില്‍ അടി’ എന്നുമൊക്കെയാണ് കുത്തക പത്രങ്ങള്‍ മുനവച്ചെഴുതിയത്. പാര്‍ട്ടി അച്ചടക്കത്തിന്റെ അതിരും വിട്ട് വിഭാഗീയത പുറത്തേയ്ക്കൊഴുകിയതല്ലെങ്കില്‍ മറ്റെന്തായിരുന്നു അത്? വിവരങ്ങള്‍ സെല്‍ ഫോണുകള്‍ വഴി പുറത്തേയ്ക്ക് ചോരാതിരിക്കാന്‍ ജാമറുകള്‍ ഘടിപ്പിച്ച സമ്മേളന വേദി തന്നെ ഒരു സൂചകമാണ്. ആരാണ് ശത്രു എന്നറിയാതെ പരസ്പരം മുഖം നോക്കുന്ന ഒരു കറുത്ത ഫലിതം. നേതാവ് സംസാരിക്കുമ്പോള്‍ ആരോ വേദിയിലേയ്ക്ക് കുപ്പിയെറിയുന്നു. അണികളെ നേരിട്ട് ശാസിക്കേണ്ടി വരുന്നു. റെഡ് വാളന്റിയര്‍മാര്‍ സ്വന്തം സഖാക്കളെ തല്ലിയൊതുക്കുന്നു. ഇതൊക്കെ സംഭവിച്ചത് അച്ചടക്കത്തിനു പേരു കേട്ട ഒരു കേഡറ്ററി പാര്‍ട്ടിയുടെ സമ്മേളനത്തിലാണ്. കേരളം ഭരിക്കുന്ന ഏറ്റവും വലിയ ഒറ്റ പാര്‍ട്ടിയുടെ വരും കാല നയതന്ത്രരൂപീകരണ മേളയില്‍.

ഇത്തവണത്തെ കേരളാബഡ്ജറ്റ് ഒരു വകയായിരിക്കും. കാരണം, മന്ത്രി നേരത്തേ പറഞ്ഞു, പാര്‍ട്ടി സമ്മേളനം നടക്കുന്ന സമയമാണ്. ഒന്നിനും സമയമില്ല. ഭരണകൂടത്തിന്റെ കാര്യക്ഷമമായ നടത്തിപ്പും പാര്‍ട്ടിപ്രവര്‍ത്തനവും രണ്ടും രണ്ടാണ്. പാര്‍ട്ടിയ്ക്ക് അല്പം മേല്‍ക്കൈ കൊടുത്ത് രണ്ടും കൂടി നടത്തിച്ചുപോവുക എന്നതാണ് ഇടതു പക്ഷത്തിന്റെ രീതി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്തിനെയൊക്കെ എതിര്‍ത്തോ അതിനെയൊക്കെ, ഭരണം കൈവന്നു കഴിഞ്ഞാല്‍ കൈമെയ്യ് മറന്ന് ആശ്ലേഷിക്കും. ദോഷം പറയരുതല്ലോ, എന്തുകൊണ്ടങ്ങനെ ചെയ്യുന്നു എന്നതിന് പ്രത്യയശാസ്ത്രപരമായ വ്യാഖ്യാനം ചമയ്ക്കുകയും ചെയ്യും.

ഇനിയിപ്പോള്‍ അതിന്റെയും ആവശ്യമില്ല. പ്രത്യയശാസ്ത്രം, മൈ ഫുട് ! നയം മതി. തന്ത്രങ്ങള്‍ മതി. ബഡ്ജറ്റിനെപ്പോലും പരണത്തു വച്ചിട്ട് കൊണ്ടുപിടിച്ചു നടത്തപ്പെട്ട പാര്‍ട്ടി കോണ്‍ഗ്രസ്സ് ചര്‍ച്ച ചെയ്ത അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളെന്തൊക്കെയാണ്? പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയത മാത്രം. പുതിയ എണ്‍പത്തഞ്ച് സംസ്ഥാനകമ്മറ്റി അംഗങ്ങളില്‍ 75-ഉം ഒരു വിഭാഗത്തിന്റേതാവുമ്പോള്‍, ഒരു സഖാവ് മുന്‍‌കൂട്ടി കണ്ട് പറഞ്ഞതു പോലെ വിഭാഗീയത ‘തുടച്ചു‘ തന്നെ നീക്കപ്പെടും. വി എസ് അച്ചുതാനന്ദന്‍, പാര്‍ട്ടിയ്ക്കുണ്ടാക്കിയ നഷ്ടങ്ങളാണ് ഇപ്പോള്‍ കമ്മറ്റി വക ആരോപണങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അല്ലാതെ മന്ത്രിമാരുണ്ടാക്കി വച്ച നാണക്കേടുകളല്ല. മന്ത്രിസഭയുടെ ഇനിയുള്ള പ്രവര്‍ത്തനത്തിന് സംസ്ഥാനകമ്മറ്റി മാര്‍ഗരേഖ തയാറാക്കും. അതും കൂടി നടപ്പിലാവുമ്പോള്‍, കമ്മ്യൂണിസ്റ്റുകാരന്റെ അടിസ്ഥാനഗുണങ്ങളിലൊന്നെന്നു കണക്കാക്കി വരുന്ന ആശയ സമരങ്ങള്‍ക്കുള്ള സാദ്ധ്യതകൂടി കെട്ടിപ്പൊതിഞ്ഞെടുത്ത് തട്ടിന്‍പുറത്തു കയറ്റേണ്ടി വരും. ഡി ഐ സി, ലീഗ് ബന്ധങ്ങള്‍ ഉള്‍പ്പടെ, പലതരത്തിലുള്ള ഭൂമിയിടപാടുകളുള്‍പ്പടെ, നാളിതുവരെ ഉണ്ടായ എല്ലാ കുഴമറിച്ചിലുകളെയും മാദ്ധ്യമങ്ങള്‍, പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയതയുടെ ചെലവിലാണ് എഴുതിയിട്ടത്. അവയൊക്കെയും ആശയ സമരങ്ങളായിരുന്നു എന്ന് ഔദ്യോഗികഭാഷ്യം. പാറ്റന്‍ ടാങ്കുകളുടെ ചക്രങ്ങള്‍ക്കു ചലനം വച്ചു തുടങ്ങുമ്പോള്‍ എന്ത് ആശയസമരം ? എന്ത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം? ഇത്രയൊക്കെയായ സ്ഥിതിയ്ക്ക് ഘടകകക്ഷികളിലും അഴിച്ചുപണി അധികം വൈകാതെ നടന്നു കൂടെന്നില്ല. വെളിയത്തിനു പകരം കെ. ഇ. ഇസ്മായേല്‍. ബാക്കി വെടിപ്പാക്കല്‍ എളുപ്പമാണ്.

അടുത്ത സമയത്ത് തിരുവനന്തപുരത്തെ ഇഞ്ചിനീയറിംഗ് കോളേജില്‍ ഒരു ജൂനിയര്‍ കുട്ടിയെ മുതിര്‍ന്ന കുറച്ചു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്ന് പത്രവാര്‍ത്ത വന്നിരുന്നു. മര്‍ദ്ദിച്ചവര്‍ അംഗീകൃത ഭരണപക്ഷ സംഘടനയുടെ നേതാക്കള്‍. രണ്ടാം ദിവസം 450 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട നിവേദനമോ പരാതിയോ തയ്യാറായി, അതായത് മര്‍ദ്ദനമേറ്റവന്‍ ഒരു റാഗിംഗ് വീരനാണെന്ന്. ഗാന്ധിയന്‍ മാതൃക അക്ഷരം പ്രതി അനുസരിച്ചുകൊണ്ട് ‘ആണോ താനൊരു റാഗിംഗ് വീരനാണോ?’ എന്നു ചോദിക്കുക മാത്രമാണ് മുതിര്‍ന്ന പാവം വിദ്യാര്‍ത്ഥികള്‍ ചെയ്തതെന്ന്..സമരം ഇപ്പോഴും തീര്‍ന്നിട്ടില്ല.

ഈ സംഭവം എടുത്തു പറയാന്‍ കാരണമുണ്ട്. മര്‍ദ്ദകരായ ഒന്നോ രണ്ടോ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ മര്‍ദ്ദനമേറ്റ ദലിതനായ ഒരു വിദ്യാര്‍ത്ഥിയെ, ഒരു വിദ്യാര്‍ത്ഥി സംഘടന കുറ്റവാളിയാക്കുന്ന രീതി ശ്രദ്ധിക്കുക. (വളഞ്ഞ വഴിയില്‍ മൂക്കു തൊടല്‍) അധികാരപ്രയോഗത്തിന്റെ നഗ്നമായ മാതൃകയാണിത്. കുറ്റം മാത്രമേയുള്ളൂ കുറ്റവാളികളില്ലെന്ന കാഫ്കേയിയന്‍ സാഹചര്യങ്ങളുടെ ആഴം തിരിച്ചറിയുന്നത് ഇതു പോലെ അര്‍ത്ഥം എത്രവേണമെങ്കിലും നീളുന്ന സംഭവങ്ങളിലാണ്. കോളേജുകളില്‍ നടന്നുവരുന്ന സംഘടനാപ്രവര്‍ത്തനം ഏതാണ്ടിതേ മാതൃകയിലൊക്കെയാണ്. 450 വിദ്യാര്‍ത്ഥികള്‍ ഒരു ദിവസം കൊണ്ട് ഒരാളെ റാഗിംഗ് വിദഗ്ദ്ധനാക്കിയെങ്കില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഊര്‍ജ്ജത്തിന്റെ ചലനവേഗത്തെക്കുറിച്ച് ഒന്നാലോചിക്കുന്നത് നന്നായിരിക്കും. അതേ ചലനനിയമങ്ങള്‍ തന്നെയാണ് ലോക്കല്‍ കമ്മറ്റികളില്‍, ജില്ലാകമ്മറ്റികളില്‍, സംസ്ഥാന കമ്മറ്റിയില്‍, പല വേഷങ്ങളില്‍ അരങ്ങിലെത്തിയത്.ഈ റിഹേഴ്സല്‍ വേദിയില്‍ നിന്ന് പുറപ്പാടു നടത്തിയാണ് പാര്‍ട്ടി കോണ്‍ഗ്രസ്സുകളിലെ അഭിനയം കൊഴുക്കുന്നത്. എതിര്‍ചേരിയെന്നത് എപ്പോഴും മറ്റുള്ളവരല്ല, സ്വന്തം അവയവങ്ങള്‍ തന്നെയാകാം എന്നിടത്ത് എത്തി നില്‍ക്കുന്നു, കാര്യങ്ങള്‍. ജില്ലാ സമ്മേളനങ്ങള്‍ കഴിഞ്ഞപ്പോള്‍ ‘പക്ഷങ്ങള്‍” കമ്മറ്റികള്‍ പിടിച്ചടക്കിയ രീതി പറഞ്ഞ് വിഷമിച്ച ഒരു സഖാവിനെ ഓര്‍ക്കുന്നു. ഇവരാണിപ്പോള്‍ നിന്നു മഴ കൊള്ളുന്നത്. കൂടെയാരുമില്ല. സമാപനവേദിയില്‍ നടന്ന കാര്യങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ ‘മഴയായിരുന്നു, ഞാനൊന്നും അറിഞ്ഞില്ല’ എന്നാണ് വി എസ് പത്രലേഖകരോട് പറഞ്ഞത്.

ഒന്നും അറിയാതിരിക്കുക എന്നതിന്റെ പുതിയ അര്‍ത്ഥമാണ് സമവായം. പാര്‍ട്ടിയുമായി ആദ്യവും ഭരണകൂടവുമായി പിന്നീടും ജനങ്ങള്‍ക്കും സമരസപ്പെടേണ്ടതുണ്ട്. സ്ഥിരമായ പ്രതിപക്ഷ സ്വരം സൂക്ഷിക്കുക എന്നത് ഇനിയുള്ള കാലത്ത് അപകടമാണെന്ന് അര്‍ത്ഥം. പാര്‍ട്ടിയെന്നാല്‍ എന്ത് എന്നും അതിന്റെ നയപരമായ തീരുമാനങ്ങള്‍ പാകം ചെയ്തെടുക്കാന്‍ പോകുന്ന വേവുപുരകള്‍ എവിടെയാണെന്നും അത് ഭരണീയരായ നമ്മളെ ബാധിക്കാന്‍ പോകുന്നതെങ്ങനെയെന്നും ചോദിക്കരുത്. വിമര്‍ശനം, പാര്‍ട്ടി പുറത്താക്കിയവര്‍ക്കായി വിട്ടു കൊടുത്ത് നമുക്ക് സ്വസ്ഥരായിരിക്കാം. ഇടയ്ക്ക് അതൊക്കെ വായിച്ചു രസിക്കാം. അല്ലാതെ, വെറുതേയെന്തിന് വയ്യാവേലികള്‍ !

February 12, 2008

സാഹിത്യവാരഫലത്തിന്റെ പ്രേതങ്ങള്‍



പ്രേതങ്ങളുടെ ജിംനേഷ്യം -രണ്ട്

‘സാഹിത്യവാരഫല’ത്തിലെ ഭാഷ പ്രത്യേകം നിര്‍മ്മിച്ചതായിരുന്നു എന്നു പറയാം. ‘പോപ്പ് കള്‍ച്ചറി‘ന്റേതെന്നു പറയാവുന്ന ഒരു തരം ഭാഷാശൈലി അത് അനുകരിച്ചു. ‘പറട്ട’ എന്ന പ്രാദേശികഭേദത്തെ നിരൂപണത്തിനുപയുക്തമാക്കിയതും ‘വമനേച്ഛ, അനാഗതശ്മശ്രു, അനാഗതാര്‍ത്തവകള്‍‘ തുടങ്ങി തനി സംസ്കൃതത്തില്‍ കവലഭാഷ സംസാരിച്ചതും പലപ്പോഴും അശ്ലീലധ്വനികളുള്ള ഉപകഥകള്‍ ഉപയോഗിച്ചതും ‘വാരഫലത്തിന്റെ’ ഉത്സവീകരണ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. സംഭവവിവരണം, അനുഭവക്കുറിപ്പ്, നിരീക്ഷണം, സ്വാഭിപ്രായസ്ഥാപനം, പുസ്തകങ്ങളുടെ പിന്‍പുറക്കുറിപ്പ് തുടങ്ങിയ വ്യവഹാരരൂപങ്ങളെ ഇടകലര്‍ത്തിയുള്ള ആഖ്യാനരീതിയിലും കാണാം മിശ്രണസ്വഭാവം. ഇങ്ങനെ പാരമ്പര്യ സാഹിത്യ നിരൂപണങ്ങളുടെ ആഢ്യമ്മന്യതയെ വെല്ലുവിളിക്കുന്നതരം വിപ്ലവം അതു ഉപരിതലത്തില്‍ അണിഞ്ഞിരുന്നതാണ് അതിന്റെ വായനയെ ജനകീയമാക്കിയ ഘടകം. (സി പി അച്യുതമേനോനും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും മുണ്ടശ്ശേരിയും നാട്ടുഭാഷാഭേദങ്ങളെ വിമര്‍ശനത്തില്‍ ഫലപ്രദമായി വിനിയോഗിച്ചവരാണ്. അക്കാര്യം വാരഫലത്തിന്റെ പുതുമയായി അവതരിപ്പിക്കുക സാദ്ധ്യമല്ലെന്ന് സാരം)‘വാരഫലം’ അറിയപ്പെടുന്നതു പ്രാഥമികമായും പാരായണക്ഷമതയുടെ പേരിലാണ്. അത് ഏറെക്കുറെ ശരിയുമാണ്. പക്ഷേ ഈ സുവിദിതമായ പാരായണക്ഷമതയില്‍ നേരത്തെ പറഞ്ഞതരം പരിമിതി വട്ടം കറങ്ങുന്നുണ്ട്. ഉള്‍ക്കാഴ്ചയുടെ അതിരുകള്‍ വികസിതമാവുന്നതിനനുസരിച്ച് ഭാഷ മാറുകയെന്നതാണ് ഭാഷാപരമായ നൈസര്‍ഗികതയുടെ പ്രകടമായ ലക്ഷണം. അതു സംഭവിക്കാതിരിക്കുന്നിടത്ത് ആശയങ്ങളുടെ പൈങ്കിളിവത്കരണമാണ് അരങ്ങേറുന്നത്. ഉയരത്തെ അളക്കാന്‍ ക്വിന്റല്‍ മതിയാവുമോ? പക്ഷേ മലയാളിയുടെ മദ്ധ്യവര്‍ഗാഭിരുചി പേരുകളില്‍ രമിച്ചു, പ്രത്യേകിച്ചും അവ വിദേശത്തു നിന്നും വന്നവയാണെങ്കില്‍. ആശയങ്ങളെ അവഗണിച്ചു. വൈദേശിക പ്രതിഭകള്‍ക്കു മുന്നില്‍ തോറ്റു തുന്നം പാടി നിരന്തരം തറപറ്റിക്കുന്നതിലൂടെയാണ് ‘വാരഫലം’ വായനക്കാരുടെ സാമന്തഭാവനയെ പുളകം കൊള്ളിച്ചത്.

ഒരു പംക്തി അസ്തമിക്കുന്നതോടെ ഇല്ലാതാവുന്നതല്ല ആ മനോഭാവം എന്ന് ഒളിഞ്ഞും തെളിഞ്ഞും ‘സാഹിത്യവാരഫലങ്ങള്‍‘ പല പേരുകളില്‍ പല ആനുകാലികങ്ങളില്‍ ഇപ്പോഴും അരങ്ങേറുന്നത് തെളിയിക്കുന്നു. ‘അക്ഷരജാലകം’ ഒരു ഉദാഹരണം. ഘടനയില്‍ തന്നെ അതിന് ‘വാരഫലവുമായി’ ചാര്‍ച്ചയുണ്ട്. പക്ഷേ വാരഫലത്തിന്റെ മറ്റൊരു ഗുണം, ഭാഷാപരമായ തെളിമ ഇവിടെയില്ല. അല്പം ആത്മീയതയും കാല്‍പ്പനികതയും കൂട്ടിക്കലര്‍ത്തി, ഒന്നും വ്യക്തമായി പറയാതെ എഴുതി വയ്ക്കുന്ന നിരൂപണം ഫലത്തില്‍ ചെയ്യുന്ന അപകടം ചില്ലറയല്ല. ( ‘വസ്തുനിഷ്ഠമായി അപഗ്രഥിക്കാനോ സൂക്ഷ്മമായി വിലയിരുത്താനോ ദൂരെയെവിടേയ്ക്കെങ്കിലും തുളുമ്പാതെ കൊണ്ടുപോകാനോ പറ്റാത്തവിധത്തിലുള്ള ഭാഷ‘ എന്നാണ് ഈ തരം സാരസ്വതത്തിന്റെ നിര്‍വചനം. “പാരലല്‍ കോളേജുകാര്‍ നോട്ടീസടിക്കുന്നത്, എം കെ ഹരികുമാര്‍ നിരൂപണം എഴുതുന്നത്, കപടബുദ്ധിജീവികള്‍ വിവാഹക്കുറിയടിക്കുന്നത്, ടൌണ്‍ ഹാള്‍ വരാന്തയില്‍ നടക്കുന്നത്, ഫിലിം ഫെസ്റ്റിവല്‍ പാരപ്പെറ്റുകളില്‍ ഇരിക്കുന്നത് ഈ ഭാഷയിലാണ്. അത്യുക്തികൊണ്ട് ഓക്കാനം വരുത്തുന്ന“ ഭാഷ. - കല്പറ്റ നാരായണന്‍, ഡോക്ടര്‍ അകത്തില്ല ) തനിക്കൊരു അടിവര കിട്ടുന്നു എന്നു മാത്രമാണ് പരാമര്‍ശിക്കപ്പെടുന്ന എഴുത്തുകാരന്‍/കാരി മനസ്സിലാക്കുന്നത്, അതിനപ്പുറം അവര്‍ക്കു പോലും തിരിച്ചറിയാന്‍ കഴിയാത്തതും അപ്രസക്തവുമായ കാര്യങ്ങളാണ് നിറയുന്നത്. അതോടെ കാലികമായ ഒരു പംക്തിയില്‍ പരാമര്‍ശിക്കപ്പെടുക എന്നതു മാത്രം വിഷയമാവും. അതു കൈകാര്യം ചെയ്യുന്നയാള്‍ ‘ഗുരുവും’ ‘സര്‍വജ്ഞ‘നുമൊക്കെയായി മാറും. അയാള്‍ പറയുന്നതിലെ സങ്കുചിതത്വമോ അയാളുടെ ആസ്വാദനപരമായ പരിമിതിയോ വിഷയമല്ലാതെയാവും. ‘വാരഫലം’ തുടങ്ങിവച്ച ഒരു ശീലത്തിന്റെ പരിണതിയാണിത്. ഒരു പംക്തിയുടെ കൈകാര്യ കര്‍ത്താവ് സ്വയം അത്തരക്കുപ്പായമെടുത്തണിഞ്ഞാല്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്കാണ് അടുത്തകാലത്ത് നാം സാക്ഷ്യം വഹിച്ചത്. ഉച്ചാരണം ഏകപക്ഷീയമായി തിരുത്താന്‍ എം കൃഷ്ണന്‍ നായര്‍ കാണിച്ച ഉത്സാഹത്തിന്റെ കാലാനുക്രമിയായ പരിണാമങ്ങള്‍ കാതോര്‍ത്താല്‍ ഹരികുമാറിന്റെ വാക്യങ്ങളിലെമ്പാടും കാണാം. അദ്ദേഹം മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഉപദേശിക്കുന്നു. കൃതി, തനിക്ക് ഒന്നും നല്‍കിയില്ലെന്ന് വലിപ്പം പറയുന്നു. (അല്ല, ഒരു പംക്തികാരന് അയാള്‍ നിരൂപകന്‍ തന്നെ ആയിക്കോട്ടെ, എന്തെങ്കിലും നല്‍കുക എന്നത് രചനാവേളയില്‍ ഏതെങ്കിലും രചയിതാവിനെ ഉലയ്ക്കുന്ന പ്രശ്നമാവുമോ?) തന്നെ കേന്ദ്രമാക്കി നീങ്ങുന്ന എഴുത്ത് ഒരു അപചയമാണ്, പ്രത്യേകിച്ചും നിഷ്പക്ഷത (?) അനുശീലനമാകേണ്ട ബൌദ്ധികവ്യവഹാരങ്ങളില്‍. അല്ലെങ്കില്‍ അതിവൈകാരികത മാത്രം തിന്ന് അജീര്‍ണ്ണം പിടിച്ച ഒരു ആത്മരതിക്കാരന്റെ ചിത്രമായിരിക്കും ജനമനസ്സുകളില്‍ കാലങ്ങള്‍ക്കു ശേഷം അനാച്ഛാദനം ചെയ്യപ്പെടുക.


കഥ അവസാനിക്കുന്നില്ല. മാധ്യമം ആഴ്ചപ്പതിപ്പില്‍ അടുത്തകാലത്ത് ആരംഭിച്ച ഒരു പംക്തിയാണ് ‘ഗട്ട് വ്യൂ’. എഴുതുന്നത് പ്രഭു നിരഞ്ജന്‍. വായനയുടെ പരിമിതി കൊണ്ടാവാം, നേരത്തെ പരിചയമുള്ള ആളല്ല. തൂലികാനാമവുമായിക്കൂടെന്നില്ല. പത്രസ്ഥാപനങ്ങളുടെ ഒരഹങ്കാരമിവിടെയുണ്ട്. അപ്പം തിന്നാല്‍ മതി കുഴിയെണ്ണണ്ടാ എന്ന മട്ട്. അല്ലെങ്കില്‍ ഒരു സ്ഥിരം പംക്തി കൈകാര്യം ചെയ്യുന്നയാളെ അയാളുടെ യോഗ്യത അറിയിക്കാനെങ്കിലും നാമമാത്രമായ പരിചയപ്പെടുത്തല്‍ വേണ്ടതല്ലേ, അയാള്‍ മേതിലിനെ പോലെ പരിചിതനല്ലാത്ത സ്ഥിതിയ്ക്ക്? വില കൊടുത്തല്ലേ നാം വാരിക വാങ്ങുന്നത്? ഏതുദ്യോഗത്തിനും യോഗ്യത മാനദണ്ഡമാണല്ലോ ഇപ്പോള്‍. അതുപോട്ടെ. എഴുത്തിലൂടെ പരിചയപ്പെട്ടാല്‍ മതി എന്നൊരു മുടന്തന്‍ ന്യായത്തില്‍ പത്രസ്ഥാപനത്തിനൊപ്പം നമുക്കും ചുരുണ്ടുകൂടാമെന്നു വയ്ക്കുക. ഇതെഴുതുമ്പോഴേയ്ക്കും നാലു ലക്കങ്ങള്‍ പിന്നിട്ട ഗട്ട് വ്യൂ രൂപഭാവങ്ങളില്‍ പിന്‍പറ്റുന്നത് പഴയ ‘വാരഫല‘ത്തെ തന്നെ. ‘പുതിയ രചനകളുടെ രസമാപിനി’ എന്നായിരുന്നു പരസ്യവാചകം. ‘ഏതു തരത്തിലുള്ള സര്‍ഗാത്മകതയിലും പ്രസക്തമാവുന്നത് ചങ്കൂറ്റത്തിന്റെ വികാരമാണെ‘ന്ന റിച്ചാര്‍ഡ് ഷെഹ്നറുടെ പ്രകടന സിദ്ധാന്തത്തിലെ വാക്യമാണ് പഞ്ച് ഡയലോഗ്. ധൈര്യം പൊളിച്ചെഴുത്തിനുള്ളതാണെങ്കില്‍ അതു അപരാധമാണെന്ന സൂചനയാണ് മലയാള സാഹിത്യ നിരൂപണ വാചകങ്ങളില്‍ കിടന്നു കളിക്കുന്നത്. ആനന്ദിന്റെ പരിണാമത്തിന്റെ ഭൂതങ്ങളെ നോവലെന്നു വിളിക്കുന്നതില്‍ അദ്ദേഹത്തിനുള്ള ഇണ്ടല്‍ വ്യക്തമാണ്. ഈ ഇണ്ടല്‍ ആനന്ദിന്റെ കൃതിയുടെ ആദ്യഭാഗം പ്രസിദ്ധീകരിച്ച ഭാഷാപോഷിണി എന്ന മാസിക വാങ്ങിച്ചവര്‍ക്കും പിന്നീട് പുസ്തകം വാങ്ങിച്ചവര്‍ക്കുമുണ്ടെന്ന് ഏകപക്ഷീയമായി അദ്ദേഹം പ്രഖ്യാപിക്കുകയാണ്. അവരെല്ലാവരും കൂടി അദൃശ്യനായ ‘പ്രഭു നിരഞ്ജനെ‘ തങ്ങളുടെ പ്രതിനിധിയായി തെരെഞ്ഞെടുത്തോ? എന്നായിരുന്നു സംഭവം? മലയാളത്തില്‍ പ്രസിദ്ധീകരിച്ച ശ്രീബാലാ കെ മേനോന്റെ കഥ സാനിട്ടറി നാപ്കിനാണ്. കലാമൌമുദിയിലെ കമലാഹാസന്റെ രചന വ്യാജഗര്‍ഭമാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഡേവിഡ്ജി കോഡ് ‘തെര്‍മ്മോക്കോള്‍ ചവച്ച അനുഭവമാണു തരുന്നത്. ബാബു ഭരദ്വാജിന്റെയും ബാബു കുഴിമറ്റത്തിന്റെയും കാലിക രചനകള്‍ രണ്ടും ‘ഹാര്‍ഡ് വെയറിനു ചേരാത്ത സോഫ്റ്റ് വെയറുകള്‍‘. ഇങ്ങനെ പോകുന്നു വിലയിരുത്തലുകള്‍. മേതിലിന്റെ കുറിപ്പുകളും റഫീക് അഹമ്മദിന്റെ ഒരു കവിതയുമാണ് കൊടിയേറ്റം ഗോപിയുടെ അഭിനയവുമാണ് ആകെ കൊള്ളാവുന്നതായി ഇതുവരെ അവതരിക്കപ്പെട്ട മലയാളമൂല്യങ്ങള്‍.

തന്റേടത്തെ ഘോഷിക്കുന്ന പരസ്യവാചകവുമായി വന്ന പംക്തി രൂപത്തിലും ആഖ്യാനഘടനയിലും ‘തന്റെ (മൌലികമായ)ഇടം’ ആണോ നിര്‍മ്മിച്ചുവച്ചിരിക്കുന്നത് എന്നാലോചിക്കുന്നത് കൌതുകകരമായിരിക്കും. ഒപ്പം അതു ചിലതരം തന്റേടങ്ങള്‍ക്കു ചുറ്റും എങ്ങനെ കറങ്ങുന്നു എന്നു നോക്കുന്നതും. വിദേശ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും പേജുകള്‍ നീക്കി വച്ചിട്ടാണ് പുതിയ രചനകളുടെ രസമാപിനി, ഒന്നോരണ്ടോ വാക്യങ്ങളില്‍ മലയാള രചനകളെ വെട്ടി നിരത്തുന്നത്. ആലോചിച്ചാല്‍ ഇതെളുപ്പപ്പണിയാണ്. കൂറ്റ്സിയുടെയോ, പിക്കാസയുടെയോ ബാര്‍ത്തിന്റെയോ കൃതികളുടെ വിമര്‍ശനങ്ങളും വിമര്‍ശനങ്ങളുടെ വിമര്‍ശനങ്ങളും എത്രവേണമെങ്കിലും കിട്ടും. പുസ്തകമായിട്ടും, നെറ്റിലൂടെയും മറ്റും. അതല്ല മലയാള പുതു രചനകളുടെ സ്ഥിതി. അവയെപ്പറ്റി എന്തെങ്കിലും എഴുതണമെങ്കില്‍ കുറേ നേരമെങ്കിലും അവയ്ക്കു ചുറ്റും മനസു ചലിപ്പിക്കണം. അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ലതാനും. ഇംഗ്ലീഷു പുസ്തകങ്ങളിലെ ആശയങ്ങള്‍ സ്വന്തം രീതിയില്‍ എഴുതിവച്ച എം പി പോളിനു കിട്ടിയ ഗരിമയില്ലായിരുന്നു സ്വന്തം യുക്തികളെ പിന്തുടര്‍ന്ന മാരാര്‍ക്ക്. അതാണ് മലയാളി സമൂഹം. അത്ര പെട്ടെന്നൊന്നും അക്കരപ്പച്ച മനോഭാവത്തില്‍ നിന്നും, കപടനാട്യങ്ങളില്‍ നിന്നും നാം രക്ഷപ്പെടില്ല.

ചോദ്യം ഇതാണ്, വാദത്തിനു വേണ്ടി അക്ഷരജാലകമെഴുതുന്നയാളും ഗട്ട് വ്യൂവിന്റെ രചയിതാവും മൌലികമായ പ്രതിഭയുള്ളവര്‍ എന്നു സമ്മതിച്ചാല്‍ തന്നെ എന്തുകൊണ്ട് ഈ പംക്തികള്‍ സുവിദിതമായ ഒരു പൂര്‍വമാതൃകയെ സ്വന്തം പരിമിതികളോടെ പിന്‍പറ്റുന്നു എന്നുള്ളതാണ്. സ്വന്തം വായനാശേഷിയും ഭാവനയും ബുദ്ധികൂര്‍മ്മതയുമൊക്കെ ഉപയോഗിച്ച് ‘അപൂര്‍വ‘മായ (മുന്‍പില്ലാത്ത) ഒരു മാതൃക സൃഷ്ടിക്കാന്‍ എന്തേ ഈ പ്രതിഭാശാലികള്‍ മുതിര്‍ന്നില്ല? കാരണം വ്യക്തമാണ്, വാരഫലത്തില്‍ നാം കണ്ട വാടലുകളാണ് പൊതു സമൂഹത്തിനു പഥ്യം. അല്ലാതെ അപൂര്‍വ വസ്തുക്കളുടെ തനിമയല്ല. ബൌദ്ധിക ജീവിതത്തില്‍ പോലും മേല്‍പ്പറഞ്ഞ പ്രതിലോമതകള്‍ താലോലിക്കപ്പെടുന്നു എന്നത് ദുരന്തമാണ്. എങ്കിലും നമ്മളതു വാങ്ങുന്നു. അപ്പോള്‍ വേണ്ടത് നമുക്ക് കാലാകാലം ലഭിക്കുന്നു. വാരഫലത്തിന്റെ രൂപത്തില്‍, അക്ഷരജാലകത്തിന്റെ രൂപത്തില്‍, ഗട്ട് വ്യൂവിന്റെ രൂപത്തില്‍. ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കാന്‍ പറ്റാത്ത രീതിയില്‍ ഉദാസീനരായതുകൊണ്ട് ചരിത്രം ആവര്‍ത്തിക്കാനായി ശപിക്കപ്പെട്ടിരിക്കുന്നു. പ്രേതങ്ങള്‍ അലയും മുറയുമിട്ട് അഴിഞ്ഞാടുന്നു !

തുടരില്ല അഥവാ തീര്‍ന്നു

February 10, 2008

പ്രേതങ്ങളുടെ ജിംനേഷ്യം !

ഒന്ന് 

ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാഹിത്യരചനകളെ രൂക്ഷമായ സ്വരത്തില്‍ അപലപിക്കുക എന്ന കര്‍ത്തവ്യമാണ് സാമാന്യേന ‘സാഹിത്യവാരഫലം’ ചെയ്തിരുന്നത്. മലയാളത്തില്‍ ചെറുചലനമെങ്കിലുമുണ്ടാക്കിയ, മെച്ചപ്പെട്ടത് എന്ന നിലയില്‍ പിന്നീട് ചര്‍ച്ചയ്ക്കു വിധേയമായ, കൃതികളെയൊക്കെ അസാമാന്യമായ മെയ്‌വഴക്കത്തോടെ ‘വാരഫലം’ തള്ളിപ്പറഞ്ഞിരുന്നു. സിതാരയുടെ ‘അഗ്നി’ അതിന് ‘ജുഗുപ്സാവഹ‘മായിരുന്നു. ‘വമനേച്ഛ ഉളവാക്കിയ മറ്റൊരു കഥയാണ്, എന്‍ എസിന്റെ ‘മകള്‍ ഒരു സ്ത്രീ’. സുഭാഷിന്റെ ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം വിലയിരുത്തപ്പെട്ടത് ‘ ശൂ... എന്ന് ചീറ്റിപ്പോയ കഥ’ യായിട്ടാണ്. വളരെ പരിമിതമായ ഭാവുകത്വം കൊണ്ടാണ് കാലികസാഹിത്യം നിരീക്ഷിക്കപ്പെട്ടത്. പേര് സാഹിത്യവാരഫലം എന്നായിരുന്നുവെങ്കിലും വാരാവാരം പ്രത്യക്ഷപ്പെടുന്ന പുതു സാഹിത്യത്തെ കൃത്യമായി വിലയിരുത്തുന്ന പംക്തിയൊന്നുമായിരുന്നില്ലത്. ചില രചനകളെക്കുറിച്ച് വാരഫലം അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദത ശീലിച്ചു. ഒരു കൃതി മോശമാണെന്നു വരുത്തിതീര്‍ക്കാന്‍ ലോകക്ലാസിക്കില്‍ നിന്ന് പ്രത്യക്ഷ ബന്ധമൊന്നുമില്ലാത്ത, ഉദാഹരണങ്ങളെടുത്തു. ചില മൌലിക കൃതികളെ മോഷണക്കുറ്റം ആരോപിച്ചു കെട്ടി താഴ്ത്തി. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അദ്ഭുതം തോന്നും. വേറിട്ട വഴികളെ തിരിച്ചറിയാനോ വരും കാലത്തെ നിര്‍വചിക്കാനോ കഴിയാതെ ഇത്രയധികം ജനപ്രിയതയോടെ ഒരു ‘നിരൂപണ’ പംക്തി എങ്ങനെ ഓടി? അത് തിരിച്ചറിയാനുള്ള കാലദൈര്‍ഘ്യം ഉണ്ടായിരുന്നിട്ടു കൂടി സമൂഹം ബോധപൂര്‍വം ആ വശം അവഗണിച്ചതെങ്ങനെ? വാരികകള്‍ മാറിയിട്ടും വേഷം മാറാത്ത, സാഹിത്യവാരഫലത്തെ ആവേശത്തോടെ കൊണ്ടു നടന്നു വായിച്ച സമൂഹം എന്താണ് സാഹിത്യവാരഫലത്തില്‍ തേടിയിരുന്നത്? പ്രത്യേകിച്ചൊന്നും ചെയ്യാതെ ഒരാളുടെ തലയ്ക്കു മുകളില്‍ കയറിയിരിക്കാനുള്ള കുറുക്കുവഴിയാണ് പരദൂഷണം. കുറ്റം പറച്ചില്‍ നമ്മുടെയുള്ളിലെ അധമബോധത്തെ സംതൃപ്തമാക്കും. വിദ്യാഭ്യാസം നേടിയതോടെ ഇല്ലാത്തത് എന്താണെന്ന് അറിയാം വേണ്ടതെന്താണെന്ന് അറിയില്ല എന്ന മട്ടില്‍, വല്ലാത്തൊരു ഇച്ഛാഭംഗത്തിനു വിധേയരായി തരിച്ചു നില്‍ക്കുന്ന ജനത്തിനെയാണ് ‘സാഹിത്യവാരഫലം’ ഫലത്തില്‍ അഭിസംബോധനചെയ്തത്. അതിലളിതവത്കരണം എന്ന സംഗതിയെ ഫലപ്രദമായി ആ പംക്തി നടപ്പിലാക്കി. അതുകൊണ്ടൊരു പ്രശ്നമുണ്ട്. വായനയിലൂടെയുള്ള പ്രബുദ്ധത എന്ന ഘടകത്തെ എളുപ്പം റദ്ദു ചെയ്യാം. പൊതു സമൂഹം തങ്ങളെ പൊതിഞ്ഞുനില്‍ക്കുന്ന, മാറുന്ന പ്രത്യയശാസ്ത്രങ്ങളുടെ സൂക്ഷ്മമായ വശങ്ങള്‍ പിടിച്ചെടുക്കേണ്ടതില്ല, പകരം അവര്‍ക്കു മനസ്സിലാവുന്ന പരിമിതമായ പദാവലിയിലേയ്ക്ക് ഏതു വമ്പന്‍ ആശയത്തെയും ചുരുക്കിക്കെട്ടിക്കൊടുത്താല്‍ മതിയാവും എന്നു നിശ്ചയിക്കപ്പെട്ടു. കൈപിടിച്ചുയര്‍ത്തുക എന്നതിനു പകരം സ്ഥിരമായി കുഴിയില്‍ തന്നെ നിര്‍ത്തിയിരിക്കുക സന്തോഷിപ്പിക്കാന്‍ ആവശ്യത്തിനുള്ള ഭക്ഷണപ്പൊതികള്‍ കെട്ടിയിറക്കിക്കൊടുക്കുക എന്നു സാരം. കേസരിയെയും എം ഗോവിന്ദനെയും വെറുതേയൊന്ന് ഓര്‍ത്തുനോക്കുക. തകഴിയുടെ റിയലിസവും ചങ്ങമ്പുഴയുടെ കാല്‍പ്പനികതയും മനസ്സിലാക്കാന്‍ കേസരി അരങ്ങൊരുക്കിയിരുന്നു. വിവര്‍ത്തനങ്ങളിലൂടെ. വിദേശഗ്രന്ഥങ്ങളുടെ പരിചയപ്പെടുത്തലിലൂടെ. ‘ആള്‍ക്കൂട്ടം‘ പോലൊരു പുസ്തകത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിയാന്‍ 25 വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ ഗോവിന്ദനു കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. അതേ സമയം ഖസാക്കിനെപ്പോലും ഒരു ഹിന്ദി നോവലിന്റെ അനുകരണമെന്നമട്ടില്‍ അവതരിപ്പിക്കുകയാണ് ‘വാരഫലം ‘ ചെയ്തത്. മലയാളകൃതികള്‍ അനുകരണങ്ങള്‍ മാത്രമാണെന്ന പുച്ഛത്തെ അരക്കെട്ടുറപ്പിക്കാന്‍ ഇല്ലാത്ത വിദേശസാഹിത്യകാരന്മാരുടെ പേരുകള്‍ പോലും ഉദ്ധരിക്കപ്പെട്ടു ! (എന്‍ എസ് മാധവനുമായുള്ള വിവാദം ഓര്‍ക്കുക). ചുരുക്കത്തില്‍ മലയാളിസമൂഹത്തിന്റെ ഭാവുകത്വത്തെ നവീകരിക്കുക, ആസ്വാദനബോധത്തെ വിസ്തൃതമാക്കുക തുടങ്ങിയ ഒരു കടമയും ഏറ്റെടുത്തല്ല സാഹിത്യവാരഫലം മുന്നോട്ടു പോയത്. അപ്പോള്‍ എന്തിനായിരുന്നു, വാരഫലത്തിന്റെ’ എറ്റവും വലിയ ഗുണവും ആകര്‍ഷണവുമായി ചൂണ്ടിക്കാട്ടുന്ന ‘വിദേശസാഹിത്യ പരിചയങ്ങള്‍’? ഒരു വ്യക്തിയുടെ വിദേശ സാഹിത്യപരിചയം എത്ര വിപുലമാണെന്ന് പറഞ്ഞ് സ്വകാര്യസദസ്സുകളില്‍ ഊറ്റം കൊള്ളിന്നിടത്ത് അവസാനിക്കട്ടേ നമ്മുടെ സാഹിത്യ ചര്‍ച്ചകളെന്നോ? (അവസാനിക്കുന്നില്ല അഥവാ തുടരും)

February 4, 2008

പറഞ്ഞതും പറയാത്തതുമായ കഥകള്‍


ഇന്ത്യന്‍ ജനപ്രിയ ചലച്ചിത്രങ്ങളില്‍ ‘രാമായണ ഫോര്‍മുല‘ യ്ക്കൊപ്പം പ്രസക്തമായ മറ്റൊരു പ്രമേയഘടന കൂടിയുണ്ട്. അതും ഇതിഹാസ പ്രയുക്തവും പ്രാദേശികഭേദങ്ങളാല്‍ പല തരത്തിലുള്ള നിറങ്ങള്‍ പകര്‍ന്നു കിട്ടിയിട്ടുള്ളതുമായ കഥാതന്തുവാണ്. ഒറ്റദിവസം കൊണ്ട് ജീവിതം മാറിമറിയുകയെന്ന ‘കുചേലകഥ‘യിലെ ആശയത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. ദാരിദ്ര്യം മുഖ്യവിഷയമായ ഒരു ജനസമൂഹത്തിന് ഈ വിഷയം എത്രമേല്‍ പഥ്യമായിരിക്കുന്നു എന്നത് വിശദീകരിക്കാന്‍ വേറെ ഉപന്യാസങ്ങള്‍ ആവശ്യമില്ല. ഹിന്ദിയുള്‍പ്പടെയുള്ള ഇന്ത്യന്‍ സിനിമകളില്‍ ഈ പ്രമേയം പല തരത്തില്‍ ആവിഷ്കാരം നേടിയിട്ടുണ്ട്. രജനീകാന്ത് സിനിമകള്‍ക്കു പിന്നിലെ വമ്പിച്ച ജനപ്രീതിയെ ‘കുചേലവൃത്തം ഫോര്‍മുല’യെ ഒളിഞ്ഞോ തെളിഞ്ഞോ സഹായിച്ചിരിക്കുന്നതു കാണാം. നിമിഷാര്‍ദ്ധം കൊണ്ട് കുചേലനുണ്ടായതായി പറയപ്പെടുന്ന ജീവിതമാറ്റത്തെ ഫ്രീസു ചെയ്തു നിര്‍ത്തി അപഗ്രഥിച്ചുകൊണ്ട് ഗൌരവമുള്ള സിനിമകളും മറ്റൊരു തരത്തില്‍ ഈ വിഷയത്തെ സ്വാംശീകരിച്ചിട്ടുണ്ട്. രാമായണ-കുചേല കഥകള്‍ ഭാരതീയ സിനിമയില്‍ പൊതുവേയും മലയാള സിനിമയില്‍ പ്രത്യേകിച്ചും എതെല്ലാം തരത്തില്‍ ആവിഷ്കൃതമായെന്നും അതിനുണ്ടായ രാസപരിണാമങ്ങള്‍ എന്തൊക്കെയെന്നതും വിശദമായ ഒരു അന്വേഷണത്തിന്റെ മേഖലയാണ്.

അടുത്തകാലത്തിറങ്ങിയ ‘കഥ പറയുമ്പോള്‍’ എന്ന സിനിമ, ‘കുചേലവൃത്തം‘ ഇതിവൃത്തത്തെ ബാഹ്യഘടനയില്‍ തന്നെ പിന്‍‌പറ്റുന്നുണ്ട്. ഇവിടെ കുചേലവൃത്തം എന്ന പേരു തന്നെ ഉപയോഗിച്ചതു മനഃപൂര്‍വമാണ്. രാമപുരത്തുവാര്യരുടെ കുചേലവൃത്തത്തിന്റെ രചനയ്ക്കു പിന്നിലുള്ള കഥയ്ക്ക് ‘കുചേലകഥയുമായി നമ്മുടെ വാമൊഴിപാരമ്പര്യം കല്‍പ്പിച്ചുകൊടുത്തിരിക്കുന്ന താദാത്മ്യം അതിന്റെ ജനപ്രിയതയെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. തിരുവിതാംകൂറിന്റെ ഭരണാധിപനായ മാര്‍ത്താണ്ഡവര്‍മ്മയുടെ കാരുണ്യസ്പര്‍ശം വാര്യരുടെ ജീവിതത്തെ ഞൊടിക്കിടയില്‍ മാറ്റിമറിച്ചതാണ് അതിന്റെ കാതല്‍. സഹപാഠിയായ കൃഷ്ണന്റെ കാരുണ്യത്താല്‍ ജീവിതം മാറിമറിയുന്ന കുചേലന്റെ കഥയില്‍ വാര്യരെയും വാര്യരുടെ കഥയില്‍ നമ്മളെയും സങ്കല്‍പ്പിച്ചാണ് മറ്റേത് ആര്‍ക്കിടൈപ്പുകളെയും പോലെ ഈ പ്രമേയവും മലയാളി ‘സൈക്കി‘ല്‍ സാഫല്യം നേടുന്നത്. പത്താം നൂറ്റാണ്ടിനു തൊട്ടു മുന്‍പു വരെ അലഞ്ഞു തിരിഞ്ഞു നടക്കുകയും പിന്നെ കൃഷിയിലൂടെ വളരെ വ്യത്യസ്തമായ ജീവിതക്രമത്തിലേയ്ക്കു പ്രവേശിക്കുകയും അതിനുശേഷം പ്രവാസം ഒരു ചാരിതാര്‍ത്ഥ്യമായി ആത്മാവിലണിയുകയും തുറന്നിട്ട ചന്തകളുടെ വിലോഭനീയതയില്‍ ലയിച്ച് സ്വയം മറക്കുകയുംചെയ്യുന്ന ഒരു സമൂഹത്തിന്റെ അബോധഘടനയില്‍ മാന്ത്രികസ്പര്‍ശമുള്ള മാറ്റങ്ങള്‍ക്ക് ചുണ്ടു പിളര്‍ത്താനുള്ള അഭിനിവേശം നിഹിതമാണ്. അങ്ങനെ ചരിത്രവുമായും ഈ ത്വരയെ ബന്ധിപ്പിച്ചുകൂടായ്കയില്ല.

‘കഥ പറയുമ്പോള്‍’ വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളില്‍ എത്തിപ്പെട്ട സഹപാഠികളെ അഭിമുഖം നിര്‍ത്തിയാണ് പുരോഗമിക്കുന്നത്. ദാരിദ്ര്യമാണ് പശ്ചാത്തലം. ഭൂതകാലത്തില്‍ ഇന്നത്തെ താരരാജാവ് അശോക് ദാരിദ്ര്യം കൊണ്ടു വഴിമുട്ടി നിന്നവനാണ്. വര്‍ത്തമാനകാലത്തില്‍ ദാരിദ്ര്യം പിഴിയുന്നത് അന്നത്തെ രക്ഷാകര്‍ത്താവായ ബാലനെയാണ്. അശോക് രാജിന്റെ ജാതി വ്യക്തമല്ല. എന്നാല്‍ ബാലന്‍ അവര്‍ണ്ണനാണ്, ആദ്യരംഗത്തില്‍ തന്നെ അക്കാര്യം അയാള്‍ വ്യക്തമാക്കുന്നു. തമിഴ് സിനിമയിലെ പ്രഭുദേവ - അരവിന്ദസ്വാമി ദ്വന്ദ്വങ്ങളെ പഠിച്ച ഡി എം നാഗരാജിന്റെ വഴി തുടര്‍ന്ന് മമ്മൂട്ടി, ശ്രീനിവാസന്‍ എന്നീ നടന്മാരുടെ ശാരീരികചേഷ്ടകളും മാനറിസങ്ങളും കഥാപാത്രങ്ങള്‍ക്കുള്ള സ്വഭാവവിശേഷങ്ങളും അപഗ്രഥിച്ചും പ്രകടമായ ജാതി പരാമര്‍ശമില്ലെങ്കില്‍ കൂടി മേല്‍ക്കോയ്മാ-കീഴാള വാസ്തവങ്ങള്‍ സിനിമയില്‍ ആവിഷ്കാരം നേടുന്നതെങ്ങനെയെന്ന് ആലോചിക്കാവുന്നതാണ്. ബാര്‍ബറായ ബാലന്‍ ഒരു പാട് അപമാനങ്ങള്‍ സിനിമയില്‍ എറ്റുവാങ്ങുന്നുണ്ട്. അതെല്ലാം തന്റേതു മാത്രമായ തെറ്റായി സ്വയവും മറ്റുള്ളവരാലും വിലയിരുത്തപ്പെടുന്നു. അതേ സമയം തനിക്കെതിരേയുള്ള നിസ്സാര പരാമര്‍ശം പോലും താരരാജാവിനെ (രാജാവ് എന്ന പരാമര്‍ശം ശ്രദ്ധേയം!) അസ്വസ്ഥനുമാക്കുന്നതു കാണാം. ഇതെല്ലാം രാജാവും യാചകനും തമ്മിലുള്ള വ്യത്യാസങ്ങളെ പ്രകടമായി തന്നെ അടയാളപ്പെടുത്തുന്നുണ്ടെന്നു കാണാം. കുചേല കഥയിലെ ക്ഷത്രിയ - ബ്രാഹ്മണ മൂലകങ്ങള്‍ കാലാനുസാരിയായി സിനിമയില്‍ എങ്ങനെ മാറി മറിയുന്നു എന്നു വ്യക്തമാക്കാനാണ് ഇത്രയും പറഞ്ഞത്. സുദാമാവിന്റെ അവല്‍ക്കടം ഇവിടെ പ്രാഭൃതമാണ്. കടുക്കന്‍ ഊരിവിറ്റ കാശുകൊടുത്താണ് ബാലന്‍ പ്രകാശിനെ മദിരാശിയിലേയ്ക്ക് അയയ്ക്കുന്നത്. ദാരിദ്ര്യത്തിന്റെ ദിനങ്ങളില്‍ അയാള്‍ക്ക് ആഹാരം നല്‍കുന്നുണ്ട്, അച്ഛനറിയാതെ മുടി മുറിച്ചു കൊടുക്കുന്നുണ്ട്.

25 വര്‍ഷം മുന്‍പുള്ള ഈ പരിചയത്തെ, അസാധാരണമാം വിധം നിരാശബാധിച്ച, ആത്മവിശ്വാസം തീരെയില്ലാത്ത, ബാലന്‍ ഒരിക്കലും വെളിവാക്കുന്നില്ല എന്നിടത്താണ് സിനിമയുടെ രസനീയത കുടുക്കിയിട്ടിരിക്കുന്നത്. ഒരു പക്ഷേ ഈ കഥ തുറന്നു പറയുന്നത് പരാജിതനായ ബാലനായിരുന്നുവെങ്കില്‍ എന്നാലോചിക്കുന്നത് രസകരമാണ്. അവ്യക്തമായിട്ടാണെങ്കിലും ബാലന്‍ സൂചിപ്പിക്കുന്ന സൌഹൃദകഥ അമ്പേ പരാജയപ്പെടുന്നിടത്തു് ശ്രീനിവാസന്‍ രചിച്ച തിരക്കഥയുടെ അസാധാരണമായ വിരുത് കാണാം. അയാളുടെ ഉയര്‍ച്ചയ്ക്ക് ആക്കമുണ്ടാക്കാനാണ് ആ അപമാനങ്ങള്‍. കഥ പറയേണ്ടത് ആരാണ് എന്നതാണ് ചോദ്യം. ജീവിതത്തില്‍ വിജയിച്ച പ്രകാശോ പരാജിതനായ ബാലനോ ? എത്ര ആഴത്തിലുള്ള ബന്ധമാണ് തനിക്ക് പ്രകാശുമായിട്ടുള്ളത് എന്ന് ബാലന്‍ ഒരിക്കലും വെളിപ്പെടുത്തുന്നില്ല, ഭാര്യയോടു പോലും. പ്രകാശാണ് അതോര്‍ത്തു പറയുന്നത്, അതാണ് നിര്‍ണ്ണായകമാവുന്നതും. കുചേലവൃത്തത്തിലേയ്ക്കു പോകാം. ദ്വാരകയില്‍ താന്‍ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന ആശങ്കയാണ് കുചേലന്‍ വഹിക്കുന്നത്. കഥകള്‍ ഓര്‍ത്തെടുക്കുന്നത് കൃഷ്ണനാണ്. കുചേലപത്നി കൃഷ്ണനെ കാണാന്‍ പോകുന്നതിനു സുദാമാവിനു പ്രചോദനമാവുന്നതു പോലെ ഇവിടെ ബാലന്റെ ഭാര്യയുണ്ട്. ബാലനെപ്പോലെ ഉള്‍വലിയുന്ന സ്വഭാവം അവര്‍ക്കില്ല. ഭൌതികസുഖങ്ങളില്‍ (അത്ര പ്രകടമല്ലെങ്കിലും ) പ്രലോഭനീയയുമാണ്. പാത്രങ്ങള്‍ വീണുടയുന്നതിനെപ്പറ്റി ഒന്നിലധികം തവണ സിനിമയില്‍ പരാമര്‍ശമുണ്ട്. ഉത്തമഭാര്യയായ ഉപദേഷ്ടാവിന്റെ ഭാഗം നല്‍കി രചയിതാവ് അവരെ വാര്‍ണീഷ് ചെയ്തിട്ടുണ്ടെങ്കിലും അമര്‍ത്തിപ്പിടിച്ച വിദ്വേഷത്തിന്റെ അല അവരിലുണ്ട് എന്നു വ്യക്തം. നിറം പിടിപ്പിച്ച കല്‍പ്പനകളില്‍ അവര്‍ അഭിരമിക്കുന്നുണ്ട്. കള്ളം പറയുന്നുണ്ട്. അയല്‍പ്പക്കങ്ങളിലേയ്ക്ക് ചുഴിഞ്ഞു നോക്കുന്നുണ്ട്.

സത്യത്തില്‍ താരരാജാവിന്റെ മാന്ത്രിക സ്പര്‍ശം വ്യത്യസ്തനും പ്രായോഗിക ജീവിതത്തില്‍ വട്ടപ്പൂജ്യവും ‘കാലഹരണപ്പെട്ട‘വനുമായ ബാലന്റെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സിനിമ അര്‍ത്ഥഗര്‍ഭമായ മൌനത്തിലാണ്. പ്രകാശുമായി പരിചയമുണ്ടെന്ന, പ്രത്യക്ഷമായ അടിസ്ഥാനമൊന്നുമില്ലാത്ത അറിവ് നാട്ടുകാരില്‍ ഉണ്ടാക്കിയ ബഹുമാനാദരങ്ങള്‍ ‘ഇത്രയൊക്കെ‘യുണ്ടെങ്കില്‍ (അതു സിനിമയിലുണ്ട്) താരരാജാവില്‍ നിന്നു തന്നെ തെളിവു കിട്ടിയ സ്ഥിതിയ്ക്ക് അതെത്ര ഡിഗ്രിയില്‍ ഉയരും എന്ന അര്‍ത്ഥാപത്തിയിലാണ് സിനിമ അവസാനിക്കുന്നത്. അതൊരു ഊഹം മാത്രമാണ്. മാത്രമല്ല, ‘ഇനി നീയിവിടെ താമസിക്കേണ്ടെന്ന്‘ അശോക് ആജ്ഞാപിക്കുന്നു. അതായത് നാട്ടിലേയ്ക്ക് തിരിച്ചുപോവുക, വരും കാലങ്ങളില്‍ പ്രകാശിന്റെ തണലില്‍ ജീവിക്കുക. കുട്ടിക്കാലത്തെ നിസ്സാര സഹായങ്ങള്‍ക്കു പകരം സമ്പന്നമായ ഭാവി. ഒരു പിടി അവലിന് പകരം വമ്പിച്ച സമ്പത്ത്.. അങ്ങനെ.... നമ്മളിവിടെ ആലോചിക്കാന്‍ മിനക്കെടാതിരിക്കുന്ന ഒരുകാര്യമുണ്ട്. അശോക് എന്ന രക്ഷാകര്‍ത്തൃത്വത്തിന്റെ കീഴിലുള്ള വാസം ബാലന്‍ എന്ന അഭിമാനിയായ (അയാളുടെ അഭിമാനത്തെക്കുറിച്ചുള്ള പരാമര്‍ശം എത്രവേണമെങ്കിലുമുണ്ട്, സിനിമയില്‍. അത് അഭിമാനമല്ല ദുരഭിമാനമാണെന്ന് അയാളുടെ ഭാര്യയുടെ കുറ്റപ്പെടുത്തുന്നുമുണ്ട് !‍) മനുഷ്യന് എത്രത്തോളം അഭികാമ്യമായിരിക്കും എന്നതാണ്. അത് അഭിലഷണീയമായ ജീവിതം തന്നെയായിരിക്കുമോ? ഇത്തരം ഒരു ആശ്രിതത്വമാണോ മായാപിഞ്ഛികയുഴിഞ്ഞ് വിധി, മഹത്തായ സൌഭാഗ്യമെന്ന മട്ടില്‍ ഈ പാവത്തിനായി നീക്കി വച്ചിരുന്നത്?

ആശ്രിതത്വം ഹിതകരമാകുന്നത്, രാജവാഴ്ചയിലും ഫ്യൂഡലിസത്തിന്റെ മരത്തണലിലുമൊക്കെയാണ്. കുചേലവൃത്തത്തിലും രാമപുരത്തുവാര്യര്‍ ഐതിഹ്യത്തിലും പ്രഭുവിന്റെ പ്രീതിയല്ലാതെ രക്ഷപ്പെടാന്‍ മറ്റൊരു വഴിയില്ല. അതുകൊണ്ട് ഒരു ദരിദ്രന് യജമാനന്റെ സ്പര്‍ശം സ്വര്‍ഗതുല്യമായ അനുഗ്രഹമാകും. അവന്റെ/അവളുടെ സ്വപനങ്ങള്‍ രക്ഷാകര്‍ത്തൃത്വത്തെ ചുറ്റിയല്ലാതെ നീങ്ങുകയില്ല. എന്നാല്‍ അതു തന്നെയാണ് ജനായത്തവ്യവസ്ഥയിലെയും ഭാഗ്യം എന്നു വരുന്നത് അത്ര ആശാസ്യമായി തോന്നേണ്ട കാര്യമല്ല. എങ്കിലും നമുക്കതു തോന്നുന്നത് നമ്മുടെയുള്ളിലെ ആശ്രിതത്വം, വിധേയത്വം നമ്മുടെ തന്നെ ആത്മാഭിമാനങ്ങള്‍ക്കു മേല്‍ പിടിമുറുക്കുന്നതു കൊണ്ടാണ്. (സാമൂഹികമായ വ്യവഹാരങ്ങളിലെല്ലാം, സമ്മതിച്ചാലുമില്ലെങ്കിലും ഇതൊരു നിത്യയാഥാര്‍ത്ഥ്യമാണ് ) സമൂഹം ഒന്നിച്ചുകാണുന്ന സിനിമയെന്ന സ്വപ്നം നമുക്കുള്ളിലെ മാനസിക യാഥാര്‍ത്ഥ്യങ്ങളെ സ്വാഭാവികമായും ചെന്നു തൊടും. അല്ലാതെ അതിന് നിലനില്‍പ്പില്ല. നാടുവാഴിത്തത്തിന്റെ പ്രസാദവാത്സല്യങ്ങളില്‍ ഇനിയും പുലരാനാഗ്രഹിക്കുന്ന ശൈശവതുല്യമായ ആലസ്യം നമ്മെ ഇപ്പോഴും ഭരിക്കുന്നുണ്ടെന്ന സത്യമാണ് വാസ്തവത്തില്‍ ‘കഥ പറയുമ്പോള്‍’ എന്ന സിനിമ പറഞ്ഞ ‘കഥ‘. അതോടൊപ്പം നമ്മളാരെയോ രക്ഷിക്കാന്‍ പോകുന്നുവെന്ന സങ്കല്പം സൃഷ്ടിക്കാനും സിനിമ സൌകര്യമൊരുക്കുന്നു. അതായത് ഇരുട്ടുമുറിയിലിരിക്കുന്ന നമ്മള്‍ കൂടുതല്‍ സമയവും നമ്മേക്കാള്‍ മെച്ചപ്പെട്ട ഒരു രക്ഷകര്‍ത്താവിനെ കൊതിക്കുകയും കുറച്ചു സമയം രക്ഷാകര്‍ത്താവായി മറ്റാരെയോ രക്ഷിച്ച് അയാളുടെ ആശ്രിതത്വം പ്രതീക്ഷിച്ച് ചാരിതാര്‍ത്ഥ്യമടയുകയും ചെയ്യുന്നു എന്ന്. അശോകും ബാലനും അങ്ങനെ ഒരേ മനസ്സിന്റെ രണ്ടു വശങ്ങളാണ്. മാറിമാറി ഇവരുമായി താദാത്മ്യം പ്രാപിക്കാന്‍ അവസരമൊരുക്കിക്കൊണ്ടാണ് ഈ സിനിമ നമ്മളില്‍ നിന്ന് നല്ലവാക്കു പിടിച്ചു പറ്റിയത്. ആലോചിച്ചാല്‍ അതില്‍ ആശ്വസിക്കാന്‍ ഒന്നുമില്ലെങ്കിലും.

February 1, 2008

മഞ്ഞച്ചായം


ഒരു പട്ടണത്തില്‍ മഞ്ഞച്ചായം വില്‍ക്കുന്ന ഒരു വൈദ്യന്‍ ജീവിച്ചിരുന്നു. തല മുതല്‍ ഉപ്പൂറ്റി വരെ ആ ചായം തേയ്ക്കുന്ന ആളിന് അപകടങ്ങളില്‍ നിന്നും, പാപത്തിന്‍റ കെട്ടുപാടില്‍ നിന്നും, മരണഭയത്തില്‍ നിന്നും എന്നെന്നേയ്ക്കുമായി രക്ഷപ്പെടാം എന്നൊരു പ്രത്യേകത അതിനുണ്ടായിരുന്നു. വൈദ്യന്‍ അക്കാര്യം തന്‍റ പരസ്യക്കുറിപ്പില്‍ പ്രത്യേകമെഴുതിയിരുന്ന കാരണം പട്ടണത്തില്‍ എല്ലാവരും അതിനെക്കുറിച്ചുമാത്രം സംസാരിച്ചു. ശരീരത്തില്‍ കൃത്യമായി അതു പൂശുക എന്നതിനേക്കാള്‍ വലിയ മറ്റൊരത്യാവശ്യവും ആളുകള്‍ക്ക് ഇല്ലാതായി. മറ്റുള്ളവരെ ചായം പൂശിയവരായി കാണുക എന്നതായിത്തീര്‍ന്നു അവരുടെ വലിയ സന്തോഷം.

നല്ല കുടുംബത്തില്‍ ജനിച്ചവനെങ്കിലും ലക്ഷ്യമില്ലാത്ത ജീവിതം നയിക്കുന്ന, യുവത്വത്തിലേയ്ക്കു കാലൂന്നിയ ഒരുത്തന്‍ അതേ പട്ടണത്തിലുണ്ടായിരുന്നു. അവന് ചായത്തോടു പ്രത്യേക മതിപ്പൊന്നും തോന്നിയിരുന്നില്ല.
“നാളെ വളരെ അടുത്തായിപ്പോയി. മറ്റന്നാളാവട്ടെ...” അവന്‍ സ്വയം പറഞ്ഞു. പിറ്റേന്നും അതിന്‍റ പിറ്റേന്നും അവന്‍ അതു തന്നെ പറഞ്ഞുക്കൊണ്ടിരുന്നു. അവന്‍ ആ ആത്മഗതവും അലസതയും മരണം വരെ തുടരുമായിരുന്നു. പക്ഷേ അവന്‍റെ അതേ പ്രായവും പെരുമാറ്റ രീതികളുമുള്ള, ഒരു തുള്ളിപോലും ചായം ശരീരത്തില് പുരട്ടാതെ നടന്ന, അവന്‍റെ സുഹൃത്ത് പൊതുനിരത്തിലെ നടത്തത്തിനിടയ്ക്ക്, വെള്ളം കൊണ്ടു വരുന്ന വണ്ടിയിടിച്ച് പരലോകം പൂകി. ഇതു മറ്റേയാളിന്‍റ ആത്മാവിനെ വല്ലാതെ പിടിച്ചുകുലുക്കി. അതോടെ തന്‍റെ ശരീരത്തില്‍ ചായം തേയ്ക്കാന്‍ വെറും തീരുമാനമല്ല, ദൃഢമായ നിശ്ചയം തന്നെ അവന്‍ എടുത്തു. അന്നു വൈകുന്നേരം കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍, സംഗീതത്തിന്‍റ മന്ദ്രമായ ലയഭംഗിയില്‍‍, ഉറക്കെ വിങ്ങിക്കരഞ്ഞുകൊണ്ട് അവന്‍ ശരീരത്തില്‍ ഒന്നിനു പുറകെ ഒന്നായി മൂന്നുപ്രാവശ്യം ചായം തേച്ച്, മുകളില്‍ വാര്‍ണിഷ് ഇട്ടു. വൈദ്യന്‍ (അയാളും കണ്ണീരണിഞ്ഞിരുന്നു) ഇത്രമാത്രം പരിപൂര്‍ണ്ണമായി ഈ പണി താനൊരിക്കലുംചെയ്തിട്ടില്ല എന്നു പിന്നീട് ഏറ്റു പറഞ്ഞു.

ഏകദേശം രണ്ടു മാസങ്ങള്‍ക്കു ശേഷം ഒരു സ്റ്റ്റെച്ചറില്‍ കിടത്തിയ നിലയില്‍ അവനെ വൈദ്യന്‍റ അടുക്കലേയ്ക്കു കൊണ്ടു വന്നു. “എന്താണ്‌ ഇതിന്‍റയൊക്കെ അര്‍ത്ഥം?” മുറിതുറന്നയുടന്‍ അവന്‍ ഉറക്കെ ചോദിച്ചു. “ജീവിതത്തിലെ എല്ലാ അപകടങ്ങളില്‍ നിന്നും ഞാന്‍ മുക്തനാണെന്നാണ് വയ്പ്പ്. ഇവിടെ ഇതാ ഞാന്‍ പഴയ അതേ വെള്ളം വണ്ടി ഇടിച്ച് തരിപ്പണമായിരിക്കുന്നു. എന്‍റെ കാലൊടിഞ്ഞു !”

“കഷ്ടമായിപ്പോയി !” വൈദ്യന്‍ മൊഴിഞ്ഞു. “ എങ്കിലും എന്‍റെ ചായം പ്രവര്‍ത്തിക്കുന്ന രീതി ഞാനിപ്പോള്‍ നിനക്ക് വിശദീകരിച്ചു തരേണ്ടതാണെന്നു തോന്നുന്നു. എല്ലു പൊട്ടുക... അത് ഏറ്റവും മോശപ്പെട്ട അവസ്ഥയാണ്, എങ്കിലും ഏറ്റവും നിസ്സാരമായ കാര്യവുമാണ്. സുഹൃത്തേ, എന്‍റെ ചായത്തിന് ഒന്നും ചെയ്യാനാകാത്ത വിഭാഗത്തില്‍പ്പെട്ട ഒരു അപകടമുണ്ട്. അതാണ് പാപം! പാപമാണ് ബുദ്ധിയുള്ള മനുഷ്യനെ പിടികൂടിയിരിക്കുന്ന ഏറ്റവും വലിയ ആപത്ത്. അതിനെതിരെയാണ് ഞാന്‍ നിന്നെ സജ്ജനാക്കിയത്. നീ പ്രലോഭിതനായപ്പോള്‍, ആ പാപത്തിനെതിരെ എന്‍റെ ചായം നിനക്കു മുന്നറിയിപ്പു നല്‍കി.”

“എനിക്കതറിയില്ലായിരുന്നു..” യുവാവ് സങ്കോചത്തോടെ പറഞ്ഞു. “ വിഷമമുണ്ടെങ്കിലും, ഇതെല്ലാം നല്ലതിനാണെന്ന കാര്യത്തില്‍ എനിക്കിപ്പോള്‍ ഒരു സംശയവുമില്ല. ഒടിഞ്ഞ എന്‍റെ ഈ കാല്‍ ശരിയാക്കിത്തന്നാല്‍ താങ്കളോട് എനിക്കു കൂടുതല്‍ കടപ്പാടുണ്ടാവും.”
‘അതെന്‍റെ വിഷയം അല്ല.” വൈദ്യന്‍ പറഞ്ഞു. “നിന്നെ താങ്ങിക്കൊണ്ടു വന്നവര്‍ തെരുവിന്‍റെ മറ്റേയറ്റം വരെ പോകാന്‍ തയ്യാറാണെങ്കില്‍ അവിടെ ഒരു ശസ്ത്രക്രിയാ വിദഗ്ദനുണ്ട്. അയാള്‍ക്ക് നിന്‍റെ കാല്‍ എളുപ്പം നേരെയാക്കിത്തരാന്‍ കഴിയും.”

മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം യുവാവ് ഓടിക്കിതച്ച് വൈദ്യന്‍റെ അടുക്കലെത്തി. അയാള്‍ തീര്‍ത്തും പരിഭ്രാന്തനായിരുന്നു. “എന്താണ് ഇതിന്‍റെയൊക്കെ അര്‍ത്ഥം?” അവന്‍ നിലവിളിച്ചു. “ഞാന്‍ ഇവിടെ വച്ച് എല്ലാ പാപങ്ങളില്‍ നിന്നും മുക്തനായതാണ്. പക്ഷേ അതേ ഞാന്‍ കൊലയും കൊള്ളയും കൊള്ളിവയ്പ്പും നടത്തിയിരിക്കുന്നു !” അയാല്‍ നിന്നു കിതച്ചു.
“ഉം.....പ്രശ്നം ഗൌരവമുള്ളതാണ്.” വൈദ്യന്‍ പറഞ്ഞു. “വേഗം നിന്‍റെ വസ്ത്രങ്ങള്‍ മാറ്റുക.” അയാള്‍, അവനെ തല മുതല്‍ കാലു വരെ സസൂക്ഷ്മം പരിശോധിച്ചു. “ഭാഗ്യം!” ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടുകൊണ്ട് വൈദ്യന്‍ ആശ്വസിപ്പിച്ചു. “സന്തോഷവാനായിരിക്കുക .. ലവലേശം ചായം എങ്ങും ഇളകിപ്പോയിട്ടില്ല. നിന്‍റെ ശരീരത്തിലെ ചായം പുതിയതു പോലെ തന്നെയുണ്ട്.”
“ഈശ്വരാ...” അവന്‍ കരയും പോലെയായി. “ പക്ഷേ അതുകൊണ്ടെന്താണ്‌ പ്രയോജനം?”
“എന്താണൊന്നോ?” വൈദ്യന്‍ നെറ്റിചുളിച്ചു. “ ഉം.......എന്‍റെ ചായത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ സ്വഭാവം ഞാന്‍ നിനക്കു വിശദീകരിച്ചു തരേണ്ടതുണ്ടെന്നു തോന്നുന്നു. സത്യത്തില്‍ പാപത്തെ ചെറുക്കുകയല്ല ചായം ചെയ്യുന്നത്. പകരം പാപത്തിന്‍റെ ഫലമായ, വേദന നിറഞ്ഞ അനുഭവങ്ങളെ മയപ്പെടുത്തുകയാണ്. ഈ ലോകത്തിലും അതെ. പരലോകത്തിലും അതെ. ജീവിതത്തിന് എതിരായി ഉള്ളതല്ല ഇത് . ചുരുക്കത്തില്‍, മരണത്തിനെതിരെയാണ് ഞാന്‍ നിന്നെ സജ്ജനാക്കിയത്. നീ മരണത്തോടടുത്തപ്പോള്‍ നിനക്ക് എന്‍റെ ചായം മുന്നറിയിപ്പ് നല്‍കി.“

“എനിക്കതറിയില്ലായിരുന്നു.” യുവാവ് പറഞ്ഞു. “ഞാനിപ്പോള്‍ അല്പം കൂടി വിഷാദവാനാണ്. എങ്കിലും നിഷ്കളങ്കരായ ആളുകള്‍ക്കെതിരെ ഞാന്‍ ചെയ്ത പാതകങ്ങള്‍ അകറ്റാന്‍ താങ്കള്‍ എന്നെ സഹായിച്ചാല്‍ തീര്‍ച്ചയായും എനിക്കു കൂടുതല്‍ കടപ്പാട് അങ്ങയോടുണ്ടാകും.”
“അതെന്‍റെ ജോലിയല്ല.” വൈദ്യന്‍ അറിയിച്ചു. “ തെരുവിന്‍റ മറ്റേയറ്റത്തുള്ള പോലീസു് സ്റ്റേഷനില്‍ ചെന്നാല്‍ നിനക്കാവശ്യമായ പരിഹാരവും മനസ്സമാധാനവും ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്.”

ആറാഴ്ചകള്‍ക്കു ശേഷം വൈദ്യന് പട്ടണത്തിലെ ജയിലിലേയ്ക്ക് പോകേണ്ടിവന്നു.
“എന്താണിതിന്‍റെയൊക്കെ അര്‍ത്ഥം?” അയാളെ കണ്ടപാടെ പഴയ യുവാവ് ചോദിച്ചു. “നിങ്ങളുടെ ചായം അക്ഷരാര്‍ത്ഥത്തില്‍ എന്നെ മൊരിച്ചിരിക്കുകയാണ്. എന്‍റെ കാലൊടിഞ്ഞു, ചെയ്യരുതാത്ത, എല്ലാ തെറ്റുകളും ചെയ്തു. നാളെ എന്നെ തൂക്കിക്കൊല്ലാന്‍ പോകുകയാണ്. എനിക്കു പറയാനുള്ളതൊക്കെ പറയാന്‍ വാക്കുകള്‍ക്കു കഴിയുമോ എന്ന ഭയത്തിലുമാണ് ഞാന്‍.”
“സ്നേഹിതാ...” വൈദ്യന്‍ വിളിച്ചു. “ആശ്ചര്യം നിറഞ്ഞതാണ് നിന്‍റെ കഥ. ഒരു പക്ഷേ, നീ ശരീരത്തില്‍ ചായം പൂശിയില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇതിലും വഷളായേനേ....”

സ്കോട്ടിഷ് കവിയും എഴുത്തുകാരനും സഞ്ചാരിയുമൊക്കെയായ റോബെര്‍ട്ട് ലൂയിസ് സ്റ്റീവെന്‍സണ്‍ (1850-1894)-ന്റെ The Yellow Paint എന്ന കഥയുടെ വിവര്‍ത്തനം.