July 29, 2008

മനസ്സിനുള്ളിലെ കോടതിമുറികള്‍എഴുത്തുകാരന്റെ/കാരിയുടെ ചൂണ്ടുവിരല്‍ത്തുമ്പിനു മുന്നില്‍ നിന്നു ചൂളുന്ന സമൂഹത്തെ ഭാവനയില്‍ കണ്ടാണ് വായനയുടെ പക്ഷപാതികള്‍ പുസ്തകങ്ങളെ താലോലിക്കുന്നത്. അധികം താമസിക്കാതെ, തെറ്റു തിരുത്തി സമൂലം പരിണമിക്കുന്ന സമൂഹം ഈ സ്വപ്നത്തിന്റെ നിറമുള്ള ഒരംശമാണ്. അതേ സമയം, നടപ്പുശീലങ്ങളില്‍ നിന്ന് വഴുതുന്ന വൈകാരിക പ്രതികരണങ്ങളെ ശാസിച്ചൊതുക്കാന്‍ വെമ്പുന്ന സമൂഹത്തിനു് ലഭിക്കുന്ന ഒന്നാംതരം സാക്ഷിമൊഴികളാണ് രചനാരൂപങ്ങള് എന്നറിയുക‍. ഭാവനകളുടെ മേല്‍ പോലും അദൃശ്യമായ വിലക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സത്യം പ്രത്യക്ഷത്തില്‍ പുറത്താവുന്നത്, രചനകളിലെ അശ്ലീലത്തിനു നേരെയുള്ള ആക്രോശങ്ങള്‍ അന്തരീക്ഷത്തിലിടം പിടിക്കുമ്പോഴാണ്. സ്ത്രീപുരുഷലൈംഗികാവയവങ്ങളെയോ സംയോഗത്തെയോ വിവരിക്കുന്ന ഒരു വൈജ്ഞാനികലേഖനത്തിനോടുള്ള (അതെഴുതിയത് സ്ത്രീ ആയാലും) സമീപനമല്ല, സ്ത്രീപുരുഷപ്രണയത്തെ വര്‍ണ്ണിക്കുന്ന, ഒരു കഥാഭാഗത്തിനുള്ളത് എന്നു വരാന്‍ കാരണമെന്താണ്?

അശ്ലീലമെഴുതിയെന്ന ആരോപണങ്ങള്‍ ഒരു പാട് ഏറ്റുവാങ്ങേണ്ടി വന്ന ‘സെലസ്റ്റിയല്‍ പ്ലെയിന്‍’ എന്ന കഥയോടുള്ള ആളുകളുടെ പ്രതികരണങ്ങള്‍ വിവരിച്ചുകൊണ്ട് തനൂജ എസ് ഭട്ടതിരി എഴുതുന്നു : “വാക്കോ വിവരണമോ അല്ല പ്രശ്നം, മനസ്സാണ്. മനസ്സിനെ ആരും തൊടാന്‍ ശ്രമിക്കരുത്. മനസ്സും ശരീരവും കൂട്ടിക്കലര്‍ത്തരുത്. പ്രത്യേകിച്ച് എഴുത്തുകാരികള്‍. അവര്‍ക്കതിനുള്ള സ്വാതന്ത്ര്യമില്ലാപോലും.” (സ്ത്രീയുടെ സ്വാതന്ത്ര്യവും മനസ്സും) ഭാവനയില്‍ മാത്രം സംഗതമായ ‘സ്വര്‍ഗീയമായ ഒരിട’ത്തിലേയ്ക്ക് കുതിയ്ക്കാന്‍ കഥാകാരികള്‍ എന്തുകൊണ്ടു വെമ്പുന്നു എന്നതിനുള്ള ഉത്തരം കൂടിയാവുന്നു, ഈ നിവേദനം. അഭിലാഷങ്ങള്‍ കൂടി കുറ്റബോധം നിറയ്ക്കുന്ന സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നിന്നു കൊണ്ടാണ് തനുജ തന്റെ കഥക്കൂട്ടിനുള്ള അസംസ്കൃതവിഭവങ്ങളെ മിനുക്കുന്നത്. അവ ഒരേ സമയം വിമര്‍ശനസ്വരങ്ങളാണ്, സാധൂകരണങ്ങളുമാണ്. അവ തന്റെ തന്നെ സാക്ഷിമൊഴികളുമാണ്. ഏകാകിയായൊരാള്‍ തന്റെ മനസ്സില്‍ തീര്‍ത്ത വിചാരണാമുറിയില്‍ ഉറക്കെ സ്വയം സംസാരിക്കുകയാണ്‘സെലസ്റ്റിയന്‍ പ്ലെയിന്‍’ എന്ന കഥാസമാഹാരത്തിലെ കഥകളില്‍.

വിചാരണവേളകളിലെ ഇടസത്രമാണ് ഒത്തുതീര്‍പ്പുകള്‍. യാഥാര്‍ത്ഥ്യത്തിനും സങ്കല്പങ്ങള്‍ക്കും ഇടയ്ക്കുള്ള അപകടവഴിയിലൂടെ യാത്രയാവുന്നവര്‍ക്ക് ‘ഒന്ന് പതിയെ ആരെങ്കിലും വലിച്ചാല്‍ പൊട്ടാവുന്ന ആ നൂല്‍ പൊട്ടാതിരിക്കാന്‍ ‘ (കാഞ്ചനകൃഷ്ണന്‍) മുന്‍‌കരുതലെടുക്കാതിരിക്കാനാവില്ല. തന്റെ വിഡ്ഡിത്തമാര്‍ന്ന സ്വപ്നങ്ങള്‍ക്ക് തലചായ്ക്കാന്‍ ആഭരണങ്ങള്‍ അഴിച്ചുരുക്കി, ദീപ പണിയുന്ന കൃഷ്ണവിഗ്രഹം അത്തരമൊരു ഒത്തുത്തീര്‍പ്പാണ്. തന്നെ കാമിക്കുന്ന യുവാവായ ഡോക്ടറുടെ ഉള്ളിലെ അഴുക്കുച്ചാലു നീക്കി അവിടെ ആകാശം തൊടുന്ന ഒരു ചുവന്നകടല്‍ തീര്‍ക്കുന്ന പൂജനന്ദിത എന്ന മദ്ധ്യവയസ്കയായ പ്രശസ്തയും (ആകാശക്കടല്‍) ഉപഭോഗകൃത്രിമത്വങ്ങളില്‍ നിന്ന് താഴെയിറങ്ങി താനാരാണെന്ന് മുകുന്ദന് പറഞ്ഞുകൊടുക്കുന്ന രേണുകയും (കസ്റ്റമര്‍ കെയര്‍) താ‍ന്‍ സ്ത്രീയാണെന്നും അതായാല്‍ മാത്രം മതി തന്റെ മകനെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനെന്നു തിരിച്ചറിയുന്ന സുജയും (അപരാജിത) സാധാരണ ജീവിതവുമായി സന്ധി ചെയ്യുന്ന വ്യക്തിത്വങ്ങളാണ്.

ജീവിതത്തിന്റെ വിള്ളലുകളെ പുതയ്ക്കാന്‍ സ്നേഹത്തിന്റെ കരിമ്പടം അവശേഷിക്കുന്നുണ്ട് എന്നാണ് ഈ ഉടമ്പടികള്‍ പറയുന്നതെന്ന് പെട്ടെന്നു നാം തിരിച്ചറിയുന്നു. രക്തബന്ധങ്ങള്‍ക്കും പുറത്തേയ്ക്കു നീളുന്ന ആശ്വാസമായിട്ടാണത് കുടിയിരിക്കുന്നത്. അമ്മ-മകള്‍ (സ്വപ്നത്തില്‍ നിന്നുണരുന്നത് ഓരോരോ ഭാവങ്ങളിലേയ്ക്കാണ്) അച്ഛന്‍ - മകന്‍ (കാണാമറയത്തെ അസ്വാസ്ഥ്യങ്ങള്‍) കാമുകന്‍ -കാമുകി (കസ്റ്റമര്‍ കെയര്‍) കൂട്ടുകാര്‍ (തിരികെ നടന്ന വഴി) ഭൃത്യ ( ഭൂമിയുടെ വാക്ക്) തുടങ്ങിയ ബന്ധങ്ങളിലെല്ലാം നിര്‍വചിക്കപ്പെട്ട ബന്ധങ്ങള്‍ക്കപ്പുറത്തേയ്ക്ക് എത്തിനോക്കുന്ന സങ്കല്പനങ്ങളുണ്ട്. ഐഹികജീവിതത്തില്‍ താത്കാലിക സമാശ്വാസത്തിന്റെ താവളത്തിലേയ്ക്കുള്ള വഴിയാണു് ഇവ പണിയുന്നത്. എന്നാല്‍ ഉടമ്പടികളില്‍ നിന്നും വിടുതല്‍ നേടി കുതിക്കുന്ന രോഷങ്ങളെ അടയാളപ്പെടുത്താനും അവ മറക്കുന്നില്ല. നിഷേധത്തിന്റെയും കലഹത്തിന്റെ മുള്‍വഴികളുടെ അറ്റം സ്വര്‍ഗീയമായ ഒരു തലത്തിലാണ്. ദാമ്പത്യജീവിതത്തോട് പ്രത്യക്ഷമായി കലഹിക്കുന്ന കഥ ‘താത്രിക്കുട്ടി(രണ്ടാംഭാഗം)‘ അവസാനിക്കുന്നത്“ ഭൂമിയില്‍ നിന്ന് ആകാശത്തിലേയ്ക്കവള്‍ മനോഹരമായി നൃത്തം വച്ചു പറന്നുകയറി” എന്നു പറഞ്ഞുകൊണ്ടാണ്. സ്നേഹിക്കുന്ന രണ്ടു വ്യക്തികളുടെ ലൈംഗികബന്ധം സാധാരണത്വം വെടിഞ്ഞ് പ്രണയത്തിന്റെ നാലാം മാനത്തിലേയ്ക്കുയരുന്ന കഥയ്ക്ക് ‘സെലെസ്റ്റിയല്‍ പ്ലെയിന്‘ എന്നു പേരുവന്നതും ആകസ്മികമാകാനിടയില്ല. എന്നിട്ടും രചനാപ്രക്രിയകളുടെ രാസപരിണാമങ്ങളെക്കുറിച്ച് സ്വന്തം കുടുംബത്തിന്റെ പേരില്‍ തൊട്ട് ആണയിടുന്ന ഒരു ലേഖനം ഒരു എഴുത്തുകാരിയ്ക്ക് ഇക്കാലത്തും തന്റെ കഥാസമാഹാരത്തിന്റെ പിന്നുരയായി ചേര്‍ക്കേണ്ടി വരുന്നു എന്നത് അത്ര ആശാസ്യമായ ഒരു കാര്യമല്ല. മലയാളി സമൂഹത്തിന്റെ ‘പ്രബുദ്ധത‘യെയാണ് ചോദ്യം ചെയ്യുന്നത്. ആ നിലയ്ക്കും ഒരു വിചാരണയാണ് ഈ പുസ്തകം.
-------------------------------------------------------------
‘സെലസ്റ്റിയല്‍ പ്ലെയിന്‍‘
തനുജ എസ് ഭട്ടതിരി
ഡി സി ബുക്സ്
Post a Comment