June 2, 2008

‘ഇന്നലെകള്‍ ഇതുവഴിയേ പോയീ.......’
‘പെരിപ്ലസ് : എറിത്രിയന്‍ കടലിലൂടെ ഒരു കപ്പല്‍‌യാത്ര‘(PERIPLUS OF ERYTHRAEN SEA) . നാലാം ക്ലാസിലെ പരശുരാമാധിഷ്ഠിതമായ കേരളോത്പത്തി പഠനത്തിനു ശേഷം അത്രതന്നെ രസത്തോടെ കേരളചരിത്രം ബി എയ്ക്ക് വായിക്കുമ്പോള്‍ പല പ്രാവശ്യം കയറിവന്ന് രോമാഞ്ചം കൊള്ളിച്ചിട്ടുള്ള ഒരു പേരാണിത്. ഒരു ബുക്ക് ഫെയറില്‍ ആകസ്മികമായി ഈ പുസ്തകം അടുത്തിടെ കണ്ടപ്പോള്‍ അതേ രോമാഞ്ചം വന്നെന്നെ തൊട്ടു. ശ്രീധരമേനോന്റെ, പദ്മനാഭമേനോന്റെ, കേസരിയുടെ, ഇളംകുളത്തിന്റെ, പി കെ ബാലകൃഷ്ണന്റെ ഉദ്ധരണികളിലല്ലാതെ മുഴുരൂപത്തില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള ശിശുവിനെ ഞാനാദ്യം കാണുകയാണ്. ‍വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളം കണ്ടു പോയ കണ്ണുകളുടെ സംവേദനങ്ങള്‍ അഴുകാതെ ഇപ്പൊഴും തൊട്ടു മുന്നില്‍! രോമാഞ്ചം ഇല്ലാതിരിക്കുന്നതെങ്ങനെ? ചരിത്രം പോലെ തന്നെ ചരിത്രോപാദാനങ്ങളും. ആളൊഴിഞ്ഞ ഇടവഴി. നിഗൂഢമായ നക്ഷത്രവെളിച്ചം മാത്രം. ഓരോ കാല്‍‌വയ്പ്പിലും ഉള്ളിലെ കല്ലറകളില്‍ ഏതൊക്കെയോ തുറക്കുന്നു. അല്ല, നമുക്ക് പുനര്‍ജ്ജന്മം ഉണ്ടോ?

ക്രിസ്തുവര്‍ഷത്തിന്റെ ആദ്യശതകങ്ങളിലെ കേരളം (കൃത്യമായി പറഞ്ഞാല്‍ കേരളത്തിലെ തുറമുഖങ്ങള്‍) ഈ പുസ്തകത്തിന്റെ 53 മുതല്‍ 58 വരെയുള്ള ഖണ്ഡികകളില്‍ അങ്ങനെ വിരാജിക്കുന്നതു കാണാം. എന്തൊരു കേരളം! സ്ഥലങ്ങളുടെ പേരുള്‍പ്പടെ വിവരിക്കുന്നതെല്ലാം നമുക്ക് -സോ കോള്‍ഡ് കേരളീയര്‍ക്ക് , തദ്ദേശവാസികള്‍ക്ക്- തീര്‍ത്തും അപരിചിതം. എഴുതിയ ആള്‍ പുസ്തകത്തില്‍ പേരുവച്ചിട്ടില്ല. (ഒരു നാടന്‍ പെണ്‍‌കിടാവിന്റെ ലണ്ടന്‍ യാത്ര എന്ന പഴയമലയാള പുസ്തകത്തെക്കുറിച്ച് പച്ചക്കുതിരയില്‍ വന്ന കുറിപ്പ് ഓര്‍ക്കുന്നു. എസ് കെ പൊറ്റക്കാടിന്റെ ആ സ്ത്രീ മുന്‍‌ഗാമി അന്നത്തെ കാലത്ത് അത്ര ഭയങ്കരമായ ഒരു യാത്ര നടത്തിയിട്ട്, അത്ര തന്നെ ഹൃദയാവര്‍ജ്ജകമായി എഴുതിയിട്ട്, ഗ്രന്ഥത്തിലൊരിടത്തും തന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. യാത്ര തന്നെ ന്യാസം. എന്തൊരാത്മീയത!! പുസ്തകം തിരുവനന്തപുരത്ത് വഞ്ചിയൂരുള്ള പഴയ സ്ഥാപനം ‘ശ്രീ ചിത്തിരതിരുന്നാള്‍ ഗ്രന്ഥശാല’യിലുണ്ട്) ബ്രഹ്മാണ്ഡമായ ഒരു യാത്ര അത്രയ്ക്കു ചെറുതാക്കിക്കളഞ്ഞിരിക്കും ആ മനുഷ്യനെ. ജീവിതം തനി തനിയായി കണ്ടാല്‍ പിന്നെ ‘ഞാന്‍’ ആര്? “ഒന്നു തന്നല്ലയോ ഞാനുമീക്കാടുമീയണ്ഡകടാഹവും...”

ഏതൊരു ചരിത്ര പുസ്തകത്തിനുമെന്നപോലെ പെരിപ്ലസിന്റെ രചനകാലത്തെപ്പറ്റിയുമുണ്ട് തര്‍ക്കങ്ങള്‍. എ ഡി 131-ല്‍ കപ്പഡോഷ്യയിലെ ഗവര്‍ണ്ണര്‍ ആയിരുന്ന ഏരിയന്റെ ഗ്രന്ഥങ്ങളോടൊപ്പം കൈയെഴുത്തുപ്രതി സൂക്ഷിച്ചിരുന്നതുകൊണ്ട് ഇതിന്റെ രചനാകാരനും എരിയന്‍ തന്നെയാണെന്ന് ഒരു വാദമുണ്ട്. അതു തെറ്റാണ്. രണ്ടാം നൂറ്റാണ്ടിലെ ഏരിയനേക്കാള്‍ പ്രാചീനനാണ് പെരിപ്ലസുകാരന്‍. ഏ ഡി 47-ല്‍ ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്ന ഹിപ്പാലസ്സിന്റെ യാത്രയെക്കുറിച്ച് പെരിപ്ലസില്‍ പറയുന്നുണ്ട്. അപ്പോള്‍ അതിനു ശേഷമാവണം ഇതിന്റെ രചന. ഏ ഡി 64-ല്‍ കത്തിയെരിഞ്ഞ റോമിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലാത്തതിനാല്‍ (ഒപ്പം നീറോ ചക്രവര്‍ത്തി ഏ ഡി 67-ല്‍ നശിപ്പിച്ച ‘മെറൊ’ നഗരത്തെക്കുറിച്ച് പരാമര്‍ശമുള്ളതിനാല്‍) അതിനും മുന്‍പാകണം ഇതു രചിച്ചതെന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. ഇവയും മറ്റു തെളിവുകളും കണക്കിലെടുത്ത് ഈ പുസ്തകത്തെക്കുറിച്ച് ഗവേഷണം നടത്തുകയും ഇംഗ്ലീഷ് വിവര്‍ത്തനം തയാറാക്കുകയും ചെയ്ത വില്‍ഫ്രഡ് എച്ച് ഷോഫ് രചനാകാലം ഏ ഡി 60-ലാണെന്ന് (അല്ലെങ്കില്‍ അതിനടുത്ത്) നിജപ്പെടുത്തിയിട്ടുണ്ട്.

പരിപ്ലവം എന്ന സംസ്കൃതവാക്കിന്റെ ഗ്രീക്ക് തത്ഭവമാണ് പെരിപ്ലസ് എന്നു പി കെ പദ്മനാഭന്‍ നായര്‍. പേരാണെങ്കില്‍ (സംജ്ഞാനാമം) സംസ്കൃതത്തില്‍ നിന്ന് ഗ്രീക്കിലേയ്ക്കു വരുമ്പോള്‍ ഒരു ‘സ്’ കൂടിച്ചേരും. മുസിരി, മുസിരിസും പുരു, പോറസ്സുമായതുപോലെ പരിപ്ലവം പെരിപ്ലസ് ആയി. പാരാവാരത്തില്‍ പ്ലവമായത്’ എന്നാണതിന്റെ അര്‍ത്ഥം. തുറമുഖങ്ങള്‍ തൊട്ടുള്ള യാത്രയായതുകൊണ്ടാണത്രേ ഈ പേര്. ‘എറിത്ര‘യ്ക്കുമുണ്ട് സംസ്കൃത സംബന്ധം. ‘ആരക്ത’യാണ് എറിത്ര. ചെങ്കടലില്‍ നിന്നാണ് യാത്രയുടെ തുടക്കം. ചെങ്കടലിന്റെ ഭാഗങ്ങളാണ് കപ്പല്‍ കടന്നുപോയ കടലുകളെല്ലാം എന്നു ചിന്തിക്കാന്‍ പഴയ യവനര്‍ക്ക് അവകാശമില്ലേ? പോരെങ്കില്‍ എറിത്രാസ് രാജാവിന്റെ സമുദ്രമാണ് ചെങ്കടല്‍ എന്നൊരു പഴങ്കഥയുമുണ്ട്.

ഒരു ശ്വേതദ്വീപിനെ(പീജിയന്‍ തുരുത്തുകള്‍) പരാമര്‍ശിച്ചിട്ട് അതു കഴിഞ്ഞാല്‍ ദമരികയിലെ ആദ്യത്തെ വിപണനകേന്ദ്രങ്ങളായ നൌറയും തിണ്ടിസുമാണെന്ന് പറഞ്ഞുകൊണ്ടാണ് പെരിപ്ലസുകാരന്റെ കപ്പല്‍ കേരളമണ്ണിലേയ്ക്ക് നോട്ടമയയ്ക്കുന്നത്. ‘കേരബത്രോരാജ്യം‘ (കേരളപുത്രന്റെ/ ചേരപുത്രന്റെ രാജ്യം) എന്നാണ് ഗ്രീക്കുച്ചുവയോടേ ഇന്നത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്‘ അന്ന് വിളിക്കപ്പെട്ടത്. ‘തമിഴക’മാണ് ദമിരിക. ഏഴിമലയെന്നും കണ്ണൂരെന്നും പറഞ്ഞ് തര്‍ക്കം ഇനിയും തീര്‍ന്നിട്ടില്ലാത്ത ‘നൌറ’യും പൊന്നാനിയാണോ കടലുണ്ടിയാണോ പന്തലായിനിയാണോ എന്നു തിരിച്ചറിയാന്‍ വയ്യാത്ത ‘തിണ്ടിസും’ വിശാലതമിഴകത്തിന്റെ ഭാഗമായിരുന്നു എന്ന് ഈ വരിയിലൂടെ തെളിയില്ലേ? അനേകം അറബി-യവനക്കപ്പലുകള്‍ കിടക്കുന്ന മുസിരിസ് (കൊടുങ്ങല്ലൂര്‍. ഇപ്പോള്‍ ‘പട്ടണം‘ എന്ന പട്ടണമാണെന്നും വാദമുണ്ട്. ചിലപ്പതികാരത്തില്‍ മുചിരിയെന്നു പേര്‍) നദീ തീരത്താണെന്നും തിണ്ടിസ്സില്‍ നിന്ന് 500 സ്റ്റേഡിയ അകലെയാണെന്നും പറയുന്നുണ്ട്. വീണ്ടും നദിമാര്‍ഗം 500 സ്റ്റേഡിയ പോയാല്‍ നെല്‍ക്കിണ്ടയായി. നെല്‍ക്കിണ്ടയ്ക്ക് നീലകണ്ഠനുമായി ബന്ധമുണ്ട്. അതു തിരുനക്കര മഹാദേവനല്ലേ? (എന്നു ഫാബ്രിക്കസ്) അങ്ങനെയാണ് നിരുക്തിയെങ്കില്‍ അതു പമ്പാനദീതീരത്തെ ചെങ്ങനൂര്‍ മഹാദേവനുമാകാം. ഇതൊന്നുമല്ല, ഇതു കല്ലടയാണെന്ന് കെ പി പദ്മനാഭമേനോന്‍. ‘ബകരെ’ (പുറക്കാട്) എന്നൊരു സ്ഥലത്തെപ്പറ്റിയാണ് പിന്നെയുള്ള വിശദമായ വര്‍ണ്ണന. ഇവിടങ്ങളില്‍ രക്തനിറമുള്ള കണ്ണുകളുള്ള നീളം കുറഞ്ഞ കറുത്ത കടല്‍പ്പാമ്പുകള്‍ നിങ്ങള്‍ക്കു നേരെ വരും എന്നു പറഞ്ഞ് ഇച്ചിരി പേടിപ്പിക്കുന്നുണ്ട് പെരിപ്ലസുകാരന്‍. ആ പാമ്പുകള്‍ ഇന്നെവിടെ?

നാണയങ്ങള്‍, വൈഡൂര്യം, നേര്യത് തുടങ്ങിയ ചരക്കുകള്‍ നമുക്കറിയാവുന്നതു തന്നെ. പക്ഷേ കപ്പലുകള്‍ കയറ്റി പോകുന്ന മാലബത്രം എന്നൊരു സാധനമുണ്ട്, കൂട്ടത്തില്‍. വയമ്പാണോ വെറ്റിലയാണോ? കൊട്ടനാര എന്ന ജില്ലയില്‍ നിന്നാണ് കുരുമുളകു വരുന്നത്. കോലത്തുനാടാണോ കടത്തനാടാണോ കുട്ടനാടാണോ ഈ കൊട്ടനാര? ‘കൊട്ടാനരികെ’ എന്ന ഗ്രീക്കുച്ചാരണം വച്ച് ‘കൊട്ടാരക്കരയാവാനാണു സാദ്ധ്യതയെന്ന് പദ്മനാഭന്‍ നായര്‍. ബകാരെ (പുറക്കാടു തന്നെ) കഴിഞ്ഞു കപ്പല്‍ നീങ്ങിയാല്‍ കാണാവുന്ന കടുംചുവപ്പുമലയുണ്ട് വിവരണത്തില്‍. ‘പിര്‍‌ഹോണ്‍’ എന്നാണ് യവന പദം. വര്‍ക്കലമുതല്‍ അഞ്ചുതെങ്ങുവരെയുള്ള പ്രദേശം നീങ്ങുന്ന കപ്പലില്‍ നിന്നു കണ്ട കാഴ്ചയാണീ കടുംചുവപ്പു മല. അവിടുന്നു തെക്കോട്ടാണ് പറളിയാ ജില്ല. പുരളി എന്നു പേരുണ്ടായിരുന്ന പറളിയ തന്നെയാണിത്. പഴയ തിരുവിതാംകൂര്‍. പറുളി എന്നൊരു പഴയ നദി സംഘകാലത്തിനുമുന്‍പ് കന്യാകുമാരിയ്ക്കടുത്ത് ഒഴുകിയിരുന്നു. ഇവിടത്തെ ആദ്യസ്ഥലമാണ് ‘ബലിത’. കടല്‍ത്തീരഗ്രാമമാണിത്. നല്ലൊരു തുറമുഖവും. ഇളംകുളം കുഞ്ഞന്‍ പിള്ള, വര്‍ക്കലയാണെന്നു പറഞ്ഞ സ്ഥലമാണിത്. വിഴിഞ്ഞവുമാകാം. ആയ് തലസ്ഥാനമായിരുന്നു വിഴിഞ്ഞം. (ഇപ്പോള്‍ ചരിത്രത്തെ പുനഃസൃഷ്ടിക്കാനായി വിഴിഞ്ഞം തുറമുഖ നഗരമായി പിന്നെയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്) അഞ്ചുതെങ്ങിനു വടക്കുള്ള മാമ്പള്ളി ഗ്രാമമാണെന്നും വാദമുണ്ട്. അതും കഴിഞ്ഞ് പണ്ട് ഒരു ദേവത കുളിച്ചു താമസിച്ച കുമരിമുനമ്പിലൂടെ പെരിപ്ലസിന്റെ കപ്പല്‍ കേരളം വിട്ട് കൊല്‍ച്ചി വഴി കുമാര, പൊതുക്ക, പലാശിമൊണ്ട്, കിര്‍ഹാദെ, മസാലിയ, ദൊസറിന്‍, ക്രൈസ്, തിസ്, ബസാട്ടെ..........
ഒടുവില്‍ ചെന്നു പറ്റാന്‍ പ്രയാസമായ ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിശൈത്യപ്രദേശത്തെപ്പറ്റി പറഞ്ഞ് വിവരണം അവസാനിക്കുന്നു.

തുറമുഖം ചുറ്റിയുള്ള ശരിയായ ഓട്ടം തന്നെ. വിഹഗവീക്ഷണമെന്നു പറയുന്നത് ഇതിനെയാണ്. ഒന്നിന്റെയും ഉള്ളിലേയ്ക്ക് പെരിപ്ലസുകാരന്‍ തലപൂഴ്ത്തിയില്ല. കണ്ടതു മാത്രം പറഞ്ഞു. സ്ഥലദൂരങ്ങളെപ്പറ്റിയുള്ളതെല്ലാം ഊഹക്കണക്ക്. (പിന്നീട് ചരിത്രകാരന്മാര്‍ക്ക് അടിവയ്ക്കാന്‍!) സ്വന്തം പേരുപോലും പറയാന്‍ മറന്ന് തിരിച്ചുപോയി. എങ്ങോട്ട്?

അനു:
2008-ല്‍, ഈ പണപ്പെരുപ്പത്തിന്റെ കാലത്തു്, ആദ്യകൈയായി ഈ പുസ്തകം എനിക്കു കിട്ടിയത് എത്ര രൂപയ്ക്കാണെന്നോ? വെറും രണ്ടു രൂപയ്ക്ക്. പഴയവിലയ്ക്കല്ല. ഏഴുരൂപ വിലയുള്ള പുസ്തകം 75% ഡിസ്ക്കൌണ്ടും കഴിച്ച് അത്രേ വന്നുള്ളൂ. ശരിക്കും ആളൊഴിഞ്ഞ വഴി തന്നെ.

പുസ്തകം
എറിത്രിയന്‍ കടല്‍ത്തീരത്തിലൂടെ ഒരു കപ്പല്‍ യാത്ര (പെരിപ്ലസ്)
ഇംഗ്ലീഷ് പരിഭാഷ
വില്‍ഫ്രഡ് ഷോഫ്
മലയാള പരിഭാഷ
പി കെ പദ്മനാഭന്‍ നായര്‍

15 comments:

ഹരിത് said...

അമൈസിങ്.

നിഗൂഢഭൂമി said...

interesting.....w+hy hide? reveal urself in profile...

പാമരന്‍ said...

അതു കൊള്ളാമല്ലോ.. ഒന്നു വായിക്കാന്‍ തോന്നുന്നു!

Dinkan-ഡിങ്കന്‍ said...

സെക്കന്റ് ബുക്ക്സ് 50% വിലയ്ക്ക് വില്‍ക്കണമെന്നാണ് അലിഖിതനിയമം ആയതിനാല്‍ രൂപാ ഒന്നിന് ആ പുസ്തകം മറിച്ചു വില്‍പ്പനയുണ്ടോ?

ശ്രീ said...

അതു കൊള്ളാമല്ലോ മാഷേ... ഈ പഴയ പേരുകള്‍ എല്ലാം കൌതുകകരമായിരിയ്ക്കുന്നു.

എനിയ്ക്കും ഒന്നു വായിച്ചാല്‍ കൊള്ളാമെന്നു തോന്നുന്നു.
:)

നമതു വാഴ്വും കാലം said...

ഭാഗ്യവാന്‍. അസൂയ തോന്നുന്നു. പലപ്പോഴും ഇതു പോല ചിലത് കിട്ടാറുണ്ട്. കമന്‍ററി റെഫറന്‍സുകളാല്‍ സമൃദ്ധം. ഭാഷാ ഇന്‍സ്റ്റിട്യൂട്ടോ എന്‍ബിഎസോ യൂണിവേഴ്സിറ്റിയോ പ്രസാധകരായിരിക്കും. അല്ലേ?

വെള്ളെഴുത്ത് said...

ആളുകളിങ്ങനെ അസൂയകൊണ്ടു വീര്‍പ്പുമുട്ടുന്നതു കാണുന്നതല്ലയോ ഈ പോസ്റ്റിന്റെയൊക്കെ ഒരു രസം. ഹ ഹ ഹ..ഹരിത്.. :)
നിഗൂഢഭൂമി..ഇങ്ങനെയൊക്കെ തന്നെയല്ലേ മനുഷ്യര്‍ സ്വയം ആവിഷ്കരിക്കുന്നത്?അപ്പോള്‍ പ്രത്യേകിച്ച് പ്രൊഫൈലുകളെന്തിന്.. ?
ഡിങ്കാ, അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും നടക്കാത്ത അഭിലാഷങ്ങളും സ്വപ്നമായി വരും..താങ്കള്‍ വളരെ ഉയരത്തില്‍ വച്ചിരിക്കുന്ന പുസ്തകങ്ങള്‍എടുക്കാനാവാതെ അതിഭയങ്കരമായ ഒരു പുസ്തകാലയത്തില്‍ ഏകാകിയായി നടക്കുന്നത് തുടര്‍ച്ചയായി സ്വപ്നം കാണാന്‍ സാദ്ധ്യതയുണ്ട്! ശ്രീ... അതു അധികം താമസിക്കാതെ വിക്കി സോഴ്സില്‍ ഇടാം പറ്റുമെങ്കില്‍. 27 പേജേയുള്ളൂ, ആകെ. സന്റ്ര്ഹോഷിന്റെ ഒരു സൊഫ്ട് വെയര്‍ റെഡിയാണെന്നു കേട്ടു, സ്കാന്‍ ചെയ്ത പേജുകളെ യൂണികോഡായി മാറ്റാവുന്നത്. എങ്കില്‍ ഉടനെ. നമത്, അതു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമാണ്. പോസ്റ്റില്‍ അതെഴുതാന്‍ വിട്ടുപോയി.

കിനാവ് said...

ഇന്നലെകള്‍ പോയ വഴിയെ നടക്കുന്നത് ത്രില്ലിങ്ങാണ്. അതിലും ത്രില്ലിങ്ങാണ് അത് ആരെയെങ്കിലുമൊക്കെ ഓര്‍മ്മിപ്പിക്കുന്നത്. പതിവുപോലെ രോമം എഴുന്നു നിന്നു, ചരിത്രത്തിലെ എന്റെ നാടിനെ വായിക്കുമ്പോള്‍.

ഏ ഡി 64-ല്‍ കത്തിയെരിഞ്ഞ റോമിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലാത്തതിനാല്‍ (ഒപ്പം നീറോ ചക്രവര്‍ത്തി ഏ ഡി 67-ല്‍ നശിപ്പിച്ച ‘മെറൊ’ നഗരത്തെക്കുറിച്ച് പരാമര്‍ശമുള്ളതിനാല്‍) അതിനും മുന്‍പാകണം ഇതു രചിച്ചതെന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു.

അവിടെ ഒരു കണ്‍ഫ്യൂഷ്യം.

വെള്ളെഴുത്ത് said...

കിനാവേ എന്തു കണ്‍ഫ്യൂഷ്യം? ചില ആണ്ടു നാള്‍വഴികണക്കുകള്‍ ചരിത്രം കൂട്ടുന്നത് ഇങ്ങനെയല്ലേ? AD 64-ല്‍ ഉണ്ടായ റോമിലെ തീപിടിത്തത്തെപ്പറ്റി പരാമര്‍ശമില്ല പുസ്തകത്തില്‍. അപ്പോള്‍ അതിനു മുന്‍പാകണം രചന. (ഇനി അതൊരു ആകസ്മികമായഓ സാന്ദര്‍ഭികമായോ ഉള്ള അവഗണനയാണെന്നു വാദിച്ചാല്‍) ഒപ്പം ‘മെറൊ’യെ പരാമര്‍ശിക്കുന്നുമുണ്ട്. അതാവട്ടെ, 67-ല്‍ നശിപ്പിക്കപ്പെട്ട നഗരവും. അപ്പോള്‍ പുസ്തകത്തിന്റെ രചനാകാലം AD 67നു മുന്‍പാണെന്നു തീര്‍ച്ചയാവില്ലേ? (ഇതൊക്കെ പുസ്തകത്തിലെ ആമുഖത്തിലുള്ളതാണ് എന്റെ കണ്ടു പിടിത്തമെന്നുമല്ല..കേട്ടോ)

കിനാവ് said...

ഞാന്‍ ശരിക്കും വായിക്കാത്തതിന്റെ കുഴപ്പം. ക്ഷമീര്‍....

RANI said...

IMPROVED MY GENERAL KNOWLEDGE BY READING THIS BLOG

ചിത്രകാരന്‍chithrakaran said...

ചരിത്രത്തിന്റെ ഇരുണ്ട നിബിഡവനത്തിലൂടെ പകല്‌വെളിച്ചത്തിന്റെ പ്രകാശം പൊഴിച്ചുകൊണ്ട് വെള്ളെഴുത്ത് പെരിപ്ലസ്സിന്റെ കാഴ്ച്ചയെ തലോടി കടന്നുപോകുന്നു.നല്ല എഴുത്ത്. നല്ല വായന.

ജ്യോനവന്‍ said...

പെരിപ്ലസ്: പെരിയ പ്ലസ് മാര്‍ക്ക്; എഴുത്തിന്.

സനാതനന്‍ said...

ഇതിനെയാണ് ലോട്ടറി അടിക്കുക എന്നൊക്കെ പറയുന്നത്..രണ്ട് രൂപയ്ക്ക് ഒരു നല്ല പുസ്തകം..ഒരു നാരങ്ങാവെള്ളത്തിനുകൊടുക്കണം 3 രൂപ .അമ്മേ !

മനയില്‍ said...

‘പെരിപ്ലസ് : എറിത്രിയന്‍ കടലിലൂടെ ഒരു കപ്പല്‍‌യാത്ര‘(PERIPLUS OF ERYTHRAEN SEA)
പുസ്തകത്തിന്റെ ഒരു ഫോട്ടോ കോപ്പി കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ? താങ്കളുടെ കുറിപ്പു ഇപ്പൊഴാണു കണ്ടത്. എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ എന്നെ അറിയിച്ചാല്‍ ഉപകാരം.

സ്നേഹത്തോടെ

മനോജ് മനയില്‍
mail: manayil@gmail.com