April 28, 2008

കണ്ണാടികള്‍ ചുറ്റിലും





ഏപ്രില്‍ 24,2008, വ്യാഴാഴ്ച.

“പ്രതിരോധകുത്തിവെപ്പെടുത്ത നാലുകുട്ടികള്‍ മരിച്ചു.”
ചെന്നൈ : അഞ്ചാം പനിയ്ക്കെതിരെയുള്ള പ്രതിരോധകുത്തിവെപ്പിനെതുടര്‍ന്ന് തിരുവള്ളൂര്‍ ജില്ലയില്‍
നാലു പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു.
(മാതൃഭൂമി)


“ ചെന്നൈയില്‍ പോളിയോ മരുന്നു നല്‍കിയ നാലു കുട്ടികള്‍ മരിച്ചു.”
ചെന്നൈ : തിരുവള്ളൂര്‍ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പോളിയോ മരുന്നു നല്‍കിയതിനെ തുടര്‍ന്ന് നാലു കുട്ടികള്‍ മരിച്ചു.
(മലയാള മനോരമ)



ഏപ്രില്‍ 25, 2008, വെള്ളിയാഴ്ച.

“ബസ് മാറി; പാലായില്‍ നിന്നു ഗോപിക തലസ്ഥാനത്തെത്തി.“
തിരു: കോട്ടയം പാലാ കാവുങ്കണ്ടം കടനാട്ട് മേടയില്‍ വീട്ടില്‍ സജി മകളെ നെഞ്ചോടു ചേര്‍ത്തു. പാലായില്‍ ചക്കാമ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് കടനാട്ടുള്ള വീട്ടിലേയ്ക്ക് പോകാനിറങ്ങിയ പത്തു വയസ്സുകാരിയാണ് ബസു തെറ്റി നാലു ജില്ലകളും ഇരുന്നൂറോളം കിലോമീറ്ററുകളും താണ്ടി തലസ്ഥാനത്തെത്തിയത്.
(മലയാള മനോരമ)


“വീടുവിട്ടിറങ്ങിയ ബാലികയെ പിടികൂടി”
തിരു: അച്ഛനമ്മമാരോടു പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ റെയില്‍‌വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പിടികൂടി വിട്ടുകരെ വിവരമറിയിച്ചു. പാലാസ്വദേശിനിയായ പതിനൊന്നുകാരിയെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ച് സംശയം തോന്നിയ അധികൃതര്‍ പിടികൂടിയത്.
(മാതൃഭൂമി)


മലയാളത്തിലെ രണ്ടു പ്രമുഖപത്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന ഒരു വാര്‍ത്തയുടെ വ്യത്യസ്തമായ മുഖങ്ങളാണിവ. മുഖം മാത്രമല്ല മൊത്തം വ്യത്യാസപ്പെട്ടാണിരിക്കുന്നതെന്ന് ശ്രദ്ധിച്ചാലറിയാം. വാര്‍ത്തകളിലേയ്ക്ക് ഒന്നുകൂടി കണ്ണോടിക്കുക. അഞ്ചാം പനിയ്ക്കെതിരെയുള്ള കുത്തിവെപ്പാണോ, പോളിയോ പ്രതിരോധമരുന്നാണോ കുഞ്ഞുങ്ങളെ കൊന്നത്? പതിനൊന്നു വയസ്സുകാരി ഗോപിക വീട്ടുകാരോടു പിണങ്ങിയാണോ, ബസുമാറി കയറി വഴിതെറ്റിയാണോ തിരുവനന്തപുരത്തെത്തിയത്?

പത്രങ്ങള്‍ക്ക് തീര്‍ച്ചയായും കച്ചവടതാത്പര്യങ്ങളും രാഷ്ട്രീയ അജണ്ടകളുമുണ്ട്. അതനുസരിച്ച് വാര്‍ത്തകളുടെ കണ്ടെത്തലിലും അവതരണത്തിലും മാറ്റങ്ങളുണ്ടാവും. അത്തരം പക്ഷപാതങ്ങള്‍ക്ക് ഒരു സാദ്ധ്യതയുമില്ലാത്ത രണ്ടു സംഭവങ്ങളാണ്, ഇവിടെ പരാമര്‍ശ വിധേയമായത്. 1995 മുതല്‍ നമ്മുടെ നാട്ടില്‍, ഇന്ത്യയില്‍ ഊര്‍ജ്ജിതമായി നടക്കുന്ന പരിപാടിയാണ് പോളിയോ പ്രതിരോധം, നിര്‍മ്മിച്ച കമ്പനിയേതെന്നറിയാതെ, എക്സിപിയറി ഡേറ്ററിയാതെ, സൌജന്യമായി തുള്ളിമരുന്ന് ആശുപത്രികള്‍ക്കു പുറമേ ബസ് സ്റ്റാന്‍ഡുകളിലും സ്കൂളുകളിലും കെട്ടിയുണ്ടാക്കിയ താത്കാലിക ഷെഡ്ഡുകളില്‍ വച്ച് ആറുമാസം മുതല്‍ പ്രായമുള്ള കുഞ്ഞുങ്ങളുടെ വായിലിറ്റിച്ചുകൊടുക്കുകയാണ് നാം. അക്ഷരാഭ്യാസം പോലുമില്ലാത്ത മാതാപിതാക്കള്‍ക്ക് ബോധമുണ്ടാക്കാന്‍ മരുന്നിന്റെ പ്രാധാന്യവും തിയ്യതിയും ഓര്‍മ്മപ്പെടുത്താന്‍ സിനിമാതാരങ്ങള്‍. വര്‍ഷാവര്‍ഷം അരങ്ങേറുന്ന ഈ പരിപാടി സമ്പൂര്‍ണ്ണ പോളിയോ നിര്‍മ്മാര്‍ജ്ജനം എന്നാണ് അറിയപ്പെടുന്നത്. വര്‍ഷം എത്രയായി? സമ്പൂര്‍ണ്ണമായി എന്തെങ്കിലും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടോ? പോളിയോ വിരുദ്ധസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാജന്‍ സിന്ധു പറയുന്നത് പോളിയോ രോഗികളുടെ എണ്ണം മുന്‍‌വര്‍ഷങ്ങളെ അപേക്ഷിച്ചു കൂടിയിരിക്കുന്നു, ഇന്ത്യയില്‍ എന്നാണ്. (സാജനും ഡോ. ഹരിയും ചേര്‍ന്നാണ് കേരളത്തിലെ പോളിയോ വിരുദ്ധസമരങ്ങള്‍ നയിക്കുന്നത്, ഈ മരുന്നുകൊടുപ്പിന്റെ കച്ചവടവും അര്‍ത്ഥരാഹിത്യവും തെളിയിക്കുന്ന അതിവിപുലമായ ഒരു ഡേറ്റാബെയ്സ് സാജന്‍ സൂക്ഷിക്കുന്നുണ്ട്). അഞ്ചാം പനിയ്ക്കെതിരെയുള്ളത് തുള്ളിമരുന്നല്ല, കുത്തിവയ്പാണ്. (MMR Vaccine) മണ്ണനും മുണ്ടിനീരിനും പുറമേ ഇന്ത്യയിലിന്നുവരെ കണ്ടിട്ടില്ലാത്ത റുബെല്ലാ എന്ന ജര്‍മ്മന്‍ മണ്ണനും (Measles, Mumps, Rubella)കൂടി ചേര്‍ന്നാണ് ഈ കുത്തിവയ്പ്. എന്തായാലും പോളിയോയ്ക്കെതിരെയുള്ള തുള്ളിമരുന്നും അഞ്ചാംപനിക്കെതിരെയുള്ള വാക്സിനേഷനും എന്തായാലും ഒന്നാവില്ല.


വാര്‍ത്തകളുടെ പിന്നിലേയ്ക്കു പോയി, അതിനാസ്പദമായ സംഭവത്തിലൊന്നു മനസ്സൂന്നുക. തന്റെ കുഞ്ഞോമനകള്‍ക്ക് ഒരസുഖവുമുണ്ടാവരുതെന്ന പ്രാര്‍ത്ഥനയോടെയാണ്, പ്രതിരോധ കുത്തിവയ്പു നടത്തുന്ന സ്ഥലങ്ങളിലേയ്ക്ക് ഒന്നുമറിയാതെ അമ്മമാര്‍ കുഞ്ഞുങ്ങളെയും കൊണ്ടു വരുന്നത്. ഒരു ചോദ്യവുമില്ലാതെ. എന്നിട്ട് ആരുടെ തെറ്റായാലും അവര്‍ക്കു കിട്ടുന്നത് കുഞ്ഞുങ്ങളുടെ മരണമാണ്. സാമൂഹികമായ നീതിബോധം ഏറ്റവും ജാഗ്രത്താവേണ്ട നിര്‍ണ്ണായകമായ ഒരു നിമിഷം. കാരണം നമ്മളെല്ലാം കുഞ്ഞുങ്ങളെയും കൊണ്ട് രാജ്യം സൌജന്യമായി ചൊരിയുന്ന പ്രതിരോധമരുന്നുകളുടെ ബൂത്തില്‍ ചെന്നു വരി നിന്നവരാണെന്ന്, നില്‍ക്കേണ്ടവരാണെന്ന് ആലോചിക്കുക. അപ്പോള്‍ പോളിയോ തുള്ളി മരുന്നായിരുന്നോ അഞ്ചാം പനിയ്ക്കുള്ള വാക്സിനായിരുന്നോ കുഞ്ഞുങ്ങളെ കൊന്ന വില്ലന്‍ എന്നു നാം അറിയേണ്ടതില്ലേ? എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്നറിയേണ്ടേ? ആരുടെ ഉദാസീനതയും രാഷ്ട്രീയവുമാണിതിനു പിന്നില്‍ എന്ന് അപഗ്രഥിക്കേണ്ടതല്ലേ? വാര്‍ത്ത കൊടുത്ത രീതിയ്ക്കുമുണ്ട് പ്രത്യേകത. മാതൃഭൂമി ചരമങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്ന പേജില്‍ അതൊതുക്കി. പല മരണങ്ങള്‍ പോലെ ദാ നാലെണ്ണം കൂടി മരിച്ചു എന്ന മട്ടില്‍. മനോരമ മുന്‍‌പേജില്‍ തന്നെ കൊടുത്തു (വൈകി കിട്ടിയ വാര്‍ത്തയായതിനാലുമാവാം) പക്ഷേ മരുന്ന് പോളിയോയുടെയാക്കി. എന്തായാലെന്ത് എന്ന മട്ട്. (കൂട്ടത്തില്‍ പറയട്ടേ, പോളിയോയ്ക്ക് പ്രതിരോധമായി ഇന്ത്യയില്‍ കുത്തിവയ്പ് നാളിതുവരെ ഇല്ല)

പാലായില്‍ നിന്ന് വഴിതെറ്റി തിരുവനന്തപുരത്തെത്തിയ ബാലികയുടെ കഥ ‘മനോരമ‘ ഒരു ഫീച്ചറുപോലെ ആകര്‍ഷകമാക്കിയാണു പറയുന്നത്. “അച്ഛന്‍ മകളെ നെഞ്ചോടു ചേര്‍ത്തു, കൈവിട്ടു പോയ മുത്തിനെ തേടിയെത്തിയ ബന്ധുക്കള്‍ അതു കണ്ടു കണ്ണീര്‍ വാര്‍ത്തു“ എന്ന മട്ടില്‍ റിയാലിറ്റി ഷോയുടെ മസാലക്കൂട്ടുകലെല്ലാം സുസജ്ജം. അഞ്ചാം ക്ലാസിന്റെ മിടുക്കു ചോരാതെ ബന്ധുക്കളുടെ ഫോണ്‍ നമ്പരുകള്‍ പോലീസിനു നല്‍കാന്‍ കഴിഞ്ഞതാണ് കാര്യങ്ങളെ എളുപ്പമുള്ളതാക്കിയതത്രേ. പോലീസിന്റെ മിടുക്കിനുമുണ്ട് പത്രം വക അഭിനന്ദനം. വാര്‍ത്തയില്‍ പെണ്‍കുട്ടിയ്ക്ക് വഴിതെറ്റിയതു തന്നെയാണ്. നൂറുതരം. ബന്ധു വീട്ടില്‍ നിന്ന് സ്വന്തം വീട്ടില്‍ പോകാന്‍, എട്ടും പൊട്ടും തിരിയാതെ, പെണ്‍കുട്ടി പ്രൈവറ്റ് ബസ് എന്നു വിചാരിച്ചു, ദീര്‍ഘദൂര കെ എസ് ആര്‍ ടി സിയില്‍ കയറിയതാണ് പ്രശ്നം ഗുരുതരമാക്കിയത്. കണ്ടക്ടര്‍ക്കുമുണ്ട് അതിലൊരു കുത്ത്. അയാള്‍ അരടിക്കറ്റു നല്‍കി പെണ്‍കുട്ടിയെ വഴിയിലിറക്കിവിട്ടു! ‘മാതൃഭൂമി‘യില്‍ പ്ലേറ്റു നേരെ തിരിയുന്നു. അച്ഛനമ്മമാരോടു പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ തമ്പാനൂര്‍ സ്റ്റേഷന്റെ പരിസരത്തു വച്ച് അധികൃതര്‍ ‘പിടികൂടുക‘തന്നെയായിരുന്നു. കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് മാതാപിതാക്കളുടെ നമ്പര്‍ പോലീസ് കണ്ടെത്തിയത്. മാതൃഭൂമിയുടെ ഭാഷ തന്നെ നേരത്തേ കണ്ട മനോരമയിലേതില്‍ നിന്നു വളരെ വ്യത്യസ്തം. ‘പിടികൂടി’ എന്ന വാക്കിന്റെ ആവര്‍ത്തനത്തില്‍ തന്നെ ഒരു കര്‍ക്കശത്വമുണ്ട്. മയക്കുമരുന്നും കള്ളക്കടത്തും പിടികൂടുന്നു. പോക്കറ്റടിക്കാരനെയും കൊലപാതകിയെയും തീവ്രവാദിയെയും പിടികൂടുന്നു. പതിനൊന്നു വയസ്സുള്ള ബാലികയെയും പിടികൂടുന്നു.

ഒന്നാലോചിച്ചു നോക്കിയാല്‍ ഇവ ചെറിയ വ്യത്യാസങ്ങളൊന്നുമല്ല. ഈ ഭീമമായ വ്യത്യാസങ്ങള്‍ക്കിടയിലെ യഥാര്‍ത്ഥ സംഭവം എന്തായിരിക്കും? വാര്‍ത്തകള്‍ എന്തായാലും ശൂന്യകാശത്തു നിന്ന് കയറ്റി അയച്ചവയല്ല. നമ്മുടെ പരിസരങ്ങളില്‍ നിന്ന് കണ്ടെടുത്തവയാണ്. വാര്‍ത്താ ഉപഭോഗം ഏറ്റവും മുന്തി നില്‍ക്കുന്ന ഒരു സംസ്ഥാനമായതുകൊണ്ടാവുമോ ഇങ്ങനെ? നമുക്കു ചുറ്റും ദൃശ്യങ്ങളായും കേള്‍വിയായും മഷിപുരണ്ട അക്ഷരങ്ങളായും നിറയുന്ന വാര്‍ത്തകളുടെ പ്രളയത്തില്‍ ‘ശരി‘ കണ്ടെടുക്കുന്നതെങ്ങനെ?
മൂന്നാമതൊരു പത്രം നോക്കിയാലും തീരില്ല പ്രശ്നം. അതില്‍ സംഗതി മറ്റൊന്നാവാനുള്ള സാദ്ധ്യത തീരെ ഇല്ലാതില്ല. ‘ചിക്കന്‍പോക്സിനുള്ള പ്രതിരോധമരുന്നു കുത്തിവച്ചു കുഞ്ഞുങ്ങള്‍ മരിച്ചു‘ എന്നായിരുന്നു, ഒരു വാര്‍ത്താചാനല്‍ ഈ ന്യൂസ് ആദ്യം അവതരിപ്പിച്ചത് എന്നു കേള്‍ക്കുന്നു. അപ്പോള്‍ നാലാമത്തേത്, അതു ശരിയാണോ എന്നു പരിശോധിക്കാന്‍ അഞ്ചാമത്തേത്........... പരസ്പരാഭിമുഖമായി പിടിക്കേണ്ടി വരുന്ന കണ്ണാടികളുടെ ലോകത്തെപ്പറ്റി എഴുതിയത് ആനന്ദാണ്. കണ്ണാടികളാണ് ചുറ്റുമെങ്കില്‍ വാസ്തവം, നീതിബോധത്തോടൊപ്പം മറ്റെവിടെയെങ്കിലുമായിരിക്കും. അയഥാര്‍ത്ഥ പ്രതിബിംബങ്ങളുടെ, പ്രതീതിയാഥാര്‍ത്ഥ്യങ്ങളുടെ (വിര്‍ച്വല്‍ റിയാലിറ്റി) ഒരു ലോകത്താണ് കണ്ണാടികള്‍ നമ്മെ ജീവിക്കാന്‍ വിടുന്നത്. വിവരങ്ങള്‍ കൂടുന്നതിനനുസരിച്ച് അനിശ്ചിതത്വവും കൂടും. നിസ്സംഗത, ഉദാസീനത, അതാര്യത, ജഡത ഇവയെല്ലാം സാമൂഹികതയുടെ അന്ത്യത്തിന്റെ സൂചനകളാണെന്ന് മുന്നറിയിപ്പു തന്ന ഴാങ്ങ് ബോദ്രിയാറുടെ ഒരു ശീര്‍ഷകവും കൂടിയാണ് “The Mirror Of Production” പ്രാദേശികം, ദേശീയം, അന്തര്‍ദേശീയം എന്നിങ്ങനെ വാര്‍ത്തകളുടെ പ്രളയത്തെ രാവിലത്തെ ചായയ്ക്കൊപ്പം ഊതിക്കുടിച്ച് സായൂജ്യമടയുന്ന മലയാളിയുടെ പ്രബുദ്ധത ജീവിക്കുന്നത് സത്യത്തില്‍ യഥാര്‍ത്ഥലോകത്തു തന്നെയാണോ?
പകര്‍പ്പുകളാണ് നമ്മുടെ തത്ത്വവിചാരങ്ങളുടെ വിവരമൂലധനം എന്നതിനാല്‍ നമ്മുടെ ചെയ്‌വനകളില്‍ യുക്തി എന്തെങ്കിലുമുണ്ടോ?
നമ്മുടെ ബൌദ്ധിക ജീവിതം തനി കാപട്യമാണോ?
അതു നമ്മള്‍ അറിയാതിരിക്കുന്നതാണോ?

12 comments:

Inji Pennu said...

വെള്ളെഴുത്തേ
പത്രങ്ങള്‍ക്ക് തെറ്റുമ്പോള്‍ എന്നൊരു ബ്ലോഗ് ഉണ്ടായിരുന്നു.
പത്രങ്ങള്‍ക്ക് പറ്റുന്ന ഇതുപോലെയുള്ള ഗുരുതരമായ തെറ്റുകള്‍ നമ്മള്‍ അധികം മുന്‍‌തൂക്കം കൊടുക്കുന്നില്ലാത്തത് തന്നെ ഒരു വലിയ പ്രശ്നമാണ്. റീഡര്‍ഷിപ്പ് കൂടി എന്ന് പറയുമ്പോള്‍ വിശ്വാസ്യത കൂടിയോ എന്ന് തിരിച്ച് ചോദിക്കേണ്ടിയിരിക്കുന്നു.

മലയാളിക്ക് നേരമ്പോക്കിനാണ് ബൌദ്ധികത്വവും പത്രംവായനയും. ഒരു ചായക്കട രാഷ്ട്രീയത്തിനപ്പുറം നമ്മുടെ നിലവാരം വളര്‍ന്നിട്ടില്ല.

The Prophet Of Frivolity said...

ഉച്ചരിക്കുന്നത്,എഴുതുന്നത്,പറയുന്നത് നേരമ്പോക്കാണെന്ന്,അതിലപ്പുറം മറ്റൊരു ലക്ഷ്യവുമില്ലെന്ന്,- രണ്ടുപക്ഷത്തിന്നും:പറയുന്നവനും,കേള്‍ക്കുന്നവനും- ആരുംതിരിച്ചറിച്ചറിഞ്ഞില്ലെങ്കിലും,സത്യം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് സത്യം മാത്രം കാണാനാവത്തത്. സത്യം വാക്കുകള്‍ക്ക് പിടികൊടുക്കാതെ ഓടിയൊളിക്കുന്നത്. ഇത്രയധികംവാര്‍ത്തകളും,വിവരങ്ങളും,വ്യക്തികള്‍ നേരിട്ടു നല്‍കുന്ന അനുഭവസാക്ഷ്യങ്ങളും ഒരു കാലത്തും ഒരു ജനതയ്ക്കും സ്വന്തമായിട്ടുണ്ടായിരുന്നില്ല.
-
ഇതെല്ലാം മലയാളി എന്നതിലേക്ക് ചുരുക്കേണ്ടതില്ല എന്നെനിക്കു തോന്നുന്നു,അതു മാത്രമെങ്കില്‍ അതിനൊരു കാരണം കണ്ടുപിടിക്കുക എളുപ്പമാവും. നാഗരികതയെന്നത് ജൈവമാണെന്നും, ഇപ്പോള്‍ നമ്മള്‍ കടന്നു പോവുന്നത് പാശ്ചാത്യനാഗരികത(Western Civilization)യുടെ മങ്ങൂഴത്തിലൂടെയാണെന്നും തോന്നിയിട്ടില്ലേ? ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ നിന്നു തുടങ്ങിയിട്ടുണ്ട്,ഈ ഇറക്കം. വാക്കും അര്‍ഥവും വേര്‍പെടുത്തിയതില്‍ മുതലാളിത്തത്തിന്ന്, അതിനുമാത്രം സ്വന്തമായ ചിലരീതികള്‍ക്ക്, വളരെവലിയ പങ്കില്ലേ? സത്യത്തെ ഉല്‍പ്പന്നങ്ങള്‍ക്കൊണ്ട്,മൂടുക,മറയ്ക്കുക.ചിന്തയെ എന്തുവിലകൊടുത്തും കെടുത്തുക.

ഒരപേക്ഷ,ഈ ലേഖനത്തിന്നു പുറത്തുള്ളത് : “വിമര്‍ശനാത്മകമല്ലാതെയും അബോധപൂര്‍വവും വ്യക്തി ലോകത്തെ ഗ്രഹിക്കുന്ന രീതിയെയാണ് ഗ്രാംഷി സാമാന്യബോധം എന്നു വിശേഷിപ്പിച്ചത്. മലയാളി മദ്ധ്യവര്‍ഗം തനിക്കുള്ള സാമാന്യബോധത്തെയാണ് വിശേഷജ്ഞാനമായി കണക്കിലെടുക്കുന്നത്“ എന്നത് വല്ലാതെ ഇളക്കിമറിക്കുന്ന ഒരു കണ്ടെത്തലാണ്. അതിനെക്കുറിച്ച്
വിശദമായി ഒരു ലേഖനമെഴുതാമോ?

ശ്രീവല്ലഭന്‍. said...

മനോരമയില്‍ പോളിയോ എന്നെഴുതിയത് ശ്രദ്ധിച്ചിരുന്നു. ഇംഗ്ലീഷ് പത്രങ്ങളില്‍ എല്ലാം മീസില്‍സ് (അഞ്ചാംപനി) എന്ന് കൊടുത്തിരുന്നു.

ഡോക്ടര്‍ ഹരിയുടെ ഇന്റര്‍വ്യൂ ജോ കൊടുത്തിരുന്നു. ഒരു പൊതു ജനാരോഗ്യ പ്രവര്‍ത്തകന്‍ ആയതു കൊണ്ടാകണം ഒട്ടും വിശ്വാസ്യത അദ്ദേഹത്തിന്റെ വര്‍ത്തമാനത്തില്‍ തോന്നിയില്ല. ഒരു വാക്സിനെഷനും കൊണ്ട് പ്രയോജനം ഇല്ല എന്ന് അവര്‍ വിശ്വസിക്കുന്നു. പക്ഷെ എന്താണ് മറ്റ് പ്രതിവിധി എന്ന് അവര്‍ക്കൊട്ടു പറയാനില്ല താനും. നെറ്റില്‍ തപ്പി നോക്കി. അധികം വിവരങ്ങള്‍ ഒന്നും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയില്ല. ഏതെങ്കിലും ഡോക്ടര്‍മാര്‍ തന്നെ അവരുടെ വാദങ്ങളെ വിശകലനം ചെയ്തിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പുകള്‍/മരുന്നുകള്‍ കൊണ്ട് തീര്‍ച്ചയായും പ്രയോജനം ഉണ്ടെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ തെളിവ്‌ സഹിതം പറയുന്നു.

" പോളിയോ വിരുദ്ധസമരങ്ങള്‍" എന്ന് പറയുന്നതു തന്നെ " anti polio movement" എന്ന ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനവുമായ് തെറ്റിദ്ധാരണ ഉണ്ടാക്കും!

യാരിദ്‌|~|Yarid said...

......

അനോണിമാഷ് said...

ഇതു കൂടെ നോക്കൂ!
http://vmdubai.blogspot.com/2008/04/blog-post.html

ബഷീർ said...

പത്രങ്ങള്‍ക്ക് തീര്‍ച്ചയായും കച്ചവടതാത്പര്യങ്ങളും രാഷ്ട്രീയ അജണ്ടകളുമുണ്ട്. അതനുസരിച്ച് വാര്‍ത്തകളുടെ കണ്ടെത്തലിലും അവതരണത്തിലും മാറ്റങ്ങളുണ്ടാവും
==correct..
നമുക്കു ചുറ്റും ദൃശ്യങ്ങളായും കേള്‍വിയായും മഷിപുരണ്ട അക്ഷരങ്ങളായും നിറയുന്ന വാര്‍ത്തകളുടെ പ്രളയത്തില്‍ ‘ശരി‘ കണ്ടെടുക്കുന്നതെങ്ങനെ?
== confused==

thank u

വെള്ളെഴുത്ത് said...

ഇഞ്ചീ, അനോനി മാഷ് രണ്ടു ലിങ്കുകളും കണ്ടു. പത്രങ്ങള്‍ക്ക് തെറ്റുമ്പോള്‍ നേരത്തെ കണ്ടിരുന്നതാണ് നിര്‍ഭാഗ്യവശാല്‍ അതു നിന്നു പോയി. മാതൃഭൂമി സ്വയം തിരുത്താന്‍ ‘ചൊവ്വാദോഷം’ നടത്തുന്നുണ്ട്. ശ്രദ്ധേയമായി തോന്നിയിട്ടുള്ളത് മാധ്യമത്തിലെ യാസീന്‍ അശ്‌റഫിന്റെ മീഡിയാസ്കാന്‍ ആണ്. ‘പ്രവാചകാ’ അത്തരമൊരു പ്രസ്താവനയുടെ ഉള്ളുകള്ളിയിലേയ്ക്ക് ഒറ്റനോട്ടത്തില്‍ താങ്കളുടെ മനസ്സെത്തിയെങ്കില്‍ അതിനെക്കുറിച്ചെഴുതാന്‍ താങ്കളാണ്, ഞാനല്ല, സര്‍വഥായോഗ്യന്‍. ഫ്രിവോളിറ്റി യില്‍ ഫെബ്രുവരിയ്ക്കു ശേഷം രണ്ടോ മൂന്നോ നാളുകള്‍ക്കു മുന്‍പാണ് ഒരു പോസ്റ്റു വന്നത്.
ശ്രീവല്ലഭാ ഞാന്‍ സാജന്റെ ഫോണ്‍ നമ്പര്‍ തരാം താത്പര്യമുണ്ടെങ്കില്‍ സംസാരിച്ചു നോക്കുക. വിളിച്ചപ്പോള്‍ എന്തോ തിരക്കുകാരണം ഇമെയില്‍ വാങ്ങാന്‍ കഴിഞ്ഞില്ല. കിട്ടിയാല്‍ ഞാന്‍ പോസ്റ്റു ചെയ്യാം, ഹരിയുടെയും.
യാരിദ്, ബഷീര്‍....

un said...

എന്റെ അഭിപ്രായം ഇവിടെ

Sanal Kumar Sasidharan said...

(കൂട്ടത്തില്‍ പറയട്ടേ, പോളിയോയ്ക്ക് പ്രതിരോധമായി ഇന്ത്യയില്‍ കുത്തിവയ്പ് നാളിതുവരെ ഇല്ല)

ഇതു സത്യമാണോ?നെറ്റില്‍ തിരഞ്ഞിട്ടും വ്യക്തമായ ഒരുത്തരം കിട്ടുന്നില്ല.അവിടെയും ഇവിടെയും ഒക്കെ കുത്തിവയ്പ്പ് ഉണ്ടായിരുന്നു എന്ന രീതിയില്‍ ചില സൂചനകളും കാണാന്‍ കഴിഞു.
ഉദാ:ദാ ഇവിടെ “Numerous Studies Show That Vaccine Injections Cause Paralytic Polio:“ എന്ന തലക്കെട്ടില്‍ “Wyatt H.V., et al. "Unnecessary injections and paralytic poliomyelitis in India." Trans R Soc Trop Med Hyg 1992; 86:546-49.“എന്നൊരു പഠനത്തെക്കുറിച്ചു പറയുന്നു.അപ്പോള്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നു എന്നാണോ!(ആഴത്തിലിറങ്ങാന്‍ സമയക്കുറവുണ്ട് ).പിന്നെ ദാഇവിടെഓറല്‍ വാക്സിന്‍ സുരക്ഷിതമല്ലാ എന്നും അമേരിക്കയും യൂറോപ്പും ഇതുപേക്ഷിച്ചു എന്നും പറയുന്നു.ദാമറ്റൊരിടത്ത്“It must be mentioned that some researchers have expressed doubts about the safety of oral polio vaccine. European countries such as Netherlands, Finland and Denmark so also USA have been advocating the use of intramuscular injectable polio vaccine, which contains killed virus. As long as the immunisation with live oral polio vaccine continues in our country, the risk of associated paralytic poliomyelitis will continue to threaten.

WHO has suggested three doses of OPV followed by one dose of inactivated injectable vaccine in India. However, inactivated injectable polio vaccine programme is far more difficult in a large populous country like ours. Therefore, experts feel that the risk benefit ratio still does not prompt us to use injectable vaccine instead of oral vaccine in India.“ ഇങ്ങനെയും വായിച്ചു.
എന്തായാലും ഇത് പാരസെറ്റമോള്‍ തിന്നാല്‍ ചത്തുപോകുമോ എന്നുള്ള അന്വേഷണങ്ങളെക്കാള്‍ ഗൌരവമായി കാണേണ്ടവിഷയമാണ്.

പിന്നെ ഒരനുഭവകഥയുമുണ്ട്.എനിക്ക് പോളിയോ വന്നിട്ടുണ്ട് ഒരു കാലിന് അല്‍പ്പം സ്വാധീനക്കുറവുമുണ്ട്.എനിക്കുമാത്രമല്ല എന്റെ പ്രായത്തിലുള്ള പത്തോളം പോളിയോബാധിതര്‍ എന്റെ ഗ്രാമത്തിലുണ്ട്.അമ്മ പറയാറുള്ളത് ഇങ്ങനെയാണ്
“ഒന്നര വയസ്സുവരെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല.ഒന്നരവയസ്സായപ്പോള്‍ ഒരു ഫോട്ടോ എടുത്തു.അതുകഴിഞ്ഞ് ആശുപത്രിയില്പോയി പോളിയോക്ക് കുത്തിവച്ചു.അന്നുവൈകുന്നേരം പനിച്ചു.കാല്‍ അനക്കാതെയായി.ആശുപത്രിയില്‍ കൊണ്ടുപോയി പോളിയോ ആണെന്നു പറഞ്ഞു.ശിവനേ ഞാന്‍ പെട്ട പാട്...കണ്ണുവിട്ടതാണ്....”
കണ്ണുവിട്ടതുകൊണ്ട് കാലുപോയത് എനിക്ക് മാത്രമല്ലെന്നും അന്ന് ആശുപത്രിയില്‍ കുത്തിവച്ച ധാരാളം പേര്‍ക്കാണെന്നും ഓര്‍ക്കുക അപ്പോഴേ ആ കണ്ണിന്റെ വലിപ്പം അറിയൂ.

തെറ്റിച്ചെഴുതാന്‍ പോലും അന്നൊരു പത്രവുമില്ലായിരുന്നോ?

Sanal Kumar Sasidharan said...

വിഷയത്തില്‍ നിന്നും വ്യതിചലിച്ചതില്‍ ക്ഷമിക്കുക

Sanal Kumar Sasidharan said...

വെള്ളെഴുത്തേ ഇതുകൂടിയൊന്നു നോക്കൂ.ഇതു ശരിക്കും ഒരു നല്ല പഠനം അര്‍ഹ്ഹിക്കുന്ന വിഷയമാണ്.ഇവിടെ പറയുന്നത് OPV യും DPT യും കൊണ്ടുണ്ടായ പ്രശ്നങ്ങളെക്കുറിച്ചാണ്.കുത്തിവയ്പ്പ് പോളിയോക്കായിരുന്നോ എന്നറിയില്ല.എന്തായാലും അത് പോളിയോയെ പ്രോത്സാഹിപ്പിച്ചു എന്ന നിഗമനം ബലപ്പെടുത്തുന്നു.കഴിയുമെങ്കില്‍ (സമയമുണ്ടെങ്കില്‍)ഒന്നന്വേഷിക്കൂ.

വെള്ളെഴുത്ത് said...

ദസ്തകിര്‍ അതു കണ്ടു. കുട്ടിക്കാലത്തെ കുത്തിവയ്പ് പോളിയോയ്ക്കായിരുന്നോ എന്നു പരിശോധിക്കണം. ഞാന്‍ സാജനെ വിളിച്ചിരുന്നു. പോളിയോയ്ക്ക് കുത്തിവയ്പ്പ് ഇന്ത്യയില്‍ ഇതുവരെയില്ലെന്നു തന്നെയാണ് അദ്ദേഹം പറഞ്ഞത്.
സാജന്റെ വിലാസമിതാണ്.
sajansindhu@hotmail.com