April 10, 2008

ഒച്ചകളുടെ സ്വന്തം നാട്“.....ഒരു സുപ്രഭാതത്തില്‍ സകലമാന വെങ്കിടേശ്വരസങ്കടേശ്വരന്മാരെയും ഉച്ചഭാഷിണി വഴി ജനം കൂവിയിരുത്തി. “
- വി കെ എന്‍ (കാവി)


നമ്മളെപ്പോഴുറങ്ങണമെന്നും എപ്പോഴുണരണമെന്നും വേറെ ആരൊക്കെയോ വെറുതേയങ്ങ് തീരുമാനിക്കുക. നൂറ്റിയിരുപതിലും കൂടിയ ഡെസിബെല്ലില്‍ നമുക്ക് ഒരു താത്പര്യമില്ലാത്ത പാട്ടും ഭക്തിക്കുഴമ്പും ഭജനയും നിര്‍ദ്ദേശങ്ങളും രാപകല്‍ വ്യത്യാസമില്ലാതെ കുത്തിച്ചെലുത്തിക്കൊണ്ടേയിരിക്കുക. വീട്ടിലെ അംഗങ്ങളോട് സാധാരണരീതിയില്‍ സംസാരിക്കണമെങ്കില്‍ കൂടി അലറിവിളിക്കേണ്ട ഗതികേടുണ്ടാക്കുക. ടി വി കാണല്‍, ഇഷ്ടഗാനം കേള്‍ക്കല്‍, ഇതൊക്കെ അസാദ്ധ്യമാവുക, ഫോണ്‍‌വിളി വീട്ടില്‍ വച്ചു സാദ്ധ്യമല്ലാതാവുക... വെറും പത്തുദിവസത്തേയ്ക്കാണെങ്കില്‍ കൂടി ഇതിനേക്കാള്‍ പീഡനാത്മകവും അസഹ്യവുമായ ഒരവസ്ഥയെ എന്തുപേരിട്ടാണ് നാം വിളിക്കുക? വായിക്കാനാവില്ല, ചിന്തിക്കാനാവില്ല, ദിവാസ്വപ്നം കാണാനാവില്ല. ഉറങ്ങാനാവില്ല. ഉറങ്ങിയിട്ടു വേണമല്ലൊ സ്വപ്നം കാണാന്‍.

ഈ കുറിപ്പെഴുതുന്നത് അത്തരമൊരവസ്ഥയിലിരുന്നുകൊണ്ടാണ്. പറഞ്ഞു വന്നാല്‍ ചെറിയൊരു കാര്യമാണ്. വീട്ടിനടുത്തെ ചെറിയൊരു ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാവര്‍ഷികം. ബോക്സുകള്‍ക്കുപുറമേ ഒരു മീറ്ററോളം നീളമുള്ള കോളാമ്പി സ്പീക്കറുകള്‍ ഉയര്‍ന്ന ഒരു ആഞ്ഞിലിമരത്തിന്റെ അങ്ങേയറ്റത്തെക്കൊമ്പില്‍ നാലുവശത്തേയ്ക്കും വച്ചുകെട്ടിയാണ് അഭ്യാസം. കഷ്ടകാലത്തിന് അവയിലൊരെണ്ണത്തിന്റെ ദര്‍ശനം എന്റെ വീടിന്റെ അതേ ഡയറക്ഷനിലാണ്. ഈ വര്‍ഷത്തെയല്ല വര്‍ഷങ്ങളായുള്ള പതിവാണത്രേ. കോളാമ്പി സ്പീക്കറുകള്‍ക്ക് ഹൈക്കോടതി നിരോധനം നിലവിലുണ്ട്. അതുണ്ടാക്കുന്ന ശബ്ദശല്യം പരിഗണിച്ചിട്ടാവുമല്ലോ, നിരോധനം. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല. ആത്മീയകാര്യങ്ങളില്‍ പോലീസ് ഇടപെടില്ല. പിന്നെ വേണ്ടത് സമൂഹത്തിന്റെ ആത്മീയോന്നതിയിലെ ഡയറക്ട് ഇടപാടുകാരായ ഉത്സവ/ഉത്സാഹകമ്മറ്റിക്കാരുടെ നീതിബോധമാണ്. പക്ഷേ കാട്ടുകോഴിയ്ക്കെന്ത് ചങ്ക്രാന്തി?

ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസം ന്യൂതിയേറ്ററിനടുത്ത് വെറുതേ ചെന്നു നില്‍ക്കുമ്പോള്‍ വിചിത്രമായ ഒരു കാഴ്ചകണ്ടു. രണ്ടു വ്യത്യസ്ത ഗ്രൂപ്പുകള്‍ പൊങ്കാല കൊഴുപ്പിക്കാന്‍ അഭിമുഖം ബോക്സുകള്‍ വച്ചുകെട്ടി പാടിക്കുകയാണ്. ഒരു പോയിന്റില്‍ 6 സ്പീക്കര്‍ ഘടിപ്പിച്ച 5 ബോക്സുകള്‍ ഒന്നിച്ച്. അങ്ങനെ ഒരു ജങ്ഷനില്‍ ആറു കൂട്ടം ബോക്സുകള്‍. അതിനിടയില്‍പ്പെട്ടാല്‍ കാതുപൊത്തിക്കൊണ്ട് നിലവിളിച്ചുകൊണ്ട് ഓടുകയല്ലാതെ മറ്റൊരുമാര്‍ഗവുമില്ല. അല്ലെങ്കില്‍ ഞരമ്പുരോഗം ഉറപ്പ്. എങ്കിലും ഈ തമാശക്കളി, കവലകള്‍ തോറും ഭക്തിയുടെ പേരില്‍ അരങ്ങേറി. പൊങ്കാലയിട്ടു കറുത്ത്, കടുത്ത തലവേദനയുമായി അമ്മപെങ്ങന്മാര്‍ വീട്ടില്‍ വന്നു കയറിയതിനു പിന്നില്‍ ‘സഹോദര’ന്മാരുടെ ഈ ഒച്ചവ്യവസായവും ഒരു കാരണമായിരുന്നെന്ന് ഏതെങ്കിലും സ്ത്രീസംശയിക്കുമോ? ഉത്സവമെന്നു പരഞ്ഞാല്‍ ഇപ്പോള്‍ റോഡില്‍ നിരത്തിയും മേലേക്കേറ്റിയും വച്ചിരിക്കുന്ന ബോക്സുകളാണ്. സര്‍വം ഒച്ചമയം ! ഭക്തിയുടെ പേരിലാവുമ്പോള്‍ എന്തും സഹിക്കണമെന്നാണ്. സഹിക്കും, സംശയമൊന്നുമില്ല. ഭീഷണിപ്പെടുത്തിയും വണ്ടി തടഞ്ഞും പണം പിരിച്ചാണ് ഈ അഭ്യാസങ്ങള്‍ നടപ്പിലാക്കുന്നത് എന്നു കൂടിയറിയുക. ഭക്തിയുടെ ജനാധിപത്യത്തില്‍ എന്തും സാദ്ധ്യമാണ് !

ആശ്വാസത്തിനോ ആസ്വാദനത്തിനോ അല്ല, ഈ ഒച്ചകള്‍ എന്നു വ്യക്തം. നല്ല സിനിമാഗാനമൊന്നും ക്ഷേത്രോത്സവങ്ങള്‍ക്ക് ഇപ്പോള്‍ പഥ്യമല്ല. ക്ഷേത്രസംരക്ഷണസമിതികള്‍ (അതോ വിശാല ഐക്യ ഹിന്ദു വേദിയോ) പാരമ്പര്യം കണ്ടുപിടിച്ചതിനു ശേഷം വന്ന ‘നവോത്ഥാന’മാണത്. രാവിലെ നാലുമണി മുതല്‍ തുടങ്ങുന്ന ‘ഗാനോത്സവ’ത്തില്‍ മുഴുവനും ക്ഷേത്രാപദാനങ്ങളാണ്, നീരേറ്റുപുറത്തെ അമ്മ, ആറ്റുകാലമ്മ, കൊടുങ്ങല്ലൂരമ്മ, കരിയ്ക്കകത്തമ്മ (പ്രാദേശികദൈവങ്ങള്‍ ആകേരളവത്കരിക്കപ്പെടുന്നത് അടുത്തകാലത്തെ പ്രതിഭാസമാണ് !) പിന്നെ മാഹാത്മ്യങ്ങള്‍ ചോദ്യോത്തരരൂപത്തില്‍. ഗായത്രി മന്ത്രത്തിന്റെയും പഞ്ചാക്ഷരികളുടെയും സഹസ്രനാമങ്ങളുടെയും മണിക്കൂറുകള്‍ നീളുന്ന ആവര്‍ത്തനങ്ങള്‍. ശ്രുതിയും ലയവും സ്വരമാധുര്യവുമൊന്നും ഏഴയല്പക്കത്തിലൂടെ പോയിട്ടില്ലെങ്കിലും ആരും കൈകൂപ്പിപോകുന്ന തരത്തിലാണ് ഭജനപാടുന്നവന്റെ തൊള്ള തുറക്കല്‍ ! ഒക്കെ സ്പീക്കറുകളിലൂടെ വന്ന് മറിഞ്ഞ് വീടിന്റെ സ്വകാര്യതയെ കീറിമുറിക്കും. മന്ത്രങ്ങള്‍ എന്ന വാക്കിന്റെ അര്‍ത്ഥത്തെ അപ്രസക്തമാക്കിക്കൊണ്ടാണ് ഈ രാക്ഷസതൊണ്ടകളെക്കൊണ്ട് അര്‍ത്ഥരാത്രിയോളം കീറിക്കുന്നത്. ഇടയ്ക്കിടയ്ക്ക് മൈക്കു വിഴുങ്ങികളുടെ അനൌണ്‍സ്മെന്റുകളുമുണ്ട്. പശ്ചാത്തലത്തില്‍ ഗാനമിട്ടുകൊണ്ടു തന്നെയുള്ള പ്രഖ്യാപനങ്ങളും നിര്‍ദ്ദേശങ്ങളും മാറ്റൊലികളുമൊക്കെ പുതിയ വഴക്കമാണെന്നു തോന്നുന്നു. ദൈവമേ, മനുഷ്യന്റെ തലച്ചോറുകലക്കാന്‍ എന്തെല്ലാം പുതിയ പദ്ധതികളുമായാണ് നീ ഒച്ചയായി അവതരിച്ചുകൊണ്ടിരിക്കുന്നത് !

ഏതു മതവും ലക്ഷ്യമാക്കുന്ന/ ലക്ഷ്യമാക്കേണ്ട ഏകാഗ്രതയും സ്വച്ഛതയം ആത്മാവിന്റെ കുളിര്‍മ്മയും മറ്റും മറ്റുമെവിടെ? ഈ ആക്രോശങ്ങളും തൊണ്ട കാറലുമെവിടെ? ഏതൊക്കെയോ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി ഇപ്പോള്‍ പതിനൊന്നു മണിക്കു ശേഷം സ്പീക്കറുകള്‍ ഓഫാക്കാറുണ്ടത്രെ. ആളുകള്‍ക്ക് സമാധാനമായിട്ട് ഉറങ്ങാനാണ്. പക്ഷേ നാലുമണിക്ക് മന്ത്രോച്ചാരണം പുനരാരംഭിക്കും. അല്ല, ചുറ്റുപാടുമുള്ള മനുഷ്യര്‍ക്ക് ഉറങ്ങാന്‍ മാത്രം സമാധാനം നല്‍കിയാല്‍ മതിയെന്നും അവര്‍ നാലുമണിവരെ ഉറങ്ങിയാല്‍ മതിയെന്നും തീരുമാനിച്ചതാരാണാവോ? ഉറക്കമല്ലാതെ മറ്റു കമ്പാര്‍ട്ടുമെന്റുകളൊന്നും മനുഷ്യര്‍ക്കില്ലേ? ഭക്തിയുടെ ഈ കൂക്കുവിളിയില്‍ അതൊക്കെ നടക്കാതെ പോകുന്നതു കൊണ്ട് എന്തായാലും ദേവിയ്ക്കോ ഉത്സാഹകമ്മറ്റിയ്ക്കോ ഒച്ചയില്‍ മാത്രം കിടന്നുറങ്ങി ശീലിച്ചുപോയ മൈക്ക് ഓപ്പറേറ്റര്‍ പയ്യനോ ഒരു ചേതവുമില്ലെന്നു വ്യക്തം.

ആലോചിച്ചുനോക്കിയാല്‍ ഒച്ചയിലൂടെ ഒരധികാര പ്രയോഗം സാക്ഷാത്കാരം നേടുകയാണ്. അതു തന്നെ അതിന്റെ ലക്ഷ്യവും. പോലീസ് സ്റ്റേഷനുകളും ക്ഷേത്രങ്ങളുമാണ് ഇപ്പോഴും മനുഷ്യനെക്കൊണ്ട് കുപ്പായം ഊരിക്കുന്നത്. അലറിവിളിക്കുന്ന തൊണ്ടയ്ക്കു മുന്നിലും നമ്മള്‍ നഗ്നരാവുന്നു. മതമേതായാലും രാഷ്ട്രീയമേതായാലും സ്പീക്കറുകള്‍ തൊള്ള തുറന്നു തുടങ്ങുന്നതിനു വേറെ ന്യായീകരണമില്ല. ഒച്ച എത്ര ഉയര്‍ന്നതായിരിക്കുന്നോ അത്രത്തോളം എതിര്‍സ്വരങ്ങള്‍ ദീനമാവും. ഒടുവില്‍ ഇല്ലാതെയാവും. ആ നിലയ്ക്ക അതൊരു ആക്രമണമാണ്. കൂടുതല്‍ ഒച്ചയെടുക്കുന്നവന്‍ കൂടുതല്‍ മിടുക്കനാവും എന്ന പഴയ ആഭാണകത്തിന്റെ സാംസ്കാരികരൂപങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയാണ്. സാക്ഷാത് ദൈവങ്ങളും അവരുടെ മുതലുപിടിക്കാരും ഇങ്ങനെ ഒച്ചപ്രേമികളാവുമ്പോള്‍, സാമൂഹികക്ഷേമനിയമങ്ങള്‍ പോലും ഒവ്വാ എന്നു പറഞ്ഞു മാറിനില്‍ക്കുമ്പോള്‍, കുറെയൊക്കെ പേടിക്കാനുണ്ട്. മാനസികവൈകല്യങ്ങള്‍ ജനതയുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ ഏതുവഴിക്കും വരും. പുറപ്പാടു തന്നെ ഈ നിലയ്ക്കാണെങ്കില്‍ പിന്നെ പേടിക്കണ്ടേ....?

18 comments:

ഗുപ്തന്‍ said...

കുഞ്ഞായിരുന്നപ്പോല്‍ എന്റെ വീട്ടില്‍ ചുറ്റുപാടുകളിലുള്ള മൂന്നു ചെറിയക്ഷേത്രങ്ങളിലെ സംഗീതം എത്തുമായിരുന്നു. ഇടക്കിടെ അടുത്തുള്ള സിറിയന്‍ പള്ളിയില്‍ നിന്നും. അത് മരക്കൊമ്പിലെ കാറ്റിനെയും അടുത്തുള്ള നദിയിലെ ഒഴുക്കിനെയും പോലെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇടക്കൊക്കെ അലോസരപ്പെടുത്തുന്ന പരട്ടകാറ്റും വെള്ളപ്പൊക്കവും; എന്നാല്‍ പൊതുവേ സ്വച്ഛം, സുന്ദരം.

പിന്നെ തിരുവനന്തപുരം വാസക്കാലത്ത് സ്ഥിരമായി കൊടുങ്കാറ്റും പ്രളയവും ശീലിക്കേണ്ടിവന്നു.

എല്ലാമതങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇപ്പോള്‍ നമ്മുടെ ചെവിയിലേക്ക് സ്പാം അയച്ചു കളിക്കുകയാണ്. ഈ സംസ്കാരശൂന്യത നിരോധിക്കേണ്ടുന്ന കാലം കഴിഞ്ഞു.

Inji Pennu said...

പയ്യെ രാത്രി ആ സൈഡിക്കൂടെ പോയ് വയറങ്ങട് കട്ട് ചെയ്യ് മാഷേ!

കിനാവ് said...

അയ്യടാ കളിച്ച് കളിച്ച് ദൈവങ്ങളോടാ‍യാ കളി. ഒരാമ്പ്ലിഫയറെങ്കിലൂമില്ലാതെ എന്തോന്ന് ദൈവമെന്ന് മറ്റുള്ള ദൈവങ്ങള് കളിയാക്കില്ലായോ?

tk sujith said...

ഇതേ പ്രശ്നം എനിക്കും.ഒരു മതിലിനപ്പുറം അമ്പലം.രാവും പകലും പാട്ടുതന്നെ.ഉത്സവമായാല്‍ പറയുകയും വേണ്ട.തിരുവനന്തപുരത്തേ ഈ പരിപാടി ഉള്ളൂ എന്നു തോന്നുന്നു.

പി.എന്‍.ഗോപീകൃഷ്ണന്‍ said...

“ഞായര്‍ തിങ്കളിനോടും
തിങ്കള്‍ വെണ്മേഘഖേദത്തിനോടും
മേഘങ്ങള്‍ വൃക്ഷങ്ങളോടും
വൃക്ഷങ്ങള്‍ മൃഗപക്ഷിജന്മങ്ങളോടും
പക്ഷികള്‍
ഋതുനൃത്തമാടും ലയത്തോടും
മനസ്സേ നീ എന്നോടും
മന്ത്രിക്കുന്ന
വിശ്വവിസ്തൃതമായ മൌനം
വെളിവിന്റെ സൂക്ഷ്മശ്രുതി
പുതുചിന്ത വിരിയും സുഗന്ധം
കേള്‍ക്കണേ കേള്‍ക്കണേ കേള്‍ക്കണേ
ഞങ്ങള്‍ക്ക്
ജീവിതത്തിന്റെ സിം ഫണി“

-പ്രാര്‍ത്ഥിക്കുന്നെങ്കില്‍ ഇങ്ങനെ
(കെ.ജി.ശങ്കരപ്പിള്ള)
കഴിഞ്ഞകാലത്തെ കോടതിവിധികളില്‍ ആഹ്ലാദം പകര്‍ന്ന ഒന്ന്,എഴുത്തുകാരനായ കെ.അരവിന്ദാക്ഷന്‍ പ്രസ്തുത വിഷയത്തില്‍ ,അദ്ദേഹത്തിന്റെ തൊട്ടടുത്ത ക്ഷേത്രത്തിനെതിരെ നേടിയ വിധിയാണ്.

റോബി said...

സമാനമായ അനുഭവങ്ങള്‍ ഇല്ലാത്തവര്‍ കുറവായിരിക്കും ഇക്കാലത്ത്. ഞാനിത് അനുഭവിച്ചത് അധികവും ബാംഗ്ലൂരില്‍ വെച്ചായിരുന്നു.

മതാനുഷ്‌ഠാനങ്ങള്‍ സെക്‌സ് പോലെയായിരിക്കണമെന്ന് അഭിപ്രായപ്പെട്ടത് കമലഹാസനായിരുന്നു. രതിയിലേര്‍പ്പെടുന്നവരാരും അത് വിളിച്ചു കൂവി നടക്കുന്നില്ലല്ലോ.

മതവും രാഷ്‌ട്രീയവും സംസ്കാരം എന്ന വാക്കുമായി ബന്ധം സ്ഥാപിക്കുന്ന കാലത്തോളം മാഷിന്റെ കുറിപ്പിനു പ്രസക്തിയുണ്ടാകും.

സ്വപ്നാടകന്‍ said...

വളരെ ഉചിതമായ പോസ്റ്റ്. ശബ്ദമലിനീകരണം, സര്‍ക്കാരുദ്യോഗസ്തരുടെയും മറ്റുള്ളവരുടെയും “യെവന്‍ ആരെടാ?” എന്ന രീതിയിലുള്ള പെരുമാറ്റം, റോഡ് ക്രോസ് ചെയ്യാന്‍ ടാക്സി പിടിക്കേണ്ട അവസ്ഥ...കേരളം ചെകുത്താന്റെ സ്വന്തമായിരിക്കുന്നോ?

Anonymous said...

മലബാറില്‍ അമ്പലങ്ങളിലെ ഉത്സവങ്ങള്‍ക്ക് പൊതുവെ ഒരു ദിവസവും കൂടിയാല്‍ രണ്ടു ദിവസവും മാത്രമേ ഈ കോളാമ്പി ശല്യം ഉണ്ടാവാറുള്ളു. തിരുവനന്തപുരത്ത് തമസിക്കേണ്ട് വന്നപ്പോളാണ് ദൈവങ്ങള്‍ക്കും ഘോരഘോര ശബ്‌ദം ഇത്ര ഇഷ്‌ടമാണെന്ന് മനസ്സിലായത്. ഒരു മാതിരി തലസ്ഥാനം ഇഫക്‍റ്റ് !

മലബാറില്‍, പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മറ്റൊരു പ്രശ്നമുണ്ട്. നോയമ്പ് കാലത്തോടനുബന്ധിച്ച് നടക്കുന്ന വഅള് പ്രഭാഷണപരമ്പരകള്‍. നോയമ്പുകാലങ്ങളീല്‍ സന്ധ്യ മയങ്ങിയാല്‍ തുടങ്ങി പാതിരാ വരെ തുടരും ഇത്, 5-6 ദിവസങ്ങള്‍ ഓരോരോ കവലകളിലോ മറ്റോ ആയി. ഒരു പരമ്പര തീര്‍ന്നാല്‍ ഉടനെ മറ്റൊന്ന് തൂടങ്ങും വല്ലാതെ ദൂരത്തല്ലാതെതന്നെ. പലപ്പോഴും നോമ്പ് കാലം എസ്.എസ്.എല്‍.സി പരീക്ഷയോ അല്ലെങ്കില്‍ മറ്റേതെങ്കിലും പരീക്ഷയോ അടുപ്പിച്ചാവും വരിക. കുട്ടികള്‍ പഠിക്കാനിരിക്കുന്ന രാത്രികള്‍ മതം കൈക്കലാക്കുന്നു. രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കുന്നവരെ അമ്പലങ്ങളിലെ ഭക്തിസുധ അല്ലാതെതന്നെ സുഖിപ്പിക്കാറുണ്ടല്ലൊ !

ഗ്രഹാം ഹാള്‍ പണ്ട് ഇതിനെപ്പറ്റി എഴുതിയിരുന്നു: മൂപ്പര് പുന്നയൂര്‍ക്കുളത്ത് താമസിക്കാന്‍ ആദ്യമായി വന്ന സമയം. ആദ്യത്തെ ദിവസം എന്തൊക്കെയോ ഭികരശബ്ദങ്ങള്‍ കേട്ട് ഉറക്കമുണര്‍ന്നു. കൂറച്ചു സമയം കഴിഞ്ഞാണ് മനസ്സിലായത് സംഗതി പാട്ടാണെന്ന്‍. സായിപ്പല്ലെ, മൂത്രമൊഴിച്ച് ചുരുണ്ടുകൂടേണ്ടതിന് പകരം നേരേ പാട്ടിന്റെ ഉറവിടം തപ്പി ഇറങ്ങി. തൊട്ടടുത്ത അമ്പലത്തിന്റെ (മണ്ഡപം ആയിരിക്കണം) അടുത്തെത്തി സംഗതി ഒപ്പിച്ചവനെ തിരഞ്ഞ്പ്പോള്‍ പാ‍ട്ട് വച്ച മഹാന്‍ മൂടിപ്പുതച്ച് സുഖമായി ഉറങ്ങുന്നു !

Anonymous said...

മലബാറില്‍ അമ്പലങ്ങളിലെ ഉത്സവങ്ങള്‍ക്ക് പൊതുവെ ഒരു ദിവസവും കൂടിയാല്‍ രണ്ടു ദിവസവും മാത്രമേ ഈ കോളാമ്പി ശല്യം ഉണ്ടാവാറുള്ളു. തിരുവനന്തപുരത്ത് തമസിക്കേണ്ട് വന്നപ്പോളാണ് ദൈവങ്ങള്‍ക്കും ഘോരഘോര ശബ്‌ദം ഇത്ര ഇഷ്‌ടമാണെന്ന് മനസ്സിലായത്. ഒരു മാതിരി തലസ്ഥാനം ഇഫക്‍റ്റ് !

മലബാറില്‍, പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മറ്റൊരു പ്രശ്നമുണ്ട്. നോയമ്പ് കാലത്തോടനുബന്ധിച്ച് നടക്കുന്ന വഅള് പ്രഭാഷണപരമ്പരകള്‍. നോയമ്പുകാലങ്ങളീല്‍ സന്ധ്യ മയങ്ങിയാല്‍ തുടങ്ങി പാതിരാ വരെ തുടരും ഇത്, 5-6 ദിവസങ്ങള്‍ ഓരോരോ കവലകളിലോ മറ്റോ ആയി. ഒരു പരമ്പര തീര്‍ന്നാല്‍ ഉടനെ മറ്റൊന്ന് തൂടങ്ങും വല്ലാതെ ദൂരത്തല്ലാതെതന്നെ. പലപ്പോഴും നോമ്പ് കാലം എസ്.എസ്.എല്‍.സി പരീക്ഷയോ അല്ലെങ്കില്‍ മറ്റേതെങ്കിലും പരീക്ഷയോ അടുപ്പിച്ചാവും വരിക. കുട്ടികള്‍ പഠിക്കാനിരിക്കുന്ന രാത്രികള്‍ മതം കൈക്കലാക്കുന്നു. രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കുന്നവരെ അമ്പലങ്ങളിലെ ഭക്തിസുധ അല്ലാതെതന്നെ സുഖിപ്പിക്കാറുണ്ടല്ലൊ !

ഗ്രഹാം ഹാള്‍ പണ്ട് ഇതിനെപ്പറ്റി എഴുതിയിരുന്നു: മൂപ്പര് പുന്നയൂര്‍ക്കുളത്ത് താമസിക്കാന്‍ ആദ്യമായി വന്ന സമയം. ആദ്യത്തെ ദിവസം എന്തൊക്കെയോ ഭികരശബ്ദങ്ങള്‍ കേട്ട് ഉറക്കമുണര്‍ന്നു. കൂറച്ചു സമയം കഴിഞ്ഞാണ് മനസ്സിലായത് സംഗതി പാട്ടാണെന്ന്‍. സായിപ്പല്ലെ, മൂത്രമൊഴിച്ച് ചുരുണ്ടുകൂടേണ്ടതിന് പകരം നേരേ പാട്ടിന്റെ ഉറവിടം തപ്പി ഇറങ്ങി. തൊട്ടടുത്ത അമ്പലത്തിന്റെ (മണ്ഡപം ആയിരിക്കണം) അടുത്തെത്തി സംഗതി ഒപ്പിച്ചവനെ തിരഞ്ഞ്പ്പോള്‍ പാ‍ട്ട് വച്ച മഹാന്‍ മൂടിപ്പുതച്ച് സുഖമായി ഉറങ്ങുന്നു !

-piraanthan

ഹരിത് said...

സത്യമാ വെള്ളേഴുത്തേ. ഒരു രക്ഷയുമില്ലാത്ത അവസ്ഥ.

സി. കെ. ബാബു said...

ദൈവങ്ങള്‍ക്കും വയസ്സായി വരികയല്ലേ? ഇത്തിരി ഉറക്കെയൊക്കെ വിളിച്ചാലേ കേള്‍ക്കൂ!

"യോഗത്തില്‍ ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണു്" എന്നൊരു സ്പെഷ്യല്‍ വിളംബരം നോട്ടീസില്‍ കണ്ടു് ആവേശം കൊണ്ടിരുന്ന (കൊള്ളുന്ന?) മനുഷ്യരുടെ നാടല്ലേ കേരളം?

ജനവാസമുള്ള പ്രദേശത്തുകൂടിയാണു്‌ ഹൈവേ പോകുന്നതെങ്കില്‍ ശബ്ദശല്യം തടയാനായി ഇരുവശവും ഉയര്‍ന്ന മതിലുകള്‍ പണിയുന്ന രാജ്യങ്ങളും ലോകത്തിലുണ്ടു്. ശബ്ദശല്യം മനുഷ്യരെ വട്ടുപിടിപ്പിച്ചു് സ്വന്തം പേരുപോലും മറന്നുപോകുന്ന സ്ഥിതിയില്‍ എത്തിക്കുമെന്നു് അവിടങ്ങളിലെ ജനങ്ങള്‍ക്കറിയാം. അവരുടെ പ്രതിനിധികളാണു് അവരെ ഭരിക്കുന്നതും. അതുകൊണ്ടു് ചില കാര്യങ്ങള്‍ അവിടങ്ങളില്‍ പ്രത്യേകം പറയേണ്ട കാര്യമില്ല.

ന്റള്ളോ ജ്ജ് ങ്ങടു് ബായോന്നു് ഒന്നു് തൊണ്ട ശുദ്ധിയാക്കി ഉറക്കെ വിളിക്കാം! അള്ളായെങ്കിലും ഈ അവസ്ഥയ്ക്കൊരു പരിഹാരം കാണിച്ചുതന്നാലോ?

കേരളീയനു് വട്ടല്ല, അതിലും കടുത്ത ഏതോ ബാധയാണു്. ചുമ്മാ സഹിച്ചോളൂ!

ശ്രീവല്ലഭന്‍ said...

ദൈവങ്ങള്‍ ഓടി രക്ഷപെട്ടു കാണണം. പാവം ദൈവങ്ങള്‍!

ഇതു തിരുവനന്തപുരത്ത് മാത്രമല്ല. പല നാട്ടുമ്പുറങ്ങളിലും കണ്ടിട്ടുണ്ട്.

ഗുരുജി said...

ഓരോ തവണ അവധിക്കു നാട്ടില്‍പോകുമ്പോഴും ഞാന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത്‌ മൈക്കിനെയാണ്‌. എന്റെ വീടിനു ചുറ്റും അമ്പലങ്ങളാണ്‌. വൃശ്ചികമാസമാണെങ്കില്‍ പറയുകയും വേണ്ട. എത്ര നല്ല നിരീക്ഷണം. ഇങ്ങനെയൊന്ന്‌ വായിച്ചപ്പോളുണ്ടായ സുഖം എത്ര പറഞ്ഞാലും തീരുന്നില്ല....a great post~~

വെള്ളെഴുത്ത് said...

അലറിപ്പാടുന്ന ബോക്സിന്റെ മുന്നില്‍ നിന്ന് ഇന്നലെ വയസായ ഒരു സ്ത്രീ പറയുന്നതു കേട്ടു “ഇതെന്തൊരു ശല്യം !!“ മദ്ധ്യവര്‍ഗ സ്വസ്ഥജീവിതാകാംക്ഷയുടെ നഗ്നമായ പ്രകടനമല്ലേ എന്റെ കുറിപ്പ് എന്ന് ചെറിയ സംശയമില്ലാതിരുന്നില്ല. ഇത് ശല്യം തന്നെയാണ്.
“മനസ്സേ നീ എന്നോടും
മന്ത്രിക്കുന്ന
വിശ്വവിസ്തൃതമായ മൌനം
വെളിവിന്റെ സൂക്ഷ്മശ്രുതി“ ഗോപീ എന്തൊരു അവസ്ഥയാണത്. അരവിന്ദാക്ഷനായിരുന്നല്ലേ ആ വിധി സമ്പാദിച്ചത്. ആരെങ്കിലും കക്ഷി ചേര്‍ന്നെങ്കില്‍ അതുപോലെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ഗുപ്താ, നിരോധനം കൊണ്ട് എന്തു കാര്യം കോളാമ്പി സ്പീക്കറുകള്‍ക്ക് നിരോധനമുണ്ട് എന്നിട്ടും ഇവിടത്തെ സ്ഥിതി നോക്ക്. ഞാന്‍ പോലീസ്സ്റ്റേഷനില്‍ പരാതിപ്പെട്ടു. ഇപ്പോള്‍ അഴിപ്പിക്കാം എന്നായിരുന്നു മറുപടി. നാലുദിവസം കഴിഞ്ഞു. ദാ പൂര്‍വാധികം ശക്തിയോടെ കോളാമ്പി ഇപ്പോഴും പാടുന്നു.
ഇഞ്ചീ, കോളാമ്പിയിരിക്കുന്നത് 50 മീറ്ററെങ്കിലും ഉയരമുള്ള ഒരു ആഞ്ഞിലി മരത്തിന്റെ തുഞ്ചത്താണ്. അതു കയറി ഞാന്‍ വയറുകട്ടുചെയ്യാന്‍ നോക്കിയാല്‍ ഞാന്‍ കട്ടാവും, മാത്രമല്ല ഞാന്‍ ‘ വയറുകട്ടു ചെയ്യുന്ന’ സുന്ദരമായ കാഴ്ച ആരെങ്കിലും കണ്ടാല്‍ അടുത്ത ബ്ലോഗ് പോസ്റ്റിന് ഞാനുണ്ടാവില്ല, ചരമകോളത്തില്‍ നോക്കിയാല്‍ മതി. അക്രമി സംഘങ്ങളാണ് മിക്കവാറും പ്രാദേശിക ഉതസവങ്ങളുടെ നടത്തിപ്പുകാര്‍, രാഷ്ട്രീയം വേറേ. സുജിത്തേ, അമ്പലത്തിനടുത്താനു വാസമെങ്കില്‍ തീര്‍ന്നു. വരകളില്‍ ഒച്ച കലരാതെ ദൈവം തന്നെയായിരിക്കും കാക്കുന്നത്, മുതലുപിടിക്കാര്‍ക്ക് നര്‍മ്മമില്ലെങ്കിലും ദൈവത്തിന് തമാശയിഷ്ടമാണ്. കുറിയ്ക്കുകൊള്ളുന്ന തമാശപറയാന്‍ അറിയാവുന്നവരെയും. അങ്ങോരല്ലേ ‘വര@തലയുടെ‘ ഹെഡ്ഡ്. കിനാവ്, റോബി, സ്വപ്നാടകാ, പിരാന്തന്‍ അനോനി, ഹരിത്തേ, ബാബു, ശ്രീവല്ലഭാ, ഗുരുജി........ ഈ ഒച്ചയിലും നിങ്ങളു പറഞ്ഞതെല്ലാം ഞാന്‍ കേട്ടൂ !

Pramod.KM said...

പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് നമ്മുടെ നാട്ടില്‍ 16 വര്‍ഷത്തോളം പൂട്ടിയിട്ട അമ്പലം ഒരു പത്തുകൊല്ലം മുമ്പ് തുറന്ന് ഉദ്ധരിച്ചപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍ ആണ്. ഇടതടവില്ലാത്ത പാട്ടുകളില്‍ അസ്വസ്ഥരായി അതിനെതിരെ പറഞ്ഞവരെയെല്ലാം ദൈവവിരോധികളായി മുദ്രകുത്തി. പരീക്ഷ അടുത്ത സമയങ്ങളില്‍ ഉച്ചത്തിലുള്ള അമ്പലപ്പാട്ട് കുട്ടികള്‍ക്ക് പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു പറഞ്ഞപ്പോള്‍ ‘ഓ നിന്റെ മോന്‍/മോള്‍ ഒക്കെ പഠിച്ച് അങ്ങ് മലമറിക്കാനല്ലേ’ എന്ന് പറഞ്ഞ് രംഗത്തെത്തിയത് ഭൂരിഭാഗവും ‘ഭക്തപരവശ’രായ സ്ത്രീകളായിരുന്നു . അത്തരത്തില്‍പ്പെട്ട ‘നിന്റെ മോന്‍/മോള്‍’ ഗ്രൂപ്പുകളില്‍ പെട്ടവര്‍ ഒന്നാം റാങ്കുകാരും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും അദ്ധ്യാപകരും ഒക്കെ ആയത് ‘ഭക്തന്മാര്‍’മുക്കിക്കളയുകയും, സഹികെട്ട് ഒരിക്കല്‍ അമ്പലത്തില്‍ കയറി, ഭജന നടത്തുന്ന സമയത്ത് മൈക്ക് തട്ടിപ്പറിച്ച് കുളത്തിലെറിഞ്ഞ ആള്‍ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചത് ദൈവകോപത്താലാണെന്ന കാര്യത്തിന് വേണ്ടത്ര പ്രചാരണം കിട്ടുകയും ചെയ്തു പില്‍ക്കാലത്ത്.

ജ്യോനവന്‍ said...

മലിനമാക്കപ്പെടുന്ന കാതുപൊട്ടിച്ചുതരുന്ന ഒച്ചകള്‍ക്കിടയില്‍ നഷ്ടമാകുന്ന എത്ര കുഞ്ഞൊച്ചകള്‍.
ശ്ശ്ശ്.......കേട്ട്വോ.....പതുക്കെ. ഒരു കിളി. ഒരു ചിറകടി. ഒരു മൊട്ടുസൂചി വീണത്. ഇല പൊഴിഞ്ഞത്.
(മേല്‍ ‌പറഞ്ഞത്‌/)

റെയില്‍ ഞരങ്ങിയും ഇടിച്ചുകൂക്കിയും നീങ്ങിയതില്‍ എനിക്കൊരു കാളരാത്രി ഉണ്ടായിട്ടില്ല.
ഇരമ്പിയാര്‍ക്കുന്ന പുഴയോട് പെരുമഴയോട് തുലനപ്പെട്ടിട്ടുണ്ട്.
എങ്കിലും അനവസരത്തിലുള്ള അപക്വമായ സ്വരസ്ഥാനം തെറ്റിയ എല്ലാ മാലിന്യങ്ങളോടും
മനുഷ്യനും മൃഗങ്ങളും ഒരുപോലെ പൊരുതുക ജൈവികമായ പൊരുത്തപ്പെടല്‍ എന്ന വഴങ്ങല്‍ രീതിവച്ചാവണം.

കൈകളുയര്‍ത്തി തൊണ്ടപൊട്ടുമാറുച്ചത്തില്‍ ധ്യാനിക്കാന്‍ പറഞ്ഞൊരു ഗുരുവിനോട്
ദൈവം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ശബ്ദം എത്ര എന്ന ചോദ്യത്തിന്, ശരിയാണ്; ഹൃദയം കൊണ്ടുള്ള
തീക്‌ഷ്ണവും നിശബ്ദവുമായ പ്രാര്‍ത്ഥനയെന്നു പറയുമ്പോഴും നിന്റെയുള്ളിലെ ദൈവത്തെ
'ഉണര്‍ത്താന്‍' ഇപ്പോള്‍ ഇങ്ങനെ കൂടിയേ തീരൂ എന്ന ഒട്ടും വളച്ചുകെട്ടില്ലാത്ത മറുപടിയാണ്
ലഭിച്ചത്! (ഓഫ് പാര) :)

താളം നഷ്ടപ്പെട്ടൊരു പ്രകൃതിയില്‍ താളാവബോധം നഷ്ടപ്പെടാത്ത ചിലരുടെ വേദനയുണ്ടെന്ന്
ഇങ്ങനെയുള്ള കുറിപ്പുകള്‍ കാട്ടിത്തരുമ്പോള്‍ ഞാനും ചേര്‍ത്തുവയ്ക്കുന്നു
എന്നേ പറയാന്‍ കഴിയൂ......

ഉണര്‍ന്നിരിക്കുന്ന പകലിലും സദാ ചീവീടുകള്‍ കരയുന്നുണ്ട്.

Sebin Abraham Jacob said...

തിരുവനന്തപുരത്തു് ജീവിച്ച കാലമത്രയും തിരുവനന്തപുരംകാരെ പ്രാകിക്കൊണ്ടാണു് ജീവിച്ചതു്. കാരണം, ഈ മാരണം തന്നെ. എവിടെത്തിരിഞ്ഞാലും ആ മൂട്ടില്‍ ഒരു തിരിയും കൊളുത്തി അമ്പലോം വച്ചോണ്ടിരിപ്പുണ്ടാവും, നാട്ടിലെ ചില അലമ്പന്മാര്‍. അവര്‍ക്കു് ഭക്തിയൊക്കെ ചില പ്രകടനങ്ങള്‍ മാത്രമാണു്. എന്തിന്റെയൊക്കെയോ മറകള്‍. ഓരോ ചതുരശ്ര കി.മീ.യിലുമുള്ള ക്ഷേത്രങ്ങളുടെ എണ്ണമെടുത്താല്‍ തിരുവനന്തപുരമാകും മുന്നില്‍. എന്നിട്ടു് എല്ലായിടത്തും പത്തുദിവസത്തെ ചെവിപൊട്ടുന്ന ഉത്സവഘോഷം. അതിന്റെ പേരില്‍ പിരിവു്. പത്തുരൂപാ എങ്ങാന്‍ കൊടുത്തുപോയാല്‍ തുടങ്ങും മുറുമുറുപ്പു്. കുറഞ്ഞതു് നൂറുറൂപയാണു് പോലും റേറ്റ്. ഇനി ഇതു് ക്ഷേത്രത്തില്‍ മാത്രമാണോ? അല്ലേയല്ല. കത്തോലിക്ക പള്ളികളും ഇക്കാര്യത്തില്‍ മോശമല്ല. കോളാമ്പിവയ്ക്കുന്നതില്‍ ഒതുങ്ങുന്നില്ല അതു്. പൊതുവഴി അടച്ചുകൊണ്ടുള്ള ഘോഷയാത്രകളാണു് നടപ്പു്. വണ്ടിയുമായി അത്യാവശ്യം എവിടേക്കെങ്കിലും പോകുമ്പോഴായിരിക്കും ഘോഷയാത്ര. എന്നിട്ടു് ആകെ കുറ്റം പറയുന്നതോ? സെക്രട്ടേറിയറ്റിനു് മുന്നിലെ സമരങ്ങളേയും! ഇതിന്റെ പേരാണു് ഇരട്ടത്താപ്പു്.

അനില്‍ശ്രീ... said...

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാന്‍ ആറ്റുകാല്‍ പൊങ്കാലയെപറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ ശബ്ദമലിനീകരണം അതില്‍ ഒരു പോയിന്റ് ആയിരുന്നില്ല.എങ്കിലും, അതിനെ എതിര്‍ത്ത് വന്ന കമന്റുകളില്‍ തിരുവനതപുരത്തുള്ള ഭക്തര്‍ എന്നോട് പറഞ്ഞത് എല്ലാ ജനങ്ങളും ചേര്‍ന്ന് ആര്‍ക്കും ബുദ്ധിമുട്ടില്ലാത കൊണ്ടാടുന്ന ഒന്നാണ് പൊങ്കാല എന്നാണ്. എന്റെ മറുപടിയില്‍ "ബുദ്ധിമുട്ട് ഉണ്ടോ എന്നു ചോദിച്ചാല്‍, ആ നാട്ടുകാരാണ് മറുപടി പറയേണ്ടത്. ഞാന്‍ നേരിട്ട് അനുഭവിച്ചിട്ടില്ല. കണ്ടിടത്തോളം ഒരു തലസ്ഥാന നഗരിയില്‍ ആയതിനാല്‍ പലര്‍ക്കും ബുദ്ധിമുട്ട് കാണും എന്നു തോന്നുന്നു. ആരും പറയുന്നില്ല 'എന്നതാവാം' നേര്." എന്ന് ഞാന്‍ എഴുതിയിരുന്നു. ഇപ്പോള്‍ സമാധാനം ആയി. ഞാന്‍ പറഞ്ഞത് നേരായിരുന്നു എന്ന് എനിക്ക് വിശ്വസിക്കാമല്ലോ.

വെള്ളെഴുത്തേ.. ഒരു നല്ല ലേഖനം .. എല്ലാ നാട്ടിലും കണ്ടുവരുന്ന ഒരു പ്രതിഭാസം ആണിത്. തടയാം എന്ന് കരുതി ആരു ചെന്നാലും അവര്‍ക്ക് അടിയാവും ഫലം. കാരണം ഇന്ന് അമ്പലങ്ങള്‍ എന്ന് പറയുന്നത് മറ്റു പലതിന്റേയും പഠനശാലകളും മറ്റുമാണല്ലോ. കമറ്റികള്‍ എന്നത് പലയിടത്തും ലോക്കല്‍ അടിപിടി സംഘവും കൂടി ചേര്‍ന്നതാണ്.