March 30, 2008

ശിക്ഷയും കുറ്റവും“Let the punishment fit the crime”
-Proverb

1805-ല്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ച Punishments in China എന്ന സചിത്ര പീഡനവിവരണ പുസ്തകം നക്സലൈറ്റ് വേട്ടക്കാലത്ത് നമ്മുടെ പോലീസുകാരുടെ കൈയിലുണ്ടായിരുന്നു എന്നൊരു കഥയുണ്ട്. ഈ പുസ്തകത്തിന്റെ ഏടുകള്‍ തഞ്ചാവൂരിലെ സരസ്വതിമഹള്‍ എന്ന ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അധികാരത്തിന്റെ വലിയ കൊതികളിലൊന്നാണ് ശിക്ഷയ്ക്കുള്ള നവീന മാര്‍ഗങ്ങള്‍ കണ്ടെത്തി പരീക്ഷിക്കുകയെന്നത്. ജയറാം പടിക്കലിന്റെ കേസ് ഡയറി കയ്യിലുണ്ട്. എന്തുകൊണ്ടോ, അതൊന്നു മറിച്ചു നോക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ ചൈനീസ് പീഡനവിധികളുടെ കേരളാറിസൈപ്പിയില്‍ ഉപ്പാണോ അജിനമോട്ടൊയാണോ എന്നൊക്കെ വരികള്‍ക്കിടയില്‍ വായിച്ച് അതിസാമര്‍ത്ഥ്യം കാട്ടാമായിരുന്നു. ആ ചാന്‍സ് നഷ്ടപ്പെട്ടു ! (എന്നു പറയാന്‍ വരട്ടേ )

പ്രജകളെ മര്യാദപഠിപ്പിക്കാനുള്ള പാഠങ്ങളന്വേഷിച്ച് ചീനദേശം വരെ നമ്മുടെ പോലീസു കുതിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഇവിടെയെന്താ ശിക്ഷണമാര്‍ഗങ്ങള്‍ക്ക് വല്ല കുറവുമുണ്ടായിരുന്നോ? പക്ഷേ പറഞ്ഞിട്ടെന്താ, പോലീസല്ലേ, ചരിത്രത്തില്‍ അവരെങ്ങാനുമുണ്ടോ ചരിത്രപുസ്തകമെടുത്തു മറിച്ചു നോക്കീട്ട് ? പുലപ്പേടിയും മണ്ണാപ്പേടിയും നിര്‍ത്തലാക്കിക്കൊണ്ട് ഉണ്ണിക്കേരളവര്‍മ്മ 1666-ല്‍ പുറപ്പെടുവിച്ച വിളംബരത്തിലെ നടുക്കുന്ന ഒരു വാചകം ഇങ്ങനെ : “ ഈ കല്‍പ്പന ലംഘിക്കുന്നവരെ മാത്രമല്ല, അവരുടെ കുടുംബത്തെ ഒന്നടങ്കം സ്ത്രീകളുടെ ഗര്‍ഭത്തില്‍ കിടക്കുന്ന കുട്ടികളെപ്പോലും തോണ്ടിയെടുത്ത് വെട്ടി നുറുക്കുന്നതാണ്.” ആസ്ട്രിയന്‍ പുരോഹിതനായിരുന്ന ബര്‍ത്തലോമിയോ എഴുതിയ ‘ഈസ്റ്റിന്തീസ് പര്യടനം’ (A Voyage to East Indies -1867) എന്ന പുസ്തകത്തില്‍ കഴുവേറ്റലിനെക്കുറിച്ചുള്ള ഒരു വിവരണമുണ്ട്. മുതുകിന്റെ അടിയില്‍ നിന്ന് കഴുത്തറ്റം കൂര്‍ത്ത ഒരു ഇരുമ്പുകമ്പി കയറ്റി അതിന്റെ താഴത്തെയറ്റം ഒരു തൂണില്‍ ചേര്‍ത്തു തറച്ച് സ്റ്റൂളില്‍ നിര്‍ത്തുന്നതാണ് കഴുവേറ്റലിന്റെ രീതി. മൂന്നു ദിവസമെടുക്കും ദാഹിച്ചും വിശന്നും വേദനിച്ചും എരിപിരി കൊണ്ട് അയാള്‍ മരിക്കാന്‍. മൂന്നു തേങ്ങ മോഷ്ടിച്ചതിനായിരുന്നു, കൊല്ലം, ലക്ഷ്മീനടയില്‍ നടന്ന ഈ കഴുവേറ്റല്‍. ഒരു പശുവിനെ കൊന്ന കുറ്റത്തിന് അമ്പലപ്പുഴയ്ക്കടുത്ത് ഒരു വൃക്ഷത്തില്‍ അഞ്ചുപേരെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതു കണ്ടെന്നും ബര്‍ത്തലോമിയോ എഴുതിയിട്ടുണ്ട്.

‘കെട്ടിത്താഴ്ത്തല്‍‘ എന്ന ശിക്ഷ എല്ലാ കായലിലും നടത്താറില്ല. ചിലയിടങ്ങളില്‍ മാത്രം. പ്രതിയെ കൊണ്ടുവന്ന് കഴുത്തില്‍ വാവട്ടം മുകളിലാക്കി ഒരു കുടം കെട്ടിത്തൂക്കി, കൈയുംകാലും ബന്ധിച്ച് വെള്ളത്തില്‍ തള്ളിയിടും. കുടത്തില്‍ വെള്ളം നിറയുന്നതുവരെ അയാള്‍ക്ക് മരണവെപ്രാളം കാണിക്കാനുള്ള സമയം കിട്ടും! പ്രധാനരാജപാതയ്ക്കരികെ സ്ഥാപിച്ചിരിക്കുന്ന, നാലുപാടും മുകളിലും അഴികളുള്ള ഇടുങ്ങിയ പെട്ടിയാണ് ‘പുലിക്കൂട്‘. ഇതിലിട്ടടച്ചാല്‍ നടക്കാനോ നിവര്‍ന്നു നില്‍ക്കാനോ പറ്റില്ല. വെയിലും മഴയും കൊണ്ട് വിശപ്പും ദാഹവും സഹിച്ച് ഇഞ്ചിഞ്ചായി മരിക്കാം. ആ മരണപരാക്രമം കണ്ട് മര്യാദരാമന്മാരാവാനുള്ള സൌകര്യം വിനീതപ്രജകള്‍ക്കു ലഭിക്കുകയും ചെയ്യും. കഴുവേറ്റലിനെ ‘ചിത്രവധം’ (വിചിത്രമായ കൊല !) എന്നു പറഞ്ഞിരുന്നുവെങ്കിലും ഇതേ പോലെയൊരു ഇരുമ്പുകൂട്ടിലടച്ച് മരത്തില്‍ കെട്ടിത്തൂക്കിയിട്ട് പക്ഷികളെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്ന രീതിയും നടപ്പായിരുന്നു. അതിനും ‘ചിത്രവധം’ എന്നാണ് പേര്. (ചിത്രം എന്നാല്‍ പക്ഷി) പദ്മനാഭപുരം കൊട്ടാരത്തില്‍ ‘ചിത്രവധ’ത്തിനുപയോഗിച്ചിരുന്ന കൂടുകള്‍ ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1343-ല്‍ കേരളത്തിലെത്തിയ ഇബിന്‍ബത്തൂത്ത പറയുന്നത് ‘വഴിയില്‍ വീണു കിടന്ന നാളികേരം ചിലയാത്രക്കാര്‍ എടുത്തുകൊണ്ടു പോയതായി അറിഞ്ഞ രാജാവ്, അവരെ തെരഞ്ഞുപിടിച്ച് പലകകളില്‍ മലര്‍ത്തിക്കിടത്തി കുറ്റികളടിച്ച് കൊന്ന് ജനങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ വേണ്ടി കാഴ്ചയ്ക്ക് വച്ചിരുന്നതായി അറിയാന്‍ സാധിച്ചു‘ എന്നാണ്. കഴുത്തുവെട്ടിയുള്ള കൊലകള്‍ക്കുപുറമേ ശരീരമാകെ തുണിചുറ്റി എണ്ണയൊഴിച്ച് കത്തിക്കുക, ആനക്കാലില്‍ കെട്ടി ഓടിക്കുക, വാണം കെട്ടി കത്തിച്ച് പറപ്പിക്കുക, ഓരോ അവയവങ്ങളായി മുറിച്ചു കൊല്ലുക തുടങ്ങിയ രീതികളായിരുന്നു സാര്‍വത്രികമായി അവലംബിച്ചു വന്നിരുന്നത്.

പ്രവൃത്തിദോഷം ഉണ്ടായാല്‍ സ്ത്രീകളെ മുറിയ്ക്കകത്തിട്ടടച്ച് ബന്ധുക്കള്‍ തന്നെ കഠാരകൊണ്ടോ കുന്തം കൊണ്ടോ കുത്തിക്കൊന്നുകളയുന്ന പതിവും നിലനിന്നിരുന്നു. നായര്‍ സ്ത്രീകളെയാണ് ഇങ്ങനെ ചെയ്തിരുന്നത് . അല്ലെങ്കില്‍ കുടുംബത്തിന് വലിയ അപമാനമാണ്. ഇങ്ങനെ ചെയ്യുന്നതില്‍ രാജാവ് എതിരല്ല. ചെയ്യുന്നവര്‍ സാമൂഹിക സേവനമാണ് അനുഷ്ഠിക്കുന്നത് എന്നുള്ളതിനാല്‍ ശിക്ഷയില്ല. സ്മാര്‍ത്തവിചാരത്തില്‍ പേരുദോഷം വന്ന പുരുഷന്മാര്‍ക്ക് ജാതിഭ്രഷ്ട് നീങ്ങാന്‍ തിളച്ചനെയ്യില്‍ കൈമുക്കി സത്യം തെളിയിച്ചാല്‍ മതി. കൈമുക്ക് ഇങ്ങനെയാണ്. തിളച്ച നെയ്യില്‍ ചെറിയലോഹവിഗ്രഹം (ശുചീന്ദ്രത്ത് അത് നന്ദികേശ്വരന്റെ ചെറിയ വിഗ്രഹമാണ്) ഇടുന്നു. കുറ്റാരോപിതന്‍ വലതുകൈകൊണ്ട് അതെടുത്ത് മുറുക്കെ പിടിക്കണം. വിഗ്രഹവും കൈയും ചേര്‍ത്ത് ഒരു തുണി ചുറ്റി വയ്ക്കും. അയാളെ ജയിലില്‍ സൂക്ഷിക്കുന്നു. മൂന്നാം ദിവസം വിചാരണക്കാരുടെ മുന്നില്‍ വച്ച് ചുറ്റഴിക്കുമ്പോള്‍ കൈപൊള്ളിയിട്ടില്ലെങ്കില്‍ അയാള്‍ കുറ്റവിമുക്തനാവും. പകരം വാദി കൊലമുറിയിലേയ്ക്ക് തലയും താഴ്ത്തി പോകണം. കുറ്റക്കാരനെ കനത്ത ഒരു കല്ലോടെ ചാക്കിലാക്കി വലിയ കുളത്തിലിടുമ്പോള്‍ അയാള്‍ താണു പോയില്ലെങ്കില്‍ നിരപരാധിയാണെന്നാണ് അര്‍ത്ഥം ! ഇതാണ് ജല പരീക്ഷ. ഇരുമ്പുപലക പഴുപ്പിച്ച് കുറ്റവാളിയെ അതിലിരുത്തുകയോ കൈപ്പത്തി അതില്‍ പതിക്കുകയോ ചെയ്തിട്ടും പൊള്ളിയില്ലെങ്കില്‍ അയാള്‍ക്കു വീട്ടില്‍ പോകാം. പേര് അഗ്നിപരീക്ഷ. തുലാസിന്റെ ഒരു തട്ടില്‍ കല്ലും മറ്റേ തട്ടില്‍ അപരാധിയെയും വച്ചു തൂക്കുമ്പോള്‍ അപരാധിയുടെ തട്ടു താണാല്‍ അയാള്‍ വീണ്ടും ശിക്ഷിക്കപ്പെടും. (തുലാപരീക്ഷ). കുറ്റവാളി കഴിച്ച ഭക്ഷണത്തില്‍ നിന്ന് അല്പമെടുത്ത് കഠിനവിഷം ചേര്‍ത്ത് ഒരാടിന്റെ തുടയില്‍ മുറിവുണ്ടാക്കി അതില്‍ വച്ചു കെട്ടുന്നു. ആടു ചത്തില്ലെങ്കില്‍ കുറ്റവാളി നിരപരാധിയാവുന്നു. (വിഷപരീക്ഷ). പഴുപ്പിച്ച ഇരുമ്പില്‍ നക്കിച്ചും സത്യപരീക്ഷ നടത്തിയിരുന്നു. വലിയ തുകകള്‍ കക്കുന്ന ബ്രാഹ്മണന്റെ കണ്ണു കുത്തിപ്പൊട്ടിയ്ക്കുകയും അംഗഛേദം വരുത്തുകയും ചെയ്തിരുന്നു എന്ന് അല്‍ബറൂണി എഴുതുന്നു. വേണാട്ടു രാജാവ് വീര കേരളവര്‍മ്മ തന്റെ മരുമകന്‍ ഒരു മാങ്ങയെടുത്തതു കണ്ട് രണ്ടു പൊളിയാക്കി അവനെ മുറിക്കാന്‍ പടയാളികള്‍ക്ക് ഉത്തരവു കൊടുത്തു എന്ന് ഇബ്‌നു ബത്തൂത്ത. ഡച്ച് ക്യാപ്റ്റനായിരുന്ന ന്യൂ ഹോഫ് കണ്ടത്, ആനയെക്കൊണ്ടു ചവിട്ടിച്ച് കേരളത്തില്‍ വധശിക്ഷ നടപ്പിലാക്കുന്നതായിരുന്നു.

കരം കുടിശ്ശിക, ആടു - കോഴി മോഷണം തുടങ്ങിയ ചെറിയതരം കുറ്റങ്ങള്‍ക്ക് മുക്കാലിയില്‍ കെട്ടി നാലാളു കാണക്കെ അടികൊടുക്കുക എന്നതായിരുന്നു സാര്‍വത്രിക ശിക്ഷ. മുതുകിലാണ് അടി. ഓരോ അടിയ്ക്കും തൊലി പൊളിയും. വേദനസഹിക്കാതെ കുറ്റവാളി തളര്‍ന്നു വീഴുമ്പോള്‍ കുറച്ചു നേരത്തേയ്ക്ക് അടി നിര്‍ത്തും. വീണ്ടും തുടരും. അടി കഴിഞ്ഞാല്‍ പുളിവെള്ളം കുടിക്കണം. വയറിളക്കം പിടിച്ച് അടികൊണ്ടവന്‍ തളരാനും മുറിവുകള്‍ പഴുക്കാനും വേണ്ടിയാണ് പുളിവെള്ളം. ദളവ വേലുത്തമ്പി, കള്ളസാക്ഷ്യം പറയുന്നവരുടെ മൂക്കും കാതും ചെത്തിക്കളഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ക്ക് സ്വത്തു കണ്ടുകെട്ടലും ദേഹദണ്ഡവും. ബലാത്സംഗത്തിനു വധശിക്ഷ. മോഷണത്തിന് അടി, ശരീരാവയവങ്ങള്‍ മുറിക്കല്‍, ശൂലത്തിലോ മരത്തിലോ തറച്ചു നിര്‍ത്തല്‍. തിരുവിതാംകൂര്‍ ദിവാനായിരുന്ന കൃഷ്ണരായര്‍ ആപ്പീസില്‍ വൈകിയെത്തിയ ഉദ്യോഗസ്ഥരോട് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടു, 1858-ല്‍. കൈക്കൂലി വാങ്ങുന്നതു ‘പണ്ടാരകാര്യങ്ങള്‍ക്കു വളരെ ദോഷങ്ങളായിട്ടു കണ്ടിരിക്കുന്നതിനാല്‍‘ അതു കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്ക് കഠിനമായിട്ടുള്ള ശിക്ഷ നടപ്പാക്കാനിടവരും’ എന്നാണ് ദിവാന്‍ സുബ്ബരായരുടെ നീട്ട്. (1837-ആം ആണ്ട് മേടമാസം 19-‌ാം തീയതി).


അനു :
1. നഗരസഭയിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എല്‍ ശശിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
2. പട്ടയത്തിലെ തെറ്റു തിരുത്തുന്നതിനു 40,000 രൂപ കൈക്കൂലി വാങ്ങിയതിനു ലാന്‍ഡ് ട്രൈബ്യൂണല്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ കെ പി അയ്യപ്പനെയും അറ്റന്‍ഡര്‍ ടി പി സജില്‍കുമാറിനെയും പ്രതികളാക്കി വിജിലന്‍സ് കേസെടുത്തു.
3. പെണ്‍‌വാണിഭ കേസില്‍ പ്രതിസ്ഥാനത്തു നിന്നൊഴിവാക്കാന്‍ 45,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ കൊല്ലം DCRB DYSP എം ജി ചന്ദ്രമോഹനനു തടവും പിഴയും വിജിലന്‍സ് കോടതി വിധിച്ചു.
4. കടയ്ക്കല്‍ ഇട്ടിവ വില്ലേജ് ഓഫീസര്‍ പ്രഫുല്ല കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തു.
5. മുന്‍‌മന്ത്രി വക്കം പുരുഷോത്തമനും മക്കളും വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ വിജിലന്‍സ് അന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവിട്ടു.


പലയിടത്തു നിന്നല്ല, ഒറ്റ ദിവസത്തെ പത്രത്തിലെ വാര്‍ത്തകളാണിവ. ഒരു ചെറിയ തലതിരിച്ചില്‍. മുന്‍പ് ശിക്ഷയ്ക്കായിരുന്നു പ്രാധാന്യം കുറ്റം ഭയത്തോടെ പിന്നില്‍ ഒതുങ്ങി നിന്നു. സമൂഹം പുരോഗമിച്ചു പുരപ്പുറത്തു കയറിയപ്പോള്‍ ശിക്ഷ ഒതുങ്ങി കുറ്റങ്ങള്‍ തലക്കെട്ടും കാര്യങ്ങളുമായി വിരാജിക്കുന്നു. കുറ്റത്തിന്റെ തോത് കൂടുംതോറും ശിക്ഷയുടെ അളവു കുറയും !

തട്ടകത്തേയ്ക്കും തട്ടിന്‍പുറത്തേയ്ക്കും ചരിത്രത്തിലേയ്ക്കും എല്ലാം കൂടി എത്രയെത്ര വഴികള് !!

പുസ്തകങ്ങള്‍ :
തിരുവിതാംകൂര്‍ ചരിത്രം
സഞ്ചാരികള്‍ കണ്ട കേരളം
കേരളചരിത്രപഠനങ്ങള്‍
Post a Comment