February 20, 2008

നീലഞരമ്പുള്ള പുസ്തകം


ആഷാമേനോന്റെ ‘ഓഷോവിന്റെ നീലഞരമ്പ്‘ സംസ്കാരത്തിലും പാരിസ്ഥിതികാവബോധത്തിലും രാഷ്ട്രീയത്തിലും സന്നിഹിതമാവുന്ന രത്യൂര്‍ജ്ജത്തിന്റെ പ്രകാരഭേദങ്ങളെക്കുറിച്ചുള്ള ചിന്തയുടെ ഒരു വഴിമാറി നടക്കലാണ്. ലൈംഗികതയുടെ ഐന്ദ്രിയവും ഇന്ദ്രിയാതീതവുമായ അനുഭൂതിവിശേഷങ്ങളെക്കുറിച്ച് ഉറക്കെ ചിന്തിച്ച സന്ന്യാസി എന്ന നിലയ്ക്കാണ് ഓഷോവിനെ ആഷാമേനോന്‍ ഉള്ളിലറിയുന്നത്. സംസ്കാരത്തിന്റെ വഴിത്താരകളെവിടെയോ വച്ച് വിടര്‍ച്ച നേടി പിണങ്ങി നില്‍ക്കുന്ന ഒരു സംവേദനത്വത്തെ സംസ്കൃതിയുമായി കൂട്ടിയിണക്കി സാകല്യമാര്‍ന്ന ധാരണകള്‍ സ്വരൂപിക്കാനായിരുന്നു, ഓഷോയുടെ ശ്രമം. പെണ്ണുടലിന്റെ വേലിയേറ്റങ്ങളില്‍ മാത്രം ഉടക്കിക്കിടക്കുന്ന ഗൃഹസ്ഥാശ്രമിയാകാതെ ആത്മീയതയുടെ നളിനങ്ങള്‍ പൂക്കുന്ന ഗിരിശൃംഗങ്ങളിലേയ്ക്കു നിരന്തരം യാത്ര നയിക്കുന്ന പരിവ്രാജകന്‍ കൂടിയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഭൌതികാതിഭൌതികങ്ങളുടെ നീലിമയാര്‍ന്ന രസപാകം. ‘നീല’യ്ക്ക് സവിശേഷമായ ഒരു അര്‍ത്ഥവ്യാപ്തി വരുന്നത് ഈ പരിണതിയിലാണ്. ഉന്മത്തതയുടെ സമുദ്രത്തിന്റെ മാത്രം നിറമല്ലല്ലോ, ഈ നീല, ആകാശവിശാലതയുടെയും മലനിരകളുടെ സ്ഥൈര്യത്തിന്റെയും കൂടിയല്ലേ. മറ്റൊരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിന്റെയും ഉത്തുംഗതയുടെയും.

ദ്രൌപദിയെക്കുറിച്ചുള്ള ഓഷോവിന്റെ അഭിദര്‍ശനങ്ങള്‍ സ്നേഹത്തിന്റെ സീമാതീതമായ അവസ്ഥയെ ഉദാഹരിക്കുന്നതെങ്ങനെ എന്ന് ആഷാമേനോന്‍ വ്യക്തമാക്കുന്നുണ്ട്. (കദംബത്തിന്റെ ഒരിതള്‍) പങ്കുവയ്ക്കുമ്പോള്‍ കുറയുന്നതാണ് സ്നേഹമെന്നുള്ളത്, സങ്കുചിതമായ മുന്‍‌ധാരണമാത്രമാണ്. പങ്കുവയ്ക്കുംതോറും പെരുകുന്ന ഒന്നാണത്. പക്ഷേ അത്തരം സങ്കല്‍പ്പങ്ങള്‍ മനുഷ്യനെന്ന സമൂഹജീവിയെ അരാജകത്വത്തിലേയ്ക്കല്ലേ നയിക്കുകയുള്ളൂ എന്ന ചോദ്യം വരാം. ദേഹബോധത്തെ അതിവര്‍ത്തിക്കുക എന്നതാണ് അതിന് ഓഷോവിന്റെ ആദേശം. കാറ്റുപോലെ അന്തരംഗത്തില്‍ പതിക്കുന്ന (അതനുഭവിക്കുക മാത്രമേ നിവൃത്തിയുള്ളൂ) പ്രണയത്തിന്റെ നേരാണ് (sexual veracity)രാസക്രീഡയുടെയും പൊരുള്‍ (നൃത്തം ചെയ്യുന്ന ദ്വീപ്). ഈശാവാസ്യമിദം സര്‍വമെന്ന ഉപനിഷദ് വാക്യത്തിനു ഓഷോ നല്‍കിയ വിശദീകരണത്തിനിടയില്‍ പറയും പോലെ സമുദ്രത്താല്‍ ആവസിക്കപ്പെട്ട മത്സ്യത്തെപ്പോലെ സ്നേഹം നമ്മെപ്പൊതിഞ്ഞിരിക്കുന്ന ഒരവസ്ഥയെ വരികള്‍ തോറും ബോദ്ധ്യപ്പെടുത്തുകയാണ് ‘ഓഷോവിന്റെ നീലഞരമ്പ്’.

സ്നേഹത്തിന്റെയും പച്ചപ്പുള്ള തത്ത്വചിന്തയുടെയും പ്രവാചകന്മാരായിരുന്ന മഹത്തുക്കളെ ഈ പുസ്തകം മുന്നില്‍ കൊണ്ടുവരുന്നുണ്ട്. ഓഷോവിന്റെ ദര്‍ശനങ്ങളുടെ സ്ഥായിയില്‍ അവയുടെ പുനര്‍വിചിന്തനങ്ങള്‍ക്ക് പ്രത്യേക നിറശബളിമയുണ്ട്. വേട്ടക്കാരന്റേതല്ലാത്ത സത്ത മനുഷ്യനു നല്‍കിയ വികാരം അഹിംസയാണ് (അഹിംസയുടെ പച്ചരാശി). അതിനെ ഒരു രാഷ്ട്രീയപ്രയോഗമായി മാറ്റി വിജയിച്ചപ്പോഴും ഗാന്ധിജിയുടെ നിരാഹാരം ഒരു ഹിംസതന്നെയാണെന്ന് ഓഷോയോട് അനുകൂലിച്ചുകൊണ്ടു തന്നെ ആഷാമേനോന്‍ ഗാന്ധിജിയുമായൊരു താരതമ്യത്തിനു ഓഷോയെ വിധേയമാക്കുന്നത് കൌതുകകരമാണ്. ഗാന്ധിജി ഏറ്റുവാങ്ങിയ വേദനകളുടെ നൂറിലൊരംശം പോലും ഓഷോ അനുഭവിച്ചു കാണില്ല. ഗാന്ധിജിയുടേത് ചരിത്രത്തിലേയ്ക്കു നടന്നു കയറിയ ഭൂതാനുകമ്പയാണ്. ഗാന്ധിയന്‍ ലൈംഗികസംയമനങ്ങളുടെ ഏറ്റുപറച്ചിലാണ് മറ്റൊന്ന്. രണ്ടും രണ്ടു വഴികളാണെന്നു പറഞ്ഞുകൊണ്ടാണ് ആഷാമേനോന്‍ ഇവിടെ രാജിയാവുന്നത്. ഇതുപോലൊരു താരതമ്യം മസനാബുഫുക്കുവോക്കയെയും ഡാര്‍വിനെയും വച്ചും അദ്ദേഹം നടത്തുന്നുണ്ട്. അതിജീവനോപായങ്ങള്‍ പ്രകൃതിയില്‍ സംഗതമല്ലെന്നു പറഞ്ഞ ഫുക്കുവോക്കയുടെ വിചാരങ്ങളില്‍ മനുഷ്യകേന്ദ്രീകൃതമായ സങ്കല്‍പ്പങ്ങളുടെ പൊളിച്ചെഴുത്തുണ്ട്. (ജിങ്‌കോവൃക്ഷത്തിലും സ്പന്ദിക്കുന്നത്) അതും സംഗതമാണ്.

പുസ്തകത്തിലെ ’ഉറവെ’ന്ന രണ്ടാം ഖണ്ഡം മലയാളകൃതികളുടെ നിരൂപണമാണ്. കസാന്‍സാക്കീസിന്റെ കരച്ചിലിന്റെ (ജീവിതമാകെ ഒരു കരച്ചിലാണ്) കാതരമായ ഒരംശം വിജിതമ്പിയുടെ കവിതകളുണ്ടെന്ന ഉപദര്‍ശനമാണ് ‘ബുദ്ധന്റെ മിന്നല്‍പ്പിണര്‍‘. മിന്നല്‍ ഒരു സമാപ്തിയല്ല. കണ്ടെത്തലിനായുള്ള ഉറയൂരലാണ്. ‘ഭൂസ്പര്‍ശത്തിന്റെ വീര്യത്തില്‍’ പികവിതകളിലെ മണ്‍സ്പന്ദങ്ങളെ ഉള്‍ക്കാതറിയുന്നു. ഒരു കര്‍ഷകസംസ്കൃതിയുടെ ശീതളിമയാണ് പിയില്‍ നിന്ന് ആഷാമേനോന്‍ കണ്ടെടുക്കുന്ന തണല്. പാരിസ്ഥിതികവിവേകം ഏറ്റവും കൂടിയ അളവില്‍ ഉണ്ടായിരുന്ന കവിയാണ് കുഞ്ഞിരാമന്‍ നായര്‍. മാധവിക്കുട്ടിയുടെ രൂപകം നീര്‍മാതളമല്ല, താ‍ഴ്വാരങ്ങളില്‍ തീജ്വാലകള്‍ പോലുള്ള പൂക്കളുമായി ഉലയുന്ന ഗുല്‍മോഹറുകളാണെന്ന തിരിച്ചറിവിനാല്‍ സമ്പന്നമാണ് ‘ഗുല്‍മോഹറിന്റെ പൂക്കള്‍, ഇനിയും?’ എന്ന ലേഖനം. മാധവിക്കുട്ടിയുടെ സ്വത്വത്തെ ആവിഷ്കരിക്കാന്‍ കരുത്തുള്ളത് ഗുല്‍മോഹറിന്റെ ചടുലദീപ്തിയ്ക്കാണ്, നീര്‍മാതളത്തിന്റെ ക്ഷണികതയ്ക്കല്ല.

യൌവനതീക്ഷ്ണങ്ങളായ ആവേഗങ്ങളെ അടയാളപ്പെടുത്തിയാണ് നീല ഞരമ്പുകള്‍ തുടിക്കുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ പച്ചപ്പില്‍ നിന്ന് ദര്‍ശനങ്ങളുടെ നീലിമയിലേയ്ക്കും തിരിച്ചും ഊര്‍ജ്ജദായിനികളായി പ്രവഹിക്കുന്ന സരസ്വതികളെ പിന്തുടരുക എന്ന അനുഭവം ‘ഓഷോവിന്റെ നീലഞരമ്പ്‘ സമ്മാനിക്കുന്നുണ്ട്. രണ്ടു സന്ദര്‍ഭങ്ങളില്‍ ഒരു പുസ്തകത്തിന് സാന്ദ്രമായ ഒരു സൌന്ദര്യാനുഭവമായി മാറാം. ഇതുവരെ ആരുമുയര്‍ത്താത്ത ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്, അല്ലെങ്കില്‍ ആരും ചിന്തിക്കാത്ത ചില ഉത്തരങ്ങള്‍ നല്‍കിക്കൊണ്ട്. (ഓഷോവിന്റെ നീല ഞരമ്പ്) അങ്ങനെയുള്ള ചില ഉത്തരങ്ങളെ പിന്തുടരുന്നതിന്റെ വിസ്മയങ്ങള്‍ പകര്‍ന്നു നല്‍കുന്നു എന്നിടത്താണ് ഈ രചനയും പ്രസക്തമാവുന്നത്.
Post a Comment