February 17, 2008

ചുവന്ന ചായം മാറ്റിയാല്‍ പിന്നെ......?
കോട്ടയത്തു നടന്ന സി പി ഐ എം -ന്റെ സംസ്ഥാനസമ്മേളനം അത്ര നല്ല നിലയിലൊന്നുമല്ല അവസാനിച്ചത്. രാഷ്ട്രാന്തരീയവും ദേശീയവുമായ പ്രശ്നങ്ങളുടെ തലനാരിഴകീറിയുള്ള വിശകലനത്തിനായി മണിക്കൂറുകള്‍ ചെലവിട്ട മുന്‍‌കാല കോണ്‍ഗ്രസ്സുകളെ അപേക്ഷിച്ച് എന്തെങ്കിലും മെച്ചം കോട്ടയം സമ്മേളനത്തിനുണ്ടോ എന്നാലോചിക്കുന്ന ഒരാളുടെ മുന്നില്‍ തെളിയുന്ന ചിത്രം അലങ്കോലപ്പെട്ട സമാപന സമ്മേളനത്തിന്റേതാണ്. ‘ആവേശം അല ’തല്ലി’യെന്നും ‘അടിച്ചു പിരിഞ്ഞു’ എന്നും ‘സമാപനത്തില്‍ അടി’ എന്നുമൊക്കെയാണ് കുത്തക പത്രങ്ങള്‍ മുനവച്ചെഴുതിയത്. പാര്‍ട്ടി അച്ചടക്കത്തിന്റെ അതിരും വിട്ട് വിഭാഗീയത പുറത്തേയ്ക്കൊഴുകിയതല്ലെങ്കില്‍ മറ്റെന്തായിരുന്നു അത്? വിവരങ്ങള്‍ സെല്‍ ഫോണുകള്‍ വഴി പുറത്തേയ്ക്ക് ചോരാതിരിക്കാന്‍ ജാമറുകള്‍ ഘടിപ്പിച്ച സമ്മേളന വേദി തന്നെ ഒരു സൂചകമാണ്. ആരാണ് ശത്രു എന്നറിയാതെ പരസ്പരം മുഖം നോക്കുന്ന ഒരു കറുത്ത ഫലിതം. നേതാവ് സംസാരിക്കുമ്പോള്‍ ആരോ വേദിയിലേയ്ക്ക് കുപ്പിയെറിയുന്നു. അണികളെ നേരിട്ട് ശാസിക്കേണ്ടി വരുന്നു. റെഡ് വാളന്റിയര്‍മാര്‍ സ്വന്തം സഖാക്കളെ തല്ലിയൊതുക്കുന്നു. ഇതൊക്കെ സംഭവിച്ചത് അച്ചടക്കത്തിനു പേരു കേട്ട ഒരു കേഡറ്ററി പാര്‍ട്ടിയുടെ സമ്മേളനത്തിലാണ്. കേരളം ഭരിക്കുന്ന ഏറ്റവും വലിയ ഒറ്റ പാര്‍ട്ടിയുടെ വരും കാല നയതന്ത്രരൂപീകരണ മേളയില്‍.

ഇത്തവണത്തെ കേരളാബഡ്ജറ്റ് ഒരു വകയായിരിക്കും. കാരണം, മന്ത്രി നേരത്തേ പറഞ്ഞു, പാര്‍ട്ടി സമ്മേളനം നടക്കുന്ന സമയമാണ്. ഒന്നിനും സമയമില്ല. ഭരണകൂടത്തിന്റെ കാര്യക്ഷമമായ നടത്തിപ്പും പാര്‍ട്ടിപ്രവര്‍ത്തനവും രണ്ടും രണ്ടാണ്. പാര്‍ട്ടിയ്ക്ക് അല്പം മേല്‍ക്കൈ കൊടുത്ത് രണ്ടും കൂടി നടത്തിച്ചുപോവുക എന്നതാണ് ഇടതു പക്ഷത്തിന്റെ രീതി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്തിനെയൊക്കെ എതിര്‍ത്തോ അതിനെയൊക്കെ, ഭരണം കൈവന്നു കഴിഞ്ഞാല്‍ കൈമെയ്യ് മറന്ന് ആശ്ലേഷിക്കും. ദോഷം പറയരുതല്ലോ, എന്തുകൊണ്ടങ്ങനെ ചെയ്യുന്നു എന്നതിന് പ്രത്യയശാസ്ത്രപരമായ വ്യാഖ്യാനം ചമയ്ക്കുകയും ചെയ്യും.

ഇനിയിപ്പോള്‍ അതിന്റെയും ആവശ്യമില്ല. പ്രത്യയശാസ്ത്രം, മൈ ഫുട് ! നയം മതി. തന്ത്രങ്ങള്‍ മതി. ബഡ്ജറ്റിനെപ്പോലും പരണത്തു വച്ചിട്ട് കൊണ്ടുപിടിച്ചു നടത്തപ്പെട്ട പാര്‍ട്ടി കോണ്‍ഗ്രസ്സ് ചര്‍ച്ച ചെയ്ത അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളെന്തൊക്കെയാണ്? പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയത മാത്രം. പുതിയ എണ്‍പത്തഞ്ച് സംസ്ഥാനകമ്മറ്റി അംഗങ്ങളില്‍ 75-ഉം ഒരു വിഭാഗത്തിന്റേതാവുമ്പോള്‍, ഒരു സഖാവ് മുന്‍‌കൂട്ടി കണ്ട് പറഞ്ഞതു പോലെ വിഭാഗീയത ‘തുടച്ചു‘ തന്നെ നീക്കപ്പെടും. വി എസ് അച്ചുതാനന്ദന്‍, പാര്‍ട്ടിയ്ക്കുണ്ടാക്കിയ നഷ്ടങ്ങളാണ് ഇപ്പോള്‍ കമ്മറ്റി വക ആരോപണങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അല്ലാതെ മന്ത്രിമാരുണ്ടാക്കി വച്ച നാണക്കേടുകളല്ല. മന്ത്രിസഭയുടെ ഇനിയുള്ള പ്രവര്‍ത്തനത്തിന് സംസ്ഥാനകമ്മറ്റി മാര്‍ഗരേഖ തയാറാക്കും. അതും കൂടി നടപ്പിലാവുമ്പോള്‍, കമ്മ്യൂണിസ്റ്റുകാരന്റെ അടിസ്ഥാനഗുണങ്ങളിലൊന്നെന്നു കണക്കാക്കി വരുന്ന ആശയ സമരങ്ങള്‍ക്കുള്ള സാദ്ധ്യതകൂടി കെട്ടിപ്പൊതിഞ്ഞെടുത്ത് തട്ടിന്‍പുറത്തു കയറ്റേണ്ടി വരും. ഡി ഐ സി, ലീഗ് ബന്ധങ്ങള്‍ ഉള്‍പ്പടെ, പലതരത്തിലുള്ള ഭൂമിയിടപാടുകളുള്‍പ്പടെ, നാളിതുവരെ ഉണ്ടായ എല്ലാ കുഴമറിച്ചിലുകളെയും മാദ്ധ്യമങ്ങള്‍, പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയതയുടെ ചെലവിലാണ് എഴുതിയിട്ടത്. അവയൊക്കെയും ആശയ സമരങ്ങളായിരുന്നു എന്ന് ഔദ്യോഗികഭാഷ്യം. പാറ്റന്‍ ടാങ്കുകളുടെ ചക്രങ്ങള്‍ക്കു ചലനം വച്ചു തുടങ്ങുമ്പോള്‍ എന്ത് ആശയസമരം ? എന്ത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം? ഇത്രയൊക്കെയായ സ്ഥിതിയ്ക്ക് ഘടകകക്ഷികളിലും അഴിച്ചുപണി അധികം വൈകാതെ നടന്നു കൂടെന്നില്ല. വെളിയത്തിനു പകരം കെ. ഇ. ഇസ്മായേല്‍. ബാക്കി വെടിപ്പാക്കല്‍ എളുപ്പമാണ്.

അടുത്ത സമയത്ത് തിരുവനന്തപുരത്തെ ഇഞ്ചിനീയറിംഗ് കോളേജില്‍ ഒരു ജൂനിയര്‍ കുട്ടിയെ മുതിര്‍ന്ന കുറച്ചു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്ന് പത്രവാര്‍ത്ത വന്നിരുന്നു. മര്‍ദ്ദിച്ചവര്‍ അംഗീകൃത ഭരണപക്ഷ സംഘടനയുടെ നേതാക്കള്‍. രണ്ടാം ദിവസം 450 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട നിവേദനമോ പരാതിയോ തയ്യാറായി, അതായത് മര്‍ദ്ദനമേറ്റവന്‍ ഒരു റാഗിംഗ് വീരനാണെന്ന്. ഗാന്ധിയന്‍ മാതൃക അക്ഷരം പ്രതി അനുസരിച്ചുകൊണ്ട് ‘ആണോ താനൊരു റാഗിംഗ് വീരനാണോ?’ എന്നു ചോദിക്കുക മാത്രമാണ് മുതിര്‍ന്ന പാവം വിദ്യാര്‍ത്ഥികള്‍ ചെയ്തതെന്ന്..സമരം ഇപ്പോഴും തീര്‍ന്നിട്ടില്ല.

ഈ സംഭവം എടുത്തു പറയാന്‍ കാരണമുണ്ട്. മര്‍ദ്ദകരായ ഒന്നോ രണ്ടോ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ മര്‍ദ്ദനമേറ്റ ദലിതനായ ഒരു വിദ്യാര്‍ത്ഥിയെ, ഒരു വിദ്യാര്‍ത്ഥി സംഘടന കുറ്റവാളിയാക്കുന്ന രീതി ശ്രദ്ധിക്കുക. (വളഞ്ഞ വഴിയില്‍ മൂക്കു തൊടല്‍) അധികാരപ്രയോഗത്തിന്റെ നഗ്നമായ മാതൃകയാണിത്. കുറ്റം മാത്രമേയുള്ളൂ കുറ്റവാളികളില്ലെന്ന കാഫ്കേയിയന്‍ സാഹചര്യങ്ങളുടെ ആഴം തിരിച്ചറിയുന്നത് ഇതു പോലെ അര്‍ത്ഥം എത്രവേണമെങ്കിലും നീളുന്ന സംഭവങ്ങളിലാണ്. കോളേജുകളില്‍ നടന്നുവരുന്ന സംഘടനാപ്രവര്‍ത്തനം ഏതാണ്ടിതേ മാതൃകയിലൊക്കെയാണ്. 450 വിദ്യാര്‍ത്ഥികള്‍ ഒരു ദിവസം കൊണ്ട് ഒരാളെ റാഗിംഗ് വിദഗ്ദ്ധനാക്കിയെങ്കില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഊര്‍ജ്ജത്തിന്റെ ചലനവേഗത്തെക്കുറിച്ച് ഒന്നാലോചിക്കുന്നത് നന്നായിരിക്കും. അതേ ചലനനിയമങ്ങള്‍ തന്നെയാണ് ലോക്കല്‍ കമ്മറ്റികളില്‍, ജില്ലാകമ്മറ്റികളില്‍, സംസ്ഥാന കമ്മറ്റിയില്‍, പല വേഷങ്ങളില്‍ അരങ്ങിലെത്തിയത്.ഈ റിഹേഴ്സല്‍ വേദിയില്‍ നിന്ന് പുറപ്പാടു നടത്തിയാണ് പാര്‍ട്ടി കോണ്‍ഗ്രസ്സുകളിലെ അഭിനയം കൊഴുക്കുന്നത്. എതിര്‍ചേരിയെന്നത് എപ്പോഴും മറ്റുള്ളവരല്ല, സ്വന്തം അവയവങ്ങള്‍ തന്നെയാകാം എന്നിടത്ത് എത്തി നില്‍ക്കുന്നു, കാര്യങ്ങള്‍. ജില്ലാ സമ്മേളനങ്ങള്‍ കഴിഞ്ഞപ്പോള്‍ ‘പക്ഷങ്ങള്‍” കമ്മറ്റികള്‍ പിടിച്ചടക്കിയ രീതി പറഞ്ഞ് വിഷമിച്ച ഒരു സഖാവിനെ ഓര്‍ക്കുന്നു. ഇവരാണിപ്പോള്‍ നിന്നു മഴ കൊള്ളുന്നത്. കൂടെയാരുമില്ല. സമാപനവേദിയില്‍ നടന്ന കാര്യങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ ‘മഴയായിരുന്നു, ഞാനൊന്നും അറിഞ്ഞില്ല’ എന്നാണ് വി എസ് പത്രലേഖകരോട് പറഞ്ഞത്.

ഒന്നും അറിയാതിരിക്കുക എന്നതിന്റെ പുതിയ അര്‍ത്ഥമാണ് സമവായം. പാര്‍ട്ടിയുമായി ആദ്യവും ഭരണകൂടവുമായി പിന്നീടും ജനങ്ങള്‍ക്കും സമരസപ്പെടേണ്ടതുണ്ട്. സ്ഥിരമായ പ്രതിപക്ഷ സ്വരം സൂക്ഷിക്കുക എന്നത് ഇനിയുള്ള കാലത്ത് അപകടമാണെന്ന് അര്‍ത്ഥം. പാര്‍ട്ടിയെന്നാല്‍ എന്ത് എന്നും അതിന്റെ നയപരമായ തീരുമാനങ്ങള്‍ പാകം ചെയ്തെടുക്കാന്‍ പോകുന്ന വേവുപുരകള്‍ എവിടെയാണെന്നും അത് ഭരണീയരായ നമ്മളെ ബാധിക്കാന്‍ പോകുന്നതെങ്ങനെയെന്നും ചോദിക്കരുത്. വിമര്‍ശനം, പാര്‍ട്ടി പുറത്താക്കിയവര്‍ക്കായി വിട്ടു കൊടുത്ത് നമുക്ക് സ്വസ്ഥരായിരിക്കാം. ഇടയ്ക്ക് അതൊക്കെ വായിച്ചു രസിക്കാം. അല്ലാതെ, വെറുതേയെന്തിന് വയ്യാവേലികള്‍ !
Post a Comment