December 25, 2007

ചിരിക്കുന്ന യേശു


“യേശു ശിഷ്യന്മാരോടൊപ്പം യഹൂദ്യയിലായിരിക്കേ, ഒരു ദിവസം ശിഷ്യന്മാരെല്ലാം ഒന്നിച്ചിരുന്ന് ഭക്തിപൂര്‍വം പ്രാര്‍ത്ഥിക്കുന്നതായി കണ്ടു. അവര്‍ അത്താഴം കഴിക്കുന്നതിനു മുന്നോടിയായി നന്ദിപറയല്‍ പ്രാര്‍ത്ഥന ചൊല്ലുകയായിരുന്നു. അവരുടെ അടുത്തേയ്ക്ക് ചെന്നപ്പോള്‍ അവിടുന്ന് ചിരിച്ചു.”

“ഇതു സംഭവിച്ചതിന്റെ പിറ്റേ ദിവസം യേശു വീണ്ടും ശിഷ്യന്മാരുടെ അടുത്തെത്തി അവര്‍ അവിടത്തോട് ചോദിച്ചു : ‘ഗുരോ അങ്ങ് എവിടെയാണ് പോയത്?‘
യേശു പറഞ്ഞു : ‘പരിശുദ്ധമായ ഒരു വലിയ തലമുറയുടെ ഒപ്പമായിരുന്നു ഞാന്‍‘
ശിഷ്യന്മാര്‍ ചോദിച്ചു :‘ ഗുരോ, ഈ രാജ്യത്ത് ഞങ്ങളേക്കാള്‍ പരിശുദ്ധവും വലുതുമായ മറ്റേത് തലമുറയാണ് അങ്ങേയ്ക്കുള്ളത്?’
ഇതുകേട്ടപ്പോള്‍ യേശു ചിരിച്ചു.”

അത്തിമരത്തെ ശപിക്കുമ്പോഴും ദേവാലയം ശുദ്ധീകരിക്കുമ്പോഴും യേശു കോപിഷ്ടനായിരുന്നു. അവിശ്വാസത്തിന്റെ ആള്‍‌രൂപങ്ങള്‍ക്കുമുന്നിലും ഒറ്റിനെക്കുറിച്ചുള്ള ആലോചയിലും അദ്ദേഹം അസ്വസ്ഥനാവുന്നു. ലാസറിന്റെ ശവകുടീരത്തിന്റെ മുന്നില്‍ വച്ച് ആത്മാവില്‍ നെടുവീര്‍പ്പിട്ടു കൊണ്ട് യേശു കരഞ്ഞെന്ന് യോഹന്നാന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജെറുസലേമിനെക്കുറിച്ചു മാത്രമല്ല തന്നെക്കുറിച്ചോര്‍ത്തും യേശു വിലപിക്കുന്നുണ്ട് ;“ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്?”

ദൈവം അവന്റെ മാതൃകയില്‍ മനുഷ്യനെ നിര്‍മ്മിക്കുകയായിരുന്നു എന്നാണ് വേദഘോഷണം. മറ്റു ജീവജാതികള്‍ക്കു കിട്ടാത്ത ഒരു ഗുണം. അങ്ങനെയെങ്കില്‍ മാനുഷികഭാവങ്ങളത്രയും ദൈവികഭാവങ്ങളും കൂടിയാണെന്നൊരു ദൈവദോഷം പറഞ്ഞാല്‍ ഭൂരിപക്ഷം നെറ്റിചുളിക്കുമെങ്കിലും കുറച്ചുപേരെങ്കിലും തലയാട്ടാതിരിക്കില്ല. അതുകൊണ്ടാണ് മനുഷ്യനാണ് ദൈവത്തെ നിര്‍മ്മിച്ചത് എന്നു മുന്‍പ് അതായത് യേശുവിനും മുന്‍പ്, ഗ്രീക്കുകാരന്‍ സെനൊഫെനീസും പിന്നീട് നമ്മുടെ വയലാറും പറഞ്ഞത്. ദൈവത്തിന്റെ മാനുഷികമായ ഇറങ്ങിവരലാണോ നമുക്കിടയിലുള്ള ഒരു മനുഷ്യന്റെ ദൈവികത്വത്തിലേയ്ക്കുള്ള ഉയര്‍ച്ചയാണോ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം? ബിഷപ്പ് മാര്‍ പൌലോസ് എഴുതി ‘ഒരു മിത്ത് അംഗീകരിക്കാന്‍ വിശ്വാസം വേണമെന്നില്ല. സ്നേഹം, പ്രത്യാശ, മാന്യത, ധൈര്യം തുടങ്ങിയവയാണ് സാരമായിട്ടുള്ളത്. അദ്ഭുതങ്ങളല്ല.” (ബൈബിളിന്റെ പുനര്‍വായന, ചില വിചിന്തനങ്ങള്‍) വെള്ളത്തിനു മുകളിലൂടെ നടന്നെന്നും മരിച്ചവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചെന്നും അന്ധനെയും മൂകനെയും സുഖപ്പെടുത്തിയെന്നും വിശ്വസിക്കാന്‍ പ്രത്യേക പ്രയത്നമാവശ്യമില്ല. എന്നാല്‍ മാംസമായ വചനങ്ങളെ അങ്ങനെ പരിഗണിക്കില്ല. അയല്‍ക്കാരനെ (പ്രകൃതിയുള്‍പ്പെട്ട വിശാലമായ അയല്പക്കം നമ്മുടെ സ്നേഹം മാത്രം കൊതിച്ചു കിടക്കുകയാണിന്ന്) നാം സ്നേഹിക്കില്ല, സ്വര്‍ഗരാജ്യത്തില്‍ കടക്കാന്‍ പറ്റില്ല എന്നറിയാതെയല്ല നാം സമ്പത്തു കുമിയേണ്ട വഴികള്‍ക്കു പിന്നാലെ പായുന്നത്. സൌമ്യതയുള്ളവന്‍ ഭൂമിയെ അവകാശമാക്കുമെന്ന് അറിയാം. പക്ഷേ അങ്ങനെ വിശ്വസിക്കുന്ന ശുദ്ധാത്മാക്കളെ കണ്ടാല്‍ ആര്‍ക്കും ചിരിവരും.

ഉപമകളുടെ സാംഗത്യത്തെപ്പറ്റി പറയുന്ന കൂട്ടത്തില്‍ യേശു പറയുന്നുണ്ട് കണ്ടിട്ടും കാണാത്തവര്‍ക്കും കേട്ടിട്ടും കേള്‍ക്കാത്തവര്‍ക്കും മനസ്സിലാകാത്തവര്‍ക്കും വേണ്ടിയാണ് തന്റെ ഉപമകള്‍ എന്ന്. ‘ശരീരത്തിലെ വിളക്കാണ് കണ്ണുകള്‍, അതു ചൊവ്വെങ്കില്‍ ശരീരം മൊത്തം പ്രകാശിതമാവും. കണ്ണ് ദുഷ്ടമെങ്കിലോ ശരീരം മൊത്തം ഇരുണ്ടുപോകും’ (മത്തായി) ഈ ഉപമയെ വികസിപ്പിച്ചുകൊണ്ടാണ് യേശു ‘താന്‍ ലോകത്തിന്റെ വിളക്കാണെന്ന്‘ പറഞ്ഞത് ‘(യോഹന്നാന്‍) അനര്‍ഘങ്ങള്‍ എന്ന് വിശ്വസിച്ചു പോന്നിരുന്ന മൂല്യങ്ങളെ തരംതാഴ്ത്തിയും അവഗണിക്കപ്പെട്ടവയെ മൂല്യവത്താക്കി പ്രത്യക്ഷപ്പെടുത്തിയുമാണ് യേശു വിളക്കുമരമായത്. ‘യേശുവും സാംസ്കാരിക വിപ്ലവവും’ എന്ന പുസ്തകമെഴുതിയ എസ് കാപ്പന്‍ എഴുതി : നിലവിലുള്ള മൂല്യസംഹിതയെ തകിടം മറിക്കുന്നത് സാംസ്കാരികമണ്ഡലത്തെ ഒന്നടങ്കം അട്ടിമറിക്കുന്നതിനു തുല്യമാണ്.‘ ധനികന്‍, അധീശര്‍, പുരുഷന്‍, മാതാപിതാക്കള്‍ (പാരമ്പര്യം), യഹൂദര്‍ (ജാതിക്കോയ്മ), പണ്ഡിതര്‍, ശുദ്ധര്‍ ഇവയിലധിഷ്ഠിതമായിരുന്ന പരമ്പരാഗതമൂല്യങ്ങളെ തകര്‍ക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് യേശു ചെയ്തതെന്ന് കാപ്പന്‍ നിരീക്ഷിക്കുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ വിപ്ലവം. യേശു മേല്‍പ്പറഞ്ഞവയുടെ വിപരീതചേരിയിലുള്ള ബന്ധങ്ങളോടൊപ്പം നിലകൊണ്ടു. അദ്ദേഹത്തിന്റെ വചനങ്ങളുടെ സാമൂഹികാര്‍ത്ഥം അങ്ങനെ രൂപപ്പെട്ടു.

ധനിക-ദരിദ്രബന്ധങ്ങളില്‍ യേശു ദരിദ്രനോടൊപ്പമായിരുന്നു .
-ആത്മാവില്‍ ദരിദ്രരായവന്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു.
അധീശ-അധിനിവേശ ദ്വന്ദങ്ങളില്‍ കീഴാളനോടൊപ്പം
-നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ ഭൃത്യനാകണം.
പുരുഷ-സ്ത്രീബന്ധങ്ങളില്‍ സ്ത്രീയോടൊപ്പം
-നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടേ
മാതാപിതാക്കള്‍-സന്തതികള്‍ അധികാരബന്ധത്തില്‍ സന്തതികളോടൊപ്പം
-ശിശുക്കളെ എന്റെയടുത്തുവരാന്‍ അനുവദിക്കുവിന്‍.
യഹൂദപുരോഹിതന്മാരുടെ അധികാരത്തിനെതിരെ നിസ്വരായ പുറംജാതിക്കാരുടെ കൂടെ
-എന്തധികാരത്തിലാണ്‌` ഞാന്‍ ഇതുചെയ്യുന്നതെന്ന് നിങ്ങളോട് ഞാനും പറയുന്നില്ല.
വിവേചനപരമായ അയിത്താചാരത്തിനെതിരെ
-പുറമേ നിന്ന് ഉള്ളിലേയ്ക്ക് കടന്ന് ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല, ഉള്ളില്‍ നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്.

ഏതു സമൂഹത്തിന്റെ പൊളിച്ചെഴുത്തിലും അവകാശമാക്കാവുന്ന അളവുകോലുകളാണിവ.ഘടനകള്‍ മാറിയേക്കാം എന്നാല്‍ വിപരീതദ്വന്ദങ്ങളുടെ ഏതു ചേരിയില്‍ നിലയുറപ്പിക്കണമെന്ന കാര്യത്തില്‍ യൈശവപാരമ്പര്യം പിന്തുടരുന്ന/പിന്തുടരാന്‍ മുതിരുന്ന ഒരാളിന് സംശയമാവശ്യമില്ല. ‘അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു. മനുഷ്യനെപ്പറ്റി ആരുടെയും സാക്ഷ്യം അവന് ആവശ്യമില്ലാതിരുന്നു. മനുഷ്യനിലുള്ളത് എന്താണെന്ന് വ്യക്തമായി അറിഞ്ഞിരുന്നു ‘(യോഹന്നാന്‍) എന്ന സദ്‌വാര്‍ത്തയെ മറ്റൊരു പ്രകരണത്തിലെടുത്താല്‍ യേശുവിന് മനുഷ്യന്റെ ശാശ്വതമായ മോചനത്തിന് എന്തുവേണമെന്നറിയാമായിരുന്നു എന്നാണര്‍ത്ഥം. ദിവ്യാദ്ഭുതങ്ങളും പ്രവാചകത്വവും അനേകം ധ്വനികളുള്ള ഉപമാപ്രയോഗങ്ങളോടു കൂടിയ വാഗ്വിലാസവും കൊണ്ടു യേശു തനിക്കു ചുറ്റും അഭൌമികമായ പ്രകാശമേഘങ്ങളെ കൊണ്ടു നടക്കുമ്പോഴും ഖലീല്‍ ജിബ്രാന്‍ എഴുതിയതു പോലെ യേശു, മനുഷ്യപുത്രന്‍ തന്നെയായിരുന്നു എല്ലാ അര്‍ത്ഥത്തിലും. അതിന്റെ പ്രത്യക്ഷപ്രമാണങ്ങളല്ലേ ഇളവെയിലിന്റെ തളിരുപോലെ മിന്നിയും മാറിയും തെളിയുന്ന മാനുഷികഭാവങ്ങള്‍..!

മറ്റൊന്നുകൂടി. ബൈബിളിലെ സുവിശേഷങ്ങളിലൊന്നും ചിരിക്കുന്ന യേശുവില്ല. മറ്റെല്ലാഭാവങ്ങളും അന്യമാകാതിരിക്കുമ്പോഴും സ്നേഹത്തിന്റെയും വെളിച്ചത്തിന്റെയും ഒരിക്കലും നശിക്കാത്ത സാമ്രാജ്യം പടുത്തുയര്‍ത്താന്‍ പ്രവര്‍ത്തിച്ച യേശു ചിരിക്കാന്‍ മറന്നു പോയതെന്ത്? അല്ലെങ്കില്‍ യേശുവിന്റെ പ്രിയപ്പെട്ട അപ്പൊസ്തലന്മാര്‍ ആ ചിരി രേഖപ്പെടുത്താതെ പോയതെന്ത്? യേശു ചിരിച്ചതായി പറയുന്ന രണ്ടു സന്ദര്‍ഭങ്ങള്‍ എഴുതി വച്ചത് യൂദാസാണ്. ‘അവനു ദുരിതം. ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു‘ എന്ന് മത്തായി ശപിച്ച ഒറ്റുകാരന്‍. ശീമയോന്‍ ഇസ്ക്കരിയാത്തിന്റെ മകന്‍ യൂദാ ഇസ്കരിയോത്ത്. തന്റെ സുവിശേഷത്തില്‍ (The Gospel of Judas). യേശു ചിരിച്ച രണ്ടു സന്ദര്‍ഭങ്ങളും പ്രത്യേകതയുള്ളതാണ്, ശിഷ്യരുടെ അറിവില്ലായ്മയ്ക്കു മുന്നില്‍ നിന്നാണ് യേശു നൈര്‍മല്യമുള്ള ചിരി അവര്‍ക്കു നല്‍കുന്നത്. തന്റേത് പരിഹാസമല്ല എന്ന് അദ്ദേഹം പറയുന്നുമുണ്ട്. തന്നിലുദിച്ച, മനുഷ്യനിലെ ഏറ്റവും ആകര്‍ഷണീയമായ ഭാവത്തെ, ഏറ്റവുമധികം വെറുക്കപ്പെട്ടവന് മാത്രം ആവിഷ്കരിക്കാന്‍ നല്‍കിക്കൊണ്ട് ‘വിധ്വംസക പ്രവര്‍ത്തകനായ ഈ സമാധാനത്തിന്റെ മഹാപ്രഭു‘ മറ്റൊരു പൊളിച്ചെഴുത്ത് നടത്തുകയായിരുന്നില്ലേ?

Books
ബൈബിള്‍
മനുഷ്യപുത്രനായ യേശു -ഖലീല്‍ ജിബ്രാന്‍
പ്രവചനം പ്രതിസംസ്കൃതി - എസ്. കാപ്പന്‍
നിശ്ശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്കെന്ത് അധികാരം - പൌലോസ് മാര്‍ പൌലോസ്
എന്ന് എഴുതപ്പെട്ടിരിക്കുന്നു - ഡി ഏലിയാസ്, ബാബുപോള്‍
യൂദാസിന്റെ സുവിശേഷം - യൂദാസ്
Post a Comment