December 14, 2007

കൂക്കുവിളികളും കയ്യടികളും
എഴുപതുകളുടെ അവസാനത്തിലാണ് തൃശൂരിലെ അരിയന്നൂരില്‍ ചില സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി നാടകം ചെയ്യാന്‍ സുരാസു എത്തുന്നത്. ഏതാണ്ട് ഒരു മാസക്കാലം അദ്ദേഹം അവിടെ താമസിച്ചു. ഒച്ചയനക്കങ്ങളില്ലാതെ, പിണക്കവും ഇണക്കവുമായി കഴിഞ്ഞുകൂടിയ ഗ്രാമീണരെ സകലരെയും അദ്ദേഹം വെറുപ്പിച്ചു. സുരാ‍സു എന്താണെന്ന് അവര്‍ക്കറിയില്ലല്ലോ. ഒഴുക്കധികമില്ലാത്ത വെള്ളമല്ലേ ഗ്രാമത്തില്‍ ! കള്ളുകുടി, അരാജക ജീവിതം, വെട്ടിത്തുറന്ന സംഭാഷണം. ക്ഷണിച്ചു കൊണ്ടു വന്നവരുടെ നില പോലും പരുങ്ങലിലായി. അതിനിടയിലാണ് നാടകാവതരണം. അന്ന് അന്തിയ്ക്ക് നാടകം തുടങ്ങുന്നതിനു മുന്‍പ് ‘എന്തു പേക്കൂത്താണാവോ കാട്ടാന്‍പോണതെന്ന‘ മട്ടില്‍ വന്ന് കുത്തിയിരിക്കുന്ന ആബാലവൃദ്ധത്തിനു മുന്നില്‍ പെട്ടെന്ന് സുരാസു പ്രത്യക്ഷപ്പെട്ടു, കര്‍ട്ടണ്‍ ഉയര്‍ത്താതെ. എന്നിട്ട് പറഞ്ഞു “നാടകം കൊള്ളില്ലെങ്കില്‍ ഒരു മടിയും വിചാരിക്കാതെ കൂവിക്കോണം. സഹിക്കാന്‍ പറ്റണില്ലെങ്കില്‍ കല്ലുകള്‍ തന്നെ വലിച്ചെറിയണം.“ കൂവാന്‍ തയ്യാറായി തന്നെ വന്നിരിക്കുന്ന ആളുകളോടാണ് ഈ അഭ്യര്‍ത്ഥന. പകുതിയും മുഴുവനുമായി മേക്കപ്പിട്ട് അണിയറയില്‍ ഓടി നടക്കണ ക്ടാങ്ങടെ നെഞ്ചില്‍ തീ പാളി. പക്ഷേ കൂവാന്‍ കൂടി മറന്ന് ആളുകള്‍ നാടകം കണ്ടിരുന്നു. മാത്രമല്ല സുരാസു എന്താണെന്ന് മനസ്സിലാക്കുക കൂടിചെയ്താണ് അരിയന്നൂരുകാര്‍ അന്ന് വീടുകളിലേയ്ക്ക് മടങ്ങിയത്.

എന്‍ എസ് മാധവന്റെ ഹിഗ്വിറ്റയിലെ ആ ക്ലോസപ്പ് ഷോട്ടില്ലേ, പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയെനോക്കി മൂന്നു പ്രാവശ്യം ഉച്ചത്തില്‍ കൂവുന്ന ഒരു കാണി. അവന്‍ മായാതെ നില്‍ക്കുന്നത് ഗോളിയുടെ ഉത്കണ്ഠ പോലെ തന്നെ അവന്റെ അരാജകത്വവും ഏകാന്തമാണ് എന്നുള്ളതു കൊണ്ടാണ്. അതല്ല കൂട്ടു കൂവലില്‍ സംഭവിക്കുന്നത്. തുണിയില്ലാത്തതു കൊണ്ട് രാജാവിനെ കൂവിയ പയ്യന്‍, ആ കഥ ഇത്ര കൈമറിഞ്ഞ സ്ഥിതിയ്ക്ക്, വിപ്ലവകാരിയേയല്ല എന്നു മനസിലാക്കാനുള്ള വിവേകമാണ് നമുക്ക് കൈമോശം വന്നു പോയത്. ഇപ്പോള്‍ നമ്മള്‍ ആരു കൂവിയാലും കൂടെ കൂവും. കൂവല്‍ ഇപ്പോള്‍ പാഠ്യപദ്ധതിയുടെ ഭാഗമാണ്, എസ്റ്റാബ്ലിഷ്മെന്റിന്റെ. അതില്‍ എന്തെങ്കിലും അരാജകത്വമോ വഴിവിട്ടു പോകലോ ഉണ്ടെങ്കില്‍ അത് സ്വിച്ച് ഓഫ് ആയിപ്പോയ ബുദ്ധിയുടേതാണ്. കൊള്ളില്ല എന്നു പറയാന്‍ ചിന്തിക്കണോ? എന്തിനെയും ചീത്തയാക്കാന്‍ ‘ഓ..” എന്ന ഒറ്റയക്ഷരത്തിനു കഴിയും. പരസ്പര വിരുദ്ധമായതിനെ കൂട്ടിയിണക്കുന്നതിലാണ് ബുദ്ധിയുടെ വേഗതയുള്ളത്. ഇലയെ ഇലമാത്രമായും കാണാം, സമഗ്രമായ ഒരാവാസവ്യവസ്ഥയുടെ കണ്ണിയായും കാണാം.എങ്ങനെ വേണമെന്നുള്ളത് നമ്മുടെ ബൌദ്ധികശേഷിയ്ക്കു വിട്ടു കൊടുക്കുക. ഇല്ലാത്ത വോള്‍ട്ടേജില്‍ അതെങ്ങനെ കത്തും?

ഇരുട്ടു മുറിയില്‍ കൂവിക്കൊണ്ടിരുന്ന കാണികളെക്കുറിച്ചാണ് വിവക്ഷിതം. അതെ IFFK 2007 ചലച്ചിത്രോത്സവത്തില്‍. ചിത്രങ്ങളെ-അതെത്ര മുഷിപ്പനായിരുന്നാലും ആളുകള്‍ കൂവുന്നത് അപൂര്‍വമായിരുന്നു. പകരം കയ്യൊപ്പു ചിത്രത്തെ തലങ്ങും വിലങ്ങും കൂവി. (ദോഷം പറയരുതല്ലോ, അതിനെതിരെയുള്ള പ്രതികരണങ്ങളും ഒഫീഷ്യല്‍ ബുള്ളറ്റിനില്‍ നല്‍കി, സംഘാടകര്‍ നടപ്പുദോഷം നീക്കി.) പ്രദര്‍ശനത്തിനു മുന്‍പ്, ക്ഷണിക്കപ്പെട്ട അതിഥികള്‍ സംസാരിക്കുന്നതിനു കൂടുതല്‍ സമയമെടുക്കുന്നു എന്നു കണ്ടപ്പോഴും കൂവി. അതില്‍ വിഷമം തോന്നിയത്, വിനോദ് മങ്കര, രാജാരവിവര്‍മ്മയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗവേഷണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കണ്ടെത്തിയ കാര്യങ്ങള്‍ പറയുന്നതിനിടയില്‍, സംസാരം തുടരാനാവാത്ത വിധം ജനം കൂവിവിളിച്ചു എന്നിടത്താണ്. ഒരേ കാലഘട്ടത്തില്‍ ജീവിച്ച രണ്ടുപേര്‍ - വിവേകാനന്ദനും രാജാരവി വര്‍മ്മയും- രണ്ടുപേരും അമേരിക്കയില്‍ പോകുന്നു, രണ്ടുപേരും സമ്മാനിതരാവുന്നു. പക്ഷേ ഒരാള്‍ മാത്രം ആ പേരില്‍ ഇന്ത്യയില്‍ ബഹുമാനിതനാവുന്നു. അതെങ്ങനെ? മാത്രമല്ല, വിവേകാനന്ദന്‍ പിന്നീട് രാജാരവി വര്‍മ്മയെ തള്ളിപ്പറയുകയും ചെയ്തു. മറ്റൊന്ന് ഇന്ത്യയിലെ ആദ്യ ചിത്രം രാജാഹരിശ്ചന്ദ്രയുടെ നിര്‍മ്മാണത്തില്‍ രവിവര്‍മ്മയ്ക്കുണ്ടായിരുന്ന പങ്കാണ്. രവിവര്‍മ്മയുടെ മുംബായിലെ ലിത്തോപ്രസ്സില്‍ ജോലിക്കാരനായിരുന്നു, ദാദാ ഫാല്‍ക്കേ. ആര്‍ട്ട് ഡയറക്ഷനുള്‍പ്പടെയുള്ള കാര്യങ്ങളില്‍ രവി വര്‍മ്മയുടെ പങ്ക് ആരും അന്വേഷിച്ചിട്ടില്ല. അന്വേഷിക്കേണ്ടതല്ലേ? ഇന്ത്യന്‍ സിനിമയുടെ പിതൃത്വത്തെപ്പറ്റി വിവാദമാവേണ്ട ഈ പരാമര്‍ശങ്ങള്‍ ഏറ്റവും പ്രസക്തമാവേണ്ട വേദിയില്‍ വച്ച് കൂവി തോത്പിക്കപ്പെട്ടു.

അപ്പോള്‍ കയ്യടികളോ?

ബലാത്സംഗം ചെയ്യപ്പെട്ടു കിടക്കുന്ന യുവതിയെ ചുറ്റി ക്യാമറനീങ്ങുമ്പോള്‍ (The Bliss) കയ്യടികളുയരുന്നു. ആരെ പ്രശംസിക്കാനാണ്? ഓര്‍ക്കാപ്പുറത്ത്, നായകന്‍ ഭാര്യയെ അടിച്ചപ്പോഴും കയ്യടികളുയര്‍ന്നു. പ്രതീക്ഷിക്കാത്ത സമയത്ത് ഉണ്ടാകുന്ന ആഘാതം കയ്യടികളിലൂടെ ലഘൂകരിക്കാനാവാം ഇത്.. ഭയം തോന്നുന്ന സീനുകളില്‍ ഒരാള്‍ ഉറക്കെ അലറി വിളിക്കുന്നു, മറ്റുള്ളവര്‍ ചിരിച്ചു കൊടുക്കുന്നു. അങ്ങനെ കാണികളുടെ ഭാഗത്തു നിന്നുള്ള ബ്രക്റ്റിയന്‍ ഏലിയനേഷന്‍! കൊള്ളാമെന്ന് പറഞ്ഞു കേട്ട സിനിമകള്‍ തുടങ്ങുമ്പോഴൊക്കെ കയ്യടികളാണ്, രംഗം ഏതായാലും. അങ്ങനെ പറ്റിയ അബദ്ധങ്ങള്‍ എത്ര! Getting Home എന്ന സിനിമയില്‍ ശവശരീരവും ചുമന്ന് നടക്കുന്ന കഥാപാത്രത്തിന് സ്കൂള്‍ ബസ്സില്‍ നിന്ന് ഒരു കുട്ടി വെള്ളം വച്ചു നീട്ടുന്ന രംഗത്തിനും കിട്ടി കയ്യടി. ആ കയ്യടി മനുഷ്യത്വത്തിനാണ്. നല്ലത്. ഞാന്‍ നോക്കുമ്പോള്‍ എന്റെ തൊട്ടടുത്തിരിക്കുന്ന മനുഷ്യന്‍ തന്റെ കാലുകള്‍ മുന്നിലെ കസേരയില്‍ പൊക്കി കയറ്റിവച്ചിട്ടാണ് കയ്യടിച്ചു രസിക്കുന്നത്. അവന്റെ കാലിന്റെ തുഞ്ചത്ത് അതുപോലെ രസിച്ചിരുന്ന് കയ്യടിക്കുന്ന മറ്റൊരു തലയാണ്. ഒരു മനുഷ്യന്റെ തല. ജീവിതവുമായി നൂല്‍ ബന്ധമില്ലാത്ത ആശയങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുന്നതാണെങ്കിലും തന്റെ സഹജീവിയുടെ ശിരസ്സിനെ തന്റെ കാല്‍ക്കീഴിലിലാക്കി ഇരുന്നിട്ട്, സ്ക്രീനിലെ മനുഷ്യത്വത്തെ നോക്കി നാലുക്കൊപ്പം കയ്യടിക്കുന്നവന് എന്തോ തകരാറുണ്ട്. അതു നേരത്തേ കണ്ട കൂവലിലുള്ള തകരാറു തന്നെയാണ്. പ്രതിഷേധിക്കാന്‍ ഹര്‍ത്താലല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ലാത്തതു പോലെ, ഗതാനുഗതികത്വത്തിന്റെ നേര്‍ച്ചവെടികളാണ് ഈ കയ്യടികളും കൂവലുകളും. അതിലില്ലാത്തത് വിപ്ലവവും പ്രതിഷേധവുമാണ്. ഇല്ലാത്തത്...........
ശൂന്യതയില്‍ എന്തെങ്കിലുമൊക്കെ കയറി നിറയണമല്ലോ...!

അനു: സൌണ്ട്ട്രാക്ക് ഇല്ലാതാവുമ്പോഴോ ലൈറ്റ് ഓഫ് ചെയ്യാതെ സ്ക്രീനില്‍ നിഴലു വീഴുമ്പോഴോ ചിത്രം ഇടമുറിയുമ്പോഴൊ ഒറ്റപ്പെട്ട കയ്യടികളാണ്, (ശ്രദ്ധിക്കണം കൂവലുകളല്ല) പ്രതിഷേധമായി പലപ്പോഴും ഉയര്‍ന്നത്....അഭിനന്ദനത്തിന്റെയും അവഹേളനത്തിന്റെയും അതിര്‍വരമ്പുകള്‍ എത്ര നേര്‍ത്തതാണെന്നും അവ പരസ്പരം ആശ്ലേഷിച്ചുകൊണ്ട് പ്രശ്നവത്കരിക്കപ്പെടുന്നതെങ്ങനെയെന്നും വേണമെങ്കില്‍ ചിന്തിച്ചു പണ്ടാരമടങ്ങാം. വേറെ പണിയൊന്നുമില്ലെങ്കില്‍. ചില ചെറിയ കാര്യങ്ങളാണെങ്കിലും തള്ളിക്കളയുന്നതെങ്ങനെ എന്ന് ‘കെട്ട മനസ്സ്..”
Post a Comment