പ്രതിഫലം ഇല്ലാതിരിക്കുക, ഭക്ഷണം കിട്ടുമോ എന്നുറപ്പില്ലാതിരിക്കുക, കൂടെ ആണുങ്ങൾമാത്രം ഉണ്ടാവുക തുടങ്ങിയ പ്രതിബന്ധങ്ങളെയൊന്നും കണക്കാക്കാതെ, ഷിനിലാലിന്റെ ‘സസ്തനി’യെന്ന കഥയിലെ (103:07) ഡേറ്റാ അനലിസ്റ്റായ മീര, രണ്ടരവയസ്സുള്ള മുലകുടിക്കുന്ന കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചിട്ട് പ്രൊഫ. ദേവപ്രകാശിനോടൊപ്പം കാടുകയറാൻ തയ്യാറാവുന്നത്, ‘സ്വാതന്ത്ര്യത്തോടെ കാടുകയറുക’ എന്ന ഒരൊറ്റ പ്രലോഭനത്തെ മുന്നിൽക്കണ്ടാണ്. കാടിന്റെ ഭംഗി മീരയെ അങ്ങനെ രസിപ്പിക്കുന്നതായി തോന്നുന്നില്ല. എന്നാൽ കാടിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന കാളീക്ഷേത്രവും അതിലെ വിഗ്രഹവും അവളെ വേണ്ടതിലേറെ സന്തോഷിപ്പിക്കുന്നുമുണ്ട്. കാളിയുടെ വിഗ്രഹം കണ്ടയുടൻ മീരയ്ക്കു സ്വകാര്യമായ സമാധാനവുമുണ്ടാകുന്നുണ്ട്. (കൊടുങ്കാട്ടിൽ കാളിയെ കണ്ടപ്പോൾ അവൾക്ക് സമാധാനമായി)
നാരായണഗുരുവിന്റെ കാളിനാടകത്തിലെ വരികൾ കഥയ്ക്കുള്ളിൽ എടുത്തു ചേർത്തിരിക്കുന്നത് പ്രത്യക്ഷത്തിൽ കാട്ടിലെ കാളിവിഗ്രഹത്തിന്റെ പകിട്ട് വർണ്ണിക്കാനാണ്. ‘പിടിക്കുള്ളടക്കിക്കൊടുക്കും എന്നു തുടങ്ങുന്ന നാലുവരികളിലെ സ്ത്രീശരീര വർണ്ണന തീർത്തും പ്രലോഭനപരമാണ്. “കൈപ്പിടിയിൽ ഒതുങ്ങാത്തവിധം അത്രയ്ക്ക് മെലിഞ്ഞിരിക്കുന്ന (കൃശമായ) വയറിന്റെ താഴെയായി ഭംഗിയുള്ളതും പൂപോലെയുള്ളതും ശ്രേഷ്ഠവുമായ പട്ട്, ആ പട്ട് ഞൊറിഞ്ഞുടുത്തിരിക്കുന്നിടത്ത് മുറുക്കിക്കെട്ടിയിരിക്കുന്ന കച്ചപ്പുറം എന്ന ആഭരണം. കാമരഥത്തിന്റെ കൂടം പോലെ ആകൃതിയൊത്ത നിതംബത്തിൽനിന്ന് ഇഴുകിയിറങ്ങുന്ന, ആനയുടെ തുമ്പിക്കൈപോലും നമിക്കുന്ന തുടക്കാമ്പുകൾ..’ എന്നിങ്ങനെയുള്ള വർണ്ണന സാധാരണ നിലയിൽത്തന്നെ ദേവിയുടെ ശരീരത്തിന്റെ അസാധാരണമായ വശ്യതയിലാണ് ഊന്നുന്നത്. കാളീസ്തുതിയുടെ മറ്റൊരിടത്ത് ‘തുടി, കിങ്കിണി, ഓടക്കുഴൽ, വീണ എന്നിവയുടെ താളവും മേളവും ശ്രദ്ധിക്കുന്ന തങ്കക്കുടം പോലെയുള്ള മുലകളെ’പ്പറ്റിയും കാളിനാടകം പറയുന്നുണ്ട്. കാവ്യത്തിലുള്ള മറ്റൊരു പരാമർശം ‘കടുമ്പന്തുപോലെയുള്ളവയാണ് ദേവിയുടെ കൊങ്കകൾ’ എന്നാണ്.
കാളിയുടെ വിഗ്രഹത്തിനു മുന്നിൽനിന്ന് മീര കാളിനാടകത്തിലെ ശരീരവർണ്ണനാപരമായ വരികൾ ഓർക്കുന്നതിൽ ദേവീ വിഗ്രഹവുമായി ശാരീരികമായ താദാത്മ്യം മീര ഉദ്ദേശിക്കുന്നുണ്ടോ എന്നു സംശയിക്കാവുന്നതാണ്. ഇവിടെയില്ലാത്ത സസ്തനികൾ ലോകത്തെങ്ങും ഉണ്ടാവില്ലെന്നു പറയുന്ന ഷാനിനെ ‘കപാലമാലയണിഞ്ഞിട്ടും മറയാത്ത സ്തനസമൃദ്ധിയുന്തിയ കാളി സൂക്ഷിച്ചു നോക്കി’, എന്ന വരിക്കു സമാന്തരമായി മറ്റൊരിടത്ത് ‘എനിക്ക് മുലകൾ ഇഷ്ടമാണെന്നു പറഞ്ഞ ഷാനിനെ’ മീരയും സൂക്ഷിച്ചു നോക്കിയെന്നുണ്ട്. ഈ വരികളുടെ ആവർത്തനത്തിലൂടെ ഭാവപരമായും, കാളിനാടകത്തിലെ വരികൾ ഓർക്കുന്നതിലൂടെ ശാരീരികമായും ഒരു വിലയനം കാളിയുമായി മീര പ്രാപിക്കുന്നുണ്ട് എന്ന കാര്യം കഥ സ്ഥാപിച്ചെടുക്കുന്നു. പുരാണങ്ങൾ പ്രകാരം കാളിക്ക് മാതൃഭാവമല്ല പ്രധാനം. ദാരികവധത്തിലെ ലൈംഗികവിവക്ഷകൾ പലരും വിശകലനം ചെയ്തിട്ടുള്ളതാണ്. കാളീക്ഷേത്രങ്ങളിലെ പറണേറ്റുകളിൽ സഭ്യമല്ലാത്ത പദപ്രയോഗങ്ങൾ അഭിനേതാക്കൾ നടത്താറുണ്ട്. ദാരികനെ ശാരീരികമായി പരാജയപ്പെടുത്തുന്ന കാളിയിൽ ലൈംഗികവിജയമാണുള്ളതെങ്കിൽ കോപാവിഷ്ടയായി ഷാനിനെ തറപറ്റിക്കുന്ന മീരയിൽ അതിനു നേരെ വിരുദ്ധമായ ഭാവമാണുള്ളത്. ദാരികന്റെ സുവിദിതമായ പരാജയത്തെ പുതിയ സന്ദർഭത്തിൽ പ്രതിഷ്ഠിച്ച് ‘സസ്തനി’ പുതുക്കിയെടുക്കുന്നു.
കാളിയുടെ ശരീരവർണ്ണനയിൽ മനമഴിഞ്ഞ് ലയിക്കുകയും അവിടെനിന്ന് ലൗകികമായ പ്രലോഭനത്തിന്റെ ചതിക്കുഴിയിൽ വീഴാതെ മോചനത്തിനായി അകമഴിഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്യുന്ന ഘടനയാണ് കാളീനാടകത്തിന്റേത്. നിയോക്ലാസിക്കൽ പാരമ്പര്യമനുസരിച്ച് ദേവതമാരുടെ പാദാദികേശവർണ്ണനയിൽ ഭക്തിക്കൊപ്പം കാമം കലരുന്നത് സ്വാഭാവികമായ പ്രക്രിയയാണ്. സൗന്ദര്യലഹരിയിലെയും ലളിതാസഹസ്രനാമത്തിലെയും ദേവീമാഹാത്മ്യത്തിലെയും പല വിശേഷണങ്ങളും ശാരീരികവർണ്ണനകൾക്കപ്പുറം പോയി കാമത്തിന്റെ പ്രകടനഭേദങ്ങൾക്കും ഉദാഹരണങ്ങളായി മാറുന്നു. നാരായണഗുരുവിന്റെ ആദ്യകാല കൃതിയായ വൈരാഗ്യശതകത്തിൽ സ്ത്രീകളോടുള്ള ഭയത്തെയും വെറുപ്പിനെയും "ഇണങ്ങി ഇരുകൊങ്കയുമിളക്കി" എന്നും “അലഞ്ഞു മുലയും തലയുമേന്തിയകതാരില്‍ കലങ്ങി അരിയ കണ്ണുമായി വിളയാടി നടക്കുന്നെന്നും’ പറഞ്ഞാണ് വെളിവാക്കുന്നത്. ഈ വിലയനം പ്രാർത്ഥനകളുടെ അവസാനത്തിൽ സ്വയം വിശകലനം ചെയ്ത് അഹിതമായതിൽനിന്നു രക്ഷപ്പെടുത്തണേയെന്ന് അപേക്ഷിക്കാനുള്ള ഉപാധിയായി മാറുകയും ചെയ്യും. അങ്ങനെ പ്രലോഭനവും രക്ഷാപ്രാർത്ഥനയും ചേർന്ന് വടം വലിക്കുന്ന ജീവിതത്തിന്റെ സംഘർഷഘടനയെത്തന്നെ സ്തോത്രങ്ങൾ രൂപകമാക്കി മാറ്റുന്നു. കാളിനാടകത്തിന്റെ അവസാന വരികളിൽ, ‘ദേഹമണ് പ്രധാനമെന്നോർത്ത് പെണ്ണിലും മണ്ണിലും പണത്തിലും ചെന്നു ചേർന്ന് ദുഃഖിക്കാനിടവരുത്തരുത്’ എന്ന് ശിവാംബയോടുതന്നെ പ്രാർത്ഥിക്കുന്നു, നാരായണ ഗുരു.
കാളിനാടകത്തിലെ സ്ത്രീശരീരപരമായ വർണ്ണന സ്വകാര്യമായി ആസ്വദിക്കുന്ന മീര, തന്റെ മുലകളിലേക്കുള്ള ഷാനിന്റെ ഒളിഞ്ഞു നോട്ടത്തിലും അതിന്റെ രേഖപ്പെടുത്തലിലും മറ്റുള്ളവർക്കായി അതു പ്രദർശിപ്പിക്കുന്നതിലും അസ്വസ്ഥപ്പെട്ടാണ് രൗദ്രമൂർത്തിയായി തീരുന്നത്. കാളിയ്ക്ക് ദാരികനുമായി യുദ്ധത്തിലുണ്ടായ വെറിക്കു സമാനമാണ് അവിടെ മീരയുടെയും കോപം. കേരളത്തിലെ കാളിയാരാധനയിൽ സ്ത്രീകളെ നിന്ദിക്കാനോ ഉപദ്രവിക്കാനോ അവരോട് കളവ് പറയാനോ പാടില്ലെന്ന വിശ്വാസമുണ്ട്. അങ്ങനെ സംഭവിച്ചാൽ കാളിയുടെ കോപമായിരിക്കും ഫലം. സ്ത്രീകളിൽ കാളി വസിക്കുന്നു എന്ന വിശ്വാസമാണ് അതിനാധാരം. ജീവജാലങ്ങളെ പോറ്റി വളർത്തുന്നവളും അവയെ സംഹരിക്കുന്നവളുമായ വശ്യപ്രകൃതിയാണ് കാളിയെന്ന ശക്തി. ഈ ആത്മീയധാരയാണ് ‘സസ്തനി’യുടെ അടിയൊഴുക്ക്. കേരളത്തിലെ ശാക്തേയാരാധനയുമായി ബന്ധപ്പെട്ട ധ്വനികൾ സർഗാത്മകകൃതികൾ ഉള്ളടക്കുന്നത് എങ്ങനെ എന്ന അന്വേഷണം ആവശ്യമായ മേഖലയാണിത്. കാളീനാടകം വഴിയാണ് കഥ, ഈ വഴിയെ സ്വായത്തമാക്കുന്നത്. രതിരൂപത്തിൽനിന്ന് മാതൃരൂപത്തിലേക്കുള്ള കയറ്റമാണ് മാനസികതലത്തിൽ മീരയ്ക്കുണ്ടാകുന്ന പരിണാമം. മുലകുടിക്കുന്ന സ്വന്തം കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചു കാടുകയറുന്ന മീരയിൽ ആ ഭാവം വികസിതമായ നിലയിലാണ്. ഒരർത്ഥത്തിൽ ഇതാവാം മീരയെ പ്രലോഭിപ്പിക്കുന്ന സ്വാതന്ത്ര്യം.
പ്രകൃതിയുടെ മാതൃഭാവം എന്ന പരമ്പരാഗത സങ്കല്പത്തെ തിരിച്ചിട്ടുകൊണ്ട് പ്രകൃതിയിലേക്കുള്ള വ്യക്തിയുടെ വികാസത്തെയാണ് ‘സസ്തനി’ ലക്ഷ്യമാക്കുന്നത്. സസ്തനികളെ ഒരു സംവർഗമായി അവതരിപ്പിക്കുന്ന ഒരു വാക്യം കൊണ്ട് ഷിനിലാൽ ഇക്കാര്യത്തിന് അടിവര നൽകിയിട്ടുണ്ട്. “സസ്തനികൾക്കെല്ലാം കൂടി ഒരമ്മ മതി. ഏതു സ്തനം ചുരത്തുന്നതും ഏതു കുഞ്ഞിനും ഉതകും.” എരുമപ്പാലും പശുവിൻ പാലും ആട്ടിൻപാലും ഒട്ടകപ്പാലും മനുഷ്യജീവൻ നിലനിർത്തുന്നതുപോലെ മാൻകുട്ടികളുടെ ജീവൻ നിലനിർത്താൻ മനുഷ്യപ്പാലും എന്ന കല്പനയിൽ ജീവിപരിണാമചരിത്രത്തെ തിരിഞ്ഞുനിന്ന് വീക്ഷിക്കുന്ന ദൃശ്യമുണ്ട്. ഫെയിസ് ബുക്കു റീലുകളിലൊന്നിൽ ഒരു മുലയിൽനിന്ന് കുഞ്ഞിനും മറു മുലയിൽനിന്ന് കുരങ്ങൻ കുഞ്ഞിനും പാലുനൽകുന്ന ഒരമ്മയുടെ വീഡിയോ കണ്ടതോർക്കുന്നു. അതിനർത്ഥം കഥാത്മകമായ കേവല കല്പനയല്ലാതെതന്നെ ആ വസ്തുതയ്ക്ക് നിലനിൽപ്പുണ്ടെന്നാണ്. മാൻകുട്ടികളെ (മാൻ എന്ന പദത്തിന് പ്രാചീനമലയാളത്തിൽ കുട്ടിയെന്നാണർഥം) പാലൂട്ടുന്ന തന്റെ മുലകളെ ഒളിഞ്ഞു നോക്കുകയും ചിത്രമെടുക്കുകയും അവയിൽനിന്ന് മാൻകുട്ടികളെ മുറിച്ചു മാറ്റി അവളുടെ മുലകളെ രസനീയമായ കാഴ്ചയാക്കി മാറ്റുകയും ചെയ്ത ഷാനിനോടുള്ള മീരയുടെ കോപത്തിന്റെ അസ്വാഭാവികമായ ആധിക്യത്തിൽ ഭൗതികമായ വിരക്തിയുടെയും ആത്മീയമായ വിലയനത്തിന്റെയും ഘടകങ്ങളുണ്ട്. ഇത് കാളിനാടകത്തിന്റെ സമഗ്രമായ സങ്കല്പവുമായി ചേർന്നുപോകുന്ന ഒന്നാണ്. മുല ലൈംഗികാവയവമാണോ പ്രജനനാവയവമാണോ എന്ന, സംസ്കാരത്തിന്റെകൂടി ഭാഗമായ സംഘർഷത്തെ (ശൂർപ്പണഖയുടെയും നക്രതുണ്ഡിയുടെയും മുലകൾ മുറിച്ച് അവരെ അപമാനിക്കുന്ന സന്ദർഭങ്ങൾ സംസ്കൃതമൂലങ്ങളിലല്ല, രാമായണം കിളിപ്പാട്ടും നരകാസുരവധം ആട്ടക്കഥയും പോലെയുള്ള കേരളീയ രചനകളിൽ വിശേഷമായിട്ടുള്ളതാണെന്ന് ഓർക്കാം) മാതൃസങ്കല്പത്തിന്റെ പശ്ചാത്തലത്തിൽ ഒച്ചപ്പാടില്ലാതെ പരിഹരിക്കുകയാണ് ‘സസ്തനി’.
സ്വയം സാക്ഷാത്കരിക്കപ്പെടുമ്പോൾ തൻഭാവത്തിലേക്ക് പിന്മടങ്ങുക എന്ന ആശയത്തെ കഥയുടെ ഘടനയിൽ ഉൾച്ചേർത്തതിന്റെ സാമർത്ഥ്യത്തിലാണ് ‘കഥയുടെ ശില്പഭദ്രതയുള്ളത്. ദാരികനെ കൊന്നശേഷമുള്ള കാളിയുടെ കോപത്തെ കണ്ണാടി കാണിച്ചു ശമിപ്പിക്കുന്ന ഭൂതഗണങ്ങൾ കാളിയുടെ ദൈവികത്വത്തെ ഉറപ്പിക്കുന്നു. വിവിധഭാവങ്ങളുള്ളവളാണ് വിശ്വമാതാവായ ദേവി. അവയിൽ ഒരു ഭാവത്തിൽമാത്രമായി ഉറച്ചുപോകുന്നതും സ്വയം നിയന്ത്രണമില്ലാതെ അതിൽ രമിച്ചു പോകുന്നതും തീർത്തും ദൈവീകമായ സാർവത്രികതയിൽനിന്ന് മാനുഷികതയിലേക്കുള്ള ഇറക്കമാണ്. ആ ജാഗ്രതയാണ് ഭൂതഗണങ്ങൾ കാളിക്കു നൽകിയത്. എന്നാൽ മീരയുടെ കാര്യത്തിൽ കാളിയുമായി താദാത്മ്യം പ്രാപിക്കുകയും സ്വന്തം മാനുഷികനില മറന്നുപോവുകയും ചെയ്ത മീരയെ ലൗകികതയിലേക്ക്, ഭൂമിയിൽ കാലുറച്ചു നിൽക്കുന്നതിന്റെ സമചിത്തതയിലേക്ക് കൂട്ടിക്കൊണ്ടുവരികയാണ് വാൽക്കുളത്തിലെ പ്രതിബിംബം കാണിച്ചുകൊടുക്കുന്നതിലൂടെ പ്രൊഫസർ ചെയ്യുന്നത്.
കാളി കാലംകൂടിയാണെന്ന സങ്കല്പത്തെ പരിഗണിച്ചാൽ, വശ്യതയും ഉഗ്രതയും ഉള്ളടക്കുന്ന സ്ത്രൈണസത്തയുടെയും അതിന്റെ കാലത്തിലൂടെയുള്ള ചലനത്തിന്റെയും സമകാലികമായ പരിണതിയാണ് മീരയുടെ ഭാവങ്ങളിലൂടെ വെളിപ്പെടുന്നത് എന്നും അർത്ഥം കിട്ടും!
മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 18, 2025. വായനക്കാരുടെ കത്തുകൾ