
മലയാളഭാഷ മരിക്കാൻ പോകുന്നു എന്നൊക്കെയുള്ളത് മലയാളം സാറന്മാരുടെ വയറ്റുപിഴപ്പിന്റെ പാട്ടാണ് എന്നായിരുന്നു വാദം. ഭാഷ തന്റെ പരിഗണനയേ അല്ലെന്ന് ലതീഷ് പറയുന്നു. സാങ്കേതികമായ വളർച്ചയുടെ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഇതുപോലുള്ള പതം പറച്ചിലുകൾക്ക് പ്രസക്തിയൊന്നും ഇല്ല. ആവിഷ്കാരം തീർത്തും മറ്റൊരു കാര്യമാണ്. കൂടെയുണ്ടായിരുന്നത്, കൃത്യം ഇരുപതു വർഷത്തിനു (ക്ലീബേ വേണ്ട ബഹുകുറി) മുൻപ് ഇതേ വാദത്തെ മറ്റൊരു രീതിയിൽ മാതൃഭൂമിയിൽ പത്രാധിപർക്കുള്ള കത്തായി എഴുതിയ ഒരാളായിരുന്നു. ഓ എൻ വി കുറിപ്പിന്റെ നേതൃത്വത്തിൽ മാതൃഭാഷ ഒന്നാം ഭാഷയാക്കാനുള്ള നിവേദനം നൽകിയപ്പോൾ അതിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് യൂണിവേഴ്സിറ്റികോളെജിലെ വിദ്യാർത്ഥികൾ നടത്തിയ പ്രകടനത്തോടനുബന്ധിച്ചായിരുന്നു സംഭവം. എന്നു വച്ചാൽ ഭാഷയ്ക്കു വേണ്ടി സംസാരിച്ചു തുടങ്ങുമ്പോഴൊക്കെ മൌലികവാദ- വയറ്റിപ്പിഴപ്പു - ഉപകരണവാദമായി അത് അധഃപതിച്ചു തീരുന്നു. പെസ്സോവയുടെ (അല്ലെങ്കിൽ അതുപോലെയുള്ളവരുടെ) കൃതികൾ ഇംഗ്ലീഷിൽ വായിക്കാൻ ശുപാർശ ചെയ്യുന്നവരുടെ എണ്ണം പ്രത്യേകിച്ചു കാരണമൊന്നും ഇല്ലാതെ കൂടി വരികയാണ്. മലയാളം തർജ്ജുമക്കാർ മണ്ടമാരായതുകൊണ്ട് യഥാർത്ഥ പെസ്സോവ മലയാളത്തിലൂടെ കിട്ടില്ല. വികലമായിരിക്കും പരിഭാഷ എന്ന് വായിക്കാതെ തന്നെ നമുക്കൂഹിക്കാൻ പറ്റും. വികലമാവാതെ എന്തു ചെയ്യും? പരിഭാഷകൾ ഭാഷയുടെ ആശയവാഹകശക്തി വർദ്ധിപ്പിക്കും എന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനു നിലവിലുള്ള തേഞ്ഞ വാക്കുകളിലേയ്ക്ക് പുതിയ ഭാവനകളെ കാലുമുറിച്ച് കടത്തിയാൽ മതിയാവില്ല. നിരന്തരമായ മനന-ധ്യാനങ്ങളിലൂടെ - വാക്കിന്റെയും വാക്കിന്റെയും ചേർച്ചയിലൂടെ- വാക്യങ്ങളിൽ മാലാഖമാർ നൃത്തം ചെയ്യണം. ആ സിദ്ധിയെ പോറ്റാതെയും തോറ്റാതെയുമാണ്, സാമാന്യധാരണയെ പിന്തുടർന്ന്, മലയാളത്തിന്റെ അർത്ഥവിനിമയ ശേഷി സ്ഥിരമായി പഴയകാലത്തിൽ തളഞ്ഞു കിടക്കാൻ തങ്ങളാൽ കഴിയുന്ന സേവനങ്ങളൊക്കെ ചെയ്തു കൊടുക്കാൻ നമ്മൾ പ്രബുദ്ധർ യത്നിക്കുന്നത്. തർജ്ജമകൾക്ക് വ്യാഖ്യാനത്തിന്റെ ഒരംശമുണ്ട്. എന്നു വച്ചാൽ പരിഭാഷകരുടെ ഭാഷാ പാണ്ഡിത്യത്തിന്റെ അളവുകോലായി ഭാഷാന്തരങ്ങളെ കണക്കാക്കിയിരുന്ന കാലം മാറി. (അതറിയാത്തവരും ഉണ്ട്) അന്യഭാഷയിൽ നിർത്തിയാണ് നാം ഒരെഴുത്തുകാരനെ സ്ഥിരമായി ഉൾക്കൊള്ളുന്നതെങ്കിൽ അകലക്കാഴ്ചയുടെ അതിശയോക്തി നിങ്ങളുടെ വാക്കുകളിൽ സ്വാഭാവികമായും നിറഞ്ഞുകൊണ്ടിരിക്കും. സ്വന്തം ഭാഷയിലേയ്ക്ക് കടത്തിവിടാതെ നിങ്ങളെങ്ങനെ ആ എഴുത്തുകാരന്റെ സ്ഥാനം, നമ്മുടെ സാംസ്കാരികപരിതഃസ്ഥിതിയിൽ നിശ്ചയിക്കും? കാഫ്കയും ഫൂക്കോയും ബാർത്തും പെസ്സോവയും ബൊളാനോയും തീർച്ചയായും ഉപമകളില്ലാത്ത വിധത്തിൽ വലിയ എഴുത്തുകാരാണ്. മലയാളഭാവനകളേക്കാൾ ഉയരത്തിലാണവ എന്നെങ്കിലും ബോധ്യപ്പെടുത്താൻ വ്യാക്ഷേപകശബ്ദങ്ങൾക്കപ്പുറത്ത് നിങ്ങളുടെ സംഭാവനയെന്താണ്?
(“ഒരു കാറ്റു വീശി വറ്റിയമർന്ന നിളയുടെ മണൽത്തരികൾ ഏന്തോ ഓർത്തു തരിച്ചു മഴ മാത്രം കൃഷ്ണഗാഥ പാടിക്കൊണ്ടേയിരുന്നു.” - സച്ചിദാനന്ദൻ - ഒരു ദിവസം)
വിഷ്ണുപ്രസാദിന്റെ ‘തണുത്തകൈപ്പടത്തിലെ’ പണിയനെ സായ്പ്പ് വെടിവച്ചിട്ട ‘വഴിത്തിരിവാ’ണ് വൈത്തിരിയായത്. വഴി കാണിച്ചുകൊടുക്കുന്ന നിഷ്കളങ്കതയെ(വിധേയത്വത്തെ) കൊല്ലുന്ന പതിവ് വെള്ളക്കാർക്ക് ഉണ്ടായിരുന്നോ? അതു നമ്മുടെ സിനിമകളിലെ കൊടും വില്ലന്റെ രീതിയല്ലേ? ആ കഥയിലെന്തോ കുഴപ്പമുണ്ട്. തികഞ്ഞ കാവ്യാത്മകമായ കുഴപ്പം തന്നെ. ഒരു നിഗൂഢത. അല്ലെങ്കിൽ തിരിഞ്ഞു കിട്ടാത്ത ധ്വനി. ‘പച്ചസ്വർഗത്തിൽ’ വൈകുന്നേരം സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കവിതയെക്കുറിച്ചുള്ള സംഭാഷണം ആയിരുന്നു. ടി വി സുനീത പറഞ്ഞത്, തനിക്ക് ഏകാന്തതതോന്നുമ്പോൾ, കരയണമെന്നു തോന്നുമ്പോൾ കവിത ആശ്വാസമാവുന്നു എന്നാണ്.
(“പുതുതായി വാങ്ങിയതാണെന്റെ മൊബൈല്ഫോൺ. എന്നിട്ടും എന്നിട്ടുമെന്താണ്
കണ്ണു നിറഞ്ഞൊഴുകുമ്പോള് അതിന് റെയ്ഞ്ച് കിട്ടാതായിപ്പോകുന്നത്?” - മൊബൈൽഫോൺ- സുനീത) കവിത ഏകാന്തത്യ്ക്കു പകരം നിൽക്കുന്ന കണ്ണീരിനു പകരം വയ്ക്കാവുന്ന ഒന്നല്ല, അതിനുമൊക്കെ അപ്പുറത്തുള്ള സംഗതിയാണെന്ന് വാദിച്ചുകൊണ്ട് സനാതനൻ അതിനെ വെട്ടി.
(“ഒരാൾ മറ്റേയാളെ തൊട്ടു അയാൾ പൊട്ടിപ്പിളർന്ന് ഉള്ളിൽനിന്നും വിത്തുകളുടെ പക്ഷികൾ ചിറകടിച്ചുയർന്നു. ഒന്നാമൻ പക്ഷികളെ പിന്തുടർന്ന് പാഞ്ഞു രണ്ടായ് പിളർന്ന പുറന്തോടായി
ഉപേക്ഷിക്കപ്പെട്ടു മറ്റേയാൾ.”- വിത്തും പുറന്തോടും-സനാതനൻ)
സംസ്കാരത്തിന്റെ ഗൂഢമായ കയ്യെഴുത്തുകളാണ് കവിതയെന്ന് ലതീഷ് മോഹൻ.
(“ഇന്നലെ എഴുതിയതു മുഴുവൻ ഏതുഭാഷയിലാണെന്ന് കണ്ടെത്താനുള്ള ശ്രമമായിരുന്നു ഇന്നു മുഴുവൻ.” - പോസ്റ്റ് ചെയ്യാത്ത കത്തുകൾ- ലതീഷ്)
ഭാഷയുടെയും നിലനിൽപ്പിന്റെയും സൂക്ഷ്മരാഷ്ട്രീയമാണ് കവിതയിലൂടെ വെളിവാകുന്നതെന്ന് ടി എ ശശി.
(“ഇന്നലെ കൊന്നതും ഇതേ ജീവിയെ ഇന്നു വെറുതേയിരുന്നപ്പോൾ ഇതിനെ പുനർജീവിപ്പിച്ചു
ഇന്നുതന്നെ വീണ്ടും കൊല്ലും” - ഒന്നിനെ തന്നെ- ടി എ ശശി)
മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന കവിതയാണ് സെബാസ്റ്റ്യൻ അവതരിപ്പിച്ചത്. ‘സ്വന്തം’. മുൻപും സെബാസ്റ്റ്യന്റെ കവിതകളിൽ കലവറയില്ലാതെ മൃഗസ്വത്വങ്ങൾ ഇറങ്ങി നടപ്പാണ്. ‘ബസ്സിൽ’ എന്ന കവിത ഉദാഹരണം. ഇപ്പോഴത് പാരിസ്ഥിതികമായ പുതിയ ബോധത്താൽ തീവ്രമാവുന്നു. മനുഷ്യനുമേൽ അധീശത്വം സ്ഥാപിക്കാവുന്ന തരത്തിൽ ശക്തിയാർജ്ജിക്കുന്നു.
(“അടിത്തട്ടിലെ പാറയിലിരുന്ന് വെള്ളം കുടിക്കുന്നു ഒരു ചെറു തവള. അതിന്റെ വായ ധൃതിയിൽ തുറയുന്നു അടയുന്നു അതിക്രമിച്ചു കടന്നതാവണം അതിനെ തുരത്തുവാനായുമ്പോൾ ഞൊടിയിടയിൽ വേലികെട്ടി തിരിച്ച ഒരേക്കർ കൃത്യമായി ഛേദിച്ചെടുത്തതുപോലെ അത്രയും വെള്ളം കുടിച്ചു വറ്റിച്ച് അത് ഒറ്റച്ചാട്ടത്തിന് അതിർത്തികടന്നു.” - സ്വന്തം- സെബാസ്റ്റ്യൻ)
ഉത്തരാധുനികതയെ അവലോകനം ചെയ്തുകൊണ്ടാണ് നാസിമുദീൻ ആധുനിക കവിത തന്നെയായിരുന്നു മെച്ചം എന്ന തീരുമാനത്തിലെത്തിയതായി പ്രഖ്യാപിച്ചത്. ബൃഹദാഖ്യാനം എന്ന പേര് വെറുതേ ആവർത്തിക്കപ്പെട്ടു. പ്രതിസന്ധിയിലാവുന്ന സ്വത്വമാണ് നാസിമുദീന്റെ കവിതയുടെ വിഷയം. ‘സ്കീസോഫ്രീനിയ’ ചിതറിയ കണ്ണാടി പിടിച്ചാലെന്നപോലെ ബിംബങ്ങളും പ്രതിബിംബങ്ങളും യാഥാർത്ഥ്യങ്ങളൂം കൂടിക്കുഴഞ്ഞ് ഒന്നായി തീരുന്ന ഭീഷണമായ ഒരവസ്ഥയെ ചിത്രീകരിക്കലായിരുന്നു.
(“പട്ടണത്തിൽ നിന്ന് പോരും വഴി വായിക്കാനൊരു മാസിക തേടി പീടികയെല്ലാം കേറി ഒന്നും കിട്ടാതെ ഒരു കല്ലെടുത്ത് കീസയിലിട്ട് വീട്ടിലെത്തിയ ഉടനെ അതു നീർത്തി വായിക്കാനാരംഭിച്ചു.” -കല്ല് - പി എ നാസിമുദീൻ)
‘പർദ്ദ’യെന്ന പുതിയ കവിതവായിച്ചുകൊണ്ട് നാസിമുദ്ദീൻ അവകാശപ്പെട്ടത് ചുറ്റുപാടുകളോട് പ്രതിബദ്ധതയില്ലാത്ത കവിത ആ പേരിനു തന്നെ അർഹതയില്ലാത്തതാകുന്നു എന്നാണ്. ഫാസിസ്റ്റുശക്തികൾ ശക്തിപ്രാപിക്കുന്ന കാലത്ത് മനുഷ്യനുവേണ്ടി കവിത എന്തു ചെയ്യുന്നു? ചെറുപ്പക്കാലത്ത് , മതത്തിന്റെയും ജാതിയുടെയും ഐഡന്റിറ്റി കാർഡുകൾ കാണിക്കാതെ തങ്ങൾ കളിച്ചു നടന്ന കൊടുങ്ങല്ലൂർ അമ്പലപ്പറമ്പിലിപ്പോൾ ‘അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന’ ബോർഡിനാൽ നിരോധിക്കപ്പെട്ടിരിക്കുകയാണ്. എന്തു ചെയ്യുന്നു പുതിയ കവികൾ? കുഞ്ഞിരാമൻ നായരും ചുള്ളിക്കാടും എഴുതി വച്ച വരികൾക്കപ്പുറം പോകാൻ ശേഷിയുള്ള എത്ര കവികളുണ്ട് പുതിയകാലത്ത്?
എതിർവാദങ്ങളിൽ മൂന്നു പ്രശ്നങ്ങൾ വന്നു. 1. പുതിയകവികൾ എന്ന സാമാന്യവത്കരണം കഴമ്പില്ലാത്തതാണ്. കാരണം ഒരേസ്വഭാവമുള്ള ഒരു കൂട്ടമായി അങ്ങനെയൊന്ന് നിലനിൽക്കുന്നെന്നും അവരെല്ലാം കൂടി ഇന്നതെല്ലാം ചെയ്തു ചെയ്യേണ്ടതുണ്ടെന്നും ഉള്ള വാദം തന്നെ പിന്തിരിപ്പിനാണ്. 2. അമ്പലപ്പറമ്പിലെന്നല്ല വഴിയരികിൽ പോകുന്നതുപോലും വിലക്കിയിരുന്നവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ആട്ടിയോടിക്കപ്പെട്ടവർക്കും ദളിതർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒക്കെ വേണ്ടി കൂടിയാണ് കവിത ശബ്ദിക്കുന്നത്. 3. കുഞ്ഞിരാമൻ നായരും ചുള്ളിക്കാടുമൊക്കെ പുരുഷാധിപത്യപരമായ ഘടനയ്ക്കുള്ളിൽ നിന്നു കൊണ്ട് അവനവന്റെ മാനസികപ്രശ്നങ്ങളെ അവതരിപ്പിക്കുകയായിരുന്നു. ലൈംഗികദാരിദ്ര്യം (അല്ലെങ്കിൽ അതുപോലുള്ളവ) വിഷയമാക്കി എഴുതിക്കൊണ്ടിരിക്കുന്നവനെ, ഇയാളുടെ പ്രശ്നം മറ്റേതാണെന്ന് വരുന്ന തലമുറ എളുപ്പം തിരിച്ചറിയും. അതു പരിഹരിച്ചിരുന്നെങ്കിൽ അവന്റെ കവിത തീരുമായിരുന്നില്ലേ?
വിമീഷ് മണിയൂർ എഴുതുന്നു :
“ഡിസംബർ 6. പ്രതിജ്ഞയെടുത്തു. അറബിമാഷ് വെറുതെ ക്ലാസിനു പുറത്താക്കി മുബീന മുഖം വീർപ്പിച്ച് അറപ്പു കാട്ടി. ഫൈസൽ കഴുത്തിനു കുത്തിപ്പിടിച്ചു...... ..എന്തു വന്നാലും വേണ്ടില്ല നാളെ മുതൽ ശാഖയ്ക്കു പോകണം..”(ക്ലാസ് ഡയറി)
പുതിയ കവികൾ സാമൂഹികപ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നില്ലെന്നതിന് വേറേയും ഉദാഹരണങ്ങളുണ്ട്. പക്ഷേ പ്രാഥമികതാത്പര്യങ്ങൾ വ്യക്തഗതമായ മാറ്റങ്ങൾക്കു വിധേയമാണ്. സ്ത്രീ പ്രശ്നങ്ങളെപ്പറ്റി, വീടിനുള്ളിൽ തളഞ്ഞു കിടക്കേണ്ടി വരുന്നതിന്റെ ബദ്ധപ്പാടിനെപ്പറ്റി മല്ലിക പറഞ്ഞു. അവരുടെ കവിത പക്ഷേ അധികമാരും ശ്രദ്ധ നൽകിയതായി തോന്നിയില്ല. ഏതു യാതനയും കാവ്യാത്മകതയുടെ കുഞ്ചലം ചൂടുമ്പോഴേ സമാനമനസ്കരെ തൊടുകയുള്ളൂ എന്നതുകൊണ്ടാകാം. “ഞാനുരുകിയുണ്ടായ മെഴുകുശില്പങ്ങളിൽ ഗ്ലിസറിൻ പുരട്ടി അവൾ നടത്തുന്നു വെളിപ്പെടുത്തൽ വാണിഭം.” - എന്നെഴുതിയ ശൈലൻ (ആത്മകഥ) കവിതയിൽ ആന്തരികമായ സങ്കീർണ്ണത കുറയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായപ്പെടുന്നതും കേട്ടു. കവിതയും ജീവിതവും എത്ര ഇഴുകിച്ചേർന്നതാണെന്നു വാദിച്ചാലും അതിൽ നിന്ന് ഒരു ചില്ല അരാജകമായി തോന്നും പടി പടരും!
ഒറ്റയൊറ്റക്കവിതകളെക്കുറിച്ചുള്ള ചർച്ചകൾ ഇടയ്ക്കിടെ മുറിയുന്നുണ്ടായിരുന്നു. ഓരോരുത്തരുടെയും അന്വേഷണഘടകം വ്യത്യസ്തമായിരിക്കുമ്പോൾ അതല്ലാതെ നിവൃത്തിയില്ല. വിഷ്ണു പിന്നെയും പറഞ്ഞു. ടി പി രാജീവന്റെ ‘തൂക്കം’ പോലൊരു കവിതയെഴുതാൻ തങ്ങൾക്ക് (തനിക്ക്) ഈ ജന്മം സാധ്യമല്ലെന്ന്. അങ്ങനെ അറുത്തു മുറിച്ച് അഭിപ്രായപ്പെടുമ്പോൾ സ്വയം താൻ എത്താൻ ആഗ്രഹിക്കുന്ന ഉയരത്തെ കവി വെളിപ്പെടുത്തുകയാണ്. ആ ഉയരം തന്നെ മറ്റൊരാൾ ഇതിനകം കീഴടക്കി കഴിഞ്ഞെങ്കിൽ പിന്നെ കവിതാശ്രമങ്ങളെന്തിന് എന്നൊരു ചോദ്യം സാധുവാണ്.
( “ഒരു വരപോലും എഴുതാനാവാതെ നിബ്ബിനും കട്ടയ്ക്കുമിടയിൽ ജീവിതം പോലെ എന്തോ ഒന്ന് തടയുന്നതറിഞ്ഞ് വെറുതേയിരിക്കാം” - ആത്മരക്ഷാർത്ഥം- ശൈലൻ)
ഈ തടയുന്നത് നമ്മൾ തന്നെ കൊമ്പത്തു വച്ച പൂർവമാതൃകകളായിരിക്കും. ചെറുപ്പക്കാരനായ അരുൺ തന്റെ ഒരു കവിതയ്ക്കിട്ടിരിക്കുന്നപേര് ‘വയൽക്കര ഇപ്പോഴില്ലാത്ത രണ്ടുപേർ’. പ്രത്യേകിച്ച് കാരണമൊന്നുമില്ല ആ പേരിടലിൽ. ടി പി രാജീവന്റെ ‘വയൽക്കരെ ഇപ്പോഴില്ലാത്ത’ എന്ന സമാഹാരപ്പേരിന്റെ ഓർമ്മ മാത്രം. മേഘം എവിടെ തുള്ളിയിടണം എന്നു ശങ്കിച്ചു നിൽക്കുന്ന കാഴ്ച കണ്ട് കോരിത്തരിച്ചു പോയതിന്റെ ഓർമ്മയെ എഴുതുന്ന ‘കോരിത്തരിച്ച നാൾ’ എന്ന കവിതയാൽ പ്രേരിതനായി അൻവലി എഴുതിയിട്ടുണ്ട്, ഒരു കവിത. ‘ഒരു ഉച്ചനേരം’. അതിൽ, ടെറസ്സിൽ തേങ്ങ വീണപ്പോൾ കോരിത്തരിച്ചുപോയ വീടാണ് ! കെ ആർ ടോണി കവിതകൾ കൂട്ടത്തോടെ ആ വഴിക്കാണ് ! ( കാനനച്ചോലയിൽ കാറ്റുകൊള്ളാൻ പോയിട്ടുണ്ടോ നിങ്ങൾ ? നല്ല രസമാണ്. ഞാൻ പോയിട്ടില്ല.”- ആട്ടം നോട്ടം- കെ ആർ ടോണി)
ഉദ്ധരിക്കാവുന്ന മട്ടിൽ കവിതകൾ, മുദ്രാവാക്യപ്രായത്തിൽ അവതരിപ്പിക്കപ്പെടുന്ന പ്രവണത കൂടുന്നുണ്ടെങ്കിലും അത്ര നല്ലതല്ലെന്ന് അൻവർ അലി ഇടയ്ക്കെപ്പോഴോ ഓർമ്മിപ്പിച്ചു.
(“പണ്ട് നാടുവിടുമ്പോള് ബസ്സിലെഴുതിയിരുന്നു ശ്രീ കാടാമ്പുഴ ഭഗവതി ഈ വാഹനത്തിന്റെ ഐശ്വര്യം' എന്ന്....... ഇന്ന് തിരിച്ചു വരുമ്പോള് ബസ്സിലെഴുതിയിരിക്കുന്നു 'ശ്രീ മാതാ അമൃതാനന്ദമയി ഈ വാഹനത്തിന്റെ ഐശ്വര്യം' എന്ന്....... കാടാമ്പുഴ ഭഗവതി ഏതു സ്റ്റോപ്പിലാണ് ഇറങ്ങിപ്പോയത്..........?” -യാത്ര -ശ്രീജിത്ത് അരിയല്ലൂര് )
(“രണ്ടു കുന്നും ഒരു കുഴിയുമാണ് ഇപ്പോഴും ഈ പെണ്ണുങ്ങൾ. എപ്പോഴും കുന്നിടിച്ചു നിരത്തലും കുഴി മൂടലുമാണ് ഈ ആണുങ്ങൾ”- അൺസാറ്റിസ് ഫൈഡ്...- അജീഷ് ദാസൻ)
മലയാളത്തിന്റെ പാരമ്പര്യഘടകങ്ങൾ -വൃത്തം, അലങ്കാരം, ചൊൽക്കെട്ടുകൾ- എന്നിവയിലൂടെ കടന്നു പോയെങ്കിൽ കവിതയെ അവ വല്ലാതെ പുതുക്കിയേനേ എന്ന് ആശിച്ചുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അൻവർ അലി പറഞ്ഞു. ഇത് കേവലമായ പാരമ്പര്യവാദമല്ല. ഭാഷാ ഉത്പന്നം എന്ന നിലയിൽ കവിത ഊർജ്ജം സ്വീകരിക്കുന്ന വഴികളെക്കുറിച്ചുള്ള ബോധം കവികൾക്ക് ഉണ്ടായിരിക്കണമെന്ന ആഗ്രഹമാണ്. (റഫീക്ക് അഹമ്മദിനെ ഓർമ്മ വരുന്നു. അൻവറിന്റെ കവിതകളും തുടരാൻ ശ്രമിച്ചിട്ടുണ്ട്, സാമ്പ്രദായിക വൃത്തങ്ങൾ) ഭാഷാപരമായ ട്വിസ്റ്റുകൾ പ്രമോദിന്റെ കവിതയിലുണ്ട്. സ്വന്തം പരിതോവസ്ഥകളിൽ നിന്ന് കവിതയ്ക്കുള്ള വിഭവങ്ങൾ നേടുന്നവരുടെ കൂട്ടത്തിൽ അനൂപ്ചന്ദ്രനും (എന്താണ് അയാളുടെ കവിതയിലെ പുതുനിര വാഹന ബ്രാൻഡുകളുടെ എണ്ണം!) ടി പി വിനോദും പ്രമോദുമുണ്ട്. ( വിനോദിലും പ്രമോദിലും സ്വന്തം സാഹചര്യങ്ങളെക്കാൾ അവർ കൂടെ സൂക്ഷിക്കുന്ന ഓർമ്മകളാണ് ശക്തം) പുതിയ കവിതയുടെ ഭാഷയെക്കുറിച്ച് സംസാരിച്ചുകൊണ്ട് പി പി രാമചന്ദ്രൻ പറഞ്ഞത്, കവിതയുടെ ചരിത്രം വ്യവഹാരഭാഷയും സാഹിത്യഭാഷയും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതിന്റെ ചരിത്രം കൂടിയാണെന്നാണ്.
(“നെല്ലുംവെള്ളം കുടിച്ചിട്ട് കല്ലും തടീം അറുക്കും ഒടക്കും തെരക്കിപ്പിടിക്കും മാവും തെയിലേം മേടിച്ചോണ്ട് പൊക്കിപ്പിടിച്ചോണ്ട്.” - ഇന്റർവ്യൂ- എം ബി മനോജ്)
(“തെടേത്തറഞ്ഞ മുള്ളിനായ് പല്ലു പരതുമ്പോ കേട്ടു എന്റെപ്പനും അവടപ്പനും ചെറേലെ തെങ്ങുന്തോപ്പിൽ വാള് വെക്കുന്നത്” - വെഷക്കായ - എം ആർ രേണുകുമാർ)
(“കാറിലിരുന്നാ കൊച്ചാട്ടാ ഇതു പാടുന്നേ..”-രാമകൃഷ്ണയ്യപ്പപ്പണിക്കം - അൻവർ അലി)
പുതിയകാലത്ത് ഇവയുടെ അകലത്തിന്റെ ഡിഗ്രി കുറഞ്ഞു കുറഞ്ഞു വന്ന് പലപ്പോഴും മൈനസിലെത്തിയിരിക്കുന്നു. ചിത്രങ്ങളെ - പലപ്പോഴും ചിതറിയതും പരസ്പരബന്ധമില്ലാത്തതുമായ- അവതരിപ്പിക്കുകയും ഭാഷ ഈ ചിത്രങ്ങളെ കൂട്ടിയിണക്കാനുള്ള കണ്ണിഭാഷയായി തീരുകയും ചെയ്തതാണ് മറ്റൊരു പ്രത്യേകത.
(“വെയില് കാറ്റ് മരങ്ങൾ നിഴലുകൾ വെളിയിലാരോ വരച്ചപോലങ്ങനെ അയയിൽ വന്നിരിക്കുന്ന കിളിയുടെ വയറു നോക്കി അനങ്ങാതെയങ്ങനെ” - നിശ്ചലജീവിതം - പി പി രാമചന്ദ്രൻ)
(“ അപ്പോൾ വിശന്നു വലഞ്ഞ് ഇരുട്ടിലൂടെ അലഞ്ഞുനടന്ന ഒരു പട്ടി ആ കള്ളന്റെ വീട്ടിൽ ചെന്നു കട്ടു തിന്നു പട്ടി പോയ തക്കം നോക്കി കാത്തുകെട്ടിയിരുന്ന ഒരുത്തൻ പട്ടി താമസിച്ചിരുന്ന വീട്ടിലെ പെൺകുട്ടിയെ മോഹിപ്പിച്ചുകൊണ്ടുപോയി... ” -പാടുവാൻ - എസ് ജോസഫ്)
കവിതയിൽ സന്നിഹിതമായ രാഷ്ട്രീയവും ഉന്നയിക്കപ്പെടുന്ന രാഷ്ട്രീയവും ഉണ്ട്. നിലവിലുള്ള ഒന്നിനെ കവിത ഉള്ളിൽ പിടിച്ചു വച്ചിരിക്കുമ്പോഴാണ് ചിട്ടവട്ടങ്ങളെ മുറിച്ച് മുന്നേറാനുള്ള കെൽപ്പ് അതിനില്ലാതാവുന്നത്. എങ്കിലും അതിൽ രാഷ്ട്രീയം ഉണ്ട്. മറിച്ചാണ് ഉന്നയിതരാഷ്ട്രീയത്തിന്റെ സ്ഥിതി. അതു മാറ്റങ്ങൾക്കുവേണ്ടിയുള്ള ആക്രോശമാണ്. വരും തലമുറയ്ക്കു മാത്രമേ അതതരം കവിതകളെ പിടിച്ചെടുക്കാൻ പറ്റൂ. അല്ലെങ്കിൽ കാലത്തിനു മുൻപേ നടക്കുന്നവരായിരിക്കണം. കവിത അതിന്റെ വായനക്കാരെ കൂടി സൃഷ്ടിക്കുന്നുണ്ട്. നിലവിലുള്ള വായനക്കാരെയല്ല അത് നോക്കി നിൽക്കുന്നത്. തനിക്കുപറ്റിയ വായനക്കാരെ കണ്ടെടുക്കുകയും പുതുക്കുകയും ഒരു വേള സൃഷ്ടിക്കുകയും ചെയ്യുന്ന കവികളാണ് കാലത്തിന്റെ കവികൾ. പുതിയ കവിത മനസ്സിലാവുന്നില്ലെന്ന് കണ്ണാടി നോക്കി പിറുപിറുക്കുന്നവർ ഈ വാദത്തെ ഒന്നു ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
“ജനാലയിലിരുന്ന് ഒരു പെൺകുട്ടി മുടിചീകുന്നു. ഈയൊരു വാക്യം മതി ഒരു കവിതയാകുവാൻ” എന്ന് എസ് ജോസഫ് ‘തൂവാല’ എന്ന കവിതയിൽ. ചിത്രങ്ങൾ തുന്നിച്ചേർപ്പാണ് പെൺകുട്ടിയെപ്പോലെ കവിതയ്ക്കും പണി എന്ന സൂചന അതിലുണ്ട്. എഴുതിയ വരികളിലൂടെയല്ല, കവിതയിൽ നിന്ന് ഒഴിവാക്കുന്ന വരികളിലൂടെയാണ് ജോസഫിന്റെ കവിത പ്രവർത്തിക്കുന്നതെന്ന് പി പി ആർ. ഭാഷ ഒരു വാഹനമാണെന്നും അതിൽ കവിയുടെ വികാരവിചാരങ്ങളും ഇച്ഛാഭംഗങ്ങളും നിറച്ച് വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് നിരന്തരഗതാഗതം നടക്കുകയാണെന്നും വിചാരിച്ചാൽ രക്ഷയില്ല. കാരണം ഭാഷ വാഹനമല്ല. (സനലിന്റെ വാദങ്ങൾക്കിടയിൽ ഭാഷ മീഡിയമാണെന്ന ആശയം സാന്ദർഭികമായി കയറി വന്നിരുന്നു) കവിതയ്ക്ക് അതായി തന്നെ നിലനിൽപ്പുണ്ട്. അമൂർത്തചിത്രകല സിനിമകളിൽ നിരവധി അവഹേളനങ്ങൾക്കു വിധേയമായിട്ടും ( ഓർമ്മയില്ലേ പ്രിയദർശൻ പടത്തിൽ മുകേഷ് വരയ്ക്കുന്ന ‘അണ്ഡകടാഹം’ എന്ന അബ്സ്ട്രാക്ട് പെയിന്റിംഗ്) നിലനിൽക്കുന്നുണ്ട്. മലയാളികൾ മികച്ച ചിത്രകാരായി തീരുന്നുണ്ട്. അർത്ഥവും ആശയവും അന്വേഷിക്കാൻ പോകുന്നതാണ് നമ്മുടെ കുഴപ്പം. ‘കമ്മ്യൂണിക്കേഷൻ’ കലയിലുണ്ട്. പക്ഷേ അത് നാം മനസ്സിലാക്കി വച്ചിരിക്കുന്ന രീതിയിലുള്ള ‘ആശയ’കൈമാറ്റം അല്ല. കല ഒരാശയം നൽകണമെന്ന വാശികളാണ് കുഴപ്പക്കാർ. അപ്പോൾ എല്ലാവർക്കും മനസ്സിലാകാതിരിക്കുകയാണ് നല്ലത്. എല്ലാവർക്കും മനസ്സിലാകുന്നതാണെങ്കിൽ പിന്നെയെന്തിന് എഴുതണം? എന്താണ് അതിന്റെ അപൂർവത? കവിതയ്ക്കു വേണ്ടി ജീവിച്ച കാലങ്ങൾ അപ്രസക്തമാവില്ലേ? ഫ്രോയിഡിന്റെ രണ്ടു വരിയെഴുതി വ്യാഖ്യാനിക്കാൻ കഴിയുന്ന കവിത പൊട്ടക്കവിതയാണെന്ന് വിഷ്ണുവിന്റെ ‘പശു’കവിതയുടെ വായനയെ (അതോ ‘ആറാം നമ്പർ ബസ്സോ?’) ചൂണ്ടി ലതീഷ് വാദിക്കുന്നുണ്ടായിരുന്നു. എന്തോ? കവിത സൂക്ഷ്മമായ നിരവധി സംഗതികളെ ഉള്ളടക്കി വച്ചിരിക്കുന്നു എന്നറിയാം. അതിൽ ചിലതിനെയെങ്കിലും അടുത്തു നിന്ന് ഇഴ പിരിച്ചെടുക്കാനുള്ള ശ്രമം കവിതയുടെ ഉള്ളിലേയ്ക്കല്ല, സ്വന്തം ഭാഷാ - സംസ്കൃതിയുടെ ഏറ്റക്കുറച്ചിലുകളിലേയ്ക്കുള്ള ‘തിരിച്ചുപോക്കാണ്’ എനിക്ക്. അത്തരം ശ്രമങ്ങളില്ലെങ്കിൽ അടുത്ത കവിതയിലേയ്ക്ക് ചുവടു വയ്പ്പില്ലാതെ നിസ്സഹായനാവും എന്നൊരു പരിഭ്രമം ഉള്ളിലെപ്പോഴുമുണ്ട്. നമ്മൾ കാണുന്ന അതേ കണ്ണുകൊണ്ടല്ലേ ‘ദൈവം’ നമ്മളെയും കാണുന്നത്?(ഏഞ്ചലസ് സിലസിയസ്) കവികളത് അറിയുന്നുണ്ടോ?
കവിതയെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾ, അവരാണ് ‘സിഗ്-നേച്ചർ’ എന്ന ലേബലിനു പിന്നിൽ നിന്ന് കവികളെ വിളിച്ചുകൂട്ടി ആതിഥ്യമരുളിയത്. അവരുടെ ഇഷ്ടം, ഉറക്കെ പാടാവുന്ന കവിതകളാണെന്ന് അവർ തുറന്നു പറഞ്ഞു. ദന്തഗോപുരവാസികളായ സൌന്ദര്യമാത്രവാദികളെ തറ പറ്റിക്കാൻ പോന്ന പ്രഖ്യാപനമാണ്. പക്ഷേ അതിനെ അങ്ങനെ ലളിതമായ തലത്തിൽ വച്ച് കാണേണ്ടതില്ല. തലയാട്ടിയും നൃത്തം വച്ചും ഉറക്കെ ചൊല്ലുന്ന കവിതകളിലെ സാമൂഹികതയേക്കാൾ ഉയർന്ന സാമൂഹികത, ഈ ലോകത്തിലെ ജീവിതത്തെ കൂടുതൽ ജീവിക്കാൻ കൊള്ളാവുന്നതാക്കണമെന്ന തീവ്രത മുറിയടച്ചിട്ടിരിക്കുന്ന പല കവിതകൾക്കുള്ളിലും ഉണ്ട്. ( “എന്തർത്ഥമിരിക്കുന്നു അതിൽ എന്നു ചോദിക്കരുത്, അർത്ഥമോ അർത്ഥമില്ലായ്മയോ അതൊക്കെയല്ലേയുള്ളൂ” - പാട്ട്- എസ് ജോസഫ്) പൊളിച്ചെഴുതിയ ജീവിതരീതിയുടെ ജനകീയതയല്ലല്ലോ, അനുഷ്ഠാനത്തിന്റെ ജനപ്രിയത. ലതീഷിന്റെ കവിതയിലെ വെരുകിന് പി രാമകൃഷ്ണൻ എന്നും (ധ്വനിപ്പിച്ചില്ല എന്നു മാത്രം പറയരുത്) പല്ലിയ്ക്ക് മാധവനെന്നും ( പരിഭ്രമണം) പേരുകിട്ടുന്നത് ‘മനുഷ്യൻ’ എന്ന ഭൂമിയുടെ ഏക കൈവശാധികാരിയുടെ മുഖംമൂടി ചില ആകസ്മിക വെളിച്ചങ്ങളിൽപ്പെട്ട് പൊളിഞ്ഞുപോകുന്നതുകൊണ്ടാണ്. ഉറക്കെ ചൊല്ലിയാലും ഇല്ലെങ്കിലും അവ ‘ചിലപ്പോൾ നീണ്ട ചിത്രങ്ങളുമെടുത്ത്’ നമ്മുടെ മുറിയിലേയ്ക്കും കടന്നു വരില്ലേ, ശിരസ്സിനുള്ളിൽ മണൽച്ചാക്കുകൾ നിറയ്ക്കുന്ന ഏകാന്തതതയുടെ അപാരവേളകളിൽ, പൊടുന്നനെ?
എങ്കിൽ, എന്തൊരാളായി പോയീ ഞാൻ !**
-------------------------------------------------------------
* വി സനലിന്റെ ലേഖനത്തിലെ ഒരു വാക്യം. ‘പോലെ’ എന്ന കവിതയുടെ ആമുഖമായി അൻവർ അലി ഉദ്ധരിച്ചത്
** ടി പി രാജീവന്റെ ഒരു കവിതയുടെ തലക്കെട്ട്
*** ഇവിടെ എടുത്തെഴുതിയ അഭിപ്രായങ്ങളും വാദഗതികളും വൈത്തിരി കവിതാക്യാമ്പിൽ വച്ച് കവികൾ പറഞ്ഞതുപോലെ തന്നെയാവണമെന്നില്ല. ഞാൻ കേട്ടതും മനസ്സിലാക്കിയതും ഈ രീതിയിലാണെന്നേ അർത്ഥമുള്ളൂ. ഉദാഹരണമായി കൊടുത്തിരിക്കുന്ന കവിതകളുടെ മുഴുവൻ ഉത്തരവാദി ക്യാമ്പല്ല, സ്വന്തം പുസ്തകഷെൽഫാണ്.