
“വീട്ടിൽ ചേന നടുന്നത് വെളുത്തവാവ് ദിവസമാണ്. എറ്റവും ഇളയവൻ ഞാനാണ്. ചേന നടുമ്പോൾ രസകരമായ ഒരു സംഭവം ഉണ്ട്. രാത്രിയിലാണ് ചേന നടുന്നത്. വിത്ത് നാലായി മുറിച്ച് ചാണകം പൊതിഞ്ഞ് ഉണക്കാൻ വെക്കും. എന്നിട്ടാണ് നടുന്നത്. രാസവളമൊന്നും ഉപയോഗിക്കില്ല. എന്നെ തുണിയില്ലാതെ നിർത്തിയാണ് ചേന നടുന്നത്. തുണിയില്ലതെ നിൽക്കുന്ന എന്റെ കൈയിൽ ചേന തരും. എന്നിട്ട് എന്നോട് ചേന ചന്ദ്രനെ കാണിക്കാൻ പറയും. ഞാൻ അങ്ങനെ ചെയ്യും. ” - സലിംകുമാർ, മാതൃഭൂമി ആഴ്ചപ്പതിപ്പ്.
തന്റെ വാദം സമർത്ഥിക്കാൻ ആശയങ്ങൾകൊണ്ട് ഒരു എതിർരൂപത്തെ ഉണ്ടാക്കുകയും അതിനെ യുക്തികൾ കൊണ്ട് തലങ്ങും വിലങ്ങും തല്ലി തറ പറ്റിക്കുകയും ചെയ്യുക എന്നൊരു വിദ്യയുണ്ട്, വിവാദങ്ങളിൽ. അനായാസം ആർക്കും ചെയ്യാവുന്ന അഭ്യാസണിത്. അതാണ് ഭൂമി മലയാളത്തിൽ കൂടുതലും നടക്കുന്നതും. അതല്ല, ശരിയായൊരു വിതണ്ഡതയാണ് ഉദ്ദേശ്യമെങ്കിൽ പണി ചിലപ്പോൾ പാളും. സമരരംഗത്തിറങ്ങി നിൽക്കാൻ ആയുധങ്ങൾ വേണ്ടേ? ജന്മായത്തമായി കിട്ടിയ കായക്ഷീണം എന്തിനെങ്കിലും സമ്മതിക്കുമോ? ചരിത്രം അറിയണ്ടേ? വസ്തുതകളെ കാലക്രമത്തിൽ നിരത്തണ്ടേ? അവയ്ക്കെല്ലാം അക്കമിട്ട് യോജിച്ച എതിർ യുക്തികൾ കണ്ടെത്തണ്ടേ? ഇതുവരെയുള്ളവയ്ക്കല്ല, ഇനി വന്നേയ്ക്കാവുന്ന വാദങ്ങളുടെ മുനയൊടിക്കാൻ തക്കവണ്ണമുള്ള വെടലചിരി വേണ്ടേ? ഒന്നും വേണ്ട ഒരു നിഴൽ യുദ്ധത്തിന്. ‘ദേ ഒരു ഭീകര രൂപം..’ എന്നു വിളിച്ചു പറഞ്ഞിട്ട് ഉറുമി വീശുന്നതായി അഭിനയിച്ചാൽ മതി. ആയുധം കൈയ്യിലില്ലാത്തോനും അക്കിലീസാവാം.
താത്കാലികമായ ഭൂതകാലങ്ങൾ എടുത്തു വച്ചാണ് നമ്മുടെ പ്രധാനപ്പെട്ട പല തർക്കങ്ങളും അരങ്ങേറി തിമിർത്താടുന്നത്. ചരിത്രത്തെക്കുറിച്ചു പറയാറുള്ളതുപോലെ ഭൂതകാലവും ഭാവനാത്മകമായ ഒരു പുനഃസൃഷ്ടിയാണ്. ഓർമ്മകൾ ഓടിക്കളിക്കുന്ന തിരുമുറ്റം. മസ്തിഷ്കസാദം നിമിത്തം ശേഷിച്ചതും കൈയെത്തുന്നതുമായ ഓർമ്മകളേ ഭൂതകാലവും പിന്നെ ചരിത്രവുമാവൂ. നമുക്കാവശ്യമായത് മാത്രം പരതിയെടുത്തു നിർമ്മിക്കുന്ന കലാസൃഷ്ടിയായി ചരിത്രത്തെ കാണണമെന്ന് ശക്തമായി വാദിച്ചവർ അങ്ങോട്ടാണ് കണ്ണയച്ചത്. ട്രെവലിയനെപ്പോലുള്ളവർ. അസ്ഥിരമായ സ്വഭാവവിശേഷങ്ങളും മനോഭാവങ്ങളും മുഖമുദ്രയാക്കിയ മനുഷ്യനെയും അവന്റെ ഭൂതകാലങ്ങളെയും പഠനവിഷയമാക്കുന്ന ശാഖയിൽ ശാസ്ത്രീയതയേക്കാൾ കലാപരതയായിരിക്കില്ലേ, മുന്നിട്ടു നിൽക്കുക എന്നാണ് വാദം. വസ്തുതാശേഖരണത്തിൽ എന്തു ആത്മനിഷ്ഠയാണെന്ന് ചോദിക്കാം. അവയുടെ തെരെഞ്ഞെടുപ്പിൽ മമതാബന്ധത്തിനു കുടിയേറി പാർപ്പുറപ്പിക്കാമല്ലോ. അടുത്തപടിയായ അവയുടെ വ്യാഖ്യാനത്തിൽ ആത്മനിഷ്ഠത കടന്നു വരും. പി കെ ബാലകൃഷ്ണൻ, നൂറ്റാണ്ടുയുദ്ധത്തിന്റെ (ചേര ചോളയുദ്ധം)മാപ്പെടുത്തു വച്ചിട്ട് ഇളംകുളം കുഞ്ഞൻപിള്ളയെ കുത്തിയത് ‘തെളിവില്ലായ്മയുടെ കഷണ്ടിയിൽ കവിത കൊണ്ടൊരു ചരിത്രരചന’ എന്നും പറഞ്ഞാണ്. കേരളോത്പത്തിയും(അജ്ഞാതകർതൃകം) കേരളവും (കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ) കേരളത്തിന്റെ ആദ്യത്തെ ആധികാരിക ചരിത്രം എന്നു പറയപ്പെടുന്ന അറബിഭാഷയിലെഴുതിയ തുഹ്ഫത്തുൽ മുജാഹിദീനും (ശൈഖ് സൈനുദീൻ) ആത്മനിഷ്ഠ ചരിത്രങ്ങളാണ്. ( അപ്പോൾ നമ്മൾ തുടക്കത്തിലേ ഇങ്ങനെ തന്നെയല്ലേ എന്നൊരു ന്യായം ഉണ്ട്) ചരിത്രം പക്ഷപാതപരവും ഭാഗികവും ആണെന്നും പറഞ്ഞാണ് ഉത്തരാധുനിക കാലം നവചരിത്രവാദമായി രംഗത്തെത്തിയത്. ചരിത്രം വസ്തുനിഷ്ഠമേയല്ല. ചരിത്രവാദത്തിന്റെ (ഹിസ്റ്റോറിസിസം) പ്രധാനസ്വഭാവമായ പഴമയോടുള്ള ആദരവിനെ, മനുഷ്യൻ എല്ലായിടത്തും ഒന്നാണെന്നും ഒരുപോലെയാണെന്നുമുള്ള എന്ന ചിന്തയെപ്പോലെ തന്നെ നവചരിത്രവാദം (ന്യൂ ഹിസ്റ്റോറിസിസം) തള്ളിക്കളഞ്ഞു. ചരിത്രത്തിൽ ആധുനികത തള്ളിക്കയറി വന്ന കാലത്ത് ചിന്തകന്മാർ പറഞ്ഞിരുന്നു, വർത്തമാനകാലത്തിന്റെ പ്രശ്നങ്ങളെ നിർദ്ധാരണം ചെയ്യാൻ വേണ്ടിയായിരിക്കണം ചരിത്രത്തെ ഉപയോഗിക്കേണ്ടത് എന്ന്. നവചരിത്രവാദം കുറച്ചുകൂടി മുന്നോട്ടു പോയി. ദൈനംദിന ജീവിതവ്യാപാരങ്ങളുടെ വിശകലനമാണ് ചരിത്രം ചെയ്യേണ്ടതെന്നും പാരമ്പര്യ ചരിത്രാഖ്യാനങ്ങൾ പുറംതള്ളുന്ന വിഭാഗങ്ങൾക്കാണ് സൂക്ഷ്മരാഷ്ട്രീയത്തിൽ സവിശേഷമായ സ്ഥാനമുള്ളതെന്നും ഉറപ്പിച്ചു പറഞ്ഞു.
ഇനി നമുക്ക് പയ്യന്നൂർ സംഭവത്തിലേയ്ക്ക് പോകാം. അവിടെ ഏറ്റു മുട്ടിയത് സത്യത്തിൽ ഒരേ ഭൂതകാലത്തെക്കുറിച്ചുള്ള രണ്ടു തരം നിർമ്മിതികളാണ്. പഴയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവുകാലജീവിതത്തെപ്പറ്റിയുള്ള രണ്ടു ‘ഭാവനാത്മക’ നിർമ്മിതികൾ. രാജ്മോഹൻ ഉണ്ണിത്താനെതിരെ മഞ്ചേരിയിൽ നടന്ന കൈയേറ്റം ശരിയായിരുന്നില്ലെന്ന് സ്ഥാപിക്കാൻ സക്കറിയ പോയത് ഒരു പ്രത്യേക ഭൂതകാലത്തിലേയ്ക്കാണ്. പതിനൊന്നാം നൂറ്റാണ്ടിലെ വൈശികതന്ത്രത്തെ അതിനു ശേഷമുണ്ടായ ചന്ദ്രോത്സവത്തെയൊക്കെ തെളിവായി (ഡാറ്റകളായി) സ്വീകരിക്കാമെങ്കിൽ ഭൂമി മലയാളത്തിന്റെ മേൽത്തട്ട് സംബന്ധവും പുടകൊടയുമൊക്കെയായി ഭേദപ്പെട്ട രീതിയിൽ (കുറ്റബോധം തീരെയില്ലാതെ) തന്നെ ലൈംഗികമായ സ്വാതന്ത്ര്യം അനുഭവിച്ചവരാണ്. കുഞ്ഞിരാമൻ നായർക്ക് ‘അച്ഛ’നെന്ന വിളി സഹിക്കാൻ പറ്റുമായിരുന്നില്ല. (പിയുടെ പ്രണയപാപങ്ങൾ) യുഗപുരുഷനായ വി ടിഭട്ടതിരിപ്പാടിന് ശ്രീദേവിയെ വിവാഹം കഴിക്കുന്നതിനു മുൻപ് മാധവിക്കുട്ടി വാരസ്യാരുമായി സംബന്ധമുണ്ടായിരുന്നു. അതിനും മുൻപത്തെ പ്രണയ(ശാരീരിക) ബന്ധത്തിന്റെ കഥ കണ്ണീരും കിനാവിലുമുണ്ട്. തൊട്ടെടുക്കാവുന്ന രീതിയിൽ മലയാളിജീവിതത്തിന്റെ വാസനാപ്രകൃതം വ്യക്തമായിരുന്നിട്ടും സക്കറിയ, സാഹിതീയഭൂതകാലത്തെ തൊടാതെ രാഷ്ട്രീയ ഒളിവുജീവിതങ്ങളിലേയ്ക്ക് പോയതിന് കാരണം സാമൂഹികപ്രവർത്തനവും ലൈംഗികസ്വാതന്ത്ര്യവും എന്ന സമവാക്യത്തെ സാധൂകരിക്കാനായിരുന്നു. തനിക്കു മെച്ചപ്പെട്ടതെന്നു തോന്നിയ സാമൂഹിക ജീവിതത്തിന്റെ ഒരു കഷ്ണത്തെ മുറിച്ചെടുത്തു വച്ചുകൊണ്ടാണ് സക്കറിയ പ്രസംഗിച്ചത്. പക്ഷേ അദ്ദേഹം പറഞ്ഞതല്ല ‘ജനം’ കേട്ടത്. കാരണം ആസന്നമായ ഭൂതകാല നിർമ്മിതിയ്ക്ക് സക്കറിയ ഉപാദാനമാക്കിയ അതേ വസ്തുതകളെ മറ്റൊരു ഭൂതകാലനിർമ്മിതിയ്ക്ക് ഉപയോഗിച്ചവരാണ് സക്കറിയയ്ക്ക് എതിർ വന്നത്. അവരെ സംബന്ധിച്ചിടത്തോളം ഒളിവുജീവിതം നൈഷ്ഠികമായ വ്രതാനുഷ്ഠാനത്തിന്റെ വിശുദ്ധിയുള്ളതാണ്. വിട്ടുവീഴ്ചയില്ലാത്തതും പ്രതിജ്ഞാബദ്ധവുമായ സാഹസികവുമായ സാമൂഹികപ്രവർത്തനത്തിൽ ലൈംഗികത തെറിക്കില്ല. (ഗാന്ധിജി ഇത്തരം വ്രതാനുഷ്ഠാനത്തിൽ വിശ്വസിച്ച വ്യക്തിയായിരുന്നു. സന്തതിയുത്പാദനത്തിനുമാത്രമുള്ള ലൈംഗികതയിലെ നിഷ്ഠ കുറെ ഗാന്ധിയന്മാരുടെ ജീവിതത്തെ പരോക്ഷമായി ഹിംസാത്മകമാക്കിയിട്ടുണ്ട്, പിൽക്കാലത്തും) ഇത് തീർത്തും മതപരമാണ്. ഡി വൈ എഫ് ഐ പ്രവർത്തകരെ ന്യായീകരിച്ചുകൊണ്ട് പിണറായി വിജയൻ ശംഖുംമുഖത്ത് ചെയ്ത പ്രസംഗത്തിൽ വിശുദ്ധമായ‘മത’പരാമർശങ്ങൾ വന്നത് അതുകൊണ്ടു തികച്ചും സ്വാഭാവികമാണ്. ഒരു ആശയം എവിടുന്ന് ജീവനജലം സ്വീകരിക്കുന്നുവോ അതിനോടുള്ള കടപ്പാട് അബോധതലത്തിൽ വ്യക്തമാക്കിക്കൊണ്ടിരിക്കും. (ക്രിസ്ത്യാനികളുടെ അടുത്തുപോയി യേശുവിനേയോ മുസ്ലീങ്ങളുടെ അടുത്തു ചെന്ന് അല്ലാഹുവിനേയോ വിമർശിക്കാൻ പാടില്ലെന്ന പരാമർശം) സക്കറിയ അവതരിപ്പിച്ച ഭൂതകാലം ആദർശാത്മകമായ പുനർനിർമ്മിതി ആയിരിക്കുന്നതുപോലെ പാർട്ടി പ്രവർത്തകരുടെ ആവേശവും ഭാവനാത്മകവും അതേപ്പോലെ ആദർശാത്മകവുമായ ഭൂതകാലത്തിനു വേണ്ടിയായിരുന്നു. (ഇത് കുറച്ചുക്കൊടി വ്യക്തമാവാൻ സക്കറിയയുടെ ഉദാഹരണങ്ങളും അശോകൻ ചരിവിൽ അതീവ ഘടനാവൈദഗ്ദ്ധ്യത്തോടെ സക്കറിയയ്ക്കെതിരെ മാധ്യമത്തിലെഴുതിയ ലേഖനത്തിലെ പേരുകളും ശ്രദ്ധിച്ചാൽ മതി) ഇതിലേതാണ് ശരി?
ശരി അറിയാൻ ജാഥ(കളിൽ)യിൽ നിന്ന് പുറത്തിറങ്ങണം. രണ്ടു പക്ഷത്തും ഉദാഹരണങ്ങൾ നുള്ളിപ്പെറുക്കുക പ്രയാസമാണ്. അവ ഉണ്ടെങ്കിൽ തന്നെ തുച്ഛമാണ്. രാഷ്ട്രീയനേതാക്കളുടെ ഒളിവുജീവിതത്തിലേയ്ക്കു് വസ്തുനിഷ്ഠവും വസ്തുതാപരവുമായ ചുഴിഞ്ഞു നോട്ടത്തിനു സഹായിക്കുന്ന അന്തരീക്ഷം എന്തായാലും കേരളത്തിലെ രാഷ്ട്രീയജീവിതം സർവാത്മനാ ചരിത്രത്തിന് പണിഞ്ഞു കൊടുക്കില്ല. അപ്പോൾ റിസ്കെടുക്കാൻ വയ്യാതെ ഒരാൾക്കും അതു കിട്ടാൻ പോകുന്നില്ല. അപ്പോൾ ഭാവന മൂടൽമഞ്ഞു കൊണ്ട് ആശയങ്ങൾ ഉണ്ടാക്കും. എന്നാലും സക്കറിയ പുതുതലമുറയ്ക്ക് അതിന്റെ ഭാവനാത്മക ഭൂതകാലത്തെ പുനർ നിർമ്മിച്ചുകൊടുത്തതിന്റെ ഒരർത്ഥം സാമൂഹികപരിഷ്കരണമാണ്. നിങ്ങളുടെ ഭൂതകാലം ഇങ്ങനെ അല്ലായിരുന്നു എന്നും കേരളത്തിന്റെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്ന് ലൈംഗികമായ യാഥാസ്ഥിതികത്വത്തിന്റെ തകർച്ചയാണെന്നും (ലൈംഗികതയെ നിയന്ത്രിക്കുക എന്നാൽ അധികാരം കൈയാളുക എന്നർത്ഥമുണ്ട്. അധികാരവും അതിന്റെ രൂപങ്ങളും അവയുടെ പരസ്പരബന്ധവും ആണ്, ഉത്തരാധുനികമായ ചിന്തകളുടെ എന്ന പോലെ നവചരിത്രവാദത്തിന്റെയും കാതൽ) അതും കൂടി ചേരുമ്പോഴേ സമൂഹത്തിന്റെ ‘ഉറച്ചിരിപ്പിന്’ ഇളക്കം വയ്ക്കൂ എന്നും ധ്വനി ഭംഗിയിൽ സൂചിപ്പിക്കുകയായിരുന്നു സക്കറിയ. വിരുദ്ധമായ പ്രവൃത്തി നിങ്ങളിൽ നിന്നു പ്രതീക്ഷിച്ചതല്ലെന്ന നിരാശയായിരുന്നു അതിൽ. ആ വിമർശനത്തിൽ വിരോധമല്ല, ബൌദ്ധികമായ അതിലേറെ വൈകാരികവുമായ ഒരധികാരപ്രകടനമായിരുന്നു ഉണ്ടായിരുന്നത്. (ഇത് സുകുമാർ അഴീക്കോട് മറ്റൊരു തരത്തിൽ വെളിവാക്കി കൊളമായതാണ്. താൻ പാർട്ടിയുടെ സുപ്രീം അഡ്വൈസർ ആണെന്ന് വച്ചടിച്ച മാതൃഭൂമി അഭിമുഖത്തിൽ. പിണറായി തന്റെ അനുജൻ, അച്യുതാനന്ദൻ ചേട്ടൻ. രണ്ടുപേരെയും ശാസിക്കാൻ തനിക്കു സ്വാതന്ത്ര്യമുണ്ടെന്നും അതിൽ പറഞ്ഞു.) എന്നാൽ അണികളെ സംബന്ധിച്ചിടത്തോളം (അത് പയ്യന്നൂരിലെ ഏതാനും പ്രവർത്തകരിൽ മാത്രം ഒതുങ്ങിക്കൂടുന്ന സംഗതിയല്ലെന്ന് പിന്നീടു വരുന്ന ലേഖനങ്ങളും അഭിപ്രായപ്രകടനങ്ങളും തെളിവു തരുന്നു) പൂർവികരായ വിപ്ലവകാരികളുടെ സംശുദ്ധമായ (എന്നു വച്ചാൽ സമകാലികമായ നോട്ടം വച്ച് വിവാഹേതരമായ ലൈംഗികത അവിശുദ്ധിയാണ് !) ഭൂതകാലത്തിന്റെ സംരക്ഷണം പ്രതിച്ഛായയുടെ സംരക്ഷണം ആണ്. ഇത്തരം ഒരു പ്രതിച്ഛായാസംരക്ഷണം സമകാലിക വിവാദങ്ങളിലെല്ലാം നിറഞ്ഞു നിൽപ്പുള്ളത് കണ്ണുള്ളവർക്ക് കാണാം. ലൈംഗികമായ അധികാരാതിർത്തികളെ ലംഘിക്കുക എന്നത് പൊതുസമൂഹത്തെ പ്രത്യക്ഷമായി തന്നെ ബാധിക്കുന്ന കാര്യമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ,(അതേതു കക്ഷിയായാലും സംഘടനയായാലും..) അതിന്റെ നായകന്മാരുടെ (അവരെത്ര വലിയ ആളുകളായാലും) പ്രതിച്ഛായ സംരക്ഷണം അത്ര തന്നെ പൊതുസമൂഹത്തിന്റെ വേവലാതിയാണോ? അങ്ങനെ ആവേണ്ടതുണ്ടോ, എപ്പോഴെങ്കിലും?
ചില പ്രവൃത്തികളിൽ കാലത്തെ നിർവചിക്കാൻ കഴിയുന്ന തരത്തിലുള്ള സൂക്ഷ്മമായ രാഷ്ട്രീയം സ്ഥിതി ചെയ്യുന്നുണ്ട്. രാഷ്ട്രീയമായ പകപോക്കൽ എന്നൊക്കെയുള്ളത് സ്ഥൂലമായ ലേബലിംഗ് മാത്രമേ ആകുന്നുള്ളൂ. ഉത്തരവാദി ആരായാലും അതിന്റെ പ്രതിലോമകരമായ അനുരണനങ്ങൾ ഠാവട്ടത്തുമാത്രം ഒതുങ്ങി തീരുകയില്ലെന്ന് തിരിച്ചറിയുക എന്ന ആവശ്യമാണ് മുഖ്യം. ദൈനംദിന ജീവിതവ്യാപാരങ്ങൾക്ക് നേരെ ചരിത്രം പാഞ്ഞടുക്കുന്നതിന്റെ ഒരളുക്ക് ആ വഴിയ്ക്കാണ്. ഏതു പുനർനിർമ്മിതിയോടാണ് നമ്മൾ കൂടുതൽ ചാഞ്ഞു നിൽക്കേണ്ടത് എന്ന് അതല്ലേ പറയേണ്ടത്?