
പക്ഷി സംസ്കൃതത്തില്‍ ആണാണ്. പെണ്‍കിളിയെയാണുദ്ദേശിക്കുന്നതെങ്കില്‍ പക്ഷിണി എന്നു വേണം. ആ നിലയ്ക്ക് യക്ഷിയുടെ സ്ത്രീലിംഗമാണോ യക്ഷിണി എന്നൊരു സംശയം വരാം. പക്ഷേ യക്ഷന്മാര് വേറെയുണ്ട്. മഹാഭാരതം വനപര്‍വം, 84-മത്തെ അദ്ധ്യായത്തില്‍ രാജഗൃഹമെന്ന തീര്‍ഥക്കുളത്തിനടുത്തുള്ള ഒരു യക്ഷിണി അമ്പലത്തെക്കുറിച്ച് പറയുന്നുണ്ട്. അവിടത്തെ പ്രസാദം കഴിച്ചാല്‍ ബ്രഹ്മഹത്യാപാപം നശിക്കുമത്രേ. കേരളത്തിലെ യക്ഷിയമ്പലങ്ങളില്‍ നിന്ന് നേരെയൊരു വഴി മഹാഭാരതത്തിലെ ഈ പരാമര്ശത്തിലേയ്ക്ക് പോകുന്നില്ലേ? കേരളത്തില്‍ യക്ഷിപ്പേടിയെ തീവ്രതരമാക്കിയത് ബ്രാഹ്മണരായ മന്ത്രവാദികളാണെന്ന് ഒരു വാദമുണ്ട്. പരശുരാമന് പണ്ട് കുറച്ചു സ്ത്രീകളെ ഇവര്‍ക്കായി കൊണ്ടു വന്നു കേരളത്തില്‍ പാര്‍പ്പിച്ചിരുന്നു. അപ്സരഗണത്തില്‍ പെടും ആയമ്മമാര്. വിദ്യാധരര്‍, സിദ്ധര്‍, ചാരണര്‍, അപ്സരസ്സുകള്‍, യക്ഷര്‍, കിം പുരുഷന്മാര്, അശ്വമുഖര്‍, വനദേവതമാര്‍, ഗന്ധര്വന്മാര്, വാലഖില്യര്‍ തുടങ്ങിയ അര്‍ദ്ധദേവ വിഭാഗത്തിലൊന്നും പെടുന്നവരല്ല നമ്മള് ഇവിടെ കണ്ടും കേട്ടും പരിചയിച്ച യക്ഷിമാര്‍. കുട്ടിച്ചാത്തന് പോലും ആദ്യം പറഞ്ഞ കൂട്ടത്തിലാണ്. (കുട്ടിച്ചാത്തന്റെ മറ്റൊരു പതിപ്പാണ് ദേവര്‍ഷിയായ നാരദന് എന്ന് എം പി ശങ്കുണ്ണിനായര്) ഹിമാലയവും പരിസരപ്രദേശങ്ങളുമാണ് ഇവരുടെ വിഹാരരംഗം. ഗാനം നൃത്തം കാമം സുഗന്ധം സോമം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് മേല്പ്പടിയാന്മാരുടെ ജീവിതം. സ്ഥിരതാമസമൊരിടത്തുമില്ല. തനി അരാജകജീവിതം. അമേരിക്കയില്‍ ഹിപ്പിയിസമൊക്കെ അവതരിക്കുന്നതിനും മുന്‍പാണ് ആര്‍ഷഭാരതഭൂമിയില്‍ ഇങ്ങനത്തെ കൂട്ടം. സംസ്കൃതസാഹിത്യമാകെ ഇവരുടെ ലീലാവിനോദങ്ങള്‍ കൊണ്ട് മുഖരിതമാണ്. ബാണഭട്ടന്റെ കാദംബരി നോക്കുക. കാളിദാസന്റെ യക്ഷന് വേറൊരുദാഹരണം. വിദ്യാധരസ്ത്രീകള്‍ തലങ്ങും വിലങ്ങും ചുടുചുംബനങ്ങള്‍ നല്‍കിയും വാങ്ങിയും ചക്രവാളസീമകളില്‍ നടക്കുന്നുണ്ട് ചന്ദ്രാപീഢചരിതത്തില്‍. ശിവന്റെ കല്യാണത്തിനു പാട്ടും പാടി മുന്നില്‍ നടന്നത് വിദ്യാധരമിഥുനങ്ങളും സിദ്ധന്മാരും ചാരണന്മാരുമാണ്. അവിടെ സ്ത്രീകള്‍ക്ക് പൊതുവേ സദാചാരപ്രശ്നങ്ങളൊന്നുമില്ല. അപകര്‍ഷം തീരെയില്ല. ഒറ്റയ്ക്കോ കൂട്ടമായോ പ്രണയലീലകളാടാനും വൈഷമ്യമില്ല. പ്രസവിക്കാനും മടിയൊന്നുമില്ല. പക്ഷേ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നു മാത്രം. ശകുന്തളയെ മേനക കളഞ്ഞിട്ടു പോയി. ആയുസ്സിനെ ഉര്‍വശിയും. രണ്ടുപേരും അപ്സരസ്ത്രീകളാണ്.
ഉര്വശിയെക്കുറിച്ചു പറയുമ്പോഴാണ് .... ‘ഊരുവില്‍ നിന്നുണ്ടായവള്‍’ എന്ന നിലയ്ക്കു ആലോചിക്കുമ്പോള്‍ ലൈംഗികതയുമായി എന്തോ ബന്ധം പേരിന്റെ നിരുക്തിയില്‍ തന്നെയുണ്ട് ഉര്‍വശിക്ക്. ഊരു(തുട) വൈശ്യന്റെ ഉത്പത്തി സ്ഥലമാകയാല്‍ വൈശ്യകുലത്തില്‍ ജനിച്ച ഏതെങ്കിലും പെണ്ണായിരിക്കാനും സാധ്യതയുണ്ട്. കേരളത്തിലെ അച്ചീചരിതങ്ങളില്‍ ഉര്‍വശിയുമായി ചാര്‍ച്ചയുള്ള ദേവദാസികളെക്കുറിച്ച് പരാമര്‍ശമുണ്ട്. ഉണ്ണുനീലി, ഉര്‍വശിയുടെ പിന്മുറക്കാരിയായിരുന്നത്രേ. ശാപം കൊണ്ട് പുരൂരവസ്സിനെ വിവാഹം കഴിച്ചുകൂടിയ ഉര്‍വശി രാജാവിനെ പിരിഞ്ഞു പോകാതിരിക്കാന്‍ വച്ച ഉടമ്പടികളിലൊന്ന് സംഭോഗസമയത്തല്ലാതെ നഗ്നനായി പുരൂരവസ്സിനെ താന്‍ കണ്ടുപോകരുത് എന്നാണ്. എന്നിട്ട് ആട്ടിന്‍ കുട്ടികളെ രക്ഷിക്കാന്‍ വേണ്ടി രാജാവെഴുന്നേറ്റപ്പോള്‍ മിന്നല്‍ വെളിച്ചത്തില്‍ ആ നഗ്നത കണ്ടെന്നും പറഞ്ഞ് പിണങ്ങി വീട്ടില്‍ നിന്നിറങ്ങിപ്പോയി! ശാരീരികമായ സ്നേഹം അടുപ്പിച്ച രണ്ടുപേരില്‍ ഒരാളുടെ നിബന്ധന ഇത്ര ലൌകികവിരക്തമായിരിക്കാന്‍ എന്തായിരിക്കും കാരണം? ഉര്‍വശിയും പുരൂരവസ്സും അരണിയും അരണിക്കോലും മകന് ആയുസ്സ് അതില്‍ നിന്നുണ്ടായ അഗ്നി. അങ്ങനെയൊരു വ്യാഖ്യാനമുണ്ട് ഈ പ്രാചീനമായ കഥയ്ക്ക്. സൂര്യനും പുലരിയുമാണ് ഈ കമിതാക്കള്‍ എന്ന് പ്രസിദ്ധമായ മറ്റൊരു വിശദീകരണം. ഉര്‍വശിയുടെ സ്വര്‍ഗവും പുരുവിന്റെ ഭൂമിയും അങ്ങനെ സമ്മേളിക്കുന്നു എന്ന്. അതെന്തായാലും വാര്‍ദ്ധക്യം എന്നൊരവസ്ഥ അര്‍ദ്ധദേവതകള്‍ക്ക് സങ്കല്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ കുടുംബജീവിതത്തില്‍ മുഴുകാന്‍ പറ്റാത്തതായിരിക്കും. ‘അപ്പില്‍’ നിന്ന് (പാലാഴിയിലെ ജലത്തില്‍ നിന്ന് - പാലാഴിയിലെ ജലം പാലല്ലെന്നും മന്ദരപര്‍വതം കൊണ്ടിട്ടപ്പോള്‍ അതിലെ ചെടികളും മരങ്ങളും കടലില്‍ വീണ് അരഞ്ഞ് ഏതാണ്ട് പാല് നിറമായി വെള്ളത്തിനെന്നും മഹാഭാരത്തിന്റെ തുടക്കത്തില്‍ വര്‍ണ്ണനയുണ്ട് ) ഉയര്‍ന്നു വന്നതുകൊണ്ടാണവര്‍ക്ക് ആ പേരു കിട്ടിയത്. സരസ്സുകളുടെ സമീപം താമസമാക്കിയിരുന്ന പ്രത്യേക ജനവിഭാഗത്തിനു കാലക്രമത്തില്‍ പതിഞ്ഞ പേരാകാനും സാദ്ധ്യതയുണ്ട്. വനവുമായി എന്തോ ഒരു നിഗൂഢബന്ധം ഈ സ്ത്രീകള്‍ക്കുണ്ട്. അതാണ് കാലന്തരത്തില്‍ കാവും ചില മരങ്ങളുമായി പരിമിതപ്പെട്ടത്. ജലത്തിന്റെ നിഗൂഢമായ സ്വഭാവവും സ്വരൂപവും വഴക്കവും കല്പ്പിച്ചു കൊടുത്ത കാവ്യഭാവനയുമാണ് അപ്സരസങ്കല്പത്തിനു പിന്നിലുള്ളത്. ഗന്ധര്വന്മാര്ക്ക് ഗന്ധവുമായാണ് ബന്ധം. കാമദേവന്റെ പര്യായമായ ‘കന്ദര്‍പ്പന്‍’ പോലും ഗന്ധവുമായി ബന്ധപ്പെട്ട് ലഭിച്ച പേരാകാനാണു സാദ്ധ്യതയെന്ന് കാളിദാസസാഹിത്യത്തെപ്പറ്റി മികച്ച ഒരു പുസ്തകം -ഛത്രവും ചാമരവും- എഴുതിയ എം പി ശങ്കുണ്ണിനായര് ചൂണ്ടിക്കാണിക്കുന്നു. ആ നിലയ്ക്ക് കാമദേവന് ഒരു ഗന്ധര്‍വനാകാന്‍ സാധ്യതയുണ്ട്.
ഗന്ധര്വന്മാരും അപ്സരസുകളും പ്രണയത്തിന്റെ ഉസ്താദുമാരാണെന്ന് വെയ്പ്പ്. ഉപനിഷത് കാലം മുതല്‍ നിലനില്‍ക്കുന്ന വിശ്വാസമാണ് അത്. ഗന്ധര്‍വാനന്ദത്തിന്റെ ഒരു നിമിഷം മനുഷ്യാനന്ദത്തിന്റെ അനേകമിരട്ടിയാണെന്ന് പഴയപുസ്തകങ്ങള്‍. എന്തുകൊണ്ടോ എന്തോ, നല്ല ഹൈമവതഭൂവില്‍ നിന്ന് കേരളത്തിലേയ്ക്ക് വന്നപ്പോള്‍ ഗന്ധര്‍വന്റെ കൂടെയെത്തിയത് പക്ഷേ, അപ്സരസ്സല്ല, യക്ഷിയാണ്. ഗന്ധര്വന്മാര് രന്തുകാമന്‍, ഭോക്തുകാമന്‍, ഹന്തുകാമന്‍ (രമിക്കാന്‍ മാത്രം വരുന്നവനാണ് രന്തുകാമന്‍, ഭുജിക്കാന്‍ വരുന്നവന് ഭോക്തുകാമനും ഇവരെ രണ്ടുപേരെയും രസിപ്പിച്ചും ഭുജിപ്പിച്ചും ഉച്ചാടനം ചെയ്യാം. ഹന്തുകാമന്‍ കൊന്നിട്ടേ പോകൂ.) എന്നിങ്ങനെ മൂന്നു നിലകളില്‍ കേരളത്തിലെ സുന്ദരികളായ സ്ത്രീകളെ ആവേശിച്ച് നശിപ്പിച്ചപ്പോള്‍ യക്ഷികള് പാലച്ചോട്ടിലും കരിമ്പനക്കാട്ടിലും ആണ് വിരല്‍ത്തുമ്പിലെ ചുണ്ണാമ്പുമന്വേഷിച്ച് അലഞ്ഞു. പെട്ടാല്‍ പെട്ടു. കുരവയും തീപന്തവുമായി പിന്നെ ഒരു പാച്ചിലാണ് പനയുടെ മുകളിലേയ്ക്ക്. രാവിലെ ചോട്ടില് ചെന്നാല്‍ എല്ലും പല്ലും മുടിയും പെറുക്കിക്കൊണ്ടു പോരാം.
പഴയ മന്ത്രവാദഗ്രന്ഥങ്ങളില്‍ യക്ഷി ഗന്ധര്‍വ ഉച്ചാടനങ്ങള്‍ക്കുള്ള പൂജകള്‍ ഇല്ല. അവയൊക്കെ ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുന്നതാണോ എന്നറിയില്ല. ത്രിദോഷാത്മകം, ത്രിഗുണാത്മകം എന്നൊക്കെ രോഗങ്ങളെയും മനസ്സിനെയും തിരിക്കുന്നതുപോലെ ബാധകളെ ത്രിമൂര്‍ത്ത്യാത്മകം എന്ന് മന്ത്രവാദം തരം തിരിച്ചിട്ടുണ്ട്. ഭൂതം, പ്രേതം, പിശാച് എന്നിവയാണ് ആ മൂന്നുമൂര്‍ത്തികള്‍. ആദ്യത്തേയാള്‍ ശിവനുമായും രണ്ടാമത്തെയാള്‍ വിഷ്ണുവുമായും പിശാച് ശക്തിയുമായും ബന്ധപ്പെട്ടിരിക്കുന്നു. (മന്ത്രവാദം കേരളത്തില്‍ -കാട്ടുമാടം നാരായണന്) ദൈവം ഉണ്ടെന്നു വിശ്വസിക്കാമെങ്കില്‍ നെഗറ്റീവ് പോളുകളായ ഇവരും ഉണ്ടെന്നു വിശ്വസിക്കാമെന്നാണ് മന്ത്രവാദികളുടെ യുക്തിവാദം. പകലിനു രാത്രിയില്ലേ? ചൂടിനു തണുപ്പില്ലേ? സുഖത്തിനു ദുഃഖമില്ലേ ? പ്ലസിനു മൈനസില്ലേ? അപ്പോള്‍ ഒരു വിശ്വാസം മാത്രമായിട്ടെങ്ങനെ അന്ധമാവും? നല്ല മനുഷ്യന് മരിച്ചാല്‍ അയാള്‍ക്കു സദ്ഗതി എന്ന് ചരകസംഹിതയിലുണ്ടത്രേ. ഗുണ്ടകളുടെ ജീവിതം പോക്കാണ്. ചത്താലും ജീവിച്ചാലും അവന് മറുത തന്നെ. പക്ഷേ ഇവിടെയും യക്ഷി - ഗന്ധര്‍വന്മാരില്ല. മേല്‍പ്പറഞ്ഞ ഏതെങ്കിലും വിഭാഗത്തില്‍ യക്ഷി വരുമോ എന്നു സംശയമാണ്. തിരുവിതാംകൂറിലുടനീളം തെരുവോരങ്ങളില്‍ എശക്കിയമ്മന്‍ ക്ഷേത്രങ്ങള്‍ കാണാം. എന്നു വച്ചാല്‍ ദേവസ്ഥാനം തന്നെയാണ് യക്ഷിയ്ക്ക്. ഉഗ്രമൂര്‍ത്തിയാണ്. ചോരയാണിഷ്ടഭക്ഷണം. പവിഴച്ചുണ്ടുകള്‍ക്ക് മേലെ ദംഷ്ട്ര തെളിഞ്ഞു കാണാന്‍ എത്തി വലിഞ്ഞു നോക്കണ്ട. അവിടങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ചുള്ള തമിഴിന്റെ അതിപ്രസരമുള്ള വില്‍പ്പാട്ടുകളില്‍ യക്ഷി വരുന്നതാവട്ടേ, ഹിമാലയത്തില്‍ നിന്നുമാണ്. അറിയാവുന്ന തമിഴ് ജ്ഞാനം വച്ച് വരിയൊപ്പിച്ച് ശ്രദ്ധിച്ചു കേട്ടാല്‍ മതി.
ആദിദ്രാവിഡരുടെ കൊറ്റവൈ എന്ന ഭയപ്പെടുത്തുന്ന സ്ത്രീദൈവത്തെ ആര്യാധിനിവേശക്കാര്‍ ഭദ്രകാളിയും ദുര്‍ഗയുമാക്കി പരിണമിപ്പിച്ചതു മനസ്സിലാക്കാം. എന്നാല്‍ ആണുങ്ങള്‍ക്ക് പൊറുതികൊടുക്കാതെ ചോര കുടിക്കുകയും കുരവയിട്ട് ഗര്‍ഭം കലക്കുകയും ചെയ്യുന്ന യക്ഷി എങ്ങനെ അമ്മയും ദൈവവുമായി? കൂടെ വന്ന ഗന്ധര്വന്മാര്ക്ക് അങ്ങനെ ദേവപദവി കേരളത്തിലാരും കൊടുത്തുമില്ല. പദ്മരാജനെപോലെ ചിലര്‍ ചില വെള്ളപൂശല്‍ ശ്രമങ്ങളൊക്കെ നടത്താന്‍ ശ്രമിച്ചെന്നു മാത്രം. എന്നിട്ട് ഒത്തോ? ചരിത്രവും വിശ്വാസവും ആകെ കെട്ടിമറിഞ്ഞു കിടപ്പാണ് നമ്മുടെ പറമ്പുകളില്‍. യക്ഷി സങ്കല്‍പ്പം ജൈനവിശ്വാസവുമായി ബന്ധപ്പെട്ടതാണെന്ന് ചില അഭിപ്രായങ്ങള്‍ വായിച്ചിട്ടുണ്ട്. വനദേവത സങ്കല്‍പ്പം തന്നെ അവിടുന്നു പുറപ്പെട്ടു വന്നതാണെന്ന വിശ്വാസത്തിനു ജൈനമതത്തിനു വന്ന അപചയം, അതുമായി ബന്ധപ്പെട്ടു നിന്ന സ്ത്രീകളെയും ബാധിച്ചതാണെന്ന ന്യായം പറയിപ്പിക്കാതിരിക്കില്ല. തിരുവനന്തപുരം സ്ഥലനാമസമിതിയുടെ അംഗമായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ പഴമക്കാര്‍ പറഞ്ഞുകേട്ട യക്ഷികഥകളെ ‘കേരളാപോലീസ് നൂറ്റാണ്ടുകളിലൂടെ’ എന്ന ചരിത്രഗ്രന്ഥമെഴുതി പ്രസിദ്ധനായ കെ രമേശന് നായര്‍ ഒരു പുസ്തകത്തിലാക്കിയിട്ടുണ്ട്. ‘വേണാട്ട് യക്ഷികള്’ എന്ന പേരില്‍. 27 പേരുടെ കഥകളാണതില്‍. നമുക്കു ചിരപരിചിതരായ കൊച്ചുമ്മിണിത്തങ്കയ്ക്കും പനയനാര് കാവു യക്ഷിയ്ക്കും സതി ചമ്പകവല്ലിയ്ക്കും പഞ്ചവങ്കാട് യക്ഷിയ്ക്കും ഒപ്പം തീരെ അപരിചിതരായ കൊല്ലനാരായണിയും വടവിരുത്തിയും കുറുമ്പാട്ടിയും ഈനാച്ചിയും അതിലുണ്ട്. പ്രണയം കൊണ്ടു സംഭവിച്ച ദുര്‍മരണങ്ങളും ചതികളുമാണ് കൌമാരജീവിതങ്ങളെ യക്ഷികളായി പരിണമിപ്പിച്ചത്. കണ്ണു നനയിപ്പിക്കുന്ന ഭീകര കഥകളാണ്. അവ തുറന്നു വച്ചു തരുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. യക്ഷിണികള്‍ക്ക് ജാതിവ്യത്യാസം ബാധകമാവുന്നില്ല എന്നതാണ് ഒന്ന്. അവര്‍ക്കിടയില്‍ മണ്ണാത്തിയും വാരസ്യാരും നായരും ക്ഷത്രിയയും ദേവദാസിയും ബ്രാഹ്മണസ്ത്രീയുമുണ്ട്. യക്ഷികള് പൊതുവേ സൌമ്യശീലരാണ് എന്നാണ് ഈ കഥകള്‍ പറയുന്നത്. രാത്രി പേടിച്ചു മറിഞ്ഞ് വീണ് കിടന്ന് കിലുകിലാ വിറയ്ക്കുന്ന ആണ്‍ശിങ്കങ്ങളെ ശവം തീനി നായ്ക്കള്‍ ഓടികൂടി തിന്നുതീര്‍ക്കുന്നതാണ് ചോരയൂറ്റലായും നഖദന്തശേഷിപ്പുകളായും കഥകളില്‍ ബ്രാഹ്മണരായ മാന്ത്രികഉദരംഭരികള്‍ നിറച്ചു വച്ചത് എന്നാണ് കഥകള്‍ പൊതുവേ പറയുന്നത്. അങ്ങനെ ചില കാരണവന്മാരും മൊഴിയുന്നുണ്ട്. ചതിക്കപ്പെട്ടാണെങ്കിലും പരലോകത്തിലേയ്ക്ക് യാത്രയായ സൌശീല്യവതികള്‍ എന്നെന്നും അങ്ങനെ തന്നെയായിരിക്കില്ലേ? അപ്പോള്‍ അവര്‍ വരദകളും രക്ഷാമൂര്‍ത്തികളുമായി തീര്‍ന്നില്ലെങ്കിലല്ലേ മൂക്കത്തു വിരള് വയ്ക്കേണ്ടത്? അവര്‍ അമ്മമാരായി ദേശത്തെ സംരക്ഷിച്ചുകൊണ്ട് ഇന്നും വാണരുളുന്നു. തോക്കുകൊണ്ട് ഉന്നം തെറ്റി ശൂന്യാകാശത്തേയ്ക്ക് വെടിവച്ച് കുഴഞ്ചിപ്പോയ ചീഫ് എഞ്ചിനീയര്‍ സായിപ്പ് മിഞ്ചനെ വിരട്ടി കൊന്ന പേച്ചിപ്പാറയിലെ വനദുര്‍ഗയാണ് ഇന്നും കുലശേഖരത്തുള്ള പേച്ചി അണക്കെട്ടിന്റെ ഐശ്വര്യം!
അതങ്ങനെ. യക്ഷികരും മാന്ത്രികരും നിവര്‍ന്നു വിലസുന്ന ‘ഐതിഹ്യമാലയില്‍’ ഇതുപോലുള്ള പിന്നാമ്പുറ കഥകള്‍ പേരിനുപോലുമില്ല. അതിലുള്ള യക്ഷികളാരും മനുഷ്യര്‍ മരിച്ച് ഉരുവം കൊണ്ടതല്ല. യക്ഷിയായി ജനിച്ച് ഇടയ്ക്കിടെ ചക്രവാലസീമയില്‍ നിന്നിറങ്ങി വന്ന് അസാമാന്യസിദ്ധിവിശേഷങ്ങളോടെ വിലസുന്നവരാണ്. അവരിലുമുണ്ട് നല്ലവര്‍. വെണ്മണി കുടുംബത്തിലെ ഉണ്ണിയെ സ്നേഹിക്കുകയും ഒറ്റുവില്‍ ഉണ്ണി ചതിച്ചതുകൊണ്ട് മൃദുവായി ശപിക്കുകയും ചെയ്ത വടക്കും നാഥക്ഷേത്രത്തിലെ യക്ഷിയാണ് അവരിലൊരാള്‍. വയസ്കര ചതുര്‍വേദി ഭട്ടതിരിയെ പ്രേമിക്കുകയും ഒരു മകളെ പ്രസവിച്ചു കൊടുക്കുകയും ചെയ്ത യക്ഷിയാണ് മറ്റൊരാള്‍. മകള്‍ അച്ഛനുമാത്രം ദൃശ്യയായിരുന്നു. അമ്മ വഴിയ്ക്ക് അവളും യക്ഷിയായിപ്പോയി! ( ദോഷൈകദൃക്കുകള്‍ ഭട്ടതിരിക്ക് മാനസികരോഗമായിരുന്നെന്നും പറഞ്ഞ് ഊറിച്ചിരിക്കും. ചിരിക്കട്ടേ, ഭാവനയുടെ നാനാവിധങ്ങള്‍ അറിയാത്തവര്‍ക്ക് എന്തു തന്നെ പറഞ്ഞുകൂടാ ) തേവലശ്ശേരി നമ്പിയോട് കളിക്കാന്‍ ചെന്ന ഒരു നമ്പൂതിരിയുടെ ചെപ്പയ്ക്കൊന്നു വച്ചുകൊടുത്തു, ഒരു യക്ഷി. നമ്പി യോടല്ല യക്ഷിയോടു തന്നെയാണയാള്‍ കളിക്കാന്‍ ചെന്നത്. ഒരു ദിവസം മുഴുവന്‍ ബോധമില്ലാതെ കിടന്നിട്ട് നമ്പൂരി എഴുന്നേറ്റ് നോക്കുമ്പോള്‍ അയ്യടാ, പല്ലൊന്നുമില്ല ! എന്നാല്‍ ഒരു തുള്ളി രക്തം പോലും കാണാനുമില്ല. യക്ഷികള്‍ക്കല്ലാതെ മറ്റാര്‍ക്കാനും പറ്റുമോ ഇത്?
കെട്ടഴിഞ്ഞ കാമത്തെ ബുദ്ധിയുറയ്ക്കാത്ത സമൂഹം ശിക്ഷിച്ച രീതിയായിരിക്കും യക്ഷി എന്ന പുകമറകള്‍ക്കു പിന്നിലുള്ളത്. ഒരു തീര്‍പ്പിലെത്താന്‍ കഴിയാത്ത വിധത്തില്‍ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരുപാട് ധാരകള്‍ അതില്‍ കൂടിക്കലര്‍ന്നിരിക്കുന്നു. ചിന്തിക്കുമ്പോള്‍ പോലും നടുങ്ങുന്ന ഓര്‍മ്മയായി അതിപ്പോഴും മുനിഞ്ഞു കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ പൊട്ടിയമരുന്നു. ഉള്ളം പൊള്ളയായ, തലമുടി നീട്ടി നിലം തൊടുവിച്ചിടുന്ന, ചുണ്ണാമ്പു ചോദിക്കുന്ന കൊലയാളികളാക്കി പിന്നെയും പിന്നെയും മനസ്സില്‍ നമ്മള് നീഹാരപ്രായത്തില്‍ തീര്‍ക്കുന്ന ഉരുവങ്ങള്‍ സത്യത്തില്‍ നമ്മുടെ തന്നെ ഭയത്തിന്റെ ആള്‍രൂപങ്ങളാണ്. ഓന്ത് പൊക്കിളില്‍ നിന്ന് രക്തം കുടിക്കുമ്പോലെയാണ്. ആര്, ആരെ തൊട്ടാലും ചോരവാര്‍ന്ന മരണം ഉറപ്പ്. ശൈശവത്തിന്റെ ഊഞ്ഞാലകളില്‍ നിന്ന് നമ്മള് എന്നെങ്കിലും താഴെയിറങ്ങുമോ? അന്ന് ആ മല ഇടിഞ്ഞു തീരുമായിരിക്കും. മലയിടിയുമ്പോള്‍ ഒരു പക്ഷേ കേരളത്തില്‍ ലൈംഗികസ്വാതന്ത്യം നിലവില്‍ വരുമായിരിക്കും!