
വേദന ഒരു പങ്കാളിത്തം ആവശ്യപ്പെടുന്നുണ്ട്. ട്രാജഡികളില്‍ നിങ്ങള്‍ കൂടി ഭാഗഭാക്കാണ്. അതല്ല തമാശകളുടെ സ്ഥിതി. അവിടെ നമുക്കുള്ളത് ദൃക്സാക്ഷിത്വമാണ്. ആള്‍ഡസ് ഹക്സ്ലി ആ വഴിയ്ക്ക് ആലോചിച്ചിട്ടുണ്ട്. മറ്റൊരുത്തന്റെ മാത്രമല്ല, സ്വന്തം ദുരന്തത്തെ തന്നെ ഒരുവനു മാറിനിന്നു കണ്ടു ചിരിക്കാം. അതെക്കുറിച്ച് പറഞ്ഞ് ചിരിപ്പിക്കുകയും ചെയ്യാം. അങ്ങനെ അയാള്‍ക്ക് ഒറ്റപ്പെടുക എന്ന അവസ്ഥയില്‍ നിന്നു രക്ഷപ്പെടാം. ‘ശവക്കുഴിയിലേയ്ക്ക് എത്തിനോക്കിയ ഒരുവന്റെ തൊപ്പി അതിലേയ്ക്കു വീഴുന്നതു കണ്ടും നമ്മള് ചിരിക്കും എന്ന് കുന്ദേര. തീക്ഷ്ണമായ ക്രോധത്തിലും തീവ്രമായ ദുഃഖത്തിലും ഇച്ഛാഭംഗങ്ങളിലും ലൈംഗികതയിലുമൊക്കെ വേരുകളാഴ്ത്തി നിന്നു കൊണ്ടാണ് ചിരി നമ്മുടെ തലയുടെ നെരിയാണി തെറ്റിക്കുന്നത്. ‘ഹാളിന്റെ മൂലയില്‍ നിന്ന് വിലാപം പോലെ ചിരിയുയര്‍ന്നു’ എന്നു പറഞ്ഞാല്‍ പ്രസംഗവഴിപാട് നടത്തിക്കൊണ്ടിരുന്നവനു കാര്യങ്ങള്‍ തീരെ പ്രോത്സാഹനപരമായിരുന്നില്ലെന്ന് അര്‍ത്ഥമുണ്ട്. അതിനെ ആഖ്യാതാവ് നേരിട്ട ഒരു വഴിയാണ് ഈ തമാശ. എതിരില്‍ വരുന്ന വിപരീതങ്ങള്‍ക്ക് നേരെ ആത്മവിശ്വാസത്തോടെയിരിക്കാനുള്ള മൂലധനം സ്വരൂപിക്കലാണ് കോമാളിയായിരിക്കുക എന്നത്. ജീവിതത്തിന്റെ മറ്റേ വശം. ജീവിച്ചിരിക്കുന്നതിന്റെ ‘സഹനീയമായ ലാഘവത്വം’. ദ ബെയറബിള്‍ ലൈറ്റ്നെസ്സ് ! അതു കൊണ്ടാവും, തനിക്ക് കോമാളിയായിരുന്നാല്‍ മതിയെന്ന് ചാപ്ലിന് പറഞ്ഞു. ( ലോകമറിയുന്ന സൂപ്പര്‍സ്റ്റാറായിട്ടെന്ത്? അമ്മയ്ക്ക് വേണ്ടിയിരുന്ന സമയത്ത് ആഹാരം വാങ്ങിക്കൊടുക്കാനുള്ള ചില്ലി കൈയിലുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ഭ്രാന്ത് വരില്ലായിരുന്നു എന്ന് ആത്മകഥയില്‍ നെടുവീര്‍പ്പിട്ട പുള്ളിയാണ് ചുള്ളന്! )
മൂത്രാശയസംബന്ധമായ രോഗത്തിന്റെ നിഴലുപിടിച്ച് വി കെ എന്‍ ‘പാത്രാശയ സംബന്ധമായ രോഗ’മെന്നെഴുതി വിട്ടത് ഒരു പാരഡിയാണ്. രാജീവ് ചേലാട്ടിന്റെ നിശ്ശബ്ദവും ഗൌരവമുള്ളതുമായ ‘അഭിവാദ്യങ്ങളെ’ കുഴല്‍വാദ്യങ്ങളും തകില് വാദ്യങ്ങളും പഞ്ചവാദ്യങ്ങളുമൊക്കെയാക്കി ‘മഞ്ഞ ഒതളങ്ങ’ അനോനിമാഷുടെ ബ്ലോഗില്‍ ഒച്ചയും ബഹളവുമുണ്ടാക്കി. വാക്കുകളുടെ പാരഡിയില്‍ നിന്നാണ് അവിടെയെമ്പാടും ചിരി പെയ്തത്. വര്‍മ്മാലയത്തിന്റെ പൂട്ടു തകര്‍ത്തും
കെട്ടു പൊട്ടിച്ചും ഇറങ്ങിവന്ന വര്മ്മമാര് ഭ്രാന്തു പറഞ്ഞ് കൂട്ടചിരിയും കൂക്കുവിളിയുമുയര്‍ത്തി. ‘വി കെ എന്‍-ന്റെ‘ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഗൌരവങ്ങള്‍ അത് തലങ്ങും വിലങ്ങും ചത്തു വീഴുന്ന ശബ്ദമായിരുന്നു. ബ്ലോഗെന്ന അതിവാസ്തവ ലോകത്തില്‍, അനോനിമാഷെന്ന ഏതു നിമിഷവും രൂപം മാറാവുന്ന അജ്ഞാതവ്യക്തിത്വത്തിന് തത്ത്വചിന്താപരമായ ആഴമുണ്ട്. വെറുമൊരു കുട്ടിക്കളിയല്ല അയാള്‍/അവള്. അജ്ഞാതര്‍ വര്‍മ്മമാരും കരടികളും മറ്റും മറ്റുമായി അവിടെയ്ക്കൊഴുകിയത് അതിന്റെ കാര്‍ണിവല്‍ സ്വഭാവം കൊണ്ടാണ്. അതു വിശദമായി പഠിക്കപ്പെടേണ്ടതാണ്. ‘കേറിനിരങ്ങിയവര്‍’ എന്ന വിശേഷണം കൊണ്ട് അയാള്‍ തന്റെ പക്ഷത്തേയ്ക്കും കല്ലു പായിച്ചിട്ടുണ്ട്. അതും ചിരിയാണ്. അതു കണ്ടാലും ചിരിവരും. പലതരത്തിലുള്ള ‘ഗൌരവ’ങ്ങളെ കൊല്ലുന്നതിലൂടെ അധികാരത്തെ വെല്ലുവിളിക്കുകയാണ് ഹാസ്യം ചെയ്യുന്നത്. സുകുമാരവദനനായ നിഷേധം?
സ്വയം പുറപ്പെടുവിച്ച അതിവികാരത്തിന്റെ തീപിടിച്ചവാക്കുകളില്‍ പുകഞ്ഞ്, ടംബ്ലറില്‍ കുറച്ചുവെള്ളമെടുത്തു കുടിച്ചിട്ട് ബാക്കി കാലുറയ്ക്കകത്തേയ്ക്കും ഒഴിക്കുന്നുണ്ട്, ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ചാര്‍ലി ചാപ്ലിന്റെ ഹിറ്റ്ലര്‍, ‘ദ ഗ്രേറ്റ് ഡിക്ടേറ്ററി’ല്‍. എവിടെയൊക്കെയാണ് ചൂട് ! അതുകണ്ട് സാക്ഷാല്‍ ഹിറ്റ്ലറിനു പിന്നെയും ചൂടു കയറിയതില്‍ വല്ല അദ്ഭുതവുമുണ്ടോ? ‘യുദ്ധം ചെയ്യാന്‍ അഭ്യസിക്കുവിന്‍ എന്ന ഉപദേശം ജര്‍മ്മനിയിലെ യുവാള്‍ക്ക് നല്കിയ ഡോക്ടര്‍ ഗീബത്സിനെ നോക്കി സഞ്ജയന് (മാണിക്കോത്ത് രാമുണ്ണിനായരാണ് ഈ സഞ്ജയന്. ശ്രദ്ധിക്കണം അനോനികളും അവരുടെ മാഷും അന്നേയുണ്ട്, കാലം മുപ്പതുകള്‍. സഞ്ജയന് 1943-ല്‍ മരിച്ചു) പറഞ്ഞു : ‘നീന്തുവാന്‍ അഭ്യസിക്കുവിന്‍’ എന്ന് ഡോക്ടര്‍ ഗീബത്സ് ജര്‍മ്മനിയിലെ മത്സ്യങ്ങളോട് ഉപദേശിക്കുന്ന ശോഭനമുഹൂര്‍ത്തത്തെ ഞങ്ങള്‍ സകൌതുകം പ്രതീക്ഷിക്കുന്നു! “ലോകത്തിലെ മറ്റൊരു സ്വേച്ഛാധിപതിയും ചെയ്യാന്‍ ധൈര്യപ്പെടാത്ത വിധത്തിലാണ് ഹിറ്റ്ലര്‍ ജൂതരെ മര്‍ദ്ദിക്കുന്നത്” എന്ന പത്ര വാര്‍ത്തയ്ക്ക് സഞ്ജയന്റെ കമന്റ് : ‘സചിവോത്തമന് അവമാനകരമായ ഈ പ്രസ്താവന പ്രസ്തുതപത്രം ഉടനെ പിന്‍വലിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.’ഇന്ത്യക്കാരെ കാടന്മാരും പ്രാകൃതരുമായി വിചാരിച്ച് ഭരിച്ചുവെളുപ്പിച്ചുകൊണ്ടിരുന്നവരാണല്ലോ വെള്ളയാന്മാര്‍.അധികാരത്തെ വെറുതെവിടാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ‘തമാശയ്ക്ക് ’ അവരെ വെറുതേ വിടാന്‍ കഴിയുമോ? ‘റാന്തല്‍ക്കാര്‍’ എന്ന കഥ നോക്കുക : ഇന്ത്യയില്‍ കപ്പലിറങ്ങിയ ആദ്യദിവസം രാത്രി രണ്ടു ഇംഗ്ലീഷുക്കാര്‍ തമ്പില്‍ ഉറങ്ങാന്‍ പോയിക്കിടന്നു. പക്ഷേ കൊതുകുകടി കൊണ്ട് ഉറക്കം തീരെ വന്നില്ല. ഒടുക്കം പൊറുതിമുട്ടിയ പാശ്ചാത്യര്‍ ചൂട് അസഹ്യമായിരുന്നുവെങ്കിലും ഓരോ കമ്പിളിയെടുത്ത് ആപാദചൂഡം മൂടിപ്പുതച്ചു കിടന്നു. കൊതുകുശല്യവും നിന്നു. അങ്ങനെ കുറെക്കഴിഞ്ഞപ്പോള്‍ ആ നരകപ്രാണികള്‍ തിരിച്ചുപോയോ എന്നറിയുവാന്‍ ഒരു വിദ്വാന് തന്റെ കമ്പിളിയുടെ അറ്റം അല്പം പൊന്തിച്ച് ഇരുട്ടിലേയ്ക്ക് നോക്കി. നാലഞ്ചു മിന്നാമിനുങ്ങുകള്‍ പറക്കുന്നതാണ് അയാള്‍ കണ്ടത്. ഭയവിഹ്വലനായ ആ മനുഷ്യന് പെട്ടെന്ന് വിളിച്ചു പറഞ്ഞു: “ഐ സേ ഡിക് ! നമുക്കു രക്ഷയില്ല. ആ നശിച്ച പ്രാണികള്‍ റാന്തലും കൊളുത്തി നമ്മളെ തിരയുവാന്‍ വരുന്നുണ്ട്.”
കമ്മ്യുണിസത്തോട് അത്രയല്ല, ഒട്ടും പഥ്യമുണ്ടായിരുന്നില്ല സഞ്ജയന്. അതുകൊണ്ട് കിട്ടിയ ദിക്കിലൊക്കെ വച്ച് തമാശപൊട്ടിച്ചു. “പണ്ടു കുറുക്കന്മാര് ഓളിവിളിച്ച മുക്കുകളിലും മൂലകളിലും ഇപ്പോള്‍ ഇങ്ക്വിലാബ് സിന്ദാബാദ് വിളികള്‍ മുഴങ്ങുന്നു. എന്തു വ്യത്യാസം !”
സോഷ്യലിസ്റ്റ് നേതാവ് രങ്കയുടെതായി പത്രത്തില്‍ വന്ന ഈ വാര്‍ത്ത ഉദ്ധരിച്ചിട്ട് സഞ്ജയന് ചോദിക്കുന്നു. “എന്തുവ്യത്യാസം?”
പ്രസംഗവുമായി ബന്ധപ്പെട്ട മറ്റു തമാശകള്‍ ഇങ്ങനെയാണ് :
ചാരുകസേരകളില്‍ കിടന്ന് ആലോചിച്ചെഴുതുന്നതുകൊണ്ടു മാത്രം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് ഒരു പ്രാസംഗികന് പറയുന്നു. പ്ലാറ്റ്ഫോറങ്ങളില്‍ നിന്ന് ആലോചനയില്ലാതെ പ്രസംഗിക്കുന്നതുകൊണ്ട് അവ എത്രമാത്രം പരിഹരിക്കപ്പെടുമെന്നാണ് ഇനി ആലോചിക്കാനുള്ളത് !
“ആകപ്പാടെ ആലോചിക്കുമ്പോള്‍ നമ്മള് എന്തു വിഡ്ഢികളാണ് !” എന്ന് ഒരു പ്രസംഗകന്. “ഏകവചനം മതി സാറേ” എന്ന് സദസ്സിലിരുന്ന ഒരാള്‍ വിളിച്ചു പറഞ്ഞു.
അപ്പോള്‍ പ്രാസംഗികന് “ശരി. ആകപ്പാടെ ആലോചിക്കുമ്പോള്‍ താനെന്തൊരു വിഡ്ഢിയാണ്!”
സമസ്യാപൂരണക്കാര്‍ക്കുമിട്ട് താങ്ങിയിട്ടുണ്ട് പാറപ്പുറത്ത് സഞ്ജയന്. അതന്നത്തെ പതിവായിരുന്നതുകൊണ്ടാവും. “ആറും പിന്നെയൊരാറും ഗണിച്ചീടുമ്പോളേഴായ് വരും !“ എന്ന സമസ്യയ്ക്ക് ചില പൂരണ നിര്‍ദ്ദേശങ്ങള്‍ വഴിയാണത്. ഗദ്യത്തിലാണ് പൂരണം. അതു പിന്നെ പദ്യത്തിലാക്കാവുന്നതേയുള്ളൂ. ‘ഞാന്‍ ഈയിടെ ഒരു ദിവസം കുതിരവട്ടത്ത് റോഡിന്മേലൂടെ നടക്കുകയായിരുന്നു.(ഒരു വരി സന്ധ്യാവര്‍ണ്ണനം). ആ സമയത്ത് അകത്തു നിന്ന് വളരെ ഗംഭീരസ്വരത്തില്‍, തലയുടെ കല്ലിളകിപ്പോയതിനാല്‍ ചികിത്സാര്‍ത്ഥം അവിടെ ആനയിക്കപ്പെട്ട ഒരു മാത്തമാറ്റിക്സ് പ്രൊഫസര്‍ ഇങ്ങനെ പറയുന്നതു കേട്ടു : ‘ആറും പിന്നെ.....”
അല്ലെങ്കില്‍ ഈയിടെ എലിമെന്ററി സ്കൂളിന്റെ വരാന്തയില്‍ ഞാന്‍ ചെന്നു നിന്നപ്പോള്‍ അകത്തു നിന്ന് കണക്കുക്ലാസിലുള്ള ഒരു കുട്ടിയുടെ ഉത്തരവും തുടര്‍ന്നുകൊണ്ട് ഗംഭീരമായ പ്രഹരത്തിന്റെ ശബ്ദവും കേള്‍ക്കുകയുണ്ടായി. അടിയ്ക്ക് ഇടയുണ്ടാക്കിയ ഉത്തരം ഇതായിരുന്നു : ‘ആറും പിന്നെ...’
‘കേരളത്തിലെ സമസ്യക്കാരുടെ ഇടയില്‍ പണ്ടുണ്ടായിരുന്ന ഇമ്മാതിരി ദ്രോഹികളാണ്, കര്‍മ്മത്തിന്റെ തിരിഞ്ഞു ചവിട്ടു ഹേതുവായി, പദക്ഷാമമുള്ള യുവകവികളായി ഇക്കാലത്തു വന്നു പിറന്നു വങ്കത്തമെഴുതി മറ്റുള്ളവരുടെ ചീത്തപ്പറച്ചില്‍ കേട്ടു നശിക്കുന്നതെന്നാണ് എന്റെ സ്വകാര്യമായ അഭിപ്രായം’ (സമസ്യാപൂരനങ്ങള്‍) എന്നും പറഞ്ഞ് പുതിയ കവികള്‍ക്കും കൊടുത്തു ചവിട്ട്. അന്ന് ആധുനികനായിരുന്ന ചങ്ങമ്പുഴയെയും സഞ്ജയന് ഇഷ്ടമായിരുന്നില്ല എന്നോര്‍ക്കുക.
തെങ്ങു വീണു മരിച്ചു എന്ന പത്രവാര്‍ത്തയ്ക്ക് സഞ്ജയന് കൊടുത്ത അടിക്കുറിപ്പ് ഹാര്‍ട്ട് ഫെയ്ല്യര്‍
കാരണമാവും എന്നാണ്. അല്ലാതെ ‘ആരോഗദൃഢപാത്രമായിരുന്ന’തെങ്ങ് നിന്ന നിലയില്‍ നിന്ന് വീണ് വടിയാവുമോ? വിഷമില്ലാത്ത പാമ്പുകടിച്ചു മരിക്കുന്നവര്‍ ശരിക്കും വിഷം തീണ്ടിയല്ല മരിക്കുന്നതെന്നപോലെ സാധുക്കളായ പുലികള്‍ ഒന്നു മാന്തുകയൊ മറ്റോ ചെയ്യുമ്പോള്‍ പേടിച്ചു കാഞ്ഞുപോകുന്ന മനുഷ്യ ദുഷ്ടാത്മാക്കളുടെ അന്ധവിശ്വാസമാണത്രേ പുലിപ്പേടി. ( അന്ധവിശ്വാസികള്‍) അലസഗമനകളാണ് സ്ത്രീകള്‍ എന്ന കാര്യത്തില്‍ കവികളെ പോലെ സഞ്ജയനും സംശയമില്ല. എന്നാല്‍ അങ്ങനെയല്ലാത്ത ചില സ്ഥലങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം മടിക്കുന്നില്ല. ‘കുളിച്ചുവരുന്ന വഴിയില്‍ ഒരു മഹാഗംഭീരനായ തവളയുടെ പുറത്തു കാലെടുത്തുവച്ച ഒരു ഘനശ്രോണിപയോധര ആശാരിക്കോലിന്ന്‍ അഞ്ചകലം ദൂരത്ത് ഒരൊറ്റ ചാട്ടത്തിനു ചാടിവീഴുന്ന മനോഹരക്കാഴ്ച കണ്ടു നിന്നവനാണ് പി. എസ് ’ എന്ന്. (ഭര്‍ത്തൃജാഥ)
സാക്ഷി വിസ്താരത്തിനായി പ്രതിക്കൂട്ടില്‍ നില്ക്കുന്ന കൂലിപ്പണിക്കാരനോട് വക്കീലിന്റെ ചോദ്യം. “നിങ്ങള്‍ കണ്ടതുപോലെയല്ലാതെ അതിനെതിരായ മറ്റു വല്ലതും ഇവിടെ വച്ച് നിങ്ങളെക്കൊണ്ട് പറയിക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ?”
“ഇല്ല”
“നല്ലവണ്ണം ആലോചിച്ചു നോക്കൂ”
“പുറമേ ആരും ശ്രമിച്ചിട്ടില്ല. പക്ഷെ കുറേ നേരമായി അവിടുന്നു ആവുന്ന കളിയൊക്കെ കളിക്കുന്നതെന്നു തോന്നുന്നു.”(എതിര്‍വിസ്താരം)
‘‘ഞങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു’ എന്ന തലക്കെട്ടില്‍ കുറെ അന്വേഷണങ്ങള്‍. അതില്‍ ആദ്യത്തേതിങ്ങനെ : ‘യുക്തിവാദിയോട് തളിയല്‍ അമ്പലത്തില്‍ അപ്പം നിവേദിക്കുന്നതോ പായസം നിവേദിക്കുന്നതോ അധികം ഫലപ്രദം എന്ന്വേഷിച്ച വഴിപാടുകാരനെ.’
വ്യക്തിയുടെ വൈകല്യങ്ങളും പൊരുത്തക്കേടുകളും പെരുപ്പിച്ചുകാട്ടി ചിരിയുണ്ടാക്കാം. അതല്ല, വിഷയങ്ങളെ മുള്ളും മുനയുമായി കൊമ്പുമായി സമീപിക്കുമ്പോള്‍ സംഭവിക്കുന്നത്. തമാശയ്ക്ക് ഒരു പാരമ്പര്യമുണ്ട്. വിമര്‍ശനത്തിന്റെ ജനപക്ഷമായിരുന്നു നമ്മുടെ തമാശകള്‍. സ്ത്രീവിരുദ്ധതയും ജാതി പക്ഷപാതവും അതില്‍ കലരാന്‍ കാരണം ഒരു പക്ഷേ അതില്‍ ചാലിക്കപ്പെട്ട ഭൂരിപക്ഷതാത്പര്യങ്ങളുടെ കാര്‍ണിവല്‍ സ്വഭാവമായിരിക്കണം. താന്‍പോരിമയുടെ കുംഭഗോപുരങ്ങളെ ആള്‍ക്കൂട്ടത്തിന്റെ കൂടെ നിന്ന് കണ്ട് കല്ലെറിയുകയാണ് വിശുദ്ധനായ കോമാളി. ജനത്തെ കൂടെ നിര്‍ത്താന്‍ അയാള്‍ക്കുള്ള ആയുധമാണ് ഹാസ്യം. അയാളുടെ തമാശ ജനാധിപത്യപരവും ചരിത്രത്തോടുള്ള പ്രതികരണവുമാവുന്നതങ്ങനെയാണ്. അതു സ്വയം ഒരു യാഥാര്‍ത്ഥ്യം സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യമായ യാഥാര്‍ത്ഥ്യം. എന്നാല്‍ ആളുകളിരമ്പുന്നത്. സഞ്ജയന് ചങ്ങലം പരണ്ട എന്നൊരു സാങ്കല്പിക ദേശമുണ്ടായിരുന്നു. കാലിക സംഭവങ്ങളുടെ പാരഡികള്‍ സംഭവിച്ചത് അവിടെയാണ്. വി കെ എന്നിന്റെ ഭ്രാന്തന് കല്പനകളും അരങ്ങേറിയത് ഒരു അതിവാസ്തവിക ലോകത്തായിരുന്നില്ലേ? അതു തന്നെയല്ലേ വിലാസിനി അമ്മാളുടെ കല്‍പ്പാത്തിയും ?
പിന്കുറിപ്പ് :‘ഈയിടെ മുതലയായി വേഷം മാറിക്കളഞ്ഞ ഒരു സന്ന്യാസിയുടെ കഥ ‘സണ്‍ഡേ ടൈംസ്’ പത്രത്തില്‍ കാണുന്നു.
- അതുസാരമില്ല. വേഷം മാറി നടക്കുന്ന മുതലകളാണെന്ന് അനുമാനിക്കാവുന്ന എത്രയോ സന്ന്യാസിമാരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്.’
( സഞ്ജയന്)***************************************************************************
-“ആശ്രമത്തിനുപുറത്ത് നിരത്തില്‍ ഒരു മ്ലാനത നീ ദര്‍ശിച്ചിട്ടുണ്ടോ?”
-“ഉണ്ട്.”
-“എന്താണു കാരണം?”
-“അറിയില്ല.”
-“ മൈനസ് പോയന്റ്. എട മണുക്കൂസേ. ആനന്ദം മുഴുവന്‍ ആശ്രമത്തില്‍ സ്റ്റോക്ക് ചെയ്തിരിക്കയല്ലേ? പുറം ലോകത്ത് പിന്നെ മ്ലാനതയല്ലാതെ എന്തോന്ന് ഉലുവാച്ചെടിയുണ്ടാവാനാണ്?”
(വി കെ എന്‍)