
നോര്‍മണ്ടിയില്‍ വച്ചു നടന്ന സെമിനാറില്‍ അവതരിപ്പിക്കാന്‍ അയനെസ്കോ വളരെ പ്രയാസപ്പെട്ട് ഒരു പ്രബന്ധം തയാറാക്കി വച്ചിരുന്നു. അതു പിന്നെ എവിടെയോ മറന്നു വച്ച് കാണാതായി. അതും തിരഞ്ഞ് കുറേ സമയം പാഴാക്കി. സെമിനാറിനു ചെന്നിരുന്ന സമയമത്രയും അസ്വസ്ഥനായിരുന്നു. പ്രബന്ധം കാണാനില്ലെന്നു പിറുപിറുത്ത് ചുറ്റിതിരിഞ്ഞ് കളിച്ചുകൊണ്ടിരുന്നു. അവസാനം മൈക്കിന്റെ മുന്പില് ചെന്നു പറഞ്ഞത് ഇങ്ങനെ : “എനിക്ക് നിങ്ങളോട് ആകെ ഒരു കാര്യം മാത്രമാണ് പറയാനുള്ളത്, അത് എനിക്കൊന്നും പറയാനില്ലെന്നതു മാത്രമാണ്. “ ജനം വീണു കിടന്നു കൈയടിച്ചു. ആ പരാമര്‍ശത്തിലെ മൌനത്തിന്റെ തത്ത്വശാസ്ത്രത്തെക്കുറിച്ച് പിന്നീട് വന്ന പ്രസംഗകന് ഉറക്കെ സംസാരിക്കുമ്പോള്‍ അയനസ്കോ വേദിയിലെ കസാരയിലിരുന്ന് കാര്യമായി ഉറങ്ങി. എന്നാല്‍ പ്രബന്ധം ഒരിടത്തും നഷ്ടപ്പെട്ടിരുന്നില്ല. എടുക്കാന്‍ മറക്കരുതെന്നു കരുതി ഇട്ടിരുന്ന കോട്ടിന്റെ ഉള്‍ക്കീശയില്‍ കക്ഷി തന്നെ തലേ ദിവസം എടുത്തു ഭദ്രമായി ഇട്ടുവച്ചിട്ടുണ്ടായിരുന്നു. നോം ചോംസ്കി വീട്ടില്‍ വരുന്നവര്‍ക്കൊക്കെ പുസ്തകങ്ങളുടെ കൈയെഴുത്തു പ്രതി എടുത്തുകൊടുക്കുമെന്ന് കരോള്‍. ഒരിക്കല്‍ അങ്ങനെ ഒരു പുസ്തകം തന്നെ നാലു പ്രസാധകര്‍ക്കെടുത്തു കൊടുത്തു. ഒടുവില്‍ വക്കീലു വന്നു കരഞ്ഞു പറഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൌരവം മനസ്സിലായത്. ആര്‍ക്ക്? ചോംസ്കിയ്ക്കല്ല. കരോളിന്.
സിസിഫസിനെപ്പോലെ, നാറാണത്തെ ഭ്രാന്തന് സത്യത്തില്‍ നട്ടുച്ചയ്ക്ക് കല്ലുരുട്ടി മലമുകളില്‍ കയറ്റുകയായിരുന്നെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അദ്ദേഹം മലയാളിയായ ഗണിതശാസ്ത്രജ്ഞന് ഹരിദത്തനായിരുന്നുവെന്ന് കേസരി പറഞ്ഞിട്ടുണ്ട്. ചരിത്രത്തിന്റെ അടിവേരുകള്‍ എന്ന പുസ്തകത്തില്‍. ‘ഗ്രഹചാര നിബന്ധനം‘ (രചന എ.ഡി 684-ല്‍)എന്ന ജ്യോതിശ്ശാസ്ത്രകൃതിയുടെ കര്‍ത്താവാണ് ഈ ഹരിദത്തന്‍. പാറക്കല്ല് മലയുടെ മുകളില്‍ ഉരുട്ടിക്കയറ്റി കൈവിട്ട് പൊട്ടിച്ചിരിച്ചതും ശ്മശാനത്തിലെ ഉറുമ്പുകളെ എണ്ണിയതുമൊക്കെ ബുദ്ധിജീവിയുടെ അസാധാരണ വഴികളെ സാമാന്യബുദ്ധികള്‍ വിലയിരുത്തിയ രീതിയാവാം. അപ്പോള്‍ അതു തന്നെ മന്തു മറ്റെ കാലിലേയ്ക്ക് മാറ്റിയ കഥയിലുമുള്ളത്. പക്ഷേ ഉരുകിയ ഈയം കുടിച്ച കാര്യം മറ്റൊന്നാണ്, ഭ്രാന്തമായ കഠിനാദ്ധ്വാനം, ആലോചിക്കാന്‍ പോലുമാവാത്ത ഏകാഗ്രത, പിന്നെ തനിക്ക് എത്രയോ താഴെ നിന്ന് ന്യായം പറയുന്ന സമൂഹത്തിന്റെ ധാര്‍ഷ്ട്യം ഇവ മൂന്നും കൂടി ഒരു ജീനിയസ്സിനു തീര്‍ത്തുകൊടുക്കുന്ന ജീവിതമാണ് ആ തിളയ്ക്കുന്ന ലോഹലായനി. അതയാള്‍, അയാള്‍ മാത്രം കുടിച്ചുതീര്‍ത്തേ ആകൂ.
ടി എസ് എലിയറ്റും ഡി എച്ച് ലോറന്‍സും ജനാധിപത്യമൂല്യത്തില്‍ വിശ്വസിച്ചവരായിരുന്നില്ല. അവരാകട്ടെ ആധുനികതയുടെ, പാശ്ചാത്യപ്രബുദ്ധതയുടെ വഴികാട്ടികളും ദിശാസൂചികളും. വിരോധാഭാസം എന്നല്ലാതെ എന്തു പറയാന്‍ ! എലിയറ്റിന്റെ സാഹിത്യ ഗുരു എസ്രാപൌണ്ട് കുറച്ചുകൂടി മുന്നോട്ടു പോയി, നാസിസത്തെ കിണ്ടിയും പൂവും വച്ച് ആരാധിച്ചയാളാണ്. നോബല്‍ സമ്മാനം കിട്ടിയതു കൊണ്ട് ബഷീര്‍ കോപ്പിയടിച്ച ലോകസാഹിത്യകാരന്‍ എന്ന് മലയാളികളില്‍ ചിലര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ന്യൂട്ട് ഹാംസണ്‍ ഹിറ്റ്ലര്‍ സ്വന്തം രാജ്യം ആക്രമിച്ചപ്പോള്‍ സസന്തോഷം സ്വാഗതം ചെയ്ത ആളാണ് . . ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളെയാണു നാം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും.. എന്ന ശൈലിയിലൊതുക്കിയിരിക്കുന്നത്. ഇവരൊക്കെ, ഷെല്ലിയുടെ വാക്കു കടമെടുത്തു പറഞ്ഞാല്‍, സമൂഹത്തിന്റെ അനംഗീകൃത നിയമ നിര്‍മ്മാതാക്കളാണ്. പതാകാവാഹകരാണ്. എല്ലാം കൊള്ളാവുന്ന പുള്ളിക്കാരാണ്. പക്ഷേ മനസ്സിലും ചെയ്തികളിലുംകടന്നുകൂടിയിരിക്കുന്ന തന്മാത്രകളില് എവിടെയാണ് നായകത്വം? ഇനി ആ വഴി പോയാല്‍ നാം എത്തുന്ന ഭൂഖണ്ഡമേതായിരിക്കും?
ജര്‍മ്മന്‍ തത്ത്വചിന്തകന് ഹൈദഗറുടെ നാത്സി ആഭിമുഖ്യം പോലെ സാധാരണക്കാരനു മുഖം ചുളിയും, മൊസാര്‍ട്ടിന്റെ രാജഭക്തിയെക്കുറിച്ചു കേട്ടാലും. അങ്ങോരൊരു സംശയരോഗിയുമായിരുന്നു. ഭാര്യ ശരിയല്ല എന്നൊരു തോന്നല്‍. കേട്ടിട്ടില്ലേ, അല്‍ത്തൂസര്‍ ഭ്രാന്തു മൂത്തപ്പോള്‍ ഞെക്കിക്കൊന്നതു സ്വന്തം ഭാര്യയെയാണ്. ഐന്‍സ്റ്റീനു ഒരു കാര്യവും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിവുണ്ടായിരുന്നില്ലത്രേ. സ്വന്തം തിയറി ശാസ്ത്രജ്ഞന്മാര്ക്ക് വിശദീകരിച്ചു കൊടുക്കാനാവാതെ കുഴങ്ങുന്നതു കണ്ടാണ് ബര്‍ട്രന്റ് റസല്‍ അദ്ദേഹത്തിന് കത്തെഴുതിയത്. ദാ ഇതിങ്ങനെ വിശദീകരിക്കാം സിമ്പിളായി എന്ന്. ( എ ബി സി ഓഫ് റിലേറ്റിവിറ്റി) ഈ കക്ഷി തന്നെയല്ലേ വീട്ടിലെ മുയല്‍ക്കൂടിന് രണ്ടു വാതിലു വേണമെന്ന് ആശാരിയോട് ആവശ്യപ്പെട്ടത്. ഒന്ന് വലുത്, വലിയ മുയലുകള്‍ക്ക് കയറാന്‍, മറ്റേത് ചെറുത്, ചെറിയ മുയലുകള്‍ക്ക് കയറാന്‍ ! ആശാരി അന്തം വിട്ടു വാപൊളിഞ്ഞ് നിന്നുപോയി. പറയുന്നതാരാ..!!
24 കൊല്ലം ഒന്നും കുറിയ്ക്കാതെ ഉള്ളില്‍ കൊണ്ടു നടന്നിട്ടാണ് മില്‍ട്ടണ്‍ ‘പറുദീസാ നഷ്ടം’ എഴുതിയത്. ഉള്‍വലിഞ്ഞ് ആരോടും മിണ്ടാതെയിരുന്നാണ് പ്രൂസ്ത് ‘പൊയ്പ്പോയ കാലം തേടി’ എന്ന ബ്രഹ്മാണ്ഡത്തിന്റെ പണിതീര്‍ത്തത്. ഫ്രോയിഡിന് വായില്‍ അര്‍ബുദമായിരുന്നു. പക്ഷേ വെളിയിലറിഞ്ഞാല്‍ ചുരുട്ടുവലി ഉപേക്ഷിക്കേണ്ടി വരും. അതുകൊണ്ടാരോടും പറഞ്ഞില്ല. പുകവലിച്ചുകൊണ്ടു തന്നെ മരിച്ചു. എസ്റ്റാബ്ലിഷ്മെന്റുകള്‍ക്ക് എതിരാണെന്ന ആദര്‍ശം മുറുക്കിപ്പിടിച്ചുകൊണ്ടാണ് സാര്‍ത്ര് നോബല്‍ സമ്മാനം വേണ്ടെന്നു പറഞ്ഞത്. പണത്തിനപ്പോള്‍ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും വലിയ ഗണിതശാസ്ത്രസമ്മാനം ‘ഫീല്ഡ്സ് മെഡല്‍’ വേണ്ടെന്നുവയ്ക്കാന്‍ ഗ്രിഗറി പെരല്മാന് പറഞ്ഞ കാരണം ഇതാണ് : “എന്റെ പണി വിലയിരുത്താന്‍ ശേഷിയില്ലാത്തവരുടെ അംഗീകാരം ആര്‍ക്കു വേണം?”
ശിരസ്സില്‍, പ്രായോഗികജീവിതക്കാരായ നമ്മുടെ യുക്തിയ്ക്കും ക്രമത്തിനും അനുസരിച്ചല്ലാതെ ചലിക്കുന്ന തന്മാത്രകളുമായി കഴിഞ്ഞുപോകുന്നവരെപ്പറ്റിയാണ്. ‘മതിഭ്രമം‘ (മുഴുവട്ട്) എന്ന ഒറ്റക്കുറ്റിയല്ലാതെ നമുക്കിവരെപിടിച്ചു കെട്ടാന്‍ മറ്റെന്തു വഴിയാണുള്ളത്? നാറാണത്തുകാരന്‍ ഭ്രാന്തനായത് കേരളത്തിന്റെ എഡിഷന്. അതു തന്നെയാണ് ലോകത്തിന്റെ ഡയസ്പോറയും. വലിയ വ്യത്യാസമൊന്നുമില്ല. വിഡ്ഢികള്‍ക്കും ശുദ്ധാത്മാക്കള്‍ക്കുമുള്ള ‘വക്കാലത്തുകളെ’ നാലണയ്ക്ക് എട്ടു വച്ചു എവിടെയും കിട്ടും. ജീനിയസ്സുകള്‍ക്കു വേണ്ടി സംസാരിക്കാന്‍ ആരാണുള്ളത്.....? ആരുമില്ല. അവരാണെങ്കില്‍ തങ്ങള്‍ക്കു വേണ്ടിയൊട്ടു മിണ്ടുകയുമില്ല.
പുസ്തകം:
ജീനിയസ്സിന്റെ തന്മാത്രകള് - വിജു വി നായര്‍
വിശ്വോത്തരകഥകള്‍ - എഡി. എ വി ഗോപാലകൃഷ്ണന്