April 15, 2018

കോളറാകാലത്തെ പ്രണയങ്ങൾ


                                                                                                             ചിത്രം : NYBooks.com


അലൻ പേറ്റന്റെ ‘കേഴുക പ്രിയ നാടേ‘, (സംവിധാനം : സോൾട്ടൻ കോർദാ) അലക്സാണ്ടർ സോൾഷെനിറ്റ്സ്വന്റെ ‘ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം‘, ( സംവിധാനം : കാസ്പർ റീഡ്) റ്റാഡിസ്റ്റാ സ്പിൽ മാന്റെ ‘പിയാനോ വാദകൻ‘ ( സംവിധാനം : റോമൻ പോളാൻസ്കി) ചാൾസ് ഡിക്കൻസിന്റെ ‘ഒളിവെർ ട്വിസ്റ്റ്‘ (സംവിധാനം : പൊളാൻസ്കി തന്നെ) ഴാങ് ഡൊമിനിക് ബാബിയുടേ ‘ ഡൈവിങ് കവചവും ചിത്രശലഭവും ( സംവിധാനം: ജൂലിയൻ ഷ്നാബെൽ)  തുടങ്ങിയ അവലംബിത തിരക്കഥകൾ തയാറാക്കിയ റൊണാൾഡ് ഹാർവുഡാണ്,  മൈക്ക് നെവെല്ലിന്റെ ‘ കോളറാക്കാലത്തെ പ്രണയത്തിനും‘ തിരനാടകം തയാറാക്കുന്നത്. റൊണാൾഡ് നാടകകൃത്തും നോവലിസ്റ്റും നാടക ചരിത്രകാരനുമൊക്കെയാണ്. മാർക്വേസ് ആദ്യമായി ഹോളിവുഡിലെത്തുന്നത് ഈ ചിത്രം വഴിയാണ്. 2007-ൽ. സ്റ്റോൺ വില്ലേജ് നിർമ്മാണക്കമ്പനി ഉടമ, സ്കോട്ട് സ്റ്റെയിൻഡോർഫ് മൂന്നു വർഷം കാത്തിരുന്നിട്ടാണ് നോവൽ സിനിമയാക്കാനുള്ള അനുവാദം മാർക്വേസിൽനിന്ന് നേടിയെടുത്തത്. താൻ മാറ്റൊരു ഫ്ലോറെന്റിനോയാണെന്ന് സ്കോട്ട്, മാർക്വേസിനെ ബോധ്യപ്പെടുത്തി, സിനിമയുടെ അനുവാദത്തിനായി എത്രനാൾ വേണമെങ്കിലും കാത്തിരിക്കും. 50 വർഷമെങ്കിൽ 50 വർഷം.

‘കോളറാക്കാലത്തെ പ്രണയ‘ത്തിനു പുറമേ ‘ഇൻ ഇവിൾ അവറും‘, ‘ഓഫ് ലൗ ആൻഡ് അദർ ഡെമൻസും‘, ‘നോ വൺ റൈറ്റ്സ് ടു കേണലും‘  ചലച്ചിത്രങ്ങളായിട്ടുണ്ട്. (മാർക്വേസ് തന്നെ സ്ക്രിപ്റ്റ് എഴുതിയവ വേറേ) എന്നാൽ ലാറ്റിനമേരിക്കയ്ക്ക് പുറത്ത് തന്റെ നോവലുകൾക്ക് ഒരു ദൃശ്യപാഠം ഉണ്ടാവുന്നതിനെ എന്തുകൊണ്ടോ മാർക്വേസിന് ഒരു എതിരഭിപ്രായം ഉണ്ടായിരുന്നെന്നു തോന്നുന്നു. ‘കോളറാക്കാലത്തെ പ്രണയത്തെ‘ക്കുറിച്ചുള്ള ഒരു വിമർശനം കൊളംബിയൻ ചുറ്റുപാടിൽനിന്ന് അത് നേരെ ഡിക്കൻസിയൻ കാലത്തിലേക്ക് വച്ചു മാറ്റപ്പെട്ടു എന്നതാണ്. സംവിധായകൻ മൈക്ക് നെവെൽ ബ്രിട്ടീഷുകാരനാണ്. (ചാൾസ് ഡിക്കൻസിന്റെ ‘ദ ഗ്രേറ്റ് എക്സ്പെറ്റേഷനാ‘ണ് മൈക്കിന്റെ മറ്റൊരു ചിത്രം) അതുകൊണ്ടാണ് ചലച്ചിത്രത്തിലെ പ്രദേശങ്ങൾ കൊളംബിയ എന്നതിലുപരി കഴിഞ്ഞ നൂറ്റാണ്ടിലെ ബ്രിട്ടീഷ് പ്രദേശങ്ങളായിരിക്കുന്നത്. നോവലിനകത്തെ ദാർശനികമായ അടിയൊഴുക്കുകൾ വറ്റുകയും ലാറ്റിനമേരിക്കാൻ രാജ്യത്തിനുമേലുള്ള യൂറോപ്യൻ നോട്ടത്തിനു ചലച്ചിത്രത്തിൽ പ്രാധാന്യം വരികയും ചെയ്തിരിക്കുന്നു. എന്നാൽ കോളറക്കാലത്തെ പ്രണയം മുന്നിൽ വയ്ക്കുന്ന വൈകാരിക അനുഭൂതിയെ മറ്റൊരു ചിഹ്നവ്യവസ്ഥയിലേക്ക് പരിവർത്തിപ്പിക്കുന്നതിൽ ചലച്ചിത്രം വിജയിക്കുകയും ചെയ്തിട്ടുണ്ട്.  അനുകല്പന (അഡാപ്‌റ്റേഷൻ) കൾ അത്രയും മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ.

കൗമാരകാലത്തു് ഫ്ലോറെന്റിനോ അരിസയ്ക്ക്, (ജാവിയർ ബർദാം) ഫെർമിനാ ഡാസ (ജിയോവന്ന മെസോഗിർമോ) എന്ന സുന്ദരിപ്പെണ്ണിനോടുണ്ടായ ശക്തമായ പ്രണയത്തിന്റെയും അവളെ കിട്ടാനുള്ള അയാളുടെ 50 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെയും കഥയാണ്,  കോളറാക്കാലത്തെ പ്രണയം‘ പറയുന്നത്.  1880 മുതൽ 1930 വരെയാണ് അയാളുടെ കാത്തിരിപ്പ് നീളുന്നത്. നോവലിൽ, ഫെർമിനയുടെ ഭർത്താവായ ഡോ. ജുവനൽ ഉർബിനോയ്ക്ക് (സിനിമയിൽ ബെഞ്ചമിൻ ബ്രാറ്റ്) ലഭിച്ച പ്രാധാന്യം സിനിമയിൽ ഇല്ല. പ്രണയം രോഗാതുരമായ അവസ്ഥയാണെന്ന (കോളറ) ആശയം മാർക്വേസ് നോവലിൽ സൂക്ഷിച്ചിട്ടുണ്ട്. മുൻ പിൻ നോക്കാത്ത പ്രണയം അസംബന്ധവും കാല്പനികവുമാണ് എന്നതുപോലെ യുക്തികൾ പ്രവർത്തിക്കാത്ത ഇടവുമാണ്. അതിനു നേർ എതിർവശത്താണ് യൂറോപ്യൻ വിദ്യാഭ്യാസം ലഭിച്ച ഡോ. ഉർബിനോയുടെ നില. പഴയതും പുതിയതുമായ കാലങ്ങളുടെ, ദരിദ്രവും സമ്പന്നവുമായ രണ്ടവസ്ഥകളുടെ,  കാല്പനികവും പ്രായോഗികവുമായ രണ്ട് ഭാവങ്ങളുടെയൊക്കെ പ്രതിനിധികളായാണ് നോവലിൽ ഫ്ലോറെന്റിനോയും ഉർബിനോയും അഭിമുഖം നിൽക്കുന്നത്. ഇവർ രണ്ടുപേരും ഫെർമിന എന്ന സൗന്ദര്യത്തെയും താൻ പോരിമയെയും ഒരുപോലെ സ്നേഹിക്കുന്നുമുണ്ട്. മറ്റൊന്ന് കന്യകാത്വത്തെപ്പറ്റി  നോവലിസ്റ്റ് സൂക്ഷിക്കുന്ന ഉയർന്ന ധാരണയാണ്. ഫെർമിനയെ ലഭിക്കുന്നതുവരെ താൻ കന്യകനായി തുടരുമെന്നാണ് ഫ്ലോറെന്റിനോയുടെ ആദ്യ തീരുമാനം. അതു ലംഘിക്കപ്പെടുന്നതിനു പിന്നിൽ ആകസ്മികതയും അയാളുടെ അമ്മയും (ഫെർണാന്റോ മോണ്ടി നെഗ്രോ എന്ന പ്രസിദ്ധയായ ബ്രസീൽ നടി) ഒരുപോലെ പങ്കാളികളാണ്. 622 സ്ത്രീകളുമായി ബന്ധപ്പെടുന്ന ഫ്ലോറെന്റിനോ സിനിമയിൽ ഒരു ലാറ്റിനമേരിക്കൻ ഡോൺ ജുവാനാണ്. അതേ സമയം അയാൾ സമ്മർദ്ദങ്ങൾക്കിടയിലും മാനസികമായ കന്യകാത്വംകാത്തു സൂക്ഷിക്കുന്ന വ്യക്തിയുമാണ്. (സിനിമയിൽ അയാൾ തന്റെ ഇണക്കൂട്ടത്തിൽ ഒളിമ്പിയ സുലേറ്റയോട് (അനാ ക്ലോഡിയ) പ്രത്യേക ചായ്‌വ് കാണിക്കുന്നുണ്ട്. അവളെ ഭർത്താവ് കൊന്നില്ലായിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു എന്ന മട്ടിൽ.) ഇതേ പ്രശ്നം ഫെർമിനയും അനുഭവിക്കുന്നുണ്ട്. ഒരു നിർണ്ണായക നിമിഷത്തിൽ അവൾ, കൗമാരക്കാരനും സ്വപ്നജീവിയും ദരിദ്രനുമായ ഫ്ലോറെന്റിനോയെ വേണ്ടെന്നു വച്ചെങ്കിലും ഉള്ളിൽ അയാളെ അവൾ കൊണ്ടു നടക്കുകയായിരുന്നു എന്ന് അവളെപോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് വെളിവാക്കുന്ന സന്ദർഭങ്ങൾ നോവലിൽ ഉണ്ട്. ചലച്ചിത്രത്തിൽ അതത്ര പ്രകടമല്ലെങ്കിലും. അന്റോണിയോ പിന്റോയ്ക്കൊപ്പം, കൊളംബിയൻ പാട്ടുകാരി ഷാകിരയും ചേർന്നൊരുക്കുന്ന പാട്ടുകൾക്ക്,  സിനിമയിലെ പ്രണയത്തിന്റെയും സമാഗമത്തിന്റെയും പശ്ചാത്തലങ്ങളെ കനപ്പെടുത്താൻ പ്രത്യേക കഴിവുണ്ട്. നോവലിന് മുന്നോട്ടു വയ്ക്കാൻ വയ്യാത്ത ഒരു പരിമിതിയാണല്ലോ അത്. മാന്ത്രികയാഥാർത്ഥ്യങ്ങളോടുള്ള യൂറോപ്യൻ ബോധോദയാനന്തരകാലത്തിന്റെ പേടി, സിനിമയുടെ ടൈറ്റിലുകളിലെ വർണ്ണശബളമായ ആനിമേഷനിലുണ്ട്. തങ്ങളുടേതിൽനിന്ന് വ്യത്യസ്തമായ മറ്റൊരു ലോകത്തിലേക്ക് പ്രവേശിക്കാൻ ബോധപൂർവം തയാറാക്കിയതാണ് ആ ശീർഷക ചിത്രങ്ങൾ. പ്രണയത്തിന്റെ മൂന്നാം ലോകത്തെ ഒരുക്കുന്നതിൽ പിന്നെ സഹായിക്കുന്നത് 1880 മുതൽ 1930 വരെയുള്ള പ്രത്യേക കാലത്തെ പുനർനിർമ്മിക്കാൻ സംവിധായകനും ഛായാഗ്രാഹകനും ചേർന്നു നടത്തിയ കൊണ്ടു പിടിച്ച ശ്രമമാണ്. മഗ്ദലേനാ നദിയും 70 കളിലെത്തിയ ദമ്പതികൾക്ക് മധുവിധു അരങ്ങൊരുക്കുന്ന വലിയ തിരിവു ചക്രമുള്ള കപ്പലും തിരക്കുപിടിച്ച കാർത്തേജിന തെരുവും സാധാരണ മനുഷ്യരുടെ അസ്വാരസ്യങ്ങളും പിടിവാശികളും സൗഹൃദവും എല്ലാംകൂടി ച്ചേർന്ന്  ‘കോളറാക്കാലത്തെ പ്രണയത്തെ‘ 100 -ല്പരം വർഷങ്ങൾ മുൻപുള്ള കാല്പനികലോകത്തിലേക്ക് അനായാസം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്.

 ‘കോളറാക്കാലത്തെ പ്രണയ‘ത്തിന്റെ ഇംഗ്ലീഷ് വിവർത്തനം പുറത്തു വരുന്നത് 1998 ലാണ്. ചലച്ചിത്രം 2007-ലും.  ഫ്ലോറെന്റിനോയ്ക്ക്, ഫെർമിനയോട് ഇത്രയും കടുത്ത  താത്പര്യം തോന്നാൻ തക്കവണ്ണമുള്ള അപൂർവതയൊന്നും അവരുടെ വ്യക്തിത്വത്തിലില്ല, ലാറ്റിനമേരിക്കൻ സ്ത്രൈണതയുടെ വശ്യതയല്ലാതെ.  നോവലിന്റെ ചില സൂക്ഷ്മതകൾ സിനിമയുടെ ഒച്ചപ്പാട് കളഞ്ഞു കുളിക്കുന്നതുകൊണ്ടാവാമത്. കാമുകിയ്ക്കു വേണ്ടി ഞാൻ ശുദ്ധനായിരിക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്ന ഫ്ലോറെന്റിനോ കപ്പലിൽവച്ച് അജ്ഞാതയായ സ്ത്രീയുടെ മുൻകയ്യിൽ ചാരിത്ര്യം നഷ്ടപ്പെടുത്തിയ ശേഷം, അയാളുടെ ഭ്രാന്തനായ തന്ത, (പയസിനു ഭ്രാന്തായിരുന്നു എന്നു പറയുന്നത് അയാളുടെ സഹോദരൻ തന്നെ) പയസിനെപോലെ കണ്ണിൽ കണ്ടതിനെയെല്ലാം ഭോഗിച്ചു നടക്കുകയായിരുന്നു. അക്കൂട്ടത്തിൽ അയാൾക്കു മുന്നിൽ വന്നുപെട്ട ഒരു പ്രാവാണ് ഒളിമ്പിയ സുലെറ്റ. ഒഴിഞ്ഞുകിടന്ന തോണിയിൽ വച്ച് അവളെ പ്രാപിക്കുക മാത്രമല്ല, അവളുടെ വയറ്റിൽ ചുവന്ന ചായംകൊണ്ട് ഇത് എന്റേതാണെന്ന് താഴെയ്ക്ക് ഒരു അമ്പു ചിഹ്നവും കൊടുത്ത് അയാൾ എഴുതിയും വച്ചു. രാത്രി അവളുടെ ഭർത്താവ് അതുകണ്ടാണ് അവളെ കൊന്നത്. (ഭാരതീയ ബി ഗ്രേഡ് അശ്ലീലചിത്രങ്ങളിലും കണ്ടിട്ടുണ്ട്, മധ്യവയസ്സുകഴിഞ്ഞ പെൺശരീരത്തിൽ ബാൾ പെനകൊണ്ടുള്ള ഇമ്മാതിരി എഴുത്തുകൾ, നമ്മൾ തീവണ്ടിയിലെ കുളിമുറിച്ചുവരെകളെമാത്രമല്ല ഭോഗചിത്രലിപികൾക്കുള്ള ക്യാൻവാസുകളാക്കുന്നത്) വ്യഭിചാരത്തിന്റെ പാപമല്ല, വിശ്വാസവഞ്ചനയുടെ പാപമാണ് കുറേക്കൂടി മാരകം എന്നാണ് അയാൾ വിചാരിക്കുന്നത്. ഭാര്യയെ കൊന്നു, അവളെ വ്യഭിചരിച്ച ഫ്ലോറെന്റിനയെ അയാൾ വെറുതേ വിട്ടു. നമ്മുടെ നിയമം വേറെയാണ്. ഭർത്താവിന് ഇന്ത്യയിലിന്നും തന്നെ പറ്റിച്ച്, ഇണചേരാൻ പോകുന്ന ആണിനെതിരെ പരാതികൊടുക്കാൻ വകുപ്പുണ്ടല്ലോ.

അക്ഷരം പഠിക്കുന്ന ശൂദ്രന്റെ കാതിൽ ഈയം ഉരുക്കി ഒഴിക്കാനും, പെണ്ണിനെ കട്ടിലിന്റെ കാലിൽ സ്ഥിരമായി കെട്ടിയിടാനും പറഞ്ഞിരുന്ന ഭാരതീയ പൈതൃകം വിശ്വാസവഞ്ചനയെപ്പറ്റിയും ശക്തമായ നിലപാടെടുത്തിരുന്നു. ആദ്യത്തേതു പോലെ രണ്ടാമത്തേത് നമ്മുടെ വൈകാരിക വിജൃംഭണങ്ങളിൽ അങ്ങനെ കടന്നു വരാത്തതിനു കാരണം വ്യഭിചാരം ഏതൊക്കെയോ അംശങ്ങളിൽ ഇന്നും തെറ്റാണെന്നും കഠിന ശിക്ഷതന്നെ അതിനാവശ്യമാണെന്നുമുള്ള ബോധം ഭരിക്കുന്നതുകൊണ്ടാവണം. ആദ്യകാലങ്ങൾ ശരീരത്തിന്റെ അശുദ്ധിയെന്ന സങ്കല്പം തന്നെ ഉണ്ടായിരക്കണമെന്നില്ല. ആരുടെയെങ്കിലും കുഞ്ഞിനെ തന്റേതായി പോറ്റേണ്ടി വരുന്നതിലുള്ള വിഭവശോഷണമാണ് അതിലെ ആദ്യ അവിഹിതം! വിശ്വാസവഞ്ചനയും ആണത്താധികാരവുമൊക്കെ പിന്നത്തെ കാര്യമാണ്. അതും വസ്ത്രംകൊണ്ടു പ്രത്യക്ഷാനുഭവങ്ങൾ മൂടാൻ തുടങ്ങിയതിനു ശേഷമുള്ള കാര്യം.

സ്വാഭിമാനത്താൽ മറ്റൊരു പുരുഷനോടൊപ്പം ചേർന്ന് ഭർത്താവിനെ ചതിക്കുന്ന പെണ്ണിനെ പട്ടികളെക്കൊണ്ട് തീറ്റിക്കാൻ വേണ്ടത് രാജാവ് ചെയ്യണം എന്നാണ് മനുവിന്റെ നിർദ്ദേശം. അത് ആളുകൾ കാണുകയും വേണം. പഴുപ്പിച്ച ഇരുമ്പു കട്ടിലിൽ കിടത്തിയാണ് പുരുഷനെ ശിക്ഷിക്കേണ്ടത്. ആളുകൾ അതിലേക്ക് വിറകു കൊണ്ടിടണം.. ജീവനോടെ ദഹിപ്പിക്കണമെന്നർത്ഥം. അർത്ഥശാസ്ത്രത്തിലെ ശിക്ഷ, കടുപ്പം കൂടിയതാണെങ്കിൽ ഭാവനാപരമായി പിന്നാക്കമാണെന്ന് വെൻഡി ഡോണിഗർ. വിശ്വാസവഞ്ചന ചെയ്ത പെണ്ണിനോട് (അവളുടെ ഇണയോടും) ഭർത്താവ് ക്ഷമിക്കുകയാണെങ്കിൽ പ്രശ്നമൊന്നുമില്ല. അവൾക്ക് വീട്ടില്പോയി കുളിച്ച് ഉണ്ടിട്ട് ഉറങ്ങാം. അല്ലെങ്കിൽ അവളുടെ കാതും മൂക്കും ചെത്തും. കാമുകനെ കൊല്ലുകയും ചെയ്യും. കല്ലെറിഞ്ഞു കൊല്ലുക, വെടിവച്ചു കൊല്ലുക, ഊരു വിലക്ക് ഏർപ്പെടുത്തുക, ലൈംഗികാവയവങ്ങൾ ഛേദിക്കുക.. ശാരീരിക സുഖത്തെ മുൻ നിർത്തി പേടിച്ചിട്ട് എന്തൊക്കെ ക്രൂരതകളാണ് മനുഷ്യർ, അവരുടെ ശരീരത്തോട് ചെയ്തുകൂട്ടിയിരിക്കുന്നത്. ഏതെങ്കിലും വടക്കേ ഇന്ത്യൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായിരുന്നാൽ മതി, ഇന്ത്യയുടെ മധ്യകാല പൈതൃകം എന്നും ഗ്രാമവാസികളെ ശക്തമായി മുറുകെ പിടിച്ചിരിക്കുന്ന രീതി കാണാൻ. തലങ്ങും വിലങ്ങും പ്രചരിക്കുന്ന ക്ലിപ്പുകളിൽ ഭൂരിഭാഗത്തിനും മനുഷ്യന്റെ സുഖാനുഭവത്തിനു നേരെയുള്ള കൈയേറ്റങ്ങളെ പ്രകീർത്തിക്കുന്നതാണ്. വഴിവിട്ട് പ്രേമിച്ചതിന്റെ പേരിൽ, ലൈംഗിക ബന്ധങ്ങളുടെ പേരിലൊക്കെ മനുഷ്യനെ തച്ചുകൊല്ലുന്ന നാടാണിത്. പാമ്പാട്ടികളുടെയും ഗോമാതാവിന്റെയും മാത്രം ശൈശവവിവാഹത്തിന്റെയും ചൊവ്വാദോഷത്തിന്റെയും മാത്രമല്ല.

മാർക്വേസിന്റെ ലോകത്ത് അങ്ങനെ വലിയ തെറ്റുകുറ്റങ്ങളൊന്നും ഇല്ല. ശിശുരതി മുതൽ സകലമാന ശരീരസുഖങ്ങളും വളരെ സ്വാഭാവികമായി അതിൽ കടന്നു വരുന്നു.കിളവനെന്നത് അശ്ലീലപദമേയല്ല നോവലിൽ. 80 വയസ്സുകാരൻ ഫെയിസ് ബുക്കു വഴി പരിചയപ്പെട്ട 16 വയസ്സുകാരിയെ നേരിൽ കണ്ടതായിരുന്നു നമ്മുടെ സദാചാരത്തിന്റെ അദ്ധ്യായങ്ങളെ കുറേക്കാലം വികാരക്ഷമമാക്കിയ സംഭവം. നരച്ച മീശയുമായി യുവതികളെ ഉമ്മവച്ച് തകർക്കുന്ന ഫ്ലോറെന്റിനോ 13 വയസുകാരിയായ അമേരിക്ക വിക്യുണയോടൊപ്പവും കിടക്കുന്നു. അവളുടെ ആത്മഹത്യയ്ക്ക് പ്രേരണയാവുന്നു. ( അത് സിനിമയിലില്ല) .ഫെർമിനയുടെ കസിൻ ഹിൽഡെബ്രാൻഡ, അവളെക്കാൾ 20 വയസ്സിനു മൂപ്പുള്ള ഒരുത്തനെ പ്രേമിക്കുന്നു, ഡോ. ഉർബിനയോടൊപ്പം കുതിരവണ്ടിയിൽ യാത്ര ചെയ്യവേ അയാളുടെ സുന്ദരമായ പല്ലുകൾ കണ്ട് കാമം തോന്നിയിട്ട് അടിപ്പാവാടയുടെ ചരട് അയാൾക്കു മുന്നിൽ വച്ച് അഴിക്കാൻ ഒരുമ്പിടുന്നുണ്ട് ആ പെണ്ണ്. നസരേത്ത് എന്ന വിധവ ഭോഗിക്കുമ്പോൾ മരിച്ചുപോയ ഭർത്താവിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. കിരീടം വച്ച ദേവതയും ഭൂലോക സുന്ദരിയുമായ ഫെർമിനയെ കിട്ടിയിട്ടും ഉർബിനോ ഒരു കറുത്തപ്പെണ്ണിനു പിറകേ പോകുന്നു....  ആധുനികത കുറച്ചുപേരുടെ ആത്മരതി ആവിഷ്കരിക്കുകയായിരുന്നു എന്ന കുറ്റപ്പേരുണ്ട്. ഓ വി വിജയന്റെയും അയ്യപ്പപ്പണിക്കരുടെയും സാഹിത്യങ്ങൾ ഉദാഹരണം. (ആലിപ്പഴം വിജയന്റെ സ്വയംഭോഗ കഥ, ‘അല്പം തടിച്ച പാദങ്ങൾ കിതയ്ക്കുന്നു കട്ടിച്ചെരുപ്പിൽ, അവിടെനിന്നും ജയസ്തംഭങ്ങൾ ഹേമന്തരാജസസ്വപ്നങ്ങൾ എങ്ങോട്ടുപോകുന്നു എവിടെ ലയിക്കുന്നു...’ എന്ന് മദാമ്മയുടെ തുടകളെപ്പറ്റി അയ്യപ്പപണിക്കർ) പക്ഷേ മാർക്വേസ് വൃദ്ധകാമത്തെ ഭാവനയിൽ ആവിഷ്കരിക്കുകയായിരുന്നു എന്നാരും കുറ്റം പറയുന്നതു കേട്ടിട്ടില്ല. മനുഷ്യഭാവന, മനശ്ശാസ്ത്രത്തെപ്പോലും പിന്നിൽ നിർത്തിയതാണോ, ആളുകൾ കഥ കേട്ട് അന്ധാളിച്ചുപോയതാണോ? നിയമപ്രകാരം കൂടെകൊണ്ടുനടക്കുന്ന സ്വന്തം ഇണയുടെ ശരീരംപോലും നേരെചൊവ്വേ കാണാത്ത/അറിയാത്ത കൂട്ടർക്ക് പറ്റിയത്( കിടക്കയിൽ ഒന്നാവുന്നതിനെപ്പറ്റിയൊക്കെ അതിഭയങ്കര സ്വപ്നങ്ങളാണ്, അതൊക്കെ ടിവി കാണുമ്പോൾ പരസ്പരം പറഞ്ഞിട്ട് തൊടാതെ മാറിക്കിടക്കും എന്നാണ് ജാനുവമ്മ പറയുന്നത്) എന്തായാലും മാർക്വേസിയൻ സാഹിത്യമല്ല, മറിച്ച് മനുസ്മൃതിയും അർത്ഥശാസ്ത്രവും മറ്റുമാണ് എന്നു പറഞ്ഞു വരികയായിരുന്നു.