April 10, 2011

രണ്ടായ നിന്നെയിഹ...
എതിരാളിയുടെ കുറവുകൊണ്ടല്ല സ്വന്തം മികവുകൊണ്ട് ജയിക്കണമെന്നാണ് പഴയ യുദ്ധതന്ത്രത്തിൽ പറയുക. സാധാരണ ജീവിതത്തിൽ പോലും അത്ര ധാർമ്മികതയൊന്നും പുലർത്താൻ മനുഷ്യനു കഴിയാറില്ല. കടുത്ത സത്യസന്ധനായ മനുഷ്യനും ദിവസം മിനിമം രണ്ടു കള്ളങ്ങളെങ്കിലും പറയുമെന്നാണ് കണക്ക്. സുഖമല്ലേ എന്നു ചോദിക്കുന്നവനോട് സുഖമാണെന്ന് പറയുമ്പോൾ തന്നെ തീരുന്നു സത്യസന്ധത! പിന്നല്ലേ, ജീവന്മരണ പോരാട്ടങ്ങളിൽ. അപ്പോൾ അല്പസ്വല്പം കള്ളത്തരങ്ങൾ നടക്കും. എതിരാളി നല്ലവനാണെന്ന് ഉള്ളിലറിയാമെങ്കിലും കുത്തുവാക്കുകളും ദ്വയാർത്ഥങ്ങളും പ്രയോഗിക്കും. ഒത്താലൊക്കട്ടെ. കൊള്ളരുതാത്തവന്റെ കൊള്ളരുതായ്മകൾക്കു മേലെ കണ്ണടച്ചുകൊടുക്കുകയും ചെയ്യും. യുദ്ധത്തിൽ എന്തും സാധ്യമാണ്. ഓന്തൊരു തുള്ളി മുതലയാണെന്ന് പറയും പോലെയാണ്, തെരെഞ്ഞെടുപ്പുകളും. യുദ്ധമാണ്. ജനായത്തത്തിലും നെറികേടുകൾ പൂത്തുലയും. നീതിബോധം തീപോലെ ആവേശിച്ച ഒരു തെരെഞ്ഞെടുപ്പ് ലോകത്തെവിടെയെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്തോ? വിജയവും അധികാരവുമാണ് നിർണ്ണയകം. മാർഗം ലക്ഷ്യത്തെ സാധൂകരിക്കും എന്ന് നാഴികയ്ക്ക് നാൽ‌പ്പതുവട്ടം ഉരുവിട്ടുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തിൽ പിഴച്ച മാർഗങ്ങളുമായി ജയിക്കാൻ പുറപ്പെടുന്ന സംഘങ്ങളുടെ പ്രാഥമിക ലക്ഷ്യം - അവയുടെ കൊടിയുടെ നിറം എന്തായാലും - എങ്ങനെ ധാർമ്മികമായി അവശേഷിക്കുമെന്നാണ്?

കണ്ണാടിയ്ക്കു മുന്നിൽ മറ്റൊരു കണ്ണാടി പിടിക്കും പോലെയൊരു പരിപാടിയാണിത്. ന്യായത്തിനും ധർമ്മത്തിനും പകരം അവയിൽ പ്രതിഫലിച്ചു കാണുന്ന അന്യായവും അധർമ്മവും, സ്വന്തം മുഖം മിനുക്കാൻ സഹായിക്കുന്ന തരം സംഗതിയായി മാറ്റിക്കൊണ്ടിരിക്കുന്നു നമ്മുടെ രീതികൾ. അതായത് എന്റെ കുറവ് ഒരു കുറവല്ല, നീ അപരന്റെ മുഖം കണ്ടില്ലേ എന്ന ആപേക്ഷികതകൊണ്ട് നീതിയുടെ വായടക്കാം. എല്ലാവരും കാണ്ടാമൃഗമാവാൻ വെമ്പുന്ന സമൂഹത്തിൽ ഒരാൾക്കു മാത്രമായി - ഒരു കൂട്ടത്തിനു മാത്രമായി - മനുഷ്യനായിരിക്കുക സാധ്യമാണോ എന്നു ചോദിക്കാം. തെരെഞ്ഞെടുപ്പുകളുടെ കടമ്പ കടന്നു കയറാൻ കക്ഷി രാഷ്ട്രീയം പയറ്റാത്ത അടവുകളൊന്നുമില്ല. നാളുക്ക് നാളുക്ക് അവയുടെ എണ്ണവും സങ്കീർണ്ണതയും കൂടി വരുന്നു. സമ്പത്തിന്റെ പിൻബലത്തിലോ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലോ ഒരാൾ സ്ഥാനാർത്ഥിയാവുന്നതുപോലെ പ്രാധാന്യമുള്ളതും എന്നാൽ അത്ര ശ്രദ്ധ അർഹിക്കാത്തതുമായ ഒരു പ്രവണതയാണ് അപരനെ നിർത്തി എതിരാളിയുടെ വോട്ട് വിഭജിക്കുക എന്നത്. സർവസമ്മതനായ വ്യക്തികളിൽ പാർട്ടികൾ കൂടുതൽ ശ്രദ്ധയൂന്നിയിരുന്ന മുൻ കാലങ്ങളിൽ അപരന്മാർ ഒരു പക്ഷേ അത്ര ഭീകരന്മാരായിരുന്നിരിക്കില്ല. അതല്ല ഇപ്പോഴത്തെ സ്ഥിതി. പ്രതിഫലങ്ങൾ കൂടുതൽ പ്രലോഭനപരമാണ്. വ്യക്തിമഹത്വം കാലഹരണപ്പെടുകയും തെരെഞ്ഞെടുപ്പുകളിൽ മറ്റു താത്പര്യങ്ങൾ അകത്തു നിന്നും പുറത്തുനിന്നും പലതരത്തിൽ കടന്നുകയറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. വരും നാളുകൾ സുകരമായിരിക്കില്ല. അതനുസരിച്ച് അപരന്മാരെ മുൻ നിർത്തിയുള്ള യുദ്ധതന്ത്രത്തിനു പ്രാധാന്യം കൂടും. 2009 ലെ ലോകസഭാമത്സരത്തിൽ തിരുവനന്തപുരത്ത് മൂന്നു ശശിമാരുണ്ടായിരുന്നു. കോൺഗ്രസ്സിന്റെ ശശി തരൂരിനു പുറമേ ശശി കളപ്പുരയ്ക്കലും ശശി ജാനകിസദനും. രണ്ടും സ്വതന്ത്രന്മാർ. രണ്ടാളും കൂടി പ്രബുദ്ധമായ 2080 വോട്ടു നേടിയെടുത്തു. വടകരയിൽ സി പി എമിന്റെ സതീദേവിയെ പറ്റിക്കാൻ സ്വതന്ത്രരായ മറ്റു രണ്ടു സതീദേവിമാർ. ഹുസ്സൈൻ രണ്ടത്താണിയും ഇ ടി മുഹമ്മദ് ബഷീറും കൂടി മത്സരിച്ച പൊന്നാനിയിൽ ഹുസൈന്മാരുടെ എട്ടുകളിയായിരുന്നു. രണ്ടത്താണി ഉൾപ്പടെ ആകെ മൊത്തം 6 ഹുസ്സൈന്മാർ. കോഴിക്കോട് സി പി എം സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസ് തോറ്റത് 838 വോട്ടിന്. അവിടെ റിയാസ്, പി എ മുഹമ്മദ് റിയാസ്, പി മുഹമ്മദ് റിയാസ്, പിന്നൊരു മുഹ്ഹമദ് എന്നിങ്ങനെ അപരന്മാരുടെ ജാഥയായിരുന്നു. അപര റിയാസുകളെല്ലാരും കൂടി വാരിക്കൂട്ടിയ വോട്ട് 4843. ആരായിരുന്നു അപ്പോൾ കോഴിക്കോട് ജയിക്കേണ്ടിയിരുന്നത്?

2004 ലെ തെരെഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ചു തോറ്റ വി എം സുധീരനു കുറവുണ്ടായിരുന്നത് 1009 വോട്ടുകളാണ്. അപരൻ വി എസ് സുധീരനു കിട്ടിയത് 8282 വോട്ടുകൾ! പലപ്പോഴും അപരനായ സ്വതന്ത്രനെക്കുറിച്ച് ഒരറിവും ഉള്ള ആളായിരിക്കില്ല സാധാരണ വോട്ടർമാർ. ആകെ കേട്ട രണ്ടോ മൂന്നോ സ്ഥാനാർത്ഥിയുടെ പേരുമായി വോട്ടിംഗ് കമ്പാർട്ടുമെന്റിൽ ചെന്നു നിൽക്കുന്ന പാവത്തിനെ തുറിച്ചു നോക്കുന്നത് നിരവധി സ്ഥാനാർത്ഥികളും കണ്ടും കേട്ടും പരിചയമില്ലാത്ത ചിഹ്നങ്ങളുമാണ്. 2009 -ൽ ലോകസഭയിലേയ്ക്ക് തിരുവനന്തപുരത്തു നിന്നും മത്സരിച്ച അജിത് കുമാർ കെ എന്ന സ്ഥാനാർത്ഥിയുടെ ചിഹ്നം എത്തും പിടിയും തരാത്ത ഒന്നായിരുന്നു. സ്ഥാനാർത്ഥിപ്പട്ടികയും ചിഹ്നങ്ങളും പോളിംഗ് ബൂത്തിനു മുന്നിൽ എഴുതി പ്രദർശിപ്പിക്കേണ്ട പോളിങ് ഉദ്യോഗസ്ഥർ ബാലറ്റു പേപ്പറിലെ ചിഹ്നം കണ്ടു പകച്ചു. ഇതെന്താണ് സാധനം? പിന്നീട് സെക്ടറൽ ഉദ്യോഗസ്ഥർ വന്നാണ് ചിഹ്നം എന്താണെന്ന് വിശദീകരിക്കുന്ന ഫോട്ടോസ്റ്റാറ്റ് പേപ്പറുകൾ വിതരണം ചെയ്തത്. അത് ‘പൂക്കളും പുല്ലും’ എന്ന അത്യപൂർവവും വിശിഷ്ടവുമായ ചിഹ്നമായിരുന്നു. ഉദ്യോഗസ്ഥരുടെ തന്നെ കാര്യം ഇങ്ങനെ. അപ്പോൾ ഏതാനും മിനുട്ടുകൾ പോളിംഗ് ബൂത്തിനകത്ത് ചെലവഴിക്കാൻ കിട്ടുന്ന സാധാരണ മനുഷ്യരുടെ കാര്യം എന്താണ്? മൊബൈൽ ഫോണിന്റെയും ക്രിക്കറ്റു ബാറ്റിന്റെയും യഥാതഥമായ വലിപ്പചെറുപ്പങ്ങൾ ബാലറ്റു പേപ്പറിനോ വോട്ടിംഗ് യന്ത്രത്തിലെ സ്റ്റിക്കറിനോ ബാധകമല്ല. കണ്ടാൽ എല്ലാം ഒരു പോലെയിരിക്കും. ഓന്തും ദിനോസോറും ചീങ്കണ്ണിയും തവളയും തുല്യ വലിപ്പത്തിൽ വന്നു നിന്നു ചിരിക്കും. 1980 ലെ ലോകസഭാ തെരെഞ്ഞെടുപ്പിൽ മാണിവിഭാഗത്തിന്റെ സ്ഥാനാർത്ഥി ജോർജ്ജ് ജെ മാത്യുവിന്റെ കുതിര ചിഹ്നത്തിനു പാരയായത് അപരനായ സ്വതന്ത്രസ്ഥാനാർത്ഥി എൻ വി ജോർജ്ജിന്റെ ഒട്ടകമായിരുന്നത്രേ. 11859 വോട്ട് സ്വതന്ത്രനായ ഒട്ടകം വിഴുങ്ങിയപ്പോൾ സിറ്റിംഗ് എം പിയായിരുന്ന ജോർജ്ജ് മാത്യുവിന്റെ കുതിര തോറ്റു, 4330 വോട്ടിന്. ആസൂത്രിതമായ നീക്കങ്ങൾ വീഴ്ത്തിയ യുദ്ധതന്ത്രങ്ങളാണ് ഈ സ്വതന്ത്രരുടെ സ്ഥാനാർത്ഥിത്വത്തിലും അവരുടെ ചിഹ്നങ്ങളുടെ തെരെഞ്ഞെടുപ്പിലുമുണ്ടായിരുന്നത് എന്നു പറയപ്പെടുന്നു. ജോർജ്ജിനെ തറപറ്റിച്ച ബുദ്ധി ടി എം ജേക്കബിന്റേതായിരുന്നെങ്കിൽ വി എം സുധീരന്റെ കാര്യത്തിൽ കരുക്കൾ നീക്കിയത് എം എ ബേബിയായിരുന്നെന്ന് മലയാള മനോരമ ഊഹം പറയുന്നു.

2011ലെ നിയമസഭാ തെരെഞ്ഞെടുപ്പിലും ഒട്ടും കുറവല്ല അപരന്മാരുടെ എണ്ണം. സമാനമായ പേരുള്ള എതിരാളികൾ മുഖാമുഖം നിൽക്കുന്നത് കൌതുകകരമാണ്, പാലായിൽ കെ എം മാണിയും മാണി സി കാപ്പനും, പത്തനം തിട്ടയിൽ വിക്ടർ ടി തോമസും മാത്യൂ ടി തോമസും. അതല്ല അപരന്മാരുടെ കാര്യത്തിൽ സ്ഥിതി. 60 ൽ അധികം സ്ഥലങ്ങളിൽ ഇരു മുന്നണികളും ( ബി ജെ പി വോട്ടു ബാങ്ക് ഇതുവരെ തുറക്കാത്തതുകൊണ്ടാവും ഒരിടത്തും അപരന്മാരില്ല) മത്സരിച്ച് ഒരേ പേരുകാരെ നിർത്തിയിട്ടുണ്ട്. പേരിലെ സാമ്യം മാത്രമല്ല, ഇനിഷ്യലുൾപ്പടെ ഒരേ പേരുള്ളവർ അവരിൽ തീരെ കുറവല്ല. കൂത്തുപറമ്പിലെ കെ പി മോഹനന്റെ എതിരാളി സ്വതന്ത്രൻ കെ പി മോഹനൻ. അഴീക്കോടിൽ മുസ്ലീം ലീഗിലെ കെ എം ഷാജിയ്ക്ക് മറ്റൊരു കെ എം ഷാജിയാണ് അപരൻ. പേരാവൂരിൽ കോൺഗ്രസ്സും സ്വതന്ത്രനുമായി രണ്ടു സണ്ണി ജോസഫുമാർ. കൊയിലാണ്ടിയിൽ കെ പി അനിൽകുമാർമാർ രണ്ട്. ഒർജിനൽ അനില് കോൺഗ്രസ്സ്. ഒറ്റപ്പാലത്ത് എം ഹംസമാർ രണ്ട്. (യഥാർത്ഥ ഹംസ, സി പി എം) അവിടെ തന്നെ ഒരു എൻ ഹംസയുമുണ്ട്. ചിറ്റൂര് കെ അച്യുതന്മാർ രണ്ട്. ഗുരുവായൂരിൽ കെ വി അബ്ദുൾഖാദർ രണ്ട്, കോതമഗലത്ത് സ്കറിയ തോമസ് രണ്ട്.

അപരന്മാർക്ക് രാഷ്ട്രീയയുദ്ധത്തിൽ മറയാവുന്ന ദൌത്യമേയുള്ളൂ. അതു കഴിഞ്ഞാൽ ആരെങ്കിലും അവരെ ഓർമ്മിക്കുമോ? പാടു കിടന്നാൽ പോലും കിട്ടുന്നതല്ല ജയിക്കുന്ന ഒരു കക്ഷിയുടെ കൊള്ളാവുന്ന സ്ഥാനാർത്ഥിത്വം. എന്തെല്ലാം കടമ്പകൾ. എന്നാൽ പ്രസിദ്ധനായ ഒരു സ്ഥാനാർത്ഥിയ്ക്ക് തുല്യമായ പേരുണ്ടായാൽ സ്ഥാനാർത്ഥിത്വവും ചെല്ലും ചെലവും വീട്ടിലന്വേഷിച്ചു വരും. തൊടുപുഴയിലൊരു പി ജെ ജോസഫ്, സ്വതന്ത്രൻ യഥാർത്ഥ ജോസഫിനായി പിന്മാറിക്കൊടുത്തതു പോലെ പിന്നീട് പിന്മാറാം. അല്ലെങ്കിൽ വോട്ടു ചിതറിച്ച് സ്ഥാനാർത്ഥിയെ തോൽ‌പ്പിച്ചു കൊടുത്ത് അവതാരലക്ഷ്യം നിറവേറ്റാം. ചുമ്മാ നിന്ന് തന്നെ അറിഞ്ഞുകൂടാത്തവരെല്ലാം കൂടി തന്ന വോട്ടു കണ്ട് സൈക്കിളിൽ നിന്നു വീണ ചിരി ചിരിക്കാം. പക്ഷേ മാറി നിന്ന് ആലോചിച്ചാൽ തെരെഞ്ഞെടുപ്പുകളിലെ നെറികേടും ചതിയും ഈ മറപിടിച്ചുള്ള ഒറ്റ് പയറ്റുകളിലുമുണ്ട്. എന്നാലും ആകെ നനഞ്ഞവർക്ക് മഞ്ഞു കൊണ്ട് കുളിരുമെന്ന് വിചാരിക്കാമോ ?


ചിത്രം : www.newshopper.sulekha.com

5 comments:

അപ്പു said...

പക്ഷെ ഡമ്മികള്‍ക്ക് മനപൂര്‍വം വോട്ട് ചെയ്യുന്നവരില്ലേ ?

വെള്ളെഴുത്ത് said...

അവരുടെ എണ്ണം ആയിരം കവിയും എന്നു ഏതു നിലയ്ക്കും എപ്പോഴും പ്രതീക്ഷിക്കാമോ?

said...

അപര്ന്മാര്ക് വോട്ട് ഇടുന്നത് മനുഷ്യരുടെ വിവരകേട്‌ എന്നുഅല്ലാതെ മറ്റു ഒന്നും പറയാന്‍ ഇല്ല.ബുദ്ധി ഉള്ളവര്‍ election നു നില്‍കാന്‍ ആഗ്രഹം ഉണ്ടങ്കില്‍ ഗസ്റ്റില്‍ കൊടുത്തു പേര് മാറ്റുക .ഇന്നി ആരെങ്കിലും കുട്ടികള്‍ക്ക് പേര് ഇടുന്ന സമയത്ത് വിത്യസ്ത പേര് ഇടാന്‍ നോകുക ,ഭാവിയില്‍ അത് പ്രയോജനം ചെയ്യും :)

ആല്‍കെമിസ്റ്റ് said...

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പലപ്പോഴും അപരന്മാര്‍ക്ക് വോട്ട് അറിഞ്ഞോ അറിയാതെയോ വോട്ടിടുന്നതും ഒരു ബുദ്ധിപരമായ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ് .

മുമ്പു ചാനലുകളില്‍ , പ്രധാനമായും ദൂരദര്‍ശനില്‍ തന്നെ - ഒരു ഗവണ്മെന്റ് സ്പോണ്‍സേഡ് പരസ്യമുണ്ടാവാറുണ്ട് - വോട്ട് ചെയ്യാത്തവരൊക്കെ ഇഡിയറ്റ് എന്നു പറഞ്ഞു കൊണ്ടു .വോട്ടു ചെയ്യുന്നതും വോട്ട് ചെയ്യാതിരിക്കുന്നതും മൌലികാവകാശമാണെന്നിരിക്കെ പരസ്യമായി ഇഡിയറ്റെന്നു വിളിക്കുന്നതിന് മാനനഷ്ടത്തിന് കേസ് കൊടുക്കാവുന്നതാണ് - സുകുമാര്‍ അഴീക്കോടാണെങ്കില്‍ കൊടുത്തെനെ :)

രാജി വെക്കുന്നത് ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണെങ്കില്‍ വോട്ട് ചെയ്യാതിരിക്കുന്നതും അസാധു വോട്ടൂ ചെയ്യുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് .

ആല്‍കെമിസ്റ്റ് said...

പലപ്പോഴും വോട്ടിങ്ങ് എന്നു പറയുന്നത് ഒരു ഹോബ്സണ്‍ ചോയ്സായി മാറുകയാണ് പതിവ്. എനിക്കു വോട്ടു ചെയ്യാന്‍ സാധിക്കുമായിരുന്നെങ്കില്‍ ഞാന്‍ ഏതെങ്കിലും അപരന് വോട്ടു ചെയ്തെനെ..ചുരുങ്ങിയത് എനിക്കിഷ്ടമില്ലാത്ത ഒരാളിന്റെ ഭൂരിപക്ഷം കുറക്കാനെങ്കിലും കഴിഞ്ഞെനെ