March 13, 2011

'ആധികാരികത'യുടെ മന്തുകാല്ബിരുദ പഠനകാലത്ത് ചമ്പൂക്കളെക്കുറിച്ച് കൂടുതലറിയാൻ ഒരു അദ്ധ്യാപകൻ നിർദ്ദേശിച്ചതനുസരിച്ച് അക്കാര്യത്തിൽ കൂടുതൽ അറിവുള്ള- ഡോക്ടറേറ്റുള്ള - മറഞ്ഞിരുന്ന ചില മധ്യകാല ചമ്പൂക്കൾ കണ്ടെത്തി പഠനത്തോടെ പ്രസിദ്ധീകരിച്ച ഒരു പണ്ഡിതനെ കാണാൻ പോയ ഒരനുഭവമുണ്ട്. ഒറ്റവാചകത്തിലൂടെ അയാൾ ഞങ്ങളെ നിരാശരാക്കി. ‘ലൈബ്രറിയിൽ പുസ്തകങ്ങൾ കാണൂം ചെന്നെടുത്ത് വായിച്ചു നോക്ക്’ എന്നായിരുന്നു ഒരു മയവുമില്ലാത്ത മറുപടി. ചമ്പൂക്കൾ മലയാള ബിരുദവിദ്യാർത്ഥിയെ തൊട്ടു നിൽക്കുന്ന വലിയ അസ്വാസ്ഥ്യമൊന്നുമല്ല. കേവല കൌതുകങ്ങൾക്കപ്പുറത്ത് ആ വ്യവഹാരരൂപത്തിനു പ്രസക്തിയില്ല. എന്നിട്ടും തന്റെ ഗവേഷണമേഖലയായിരുന്ന ചമ്പൂക്കളെപ്പറ്റി അറിയാൻ വന്ന കുറച്ചു വിദ്യാർത്ഥികളോട് ഒരു പ്രചോദപരമായ ഒരു വാക്യം പോലും പറയാൻ കഴിയാത്ത അദ്ധ്യാപകൻ, ‘ആർക്കിടൈപ്പ് ’ പോലെയുള്ള ഒരു മാതൃകയാണെന്ന് തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നു. ഏറിയും കുറഞ്ഞും ഈ മനുഷ്യന്റെ പ്രതിരൂപത്തെ ഒരുപാട് ആളുകളിൽ ഒരു പക്ഷേ നമ്മിൽ തന്നെ കാണുക അസാദ്ധ്യമായ കാര്യമല്ല. അറിഞ്ഞോ അറിയാതെയോ നമ്മുടെ പരപുച്ഛങ്ങളിൽ ചില സമയം കടന്നു കയറി ചുരുണ്ടിരിക്കാറുണ്ടിയാൾ. തനിക്കു പരിചിതമായ മേഖലയിൽ നിന്നുകൊണ്ട് അതറിഞ്ഞുകൂടാത്തവരൊക്കെ വിഡ്ഢികളും വിവരദോഷികളും തിരുമണ്ടന്മാരുമാണെന്ന ഭാവത്തെ പ്രതിനിധീകരിക്കുകയാണ് ഈ ‘ആദിപ്രരൂപ’ത്തിന്റെ മുഖ്യധർമ്മം. രണ്ടു വശമുണ്ട് ഈ ഭാവത്തിന്. ഒന്ന്, മനുഷ്യവിദ്വേഷമാണ്. അന്യഥാ തനിക്കു താത്പര്യമില്ലാത്ത വഹകളുടെ സംശയം തീർത്തുകൊടുക്കാനാനുള്ളയാളാണോ ഈയുള്ളവൻ എന്ന ചിന്ത. രണ്ട്, തനിക്കറിയാവുന്ന കാര്യങ്ങൾ ഒട്ടും അറിയാതെ ഈ പറ്റങ്ങൾ എങ്ങനെ ജീവിക്കുന്നു, കഷ്ടം തന്നെ എന്ന പരപുച്ഛം. പണ്ട് തോനിയിൽ കയറിയിരുന്ന്, വള്ളം ഊന്നുന്നവനു വേദാന്തമറിയാത്തതിനാൽ അവന്റെ ആയുസ്സിന്റെ മുക്കാൽ പങ്കും പാഴായല്ലോ എന്നു പരിതപിച്ച സന്ന്യാസിയിൽ നിന്നും പകർന്നു കിട്ടിയ സ്ഥായിയാണ് ഈ രസം.

കൊമ്പത്തുകയറി സ്വന്തം വാലു ചുരുട്ടി സിംഹാസനമാക്കി വച്ച് ചടഞ്ഞുകൂടുന്ന ഇയാൾക്ക് സാധാരണ ജീവിതത്തിൽ വല്ല സാംഗത്യവുമുണ്ടോ? ഉണ്ടായിരുന്നു. അറിവിന്റെ കുത്തകാവകാശം സ്വന്തമാക്കിയ ഒരാളുടെ കാലുപിടിച്ചും ശുശ്രൂഷിച്ചും മാത്രം നേടിയെടുക്കാവുന്നതായി ജ്ഞാനം നിലനിന്ന കാലത്ത്. അന്ന് കാഴ്ചകളും കാഴ്ചപ്പാടുകളും ഏകശിലാമുഖമായിരിക്കേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ട് അയാൾ, ചോദ്യമില്ലാതെ സ്വന്തം ജീവൻ നൽകാനും അമ്മയുടെ പോലും ശിരസു മുറിക്കാനും വിരലറുക്കാനും ഉമിത്തീയിൽ ദഹിക്കാനും തക്കം പോലെ കുട്ടികളെ പഠിപ്പിച്ചുപോന്നു. വിദ്യാഭ്യാസം കൂടുതൽ ആഴത്തിലുള്ള വർത്തനങ്ങളിലൂടെ പടരുന്നതുകൊണ്ടായിരിക്കും മാറിയ സാമൂഹികവ്യവസ്ഥയിലും മേൽ‌പ്പടിയാന്മാരായ ഗുരുക്കളുടെ ഛായ നിറപ്പകിട്ടോടെ ഇന്നും നില നിൽക്കുന്നുണ്ട്. ടെക്സ്റ്റ് ബുക്കുകൾ ഓരോ കുട്ടിയ്ക്കും കിട്ടി തുടങ്ങിയതോടെ അറിവിന്റെ കേന്ദ്രീകൃതവ്യവസ്ഥ പൊളിഞ്ഞത് അറിയാത്ത വനവാസികളാണ് ഇത്തരക്കാർ എന്ന് വാദിക്കാവുന്നതാണ്. ഇതു വെറും പള്ളിക്കൂട കാര്യം മാത്രമല്ല. സമൂഹം തന്നെയാണ് കലാലയം. ഒരു മുഴുസമയ വിനീത വിധേയൻ പ്രത്യേക അവസരത്തിൽ ഗുരു ചമയുന്നതു കാണാം.

ഈ ഗുരുവാണ് പലപ്പോഴും നമ്മെ വിവരം കെട്ടവൻ എന്നു വിളിച്ച് അവഹേളിക്കുന്നത്. (അല്ലെങ്കിൽ തിരിച്ച് നമുക്കുള്ളിലിരുന്ന് മറ്റുള്ളവരെ അങ്ങനെ വിളിച്ച് സാഫല്യം അടയുന്നത്) വാചകങ്ങൾക്കു മാത്രമേ ഭേദമുള്ളൂ.. ഭാവം ചിരപുരാതനമാണ്. ‘മുറിവൈദ്യൻ ആളെക്കൊല്ലും’ എന്ന പഴഞ്ചൊല്ലിലെ ‘മുറി’ തീരുമാനിക്കുന്നത് ഇയാളാണ്. ഏതു പുസ്തകം നോക്കി ഒരാൾ എന്തു പറയണം എന്നു തീരുമാനിക്കുന്നത് ഇയാളാണ്. ഒരു ഉദ്ധരണിയോ വാക്യമോ എടുത്തുപറഞ്ഞാൽ സന്ദർഭത്തിൽ അതിന്റെ സാംഗത്യം അന്വേഷിക്കുന്നതിനേക്കാൾ ഇയാൾ സംത്രാസപ്പെടുന്നത് പ്രസ്തുതവ്യക്തി ആ പുസ്തകം മുഴുവൻ വായിച്ച ആളാണോ എന്നറിയാനായിരിക്കും. ഒരു പുസ്തകത്തിനു മുഴുവനായി ഒരു നിലനിൽ‌പ്പുമില്ലെന്നും അതു ചെന്നു കയറുന്നത് മുന്നേ ഒരുക്കിയിട്ടിരിക്കുന്ന ഒരു മാനസിക- സാംസ്കാരിക അന്തരീക്ഷത്തിലേയ്ക്കാണെന്നും അതു മുഴുവൻ വലിച്ചൂറ്റിക്കളഞ്ഞുകൊണ്ട് ഒരു പുസ്തകത്തിനു മാത്രമായവിടെ നിലനിൽ‌പ്പ് സാദ്ധ്യമല്ലെന്നും ഇയാൾ അറിയാനുള്ള സാദ്ധ്യത വിരളമാണ്. അതുകൊണ്ട് പുസ്തകങ്ങളെ ചൂണ്ടുകയല്ല, മറിച്ച് തനിക്കു മൂല്യവത്തായി തോന്നുന്ന മാനസികാവസ്ഥ മറ്റൊരാളിലും സൃഷ്ടിച്ചുകൊണ്ട് ഒരു വാർപ്പ് മാതൃകയ്ക്കാണ് ഇയാൾ ഉദ്യമിക്കുന്നതെന്ന കാര്യം അയാൾക്കറിയില്ലെങ്കിലും നമുക്കറിയാൻ പറ്റേണ്ടതാണ്. പതിനായിരത്തോളം വാക്കുകളുള്ള ഒരു പുസ്തകത്തിലെ ആശയം എത്രത്തോളം നാം ഗ്രഹിക്കും എന്നും അതിൽ എത്രത്തോളം നമുക്ക് തിരിച്ചുപറയാൻ പറ്റുമെന്നും മുൻപു തന്നെ രൂപപ്പെട്ടിരിക്കുന്ന ആശയഗതികൾ അതിൽ എത്രമാത്രം മാറ്റങ്ങൾ വരുത്തുമെന്നും കാലം അതിൽനിന്ന് എന്തൊക്കെ മാറ്റി വയ്ക്കുമെന്നും തിരിച്ചറിഞ്ഞാൽ മാത്രമേ പേപ്പർ തുണ്ടോ ഉദ്ധരണികളോ ബ്ലർബോ നിരൂപണമോ വാചകമേളയോ പങ്കുവയ്ക്കുന്ന അറിവിന്റെ രണ്ടാം കിടസ്ഥാനത്തെക്കുറിച്ച് ആധികാരികതയെ കൂട്ടുപിടിച്ചുള്ള വേവലാതിയ്ക്ക് അടിസ്ഥാനമുള്ളൂ. ( മറ്റൊരാളിന്റെ അറിവിന്റെ ആധികാരികതയെക്കുറിച്ച് ആധിപ്പെടുന്ന മുമുക്ഷുക്കളെക്കുറിച്ച് വി സി ശ്രീജന്റെ ഒരു ലേഖനമുണ്ട് ) അല്ലെങ്കിൽ തന്നെ അയാളുടെ ഉത്കണ്ഠ അയാളുടെ മാത്രമായ മാനസികപ്രശ്നത്തെയാണ് -അപകർഷത്തെയാണ് -കുടപിടിച്ച് പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നത്. ഏതറിവും പങ്കുവയ്ക്കപ്പെടാനുള്ളതാണെങ്കിൽ അതു കൂട്ടിച്ചേർക്കപ്പെടാനും തിരുത്താനും മായ്ച്ചുകളയാനും പകരം വയ്ക്കാനും ഉള്ളതും കൂടിയാണ്. അതിനു തരതമഭേദങ്ങളുണ്ടാവുന്നത് പഴയ ഗുരു ഉള്ളിൽ സിമന്റിട്ട് ഇരിപ്പുറപ്പിച്ചിരിക്കുന്നതുകൊണ്ടാണ്. അയാളെ കളയുക എളുപ്പമല്ല. കാരണം അയാൾ വിചാരിക്കുന്നത് നാലു പഴുതുമടച്ച ആധികാരികമായ അറിവുമാത്രമാണ് അറിവെന്നാണ്. ‘ പക്വതവരാതെ പറക്കരുത് ’ എന്നാണ് കെ ജി ശങ്കരപ്പിള്ളയുടെ കവിത, ‘തിരസ്കാര’ത്തിലെ ഗുരു കാക്കക്കുഞ്ഞിനെയും കോഴിക്കുഞ്ഞിനെയും ഉപദേശിക്കുന്നത്. ഗുരുവിന്റെ വാക്കുകൾക്ക് ശവപ്പെട്ടിയുടെ (അതിൽ ഉളുത്തുകിടക്കുന്ന ആശയമാണ്, അപ്പോൾ ശവം) ആകൃതിയെന്നും പറഞ്ഞ് തള്ളിയിട്ടാണ് കാക്ക കനികളുടെ പുതുമയിലേയ്ക്കും എച്ചിലിന്റെ പഴമയിലേയ്ക്കും വെയിലിന്റെ ദൂരത്തിലേയ്ക്കും മഴയുടെ പൊക്കത്തിലേയ്ക്കും പറക്കുന്നത്. ഒറ്റയ്ക്ക്.

ബോധായനന്റെ ‘ഭഗവദ്ദജ്ജുകം‘ നാടകത്തിൽ ശാണ്ഡില്യൻ എന്ന ശിഷ്യൻ, പിച്ചക്കാരനും പട്ടിണിക്കാരനുമായ ഊശാന്താടിക്കാരൻ ഗുരുവിനെ കണക്കിനു ചീത്തവിളിക്കുന്നുണ്ട്. അതുകൊണ്ട് ആ സംസ്കൃതനാടകത്തിനു പ്രഹസനങ്ങൾക്കിടയിലാണ് സ്ഥാനം. കൂടുവിട്ടു കൂടുമാറാനുള്ള വിദ്യ കണ്ടങ്കിലും ശിഷ്യൻ തെറ്റു തിരുത്തി സമസ്താപരാധവും ഏറ്റു പറഞ്ഞ് ഗുരുഅനുസാരിയായി മാറിക്കാണാനുള്ള സാധ്യത നാടകത്തിന്റെ അവസാനമുണ്ട്. അതാണ് ഗുരുവിന്റെ പത്തൊൻപതാമത്തെ വിദ്യ. എയ്തുവിട്ടാൽ വീഴുന്നിടത്ത് പതിനെട്ടു വർഷം പുല്ലുപോലും കുരുക്കാത്ത ബ്രഹ്മാസ്ത്രം അല്ലെങ്കിൽ ആനമയക്കി അരിങ്ങോടരെ പുഷ്പം പോലെ വീഴ്ത്തുന്ന പൂഴിക്കടകൻ. അതാണ് ആധികാരികമായ ജ്ഞാനം. ‘ആധികാരികത’ നല്ലത്. പക്ഷേ അതുറപ്പാക്കിക്കൊടുക്കുന്ന കരാറുകളേതെന്ന ചോദ്യം ഇടയ്ക്കെങ്കിലും ഉയരേണ്ടതാകുന്നു. എന്നാലും അത് വരും വരും എന്ന പ്രതീക്ഷയിൽ ഇരുന്ന് മുട്ടുകളിൽ നീരിറങ്ങിയാൽ പിന്നെ നടക്കാതെ കഴിയാം. നിറകുടം തുളുമ്പുകയില്ലെന്ന പഴഞ്ചൊല്ലിലേയ്ക്ക് നോക്കിയാൽ വാമൂടിയ വിധേയത്വം കൊഴുത്തുരുണ്ടും ചുവന്നും ഇരിക്കുന്നതുകാണാം. മൌനം സ്വർണ്ണമാണെന്നാണ് സായ്പ്പവർകളും പറയുക. കരയാത്ത കുഞ്ഞിനാണിപ്പോൾ പാലും മുട്ടയും. തള്ളവിരൽ ദക്ഷിണയാക്കിയ ഏകലവ്യന്റെയും ഉമിത്തീയിൽ നീറിയൊടുങ്ങിയ സുകുമാരന്റെയും അച്ഛന്റെ നിർദ്ദേശം പാലിക്കാൻ കപ്പൽ തട്ടിൽ അനങ്ങാതെ നിന്ന് എരിഞ്ഞു ചത്ത കാസാബിയൻ‌കായുടെയും കഥകൾക്കൊപ്പം ഓർമ്മിക്കേണ്ട ഒരു കഥയുണ്ട്. ഗുരുവിന്റെ കാലു തടവിക്കൊണ്ടിരുന്ന രണ്ടു ചിമിട്ടൻമാരുടെയാണ്. ഗുരു ശുശ്രൂഷക്കു വേണ്ടി കാലുകൾ ശിഷ്യന്മാർക്ക് പകുത്തു നൽകിയിരുന്നു. ഒരിക്കൽ വലതുകാലിൽ വന്നിരുന്ന കൊതുകിനായി ഒരുത്തൻ കൊട്ടുവടി ആഞ്ഞു പ്രയോഗിച്ചു. കൊതുകു പറന്നുപോയി. പക്ഷേ ഗുരുവിന്റെ വലതുകാലു തകർന്നു. ഇടതുകാലിന്റെ മുതലുപിടിക്കാരൻ ചിണ്ടനു ഇതു കണ്ട് സഹിച്ചില്ല. കൊതുകിനെ നിമിത്തമാക്കാതെ തന്നെ അവൻ ഗുരുവിന്റെ ഇടതുകാലും അടിച്ചു തകർത്തു. തമാശക്കഥയാണ്. ഇത്തരം സാധനങ്ങൾ പത്തു രൂപയ്ക്ക് മൂന്നാണ്. പ്രാമാണികജ്ഞാനത്തിന്റെ മന്തുകാലു പൊളിഞ്ഞ കഥയ്ക്ക് ഗൌരവമില്ല. അതുകൊണ്ട് ആധികാരികതയും ഇല്ല.

3 comments:

Calicocentric കാലിക്കോസെന്‍ട്രിക് said...

പോയി പുസ്തകമെടുത്തു വായിക്കെടോ എന്നു പറഞ്ഞ ആ വാധ്യാരാണ് വാധ്യാര്‍. മറ്റവന്‍ ഉപസ്ഥത്തിലിരുത്തുന്ന pervert ഉം.

cALviN::കാല്‍‌വിന്‍ said...

കാലിക്കോസെണ്ട്രിക്കിന്റെ കമന്റിനടിയിൽ ഒരു +1.

:)

ഡി.യേശുദാസ് said...

ആധികാരികതയെ വിചാരണ ചെയ്യുന്നത് ആധികാരികമാക്കാൻ ശ്രമിച്ചിട്ടുണ്ട്