January 23, 2011

ശരീരവും ഒരു തരം പ്രസ്താവനയാണ്അയിത്തത്തെക്കുറിച്ചുള്ള പരമ്പരാഗതമായ വീക്ഷണം പങ്കു വയ്ക്കുന്ന ഒരു നാടോടി കഥ ഇങ്ങനെയാണ് : ഒരു കാക്കയ്ക്ക് കുരുവിയുടെ കുഞ്ഞുങ്ങളെ തിന്നാൻ കൊതി തോന്നി. കാക്ക നേരെ കുരുവിയുടെ വീട്ടിലെത്തി ആഗ്രഹം അറിയിച്ചു. കാക്ക ശക്തനാണ്. നേരിട്ട് പോരാടുക അസാദ്ധ്യം. അതുകൊണ്ട് കുരുവി അല്പനേരം ചിന്തിച്ചു. എന്നിട്ട് സൌ‌മ്യനായി പറഞ്ഞു. “ കാക്കേ, നീ അയിത്തജാതിക്കാരനായ ഒരു മഹർ ആണെന്ന് നിനക്ക് അറിയാമല്ലോ. ഞാൻ ഒരു ബ്രാഹ്മണകുലജാതയും. അതുകൊണ്ട് കുളിച്ച് കൊക്കും കഴുകി വന്ന് എന്റെ കുഞ്ഞുങ്ങളെ തിന്നോളൂ.”. കുരുവിയുടെ വാദം ന്യായമാണല്ലോ എന്നോർത്ത് കാക്ക കുളിക്കാൻ നദിയിലേയ്ക്ക് പോയി. പക്ഷേ മുങ്ങാൻ നദി അനുവദിച്ചില്ല. നദിക്ക് അയിത്തം വരും. അതുകൊണ്ട് ഒരു കുടം കൊണ്ടു വന്ന് വെള്ളമെടുത്ത് അതിൽ കുളിച്ചോളാനായിരുന്നു നദിയുടെ ഉപദേശം. കുടം നൽകേണ്ട കുശവൻ ആവശ്യമായ മണ്ണു കൊണ്ടു വന്നാലേ കുടം പണിക്കുറ തീർത്ത് നൽകുകയുള്ളൂ എന്ന് അടം പിടിച്ചു. കാക്ക വരമ്പത്തും നിലത്തും ഒക്കെ ചെന്നിരുന്ന് മണ്ണ് കുത്തിയിളക്കാൻ നോക്കിയിട്ട് നടക്കുന്നില്ല. ഒരു കൊമ്പുകിട്ടിയിരുന്നെങ്കിൽ സംഗതി എളുപ്പമാവും. അവൻ മാനിന്റെ അടുത്ത് ചെന്ന് ശാഖകൾ തിടം വച്ച് വിലസുന്ന കൊമ്പുകൾക്കായി യാചിച്ചു. മാൻ പറഞ്ഞു. “എന്റെ കൊമ്പ് അങ്ങനെ വെറുതെ ഒടിയില്ല. കൊമ്പിടാൻ ബലമാണ്. ഒരു പട്ടിയുമായി പോരാടാനുള്ള ഏർപ്പാട് ചെയ്താൽ ഒരു പക്ഷേ നിനക്ക് കൊമ്പ് കിട്ടും.” കാക്ക പറഞ്ഞ കാര്യം കേട്ടയുടൻ പട്ടി തലകുലുക്കി. പക്ഷേ ഒരു വ്യവസ്ഥ. മാനിനെ എറിയാൻ ഒരു ഇരുമ്പുണ്ട സംഘടിപ്പിക്കണം. കാക്ക കൊല്ലന്റെ നേർക്ക് പറന്നു. അയാൾ ഇരുമ്പുണ്ട നൽകിയാലേ പട്ടിയ്ക്ക് മാനിനെ എറിയാനാവൂ. എങ്കിലേ മാനിന് കൊമ്പു നൽകാനാവൂ. എങ്കിലേ മണ്ണിളക്കാനാവൂ. എങ്കിലേ കുശവന് കുടം നൽകാനാവൂ, എങ്കിലേ നദിക്ക് വെള്ളം കൊടുക്കാനാവൂ. എങ്കിലേ കുളിച്ച് കൊക്കും വൃത്തിയാക്കി കാക്കയ്ക്ക് കുരുവിയുടെ കുഞ്ഞുങ്ങളെ തിന്നാനാവൂ..കൊല്ലന് അവതകളൊന്നും ഉണ്ടായില്ല. ഇരുമ്പ് ആലയിൽ വച്ച് പഴുപ്പിച്ച് ഒരുണ്ട ഉണ്ടാക്കി അപ്പോൾ തന്നെ കൊല്ലൻ കാക്കയ്ക്ക് നൽകി. അതു കൊത്തിയ ഉടൻ കാക്ക പൊള്ളലേറ്റ് ചത്തു. കുരുവിയും കുഞ്ഞുങ്ങളും അങ്ങനെ രക്ഷപ്പെട്ടു!

കുരുവിയെ രക്ഷിച്ചത് കുരുവിയുടെ സൂത്രശാലിത്വം മാത്രമല്ല. വിധിയ്ക്ക് അതിൽ കാര്യമായ പങ്കുണ്ട് എന്നാണ് കഥ പറയുന്നത്. കറുത്ത് അശുഭകാരിയായി, എച്ചിൽ തിന്ന്, അലഞ്ഞു തിരിയുന്ന കാക്കയ്ക്ക്, അവളുടെ ആശാസ്യമല്ലാത്ത കൊതിയ്ക്കു - (കൊക്കിലൊതുങ്ങാത്തതു കൊത്തരുത് എന്നല്ലേ പറയുക?) ലഭിച്ച ശിക്ഷയാണ് മരണം. കുരുവിക്കുഞ്ഞുങ്ങൾ രക്ഷപ്പെട്ടതിൽ ബാലമനസ്സുകൾ ആശ്വസിക്കുന്നിടത്താണ് കഥയുടെ ‘പരിണാമ ഗുസ്തി’ മപ്പ് അടിക്കുന്നത്. തൊട്ടു കൂടായ്മയെ കുറിച്ചുള്ള സാംസ്കാരിക വീക്ഷണം ബാലമനസ്സുകളിലേയ്ക്ക് പകരാൻ ഉദ്ദേശിച്ചുള്ളതാണ് കഥ. പക്ഷേ മാറി നിന്നു നോക്കിയാൽ കാക്ക, ജാതിക്കോയ്മയെ നിഷേധിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടൊരു രക്തസാക്ഷിയാണ്. താൻ ‘ബ്രാഹ്മണി’യാണെന്ന് കുരുവി കഥയിൽ എടുത്തു പറയുന്നുണ്ട്. കുരുവിക്ക് നേരിട്ട് തോത്പിക്കാൻ പറ്റാത്ത വിധം കാക്ക ശക്തയാണെങ്കിലും അതിനെ അസ്തപ്രജ്ഞമാക്കുന്ന, അതിനേക്കാൾ ശക്തമായൊരു വ്യവസ്ഥ പ്രവർത്തിക്കുന്നുണ്ടെന്നും അതിന്റെ ഇരയാവുകയല്ലാതെ മറ്റൊരു മാർഗവും കാക്കയ്ക്കു മുന്നിൽ അവശേഷിക്കുന്നില്ലെന്നും പുഞ്ചിരിച്ചുകൊണ്ട് കഥ പറഞ്ഞു തരുന്നു. അതുകൊണ്ട് കുരുവിയ്ക്ക് വെറുതേ വഴി ചൂണ്ടിക്കൊടുക്കുന്ന പണി മാത്രമേയുള്ളൂ. വിപ്ലവത്തിന്റെ സന്തതികൾ സ്വയം നാശത്തിലേയ്ക്ക് നടന്നു പൊയ്ക്കൊള്ളും.

കഥയിൽ കാക്കയുടെ ‘ജാതി’യെ ഉറപ്പാക്കുന്ന ഘടകം അതിന്റെ നിറവും ഉച്ചിഷ്ടങ്ങളും മാലിന്യങ്ങളുമായി അതിനുള്ള അഗാധമായ ബന്ധവുമാണ്. (ചീത്തകൾ കൊത്തി വലിക്കുകിലും...) ശുദ്ധാശുദ്ധങ്ങൾ തമ്മിലുള്ള വൈപരീത്യമാണ് ജാതിയുടെ അനുഭവത്തെ മൂർത്തവും സവിശേഷവുമാക്കുന്നത്. ഇന്നും. ജാതിക്കിടയിലെ വിഭാഗങ്ങൾ ഓരോന്നും തനിക്ക് മേലേയുള്ളതും തന്നിൽ ചെറുതും നിശ്ചയിച്ച് അയിത്താചരണങ്ങൾ നിർവഹിച്ചുകൊണ്ടാണ് സമൂഹത്തിൽ തങ്ങളുടെ നില ഉറപ്പിച്ചത്. അശുദ്ധികളുടെ തരതമഭേദങ്ങൾ ഉച്ചിഷ്ടങ്ങളും മാലിന്യങ്ങളുമായുള്ള ശവങ്ങളുമായുള്ള വ്യവഹാരത്തിൽ നിന്ന് ഉരുവായി പല ദിശകളിലേയ്ക്ക് ശാഖകൾ നീട്ടി തിടം വച്ചു വളർന്നതാണ്. ഇന്ത്യൻ സമൂഹത്തിന്റെ അടിത്തറകളെ ചരിത്രപരമായി അതു രൂപപ്പെടുത്തുമ്പോഴും അതിൽ സാമ്പത്തികകാര്യങ്ങൾ ഇഴയടുപ്പത്തോടേ കൂടിച്ചേരുമ്പോഴും (ഗെയ്‌ൽ ഓംവെദ്) അശുദ്ധിയെ സംബന്ധിക്കുന്ന ഭയാശങ്കകളുടെ മനശ്ശാസ്ത്രം അതിൽ ക്ഷീണമില്ലാതെ പ്രവർത്തിച്ചു വരുന്നുണ്ട്. ശുദ്ധം ചെയ്യുന്ന ഇടതു കൈയേയും ‘ചീത്ത’ യായി പരിഗണിക്കുന്നതിന്റെ സാമൂഹിക പ്രയോഗമാണ് അതിൽ. കുമാരനാശാന്റെ മാതംഗി ‘ഗ്രാമത്തിൻ പുറത്തിങ്ങു വസിക്കുന്ന ചാമർ നായകന്റെ കിടാത്തി’യായിരുന്നു. നഗരമാലിന്യങ്ങൾ ചുമക്കേണ്ടി വരുന്ന ഗ്രാമം പോലും പുറത്തു തള്ളിയ പുറമ്പോക്കു ജീവിതം ഉച്ചിഷ്ടത്തിന്റെയും ഉച്ചിഷ്ടമാണ്. മൃതദേഹങ്ങളുമായുള്ള ബന്ധമാണ് മറ്റൊരു അയിത്തം. ജീവിതം, തിന്നു കഴിഞ്ഞ് വേണ്ടാതെ അവശേഷിപ്പിക്കുന്നതാണ് ചത്തശരീരങ്ങൾ എന്നുള്ളതുകൊണ്ട് അതും ഉച്ചിഷ്ടമാണ്. ജാതിയുടെ വിശാലഭൂമികയിൽ എച്ചിൽ എന്ന രൂപകത്തിന്റെ സാമൂഹികവും മനശ്ശാസ്ത്രപരവുമായ വ്യാപ്തി അപാരമാണ്. അത് ഇരയെ പൊതുദൃഷ്ടിയിൽ ബാഹ്യമായും ആന്തരികമായും ‘അധികം വന്നത്’ആക്കി നിലനിർത്തുന്നു. സ്വയമേവ അങ്ങനെയല്ലാതെ ചിന്തിക്കാൻ കഴിവില്ലാത്തവരാക്കി മാറ്റുകയും ചെയ്യുന്നു. പുറത്തുകളയുന്ന വസ്തുക്കളുമായി കെട്ടിയിട്ടുകൊണ്ട് പുറത്തു തന്നെ നിറുത്തേണ്ടുന്ന ഒരു വർഗത്തെ വാർത്തെടുക്കുകയും നിലനിർത്തുകയും ചെയ്യുന്ന പണിക്കുറ തീർന്ന ഒരു വ്യവസ്ഥയാണ് ജാതിയുടേത്. അതിന്റെ ഉൽ‌പ്പന്നത്തിന് അതിന്റെ നിർമ്മാണപ്രക്രിയയുടെ മുഴുവൻ സമ്മർദ്ദവും വഹിക്കേണ്ടി വരുമെന്ന ദാരുണത അതിനകത്തുണ്ട്.

1933 മെയ് മാസത്തിൽ ഗാന്ധിജി നടത്തിയ നിരാഹാര സമരത്തിനിടയിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് മഹാദേവ ദേശായി ‘ഹരിജനിൽ’ എഴുതിയ കാര്യം ഡി ആർ നാഗരാജ് ‘ജ്വലിക്കുന്ന പാദങ്ങളിൽ’ എഴുതുന്നുണ്ട്. മെയ് എട്ടാം തീയതി സന്ധ്യയ്ക്ക് 6 മണിക്ക്, മണിക്കൂറുകളോളം കാത്തു നിന്ന് ഒടുവിൽ ഒരു ഹരിജൻ ബാലൻ ഗാന്ധിജിയെ കാണാനെത്തി. ഒരു സ്കോളർഷിപ്പ് ലഭിക്കുന്നതിന് ഗാന്ധിജിയുടെ സഹായം അവനു വേണം. കൊണ്ടുവന്ന പൂക്കൾ കൊണ്ട് ഗാന്ധിജിയുടെ പാദങ്ങൾ മൂടി തനിക്ക് അദ്ദേഹത്തിൽ മാത്രമേ വിശ്വാസമുള്ളൂ എന്നവൻ പറഞ്ഞു. ഗാന്ധിജി മറുവാദം കൊണ്ട് അവന്റെ അഭിപ്രായത്തെ മടക്കി. ‘തന്നെ ചുറ്റി നിൽക്കുന്നവരൊക്കെ വിശ്വാസിക്കാൻ കൊള്ളാത്തവരാണെന്ന് അവൻ വിശ്വസിക്കുന്നുണ്ടെങ്കിൽ അവരിൽ വച്ച് ഏറ്റവും കൊള്ളരുതാത്തവൻ താനാണ്‘. ഗാന്ധിജി പറഞ്ഞു. “നീ എന്നെയും വിശ്വസിക്കാതിരിക്കുകയാണ് നല്ലത്.” അതോടെ പ്രതീക്ഷ നശിച്ച് അവൻ കരയാൻ തുടങ്ങി. മരണം വരെയുള്ള നിരാഹാരം ഗാന്ധിജിയുടെ ജീവനെടുക്കും. ചുറ്റുപാടുമുള്ളവർ സത്യസന്ധരല്ലെന്ന് അദ്ദേഹം തന്നെ പറയുകയും ചെയ്യുന്നു. ഗാന്ധിജി പറഞ്ഞു. ‘നീയെന്തിനാണ് അങ്ങനെ വിചാരിക്കുന്നത്. ഞാൻ മരിക്കുകയൊന്നുമില്ല. നമുക്കൊരു ഉടമ്പടിയിൽ എത്താം. വരുന്ന 29-നു നീ മധുര നാരങ്ങയുമായി വരിക. അതിന്റെ നീരു കഴിച്ച് ഞാൻ ഉപവാസം അവസാനിപ്പിക്കാം. അതിനു ശേഷം നിന്റെ സ്കോളർഷിപ്പിനെപ്പറ്റി സംസാരിക്കാം.’

ഗാന്ധിജിയുടെ നിരാഹാരം അയിത്തത്തിന്റെ പ്രശ്നത്തെ മുൻനിർത്തിയായിരുന്നു. അതവസാനിക്കാൻ പോകുന്നത് ഹരിജൻ ബാലൻ തന്നെ നൽകുന്ന മധുരനാരങ്ങാനീരിനാൽ. സംഭവത്തിനു വാർത്താപ്രാധാന്യമുണ്ട്. പക്ഷേ വരാമെന്ന് വാക്കു നൽകി പോയ ബാലൻ മടങ്ങി വന്നില്ല. അവന്റെ വിലാസം സന്ദർശന ദിവസം വാങ്ങി വയ്ക്കാൻ സെക്രട്ടറിയായ ദേശായി മറന്നു പോയിരുന്നു. ലേഡി താക്കർസേ കൊടുത്ത നാരങ്ങനീരു കുടിച്ച് ഗാന്ധിജി ഉപവാസം അവസാനിപ്പിച്ചു. ജൂൺ ഒന്നാം തീയതി മഹാദേവ ദേശായിയ്ക്ക് ഒരു കത്തു ലഭിച്ചു. അത് ആ ബാലൻ എഴുതിയതായിരുന്നു. പറഞ്ഞ ദിവസം താൻ വന്നിരുന്നു എന്നും അകത്തേയ്ക്കു കടക്കാനുള്ള അനുവാദം ലഭിച്ചില്ലെന്നുമായിരുന്നു കത്തിൽ. ദേശായിയുടെ നിർദ്ദേശപ്രകാരം മറ്റൊരു ദിവസം വന്ന്, അന്ന് എന്താണ് സംഭവിച്ചതെന്ന് അവൻ കൂടുതൽ വ്യക്തമാക്കിക്കൊടുത്തു. 29-ആം തീയതി കോളേജ് അവധിയായിരുന്നതിനാൽ അവന് ദൂരെ ഒരിടത്ത് ജോലിയ്ക്കായി പോകേണ്ടതുണ്ടായിരുന്നു. നിരാഹാരം അവസാനിപ്പിക്കേണ്ടുന്ന ഉച്ചസമയത്ത് അവന് അവിടെയെത്താൻ കഴിഞ്ഞില്ല. വൈകുന്നേരം ഓടിക്കിതച്ച് എത്തിയ അവന് അകത്തുകയറാൻ അനുവാദം ലഭിച്ചതുമില്ല. പക്ഷേ യഥാർത്ഥകാരണമെന്തായിരുന്നു എന്നതിന് മഹാദേവദേശായിയുടെ വക വിശദീകരണമുണ്ട്. നിരാഹാരം നടക്കുന്ന ദിവസങ്ങളിൽ പലപ്പോഴും അവൻ അവിടെ വന്നും പോയുമിരുന്നു. എന്നാൽ അവസാനദിവസമായപ്പോഴേയ്ക്കും അവന്റെ ധൈര്യമെല്ലാം ചോർന്നു. പ്രധാന ചടങ്ങിൽ വളരെ പ്രധാനപ്പെട്ട വ്യക്തിയായി പങ്കെടുക്കാനുള്ള യോഗ്യത നിസ്സാരനായ തനിക്കില്ലെന്ന് അവനു തോന്നി. വിഭവസ‌മൃദ്ധമായ ഇലയിൽ വിളമ്പാൻ എച്ചിലിനു അർഹതയുണ്ടോ? താൻ കൊടുക്കുന്ന നാരങ്ങനീരുകൊണ്ട് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചാൽ തനിക്കു കിട്ടുന്ന മാധ്യമശ്രദ്ധ തന്റെ കൂട്ടുകാരുടെ മനസ്സിൽ അസൂയ വളർത്തുമെന്നും അതോടെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചെറിയ ഭാഗ്യങ്ങൾ ഇല്ലാതാവുമെന്നും അവൻ ഭയന്നു. അനർഹമായ തരത്തിൽ സ്വയം നിന്ദയുടെ വികാരം അവനിൽ വളരുകയായിരുന്നു. അതിന്റെ ഉത്തരവാദിത്തം നമുക്കാണെന്ന് പറഞ്ഞ് മഹാദേവ ദേശായി ലേഖനം അവസാനിപ്പിക്കുന്നു.

എന്നാൽ ഈ കഥ വിശദംനായി എടുത്തെഴുതിയിട്ട് ഡി ആർ നാഗരാജ് പറയുന്നത്, കരുത്തിന്റെ അഭാവമായി മഹാദേവ ദേശായി കണ്ട കാര്യം ഒരു പക്ഷേ ഗാന്ധിയൻ പദ്ധതികളോടുള്ള ദളിത് ബാലന്റെ താത്പര്യക്കുറവും ആകാം എന്നാണ്. വിശുദ്ധദയയുടെ പാത്രമാവുക എന്ന അവസ്ഥയിൽ നിന്നാണ് അവൻ ഓടി ഒളിച്ചത്. ഗാന്ധിജിയ്ക്ക് മധുരനാരങ്ങ നീരു നൽകി മാധ്യമശ്രദ്ധയിൽ വരുന്നതിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ച നിമിഷം അവൻ ബാലനിൽ നിന്നുയർന്ന് യുവാവായി പരിണമിക്കുകയായിരുന്നു. ഗാന്ധിജി മാത്രമാണ് വിശ്വസ്തൻ എന്ന വിശ്വാസത്തിൽ നിന്ന്, ഗാന്ധിജി അദ്ദേഹത്തിന്റെ അനുയായികളിൽ നിന്ന് ഒട്ടും വ്യത്യസ്തനാവുക തരമില്ലെന്ന ബോധത്തിലേയ്ക്ക് അവൻ ഉണരുകയായിരുന്നു. നൂറ്റാണ്ടുകളായി നൂലുകളോടി ധാരകൾ തിരിച്ചറിയാൻ വയ്യാത്ത വിധം കലുഷമായ മനോമണ്ഡലത്തിന്റെ സങ്കീർണ്ണതകളെ അതിവൈകാരികമായി മനസ്സിലാക്കുന്നതിൽ പാകപ്പിഴകളുണ്ടെന്ന് സ്ഥാപിക്കുകയാണ് നാഗരാജ് ചെയ്യുന്നത്.

കുരുവിയുടെ കുഞ്ഞുങ്ങളെ തിന്നാൻ കൊതിച്ച കാക്കയെയും വിശുദ്ധമായ ദയതേടി ഗാന്ധിയുടെ അടുക്കലെത്തിയ ബാലനെയും അവരെ രൂപപ്പെടുത്തിയ ചരിത്രപ്രക്രിയകളിൽ നിന്ന് പിഴുത്, അവരെ തുറിച്ചു നോക്കുന്ന വർത്തമാനത്തിന്റെ സാഹചര്യങ്ങളോട് ചേർത്തു വച്ചാൽ കിട്ടുന്ന അർത്ഥം വേറെ വേറേ ആയിരിക്കും. ‘മാടേശ്വരന്റെ ജ്വലിക്കുന്ന പാദങ്ങളെ’ പോലെ കാക്ക എന്ന സാമൂഹിക ചിഹ്നം വിഴുങ്ങിയ ഇരുമ്പുണ്ടയ്ക്ക് അതിന്റെ എല്ലാ കരുത്തോടും ദാഹകശക്തിയോടും കൂടി ബോധോദയത്തിന്റെ അതിശക്തമായ രൂപകമാവാം. തലോടലുകളിൽ നിന്നും മാധ്യമശ്രദ്ധകളിൽ നിന്നുമുള്ള ഒഴിഞ്ഞു പോക്കുകൾക്ക് പുതിയ ദിക്കും സൂര്യനുമാകാം. ചിലപ്പോഴെങ്കിലും. അതുകൊണ്ട് എല്ലാ ദുരന്തങ്ങളും എപ്പോഴും ദുരന്തങ്ങളല്ല. എല്ലാ പിടച്ചിലുകളും എപ്പോഴും പിടച്ചിലുകളല്ല. എല്ലാ ഒഴിഞ്ഞു പോക്കുകളും എപ്പോഴും ഒഴിഞ്ഞു പോക്കുകളല്ല.

പുസ്തകങ്ങൾ :
ഇന്ത്യൻ ജനത ഒരു ഛായാചിത്രം - സുധീർ കാക്കർ, കാതറീന കാക്കർ
ജ്വലിക്കുന്ന പാദങ്ങൾ - ഡി ആർ നാഗരാജ്

5 comments:

vasanthalathika said...

പലപ്പോഴും ചിന്തിക്കാരുന്ടു.ജാതിചിന്ത ഓരോരുത്തരുടെയും ഉള്ളില്‍ വേര്പെടുത്താനാവാതെ കിടപ്പാണ്.അതില്ലെന്നു നാം അഭിനയിക്കുന്നുവെങ്കിലും..ശ്രദ്ധേയമായ അവലോകനം..

Shanavasthazhakath said...

dear,
your writeup is excellent and we have
to be ashamed that now also it is like in olden days only.
Congrats.
Shanavas.
Shanavasthakath@blogspot.com

★ Shine | കുട്ടേട്ടൻ said...

കര്‍മ്മമാണ് ജാതി നിര്‍ണ്ണയിക്കുന്നത്; കര്‍മ്മവും അത് ചെയ്യുന്ന രീതിയും വ്യത്യസ്തമായിരിക്കുവോളം ജാതിയുണ്ടാവും. പക്ഷെ കാലം മാറുമ്പോള്‍ ചില ശൂദ്രര്‍ വൈശ്യരും, ബ്രാഹ്മണരും ആവും...അതുപോലെ വൈശ്യന്‍ കള്ളുകുടിച്ച് ഉള്ളത് കളഞ്ഞുകുളിച്ച് ശൂദ്രനും താഴെയെത്തും. ജാതി ഉണ്ടി/ല്ല.

നമുക്ക്‌ നമ്മെ തിരുത്താം, മറ്റൊന്നിനെ തിരുത്താനാവില്ല. എല്ലാം സ്വകീയം.

Anonymous said...

Nice post

c.v.thankappan said...

നന്നായി അവതരിപ്പിച്ചു.