August 24, 2010

വെളുത്ത കപ്പലുകൾത്രികോണമിതിയിലെ ‘സൈൻ’ എന്ന വാക്കിന്റെ ഉത്പ്പത്തിയുടെ ഇന്ത്യൻ ബന്ധത്തെപ്പറ്റി പറയുന്ന ഹൊവാർഡ് ഈവ്സിനെ (‘ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തിനൊരാമുഖം’) ‘നമ്മുടെ സംസ്കാരം അവരുടെ സംസ്കാരം’ എന്ന ലേഖനത്തിൽ അമർത്യസെൻ എടുത്തെഴുതുന്നുണ്ട്. ബ്രിട്ടീഷുകാരിലൂടെയാണ് സൈൻ ഇന്ത്യയിലെത്തുന്നത്. അഞ്ചാം നൂറ്റാണ്ടിന്റെ ഒടുക്കവും ആറാം നൂറ്റാണ്ടിന്റെ ആദ്യവുമായി ജീവിച്ചിരുന്ന ആര്യഭടൻ സംസ്കൃതത്തിൽ സൈനിന്റെ ആശയം അവതരിപ്പിക്കുകയും അതിനെ ‘ജ്യാ- അർദ്ധ’ എന്നു വിളിക്കുകയും ചെയ്തിരുന്നു. ഈവ്സ് പറയുന്നത് ജ്യാ അർദ്ധയെന്നും (Half Chord) അർദ്ധ ജ്യായെന്നും (Chord Half) വിളിക്കപ്പെട്ടത് ‘ജ്യാ’ ആയി വിനിമയത്തിൽ ചുരുങ്ങി. അറബികൾ ജ്യായിൽ നിന്ന് ജിബാ എന്ന പദമുണ്ടാക്കി. സ്വരാക്ഷരങ്ങളെ ഒഴിവാക്കുന്ന അറബ് രീതിയനുസരിച്ച് അത് ‘ജ്ബ്’ ആയി മാറി. ജ്ബ്’ അർത്ഥമില്ലാത്ത ഒരു വാക്കായതിനാൽ അറബികൾ ആ വാക്കിനെ ‘ജയ്ബ്’ എന്ന് പരിഷ്കരിച്ചു. മലയിടുക്ക് എന്ന് അർത്ഥമുള്ള വാക്കാണ് ജയ്ബ്. ക്രിമോണയിലെ ഖെറാർഡോ ഏ.ഡി 1150 ൽ അറബിയിൽ നിന്നും ആ സാങ്കേതിക പദം വിവർത്തനം ചെയ്തപ്പോൾ ജെയ്ബിനു പകരം അതേ അർത്ഥം വരുന്ന ലാറ്റിൻ പദമായ സൈനസ് ഉപയോഗിച്ചു. അതു പിൽക്കാലത്ത് ‘സൈൻ’ ആയി രൂപപ്പെട്ടു.

അമർത്യസെന്നിനെ ഓറിയന്റിലിസ്റ്റ് പ്രാന്തനായി (അതുവഴി സ്വയവും) അവതരിപ്പിക്കാനല്ല ഈ ഉദാഹരണം എടുത്തെഴുതിയത്. വാക്കിന്റെ നാൾവഴി ചരിത്രത്തിന് മണ്ണിനടിയിൽ പുതഞ്ഞ ചില ഏടുകളുണ്ടാവുമല്ലോ അവയിൽ ചിലത് സഞ്ചരിച്ച വഴികളെപ്പറ്റി തെളിവു തരാൻ പറ്റാത്ത വിധത്തിൽ ജീർണ്ണിച്ചു പോയതായി കാണാം.സാംസ്കാരിക ചരിത്രത്തോടുള്ള ഒരു ബാധ്യത നിറവേറലാണ് അത്തരം കണ്ടെത്തലുകൾ. സെൻ പറയുന്നത് ലോകത്തിലെ ബൌദ്ധിക പുരോഗതിയ്ക്കടിസ്ഥാനമായ പാരമ്പര്യങ്ങളുടെ കലർപ്പ് പുരോഗതിയുടെ ദേശീയ കാഴ്ചപ്പാടിനെ എതിർക്കുന്നുണ്ടെന്നാണ്. ഇന്ത്യൻ അറേബിയൻ യൂറോപ്യൻ ഗണിതശാസ്ത്രങ്ങളുടെ പരസ്പര വിനിമയം ഇന്നത്തെ പാശ്ചാത്യഗണിതശാസ്ത്രത്തിന്റെ വളർച്ചയിൽ വഹിച്ച പങ്കിനാണ് ഇവിടെ ഊന്നൽ. ഇവിടെ നിന്നുകൊണ്ടാണ് സെൻ നവോത്ഥാനത്തിന്റെയും(റിനൈസൻസ്) വ്യവസായ വിപ്ലവത്തിന്റെയും ബോധോദയത്തിന്റെയും (എൻലൈറ്റ്മെന്റ്) കാലം മുതൽക്ക് പാശ്ചാത്യനാട്ടിൽ ഉദയം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന ശാസ്ത്രപുരോഗതി യൂറോപ്പിന്റെയും അമേരിക്കയുടെയും പ്രത്യേക ഉടമസ്ഥതയിലുള്ളതല്ല എന്നു വാദിക്കുന്നത്. അറബികളും ചൈനാക്കാരും ഇന്ത്യക്കാരും ആദ്യകാലങ്ങളിൽ നടത്തിയ ശ്രദ്ധേയമായ ഊർജ്ജം കൊണ്ടവയായിരുന്നു അത്. സമൂഹം ആധുനികമാവുക എന്നതിന്റെ ഒരർത്ഥം ‘ശാസ്ത്രീയമായ’ വീക്ഷണക്കോണുകൾ അവലംബിക്കുക എന്നതാണല്ലോ. ശാസ്ത്ര-സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ സ്വാധീനം ചെലുത്തിയ പുത്തൻ ചിന്താധാരകളെ ഇറക്കുമതി ചെയ്തുകൊണ്ടാണിപ്പോൾ ഇത് സാധ്യമാക്കുന്നത്. അതായത് ആശയങ്ങളുടെ ‘ശാസ്ത്രീയത’ അഥവാ സാധുത നിർണ്ണയിക്കാനുള്ള ശേഷിയും അധികാരവും നമ്മുടെതിനേക്കാൾ ചലനാത്മകം എന്നു നാം തന്നെ കരുതിപ്പോരുന്ന പാശ്ചാത്യസമൂഹങ്ങൾക്ക് നാം കൊടുത്തു വച്ചിരിക്കുകയാണ്. ‘പടിഞ്ഞാറുനോക്കികളെന്നോ’ ‘സാംസ്കാരികസാമന്തരെന്നോ’ ഉള്ള വിളിപ്പേരിന് മൂന്നാം ലോക സമൂഹത്തെ അർഹമാക്കും വിധം ഈ പ്രവണതയ്ക്ക് സാർവത്രികതയുണ്ട്. ഇനി ആധുനികമെന്നോ ഉത്തരാധുനികമെന്നോ വിളിക്കുന്ന ആശയകൂട്ടത്തെ വിമർശിക്കുന്നവരുടെ കൈയിലുള്ള വിമർശനയുക്തികളും ഇറക്കുമതി ചരക്കാണ്. (ഒരു ചിന്തയുടെ പടിഞ്ഞാറൻ ബന്ധം അതിനെ പാടെ പുച്ഛിച്ചു തള്ളാൻ മതിയായ കാരണമൊന്നുമല്ല- സെൻ) എന്നാൽ പടിഞ്ഞാറിനിവിടെ ദ്വിമുഖവ്യക്തിത്വമുണ്ട്. മൂന്നാം ലോകത്തിനുമേലെ ആശയപരമായി അടയിരിക്കുന്ന ഒന്നാം ലോകരാജ്യം, മൂന്നാം ലോകത്തിലെ ബുദ്ധിജീവികൾക്ക് ഒന്നാം ലോകത്തിന്റെ മേൽക്കോയ്മയെ എതിർക്കാൻ വേണ്ടിയുള്ള യുക്തികളും പ്രദാനം ചെയ്യുന്നു എന്നതാണത്. ഐജാസ് അഹമ്മദ്, ഹോമി ഭാഭയെയും ഗായത്രി സ്പിവാക്കിനെയും എഡ്വേഡ് സെയ്ദിനെയും വിമർശിക്കുന്നത് ഒന്നാം ലോകരാജ്യങ്ങളിലെ അക്കാദമികളിലിരുന്ന് മൂന്നാം ലോകക്കാരുടെ വിമോചനശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന രീതിയിലുള്ള സിദ്ധാന്തങ്ങൾ ചമയ്ക്കുന്നവർ എന്ന നിലയ്ക്കാണ്.

ഒന്നാം ലോകം, മൂന്നാം ലോകം എന്നൊക്കെ അമൂർത്തമായി എഴുതുന്നതിനേക്കാൾ എളുപ്പം അധിനിവേശക്കാരെന്നും കോളണികളെന്നും എഴുതാം. (കോളണൈസർ, കോളണൈസെഡ്) പൊതുധാരണയിലുള്ള ശ്രേണീബദ്ധമായ ഘടനയിൽ, അറിവ് നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ നില, അറിവ് സൌജന്യമായി വിതരണം ചെയ്യപ്പെടുന്ന സമൂഹങ്ങൾക്കു മുകളിലാണ്. ഇതിനു പൌരസ്ത്യവാദികൾ നൽകിയ സംഭാവനയെക്കുറിച്ചാണ് സെയ്ദ് പഠിച്ചത്. നിഗൂഢവും അപൂർവവുമായ വിജ്ഞാനങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ശേഖരമായി (ആർക്കൈവ്) പൌരസ്ത്യം മാറിയപ്പോൾ അതിനെ പഠിക്കാനും അതിനുമേൽ അധീശത്വം സ്ഥാപിക്കാനും അതിനെ നിയന്ത്രിക്കാനുമുള്ള ശേഷി പാശ്ചാത്യത്തിനു നൽകുന്നതരം കാലാവസ്ഥ സൃഷ്ടിക്കപ്പെട്ടു. കിഴക്കിന്റെ ഭൂതകാലത്തിനുമേൽ പടിഞ്ഞാറിന്റെ വർത്തമാന ആധുനികതയ്ക്ക് എളുപ്പം കടന്നു കയറാൻ പറ്റുമെന്നു വന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ പ്രകൃതിയ്ക്ക് മേൽ സംസ്കാരത്തിന്, അന്തർജ്ഞാനത്തിനുമേൽ ബൌദ്ധികതയ്ക്ക്, അന്തർമുഖതയ്ക്കു മേൽ ബഹിർമുഖതയ്ക്ക്, നിഷ്ക്രിയതയ്ക്കു മേൽ ഊർജസ്വലതയ്ക്ക് നിഗൂഢാത്മകതയ്ക്കു മേൽ ധാർമ്മികതയ്ക്ക്..അങ്ങനെ വച്ചുമാറ്റങ്ങളുടെ മേന്മകൾ കൃത്യമായി ഉരുത്തിരിഞ്ഞു. പാശ്ചാത്യകേന്ദ്രീയത/ യൂറോ കേന്ദ്രീയതയുടെ സ്വഭാവം ആധുനികകാലഘട്ടത്തിലെ എല്ലാ വിജ്ഞാനശാഖകളിലും കടന്നുകയറിയിട്ടുണ്ട്. മെർക്കേറ്റർ അറ്റ്ലസിലെ ‘മധ്യധരണ്യാഴി’ ലോകത്തിന്റെ ‘മധ്യം’ഏതെന്നു വ്യക്തമായി പറഞ്ഞു തരുന്നതിനാലാണ് വിമർശനവിധേയമായത്. ‘മാനവചരിത്രത്തിന്റെ ഗതി കിഴക്കു നിന്നും പടിഞ്ഞാറോട്ടാണെന്നാണ്’ ഹെഗൽ വിശ്വസിച്ചിരുന്നു. അമേരിക്കൻ നോവലിസ്റ്റായ സോൾ ബെല്ലോ യുടെ പ്രസിദ്ധമായ ചോദ്യത്തിൽ - ‘സുളു വർഗ്ഗക്കാരുടെ ടോൾസ്റ്റോയ് ആരാണ്, പാപ്പുവക്കാരുടെ പ്രൂസ്ത് ആരാണ്?’- കൃത്യമായി വിശ്വസാഹിത്യത്തിന്റെ മേൽത്തട്ടിൽ ആരാണെന്നു പറഞ്ഞു തരുന്നുണ്ട്. കാര്യമറിയാതെ നമ്മളും ചോദ്യപ്പേപ്പറുകളിലൂടെ ഇന്ത്യൻ ഷേക്സ്പിയറെയും കേരളാ ഷെല്ലിയെയും ഒക്കെ അന്വേഷിക്കാൻ കുട്ടികളോട് പറഞ്ഞു. പാശ്ചാത്യഗണിതത്തിലെ പല പേരുകളും സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ ചിഹ്നങ്ങൾ പേറുന്നവയാണെന്ന് അലൻ ജെ ബിഷപ്പ് ( വെസ്റ്റേൺ മാതമാറ്റിക്സ് : ദി സീക്രട്ട് വെപ്പൺ ഓഫ് കൾച്ചറൽ ഇമ്പീരിയലിസം എന്ന പ്രബന്ധം) കണ്ടെത്തിയിട്ടുണ്ട്. (എല്ലാ സാംസ്കാരിക ചിഹ്നങ്ങളും സമൂഹത്തിന്റെ കിരാതത്വത്തിന്റെ കൂടി ചിഹ്നങ്ങളാണെന്ന് വാൾട്ടർ ബഞ്ചമിൻ) ശാസ്ത്രീയത എന്ന സങ്കൽ‌പ്പത്തിന്റെ പ്രത്യയശാസ്ത്രമാനങ്ങൾ നിരുപദ്രവകരമല്ലെന്നും നിരുപാധികമല്ലെന്നും തിരിച്ചറിയുന്നിടത്തു നിന്നാണ് ശാസ്ത്രത്തിന്റെ ‘അപ്രമാദിത്വം’ തകരുന്നതായി വിമർശകർ അഭിപ്രായപ്പെടുന്നത്. ഒരു പ്രത്യേക കാലയളവിൽ ശാസ്ത്രം നിർമ്മിക്കുന്ന വ്യക്തിപരമല്ലാത്ത അറിവാണ് വസ്തുനിഷ്ഠജ്ഞാനം (ഒബ്ജെക്ടീവ് നോളേജ്)എന്നാണ് ഫ്രഞ്ചു തത്ത്വചിന്തകനായ ഗാസ്റ്റൺ ബാഷ്‌ലാറിന്റെ വാദം. വസ്തുനിഷ്ഠതയാണ് ശാസ്ത്രീയജ്ഞാനത്തിന്റെ അടിപ്പടവ് എന്നാണ് പാരമ്പര്യ വിശ്വാസം. ബാഷ്‌ലാർ പറയുന്നത് ശാസ്ത്രത്തിന് ആത്മനിഷ്ഠതയുടെ ഒരു മേഖലകൂടിയുണ്ടെന്നാണ്. വസ്തു എന്നത് കണങ്ങളുടെ സമാഹാരമാണെന്ന് പറയുന്നത് ഒരു ഭാഷണരീതിയാണ് (കവിതയിൽ കാണുന്നത് മറ്റൊരു ഭാഷണരീതി എന്നതുപോലെ) നമ്മുടെ സാമാന്യ അനുഭവത്തിനെ കവച്ചു വയ്ക്കുന്ന യാഥാർത്ഥ്യബോധനം ഈ പ്രസ്താവത്തിനു സാധ്യമല്ല. എല്ലാവരും മികച്ചയാൾ എന്നു പരയുന്ന ഒരു ഗുരുവിന്റെ/വൈദ്യന്റെ ഉപദേശം സ്വീകാര്യമാവുന്നതുപോലെ സാമൂഹിക-സാംസ്കാരിക സാഹചര്യം മേലേക്കിടയിലാക്കിയ ജ്ഞാനപദ്ധതിയിൽ നിന്നു വരുന്ന ആശയം കൂടുതൽ സ്വീകാര്യമായി നമുക്കു തോന്നുന്നു എന്നേയുള്ളൂ. എല്ലാ ശാസ്ത്രീയവസ്തുതകളും അമൂർത്തങ്ങളായ മൂർത്തവസ്തുക്കളാണ്.(അബ്സ്ട്രാക്ട് കോൺക്രീറ്റ് ഒബ്ജെക്ട്സ്) പഞ്ചത്തെ സാധ്യമാകുന്നിടത്തോളം വിശദീകരിക്കുക എന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നതുകൊണ്ടാണ് കലയുടെയും ശാസ്ത്രത്തിന്റെയും ലക്ഷ്യമൊന്നാണെന്ന് ബാഷ്‌ലാർ വാദിക്കുന്നത്. അവയുടെ ചലനത്തിന്റെ ദിശയെപ്പറ്റി നമുക്കു മുൻ‌ധാരണകൾ മാത്രമെ ഉള്ളൂ. അതു മുന്നോട്ടാണോ എന്നു തീരുമാനിക്കാൻ കഴിയില്ല. ബാഷ്‌ലറും ഫൂക്കോയും വാദിക്കുന്നത് അവ രേഖീയമായല്ല, വിച്ഛേദങ്ങളിലൂടെയാണ് ചലിക്കുന്നത് എന്നാണ്. അതുകൊണ്ട് കേവലമായ ഒരു യാഥാർത്ഥ്യത്തെ ചൂണ്ടിയാണ് കല നിൽക്കുന്നത് എന്ന വാദത്തെ അംഗീകരിക്കാൻ പറ്റാത്തതുപോലെ ശാസ്ത്രം യാഥാർത്ഥ്യത്തെ ചൂണ്ടുന്നു എന്ന വാദത്തെയും അംഗീകരിക്കാൻ പറ്റില്ല. അവയുടെ ലക്ഷ്യം സത്യാന്വേഷണവുമല്ല. ഈ സമാനതകളാണ് കലയെയും ശാസ്ത്രത്തെയും സമാന്തരങ്ങളാണെന്ന് ബാഷ്‌ലറെക്കൊണ്ട് പറയിപ്പിക്കുന്നത്. കൂട്ടത്തിൽ പറയട്ടേ, ആധുനിക ഇംഗ്ലീഷ് സമൂഹത്തിന്റെ വികാസത്തിൽ പങ്കു വഹിച്ച ചില സുപ്രധാനവാക്കുകളുടെ ചരിത്രം ചികഞ്ഞുപോയ റെയ്മണ്ട് വില്യംസ് ഭൌതികമായ സാമർത്ഥ്യത്തെ സൂചിപ്പിക്കുന്ന പദമെന്ന നിലയിൽ നിന്ന് സർഗാത്മകമായ കഴിവുകളെ സൂചിപ്പിക്കുന്ന പദമെന്ന നിലയിലേയ്ക്ക് ‘കല’ (ആർട്ട്) എന്ന വാക്കു മാറിയതിനെക്കുറിച്ച് പറയുന്നുണ്ട്. ഒരു ജനതയുടെ ആശയലോകത്തെ, ലോകബോധത്തെ പൂർണ്ണമായും മാറ്റി മറിക്കുന്ന അർത്ഥമാറ്റമാണിത്. ‘പുതിയ’ സമൂഹങ്ങൾ പിറവിയെടുക്കുന്നത് പദാർത്ഥവ്യതിയാനങ്ങളിലൂടെയാണ്.

ആശയതലത്തിൽ പ്രത്യയശാസ്ത്രപരമായ മേൽക്കോയ്മ അറിഞ്ഞോ അറിയാതെയോ കുടിയിരിക്കുന്നിടങ്ങളിലെല്ലാം അധിനിവേശത്തിന്റെ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇതുവരെ പറഞ്ഞത്. നൂറിൽ‌പ്പരം വാക്കുകളുടെ ആശയപരിണാമ ചരിത്രമെഴുതിയ റെയ്മണ്ട് വില്യംസ് - താക്കോൽ പദങ്ങൾ (കീ വേഡ്സ്) എന്ന പുസ്തകം- കോളോണിയലിസം എന്ന പദത്തെ ഒഴിവാക്കിയിരുന്നു. സംസ്കാരം സാധാരണമായതാണ് (വിശിഷ്ടമല്ല എന്ന്- കൾച്ചർ ഈസ് ഓർഡിനറി) എന്ന പാരമ്പര്യവാദ സങ്കൽ‌പ്പത്തിനെതിരായി ചിന്തിച്ച വ്യക്തിയായിട്ടുകൂടി, വില്യംസിന് ആശയചരിത്രത്തിൽ അധിനിവേശങ്ങളുടെ പ്രാധാന്യത്തെ വ്യവസായം, കല, വർഗം, ജനാധിപത്യം, സംസ്കാരം തുടങ്ങിയ വാക്കുകൾക്കൊപ്പം കൂലംകഷമായി ചർച്ച ചെയ്യണമെന്ന് തോന്നാതിരിക്കാനുള്ള കാരണത്തെയും നമ്മൾ അന്വേഷിക്കേണ്ടത് പാശ്ചാത്യധൈഷണിക വ്യവഹാരത്തിന്റെ യൂറോകേന്ദ്രിത പശ്ചാത്തലത്തിലാണ്. അതിന്റെ ആഴത്തിലും പരപ്പിലുമാണെന്ന്.

പുസ്തകങ്ങൾ
സംസ്കാരം യുക്തി സമൂഹം - അമർത്യസെൻ
മതേതരത്വത്തിനു ശേഷം - ടി ശ്രീവത്സൻ
വീണ്ടെടുപ്പുകൾ -
സംസ്കാരപഠനം -ഒരു ആമുഖം - പി പി രവീന്ദ്രൻ
Post a Comment