December 24, 2009

മറ്റുള്ളവരുടെ ജീവിതങ്ങള്‍സിനിമാക്കാഴ്ചകള്‍ 5

48 മിനുട്ട് മാത്രം നീളമുള്ള സെന്റ് ലൂയിസ് ബ്ലൂ എന്നൊരു കുഞ്ഞന്‍ പടമുണ്ടായിരുന്നു കേരളത്തിന്റെ 14-മതു രാഷ്ട്രാന്തരീയചലച്ചിത്രമേളയില്‍ . ഒപ്പം വനൂരി കഹിയൂ സംവിധാനം ചെയ്ത ഫ്രം എ വിസ്പര്‍ എന്ന ആഫ്രിക്കന്‍ ചിത്രവും. സെനഗലിന്റെ തലസ്ഥാനമായ ഡാക്കറില്‍ നിന്ന് സെന്റ് ലൂയിസിലേയ്ക്ക് ഒരു ടാക്സിയില്‍ ആറാളുകള്‍ പുറപ്പെടുന്നതും വഴിയില്‍ വച്ച് ഏഴാമത്തെ യാത്രക്കാരന്‍ കൂടിച്ചേരുന്നതുമാണ് ‘സെന്റ് ലൂയിസ് ബ്ലൂ’ എന്ന ചിത്രത്തിന്റെ കഥ. ടാക്സി ലക്ഷ്യസ്ഥാനത്തെത്തുന്നതോടെ ചിത്രവും തീരുന്നു. മാമാമിയയെയും ചിക്കാഗോയെയും പോലെ മ്യൂസിക്കലാണ് സിനിമ. പീര പോലെ ഇടയ്ക്ക് കുറച്ചു സംഭാഷണങ്ങളും ഇല്ലാതില്ല. ഈ ചിത്രം ഉള്‍പ്പെട്ടിരിക്കുന്നത് ആഫ്രിക്കന്‍ സിനിമാ വിഭാഗത്തിലാണ്. നിര്‍മ്മിച്ചിരിക്കുന്നതു ഫ്രാന്‍സും. വീക്ഷണത്തെ ഉദാരമാക്കിക്കൊണ്ട് ഫ്രഞ്ച് സെനഗല്‍ സംയുക്തസംരംഭം എന്നു പറയാം. ഏഴാമത്തെ യാത്രക്കാരനായി സിനിമയില്‍ വരുന്നത് ഒരു ഒരു ഫ്രഞ്ചുകാരനാണ്. സെനഗലില്‍ ഗവേഷണം നടത്തുന്ന ഒരു വിദ്യാര്‍ത്ഥി. അയാളോട് മറ്റൊരു ടാക്സിയില്‍ വരുന്ന -അവളുടെ ഫോണ്‍ കുറച്ചു നേരത്തേയ്ക്ക് അയാള്‍ ഉപയോഗിച്ചിരുന്നു- കറുത്ത പെണ്‍കുട്ടിയ്ക്ക് നിശ്ശബ്ദമായ ഒരു ആഭിമുഖ്യം തോന്നുന്നുണ്ട്. (തിരിച്ചങ്ങോട്ടും?) അവളുടെ അമ്മായിയും അവള്‍ ജോലി ചെയ്യുന്ന ബ്യൂട്ടി പാര്‍ലറിന്റെ ഉടമയുമായ ഒരു സ്ത്രീ അയാളുടെ ടാക്സിയില്‍ യാത്രക്കാരിയായതിനാല്‍ വഴിയില്‍ കാറുകള്‍ പാര്‍ക്കു ചെയ്യുമ്പോള്‍ അവള്‍ക്ക് പുറത്തിറങ്ങാനോ സ്വതന്ത്രമായി സംസാരിക്കാനോ ഇടകിട്ടുന്നില്ലെന്ന വീര്‍പ്പുമുട്ടലുണ്ട്. മൊത്തത്തില്‍ സൌഹാര്‍ദ്ദപരവും പാട്ടും ഡാന്‍സുമൊക്കെ ചേര്‍ന്ന് ഉത്സവച്ഛായയിലുള്ളതുമാണ് ഈ ആഫ്രിക്കന്‍ (?) സിനിമ, എന്നാല്‍ ഇതു പങ്കു വയ്ക്കുന്നത് ആരുടെ വീക്ഷണമാണെന്ന പ്രശ്നമുണ്ട്. ഫ്രാന്‍സ് സെനഗലിലേയ്ക്ക് നോക്കുന്ന വിധത്തെയോ? സെനഗല്‍ ഫ്രാന്‍സിനെ നോക്കുന്ന വിധത്തെയോ ? അതോ ഇതു രണ്ടുമല്ലാത്ത ഒരു മധ്യമാര്‍ഗത്തെയോ? സഹറാം അലിദി സംവിധാനം ചെയ്ത ഇറാക്കിയന്‍ ചിത്രം ‘വിസ്പര്‍ വിത്ത് വിന്‍ഡിനു’ നേരെയും ഈ ചോദ്യം ആവര്‍ത്തിക്കാം. കുര്‍ദ്ദു വംശീയരുടെ യാതനകളെയും സംഘര്‍ഷങ്ങളെയും പട്ടാളക്കാരുടെ ക്രൂരതയെയും പിന്തുടരുന്ന ചിത്രം, കുര്‍ദ്ദിസ്താന്‍ കമാന്‍ഡറുടെ നവജാതശിശുവിന്റെ ശബ്ദം നിരോധിക്കപ്പെട്ടിട്ടുള്ള റേഡിയോ സംവിധാനത്തിലൂടെ രാജ്യത്തെ കേള്‍പ്പിക്കുക എന്ന ദൌത്യം പൂര്‍ത്തിയാക്കിയ മാംബല്‍ദാന്‍ എന്ന വൃദ്ധനായ സന്ദേശവാഹകന്റെ കഥയാണ് പറയുന്നത്. പുതുതായി ജനിച്ച കുഞ്ഞിന്റെ ശബ്ദത്തിന്റെ രാഷ്ട്രീയമാനത്തിലാണ് പ്രാഥമികമായും സിനിമയൂന്നുന്നത്.

വികസിതരാജ്യങ്ങളുടെ ഫണ്ടുകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ എത്രത്തോളം തനതു രാജ്യത്തിന്റെ ആവലാതികളെ പേറുന്നുണ്ട് എന്നൊരു സംശയമാണ് സ്വാഭാവികമായും ഇവിടെ ഉയരുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവയില്‍ ചിലതെങ്കിലും അവയുടെ ലേബലില്‍ ഒട്ടിച്ചുവച്ചിരിക്കുന്ന രാജ്യത്തെ സത്യസന്ധമായി പ്രതിനിധീകരിക്കുന്നുണ്ടോ എന്ന്. ലാറ്റിനമേരിക്ക, ഏഷ്യന്‍ മേഖലകള്‍ , ആഫ്രിക്ക, മധ്യപൌരസ്ത്യനാടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സിനിമകള്‍ പ്രക്ഷേപിക്കുന്നത് നാം വിചാരപ്പെടുന്നതുപോലെ അതതു രാജ്യങ്ങളിലെ രാഷ്ട്രീയസൂചനകളും സാംസ്കാരിക വിവക്ഷകളും തന്നെയാണോ എന്ന്. കണ്മുന്നില്‍ തന്നെയുള്ള വസ്തുക്കളുടെ ക്രമം പോലും അഴിച്ചെടുക്കാനാവാതെയും പൊരുളുകള്‍ പൊളുക്കാനാവാതെയും വട്ടം ചുറ്റുന്ന ഒരു കാലത്ത് സിനിമകള്‍ക്കുള്ളിലെ ഗൂഢാലോചനാപരമായ വിന്യാസങ്ങളെ- ഒരു പക്ഷേ അവയുടെ ഇല്ലായ്മയെയും- എങ്ങനെ ഇഴപിരിച്ചെടുക്കാനാണ്? കേരളോത്സവത്തിലെ മത്സര സിനിമകളിലൂടെ ഒന്ന് കണ്ണോടിക്കുക. അണ്‍ലക്കി (അള്‍ജീരിയന്‍) ജെര്‍മല്‍ (ഇന്തൊനേഷ്യ) ദ ആബ്സന്‍സ് (സെനെഗല്‍ ) മെസാഞ്ചലസ് (ക്യൂബ) വലയത്തില്‍ കൊടുത്തിട്ടുള്ള രാജ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ നീങ്ങുന്നതെങ്കിലും നിര്‍മ്മാണത്തില്‍ ഏതെങ്കിലും വികസിത രാജ്യത്തിന്റെ -ഏറിയകൂറും ഫ്രാന്‍സ്‌ - കൈയ്യുള്ളവയാണ് ഈ സിനിമകള്‍ . ലോകസിനിമാവിഭാഗത്തില്‍ ബഹുരാഷ്ട്രസംയുക്തസംരംഭങ്ങളുടെ എണ്ണം കൂടുതലുമാണ്.

കേരളത്തില്‍ നടക്കുന്ന ഫെസ്റ്റുകളില്‍ ഫ്രാന്‍സ് നിര്‍മ്മിച്ച ചിത്രങ്ങളുടെ ബാഹുല്യം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. (കെ ആര്‍ രഞ്ജിത്ത് മാധ്യമം ആഴ്ചപ്പതിപ്പ്) അമേരിക്കന്‍ സര്‍ക്കിളില്‍ നിന്നുള്ള സിനിമകള്‍ കൊണ്ടു വരാനുള്ള ഭീകരമായ പണച്ചെലവും സുരക്ഷിതത്വ പ്രശ്നങ്ങളുമൊക്കെയാണ് ഇവിടെ ഫ്രാന്‍സിനു മേല്‍ക്കൈ നേടിക്കൊടുത്ത സംഗതി എന്നും പറയപ്പെടുന്നു. ഇത് അക്ഷന്തവ്യമായ തെറ്റും ഒളിപ്പിച്ചുവച്ച അജണ്ടയുടെ ഭാഗവുമെന്ന മട്ടില്‍ കുറ്റം പറയുകയല്ല. സാംസ്കാരികവിനിമയം എന്ന മട്ടില്‍ നാം കൊണ്ടാടുന്ന സംഗതികളുടെ സത്യസന്ധത കണ്ണടച്ചുപാലുകുടിക്കാവുന്നമട്ടില്‍ അത്ര ആര്‍ജവത്തോടെ ഇരിക്കുകയല്ലല്ലോ എന്ന് സംശയിക്കുകമാത്രമെ ചെയ്യുന്നുള്ളൂ. ഈ മേളയിലെ നല്ല ചിത്രങ്ങളിലൊന്നായ, ഏലിയാ സുലൈമാന്റെ ‘ടൈം ദാറ്റ് റിമൈന്‍സ്’ -ന്റെ സവിശേഷതകളില്‍ ഒന്ന് വസ്തുനിഷ്ഠതയുടെയും നിഷ്പക്ഷതയുടെയും ദൃശ്യസംവിധാനമാണ്. ( ഡോണ്‍ ജോര്‍ജ്ജ്, മാധ്യമം ആഴ്ചപ്പതിപ്പ്) ചിത്രമാകട്ടെ, യുകെ, ഇറ്റലി, ഫ്രാന്‍സ്, ബല്‍ജിയം സംയുക്തനിര്‍മ്മാണസംരംഭവും. പ്രതിരോധത്തിന്റെ രാഷ്ട്രീയത്തെ പരമ്പരാഗതമായ സംവിധാനമുപയോഗിച്ചല്ല എലിയ ചിത്രീകരിക്കുന്നത്. നര്‍മ്മത്തില്‍ പൊതിഞ്ഞും ഫോട്ടോഗ്രാഫുകളുടെ വിതാനരീതി ഉപയോഗിച്ചുമാണ്. എന്നു വച്ചാല്‍ പാലസ്തീനുമേലുള്ള ഇസ്രായേലി ക്രൂരതകള്‍ കണ്ട് ചിരിക്കാവുന്ന മട്ടില്‍ സിനിമയില്‍ മയപ്പെട്ടിരിക്കുന്നതിന് ഒരു രാഷ്ട്രീയമുണ്ടെന്നും പറഞ്ഞ് ഓപ്പണ്‍ ഫോറത്തില്‍ എതെങ്കിലും പാമ്പ് കേറി നിന്ന് ന്യായം പറഞ്ഞാല്‍ തിരിച്ചു നാലും അതേ ഫ്ലോയില്‍ പറയാന്‍ കഴിയില്ലെന്നര്‍ത്ഥം. യൂഫോമിസത്തിന്റെ ദൃശ്യസാധ്യതകള്‍ക്ക് ഒരുപാട് അവസരങ്ങള്‍ ഫണ്ടിംഗ് സിനിമകള്‍ ഉണ്ടാക്കാതിരിക്കില്ല വരും കാലങ്ങളില്‍ . ചെഷസ്ക്യുവിന്റെ കമ്മ്യൂണിസ്റ്റുകാലത്തെ തമാശക്കാഴ്ചകള്‍ കൊണ്ട് വിശകലനവിധേയമാക്കുന്ന ‘ടെയിത്സ് ഫ്രം ഗോള്‍ഡന്‍ ഏജ്’ റൊമാനിയന്‍ ചിത്രം ഫ്രാന്‍സിന്റെ സഹകരണത്തോടെ നിര്‍മ്മിച്ചതാണ്. ട്രീലെസ് മൌണ്ടന്റെ നിര്‍മ്മാണത്തില്‍ അമേരിക്കയ്ക്കും ലാന്‍ഡ് ഓഫ് സ്കെയര്‍ ക്രോ (രണ്ടും തെക്കന്‍ കൊറിയന്‍ ചിത്രങ്ങള്‍ ) യില്‍ ഫ്രാന്‍സിനും പങ്കുണ്ട്.

ഒരര്‍ത്ഥത്തില്‍ ഫണ്ടിംഗുകള്‍ കലയുടെ, സംസ്കാരത്തിന്റെ, മാനവികവും പാരിസ്ഥിതികവുമായ ബോധത്തിന്റെയൊക്കെ നിലനില്‍പ്പിന് പരോക്ഷമായ കൈത്താങ്ങുകള്‍ നല്‍കുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ അത് പ്രാദേശിക, ദേശീയ സ്വത്വത്തെ പ്രശ്നസങ്കുലമാക്കുകയും ചെയ്യുന്നുണ്ട്. മേല്‍ക്കൈ നേടുന്ന രാജ്യത്തിന്റെ വിദേശബന്ധങ്ങളുടെ സ്വഭാവം ഒരു പ്രദേശത്തു നടക്കുന്ന മേളയുടെ തലക്കുറിയാവാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല, ആശ്രയത്വം കൂടുന്തോറും. പതിനാലാം വയസ്സു പിന്നിട്ടിട്ടും , നല്ല അഭിപ്രായങ്ങള്‍ അവിടവിടെയായി ഉയര്‍ന്നിട്ടുണ്ടെങ്കിലും നാം ഇതുവരെ നമ്മുടെ ചലച്ചിത്രോത്സവത്തിന്റെ നയം -ഏതെല്ലാം പ്രമാണങ്ങളെയാണ് ചലച്ചിത്രങ്ങളുടെ തെരെഞ്ഞെടുപ്പിലും സ്വീകരണത്തിലും അടിസ്ഥാനമാക്കുന്നത്- എന്ന് വ്യക്തമാക്കുക എളുപ്പമല്ല. ചില ഊഹാപോഹങ്ങളില്‍ കുടുങ്ങി നിഗമനങ്ങളിലെത്തുകയാണ് സാധാരണ പതിവ്. ചിത്രങ്ങളുടെ തെരെഞ്ഞെടുപ്പിനെപ്പറ്റിയും മത്സരചിത്രങ്ങളെപ്പറ്റിയും വിവാദങ്ങള്‍ ഉണ്ടാവുന്നത് അതുകൊണ്ടും കൂടിയാണ്. മറ്റെന്തൊക്കെയോ വിചാരങ്ങളാല്‍ മേളയിലെ വിവാദ ചിത്രങ്ങള്‍ കാണാന്‍ മാത്രം തള്ളുന്ന, കണ്ട സിനിമകളില്‍ ഒന്നു മില്ലാത്തതിനാല്‍ ഭാഗ്യക്കേടില്‍ പരിതപിക്കുന്ന ഒരു ഭൂരിപക്ഷവും ചലച്ചിത്രോത്സവങ്ങളുടെ ഗുണഭോക്താക്കളാണ്. ഒരറ്റത്ത് മേളകളെ കുറ്റം പറയുന്നവരുടെ എണ്ണം കൂടി വരികയും ചെയ്യുന്നു. വ്യക്തിഗതമായ അളവുകോലുകളുടെ പരിതാപകരമായ വിതരണമാണ് പല തലത്തില്‍ നടന്നു വരുന്നതെന്ന് അല്പം ആലോചിച്ചാല്‍ അറിയാം. അതൊരു ഗത്യന്തരമില്ലായ്മ കൂടിയാണ്. മേളയിലെ പെരുമാറ്റ രീതികളെ മുന്നില്‍ വച്ചുകൊണ്ട് പതിനാലു സംവത്സരങ്ങള്‍ നമ്മുടെ കാഴ്ചയുടെ സംസ്കാരത്തെ എങ്ങനെയൊക്കെ മെച്ചപ്പെടുത്തി എന്ന കാര്യം കൂട്ടായി ചിന്തിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ രക്ഷപ്പെട്ടു! ഇനിയുള്ള വര്‍ഷങ്ങളില്‍ നമ്മുടെ വലിയ ബാധ്യതകളിലൊന്നായി തീരാതെ ഇക്കാര്യത്തെ പെട്ടെന്ന് ഫയലിലാക്കാം.

അനു:
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 35 സെക്കന്റെ് നീളമുള്ള ഒപ്പു ചിത്രം 164 സിനിമകളുടെ നെറ്റിപ്പട്ടമായി, കാഴ്ചകളെ തഴുകി അങ്ങനെയങ്ങ് പോയി. ഒരു വിവാദവും ഉണ്ടായില്ല. കൈയ്യടിയുമില്ല കൂവലുമില്ല. കണ്ണിനെ അനുസ്മരിപ്പിക്കുന്ന ഒരു ഫിലിം റോള്‍ . മത്സ്യക്കുഞ്ഞുങ്ങളെപോലെ നീന്തി നടക്കുന്ന ഫിലിം കുഞ്ഞുങ്ങള്‍ പിന്നെ കടലിനടിയിലെ പാറക്കലില്‍ അരവിന്ദന്‍ രൂപകല്‍പ്പന ചെയ്ത ആ പഴയ തോല്‍പ്പാവയുടെ നിഴലും. സിനിമാപ്രദര്‍ശനം ആണുദ്ദേശിച്ചത്. വെള്ളത്തിനടിയില്‍ ചിത്രീകരിച്ച ഈ ആനിമേഷന്‍ ചിത്രം പച്ചവെള്ളം കുടിച്ചതുപോലെ അത്ര നിരുപദ്രവകരം.
(തത്ക്കാലം ഇതിവിടെ നിര്‍ത്താം)
Post a Comment