August 7, 2009

അടിസ്ഥാന ചിന്തകളുടെ ഒരു വൈകുന്നേരംനാളെ -ആഗസ്റ്റ് എട്ടാം തീയതി ശനിയാഴ്ച - രാവിലെ 11 മണിക്ക് ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകം, ദേവദാസ് രചിച്ച ‘ഡില്‍ഡോ’ എന്ന നോവല്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് ഔദ്യോഗികമായി പ്രകാശിതമാവുകയാണ്. വൈകുന്നേരം ഒത്തുച്ചേരലിനൊരു ലയാത്മകപശ്ചാത്തലമൊരുക്കി ഗസല്‍. ചെറായിയില്‍ നടന്ന ബ്ലോഗു മീറ്റില്‍ പുസ്തകം വിറ്റിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പുസ്തകങ്ങള്‍ വാങ്ങി. വായിക്കാനായി നീണ്ടു വരുന്ന കൈകളേക്കാള്‍ നല്ലൊരു പ്രകാശനം പുസ്തകത്തിനു വേറെ കിട്ടാനുണ്ടോ? അതുകൊണ്ട് പ്രകാശിതമായൊരു പുസ്തകമാണ് വീണ്ടും പ്രകാശിപ്പിക്കപ്പെടുന്നതെന്ന പ്രത്യേകതയുണ്ട് ഡില്‍ഡോയ്ക്ക്. ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പുസ്തകം ‘നിലവിളികളെക്കുറിച്ചുള്ള കടങ്കഥകള്‍ക്ക്’ ഇങ്ങനെയൊരു വിശേഷണം പി പി രാമചന്ദ്രന്‍ കൊടുത്തതോര്‍മ്മയുണ്ട്. അതു പക്ഷേ മറ്റൊരു നിലയ്ക്കാണ്. ബ്ലോഗുകളിലൂടെയും വെബ്ബ് മാഗസീനുകളിലൂടെയും പ്രകാശിതമായ കവിതകള്‍ (തിരമൊഴികള്‍) വരമൊഴിയായി മഷിപുരണ്ട നിലയില്‍ ഒരിക്കല്‍ കൂടി വായനക്കാരുടെ കൈകളിലെത്തുന്നു എന്ന അര്‍ത്ഥത്തില്‍. ഇവിടെ അത് മറ്റൊരര്‍ത്ഥത്തിലും. മറ്റൊരു സാമ്യം കൂടിയുണ്ട്. വിനോദിന്റെയും ദേവദാസിന്റെയും പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യരചനകളാണിവ എന്നത്.

ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങിയിട്ട് ഏഴുമാസങ്ങള്‍ പിന്നിടുന്നു. ഈ വര്‍ഷം തന്നെ ഒരു പുസ്തകം കൂടി പുറത്തിറങ്ങിക്കൂടായ്കയില്ല. എങ്കില്‍ ഒരു വര്‍ഷം മൂന്നു പുസ്തകം. ബ്ലോഗിലൂടെ മാത്രം പരിചയപ്പെട്ട ചിലര്‍ ചേര്‍ന്ന് രൂപം നല്‍കിയ സമൂഹത്തിന് കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയിലും ഒരു വര്‍ഷം മൂന്നു പുസ്തകങ്ങള്‍ ഇറക്കാന്‍ കഴിയുക നിസ്സാരകാര്യമല്ല. ഇതിനകം പലരീതിയില്‍ പുസ്തകപ്രസാധനസംരംഭങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബ്ലോഗില്‍ വന്നു. ഹന്‍ല്ലലാത്തിന്റെ നേതൃത്വത്തില്‍ ബ്ലോഗില്‍ നടന്ന ചര്‍ച്ച ഒരുദാഹരണം. ബ്ലോഗ് സംരംഭമായി ഈണം എന്ന സംഗീതആല്‍ബം പുറത്തിറങ്ങിയത് മറ്റൊരു സദ്ഫലം. ബ്ലോഗ് ഒരു കോലായയും കൂടിയാവുകയാണ്. അവനവന്‍ -അവളവള്‍ ആവിഷ്കാരത്തിനപ്പുറത്തുള്ള ചില ഇറങ്ങി നടപ്പുകള്‍. ‘ഞാന്‍ ചിന്തിക്കുന്നു’ എന്ന പ്രാഥമിക തലത്തില്‍ നിന്ന് ‘നിങ്ങള്‍ ചിന്തിക്കുന്നു’ എന്ന രണ്ടാമത്തെ ഘട്ടവും കടന്ന് ‘നിങ്ങള്‍ ചിന്തിക്കുന്നു എന്ന് ഞാന്‍ അറിയുന്നു’ എന്ന മൂന്നാം അടരിന്റെ സാക്ഷാത്കാരങ്ങളാണ് ഒരര്‍ത്ഥത്തില്‍ സാംസ്കാരിക പ്രവര്‍ത്തനം. രക്ഷാകര്‍ത്തൃത്വങ്ങളല്ല തട്ടിലേറി തുള്ളിച്ചാടേണ്ടത് എന്നു മനസ്സിലാക്കാന്‍ ഇത്രയും വേണം. എഴുത്തുകാര്‍ സൌജന്യങ്ങള്‍ പിന്‍പറ്റുന്ന ശൈശവങ്ങളുമല്ല.

ബുക്ക് റിപ്പബ്ലിക്കിന്റെ ആശയസംഭാവന നിരവധി ഉറവകളില്‍ നിന്നുണ്ടായതാണ്. എന്നാലും ഇപ്പോഴും അത് ആശങ്കകളില്‍ നിന്ന് വിമുക്തമല്ല. അച്ചടിമലയാളം സൈബര്‍ സ്പെയിസില്‍ നിന്നുള്ള ഇറക്കമല്ലേ എന്നുള്ളതായിരുന്നു ആദ്യ ആരോപണം. രണ്ടായിരത്തോടെ അച്ചടിപ്പത്രങ്ങളുടെ കുത്തക നിലയ്ക്കും എന്ന് വിഭാവന ചെയ്തത് മറ്റാരുമല്ല ബില്‍ഗേറ്റ്സാണ്. 2007-ല്‍ അദ്ദേഹം നിലപാടു മാറ്റി തൊട്ടടുത്ത വര്‍ഷങ്ങളില്‍ എല്ലാപത്രങ്ങള്‍ക്കും ഓണ്‍ലൈന്‍ എഡിഷനുണ്ടാകും എന്ന് ക്രാന്തദര്‍ശിയായി. നിലച്ചുപോകുമെന്ന് വിഭാവനചെയ്ത അച്ചടിയെപ്പറ്റി ഒന്നും മിണ്ടിയിട്ടുമില്ല. കാഴ്ചയുടെ ശീലങ്ങള്‍ക്ക് അത്രവേഗം ഒരട്ടിമറി സാധ്യമാണോ എന്ന് അത്രയൊന്നും മിടുക്കരല്ലാത്ത നമുക്ക് ന്യായമായും സംശയിക്കാം. മാത്രമല്ല നമുക്ക് പുസ്തകം പോലും ഇന്നും ആഢംബരമാണ്. നിരക്ഷരകുക്ഷികളുടെ എണ്ണപ്പെരുപ്പം ആകൃതി ഇങ്ങനെ ഒപ്പിക്കുന്നത് ദാരിദ്ര്യത്തിന്റെ അടുപ്പിലിരുന്ന് വെന്താണ്. അപ്പോഴാണ്..... മറ്റൊരു വേവലാതി ബുറി വഴി പ്രസാധനം ചെയ്യപ്പെട്ട പുസ്തകങ്ങളുടെ വ്യാപനം എത്രമാത്രം പരിമിതമാണെന്ന പരിദേവനമാണ്. സമാന്തര വിതരണശൃംഖല എന്നൊക്കെയുള്ളത് ഉട്ടോപ്യന്‍ ആശയമല്ലെ എന്നാണ് ചോദ്യം. ഇന്റെര്‍നെറ്റുള്ള ആളുകള്‍ക്ക് മാത്രം പ്രാപ്യമായ ഒരു മേഖലയില്‍ കിടന്നു കറങ്ങുന്ന പ്രസാധനം കൊണ്ട് എന്തു നേട്ടമാണ് ആത്യന്തികമായി എഴുത്തുകാര്‍ക്കുണ്ടാവുക, അവര്‍ പ്രസക്തി നേടിയെടുത്തത് ബൂലോകത്തു നിന്നാണെങ്കില്‍ പോലും?

ആശങ്കകള്‍ ഒറ്റവാക്യം കൊണ്ട് നിവൃത്തിക്കാനുള്ളതല്ലല്ലോ. അവയാണ് ആശയശരീരത്തെ പോഷകമൂല്യങ്ങളാല്‍ പുഷ്ടമാക്കിത്തീര്‍ക്കേണ്ടത്. ജനാധിപത്യവ്യവസ്ഥയുടെ പരമപ്രധാനമായ രണ്ട് അടിസ്ഥാന ഘടകങ്ങള്‍ - അക്കൌണ്ടബിലിറ്റിയും ട്രാന്‍പെരന്‍സിയും- കണക്കു പറയലും സുതാര്യതയും - ആശയതലത്തില്‍ സ്വാംശീകരിച്ചുകഴിഞ്ഞാല്‍ ബുറിയുടെ പ്രസക്തി എളുപ്പം തിരിച്ചറിയാനാവും. അതാണു വേണ്ടതും. അതിനുവേണ്ടിയുള്ള സംഘര്‍ഷം ഒരു പക്ഷേ നമ്മുടെ തന്നെ സാമൂഹികതയുടെ ഗൃഹപാഠങ്ങളാണ്. വഴിക്കണക്കുകള്‍ക്ക് ഒരു വഴിയല്ല ഉള്ളത് എന്ന് പറയാന്‍ ഒരു കൂട്ടം ഉരുവപ്പെടേണ്ട രീതി അതാണ്. അങ്ങനെയായാല്‍ നല്ലത് എന്ന് ചിന്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവണമല്ലോ...തത്കാലം അതുണ്ടല്ലോ...

അപ്പോള്‍ നാളെ ദേവദാസിന്റെ 'ഡില്‍ഡോ' എന്ന കൃതിയുടെ പ്രകാശനം, രാവിലെ പതിനൊന്ന് മണിക്ക്, തൃശ്ശൂരുള്ള സാഹിത്യ അക്കാദമി ഹാളില്‍ വച്ച്.. ഗസലുകളുടെ സന്ധ്യ, വൈകുന്നേരം ആറുമണിക്ക് എലൈറ്റ് ടൂറിസ്റ്റു ഹോം ഹാളില്‍ വച്ച്..
വരാതിരിക്കരുത്...

2 comments:

The Forex Site said...

Nice Article!

One Simple Tech - Computer News, Reviews and Guides
The Forex Site - The Foreign Exchange
MagicStix - Personal Blog of MagicStix

Thanks!

വെള്ളെഴുത്ത് said...

സ്പാം ആണെങ്കിലും ഒരു കമന്റു കിട്ടിയല്ലോ.. ഒരു കമന്റും കിട്ടാതെ മരിച്ചു മണ്ണടിയാന്‍ പോകുന്ന ഒരു പോസ്റ്റ് എന്നു വച്ച് കുഴിവെട്ടുകയായിരുന്നു ഞാന്‍.. ഹാവൂ.. രക്ഷപ്പെട്ടു !