August 2, 2009

ഇങ്ങനെയായാലെങ്ങനെ സാറേ....*പൊന്നപ്പന്‍ - the Alien said..
“ഒരു കടലാസ്സ് പറന്നു പോയി. അതു വായിച്ചു കൊണ്ടിരുന്ന ശങ്കരേട്ടന്‍ ഒരു കുഞ്ഞു തെറി പറഞ്ഞു. അടുത്തിരുന്ന എം എസ്സിക്കാരന്‍ കുട്ടിശങ്കരന്‍ കയോസ് എന്നു പറഞ്ഞ് ആ‍കാശത്തിലേക്കു നോക്കി ആകുലപ്പെട്ടു.“ ഈ കഥയില്‍ ഇതു വരെ ഞാനെന്ന അഗ്നോസ്റ്റിക്കിന് ഒരു പരാതിയുമില്ല.. പക്ഷേ.. കടലാസ്സ് വെറും കയോസ് മാത്രമാണെന്ന് കേട്ടുകൊണ്ടിരുന്ന കൂട്ടം തലയാട്ടി സമ്മതിക്കുന്നതിന്റെ രാഷ്ട്രീയത്തില്‍ എനിക്കെന്തോ ഒരിത്. പ്രമോദിന്റെ കമന്റ് : “എങ്ങനെയാണ് ഒരു ചിത്രത്തെ വായിക്കേണ്ടതെന്ന് പറഞ്ഞുതന്നതിന് നന്ദി വെള്ളെഴുത്ത്.” ഇതു കൂടി കേട്ടപ്പോ പ്രത്യേകിച്ച് എന്തെന്തരോ ഒരിത്.

പ്രസിദ്ധീകരിച്ച് കുറേക്കാലം കഴിഞ്ഞ ഒരു പോസ്റ്റില്‍ ഇന്ന് ഇങ്ങനെ ഒരു കമന്റുകണ്ടപ്പോഴാണ് ഒന്നും കാലഹരണപ്പെടുന്നില്ലെന്ന ബോധോദയം പിന്നെയും ശക്തമാവുന്നത്. എന്തായിരിക്കും പൊന്നപ്പനെ ഈ പോസ്റ്റ് തപ്പിപ്പിടിക്കാന്‍ പ്രേരിപ്പിച്ചത്? അതും ഒരു പ്രചോദനവും കൂടാതെ ഒരു നാള്‍? മുന്‍പ് നേരിട്ടറിയാത്ത ഒന്നു രണ്ടുപേര്‍ പരോക്ഷമായി ഉന്നയിച്ച വിമര്‍ശനങ്ങള്‍ അവയുടെ അലകും പിടിയും മാറി അടുത്തു വന്നപ്പോഴും ഒരു ന്യായീകരണം തന്റെ ഭാഗത്തു നിന്ന് വേണ്ടതാണല്ലോ എന്ന് തോന്നിയതാണ്. അവയിലൊന്ന് അതിവായനയെക്കുറിച്ചുള്ളതാണ്. നിസ്സാരമെന്നു തോന്നുന്ന സംഗതികളില്‍ (ആര്‍ക്ക്?) അനാവശ്യമായി കെട്ടിയേല്‍പ്പിക്കുന്ന ആശയഗൌരവങ്ങളെക്കുറിച്ചാണ് അതിവായനയെന്ന പരാതി. രണ്ടാമത്തേത് എല്ലാവരും കൊള്ളാമെന്നു പറയുന്നതോ അധികമൊന്നും ചര്‍ച്ച ചെയ്യാനില്ലാത്തതോ ( എന്ന് ആര്‍ക്ക് തോന്നുന്ന..?) ആയ സംഗതികളെ അനാവശ്യമായി വിശദീകരിക്കുന്നതിനെക്കുറിച്ചുമാണ്. രണ്ടാമത്തെ ആരോപണത്തിനു പല മുനകളുണ്ട്. അതിലൊന്ന് എല്ലാവരും കൈയ്യടിക്കുമ്പോള്‍ ഒരാള്‍ കൊഞ്ഞനം കാട്ടിയാല്‍ അയാളെ ശ്രദ്ധിക്കുമല്ലോ എന്ന കാല്‍പ്പനികഛായയുള്ള മുഖം മൂടി വച്ചുകെട്ടാനുള്ള ശ്രമമാണ്. (വളരെ പഴക്കമുള്ള ഒരു ആരോപണതന്ത്രമാണിത്) മലയാളിയ്ക്ക് അങ്ങനെയൊരു സ്വഭാവമുണ്ടെന്നാണ് പൊതുവേ പറയുക. എന്നാല്‍ അങ്ങനെയൊരു സ്വഭാവം മലയാളിയ്ക്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണയുന്നതാണ് യഥാര്‍ത്ഥ(മലയാളി)മനോഭാവം എന്നും വാദിക്കാവുന്നതാണ്. ഒന്ന് ജനസാമാന്യത്തിനോടുള്ള പരപുച്ഛമാണെങ്കില്‍ മറ്റേതില്‍ നമ്മുടെ ചേരിയില്‍ ചേരാത്ത ഒരുവനോ എന്നുള്ള അവജ്ഞയല്ലേ സ്ഥായി? അതു മാത്രം പരപുച്ഛമാവാതിരിക്കുന്നതെങ്ങനെ? മാത്രമല്ല അത് അഭ്യസൂയയുമാണ്. (ആഹാ, നീ ഒരുത്തന്‍ മാത്രം മിടുക്കനോ?)

‘പാഠങ്ങളെ’പ്പറ്റിയുള്ള അന്വേഷണവും ജനപ്രിയകലാരൂപങ്ങളെ (അതില്‍ സാഹിത്യവും വരും)ക്കുറിച്ചുള്ള പുതിയ സാംസ്കാരികപഠനമേഖലകളും അമ്പേ നിഷ്പ്രഭമാക്കിയിട്ടുള്ള(കൊണ്ടിരിക്കുന്ന) ആരോപണങ്ങളാണിവ എന്നാണ് എന്റെ വാദം. വാദിക്കുന്നതിനു കപ്പം കൊടുക്കണ്ടലോ. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കും ജ്ഞാനരൂപങ്ങളുടെ മാറിമറിയലുകളെക്കുറിച്ച് നല്ല ബോധമുള്ളവരാണ്. നല്ല വായനക്കാരാണ്. പക്ഷേ പലപ്പോഴും അവര്‍ക്ക് അറിയാവുന്നതും വായിച്ചതും പരണത്തു വയ്ക്കേണ്ടി വരുന്നു. മറവിയായിരിക്കും വില്ലന്‍. എങ്കിലും പോസ്റ്റുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തലോടലുകളേക്കാള്‍ അറിവരുളുന്നത് ഇതുപോലുള്ള വിമര്‍ശനങ്ങളാണ്. തെരുവിന്റേ മറ്റേയറ്റം പോലെ സ്വന്തം നിലപാടുകളിലെ ഏങ്കോണിപ്പുകള്‍ അറിയാന്‍ സഹായിക്കുന്നത് ഇവയാണ്. എന്തൊക്കെ ആശയങ്ങള്‍ വിനിമയം സാധ്യമാവാതെ കുഴങ്ങുന്നു എന്നറിയിക്കുന്നത് ഇവയാണ്. ധാരണകളുമായി സംവാദം സാധ്യമാവുന്നത്ര തന്നെ പ്രയാസകരമാണ് ധാരണയില്ലായ്മകളുമായി സംവദിക്കുന്നതെന്ന് അറിയിച്ചതും ഇവ തന്നെ. ഇന്ന് സൌഹൃദത്തിന്റെ ദിനമായി ആരൊക്കെയോ ആഘോഷിക്കുന്നുണ്ട്. ചില വിമര്‍ശനപരമായ കമന്റുകളാണ് താഴെ. കൂടുതലും കഴിഞ്ഞ ഒരു വര്‍ഷത്തിനകത്ത് ലഭിച്ചവയില്‍ അവിടെന്നും ഇവിടെന്നുമായി പെറുക്കിയെടുത്ത് കൂട്ടിയവ. എല്ലാം ഒരേ തട്ടിലുള്ളവയല്ല. പലതും പോസ്റ്റുകളെക്കാള്‍ ഉള്‍ക്കാഴ്ചയുള്ളവ. അവയില്‍ ചിലത് പോസ്റ്റെന്താണെന്നും എന്തിനെക്കുറിച്ചാണെന്നും തിരിച്ചറിയാനാവാത്തവ. ചിലത് എഴുതിയവന്‍ ഉദ്ദേശിച്ചതിന്റെ മറുപുറം കാണിച്ചു തരുന്നവ. മറ്റു ചിലത് മുന്‍‌ധാരണകളുടെ പൊള്ളയായ ഉള്ളം എടുത്തു പ്രദര്‍ശിപ്പിക്കുന്നവ. എണ്ണത്തില്‍ കുറവാണ് ആകെ വിമര്‍ശനങ്ങള്‍. ചിലതൊക്കെ എഴുതിയവര്‍ തന്നെ പിന്നീട് മായ്ച്ചു. എങ്കിലും കിട്ടിയ എല്ലാത്തിനും നേരത്തെ പറഞ്ഞതു പോലെ അവയുടേതായ പ്രാധാന്യമുണ്ട്. അപ്പോള്‍ ബ്ലോഗെഴുത്തില്‍ വന്ന ശ്രദ്ധയില്ലായ്മയും മണ്ടത്തരങ്ങളുമോ എന്നൊരു ചോദ്യം ഞാന്‍ കാണാതെയല്ല. തത്കാലം അവയ്ക്ക് എന്റെ വക ഒരു സ്മൈലി ! തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ അവയെപ്പോലെ മറ്റൊന്നിനെയും ഞാന്‍ കണക്കിലെടുത്തിട്ടില്ലല്ലോ..... അപ്പോള്‍ പോസ്റ്റുകളല്ല, കമന്റുകളാണ് പ്രധാനം. നേര്‍ക്കു നേരേ വന്നവ. പുഞ്ചിരികള്‍ക്കും കൈകോര്‍ക്കലുകള്‍ക്കും ചുമലില്‍ തട്ടിയുള്ള അഭിനന്ദനങ്ങള്‍ക്കും ഒപ്പം ആട്ട്, തുപ്പ്, നെറ്റിച്ചുളിക്കല്‍, ഒച്ച താഴ്ത്തിപ്പറയല്‍ തുടങ്ങിയവയും വേണം. അത് ലോകനിയമമാണ്. ‘നിമ്നോന്നതമാം വഴിക്കു തേരുരുള്‍ ഓടിക്കലാണ്‌‍ രസം...’ ഇവയും കൂടെ ഇല്ലാതിരുന്നെങ്കില്‍ ബ്ലോഗ് എഴുത്ത് എന്തു വിരസമായേനേ...............

അതുകൊണ്ട് ഇന്നത്തെ പോസ്റ്റ് ....കണ്ണാടികളായ ചങ്ങാതികള്‍ക്ക് ...

കുറുമാന്‍ said...
പുലിയെ പിടിക്കാനുള്ള വഴിയില്‍ മുഴുവന്‍ കുഴി......ആയതിനാല്‍ കുഴി ചാടി കടന്ന് പുലിയെ പിടിക്കാന്‍ ചെല്ലുമ്പോഴേക്കും പുലി എലിയായോ‍ന്നൊരു സംശയം........


Anonymous said...
ഇത് വായിച്ച് എന്റെ തലയ്ക്കുള്ളിലും ഒരു വണ്ട് മൂളുന്ന പോലെ.സിനിമ കണ്ടപ്പോ പോലും ഇത്ര പ്രശ്നണ്ടായില്ല. എന്നാലും ന്റെ വെള്ളേ :)
- ആളറിയാം

Rajeeve Chelanat said...
"സാമാന്യബോധത്തെ ഒന്നിറക്കി വച്ചുകഴിഞ്ഞാല്‍ ചില സുഖങ്ങളൊക്കെയുണ്ട്. അത്രേയുള്ളൂ"
-സാമാന്യബോധത്തെ (തത്കാലത്തേക്കല്ല) എന്നന്നേക്കുമായിത്തന്നെ ഇറക്കിവെക്കാന്‍ കഴിഞ്ഞാല്‍ ‘ചില്ലറ സുഖ’മൊന്നുമല്ല. പെരുത്തു സുഖം തന്നെയാണ്. സംശല്ല്യ :)

കുഷ്ണ വര്‍മ്മ പ്രസാദ്‌.. said...
-വിഷ്ണു പ്രസാദ് said...
ഒരുപക്ഷേ,ലതീഷിന്റെ കവിതകളെക്കുറിച്ച് എഴുതപ്പെട്ട ആദ്യത്തെ ലേഖനമാവും ഇത്.അതിന് ധൈര്യപ്പെട്ടതിന് വെള്ളെഴുത്തിന് അഭിനന്ദനം.-
ഹഹ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ. എന്തിനാ മാഷേ ഈ തീട്ടം മണപ്പിച്ചിട്ടു ഒന്നുമറിയാത്ത പോലെ മാറി നില്‍ക്കണേ.. നാറുന്നു എന്ന് അങ്ങ് പറഞ്ഞു കൂടെ. :) :)
ബുദ്ധിജീവികളാണ് പോലും ബുദ്ധിജീവികള്‍.
വല്ലപ്പോഴും ഒന്ന് പച്ചവെള്ളത്തില്‍ കുളിച്ചു നോക്കൂ.

Haree | ഹരീ said...
ഡെയ്സി ബെന്നിയെ ഉപേക്ഷിക്കുന്നതായിരുന്നു സിനിമയോട് ചേര്‍ന്നു പോവുന്നത്. ഒന്നും മിണ്ടുവാന്‍ ചെയ്യുവാനാവാതെ ഒതുക്കപ്പെടുന്ന സ്ത്രീകള്‍ ധാരാളമുണ്ട്, അത് അവള്‍ ഗുണവതിയായതുകൊണ്ടല്ല, ചെയ്യുവാന്‍ കഴിവ്/സാഹചര്യം ഇല്ലാത്തതിനാലാണ്. ഭര്‍ത്താവുപേക്ഷിച്ച/ഭര്‍ത്താവിനെ ഉപേക്ഷിച്ച സ്ത്രീകളെ സമൂഹം എങ്ങിനെയാണ് കാണുന്നതെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ! അതും ഇങ്ങിനെയൊക്കെയാണെങ്കിലും എല്ലാം ക്ഷമിച്ചു മുന്നോട്ടുപോകുവാന്‍ സ്ത്രീയെ പ്രേരിപ്പിക്കുന്ന ഘടകമായിരിക്കണം. ഇവിടെ സ്ത്രീ സാമ്പത്തികസ്വാതന്ത്ര്യം നേടിയിട്ടുപോലും കഥയ്ക്കൊരു മാറ്റമുണ്ടാവുന്നില്ലല്ലോ!
“...ഭാര്യയെ ശിക്ഷിക്കുന്നതിനു വേണ്ടി അയാള്‍ ഒഴിവാക്കുന്നത് ലൈംഗിക ബന്ധമാണ്.” - ശിക്ഷ പുള്ളി തന്നെയാണ് അനുഭവിക്കുന്നത് എന്നും സിനിമ കാണിക്കുന്നുണ്ട്. :-)
“പണം. സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നതെന്നും അതാണ് അവള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കിക്കൊടുക്കുന്നതെന്നും...” - ഇതില്‍ സത്യമില്ല എന്നുണ്ടോ? മുതലാളിത്തത്തിന് ഇപ്പോഴാണ് ഇത് മനസിലാവുന്നതെന്നോ?

ജ്വാല said...
33 ശതമാനം വനിതാസംവരണബില്ല് പാസ്സാകാത്തതിന് ഉപരിപ്ലവമായ എതിര്‍പ്പുകള്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടിപ്പിച്ചത്.എല്ലാ പാര്‍ട്ടിയിലേയും ഭൂരിഭാഗം അധികാരികളായ പുരുഷന്മാര്‍ സത്യത്തില്‍ ആശ്വസിക്കുകയാണ്.
കുടുംബം.സമൂഹം,രാഷ്ട്രം എന്നിവ നിലവില്‍ വന്നതുമുതല്‍ സംരക്ഷണം,പീഡനം,ചൂഷണം എന്നതല്ലാതെ തുല്യത നല്‍കേണ്ട വ്യക്തികളായി സ്ത്രീകള്‍ ഇന്നും മാറിയിട്ടില്ല.ഈ നിഷ്ക്രിയത്വവും,നിര്‍വ്വികാരതയും വെടിഞ്ഞു സ്ത്രീകള്‍
പ്രതികരിക്കുന്ന കാലം ഉണ്ടാകും.അതിനു അവസരങ്ങളാണ് കൊടുക്കേണ്ടത്,അവഹേളനമല്ല.

The Prophet Of Frivolity said...
ബ്ലോഗില്‍ വരുന്ന കുറിപ്പുകളുടെ അല്പായുസ്സിനെക്കുറിച്ച് അറിയാതല്ല, ഗൌരവതരമായ വിഷയങ്ങളില്‍പ്പോലും വന്യമായ ഒരാഘോഷച്ചുവകലരുന്നതുപോലെ തോന്നും, ഈ കല്പനാലോകത്ത്.
മുമ്പത്തെ കമന്റ് ഒരുദ്ദേശ്യം വെച്ചെഴുതിയതായിരുന്നു. നിങ്ങള്‍ ഡേവിഡ് ക്രിസ്റ്റലിന്റെ ‘ഭാഷാമരണം’ വായിച്ചോ? ഈ വിഷയം കുറെക്കാലമായി തലയില്‍ക്കിടന്ന് പുകയുന്നു. ആ പുസ്തകത്തിന്റെ ഒരു നിരൂപണം ‘ഡാനിറിവ്യൂസില്‍ ഉണ്ട്. ഇവിടെ. മൂന്നാമത്തെ ഖണ്ഡികയില്‍ എന്തുകൊണ്ട് നമ്മള്‍ ഈ ആസന്നനിര്യാണത്തെക്കുറിച്ച് ആകുലരാവണം എന്നത് കാണാം(ഞാന്‍ റിവ്യൂ മൊത്തം വായിച്ചില്ല). പുസ്തകത്തില്‍ അത് വിശദമായി പറയുന്നുണ്ട്. അതില്‍ രണ്ടെണ്ണം ഒരു വാദമേയല്ല: വൈവിദ്ധ്യവും, ഭാഷ ഭാഷയെന്ന നിലയില്‍ത്തന്നെ ശ്രദ്ധയര്‍ഹിക്കുന്നവയാണ് എന്നിവ. വൈവിദ്ധ്യമെന്നത് ജൈവവവിദ്ധ്യവുമായാണ് താരതമ്യം. ചരിത്രത്തിന്റെ, അറിവിന്റെ ഭണ്ഡാരപ്പുരകളാണെന്നത് ഭാഗികമായിമാത്രം നിലനില്‍ക്കാവുന്ന ഒരു വാദമാണ്. ചിലതുണ്ട്, ഒരു ഭാഷയില്‍നിന്ന് ഒരിക്കലും മറ്റൊരു ഭാഷയിലേക്ക് ചേക്കേറാന്‍ കൂട്ടാക്കാത്തവ. പിന്നുള്ളത് സ്വത്വസംബന്ധമാണ്. ഇതും യുക്തിപരമായി പരിശോധിച്ചാല്‍ നിലനില്‍ക്കാന്‍ ബുദ്ധുമുട്ടാവും. പറഞ്ഞുവരുന്നത് ഉന്നയിക്കാവുന്നവയെല്ലാം വൈകാരികമായി സാധുതയുള്ള (Sentimentally sustainable) വാദങ്ങളാണ്, യുക്തിപരമായി ബോദ്ധ്യപ്പെടുത്താവുന്നവയല്ല(Logically sustainable).
ഇനി ഭാഷയെന്നത് എത്രത്തോളം ഗാഢമായി ഒരു ജനതയുടെ ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നു എന്നത്. സാക്ഷാല്‍ സൊസ്യൂറിനെത്തന്നെ അവലംബിച്ചാല്‍, ‘വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ ഭാഷയോളം പ്രാധാനപ്പെട്ട ഒരു ഘടകമില്ല തന്നെ’എന്നാണ്. പ്രശ്നമതല്ല. അത് ഏത് ഭാഷയുമാവാം. വളരെ നല്ല ഉദാഹരണം കോപ്റ്റിക്ക്-അറബിക്ക് ആവും. വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ കൊഷരിക്കടയില്‍ കയറാന്‍ പറ്റാത്ത തിരക്കാണ്, ഉമ്മുക്കൂത്സൂമിന്റെ വിലാപയാത്രക്ക് നാല് മില്ല്യണിനടുത്തായിരുന്നു ആളുകള്‍. ഇനിയും മറ്റൊന്ന്, നമ്മള്‍ സംസാരിക്കുന്നത് മാറിവരുന്ന ഒരു സാഹചര്യത്തെ സംബന്ധിച്ചാണ്. അങ്ങനെ വരുമ്പോള്‍ ഇന്ന് നിലനില്‍ക്കുന്നത് പരമമായും വരാനിരിക്കുന്നതിനേക്കാള്‍ മികവുറ്റതാണെന്ന് സംശയലേശമന്യേ പറയാനാവണം. സംഭവിക്കാനിടയുള്ളതിനെക്കുറിച്ച് പരിപൂര്‍ണ്ണമായ തീര്‍ച്ച സാദ്ധ്യമാകുന്നതെങ്ങനെ? ഇനിയും കടന്ന് ഒരു ഹേര്‍ഡര്‍/സ്പെങ്ങ്ളര്‍ രീതിയില്‍ സംസ്കാരങ്ങളുടെ ജൈവികതയും മറ്റും കൊണ്ടുവരാന്‍ സാധിക്കില്ലെന്നല്ല. അത് കാര്യങ്ങളെ കൂടുതല്‍ പ്രശ്നഭരിതമാക്കും. സാപിര്‍-വോര്‍ഫ് സിദ്ധാന്തം തന്നെ കാലങ്ങളിലൂടെ മിക്കവാറും എല്ലാവരും തള്ളുകയാണുണ്ടായത്, പിങ്കറടക്കം. ഇനിയൊരു മാര്‍ക്സിസ്റ്റ് ഭാഷാശാസ്ത്രവഴിയില്‍ അന്വേഷിച്ചാല്‍ത്തന്നെ ഒരു പ്രത്യേക ഭാഷയെന്നതിലല്ല, ഭാഷ എന്ന നിലയില്‍ മാത്രമേ മുന്നോട്ട് പോകുകയുള്ളൂ. ആകെമൊത്തം നൂഡിത്സ് പരുവമായി.
ഈ വിഷയത്തില്‍ ഇവിടെ വന്ന എഴുത്തുകള്‍ക്കെല്ലാം ഞാന്‍ എതിരഭിപ്രായം പറഞ്ഞതിന്ന് വിശദീകരണവുമാവട്ടെ. മറ്റൊരു കാര്യം സ്വന്തം ഭാഷയെപ്പറ്റി ഇങ്ങനെ സംസാരിക്കുന്നത് മലയാളികളുടെ മാത്രം സ്വഭാവമല്ല. ഭാഷാപുനരുജ്ജീവനസംഘടനകള്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണത്. മിക്കവാറൂം എല്ലായിടത്തും.
ഇപ്പോഴും - കുറെ നാളായി - ഞാന്‍ ഹൈദെഗര്‍ പറഞ്ഞത് ആലോചിച്ചുകൊണ്ടിരിക്കയാണ്: ഗ്രീക്കും, ജര്‍മനുമാണ് (ചിന്തയ്ക്ക് ഉപയുക്തമെന്ന നിലയില്‍)ഒരേ സമയം ഏറ്റവും ശക്തിയുള്ളതും, ആത്മീയവുമായ ഭാഷ എന്ന്. അതെങ്ങനെ പുള്ളിക്ക് അറിയാനാവുമെന്ന് ചോദിച്ചുകൂടെന്നല്ല...

The Prophet Of Frivolity said...
ഈ പോസ്റ്റില്‍ കമന്റ് ചെയ്യുന്നത് വളരെ അപകടം പിടിച്ച സംഗതിയാണ്. നൈസര്‍ഗിഗ ദ്വന്ദ്വബാധയുള്ള മലയാളിയും മലയാളം ബ്ലോഗും രണ്ടിലൊരു കളത്തില്‍(അല്ലെങ്കില്‍ ചെളിക്കുണ്ടില്‍?) ചവിട്ടിത്താഴ്ത്തും. ഉറപ്പ്. ഞാന്‍ ആലോചിക്കുന്നത് അതല്ല. രക്ഷകന്‍ എന്നൊക്കെയുള്ള വാക്കുകള്‍ ഇപ്പോഴും മലയാളസാമൂഹികരാഷ്ട്രീയസാംസ്കാരിക വ്യവഹാരത്തില്‍ ഇടം നേടുന്നുവെന്നത്...അതുതന്നെ മതി ഇന്നത്തേതില്‍നിന്ന് വിഭിന്നമായി ഒരു അവസ്ഥ എന്തുകൊണ്ട് ദുസ്സാദ്ധ്യമാവുന്നു എന്നത് വ്യക്തമാക്കാന്‍. ദൈവവധവും രാജവധവുമൊന്നുമില്ലാതെ ജനാധിപത്യം.
വിഷയാതീതം: ആ വ്യക്തിവസ്തുത(Profile)യില്‍ എഴുതിയിരിക്കുന്ന സംഭവം മനസിലായില്ല. പരിസ്ഥിതിയെ ആശ്രയിക്കുകയും, പക്ഷെ വ്യക്തിബദ്ധവും. ആകെ ശങ്കയായി.

The Prophet Of Frivolity said...
എന്തുകൊണ്ട് ഇന്ത്യയില്‍ ഇത്രയധികം ഭാഷകളുണ്ടായി എന്നതില്‍ തന്നെ എന്തുകൊണ്ട് മിക്കവാറും ഭാഷകളും ഇല്ലാതാവും എന്നതിനുള്ള കാരണവുമുണ്ട്. ആദ്യത്തെ ഉദ്ധരണിയുടെ അത്രേം പെട്ടന്നല്ലെങ്കിലും. അത് മറ്റൊരു വിഷയം. വെള്ളെഴുത്തിന്റെ വാദമെന്താണ് ഈ വിഷയത്തില്‍ എന്ന് വ്യക്തമായില്ല. [ദിശാസൂചികയായ വരി: “മലയാളം മൂലദ്രാവിഡഭാഷയില്‍ നിന്നുണ്ടായി എന്നൊക്കെ വാചാടോപം നടത്തി വികാരശമനം നടത്താം.“(മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, amicus Plato, sed magis amica veritas)] ഭാഷയുടെ മൃത്യു ഭാ‍രതീയനെന്ന നിലയില്‍ മൃതിയായി കാണാനാവുമോ? പിന്നേം അലോചിച്ചു വരുമ്പോ നിറയെ ആശയക്കുഴപ്പം.
അഴീക്കോടിന് ഒരു വ്യക്തമായ വാദമുണ്ടായിരുന്നു. ‘മലയാളം ഒന്നിന്നും കൊള്ളാത്ത സാമന്ത ഭാഷയാണെന്ന്’ അര്‍ത്ഥം വരത്തക്ക വിധത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്നുവെന്ന് വെള്ളെഴുത്ത് എങ്ങനെ വായിച്ചെടുത്തു? [amicus
vertitas, sed magis amica provincialism.] രണ്ട് വാദമാണുണ്ടായിരുന്നത്, ഒന്ന് ക്ലാസിക്ക് എന്ന് ഭാഷയെ വേര്‍തിരിക്കാനാവില്ല, മലയാളം താരതമ്യേനെ പുതിയ ഭാഷയാണ്. ഇത് രണ്ടിനെയും ഖണ്ഡിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ? ആവോ. ഒന്നാമത്തെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ വേണേല്‍ വല്ല റഫറന്‍സും തപ്പിയെടുക്കാം. അതിനാണോ പഞ്ഞം.
മലയാളം മൃതിയുടെ (മൃത്യുവല്ല) പാതയിലാണ്, അത് കൊണ്ട് പറ്റാ‍വുന്നത്ര നേരത്തേ ആഞ്ജിയോപ്ലാസ്റ്റി നടത്തണം. അതിനു പണം വേണം. ക്ലാസിക്ക് പദത്തിന്നൊപ്പം പണവും വരും. അതുകൊണ്ട് മലയാളവും ക്ലാസിക്കാക്കണം. നല്ല വാദങ്ങളാണ്.ഒപ്പം സാംസ്കാരികസ്വത്വത്തില്‍ ഭാഷയുടെ പ്രാധാന്യം.
വാല്‍ക്കഷണം: "Irish-men without Irish is an incongruity and a great Bull."

Anonymous said...
മാര്‍ക്സും, ലെനിനുമൊന്നും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ ജീവിച്ചിരുന്നവരല്ല. നിലനിന്നിരുന്ന വ്യവസ്ഥിതിയുടെ സ്വാധീനത്തില്‍ നിന്നും പൂര്‍ണ്ണമായി മുക്തരാകുവാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നുമില്ല. അവര്‍ സംസാരിച്ചുകൊണ്ടിരുന്നത് കമ്മ്യൂണിസ്റ്റുകാരോടുമല്ല. ആശയസംവാദനത്തിനു എളുപ്പത്തില്‍ ഉതകുന്ന ബിംബങ്ങള്‍ ഉപയോഗിച്ചു എന്നു വേണമെങ്കിലും കരുതാം. Heaven= Any place of complete bliss and delight and peace എന്നും Hell=Any place of pain and turmoil എന്നും അര്‍ത്ഥമുണ്ടല്ലോ.
ഭൂരിപക്ഷത്തിനു നാവില്ലാതിരുന്ന കാലത്തു നിന്നാണ് നാം ഇവിടെ എത്തിയിട്ടുള്ളത് എന്നതിന്റെ ചരിത്രം അറിയുന്നവര്‍ തന്നെ കണക്കിലെ തിരിമറി എന്ന് പ്രയോഗിക്കുന്നതില്‍ ഒരല്പം കുഴപ്പമുണ്ട്. ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുക എന്നതിനപ്പുറത്ത് ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നു കരുതുന്നു. ഫ്യൂറര്‍മാര്‍ക്കും പ്രിയപ്പെട്ടതാണ് ഭൂരിപക്ഷത്തിന്റെ അര്‍ത്ഥശൂന്യത. അപകടമുണ്ട് ഭൂരിപക്ഷത്തെ കണക്കിലെ തിരിമറി മാത്രമാക്കുന്നതില്‍.

പി.എന്‍.ഗോപീകൃഷ്ണന്‍ said...
പാം ഡി ഓര്‍ എന്നല്ലേ കാനിലെ പുരസ്കാരത്തിനു പേര്?

Anonymous said...
ellaatinEyum siddhaanthavalkkarikkaan wholesale aayi chumaT EteTuththiTTuntO? :):):)
aa kavithaa pusthaka vichaaram ishTappeTTu.
VS eviTE nilkkunnu enna chOdyaththinEkkaaL VS ennoru kathhaapaathram namukk aavaSyamuNTO illayO ennu kooTe chinthikkuka.

റോബി said...
വെള്ളെഴുത്തേ,
പൊന്നമ്പലമേട് പെൺഭയങ്ങളുടേതോ അതോ ആൺഭയങ്ങളുടേതോ?

Anonymous said...
The article is good.But your style of writing is too archaic.If it is not affected, could you be in tune with time?

t.k. formerly known as തൊമ്മന്‍ said...
മലയാളം നശിക്കുന്നു എന്നൊക്കെ നിലവിളിക്കുന്നവര്‍ അമിതമായി ഇന്റര്‍‌നെറ്റും ടിവിയും ഉപയോഗിക്കുന്നവരാണെന്ന് തോന്നുന്നു :-) വിഷയങ്ങള്‍ മലയാളത്തില്‍ പഠിപ്പിക്കണമെന്ന് പറയുന്നവരും മൂഢസ്വര്‍ഗ്ഗത്തില്‍ ആണ് ജീവിക്കുന്നത്; മലയാളത്തേക്കാള്‍ വികസിച്ച ഭാഷകള്‍ മാതൃഭാഷയായുള്ളവര്‍ ആഗോളഭാഷയായ ഇം‌ഗ്ലീഷ് പഠിക്കാ‍നാണ് ശ്രമിക്കുന്നത്.

Anonymous
ഹെന്റെ വെള്ളെഴുത്തേ! നമിക്കുന്നു, നമിക്കുന്നു.. ഞാനൊന്നും ഒരിക്കലും കവിത വായിച്ച് മനസ്സിലാക്കില്ല എന്നു മനസ്സിലായി :(

എസ്. ജെ. ഗ്രാമത്ത്
ചുരുക്കം പറഞ്ഞാല്‍ വായനക്കാരന്‍ പുറത്ത്...അകത്ത് എഴുത്തുകാരുടെ ഗൂഢാലോചന...രണ്ട് കൂട്ടരും തമ്മില്‍ പരസ്പരം അറിഞ്ഞ് കൊണ്ടുള്ള വിട്ടുകൊടുക്കല്‍ ...അല്ലേ ?

sree said...
“കുട്ടികളുടെ മാനസിക ലോകവുമായി സമരസപ്പെട്ടു പോകുന്ന ഒന്നാണ് കൃത്യമായ ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ. യുക്തിപരമായ വാദത്തിനോ പ്രതിവാദത്തിനോ ഉള്ള ശേഷിയില്ലായ്മ. ഒരു തരം ദുരന്താത്മകമായ സ്തംഭനാവസ്ഥ”.
ആശയവിനിമയത്തിലെ കൃത്യയ്ക്ക് പ്രായവുമായിട്ട് അത്ര വലിയ ബന്ധമുണ്ടോ? അല്ല, എന്നുമ്മുതലാണ് ചിട്ടയായി ക്രോഡീകരിക്കപ്പെട്ട ഭാഷയില്‍ പറഞ്ഞാലെ ആശയം ഉണ്ടാവുകയും യുക്തിപരമാവുകയും വിനിമയം ചെയ്യപ്പെടുകയും ഉള്ളു എന്ന് വന്നത്??

സിനിമയുടെ അവലോകനം വായിച്ചപ്പോള്‍ തോന്നിയത് ഇതിനും വേണ്ടി ഇതില്‍ ഒന്നുമില്ലല്ലൊ എന്നാണ്. അതേതായാലും കൌമാരക്കാലത്തെ വളര്‍ച്ചയില്ലായ്മ, ബാല്യത്തെ അപക്വം എന്നൊക്കെ വിളിക്കേണ്ടി വരുന്നത് ഏതുതരം വളര്‍ച്ചയാണെന്ന് ഒരു ചോദ്യം തികട്ടിവരുന്നു...വിശുദ്ധമുട്ടകള്‍ കണ്ട് എഴുതിയത് മറന്നിട്ടല്ല. കൃത്യത, പക്വത എന്നൊക്കെ സെല്‍ഫ്-ഹെല്പ് പുസ്തകങ്ങളിലേതുപോലെ എളുപ്പത്തില്‍ നിര്‍വ്വജിച്ചു പോകാവുന്നതല്ല എന്ന എന്റെ പക്ഷം സൂചിപ്പിച്ചെന്നേ ഉള്ളു. ധാരണാശേഷി എന്നതു തന്നെ കേവല യുക്തി മാത്രമല്ല എന്നും കുട്ടികളുടേത് മറ്റൊരു തലത്തിലുള്ള യുക്തിബോധം ആണെന്നും ആണ് പറഞ്ഞു വന്നത്. ഇന്നത് ഐഡിയല്‍ എന്ന കാഴ്ച്ചപ്പാട് ലേഖനത്തില്‍ പ്രസക്തമല്ലായിരുന്നിട്ടും അവിടവിടെ മുഴങ്ങുന്നതായിട്ട് തോന്നി. ഫിക്സേഷനുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു മനശ്ശാസ്ത്രജ്ഞന്‍ സുഹൃത്ത് ഒരിക്കല്‍ പറഞ്ഞതോര്‍മ്മവന്നു. മുന്നിലിരിക്കുന്നത് ഒരു പുസ്തകമല്ല, ഒരു മനസ്സാണെന്ന് ഇടക്കിടെ സ്വയം ഓര്‍മ്മിപ്പിക്കാന്‍ കഴിയാത്തവര്‍ ഈ പണിക്കു പോവാതിരുന്നെങ്കില്‍ എന്ന്.
നായകനു യുക്തിബോധം കുറവാണെന്നു പറഞ്ഞുവയ്ക്കുന്നതിനു വേണ്ടി ഇത്രയും ജെനറലൈസേഷന്‍ ആവശ്യമുണ്ടോ? അറിയില്ല...
ഏതായാലും എനിക്ക് സെന്‍സില്ലാന്നാണ് എന്റെ പിള്ളേരു പറയുന്നത്. അതുകൊണ്ട് അവര്‍ക്കതുണ്ടെന്ന് തീര്‍ച്ചയാണെ..
ആദ്യത്തെ കമെന്റ് ഓഫാണെല്‍ ഇത് ഓഫിന്റെ ഓഫ്...

*വിനയചന്ദ്രന്റെ കവിതയിലെ ഒരു വരി
Post a Comment