July 21, 2009

മൂളുന്ന വണ്ടേ...
കുട്ടികളായ കുറച്ചു കഥാപാത്രങ്ങള്‍ പ്രാധാന്യത്തോടെ ബ്ലെസ്സിയുടെ ‘ഭ്രമര’ത്തിലും അണിനിരക്കുന്നുണ്ട്. കാഴ്ച, പളുങ്ക്, തന്മാത്ര തുടങ്ങിയ സിനിമകളില്‍ പരിചയപ്പെട്ടതാണെങ്കിലും കുട്ടിക്കഥാപാത്രങ്ങള്‍ക്ക് ഈ സിനിമയില്‍ നിര്‍ണ്ണായകത്വത്തിനുപരി ചില ദൌത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്നു തോന്നുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ശിവന്‍‌കുട്ടിയുടെ ബാല്യകാലം , അവന്റെ ഏഴാം ക്ലാസിലെ കൂട്ടുകാരി, അവളെ വെള്ളത്തില്‍ തള്ളിയിടുകയും ആ കുറ്റം ശിവന്‍ കുട്ടിയുടെ തലയില്‍ വച്ചുകൊടുക്കുകയും ചെയ്യുന്ന കൂട്ടുകാര്‍. ഇത്രയുമാണ് ഫ്ലാഷ്ബാക്കിലെ കുട്ടികള്‍. സമാന്തരമായി വര്‍ത്തമാനകാലത്തില്‍ ഉണ്ണിയുടെ മകള്‍ (ബേബി നിവേദിത) അയല്‍പ്പക്കത്തെ എസ് ഐ (മദന്‍ ബാബു)യുടെ മകന്‍, ശിവന്‍‌കുട്ടിയുടെ മകള്‍ എന്നിവരുണ്ട്. കാഴ്ചക്കാരും നിശ്ശബ്ദജീവികളുമായി പിന്നെയും ഉണ്ട്, കുറേ കുട്ടികള്‍ അവിടെയും ഇവിടെയുമൊക്കെയായി. കുറച്ചുകൂടി ആലോചിച്ചാല്‍ സിനിമ തീര്‍ക്കുന്ന മാനസിക ലോകം തന്നെ കുട്ടിത്തത്തിന്റേതാണ് എന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. മാനസികപക്വതയില്ലാത്ത തീരുമാനങ്ങളും എടുത്തുച്ചാട്ടങ്ങളും വൈകാരികമുറുക്കങ്ങളുമാണ് സിനിമയ്ക്കുള്ളിലെ അതിനാടകത്തെ പൊലിപ്പിക്കുന്നത്. മുതിര്‍ന്നവരായി കാണപ്പെടുന്നുണ്ടെങ്കിലും വളര്‍ച്ച നിലച്ച ഒരു അവസ്ഥയെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭ്രമരത്തിലെ കഥാപാത്രങ്ങളെല്ലാം വെളിവാക്കുന്നുണ്ട്. അപ്പോള്‍ കുട്ടികള്‍ക്കു വേണ്ടി എടുത്ത ചലച്ചിത്രമാണോ ഭ്രമരം എന്നാണിനി ആലോചിക്കാനുള്ളത്.

വളര്‍ച്ചപ്രാപിക്കാത്ത മനസ്സ് കഥാപാത്രങ്ങളിലെല്ലാം ഏറിയും കുറഞ്ഞും ഉണ്ട്. എസ് ഐ എന്ന ഹാസ്യകഥാപാത്രത്തില്‍ മാത്രമല്ല. അയാള്‍ ഒരു സൂചനയാണ്. ശിവന്‍ കുട്ടി എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വം വെളിവാകുന്നത് അയാള്‍ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം കൈയില്‍ എഴുതുന്നു എന്ന പ്രത്യേകതയാലാണ്. കള്ളപ്പേരില്‍ സുഹൃത്തിന്റെ വീട്ടില്‍ കയറിക്കൂടിയിരിക്കുന്നത് മറ്റാരുമല്ല, കുട്ടിക്കാലത്ത് തങ്ങള്‍ വഞ്ചിച്ച സഹപാഠി തന്നെയാണെന്ന് ഉണ്ണിയുടെ കൂട്ടുകാരനായ ഡോക്ടര്‍ക്ക് വെളിപാടുണ്ടാവുന്നത് ഈ പ്രത്യേകത ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ്. കൂട്ടുകാരി അവളുടെ പേര് ഒരിക്കല്‍ ഉള്ളംകയ്യിലെഴുതിക്കൊടുത്തിരുന്നു എന്നതാണ് ഈ ശീലം ഇങ്ങനെ കൊണ്ടുനടക്കാന്‍ ശിവന്‍ കുട്ടിയ്ക്ക് പ്രേരണയാവുന്നത്. ഉണ്ണിയുടെ മകളോട് അയാള്‍ പറയുന്നുണ്ട്. കയ്യിലെഴുതുന്നത് ഹൃദയത്തിലെഴുതുന്നതുപോലെയാണെന്ന്. കൌമാരത്തിന്റെ തുടക്കക്കാലത്ത് നിന്ന് പിന്നെയൊരിക്കലും പുറത്തു വരാനാവാത്തതാണ് അയാളുടെ പ്രശ്നം. തൊലിയില്‍ ഇക്കിളിയിട്ട് നീങ്ങുന്ന പേനയ്ക്ക് ആദ്യലൈംഗികാനുഭവത്തിന്റെ പ്രതീകമായിരിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ട്. ബോധപൂര്‍വമായാലും ഇല്ലെങ്കിലും സിനിമ ആരംഭിക്കുന്നതു തന്നെ ഒരു കുട്ടിയാല്‍ തടസ്സപ്പെടുന്ന വേഴ്ചയുടെ സൂചനയോടെയാണ്. പല സിനിമകളിലും നിഷ്കളങ്കമായി (അത്ര നിഷ്കളങ്കമാണോ?) ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ഈ രംഗം ഭ്രമരത്തിലെ ദൃശ്യസൂചനകളില്‍ ശ്രദ്ധേയമായ ഒന്നാണെന്ന് തോന്നുന്നു. മൂത്രമൊഴിക്കുന്നതിനിടയില്‍ ലോറിഡ്രൈവര്‍ ശിവന്‍ കുട്ടിയുടെ ലിംഗത്തിലേയ്ക്ക് നോക്കി ‘നീ ശിങ്കമാണെടാ’എന്നു പറയുന്നതിന്റെ ഒളിവിവക്ഷ മുന്‍ നിരടിക്കറ്റുകാരനെ പറ്റിക്കാനുള്ള സൂത്രപ്പണിമാത്രമല്ല. അതു കേട്ട് നിര്‍വൃതിയോടെ ചാരിതാര്‍ത്ഥ്യമടയുന്നത് ശിവന്റെ മദ്യം തിങ്ങിയ മുഖമാണെങ്കിലും കൌമാരകാലത്തെ ആണ്‍ലൈംഗികാനുഭൂതികളുടെ ഒരു താളിനെ (ദൂരത്തില്‍ മൂത്രമൊഴിക്കുകയും അതു വച്ച് പേരെഴുതി തീര്‍ക്കുകയും കൂട്ട സ്വയംഭോഗത്തില്‍ ആദ്യം സ്ഖലനമുണ്ടാവുകയും ലിംഗത്തിന്റെ വലിപ്പവും നീളവുമളന്ന് ഒന്നാമനെ കണ്ടെത്തുകയും....) മനസ്സില്‍ തുറന്നു പിടിക്കുക കൂടി ചെയ്യുന്നതുകൊണ്ടാണ് ഇരുട്ടു മുറിയില്‍ കയ്യടികള്‍ ഉയരുന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കുത്തുന്നതിനിടയിലെ സംഘര്‍ഷം അടിച്ച് തീര്‍ത്തിട്ട് ശിവന്‍ ഉണ്ണിയോട് പറയുന്നു. ‘ഇനി നിനക്ക് എവിടെയും കുത്താം. അവന്റെ അച്ചിയ്ക്ക് ഒരു പ്രശ്നവുമില്ല.’

ശിവന്റെ തലയ്ക്കകത്തിരുന്നു മൂളുന്ന ഭ്രമരം അവന്റെ കൌമാരക്കാലത്തിന്റെ മുരടിപ്പാണ്. ഈ വളര്‍ച്ചയില്ലായ്മയെ നാം ഇരുട്ടു മുറിയില്‍ കയ്യടിച്ചു് പ്രോത്സാഹിപ്പിക്കുന്നത് നേരത്തെ പറഞ്ഞതു പോലെ അത് നമ്മുടെ കൂടെ ഭാഗമായതുകൊണ്ടാണെന്നു തോന്നുന്നു. ശിവന്‍‌കുട്ടിയുടെ ജീവിതത്തെ ദുരന്തമാക്കിയത് അവന്‍ കൊല്ലാന്‍ കൊണ്ടുപോകുന്ന രണ്ടു കൂട്ടുകാരല്ല. അവര്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ താത്കാലികമായി ഒരു കളവ് പറഞ്ഞതാണ്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ശിക്ഷയ്ക്കു ശേഷം വേട്ടയാടുന്ന ഓര്‍മ്മകളില്‍ നിന്ന് രക്ഷപ്പെട്ട് സുന്ദരിയായ ഭാര്യയും (ഭൂമിക ചൌള) മകളുമായി ജീവിക്കുന്നതിനിടയില്‍ വീണ്ടും കൊലപാതകി എന്ന വിളിപ്പേരുമായി അയാളുടെ അടുക്കല്‍ എത്തുന്നത് അയാള്‍ കൊന്നു എന്നു പറയപ്പെടുന്ന പെണ്‍ കുട്ടിയുടെ (സത്യത്തില്‍ അയാളുടെ ആദ്യത്തെ പ്രേമഭാജനത്തിന്റെ) അമ്മയാണ്. അവരുടെ ശാപവും ആക്രോശവും കേട്ടാണ് അയാളുടെ മകള്‍ പേടിക്കുന്നതും ഭാര്യ പിണങ്ങിപ്പോകുന്നതും. സത്യം മറച്ചു വച്ചു എന്നാണിപ്പോള്‍ അയാള്‍ക്കെതിരെ ഭാര്യ ഉന്നയിക്കുന്ന ആരോപണം. (അദ്ഭുതകരമാണീ ഭാഗത്തെ സംഭാഷണങ്ങള്‍. കൈലിയുടുത്ത് കരിമ്പു വെട്ടുകയും ശര്‍ക്കരപ്പാനി കാച്ചുകയും ഭര്‍ത്താവിനു നക്കാന്‍ വിരലു നല്‍കുകയും ചെയ്തുകൊണ്ടിരുന്ന പെണ്‍കുട്ടി അതീവ നാടകീയമായാണ് സംസാരിക്കുന്നതും ദാമ്പത്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നതും. ഹൈലി ഫിലോസോഫിക്കല്‍) എന്തുകൊണ്ട് അയാളുടെ പ്രതികാരം ആരോപണം ഉന്നയിച്ച് ജീവിതം താറുമാറാക്കിയ ആ വൃദ്ധയായ സ്ത്രീയുടെ നേര്‍ക്ക് തിരിഞ്ഞില്ല? അമ്മ പ്രരൂപങ്ങള്‍ക്കെതിരെ അങ്ങനെ തിരിയില്ല, മലയാളിയുടെ പ്രതികാരമനസ്സ്. അതു നായകത്വത്തെ കെടുത്തും. മലയാള സിനിമയില്‍ ഈ തരവഴിയുമായി നാം പലപ്രാവശ്യം പരിചയപ്പെട്ടിട്ടുള്ളതാണ്. (ക്ലാസ്മേറ്റ്സ് എന്ന ജനപ്രിയ ചിത്രത്തില്‍ ഉറങ്ങിക്കിടന്ന വേഷത്തില്‍ നായികയെ കോളേജിനു മുഴുവന്‍ കാണിച്ചുകൊടുത്തു ചതിക്കുകയും കൂട്ടുകാരനെ ശ്വാസം മുട്ടിച്ചു കൊല്ലുകയും ചെയ്ത ആളല്ല, നായിക എഴുതിയ പ്രേമലേഖനം തട്ടിയെടുത്ത് വോട്ടുപെട്ടിയിലിട്ട് പരസ്യമാക്കാന്‍ നോക്കിയ വ്യക്തിയാണല്ലോ വില്ലന്‍ !) തൊലിപ്പുറത്തെ ചികിത്സയല്ല, വേരുകളാണയാള്‍ അന്വേഷിച്ചതെന്ന പക്ഷം പിടിച്ചാല്‍ പിന്നെയുമുണ്ട് കുഴപ്പം‍. ഒരിക്കല്‍ ഉണ്ണിയും മറ്റൊരിക്കല്‍ മരിച്ചപെണ്‍കുട്ടിയുടെ അമ്മയും (മകള്‍ മരിച്ചതിനു ശേഷം ഇവര്‍ മാനസിക രോഗിയായി എന്ന് സംഭാഷണത്തിനിടയില്‍ സൂചനയുണ്ട്. മറ്റൊരു ഭ്രമരം! മകള്‍ മരിച്ച ശേഷമാണ് ശിവന്‍‌കുട്ടിയുടെ ശിരസ്സിങ്കലും വണ്ടുകള്‍ പറക്കാന്‍ തുടങ്ങുന്നത്.) മറ്റുള്ളവര്‍ കേള്‍ക്കെ ഉറക്കെ ശിവന്‍ കുട്ടിയെ കുറ്റാരോപിതനാക്കുന്ന രണ്ടു സന്ദര്‍ഭങ്ങളാണ് അയാളുടെ ജീവിതത്തെ തകിടം മറിക്കുന്നത്. അയാള്‍ക്ക് ഒരു മറുപടി ഇല്ലാതെ പോകുന്നതാണ് ഈ അവസരങ്ങളില്‍ അയാളുടെ ജീവിത ദുരന്തത്തിനു കാരണമാകുന്നത്. സത്യത്തില്‍ അതയാളുടെ പരിമിതിയല്ലേ? ആശയവിനിമയത്തിന്റെ തകര്‍ച്ച പല സൂചനകളായി ഈ സിനിമയിലെമ്പാടും ചിതറിക്കിടപ്പുണ്ട്. ഉണ്ണിയുടെ മകളെ കാണാതാവുന്നത് പോലീസിലറിയിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുകളില്‍ നിന്നെറിഞ്ഞു കൊടുക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ താഴെ വീണു തകരുന്നതു കാണാം. യാത്രയ്ക്കിടയില്‍ ഉണ്ണിയുടെ ഫോണില്‍ പലപ്പോഴും ചാര്‍ജില്ല, അല്ലെങ്കില്‍ റേഞ്ചില്ല. സിനിമയുടെ തുടക്കത്തില്‍ നടന്ന സ്ഫോടനത്തിനിടയിലും വീട്ടിലിരിക്കുന്ന സ്ത്രീയുടെ ഉത്കണ്ഠ, ഭര്‍ത്താവിനെ വിളിച്ചിട്ടു കിട്ടാത്തതിന്റെ പേരില്‍ സിനിമ പൊലിപ്പിക്കുന്നു.

ഇതുപോലെയല്ല, സ്നേഹപ്രകടനങ്ങള്‍ക്കായി ഒരു പാട്ടു തന്നെ ചെലാവാക്കിയിട്ടും (പാട്ടിലുടനീളം ഊന്നല്‍ ലൈംഗികമായ സൂചനകള്‍ക്കാണ്. മറ്റൊന്നും കാണിക്കാനാവാത്തതുകൊണ്ട് നായികയുടെ പൊക്കിള്‍ കാണിച്ചുകൊണ്ട് ചിലത് ധ്വനിപ്പിക്കുക എന്ന പതിവാണ് ഇവിടെയും. സിനിമയില്‍ ആദ്യം കണ്ട (ഉണ്ണിയുടെ) കിടപ്പറ രംഗത്തിന്റെ നീണ്ട വിശദീകരണമാണ് ശിവന്‍‌കുട്ടിയുടെ കഥയിലുള്ളത്. കുട്ടിയുടെ സംശയവും മരണവും ഇടങ്കോലിട്ടത് സുഖദമായ ദാമ്പത്യത്തിനാണ്. അതാണയാളെ ഭ്രാന്തനാക്കുന്നത്) കൊലപാതകിയാണെന്ന ആരോപണം രണ്ടാമതും കേള്‍ക്കുന്ന ശിവന്‍ കുട്ടി ആരാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്തവളായിരുന്നു, അയാളുടെ ഭാര്യ എന്ന കാര്യം അതിശയോക്തിപരമാണ്. ജനാലയ്ക്കപ്പുറം വന്നു നിന്ന് അയാള്‍ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങളെ അവള്‍ അവഗണിക്കുന്നുമുണ്ട്. ഇത്ര വലിയ അകല്‍ച ഇവര്‍ക്കിടയില്‍ എങ്ങനെയാണ് സംഭവിച്ചത് എന്നതിന് മറുപടി ഇല്ല. അച്ഛന്‍ കൊലപാതകിയാണെന്ന് ആരോ വിളിച്ചു പറയുന്നതുകേട്ട് പേടിച്ച് മരിച്ചുപോയ കുഞ്ഞിന്റെ കാര്യം ഇതിനേക്കാളെല്ലാം അവിശ്വസനീയമാണ്. (ആ കുട്ടി ബുദ്ധിദൌര്‍ബല്യമുള്ളവരെ പോലെയാണ് പെരുമാറുന്നത് എന്നൊരു നിരീക്ഷണം ഉണ്ട്. അതു ശരിയാണെന്നു വന്നാല്‍ അച്ഛന്‍ കൊലപാതകിയാണെന്നതിന്റെ തീവ്രത ഉള്ളില്‍ ഏറ്റുവാങ്ങാന്‍ അതിനെത്രമാത്രം ശക്തിയുണ്ടാവും എന്നാലോചിച്ചു നോക്കുന്നത് നന്ന്. സ്വതവേ ദുര്‍ബലമായ തന്തുവിനെ ഒന്നുകൂടി ദുര്‍ബലമാക്കാന്‍ മാത്രമായിരിക്കും അതുപകരിക്കുക. മറിച്ച് കാസ്റ്റിംഗില്‍ സംവിധായകനു സംഭവിച്ച പാളിച്ചയായി കണക്കാക്കുന്നതായിരിക്കും ഉചിതം) കുഞ്ഞ് മരിച്ചതുകൊണ്ട് ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നു തോന്നിയ അമ്മയും മരിച്ച് നായകന്റെ പ്രതികാരത്തിനുള്ള തീ ആളിക്കത്തിച്ചു കൊടുത്തു. (വണ്ടു മൂളുന്ന തലകൊണ്ട് ഇതെല്ലാം അയാള്‍ സങ്കല്‍പ്പിച്ചുകൂട്ടുന്നതല്ലേ സംശയിച്ചാലും കുറവൊന്നും വരാനില്ല) ഹേതുവൊന്നില്‍ കാര്യം ഒന്നില്‍ എന്ന പഴയ അലങ്കാരസങ്കല്‍പ്പമാണിവിടെ പ്രവര്‍ത്തിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ആശയവിനിമയത്തിന്റെ ദുര്‍ബലത ഉണ്ണിയുടെ കുടുംബത്തിലും വട്ടം ചുറ്റുന്നു. ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന കഥാപാത്രം (ഉണ്ണിയുടെ ഭാര്യ) ആകെ സംശയാലുവാണ്. അവരുടെ ആദ്യത്തെ സംശയം സ്ഫോടനശേഷം ടി വി നല്‍കിയ അപരിചിതരെ സൂക്ഷിക്കുക എന്ന താക്കീതുമായി ബന്ധപ്പെട്ടാണ്. പിന്നെ അത് ഉണ്ണി, ഭാര്യ അറിയാതെ മറച്ചു വയ്ക്കാനാഗ്രഹിക്കുന്ന ചിലതായും അതു പരിണമിക്കുന്നു. ശിവന്‍ പറയുന്ന ആവശ്യത്തിനു വേണ്ടിയല്ല, കൂട്ടുകാരെ കൂട്ടിക്കൊണ്ടു പോകുന്നത് എന്നത് മറ്റൊരു ആശയവിനിമയപ്രശ്നമാണ്. അയാള്‍ പറയുന്നത് സമ്മതിക്കാന്‍ കൂട്ടുകാരും കൂട്ടാക്കുന്നില്ല. ഭാര്യയും മകളും മരിച്ച ദിവസം തന്നെ ശിവന്‍ കുട്ടി വീടുവിട്ടിറങ്ങിയതെന്തിനാണെന്ന് അയാളുടെ കുടുംബാംഗങ്ങള്‍ക്കറിയില്ല. അയാളെ കാത്തു നില്‍ക്കാതെയാണ് അവര്‍ ചടങ്ങുകള്‍ നടത്തുന്നത്. കുട്ടികളുടെ മാനസിക ലോകവുമായി സമരസപ്പെട്ടു പോകുന്ന ഒന്നാണ് കൃത്യമായ ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ. യുക്തിപരമായ വാദത്തിനോ പ്രതിവാദത്തിനോ ഉള്ള ശേഷിയില്ലായ്മ. ഒരു തരം ദുരന്താത്മകമായ സ്തംഭനാവസ്ഥ.

കൂട്ടുകാര്‍ക്കും ഒപ്പം ശിവന്‍ ‌കുട്ടിക്കും ഉണ്ടാകുന്ന മനഃപരിവര്‍ത്തനം സിനിമയിലെ വിചിത്രമായ ഒരു പരിണതിയാണ്. ഒരു നിമിഷാര്‍ദ്ധം കൊണ്ട് എല്ലാവരും നല്ലവരാകുകയും ക്രിയകളെല്ലാം നിഷ്ഗുണമാവുകയും ചെയ്യുന്ന കാഴ്ച ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്നത് കണ്ണും മിഴിച്ച് കണ്ടിരിക്കുന്ന കുഞ്ഞുകുട്ടികള്‍ക്കായിരിക്കും ദഹിക്കാന്‍ എളുപ്പം. കഥയല്ല, ഗുണപാഠങ്ങള്‍ ശ്രദ്ധിക്കാനാണല്ലോ അവര്‍ക്കു ലഭിച്ചിരിക്കുന്ന അഭ്യാസം. പിണക്കവും ഇണക്കവും ഒരേ പന്തിയില്‍ എന്ന ബാല്യജീവിതകൌതുകം തന്നെ ഇവിടെയും. ആശയവിനിമയം ക്രമമായി നടന്നാല്‍ സംഘര്‍ഷത്ത്നു പ്രസക്തിയില്ലെന്നു തന്നെയാണ് ചലച്ചിത്രത്തിന്റെ നിര്‍വഹണം പറയാതെ പറയുന്നത്. പക്ഷേ അപ്പോഴും കൊലചെയ്യാനായാലും വെറുതേ വിടാനായാലും തീരുമാനം നായകന്‍ തന്നെ വന്നു നിന്നു പ്രഖ്യാപിക്കണം എന്നിടത്ത് സംവിധായകന്‍ എത്തി താരമൂല്യവിചാരങ്ങളില്‍ നീക്കുപോക്കുകള്‍ നടത്തുന്നത് കാണാതെ പോകുന്നതു ശരിയല്ല.

ശിവന്‍കുട്ടിയുടെ തലയ്ക്കുള്ളിലെ ഭ്രമരം കാര്യകാരണബന്ധങ്ങളും യുക്തിവിചാരവും ഉപേക്ഷിച്ചാണ് മൂളിപ്പറക്കുന്നത്. കുട്ടികളോട് നന്നായി സംവദിക്കാന്‍ അയാള്‍ക്കു കഴിവുണ്ടെന്നു സിനിമ പറയുന്നു. (സ്വന്തം മകളുടെ കാര്യത്തില്‍ അയാള്‍ക്കതു പറ്റുന്നുമില്ല.) ഉണ്ണിയും ഭാര്യയും അയാളെ സംശയിക്കുമ്പോഴും മകള്‍ക്ക് അയാള്‍ ഇഷ്ടപാത്രമാണ്. കുട്ടിയെ അപരിചിതന്‍ തട്ടിക്കൊണ്ടു പോയിക്കാണും എന്ന് പേടിച്ച് ഫ്ലാറ്റിലെ അന്തേവാസികള്‍ ഒന്നടങ്കം നെട്ടോട്ടം ഓടുമ്പോള്‍ അയാള്‍ ടെറസ്സിനു മുകളില്‍ തലകുത്തി നിന്ന് കുട്ടികളെ രസിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ഈ ഇഷ്ടം മലയാള സിനിമ നായകത്വ നിര്‍മ്മാണത്തില്‍ പലപാട് എടുത്ത് പെരുമാറിയിട്ടുള്ള തന്ത്രമാണ്. ഭ്രമരത്തിന്റെ പരസ്യവാചകം തന്നെ നായകന്റെ മൃഗീയമായ നിഷ്കളങ്കത്വത്തെക്കുറിച്ചാണ്. അയാളുടെ നിഷ്കളങ്കതയുടെ പ്രമാണപത്രം കുട്ടിയുടെ ഇഷ്ടത്തിന്റെ ചെലവിലാണ് നിറവേറുന്നത്. കുട്ടികളോടുള്ള ശിവന്റെ ഇഷ്ടം, കയ്യിലെഴുത്തിനെ തോലോലിച്ചു നടക്കുന്ന ഒരു മനോരോഗിയുടെ ഛായാചിത്രവുമായി യോജിപ്പിച്ച് വായിക്കുമ്പോള്‍ അത്ര ലളിതമാവേണ്ടതല്ല. ചിത്രത്തിലാകെ വിന്യസിക്കപ്പെട്ടിരിക്കുന്ന ദൃശ്യസൂചനകളും സംഭാഷണ ശകലങ്ങളും നിരത്തി വച്ച് ആലോചിച്ചാല്‍ അയാളൊരു ലൈംഗിക നഷ്ടത്തിന്റെ ഇരകൂടിയാണ്. തടസ്സപ്പെടുന്ന കാമമാണ് കോപത്തിന്റെ ഹേതു. ഭ്രമരത്തിലെ പ്രധാനകഥാപാത്രങ്ങളായ പെണ്‍കുട്ടികളെല്ലാം നല്ലവരും നിഷ്കളങ്കരുമായിരിക്കുമ്പോള്‍ അതേ പ്രായം തന്നെ വരുന്ന ആണ്‍‌‌കുട്ടികളുടെ സ്ഥിതി അതല്ല. സ്ഫോടനത്തില്‍ പോലീസായ അച്ഛന്‍ മരിക്കാത്തതിന്റെ ദുഃഖമാണ് ഒരാണ്‍കുട്ടി പ്രകടിപ്പിക്കുന്നത്. കുട്ടിയായ ഉണ്ണിയും കൂട്ടുകാരനും ചേര്‍ന്ന് പണം മോഷ്ടിക്കുന്നു, അതു കണ്ടു പിടിച്ച പെണ്‍കുട്ടിയെ കൊല്ലുന്നു. കുട്ടികളുടെ കാര്യത്തില്‍ തന്നെ എങ്ങനെ വരുന്നു ഈ പക്ഷപാതം? ഉത്തരം ലളിതമാണ്. കൌമാരാനുഭൂതിയുടെയും ലിംഗപരമായ അസൂയയുടെയും കിന്നരി പിടിപ്പിച്ച ആഖ്യാനമാണ് ഭ്രമരം. കുട്ടിത്തത്തെ ആ നിലയ്ക്ക് പൊതുസമൂഹം ഏറ്റെടുക്കുകയില്ലെന്നറിയാവുന്ന കലാകാരമനസ്സ് അതിനു നല്‍കിയ തൊങ്ങലാണ് വണ്ടിന്റെ മുരള്‍ച്ച.
Post a Comment