July 7, 2009

വെള്ളൈ അഴകേ, എന്‍ ഉള്ളം ഉനക്കേ...
പിങ്ക് ചഡ്ഡി പ്രചാരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നിഷാസൂസന്‍ പറഞ്ഞതുപോലെ പിങ്ക് സ്വകാര്യവും സ്വതന്ത്രവുമായ ഒരു നിറമാണെന്ന് സമ്മതിച്ചാല്‍ തന്നെ അത് പ്രതിനിധീകരിക്കുന്നത് മുഴുവന്‍ സ്ത്രീകളെയുമാണോ എന്നൊരു സംശയം കുറച്ചു കഴിഞ്ഞിട്ടാണ് തലയില്‍ ‘അറുപതു വാട്ടുള്ള സൂര്യനായി’ കത്തിയത്. അപ്പോഴേയ്ക്കും കറുത്ത പെണ്ണിനെ പിങ്ക് ഒരു തരത്തിലും സൂചിപ്പിക്കുന്നില്ലെന്നും അവളുടെ നിറം വൈലറ്റാണെന്നും പറഞ്ഞ ആലിസ് വാക്കറെപ്പറ്റി നിഖിലാഹെന്റി (പച്ചക്കുതിര) എഴുതിക്കളഞ്ഞു. ‘വുമണിസ’ത്തിന് മലയാളത്തില്‍ വ്യാഖ്യാനങ്ങളും ഉണ്ടായി. ‘ഒരേ രക്തം’ എന്നൊക്കെയാണല്ലോ ആലങ്കാരിക ഭാഷയില്‍ നമ്മള്‍ പറഞ്ഞു പഠിച്ചത് . എന്നിട്ടും പെണ്‍ച്ചോരയ്ക്കു മാത്രമിങ്ങനെയുള്ള രണ്ടു വ്യാഖ്യാനഭേദങ്ങള്‍ ആരെയാണ് ഇരുത്തിച്ചിന്തിപ്പിക്കാത്തത്? പിങ്കിന്റെ പ്രസാദാത്മകത്വവും വരേണ്യതയും നിഗൂഢതയും, ഇരുണ്ട തൊലിയില്‍ ചതഞ്ഞ രക്തം നിറം പിടിപ്പിക്കുന്ന നീലയ്ക്കില്ല. പ്രകടമായും ഞാറപ്പഴത്തിന്റെ വൈലറ്റ് വിഷാദാത്മകത്വത്തിന്റെ നിറമാണ്. ലൈംഗികമായ നിഗൂഢത അതിലില്ല. മ്ലാനമുഖമുള്ള നോവാണ് അതിന്റെ പ്രത്യക്ഷാനുഭവം.

വെളുത്ത സ്ത്രീയുടെ സ്വകാര്യമായ നിറമാണ് ഈ പിങ്ക്. ആ നിലയ്ക്കാണത് സ്വതന്ത്രമാവുന്നത്. പണ്ട് നീട്ടി വളര്‍ത്തിയ നഖം ഫ്രാന്‍സില്‍ ആഭിജാത്യത്തിന്റെ പ്രകടമായ ലക്ഷണമായിരുന്നതുപോലെ (നീണ്ട നഖമുള്ളത് ജോലിയെടുക്കാത്തയാളാണ് എന്നതിന് പ്രത്യക്ഷമായ തെളിവാണ്) വെളുപ്പിന് ‘ഉണ്ടു നിറഞ്ഞ’ പ്രതീതിയുണ്ട് അങ്ങനെയുള്ളവര്‍ക്ക് ‘വിളി’ തോന്നും എന്നാണ് സാമാന്യബോധം പറഞ്ഞുറപ്പിച്ചിരിക്കുന്നത്. എന്നല്ല. അങ്ങനെയുള്ളവര്‍ക്കേ ‘വിളി’ തോന്നൂ എന്നും കൂടി ഉറപ്പിച്ചെടുത്തിട്ടുണ്ട്. കറുത്ത സ്ത്രീയ്ക്ക് ഈ പങ്കപ്പാടില്ല. അവള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിതൊടുവിക്കാന്‍ രാപകലില്ലാതെ വിയര്‍ത്ത് പുറം കൈകൊണ്ട് മുഖം തുടച്ച് അങ്ങനെ ഒപ്പിച്ചു പോകുന്നവളാണ്. അവള്‍ പായ ചവിട്ടി കീറില്ല. തല നിറയെ എണ്ണയില്ലാത്തതുകൊണ്ട് ‘അര’ കാഞ്ഞാലും അടങ്ങിക്കിടന്നുകൊള്ളും. പിങ്ക് വെറുമൊരു നിറമല്ല. അതിനു പ്രകടമായ ലൈംഗിക വിവക്ഷകളുണ്ട്. അതിലേക്കാണ് ഭൂരിപക്ഷം ആകര്‍ഷിക്കപ്പെട്ടത്. ജനപ്രിയമായതിനെല്ലാം ഗൂഢമായൊരു ലഹരിയുണ്ടല്ലോ. ജനപ്രിയത ആ ലഹരിയിലാണ്. അവിടെ നല്ലത്, ചീത്ത എന്ന തരം തിരിവില്ല. ജനപ്രിയമായ സംസ്കാരരൂപങ്ങള്‍ പൊതുബോധത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ, അത് അതു നിമ്മിക്കുന്ന ലഹരിയുടെ സ്വഭാവം എന്താണ് എന്നൊക്കെ വിശകലനം ചെയ്യുക മാത്രമെ സാദ്ധ്യമാവൂ. അതനുസരിച്ച് കറുത്ത സ്ത്രീയേക്കാള്‍ ലൈംഗികത മുന്നിട്ടു നില്‍ക്കുന്നവളാണ് വെളുത്ത സ്ത്രീ. അതുകൊണ്ടാണ് കറുത്തവള്‍ക്ക് ഭൂരിപക്ഷമുള്ള നാടാണെങ്കിലും ആ പേരില്‍ അഭിമാനം കൊണ്ടു നടക്കുന്നവരെങ്കിലും ലൈംഗികമായ ഇക്കിളിയിലേയ്ക്ക് കള്ളക്കണ്ണയച്ചുകൊണ്ട് ‘കൊഴുപ്പ്’ (മദം) കൂടിയവള്‍ വെള്ളപ്പെണ്ണാണെന്ന് തമിഴ് ജനപ്രിയഗാനങ്ങള്‍ വായടക്കാതെ പാടിക്കൊണ്ടിരിക്കുന്നത്. “വെള്ളൈ അഴകേ, എന്‍ ഉള്ളം ഉനക്കേ..” എന്ന് ആണ്‍ ശബ്ദം, ‘ഹണി ഹണി’ എന്നു തുടങ്ങുന്ന (ചിത്രം : അയന്‍) തമിഴ് ഹിറ്റുഗാനത്തിനിടയ്ക്ക് തട്ടിവിടുന്നുണ്ട്. “ഇംഗ്ലാണ്ടില്‍ പെണ്‍കളും ഇന്ത്യാവില്‍ ആണ്‍കളും ആശൈകള്‍ അടങ്ങാത്ത കൂട്ടം” എന്ന് മറ്റൊരു പാട്ടില്‍. (‘എന്‍ ചെല്ല പേര് ആപ്പിള്‍ നീ സൈസാ കടിച്ചിക്കോ, എന്‍ സ്വന്തം ഊരു ഊട്ടി നീ സ്വെറ്റര്‍ പോട്ടുക്കോ.....’ചിത്രം : പോക്കിരി) ഈ ആശ, ചന്ദ്രയാനം നടത്താനുള്ള ആശയല്ലെന്ന് നമുക്കറിയാം. ഇംഗ്ലണ്ട് എന്നത് സൂചനമാത്രമാണ്, ധ്വനിഭംഗിയാലും വക്രോക്തിമര്യാദയാലും അതൊരു നിറമാണ്.

വെളുത്തവളും കൊഴുപ്പ് നിറഞ്ഞവളും (പെണ്ണിന്റെ കൊഴുപ്പ്/പുളപ്പ് പല പാട്ടുകളിലും ഉണ്ട്, സംഭാഷണങ്ങളിലും ഉണ്ട്) ആയ പെണ്‍കുട്ടിയുടെ നിറം. അവള്‍ അടങ്ങിയിരിക്കുന്ന സ്വഭാവക്കാരിയല്ല. അവള്‍ കാത്തിരിക്കേണ്ടവളല്ല. കുമാരനാശാന്റെ മാതംഗിയ്ക്ക് ലതീഷ് മോഹന്‍ നല്‍കിയ പുതിയ ഛായയില്‍ പടര്‍ന്നു കയറിയത് ഈ പെണ്ണാണ്. “ഡാഡി മമ്മി വീട്ടിലില്ലൈ, തടപോടയാരുമില്ലൈ വിളയാട പോമാ ഉള്ളേ..... ” (ചിത്രം : വില്ലു) എന്ന് ചോദിക്കുന്നത് ഒരു പെണ്ണുതന്നെയാണ്. ദിവ്യയുടെ ഘോഷി സ്വരത്തില്‍. വള്ളത്തോള്‍ എവിടെ? ഭാരതസ്ത്രീകളുടെ ഭാവശുദ്ധി എവിടെ? പോട്ടേ, നാണം എവിടെ? ‘ആത്മാവിഷ്കാരത്തിനു വെമ്പുന്ന ആ പഴയ തക്കാളിപ്പഴങ്ങളുടെ’ കാലം മുന്നറിയിപ്പില്ലാതെ കൊഴിഞ്ഞോ? ചോളിയുടെയും ചുനരിയുടെയും പിന്നിലെന്താണ് എന്നു ചോദിച്ചതിന് ( ഖല്‍ നായക് )എത്ര ചന്ദ്രഹാസങ്ങളിളകിയ നാടാണ് നമ്മുടെ ആര്‍ഷഭാരതപൂമി! ആ പാട്ടില്‍ ഞാനൊന്നു മറിഞ്ഞില്ലേ എന്ന മട്ടില്‍ ഉത്തരവുമുണ്ടായിരുന്നു. ‘എന്റെ ഹൃദയമാണ്, അവയ്ക്കു പിന്നിലെന്ന്‍’ എന്നിട്ടും അതു കണക്കിലെടുക്കാന്‍ ധ്വനിവിദഗ്ദര്‍ തയ്യാറായോ? ‘കല്യാണം താന്‍ കെട്ടിക്കിട്ട് ഓടി പോലാമാ, ഇല്ലൈ, ഓടി പോയി കല്യാണം താന്‍ കെട്ടിക്കലാമാ.. ’(സാമി) എന്നു ചോദിച്ചതിന് തമിഴ് നാട്ടില്‍ ചില പുകിലൊക്കെ ഉണ്ടായി എന്ന് നമ്മുടെ പത്രങ്ങളില്‍ തന്നെ വാര്‍ത്ത വന്നിരുന്നു. ഇപ്പഴും പെണ്ണു തിരളുന്നത് മൈക്കു വച്ചുകെട്ടിയും പോസ്റ്ററടിച്ചും നാട്ടുകാരെ അറിയിച്ച് പണം പിരിക്കുന്ന തമിഴകത്തില്‍, തന്തേം തള്ളേം വിട്ട് ഓറ്റി പോയി കല്യാണം കെട്ടിക്കാമോ’ എന്ന് ഒരു പെണ്ണ് ചോദിക്കുകയോ? അതുമാത്രമല്ല പാട്ടിന്റെ അടുത്തവരിയില്‍ ആവേശം മൂത്ത് നായിക ‘താലി ഇപ്പ കെട്ടണോ, അതോ ‘പിള്ളൈക്കുട്ടി പെറ്റുക്കിട്ട് കെട്ടിക്കലാമാ’ എന്നും കൂടി ചോദിക്കുന്നുണ്ട്. കൊടുവാളെടുക്കാതെ എന്തു ചെയ്യും. പക്ഷേ കാലം മാറി. ഇപ്പോള്‍ സദാചാരവാദികളുടെ ഹൃദയത്തിന്റെ പണിത്തരം മേല്‍ത്തരം കരിങ്കല്ലുകൊണ്ടാണെന്ന് തോന്നുന്നു. ‘സുബ്ബലച്ച്മിയുടെ ആക്ടിവിറ്റീസ് മൊത്തം തപ്പായിട്ടും.. ’(കന്തസാമി) ഒന്നും സംഭവിക്കുന്നില്ല. പോക്കിരിയിലെ ഡോലു ഡോലു താന്‍ അടിക്കിറാന്‍ എന്നു തുടങ്ങുന്ന പാട്ടില്‍ പറയുന്നതിങ്ങനെയാണ് ‘പുലി മാനൈ വേട്ടയാടിടുമേ കാട്ടില്‍, മാന്‍ പുലിയൈ വേട്ടയാടുമിടം കട്ടില്‍.’ ഗാര്‍ഹികമായൊരു കാട്ടു നീതി. “തീ പിടിക്ക.. (അറിന്തും അറിയാമലും) എന്നു തുടങ്ങുന്ന ഗാനത്തില്‍ വളരെ പഴയ പാട്ടിന്റെ ഈണവും ഭാവവും ആശയവും പുത്തന്‍ സംഗീതവഴക്കങ്ങളുമായി ചേര്‍ത്തു വച്ച് യുവന്‍ ശങ്കര്‍ രാജ നല്‍കാന്‍ ശ്രമിക്കുന്നത് ചില ഉത്തരങ്ങളാണെന്നും പറയാം. തീപിടിക്കുന്ന രീതിയില്‍ മുത്തമിടാന്‍ പെണ്ണ് ആവശ്യപ്പെടുന്ന പാട്ടിനിടയ്ക്ക് ‘കാമവും കോപവും ഉള്ളയിടം..’ എന്നൊക്കെ പഴയ തമിഴ് ചലച്ചിത്രഗാനത്തിന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് സ്വരം കൂടി കേള്‍പ്പിച്ചതു കൊണ്ട് പാട്ടിനു ലഭിക്കുന്ന മിശ്രസ്വഭാവം ആശയസംഘര്‍ഷത്തിന്റേതായ തലം കൂടി രമ്യമായി പണി കഴിപ്പിക്കുന്നുണ്ട്‍. പാട്ടിനുള്ളിലാണിത്. അന്യോന്യം കൈപൊക്കിയോങ്ങുന്ന വൈരുദ്ധ്യങ്ങളെ ഇത്ര രമണീയമായി ഉള്ളടക്കാന്‍ കഴിയുന്ന കലാരൂപം സംഗീതം പോലെ മറ്റൊന്നില്ലെന്ന് പുതിയ പ്രതിഭകള്‍ തെളിയിക്കുന്നു. (തമിഴിലെ)

അതു വേറൊരു വിഷയം. നടേ പറഞ്ഞ പാട്ടില്‍ ‘ഉള്ളേ പോമാ’ എന്നു ചോദിച്ചത് “മൈതാനം തേവയില്ലാത്ത, അമ്പയറും തേവയില്ലാത്ത, ആരിക്കും തോല്‍‌വിയില്ലാത്ത കളി കളിക്കാനാണ്.”(വില്ലു) “അളവാന ഒടമ്പുകാരിയും അളവില്ലാ കൊഴുപ്പുകാരിയും” ആയ പെണ്ണാണ് ഈ പാട്ടു പാടി ആണ്മനസ്സിനെ തകര്‍ക്കുന്നത്. മദം പോലെ ശരീരത്തിന്റെ അളവും ഒരു പ്രശ്നം തന്നെയാണ്. മുന്‍പൊരിക്കെ, “ഉസലാംപെട്ടി പെണ്‍കുട്ടിയുടെയുടെ ഒസരം പാത്ത് സുളുക്കിപോന കളുത്ത്” (ജന്റില്‍മാന്‍) ഇതുവരെ ശരിയായിട്ടില്ല. ഹണി ഹണി എന്ന പാട്ടില്‍ “ഹലോ സുഖവാസി എന്നെ വന്ത് ശ്വാസി.. ” എന്ന കരച്ചിലില്‍ പെണ്ണിന്റെ സുഗന്ധം മുഴുവന്‍ വേണമെന്നുള്ളവര്‍ക്ക് വലിച്ചെടുക്കാം. (അതെടുക്കാനല്ലേ കണ്ണടച്ച് പാട്ടും കേട്ടിങ്ങനെ...) “നാന്‍ താന്‍ ഉങ്കള്‍ ടോഫി....മെല്ലെ മെല്ലെ മെല്ലെ മെല്ലെ എന്നൈ മുഴുങ്ക്..” എന്നാണ് അടുത്തവരി.(കൂട്ടത്തില്‍ പറയട്ടേ, ഈ പാട്ടിനിടയ്ക്ക് ഗേയുടെ പ്രത്യേകതരത്തിലുള്ള ശബ്ദം പോലും ഉപയോഗിച്ചിട്ടുണ്ട്. വെറുതേ കേട്ടു കളയുന്ന ഒരു പാട്ടിനുള്ളില്‍ ലിംഗവാദപരമായ ചര്‍ച്ചകള്‍ക്കുള്ള ജനപ്രിയസംസ്കാരപഠനസാധ്യതകള്‍ കുടിയിരിക്കുന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്) മലയാളത്താന്മാര്‍ അക്കാര്യത്തില്‍ മാന്യന്മാരാണ്. അല്പം പിന്നിലേയ്ക്ക് വലിഞ്ഞു നിന്ന് വായും മറ്റംഗങ്ങളും പൊത്തിപ്പിടിച്ചു ഓച്ഛാനിച്ചു നിന്നാണ് നമ്മുടെ ഭാവാഭിനയം. അരുന്ധതി റോയിയുടെ നോവല്‍ മുഴുവന്‍ അശ്ലീലമാണെന്ന് കോട്ടയത്തൂന്ന് ഒരുത്തന്‍ കൊണ്ടുപോയി കേസു കൊടുത്തില്ലേ? ആയമ്മ എന്തു ചേമ്പായാലും ആ എഴുതിവച്ചിരിക്കുന്നതൊക്കെ വായിച്ചാല്‍ സ്വന്തം പിള്ളാരും അയല്‍‌വക്കത്തെ പിള്ളാരും ചീത്തയാവും എന്നും പറഞ്ഞ്. മ്ലേച്ഛം ! നമ്മുടെ പാട്ടുകളില്‍ ഇപ്പഴും തപ്തനിശ്വാസങ്ങളും മിഴിയോരവും (ആളുകള്‍ കുളിക്കാത്ത) ആറ്റിറമ്പവും കൊട്ടുവടിയുമൊക്കെയാണ്. അങ്ങറ്റം പോയാല്‍ വിമ്മിട്ടപ്പെട്ടുകൊണ്ട് “മാറിലെ മായാത്ത ചന്ദനപ്പൊട്ട്’ എനിക്കല്ലേ” (മീശമാധവന്‍) എന്ന് ദൂരെ മാറി നിന്ന് ഒന്നു ചോദിച്ചെന്നു വരുത്തും. അത്രന്നെ! അതിനപ്പുറം വയ്യ. മോശം. പാട്ടെഴുത്തുകാരനുമില്ലേ അമ്മയും പെങ്ങന്മാരും. കേള്‍ക്കുന്നവര്‍ക്കുമില്ലേ, അവകള്‍ !

തട്ടുപൊളിപ്പന്‍ പാട്ടും കൂടെ അടിച്ചുപൊളിച്ചൊരു നൃത്തവും മികച്ച ജനപ്രിയച്ചേരുവയാണ്. നായകന് പ്രേമിക്കാന്‍ ഒരുവള്‍ കൂത്താടാന്‍ വേറൊരുവള്‍ എന്നാണ് സമവാക്യം. ‘അഴകാന ചിന്ന പാപ്പ്, വച്ചാനെ എനക്ക് ആപ്പ്.. ’എന്ന് കാമുകിയുള്ള നായകന്‍ തന്നെ പാടുന്നു. (വില്ല്) സംഭോഗസന്നദ്ധത, അതിരുകള്‍ ലംഘിക്കുന്ന ഈ സ്ത്രീകളുടെ മൊഴിയഴകുകളിലൂടെയല്ലേ ആവിഷ്കാരം നേടുന്നതെന്ന് വേണമെങ്കില്‍ വാദിക്കാം. ക്ലബും ബാറും തെരുവുമാണ് അവരുടെ പശ്ചാത്തലഭൂമികകള്‍‍. വീട്ടിലും പുറത്തുമായി രണ്ടു തരം സ്ത്രീകളുണ്ടെന്നു പറയുകയാണ് പാട്ടുകള്‍. ഒന്ന് അടക്കവും ഒതുക്കവുമുള്ള ശരിയായ സ്ത്രീ. മറ്റേത് അറ്റങ്ങിയിരിക്കാത്ത കൊഴുപ്പുകാരി. പ്രദര്‍ശനവിജയം നേടിയ 20-20 യിലെ നയന്‍‌താരയുടെ ഒരു ഗാനമാണ് നമ്മുടെ ഏറ്റവും അടുത്ത ഉദാഹരണം. (‘ഹേ ദില്‍ ദിവാനാ’) ‘പ്രാന്തായി, വട്ടായി’ എന്നൊക്കെയല്ലാതെ അപകടകരമായ പ്രയോഗങ്ങളൊന്നും അതിലില്ല. മലയാളത്തില്‍ ‘ഹരഹരോ ഹരഹര’ എന്നൊക്കെ വിളിച്ചുകൊണ്ടാണ് ‘വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത’ സ്ത്രീകള്‍ നായകന്മാരോടൊപ്പം തുള്ളിക്കളിച്ചിട്ട് അപ്രത്യക്ഷരാവുന്നത്. ഈ ഉത്തരാധുനികകാലത്തില്‍. ‘പ്രാണനാഥന്‍ എനിക്കു നല്‍കിയ പറയാന്‍ എളുതല്ലാത്ത പരമാനന്ദരസ’ത്തില്‍ (ആലോചിച്ചു നോക്കിയാല്‍ ഇത് ഒരു ഇരുന്നു കൊടുപ്പാണ്. സ്ത്രീയുടെ സന്നദ്ധതയല്ല, പുരുഷന്റെ മികവാണ് പ്രതിപാദ്യം.) നിന്നും ജയമാലിനിയും സ്മിതയും അനുരാധയും വിശപ്പടക്കാന്‍ ശരീരം ഇളക്കിയിരുന്ന കാലഘട്ടത്തില്‍ നിന്നും ചലച്ചിത്രഗാനത്തിന്റെ ഭാവഭംഗിയില്‍ മലയാളിയ്ക്കുണ്ടായ സാംസ്കാരിക വികാസം ഇത്രയാണ്.

വീട്ടിനു പുറത്തെ പെണ്ണിന്റെ മനോഭാവം കൂച്ചമില്ലാതെ നായികയിലേയ്ക്ക് ചിലപ്പോഴെല്ലാം ഇറങ്ങിവരുന്നുണ്ട്, തമിഴില്‍. അത്രയും പുരോഗമനം സമ്മതിക്കണം. എങ്കിലും ഗാനങ്ങളെ ശ്രദ്ധിച്ചാല്‍ അവയില്‍ അദൃശ്യമായി ഒരു നിരോധനം നിലനില്‍ക്കുന്നതു കാണാം. ഡാഡിമമ്മി പാട്ടില്‍ തടയില്ലാത്തതല്ല, തടയിടാന്‍ താത്കാലികമായി ആരുമില്ലാത്തതാണ് സ്വാതന്ത്ര്യാഘോഷത്തിന്റെ പൊരുള്‍. “നീ റൈറ്റ് ചൊല്ലി റോങ് റൂട്ടില്‍ പോടാ..” എന്ന് ‘ചെല്ലപ്പേരു’ പാട്ടില്‍ പറയുന്നുണ്ട്. കന്തസാമിയിലെ പാട്ടില്‍ പെണ്‍കുട്ടി റോങ് ഡ്രൈവ് പോകാന്‍ തന്നെ മി. കന്തസാമിയെ വിളിക്കുകയാണ്. കാപ്പി കുടിക്കാന്‍ പോകാമെന്ന് അവളുടെ ആദ്യപ്രലോഭനം. “ഹോട്ടാ കോള്‍ഡാ .. നീയേ തൊട്ടു പാര്.. ”വിക്രം അവളെ ദയയില്ലാതെ ‘പോടി’ എന്നു വിളിക്കുന്നത് ഇതിനകം ഹിറ്റായിട്ടുണ്ട്. അവളുടെ അടക്കമില്ലായ്മയെ അല്ലെങ്കില്‍ മറ്റെന്തിനെയാണ് അയാള്‍ ‘പോടി.. ’വിളിച്ച് ആട്ടി അകറ്റുന്നത്? മറയില്ലാത്തൊരു തരം പ്രദര്‍ശനത്തിന് സന്നദ്ധരായ തന്റേടികള്‍ ഉണ്ടു നിറഞ്ഞവളുടെ ‘വിളി’യുമായി വന്നു നിരക്കുന്നതാണ് ജനപ്രിയ ഗാനങ്ങളിലെ കാഴ്ച. അവള്‍ വേണം അല്ലെങ്കില്‍ അയാളിലെ പുരുഷത്വത്തെ ആരരിയാന്‍? എന്നിട്ട് അവളെ മെരുക്കി അടക്കമുള്ളവളാക്കണം. അപ്പോള്‍ ‘നായകത്വങ്ങള്‍’ പുരോഗതി പ്രാപിക്കും. പുരുഷാനുഭവത്തിനുള്ള അസംസ്കൃതവസ്തു നിര്‍മ്മാണവും ഞരമ്പുരോഗത്തിന്റെ താത്കാലികശമനവുമല്ലാതെ മറ്റൊന്നും ഐറ്റം പാട്ടുകള്‍ ഉദ്ദേശിക്കുന്നില്ലെന്നത് മൂന്നു തരം. സിനിമ വേറെ, അതു പ്രസവിക്കുന്ന സാഹിത്യം വേറെ, അതിനകത്ത് കുത്തിച്ചെലുത്തിരിക്കുന്ന പാട്ടുസാഹിത്യം വേറെ. ഈ മട്ടിലാണ് ജനപ്രിയകലാപരതയുടെ പോക്ക്!

പിങ്ക് ജട്ടികള്‍ ഈ ജനപ്രിയ അഭിരുചിയുടെ കരുത്തുറ്റ സൂചകമായിരുന്നു. പാട്ടിലെ ലോകത്തില്‍ നിന്നു അതിനുള്ള വ്യത്യാസം അത് വാസ്തവമായ ഒരു ലോകത്തെ സൂചകമാണെന്നതാണ്. രക്ഷാകര്‍ത്താവു ചമഞ്ഞ ഒരു വിവരദോഷിക്കെതിരെ ഉടുതുണിഉരിഞ്ഞുകാട്ടുന്ന പ്രവൃത്തിയ്ക്ക് അതിന്റേതായ തന്റേടമുണ്ടായിരിക്കാം. പക്ഷേ അത് വെളുത്ത, പ്രായപൂര്‍ത്തിയായ ഇളക്കക്കാരിയായ (പാട്ടിലെ കൊഴുപ്പു കൂടിയ) ഒരു പെണ്ണാകുന്നത് ജനപ്രിയതയുടെ അടിസ്ഥാനമാകുന്നു. അതിലുണ്ടായിരുന്നത് ഒരു പ്രദര്‍ശനമാണ്. ഒരു ഒളിഞ്ഞു നോട്ടവും. ഈ രണ്ടു ഊടു വഴികളെയും സമര്‍ത്ഥമായി സംതൃപ്തമാക്കിയതാണ് ആ പ്രവൃത്തിയുടെ ജനപ്രിയതയുടെ ഹേതു. പക്ഷേ ഉള്ളില്‍ അത് ഒരു രക്ഷാകര്‍ത്താവിനെ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് ഫലത്തില്‍ അതാരെയും നോവിക്കില്ല. ശരിയായി ആരെയും പ്രതിനിധീകരിക്കില്ല. റോങ് സൈഡ് ഡ്രൈവിന്റെ താത്കാലികമായ സുഖമാണ് അതു നല്‍കിയത്. ശരിക്കും പാട്ടുകളില്‍ നിന്നറിയുന്നതു പോലെ തന്നെ !
Post a Comment