May 26, 2009

മഴ നനയുന്ന പാതിരാതെരുവ്, അതില്‍ കുടയും പിടിച്ച് വെയില്‍ലതീഷ് മോഹന്റെ അരാജകം, ഓടിയോടി തളര്‍ന്ന് ചാവാലിയായി, ഇനിയൊരങ്കത്തിനും ഞാനില്ലേ എന്നു വിനീതനാവുന്ന ഒരു കുതിരയെ വാങ്ങാനുള്ള ആഗ്രഹത്തെ പ്രകടിപ്പിക്കുന്ന ഒരു കവിതയാണ്. ആ മോഹം മറഞ്ഞിരിക്കുന്ന കവിയുടെയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നേണ്ട കാര്യമില്ല. അതോടൊപ്പം ചാവാലിയായ കുതിരയുടെ രൂപകത്തെ ജീവിതത്തിലെ പല സന്ദര്‍ഭത്തിലേയ്ക്കും നീട്ടിയെടുത്ത് ‘ഞാനും ആഗ്രഹിക്കാറുണ്ടല്ലോ ചിലപ്പോഴൊക്കെ ഇങ്ങനെ’ എന്ന് തത്ത്വവിചാരം ചെയ്യിക്കുന്നിടത്തു വച്ച് കവിത വായിക്കുന്ന ആളിന്റെ ആഗ്രഹചിന്തയായി പരിണമിക്കും. എന്നാല്‍ ഒരു പടികൂടി കടന്ന് എന്തിനാണ് ഇങ്ങനെയൊരു കുതിര ഒരാള്‍ക്ക് എന്നു ചിന്തിച്ചു വേണം നമുക്ക് മറ്റൊരു ദിശയിലേയ്ക്ക് തിരിയാന്‍. കവിത, കുതിരയുടെ രണ്ടു ‘ധര്‍മ്മങ്ങള്‍’ മാത്രം മുറിച്ചെടുത്താണ് നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. അതിലൊന്ന് ഓട്ടമാണ്, (ഓടി ഓടി ചാവാലിയായ..) രണ്ടാമത്തേത് യുദ്ധവും.(ഇനിയൊരങ്കത്തിനും..) കുതിരയെന്ന ജീവിയ്ക്ക് മറ്റനേകം ധര്‍മ്മങ്ങള്‍ ഉണ്ടെങ്കിലും (അതെല്ലാം നൊടി നേരം കൊണ്ട് വായനക്കാരുടെ മനസ്സിലെത്തുമെങ്കിലും) കവിത പരിമിതപ്പെടുത്തുന്ന ഈ രണ്ടു ധര്‍മ്മങ്ങളിലും മികവില്ലാത്ത ഒന്നിനെയാണ് കവി ആവശ്യപ്പെടുന്നത്. ഇങ്ങനെ പരിമിതപ്പെടുത്തുന്നതുകൊണ്ട് കവിത ചെയ്യുന്നത് ഈ രണ്ടു ഗുണങ്ങളാണ് ഈ ജീവിയുടെ മറ്റേതു ഗുണത്തിലും വച്ച് മികച്ചത് എന്ന അര്‍ത്ഥം ധ്വനിപ്പിക്കുകയാണ്. അങ്ങനെ മികച്ചതായ ഗുണം കവി തന്നെ കല്‍പ്പിച്ചു നല്‍കിയിട്ട്, അവ ഇല്ലാതായ ഒരു കുതിരയെ എന്തിനാണ് ഇയാള്‍ ആഗ്രഹിക്കുന്നത്?

തന്റെ കവിതാസമാഹാരത്തിന്റെ (പള്‍പ് ഫിക്ഷന്‍) ആമുഖക്കുറിപ്പായി ലതീഷ് എഴുതിയിട്ട വരികളില്‍ അരാജകം എന്ന കവിതയിലെ ആഗ്രഹചിന്തയ്ക്കു സമാനമായ ഒരു കല്പനയുണ്ട്. ഓര്‍മ്മവച്ച നാള്‍ മുതല്‍ തന്റെ ഉള്ളിലിരുന്ന് കുതറിക്കുതറി പുറത്തേയ്ക്ക് തെറിക്കുന്ന ഒരുവനെ കൊല്ലാനുള്ള ആഗ്രഹമാണത്. അവന്റെ തെരുവുകളും തന്റെ ഉറക്കവുമായി നിതാന്തയുദ്ധത്തിലാണെന്ന് ലതീഷ് എഴുതുന്നു. അതുകൊണ്ട് അവനു വേണ്ടി വിഷം മോന്തുന്നു. ആരെങ്കിലുമൊരാള്‍ ഉടന്‍ മരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. (തന്നിലെ അപരസ്വത്വം സ്വന്തം കൃതികളില്‍ ആവിഷ്കാരം നേടുന്നതിനെക്കുറിച്ച് ഒര്‍ഹാന്‍ പാമൂക് ‘ഇസ്താംബൂളിലും’ ചില അഭിമുഖങ്ങളിലുമൊക്കെ തുറന്നുപറഞ്ഞതോര്‍മ്മവരുന്നു. പക്ഷേ പാമൂക്കിനത് തന്നേക്കാള്‍ 18 മാസം പ്രായക്കൂടുതലുള്ള ജ്യേഷ്ഠനാണ്. നാസിമുദീന്റെ ‘സ്കീസോഫ്രേനിയ’ എന്ന കവിതയിലുമുണ്ട് ‘ഇയാള്‍ - വൈകുന്നേരം ഭൂമി പറഞ്ഞത് എന്ന സമാഹാരം) ഓര്‍ക്കാപ്പുറത്ത് അര്‍ദ്ധരാത്രിയില്‍ പാതിരാതെരുവുകളിലേയ്ക്ക് പുറപ്പെടുകയും തന്നെ ആഞ്ഞിലിത്തുമ്പത്തേയ്ക്ക് കയറ്റിവിടുകയും സൌഹാര്‍ദ്ദങ്ങളില്‍ നിന്ന് കൂട്ടം തെറ്റിക്കുകയും ചെയ്യുന്ന ‘അവനെ’ കെണിവച്ചുപിടിക്കാനും കൊല്ലാനും തനിക്ക് ആഗ്രഹമുണ്ടെന്നു കവി പറയുന്നതിനു പിന്നില്‍ വ്യക്തിപരമായ ഒരു ഗൂഢാലോചനയുണ്ട്. അതിന്റെ ഉദ്ദേശ്യം എന്തെന്ന് ആര്‍ക്കും ചിന്തിച്ചു നോക്കാവുന്നതേയുള്ളൂ.

ഉള്ളിലുണ്ട് എന്നു പറയുന്ന ആ ഒരുവനാണ് ‘കവി’ എന്ന നിലയ്ക്കുള്ള തന്റെ വ്യത്യസ്തതയെ അടയാളപ്പെടുത്തുന്നത് എന്നതിന്റെ വക്രോക്തി വിവരണമാണ് നാം മുഖവുരയായി വായിച്ചത്. അങ്ങനെയൊരാളിനെ സമൂഹത്തിലെ മാന്യമായ ഒരു ജീവിതത്തിനു വേണ്ടി കൊന്നു കഴിഞ്ഞാല്‍ താന്‍ മുഖമില്ലാതെ ആര്‍ക്കുന്ന ആള്‍ക്കൂട്ടത്തിലെ നിഴല്‍ മാത്രമായി തീരുമെന്ന് നന്നായി അറിയാവുന്ന ആളല്ലേ കവി? ജീവിതത്തിലെ വ്യാകരണപ്പിശാചുക്കളെ മുഴുവന്‍ ഒഴിവാക്കി വടിവൊത്ത് ചിട്ടയില്‍ നടക്കാനുള്ള ഒരാഗ്രഹവും ലതീഷിന്റെ കവിതകള്‍ അതിന്റെ ആഖ്യാനരീതിയിലോ സംഗ്രഹണത്തിലോ പ്രകടിപ്പിക്കുന്നില്ലെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവും. ആലോചിച്ചാല്‍ കുറെക്കൂടി കെട്ടഴിഞ്ഞ രീതിയിലാണ് കാര്യങ്ങള്‍ അതിനുള്ളില്‍. സമൂഹത്തിനും വ്യക്തിയ്ക്കുമിടയിലെ പിളര്‍പ്പിനെ കാവ്യാത്മകമായി അവതരിപ്പിക്കുന്നതിനോടൊപ്പം കവി ഒരുക്കിയ കെണി തന്റെ ഉള്ളിലുള്ള ഒരുവനായുള്ളതല്ല, മറിച്ച് സാമ്പ്രദായികശീലങ്ങളില്‍ കിടന്ന് ആര്‍ത്തലയ്ക്കുന്ന നമുക്കുവേണ്ടിയുള്ളതാണ്, അതായത് പുറത്തെ സമൂഹത്തിനു വേണ്ടിയുള്ളതാണ് . ‘മറ്റേവനെ’ ഉപേക്ഷിച്ച് എനിക്കും നിങ്ങളിലൊരാളാവാനാണ് ആഗ്രഹം എന്ന് കണ്ണിറുക്കിക്കൊണ്ട് കളി പറയുകയാണ്‌ കവി.‍ അയാളെ വിട്ട് തനിക്കൊരു കളിയില്ലെന്ന് പല കവിതകളും വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. സ്വന്തം മുറിയിലേയ്ക്കുള്ള വഴിയറിയാന്‍ കൂടെ കൂട്ടുന്ന തെരുവു നായ (അവനവനിലേയ്ക്കുള്ള വഴികള്‍) ഈ അപരനാണ്. ചുവപ്പുരാശി പടര്‍ന്ന ഫ്രെയിമിലേയ്ക്ക് സിഗരറ്റു പുകയ്ക്കുന്ന നിലയില്‍ കടത്തിവിട്ടതായി കാണിച്ചു തരുന്ന കൃഷ്ണമണികള്‍ അവന്റേതാണ്. (തെരുവ്) കമണ്ഡലുവില്‍ റിവോള്‍വര്‍ സൂക്ഷിച്ചു വച്ചിരിക്കുന്നവനും (മഗല്ലനെ..) ഉറക്കമില്ലാത്ത ബോധിസത്വനും (ആമരമീമരം) ദീനദയാല്‍ റോഡ്രിഗ്യൂസും അവന്‍ തന്നെയല്ലേ? (പള്‍പ് ഫിക്ഷന്‍) അവന്റെ അപകടകരമായ നിശ്ശബ്ദത അനുഭവിപ്പിക്കുന്നവയാണ് ‘കോണിപ്പടിക്ക് മുകളില്‍’, ‘റിപ്പബ്ലിക്ക്‍’, ‘പറഞ്ഞിട്ടല്ലല്ലോ അല്ലെങ്കിലും വരവുകള്‍’ എന്നീ കവിതകള്‍.

‘ഞാനങ്ങ് പൊയ്ക്കോട്ടേ’ എന്ന് പാവത്തം പറയുന്ന ഒരു കവിതയ്ക്ക് ‘അരാജകം’ എന്നു നല്‍കിയിരിക്കുന്ന ശീര്‍ഷകം തന്നെ ആലോചിച്ചു നോക്കിയാല്‍ ഇരട്ടവരകളില്‍ നിന്നു കുതറുന്ന ഒരുവനുവേണ്ടിയുള്ള അതിശക്തമായ ആഗ്രഹമാണ്. വക്രോക്തിജീവിതമര്യാദയാല്‍ അതിവിനയത്തോടേ ആവിഷ്കരിച്ചതുകൊണ്ട് നാം അത് കവിയുടെ ഇംഗിതമായി തെറ്റിദ്ധരിച്ചുപോയതാണ്. സാമാന്യധാരണകളുടെ തടവില്‍പ്പെട്ടു കിടക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ ‘ധര്‍മ്മ-സങ്കല്‍പ്പങ്ങളില്‍’ നിന്ന് ഒഴിയുന്ന ഒരു ചാവാലിക്കുതിരയ്ക്കുവേണ്ടിയുള്ള ആഗ്രഹം പോലും അരാജകമാണ്. കവി അത്തരമൊരു കുതിരയെ വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന പ്രത്യക്ഷത്തോടൊപ്പം, തന്നെക്കുറിച്ച് സമൂഹം എന്തു ചിന്തിക്കണം എന്നുള്ള കവിയുടെ നിവേദനവും കൂടിയാണത്. അങ്ങനെ നോക്കുമ്പോള്‍ കുതിര, കവി തന്നെയാണെന്നര്‍ത്ഥം. പൊതുബോധത്തിലുറച്ച ‘അരാജകം’ എന്ന സങ്കല്‍പ്പവുമായി പ്രത്യക്ഷത്തില്‍ വൈകാരികമായ പൊരുത്തക്കേടുണ്ട്, കുതിരയുടെ വിനീതത്വത്തിന്. സാഹിത്യത്തിലെ കാല്‍പ്പനിക- ആധുനിക കാലഘട്ടത്തിലെ ‘അഹംബോധ’ത്തിന്റെ വികാസത്തിനു നേരെ വിരുദ്ധമായ തലമാണത്. സൌഹൃദങ്ങളെ ആശിക്കുകയും അവയുടെ നഷ്ടത്തില്‍ നൊമ്പരപ്പെടുകയും ചെയ്യുന്ന ഒരു ആഖ്യാതാവ്/ (‘ഞാന്‍’) ലതീഷിന്റെ കവിതകളിലുണ്ട്. (പരിചയം, ഏതു കെട്ടുകഥയില്‍ നിന്നാണ് ഒരു മഗല്ലനെ കിട്ടുക, പോസ്റ്റ് ചെയ്യാത്ത കത്തുകള്‍...) കവിതയിലെ ഈ വൈകാരികമായ ഋതുക്കള്‍ സാമൂഹികബന്ധങ്ങളിലേയ്ക്കുള്ള തിരിച്ചുവരവാണ് ‍.ഒരേ സമയം സമൂഹത്തിന്റെ മീഡിയോക്രിറ്റിയില്‍ അസഹിഷ്ണുവായിരിക്കുകയും എന്നാല്‍ സമൂഹത്തിനു പ്രിയപ്പെട്ടവനായിരിക്കാന്‍ വല്ലാതെ കൊതിക്കുകയും ചെയ്യുന്ന തരം മനോഘടനയാണ് കവിതകളിലെ ‘ഞാന്‍’ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. വല്ലാത്ത സംശയാലുവും ആകെ കുഴങ്ങി മറിഞ്ഞവനുമാണ് ഈ ‘ഞാന്‍’. അരാജകത്വത്തിലെ കുതിരയില്‍ കാണുന്ന വിനീതത്വം ആ നിലയ്ക്ക് ഒരു തുടര്‍ച്ചയാണ്.കവിതയിലാകെ പടര്‍ന്നു കിടക്കുന്ന നിരവധി ചോദ്യങ്ങളിലും ( ‘നമ്മുടെ ഭൂപടങ്ങള്‍ നമ്മള്‍ തന്നെ വരച്ചാലെന്താണ്, പാരീസിലെ ചെറുപ്പക്കാരേക്കാള്‍ മോശമാണെന്നു വരുമോ ഞങ്ങള്‍...) ആഗ്രഹചിന്തകളിലും (കുടപിടിച്ച് നടന്നു പോകുന്ന വേനല്‍ കാലത്തെ കാണണം, എത്രകാലമായി.. ..ആ സര്‍ക്കസിന്റെ ചുവടുകളില്‍ ചിത്രശലഭങ്ങളായിട്ട്....) ഉള്ളത് ഇതേ വികാരത്തിന്റെ പ്രകാരഭേദങ്ങളാണെന്ന് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. സാമൂഹികമായ ഒരു ഒത്തുതീര്‍പ്പിനു പരിധിവിട്ടു കൊതിക്കുകയും കൂട്ടം കൊള്ളാന്‍ ആഗ്രഹിക്കുകയും ആത്യന്തികമായി താനും തന്റെ ഓര്‍മ്മകളും തനിച്ചാണെന്നു തിരിച്ചറിയുകയും ചെയ്യുന്നതിന്റെ വിള്ളലുകളാണ് ആഴത്തില്‍ ലതീഷിന്റെ കവിതകള്‍ അനുഭവിപ്പിക്കുന്നത്. അത്തരമൊരു അവസ്ഥയിലെ വിജനതയില്‍ ഉള്ളിലിരുന്ന് കുതറുന്ന പ്രതിയോഗിയുമായി നടത്തുന്ന സംഭാഷണങ്ങളാണ് കവിതകള്‍. പക്ഷേ അതെപ്പോഴും ഞാന്‍ - നീ എന്ന ദ്വന്ദത്തില്‍ തീരുന്നതല്ല. ജലരൂപങ്ങളെപ്പോലെ പലപ്പോഴും ഞാനും നീയും കുഴമറിയുന്നു. തന്റെയുള്ളിലെ അപരസ്വത്വം സമൂഹത്തിന്റെയും ‘വ്യവസ്ഥയുടെയും’ പ്രതീകമായി വേഷം മാറുന്നു. ബോധപൂര്‍വം പറയാന്‍ ശ്രമിക്കുന്നതിന്റെ നേര്‍ വിപരീതമാവുന്നു, അബോധപൂര്‍വം ധ്വനിക്കുന്നത്.

യുക്തിവിചാരത്തിന്റെ അളവുകള്‍ക്കും തൂക്കുപാത്രങ്ങള്‍ക്കും വെളിയിലാണ് സൌന്ദര്യശാസ്ത്രത്തിന്റെ വികാരപരമായ ജീവിതം. കടലിനെ കിലോലിറ്ററുകളും ഹിമാലയത്തെ കിലോമീറ്ററുകളുമാക്കിയാല്‍ ചരിതാര്‍ത്ഥനാവുന്ന ദുര്‍മുഖനായ ഒരുവന്‍ നമ്മില്‍ ഭൂരിഭാഗത്തിന്റെയും ഉള്ളിലുണ്ട്. അവനു കെണി വയ്ക്കാതെയും വിഷം കൊടുക്കാതെയും കവിതയില്‍ നിന്നൊഴുകുന്ന വികാരജീവിതം മനുഷ്യാവസ്ഥയുടെ അടിസ്ഥാനമാകുമോ?. ആലോചിച്ചു നോക്കുക, മനസ്സിലാകായ്കയുടെ പേരില്‍ കല്ലുകള്‍ വാങ്ങിക്കൂട്ടുന്ന കവിത തന്നെയാണ് ജനപ്രിയ വാചകഘടനയെയും സാംസ്കാരികഘടകങ്ങളെയും സ്വാംശീകരിച്ചിരിക്കുന്നത്. കവിതകളുടെ ചില ശീര്‍ഷകങ്ങളില്‍ മാത്രമല്ല, ആശയങ്ങളിലും.( എനിക്കു വേറെ പണിയുണ്ടെന്ന് പരമാവധി വളച്ചുകെട്ടി പറയുന്നു, സാറ്റര്‍ഡെ നൈറ്റ് പാര്‍ട്ടിയ്ക്കു പോഗലാം, വരീയ്യാ?, പരമശിവന്‍ കഴുത്തിലിരുന്ത് പാമ്പ് കേള്‍ക്കിറാ..., തിരിച്ചുപോകാന്‍ വഴിയില്ല മക്കളേ, ചന്തുവിനെ തോത്പിക്കയല്ലാതെ മറ്റു വഴിയില്ല...) എന്നു വച്ചാല്‍ ‘തരം താണതെന്നും’ ‘ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റാന്‍ സൃഷ്ടിക്കപ്പെടുന്നതെന്നും’ റെയ്മണ്ട് വില്യംസ് ആക്ഷേപിച്ച ജനപ്രിയ സൃഷ്ടികളുടെ എലുകകള്‍ എടുത്തുപയോഗിച്ചുകൊണ്ട് കവിത ചെന്നെത്തുന്ന ഇടം അനുശീലനത്തിലൂടെ മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഉച്ചകല( ഹൈആര്‍ട്ട്) യുടേതാണ് എന്ന്. ഈ വൈരുദ്ധ്യങ്ങളുടെ ആന്തരാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ ‘കടലിനെ വിരുന്നൂട്ടാനുള്ള അക്വേറിയ മത്സ്യത്തെയും കടല്‍പ്പാലങ്ങള്‍ പറന്നു പോകുന്ന ഒച്ചയെയും’ തിരിച്ചറിയാന്‍ കഴിയൂ. ഒന്ന് മറ്റൊന്നായി മാറിയും പകരം വച്ചും കവിതയിലെ ചിഹ്നങ്ങളും അവയുടെ വ്യവസ്ഥയും ഏര്‍പ്പെടുന്ന കളി മനസ്സിലാക്കാന്‍ യുക്തിവിചാരങ്ങളെ പിന്നണിയില്‍ തള്ളുന്ന വികാരജീവിതത്തിന് എളുപ്പം സാദ്ധ്യമായേക്കും. അതാണ് യുക്തിചിന്തകളുടെയും വിമോചനസൌന്ദര്യശാസ്ത്രത്തിന്റെയും തീപാറുന്ന ഗലാട്ടകളില്‍ പക്ഷം ചേരാനുള്ള പ്രാഥമികമായ യോഗ്യതാപത്രം.


അപ്പോള്‍, കവിതകളെ മനസ്സിലാക്കിയേ അടങ്ങൂ എന്ന ഒറ്റാലും സ്കെയിലുമായി എന്റെ ഉള്ളിരിക്കുന്ന ദുര്‍മുഖന് ഞാന്‍ വച്ച കെണിയാണീ എഴുത്ത്. അതുമനസ്സിലായികാണുമല്ലോ.

23 comments:

Anonymous said...

ഹെന്റെ വെള്ളെഴുത്തേ! നമിക്കുന്നു, നമിക്കുന്നു.. ഞാനൊന്നും ഒരിക്കലും കവിത വായിച്ച് മനസ്സിലാക്കില്ല എന്നു മനസ്സിലായി :(

ഗുപ്തന്‍ said...

ഇത് പണിയായണ്ണാ.. ആ കവിതകള്‍ പരമാവധി ഒന്നു ലിങ്ക് ചെയ്ത് ഇട്ടിരുന്നേല്‍ കുറച്ചൊരു എളുപ്പമുണ്ടായിരുന്നു. എന്തായാലും പണിയാന്‍ തന്നെ തീരുമാനിച്ചു. തിരിച്ചുവരാം.

കവിതയില്‍ നിന്ന് കവിയിലേക്ക് ഒരു പാലമാകുന്നുണ്ട് വായന. അത്തരം വായനയുടെ ശക്തിയും പരിമിതിയും പറയാന്‍ ഞാനാളല്ല. എങ്കിലും നിരുത്തരവാദപരമായ മനസ്സിലായില്ലകളെ വെല്ലുവിളിക്കാന്‍ വെള്ളെഴുത്ത് ആദ്യം മുതല്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് മനസ്സില്‍ തട്ടി ഒരിക്കല്‍ കൂടി കൂപ്പുകൈ.

നജൂസ് said...

ലിങ്കിട്ടിരുന്നെങ്കില്‍ തപ്പല്‍ ഒഴിവാക്കാമായിരുന്നു.. :)

Haree | ഹരീ said...

:-)
ശരിക്കും ആസ്വദിച്ചു വായിച്ചു.

വക്രോക്തി = ? (എന്തെക്കെയോ അര്‍ത്ഥം മനസില്‍ തോന്നുന്നുണ്ട്, പക്ഷെ അത് എഴുതാന്‍ പറ്റുന്നില്ല!)
--

വിഷ്ണു പ്രസാദ് said...

ഒരുപക്ഷേ,ലതീഷിന്റെ കവിതകളെക്കുറിച്ച് എഴുതപ്പെട്ട ആദ്യത്തെ ലേഖനമാവും ഇത്.അതിന് ധൈര്യപ്പെട്ടതിന് വെള്ളെഴുത്തിന് അഭിനന്ദനം.

ലതീഷിന്റെ പുതിയ കവിതകള്‍(നല്ല സുന്ദരന്‍ സലിംകുമാര്‍ പ്രഭാതം....)വിട്ടുകളഞ്ഞത് എന്താവും? കൂടുതല്‍ വായനകളും പഠനങ്ങളും ആവശ്യപ്പെടുന്നുണ്ട് ലതീഷിന്റെ കവിതകള്‍.ഈ ഉദ്യമം അതിനൊരു പ്രേരണയായിത്തീരട്ടെ

എസ്. ജെ. ഗ്രാമത്ത് said...
This comment has been removed by the author.
വെള്ളെഴുത്ത് said...

ഗ്രാമത്തേ, ആത്മാര്‍ത്ഥമായ പ്രതികരണത്തെ നമിക്കുന്നു. മനസ്സിലാക്കല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സങ്കല്‍പ്പമാണ്. ജീവിതം സങ്കീര്‍ണ്ണമാവുന്നതിനൊപ്പം കവിതയും അത് ആവിഷ്കരിക്കുന്ന രീതികളും സങ്കീര്‍ണ്ണമാവും. അടിസ്ഥാന ബുദ്ധിശക്തികൊണ്ട് ചിലപ്പോള്‍ അപരിചതമായ സംഗതി നമുക്ക് മനസ്സിലായേക്കും, എന്നാലും വഴി അറിയാവുന്ന ഒരാളിന് എളുപ്പമായിരിക്കും കാര്യങ്ങള്‍. നേഴ്സറിപ്പാട്ടു പോലെ എല്ലാ കവിതയും മനസ്സിലായിക്കൊള്ളണമെന്നില്ല. നേഴ്സറി പാട്ടു തന്നെ ഒരു കൊച്ചുകുട്ടിയും വലിയ ഒരാളും ഒരേ രീതിയിലല്ല മനസ്സിലാക്കുന്നത്. കവിത മറ്റു പലതും പോലെ ഒരു ശീലമാണ്.
ലിങ്ക് ഭയങ്കരപണിയാണ് ഗുപ്താ,നജൂസേ, ഒന്നിന്റെ അഡ്രസ്സെടുത്ത് വരുമ്പോഴേയ്ക്കും എന്റെ കണക്ഷന്‍ പോകും.. കവിതകള്‍ ‘പള്‍പ് ഫിക്ഷനില്‍’ നിന്നാണ്.അതാണ് ലിങ്കില്ലാതാവാനുള്ള രണ്ടാമത്തെ കാരണം.. എന്നാലും ഞാന്‍ നോക്കട്ടെ..
വിഷ്ണു ഞാന്‍ ആകെ ആ കടലിനെക്കുറിച്ചാണ് എഴുതാന്‍ ഉദ്ദേശിച്ചത് അതിങ്ങനെ ആയിപ്പോയതാണ്.. വീട്ടില്‍ നിന്നിറങ്ങി കടപ്പുറത്തെത്തിയില്ല എന്ന അവസ്ഥയുണ്ടിതിന്. അതു മനസ്സിലാക്കന്‍ എളുപ്പമാണ്..
ഹരീ.. ‘വക്രോക്തി’ എന്ന് ഒറ്റസങ്കല്‍പ്പം (പുതിയ രീതിയില്‍) വികസിപ്പിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം . നടന്നില്ല.
അനോനി, താങ്കള്‍ക്കു മാത്രമായിരിക്കും ഒരു പക്ഷേ കവിതയെ തിരിച്ചറിയാന്‍ കഴിയുക.. ആര്‍ക്കറിയാം.!

റോബി said...

ലതീഷിന്റെ ഒരു കവിത ആരും രണ്ടു തവണ വായിക്കുന്നില്ല എന്നു പറയാമോ? ചുരുങ്ങിയത് എന്റെ കാര്യത്തിൽ അങ്ങനെയാണ്. വെള്ള ലിങ്കിയ അരാജകീയം, അതു പോസ്റ്റ് ചെയ്ത അവസരത്തിൽ വായിച്ചത് പോലെയല്ല ഇന്നു വായിച്ചത്. തിണവായനകൾ വേറെ അനുഭവങ്ങൾ തരുന്നു.

ലേഖനത്തിനു നന്ദി. ആ സലിം‌കുമാർ കവിതയൊക്കെ ഇന്നാണു കാണുന്നത്. സിനിമ കാണാൻ തുടങ്ങിയതിൽ പിന്നെ വായന വല്ലാതെ കുറഞ്ഞു. സാഹിത്യത്തിന്റെയും ഭാഷയുടെയൂം ശക്തി അനുഭവിക്കാനാകുന്നത് ഇടയ്ക്ക് ഇവിടെ വരുമ്പോഴാണ്.

cALviN::കാല്‍‌വിന്‍ said...

മലയാള കവിതയിൽ സംഭവിച്ച മാറ്റങ്ങൾ എന്തുകൊണ്ട് മലയാള സിനിമാഗാനങ്ങളിൽ പ്രതിഫലിച്ചില്ല? ചില ചിന്തകൾ ഇവിടെ

അനില്‍@ബ്ലോഗ് said...

നന്നായിരിക്കുന്നു ഈ ലേഖനം.
കവിതകള്‍ വായിച്ചിട്ട് ഒരു കവിയെ പരിചയപ്പെടണം എന്ന് ആദ്യമായി തോന്നിയത് ലതീഷിനെ ആയിരുന്നു.

Mahi said...

ആദ്യം തന്നെ ലതീഷിന്റെ കവിതയില്‍ കൈ വെച്ചതിന്‌ എന്റെ വക ഫുള്‍ അറ്റെന്‍ഷനില്‍ ഒരു സല്യൂട്ട്‌.അയുക്തിയുടെ അഴഞ്ഞ ലോകങ്ങളിലൂടെ സഞ്ചരിക്കയാലവണം എന്നും നേര്‍ രേഖയിലൂടെയും ഏകതാനമായും സഞ്ചരിച്ച വ്യവസ്ഥാപിതമായ രീതികള്‍ക്ക്‌ അവനെ അളക്കാനുള്ള ഉപകരണം ഇല്ലാതെ പോയത്‌.ഇതുവരേയും അവന്റെ കവിതയെ കുറിച്ച്‌ പഠനങ്ങള്‍ ഉണ്ടായില്ല എന്നെള്ളത്‌ തന്നെ അതുകൊണ്ട്‌ അത്ഭുതപെടുത്തുന്നില്ല.സ്വയം ചിതറിയും മറ്റുള്ളവരെ ചിതറിച്ചും അവന്‍ കണ്ടെത്തുന്ന ലോകങ്ങളെ അതുകൊണ്ട്‌ തന്നെയാണ്‌ വിസ്മയത്തോടെയൊ മനസിലാകായ്കകളുടെ നെറ്റിചുളിക്കലുകളിലൂടെയൊ നോക്കി കാണേണ്ടി വരുന്നത്‌.
അരാജകം എന്ന കവിതയെ മുന്‍ നിര്‍ത്തിയും അവന്റെ അപരെ സ്വത്വങ്ങളെ കുറിച്ചും മാത്രമായി ചുരിങ്ങിയൊ ലേഖനം മറ്റു കവിതകളെ പരമാര്‍ശിക്കുന്നില്ല എന്നല്ല എന്നാലും.എന്റെ തോന്നലാകാം അപര സ്വത്വത്തെ കുറിച്ച്‌ പറഞ്ഞപ്പോളാണ്‌ വിഷ്ണു മാഷും ഉള്ളിലിരുന്ന്‌ ഉന്നം തെറ്റിക്കുന്ന ഒരാളെ കുറിച്ച്‌ എഴുതിയിട്ടുണ്ടല്ലൊ.എങ്കിലും ലതീഷ്‌ കവിതകളിലേക്ക്‌ ഒരു പാലം നിര്‍മിക്കാന്‍ ഇതിന്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ സമ്മതിക്കാതെ വയ്യ.അവന്റെ വി/ജനത പോലുള്ള ഒന്നാംകിട കവിതകളെ പരമാര്‍ശിക്കാതെ പോയത്‌ കഷ്ടമായ്‌ പോയ്‌."ഈ ഉദ്യമം അതിനൊരു പ്രേരണയായിത്തീരട്ടെ".കയ്യൊപ്പ്‌

എസ്. ജെ. ഗ്രാമത്ത് said...
This comment has been removed by the author.
Anonymous said...

ഏറ്റവും ലളിതമായി എഴുതാനല്ലേ ബുദ്ധിമുട്ട്?

കുഷ്ണ വര്‍മ്മ പ്രസാദ്‌.. said...

വിഷ്ണു പ്രസാദ് said...
ഒരുപക്ഷേ,ലതീഷിന്റെ കവിതകളെക്കുറിച്ച് എഴുതപ്പെട്ട ആദ്യത്തെ ലേഖനമാവും ഇത്.അതിന് ധൈര്യപ്പെട്ടതിന് വെള്ളെഴുത്തിന് അഭിനന്ദനം.

ഹഹ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ. എന്തിനാ മാഷേ ഈ തീട്ടം മണപ്പിച്ചിട്ടു ഒന്നുമറിയാത്ത പോലെ മാറി നില്‍ക്കണേ.. നാറുന്നു എന്ന് അങ്ങ് പറഞ്ഞു കൂടെ. :) :)
ബുദ്ധിജീവികളാണ് പോലും ബുദ്ധിജീവികള്‍.

വല്ലപ്പോഴും ഒന്ന് പച്ചവെള്ളത്തില്‍ കുളിച്ചു നോക്കൂ.

ഗുപ്തന്‍ said...

ഗ്രാമത്തിന്റെ ചോദ്യം നന്നായി മനസ്സിലാവുന്ന ഒരാളാണ് ഞാന്‍. കാരണം ഒരു മുന്നു വര്‍ഷം മുന്‍പ് ബ്ലോഗുമായി പരിചയപ്പെടുന്ന സമയത്ത് വിഷ്ണുമാഷിന്റെ പ്രതിഭാഷയിലെ ഒരു കവിതയില്‍ എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ മാഷേ എന്ന് പരിഭവം പറഞ്ഞിരുന്നു ഞാന്‍. ഇപ്പോഴും മനസ്സിലാവാറില്ല പലതും. വെള്ളെഴുത്ത് വായിച്ചു തുടങ്ങിയ അരാജകം എന്ന കവിതയുടെ ചുവട്ടില്‍ തന്നെ കുതിരയെകിട്ടിയില്ല എന്നൊരു കമന്റ് കിടപ്പുണ്ട്. വ്യത്യാസം അവിടെ കുതിരയെപിടിക്കാന്‍ ഒന്ന് ഓടാന്‍ ശ്രമിച്ചിരുന്നു എന്ന് കാണാം.

പക്ഷെ സച്ചിദാനന്ദനും വിനയചന്ദ്രനും എഴുതുന്നതൊക്കെ മനസ്സിലാവുന്നു (ഉവ്വോ ..എനിക്ക് പലതും മനസ്സിലാവാറില്ല.) ഇവരൊക്കെ ആരാ എന്ന ലളിതമായ ചോദ്യത്തിനാണ് ഉത്തരം വേണ്ടതെങ്കില്‍ സച്ചിദാനന്ദനും വിനയചന്ദ്രനും ഒക്കെ ആരാ എന്ന് തിരികെ ചോദിക്കേണ്ടിവരും. കവിതയില്‍ ആരും അവസാനവാക്കില്ല. ചങ്ങമ്പുഴയില്‍ കുളിച്ചുനടന്ന വായനക്കാരന്‍ അയ്യപ്പപ്പണിക്കരോടും ഇപ്പറഞ്ഞ സച്ചിദാന്ദനോടും ഒക്കെ ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട് താനും: താനാരുവാ എന്ന്. ആ ചോദ്യം ഇനിയും വരും. വരുന്നത് വായനക്കാരന്റെ വളര്‍ച്ച അകാലത്ത് നിലക്കുന്നതുകൊണ്ടും കവിത അതേ സമയം വളരുന്നതുകൊണ്ടുമാണ്.

നഴ്സറിപ്പാട്ടുകളുടെ ലാളിത്യത്തെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യന്‍ വെള്ളെഴുത്താണ്. കാരണം സോളമന്‍ ഗ്രണ്ടിയുടെ ലളിതമായ റൈമിനുള്ളില്‍ അക്രമത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച ആത്യന്തികമായ നിരീക്ഷണം ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കിത്തന്നത് വെള്ളെഴുത്താണ് ‍. മുന്‍പ് എന്റെ ബ്ലോഗില്‍ ഇട്ട ഒരു കമന്റില്‍. ആ ഒരു നഴ്സറിപ്പാട്ട് പഠിപ്പിച്ചുതരുന്ന പാഠം ലിഖിതത്തിന്റെ ലാളിത്യവും സംവേദനക്ഷമതയും എഴുത്തുകാരനെ എന്നതിലുപരി വായനക്കാരന്റെ മനസ്സിനെ ആശ്രയിച്ചാണിരിക്കുനത് എന്നുതന്നെ ആണെന്ന് തോന്നുന്നു. സംവേദനത്തിന്റെ ചിലതലങ്ങളിലെങ്കിലും ഏറ്റവും ലളിതമായ വാക്യം പോലും ദുര്‍ഗ്രാഹ്യമാണ്. അതുകൊണ്ടാണ് വായിക്കാന്‍ ഒരുക്കം വേണം എന്ന് മാധവിക്കുട്ടിമുതലെങ്കിലുമുള്ള എഴുത്തുകാര്‍ മലയാളിയെ ഇടക്കിടക്ക് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്.

പരമ്പരാഗതമായകാവ്യ ശാഖ പടിയടച്ചുപുറത്തുനിര്‍ത്തിയിരുന്ന രീതികളും വാക്കുകളും ബിംബങ്ങളും കവിതയിലേക്ക് കടന്നുവന്നതാണ് ദുര്‍ഗ്രാഹ്യത ആരോപിക്കപ്പെടാന്‍ ഒരു കാരണം.

രണ്ടാമത്തേത് വായനക്കാരന്റെ ശീലങ്ങളുടെ പ്രശ്നമാണ്. പ്രത്യക്ഷമായ ലാളിത്യത്തിനുള്ളില്‍ ഉന്നതമായ മറ്റെന്തോ ഒളിപ്പിച്ചുവയ്ക്കുന്ന രീതിശാസ്ത്രപരമായ ദ്വൈതവാദത്തിന്റെ അടിമയായാണ് വായനക്കാരന്‍ കവിത തുറക്കുന്നത്. ആത്മാവും അതിന്റെ സൂചകമായ ശരീരവും പോലെ വാക്കുകള്‍ അവക്ക് ഉപരിയായ ഉദാത്തമായ എന്തോ ഒന്നിനെ ഉള്‍കൊണ്ടിരിക്കുകയും പ്രകാശിപ്പിക്കുകയും വേണം എന്ന ഒരു ‘ആധ്യാത്മികത’ അവനെ വേട്ടയാടുന്നു. വാക്കിനുള്ളില്‍ തന്നെ കെണിയൊരുക്കി ആശയത്തെ തുറന്നുകീറി വയ്ക്കുന്ന പുതുകവിതയുടെ ഭൌതികവാദം മഹാപാതകമാവുന്നത് അതുകൊണ്ടാണ്. ആ ‘ഉദാത്തമായ എന്തോ ഒന്ന്‘ വ്യര്‍ത്ഥമായ ഒരു സ്വപ്നമായിരുന്നു എന്ന് പലപ്പോഴും വാക്കുകള്‍ വിളിച്ചുകൂവുന്നതിന്റെ രോഷത്തിലാണ് വായന അവസാനിക്കുന്നത്. കടല്പാലം പറന്നുവരുന്നതിന്റെ ഒച്ച കേള്‍ക്കാനാകത്തത് ഇതേവിളിച്ചുകൂവലില്‍ ചെകിടടച്ചുപോകുന്നതുകൊണ്ടുകൂടിയാവാം. ഒച്ചയെന്നോര്‍ത്ത് അലോസരപ്പെടുന്നതെന്തോ അതുതന്നെ ആണ് പൊരുള്‍ എന്ന് അറിയാനാകാത്തിടത്തോളം വായനക്കാരന്‍ അസ്വസ്ഥനായിക്കൊണ്ടേയിരിക്കും.

ഒളിപ്പിച്ചുകടത്തല്‍ കവിതയില്‍ ഇല്ല എന്നല്ല പറയുന്നത്. ധ്വന്യാത്മകമായ ജീവന്‍ പരമാത്മാവുപോലെ ഉദാത്തമായ എന്തോ തത്വമല്ല വാക്കുകളുകളുടെ രസതന്ത്രത്തിന്റെ സൃഷ്ടിയാണെന്നുള്ള കാഴ്ചപ്പാടാണ് ആധുനികകവിതയിലെ ഭൌതികവാദം എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ഒളിച്ചിരിക്കുന്നത് വാക്കിന്റെ രസക്കൂട്ടില്‍ നിന്നുതന്നെ കണ്ടെത്തേണ്ടിവരും. ശരീരം ആത്മാവ് പോലെയുള്ള സമഷ്ടിതത്വങ്ങളില്‍ ഊന്നിയുള്ള ആസ്വാദനം അസാധ്യമാവുന്നു. ഒരൊ ശരീരവും അതിന്റെ തന്നെ നിര്‍വചനമാവുന്നു. ഓരോ കവിതയും അതിന്റേതായ താക്കോല്‍ കൊണ്ടുമാത്രം തുറക്കേണ്ടി വരുന്നു.

രസക്കൂട്ടൊരുക്കുന്നതില്‍ രീതിശാസ്ത്രങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്തതുകൊണ്ട് തന്നെയാണ് ലതീഷിന് സ്വന്തമായി അളവുപാത്രങ്ങള്‍ ഇല്ലാത്തത്. ഓരോ കവിതക്കും ഉള്ള തോതുകള്‍ പണിഞ്ഞെടുക്കാനാണ് അയാള്‍ക്കിഷ്ടം എന്ന് തോന്നിയിട്ടുണ്ട്. (ചിലപ്പോഴൊക്കെ നടക്കാറില്ലെങ്കിലും ..അവന്റെ ഒടുക്കത്തെ ഉള്ളിജീവിതം ഹിഹി)

വേദാന്തം ശീലിച്ചവന്‍ രസതന്ത്രം പഠിക്കുന്നതിന്റെ അസ്വസ്ഥതയായിട്ടുമാത്രമേ സമകാലീന കവിതയുമായി ബന്ധപ്പെടുത്തി വായനക്കാരന്റെ മനസ്സിലായില്ലകളെ കാണാനാവൂ. അവനവനോടുതന്നെ ഉള്ള ക്ഷമയാണ് താക്കോല്‍ എന്ന് വിനീതമായ അനുഭവസാക്ഷ്യം. :)

എസ്. ജെ. ഗ്രാമത്ത് said...
This comment has been removed by the author.
ഗുപ്തന്‍ said...

ഇതില്‍ അകവും പുറവും നിഗൂഢതയും ഇല്ല ഗ്രാമത്തേ. (ഞാന്‍ കവിതയെഴുതാറില്ല. അതുകൊണ്ട് എഴുത്തുകാരുടെ ഗൂഢാലോചന-- അതെന്തായാലും-- എന്നെ ബാധിക്കുന്ന വിഷയമല്ല.) പുതിയ കവിതയ്ക്ക് --ഇക്കാലത്തെന്നല്ല പണ്ടും സമകാലീനകവിത പുതുകവിത ആയിരുന്നു പാവം കുമാരനാശാനൊക്കെ എന്തു തെറികേട്ടിട്ടുണ്ട്-- പുതിയ വായനക്കാരുണ്ടാവും. അത് അതിന്റെ വഴിക്ക് പൊയ്ക്കൊണ്ടേ ഇരിക്കും. ഇന്നത്തെ പുതിയ കവിത നാളെ പഴഞ്ചനാവും. മറ്റൊരു ഭാവവും ഗതിയും എഴുത്തിനുണ്ടാവും. അന്ന് ഇന്നത്തെ കവിത ആസ്വദിക്കുന്നവര്‍ അസ്വസ്ഥരാവുകയും ചെയ്യും (ഭൂരിഭാഗം പേരും). ഇത് എഴുത്തിന്റെയും വായനയുടെയും ആഗോളചരിത്രമാണ്. അതില്‍ മാറ്റമൊന്നും ഉണ്ടാവാന്‍ പോണില്ല.

ബൈദവേ പുറം ചൊറിച്ചിലിനെക്കാള്‍ കുഴപ്പമാണ് അകം ചൊറിച്ചില്‍ -- അവനവനു വഴങ്ങാത്ത കാര്യങ്ങള്‍ കാണുമ്പോളുള്ള മുകളില്‍ പറഞ്ഞ അസ്വസ്ഥത. മറ്റാരെങ്കിലും മാന്തിത്തന്നാല്‍ പോലും അത് മാറില്ല. ചൊറിഞ്ഞുകൊണ്ടേയിരിക്കും :)

വെള്ളെഴുത്ത് said...

ഗുപ്തന്‍ കാര്യങ്ങള്‍ നന്നായി പറഞ്ഞു.
മഹീ പോരായ്മ ഞാന്‍ തുറന്നു സമ്മതിച്ചതാണ്..
അനോനീ പഴയൊരു വാദമാണത്. ലളിതം എന്നത് എന്താണെന്ന് നിര്‍വചിക്കേണ്ടി വരും അതു ബുദ്ധിമുട്ടാണോ അല്ലയോ എന്നു തിരിച്ചറിയാന്‍. ലതീഷിന്റെ കവിത ലളിതമല്ലേ? ഏതെലുകയിലാണ് അതു ലളിതമല്ലാതായി തീരുന്നത്? എല്ലാവരും വായിക്കാനായി കവിതയെഴുതുന്ന ഒരാള്‍ മനപ്പൂര്‍വം ആശയത്തെ ഗുരുതരമാക്കുമോ? അപ്പോല്‍ മറ്റെന്തോ ആണല്ലോ നമുക്ക് മനസ്സിലാവാതെ വരുന്നതിന്റെ ഗുട്ടന്‍സ്.. ഇങ്ങനെയൊക്കെ ആലോചിച്ചുകൂടേ?
ഈ കവിതയില്‍ എന്നെ സ്വാധീനിക്കുന്ന എന്തോ ഉണ്ടല്ലോ എന്ന തോന്നലില്‍ നിന്നാണ് അതെപ്പറ്റി ആലോചിക്കാന്‍ തോന്നുന്നത്. ആലോചനകള്‍ അത്ര നന്നായില്ലെന്നു വരാം.. എന്നാലും സൌന്ദര്യം അനുഭവിക്കാന്‍ കഴിയുക എന്നത് വേറിട്ടൊരു ഗുണമാണ്..കവികള്‍ അവരനുഭവിച്ചതിന്റെ പലരീതിയില്‍ അവതരിപ്പിക്കുന്നു. നമുക്കു പിടിച്ചെടുക്കാന്‍ കഴിയുന്നത് പിടിച്ചെടുത്ത് നമ്മുടെ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി ആസ്വദിക്കുന്നു. അതു മനസ്സിലാക്കാന്‍ കവിതയോളം പോകണ്ട കുഷ്ണവര്‍മ്മപ്രസാദിന്റെ കമന്റു നോക്കിയാല്‍ മതി. എത്രശക്തമായിട്ടാണ് തന്റെ സാഹിത്യാനുഭവത്തെ തന്റെ തന്നെ സാംസ്കാരികഭൂമികയില്‍ നിന്നെടുത്ത് രൂപകം കൊണ്ട് അവതരിപ്പിക്കുന്നത്! ഇതിനെയാണ് cultural formation of the reader എന്ന് ബാര്‍ത്ത് പറഞ്ഞത്.
ശാസ്ത്രം വികസിച്ചെന്നും നാള്‍ക്കുനാള്‍ സങ്കീര്‍ണ്ണമാവുന്നെന്നും നമുക്കറിയാം (കല്ലുരച്ചല്ല ഇപ്പോള്‍ തീയുണ്ടാക്കുന്നത്) എന്തുകൊണ്ട് സാഹിത്യത്തിന്റെ വികാസത്തെയും സങ്കീര്‍ണ്ണതയെയും അതേപോലെ അംഗീകരിക്കാന്‍ മനസ്സു സമ്മതിക്കുന്നില്ല?

എസ്. ജെ. ഗ്രാമത്ത് said...
This comment has been removed by the author.
ഗുപ്തന്‍ said...

ജനാ‍ര്‍ദ്ദനന്‍ മാഷ് എനിക്കിട്ട മറുപടി ഞാന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു ചില ചര്‍ച്ചകളുമായി കൂട്ടി വായിച്ചു എന്ന് മനസ്സിലാവുന്നു. വേണ്ടാത്ത കാഠിന്യം എന്റെ വാക്കിലുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഇത്തരം ചര്‍ച്ചകള്‍ ഒരുപാട് ആവര്‍ത്തിച്ചുവരുന്നതിലെ അല്പം അക്ഷമ എന്റെ ഉള്ളിലുണ്ടായിരുന്നു എന്നുപറഞ്ഞാല്‍ മനസ്സിലാവും എന്ന് പ്രതീക്ഷിക്കട്ടെ.

സാഹിത്യത്തിലും കലയിലും ജനാധിപത്യം അപകടമായ ഒരു സങ്കല്പമാണ്. (സന്ദര്‍ഭവശാല്‍ വെള്ളെഴുത്ത് ബ്ലോഗില്‍ വശത്ത് ചേര്‍ത്തിരിക്കുന്ന ഉദ്ധരണി ഇതുമായി ചേര്‍ന്നുപോകുന്ന ഒന്നാണ് എങ്കിലും ലേഖനത്തിന്റെയോ ഇവിടെ പിന്നീട് വന്ന ചര്‍ച്ചയുടേയോ ഉള്ളടക്കവുമായി നേരിട്ട് ബന്ധപ്പെടുത്തണം എന്ന് തോന്നുന്നില്ല). എല്ലാവര്‍ക്കും മനസ്സിലാകുക എന്നത് സാഹിത്യത്തിന്റെയോ കലയുടെയോ അനിവാര്യമായ ധര്‍മ്മമല്ല. എനിക്ക് കഥകളി മനസ്സിലാവുകയില്ല. അതുകൊണ്ട് അത് കലയല്ലാതാകുന്നില്ല. എന്റെ അച്ഛന് ശാസ്ത്രീയ സംഗീതം അല്പം പോലും കേട്ടിരിക്കാനാവുമായിരുന്നില്ല. അതുകൊണ്ട് ശെമ്മാങ്കുടി ദുര്‍വാശിക്കാരനും സാമാന്യജനത്തില്‍ നിന്ന് അകന്നുനില്‍ക്കാനാഗ്രഹിക്കുന്നവനുമായ കലാകാരനാണ് എന്ന് കരുതേണ്ടതില്ല. വായനയിലും ശ്രവണത്തിലും അനുധാവനത്തിലും എല്ലാ നല്ലകാര്യങ്ങളും എല്ലാവര്‍ക്കും ഉള്ളതല്ല എന്നതാണ് സത്യം--അംഗീകരിക്കാന്‍ പ്രയാസമുണ്ടെങ്കിലും. പിക്കാസോയുടെ ചിത്രങ്ങള്‍ മനസ്സിലാക്കി ആസ്വദിക്കാവുന്നവര്‍ പൊതുവേ ചിത്രകല ഇഷ്ടമുള്ളവരുടെ കൂട്ടത്തില്‍ പോലും ന്യൂനപക്ഷമാവാന്‍ ഇടയുണ്ട്. അദ്ദേഹം ദുര്‍ഗ്രാഹ്യത കുത്തിനിറച്ചു എന്ന് ആരോപിക്കേണ്ടതില്ല.

സാമാന്യമായ രചനാരീതികളില്‍ നിന്ന് വ്യത്യസ്തത തിരയുന്നവരാണ് ലതീഷിനെ പോലെയുള്ള കവികള്‍. നമ്മുടെ ശീലങ്ങള്‍ സാമാന്യതയോട് ചേര്‍ന്നു നില്‍ക്കുന്നവയായതുകൊണ്ടാണ് അവരോട് പൊരുത്തപ്പെടാന്‍ നമ്മള്‍ പണിപ്പെടേണ്ടത്. മറിച്ച് അവര്‍ നമ്മുടെ ശീലങ്ങളോട് പൊരുത്തപ്പെട്ടുകൊള്ളണം എന്ന് വാശിപിടിക്കുന്നത് പുതുമക്കുള്ള സാധ്യതകള്‍ നിഷേധിക്കുന്നതിന് തുല്യമാണ്.

ഇതിന്റെ അര്‍ത്ഥം ഈ നവീന പരീക്ഷണങ്ങളില്‍ നിന്ന് വരുന്ന കവിതകളെല്ലാം തന്നെ ഉത്തമസൃഷ്ടികള്‍ ആയിരിക്കണം എന്നൊന്നുമല്ല. “അപരാഹ്നത്തിന്റെ അനന്തപഥങ്ങളില്‍ അകാ‍ാ‍ാശനീലിമയില്‍ അവന്‍ നടന്നകന്നു. ഭീമനും യുധിഷ്ടിരനും ബീഡിവലിച്ചു. സീതയുടെ മാറുപിളര്‍ന്നു രക്തം കുടിച്ചൂ ദുര്യോധനന്‍. ...” എന്നമട്ടിലുള്ള രചനകള്‍ ബ്ലോഗില്‍ ഉണ്ടാവുന്നുണ്ട്. അതിനൊക്കെ അര്‍ഹമായ തട്ട് കിട്ടുന്നുമുണ്ട്.

ദുര്‍ഗ്രഹതയുടെ പ്രശ്നം മറ്റൊന്നാണ്: പിടികൊടുക്കാതെ നടക്കുന്നത് കേമത്തമാണെന്ന് വിചാരിക്കുന്നവനും ആരെങ്കിലും എന്നെയൊന്നു പിടിച്ചെങ്കില്‍ എന്നു വിചാരിക്കുന്ന കള്ളനും (ബിംബം വിഷ്ണുമാഷിന്റേത്) തമ്മില്‍ വ്യത്യാസമുണ്ട്. ലതീഷും വിഷ്ണുമാഷും പ്രഭയും ജ്യോനവനും ഒക്കെ (ഉദാഹരണങ്ങള്‍ ദുര്‍ഗ്രഹത അരോപിക്കപ്പെട്ടകവികളില്‍ നിന്നുമാത്രം) രണ്ടാമത്തെ കൂട്ടത്തിലാണെന്നുള്ളതുകൊണ്ടാണ് ദുര്‍ഗ്രഹത എന്ന അരോപണം അവര്‍ക്ക് യോജിക്കാത്തത്.

Dinkan-ഡിങ്കന്‍ said...

ലെതീഷിന്റെ കവിതകളെക്കുറിച്ചുള്ള നല്ല പഠനം വെള്ളെഴുത്തേ, പക്ഷെ മനസിലാകായ്മ എന്നതില്‍ കയറി നിങ്ങളും, ഗുപ്തനും കാണിച്ച കസര്‍ത്തിന്‌ മറുപടി പറയാതെ വയ്യ.
അതുകൊണ്ട് ദേ ഇവിടെ കാണാം

http://dinkan4u.blogspot.com/2009/05/blog-post.html

വിഷ്ണു പ്രസാദ് said...

നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ എന്ന അംഗീകാരം കിട്ടിയത് ഇപ്പോഴാണറിഞ്ഞത്.(കമന്റിന്റെ സൂചനയും ഒളിയജണ്ടയും മനസ്സിലായില്ല)

ലതീഷിന്റെ എല്ലാ കവിതകളും ഞാന്‍ വായിച്ചിട്ടില്ല.ചിലതൊക്കെ വായിച്ചു തുടങ്ങുമ്പോഴത്തേക്ക് പിന്‍‌തിരിഞ്ഞുപോകുന്ന ചില മാനസികാവസ്ഥകള്‍ എനിക്ക് വന്നുകൂടിയിട്ടുള്ളതു മാത്രമാവണം അതിന് കാരണം.എല്ലാ എഴുത്തുകളും മനസ്സിലാക്കാന്‍ ശഠിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.മനസ്സിലാവാത്ത എന്തെല്ലാം ചരാചരങ്ങള്‍ക്കും ആശയങ്ങള്‍ക്കും ഇടയിലാണ്
നമ്മുടെയൊക്കെ ജീവിതം.ഇന്നുവരെ മനസ്സിലാവാത്ത ഒന്ന് അടുത്ത നിമിഷത്തില്‍ മനസ്സിലായെന്നു വരാം.അസാധ്യ്യതകള്‍ക്കും അതിന്റേതായ സാധ്യതകളും ജീവിതവുമുണ്ട്.

മേതിലിന്റെ എഴുത്ത് വലിയ തോതില്‍ സ്വാധീനം ചെലുത്തിയ ഒരെഴുത്തുകാരനാണ് ലതീഷ്.ആദ്യകാല രചനകളില്‍ ഈ മേതില്‍ അടയാളം വ്യക്തമായി കാണാം.എനിക്കു തോന്നുന്നത് ആദ്യകാല കവിതകളെക്കാള്‍
സുഗ്രാഹ്യമാണ് ലതീഷിന്റെ പുതിയ കവിതകള്‍ എന്നാണ്.
എഴുത്തുകാരനേയും പലതരത്തിലുള്ള ഭ്രമങ്ങള്‍ ബാധിക്കുന്നുണ്ടാവാം.അവ്യക്തത തന്റെ എഴുത്തിന്റെ മുഖമുദ്രയായി ലതീഷ് സ്വീകരിച്ചുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണമായി എന്നിക്ക് തോന്നുന്നത് അയാളുടെ വായനാസ്വാധീനങ്ങളാണ്.

ദുര്‍ഗ്രഹമായ ലോകത്തെ/ലോകാവസ്ഥകളെ ദുര്‍ഗ്രഹമായിത്തന്നെ(ഈ ദുര്‍ഗ്രാഹ്യത പോലും ആപേക്ഷികമാണ്) ആവിഷ്കരിക്കുക എന്നത് എളുപ്പമല്ല.അതുകൊണ്ടാണ് മേതിലിനെപ്പോലെ ലതീഷും എനിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരനാവുന്നത്.

പുസ്തകപ്പുഴു said...

ക്വിക്‌സോര്‍ട്ടെന്ന പോരാളി ഒരു ചാവാലികുതിരയുമായി കാറ്റാടി യോദ്ധാവിനെ തോല്പിക്കാന്‍ പോയ പഠിഞ്ഞാറന്‍ പുരാണം ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ആ ചാവാലി കുതിരയാണോ ഈ ചാവാലി ? അപ്പോള്‍ 'അരാജക' ത്തിലെ ക്വിക്‌സോര്‍ട്ടാരാണ് ?

പുസ്തകപ്പുഴു.. ‘ബുധസംക്രമം‘ താങ്കള്‍ പറഞ്ഞിട്ട് വായിച്ച ഓര്‍മ്മയുണ്ട്. താങ്കള്‍ക്ക് വന്ന് ആരെയെങ്കിലും പരിചയപ്പെടാമായിരുന്നു, പുസ്തകറിപ്പബ്ലിക്കുമായി സഹകരിക്കുകയും ചെയ്യാമായിരുന്നു, പുസ്തകങ്ങളെ സ്നേഹിക്കുന്നവരല്ലാതെ ആരാണ് ഈ റിപ്പബ്ലിക്കിനെ മുന്നോട്ടു കൊണ്ടു പോവുക? ഇങ്ങനെയൊരു അഭിപ്രായം ബുക്ക് റിപ്പബ്ലിക്കിന്റെ ബ്ലോഗ്ഗില്‍ കണ്ടു. സത്യത്തില്‍ ആ പുസ്തകപ്പുഴു മറ്റൊരു പുഴുവാണ്. എന്നെ അതിശയപ്പെടുത്തിയത് " 'ബുധസംക്രമം‘ താങ്കള്‍ പറഞ്ഞിട്ട് വായിച്ച ഓര്‍മ്മയുണ്ട് " എന്ന വാചകമാണ് ,ഒരു വര്‍ഷം മുമ്പ് ഞാന്‍ പറഞ്ഞ പുസ്തകത്തെ കുറിച്ച് താങ്കള്‍ ഒര്‍ത്തിരിക്കുന്നുണ്ടെങ്കില്‍ പുസ്തകത്തോടുള്ള അടങ്ങാത്ത ത്വര എത്ര മാത്രമുണ്ടെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയും. 'ബുധസംക്രമം' ത്തെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം അറിയാന്‍ വലിയ ആഗ്രഹമുണ്ട്.