April 20, 2009

കരിന്തിരികളുടെ വെട്ടത്തില്‍
അരയല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ പ്രതിഷ്ഠാമഹോത്സവത്തിന്റെ ഊരുചുറ്റ് ചടങ്ങ് വീടിനു മുന്നില്‍ വന്നപ്പോള്‍ കാണാന്‍ പോയിരുന്നു. പ്രധാനക്ഷേത്രങ്ങളില്‍ ഇതേ സംഗതിയെ ‘പറയെടുപ്പ്’ എന്നാണു പറയുക. രാജാധികാരങ്ങള്‍ കരമൊഴിവായി വിട്ടുകൊടുത്ത ഭൂമികള്‍ അന്യാധീനമായിക്കഴിഞ്ഞപ്പോഴേയ്ക്കും ക്ഷേത്രങ്ങള്‍ സ്വയം നിലനില്‍പ്പിനായി കണ്ട ആചാരമായിരിക്കണം പറയെടുപ്പ്. തിടമ്പിനെ ആനപ്പുറത്ത് ഇരുത്തി ഊരുചുറ്റി ചുറ്റിച്ച്, ഭക്തര്‍ പറയില്‍ വയ്ക്കുന്ന നെല്ലും സ്വീകരിച്ച് ദൈവം തിരിച്ചെത്തുന്ന ചടങ്ങാണ്. പക്ഷേ അരയല്ലൂരില്‍ കണ്ടത് ആനയില്ല. പകരം അലങ്കരിച്ച ഒരു ടെമ്പോ വാനാണ്. അതിന്റെ നെറുകയില്‍ ഒരു ഭദ്രകാളിയുടെ ചില്ലിട്ട ഫോട്ടോ. വണ്ടി കടന്നു പോകുന്ന കടന്നുപോകുന്ന വഴികളില്‍ നിലവിളക്കും കൊളുത്തിയും തട്ടത്തില്‍ വിവിധതരത്തിലുള്ള പഴങ്ങള്‍ വച്ചും കൈ കൂപ്പി അതതു വീടുകളിലെ കുടുംബാംഗങ്ങള്‍ ഭക്തിപുരസ്സരം തൊഴുതു നില്‍പ്പുണ്ട്. ഇപ്പോള്‍ പറയില്ല. ചടങ്ങുകളൊക്കെ പഴയതാണ്. ഉത്സവകമ്മറ്റിക്കാര്‍ തട്ടത്തിന് പണം വാങ്ങി രസീതു നല്‍കി പോയാല്‍ പൂജാരി വരും, കര്‍പ്പൂരം കത്തിച്ച് ആരതി ഉഴിയും. തട്ടത്തിലിരിക്കുന്ന തേങ്ങ ഉടച്ച് അതില്‍ തിരിയിട്ട് കത്തിച്ച് ദക്ഷിണവാങ്ങി മടിയില്‍ തിരുകും. ക്ഷേത്രവിഹിതം പണമായി തന്നെ ലഭിക്കുമെന്നിരിക്കേ എന്തു പറ, എന്തു നെല്ല് ? മുന്‍പൊക്കെ പറയെടുപ്പിന് ഒരു വെളിച്ചപ്പാട് നാന്ദകം വാളും പിടിച്ച് മുന്നില്‍ നടക്കുമായിരുന്നു. ഇപ്പോള്‍ അയാളുടെ വംശം കുറ്റിയറ്റു. വെളിച്ചപ്പാടിന് അന്നും വേറേ റോളൊന്നുമില്ല. ആനയ്ക്കു മുന്‍പായി ഗമയില്‍ നടക്കുക. ആരതിയെല്ലാം ആനപ്പുറത്തിരിക്കുന്ന ദേവനോ ദേവിയ്ക്കോ ആണ്. എല്ലാം പ്രതീകാത്മകം! അരയല്ലൂരില്‍ കണ്ടത് വേറൊരു വിചിത്രമായ കാഴ്ചയാണ്. ഒന്നരരൂപയ്ക്കുള്ള താലപ്പൊലി കിരീടം വച്ച രണ്ടു ചെറിയ കുട്ടികളാണ് ഇവിടെ ദൈവതം. വേഷം ഏതാണ് കൃഷ്ണന്റേത്. ഓടക്കുഴല്‍ ഇല്ലെന്നേയുള്ളൂ. പൂജാരി കര്‍പ്പൂരം കത്തിച്ച് അവരെയാണുഴിയുന്നത്. എന്നിട്ട് കുറച്ചുപൂക്കളെടുത്ത് വിളക്കില്‍ കാണിച്ച് അവരുടെ തലയിലോട്ടിടും. നടന്നു തളര്‍ന്ന കുട്ടികള്‍ അല്പം മുന്നോട്ട് വരാന്‍ താമസിച്ചപ്പോള്‍ പൂജാരിയായി അഭിനയിക്കുന്ന മനുഷ്യന്‍ തന്നെ കുട്ടികളില്‍ ഒരാളുടെ തലയ്ക്കിട്ടു കൊടുത്തു, ഒരു കിഴുക്ക്. എന്നിട്ടുടനെ ആരതി, പൂജ !

ഇതെന്തുമാതിരി ആധ്യാത്മികതയാണെന്ന് ഞാന്‍ ഊരുചുറ്റല്‍ സംഘത്തിന്റെ കൂടെയുണ്ടായിരുന്ന അല്പം തല നരച്ച മനുഷ്യനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞത് കുട്ടികള്‍ ദൈവത്തിന്റെ പ്രതിനിധികളാണെന്നാണ്. കുത്തിയോട്ടകുട്ടികളില്‍ നിന്ന് നറുക്കിട്ട് എടുത്തതാണിവരെ. വിഗ്രഹത്തെ പൂജിക്കുന്നതിനേക്കാള്‍ നല്ലതല്ലേ ജീവനുള്ള പ്രതീകങ്ങളെ പൂവിടുന്നത് ? അരയല്ലൂരിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്. എന്നു വച്ചാല്‍ ഉഗ്രമൂര്‍ത്തിയായ ദേവി. ചെറിയ അലംഭാവത്തിനു പോലും മരണദണ്ഡനയാണ് പ്രാദേശികകഥകളില്‍ അമ്മയുടെ നീതി. അവരുടെ പ്രതിനിധിയായി ഈ പിഞ്ചുകുഞ്ഞുങ്ങള്‍ എങ്ങനെ വന്നതാണ്? ബലിയ്ക്കായി തെരെഞ്ഞെടുക്കപ്പെടുന്ന ബാലനെ/ബാലികയെ ഇങ്ങനെ സമൂഹം പൂജിച്ചിരുന്നതായി കഥയുണ്ട്. കുരുതിയ്ക്കു മുന്‍പ് ‘ഇര’ നാട്ടുകാരുടെ ബഹുമാനങ്ങള്‍ ഏറ്റുവാങ്ങുമായിരുന്നു. കാരണം ‘അത്’ അവരുടെ പ്രതിനിധിയാണ്. അതിന്റെ മിച്ചമാണോ ഈ ആരാധന എന്നു പോലും തിരിച്ചറിയാനാവാത്ത വിധം അജ്ഞരാണ് കാര്‍മ്മികരും ഭക്തജനങ്ങളും എന്നിടത്താണ് മേല്‍പ്പറഞ്ഞ ചടങ്ങിലെ അപകടം ഇരിക്കുന്നത്. യുക്തിബോധവും വിദ്യാഭ്യാസവുമൊക്കെ കൂടിയിട്ടും മലയാളിയുടെ ദൈവസങ്കല്പം നാള്‍ക്കുനാള്‍ തരം താണുകൊണ്ടിരിക്കുന്നതെങ്ങനെയാണോ എന്തോ? മുന്‍പ് നാം ഉറഞ്ഞുതുള്ളി നെറുകന്തല വെട്ടിപ്പൊളിക്കുന്ന വെളിച്ചപ്പാടന്‍മാരുടെ മുന്നില്‍ തൊഴുതു വിറച്ചു നിന്നതിന് കാരണമുണ്ട്. അയാളുടെ ചെയ്തികള്‍ അതീതലോകത്തെക്കുറിച്ചുള്ള സ്മരണകളെയാണ് ഉണര്‍ത്തി വിട്ടുകൊണ്ടിരുന്നത്. തെയ്യത്തിലും പറണേറ്റിലും മാടന്‍ തുള്ളലിലുമൊക്കെ ഇപ്പോഴും അതുണ്ട്. ദൈവം മനസ്സിന്റെ അഗാധതയിലുള്ള അതിശക്തമായ ഒരാവശ്യമാണ്. അതിനോടുള്ള ആശ്രയത്വം എത്ര ദുര്‍ബലമായ സാക്ഷ്യത്തെയും മുഖവിലയ്ക്കെടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ഇല്ലെങ്കില്‍ നിസ്സഹായമാവുന്നത് സ്വന്തം നിലനില്‍പ്പു തന്നെയാണെന്ന് മനുഷ്യനറിയാം. ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങളെല്ലാം സൂചനകള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കുന്നുണ്ട്. വര്‍ണ്ണനകള്‍ക്കും വിവരണങ്ങള്‍ക്കും അതീതമായ അജ്ഞാതലോകത്തിലേക്ക് പ്രവേശിക്കാനുള്ള കവാടങ്ങളാണ് മന്ത്രങ്ങളും മുദ്രകളും വിഗ്രഹങ്ങളും ചടങ്ങുകളും. ആ നിലയ്ക്ക് അവയെ സമഗ്രമായി സമീപിച്ചാല്‍ അതിലൊരു യുക്തിയുടെ സൌന്ദര്യമുണ്ടെന്നു കാണാം. മറ്റൊരു ലോകത്തിന്റെ നിഴലാണ് നമ്മുടെ ജീവിതത്തിലെ ഓരോ ഇലയനക്കത്തിലും വീണുകിടക്കുന്നതെന്നു വരുന്നത് എത്ര കാല്‍പ്പനികമായ ആലോചനയാണ്! അവിടെ നിന്നാണ് മൂക്കില്‍ കൈയിട്ടു നില്‍ക്കുന്ന, നടന്നു തളര്‍ന്ന രണ്ടു കുട്ടികളെ മുന്നിലേയ്ക്ക് നീക്കി നിര്‍ത്തി ആരതിയുഴിയുന്ന ഒരു കാഴ്ചയെ താരതമ്യം ചെയ്യേണ്ടത്.

ആള്‍ദൈവങ്ങളില്‍ നാം എന്തുകൊണ്ടെത്തുന്നു എന്നതിനുള്ള ന്യായീകരണങ്ങള്‍ ഇവിടങ്ങളിലുണ്ട്. ഹിന്ദുമതത്തിന്റെ പ്രത്യേകതയായി പറഞ്ഞിരുന്ന ഒരു കാര്യം അതിന്റെ പ്രാകൃതഘട്ടത്തില്‍ നിന്ന് പ്രവാചകഘട്ടത്തിലേയ്ക്ക് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതു സംക്രമിച്ചിട്ടില്ലെന്ന വസ്തുതയാണ്. പ്രാകൃതമതത്തിന്റെ പ്രത്യേകത, അതു ജീവിതവുമായി ഇഴുകിച്ചേര്‍ന്നിരിക്കും എന്നുള്ളതാണ്. അതാണ് അതിന്റെ സങ്കീര്‍ണ്ണതയും വ്യാപ്തിയും. ഉറച്ചവ്യക്തിത്വവും നിയമവ്യവസ്ഥയും അതിനുണ്ടാവില്ല. കാവുകളും കുളങ്ങളും പക്ഷിമൃഗാദികളും ചേര്‍ന്ന ഒരു ബൃഹത്തായ ആവാസവ്യവസ്ഥയെ മതം സ്വാംശീകരിച്ചിരുന്നതിന്റെ കാരണം അതാണ്. ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ വലിയ ഒരു അരയാലിനെ വെട്ടിമുറിക്കാന്‍ തീരുമാനിച്ച ക്ഷേത്രകമ്മറ്റിക്കാരെ പറഞ്ഞു മനസ്സിലാക്കാന്‍ പോയി നാണം കെട്ടു മടങ്ങിയതിനെപ്പറ്റി സുഗതകുമാരി എഴുതിയിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. ദേവപ്രശ്നം വയ്പ്പിച്ചപ്പോള്‍ അതു മുറിക്കാമെന്നു കണ്ടു എന്നാണ് ന്യായം. അത്രേയുള്ളൂ. ശബരിമലയിലെ ജയമാലാ പ്രശ്നത്തോടെ ദേവപ്രശ്നംവയ്പ്പുകളിലെ ദേശാന്തരതരികിടകള്‍ നാം കണ്ടതാണ്. എന്നിട്ടും ക്ഷേത്രങ്ങളിലെ പണക്കൊതി ‘പ്രശ്നക്കാരന്റെ’ പ്രവചനങ്ങളുടെ തണലില്‍ എന്തുമാകാമെന്ന മട്ടില്‍ കൊഴുക്കുന്നു. ഈ പ്രവാചകവഴികളിലുള്ള അമിതമായ ആസക്തിയാണ് ആള്‍ദൈവങ്ങളിലേയ്ക്ക് ഭക്തരെ വഴി നടത്തിക്കുന്നത്. വിദ്യാഭ്യാസം നമ്മുടെ സാമാന്യബോധത്തെ ഒട്ടും പോഷിപ്പിച്ചിട്ടില്ല. ക്ഷേത്ര പുനരുദ്ധാരണം എന്ന പേരില്‍ നാടു നീളെ നടക്കുന്നത് പ്രകൃതിയ്ക്ക് വിരുദ്ധമായ പ്രക്രിയകളാണ്. നടപ്പു വഴി, സിമന്റിടുക എന്നതാണ് ഒരു ‘പുനരുദ്ധാരണം.’ മറ്റൊന്ന് മരങ്ങള്‍ മുറിച്ചും കോണ്‍ക്രീറ്റ് നടപ്പന്തലുകള്‍ തീര്‍ക്കുക എന്നുള്ളതാണ്. ശ്രീകോവിലിനേക്കാള്‍ ഉയരം പാടില്ല നടപ്പന്തലുകള്‍ക്ക് എന്ന് പഴമക്കാര്‍ പറയും. പടര്‍ന്നു പന്തലിച്ചു നിന്ന ഒരു അരയാലിന്റെ ശിഖരങ്ങള്‍ ചീകി ഒരു ചെറിയ വട്ടത്തിനകത്താക്കി വികൃതമായ കോണ്‍ക്രീറ്റ് പന്തല്‍ പണിതു വച്ചിരിക്കുന്നത് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ കാണാം. ഏതു നടപ്പന്തലിനാണ്, ഒരു മരത്തിനേക്കാളേറെ തണലും ആധ്യാത്മികാനുഭൂതിയും നല്‍കാനാവുന്നത്? ഏതു സിമന്റു തറയ്ക്കാണ് മണ്ണിലെ പാദസ്പര്‍ശത്തിനു കഴിയുന്നതിനേക്കാള്‍ മനുഷ്യന്റെ മനസ്സിലെ ഈര്‍പ്പത്തെ ഉണര്‍ത്താന്‍ കഴിയുന്നത്? മന്ത്രം എന്ന വാക്കിന്റെ അര്‍ത്ഥത്തെ തന്നെ റദ്ദാക്കിക്കൊണ്ടല്ലേ കോളാമ്പിഭാഷിണികള്‍ ക്ഷേത്രങ്ങളില്‍ ഭക്തിയുടെ പേരില്‍ എന്നും ഇടതടവില്ലാതെ അലറുന്നത്. കുറച്ചുദിവസം മുന്‍പ് ഒരു വഴിക്കു പോകേ, നൂറില്‍ താഴെമാത്രം സ്ത്രീകളുടെ കൂട്ടം റോഡു തടഞ്ഞിരുന്ന് വിശ്രമിക്കുന്നതുകണ്ടു. തൊട്ടടുത്ത ക്ഷേത്രത്തിലേയ്ക്കുള്ള താലപ്പൊലി സംഘമാണ്. ഒരു സൈക്കിളിന് പോലും പോകാനാവാത്ത വിധത്തില്‍ പൊതു നിരത്തില്‍ നിറഞ്ഞിരിക്കുകയാണ് കുഞ്ഞുകുട്ടിപരാതീനങ്ങള്‍. വണ്ടിയ്ക്ക് പോകാന്‍ പാകത്തില്‍ ഒന്നൊഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ‘എന്തത്യാവശ്യം’ എന്നും പറഞ്ഞ് ആക്രോശിച്ചത് കൂട്ടത്തില്‍ പ്രായം കൂടിയ സ്ത്രീകളാണ്. ദേവിയുടെ കാര്യം കഴിഞ്ഞിട്ടേയുള്ളൂ, ഗതാഗതമത്രേ. വഴി തടഞ്ഞ് കുത്തിയിരുന്ന് നിവൃത്തിക്കാന്‍ മാത്രം പ്രാധാന്യമുള്ള ദേവീകാര്യം എന്താണ്?

സംശയമിതാണ്, മതം അപ്പോള്‍ സ്വകാര്യതയോ സാമൂഹികതയോ അധികാരപ്രയോഗമോ?

അനു:
‘നമുക്കിനി ക്ഷേത്രങ്ങള്‍ക്ക് തീകൊടുക്കാം’ എന്നു പറഞ്ഞത് വി ടി ഭട്ടതിരിപ്പാടാണ്. ബുദ്ധജയന്തിദിവസം മുതല്‍ നമുക്ക് വിനായക വിഗ്രഹങ്ങള്‍ ഉടച്ചുതുടങ്ങാം എന്നു ആഹ്വാനം ചെയ്തത് പെരിയാര്‍ ഇ വി രാമസ്വാമിയും. വെറുതെ പറയുകയല്ല വഴിക്കുള്ള വിഗ്രഹങ്ങളെ ചെരിപ്പുകൊണ്ട് അടിച്ചും കൊണ്ടാണ് വൈക്കം സത്യാഗ്രഹത്തിനു പങ്കെടുക്കാന്‍ കൂട്ടാളികളുമായി അദ്ദേഹം വന്നത്. അതൊക്കെ അന്ന്. കണ്ണമ്മൂലയില്‍ ചട്ടമ്പിസ്വാമിയുടെ റോഡരികിലുണ്ടായിരുന്ന മണ്‍പ്രതിമ പോലീസുകാരെടുത്തു കളഞ്ഞെന്നും പറഞ്ഞ് നാട്ടുകാരുണ്ടാക്കിയ പുകില്‍ ടി വിയില്‍ കണ്ടിരുന്നു കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ്. ഇപ്പോഴാ പ്രതിമ പുനഃസ്ഥാപിച്ചിട്ടുണ്ട്, പൂജയുമുണ്ട്.

സംശയമിതാണ്, അപ്പോള്‍ നമ്മുടെ ദൈവം വന്നു വന്ന് പ്രതിമയോ വിഗ്രഹമോ ആളുകളോ അതീതശക്തിയോ ...

17 comments:

രാജ് said...

‘ആദിഭാഷ’ എഴുതിയ ചട്ടമ്പി സ്വാമികൾക്കു എൻ.എസ്.എസ് കല്പിച്ചു നൽകിയ സംസ്കൃതം വിശേഷണങ്ങൾ വായിച്ചാൽ ഓക്കാനം വരും വെള്ളെഴുത്തേ. ഇപ്പോൾ പൂജയും തുടങ്ങിയല്ലേ. ഈയിടയ്ക്കു കർണ്ണാടകത്തിലെ ഒരു തുളു സുഹൃത്തിൽ നിന്നും ദക്ഷിണേന്ത്യൻ സായിബാബയുടെ നിലയിലേയ്ക്കു വളർത്തപ്പെടുന്ന ഗുരുവര്യന്റെ ചിത്രം ഇമെയിലിൽ ലഭിച്ചിരുന്നു. ദുഃഖകരമെന്നേ പറയേണ്ടുള്ളൂ നാരായണഗുരുവിന്റെ ചിത്രമായിരുന്നു അതു്.

മനുഷ്യരായി ജീവിച്ചു മനുഷ്യരെപ്പോലെ മരിച്ചവരെ ദൈവങ്ങളാക്കുന്നതിനെയാണു് അദ്ധ്യാത്മികം എന്നു എളുപ്പത്തിൽ പറയുന്നതെന്നു തോന്നുന്നു.

യാരിദ്‌|~|Yarid said...

വെള്ളെഴുത്ത് ചുമ്മാ നാട്ടുകാരുടെ ചവിട്ട് കൊണ്ട് ചാകണ്ട, അല്ലെങ്കിൽതന്നെ എന്തത്യാവശ്യമായിരുന്നു ആ സ്ത്രീകളുടെ ഇടയിലൂടെ നിങ്ങൾക്കു ധൃതി പിടിച്ച് പോയിട്ട്?

ഭക്തിയുടെ ഇടയിലേക്കു നിങ്ങളുടെ യുക്തിയും കൊണ്ട് പോയാൽ വെള്ളെഴുത്താണെന്നൊ പോസ്റ്റെഴുതി തുലച്ചു കളയുമെന്നൊ അവർ കണക്കാക്കില്ല.

സി. കെ. ബാബു said...

ദേവപ്രശ്നം വച്ചു് നോക്കിയപ്പോൾ ഈ പോസ്റ്റ്‌ വായിക്കുന്നതിൽ ദോഷമില്ല എന്നു് കണ്ടു. അതിനാൽ ഭയമില്ലാതെ വായിച്ചു. നന്ദി.

റോബി said...

വിഷയം അമ്പലം, മതം, ദൈവം ഒക്കെയല്ലേ.
തൊടാതെ തന്നെ പൊള്ളുന്ന വിഷയങ്ങൾ.

ദേവപ്രശ്നം വെക്കാതെ തന്നെ ഇവിടെ പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു...:)
ഞാനേതായാലും ഒരഭിനന്ദനമറിയിച്ചിട്ട്, ചാലും വെട്ടിയിട്ട് മാറി നില്ക്ക്കട്ടെ.

ശ്രീഹരി::Sreehari said...

ആനനോണികള്‍ ഇപ്പോള്‍ ഇങ്ങെത്തും...

ദൈവം നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് അതീതമാണെന്ന് ആണ് വിശ്വാസികള്‍ പറയുന്നത്... അതീന്ദ്രിയശക്തികള്‍ ഉള്ള ആരെയെങ്കിലും കാണുമ്പോള്‍ ചോദിക്കാം എന്നു കരുതുന്നു,.. ഇതുവരെ ആരെയും കണ്ടില്ല...

(അതില്ലാത്ത ടിംസ് പിന്നെ എങ്ങനെ ദൈവത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നു എന്ന് പിടികിട്ടിയില്ല ;) )

പാര്‍ത്ഥന്‍ said...

സി.കെ. ദേവപ്രശ്നം വെച്ച് വായിച്ചതുകൊണ്ടു രക്ഷപ്പെട്ടു. ഞാനും ഒരു പ്രശ്നക്കാരന്റെ അടുത്തു പോകട്ടെ. ശ്രീഹരി ഒരു ഹിന്റ്റ് തന്നിട്ടാ പോയത്. പോത്തിൻ കാലപ്പാ രക്ഷിക്കണേ. എന്തിനാ കാലാക്കുന്നത്. എന്റെ പോത്തേ!!!!

Anonymous said...

agree with you

അനിലന്‍ said...

സംശയമിതാണ്, അപ്പോള്‍ നമ്മുടെ ദൈവം വന്നു വന്ന് പ്രതിമയോ വിഗ്രഹമോ ആളുകളോ അതീതശക്തിയോ ...

അതീതശക്തിയോ? അതേത് ശക്തി?
ഖുശ്ബുവരെയുള്ള മനുഷ്യദൈവങ്ങളെക്കണ്ടില്ലേ?
പിന്നെ പാമ്പുമുതല്‍ ചേമ്പുവരെയുള്ള...
പ്രതിമകളുടേയും വിഗ്രഹങ്ങളുടേയും കാര്യം പറയാനുണ്ടോ!
ഉന്മേഷ് ഒരു പ്രതിമാച്ചിത്രം പോസ്റ്റ് ചെയ്തേടത്ത് കണ്ടില്ലേ ദൈവത്തിന്റെ സ്വന്തം ആള്‍ക്കാരെ?
എനിയ്ക്ക് സംശയമില്ല!

അനില്‍@ബ്ലോഗ് said...

നല്ല ലേഖനം.
ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം.

സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ദേവപ്രശ്നങ്ങള്‍ നടക്കുന്ന കാലത്ത് എന്തോന്നു പറയാന്‍.

jayesh san said...

മാഷേ...ഈ ലിങ്ക് ഒന്ന് നോക്കൂ....
http://delhi-poets.blogspot.com/2009/02/blog-post.html

അയല്‍ക്കാരന്‍ said...

ദൈവം എന്ന വാക്കിന്റെ അര്‍ത്ഥം യുക്തി എന്നാണ്. തെറ്റാത്ത യുക്തിയിലേക്ക് യാത്ര ചെയ്യുന്നവന്‍ മനുഷ്യന്‍, പിഴക്കാത്ത യുക്തിയുള്ളവന്‍ ദൈവം.

യുക്തിയിലേക്കുള്ള വഴി കാണിച്ചുതരുന്ന എന്തും - ചരമായാലും അചരമായാലും - ദൈവതുല്യം.

ആരാധന ലക്‍ഷ്യബോധം സൃഷ്ടിക്കാനുള്ള ഒരുപാധി മാത്രം. പഠനസഹായികളുടെ ഉപയോഗം എതിര്‍ക്കപ്പെടേണ്ടതില്ല.

എല്ലാവരും ഒരേ ലക്‍ഷ്യത്തിലേക്ക് പല മാര്‍ഗ്ഗങ്ങളിലൂടെ യാത്ര ചെയ്യുന്നു. കവലകളില്‍ തടസ്സങ്ങളുണ്ടാവുക സ്വാഭാവികം മാത്രം.

എല്ലാവരും യുക്തി പ്രാപിച്ചു കഴിയുമ്പോള്‍ എല്ലാ പാതകളും ഒന്നാകും, എല്ലാവര്‍ക്കും ഒരേ വേഗമാകും.

യാത്രയുടെ പുണ്യം സമര്‍പ്പണത്തിലാണ്....

Melethil said...

ബ്ലോഗ്ഗിലുള്ള ആരുടെയൊക്കെ വിഗ്രഹങ്ങള്‍ ഉണ്ടാക്കി പൂജിയ്ക്കേണ്ടി വന്നേയ്ക്കും ഭാവിയില്‍ എന്നൊരു ഓഫ് ചിന്ത :), എന്റെ നല്ല ഒരെണ്ണം ഉണ്ടാക്കി വെയ്ക്കണണ്ട് ഏതായാലും.

Rammohan Paliyath said...

“കർമ്മണാ യേന തേനൈവ മൃദുനാ ദാരുണേന ച

ഉദ്ധരീദ്ദീനമാത്മാനം സമർത്ഥോ ധർമ്മമാചരേൽ” – മഹാഭാരതം[മൃദുകർമം കൊണ്ടോ ക്രൂരകർമം കൊണ്ടോ ഏതുകൊണ്ടെന്നാൽ അതുകൊണ്ടു വല്ലായ്മപ്പെട്ട അത്മാവിനെ ഉദ്ധരിക്കണം; സമർത്ഥനായാൽ ധർമ്മമനുഷ്ഠിക്കാം – പരിഭാഷ കുട്ടിക്കൃഷ്ണ മാരാരുടേത്]

വെള്ളെഴുത്ത് said...

കര്‍മ്മണാ യേന തേനൈവ.. കുട്ടികൃഷ്ണമാരാരെന്ന് വ്യാകരണ പിശാചോടെയാണ് അദ്ദേഹം സ്വന്തം പേരെഴുതിയിരുന്നത്..അപ്പോള്‍ അങ്ങനെയും ആകാമല്ലേ? പ്രകോപനപരമായി ഇതിലൊന്നുമില്ലെന്ന് പറയാന്‍ വരികയായിരുന്നു ഞാന്‍. സാമാന്യബുദ്ധിയുള്ള ആര്‍ക്കും തിരുത്താവുന്നത്, തിരുത്തേണ്ടത്.. മറ്റൊരു കാര്യം.. ക്ഷേത്രകമ്മറ്റികളിലെല്ലാം ഇടതുവലതുഭേദമില്ലാതെ എല്ലാരാഷ്ട്രീയകക്ഷികളില്‍പ്പെടുന്നവരുമുണ്ട്..

subins said...

"മന്ത്രം എന്ന വാക്കിന്റെ അര്‍ത്ഥത്തെ തന്നെ റദ്ദാക്കിക്കൊണ്ടല്ലേ കോളാമ്പിഭാഷിണികള്‍ ക്ഷേത്രങ്ങളില്‍ ഭക്തിയുടെ പേരില്‍ എന്നും ഇടതടവില്ലാതെ അലറുന്നത്". great vellezhuthth.. Thats something need to be banned.

സിമി said...

ഇതൊക്കെ (മതത്തിന്റെ) പരിണാമത്തിലെ ഓരോരോ ഘട്ടങ്ങളായി കണക്കാക്കിയാല്‍പ്പോരേ വെള്ളെഴുത്തേ? എന്തെല്ലാം ആചാരങ്ങളും അനാചാരങ്ങളുമുണ്ടായിരുന്നു - എല്ലാ കാലത്തും. ഇത് ഇന്നത്തെ ആചാരങ്ങളും അനാചാരങ്ങളും. നാളത്തെ ഹിസ്റ്ററി ഇന്ന് ഇങ്ങനെയൊക്കെയാണ്. (പണ്ടുപണ്ട് ഒരു കോണ്‍ക്രീറ്റ് തറയില്‍ കോളാമ്പിമൈക്കുകള്‍ക്കു നടുവില്‍ വെയിലടിച്ചുനിന്ന ഒരു ദേവിയുണ്ടാരുന്നു...)

ശ്രീനാരായണഗുരുവോ ചട്ടമ്പിസ്വാമിയോ നാളെ ദൈവമായാല്‍ എന്താ കുഴപ്പം? പണ്ടത്തെ എത്ര വീരന്മാര്‍ ഇങ്ങനെ ദൈവങ്ങളായിക്കാണണം.

uMs said...

marvellous