April 1, 2009

മരിക്കയാണോ മലയാളമേ നീ...?*“...ഡയല്‍ ചെയ്ത്
റിങ്ങിന് കാതോര്‍ക്കുമ്പോള്‍
മറുപടി കിട്ടി.
ഈ ഭാഷ
ഇപ്പോള്‍ നിലവിലില്ല.”

-കാവ്യശാസ്ത്രം. പി എന്‍ ഗോപീകൃഷ്ണന്‍.

റസൂല്‍ പൂക്കുട്ടിയുമായുള്ള ഒരു അഭിമുഖം പുതിയ ലക്കം മാതൃഭൂമിയിലുമുണ്ട്. (ഏപ്രില്‍ 5-11,2009). ഐ. ഷണ്മുഖദാസാണ് ചോദ്യകര്‍ത്താവ്‍. സഞ്ചാരിയുടെ വീട്, മലമുകളില്‍ മഞ്ഞുപെയ്യുന്നു, ഗോദാര്‍ദ്ദ്- കോളയ്ക്കും മാക്സിനും നടുവില്‍, ആരാണ് ബുദ്ധനല്ലാത്തത് തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവും 2000-ല്‍ ദേശീയ പുരസ്കാരം ലഭിച്ച സിനിമാ നിരൂപകനും തൃശ്ശൂരിലെ അച്യുതമേനോന്‍ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനുമാണ് ഷണ്മുഖദാസ്. സിനിമയില്‍ ശബ്ദത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ശരാശരിമലയാളി ബോധവാനായി വരുന്നതേയുള്ളൂ. നമ്മള്‍ തീരെ വാചകമടിക്കാത്ത മേഖലയിലെ സര്‍ഗാത്മകപ്രവര്‍ത്തനത്തിന്, നമ്മുടെ ഇടയില്‍ നിന്നൊരാള്‍ ആഗോളപ്രശസ്തിയുമായി മുന്നില്‍ നില്‍ക്കുമ്പോഴുള്ള അന്ധാളിപ്പ് റസൂലിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇപ്പോഴും നമുക്കുണ്ട്. ‘വിളക്കുപാറയിലെ റസൂല്‍’ എന്നെല്ലാം തരളമായി തുടങ്ങുന്ന അഭിമുഖത്തിലെ മലയാളഗ്രാമത്തെക്കൂടി കൂട്ടിയിണക്കി സിനിമയിലെ സംഗീതത്തെക്കുറിച്ചുള്ള ആദ്യചോദ്യത്തിന്റെ മറുപടി ഇങ്ങനെ :
“ അത് Dangerous ശബ്ദങ്ങളാണ്. കാരണം, film makersനെ limit ചെയ്യുന്ന ഒരു ശബ്ദമാണ് cinemaയിലെ music എന്നു പറയുന്നത്. കാരണം, അത് directly ഒരു emotion content നെ carry ചെയ്യുന്ന ശബ്ദമാണ്. അത് ഒരു പക്ഷേ, പിന്നെ, audience നെ manipulate ചെയ്യാം. ഒരു പക്ഷേ എന്നല്ല, manipulate ചെയ്യും. manipulate ചെയ്യാനായിട്ടാണ് അത് വരുന്നത്. പക്ഷേ ഓസു പോലുള്ള film directors അതെനെ ഉപയോഗിക്കുന്ന രീതി വേറെയാണ്. ശബ്ദത്തെ എങ്ങനെ ഉപയോഗിക്കണമെന്ന നിശ്ചയദാര്‍ഢ്യമുള്ള film makers, സിനിമാക്കാര്‍, directors, sound people musicനെ വളരെ ശ്രദ്ധയോടു കൂടിയേ ഉപയോഗിക്കാറുള്ളൂ. കാര്യം, ഒരു പക്ഷേ നമ്മള്‍ mean ചെയ്യാത്ത ഒരു dramatic meaning വരും. dramatic content-ന്റെ purity ആണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ വളരെ സമചിത്തതയോടു കൂടി ഉപയോഗിക്കേണ്ട ഒരു sound content ആണ് music.”

തീര്‍ച്ചയായും റസൂലിന്റെ പ്രവര്‍ത്തനമേഖല മലയാളത്തിലൂടെ ആശയവിനിമയം മാത്രം നടത്താവുന്ന ഒന്നല്ല. സ്വാഭാവികമായും ഇംഗ്ലീഷ് തന്നെയാവും അദ്ദേഹത്തിനു സുഗമമായി തനിക്കു പറയാനുള്ളത് വിശദീകരിക്കാന്‍ കഴിയുന്ന മാധ്യമം. പക്ഷേ അദ്ദേഹം സാധാരണ സംസാരിക്കുന്ന രീതിയില്‍ പറഞ്ഞകാര്യങ്ങളെ അഭിമുഖം നടത്തിയ ഇംഗ്ലീഷ് അദ്ധ്യാപകന്‍ അതേപടി എഴുതിവച്ചത് സത്യസന്ധതയുടെ പേരിലാണെങ്കില്‍ പോലും കടന്നകൈയാണ്. ശബ്ദത്തിന്റെയും നിശ്ശബ്ദതയുടെയും പ്രാധാന്യത്തെപ്പറ്റിയാണ് റസൂലിനു പറയാനുള്ളത്. അത് വായനക്കാരിലെത്തിക്കുകയാണ് അഭിമുഖകാരന്റെ പ്രാഥമികമായ കര്‍ത്തവ്യം അല്ലാതെ റസൂല്‍ സംസാരിക്കുന്നത് ഈ വിധമാണ് എന്നറിയിക്കുകയല്ലല്ലോ. ഒരഭിമുഖത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ മതിയെന്ന് റസൂലിനെപ്പോലെ സൂക്ഷ്മമായ ബോധ്യങ്ങളുള്ള ഒരു വ്യക്തി കരുതുമെന്ന് എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിനു പറയാനുള്ളത് ഇംഗ്ലീഷില്‍ കേള്‍ക്കാന്‍ നൂറുകണക്കിന് ദേശീയവും അന്തര്‍ദേശീയവുമായ ആനുകാലികങ്ങള്‍ അദ്ദേഹത്തിനു പിന്നാലെ വേറെയുണ്ട്. അപ്പോള്‍ ഇതൊരു ഉദാസീനതയുടെ സന്തതിയാണ്. ഈ അഭിമുഖം. അഭിമുഖകാരന്‍ മാത്രമല്ല. മലയാളം ഇങ്ങനെ വെങ്കലരീതിയില്‍ മതിയെന്നു വിചാരിച്ചുകൊണ്ട് അതേപടി ഒപ്പിട്ട് അച്ചടിക്കു വിട്ട പ്രമുഖ മലയാളവാരികയുടെ പത്രാധിപസമിതിയ്ക്കുകൂടിയുണ്ട് കുറ്റം!

പൊക്കുടനെയും ജാനുവിനെയും മയിലമ്മയെയും നളിനി ജമീലയെയും കേട്ടെഴുതിയവര്‍ അവരുടെ ഭാഷയുടെ തനിമ അനുഭവിപ്പിക്കാനാണ് കേട്ടത് വള്ളിപുള്ളി വിസര്‍ഗങ്ങളോടെ പകര്‍ത്തിയത്. അതൊരു പുതുമയായിരുന്നു, വിപ്ലവവുമായിരുന്നു. കാരണം എല്ലാവരെയും പോലെ ജീവിച്ചിരുന്നെങ്കില്‍ ഒരു പൊക്കുടനോ ജാനുവോ മയിലമ്മയോ നളിനിയോ ഇല്ല. ആ അസാധാരണമായ ജീവിതവും സംസ്കാരവും തന്നെയാണ് അവരുടെ വാമൊഴിവഴക്കങ്ങളും. ആ ജീവിതങ്ങളെ പോലെ, ഇത്രനാളും നാം അകായില്‍ കടത്തിയിരുത്താത്ത മലയാളമായിരുന്നു അവരുടേത്. റസൂലിനെ നാം കേള്‍ക്കുന്നത് മറ്റൊരര്‍ത്ഥത്തിലാണ്. സാങ്കേതികതയും സര്‍ഗാത്മകതയും മേളിച്ച വഴികളെക്കുറിച്ചറിയാന്‍. അദ്ദേഹം പലപ്പോഴും ചെന്നു തൊടുന്നത് ശ്രാവ്യതയുടെ തത്ത്വശാസ്ത്രത്തിലാണ്. മലയാളിയ്ക്ക് അനുഭവസിദ്ധിയുണ്ട് എന്നാല്‍ സിദ്ധാന്തപരിചയമില്ലാത്ത ഒരു മേഖല. ചെണ്ട പോലെ നാഴികകള്‍ക്കപ്പുറം ചെന്നു മുഴങ്ങുന്ന ഒച്ചയുടെ മഹാസാഗരത്തെ കൊത്തി തായമ്പകയുടെ കരിങ്കല്‍ ശില്പങ്ങള്‍ പണിതവരല്ലേ നമ്മള്‍? ചെമ്പോത്തിന്റെ ‘ഉപ്പുപ്പെന്ന’ വിലാപത്തിനു പിന്നില്‍ കഥകള്‍ മെനഞ്ഞില്ലേ? കുയിലിന്റെ നാദത്തെയും അരുവിയുടെ കളകളത്തെയും പഞ്ചമമാക്കി സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് അവകാശമാക്കിക്കൊടുത്തില്ലേ? പിന്നെ കുറ്റിച്ചുളാന്റെ ‘കുത്തിച്ചുടു’ വിലെ മരണം. വെയില്‍പ്പക്ഷിയുടെ ‘വിത്തും കൈക്കോട്ടി’ലെ വിയര്‍പ്പ്. കുട്ടിക്കാലത്ത് കുഴിയാനകള്‍ ചിന്നം വിളിക്കുന്നതിനു അയലോടൊപ്പം ഞങ്ങള്‍ കാതോര്‍ത്തിട്ടുണ്ട്. നമുക്ക് പ്രായോഗിക പരിചയമുണ്ട്. ഇല്ലാതിരുന്നത് സിദ്ധാന്തമാണ്. ഫ്രെഞ്ചുകാര്‍ ചോദിക്കാരുണ്ടത്രേ, ‘പ്രായോഗികമായി നിങ്ങള്‍ പറഞ്ഞതു ശരിയാണ്, പക്ഷേ അതിന്റെ സിദ്ധാന്തം എവിടെ?’(ശശി തരൂര്‍, ‘ബാഗ്‌ദാദിലെ പുസ്തകതെരുവുകളില്‍’)

സത്യത്തില്‍ ഏതുഭാഷയിലെയും മുത്തശ്ശിആനുകാലികങ്ങളുടെ മുഖ്യമുഖഭാവം ഭാഷാപരമായി അവ കൈയാളുന്ന ശുദ്ധികളാണ്. ടെലിവിഷനില്‍ കൊഞ്ചുന്ന മലയാളത്തെ നോക്കി നാം കണ്‍നുരുട്ടിയത് ഇങ്ങേപ്പുറത്ത് ചാരുകസേലയില്‍ കാലുനീട്ടിയിരിക്കുന്ന പാരമ്പര്യമാധ്യമങ്ങളിലെ മാനകരൂപങ്ങളെ നോക്കിയാണ്. എന്നാല്‍ അപ്പൂപ്പന്‍ തന്നെ വിരലുകുടിച്ചു തുടങ്ങിയാലോ? ഇനിയത്തെ മലയാളം ഇങ്ങനെയൊക്കെ മതിയെന്ന് എഴുത്തുകാരും ആനുകാലികങ്ങളിലെ പത്രാധിപസമിതിയും തുടങ്ങുന്നത് നമ്മുടെ സാമൂഹികസാഹചര്യങ്ങള്‍ അതിനനുസൃതമായതുകൊണ്ടാണെന്ന് ഉറപ്പ്. നാള്‍ക്കുനാള്‍ അതു കൂടുതല്‍ ചീത്തയായിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ഉത്കണ്ഠപ്പെടാനല്ലേ കഴിയൂ. എന്നു പറയുമ്പോള്‍ കിംഗ് ഇംഗ്ലീഷുപോലെ കേന്ദ്രീകൃതമായ ഒരു മാനകഭാഷയാണ് സര്‍വത്രപ്രചരിക്കേണ്ടതെന്നും അടിച്ചും നുള്ളിയും അതു മാത്രം പറയാന്‍ ശീലിക്കണമെന്നും ആര്‍ക്കുകയല്ല. ഭാഷയോട് കൂറു കുറഞ്ഞു. എന്നല്ല ഭാഷപഠിക്കാതെ വളര്‍ന്നു വന്ന ഒരു തലമുറ ഭാഷാനയങ്ങള്‍ രൂപപ്പെടുത്താനും തുടങ്ങിയിരിക്കുന്നു. സാമൂഹികസാഹചര്യങ്ങളില്‍ നിന്ന് കുട്ടികള്‍ സ്വയം പഠിക്കേണ്ട ഒന്നാണ് ഭാഷ എന്ന് പുതിയ പാഠ്യപദ്ധതിയിലെ ഭാഷാസമീപനവും വ്യക്തമാക്കുന്നു. തെറ്റുകള്‍ തിരുത്തിയും ഇങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്നും പറഞ്ഞുറപ്പിച്ചുകൊണ്ടുള്ള പാരമ്പര്യ ഭാഷാപഠനം തെറ്റാണെന്ന് ചോംസ്കിയുടെ സാര്‍വലൌകിക വ്യാകരണത്തിന്റെ ചില വശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ശക്തിയായി വാദിക്കുന്ന ഭാഷാപാഠപുസ്തകങ്ങളാണ് ഇപ്പോള്‍ നമുക്കു മുന്നിലുള്ളത്. (പാരമ്പര്യവ്യാകരണമാണ് ശരിയെന്ന ഒരഭിപ്രായവും എനിക്കില്ല എന്നാല്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ചോംസ്കിയന്‍ വ്യാകരണത്തെക്കുറിച്ച് സംശയങ്ങളുണ്ട് താനും.) കെ സി എഫ് -2007ന്റെ ചുവടുപിടിച്ച് ഭാഷാപാഠപുസ്തകങ്ങളും ‘പ്രശ്ന’ങ്ങളില്‍ അധിഷ്ഠിതമാവുമ്പോള്‍ കാര്യങ്ങള്‍ ഇനിയും കുഴയും. ഭാഷയ്ക്ക്, പ്രത്യേകിച്ച് മലയാളത്തിന് അങ്ങനെ പ്രാധാന്യമൊന്നും കൊടുക്കേണ്ടതില്ലെന്നാണ് (നിര്‍ബന്ധിതമാക്കുന്ന തൊഴില്‍ പഠനത്തിന്റെ അത്രപോലും! ഇംഗ്ലീഷിന്റെ അത്രപോലും!) പാഠ്യപദ്ധതിച്ചട്ടക്കൂടുകള്‍ തീര്‍ത്തവരുടെ പൊതു നിലപാട്. ജില്ലകളില്‍ പഠനം നടത്തിയ ഫോക്കസ് ഗ്രൂപ്പുകള്‍ മുന്നോട്ടു വച്ച പല നിര്‍ദ്ദേശങ്ങളും (ബോധനമാദ്ധ്യമം മലയാളം തന്നെ ആയിരിക്കണമെന്നതുള്‍പ്പടെ, ഒരു താരതമ്യവുമില്ലാതെ മറ്റുഭാഷകള്‍ മലയാളം കളഞ്ഞും പഠിക്കാന്‍ അവസരം നല്‍കുന്നതെന്തിനെന്ന ചോദ്യമുള്‍പ്പടെ) കെ സി എഫില്‍ (കേരളാ പാഠ്യപദ്ധതിച്ചട്ടക്കൂട്) കാണാനില്ലെന്ന് തിരുവനന്തപുരത്തു അടുത്തയിട നടന്ന ‘ നാഷണല്‍ കണ്‍സള്‍ട്ടേറ്റീവ് വര്‍ക്ക്ഷോപ്പ് ഫോര്‍ ഹയര്‍ സെക്കണ്ടറി സിലബസ് ബെയിസ്‌ഡ് ഓണ്‍ കെ സി എഫ് 2007’-ല്‍ പ്രതിനിധികളായി വന്നവരില്‍ ചിലര്‍ ആരോപണമുയര്‍ത്തിയിരുന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് ഇംഗ്ലീഷ് ഒന്നാം ക്ലാസുമുതല്‍ തുടങ്ങണം എന്ന വ്യത്യാസം ഇപ്പോഴുണ്ട്. എങ്കില്‍ പിന്നെ എന്തിനാണ് മലയാളം എന്നു ചിന്തിച്ചാല്‍ പെട്ടെന്നൊരു ഉത്തരം ആര്‍ക്കുമില്ല ( പി പവിത്രനെപ്പോലെ ഒന്നോ രണ്ടോ പേര്‍ക്കൊഴിച്ച്. അവര്‍ക്ക് ഭാഷ ആശയവിനിമയത്തിനു മാത്രമുള്ള ഒരു ഉപകരണമല്ല!) ഒന്നാം ക്ലാസുമുതല്‍ പഠിക്കുന്ന ഒരു ഭാഷയാണ് ഉപരിപഠനത്തിനും ആശയവിനിമയത്തിനും സാമൂഹികപദവിക്കും ഉപകരിക്കുക എന്നു വന്നാല്‍ പ്രയോഗമാത്രവാദിയായ മലയാളിക്ക് മലയാളം വെറും ‘നൊസ്റ്റാള്‍ജിയ’ മാത്രമാവും! (അതു മാത്രമാണ് അതിന്റെ പ്രയോജനം) അസ്തമയത്തിനു ശേഷം ആ വെളിച്ചവും നിലയ്ക്കും.

മലയാളം ചോദ്യപ്പേപ്പറുകള്‍ ഇപ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വ്യാപകമാണ് തെറ്റുകള്‍. അക്ഷരത്തെറ്റിനോടൊപ്പം വാക്യവും ചിഹ്നങ്ങളുമൊക്കെ തെറ്റ്. ആശയം തന്നെ വ്യക്തമല്ല. ഔദ്യോഗികമായി സര്‍ക്കാര്‍ ഏജന്‍സികള്‍ തയാറാക്കുന്ന പഠനറിപ്പോര്‍ട്ടുകള്‍ നോക്കുക. മുഴുവന്‍ തെറ്റ്. മലയാളത്തില്‍ ഏതു ഭോഷത്തം എഴുതി വച്ചാലും ആര്‍ക്കും ഒരു ചളിപ്പും തോന്നേണ്ട കാര്യമില്ലാത്തത്, അതിനു സ്വയമേവ നാം ഗൌരവം നല്‍കാത്തതുകൊണ്ടാണ്. മലയാളമെന്നത് മലയാള അധ്യാപകരുടെ മാത്രം ഗൃഹാതുരമേഖലയാണെന്ന പുച്ഛച്ചിരിയുണ്ട് മലയാളിക്ക്. മറ്റുഭാഷകള്‍ക്കാണോ, മലയാളത്തിനും ആ ഭാഷയ്ക്ക് രൂപം നല്‍കിയ സംസ്കാരത്തിന്റെ പഠനത്തിനും വേണ്ടി ഒരു പ്രചാരസഭ അത്യാവശ്യല്ലേ എന്നു പലപ്പോഴും തോന്നാറുണ്ട്, പൊതുവിദ്യാഭ്യാസത്തിന്റെ ആസൂത്രണം പോകുന്നത് ഈ നിലയ്ക്കാണെങ്കില്‍ പ്രത്യേകിച്ചും. കൂട്ടത്തില്‍ പറയട്ടേ, നേരത്തെ പറഞ്ഞ ശില്പശാലയില്‍ പഠനമൊഡ്യൂളുകളെക്കുറിച്ച് ചിന്തിക്കാന്‍ തരം തിരിച്ച സെഷനുകളില്‍ ഒന്ന് സംസ്കാരപഠനമാണ്. അദ്ഭുതം തോന്നും, അതില്‍ ചരിത്രവിഷയങ്ങള്‍ മാത്രമേ ഉള്ളൂ. കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്ന വിദ്യാഭ്യാസപദ്ധതിയില്‍ സംസ്കാരത്തിന്റെ കള്ളിയില്‍ നിന്ന് മലയാളം ഒഴിവാക്കുകയും ഇന്ത്യന്‍ ഭാഷകളുടെ കള്ളിയില്‍ ഒന്നായി ഒതുങ്ങി ഇരിക്കത്തക്ക രീതിയില്‍ സെഷനുകളെ ആസൂത്രണം ചെയ്യുകയും ചെയ്തവരുടെ മഹാമസ്തിഷ്കമാണ് പാഠ്യപദ്ധതിച്ചട്ടക്കൂടിന് പിന്നിലുള്ളതു് എന്നു മാത്രം ഓര്‍ത്താല്‍ മതി. ‘കമ്മ്യുണിക്കേഷനും സെന്‍സിബിലിറ്റിയും‍’ എല്ലാവര്‍ക്കും മനസ്സിലാവുകയും ‘ആശയവിനിമയത്തിനും സംവേദനക്ഷമതയ്ക്കും’ മനസ്സിലാവാത്ത ഭാഷയാവുകയും ചെയ്യുന്നത് നാം, ഭാഷാസമൂഹമെന്ന നിലയില്‍, മുരടിച്ചുപോയതിന്റെ ലക്ഷണം കൂടിയാണ്. ആ മുരടിപ്പിന് ആക്കം കൂടുന്നതരത്തില്‍ ഇന്ധനങ്ങള്‍ കത്തുന്നുണ്ട്. അപ്പോള്‍ നമ്മുടെ വാരികകള്‍ ഈ കാലത്തിന്റെ കൂടെ നടക്കുകയാണ്. സാമൂഹിക സാഹചര്യങ്ങളാണ് ഭാഷയെ നിശ്ചയിക്കുന്നത് എന്നു സിദ്ധാന്തമുണ്ട് കൂട്ടിന്. സാമൂഹികമായി നിലവിലുള്ള ഭാഷ അച്ചടിയിലും വരും!

അനു :
റസൂലിന്റെ അഭിമുഖത്തിനുള്ളില്‍ ദിലീപ് രാജ് നടത്തിയ മറ്റൊരഭിമുഖം ബോക്സായി നല്‍കിയിട്ടുണ്ട്, മാതൃഭൂമിയില്‍. ചോദ്യം ശബ്ദസംബന്ധിയായ നൊസ്റ്റാള്‍ജിയയെക്കുറിച്ചാണ്. ഉത്തരം ഇങ്ങനെ : “ഞാന്‍ ഈ മേഖലയില്‍ വന്നത് പെട്ടെന്നുള്ള ഭാവപ്പകര്‍ച്ചപോലെയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ പരീക്ഷയ്ക്ക് മൂലയ്ക്കും പുറത്തുമൊക്കെയിരുന്ന് വായിച്ച് ചോദ്യപ്പേപ്പര്‍ കയ്യില്‍ കിട്ടുമ്പോള്‍ പെട്ടെന്ന് വേറൊരാളാവുന്നതുപോലെ. അഞ്ചാം ക്ലാസിലായിരുന്നപ്പോള്‍ മലയാളപാഠപുസ്തകം ഉച്ചത്തില്‍ വായിക്കാന്‍ പറയുമ്പോള്‍ എനിക്കു മടിയായിരുന്നു. ഏതോ ഒരു ദിവസം പൊടുന്നനെ ആ പേടി മാറി. അധ്യാപകന്‍ അടുത്തതായി വായിക്കാന്‍ പറഞ്ഞപ്പോള്‍ ഞാനങ്ങു വായിച്ചു!”

രണ്ടും പറഞ്ഞത് ഒരാള്‍. പകര്‍ത്തിയെഴുതിയത് രണ്ടുപേര്‍! എഴുതിയെടുത്തവരുടെ ഭാഷയോടുള്ള മനോഭാവത്തിനപ്പുറം നടുക്കം തരുന്ന ഒരു വാസ്തവം ഈ വാക്കുകള്‍ക്കിടയിലുണ്ട്. ചിന്തകള്‍ ഗൃഹാതുരമാവുമ്പോള്‍ മലയാളം അതിന്റെ സ്വാഭാവികമായ വഴിയ്ക്ക് ഒഴുകുന്നു എന്നതാണത്. സാങ്കേതികമാവുമ്പോള്‍ ഭാഷ ഇംഗ്ലീഷുവാക്കുകളെ ഒട്ടിച്ചു വെക്കാനുള്ള ചിഹ്നങ്ങള്‍ മാത്രമായി ഒടുങ്ങുന്നു. മലയാളം നമ്മുടെ ഭൂതം മാത്രമാണ്. ഭാവി.......

* യൂസഫലി കേച്ചേരിയുടെ ഒരു കവിതയുടെ ശീര്‍ഷകം ഓര്‍ത്തുകൊണ്ട്
Post a Comment