March 16, 2009

കഥ എഴുതുമ്പോള്‍"ജീവിതമത്രയും ഞാന്‍ മരിച്ചു തീര്‍ക്കുകയാണ്. അവസാനനിമിഷത്തില്‍ എനിക്കു ശിഷ്ടം വരിക ജീവിതം മാത്രമാണ്.”
-ഒ.വി. വിജയന്‍ (സംവാദം എന്ന കഥയില്‍)അഞ്ചല്‍ എന്ന സ്ഥലത്ത് കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് കുളത്തില്‍ ചാടി രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ അറസ്റ്റിലായവരുടെ ചിത്രവും വിവരങ്ങളും മാര്‍ച്ച് 10 -നുള്ള പത്രങ്ങളിലുണ്ടായിരുന്നു. വിവരങ്ങളെല്ലാം പോലീസു നല്‍കിയതാണ് എന്ന് പത്രങ്ങള്‍ പ്രത്യേകം എടുത്തെഴുതിയിട്ടുണ്ട്. ലിബി എന്ന പെണ്‍കുട്ടിയെ മുന്‍പ് സ്നേഹിച്ചിരുന്ന ഷിബുവും അയാളുടെ കൂട്ടാളി സിദ്ദിക്കും പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതു വഴിയുണ്ടായ മാനസികസമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്കുള്ള കാരണം. അറസ്റ്റു ചെയ്തതായി കൊടുത്തിരിക്കുന്നത് മൂന്നുപേരുടെ ചിത്രമാണ്. അതില്‍ മേല്‍പ്പറഞ്ഞ രണ്ടുപേരെയും കൂടാതെയൊരാള്‍ ലിബിയുടെ ഇപ്പോഴത്തെ കാമുകനായ പ്രകാശാണ്. പ്രകാശ് ചെയ്ത കുറ്റം ലിബിയെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു എന്നതാണ്. മറ്റൊന്നും പത്രത്തിലില്ല. അപ്പോള്‍ 18 വയസ്സായ ഒരു പെണ്‍കുട്ടിയെ ഒരാള്‍ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെടുന്നത് ക്രിമിനല്‍ കുറ്റമാണോ? ലിബിയുടെ കൂടെ മറ്റൊരു പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തിരുന്നു. നിലവില്‍ അതിനു ഭീഷണിയുണ്ടായിരുന്നതായോ മാനസികപീഡനം അനുഭവിച്ചിരുന്നതായോ ഒന്നും വാര്‍ത്തയിലില്ല. ആത്മാര്‍ത്ഥയോടെ, കൂട്ടുകാരിക്ക് മരണത്തിനും കൂട്ടുപോയതാണ് 15 വയസ്സുള്ള ഒരു പെണ്‍കുട്ടി. ആ സ്വയം നശിപ്പിക്കലിന്റെ കാരണം മറ്റെവിടെയും തേടാനില്ലാത്തതുകൊണ്ട് സ്വാഭാവികമായും കുറ്റവാളികള്‍ രണ്ടു മരണത്തിന്റെയും ഉത്തരവാദികളാകുന്നു എന്ന മട്ടിലാണ് പോലീസ് വിശദീകരണത്തിന്റെ പോക്ക്.

അമ്പലപ്പുഴയിലെ മൂന്നു പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്കും ഇതിനും ചില സമാനതകളുണ്ട്. ഇപ്പറഞ്ഞ കാരണങ്ങളൊക്കെ അവിടെയും പ്രവര്‍ത്തിച്ചിരുന്നു. മാനഹാനിയെക്കുറിച്ചുള്ള ഭീതിയും അതില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദ്ദവും പെണ്‍കുട്ടികളെ ആത്മഹത്യയിലെത്തിച്ചു എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞു തന്ന പാഠം. മൂന്നു പെണ്‍കുട്ടികള്‍ക്കും ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ല എന്ന തീരുമാനത്തിലെത്താന്‍ തക്കവണ്ണം ഒരേ തോതായിരുന്നുവോ മാനസികസമ്മര്‍ദ്ദങ്ങള്‍ക്ക്? ഒരാള്‍ക്കുപോലും മറിച്ചെന്തുകൊണ്ട് തോന്നിയില്ല? എങ്കില്‍ അതെങ്ങനെ ഉണ്ടായി എന്നല്ലേ ആലോചിക്കേണ്ടിയിരുന്നത്? ക്യാമറയുള്ള മൊബൈല്‍ഫോണുകള്‍ സ്കൂളുകളില്‍നിരോധിക്കണമെന്ന് പെണ്‍കുട്ടികളെല്ലാം ഒരേ സ്വരത്തില്‍ ശക്തമായി ആവശ്യപ്പെട്ട ഒരു ക്ലാസിലെ കുട്ടികളോട് സംസാരിക്കവേ അവര്‍ പറഞ്ഞത് തങ്ങളുടെ അശ്ലീലചിത്രങ്ങള്‍ ആണ്‍കുട്ടികള്‍ പരസ്യപ്പെടുത്തും എന്നാണ്. എന്നാല്‍ എവിടെ പരസ്യപ്പെടുത്തും എന്നവര്‍ക്കറിയില്ല. ഒരു പക്ഷേ ഇന്റെര്‍നെറ്റ് ഗ്രൂപ്പുകളിലോ മറ്റോ വന്നാല്‍ തന്നെ അത്രയ്ക്ക് മാനഹാനി സംഭവിച്ചുപോകുന്നതരത്തില്‍ വൃത്തികേടാണോ അവര്‍ പോലും അറിയാതെ ചിത്രീകരിച്ച അവരുടെ ശരീരഭാഗങ്ങള്‍ എന്ന ചോദ്യത്തിന് ഉത്തരമില്ല. ശരീരം അശ്ലീലമാണോ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇനി ആരെങ്കിലും അശ്ലീലചിത്രം കൈയിലുണ്ടെന്ന് വീരവാദം പറഞ്ഞാല്‍ തന്നെ അവനെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് ഒറ്റപ്പെടുത്തേണ്ടതെങ്ങനെ എന്നവര്‍ക്ക് അറിയില്ല. അതിനുള്ള ആത്മവിശ്വാസം അവര്‍ക്കില്ല.

എന്തുകൊണ്ട്? പെണ്‍കുട്ടികളുടെ ചിന്താശേഷിയെ മുഴുവന്‍ പിടിച്ചു വാങ്ങിയിട്ട് അവര്‍ക്കുവേണ്ടി നമ്മള്‍ ചിന്തിക്കുന്ന മട്ടിലാണ് കാര്യങ്ങള്‍ പോകുന്നത്. തങ്ങളുടെ നനഞ്ഞൊട്ടിയ ശരീരങ്ങള്‍, സഹപാഠികളായ ആണുങ്ങള്‍ കാണുമല്ലോ എന്നോര്‍ത്ത് കടലില്‍ കുളിക്കുന്നതിന്റെ രസം ഉപേക്ഷിച്ച് വിഷമത്തോടേ മാറി നില്‍ക്കുന്ന പെണ്‍കുട്ടികളെക്കുറിച്ച് വിനയ ആത്മകഥയില്‍ എഴുതിയിരുന്നതോര്‍ക്കുന്നു. തന്റെ ശരീരം മറ്റുള്ളവര്‍ കാണുമെന്നുള്ള അമിതമായ വേവലാതിയെ ആവുന്നവിധത്തിലൊക്കെ പ്രോത്സാഹിപ്പിച്ച്, അത് അവസാനം ആത്മനാശകമായി, കൌമാരപ്രായക്കാരെ കൊന്നൊടുക്കി തുടങ്ങിയിട്ടും നമ്മളിപ്പോഴും മോബൈല്‍ ഫോണ്‍ നിരോധനം പോലുള്ള തൊലിപ്പുറത്തുള്ള അച്ചുകുത്തലും നിയമനിര്‍മ്മാണവുമായി തിന്തിന്നം കളിക്കുകയാണ്. ശരീരം മറ്റുള്ളവര്‍ കണ്ടു പോയാല്‍ മരണമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ലെന്ന പാഠം തന്നെയല്ലേ നമ്മുടെ ആനുകാലികങ്ങളിലെ തുടരനുകളും ഒരര്‍ത്ഥത്തില്‍ ഓതിക്കൊടുക്കുന്നത്? ‘പെണ്‍കുട്ടികള്‍ പറയുന്നത്’ എന്ന പേരില്‍ മാതൃഭൂമി പത്രത്തില്‍ സിസി ജേക്കബ് എഴുതിയ തുടരന്‍ ഫീച്ചര്‍ ഇങ്ങനെ ഇങ്ങനെ കേരളത്തിലങ്ങോളമിങ്ങോളമുള്ള പെണ്‍കുട്ടികളുടെ പുറത്തു പറയാന്‍ വയ്യാത്ത നടുക്കുന്ന കഥകള്‍ കൊണ്ട് സമ്പന്നമാണ്. (ഏതാണ്ടിതേ സമയത്തു തന്നെ ‘കന്യക’യിലും കൌമാരപ്രായക്കാര്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ അക്കമിട്ട് നിരത്തിയ ലേഖനം വന്നു.) ഫീച്ചറിന്റെ സ്വഭാവത്തിനനുസരിച്ച് ഇടയ്ക്കിടയ്ക്ക് സ്വന്തം കക്ഷികളുടെ കഥകളുമായി സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. അനുഭവസാക്ഷ്യം ഉള്ളസ്ഥിതിയ്ക്ക് സംഭവങ്ങളെല്ലാം വാസ്തവമല്ലെന്ന് ആരും പറയില്ല. പക്ഷേ ഒന്നുണ്ട്. മനസ്സുമായി ബന്ധപ്പെടുന്ന മനോരോഗ വിദഗ്ദ്ധര്‍ക്ക് പറയാന്‍ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ കഥയാണുണ്ടാവുക എന്ന വാസ്തവം നമ്മുടെ സാമാന്യബോധം കണക്കിലെടുക്കാതെ പോകുന്നു എന്നൊരു പ്രശ്നമുണ്ട്. ശുചീകരണപ്രവൃത്തിയുമായി ബന്ധപ്പെട്ടവര്‍ക്ക് നഗരത്തിലെ മാലിന്യത്തിന്റെ തോത് വര്‍ദ്ധിച്ചതിനെപ്പറ്റിയാവും പറയാനുണ്ടാവുക. ചുമട്ടു തൊഴിലാളികള്‍ക്ക് വിവിധതരത്തിലുള്ള ചുമടുകളുടെ ഭാരത്തെപ്പറ്റിയും. ആ അഭിപ്രായങ്ങള്‍ മാത്രം വച്ച് കേരളത്തില്‍ മാലിന്യം മാത്രമേ ഉള്ളൂ എന്നും ചുമടുകളുടെ ഭാരം വര്‍ദ്ധിക്കുന്നു എന്നും എഴുതിവിടുന്നതുപോലെ അസംബന്ധം ഉണ്ട് മനോരോഗകഥകളുടെ പെരുപ്പത്തിനും. പൊതുവേ മനോരോഗവിദഗ്ദ്ധര്‍ ഒരേ കഥകള്‍ പ്രത്യേക ലക്ഷ്യത്തെ മുന്‍ നിര്‍ത്തി ആവര്‍ത്തിക്കാറുണ്ട്. രഹസ്യസ്വഭാവം നിലനിര്‍ത്തുന്നതിനു വേണ്ടി, പേരോ സ്ഥലമോ പറയേണ്ടതില്ലാത്തതിനാല്‍ ഒരു കഥയ്ക്കു തന്നെ പല പതിപ്പുകള്‍ ഉണ്ടാവും. മനശ്ശാസ്ത്രജ്ഞര്‍ ഊന്നല്‍ നല്‍കുന്ന ഘടകത്തെ പാടെ ഒഴിവാക്കിയാണ് ഫീച്ചറെഴുത്തുകാര്‍ അതിനെ കഥയാക്കുന്നത്.

സത്യത്തില്‍ ഫീച്ചറുകളും പ്രചാരം നേടുന്ന കഥകളും പ്രത്യേക മാനത്തോടെ ബോധപൂര്‍വം തയ്യാറാക്കുന്ന വാര്‍ത്തകളും മറ്റും മറ്റും ചേര്‍ന്ന് ചൂഷണം ചെയ്യുന്നത് കേരളത്തിന്റെ മധ്യവര്‍ഗത്തിന്റെ സദാചാര തത്പരതയെയല്ലേ എന്നൊരു സംശയമുണ്ട്. നമ്മുടെ കുട്ടികളുടെ ലൈംഗികമായ താത്പര്യങ്ങളെക്കുറിച്ച്, ഉണര്‍വിനെക്കുറിച്ച് ആശ്ചര്യകരമായ അജ്ഞതയാണ് ഇവയുടെ മുഖമുദ്ര. പ്രായപൂര്‍ത്തിയോടമുബന്ധിച്ച് എതിര്‍ലിംഗത്തില്‍പ്പെടുന്നവരോടു സ്വാഭാവികമായ താത്പര്യം ഉണ്ടാവും എന്നും അതിന്റെ സ്വാഭാവികമായ പരിണതിയാണ് പ്രണയവും ശാരീരികബന്ധവും എന്ന തിരിച്ചറിവില്ലാതെ വരുമ്പോഴുള്ള മാനസിക സംഘര്‍ഷമാണ് കുട്ടികളെ ആത്മഹത്യയിലെത്തിക്കുന്നത്. മുതിര്‍ന്നവരെ ഞരമ്പുരോഗികളുമാക്കുന്നത്. പ്രണയമോ ഭീഷണിയോ അല്ല നമ്മുടെ പെണ്‍കുട്ടികളെ കുഴപ്പത്തിലാക്കുന്നത്, സമൂഹത്തിന്റെ അമിത സംരക്ഷണപ്രവണതയാണ്. ജനിച്ചത് പെണ്‍കുട്ടിയാണെങ്കില്‍ അമ്മമാരെല്ലാം സ്വാഭാവികമായി ചെന്നു പെടുന്ന പ്രത്യേക മാനസികാവസ്ഥയാണിത്. സാമൂഹിക മനശ്ശാസ്ത്രത്തിന്റെ ഭാഗം എന്ന നിലയ്ക്ക്, അതിന്റെ വിവിധഘട്ടങ്ങള്‍ പ്രത്യേകം പഠിക്കേണ്ടതാണെന്നു തോന്നുന്നു. (ഒന്നിനും കൊള്ളാത്ത ചില അദ്ധ്യാപികമാര്‍ കെട്ടിയാടുന്ന എറ്റവും മനോഹരമായ നാട്യങ്ങളിലൊന്ന് അമ്മ വേഷമാണ്) പെണ്‍കുട്ടിയാണെങ്കില്‍ അത് സംരക്ഷിക്കപ്പെടേണ്ട എന്തോ ആണെന്ന ചിന്ത രൂഢമൂലമാണ് സമൂഹത്തില്‍. സംരക്ഷിക്കാന്‍ സമൂഹം എത്രത്തോളം വെമ്പുമോ അത്രത്തോളം പെണ്‍കുട്ടികള്‍ നിശ്ശബ്ദരും നിഷ്ക്രിയരും ആയിത്തീരും. വിവാഹം കഴിയുന്ന രാത്രിയില്‍ പൊടുന്നനെ പെണ്‍കുട്ടിയില്‍ ഉടലെടുക്കുന്ന ഒന്നല്ല ലൈംഗികമായ ഉണര്‍ച്ചകള്‍. പക്ഷേ അവള്‍ക്കത് വിവാഹത്തിനു മുന്‍പ് - ചിലപ്പോള്‍ വിവാഹം കഴിഞ്ഞു പോലും- പുറത്തെടുക്കാന്‍ സാദ്ധ്യമല്ല. പ്രണയം കുറ്റകരമാവുന്ന ഒരവസ്ഥ അങ്ങനെ ഉണ്ടാവുന്നതാണ്. പ്രണയിക്കുന്ന ഒരു പെണ്ണിനും ഇന്ന് (കേരളീയ) സമൂഹത്തില്‍ മാന്യതയില്ല. (ഭര്‍ത്താവിനു കിട്ടുന്ന ജോലിയെ ആശ്രയിച്ചാണ് പ്രണയവിവാഹങ്ങളുടെ ജയപരാജയങ്ങള്‍ സമൂഹദൃഷ്ടിയില്‍. പൂര്‍ണ്ണമായും പ്രയോജനപരതയില്‍ അധിഷ്ഠിതം‍) ഉഭയസമ്മതത്തോടെ നടത്തുന്ന ലൈംഗികബന്ധങ്ങള്‍ പോലും പീഡനമായി തീരുന്ന അവസ്ഥ ഇന്നു കേരളത്തിലുണ്ട്. ഇത് പരോക്ഷമായി സ്ത്രീകളെ വസ്തുവത്കരിക്കുന്നതിന്റെ ഭാഗമാണ്. അവള്‍ കൂടി പങ്കാളിയായ തീര്‍ത്തും സന്തോഷകരമാവേണ്ട ഒരു മുഹൂര്‍ത്തത്തെയാണ് സമൂഹവും മാധ്യമങ്ങളും പോലീസ് തുടങ്ങിയ പിതൃരൂപങ്ങളും ചേര്‍ന്ന് കടന്നുകയറ്റവും അതു വഴി കുറ്റകൃത്യവുമാക്കുന്നത്. അതിലെ സ്ത്രീ വിരുദ്ധത അധികം ആരും ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു. പെണ്ണ് തന്റെ ലൈംഗിക താത്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും തുറന്നു പറയുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലം വരെ പിടിച്ചടക്കാനും പങ്കുവയ്ക്കാനും കിട്ടുന്ന അവസരം മുതലാക്കാനും ഉപയോഗിച്ചിട്ട് വലിച്ചെറിയാനും ശ്രമിക്കുകയും ചെയ്യുന്ന ‘ആണത്ത’ത്തിന്റെ വിധ്വംസകമായ രീതികള്‍ക്ക് മാറ്റം വരില്ലെന്നത് സ്വാഭാവികമായ കാര്യമല്ലേ?

സമൂഹത്തെ ശിക്ഷണാധികാരിയായ ഭര്‍ത്താവായാണ്, ശാരദക്കുട്ടി ഒരു ലേഖനത്തില്‍ നിരീക്ഷിച്ചത്. എന്നാല്‍ പെണ്‍കുട്ടികളുടെ കാര്യത്തില്‍ സമൂഹത്തിന് നേരത്തെ പറഞ്ഞ അമ്മയുടെ രൂപകമാണ് കൂടുതല്‍ ഇണങ്ങുന്നത്. അമ്മയുടെ മുന്നില്‍ നല്ലകുട്ടിയായിരിക്കാനുള്ള ശ്രമം തന്റേതല്ലാത്ത കാരണത്താല്‍ പാളുമ്പോഴാണ് ആത്മഹത്യ അഭയസ്ഥാനമായി കുട്ടിയ്ക്ക് തോന്നുന്നത്. നല്ല കുട്ടിയായിരിക്കുക എന്നതിനര്‍ത്ഥം ലൈംഗികതാത്പര്യങ്ങള്‍ സ്വപ്നത്തില്‍ പോലും ഇല്ലാതിരിക്കുക എന്നാണര്‍ത്ഥം. തുണിയഴിഞ്ഞ നിലയില്‍ തന്നെ കാണുക എന്നതിന് ലൈംഗികമായ സന്നദ്ധതയോടേ കാണുക എന്ന അര്‍ത്ഥമുണ്ട്. അതുകൊണ്ടാണ് ആണുങ്ങളുടെ പ്രധാനഭീഷണി നഗ്നചിത്രം പരസ്യപ്പെടുത്തുമെന്നാവുന്നതും അതു സഹിക്കാന്‍ വയ്യാതെ പെണ്‍കുട്ടികള്‍ ആത്മഹത്യയില്‍ ചെന്നെത്തുന്നതും. സ്വന്തം മനസ്സിന്റെയും ശരീരത്തിന്റെയും ചോദനകളെ സത്യസന്ധമായി തിരിച്ചറിയാനുള്ള വിവേകമാണ് കുട്ടിയില്‍ നിറയേണ്ടത്. പകരം നിറയുന്നത് കുറ്റബോധവും അവഹേളനപരമായ അധമബോധവുമാണ്. പെണ്‍കുട്ടികളുടെ കൂട്ടത്തോടെയുള്ള ആത്മഹത്യകളെ ‘പീഡനത്തിന്റെ ഇര’ എന്ന നിലയ്ക്കു മാത്രം പരിശോധിച്ച് വിധിയെഴുതുമ്പോള്‍ കാണാതെ പോകുന്ന വാസ്തവമാണിത്.

ഈ പോസ്റ്റ് :
എന്നെ ആണ്‍കുട്ടികളെല്ലാം ഒരു മാതിരി നോക്കുന്നത് ഞാന്‍ ചീത്തക്കുട്ടിയായതു കൊണ്ടല്ലേ ‍ എന്ന് നിറഞ്ഞ കണ്ണുകളോടെയും അങ്ങേയറ്റത്തെ നിഷ്കളങ്കതയോടെയും ചോദിച്ച അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയ്ക്ക്.
Post a Comment