October 6, 2008

വാക്കിന്റെ കൂടും കുടുക്കയുംവളരെ ഗൌരവത്തില്‍ നിഘണ്ടു വായിച്ചുകൊണ്ടിരിക്കുന്ന ഒരാളിനെ കണ്ടാല്‍ അയാളുടെ തലയിലെ വിജാഗിരി ഇളകിയതാണോ തുരുമ്പു പിടിച്ചതാണോ എന്നാലോചിച്ചായിരിക്കും നമ്മുടെ അടുത്ത കുഴമാന്തം. വല്ലപ്പോഴുമൊന്നു മറിച്ചുനോക്കണമെന്നല്ലാതെ ഇതിലൊക്കെ മണിക്കൂറുകളോളം ഇരുന്നു വായിക്കാന്‍ എന്തിരിക്കുന്നു എന്നാണ് സാമാന്യജനത്തിന്റെ യുക്തിചിന്ത. ലോകപ്രസിദ്ധമലയാളി സാഹിത്യകാരന്‍ മാര്‍ക്വേസ് (എന്‍ എസ് മാധവന്റെ പ്രയോഗം) രണ്ടു നിഘണ്ടുക്കളെങ്കിലും സ്ഥിരമായി മറിച്ചു നോക്കുമായിരുന്നത്രേ. ഒറ്റക്കണ്ണനും കാളയെപ്പോലെ കരുത്തനും സ്ത്രീകള്‍ ഏറ്റവും വലിയ ദൌര്‍ബല്യമായിരുന്നതുകൊണ്ട് കണക്കില്‍പ്പെടാത്ത ഒരുപാട് മക്കളുടെ അവകാശിയുമായിരുന്ന കേണല്‍ മാര്‍ക്വേസിനെ (നമുക്കറിയാവുന്ന മാര്‍ക്വേസിന്റെ അപ്പൂപ്പന്‍) ചോദ്യങ്ങളുമായി കുട്ടി മാര്‍ക്വേസ് (അമ്മ ഉപേക്ഷിച്ചുപോയതിനാല്‍ അപ്പൂ‍പ്പന്റെ അടുത്തായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം) ശല്യപ്പെടുത്തുമ്പോള്‍ അദ്ദേഹം പറയും :
“നിഘണ്ടു എന്തു പറയുന്നുവെന്നു നമുക്ക് നോക്കാം.” പൊടിപിടിച്ച ആ പഴയ പുസ്തകം അറിവിന്റെ ഭണ്ഡാഗാരമാണെന്ന് താന്‍ അങ്ങനെ അറിഞ്ഞു എന്നാണ് ഭ്രാന്തന്‍ ഭാവനകളുടെ ആഭിചാരക്കാരന്‍ പിന്നീട് എഴുതിയത്. വാക്കുകളുടെ കൂടന്വേഷിച്ച് തീര്‍ത്ഥാടനം നടത്താനുള്ള വഴിത്താര ആരക്കാറ്റക്കയിലെ ആ വലിയ വീട്ടിലെ ബാല്യകാലം കാട്ടിക്കൊടുത്തതെങ്ങനെ എന്നാണ് മാര്‍ക്വേസ് പറഞ്ഞത്. നെരൂദയ്ക്കും നിഘണ്ടുകള്‍ പ്രിയതരമായിരുന്നു എന്ന് വായിച്ചതോര്‍ക്കുന്നു. നിഘണ്ടുക്കളുടെ താളുകളില്‍ ഇടയ്ക്കിടെ മുഴുകിപ്പോകുന്ന മറ്റൊരാള്‍, ജീവിച്ചിരുന്ന വ്യക്തിയേക്കാള്‍ കടുത്ത വാസ്തവമായ ഷെര്‍ലോക് ഹോംസാണ്. അപ്പോള്‍ ഡോയലിന് നിഘണ്ടുക്കള്‍ എന്താണെന്ന് അറിയാമായിരുന്നു. മിലന്‍ കുന്ദേര, ഒരിക്കല്‍ തന്റെ ഒരു വിവര്‍ത്തകനെ നേരില്‍ കണ്ടപ്പോള്‍ അയാള്‍ക്ക് ചെക്കുഭാഷയില്‍ ഒരു വാക്കുപോലും അറിയില്ല എന്നറിഞ്ഞ് അന്തിച്ചുപോയി. “പിന്നെങ്ങനെയാണ് താങ്കള്‍ വാക്കുകളുടെ ശരിയര്‍ത്ഥം പിടിച്ചെടുക്കുന്നത് ?” -അദ്ദേഹം ചോദിച്ചു. “എന്റെ ഹൃദയം കൊണ്ട്” എന്നാണ് വിവര്‍ത്തകന്‍ പറഞ്ഞത്. കുന്ദേരയ്ക്ക് മൂന്നു നാലു ഭാഷകള്‍ അറിയാം. അതുകൊണ്ട് ഫ്രെഞ്ചില്‍ പരിഭാഷകന്‍ സ്വന്തം ശൈലി വച്ച് തന്റെ നോവലിനെ വേറെയെന്തോ ആക്കിയെന്നും ഇംഗ്ലീഷിലെ പ്രസാധകന്‍ വാക്യങ്ങള്‍ തന്നെ ഒഴിവാക്കിക്കളഞ്ഞെന്നും അര്‍ജന്റീനയില്‍ താന്‍ ബോധപൂര്‍വം നെയ്തെടുത്ത നീണ്ട വാക്യങ്ങള്‍ വെട്ടി ചുരുക്കി, ലഘുവാക്യങ്ങളുമായാണ് നോവല്‍ പുറത്തിറങ്ങിയതെന്നും അദ്ദേഹത്തിനു തിരിച്ചറിയാന്‍ പറ്റി. വാക്കുകളാകുന്ന ആടുകള്‍ക്ക് പിന്നാലെ ഓടുന്ന ആട്ടിടയനെപ്പോലെ സ്വന്തം കൃതികളുടെ പരിഭാഷകള്‍ക്കു പിന്നാലെ ഓടേണ്ടി വരുന്ന ഗതികേടിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ La Debat എന്ന മാസികയുടെ എഡിറ്റര്‍ പിയറി നോറയാണ് എന്നാല്‍ പിന്നെ പ്രധാന വാക്കുകളുടെ, പ്രശ്നവാക്കുകളുടെ, ഇഷ്ടമുള്ള വാക്കുകളുടെ ഒരു നിഘണ്ടു തയാറാക്കിക്കൂടേ എന്ന് കുന്ദേരയോട് ചോദിച്ചത്. വായനക്കാര്‍ക്കും സൌകര്യം. വിവര്‍ത്തകര്‍ക്കും സൌകര്യം.

‘63 വാക്കുകള്‍’ എന്ന ലേഖനം/നിഘണ്ടു അങ്ങനെ ഉണ്ടായതാണ്. ‘സൌന്ദര്യം’ എന്ന വാക്കിന് ‘നോവല്‍ കണ്ടെത്തുന്ന നിലനില്‍പ്പിന്റെ മൂലകങ്ങള്‍‘ എന്നാണ് കുന്ദേരിയന്‍ അര്‍ത്ഥം. എല്ലാത്തിന്റെയും അര്‍ത്ഥശൂന്യത വെളിവാക്കി തരുന്നതാണ് ‘കോമിക്’. ‘കള്ളപ്പേരിന്’ ഭാവനാലോകം എന്ന് കുന്ദേര അര്‍ത്ഥം നല്‍കുന്നു. അതുകൊണ്ട് മൂന്നുഗുണങ്ങളുണ്ടെന്ന് അദ്ദേഹം. 1. സ്വയം വിവരിക്കാനുള്ള (Graphomania) ആഗ്രഹം കുറയും. 2. സാഹിത്യജീവിതത്തിന്റെ പൊങ്ങച്ചം കുറയും. 3. ജീവശാസ്ത്രപരമായ വ്യാഖ്യാനങ്ങള്‍ക്ക് സാധ്യത ഇല്ലാതാവും. (അനോനികളുടെ -അനോനി മാഷ്, ആശാന്‍ ആന്റണി പലനിറത്തിലുള്ള കരടികള്‍, വര്‍മ്മമാര്‍, പലതരത്തിലുള്ള വിഷക്കായകള്‍ തുടങ്ങിയ സര്‍വ്വ ഹോള്‍ സെയില്‍ റീട്ടയില്‍ അനോനി പ്രഭൃതികളുടെയും - പ്രസക്തി വര്‍ദ്ധിപ്പിക്കുന്ന ഈ അര്‍ത്ഥവിവരണം ബ്ലോഗോസ്ഫിയര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പറ്റുമെങ്കില്‍ ഒരു കാര്‍ഡിലെഴുതി എഴുത്തുമേശയ്ക്കു മുന്നില്‍ തൂക്കേണ്ടതാകുന്നു) ഒക്ടോവിയാ പാസും ഭാര്യ മാരീ ജോയും താമസിക്കുന്ന മെക്സിക്കോ സിറ്റിയില്‍ മുന്‍പൊരിക്കല്‍ ഭൂകമ്പം ഉണ്ടായി. ഒരാഴ്ചത്തേയ്ക്ക് യാതൊരു അനക്കവുമില്ല. വാര്‍ത്ത പോലുമില്ല. കൃത്യം ഒന്‍പതാം ദിവസം രാവിലെ ഒന്നും സംഭവിക്കാത്തമട്ടില്‍ ഒരു ഫോണ്‍ കാള്‍ കുന്ദേരയ്ക്ക്, പാസിന്റെ വക.. ഇത്രയും അര്‍ത്ഥധ്വനനശക്തിയുള്ള മൌനത്തിന്റെ വാക്ക് മറ്റൊരിടത്തും കണ്ടിട്ടില്ലാത്തതുകൊണ്ട് കുന്ദേര തന്റെ ഉമ്പിടി ഡിക്ഷണറിയില്‍ നാല്‍പ്പത്തി ഒന്‍പതാമതായി എഴുതിയിട്ട വാക്ക് - ‘ഒക്ടോവിയ’.

അപ്പോള്‍ നിഘണ്ടുക്കളില്‍ വായിക്കാന്‍ ചിലതെല്ലാമുണ്ട്. 1923-ല്‍ പുറത്തിറങ്ങിയ ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയുടെ, എന്റെ കൈയിലിരിക്കുന്ന പതിപ്പില്‍ - അതു പിന്നീട് അച്ചടിച്ചതാണ് - ഒരു രസമുണ്ട്. ‘പീലി’യുടെ അര്‍ത്ഥം അതില്‍ ‘മയിലിന്റെ വാലിലെ ചിറക്’എന്നാണ്. അമ്പടാ ! അങ്ങനെയൊരു ചിറകോ? പൂങ്കുയിലിന് ‘ചിത്രശലഭം’ എന്നാണര്‍ത്ഥം. മലയാളത്തിലെ നിഘണ്ടുക്കളിലെല്ലാം അങ്ങനെയാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നതെന്ന് ‘ഭാഷാപര്യടന’ത്തില്‍ വാങ്‌മയി (ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്). ‘ആരാല്‍’ എന്ന പദത്തിന് രണ്ടര്‍ത്ഥം. 1. അകലെ 2. അടുത്ത് ഏതെടുക്കും? എള്ളോളമുള്ള ഒരു അല്പപ്രാണിയ്ക്കും മല പോലെയുള്ള ഒരു മഹാപ്രാണിയ്ക്കും ഒരു പേരാണ് ‘തുമ്പി’. എന്നു വച്ചാല്‍ വാക്കുകളിലും വായിച്ചു രസിക്കാന്‍ ചിലതെല്ലാമുണ്ടെന്ന്.

വാക്കിന്റെ രസകരമായ നാല്‍ക്കവലകളെക്കുറിച്ച് ഗുപ്തന്‍ നായര്‍ വിവരിക്കുന്ന ഒരു സംഭവമുണ്ട്, നിഘണ്ടുക്കളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകത്തില്‍. (വാഗര്‍ത്ഥവിചാരം- ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്) ന്യൂയോര്‍ക്കില്‍ കളിച്ചിരുന്ന പ്രസിദ്ധമായ സംഗീതനാടകമാണ് ‘ഓ കല്‍ക്കത്ത’. അത് നമ്മുടെ കാളീഘട്ടിനെക്കുറിച്ചു പറയുന്ന നാടകമാണ് എന്നു വിചാരിച്ചവര്‍ക്കൊക്കെ തെറ്റി. പാടേ തെറ്റി. Que- Cu- Tas എന്ന ഫ്രഞ്ചു വാക്കിന്റെ ഉച്ചാരണം ഏതാണ്ട് കല്‍ക്കത്ത പോലെയാണ്. ‍ ‘ഓ എന്തൊരു ചന്തി’ എന്നാണ് അതിന്റെ മര്യാദയ്ക്കുള്ള അര്‍ത്ഥം. വാക്കു കളിച്ച കളി നോക്കണേ ! അമേരിക്കന്‍ സാംസ്കാരികത്തിലും കടന്നു കയറുന്നോ ഇന്ത്യ എന്ന ആഹ്ലാദം വച്ച് നമ്മുടെ നാട്ടിന്‍പുറത്തുകാരാരെങ്കിലും ടിക്കറ്റെടുത്ത് അകത്തുകയറിയിരുന്നെങ്കില്‍, കയറുപിരിക്കുന്ന തൊഴിലാളികളുടെ കദനകഥയാണ് തകഴിയുടെ ‘കയര്‍’ എന്ന് ആരോ പണ്ട് പ്രസംഗിച്ചതു പോലെയാകുമായിരുന്നു സംഗതി. ‘സന്ധി’ എന്ന സുഭഗസുന്ദരമായ സംസ്കൃതവാക്ക് മലയാളത്തില്‍ പറഞ്ഞാല്‍ അര്‍ത്ഥം വേറെ ആയതുകൊണ്ട് ആളുകള്‍ ഒരുമാതിരി നോക്കും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അതും മനസ്സില്‍ വച്ച് നോക്കുമ്പോള്‍ ‘പൃഷ്ട’ എന്ന പദം ‘പൃച്ഛിക്കപ്പെട്ട അഥവാ ജലത്താല്‍ തളിക്കപ്പെട്ട‘ എന്ന അര്‍ത്ഥത്തില്‍ കിടക്കുന്നു. അതിനെ ബലപ്പെടുത്തിയതാണ് ‘പൃഷ്ഠം’ ശരീരത്തിന്റെ പിന്‍‌ഭാഗം എന്നു തന്നെയാണ് അര്‍ത്ഥം. ആ അര്‍ത്ഥം കിട്ടിയവഴിയോ ‘തലമുടിയില്‍ നിന്ന് ഇറ്റു വീഴുന്ന ജലത്താല്‍ നനയ്ക്കപ്പെടുന്നത്’ എന്നതും. നോക്കണേ ഒരു പ്രത്യേക വിഭാഗത്തിന്റെ ശരീരഭാഗത്തേയ്ക്കാണ് വാക്കിന്റെ അര്‍ത്ഥം പോലും നോക്കുന്നത്.. നമുക്ക് ആണുങ്ങള്‍ക്ക് ഇറ്റുവീണു നനയ്ക്കാന്‍.. ഉം അതിനും മാത്രം മുടി തലയിലുണ്ടോ? (പന്ന്യന്‍ രവീന്ദ്രന്‍ എക്സപ്ഷന്‍)

‘കക്ഷാപടം’ എന്ന സംസ്കൃതവാക്കാണ് ‘കച്ചവട’മായത്. ‘കോണകം’ എന്നാണ് ലാ സംസ്കൃതവാക്കിന്റെ അര്‍ത്ഥം. പീഠത്തില്‍ നിരത്തി വച്ച സാധനങ്ങളായിരുന്നു ‘പീടിക’യുടെ മൂലഹേതു. ഇപ്പോഴത് വികസിച്ചു വികസിച്ചു ബിഗ് ബസാര്‍ വരെയെത്തി. നിഘണ്ടുവില്‍ നിന്ന് ഇത്രയൊക്കെക്കിട്ടിയാല്‍,‍ ആഗോളവത്കരണകാലത്തെ പീടികയുടെ വികാസപരിണാമങ്ങള്‍, കൌപീനം എന്ന ചിഹ്നത്തിന്റെ വാണിജ്യപരമായ അര്‍ത്ഥവിശകലനവും ഉത്തരാധുനികകാലത്തെ പ്രസക്തിയും ഒക്കെ ആലോചിച്ച് ആര്‍ക്കും ചിന്തകരാവരുതോ? നിഘണ്ടുവില്‍ ഉള്ള വാക്കുകളെക്കുറിച്ചല്ല, ഇല്ലാത്ത വാക്കുകളെക്കുറിച്ചും ധ്യാനമഗ്നരായിപ്പോവും നമ്മള്‍. പറഞ്ഞു പറഞ്ഞു പഴകിയെങ്കിലും നിഘണ്ടുക്കളില്‍ ഇനിയും കയറിപ്പറ്റിയിട്ടില്ലാത്ത ആയിരത്തോളം വാക്കുകളെപ്പറ്റി വാങ്‌മയി എഴുതിയിട്ടുണ്ട്. ‘വത്കരണങ്ങളൊ’ന്നുമില്ലാത്തതു മനസ്സിലാക്കാം. ‘തേരാപാരാ’ പോലും ഇല്ലെന്നു വന്നാലോ? ശബ്ദതാരാവലിയില്‍ സക്കറിയ തെരെഞ്ഞിട്ടും തെരെഞ്ഞിട്ടും കാണാത്ത ഒരു വാക്ക് ‌- ‘മതമൌലികവാദം’. ഇല്ലാത്ത അര്‍ത്ഥവും തെരച്ചിലുമൊക്കെ വല്ലാത്ത അര്‍ത്ഥത്തെ കാണിച്ചു തരുന്നില്ലേ..?

ക്ലോസറ്റിന് ഷേക്സ്പിയറിന്റെ കാലത്ത് ‘സ്വകാര്യമുറി’യെന്നായിരുന്നു അര്‍ത്ഥമെന്നു പറഞ്ഞു തന്നത് ജൂലിയസ് സീസര്‍ പഠിപ്പിച്ചിരുന്ന നരേന്ദ്രപ്രസാദ് സാറാണ്. (ആളതു തന്നെ) സീസറ് അയാളുടെ സ്വകാര്യമുറിയില്‍ പോയപ്പോഴൊക്കെ പെണ്‍‌കുട്ടികളുടെ മുഖം കുനിഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ‘ആത്മാവിഷ്കാരത്തിനായി വെമ്പുന്ന തക്കാളിപ്പഴ’ങ്ങളായിരുന്നു അന്ന് പെണ്‍‌കുട്ടികള്‍! (പി ജി വുഡ്‌ഹോവ്സ് !) ഏഷണി ‘അന്വേഷണം’ ആയിരുന്നു. ആ പരിപ്രേക്ഷ്യത്തില്‍ കാതു കടിക്കുന്നവരെക്കുറിച്ച് ചിന്തിക്കുന്ന എത്രപേരുണ്ടാവും നമ്മുടെ നാട്ടില്‍ ഇപ്പോള്‍‍? ‘ധര്‍മ്മത്തെ’ക്കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതു വട്ടം വാചാലരാവുമെങ്കിലും മുന്നില്‍ നില്‍ക്കുന്ന ‘ധര്‍മ്മക്കാരന്റെ സ്ഥിതിയെന്തായിപ്പോയി ! ‘പിച്ചക്കാരന്‍, തെണ്ടി, അലവലാതി’! നൃത്തക്കാരി എന്ന അര്‍ത്ഥമുള്ള ‘കൂത്തച്ചി’ എന്ന വാക്ക് ഒരു പുതുമയ്ക്കു വേണ്ടി കേരളത്തിലെ യുവജനോത്സവവേദിയില്‍ സമ്മാനം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്ത ഏതെങ്കിലും കുട്ടിയെ വിളിച്ചുനോക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകരെ ഞാന്‍ വെല്ലുവിളിക്കുകയാണ്. നിര്‍ഭയരാണെങ്കിലും (തന്നെ.. ഉം........) ഫീല്‍ഡ് വിടേണ്ടി വരും! ‘അര്‍ത്ഥസങ്കോചം’ എന്നാണ് ഇമ്മാതിരി മാറ്റങ്ങളെ ഭാഷാശാസ്ത്രം വിളിക്കുന്നത്. (‘നിഘണ്ടുവിജ്ഞാനീയം’ തന്നെ ഭാഷാശാസ്ത്രത്തിന്റെ ഒരു വകുപ്പാണ്) വിവരത്തിന് ‘ദ്വാരം’ എന്നായിരുന്നു പണ്ടത്തെ അര്‍ത്ഥം. ബ്രഹ്മാണ്ഡപുരാണം ഭാഷ നോക്കിക്കേ. ഇന്നാ വാക്ക് ബുദ്ധിയും അറിവുമൊക്കെയായി. ഇതിന് ‘അര്‍ത്ഥോത്കര്‍ഷം’ എന്നു പറയും. വാക്കുകള്‍ക്ക് ഭാഷാചരിത്രത്തില്‍ സങ്കോചവും വികാസവുമുണ്ട്. ഉയര്‍ച്ചയും താഴ്ചയുമുണ്ട്. ചക്കയെന്ന വാക്ക് പോര്‍ത്തുഗീസാണ്. പോര്‍ത്തുഗീസുകാരു കൊണ്ടുവന്നതുകൊണ്ടാണ് പൈന്‍ ആപ്പിളിന് -കൈതച്ചക്കയ്ക്ക് - തെക്ക് ‘പിറുത്തിച്ചക്ക’ എന്നു പേരുണ്ടായത്. പുര്‍ത്തുഗാലും, പുര്‍ത്തുഗീസും നാടന്‍ നാവില്‍ കയറി തിരിഞ്ഞു വന്നതാണ് ‘പുറുത്തി’. മറ്റൊരു വഴിയ്ക്കും ആലോചിക്കാം. താഴെ മണ്ണിനോട് തൊട്ടാണല്ലോ പ്രസ്തുത ചക്കയുടെ വിളവ്. അതുകൊണ്ട് ‘പൃത്ഥ്വി’ച്ചക്കയല്ലേ, ‘പിറുത്തി’ച്ചക്ക? ബെറുക്കനെ കപ്പലു കയറി പോര്‍ത്തുഗല്‍ വരെ പോണോ?

അങ്കം ആടുന്നിടമാണ് ‘അങ്ങാടി’ എന്ന് ഗുണ്ടര്‍ട്ട്. പണ്ട് അവിടെ വച്ചായിരുന്നിരിക്കണം, വാള്‍പ്പയറ്റുകള്‍ നടന്നിരുന്നത്. ഇപ്പോഴെന്താ, ഗുണ്ടകളാണെന്ന വ്യത്യാസമല്ലേയുള്ളൂ. തമിഴിലെ കട്ടിച്ചുവരാണ് (ഇടിഞ്ഞുപൊളിഞ്ഞ വീടിന്റെ ഭാഗമായ കുറ്റി ചുവരുകള്‍) നമ്മളിവിടെ ‘കുട്ടിച്ചോറാക്കി’യത്. അര്‍ത്ഥത്തെക്കുറിച്ച് പലപ്പോഴും ആലോചിക്കാറുപോലുമില്ല. തമിഴില്‍ നിന്നു തന്നെ വന്നതുകൊണ്ട് ‘അരവാണി’ ഹിജഡസമുദായത്തിന്റെ പേരാണ്. അങ്ങനെയൊരു വിഭാഗം നമുക്കത്ര പരിചയമില്ലാത്തതുകൊണ്ടാവണം. നമ്മളതിനെ വേശ്യാസ്ത്രീയുടെ പര്യായമാക്കി (അറുവാണിച്ചി- കെടുവാക്കുകള്‍ പറയുന്നവള്‍?) എങ്കിലും വാക്കിന്റെ ചരിത്രം മാറുന്നില്ലല്ലോ. വാക്കിന് പ്രായോഗികമായ അര്‍ത്ഥവും പാരമ്പര്യ അര്‍ത്ഥവും നിഷ്പത്തിചരിത്രവും ഉണ്ട്. എട്ടാവട്ടം ‘ഠ’എന്ന അക്ഷരത്തില്‍ നിന്നുണ്ടായതാണ്. ‘ഠാവട്ടം’ എന്നാണ് ശരിക്കുള്ള പ്രയോഗം. ചുരുങ്ങിയ പ്രവര്‍ത്തനമേഖലയാണ് വ്യംഗ്യം. കിണറ്റിലെ തവള. ഊപ്പാട്, അകപ്പാട് ആണ്. ഉള്ളില്‍പ്പെട്ടുപോയ അവസ്ഥ. ആപ്പിലായ കുരങ്ങന്‍! ഊപ്പാടു വരാതെന്തു ചെയ്യും? വാക്കുകളെ സ്വാഭാവികമായി മാമോദീസാമുങ്ങി മലയാളത്താന്‍മാരാവുന്നതു നോക്കിയിരിക്കുന്നതു രസമാണ്.. ബസ്സിലെ ക്ലീനറാദ്യം ‘ക്ലീ’യായി. പിന്നെ കിളിയായി. അര്‍ത്ഥത്തിലും പ്രവൃത്തിയിലും പൈങ്കിളിയുമായി! ‘മര’ത്തലയനെ ‘വൃക്ഷ’ത്തലയനെന്നു വിളിച്ചാലെന്താ? തല്ലിപ്പൊളിയും അടിപൊളിയും ഒരമ്മപെറ്റ മക്കളാണെങ്കിലും പരസ്പരം തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്നതിനു കാരണമെന്ത്? ബാങ്കിന്റെ ശാഖ തുറക്കുന്നതു പോലെ ബാങ്കിന്റെ ‘കൊമ്പു’ തുറന്നാലെന്താണ്? അപ്പോള്‍ ഒരു വാക്കിനു പര്യായമല്ല മറ്റൊരു വാക്ക്. ഓരോ വാക്കും ഓരോ പ്രസ്ഥാനമാണ്. അതറിയണമെങ്കില്‍ ലതിനു ചുറ്റും ഇച്ചിരി ഓടി വിയര്‍ക്കണം. അതല്ലേ സത്യം? (ഭാഷാശാസ്ത്രപ്രവേശിക- വി കെ എന്‍ നമ്പൂതിരി)

‘ഗാന്ധിജിയുടെ പ്രതികാരം’ എന്നൊരു ഇംഗ്ലീഷ് പ്രയോഗമുണ്ട്. (Most people blame Gandhi's revenge on the water) അര്‍ത്ഥം അറിയണമെങ്കില്‍ സാധാരണ ഡിക്ഷ്ണറി നോക്കിയാല്‍ പോര, NTC's Dictionary of British Slang and Colloquial Expressions തന്നെ നോക്കണം. (രസികന്‍ ഇംഗ്ലീഷ് -ഒ അബൂട്ടി. മാതൃഭൂമി പ്രസിദ്ധീകരണം) ‘വയറിളക്കം’ എന്നാണത്രേ ആ വാക്കിന്റെ അര്‍ത്ഥം. ബ്രിട്ടീഷുകാര്‍ക്കിടയിലെ നാടന്മാര് നമ്മളോടാണ് പ്രതികാരം തീര്‍ത്തിരിക്കുന്നത്. നമ്മളോട് മാത്രമല്ല, ഫ്രെഞ്ചുകാരോടുമുണ്ട് അവര്‍ക്കീവിരോധം എന്ന് വാക്കുകളുടെ നാള്‍വഴി ചരിത്രം പരിശോധിച്ചാല്‍ അറിയാം. ‘സഹോദരന്മാര്‍’ പണ്ടേ വിരോധത്തിലാണല്ലോ. ഗര്‍ഭനിരോധന ഉറയ്ക്ക് ‘ഫ്രെഞ്ച് ലെറ്റര്‍’ എന്നൊരു പേരുകൂടിയുണ്ട് ഇംഗ്ലീഷില്‍. അശ്ലീലമായ പലവാക്കുകളിലും ഫ്രഞ്ച് എന്ന് ചേര്‍ത്തുകഴിഞ്ഞാല്‍ ഇംഗ്ലീഷുകാരനു സമാധാനമായി. (നമ്മുടെ മൃഗങ്ങളൊക്കെ ഇംഗ്ലീഷാണെങ്കിലും അവറ്റകളുടെ ഇറച്ചിയെല്ലാം ഫ്രെഞ്ചാണെന്ന് അസഹിഷ്ണുവായ ഒരു ഇംഗ്ലീഷുകാരന്‍.. മട്ടണ്‍, ബീഫ്, ഹാം എല്ലാം ഫ്രെഞ്ച്!) തലയിണയ്ക്ക് സായിപ്പിന്റെ കോളൊക്കിയല്‍ പ്രയോഗം, “ഡച്ച് വൈഫ്.” എന്തിന് വിശാലതമിഴകത്തിന്റെ സാമന്തരായിരുന്ന നമ്മള്‍ മലയാളികള്‍ ‘പാണ്ഡ്യസാമ്രാജ്യ’ത്തെ മുട്ടുകുത്തിക്കുന്നത് രാവിലെ ഉടുപ്പുതേയ്ക്കാന്‍ മലയാളിയുടെ വീടുവീടാന്തരം കയറിയിറങ്ങുന്ന പാവം തമിഴ്‌‌ മകനെ ‘പാണ്ടി’ എന്നു വിളിച്ചുകൊണ്ടല്ലേ? അത്ര പാവമല്ലാത്ത ഒരു കിഴട്ടുച്ചെടിയ്ക്ക് കമ്മ്യൂണിസ്ററ്റു പച്ചയെന്നു പേരിട്ടു കൊടുത്ത തിരുമാലിയും ‘അര്‍ത്ഥം വച്ചുള്ള കളിയുടെ കായംകുളം വാളു’ക്കൊണ്ടാണ് വെട്ടിയത്. (ശ്രദ്ധിക്കണം ‘പച്ച’).
പ്രതികാരത്തിന്റെയൊക്കെ ഓരോരോ വഴികള്.....

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കുന്ന സ്ഥിതിയ്ക്ക് തീവണ്ടിയിരുന്ന സമയം അത്രയും നിഘണ്ടു വായിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ അസാമാന്യപ്രതിഭാശാലിയും കഠിനാദ്ധ്വാനിയും ചിന്തകനും ആയിരിക്കാന്‍ വഴിയുണ്ടെന്നല്ലേ നാം മനസ്സിലാക്കേണ്ടത്. എന്നിട്ടുമെന്തോ നിഘണ്ടു എന്നു കേള്‍ക്കുമ്പം ഒരു ‘വൈമനസ്യക്കേട് !’*

സമര്‍പ്പണം :
പൊട്ടിച്ചിരിച്ചുകൊണ്ട് അടുത്തതായി വായിക്കാന്‍ എനിക്കു വെബ്‌സ്റ്റര്‍ നിഘണ്ടു നിര്‍ദ്ദേശിച്ച കൂട്ടുകാരന്...
Post a Comment