October 1, 2008

ചോരവീണു കുതിന്നോരക്ഷരം




മലയാളത്തില്‍ കല്‍പ്പിതകഥകള്‍ക്ക്-ഫിക്ഷനുകള്‍ക്ക്- എന്തുകൊണ്ട് വായനക്കാര്‍ കുറയുന്നു എന്നതിനൊരു കാരണം ‘തലപ്പാവെ’ന്ന സിനിമ നിവേദിക്കുന്നുണ്ട്. ‘ഞാന്‍ ജീവിച്ചിരുന്നു എന്നതിന്റെ തെളിവ്’ എന്ന പേരില്‍ പഴയ പോലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നടത്തിയ കുറ്റസമ്മതത്തിന്റെ പുസ്തകത്തിലുള്ള വിവരങ്ങളെ നിറം പിടിപ്പിക്കാന്‍ തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ കെട്ടിയുയര്‍ത്തിയ സിനിമയ്ക്കു വേണ്ടിയുള്ള പൊയ്ക്കാലുകളുടെ വൈകാരികാംശങ്ങളെ മുന്‍‌നിര്‍ത്തിയാണ് ഇങ്ങനെ പറയാന്‍ ഞാന്‍ ധൈര്യം കാണിക്കുന്നത്. പൊതുസമൂഹത്തിന്റെ അഭിരുചികളുമായി രാജിയാവാന്‍ അതിരുകടന്ന ഉത്സാഹം കാണിക്കുന്ന ഏതു സിനിമയും പോലെ തലപ്പാവും തുടക്കത്തില്‍ ഒരു (അ)സത്യപ്രസ്താവന നടത്തുന്നുണ്ട്. കഥ മുഴുവന്‍ കെട്ടിച്ചമച്ചതാണെന്ന്. കഥാപാത്രങ്ങളുമായി ആര്‍ക്കെങ്കിലും എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് കേവലം യാദൃച്ഛികമാണെന്ന്. സഖാവ് വര്‍ഗീസിനെപോലൊരാള്‍, വയനാട്ടില്‍ സ്റ്റേറ്റിന്റെ അറിവോടെയും സമ്മതത്തോടെയും കൊല ചെയ്യപ്പെട്ടതെന്ന ഭീഷണമായ യാഥാര്‍ത്ഥ്യം കല്‍പ്പിത കഥയായി തന്നെ ഉള്ളിലേയ്ക്കെടുത്തുകൊള്ളാന്‍ ആദ്യമേ പറയുന്ന സിനിമ എന്തു വിപ്ലവമാണ് ആത്യന്തികമായി സമൂഹത്തിലേയ്ക്ക് കൈമാറാനായി അബോധത്തില്‍ ഇച്ഛിക്കുന്നത് ?

ശരിയാണ് വര്‍ഗീസല്ല, ജോസഫാണ് സിനിമയില്‍. രാമചന്ദ്രന്‍ നായരല്ല അദ്ദേഹത്തെ വെടിവച്ച പോലീസുകാരന്‍. രവീന്ദ്രന്‍ പിള്ളയാണ്. എങ്കിലും ചരിത്രം കഥയായി തീരുന്ന വഴിത്താരയില്‍ ഹിതകരമല്ലാത്ത ചില പരിണതികള്‍ വന്നുപ്പെട്ടത് വികാരാംശങ്ങള്‍ കൊഴുപ്പിക്കാനോ, കാലം എത്ര ഉരുണ്ടാലും വ്യവസ്ഥിതിയുടെ കോമ്പല്ലുകള്‍ മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരിക്കുമെന്ന ഉദ്ബോധനം നിര്‍വഹിക്കാനോ എന്നറിയാതെ ചിലപ്പോള്‍ നമ്മള്‍ കുഴങ്ങും. ഭരണകൂടക്രൂരതയുടെ ഇര ജോസഫുമാത്രമല്ല, രവീന്ദ്രന്‍ പിള്ളയുമാണ് എന്നൊരു സമീകരണമുണ്ട് സിനിമയില്‍. ജോസഫിന് ജീവന്‍ നഷ്ടപ്പെട്ടു. പോലീസുകാരന് സ്വന്തം ഭാര്യ. കുടുംബം. മാന്യത. എല്ലാം പോയി. അതും പോലീസുകാരായ സഹപ്രവര്‍ത്തകര്‍ തന്നെ വന്ന് ചെയ്തു കൊടുത്തത്. പിള്ള മുഴുനീള കുടിയനായി. കൌമാരകാല കാമുകി ജന്മിയുടെ വെപ്പാട്ടിയായ നിലയില്‍. (ആ പ്രേമവുമുണ്ട് സിനിമയില്‍!) മകന്‍ കള്ളനായി. മകള്‍ വേശ്യയായി. (ചെങ്കോല്‍ എന്ന ലോഹിതദാസ് സിനിമ ഓര്‍ത്തു പോകുന്നതില്‍ തെറ്റുണ്ടോ.) പാമ്പുകടിയേറ്റ്, ചികിത്സകിട്ടാതെ മരിച്ച ഭാര്യയുടെ മുഖം അവസാനം ഒന്നും കാണാന്‍ പോലും കഴിഞ്ഞില്ല പിള്ളയ്ക്ക്. മനസ്സാക്ഷിയുണ്ടായി പോയ ഒരു പൊലീസുകാരന്റെ ദുര്യോഗം! എന്നിട്ടും പതിറ്റാണ്ടുകള്‍ക്കു ശേഷം തലമുറകള്‍ക്കു വേണ്ടി അയാള്‍ ആ ദൌത്യം ഏറ്റെടുത്തു. കൊല്ലപ്പെട്ട ജോസഫ് കൊള്ളക്കാരനോ കൊലപാതകിയോ ആയിരുന്നില്ലെന്ന് അയാള്‍ പറഞ്ഞു. അദ്ദേഹം ഏറ്റുമുട്ടലില്‍ മരിച്ചതുമല്ല. മേലധികാരിയുടെ നിര്‍ദ്ദേശപ്രകാരം തന്റെ ജീവന്‍ അപകടപ്പെടാതിരിക്കാന്‍ ഈ കൈകള്‍ കൊണ്ട് കൊന്നതാണ് സഖാവിനെ. ചൂഷണത്തിനെതിരെ കരുത്തുള്ള ചൂണ്ടുവിരലുയര്‍ത്തി നിന്ന നീതിമാനെ.

ബൊളീവിയന്‍ കാട്ടില്‍ മരിച്ചുവീണ ചെയുടെ ഗരിമയില്ല വര്‍ഗീസിന്റെ രക്തസാക്ഷിത്വത്തിന്. ചെയുടെ മകള്‍ കേരളത്തില്‍ വന്നപ്പോള്‍ നമ്മളൊരിക്കല്‍ ‘രാജകീയമായ’ സ്വീകരണം തന്നെയൊരുക്കി. വര്‍ഗീസിന് അതൊന്നും മരണാനന്തരം പോലും അതൊന്നും ലഭിച്ചില്ല. ഒരു ലോഗോ ആവാനുള്ള ഭാഗ്യം പോലും നല്‍കിയില്ല അദ്ദേഹത്തിന് കേരളീയ യുവത്വം. എങ്കിലും ആ സംഭവ കഥയിലുമില്ലേ, എത്ര ഓരത്തേയ്ക്ക് നീങ്ങിനില്‍ക്കുമ്പോഴും ചിന്തിയ രക്തത്തിന്റെ പുനര്‍വിചാരണ എന്ന ചരിത്രത്തിന്റെ ഒരാവര്‍ത്തനം ? അതിനുള്ള അലൌകികമായ പരിവേഷം ? ചിരട്ടയില്‍ കൊളുത്തിവച്ച എരിഞ്ഞുതീരാറായ ഒരു മെഴുകുതിരിയായി ഇക്കാര്യം സിനിമയില്‍ നല്ലൊരു വിഷ്വലായി കടന്നു വരുന്നുണ്ട്. ചരിത്രപരമായ ഒരു ദൌത്യം പൂര്‍ത്തിയാക്കിയതിനു ശേഷം ജോസഫിന്റെ പ്രേതത്തിനു പിന്നാലെ ഇറങ്ങിപ്പോകുന്ന രവീന്ദ്രന്‍ പിള്ളയുടെ/ജോസഫിന്റെ അവശേഷിപ്പാണത്. തൂത്തുകളഞ്ഞാലും പോകാത്തത്, അല്ലെങ്കില്‍ സംഭവഗതികളുടെ തൂത്തുവാരലിനിടയില്‍ വീണ്ടും എപ്പൊഴെങ്കിലും കണ്ടെടുക്കപ്പെടാവുന്നത് എന്നു രണ്ടു മട്ടിലും വ്യാഖ്യാനിക്കാവുന്നമട്ടില്‍ ദൃശ്യസൂചന നല്‍കിയിട്ടാണ് സിനിമ അവസാനിക്കുന്നത്.

കൂട്ടത്തില്‍ പറയട്ടേ പലപാട് കണ്ടു തഴമ്പിച്ച മര്‍ദ്ദക-ചൂഷിത കഥകള്‍ക്കിടയില്‍ തലപ്പാവ് വ്യത്യസ്തമാവുന്നത് ചില ദൃശ്യസൂചകങ്ങളുടെ പുതുമയും പ്രാധാന്യവും കൊണ്ടാണ്. (കൈ നീട്ടി നില്‍ക്കുന്ന ജോസഫ്, മരിച്ചിട്ടും ഉണങ്ങാതെ ചോര വാലുന്ന മുറിവുകളുമായി തെരുവില്‍ സമൂഹത്തില്‍ ചോദ്യങ്ങളുമായി അലയുന്ന ജോസഫ്..) മര്‍ദ്ദകനായ ജന്മി, അയാള്‍ക്ക് പോലീസ് തുടങ്ങിയ ഭരണകൂട ഉപകരണങ്ങളുമായുള്ള അവിശുദ്ധബന്ധങ്ങള്‍, സ്ത്രീകളോടുള്ള ആസക്തി, ബലാത്സംഗം, കൊല, സാമ്പത്തികചൂഷണങ്ങള്‍ ഇത്രയും മാത്രമല്ല. ഇങ്ങേവശത്ത് കുടുംബബന്ധങ്ങളിലെ തെറ്റിദ്ധാരണകള്‍, അതിവൈകാരിക പ്രകടനങ്ങള്‍, പോലീസുകാരന്റെ ജീവിതദുരന്തം .... ഇങ്ങനെയായിട്ടും ഇണയെ അന്വേഷിച്ചു വട്ടം ചുറ്റുന്ന കഥാപാത്രങ്ങളുടെ ഡപ്പാംകൂത്ത് മലയാളസിനിമകള്‍ക്കിടയില്‍ ഒരാശ്വാസമായി തോന്നി, തലപ്പാവ്. ജനപ്രിയ സിനിമയുടെ ചേരുവകളിലേയ്ക്ക് ധ്വനനശക്തിയുള്ള വിഷ്വലുകളും പശ്ചാത്തല ശബ്ദങ്ങളും ഇഴുക്കിച്ചേര്‍ത്തുകൊണ്ടാണ് അതു സാദ്ധ്യമാക്കിയത്. അത്രയും അഭിനന്ദനം മധുപാല്‍ അര്‍ഹിക്കുന്നുണ്ട്. പക്ഷേ അനീതിയ്ക്കെതിരെ വിപ്ലവം തുടര്‍ന്നുകൊണ്ടു പോകേണ്ടതിനെക്കുറിച്ച് ജോസഫ് വാചാലനാവുന്നുണ്ടെങ്കിലും ‘ഇങ്ക്വിലാബ്..‘ എന്ന് അസാധാരണമായ കരുത്തോടെ വിളിച്ചു പറഞ്ഞുകൊണ്ടാണ് തച്ചുച്ചതച്ച് തൊണ്ടായി തീര്‍ന്ന അവസ്ഥയിലും ഇടതു കണ്ണു ചൂഴ്ന്നെടുക്കപ്പെട്ട നിലയിലും അദ്ദേഹം ഇടതു നെഞ്ചില്‍ വെടിയുണ്ട ഏറ്റുവാങ്ങി രക്തസാക്ഷിയാവുന്നതെങ്കിലും അതെല്ലാം കക്ഷിരാഷ്ട്രീയപൊറാട്ടിന്റെ ചേരുവയാണെന്ന് സംശയിക്കാനുതകുന്ന കാര്യങ്ങള്‍ സിനിമയില്‍ നിഹിതമാണ്.

സ്വാശ്രയകോളെജു വിധിന്യായം പുറപ്പെടുവിച്ച ജഡ്ജി കോളേജുമാനേജുമെന്റു നടത്തിയ വിരുന്നു സത്കാരത്തില്‍ പങ്കെടുത്തതിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി പ്രസംഗിച്ച മന്ത്രിയെ (ശ്രദ്ധിക്കണം മന്ത്രിയെ) ജോസഫിന്റെ പ്രേതം ന്യായീകരിക്കുന്നതാണ് ഒരു ഉദാഹരണം. അങ്ങനെയെങ്കില്‍ സിനിമയിലുടനീളം ആവര്‍ത്തിക്കുന്ന തുടര്‍ന്നുപോകേണ്ട വിപ്ലവത്തെക്കുറിച്ചുള്ള സൂചനകള്‍ അസ്ഥാനത്താവും. (മന്ത്രി പറഞ്ഞത് തെറ്റാണെന്നല്ല എന്റെ വിവക്ഷ, മന്ത്രിയെ ന്യായീകരിക്കാന്‍ വേണ്ടി കുത്തിത്തിരുകിയ ആ വാചകം ഒരു ഒത്തുതീര്‍പ്പാണെന്നാണ്. ഭരണകൂടത്തിന്റെ അനേകം ചെയ്തികളില്‍ നിന്ന് ആ മൊഴി മാത്രം അടര്‍ത്തിയെടുത്തതിനു പിന്നില്‍ സംവിധായകന്റെ ഉദ്ദേശ്യമാണ് വല്ലാതെ എക്സ്പോസ്ഡ് ആയി പോകുന്നത്. ജോസഫ് നിലകൊണ്ട പ്രത്യയശാസ്ത്രഭൂമികയെ സംവിധായകന്റെ നിലപാടു തറകൊണ്ട് വല്ലാതെ ലാഘവപ്പെടുത്താനാണ് അതുപകരിച്ചിട്ടുള്ളത്. ഒരു എതിര്‍വാദം ഉന്നയിക്കാമെന്നുള്ളത് പൊലീസുകാരനും അധികം വിദ്യാഭ്യാസമില്ലാത്തവനുമായ രവീന്ദ്രന്‍ പിള്ളയുടെ തോന്നലാണ് ജോസഫിന്റെ പ്രേതം എന്നുള്ളതാണ്. അതു നിലനില്‍ക്കുന്നതല്ല. കാരണം അതുപോലെ തന്നെയുള്ള അയാളുടെ തോന്നലാണ് ജോസഫിനെ പുനര്‍വിചാരണയ്ക്കു പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നത്. രണ്ടാമത്തേത് സിനിമ മൊത്തതില്‍ പങ്കുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ ദിശയെന്ത് എന്ന് വ്യക്തമായി തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പരാമര്‍ശമാണത്) ഭരണകൂടം വലിയ ഒരു ശരിയും അതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ എതിര്‍ക്കപ്പെടേണ്ട പ്രതിലോമതയുമാവുമ്പോള്‍ വിപ്ലവസങ്കല്പം കീഴ്മേല്‍ മറിയും. എണ്‍പതുകളിലെ തീവ്ര ഇടതുപക്ഷനിലപാടുകള്‍ ഏതൊക്കെയോ അളവില്‍ ശരിവയ്ക്കുന്ന ഒരു സിനിമയില്‍ (കാര്യങ്ങള്‍ ഇന്നും മെച്ചപ്പെട്ടിട്ടില്ലാത്തതുകൊണ്ടാണല്ലോ നമുക്ക് ഭൂതകാലത്തിലേയ്ക്ക് പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കായി ചെവിയോര്‍ക്കേണ്ടി വരുന്നത് ..) അതൊരു ആന്തരിക പ്രതിസന്ധിയാണ്.

‘ചെ’ പ്രിയതരമായ ബിംബമായി പരിണമിക്കുന്നത് നവ മുതലാളിത്തത്തിന്റെ കൈകളിലാണെന്നതുപോലെയൊരു വൈരുദ്ധ്യം ആ വഴിയ്ക്ക് ഈ സിനിമയിലുമുണ്ട്. വര്‍ഗീസ് എന്ന ജോസഫിനെ സ്വാംശീകരിക്കാനുള്ള മുഖ്യധാരാ കക്ഷിരാഷ്ട്രീയത്തിന്റെ ജനപ്രിയവഴിയാണത്. ( അതുമല്ല ഇതു മല്ല എന്ന മട്ടില്‍ ഇതിനെയാണ് ജി പി രാമചന്ദ്രന്‍ ഉചിതമായ മദ്ധ്യമമാര്‍ഗമായി കണ്ട് സന്തോഷിക്കുന്നത്- മാദ്ധ്യമം ലേഖനം -‘മര്‍ദ്ദനാധികാരത്തിന്റെ ഇരകള്‍’‍) ചെങ്ങറയിലും നന്ദിഗ്രാമിലും നക്സലുകള്‍ക്കെതിരെ ഇടതുപക്ഷനേതാക്കള്‍ ഉയര്‍ത്തിയ ആരോപണം തന്നെയാണ് ഏറ്റവും വലിയ തെളിവ്. ഛത്തീസിലെ നക്സലുകളുടെ ഉന്മൂലനത്തിനു മുറവിളിക്കുന്നത് ബിജെപി. എന്തു വ്യത്യാസം? ഭഗത് സിംഗ് ഇപ്പോള്‍ വിപ്ലവകാരിയായ രക്തസാക്ഷിയുമാണ്, ആര്‍ എസ് എസ് കാര്യാലയത്തിലെ ചന്ദനമാലയണിഞ്ഞ വിഗ്രഹവുമാണ്. അധികാരത്തിലെത്തുമ്പോള്‍ നിഷ്ക്കണ്ടകരായിരിക്കുക എന്ന അവസ്ഥയെ ഇടതിന്റെ പേരിലായാലും വലതിന്റെ പേരിലായാലും നിവൃത്തിച്ചു കൊടുക്കുക എന്നതല്ല, ആയിരുന്നില്ല, അനീതിയ്ക്കായി ചോരയൊഴുക്കിയ നിര്‍ഭയരുടെ ദൌത്യം. അവരെന്തായിരുന്നു എന്നതറിയാന്‍ വേണ്ടത് ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിയിലെ പ്രവര്‍ത്തന പാരമ്പര്യമല്ല, സൂക്ഷ്മമായ രാഷ്ട്രീയാവബോധമാണ്.

അനിവാര്യമായി ഉള്ളടക്കേണ്ടിയിരുന്ന ആ രാഷ്ട്രീയസൂക്ഷ്മതയാണ് സിനിമ കളഞ്ഞു കുളിച്ചത്. അതിലാണു വിഷമം. ഒരു പക്ഷേ ഇനിയുള്ള കാലത്തില്‍ നമുക്കതിന് കഴിയില്ലായിരിക്കും!

അനു:
മുണ്ടൂര്‍ രാവുണ്ണി അറസ്റ്റുചെയ്യപ്പെട്ടു എന്ന് പത്രവാര്‍ത്ത. ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റു നടന്നിട്ട് അധിക ദിവസങ്ങള്‍ ആയിട്ടില്ല. ഭരണകൂടങ്ങള്‍ ഏതുനിലയ്ക്കാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? നിര്‍ത്തിവച്ച പ്രക്ഷോഭം മാറിയ കാലത്തില്‍ സ്വയം ഏറ്റെടുക്കാനും തുടരാനും വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവന്ന് റിപ്പോര്‍ട്ടു ചെയ്യുന്ന നായകനുണ്ട് ‘ഗുല്‍മോഹര്‍’ എന്ന സിനിമയില്‍. അതിലും ഒരു കൊലയും ആത്മഹത്യയുമായി ‘ആക്ഷന്‍’ ചുരുങ്ങിപ്പോകുന്നതിന്റെ കാരണം, ആദ്യമേ പറഞ്ഞു. നമ്മുടെ കല്‍പ്പനകളേക്കാള്‍(ഫിക്ഷനേക്കാള്‍) മേലെയാവുന്നു യാഥാര്‍ത്ഥ്യങ്ങള്‍.
“എന്തുകൊണ്ട് പൂക്കളെക്കുറിച്ചും പക്ഷികളെക്കുറിച്ചും വലിയ മലകളെക്കുറിച്ചും അവന്‍ കവിതയെഴുതിയില്ല എന്നു ചോദിക്കുന്നവര്‍ വരിക, വന്ന് ഈ തെരുവില്‍ ചിന്തിയ രക്തം കാണുക.”
(ഗുല്‍മോഹറില്‍ ചുള്ളിക്കാട് ആലപിച്ച കവിതയിലെ വരികള്‍)

16 comments:

സ്രാങ്ക് said...

വെള്ളെഴുത്തിന്റെ ആഗ്രഹം കൊള്ളാമല്ലൊ..വാക്കുകള്‍ക്കിടയില്‍ വായിക്കേണ്ടി വരുമൊ വെള്ളെഴുത്തെ...!

Roby said...

തലപ്പാവ് കണ്ടില്ല. മനസ്സിൽ വന്ന ചില കാര്യങ്ങൾ പറയട്ടെ.

ചരിത്രത്തിലൂന്നിനിന്ന് പൊളിറ്റിക്കൽ ത്രില്ലറുകൾ രചിക്കുന്ന കോസ്റ്റ ഗാവ്‌ര, തന്റെ സിനിമകൾക്ക് മുൻപ് നൽകാറുള്ള മുന്നറിയിപ്പ് വെള്ളെഴുത്ത് ശ്രദ്ധിച്ചിട്ടുണ്ടോ?

രാഷ്ട്രീയമായി അത്രയും കൃത്യത, സത്യസന്ധത അപൂർ‌വ്വം. മലയാളം സിനിമാകച്ചവടക്കാരിൽ നിന്നും അത് പ്രതീക്ഷിക്കേണ്ടതില്ല.

പിന്നെ എന്തുകൊണ്ടാണ് നമുക്ക് വർഗീസിനെ ജോസഫെന്നൊക്കെ വിളിക്കേണ്ടി വരുന്നത്?

സോഡർബെർഗിന്റെ ‘ചെ’ വരാനിരിക്കുന്നു.

Anonymous said...

അതും പോരഞ്ഞ്‌ മധുപാല്‍ പത്ര സമ്മേളനത്തില്‍ പ്രത്യേകം പറഞ്ഞിട്ടൂണ്ട് ‘നക്സലിസത്തെ ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല‘ എന്ന്.

നെരൂദയുടെ വരികളെ എന്തിനാ വെറും ചുള്ളിക്കാട്‌ ചൊല്ലിയ വരികളാക്കി തീര്‍ത്തത്‌ ?

Haree said...

സ്വാശ്രയകോളെജു വിധിന്യായം പുറപ്പെടുവിച്ച ജഡ്ജി കോളേജുമാനേജുമെന്റു നടത്തിയ വിരുന്നു സത്കാരത്തില്‍ പങ്കെടുത്തതിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി പ്രസംഗിച്ച മന്ത്രിയെ (ശ്രദ്ധിക്കണം മന്ത്രിയെ) ജോസഫിന്റെ പ്രേതം ന്യായീകരിക്കുന്നതാണ് ഒരു ഉദാഹരണം.” - മന്ത്രിയെ ജോസഫ് ന്യായീകരിക്കുന്നുണ്ടോ? ഈ രീതിയില്‍ പ്രസംഗിച്ച/കോടതിയലക്ഷ്യം കാണിച്ച മന്ത്രി രാജിവെക്കണമെന്നു പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരനെ പ്രതികരിക്കാതെ കേട്ടു നില്‍ക്കുന്ന(എന്നാല്‍ അയാളോടു മാത്രമാണ് പ്രതികരിക്കേണ്ടത് എന്നര്‍ത്ഥം വരുന്നുമില്ല.) ജനതയോടാണ് ജോസഫിന്റെ അമര്‍ഷം. ജോസഫിന്റെ നോട്ടത്തില്‍ വിരുന്നില്‍ പങ്കെടുക്കുവാന്‍ പോയ ജഡ്ജിയും, രാഷ്ട്രീയക്കളിക്കായി മാത്രം അതിനെതിരെ പ്രസംഗിച്ച മന്ത്രിയും, അയാളെ എതിര്‍ക്കുന്ന എതിര്‍ രാഷ്ട്രീയക്കാരനും എല്ലാം എതിര്‍ക്കപ്പെടേണ്ടവര്‍ തന്നെ.

കഥാപാത്രങ്ങളുമായി ആര്‍ക്കെങ്കിലും എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് കേവലം യാദൃച്ഛികമാണെന്ന്.” - ഇതു കേവലം നിയമപരിരക്ഷയ്ക്കു വേണ്ടി എഴുതിക്കാണിക്കുന്നതല്ലേ? കാണുന്നവരെ മണ്ടന്മാരാക്കുക എന്ന ഉദ്ദേശത്തിലൊന്നും ഇതിനെ കാണേണ്ടതുണ്ടെന്നു തോന്നുന്നില്ല. ഇവിടെ വ്യക്തികളെക്കുറിച്ച്(അതേ പേരില്‍) സിനിമയെടുക്കുവാന്‍ അവരുടെ/അനന്തരാവകാശികളുടെ ഒക്കെ അനുവാദം വേണമല്ലോ! 1970-ല്‍ മരിച്ച വര്‍ഗ്ഗീസിനെക്കുറിച്ച് അനുവാദമില്ലാതെ സിനിമയെടുക്കുവാന്‍ 50 വര്‍ഷത്തിനുള്ളില്‍ കഴിയുമോ? റോബി പറഞ്ഞ നാടുകളിലെ നിയമം അതിനനുവദിക്കുന്നുണ്ടാവണ്ണം. (‘പഴശ്ശിരാജ’ വരുന്നുണ്ട് മലയാളത്തില്‍...)

കാണുന്നവരുടെ തലയ്ക്കുള്ളിലെ കെമികദ്രാവകങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ് സഖാവ് വര്‍ഗീസിനെപോലൊരാള്‍,...” - മനസിലായില്ല... കോമയും സെമിക്കോളനുമൊക്കെ ഉപയോഗിച്ചിരിക്കുന്നത്/ഉപയോഗിക്കാത്തത് കറക്ടായാണല്ലോ അല്ലേ? “വയനാട്ടില്‍ സ്റ്റേറ്റിന്റെ... ...ഇച്ഛിക്കുന്നത് ?” - ഇതുമാത്രം മനസിലാവുകയും ചെയ്തു.
--

വെള്ളെഴുത്ത് said...

സിറിയസ്സേ..ഗൂഢോദ്ദേശ്യം രാഷ്ട്രീയമായ സത്യസന്ധതയെക്കുറിച്ചുള്ള പ്രതീക്ഷ മാത്രമാണ്. മറ്റൊന്നുമില്ല. അത് എന്താണെന്ന് അറിയില്ല..എങ്കിലും പ്രതീക്ഷിക്കാമല്ലോ. റോബീ, മോട്ടോര്‍സൈക്കിള്‍ ഡയറിയാണു കണ്ടിട്ടുള്ളത്. സോഡന്‍ ബെര്‍ഗിന്റെ ‘ചെ‘ വരട്ടേ, കൊള്ളാവുന്ന സംവിധായകനാണല്ലോ. ആ മാതൃഭൂമി ആര്‍ട്ടിക്കിള്‍ വായിച്ചതാണ്. പലപ്പോഴും പ്രതീക്ഷകളാണല്ലോ ആശയങ്ങളായി അരങ്ങേറുന്നത്. നന്തനാരുടെ ആത്മഹത്യപോലെ (അതുപോലുള്ള മറ്റു പലതും പോലെ) വര്‍ഗീസിന്റെ കൊലയും പുനര്‍മൂല്യവിചാരണയ്ക്കെടുക്കേണ്ടതുണ്ട്, ഓളങ്ങളില്ലാതെ ഒഴുകിക്കൊണ്ടിരുന്ന മലയാളി സമൂഹത്തില്‍ പെട്ടെന്നു വന്നു വീണ ഞെട്ടലായിരുന്നു രാമചന്ദ്രന്‍ പിള്ളയുടെ ഏറ്റു പറച്ചില്‍. അതു വന്നതുപോലെ അവസാനിച്ചു. ഒരു ചലനവും ഉണ്ടാക്കാതെ.. പോലീസുകാര്‍ കുറ്റം ഏറ്റുപറഞ്ഞ പിള്ളയ്ക്കെതിരെ കൊലപാതകത്തിനു കേസെടുത്തു. എങ്കിലും പതിറ്റാണ്ടുകള്‍ക്കുശേഷമുള്ള ആ കുറ്റസമ്മതം ഉളവാക്കിയ ചില സ്പാര്‍ക്കുകള്‍ കലകളിലെങ്കിലും അവശേഷിക്കും എന്നുള്ളതാണ് സമൂഹം ജഢമല്ലെന്നു വിശ്വസിക്കാനുള്ള ഉപാധി. അല്ലെങ്കില്‍.........അനുമതികളുടെ, നിയമക്കുരുക്കുകളുടെ...വഴികളെ പേടിച്ചിട്ടാണ് മുന്നറിയിപ്പുകള്‍ എന്നറിയാതെയല്ല. എങ്കിലും ‘ചിന്താമണി കൊലക്കേസും കണിച്ചുകുളങ്ങരയും മദ്രാസിലെ മോനും സിബി ഐ ഡയറികളും വാസ്തവ സംഭവങ്ങളെ ‘മുന്നറിയിപ്പുകളോടെ നിരുപദ്രവകരമാക്കി’യാണ് നമ്മുടെ മുന്നില്‍ എത്തിച്ചതെന്നറിയാമല്ലോ. ആ ജനുസ്സില്‍ തന്നെ നീങ്ങിയാല്‍ മതിയോ ഇത്തരം സിനിമകളും? ഒരു ബലിയുടെ വിപ്ലവകരമായ ഒരംശവും ഏറ്റെടുക്കാന്‍ (വെറുമൊരു പ്രായോഗികവാദിയെ അല്ലല്ലോ അയാള്‍ ചിത്രീകരിക്കുന്നത്..) സമൂഹത്തിന്റെ മുന്നില്‍ കയറി നടക്കാന്‍ ബാദ്ധ്യസ്ഥനായ കലാകാരന് കഴിയില്ലേ? ഇതു വെറും ആഗ്രഹചിന്തയാണ്. എങ്കിലും .... അനോനി. ഇതൊരു കുടുംബചിത്രമാണെന്നും മധുപാല്‍ പരഞ്ഞു. മരിച്ച ജോസഫല്ല, കൊലപാതകിയുടെ ഭയവും പാപബോധവും അവമതിയുമാണു ഫോക്കസില്‍ എന്ന്. ഇതു മാത്രമല്ല. നഗരത്തില്‍ ഒരനീതി നടന്നാല്‍ അതു ചോദ്യം ചെയ്തിരിക്കണം അല്ലെങ്കില്‍ അന്നു രാത്രിയ്ക്കു മുന്‍പ് അവിടം ചാമ്പലാവണം എന്ന വരിയുമുണ്ട് ഗുല്‍മോഹറില്‍. ആ ദൂരത്തെക്കാണിക്കാനാണ് അതു കവിതമാത്രമായത്. ഹരീ, അങ്ങനെ മന്ത്രിയെപ്പോലും വിമര്‍ശിക്കുന്ന തരത്തിലായിരുന്നോ ജോസഫ് സംസാരിച്ചത്. തീര്‍ച്ചയായും അങ്ങനെയൊരു മാനമുണ്ടെങ്കില്‍ പിന്നെ വാദമില്ല. അതില്ലെന്ന് എനിക്കു തോന്നി..
“കാണുന്നവരുടെ തലയ്ക്കുള്ളിലെ കെമിക ദ്രവ്യത്തിന്റെ പ്രവര്‍ത്തനഫലമാണ് വര്‍ഗീസിന്റെ കൊലപാതകവുമായി ജോസഫിന്റെ കൊലയ്ക്ക് തോന്നുന്ന സാമ്യം’ എന്നൊരു വരിയാണ് അവിടെയുണ്ടായിരുന്നത്. അത് ഓവര്‍ലാപ് ചെയ്തു. ചരിത്രത്തെ അസാധുവാക്കുകയും അതിനുമേല്‍ വച്ചലങ്കരിച്ച തൊങ്ങലുകളെ ഉള്‍ലിലേയ്ക്കെടുത്തുകൊള്ളാന്‍ പറയുകയും ചെയ്യുന്ന ഒരു ‘അപകടരഹിതരീതി’ പൊട്ടിത്തെറിക്കുന്ന രീതിയിലുള്ള ഒരു വിപ്ലവസിനിമ സ്വപ്നം കാണുന്ന എനിക്ക് പ്രതീക്ഷിക്കയെങ്കിലും ചെയ്യാമല്ലോ.. അതാണ് അങ്ങനെ സര്‍ക്കാസ്റ്റിക്കായത്. ആ വരി മാറ്റി..

Latheesh Mohan said...

കൊള്ളാം. പ്രസക്തമായ കാര്യങ്ങള്‍.

പക്ഷേ, ഗുല്‍മോഹറിനെ വിട്ടുകളഞ്ഞതെന്തേ? അടുത്തകാലത്തു കണ്ട് ഏറ്റവും വൃത്തികെട്ട ‘രാഷ്ട്രീയ’ സിനിമയായി തോന്നി ഗുല്‍മോഹര്‍. ഒരു ജനതയുടെ രാഷ്ടീയകാലങ്ങളെ ഇങ്ങനെ വൃത്തികെട്ട രീതിയില്‍ റൊമാന്റിസൈസ് ചെയ്യുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലേ?

Nachiketh said...

വളരെ പ്രസക്തമാണീ പോസ്റ്റ്....

പക്ഷെ വിട്ടു പോയ ചിലകാര്യങ്ങള്‍ ഇടതു പക്ഷം ഭരണത്തില്‍ വരുമ്പോള്‍ മാത്രമെന്തേ..ഇത്തരം നക്സല്‍ സിനിമകള്‍ ഗ്ലോറിഫൈ ചെയ്തു കാണുന്നൂ‍...പിന്നെ സംഭാഷണങ്ങളില്‍ ബാബു ജനാര്‍ദ്ധനനെ ...എം.സുകുമാരന്റെ പല വരികളും സ്വാധീനിച്ചു വെന്നു തോന്നുന്നു.. എത്രമാത്രമെന്തെയെന്നറിയില്ല...

പിന്നെ ലതീഷ് ഗുല്‍മോഹറിന്റെ കാര്യം സിനിമ കണ്ടിട്ടില്ല...പരസ്യങ്ങള്‍ കാണുമ്പോള്‍ തോന്നിയതാണ് പണ്ട് പ്രീഡിഗ്രിയ്ക് പഠിയ്ക്കാന്‍ ഒരു “റീയൂണീയന്‍“ എന്നഡ്രാമയുണ്ടായിരുന്നു എഴുതിയതാരെന്ന് ഓര്‍മ്മയില്ല, അതിന്റെ നക്സല്‍ അവതാരമാണെന്നു തോന്നുന്നു,

Roby said...

ഹരീ, നിയമം അനുവദിക്കുന്നതു കൊണ്ടല്ല. അതൊരു രാഷ്ട്രീയ സത്യസന്ധതയുടെ പ്രതിഫലനമാണ്.

കോസ്റ്റ ഗാവ്‌രയുടെ Z(1969)എന്ന ചിത്രത്തിന്റെ തുടക്കത്തിലെ ഡിസ്ക്ലൈമർ ഇങ്ങനെയായിരുന്നു.
"Any resemblance to real events, to persons living or dead, is not accidental. It is DELIBERATE."

അതിന്റെ പേരിൽ മാതൃരാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി വിലക്കപ്പെട്ടു. പക്ഷെ ഒരു ഭരണകൂടത്തെ തന്നെ മറിച്ചിടാൻ ആ സിനിമക്കായി.

മിസ്സിംഗ് (1982) എന്ന ചിത്രത്തിന്റെ ഡിസ്ക്ലൈമർ...
“This film is based on a true story. The inidents and facts are documented. Some of the names have been changed to protect the innocent and also to protect the film.”
ഇത്തവണ തന്നെയായിരുന്നു പ്രതിക്കൂട്ടിൽ.

തലപ്പാവ് എന്ന സിനിമയിൽ ഒരുപാട് നുണകൾ തുന്നിച്ചേർത്ത് കച്ചവടചരക്കാക്കി എന്നതിനു പുറമെ ഒരു വലിയ രാഷ്ട്രീയസത്യത്തെ പൈങ്കിളിവത്കരിക്കുകയും ചെയ്തിരിക്കുന്നു എന്ന് രാമചന്ദ്രൻ നായരുമായി സുദീർഘമായ അഭിമുഖം നടത്തി ഡോകുമെന്ററി തയ്യാറാക്കിയ ഒഡേസ സത്യൻ അഭിപ്രായപ്പെടുന്നു.

വർഗീസിനെയും രാമചന്ദ്രൻ നായരെയും കുറിച്ചുള്ള ഒരു സിനിമയിൽ സത്യസന്ധത പുലർത്താൻ കഴിയുന്നില്ലെങ്കിൽ എന്തിനാണിവർ സിനിമയെടുക്കുന്നത്...

Pramod.KM said...

(അ)സത്യപ്രസ്താവന ഇല്ലായിരുന്നെന്കില്‍ ആര്‍ക്കെങ്കിലും കേസുകൊടുക്കാന്‍ സാധ്യതയുണ്ടാകുമായിരുന്നോ?. അതോ,യഥാര്‍ത്ഥസംഭവങ്ങളെ ചിത്രീകരിക്കുമ്പോള്‍ ബന്ധപ്പെട്ട ആരെങ്കിലും കോടതിയില്‍ പോകാതിരിക്കാന്‍ ഇത്തരം പ്രസ്താവനകള്‍ പര്യാപ്തമാണോ?
റോബി അവസാനം പറഞ്ഞതാണ് കാര്യം.

kadathanadan:കടത്തനാടൻ said...

നിലനിൽക്കുന്ന മനുഷ്യാവകാശ-പൗരാവകാശ പ്രശ്നങ്ങളിലും,ജുഡീഷ്യറി-പോലീസ്‌ നടപടികളിലും ഒട്ടനവധി വിഷയങ്ങളെ സജീവമാക്കിയിരുന്നു സഖാവ്‌ വർഗീസിന്റെ രക്തസാക്ഷിത്വവും രാമചന്ദ്രൻ നായരുടെവെളിപെടുത്തലും.ഭരണകൂടത്തിന്റെ ഉപകരണമായിപ്രവർത്തിക്കുകയും മാറിയപ്പോൾ സത്യം വെളിപ്പെടുത്തിയതും ഭരണകൂടം സത്യം വെളിപ്പെടുത്തിയവന്നെതിരെ തിരിയുന്നതിയുംന്റെ അത്യപൂർവമായ കാഴ്ചയും ആയി ഇത്‌ മാറിയിരുന്നു.വർഗിസ്‌ കൊല്ലപ്പെട്ടത്‌ ഏറ്റുമുട്ടലിലൂടെയാണെന്ന് വരുത്തി തീർക്കാൻ വെടിവെച്ചു കൊന്നതിന്നു ശേഷം മാനന്തവാടി siമുഹമ്മദ്‌ കുഞ്ഞ്‌ വർഗീസിന്റ്‌ കണ്ണുകൾകെട്ടി ഒരു കള്ളത്തോക്ക്‌ മരിച്ച വർഗീസിന്റെ കയ്യിൽ പിടിപ്പിക്കുകയുമായിരുന്നു എന്ന് രാമചന്ദ്രൻ നായർ വെളിപ്പെടുത്തിയിരുന്നു.CBIചെയ്തതാവട്ടെ മറ്റുപ്രതികളെ രക്ഷിക്കാൻ രാമചന്ദ്രൻ നായരെ മുഖ്യപ്രതിയാക്കി.സത്യംവെളിപ്പെടുത്തിയ രാമചന്ദ്രൻ നായരെ മാപ്പുസാക്ഷി ആക്കിയിരുന്നെങ്കിൽ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടുമായിരുന്ന് എന്ന് പ്രഗൽഭരായ സീനിയർ അഡ്വക്കറ്റുകൾ ചൂണ്ടിക്കട്ടിയിരുന്നു.ഇതുപോലൊരു വെളിപ്പെടുത്തൽ ഇനി ഒരുപോലീസുകാരനും ആവർത്തിക്കാതിരിക്കാൻ വകുപ്പും ഡിപ്പാർട്ട്മെന്റുംശ്രദ്ധാലുക്കളാണ്.മറ്റ്പലരുമെന്നപോലെ മധുപാലിന്നും അദ്ദേഹത്തിന്റെ വീക്ഷണം വെച്ചു പുലർത്താനും സ്വതന്ത്ര ആവിഷ്ക്കാരം നടത്താനും അവകാശമുണ്ട്‌.സഖാക്കൾ വർഗീസും,രാജനും,വിജയനുമൊക്കെ ഒട്ടനവധി സിനിമകൾക്കും,മറ്റിതരസർഗപ്രക്രിയകൾക്കും,ഭരണവ്യവസ്ഥയെത്തന്നെ പിഴുതെറിയാനുള്ള ഊർജ്ജം പ്രസരിപ്പിക്കുന്നുണ്ട്‌.കെട്ടടങ്ങാതെ അതിനിയും നിലനിൽക്കുകയും ചെയ്യും ഇതിന്റെ സാദ്ധ്യതകളെ ഒരുപരിധിവരെ ഉപയോഗിക്കുന്നതും തെറ്റാവുന്നില്ല....പ്രശ്നം..ഗൗരവമേറിയ ഒരു ചർച്ചക്ക്‌ സാദ്ധ്യതയില്ലാത്ത ഒരു പതിവ്‌ കച്ചവട സിനിമയുടെ ഫോർമുലയിൽ തട്ടിക്കൂട്ടിയ തന്റെസിനിമയെ കച്ചവടക്കണ്ണോടെ ചരിത്രവുമായും വർഗീസുമായും ബന്ധിപ്പിക്കാൻ ഒളിഞ്ഞും,തെളിഞ്ഞും നടത്തുന്ന ശ്രമം..ആടിനെ പട്ടിയാക്കുകപിന്നെ അതിന്ന് ഭ്രാന്താണ് എന്ന് വരുത്തിതീർത്ത്‌ തല്ലിക്കൊല്ല്ലാൻ എളുപ്പമാക്കുന്ന വലത്പക്ഷസൂത്രമാണ്

simy nazareth said...

നക്സല്‍ വര്‍ഗ്ഗീസിനെ പിടിച്ച് സഖാവ് വര്‍ഗ്ഗീസ് ആക്കിയതെന്തേ? നക്സലിസത്തിലേയ്ക്ക് തിരിഞ്ഞപ്പോള്‍ പാര്‍ട്ടി ശത്രുവായി മുദ്രകുത്തിയതാണ് വര്‍ഗ്ഗീസിനെ.

വെള്ളെഴുത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നില്ല. ബാക്കി വായനക്കാര് ഒരു കമ്യൂണിസ്റ്റ് നേതാവായി പുള്ളിയെ തെറ്റിദ്ധരിക്കരുതല്ലോ.

Anonymous said...

എല്ലാ കമ്മൂസിനെയും സഖാവ് എന്നു പറയാറുണ്ട്. സി.പി.ഐ വെളിയം ഭാര്‍ഗവന്‍, സി.പി.ഐ.എം പിണറായി വിജയന്‍, സി.എം.പി എം.വി. രാഘവന്‍, ജെ.എസ്.എസ്.ഗൌരി അമ്മ എന്നൊന്നും പറയുന്നതായി അറിവില്ല. ചാരുമജുംദാര്‍ സഖാവ് ചാരുമജുംദാര്‍ ആണോ നക്സല്‍ ചാരുമജുംദാര്‍ ആണോ? സഖാവ് എന്ന പദം നക്സല്‍ എന്ന പദത്തെക്കാള്‍ എത്രയോ മേലെയാണ്. എല്ലാ അര്‍ത്ഥഥിലും.

വെള്ളെഴുത്ത് said...

:) അനോനിയ്ക്കൊരു നിറപുഞ്ചിരി. ഒതുക്കത്തില്‍ ഇതെങ്ങനെ പറയും എന്നാലോചിച്ചിരിക്കുകയായിരുന്നു ഞാന്‍.. സിമി എങ്ങനെ ഇത് അറിയാതെ പോയി?

kadathanadan:കടത്തനാടൻ said...

വിവരക്കേട്‌ എന്നനിലക്ക്‌ ഒഴിവാക്കാനാ എനിക്ക്‌ തോന്നിയത്‌. അങ്ങിനെ"പുള്ളി"യെക്കുറിച്ച്‌ അന്യേഷിച്ചപ്പൊൾ ടുറിലാണ്‌ ...ഫോട്ടോ എടുപ്പിന്റെയും,അടിച്ചു പൊളിക്കുന്നതിന്റെയും ഇടയിൽ... ബഹറിനിലെ പ്രേരണ ക്കാരായ സുഹൃത്ത്ക്കളെ ക്കെങ്കിലും സഖാവ്‌ വർഗീസ്‌ സഖാവായതിന്റെ"കഥ"ഒന്ന് പറഞ്ഞ്കൊടുത്തിരുന്നെങ്കിൽ എന്നാശിച്ചു പോവുകയാ

Anonymous said...

"ചെയുടെ മകള്‍ കേരളത്തില്‍ വന്നപ്പോള്‍ നമ്മളൊരിക്കല്‍ ‘രാജകീയമായ’ സ്വീകരണം തന്നെയൊരുക്കി"-
അയ്യ! നമ്മളോ? നിങ്ങളിൽ ചിലർ.ആൾദൈവങ്ങളുടെ മക്കളെ എഴുന്നെള്ളിച്ചതു നിങ്ങളിൽ ചിലർ.

Roby said...

സിനിമയിലെ രവീന്ദ്രൻ പിള്ളയുടെ മക്കളെപോലെ രാമചന്ദ്രൻ നായരുടെ മക്കളും കള്ളനും വേശ്യയും ഒക്കെയാണോ? അയാളുടെ ഭാര്യ പാമ്പുകടിയേറ്റു മരിച്ചപ്പോൾ ഒന്നു കാണാൻ രാമചന്ദ്രൻ നായരെയും ആരും അനുവദിച്ചില്ലേ?

ഇതിന്റെ facts എന്താണെന്ന് ആർക്കെങ്കിലും അറിവുണ്ടോ? ഒന്നു സഹായിക്കാമോ?

അതോ സിനിമയെടുക്കാനുള്ള കാശുണ്ടെന്ന അഹങ്കാരത്തിൽ സംവിധായകനും തെരക്കഥാകൃത്തും കൂടി, വർഗീസിന്റെ പേരും പറഞ്ഞ്‌, ഒരു പാവം കുടുംബത്തെ നാണം‌കെടുത്തുകയായിരുന്നോ?