September 12, 2008

ഓലക്കുടയുടെ കീഴെവിഷ്ണുവിന്റെ ‘വാമനന്‍’ രണ്ടു അസുരരാജാക്കന്മാരെ ചവിട്ടി താഴ്ത്തിയിരുന്നു. പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനായ മഹാബലിയുടെ കാര്യത്തിനു കിട്ടിയ പ്രസിദ്ധി മറ്റേയാള്‍ക്ക് എന്തുകൊണ്ടോ കിട്ടിയില്ല. രണ്ടാമത്തെയാള്‍ കാശ്യപന് ദയ എന്ന ഭാര്യയില്‍ ജനിച്ച ധുന്ധുവാണ്. ബാലനായിരിക്കുന്ന സമയത്തു തന്നെ ഈ ധുന്ധു, സ്വര്‍ഗത്തില്‍ച്ചെന്ന് ഇന്ദ്രനെയും അനുസാരികളെയുമൊക്കെ അടിച്ചോടിച്ച് അവിടെ രാജാവായി വാണു. അന്ന് ഹിരണ്യകശിപു -സംശയിക്കേണ്ട പ്രഹ്ലാദന്റെ അച്ഛന്‍ തന്നെ- ഈ ധുന്ധുവിന്റെ ആശ്രിതനായി മന്ദരപര്‍വതത്തിന്റെ പരിസരപ്രദേശത്ത് കഴിഞ്ഞു കൂടുകയായിരുന്നു. സ്വര്‍ഗം നഷ്ടപ്പെട്ട ദേവന്മാര്‍ വിഷ്ണുവിനെ ചെന്നു കണ്ടു പരാതി പറഞ്ഞു. വിഷ്ണു അവരെ സമാധാനിപ്പിച്ചയച്ചിട്ട് വാമനവേഷധാരിയായി ദേവികാജലത്തില്‍ ചെന്ന് പൊങ്ങിക്കിടന്നു. അശ്വമേധത്തിനു വ്രതം ദീക്ഷിച്ചിരുന്ന ധുന്ധുവും സന്ന്യാസിമാരും അതുവഴി വരുമ്പോള്‍ വെള്ളത്തില്‍ക്കിടക്കുന്ന ബാലനെ കണ്ടു. ഒരു വര്‍ഷം അവന്‍ അവിടെ കിടക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. തറവാട്ടു സ്വത്ത് ഭാഗം വയ്ക്കുന്നതു സംബന്ധിച്ച വഴക്കില്‍ ചേട്ടന്‍ എടുത്തെറിഞ്ഞതാണ് ഈ പുഴയില്‍ എന്ന വാമനന്റെ കള്ളം രാജാവു വിശ്വസിച്ച് അവനുവേണ്ട പാര്‍പ്പിടവും മറ്റു സമ്പത്തും നല്‍കാന്‍ തയ്യാറായി. സ്വത്ത് വിപത്താണെന്ന് തിരിച്ചരിഞ്ഞു കഴിഞ്ഞ വാമനന്‍ പറഞ്ഞു : ഒന്നും വേണ്ട.. മൂന്നടി മണ്ണുമാത്രം! സമ്മതത്തോടെ തീര്‍ന്നു, ധുന്ധുവിന്റെ കഥ. വാമനന്റെ ത്രിവിക്രമരൂപം രണ്ടടിയളന്നിട്ട് മൂന്നാമതു അളക്കാന്‍ സ്ഥലമില്ലാത്ത ദേഷ്യത്തില്‍ രാജാവിന്റെ മേലേയ്ക്ക് വീണപ്പോള്‍ ഉണ്ടായ ഗര്‍ത്തത്തില്‍ അദ്ദേഹത്തെ പിടിച്ചിട്ട് പൊടിയിട്ടു മൂടി എന്ന് പദ്മപുരാണം. പാതാളത്തിലേയ്ക്കു തന്നെ.

രണ്ടു തലമുറയ്ക്കു ശേഷമാണ് മഹാബലി വരുന്നത് എന്നിട്ടും കഥയ്ക്കും വാമനാവതാരത്തിനും വലിയ വ്യത്യാസമില്ല. ധുന്ധുവിന്റെ വിധി നിശ്ചയിച്ച വാമനന്‍ താന്‍ പ്രഭാസന്റെ പുത്രനാണെന്ന് പറയുന്നു. മഹാബലിയെ ചവിട്ടിയ വാമനന്‍ കശ്യപന്റെയും അദിതിയുടെയും പുത്രനാണ്. ഭാദ്രപദമാസത്തില്‍ ശുക്ലപക്ഷത്തില്‍ പന്ത്രണ്ടാം തീയതി ശ്രാവണം നക്ഷത്രത്തില്‍ അഭിജിത്തെന്ന മുഹൂര്‍ത്തത്തിലാണ് ജനനം. അതു തന്നെ തിരുവോണം. വിഷ്ണുഭക്തനായ പ്രഹ്ലാദനായിരുന്നു മഹാബലിയുടെയും വഴികാട്ടി. സ്വാഭാവികമായും അദ്ദേഹം വിഷ്ണുവിനോട് അതിരുവിട്ട വിധേയത്വം പുലര്‍ത്തി. (അതു ദൈത്യധര്‍മ്മമല്ല, എന്നിട്ടും. ‘പരധര്‍മ്മോ ഭയാവഹഃ’ എന്നു ഉപദേശിച്ചത് കൃഷ്ണന്‍ തന്നെയാണ്, വിഷ്ണുവിന്റെ മറ്റൊരവതാരം) വാമനന് മൂന്നടി മണ്ണു ദാനം ചെയ്യാനുള്ള മഹാബലിയുടെ ഒരുക്കത്തെ തടഞ്ഞ് പരാജയപ്പെട്ട ശുക്രാചാര്യര്‍ ദര്‍ഭപുല്ലുകൊണ്ടുള്ള വലതു കണ്ണും പൊത്തിപ്പിടിച്ച് ഇച്ഛാഭംഗം തീര്‍ത്തത് ഒരു ശാപത്തിലൂടെയാണ്. “അങ്ങ് പണ്ഡിതനെന്ന് സ്വയം അഹങ്കരിക്കുന്നു. എന്നാല്‍ അങ്ങ് അജ്ഞനും മന്ദനും അനുസരണയില്ലാത്തവനുമാകയാല്‍ അങ്ങയുടെ എല്ലാ ഐശ്വര്യങ്ങളും നശിച്ചുപോകട്ടേ..” എന്ന്. (ഭാഗവതം എട്ടാം സ്കന്ധം)

സത്യസന്ധനും ധര്‍മ്മിഷ്ഠനുമാകാന്‍ ശ്രമിച്ച മഹാബലിയെന്തു പിഴച്ചു? ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധത്തിനിടയ്ക്കുള്ള ഒരു ഉടമ്പടിയില്‍ കുറിയവനായ വാമനന് അളക്കാന്‍ കഴിയുന്ന ഭൂമി വിട്ടുകൊടുക്കാന്‍ അസുരന്മാര്‍ തയ്യാറായതായി ഒരു കഥ ശതപഥബ്രാഹ്മണത്തിലുണ്ട്. (വാമനകഥയുടെ മൂലരൂപം ഋഗ്വേദത്തിലും തൈത്തരീയ സംഹിതയിലും തൈത്തരീയബ്രാഹ്മണത്തിലുമുണ്ട്. മഹാഭാരതത്തിലും ഹരിവംശത്തിലുമുണ്ട്. ഭാഗവതം കഥ വിശദീകരിക്കുന്നു) വാമനനെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള പരാമര്‍ശം ഇതാണ്. ഈ കരാറാണ് വാമനമിത്തിന്റെ കരട്. കര്‍ണ്ണാടകത്തിലെ ബദാമി, പട്ടടക്കല്‍, തമിഴ്‌നാട്ടിലെ മഹാബലിപുരം, കാഞ്ചീപുരം, നാംക്കല്‍, കുംഭകോണം, ശുചീന്ദ്രം, മഹാരാഷ്ട്രയിലെ എല്ലോറ, മധ്യപ്രദേശിലെ രാജീവലൊചന, രാജസ്ഥാനിലെ അബനേരി, ഓസ്യ, ഒറീസയിലെ ഉദയഗിരി, ഉത്തര്‍പ്രദേശിലെ ഭീതര്‍ ഗോം എന്നിവിടങ്ങളിലൊക്കെ വാമനകഥ ശിലാരൂപങ്ങളായി കൊത്തി വച്ചിട്ടുണ്ട്. ലോഹ-ദാരു ശില്പങ്ങളും ചുമര്‍ച്ചിത്രങ്ങളുമായി മറ്റു പലേടത്തും. ഇന്ത്യയൊട്ടാകെ വേരോട്ടമുണ്ടായിരുന്ന ഒരു മിത്തായിരുന്നു ഇതെന്നര്‍ത്ഥം. കേരളത്തില്‍ ആലത്തിയൂര്‍, ഊരമന, തൃപ്രയാര്‍, ചുടുവാലത്തൂര്‍, പാഴൂര്‍ എന്നിവിടങ്ങളിലാണ് വാമനന്റെ ത്രിവിക്രമ (വാമനന്റെ വിശ്വരൂപം) ചുവര്‍ച്ചിത്രങ്ങളുള്ളത്. പദ്മനാഭക്ഷേത്രത്തിലേത് കരിങ്കല്‍ ശില്പവും കവിയൂര്‍ ക്ഷേത്രഭിത്തിയിലേത് ദാരുശില്പവുമാണ്. ശ്രദ്ധേയമായ സംഗതി ബലിയെ അല്ലാതെ ധുന്ധുവിനെ ഒരിടത്തും കാണാനില്ല എന്നതാണ്.

ഇന്ത്യ മുഴുവന്‍ പ്രചാരമുണ്ടായിരുന്ന ഒരു മിത്ത് മലയാളിയുടെ സ്വകാര്യവും പ്രധാനവുമായ ഉത്സവം ആയിത്തീര്‍ന്നു. എങ്ങനെയോ. (പട്ടം താണുപിള്ളയാണ് മുന്‍പിന്‍ നോക്കാതെ ഓണത്തെപ്പിടിച്ച് ദേശീയോത്സവമാക്കിയത്. അതു ശരി. ഓണം കൊള്ളാന്‍ ചിലരെങ്കിലും കാണം അതിനു മുന്‍പേ തന്നെ വിറ്റു തുടങ്ങിയിട്ടുണ്ടായിരുന്നല്ലോ... ) കുടിയേറി പാര്‍ത്തവരും വിവിധ രാജവംശങ്ങളുടെ സ്വാധീനതയുമൊക്കെയാവണം മിത്തുകളെ പല പരിവേഷങ്ങളണിയിച്ച് കൂടെ നടത്തിയത്. പക്ഷേ നമ്മളീ മിത്തിനെ തകിടം മറിച്ചാണ് സ്വീകരിച്ചതെന്ന കാര്യമാലോചിക്കുമ്പോഴാണ് സന്തൊഷകരമായ ഒരിദ് ! ഭാഗവതം വാമനാവതാരത്തെയാണു പ്രകീര്‍ത്തിക്കുന്നതെങ്കിലും നമ്മള്‍ ബലിയ്ക്കു പിന്നാലെയാണ് യാത്ര ചെയ്തത്. പാതാളത്തില്‍ നിന്ന് അദ്ദേഹമെത്താനാണ് സദ്യയൊരുക്കി കാത്തിരിക്കുന്നത്. സത്യത്തില്‍ സ്നേഹവാത്സല്യങ്ങളുള്ള കാരണവരല്ലേ മഹാബലി? പഴയ മരുമക്കത്തായ തറവാടുകളിലെ. പ്രഭുത്വ വ്യവസ്ഥിതിയിലെ. ഇനിയും മാഞ്ഞു പോകാത്ത ചില പ്രസാദങ്ങള്‍. ഇലയില്‍ ഉണ്ണാന്‍ കൊതിക്കുകയും വാട്ടിയ വാഴയിലയുടെ ഗന്ധത്തെക്കുറിച്ചു പറഞ്ഞ് ഗൃഹാതുരമായ നെടുവീര്‍പ്പിടുകയും ചെയ്യുന്ന നമ്മളില്‍ പഴയ എന്തൊക്കെയോ ഉണ്ട്. അതുകൊണ്ടല്ലേ അദ്ദേഹത്തിന് കുടവയറും കൊമ്പന്‍ മീശയും വന്നുപോകുന്നത്? കാക്കുടകൂടിയുണ്ട് മഹാബലി ചിത്രങ്ങളില്‍. വാമനന്റെ കൈയില്‍ നിന്ന് അതു വാങ്ങി നാം ബലിയെ എല്‍പ്പിച്ചതാണ്. (മേല്‍പ്പറഞ്ഞ ശിലാദാരു ശില്പങ്ങളിലൊക്കെ കുട വാമനന്റെ കൈയിലാണ്. മഹാബലി കുടയും ചൂടി നില്‍ക്കുന്ന ഒരു ചിത്രീകരണവുമില്ല) ആ കുട നമ്മുടെ കരുണയുടെയും കരുതലിന്റെയും പ്രതീകമാണ്. ബലി ഒരു ഫാദര്‍ ഫിഗറാണ്. അനുകമ്പാര്‍ഹനായ രക്ഷകന്‍. കടുത്ത വെയിലില്‍ നിന്ന് രക്ഷപ്പെടാന്‍ സൂര്യന്‍ തന്നെയാണ് ചെരിപ്പും കാക്കുടയും (കാക്കാനുള്ള കുട, കാവല്‍ക്കുട. ഓലക്കുട. ‘മറക്കുട’ മഹാദുരിതമായിരുന്നു. പക്ഷേ ഇതു അതല്ല) ജമദഗ്നിയ്ക്കു നല്‍കിയതെന്ന് ഒരു കഥയുണ്ട് മഹാഭാരതം അനുശാസന പര്‍വത്തില്‍. ‘വൈശാലി’യിലെ രാജാവിന്റെ ശരീരഘടന നമ്മുടെ ശീലങ്ങളില്‍ മഹാബലിയ്ക്കുണ്ടാവാത്തതിനു കാരണം രാജാവായിട്ടല്ല മഹാബലി നമ്മുടെ അബോധത്തിന്റെ വാതിലുകള്‍ തുറന്നു വരുന്നത് എന്നതാണ്. മറിച്ച് പഴയൊരു കാരണവരായിട്ടാണ്. വാമനനു കൊടുക്കേണ്ട ആദരവ് നമ്മുടെ സ്വന്തം ആളായിരുന്ന ഒരു കാരണവരിലേയ്ക്ക് നാം വച്ചു മാറി. അതാണു കാര്യം. അപ്പോള്‍, ശരിക്കും ചവിട്ടിയവന്റെ അക്രമപരതയിലല്ല, അധൃഷ്യതയിലല്ല, അവനോടൊപ്പം നിന്നാല്‍ കിട്ടാവുന്ന പ്രയോജനങ്ങളിലല്ല, ചവിട്ടുകൊണ്ടവന്റെ നീതിയിലും നിസ്സഹായതയിലും ആര്‍ദ്രമാവുന്ന ഒരു ഒരു മനസ്സ്, കളക്ടീവ് കോണ്‍ഷ്യസ്‌നെസ് മലയാളിയ്ക്കുണ്ടായിരുന്നു. നമ്മുടെ സ്വന്തം ആളെന്ന മനസ്സ്.

എവിടെ വച്ചാണതു കൈമോശം വന്നത്?
Post a Comment