August 10, 2010
ഇലകൾ പച്ച പൂക്കൾ മഞ്ഞ
ചാതുർവർണ്യത്തിന്റെ നിയമമനുസരിച്ച് പേരിൽ ശർമ്മയുള്ളയാൾ ബ്രാഹ്മണനും വർമ്മ ക്ഷത്രിയനും ഗുപ്തൻ വൈശ്യനും ദാസൻ ശൂദ്രനുമാണ്. ഓരോ ജാതിയ്ക്കും ഓരോ നിറവുമുണ്ട്. ബ്രാഹ്മണന് വെളുപ്പ്, ക്ഷത്രിയനു ചുവപ്പ്, വൈശ്യന് മഞ്ഞ, ശൂദ്രനു കറുപ്പ് എന്നിങ്ങനെ. ഈ നിറങ്ങളെ വംശീയ വർണ്ണങ്ങളായി ബന്ധപ്പെടുത്തി ജാതിയുടെ ഉത്പ്പത്തി ചരിത്രം അറിയാമെന്നു വാദിക്കുന്ന പണ്ഡിതരുണ്ട്. (നൃപേന്ദ്രകുമാർ ദത്ത്, എച്ച് കെ സന്തോഷിന്റെ ‘ജാതിവ്യവസ്ഥയും ഫോൿലോറും’ എന്ന ലേഖനം - കഥകളിയിലെ കഥാപാത്രവിഭജനത്തിൽ നിറങ്ങൾ കടന്നു വരുന്നില്ലേ?) ഭക്ഷണം മറ്റൊരു പ്രധാന ഘടകമാണ്. ഇറച്ചി തിന്നവർ ജാതിയിൽ താണുപോയത്രേ. അതിൽ തന്നെ പ്രത്യേക ജന്തുക്കളെ തിന്നുന്നവർ അതിലും താണു. പെരുച്ചാഴിയെയും കാക്കയെയും പട്ടിയെയും തിന്നുന്ന ഒട്ടർ. (ബ്രാഹ്മണരിലെ ‘ഇളയത്’ നാറാണത്തുഭ്രാന്തനോടൊപ്പം പോയി പെറുക്കിത്തിന്ന് ജാതിയിൽ താണുപോയവരാണ് എന്നും കഥയുണ്ട്. ഭ്രാന്തൻ തന്നെ ഒരു ‘ഇളയതാ’ണ്) കേരളത്തിലെ ബ്രാഹ്മണാധിനിവേശത്തെ പിന്തുണയ്ക്കുമ്പോൾ തന്നെ ഇവിടത്തെ ജാതിവ്യവസ്ഥയുടെ വിശകലനത്തിന് ചാതുർവർണ്യത്തിന്റെ നാലുകള്ളികൾ പോരാതെ വരും. ഉപജാതികൾ പെരുകുകയും കീഴേത്തട്ടിലുള്ളവർ പലകാരണങ്ങൾ കൊണ്ട് മേൽത്തട്ടിൽ കയറുകയും ചിലപ്പോൾ ചിലപ്പോൾ തിരിച്ച് തകിടം മറിയുകയുമൊക്കെ ചെയ്യുന്ന ഗംഭീരൻ സർക്കസാണ് കേരളത്തിലെ ജാതി ചരിത്രം. 64 ആണ് കേരളത്തിലെ പഴയ ഔദ്യോഗികമായ ജാതി എണ്ണം. ഈ ജാതിക്കകത്തൊക്കെ അന്തരാലജാതികൾ പെരുകി ആകെ അവ്യവസ്ഥിതമാണ് ആസന്ന ഭൂതകാലത്തിലെ പോലും ജാതിവ്യവസ്ഥ. ജാതികൾക്കിടയിൽ എന്ന പോലെ ഉപജാതികൾക്കിടയിലും കടുകിട നീക്കമില്ലാത്ത ശുദ്ധാശുദ്ധവിവേചനം- അയിത്തം- ശക്തമാണ്. മാത്രമല്ല ജാതിയുടെ പൊതു പശ്ചാത്തലഘടന അതേപടി ഉപജാതികൾക്കകത്തു കയറി പ്രവർത്തിക്കുന്നതുകാണാം. സമൂഹത്തിൽ ബ്രാഹ്മണ്യത്തിനുള്ള മേൽക്കോയ്മ പോലെ കീഴാള ജാതികളിലും അധികാരത്തിന്റെ മേൽത്തട്ടും വിധേയത്വത്തിന്റെ കീഴ്ത്തട്ടും ഉണ്ടാവും. മാത്രമല്ല. ജാതിവ്യവസ്ഥയെ പരിപാലിച്ച ഘടന എങ്ങനെയോ ഏറ്റവും താഴ്ന്ന ജാതിക്കാരിൽ പോലും പൊതു സാമൂഹികവ്യവസ്ഥയിൽ തങ്ങൾക്കും അംഗീകാരവും സ്ഥാനവും ലഭിക്കുന്നുണ്ടെന്ന ബോധത്തെ നിലനിർത്തിയിരുന്നു. തനിക്കു താഴെയുള്ളവരുടെ സാന്നിദ്ധ്യം വഴിയാണിത്. വാലുകടിക്കുന്ന സർപ്പം!
ഇതുകൊണ്ടുണ്ടായ ഒരു കുഴപ്പം, ജാതീയമായ ശ്രേണീവ്യവസ്ഥയെ എന്ത് എങ്ങനെയെന്ന് വിവരിക്കാനുള്ള ബദ്ധപ്പാടാണ്. മുകളിൽ പറഞ്ഞ പ്രകാരം ഇത്രയും സ്ഥൂലമായി ഇക്കാര്യം വിവരിക്കാനുള്ള കാരണം മറ്റൊന്നാണ്. നമ്മുടെ വാമൊഴി വഴക്കങ്ങളിൽപ്പെട്ട അപൂർവം ചില കഥകളിലെ അധികാര വിമർശനത്തിന് കാലിക സാധുത എത്രത്തോളമുണ്ടെന്ന കാര്യമാണ് അത്. ഇ പി രാജഗോപാലൻ എഴുതിയ ഒരു ലേഖനത്തിൽ (തകരത്തമ്പുരാൻ , മാധ്യമം ആഴ്ചപ്പതിപ്പ്) കോതവർമ്മൻ എന്ന കീഴാളനായ തെയ്യം കെട്ടുകാരൻ നാടുവാഴിത്തമ്പുരാനെ പ്രതീകാത്മകമായി വിമർശിച്ച ഒരു നാടോടി കഥയുടെ ആന്തരാർത്ഥങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. തമ്പുരാനും സേവകനും കൂടി നടന്നു വരുന്ന വഴിക്ക് കോതോർമ്മൻ ഓരത്ത് കൂട്ടമായി തഴച്ചു നിന്നിരുന്ന തകരച്ചെടികളുടെ മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു കിടക്കുകയാണ്. ‘ഇതെന്തന്ന് വഴിക്കിങ്ങനെ കിടക്കണത്?’ എന്ന് തമ്പുരാൻ ചോദിച്ചപ്പോൾ “ നമസ്കരിക്കണതാണേ, അടിയനെ പട്ടിണീന്ന് രക്ഷിക്ക്ന്ന തവരത്തമ്പുരാനെ നമസ്കരിക്കുന്നതാണേ” എന്നായിരുന്നു കോതോർമ്മന്റെ മറുപടി. രാജാവിന്റെ (നാടുവാഴിയുടെ) ഏകാധികാരസ്ഥാനത്തെ വെല്ലുവിളിക്കുന്നൊരു മറുപടിയാണ് കോതർമ്മന്റെ. മാത്രമല്ല ‘തവരത്തമ്പുരാൻ’ എന്ന പ്രയോഗത്തിൽ ഒരു നിഷേധം ഉണ്ട്. ആർക്കും വേണ്ടാത്ത ചെടിയാണ് തകര. വറുതികാലങ്ങളിൽ പാവപ്പെട്ടവന്റെ ആഹാരമാണ് അത്. ഈ രണ്ടു കാര്യം ചേർത്തു വച്ചിട്ട് രാജാധികാരത്തെ തന്നെ വെല്ലുവിളിക്കുന്നതിലുള്ള ഒരു തയ്യാറെടുപ്പ് ഇതിലുണ്ടെന്നാണ് ഇ പി പറയുന്നത്.
ഇതൊരു നാട്ടുപുരാവൃത്തമാണ്. മിക്ക പുരാവൃത്തങ്ങളിലും പ്രവൃത്തിയുടെ പരോക്ഷസാരം യുക്തിയെ കീഴടക്കി നിൽക്കുന്നതാണ് നാം കാണുന്നത്. ഇവിടെയുമതേ. തെയ്യം കെട്ടുന്ന സാധു ഒരു ദിവസം ദൈവമായി തമ്പുരാക്കന്മാരെ തന്റെ മുന്നിൽ കുമ്പിടീക്കും പോലെ സവിശേഷമായ ഒരു മാനസികപ്രതിക്രിയ ഇതിലുമുണ്ട്. അതു കോതർമ്മനിലെന്നപോലെ വിനീത നിഷേധിയായ കോതർമ്മനെ സൃഷ്ടിച്ച സർഗാത്മകമായ മനസ്സിലും ഈ കഥ വാമൊഴിയായി പ്രചരിക്കവേ ആളാം വണ്ണം കൂട്ടിച്ചേർക്കപ്പെടുന്ന വർണ്ണനകളിലും അതുണ്ട്. കുഞ്ചൻ നമ്പ്യാരെപ്പറ്റി പ്രചരിക്കുന്ന കഥകളിൽ ഈ പ്രതിക്രിയ പ്രത്യക്ഷപ്പെടുന്നത് ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിനെതിരെയുള്ള വെല്ലുവിളിയായും ബ്രാഹ്മണ്യത്തിനെതിരെയുള്ള പരിഹാസമായുമൊക്കെയാണ്. (കാർത്തിക തിരുന്നാൾ ധർമ്മ) രാജാവിന്റെ മുന്നിൽ വച്ച് ഒരിക്കൽ ഇളകി ചാണക്കമിടുന്ന പശുവിനോട് നമ്പ്യാർ ‘പക്കത്താണോ ഊണ്’ എന്നു ചോദിച്ചെന്നാണ് ഒരു കഥ. കൈപ്പുഴ നമ്പൂതിരിയെ കൊട്ടാരം പരദൂഷണവ്യവസായത്തിൽ നിന്നു കെട്ടുകെട്ടിച്ചകഥയിലും പദ്മനാഭക്ഷേത്രത്തിലെ സർവാധിപതിയായ ‘നമ്പി’യെ (നമ്പി ആരെന്നു ചോദിച്ചു/ നമ്പിയാരെന്നു ചൊല്ലിനേൻ..) ഇളിഭ്യനാക്കിയ കഥയിലും ‘പാൽപ്പായത്തിന്റെ കയ്പ്പ്’ അടിയന് ഇഷ്ടമാണെന്ന് തട്ടി വിട്ട കഥയിലും ക്ഷേത്രത്തിലെ കമ്പവിളക്കിനെപ്പറ്റിയുള്ള പൊട്ടശ്ലോകത്തിലും (ദീപസ്തംഭം മഹാശ്ചര്യം/ നമുക്കും കിട്ടണം പണം..) ബുദ്ധികുശലതയോടൊപ്പം അധികാരത്തെ കൂസാത്ത മനോഭാവം കൂടി പ്രകടമാണ്.
ആളുകളെ, പ്രത്യേകിച്ചും അധികാരവും ഗർവും കൂടി കണ്ണുകാണാൻ പാടില്ലാതായ കൂട്ടരെ മധ്യമരാക്കാൻ തുനിഞ്ഞിറങ്ങിയ വികടവാക്കായ മറ്റൊരു മനുഷ്യൻ നടുവിലേപ്പാട്ടു ഭട്ടതിരിയാണ്. (ഐതിഹ്യമാല) അര നിറയെ പൊന്നേലസും അരഞ്ഞാണവും ധരിച്ച് അകം കാണാവുന്ന ഒറ്റമുണ്ടുമുടുത്തു പോകുന്ന സർവാധികാര്യക്കാരോട് ഭട്ടതിരി ചെന്നു ചോദിച്ചത് ‘ആസനത്തിൽ കടിച്ചോട്ടേ’ എന്നാണ്. പരാതി രാജാവിന്റെ മുന്നിലെത്തിയപ്പോൾ കാര്യം തുറന്നു പറഞ്ഞുകൊണ്ട് വാക്കിലല്ല അശ്ലീലം കാര്യക്കാരുടെ പ്രവൃത്തിയിലാണെന്ന് അതീവ വിനീതനായി ബോധ്യപ്പെടുത്താൻ ഭട്ടതിരിക്കു കഴിഞ്ഞു. ഫലം നേരിയ മുണ്ടുടുത്ത് ആരും രാജാവിന്റെ മുന്നിൽ ചെല്ലാൻ പാടില്ലെന്ന ഉത്തരവായിരുന്നു. മന്നത്തരങ്ങളിൽ വിരുതനായ മുട്ടസ്സു നമ്പൂതിരി ഒരിക്കൽ തിരുവനന്തപുരത്തു വന്നപ്പോൾ തല മുണ്ടുകൊണ്ടു മൂടി ഒരു വലിയ കൽത്തൊട്ടിയിൽ ഇറങ്ങി മുഖം മാത്രം പുറത്തുകാട്ടിക്കൊണ്ടിരുന്നാണ് ‘മുഖം കാണിക്കുക’ എന്ന ആചാരവാക്കിനെ അപനിർമ്മിച്ചത്. (ഐതിഹ്യമാല) നമ്പ്യാരുടെയും നടുവിലേപ്പാട്ടിന്റെയും കഥകളിൽ കടന്നു വരുന്ന മറ്റൊരു ഘടകത്തെകൂടി പരിഗണിക്കാതെ കഥകളുടെ ‘കൂട്ടായ്മാ’ (ഫോക്ക്) മൂലകം പൂർത്തിയാവില്ല. സ്ത്രീകളോടുള്ള ഇവരുടെ മനോഭാവമാണത്. ‘ഇവരുടെ’ എന്നാൽ ഈ കഥാപാത്രനിർമ്മാണവും അതിന്റെ ആസ്വാദനവും നിർവഹിക്കപ്പെടുന്നത് ഏതു സമൂഹത്തിലാണോ ആ കൂട്ടായ്മയുടെ എന്നും അർത്ഥം. കുഞ്ചന്റെ ‘കാതിലോലാ നല്ലതാളി’ കഥ പ്രസിദ്ധമാണ്. അതിൽ സ്ത്രീയ്ക്ക് പിണയുന്ന പരോക്ഷമായ ഒരിളിഭ്യത നിഹിതമാണ്. അതാണ് ആ ഫോക്കിന്റെ രസനീയമായ വശവും. നടുവിലേപ്പാട്ടു നമ്പൂതിരി വടക്കുംനാഥക്ഷേത്രത്തിൽ നിത്യേന വന്ന് ഉടലോടെ സ്വർഗത്തിൽ പോകാൻ ആഗ്രഹിച്ചൊരു സ്ത്രീയെ അമാവാസി ദിവസം അർദ്ധരാത്രിയ്ക്ക് ആൽത്തറയിൽ വിളിച്ചു വരുത്തി വസ്ത്രമെല്ലാം ഊരിച്ച് ഒരു തൊട്ടിലിൽ ഇരുത്തി മരത്തിന്റെ കൊമ്പിൽ കെട്ടി വച്ചിട്ട് സ്ഥലം വിട്ടു. പിറ്റേന്ന് നാട്ടുകാരെല്ലാം കാഴ്ച കണ്ടു. അപമാനിതയായ ഈ സ്ത്രീയെപ്പറ്റിയുള്ള കഥ കൊട്ടാരത്തിൽ ശങ്കുണ്ണി ഉപസംഹരിക്കുന്നതിങ്ങനെ : അതോടു കൂടി ആ സ്ത്രീ ഉടലോടുകൂടി സ്വർഗത്തിൽ പോകണമെന്നുള്ള ആഗ്രഹവും പ്രാർത്ഥനയും വേണ്ടെന്നു വച്ചു. എന്നു മാത്രമല്ല ലജ്ജകൊണ്ട് പുറത്തിറങ്ങി അധികം സഞ്ചരിക്കാതെയുമായി.
ആദ്യത്തെ കഥയിലേയ്ക്ക് പോകാം. കോതർമ്മന്റെ സംസ്കരിച്ച രൂപം ഗോദവർമ്മ എന്നാണ്. ഇ പി രാജഗോപാൽ വ്യക്തമാക്കുമ്പോലെ അതൊരു കീഴാളനാമമാണോ എന്നു സംശയം. കോതോർമ്മന്റെ പ്രവൃത്തിയിലുള്ള അയിത്തപരമായ നിശ്ശബ്ദത ഇക്കാര്യത്തെ കൂടുതൽ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. തമ്പുരാൻ സ്വാഭാവികമായും നാടു വാഴിയായിരിക്കണം. വാചികരൂപേണ പ്രചരിക്കുന്ന കഥകളിൽ നാടുവാഴികളും പ്രഭുക്കന്മാരും രാജാക്കന്മാരായി പരിണമിക്കും. കുഞ്ചൻ നമ്പ്യാർ എന്ന അമ്പലവാസിയും ഭട്ടതിരി, നമ്പൂതിരി തുടങ്ങിയ മേൽജാതിക്കാരുമാണ് അധികാരത്തെ ചോദ്യം ചെയ്യുന്ന കഥാപാത്രങ്ങളായി മേൽപ്പറഞ്ഞ കഥകളിൽ പ്രത്യക്ഷപ്പെട്ടത്. അങ്ങേയറ്റം ദേശപരമാകയാൽ കോതർമ്മനെപ്പറ്റിയുള്ള മറ്റുകഥകൾ നമുക്കറിയില്ല എന്നാൽ മറ്റുള്ളവരുടെ സ്ഥിതി അതല്ല. അതുകൊണ്ട് അവരെക്കുറിച്ചുള്ള കഥകെട്ടുകളിലെ മറ്റംശങ്ങളും വിശകലനം ചെയ്യാൻ നമുക്ക് അവസരം ലഭിക്കുന്നു. അപ്പോൾ കഥകളിലെ കഥാപാത്രങ്ങൾ അധികാരവുമായി ചാർച്ചയുള്ള മേൽജാതിക്കാരാണ്, അവരിൽ തന്നെ അധികാരവുമായി ബന്ധപ്പെട്ട മറ്റംശങ്ങൾ സജീവമാണ്. സ്ത്രീകളെ ഇളിഭ്യരാക്കാനുള്ള താത്പര്യം അങ്ങനെ വരുന്നതാണ്. ഒരു പടി കൂടി കടന്നാൽ ഇവർ നിരവധി സങ്കൽപ്പങ്ങൾ കൂട്ടിക്കലർത്തി നിർമ്മിക്കപ്പെട്ട മൊസൈക്ക് രൂപങ്ങളാണ് എന്നു മനസ്സിലാവും. അധികാരത്തെ വെല്ലുവിളിച്ച കഥാപാത്രങ്ങളായല്ല വാമൊഴി വഴക്കത്തിൽ ഇവരുടെ നില, മറിച്ച് അത്തരം നിലപാടിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ രൂപം നൽകിയ മായിക കഥാപാത്രങ്ങളായാണ്. അതുകൊണ്ടാണ് കാലക്രമങ്ങളും സാമൂഹികമായ ശ്രേണീവ്യവസ്ഥകളും കഥകളിൽ തകിടം മറിയുന്നത്. (ഒരു കഥയിൽ കുഞ്ചൻ നമ്പ്യാരും എഴുത്തച്ഛനും തമ്മിൽ ശ്ലോകത്തിൽ വാഗ്വാദമുണ്ട്!) സംസ്കാരം തന്നെ വലിയൊരു ചിഹ്നവ്യവസ്ഥയാണെന്ന് നമുക്കറിയാം. നിരന്തരം അഴിയുകയും മുറുകുകയും ചെയ്യുന്ന ചിഹ്നങ്ങളുടെ ഒരു കൂട്ടം. അതിൽ ഓരോന്നും മറ്റൊന്നിനെ ചൂണ്ടുന്നു. അവയോരോന്നും വേറോന്നിനെയും. പക്ഷേ മനുഷ്യനാണ് ഏറ്റവും വലിയ ചിഹ്നം എന്നും അവന്റെ പുരാവൃത്തങ്ങളും വർത്തമാനങ്ങളും പരസ്പരം കലവറയില്ലാതെ വച്ചുമാറുന്നു എന്നും നമ്മൾ സങ്കോചമില്ലാതെ മനസ്സിലാക്കുന്നത് ഇങ്ങനെയുള്ള കഥകൾക്കു മുന്നിൽ നിന്നു കൊണ്ടാണ്.
പുസ്തകം
ഫോൿലോർ പഠനങ്ങൾ - കേരളസർവകലാശാല
ഐതിഹ്യമാല
Subscribe to:
Post Comments (Atom)
2 comments:
ഒരുവിധം കൊള്ളാവുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവനേതോ പേട്ടേരിക്കോ, ആ സൈസിൽപെട്ട മറ്റ് പൂണൂൽ വരത്തനോ പിറന്നതാണെന്ന് മുഴത്തിന് മുഴത്തിന് എഴുതിവച്ചിട്ടുള്ള ഐതിഹ്യമാലയിൽ നമ്മുടെ (മലയാളികളുടെ) ചരിത്രം തേടുന്നതിനെ മിതപ്പെടുത്തി ഇങ്ങനെ വിശേഷിപ്പിക്കാം: Irresponsible.
കൊട്ടാരത്തിൽ ശങ്കുണ്ണിയെ വായിക്കേണ്ടത് തലതിരിച്ചാണെന്ന് എനിക്ക് തോന്നുന്നു. ആ സർവ്വാധികാരിയുടെ ചന്തികടിച്ച കഥ തന്നെയെടുത്ത് നോക്കൂ. മിക്ക സർവ്വാധികാര്യക്കാരും അന്ന് ശൂദ്രരായിരുന്നല്ലോ. അങ്ങനെയൊരു ശൂദ്രൻ പൊന്നരഞ്ഞാണമിടുകയോ, ഒരു നംബൂരിയിതെങ്ങനെ സഹിക്കും? പൂണൂലൊക്കെയിടുവിച്ച് , വെളിയിൽനിന്ന് വന്ന ക്ഷത്രിയനാണെന്ന് മേക്കപ്പൊക്കെയിടുവിച്ച് നിർത്തിയിട്ടുള്ള രാജാവ് വെറും ശൂദ്രനാണെന്ന് നംബൂരിക്കറിയാം. അപ്പോളെങ്ങനെയാ ഒരു നംബൂരി കണ്ട കീഴ്ജാതിക്കാരനെ ചെന്ന് മുഖംകാണിക്കുന്നത്? ഇതാണ് താങ്കൾ പറഞ്ഞ അപനിർമ്മാണത്തിന്റെ ശരിക്കുള്ള ചിഹ്നച്ചന്തി!
ശരിക്കും കുഞ്ചൻ നംബ്യാരാണ് താരം. തീണ്ടലുള്ള കലാരൂപങ്ങളെ അംബലത്തിൽകേറ്റിയത് തന്നെ മതി ആ പാവം മനുഷ്യനെ പേപ്പട്ടി കടിക്കാൻ. വഴിവിട്ട് നടന്നവരെ ഓടിച്ചിട്ട് കടിക്കുന്ന പേപ്പട്ടികൾ ഇന്നത്തെപ്പോലെ തന്നെ അന്നും സുലഭമായിരുന്നുവല്ലോ. പറയന്റെയും മറ്റും കലാരൂപം കെട്ടിയാടുക മാത്രമല്ല നംബിയാരാശാൻ ചെയ്തത്,
" അട നംബൂരീ പീത്തായോളീ" എന്നൊക്കെ ബ്ലോഗുകളും,അനോണിമിറ്റിയുമൊന്നുമില്ലായിരുന്ന അന്ന് എഴുതിവക്കണമെങ്കിൽ ചില്ലറ ധൈര്യമൊന്നും പോര. കുഞ്ചന്റെ ജനൈതാവ് ഒരു നംബൂരിയാവാൻ സാദ്ധ്യതയില്ലെന്ന് ഈ വരികളിൽപ്പിടിച്ച് നിഗമിച്ചതു ഏവൂർ പരമേശ്വരനോ, വി. എസ്. ശർമയോ, ഓർമ്മയില്ല.
വാമൊഴിവഴക്കത്തിന്റെ രേഖയെന്ന നിലയ്ക്ക് സംസ്കാരപഠനത്തിനുള്ള ഒരു വിഭവമാണ് ഐതിഹ്യമാല. എന്താണ് യഥാർത്ഥത്തിൽ അതിലുള്ളതെന്ന് ‘തിരിച്ചറിയാൻ വേണ്ടിയാണെങ്കിലും‘ ചിലപ്പോൽ അവിടെയ്ക്കൊക്കെ തിരിച്ചെത്തേണ്ടി വരുന്നു.. ‘ചരിത്രമല്ല. സംസ്കാരമാണ് പഠനോപാധി. അതു ഔദ്യോഗികമോ അനൌദ്യോഗികമോ ആകാം.
സാംസ്കാരികരൂകകങ്ങളിൽ ഒരു മൂലകം മാത്രമല്ല എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. നടുവിലേപ്പാടും മുട്ടസും അലഞ്ഞു തിരിഞ്ഞവർ കൂടിയാണ്.. അതിനുൾല ചോറൂണ്ട്. കൊടുക്കാൻ മടിച്ചിടങ്ങളിൽ നിന്ന് അതു പിടിച്ചു വാങ്ങിയ രീതികളും ഐതിഹ്യമാലയിൽ തന്നെയുണ്ട്. എങ്കിലും താങ്കൾ പറഞ്ഞതു ശരിയാണെന്ന് വരുന്നു. മറ്റുള്ളവരെ മധ്യമരാക്കുന്നതിൽ ജാതിക്കോയ്മാ ഘടകം തന്നെയാവണം ഭട്ടതിരിയിലും നമ്പൂതിരിയിലും ശക്തമായി പ്രവർത്തിച്ചത്.. (സ്ത്രീ പരിഹാസങ്ങളിലുൾപ്പടെ) നമ്പ്യാർ മറ്റൊരു വശത്ത് നിൽക്കുന്നു. കോതോർമ്മൻ വ്യത്യസ്തമായ മറ്റൊരിടത്ത് നിൽക്കുന്നു. അപ്പോൾ ‘അധികാരം‘ എന്ന സ്ഥാപനത്തെ വച്ചാണ് നോട്ടമെങ്കിൽ അതിനെതിരെയുള്ള കൊഞ്ഞനം കുത്തലിൽ പല ഘടകങ്ങൾ പ്രവർത്തിച്ചിരുന്നു എന്ന് അർത്ഥം കിട്ടും..അതാണ് പറഞ്ഞു വന്നതും..
Post a Comment