March 9, 2019

ഒരേ ഞെട്ടിലെ പൂക്കൾ : 'ലോലിത' പ്രമേയത്തിന്റെ കാലദേശാന്തരയാത്രകൾ






          സാഹിത്യത്തിന്റെ അടിത്തറയിൽ പണിയുന്ന ശില്പമാണ് ചലച്ചിത്രം എന്ന ധാരണയ്ക്ക് കാര്യമായ മാറ്റമുണ്ടാവുന്നത്, പരിഭാഷയെക്കുറിച്ചുള്ള അന്വേഷണങ്ങൾ,  നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, ചിഹ്നവിജ്ഞാനീയം, സംസ്കാരപഠനം തുടങ്ങിയ മേഖലകളെ കൂട്ടുപിടിച്ചുകൊണ്ട്  വികസിക്കാൻ തുടങ്ങിയതോടെയാണ്. സ്രോതസ്സിനോടുള്ള സത്യസന്ധതയും  അടുപ്പവുംവച്ചുകൊണ്ട്, അവലംബിതരചനയുടെ മേന്മ നിശ്ചയിക്കുന്ന പതിവു വിട്ട്, അവ സ്വതന്ത്ര കലാരൂപങ്ങളും വ്യത്യസ്തമായ ചിഹ്നവ്യവസ്ഥകളും തികച്ചും പുതുതായ പിറവികളും വേറിട്ട സാംസ്കാരിക പാഠവുമൊക്കെയായി പരിണമിക്കുന്നത് അന്തർവൈജ്ഞാനികസമീപനങ്ങൾ വ്യക്തമാക്കി തന്നിട്ടുണ്ട്. ചലച്ചിത്രത്തിന് അതിന്റെ ഉത്ഭവകാലംമുതൽക്ക്, പ്രസിദ്ധീകരിച്ച സാഹിത്യരൂപങ്ങളുമായി അടുത്ത ബന്ധമുണ്ട്. അക്കൂട്ടത്തിൽ സർഗാത്മക ആവിഷ്കാരങ്ങളായ നാടകവും നോവലും ചെറുകഥയും മാത്രമല്ല ഉള്ളത്. പത്രവാർത്തകളും ജീവചരിത്രങ്ങളും ആത്മകഥകളും ഒപ്പം സൈദ്ധാന്തിക രചനകളും എല്ലാം ചലച്ചിത്രങ്ങളും സാഹിത്യരൂപങ്ങളുമായുള്ള കൂട്ടുകെട്ടിന്റെ മണ്ഡലത്തെ വിപുലമാക്കുന്നു. ലൂയിസ്, അഗസ്റ്റെ ലൂമിയർമാർ ചലച്ചിത്രത്തിന്റെ ആദ്യപൊതുപ്രദർശനം നടത്തിയതിന്റെ തൊട്ടടുത്ത വർഷം, 1896-, ക്യാനഡയിലെ ഒട്ടാവയിൽ വച്ച് പ്രദർശിപ്പിച്ച,  'ചുംബനം' (ദ കിസ്സ്) എന്ന 20 സെക്കൻറുകളുള്ള ചലച്ചിത്രം ജോണ്മക്നെല്ലിയുടെ 'വിധവ ജോൺസ്' (ദ വിഡോ ജോൺസ്) എന്ന നാടകത്തിലെ അവസാന രംഗത്തെ ആസ്പദമാക്കിയെടുത്തതാണ്. തോമസ് എഡിസനും വില്യം ഹെയ്സും (സംവിധായകൻ)  ആയിരുന്നു അതിന്റെ സൃഷ്ടാക്കൾ.1 പൊതുപ്രദർശനത്തിനുവേണ്ടിയുള്ള ലോകത്തിലെ ആദ്യത്തെ വാണിജ്യചിത്രം, അവലംബിതമാണ് എന്നർത്ഥം. മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രമായ മാർത്താണ്ഡവർമ്മയും (1933, സംവിധാനം : ആർ സുന്ദരരാജ്) സി വി രാമൻ പിള്ളയുടെ നോവലിനെ ആധാരമാക്കി നിർമ്മിച്ചതാണല്ലോ.2 അനുകല്പനത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് ജെയിംസ് വെൽഷും പീറ്റർ ലെവുംകൂടി ചേർന്നെഴുതിയ പുസ്തകത്തിന്റെ ആമുഖത്തിൽ 85% ചലച്ചിത്രങ്ങളും അനുകല്പനം/അനുവർത്തനത്തെ (അഡാപ്റ്റേഷൻ) ആശ്രയിക്കുന്നുണ്ടെന്ന കണക്ക് പറയുന്നുണ്ട്.3    ചലച്ചിത്രങ്ങളുടെ  രണ്ടാം ശതകത്തിലും ആ മേൽക്കോയ്മ തുടരുന്നു. 1957 മുതൽ അമേരിക്കൻ അക്കാദമി മികച്ച അവലംബിത തിരക്കഥയ്ക്ക് പ്രത്യേക അവാർഡ് നൽകാറുണ്ടെന്നതും അനുകല്പനങ്ങൾക്ക് സിനിമയുമായുള്ള ബന്ധവുമായി ചേർത്തുവച്ച് വായിക്കേണ്ട കാര്യമാണ്. അക്കാദമിയുടെ (അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസ്) നീണ്ട ചരിത്രത്തിൽ 50% സിനിമകളും സാഹിത്യസ്രോതസുകളെ, പ്രത്യേകിച്ച് നോവലുകളെ അടിസ്ഥാനമാക്കി നിർമ്മിച്ചവയാണെന്ന്  ചലച്ചിത്ര ചരിത്രകാരന്മാരെ ഉദ്ധരിച്ച് രഘുറാം ബന്ദി വ്യക്തമാക്കുന്നു.4
          ഭാവനാപരമോ വൈജ്ഞാനികമോ ആയ ഏതുതരം വാങ്മയമായാലും ചലച്ചിത്രം എന്ന കലാരൂപത്തിലേക്കുള്ള അതിന്റെ മാറ്റം തീർത്തും സർഗാത്മകമായിത്തീരുന്നു എന്നതാണ് യാഥാർത്ഥ്യം. സാഹിത്യത്തെപ്പോലെ ചലച്ചിത്രവും ഒരു ആഖ്യാനരൂപമാണ്. ആശയവിനിമയത്തിന് (കഥ പറയൽ) സാഹിത്യം ഭാഷമാത്രമാണുപയോഗിക്കുന്ന തെങ്കിൽ, സിനിമ ദൃശ്യങ്ങളെയും ശബ്ദങ്ങളെയും കൂടാതെ ശബ്ദവിവരണത്തിനും സംഭാഷണങ്ങൾക്കുമൊക്കെയായി ഭാഷയെത്തന്നെയും പ്രയോജനപ്പെടുത്തുന്നു.  കൂട്ടത്തിൽ ചലച്ചിത്രങ്ങൾ,  നോവലുകൾക്ക് ഒരു പ്രത്യേക സ്ഥാനം നൽകിയിട്ടുണ്ടെന്നു കാണാം. നോവലുകളിൽ പൊതുവേ ചിത്രീകരിക്കപ്പെട്ടിട്ടുള്ള ഭാവനാപരവും വൈകാരികവുമായ ലോകത്തിന്റെ വൈവിധ്യത്താലാകാം അത്. വേണ്ടതു കൊള്ളാനും അല്ലാത്തതു തള്ളാനും നിർമ്മാതാക്കൾക്കു മറ്റു വാങ്മയ രൂപങ്ങളെ അപേക്ഷിച്ചു നോവൽ നൽകുന്ന സ്വാതന്ത്ര്യം കൂടുതലാണ്. ജീവിതത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകൾ സ്വരുക്കൂട്ടുന്നതിൽ ചലച്ചിത്രവും നോവലും ഏതാണ്ടൊരേ വഴിയാണ് അവലംബിക്കാറുള്ളത്. നോവലുകളുടെ ജനപ്രീതി, വ്യവസായംകൂടിയായ സിനിമയുടെ സ്വീകാര്യത ഉറപ്പാക്കും എന്ന വിശ്വാസവും മറ്റൊരു കാരണമാണ്. വായനയിലെ അമൂർത്തലോകത്തെ തെളിഞ്ഞു കാണാനുള്ള വ്യഗ്രതയായും നോവൽ അനുകല്പനങ്ങളോടുള്ള ആഭിമുഖ്യത്തെ കാണാവുന്നതാണ്.
          വിക്ടർ യൂഗോയുടെ പ്രസിദ്ധ നോവൽ 'പാവങ്ങൾ' നാലു റീൽ പതിപ്പ് (1909), ചാൾസ് ഡിക്കൻസിന്റെ ഒളിവെർ ട്വിസ്റ്റ് (1912) തുടങ്ങിയവയാണ് ആദ്യകാലത്ത് സിനിമയാക്കപ്പെട്ട നോവലുകൾ. രണ്ടും അമേരിക്കയിൽ നിർമ്മിച്ചവ. 30 കളോടെ അവലംബിത ചിത്രങ്ങൾ ചലച്ചിത്രമേഖലയിൽ വളരെ സാധാരണമായിത്തീർന്നു.  30, 40 ദശാബ്ദങ്ങളിലെ ചലച്ചിത്രനിർമ്മാതാക്കൾ അവസാനം നോവലിസ്റ്റുകൾക്ക് തുല്യരായി തീർന്നു എന്നാണ് ആന്ദ്രേ ബാസിൻ എഴുതുന്നത്.5 1955 ലാണ് വ്ളാഡിമിർ നബക്കോവ്, ‘ലോലിത’ ഫ്രാൻസിൽ പ്രസിദ്ധീകരിക്കുന്നത്.  1953 -ൽ തുടങ്ങി 5 വർഷമെടുത്ത് എഴുതി തീർത്ത നോവലിന്റെ പ്രമേയത്തിനുള്ള വിവാദപരതയെപ്പറ്റി നബക്കോവിനു ബോധ്യമുണ്ടായിരുന്നു. അമേരിക്കയിൽ 1958 -ലാണ് അതു പ്രസിദ്ധീകരിക്കുന്നത്. അതിനൊരു വർഷം മുൻപ് 'ദ നേഷൻ' പത്രത്തിലെഴുതിയ ഒരു ലേഖനത്തിൽ ജോർജ് പി എലിയറ്റ്, സദാചാരപരമായ കാര്യങ്ങളെ മുൻനിർത്തി നിയമനടപടികൾ നേരിടേണ്ടി വരുമോ എന്ന ഭയമാണ് അമേരിക്കയിലെ പ്രസാധകരെ പുസ്തകത്തിൽ നിന്നും അകറ്റിയതെന്ന് വ്യക്തമാക്കുന്നു.6 അമേരിക്കയിലെ പല പ്രസാധകരും തള്ളിക്കളഞ്ഞതിനു ശേഷമാണ് നബക്കോവ് ഫ്രാൻസിൽ നോവൽ പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുന്നത്. ഫ്രാൻസ്, 1956 -ൽ ഒരു കോടതിവ്യവഹാരത്തെ തുടർന്ന് രണ്ട് വർഷം നീണ്ടു നിൽക്കുന്ന നിരോധനം പുസ്തകത്തിന് ഏർപ്പെടുത്തിയപ്പോൾ  അമേരിക്കയിൽ പുസ്തകം പുറത്തിറങ്ങി ദിവസങ്ങൾക്കകം മൂന്നാം പതിപ്പിലെത്തി.  12 വയസുകാരിയായ ഡോളോറെസ് ഹെയ്സിന്റെയും (ലോലിത, ഡോളി എന്നൊക്കെ അവൾക്ക് വിളിപ്പേരുണ്ട്)  മധ്യവയസ്കനായ പ്രൊഫസർ ഹംബെർട്ട് ഹംബെർട്ടിന്റെയും (1910 -ലാണ് ജനനം എന്ന് നോവലിലുണ്ട്)7 അസാധാരണമായ ബന്ധത്തെ വിശദീകരിക്കുന്ന നോവലിന് രണ്ടു ഭാഗങ്ങളാണുള്ളത്.  തനിക്ക് ലോലിത എന്താണെന്ന് വിവരിക്കുന്ന പ്രഫസറുടെ കുറ്റസ്സമ്മതത്തോടെയാണ് ഒന്നാം ഭാഗം ആരംഭിക്കുന്നത്. തുടർന്ന് അയാൾ പാരീസിലെ തന്റെ കുട്ടിക്കാലത്തിലേക്ക് തിരിഞ്ഞു നോക്കുന്നു. ഷാർലെറ്റ് മരിച്ച്, സ്വന്തമായി കിട്ടിയ ലോലിതയുമായുള്ള ഹംബെർട്ടിന്റെ കാർ യാത്രയിൽ രണ്ടാം ഭാഗവും ആരംഭിക്കുന്നു. പ്രസിദ്ധീകരിച്ച് അധികം താമസിക്കാതെ 'ലോലിത' ക്ലാസിക് പദവിയിലെത്തി. 1923 മുതൽ 2005 വരെയുള്ള ഇംഗ്ലീഷ് ഭാഷാനോവലുകളുടെ ടൈം മാഗസീന്റെ പട്ടികയിലും 2003 ലെ ബി ബി സിയുടെ 'പ്രിയപ്പെട്ട നോവലുകളുടെ പട്ടികയിലും മോഡേൺ ലൈബ്രറിയുടെ മികച്ച 100 നോവലുകളുടെ പട്ടികയിലും 'ലോലിത' നിർണ്ണായകമായ സ്ഥാനത്തുണ്ട്.  1967-ൽ നബക്കോവ് സ്വയം പരിഭാഷപ്പെടുത്തി റഷ്യൻഭാഷയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.8
          പഴയ റഷ്യയിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച വ്ളാഡിമിർ നബക്കോവ് കുട്ടിക്കാലത്തുതന്നെ  റഷ്യൻ ഇംഗ്ലീഷ് ഫ്രഞ്ച് എന്നീ  ഭാഷകളുമായി ഇടപഴകുകയും  ഉക്രൈൻ, ഇംഗ്ലണ്ട്, ജർമ്മനി, അമേരിക്ക എന്നീ സ്ഥലങ്ങളിൽ മാറി താമസിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ, പ്രത്യേകിച്ചും 'ലോലിത'യിൽ ഈ ഭാഷാസംസ്കാരങ്ങളുടെയും ഭൂമിശാസ്ത്രമേഖലകളുടെയും വിശ്വാസങ്ങളുടെയും മനോഭാവങ്ങളുടെയും കലർപ്പ് കാണാം. ആഖ്യാനശൈലിയും വീക്ഷണക്കോണും മനശ്ശാസ്ത്രാവബോധവും പ്രമേയത്തിന്റെ അപൂർവതയും (വിവാദപരതയും) എല്ലാം ലോലിതയെ സാഹിത്യകൃതി എന്ന നിലയിൽ കാലദേശാതീതമായി ഇപ്പോഴും ഉയർത്തിനിർത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്.  ശിശുരതി (പിഡോഫീലിയ) ശിശുപീഡനം (ചൈൽഡ് അബ്യൂസ്) തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ആധുനിക ചർച്ചകളിൽ 'ലോലിത' ഉദാഹരണമായോ മാതൃകാവിഷയമായോ ആധുനികകാലത്ത് കൂടുതലായി കടന്നു വന്നു. ലോലിതയും ഹംബെർട്ടുമായുള്ള ബന്ധത്തെ വിശകലനം ചെയ്യാനും അതിനെ പുനർനിർവചിക്കാനും ആളുകളുണ്ടായി.9 കൗമാരക്കാരികളുമായുള്ള (അവിഹിതമായ) പ്രണയ - രതിബന്ധങ്ങളെ കുറിക്കാൻ 'ലോലിത' എന്ന പേര് സാഹിത്യത്തിലും കൂടുതലായി (അശ്ലീല) സൈറ്റുകളിലും വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. നോവലിന്റെ സ്വാധീനത്തെ ജനപ്രിയതയെയും  വ്യക്തമാക്കുന്ന കാര്യങ്ങളാണിതെല്ലാം.
          നോവലിൽ നബക്കോവ് പ്രായവ്യത്യാസമുള്ള കുട്ടികളോടുള്ള അഭിനിവേശത്തിന് അനുകൂലമായ നിലപാടാണെടുത്തിരിക്കുന്നതെന്ന തീരുമാനത്തിലെത്തുന്നത് സാഹസികമായിരിക്കും. തന്റെ വാസനയെ അമേരിക്കക്കാരന്റെ ആത്മവിശ്വാസത്തോടെ പിൻതുടരുന്നു എങ്കിലും നോവലിലുടനീളം ഹംബർട്ടിന്റെ ആഖ്യാനസ്വരം കുറ്റബോധത്തിൻറേതാണ്. തന്റെ കുറ്റത്തിനുള്ള തെളിവുകളാണ് അയാൾ ഹാജരാക്കുന്നത്. അവസാനഭാഗത്ത് ഹംബെർട്ട് ബലാത്കാരത്തിന് സ്വയം കുറ്റപ്പെടുത്തുന്നുമുണ്ട്. മനുഷ്യന്റെ സാർവജനീന ഭാവങ്ങളായ പ്രണയം, പ്രതികാരം, മരണം, കൊല, ഇവയെ മർമ്മസ്ഥാനങ്ങളിൽ നിർത്തുകയും മനോവൃത്തികളെ വിശകലനവിധേയമാക്കുകയും ചെയ്യുന്ന ഈ പ്രമേയത്തിന്റെ അപൂർവത പലതരം അനുകല്പനങ്ങൾക്ക് ഇതിവൃത്തം എന്ന നിലയിൽ  'ലോലിത'യെ വിധേയമാക്കിയിട്ടുണ്ട്. ബാലേകളായും സംഗീതശില്പങ്ങളായും നാടകങ്ങളായും സാഹിത്യകൃതികൾ തന്നെയായും 'ലോലിത' അവതാരങ്ങളെടുത്തിട്ടുണ്ട്. അവയിൽ ശ്രദ്ധേയവും കൂടുതൽ ആളുകളിലേക്കെത്തിയതുമായ നിർമ്മിതികളാണ് സ്റ്റാൻലി കുബ്രിക്കിന്റെയും (1962) അഡ്രിയൻ ലൈനിന്റെയും (1997) ചലച്ചിത്രങ്ങൾ.10
സംസ്കാരങ്ങളുടെ ഭൂമിശാസ്ത്രവും കലർപ്പും
          പ്രമേയത്തിന്റെ പ്രത്യേകതകൊണ്ട് പ്രശസ്തമായ, വ്ളാഡിമിർ നബോക്കോവിന്റെ ‘ലോലിത’യിലെ ആഖ്യാതാവ് ഹംബെർട്ടാണ്. ക്ലയർ ക്വിൽറ്റിയെയെ കൊല ചെയ്തതിന്റെ വിചാരണയ്ക്കു മുൻപ് അയാൾ എഴുതി വയ്ക്കുന്ന ഓർമ്മക്കുറിപ്പെന്ന നിലയിലാണ് നോവലിലെ ആഖ്യാനം പുരോഗമിക്കുന്നത്. പല തലങ്ങളിൽ പ്രവർത്തിക്കുന്ന തീവ്രമായ പ്രണയവും അഭിനിവേശവും അവയിൽനിന്നുണ്ടാകുന്ന പകയും അസൂയയുമൊക്കെയാണ് ലോലിതയെന്ന നോവലിന്റെ ഭാവാന്തരീക്ഷത്തെ കനപ്പെടുത്തുന്നത്.  മകളുടെ സ്ഥാനത്തുള്ള ഒരു പെൺകുട്ടിയോട് ഒരാൾക്ക് തോന്നുന്ന തീവ്രാഭിനിവേശത്തിൽ  അഗമ്യഗമന (ഇൻസെസ്റ്റ്) ത്തിന്റെ ഘടകങ്ങൾ ഉള്ളടങ്ങിയിട്ടുണ്ട്. അതോടൊപ്പം കുട്ടികളോടുള്ള ലൈംഗിക താത്പര്യം എന്ന (ശിശുരതി-പിഡോഫീലിയ) ഘടകത്തെ നോവൽ പ്രശ്നാത്മകമാക്കുകയും ചെയ്തിരിക്കുന്നു. 1950 കളിലെ അമേരിക്കൻ സമൂഹത്തിൽ മേൽക്കൈ നേടിയിരുന്ന വിശ്വാസങ്ങളും ആദർശങ്ങളും നോവലിലൂടെ പ്രകാശനം നേടിയതല്ല. മറിച്ച് ഇത് അമേരിക്കൻ ജീവിതത്തെപ്പറ്റിയുള്ള യൂറോപ്യൻ വരേണ്യവിഭാഗത്തിന്റെ ബുദ്ധിജീവി വീക്ഷണമാണെന്ന നിരീക്ഷണവും ഉണ്ട്.11  സംസ്കാരങ്ങളുടെ സംഘർഷം നോവലിൽ വായിച്ചെടുക്കാവുന്ന കാര്യമാണ്. അനാബെലുമായി കൗമാരപ്രണയം ഹംബെർട്ടിനു സംഭവിക്കുന്നതും ആദ്യത്തെ ലൈംഗികാനുഭൂതി ലഭിക്കുന്നതും പാരീസിൽ വച്ചാണ്. വർഷങ്ങൾക്കുശേഷം, ഇംഗ്ലണ്ടിൽ കഴിയുമ്പോഴാണ് അമേരിക്കയിലെ ജോലി ഹംബെർട്ട് സ്വീകരിക്കാനുറയ്ക്കുന്നത്. റാംസ്ഡേയിലിൽ താമസിക്കാൻ വരുന്ന ഹംബർട്ടിന് ഷാർലറ്റ് ഹെയ്സിന്റെ വസതിയും അവിടത്തെ വൃത്തിഹീനതയും ഇഷ്ടമാകുന്നില്ല.  ഹംബെർട്ട് ഫ്രഞ്ചു കവിതകൾ പഠിപ്പിക്കുന്ന പ്രൊഫസറാണ്. (സ്റ്റാൻലി കുബ്രിക്കിന്റെ 'ലോലിതയിൽ' ഷാർലറ്റിന്റെ വലിയ ആഗ്രഹങ്ങളിലൊന്ന് അവർക്കൊരു ഫ്രെഞ്ച് വേലക്കാരി വീട്ടിലുണ്ടാവുക എന്നതാണ്.) നിലവിൽ അവർക്കുള്ള വേലക്കാരി കറുത്ത വർഗക്കാരിയാണ്. ഹംബെർട്ടും ലോലിതയും തങ്ങളുടെ അവസാന ലക്ഷ്യമായി പോകാനുദ്ദേശിക്കുന്ന സ്ഥലം മെക്സിക്കോയുമാണ്. ലോലിതയും അവളുടെ ഭർത്താവും പോകാനുദ്ദേശിക്കുന്നത് യുവാക്കൾക്ക് കൂടുതൽ തൊഴിലവസങ്ങൾ ഉണ്ട് എന്നതിനാൽ  അലാസ്കയിലും.  അമേരിക്കൻഭൂഭാഗത്ത് നടക്കുന്ന കഥയിൽ സങ്കല്പതലത്തിലും ഭാവനാപരമായും മറ്റു പല ഭൂഭാഗങ്ങളും കൂടിച്ചേരുന്നു. സംസ്കാരങ്ങളുടെയും വീക്ഷണവ്യതിയാനങ്ങളുടെയും കൂടിക്കുഴച്ചിൽ നോവൽ പ്രത്യക്ഷത്തിൽത്തന്നെ വഹിക്കുന്നുണ്ട്. നബോക്കോവുതന്നെ ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെയാണ് :  "പന്ത്രണ്ട് വയസ്സുള്ള ഒരു അമേരിക്കൻ പെൺകുട്ടിയെയും എനിക്കറിയില്ലായിരുന്നു, അമേരിക്കയെയും. അമേരിക്കയെയും ലോലിതയെയും എനിക്ക് കണ്ടെത്തേണ്ടതുണ്ടായിരുന്നു."12 
          സംസ്കാരങ്ങളുടെ ഈ കലർപ്പിന്റെ ഭാഗമാണ് ഹംബർട്ടിന്റെ കുറിപ്പുകളിലെ കുറ്റബോധസ്വരം. ബന്ധമനുസരിച്ച് അയാൾ ഡോളറസിന്റെ വളർത്തച്ഛനാണ്. അവളുടെ അമ്മയായ ഷാർലെറ്റിന്റെ ഭർത്താവ്. അയാൾക്ക് ഒട്ടും താത്പര്യമില്ലാത്ത വിവാഹത്തിൽ അയാൾ ഏർപ്പെടുന്നത് ലോലിതയെ നിയമപ്രകാരം തനിക്ക് ദിവസത്തിൽ മൂന്ന് പ്രാവശ്യമെങ്കിലും താലോലിക്കാൻ കിട്ടും എന്ന ആഗ്രഹത്തോടെയാണ്. ഷാർലറ്റിനെ വിവാഹം കഴിച്ചതിനെക്കുറിച്ചുള്ള ഹംബർട്ടിന്റെ വിവരണത്തിൽ അവരുടെ ശരീരഭാഗങ്ങളെ, ആ ശരീരത്തിന്റെ ഉത്പ്പന്നമായ ലോലിതയുമായി ബന്ധപ്പെടുത്തിയുള്ള ചിന്തകൾ കാണാം.13 പലതരത്തിലാണ് അയാളുടെ ആസക്തി ആവിഷ്കാരം നേടുന്നത്. ഇതേ വ്യക്തിത്വത്തിന്റെ അപരത്വം എന്ന നിലയ്ക്കാണ് നാടകകൃത്തും സൂത്രശാലിയുമായ (ലോലിതയുടെ വാക്കുകളിൽ ശരിക്കും 'ഒരു പ്രതിഭാശാലി') ക്ലയർ ക്വിൽറ്റി നോവലിൽ പ്രത്യക്ഷപ്പെടുന്നത്. നോവലിന്റെ തുടക്കത്തിൽ ക്ലയർ ക്വിൽറ്റി എഴുതിയിട്ടുള്ള നോവലുകളുടെ ശീർഷകത്തിൽ (The Little Nymph, Fatherly Love) അയാൾക്ക് പെൺകുട്ടികളോടുള്ള താത്പര്യം ഒരു സൂചനയായി നോവലിസ്റ്റ് നിലനിർത്തിയിട്ടുണ്ട്. അതുകൊണ്ട് കൃതിയുടെ അവസാനത്തിൽ ഹംബർട്ട് ശിക്ഷിക്കുന്നത് തന്റെ പ്രണയത്തെ തന്നിൽ നിന്നകറ്റിയ വ്യക്തിയെയല്ല, തന്നെത്തന്നെയാണ്.  അതേ സമയം കുട്ടിയെ ശാരീരികമായ ചൂഷണം ചെയ്യുന്നതിലെ ധാർമ്മിക പ്രതിസന്ധി ഹംബെർട്ടും, സർഗാത്മകമായി അതേ കാര്യം ചെയ്യുന്നതിന്റെ സ്വാതന്ത്ര്യം ക്ലെയർ ക്വിൽറ്റിയും അനുഭവിക്കുന്നു എന്നു പറഞ്ഞാലും ശരിയാണ്.  ആഖ്യാനത്തിൽ മറ്റൊരുതരത്തിൽ ഈ അപരത്വം പ്രത്യക്ഷപ്പെടുന്നത് ഹംബെർട്ട് സ്വയം ഉത്തമപുരുഷസർവനാമത്തിലല്ല പകരം 'ഹംബെർട്ട്' എന്ന പേരിൽത്തന്നെയാണ് വിശേഷിപ്പിക്കുന്നത് എന്നിടത്താണ്. അയാൾക്ക് അയാളിൽനിന്നു തന്നെ ഒരു അകൽച്ച അവിടെ സിദ്ധമാണ്.
          മറ്റൊരു ഘടകം ലോലിത എന്ന കൗമാരക്കാരിയെപ്പറ്റിയുള്ളതാണ്. നോവലിന്റെ അവസാനം താൻ ലോലിതയെ ബലാത്കാരം ചെയ്യുകയായിരുന്നു എന്ന് ഹംബെർട്ട് സമ്മതിക്കുന്നുണ്ട്.14 നിയമപ്രകാരം ഹംബർട്ടിന്റെ തീവ്രാഭിനിവേശം കുറ്റകരമാണെങ്കിലും ലോലിതയ്ക്കിവിടെയുള്ളത് നിഷ്ക്രിയമായ ഒരു പങ്കല്ല. പന്ത്രണ്ടുവയസ്സുകാരിയായ പെൺകുട്ടിയുടെ നിലയിൽനിന്നുയർന്ന് അവൾ ഹംബർട്ടിനെ വശീകരിക്കുകയും ഒരർത്ഥത്തിൽ ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ട്.  ഹംബെർട്ടിനു പുറമേ അവൾ, പ്രായവ്യത്യാസമുള്ള  ക്ലയർ ക്വിൽറ്റിയെ സ്നേഹിക്കുകയും ആരാധിക്കുകയും അയാൾക്കുവേണ്ടി കള്ളങ്ങൾ പറയുകയും ഹംബെർട്ടിനെ ചതിക്കുകയും ഒക്കെ ചെയ്യുന്നുമുണ്ട്. അതുകൊണ്ടാണ് ലോലിത, 'കൗശലക്കാരനായ മുതിർന്ന ഒരാൾ നിഷ്കളങ്കയായ ഒരു കുട്ടിയെ ദുഷിപ്പിക്കുന്നതിന്റെയല്ല, ദുർബലനായ മുതിർന്ന പുരുഷനെ സ്വഭാവദൂഷ്യമുള്ള ഒരു കുട്ടി ചൂഷണം ചെയ്യുന്നതിന്റെയാണെന്ന്' കനേഡിയൻ നോവലിസ്റ്റും നാടകകൃത്തുമായ റോബെർട്ടൺ ഡേവിസ് എഴുതുന്നത്.15 എന്നാൽ ഇതെല്ലാം ഹംബെർട്ടിന്റെ (ശിശുരതിയിൽ തത്പരനും വിഭാര്യനുമായ ഒരാളുടെ)  കുറിപ്പുകളിലൂടെ വായനക്കാർ മനസിലാക്കുന്ന ഒരു ലോലിതയുടെ വ്യക്തിത്വമാണെന്ന ഒരു പരിമിതിയും (ധ്വനിസാധ്യതയും) ഇവിടെയുണ്ട്.
ലോലിതയുടെ പതിപ്പുകൾ കുബ്രിക്കിന്റെയും ലിന്നിന്റെയും
          1962 -  സ്റ്റാൻലി കുബ്രിക്ക് സംവിധാനം ചെയ്ത ലോലിത എന്ന കറുപ്പും വെളുപ്പിലുമുള്ള ചിത്രത്തിന് തിരക്കഥ തയാറാക്കിയത് നബോക്കോവാണ്. നോവലിന്റെ മൂലപാഠത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന തിരക്കഥയാവാൻ ഏറെ സാധ്യത നോവലിസ്റ്റുതന്നെ അത് എഴുതുമ്പോഴുണ്ട്. 'വിശ്വാസ്യതാ സിദ്ധാന്ത' (ഫിഡെലിറ്റി തിയറി) മനുസരിച്ച് ഏറ്റവും അനുയോജ്യമായ രീതിയാണത്. എന്നാൽ കുബ്രിക്കും ജെയിസ് ഹാരിസും ചേർന്ന്  പുനർനിർമ്മിച്ചതാണ് തിരക്കഥയെന്നൊരു വാദം ഉണ്ട്.16 സിനിമയ്ക്കുവേണ്ടി തയ്യാറാക്കിയ യഥാർത്ഥ തിരക്കഥ നബക്കോവ് 1972 -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
          അഡ്രിയാൻ ലിൻ തന്റെ ചിത്രത്തിൽ (1997) ഉപയോഗിച്ചത്, പത്രപ്രവർത്തകനും നിരൂപകനുമായിരുന്ന സ്റ്റീഫൻ ഷ്കിഫിന്റെ ആദ്യതിരക്കഥയാണ്. കുബ്രിക്ക് നോവലിനുമേൽ എടുത്ത സ്വാതന്ത്ര്യം സാങ്കേതികമായി സാധ്യമല്ലാത്തതുകൊണ്ടാവാം, നോവലിന്റെ പ്രമേയഘടനയുമായി അടുത്തു നിൽക്കുന്ന രചന സ്റ്റീഫന്റെയാണ്. രചനാപരമായ സവിശേഷതകൾകൊണ്ട് നോവലിൽ  നബക്കോവ് മുന്നോട്ടു വയ്ക്കുന്ന ഫലിതവും സൂചനകളും നീക്കി നോവലിനെ അനുസരിക്കുന്ന  ദൃശ്യവ്യാഖ്യാനം നൽകാനാണ് അഡ്രിയാൻ ലിൻ ശ്രമിച്ചത്.  കുട്ടികളോടുള്ള കൗതുകത്തിൽ മനശ്ശാസ്ത്രപരമായ ഒരു സ്ഥിരീകരണം ഹംബെർട്ടിനു ലഭിക്കുന്നത്, അയാളുടെ പതിനാലാം വയസ്സിലെ അനാബെലുമായുള്ള പ്രണയത്തിന്റെയും ആദ്യ ലൈംഗികാനുഭവത്തിന്റെയും പിൻബലത്തോടെയാണ്. ഈ ഭാഗം പൂർണ്ണമായും കുബ്രിക് ഒഴിവാക്കി. നോവലിന്റെ ഘടനയിൽത്തന്നെ 'പിന്തിരിഞ്ഞു നോട്ടത്തെ' (ഫ്ളാഷ്ബാക്ക്) കുബ്രിക് കൊലപാതകത്തിന്റെ പിന്നാമ്പുറവസ്തുതകളിലേക്കുള്ള തിരിഞ്ഞു നോട്ടം എന്ന നിലയ്ക്ക് മാറ്റി.  ആദ്യത്തെ അതേ രംഗത്തിൽകൊണ്ടുവന്നാണ് കുബ്രിക്ക് സിനിമ അവസാനിപ്പിക്കുന്നത്. മറിച്ച് ലിൻ, അനാബെലുമായുള്ള ഹംബെർട്ടിന്റെ പ്രണയത്തിനാണ് സിനിമയുടെ ആദ്യഭാഗത്ത് പ്രാധാന്യം നൽകുന്നത്. രണ്ടു സിനിമകളും ഹംബെർട്ട് കാറോടിക്കുന്ന വിദൂര ദൃശ്യത്തിൽ ആരംഭിക്കുന്നു. ക്ലയർ ക്വിൽറ്റിയെ അന്വേഷിച്ചു പോകുന്ന ഹംബർട്ടാണ് കുബ്രിക്കിന്റെ സിനിമയിൽ. ക്വിൽറ്റിയുടെ കൊലപാതകത്തിനു ശേഷം ചോരപുരണ്ട കൈകളിൽ ലോലിതയുടെ മുടിപ്പിന്നുമായി, ട്രാഫിക് നിയമം തെറ്റിച്ച് വണ്ടിയോടിച്ച് പോലീസിന്റെ പിടിയിലാവുന്ന ഹംബർട്ടിനെയാണ് ലിന്നിന്റെ ക്യാമറ പിൻതുടരുന്നത്. നോവലിലെ വിവരണം, ഹംബെർട്ട് കഥാപാത്രങ്ങളുടെ ശബ്ദങ്ങളിൽ,  ഒരുപോലെ കുബ്രിക്കും ലിന്നും ഉപയോഗിച്ചിട്ടുണ്ട്.
          കുബ്രിക്കിന് ലോലിത ചിത്രീകരിക്കുന്ന സമയം കൂടുതൽ കർക്കശമായ സെൻസർ വ്യവസ്ഥകളെ നേരിടേണ്ടിവന്നതിന്റെ പേരിലാണ് പ്രമേയം അനുശാസിക്കുന്ന തരത്തിൽപോലും സിനിമയിൽ ലൈംഗിക രംഗങ്ങളുടെ ചിത്രീകരണത്തിന് കഴിയാതിരുന്നത് എന്നു പറയപ്പെടുന്നു.17 എന്നാൽ അതല്ല, കുബ്രിക്കിനു താത്പര്യം ഹംബെർട്ടിന്റെ ധാർമ്മിക സമസ്യയിലായിരുന്നു എന്നു കാണാൻ പ്രയാസമില്ല. നോവലിൽ നബക്കോവ് പാലിക്കുന്ന മിതത്വം സിനിമയിൽ കുബ്രിക്കും പാലിക്കുന്നു എന്നും പറയാം. 90 കൾ ആയപ്പോഴേക്കും ചലച്ചിത്രങ്ങളുടെ സെൻസർ നിയമങ്ങളിൽ വന്ന അയവ് കണക്കിലെടുത്ത് ലിൻ, രതിയും നഗ്നതയും ഉൾപ്പടെയുള്ള രംഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തി. അതുകൊണ്ട് ലിന്നിന്റെ ചിത്രത്തിൽ, കഥാപാത്രമെന്ന നിലയിൽ ലോലിതയുടെ രതിഭാവങ്ങൾക്ക് കൂടുതൽ പ്രകടനാത്മകത വന്നു. കുബ്രിക്കിന്റെ (നബക്കോവിന്റെ)  അവിശ്വസ്തനും അസ്വസ്ഥനുമായ നായകനായ ഹംബെർട്ടിന് അഡ്രിയൻ ലിന്നിലെത്തുമ്പോൾ മാറ്റം ഉണ്ടാവുന്നുണ്ട്. നായകത്വത്തിലേക്ക് കേന്ദ്രീകരിക്കുക എന്ന ജനപ്രിയ (പ്രത്യേകിച്ചും ഹോളിവുഡ്)   സിനിമകളുടെ സ്വഭാവത്തിലേക്കാണ് അതിന്റെ ചായ്‌വ്.  സർഗാത്മക രചനകളുടെ സ്വാതന്ത്ര്യത്തെ, അതുപോലെ ചലച്ചിത്രങ്ങൾക്ക് അനുസരിക്കാൻ പറ്റില്ലെന്നതിന്റെ തെളിവായി രണ്ടു ചലച്ചിത്രങ്ങളിലെയും നായികമാരുടെ പ്രായത്തെ സംവിധായകർ പരിഷ്കരിച്ചതായി കാണാം. പ്രായത്തെപ്പറ്റിയുള്ള പ്രത്യേക പരാമർശമൊന്നും ചലച്ചിത്രങ്ങളിൽ ഇല്ലെങ്കിലും കുബ്രിക്കിന്റെയും ലിന്നിന്റെയും  ലോലിതമാരായ സൂ ലിയോണും (16 വയസ്സ്) ഡൊമിനിക് സ്വൈനും (17 വയസ്സ്) അഭിനയിക്കുന്ന സമയം, നോവലിലെ നായികയെ അപേക്ഷിച്ച് കുറച്ച് മുതിർന്നവരായിരുന്നു. കൃത്യമായ കാലഗണന  അഡ്രിയാൻ ലിൻ സിനിമയിൽ പിന്തുടരുന്നുണ്ട്. (എന്നാൽ നോവലിൽനിന്ന് വ്യത്യസ്തമാണത്) അനബെലിനെ ഹംബെർട്ട് കാണുന്നത്, ഫ്രാൻസിൽവച്ച് 1912-. 1947 -ൽ ഇംഗ്ലണ്ടിൽവച്ച് അമേരിക്കയിലെ ജോലി സ്വീകരിക്കാൻ ഹംബർട്ട് തീരുമാനിക്കുന്നു. മരിക്കുന്നത് 1950-. അതേ വർഷം തന്നെയാണ് പ്രസവത്തെ തുടർന്ന് ലോലിതയും മരിക്കുന്നത്. നോവലിൽ ഇവരുടെ മരണ വർഷം 1952 ആണ്. ഹംബെർട്ടിന്റെ മരണ വിവരം കുബ്രിക്ക് അവസാനം കാണിക്കുന്നുണ്ടെങ്കിലും (വർഷ സൂചനയില്ല) ലോലിതയുടെ മരണകാര്യം അവിടെയില്ല. നബോക്കോവിന്റെ നോവലിലെ അവസാന വരിയിൽ എഴുത്തുകാരൻ ലോലിതയെ അനശ്വരയാക്കുന്നതു സ്മരിച്ചുകൊണ്ടാവണം, സംവിധായകൻ ലോലിതയെ മരണത്തിൽനിന്ന് മാറ്റി നിർത്തുന്നു.18
          കഥാപാത്രങ്ങളുടെ കാര്യത്തിലും രണ്ടു സിനിമകളും വ്യത്യസ്തനിലയിലാണ് നോവലിനെ അടിസ്ഥാനമാക്കുന്നത്. ഷാർലറ്റിന്റെ കറുത്ത വർഗക്കാരിയായ ജോലിക്കാരി കുബ്രിക്കിന്റെ ലോലിതയിൽ നിശ്ശബ്ദയും ഏറെക്കുറെ അദൃശ്യയുമാണ്. അഡ്രിയാൻ ലിൻ അവരെ മുന്നിൽ കൊണ്ടുവന്നു. എന്നു മാത്രമല്ല, വേനൽക്യാമ്പിലേക്ക് ഷാർലെറ്റും ലോലിതയും പുറപ്പെടുന്ന സമയം ലോലിതയുടെ മുറിയിൽ അവളുടെ കിടക്കയിൽ കയറിയിരിക്കുന്ന ഹംബെർട്ടിനെ കണ്ട്, 'ഇയാളിവിടെ എന്താണ് ചെയ്യുന്നതെന്ന്' ആത്മഗതം നടത്താൻ തക്ക തരത്തിൽ വ്യക്തിത്വവും നേടിയിരിക്കുന്നു. ക്ലയർ ക്വിൽറ്റിക്ക് പ്രത്യേക പ്രാധാന്യമാണ് കുബ്രിക്ക് നൽകിയിരിക്കുന്നത്.  ക്വിൽറ്റിയുമായുള്ള ലോലിതയുടെ ബന്ധം വ്യക്തമാക്കുന്ന തരത്തിൽ അവളുടെ മുറിയിൽ പ്രധാനപ്പെട്ട സ്ഥലത്തുതന്നെ അയാളുടെ ചിത്രം അവൾ ഒട്ടിച്ചു വച്ചിരിക്കുന്നത് കാണാം. സ്ത്രീകളുമായുള്ള ബന്ധം, ശൈലീവത്കൃതമായ പെരുമാറ്റ രീതികൾ, സൂത്രശാലിത്തം, സംഭാഷണത്തിലെ ലീലാലോലുപത്വം, സർഗാത്മകമായ ഉദാസീനത ഇതെല്ലാം ചേർന്ന് കുബ്രിക്കിന്റെ ക്ലയർ ക്വിൽറ്റി (പീറ്റർ സെല്ലാസ്) സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. അഡ്രിയാൻ ലിൻ, ക്വിൽറ്റി കഥാപാത്രത്തിനു (ഫ്രാങ്ക് ലാൻഗ്വെല്ല) നിഗൂഢമായ പരിവേഷം നൽകി. അയാൾ പ്രത്യക്ഷപ്പെടുന്ന സന്ദർഭങ്ങൾ സിനിമയിൽ കുറവാണ്. കുബ്രിക്കിന്റെ കഥാപാത്രത്തിന്റെ തമാശയോ വാചാലതയോ വേഷപ്രച്ഛന്നതയോ ഒന്നും ലിന്നിന്റെ കഥാപാത്രത്തിൽ കാണാനില്ല. മാത്രമല്ല, നോവലിലെ അവസാനഭാഗത്തെ ഒരു പരാമർശത്തെ ആസ്പദമാക്കി, ക്വിൽറ്റി അതിൽ ഒരു ഷണ്ഡനുമാണ്.19 അതോടെ ക്ലയർ ക്വിൽറ്റിയുടെ ചെയ്തികൾ അസൂയയും അപകർഷവും ഉള്ള ഒരാളുടെ കുത്സിതനീക്കമായി മാറുന്നു. നേരെ മറിച്ച് അസാധാരണമായ വശീകരണശക്തിയും പ്രതിഭാവിലാസവും സർഗധനത്വവുമാണ് കുബ്രിക്ക്  ക്വിൽറ്റിക്ക് നൽകുന്നത്. ലോലിതമാത്രമല്ല അവളുടെ അമ്മ ഷാർലോറ്റും ക്വിൽറ്റിയുടെ ആരാധികയാണ്. നോവലിലുള്ളതുപോലെ, ലിന്നിന്റെ സിനിമയിൽ ഷാർലോറ്റുമായി അയാൾക്കുള്ള പരിചയം അയാളുടെ അമ്മാവനായ ദന്തഡോക്ടറുമായുള്ളതാണ്. ക്വിൽറ്റിയുടെ കൂടെ കുബ്രിക്കിന്റെ സിനിമയിൽ ഒരു സ്ത്രീ എപ്പോഴുമുണ്ട്.  അശ്ലീല സിനിമയിൽ അഭിനയിക്കാൻ വിസ്സമ്മതിച്ചതിനാണ് ലിന്നിന്റെ ക്ലയർ ക്വിൽറ്റി ലോലിതയെ ചവിട്ടിപ്പുറത്താക്കുന്നത്.  കലാമൂല്യമുള്ള സിനിമയിൽ (ആർട്ട് ഫിലിം) അഭിനയിക്കാത്തതിനാണ് കുബ്രിക്കിന്റെ ക്വിൽറ്റി ലോലിതയെ കൈയൊഴിഞ്ഞത്. ഹംബർട്ടിൽ നോവലിസ്റ്റായ നബക്കോവിന്റെ നിഴൽ വീണു കിടപ്പുണ്ടെങ്കിൽ നാടക രചയിതാവും പ്രതിഭാശാലിയുമായ ക്വിൽറ്റിയിൽ സംവിധായകനായ കുബ്രിക്കിന്റെ അംശമാണുള്ളത്.
ദൃശ്യതയും സാഹിതീയതയും
          അഡ്രിയാൻ ലിൻ സിനിമയുടെ ആദ്യഭാഗത്ത്, റോഡിന്റെ തെറ്റായ വശത്തിലൂടെ ഹംബെർട്ട് വണ്ടിയോടിച്ചു വരുമ്പോൾ എതിരെ വരുന്ന ഒരു ലോറിയിൽനിന്നു വീഴുന്ന പുൽക്കെട്ടുകളെ കാര്യമായി കാണിച്ചു തരുന്നു. അതുപോലെ സീറ്റിൽ വഴുതുന്ന ചോരപുരണ്ട തോക്കിനെ സമീപത്തേയ്ക്ക് ചേർത്തു വയ്ക്കുന്ന ഹംബെർട്ട്, പകുതി ഇരുട്ടിൽ ഇരിക്കുന്ന ക്ലയർ ക്വിൽറ്റിയുടെ സംഭാഷണത്തിനിടയ്ക്ക് വല്ലാത്ത ഒച്ചയോടെ ഇലക്ട്രിക് പെസ്റ്റ് കില്ലെറിൽ വീണു കരിയുന്ന പ്രാണികളുടെ സമീപദൃശ്യം. വെടിയേറ്റ് മരിക്കുന്ന ക്വിൽറ്റിയുടെ വായിൽനിന്നുയരുന്ന കുമിള.    ദൃശ്യങ്ങൾകൊണ്ട് വൈകാരികമായ ആഘാതമുണ്ടാക്കാനാണ് ലിന്നിന്റെ ശ്രമം.  ലോലിതയുടെ കുട്ടിത്തത്തെ വ്യക്തമാക്കാൻ പിൻഭാഗത്ത് അടിവസ്ത്രം പിടിച്ചിടുന്നതും ശരീരശ്രദ്ധയില്ലാതെ കാലുയർത്തിവയ്ക്കുന്നതും വസ്ത്രമുയർത്തി നൃത്തം ചെയ്യുന്നതും ചവച്ചു തീർന്ന ബബിൾഗം പലയിടത്തായി ഒട്ടിച്ചുവയ്ക്കുന്നതുംപോലെയുള്ള മാനറിസങ്ങൾ ലിൻ ഉപയോഗിച്ചിട്ടുണ്ട്. ഷാർലറ്റിന്റെ പൂന്തോട്ടത്തിൽ ശരീരവടിവ് വ്യക്തമാക്കിക്കൊണ്ട്, നനഞ്ഞു കിടക്കുകയാണ് അഡ്രിയാൻ ലിന്നിന്റെ ലോലിത. കുബ്രിക്കിന്റെ ചലച്ചിത്രം കറുപ്പിലും വെളുപ്പിലുമാണ്. അതിലെ ദ്വയാർത്ഥസംഭാഷണങ്ങൾ ദൃശ്യത്തിന്റെ പ്രാധാന്യത്തേക്കാൾ സാഹിത്യഭംഗിയിലാണ് ഊന്നുന്നത്. ചെസ്സു കളിക്കുന്നതിനിടയിൽ 'എന്റെ റാണിയെ നിങ്ങൾ കൊണ്ടുപോവുകയാണോ' എന്ന് ഷാർലെറ്റ് ഹംബെർട്ടിനോട് ചോദിക്കുന്നു. ലോലിതയുടെ സാന്നിദ്ധ്യത്തിലാണിത്. വിധവയായ ഷാർലെറ്റ്, ഹംബെർട്ടിനെന്നപോലെ ക്വിൽറ്റിയ്ക്കും തന്റെ പൂന്തോട്ടം കാണിച്ചുകൊടുത്ത കഥ പറയുന്നുണ്ട്. തന്റെ കാല്പനികവും വികാരനിർഭരവുമായ വ്യക്തിത്വം പരിഷ്കാരികളും ബുദ്ധിജീവിതം നയിക്കുന്നവരുമായ ആണുങ്ങൾക്ക് ഇഷ്ടമാവും എന്നാണവർ ഉദ്ദേശിക്കുന്നത്. ഷാർലെറ്റിന്റെ വീട്ടിൽ എന്താണിഷ്ടപ്പെട്ടതെന്ന് ഹംബെർട്ട് ചോദ്യത്തിനുത്തരമായി പറയുന്നത് 'അവരുടെ ഇലന്തപ്പഴപലഹാര'മാണെന്നാണ്. (ചെറിപൈ) ചെറിപ്പഴം കന്യകയുടെ സദൃശവസ്തുവുമാണ്. ബിക്കിനി ധരിച്ച് ലോലിത പൂന്തോട്ടത്തിൽ ഇരിക്കുന്നതു കണ്ട് അന്ധാളിച്ച നിലയിലാണ് ഹംബർട്ട്. പലഹാരം അയാൾ കഴിച്ചിട്ടുമില്ല. ലിന്നിന്റെ ലോലിതയെ പരിചയപ്പെടുത്തുന്ന ദൃശ്യത്തിലെപോലെ നനഞ്ഞ് ശരീരം വെളിവാക്കി കിടക്കുകയല്ല അവൾ ഇവിടെ.
          ലോലിതയുടെ കൂട്ടുകാരി മോനയെപ്പറ്റി ഒരു പാർട്ടിക്കിടയിലെ പരാമർശം 'പിങ്ക് മേഘത്തിൽ അവൾ അതിസുന്ദരിയായി' കാണുന്നു എന്നാണ്. ഹംബെർട്ട് ആദ്യമായി ലോലിതയെ കാണുന്ന നിമിഷം ഷാർലറ്റ് അയാളുടെ ശ്രദ്ധ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് താൻ വളർത്തിയ മഞ്ഞ റോസാപ്പൂക്കളിലേയ്ക്കാണ്. ഒരു പക്ഷേ ആ പരാമർശംകൊണ്ട് കാഴ്ചക്കാർ മനസിലാക്കേണ്ടത് ലോലിത പൂന്തോട്ടത്തിൽ കിടന്നിരുന്നത് മഞ്ഞ വസ്ത്രത്തിലായിരുന്നു എന്നാണ്. കറുപ്പും വെളുപ്പുമായ ചലച്ചിത്രത്തിൽ പിങ്ക്, മഞ്ഞ തുടങ്ങിയ നിറപരാമർശങ്ങൾക്ക് പ്രാധാന്യമൊന്നും ഇല്ല. ഒരു പക്ഷേ നിറരാഹിത്യത്തിന്റെ പരിമിതിയെ ചെറുക്കാൻ നബക്കോവ് സംഭാഷണങ്ങൾക്ക് ഭാവനയുടെ ഊടുവഴി നൽകിയതാവാം. ലിന്നിന്റെ ചിത്രത്തിൽ ദൃശ്യതയും കുബ്രിക്കിന്റെ ചിത്രത്തിൽ സാഹിതീയതയും മുന്നിട്ടു നിൽക്കുന്നതായി അനുഭവപ്പെടാൻ ഈ പരാമർശങ്ങൾ കാരണമാകുന്നുണ്ട്.  മാത്രമല്ല, നീണ്ട സംഭാഷണങ്ങൾക്ക് കുബ്രിക്കിന്റെ ലോലിതയിൽ ലഭിച്ചിരിക്കുന്ന പ്രാധാന്യം ലിന്നിന്റെ സിനിമയിൽ അത്രയില്ല.
പ്രതീകനിലയിൽ തോക്ക്
          ലോലിതയിലെ പ്രധാനപ്പെട്ട ഒരു ചിഹ്നമാണ് തോക്ക്. നോവലിൽ തുണിയിൽ പൊതിഞ്ഞ് കുഞ്ഞിനെയെന്നപോലെയാണ് ഹംബർട്ട് അതിനെ സൂക്ഷിക്കുന്നത്. കുബ്രിക്ക് നിർണ്ണായകമായ സ്ഥാനമാണ് തോക്കിന് ചലച്ചിത്രത്തിൽ നൽകിയിരിക്കുന്നത്. ഷാർലറ്റിന്റെ ഭർത്താവ് ഹരോൾഡ് അയാളുടെ രോഗം തിരിച്ചറിഞ്ഞപ്പോൾ ഭാര്യയെ കഷ്ടപ്പെടുത്താതിരിക്കാനായി സ്വയം മരിക്കാൻ വാങ്ങിവച്ചതാണ് ആ തോക്ക്. അതുപയോഗിക്കുന്നതിനു മുൻപ് ഹരോൾഡ് ആശുപത്രിയിലാവുകയും മരിക്കുകയും ചെയ്യുന്നു. അങ്ങനെ ആ ഹിംസോപകരണം ഷാർലറ്റിനോടുള്ള അയാളുടെ കരുതലിന്റെ ചിഹ്നമായി തീരുന്നു. അതിൽ തിര നിറച്ചിട്ടില്ലെന്നാണ് ഷാർലറ്റ് ഹംബർട്ടിനോട് പറയുന്നത്. പക്ഷേ അയാൾ കാണുന്നത് ഉന്നം നിറച്ച തോക്കാണ്. ആ തോക്കുപയോഗിച്ചാണ് ലോലിതയ്ക്കും തനിക്കും ഇടയ്ക്ക് നിൽക്കുന്ന ഷാർലറ്റിനെ കൊല്ലാൻ അയാൾ ആദ്യം തീരുമാനിക്കുന്നത്. പക്ഷേ അയാൾക്കത് കഴിയുന്നില്ല. സിനിമയുടെ അവസാനം ക്ലയർ ക്വിൽറ്റിയെ കൊല്ലാൻ അയാൾ അതേ തോക്കുതന്നെ ഉപയോഗിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത വിധത്തിൽ രോഗിയും മദ്യപനും ആയ ക്ലയർ ക്വിൽറ്റി,  ഹംബർട്ടിന്റെ കയ്യിലിരിക്കുന്ന തോക്കിനെ ' പ്രിയ ഓമന, കൊച്ചോമന' (darling little thing, How much a guy like you want for a darling little gun like that?) എന്നൊക്കെയാണ് വിളിക്കുന്നത്. സ്വാഭാവികമായും അതു ലോലിതയെക്കുറിച്ചുള്ള അബോധവിവക്ഷകളെ പുറത്തിടുന്നുണ്ട്.  തോക്കിന് പ്രതീകം എന്ന നിലയിൽ ക്രമമായ വളർച്ചയും നിർവഹണവും കുബ്രിക്ക് വിഭാവന ചെയ്യുന്നുണ്ട്. അഡ്രിയാൻ ലിന്നിന്റെ ചലച്ചിത്രത്തിൽ  തോക്കിന് അത്രയും നിർണ്ണായകമായ പ്രാധാന്യവും ബിംബപദവിയും ലഭിച്ചിട്ടില്ല. നോവലിലെ വിവരണത്തെ ഓർമ്മിപ്പിച്ചുകൊണ്ട് തുണിയിൽ പൊതിഞ്ഞു ഹംബർട്ട് അടുത്തേയ്ക്ക് പിടിച്ചു വയ്ക്കുന്ന തോക്കിന്റെ സമീപ ദൃശ്യങ്ങളിൽ പ്രണയത്തിന്റെ സംഹാരകത്വത്തെക്കുറിച്ചുള്ള സൂചനകൾ ലഭ്യമാണെന്നു മാത്രം.
          1. ആഖ്യാനരീതി (ഫ്ളാഷ്ബാക്കും നരേഷനും) 2. നിർവഹണം (നോവലും സിനിമകളും അവസാനിക്കുന്ന മുഹൂർത്തങ്ങൾ) 3. കഥഗതിയ്ക്കുണ്ടാവുന്ന വ്യതിയാനങ്ങൾ 4. സംഘർഷം  (നാടകീയതയ്ക്കും വൈകാരികതയ്ക്കും പ്രാധാന്യം ഏതേത് അംശങ്ങളെ മുൻ നിർത്തി ഊന്നൽകൊടുക്കുന്നു എന്നത്) 5. ദൃശ്യവത്കരണത്തിൽ  സിനിമകൾ കൈക്കൊള്ളുന്ന സ്വാതന്ത്ര്യം 6. കഥാപാത്രങ്ങളുടെ ചിത്രീകരണവും വ്യക്തിത്വവും 7. സാമൂഹിക സമ്മർദ്ദങ്ങൾക്കും നിയമസംഹിതകൾക്കും അനുസരിച്ച് രൂപപ്പെടുന്ന ആദർശവും കാഴ്ചപ്പാടുകളും 8. ചലച്ചിത്രം എന്ന മാധ്യമങ്ങൾക്കനുസരിച്ച് സ്രോതൃപാഠത്തിൽ വരുന്ന മാറ്റങ്ങൾ 9. സാഹിതീയമായ കൊടുക്കൽ വാങ്ങലുകൾ 10. വീക്ഷണക്കോണുകളെ നിർണ്ണയിക്കുന്ന മേൽക്കോയ്മാപരമോ കൊളോണിയലോ ആയ നിലപാടുകൾ 11. ഇതിലെല്ലാം നിർണ്ണായകമായ സ്വാധീനം ചെലുത്തി നിലകൊള്ളുന്ന കാലികമായ ഘടകങ്ങൾ തുടങ്ങിയവയെ രണ്ട് ചലച്ചിത്രങ്ങളും വ്യത്യസ്തമായ രീതിയിലാണ് ആവിഷ്കരിച്ചതെന്ന് മേൽ കാണിച്ച വസ്തുതകൾ വ്യക്തമാക്കുന്നു.
          ചലച്ചിത്രമാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വാണിജ്യപരമാക്കുക എന്ന വെല്ലുവിളിയോടോപ്പം കൂടുതൽ ജനങ്ങളിലെത്തിക്കുക എന്ന ചുമതലകൂടി സംവിധായകന്റെ മേൽ വന്നുവീഴുന്നു. കച്ചവടത്തിനു സന്നദ്ധമാക്കുകയെന്നാൽ ലളിതമാക്കുക എന്ന അർത്ഥം കൂടിയുണ്ട്. ആ നിലയ്ക്കാണ് അനുകല്പനങ്ങൾ വിശദീകരണങ്ങളുടെയോ വ്യാഖ്യാനങ്ങളുടെ തലത്തിലേക്കിറങ്ങി നിൽക്കുന്നത്. അനുകല്പനങ്ങളുടെ സൂക്ഷ്മവും സ്ഥൂലവുമായ വിശകലനത്തിനുകൂടി പര്യാപ്തമാണ് ലിൻഡ സെഗെർ  നൽകുന്ന നിർദ്ദേശങ്ങൾ.   370-ഓളം പേജുള്ള ഒരു നോവലിൽനിന്ന് രണ്ടു മണിക്കൂറിൽപ്പരം (കുബ്രിക്കിന്റെ സിനിമയ്ക്ക് 153 ഉം ലിന്നിന്റെ സിനിമയ്ക്ക് 137 ഉം മിനിട്ടാണ് ദൈർഘ്യം) നീളമുള്ള ചലച്ചിത്രം രൂപപ്പെടുത്തുമ്പോൾ മാധ്യമങ്ങളുടെ സമയ പരിധിയിലുള്ള വ്യത്യാസത്തിനനുസരിച്ച് ഒർജിനലിൽനിന്ന് ഉൾക്കൊള്ളിക്കേണ്ട ഘടകങ്ങളെപ്പറ്റിയുള്ള തിരിച്ചറിവ്, കഥാഗതിയുടെ ആദിമധ്യാന്തങ്ങളുടെ തെരെഞ്ഞെടുപ്പ്, ഒഴിവാക്കേണ്ട അംശങ്ങൾ, സ്വീകരിക്കേണ്ടവ തീരുമാനിക്കൽ, തെരെഞ്ഞെടുത്തവയിൽ മൗലികമായി വികസിപ്പിക്കേണ്ടവയുടെ വിവരം, പുതുതായി കൂട്ടിച്ചേർക്കേണ്ടവയുടെ സ്വഭാവം തുടങ്ങിയവ വളരെ പ്രാധാന്യം അർഹിക്കുന്നു. 
ലോലിതയുടെ ദേശാന്തര സഞ്ചാരം
          ലോലിതാപ്രമേയത്തിന്റെ വിവക്ഷകളെ ഉള്ളടക്കിയിട്ടുള്ള ചലച്ചിത്രങ്ങൾ മലയാളത്തിലും ഉണ്ടായിട്ടുണ്ട്. അവയുടെ സൂചനകൾ അത്ര പ്രകടമല്ലെങ്കിൽപ്പോലും പ്രായവ്യത്യസമുള്ളവരുടെ പ്രണയം, കൗമാരത്തിന്റെ പ്രണയചാപല്യങ്ങൾ, അവ സുഭദ്രമായ കുടുംബജീവിതത്തിനും അതുവഴി മൂല്യങ്ങൾക്കും ഏൽപ്പിക്കുന്ന പരിക്ക്, അതിന്റെ സ്വീകാര്യത  തുടങ്ങിയ കാര്യങ്ങൾ അബോധാത്മകമായി ലോലിതാപാഠത്തിലേക്ക് കൈചൂണ്ടി സ്ഥാപിക്കുന്നുണ്ട്.  പി പത്മരാജൻ തിരക്കഥയെഴുതി  ഐ വി ശശി സംവിധാനം ചെയ്ത കാണാമറയത്ത്’ (1984). ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത, ഏകപക്ഷീയമായ പ്രണയ ദുരന്തത്തിന്റെ കഥ പറയുന്ന 'മഴയെത്തും മുൻപേ' (1995) ഫാസിൽ എഴുതി സംവിധാനം ചെയ്ത 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' (2000) രഞ്ജൻ പ്രമോദിന്റെ സ്ക്രിപ്റ്റിൽ ജോഷി സംവിധാനം ചെയ്ത ‘നരൻ’ (2005) ജിബു ജേക്കബിന്റെ 'വെള്ളിമൂങ്ങ' (2014) ജോയി മാത്യൂവിന്റെ എഴുതി ഗിരീഷ് സംവിധാനം ചെയ്ത ‘അങ്കിൾ’ (2018) തുടങ്ങിയ ചിത്രങ്ങളെ മുഖ്യ ഉദാഹരണങ്ങളായി എടുത്തു പരിശോധിച്ചാൽത്തന്നെ  ലോലിതാപ്രമേയത്തിന് മലയാളചലച്ചിത്ര ചരിത്രത്തിൽ അനുസ്യൂതമായ അടിയൊഴുക്കുണ്ടെന്നു തിരിച്ചറിയാം. ആദ്യത്തെ മൂന്നു ചിത്രങ്ങളിലെയും നായികമാരെ ശ്രദ്ധിച്ചാൽ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ശോഭനയും (മംഗള നായകി, 9 വയസ്) ഗീതുവും (ഒന്നു മുതൽ പൂജ്യം വരെ, 5 വയസ്) ബാലതാരങ്ങളായി സിനിമയിൽ വന്നവരാണ്. ആനിയുടെ ആദ്യ അരങ്ങേറ്റവും (അമ്മയാണെ സത്യം, 15 വയസ്) കൗമാരപ്രായക്കാരിയായിട്ടാണ്. ഈ വേഷങ്ങളിലൂടെ, കുട്ടികൾ എന്ന് സമൂഹമനസ്സിൽ ഉറച്ച പൂർവധാരണയ്ക്കുമേലാണ് മേൽപ്പറഞ്ഞ സിനിമകളിലെ കഥാപാത്രങ്ങൾ പ്രവർത്തിക്കുന്നത്. സിനിമയ്ക്കകത്തും സാമൂഹികബോധ്യങ്ങളിലും കുട്ടികളുടെ മുതിർച്ചയും വാസനകളുമായി ബന്ധപ്പെട്ട പ്രവണതകൾക്ക് പ്രത്യേക പരിവേഷം ഉണ്ട്. ഫാസിലിന്റെ 'മാമ്മാട്ടിക്കുട്ടിയമ്മയ്ക്ക് (1983) ബ്ലെസ്സിയുടെ 'കാഴ്ച (2003) തുടങ്ങിയ സിനിമകളിലെ  ബാലതാരങ്ങളുടെ (യഥാക്രമം ബേബി ശാലിനി, ബേബി സനുഷ) ഗാനരംഗങ്ങളിലെ ഭാഗിക നഗ്നത സിനിമകളിൽ നിഷ്കളങ്ക പരിവേഷത്തോടെയാണ് അരങ്ങേറിയതെങ്കിലും വിവാദമായി തീരുകയുണ്ടായി.20  നരനിലും വെള്ളിമൂങ്ങയിലും എത്തുമ്പോഴേക്ക് പ്രായവ്യത്യാസമുള്ളവരുടെ ദാമ്പത്യബന്ധം സാമൂഹികമായി സ്വീകാര്യമാണെന്ന നിലയിലേക്ക് മാറുന്നു. ‘അങ്കിളിൽ’ കൃഷ്ണകുമാറിന്റെയും മകളുടെ സ്ഥാനത്തുള്ള ശ്രുതിയുടെയും ഏകാന്തമായ യാത്ര മൂല്യവിചാരങ്ങളാൽ വെളുപ്പിച്ചെടുക്കുകയും സദാചാരനിരതമായ സമൂഹം പ്രകടമായും പ്രതിസ്ഥാനത്തേക്ക് മാറുകയും ചെയ്യുന്നു. വിശദമായി അന്വേഷിക്കേണ്ട ഒരു മേഖലയാണ് മലയാള ചലച്ചിത്രങ്ങളിലെ ഈ വശം.
 പ്രായവ്യത്യാസമുള്ളവരുടെ പ്രണയബന്ധം, മിത്തുവത്കരിക്കപ്പെട്ട 'ലോലിത' പ്രമേയത്തിന്റെ പാഠാന്തരങ്ങളായി പരിഗണിക്കുന്നതാണ് ഉചിതം. നിർമ്മാണപ്രക്രിയയിൽ എന്നപോലെതന്നെ ആസ്വാദനപ്രക്രിയയിലും സമൂഹത്തിന്റെ സഞ്ചിതബോധത്തിലുള്ള മുന്നറിവുകൾ ഒന്നിച്ചു ചേരുകയും പൂർവപാഠങ്ങളായി പ്രവർത്തിക്കുകയും ചെയ്യും. ചലച്ചിത്രങ്ങൾ, സമൂഹത്തിന്റെ അബോധത്തിലുള്ള പൂർവപാഠങ്ങളെ പുനസൃഷ്ടിച്ച് യാഥാർത്ഥ്യമാക്കി ഉറപ്പിക്കാൻ ശ്രമിക്കും. പ്രത്യക്ഷമായോ പരോക്ഷമായോ ചില തീർപ്പുകളിലെത്താനുമുള്ള ഉത്സാഹങ്ങളെ വാസനകളുടെ അബോധാത്മകമായ സാക്ഷാത്കാരത്തിന്റെ നിമിഷങ്ങളായി വേണം കണക്കാക്കാൻ. അതതു കാലത്തിനും ദേശത്തിനും സമൂഹത്തിനും ആവശ്യമായ പ്രബോധനങ്ങളുടെ കണികാരൂപങ്ങൾ അനുകല്പനങ്ങളുടെ നിർമ്മിതിയിൽ പ്രവർത്തിക്കുന്നുണ്ട്, ബോധനോപകരണങ്ങൾ എന്ന നിലയിൽ. അടിസ്ഥാനപരമായി ആഖ്യാനമാണ് വ്യവഹാരങ്ങളുടെ രൂപവ്യത്യാസത്തെ പ്രസക്തമാക്കുന്നത്. പ്രമേയങ്ങളുടെ കാല-ദേശാന്തരങ്ങളെയും വിവിധ വ്യവഹാരങ്ങളുടെ രൂപമാതൃകകളെയും കുറിച്ചുള്ള ആധുനിക സങ്കല്പനങ്ങൾ കലാരൂപങ്ങളുടെ പാഠാന്തരബന്ധങ്ങളെപ്പറ്റിയുള്ള അറിവുകളോടൊപ്പം, പ്രമേയപരിചരണത്തിന്റെ കാണാമറയത്തുള്ള ഉള്ളുകള്ളികളെ കൂടുതൽ വെളിച്ചത്തേയ്ക്കു കൊണ്ടുവരുന്നുമുണ്ട്. അവയാണ് ആസ്വാദനവഴികളെ കൂടുതൽ വൈവിധ്യമുള്ളതാക്കുന്നത്.

 (ചലച്ചിത്രസമീക്ഷ)

കുറിപ്പുകൾ
1. ഷാനവാസ് ഖാൻ, 'മുറിച്ചുമാറ്റപ്പെട്ട എട്ട് ലക്ഷം അടി ചുംബനങ്ങൾ', സിനിമ ചരിത്രമുഹൂർത്തങ്ങളിലൂടെ, കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2009, പു.56
വിക്കിപീഡിയ പേജിലും വിശദവിവരങ്ങൾ ലഭ്യമാണ്.  https://en.wikipedia.org/wiki/The_Kiss_(1896_film)
2. ജയരാജ് എം, മാർത്താണ്ഡവർമ്മയുടെ ദുരന്തം, മലയാള സിനിമ പിന്നിട്ട വഴികൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2018, പു.37
3. James M Welsh , Peter Lev (Ed.), The Literature/Film Reader: Issues in Adaptation, Scarecrow Press, 2007. P XIII..
4. Ragu Ram Bandi, Introduction, Adapting Novels into Films, prestige Books, New Delhi, 2009, P12-13
5.  Ragu Ram Bandi ഉദ്ധരിച്ചത്, അതേ പുസ്തകം , പു.15
6. George P Elliot, Discomfort of Comedy,  May 11 , 1957, The Nation പത്രത്തിന്റെ സൈറ്റിൽ പഴയ ലേഖനത്തിന്റെ ചിത്രം നൽകിയിട്ടുണ്ട്.  https://www.thenation.com/article/august-18-1958-vladimir-nabokovs-lolita-is-published-in-the-us/
7. '1910-ൽ പാരീസിലാണ് ഞാൻ ജനിച്ചത്',  വ്ളാഡിമിർ നബോക്കോവ്, ലോലിത, പു.11
8. ലോലിതയെപ്പറ്റിയുള്ള വളരെ വിശദമായ വിവരണം വിക്കിപീഡിയ പേജിൽ കാണാം.  https://en.wikipedia.org/wiki/Lolita
9. ലോലിതയുടെ പൂർവമാതൃകകളെപ്പറ്റി  മൈക്കൽ മാർ എഴുതിയ 'രണ്ട് ലോലിതമാർ', (2005) അസർ നഫീസിയുടെ 'ടെഹ്റാനിൽ ലോലിത വായിക്കുമ്പോൾ' (2003) തുടങ്ങി ലോലിതയെ ആസ്പദമാക്കി എഴുതിയ ഇംഗ്ലീഷ് പുസ്തകങ്ങളുടെ നീണ്ട പട്ടിക   ഇവിടെ കാണാം. https://www.questia.com/library/literature/ fiction/novels/Lolita.
അമേരിക്കക്കാരിയായ നായികയെ വച്ച് മലയാളത്തിൽ പി പത്മരാജൻ എഴുതിയ 'ലോലഎന്ന കഥയുടെ ശീർഷകത്തിലും ആ സ്വാധീനമുണ്ട്.
10. 'സുരക്ഷിതത്വത്തിനും അനശ്വരതയ്ക്കും വേണ്ടിയുള്ള മനുഷ്യന്റെ തീവ്രമായ ആഗ്രഹത്തെ അനുകല്പനങ്ങൾ ഉൾക്കൊള്ളുന്നതായി' ഡേവിഡ് ക്രാൻസും നാൻസി മെല്ലെർസ്കിയും അവരുടെ പുസ്തകത്തിന്റെ ആമുഖത്തിൽ നിരീക്ഷിക്കുന്നു. Ed. David Kranz and Nancy Mellerski,  'Introduction', In/Fidelity: Essays in Adaptation, Newcastle: Cambridge Scholars Publishing, 2008.  P. 2
11.  Xi Nan, Relationship, Identity and Mass Media: the Consumer Culture in Nabokov's Lolita,  International Journal of Humanities and Social Science Vol. 4, No. 12; October 2014
12. Vladimir Nabokov, Strong Opinions, Vintage Books, New York: 1990, P. 26. (PDF)
13. ‘1934-ൽ എന്റെ അപ്സരകന്യക ഒരു വളഞ്ഞ മീനിനെപ്പോലെ കിടന്ന വെളുത്ത വയറാണിത്. ശ്രദ്ധയോടെ നിറം കൊടുത്ത ഈ തലമുടി, .... കാണുമ്പോൾ നിറംകൊണ്ട് എനിക്ക് ലോലിതയുടെ ചുരുളൻ മുടി ഓർമ്മവരുന്നത് ’- വ്ളാഡിമിർ നബോക്കോവ്, ലോലിത, പു.93
14.‘ഞാൻ തന്നെ എന്റെ വിധി നിശ്ചയിക്കുകയായിരുന്നെങ്കിൽ ബലാത്സംഗത്തിന് മുപ്പത്തഞ്ചുവർഷമെങ്കിലും തടവ് വിധിച്ച് ബാക്കി കുറ്റങ്ങളിൽ നിന്ന് എന്നെ വിമുക്തനാക്കിയേനേ.   വ്ളാഡിമിർ നബോക്കോവ്, ലോലിത, പു. 368
15. Charles McGrath, -ഉദ്ധരിച്ചത്, 50 Years on, 'Lolita' Still Has Power to Unnerve, Newyork Times, https://www.nytimes.com/2005/09/24/books/50-years-on-lolita-still-has-power-to-unnerve.html
16. Xi Nan, Relationship, Identity and Mass Media: the Consumer Culture in Nabokov's Lolita,  International Journal of Humanities and Social Science Vol. 4, No. 12; October 2014
17. Eleni Antonaropoulou, Adaptations of Lolita, 2013, http://www.unsungfilms.com/13655/adaptations-of-lolita/
18.‘ക്ലെയർ ക്വിൽറ്റിയാണോ ഹംബെർട്ട് ഹംബെർട്ടാണോ വേണ്ടത് എന്നു തീരുമാനിക്കേണ്ടിവരുമ്പോൾ  രണ്ടു മാസമെങ്കിലും കൂടുതൽ ജീവിക്കേണ്ടത് ഹംബെർട്ട് ഹംബെർട്ടാണെന്ന് എല്ലാവരും ആഗ്രഹിക്കും. വരും തലമുറകളുടെ മനസ്സിൽ നീ ജീവിക്കാൻ അതാവശ്യമാണല്ലോ.വ്ളാഡിമിർ നബക്കോവ്, ലോലിത, പു.368
19. "നോക്കൂ ഞാൻ നിങ്ങളുടെ ഡോളിയെ ഒന്നുംചെയ്തിട്ടില്ല; സങ്കടകരമായ സത്യം എന്താണെന്നു വച്ചാൽ എനിക്കാ കഴിവില്ല. ' വ്ളാഡിമിർ നബക്കോവ്, ലോലിത, പു.355
20.രാമചന്ദ്രൻ ജി പി, ‘മൂപ്പു കുറഞ്ഞ ചരക്കുകൾ', സിനിമയും മലയാളിയുടെ ജീവിതവും, സാപ്രസസം. കോട്ടയം, 1998  പു.46. 


വായനാസൂചികൾ :
1. Linda Seger, The Art of Adaptation : Turning Fact and Fiction into Film, Owl books Henrty Holt and Company, New York, 1992
2. Geoffrey Wagner, The Novel and the Cinema, Farleigh Dickinson University Press, 1975
3. George Bluestone, Novel into Film, University of California Press, 1957
4. James Naremore (ed.), Film Adaption, Rutgers University Press, NJ, 2000
5. Ed. by Deborah Cartmell, IQ Hunter, Heidi Kaye and Imelda Whelehan, Clasics in Film and Fiction, Pluto Press, London,2000
6. Raghu Ram Bandi, Adapting Novels into Films: Three Case studies, Prestige Books, New Delhi, 2009
7.  Patel Swagat Kunjaban, Books in Motion: a study of the Adaptations of Four Indian Novels into Films, Savithribai Phule Pune University, Ph.D Thesis, 2015 (അപ്രകാശിതം)
8. Xi Nan, Relationship, Identity and Mass Media: the Consumer Culture in Nabokov's Lolita,  International Journal of Humanities and Social Science Vol. 4, No. 12; October 2014
9. വ്ളാഡിമിർ നബക്കോവ്, ലോലിത, വിവ: സിന്ധു ഷെല്ലി, ഡി സി ബുക്സ്, കോട്ടയം 2017
10. അജു കെ നാരായണൻ, ചെറി ജേക്കബ് കെ, സിനിമ മുതൽ സിനിമ വരെ, സാ.പ്ര..സം, കോട്ടയം 2016
11. ജയരാജ് എം, മലയാള സിനിമ പിന്നിട്ട  വഴികൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2018
12. രാമചന്ദ്രൻ ജി പി, സിനിമയും മലയാളിയുടെ ജീവിതവും, സാപ്രസസം, കോട്ടയം, 1998
13. ഷാനവാസ് ഖാൻ, സിനിമ ചരിത്ര മുഹൂർത്തങ്ങളിലൂടെ, കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2009
14. സംവിധാനം : സ്റ്റാൻലി കുബ്രിക്, ലോലിത, ഇംഗ്ലീഷ്, 1962 (ചലച്ചിത്രം)
15. സംവിധാനം : അഡ്രിയാൻ ലിൻ, ലോലിത, ഇംഗ്ലീഷ്, 1997 (ചലച്ചിത്രം)


സ്ഥാവരങ്ങളുടെ ദ്രാവകത്വം





          സുസ്ഥിരവും വസ്തുനിഷ്ഠവുമായ മനുഷ്യയാഥാർത്ഥ്യത്തെപ്പറ്റിയും അതിനെ സുഭദ്രമായും ആകർഷകമായും ആവിഷ്കരിച്ച് ആസ്വാദകർക്ക് സവിശേഷാനുഭൂതി വിതരണം ചെയ്യുന്ന എഴുത്തുകാരുടെ സുവിദിതമായ പ്രതിഭാവിശേഷത്തെപ്പറ്റിയും പുതിയ കഥയെഴുത്തുകാർ, വച്ചുപുലർത്തുന്ന ഒരു അവിശ്വാസം പ്രമോദ് രാമനിലും വലിയൊരളവിൽ കാണാം. രതിമാതാവിന്റെ പുത്രൻ (2011) ദൃഷ്ടിച്ചാവേർ (2014) മരണമാസ് (2017) എന്നീ മൂന്നു കഥാസമാഹാരങ്ങൾക്കും ആമുഖമായി എഴുത്തുകാരൻ നൽകിയിരിക്കുന്ന വളരെ ചെറിയ കുറിപ്പുകളിൽ ഈ  കുറ്റബോധ സ്വരം മുന്നിട്ടു നിൽക്കുന്നുണ്ട്.  എല്ലാ കാലത്തേക്കുമായി നിലനിന്നുകൊണ്ട് അതതുകാലങ്ങളിലെ സമൂഹങ്ങളുമായി ഒരു കുറവുമില്ലാതെ സംവദിക്കുന്ന സാഹിത്യത്തിന്റെ മഹിമാതിരേകങ്ങളെപ്പറ്റിയുള്ള വിശ്വാസങ്ങൾ ഇനിയുള്ള കാലം കെട്ടുകഥമാത്രമാണെന്ന വിനീതവിശ്വാസം മാത്രമല്ല ഇതിനു പിന്നിലുള്ളത്. വൈകാരികാനുഭൂതികൾക്ക് ആകൃതികൾ നിർമ്മിച്ചു കൊടുക്കുക എന്ന ബാധ്യതയേക്കാളേറെ അനുഭൂതിസാഹചരങ്ങളെ ഉള്ളടക്കങ്ങളാക്കുന്നതിൽ വന്നുപെടുന്ന  അവിശ്വാസങ്ങൾ എഴുത്തുകാരെ കൂടുതലായി ഭരിച്ചു തുടങ്ങുന്നുണ്ട്. പൂർണ്ണത, സമഗ്രത തുടങ്ങിയ സങ്കല്പങ്ങളെ പഴയതുപോലെ തീർച്ചപ്പെടുത്താൻ ഒരു കേന്ദ്രമില്ലെന്ന അബോധാത്മകമായ തിരിച്ചറിവാണ് ഈ കുഴമറിയലിന്റെ അടിസ്ഥാനം. അതിന്റെ പരിസരം സാമൂഹികമാണ് എന്നതുപോലെതന്നെ രാഷ്ട്രീയവുമാണ്.  നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നതും വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമായ ഒരു ചുഴിയിൽ അകപ്പെട്ടതിനെപ്പറ്റിയുള്ള ഉത്കണ്ഠകളെകൂടിയാണ് നാം കഥകളായി വായിക്കുന്നത്.

എന്തുകൊണ്ട് പുതിയ കാലത്തിലെ എഴുത്തുകാരൻ തന്റെ രചനകളെ അവിശ്വാസത്തോടെ നോക്കുന്നു? അതിന്റെ യഥാർത്ഥകാരണം അയാളിലും കവിഞ്ഞു നിൽക്കുന്ന ഒന്നാണ്. പഴയ സൗന്ദര്യശാസ്ത്രസങ്കല്പങ്ങൾക്കുള്ളിൽവച്ചുകൊണ്ട് ആഖ്യാനരീതിയുടെ പുതുമ എന്ന മട്ടിൽ നോക്കിക്കാണുന്നതിനുപകരം, പ്രമേയം ആവശ്യപ്പെടുന്ന രീതിയിലുള്ള പരിചരണമാണ് ഇവിടെ നടക്കുന്നതെന്ന് വിലയിരുത്തുന്നതാണ് കൂടുതൽ ഉചിതം. ഈ തരത്തിലുള്ള  ഉള്ളടക്ക പരിചരണം, പ്രമേയത്തിന്റെ സ്വഭാവത്തെപ്പറ്റിയുള്ള ഒരു ദിശാസൂചിയാണ്. പ്രമേയത്തിന്, അറിയേണ്ടത് (നോവബിൾ)  എന്നൊരു അർത്ഥമുണ്ട്. എല്ലാ കാലത്തേക്കുമായി നിലനിന്നുകൊണ്ട് അതതുകാലങ്ങളിലെ സമൂഹങ്ങളുടെ വൈകാരികവും ധിഷണപരവുമായ ഉള്ളടക്കങ്ങളെ, അറിഞ്ഞത് (നോളേജ്) എന്ന മട്ടിൽ ന്യൂനതകളില്ലാതെ വിശദീകരിക്കുന്ന വാങ്മയത്തിന്റെ മഹിമാതിരേകങ്ങൾ കെട്ടുകഥയാണ് എന്ന ബോധം ഒഴുകിപ്പരക്കുന്നതിന്റെ ലക്ഷണങ്ങളിൽ  പ്രകടമായ രണ്ട് സൂചനകൾ ഉണ്ട്.

1. ഉള്ളടക്കപരിചരണം എന്ന നിലയിൽ ആഖ്യാനവൈവിധ്യങ്ങൾ പ്രത്യക്ഷപ്പെടുന്നു.
2. സ്വന്തം പ്രമേയത്തെ അകന്നു നിന്നു കാണുന്നതരം ഘടന രചനകൾക്ക് കൈവരുന്നു.

പ്രമോദ് രാമന്റെ റെഡ്ക്രോസ്’ (രതിമാതാവിന്റെ പുത്രൻ) എന്ന കഥയുടെ തുടക്കത്തിൽ ഒരു ആമുഖവാചകമുണ്ട്. എന്നെപ്പോലെ വിദ്യാഭ്യാസം തീരെക്കുറഞ്ഞ ഒരാൾക്ക് ചേരാത്ത ഭാഷയിലുള്ള എന്റെയീ ആത്മഗതത്തിന് നിങ്ങളെന്നോട് ക്ഷമിക്കുക.ബെറ്റെർ ലൈഫ് ഫോർ ഡെസ്റ്റിറ്റ്യൂഡ്സ് & അദേഴ്സ് ആശുപത്രിയിലെ തൂപ്പുകാരി ബിയാട്രിസിന്റെ  വാക്യമാണിത്. ബിയാട്രിസല്ല അതു പറയുന്നത്, ബിയാട്രിസിനെ വേഷം അണിയിക്കാൻ പോകുന്ന കഥാകൃത്താണ്. ഒരു പെൺകുട്ടിയുടെ വളർച്ചയെ പ്രിമോലെറ്റ് എൻ എന്ന ഗുളിക സ്ഥിരമായി നൽകി, അമ്മ മുരടിപ്പിക്കുന്നതിനെക്കുറിച്ചാണ് കഥ. പെണ്ണത്തം എന്ന വസ്തുതയെ ചോരച്ചാലിന്റെ അതിരുമായി ബന്ധപ്പെടുത്തുന്ന ഉത്കണ്ഠയുടെയും ആശങ്കയുടെയും കഥയ്ക്ക് കഥാകൃത്ത് നൽകിയത് റെഡ്ക്രോസ് എന്ന ആതുരശുശ്രൂഷയും സാന്ത്വന ചികിൽസയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ പ്രശസ്തിയാർജ്ജിച്ച പേരാണ്. ദൃഷ്ടിച്ചാവേറിലുള്ള കരിസ്മാറ്റിക് ശവ’മെന്ന കഥ, വ്യക്തിപരവും സാമൂഹികവുമായ ശീർഷാസനത്തിന്റെ പ്രമേയഘടന സ്വീകരിക്കുന്നതിനാൽ അതിന്റെ ശീർഷകം കഥാകൃത്ത് ഏറ്റവും അവസാനമാണ് നൽകിയിരിക്കുന്നത്. തലതിരിഞ്ഞുപോയ സംസ്കാരചരിത്രത്തെ, ഒരു വ്യക്തിയുടെ  പ്രവൃത്തിയിലൂടെ അവതരിപ്പിക്കുന്ന കഥയാണ്. തല കീഴെയാവുക എന്ന സംഗതിയെയാണ് കഥാവസാനത്തിൽ കൊടുത്തിരിക്കുന്ന ശീർഷകം ചൂണ്ടുന്നത്. ഫലത്തിലിത് കഥാകൃത്തിന്റെ വിഷയത്തോടുള്ള സമീപനത്തിൽനിന്ന് ഉണ്ടാവുന്നതോ ആരോപിക്കുന്നതോ ആയ കാര്യമാവും. പ്രമേയത്തിനകത്തല്ല, പുറത്തേക്ക് ചൂണ്ടുന്ന കേന്ദ്രം ഉണ്ട്. മരണമാസിലെ അതേ പേരുള്ള കഥയിലും ഇതേ ആഖ്യാനരീതി പ്രവർത്തിക്കുന്നുണ്ട്. ആ പേരിന് കഥയുടെ ഉള്ളടക്കവുമായി നേരിട്ടു ബന്ധമില്ല. മറിച്ച് അതിലെ കേന്ദ്രകഥാപാത്രത്തിന്റെ മറവിയും ഉന്മാദം എന്നു സംശയിക്കാവുന്ന തരത്തിലുള്ള നിലയില്ലാത്ത ഭാവനകളും ചേർന്നു ഉണ്ടാക്കുന്ന ഒരു അന്തരീക്ഷത്തിന് പുത്തൻ തലമുറയുടെ പദാവലിയിൽനിന്നും കഥാകൃത്ത് എടുത്തുകൊടുത്ത പേരാണ്, ‘മരണമാസ്’. കഥയുടെ പ്രമേയവുമായി അനുഭവപരമായ അകലം പാലിച്ചുകൊണ്ട് അവയിലെ സംഭവങ്ങളോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് കരിസ്മാറ്റിക് ശവം, മരണമാസ് എന്നീ ശീർഷകങ്ങളും ‘റെഡ്ക്രോസി’ലെ ആമുഖവാചകവും നിലനിൽക്കുന്നത്.

പൂർണ്ണത, സമഗ്രത തുടങ്ങിയ സങ്കല്പങ്ങളെപ്പറ്റി മാത്രമല്ല, താൻ സൃഷ്ടിക്കുന്ന വൈകാരികലോകത്തെപ്പറ്റിയും അതിനോട് ആളുകൾക്ക് ഉണ്ടായേക്കാവുന്ന പ്രതികരണത്തെപ്പറ്റിയുമൊക്കെയുള്ള (മുൻ) ധാരണകൾ കലങ്ങിമറിയുന്ന ഒരു എഴുത്തുകാരസ്വത്വമാണ്, അരക്ഷിതമായ ഒരു മനോഭാവത്തിന്റെ  ആഖ്യാനവ്യവസ്ഥയിലൂടെ വെളിവാക്കപ്പെടുന്നത്. കാലക്രമേണ ആവേശം തേഞ്ഞ് വലക്കണ്ണിപോലെ തുളവീണ ഉപ്പുകലം പോലത്തെ മനസ്സാണ് എന്റേത്. അതിൽക്കൂടി നിമിഷങ്ങൾ ദ്രാവകമായി ഒലിച്ചിറങ്ങുകയാണ്’ (മരണമാസ്, പുറം 32) അതെന്റെ കൊടുമുടി വെട്ടി, പാതാളം തുരന്ന് കിഴുക്കാം തൂക്കായ അടിവയറ്റിലേതുൾപ്പടെ ശരീരത്തിന്റെ എല്ലാ ദ്വാരങ്ങളിലുംകൂടി തിളച്ചു പൊങ്ങി (ഛേദാംശജീവിതം, പുറം 43) എന്നിങ്ങനെ വളരെ അപൂർവമായി ദ്രവാംശങ്ങളെ രൂപകങ്ങളായി കഥ പരിചരിക്കുന്നതും കാണാം. ഇത് സാമൂഹികമായ പകർച്ചയാണ്. യാഥാർത്ഥ്യാനന്തരകാലത്തിനുള്ളിൽനിന്നുകൊണ്ട് സത്യത്തിന്റെ പകർപ്പുകളൂടുള്ള അവിശ്വാസവും കലക്കവും മറ്റൊരു രീതിയിൽ ആവിഷ്കാരം നേടുകയാണെന്നും പറയാം.  ഖരമായതെല്ലാം ഉരുകിയൊലിക്കുന്ന ഒരു സാമൂഹിക സന്ദർഭങ്ങളെക്കുറിച്ചുള്ള വിഭാവനകൾ ആധുനികതയുടെ തുടക്കക്കാലത്തുതന്നെ പ്രവചനസ്വഭാവത്തോടെ സാഹിത്യചിന്തകളിൽ പടർന്നതാണ്. നോവലുകളെക്കുറിച്ചുള്ള ആലോചനകൾക്കിടയിൽ, കാലികയാഥാർത്ഥ്യത്തിന്റെ നില, ഉറപ്പില്ലാത്തതും ദ്രവരൂപത്തിലുള്ളതുമായി തീർന്നിരിക്കുന്നു എന്നാണ് ബക്തിൻ പറഞ്ഞത്. ( …at artistic representation was being degraded to the level at a contemporary reality that was inconclusive and fluidThe Dialogic Imagination, P 39) ആധുനികത വ്യാപകമായി ഉൾക്കൊണ്ട ഈ കലങ്ങി മറിയുന്ന സാമൂഹിക സാഹചര്യങ്ങൾ വിവരസാങ്കേതികവിദ്യയുടെയും അനുബന്ധ വികാസങ്ങളുടെയും മാറിമറയുന്ന ഉത്പാദന വ്യവസ്ഥകളുടെയും ഒക്കെ ഫലമായി കൂടുതൽ സങ്കീർണ്ണമായിട്ടുണ്ട്.

ബോമാനും സാമൂഹികമായ ദ്രവാവസ്ഥയും

ഉച്ചാധുനികത (ഹൈ മോഡേണിറ്റി), ദ്രവാധുനികത (ലിക്വിഡ് മോഡേണിറ്റി) എന്നെല്ലാം വിളിപ്പേരുകളുള്ള ഈ സാമൂഹിക അവസ്ഥയുടെ വിശകലനത്തിന് പാശ്ചാത്യചിന്തകർ പ്രാഥമികമായും പ്രധാനമായും അടിസ്ഥാനമാക്കിയത് യൂറോപ്യൻ നഗരജീവിതമാണെന്ന കാര്യം മനസിൽ വച്ചുകൊണ്ടുതന്നെ അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്ന ഭൗതികയാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുകയും അതിനോട് പ്രതികരിക്കുകയും മലയാളത്തിലെ ചെറുകഥകളും നടത്തുന്ന ശ്രമങ്ങളെപ്പറ്റി ആലോചിക്കാവുന്നതാണ്. മലയാളത്തിലെ ചെറുകഥകൾക്കും പ്രാദേശികമായ അതിരുവഴക്കങ്ങളിൽമാത്രം നിർത്തി അന്വേഷിക്കാവുന്ന സ്വഭാവമല്ല ഇന്നുള്ളത്. അവ ലോകസാഹചര്യങ്ങളിൽനിന്ന് നേരിട്ടും അല്ലാതെയും പ്രചോദനങ്ങൾ മുൻപെന്നത്തേക്കാളും കൂടുതലായി ഉൾക്കൊള്ളുന്നുണ്ട്. അതോടൊപ്പം ആഗോളവത്കരണം ഉൾപ്പടെയുള്ള പ്രതിഭാസങ്ങളുടെ സമ്മർദ്ദങ്ങൾ രചനാശരീരങ്ങളെ സ്വാധീനിക്കുന്നുമുണ്ട്. സമൂഹത്തിന്റെ അബോധവുമായി നേരിട്ടു നീക്കുപോക്കുള്ള സാംസ്കാരികപ്രക്രിയകളുടെ ഉള്ളടക്കവും അവയുടെ പരിചരണവും ഗൗരവമുള്ള പഠനവസ്തുവാക്കുന്നതിന്റെ കാരണം, അവ  പരിണാമവേഗങ്ങളുടേ നേരിട്ടുള്ള സാക്ഷിപത്രങ്ങൾ പരിശോധനയ്ക്കായി നൽകുന്നു എന്നതാണ്.

സ്ഥിരരൂപങ്ങൾ തകർന്ന് സാമൂഹിക സാഹചര്യങ്ങൾ അതിവേഗം കലക്കസ്വഭാവമാർന്ന് മുന്നോട്ടു കുതിക്കുന്നതിനെപ്പറ്റിയുള്ള വ്യക്തമായ ചിത്രം അവതരിപ്പിച്ചത്  സിഗ്മണ്ട് ബോമാൻ എന്ന പോളിഷ് - ബ്രിട്ടീഷ് സാമൂഹികശാസ്ത്രജ്ഞനാണ്.  സിഗ്മണ്ട് ബോമാൻ 91 മത്തെ വയസ്സിൽ, ജനുവരി 2017 -ൽ മരിച്ചു.  ലൈഫ് ഇൻ ഫ്രാഗ്മെന്റ്സ് (1996) എന്ന പുസ്തകം എഴുതുമ്പോൾ ഉത്തരാധുനികതയിലായിരുന്നു അദ്ദേഹത്തിനു വിശ്വാസം. ഉത്തരാധുനിക സമൂഹം അതിലെ പങ്കാളികളുമായി ഇടപെടുന്നത് പ്രാഥമികമായും അവരുടെ ഉപഭോക്താക്കളെന്ന ശേഷിയെ മുൻനിർത്തിയാണെന്നും ഉത്പാദകരെന്ന നിലയിലല്ലെന്നും അതിലദ്ദേഹം എഴുതി. ഉപഭോഗത്തിനു ചുറ്റുമായി രൂപപ്പെടുന്ന ജീവിതം നിയമാവലികൾക്ക് അതീതമാണ്. പ്രലോഭനങ്ങളാണ് അവയ്ക്ക് വഴി കാണിക്കുന്നത്. പിന്നീട് സമൂഹത്തെക്കുറിച്ചു നടത്തിയ കൂടുതൽ അന്വേഷങ്ങളുടെ ഫലമായി ആധുനികതയുടെതന്നെ ഒരു ഭാഗമാണ് നിലവിലുള്ള ഉത്തരാധുനികത്വം എന്ന നിഗമനത്തിൽ എത്തിച്ചേർന്നു. ആധുനികത്വത്തിന് ഉള്ള നീചം (ലോ) ഉച്ചം (ഹൈ) എന്നീ രണ്ടു ഭാവങ്ങളിൽ ആദ്യത്തേത് ആധുനികതയുടെ ഒന്നാം ഭാഗമാണ്. ഖരാധുനികത്വം (ലിക്വിഡ് മോഡേണിറ്റി) എന്നും അതിനു പേരുണ്ട്. ഭരണകൂടം വ്യക്തികളെയും സമൂഹങ്ങളെയും സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ,  ഉദ്യോഗസ്ഥ ആധിപത്യം, പ്രകൃതിയ്ക്കുമേലുള്ള നിയന്ത്രണം, വ്യക്തിപരമായ അരക്ഷിതത്വം ഇല്ലാതാക്കാൻ വേണ്ടിയുള്ളതെന്ന് ഭാവിക്കുന്ന നിയന്ത്രണങ്ങളും നിയമങ്ങളും, ആകെ കുഴഞ്ഞു മറിഞ്ഞ മനുഷ്യപ്രകൃതത്തെ ക്രമപ്പെടുത്താനും പട്ടികപ്പെടുത്താനുമുള്ള സംവിധാനം ഇതെല്ലാം ഖരാധുനികത്വം വിഭാവനചെയ്ത സമൂഹത്തിന്റെ പ്രത്യേകതകളാണ്. ഉച്ച ആധുനികത്വത്തിന്റെ കാലത്ത് സ്ഥിരരൂപങ്ങൾക്ക് ആകൃതി നഷ്ടപ്പെട്ട് അവ ഉരുകി ഒലിക്കാൻ തുടങ്ങുകയോ  അലിഞ്ഞൊഴുകാൻ തുടങ്ങുയോ ചെയ്യുന്നതാണ് അനുഭവം.  അതിനെയാണ് ബോമാൻ ലിക്വിഡ് മോഡേണിറ്റി’ (2000) എന്ന പ്രസിദ്ധമായ കൃതിയിലൂടെ അവതരിപ്പിച്ചത്. ലിക്വിഡ് ലൗ, ലിക്വിഡ് ലൈഫ്, ലിക്വിഡ് ഫിയർ, ലിക്വിഡ് ടൈംസ്, (കൾച്ചർ ഇൻ) ലിക്വിഡ് മോഡേൺ വേൾഡ്, ലിക്വിഡ് സർവിയലൻസ്, ലിക്വിഡ് ഇവിൾ... കാലത്തിന്റെയും സമൂഹത്തിന്റെയും ദ്രവാവസ്ഥയെക്കൂടുതൽ വ്യക്തമാക്കുന്ന രചനകൾ ‘ദ്രവാധുനികത്വം’ എന്ന കൃതിയെ തുടർന്ന് അദ്ദേഹത്തിൽനിന്നു് പിന്നീടും ഉണ്ടായി.

കാലിക സമൂഹത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും ഉണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണം ബഹുദൂരം മുന്നോട്ടു കൊണ്ടുപോയതിന്റെ പ്രശസ്തി സിഗ്മണ്ട് ബോമാനാണെങ്കിലും അദ്ദേഹത്തോടൊപ്പം സ്കോട്ട് ലാഷും (അനദർ മോഡേണിറ്റി : എ ഡിഫറന്റ് റാഷണാലിറ്റി) ഉൾറിക് ബെക്കും (സെക്കന്റ് മോഡേണിറ്റി) ആന്തണി ഗിഡൻസും (മോഡേണിറ്റി ആൻഡ് സെൽഫ് ഐഡന്റിറ്റി)  കാലിക സമൂഹങ്ങൾ വ്യക്തമായും ആധുനിക സ്ഥാപനങ്ങളുടെ പരിണാമങ്ങളും സാംസ്കാരികവികാസങ്ങളും തുടരുകയാണെന്ന് വാദിച്ചവരാണ്. പിൽക്കാല ആധുനികത്വത്തിന്റെ (ലേറ്റ് മോഡേണിറ്റി) മൗലികമായ അവസ്ഥയായിട്ടാണ് ലിക്വിഡ് മോഡേണിറ്റിവിലയിരുത്തപ്പെടുന്നത്. സിഗ്മണ്ട് ബോമാൻ, ‘ദ്രവാധുനികത്വം’ (ലിക്വിഡ് മോഡേണിറ്റി) എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ആധുനികകാലത്തിന്റെ വർത്തമാനഘട്ടത്തെ അടയാളപ്പെടുത്താൻ പറ്റിയ രൂപകമാണ് ദ്രവാവസ്ഥഎന്നാണ് അവകാശപ്പെടുന്നത്.  പദാർത്ഥത്തിനുള്ളിലെ അയഞ്ഞ തന്മാത്രാ ഘടനയാണ് വസ്തുവിനെ ഖരാവസ്ഥയിൽനിന്ന് ദ്രാവകാവസ്ഥയിലേക്കും അവിടുന്ന് വാതകാവസ്ഥയിലേയ്ക്കും പരിവർത്തിപ്പിക്കുന്നത്. സാമൂഹികശാസ്ത്രജ്ഞന്റെ ഭാഷയിൽ, വിടുതൽ നേടി സ്വതന്ത്രമായി ചുറ്റിത്തിരിയാനുള്ള കണങ്ങളുടെ പ്രവണതയ്ക്കെതിരെയുള്ള പ്രതിരോധമാണ് ഖരാവസ്ഥ. നിശ്ചിത ഭ്രമണമാർഗത്തിലൂടെയുള്ള പരിമിതപ്പെടുത്തിയ ചലനങ്ങളാൽ കൈവരുന്ന ആകൃതിവിശേഷത്തെ കൈയൊഴിയുകയാണ് ഖരത്തിൽനിന്നും ദ്രാവകമായി (വാതകമായി മാറുമ്പോഴും) പരിണമിക്കുമ്പോൾ പദാർത്ഥത്തിന്റെ  അവസ്ഥയ്ക്കു സംഭവിക്കുന്നത്. ഖരവസ്തുവിനുള്ള സ്ഥലപരമായ മാനങ്ങൾ (സ്പാഷിയൽ ഡയമെൻഷൻസ്) ജലത്തിനില്ല. സ്ഥലകാലങ്ങളുമായി അതിനു കെട്ടു പിണഞ്ഞ ബന്ധവുമല്ല ഉള്ളത്. ഖരത്തെപ്പോലെ നിശ്ചിത ആകൃതി ദീർഘകാലത്തേയ്ക്ക് സ്വീകരിക്കുക ജലത്തിന് എളുപ്പമല്ല, അതേസമയം നനയ്ക്കുക, കുതിർക്കുക, തുടങ്ങിയ പ്രവൃത്തികളിലൂടെ പരിസരങ്ങളെ സ്വാധീനിക്കാനുള്ള ശക്തി അതിന് കൂടുതലാണ്. ദ്രവത്തിന്റെ ചലനാത്മകത അതിന്റെ ലാഘവത്വവുമായി ബന്ധപ്പെട്ട വസ്തുതയാണ്. ജലത്തിന്റെ ഈയൊരു പ്രത്യേകതയിൽനിന്നാണ് ഇമാൻസിപ്പേഷൻ എന്ന സങ്കല്പത്തെ ബോമാൻ രൂപപ്പെടുത്തുന്നത്. അതിന്റെ ഭാഗമായി ഇരുന്നുകൊണ്ടുതന്നെ സമൂഹത്തിന്റെ കെട്ടുപാടുകളിൽനിന്നും സ്വതന്ത്രകണങ്ങളെപ്പോലെ വിമോചിതനാവുന്ന അവസ്ഥയെയാണ് വിമോചനമെന്നസങ്കല്പത്തിന്റെ അടിസ്ഥനം.
ഐഡന്റിറ്റിയിൽ ബോമാൻ, നമ്മൾ ഒരു ഖര അവസ്ഥയിൽനിന്ന് ആധുനികത്വത്തിന്റെ ദ്രാവകാവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞെന്നും അവിടെ ഒന്നിനും ആകൃതി സൂക്ഷിക്കാൻ കഴിയില്ലെന്നും സാമൂഹിക രൂപങ്ങൾ വളരെ വേഗത്തിൽ നിരന്തരമായ മാറ്റത്തിനു വിധേയമാണെന്നും മനുഷ്യനായിരിക്കുക എന്ന അനുഭവത്തെ അത് പരിവർത്തിപ്പിക്കുന്നുണ്ടെന്നും വാദിക്കുന്നു. ഇവിടെ ഒരു വൈരുദ്ധ്യം നമ്മളെ കാത്തിരിക്കുന്നുണ്ട്. രൂപരാഹിത്യം എന്ന പ്രതിസന്ധിയെ മറികടക്കാനാണ് അനുഭൂതികൾക്കും വികാരങ്ങൾക്കും ഒരു ഘടനയുണ്ടാക്കാൻ മനുഷ്യർ ശ്രമിക്കുന്നത്, അതിന്റെ ഭാഗമാണ് രചനാകൗശലങ്ങളും തന്ത്രങ്ങളും. അജ്ഞാതമായതിനെ ഭയക്കുക എന്ന അവസ്ഥയെ സമർഥമായി തരണം ചെയ്യാനുള്ള വഴിയാണ് വിവിധ തരത്തിലുള്ള ആവിഷ്കാരങ്ങൾ. ഇവിടെ സാമൂഹിക പരിണാമങ്ങൾ രൂപം നൽകാനുള്ള ശേഷിയെ തന്നെ സ്വാധീനിക്കുകയും പുതിയ അവസ്ഥകൾക്കും ഭാവാന്തരീക്ഷങ്ങൾക്കും വഴിവയ്ക്കുകയുമാണ് ചെയ്യുന്നത്.

ഉപഭോഗം എന്ന പിശാചുബാധ
 ‘റെഡ്ക്രോസ്സി’നൊപ്പം വീടിനകത്തുതന്നെയുള്ള അരക്ഷിതത്വത്തെ പ്രമോദ് ആവിഷ്കരിക്കുന്ന മറ്റൊരു കഥയാണ് ‘തന്തത്താഴ്’ (ദൃഷ്ടിച്ചാവേർ എന്ന സമാഹാരം) രണ്ടു കഥകളിലും അച്ഛൻ എന്ന പുരുഷനാണ് പ്രതിസ്ഥാനത്ത്. വർത്തമാന അവസ്ഥയിൽ, ബന്ധങ്ങൾക്കും അപ്പുറത്ത് കൈയെത്തിക്കാൻ കഴിയുന്ന പുരുഷന്റെ അധികാരത്തിന് കഥയുടെ അന്തരീക്ഷത്തെ സംഘർഷഭരിതമാക്കുന്നതിൽ നല്ല പങ്കുണ്ട്. അതോടൊപ്പം കേരളീയ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സദാചാരഭ്രംശം എന്ന നിലയ്ക്കാണ് ഈ രണ്ടു കഥകളും ഒരു പക്ഷേ പ്രമോദിന്റെ മറ്റു കഥകളെക്കാൾ ജനപ്രീതി നേടിയത്. വീടുകളുടെയും ബന്ധങ്ങളുടെയും സുരക്ഷ മിഥ്യയാണെന്നതാണ്, തന്തത്താഴെന്ന കഥയുടെ പ്രാഥമിക തലം. കഥ അവസാനിക്കുന്നത്, അച്ഛൻ മകളോട് ‘പേടിക്കണ്ട, മുൻവശത്തെ വാതിൽ തഴുതിട്ടുണ്ടെന്ന്’ പറഞ്ഞാണ്.  ഒരാൾ സുരക്ഷിതമാവാനായി ഉപയോഗിക്കുന്ന താഴുതന്നെ മറ്റൊരാൾക്ക് സ്വന്തം അഭിലാഷങ്ങളുടെ സുരക്ഷിതമായ ആവിഷ്കാരത്തിന് തുണനിൽക്കുന്ന വൈരുദ്ധ്യത്തെ കഥ ഉള്ളടക്കുന്നു. ബിയാട്രിസ് എന്ന അമ്മ തദേവൂസ് എന്ന പിതാവിൽനിന്നും ഇസക്കൊച്ചെന്ന മകളെ രക്ഷിക്കാൻ പ്രിമോലെറ്റ് എൻ എന്ന ഗുളിക സ്ഥിരമായി കൊടുത്തു പെണ്ണത്തത്തിലേക്കുള്ള അവളുടെ വളർച്ച മുരടിപ്പിക്കുന്നതിനെപ്പറ്റിയാണ് ‘റെഡ്ക്രോസ്’ പറയുന്നത്. സദാചാരപരമായ ഉത്കണ്ഠയെപ്പോലും കവച്ചുവയ്ക്കുന്നതരത്തിൽ തീറ്റിയോടുള്ള ആർത്തി തദേവൂസിൽ നിറയുന്നതിന്റെ മുഴുവൻ അറപ്പും ആഖ്യാനം അവതരിപ്പിക്കുന്നുണ്ട്. അയാളുടെ ആർത്തിക്കും ബിയാട്രിസിന്റെ ദുരിതത്തിനും ഉപഭോഗസമൂഹത്തിലേക്കു നീളുന്ന ഒരു മാനം കൂടിയുണ്ട്. ഗൃഹാന്തരീക്ഷത്തിനകത്തും ഒറ്റപ്പെടലിന്റെയും പരസ്പരം മനസ്സിലാകാതിരിക്കുന്നതിന്റെയും പരസ്പരം തിന്നു തീർക്കലിന്റെയും അവസ്ഥ ഉണ്ടാവുന്നത്, ഉപയോഗിച്ചു തീർക്കുക എന്ന അത്യാവേശത്തിന്റെ ഉന്മാദത്തിൽ മനുഷ്യർക്ക് സഹകരണവും തിരിച്ചറിയലും അനുബന്ധ മൂല്യങ്ങളും പ്രാപ്യമല്ലാതാകുന്നു എന്നതുകൊണ്ടാണ്. ഈ സാമൂഹികവിരുദ്ധത ഉപഭോഗാർത്തിയുടെ ഒരു വശമാണ്. ഉത്പാദനത്തിനാണ് സഹകരണം ആവശ്യമുള്ളത്, ഉപഭോഗത്തിന് വേണ്ടെന്ന് ബോമാൻ വ്യക്തമാക്കിയിട്ടുണ്ട്. (പുറം 165) പിശാചുബാധയുടെ (ഷോപ്പിങ് ആസ് ദ റൈറ്റ് ഓഫ് എക്സോർസിസം) രൂപകം നൽകിക്കൊണ്ടാണ്  ബോമാൻ വാങ്ങിച്ചുക്കൂട്ടൽ സ്വഭാവത്തെ വിവരിക്കുന്നത്,  മറ്റൊരർത്ഥത്തിൽ തദേവൂസിന്റെ - അയാളുടെ അതേ വിശപ്പ് ഇസക്കൊച്ചിലും ഉണ്ട്-  തിന്നുതീർക്കൽ, ഉന്മാദത്തിന്റെ സ്വഭാവവിശകലനത്തിനും യോജിച്ചു പോകുന്ന വസ്തുതയാണ്.
നിലം (മരണമാസ്) എന്ന കഥയിലുമുണ്ട്, അമ്മയില്ലാത്ത പെൺകുട്ടിയെ പ്രാപിക്കുന്നതിൽ രോഗാതുരമായ ആവേശം കാണിക്കുന്ന  തത്പരനായ ഒരാൾ.  ധാർമികപരമല്ല ഈ ബന്ധങ്ങളുടെ ആധാരം, അവയിലെ ശ്രദ്ധേയമായ വശം അതാണെങ്കിലും. കഥകളെ ഒറ്റശരീരമായി പരിഗണിച്ചാൽ അച്ഛൻ സങ്കല്പത്തിന് സ്ഥിരമായ ഇരുണ്ട പ്രതിച്ഛായയില്ല. നിലത്തിലെ അച്ഛൻ നിസ്സഹായനും സ്നേഹസമ്പന്നനുമാണ്. ദൃഷ്ടിച്ചാവേറിലെ രുദ്രയുടെ അച്ഛൻ നാരായണൻ  അതുപോലെ നിസ്സഹാനായ ഇരയായി നിൽക്കുന്നതു കാണാം. ദ്രവാവസ്ഥയിലായിത്തീർന്ന സാമൂഹികസ്വത്വങ്ങളുടെ ലേബലുകളിലൊന്നാണ് അച്ഛൻ എന്നത്. ബീജഗണിതത്തിൽ (ദൃഷ്ടിച്ചാവേർ) മകൻ അച്ഛനെ ചവിട്ടി രോഗിയാക്കുകയും തിരിച്ച് അച്ഛൻ മകനെ ചവിട്ടിക്കൊല്ലുകയും ചെയ്യുന്നത് ലൈംഗികപരമായ സദാചാരമൂലികയുടെ സംരക്ഷണത്തിനാണ്. അവിടെയും അഗമ്യഗമന്യത്തെപ്പറ്റിയുള്ള ഉത്കണ്ഠ, വർദ്ധിച്ച അളവിൽ, അതായത് ഒരാളെ രോഗിയാക്കാനും മറ്റൊരു കൊലപാതകത്തിനും ഇടയാവും വിധം പുലരുന്നുണ്ട്. അച്ഛൻ അതിൽ മുനകൂർത്ത ഒരു കഥാപാത്രമല്ല. മറിച്ച്, അയാൾക്ക് പുത്രഭാര്യയുടെ സംരക്ഷകന്റെ നിലയാണ്. ശിശുരതിയെയും അഗമ്യഗമനത്തെയും സംബന്ധിച്ചുള്ള ഉത്കണ്ഠകൾ, ആഹാരത്തോടുള്ള ആർത്തി, കെട്ടഴിഞ്ഞ ബന്ധങ്ങളുടെ സന്ദിഗ്ധതകൾ എന്നിവയിലൂടെ ഈ കഥകളിൽനിന്നു വ്യക്തമാവുന്ന ഉള്ളടക്കഭാഗം, സ്ഥിരരൂപങ്ങളുടെ ഉരുകി ലക്ഷണംകെട്ട കോലത്തെ ഓർമ്മിപ്പിക്കുന്നു. ഉപഭോഗസമൂഹത്തിന്റെ പ്രത്യേകതകളാണ് ഇവ മൂന്നും എന്നും ഓർക്കുക.  ‘ലിക്വിഡ് ഫിയർ’ എന്ന പിൽക്കാല പുസ്തകത്തിൽ ബോമാൻ, വ്യക്തമായ നിർവചനത്തിനകത്ത് ഒതുക്കാൻ നിവൃത്തിയില്ലാത്ത ഒന്നായി ആളുകളിൽ സന്നിഹിതമാവുന്ന  ശിശുകാമം (പിഡോഫീലിയ)യെപ്പറ്റിയുള്ള ഭയത്തെ വിവരിക്കുന്നു. പീഡനത്തിന്റെ അതിരുകൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നതോ കൃത്യമായി നിർവചിക്കാവുന്നതോ അല്ലെന്നതാണ് കാരണം. ആകൃതിയുണ്ട്, പക്ഷേ കേന്ദ്രമില്ലെന്ന ജലസ്വഭാവം കൊണ്ട് രൂപരഹിതം (അമോർഫസ്) എന്ന സാമൂഹികാവസ്ഥയ്ക്ക് ഉദാഹരണം എന്ന നിലയിൽ ശിശുകാമത്തെ മുൻനിർത്തിയുള്ള ഭയത്തെ ബോമൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
ദൃഷ്ടിച്ചാവേർ എന്ന സമാഹാരത്തിലെ, ‘കരിസ്മാറ്റിക് ശവം’ എന്ന കഥയിലെ ശീർഷകത്തെപ്പറ്റി നേരത്തെ പറഞ്ഞതാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഒരു പരിഷ്കൃത യുവാവ് കുട്ടിക്കാലത്ത് കണ്ട തെരുവുസർക്കസിന്റെയും അതിലെ നാടോടികളായ അന്തേവാസികളുടെയും അപരിഷ്കൃതം എന്നു വിളിക്കാവുന്ന ജീവിതത്തിൽ ആകൃഷ്ടനായി അതേ അവസ്ഥയിലേക്ക് എത്തുന്നതിനെപ്പറ്റിയാണ് കഥ. അലഞ്ഞുതിരിയുക, ഒന്നിച്ചുകൂടി സമൂഹങ്ങളാവുക, അവിടെനിന്നും വീണ്ടും അലഞ്ഞുതിരിയലിന്റെ സ്വപ്നങ്ങളിലേക്കും അത്തരം ജീവിതത്തിലേക്കും തിരിച്ചുപോവുക എന്ന മനുഷ്യവംശത്തിന്റെ ചരിത്രത്തിന്റെ പ്രതീകാത്മകമായ ചിത്രീകരണമാണ് കഥയിലുള്ളത്. സമാന്തരമായി വിശ്വാസത്തിലധിഷ്ഠിതമായ മതങ്ങളുടെ യുക്തിരഹിതമായ രൂപീകരണത്തിലേക്കും (കാരിമതം) അതുവഴിയുള്ള ഹിംസയിലേക്കും  ജനക്കൂട്ടം നടന്നുകയറുന്നതെങ്ങനെയെന്നും കഥ വിവരിക്കുന്നുണ്ട്. ഒരു സാമൂഹിക പദവിയിൽനിന്ന് മറ്റൊരു പദവിയിലേക്ക് – ഇവിടെ വിദ്യാർത്ഥി എന്ന നിലയിൽനിന്ന് തെരുവുസർക്കസുകാരന്റെ നിലയിലേക്ക്, അവിടെനിന്ന് തലകീഴായി കുത്തിനിർത്തിയ ഒരു മൃതശരീരത്തിലേക്ക്, അവിടെനിന്ന് മതത്തിന്റെ ബിംബാത്മകതയിലേക്ക്- സഞ്ചാരത്തിന് സ്ഥിരഗതിയിൽനിന്ന് വിടുതൽ നേടുന്ന തന്മാത്രാഗണങ്ങളുടെ പടുതിയിലേക്ക് ഒരു വച്ചുമാറ്റമുണ്ട്. അന്തർശീർഷാസനം എന്ന ഒരു വിശേഷക്രിയ ചെയ്ത് ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ് യുവാവ്. അയാളുടെ ആയുഷ്കാലം ഒരു മനുഷ്യന്റെ ജീവിതകാലമായല്ല കഥയിൽ വെളിവാക്കപ്പെടുന്നത്.  നാടോടിത്തം ദ്രവാധുനികതയിലെ മനുഷ്യന്റെ പൊതുശീലമായി മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് ബോമാൻ എഴുതുന്നു. സ്ഥലം മാറുക, ജോലി മാറുക,  ഇണകളെ മാറ്റുക, തുടങ്ങി രാഷ്ട്രീയവും ലൈംഗികവുമായ ഗതിമാറ്റങ്ങളുൾപ്പടെ അലഞ്ഞുതിരിയലിന്റെ തത്ത്വശാസ്ത്രത്തെ ഉള്ളടക്കുന്ന സാമൂഹികവ്യവഹാരങ്ങളെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നു എന്നതുകൊണ്ടാണ് ‘കരിസ്മാറ്റിക് ശവം’ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നത്. അതോടൊപ്പം പാരമ്പര്യരീതിയിലുള്ള ശൃംഖലാസംവിധാനങ്ങളുടെ  പിന്തുണയിൽനിന്നും അകന്നു മാറുകയും അവ കെട്ടിയേൽപ്പിക്കുന്ന ആവശ്യങ്ങളിൽനിന്നും നിയന്ത്രണങ്ങളിൽനിന്നും സ്വയം മോചനം നേടുകയും ചെയ്തുകൊണ്ടാണ് മനുഷ്യൻ ഒരു വിനോദസഞ്ചാരിയാവുന്നതെന്നാണ് ബോമാന്റെ കാലോപദർശനം. പക്ഷേ കഥ, അത്തരമൊരു വിമോചനസ്വപ്നത്തെ വഹിക്കുന്നില്ല. പകരം അതിന് വ്യക്തിപരമായി കുറ്റബോധവും (സ്റ്റെല്ലയുമായുള്ള ലൈംഗികബന്ധം) സാമൂഹികമായി വിശ്വാസമതത്തിന്റെ ഉടലെടുക്കലുമായി  (കാരിമതത്തിന്റെ രൂപപ്പെടൽ) പാരമ്പര്യത്തിന്റെ കെട്ടുപാടായി അവസാനിപ്പിക്കുന്ന ഘടനയാണുള്ളത്.
കൂടുതൽ അയഞ്ഞ ഘടനയിൽ ചുറ്റിതിരിയാൻ സ്വാതന്ത്ര്യമുള്ള കണങ്ങളുമായി ആധുനിക മനുഷ്യനു വന്നുപ്പെട്ടിട്ടുള്ള താദാത്മ്യത്തെ മരണമാസ് എന്ന കഥ വ്യക്തമാക്കുന്നത് മറ്റൊരു തരത്തിലാണ്. അതിലെ കഥാപാത്രത്തിന് മറവിരോഗമാണെന്ന് അയാൾത്തന്നെ വ്യക്തമാക്കുന്നു.  ശിശുപീഡ ഉൾപ്പടെയുള്ള ദുരന്തങ്ങൾ ഒരു സ്ക്രീനിലെന്നപോലെ അയാൾക്കു മുന്നിലൂടെ വന്നുപോകുന്നുണ്ട്. അവയുടെ വൈകാരികാഘാതം ഏറ്റു വാങ്ങാൻ അയാളുടെ മനസ്സ് സന്നദ്ധവുമല്ല. ഡോക്ടറുടെ നിർദ്ദേശപ്രകാരം തന്റെ മറവിയുടെ ശക്തി എത്രയാണെന്നറിയാൻ ഇറങ്ങി നടക്കുന്ന മനുഷ്യനിൽ ആധുനികനായ ഒരു നോമാഡുണ്ട്. സ്വന്തം മകളെ കാണാനില്ലെന്നു ഭാര്യ വിളിച്ചു പറയുന്നു, യാത്രയ്ക്കിടയിൽ ഒരു മൃഗം തന്റെ മകളെപ്പോലെത്തന്നെയിരിക്കുന്ന ഒരു കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് അയാൾ കാണുകയും ചെയ്യുന്നുണ്ട്. മറ്റൊന്ന്, ഒരു തൊഴിലാളി കെട്ടിടത്തിൽനിന്നു വീണു മരിക്കുന്നത് ഭാവവ്യത്യാസംകൂടാതെ അയാൾക്ക് കണ്ടിരിക്കാൻ പറ്റുന്നുണ്ടെന്നതാണ്. അയാളുടെ കാഴ്ചകളിൽനിന്നും ഒരു അന്യത്വം അയാൾക്ക് വന്നു ഭവിച്ചിട്ടുണ്ട്.  അസ്തിത്വബാധയേറ്റ കഥാപാത്രങ്ങളിൽനിന്നും വ്യക്തമായ ഒരു വിച്ഛേദം ഇവിടെ, അയാളുടെ ഉത്തരവാദിത്വബാധ്യത ഏറ്റെടുക്കാൻ കഥാകൃത്ത് തയ്യാറാവുന്നില്ലെന്നിടത്താണ് സംഭവിക്കുന്നത്. ആ ശീർഷകം തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണം. ഇങ്ങനെ രണ്ടു അന്യത്വങ്ങൾ കഥ പ്രത്യക്ഷമാക്കുന്നു. എം മുകുന്ദന്റെ ‘രാധ – രാധമാത്രം’ എന്ന കഥയിൽ ആർക്കും മനസ്സിലാവാതെ അനാഥയായിപോകുന്ന രാധയോടൊപ്പമാണ് എഴുത്തുകാരൻ വായനക്കാരുടെ സഹാനുഭൂതിയെ നിർത്തുന്നതെങ്കിൽ, ‘മരണമാസി’ലെ അയാൾ കോളിങ് ബെല്ലമർത്തിയ വീട്ടിൽനിന്നു പുറത്തുവന്ന സ്ത്രീ ആരാ?’ എന്നു ചോദിക്കുമ്പോൾ അതയാളുടെ ഭാര്യയല്ലെന്ന് ഉറപ്പുള്ള നമ്മൾ ആ സ്ത്രീയോടൊപ്പമാണ്.
അയാളുടെ ചിന്തയുടെ നിരന്തരമായ ഒഴുക്ക് മുന്നിൽ വയ്ക്കുന്നത്  ഉദ്ദേശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും നേരെ വിലക്കുകളോ പ്രതിരോധങ്ങളോ പ്രതിബന്ധങ്ങളോ ഇല്ലാത്ത അനുഭവത്തെയാണ്. അതിന്റെ സ്വച്ഛമായ ആവിഷ്കാരം പ്രയാസകരമാവുമെന്നതുകൊണ്ടാണ് രോഗം എന്ന രൂപകം ഇവിടെ കടന്നു വരുന്നത്, സത്യത്തിൽ തന്തത്താഴിലും കരിസ്മാറ്റിക് ശവത്തിലും റെഡ്ക്രോസിലും കണ്ടതുപോലെയുള്ള അവസ്ഥയാണ് മരണമാസിലും കാണുന്നത്.  വളരെ വ്യക്തമായി ഈ കഥാപാത്രവും ബന്ധങ്ങളിൽനിന്ന് വിടുതൽനേടി ഒഴുകുകയാണ്. ഒറ്റയ്ക്ക് അയാളും സ്വന്തം ചിന്തകൾ തിന്നു കൊണ്ടിരിക്കുന്നു. ഉപഭോഗത്തിന്റെ അനിവാര്യമായ ഒറ്റപ്പെടൽ തന്നെയാണ് ഇവിടെയും വിഷയം. (അല്ലെങ്കിൽ സുഖവും വീതം വയ്ക്കേണ്ടി വരും.) അടക്കിനിർത്തലുകളിൽനിന്ന് സ്വതന്ത്രമാവുക എന്നതിനർത്ഥം ഒരാളുടെ ആഗ്രഹങ്ങൾക്കും ഭാവനകൾക്കും അയാളുടെ ഉദ്ദേശ്യങ്ങൾക്കെതിരെ നിൽക്കുന്ന ലോകത്തിന്റെ വഴക്കമില്ലാത്ത ഉദാസീനതയ്ക്കും ഇടയിൽ സമതുലനം കണ്ടെത്തുക എന്നതാണ്.
ആണും പെണ്ണും അല്ലാത്തവരുടെ നിലകൾ
പ്രമോദിന്റെ ‘രതിമാതാവിന്റെ പുത്രൻ’ എന്ന ആദ്യസമാഹാരത്തിലെ 6 കഥകളും സ്വത്വപ്പകർച്ചയുമായി ബന്ധപ്പെട്ടുനിൽക്കുന്നവയാണ്. ഒരു പക്ഷേ മലയാള സാഹിത്യത്തിൽ വ്യതിരിക്തമായ ഒരു സ്ഥാനം പ്രമോദ് രാമൻ എന്ന കഥാകൃത്ത് അടയാളപ്പെടുത്തിയതും ഈ സമാഹാരംകൊണ്ടാണ്. ജീവിതത്തിലുടനീളം ഒരു വ്യക്തി പല രീതിയിൽ മാറുന്നുണ്ട്. ഒരു പക്ഷേ സ്വത്വസംബന്ധിയായ മാറ്റങ്ങളിൽ ഏറ്റവും പ്രധാനം ലിംഗപരമാണ്. ഒന്നിൽനിന്ന് വേറിട്ടത് എന്ന അർത്ഥത്തിൽ ഭിന്നം, അപരം, അതല്ലാത്തത് എന്നൊക്കെയുള്ള സ്ഥിരവാക്കുകളെ ഒഴിവാക്കി താരാനാഥന്മാരുടെ ലിംഗപ്പകർച്ചയെ വർണ്ണിക്കാൻ പ്രമോദ് ‘സപുംസകം’ എന്ന വാക്ക് സ്വയം നിർമ്മിച്ചുപയോഗിക്കുന്നതിൽനിന്ന് കാലികമായ കാഴ്ചപ്പാടിനെ പ്രമോദിന്റെ കഥയുടെ ആശയമണ്ഡലം സ്വീകരിക്കുന്ന വഴി വ്യക്തമാണ്. ഒരു വസ്തുവിന്റെ അസ്തിത്വം നിലനിൽക്കുന്നത് അതിന്റെ സവിശേഷവും ഏറ്റവും അടിസ്ഥാനപരവുമായ ഘടകത്തെ ആധാരമാക്കിയാണ്. അതിന്റെ പ്രാമാണിത്തം അപരവസ്തുകളുടെ നിലനിൽപ്പിനെ നിർവചിക്കുകയും ചെയ്യും. നമ്മുടെ സമൂഹത്തിൽ പുരുഷൻ എന്ന പരികല്പന അത്തരത്തിലൊന്നാണ്. ആണല്ലാത്തത്, പെണ്ണും ആണത്തമില്ലാത്തത് നപുംസകവും എന്ന് മറ്റു ലിംഗപദവികളെക്കൂടി നിർണ്ണയിച്ചുകൊണ്ടാണ് സമൂഹത്തിൽ അതിന്റെ നിലനിൽപ്പ്. ‘സപുംസകങ്ങളുടെ പത്ത് പടവുകൾ’ എന്ന കഥ ഈ സ്ഥിരസങ്കല്പത്തെയാണ് തകർക്കുന്നത്. വിഷയം ആൺപ്രണയമാണെങ്കിലും ബന്ധം അതിനുള്ളിൽ സ്ത്രീയുടെ പങ്കാളിത്തത്തെ സങ്കല്പനപരമായി ആവശ്യപ്പെടുന്നുണ്ട്. അത് ആരാവണം എന്നതിനെ സംബന്ധിച്ച് തർക്കവുമുണ്ട്. പുരുഷനായിരിക്കാൻ ആഗ്രഹിച്ചിടത്തുനിന്ന്  ആന്തരികമായി സ്ത്രീയായിത്തീരുന്നിടത്തുള്ള പരിണാമമാണ് കഥാവിഷയം. തിരിച്ചിടലുകൾ വേറെയുമുണ്ട്. പങ്കാളിത്തത്തിൽ ആണിന്റെ ഭാഗമുള്ള താരാനാഥനു മീശയില്ല, പെൺപങ്ക് സ്വീകരിക്കുന്ന കഥാപാത്രത്തിനാവട്ടെ മീശയുണ്ട്.  സ്വത്വത്തെ നിർണ്ണയിക്കുന്ന സ്ഥിരഘടകങ്ങൾ കലങ്ങുകയും  ആന്തരികമായ ഒഴുക്ക് കാലത്തിലൂടെ പടരുകയും (പത്തുവർഷം കഴിഞ്ഞിട്ടും മുന്നോട്ടൊഴുകുന്ന അവരുടെ ബന്ധം.. - പത്തു പടവുകൾ) ചെയ്യുന്നതിന്റെ കൃത്യമായ ചിത്രം  ഈ കഥ മുന്നിൽ വയ്ക്കുന്നു.  ചന്ദ്രൻ എന്ന കൂട്ടുകാരന്റെ പെണ്ണാവാൻ വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയയായ മഞ്ജിത് മേനോൻ എന്ന മഞ്ജുവിന്റെ കഥ പറയുന്ന ‘ഛേദാംശജീവിത’ത്തിൽ ആന്തരികമായ പ്രവാഹം കുറേക്കൂടി പ്രക്ഷുബ്ധമാണ്. സ്ത്രീയായി തീരുന്ന വേളയിൽ അവൾ ചന്ദ്രന്റെ സ്നേഹത്തിന്റെ ആൺകെട്ടിൽനിന്ന് കുതറുകയും നേഹയെന്ന കൂട്ടുകാരിയിലേക്ക് ഒഴുകുകയും ചെയ്യുകയാണുണ്ടാവുന്നത്. ആത്മഘാതിയാണ് പ്രണയം (മഞ്ജിത്തിനെ കിട്ടിയില്ലെങ്കിൽ ചന്ദ്രൻ മരിക്കും, നേഹയ്ക്കുവേണ്ടി മഞ്ജു മരിക്കുന്നു) എന്നതിന്റെ സൂചനകൾ കഥയ്ക്കുള്ളിലുണ്ട്. പ്രണയം സാർത്ഥകമാക്കുന്ന നൈമിഷികമായ മുഹൂർത്തങ്ങളെ സ്വത്വസംബന്ധിയായ പ്രഹേളികകൊണ്ട് അസാധാരണമായ നിലയിൽ കനപ്പെടുത്തുകയാണ് മഞ്ജുവെന്ന കഥാപാത്രത്തിന്റെ ദൗത്യം. ഖരവസ്തുവിനില്ലാത്ത ഒരു സ്വഭാവം ജലത്തിനുള്ളത് അത് നനയ്ക്കുകയോ കുതിർക്കുകയോ ചെയ്തുകൊണ്ട് ചുറ്റുപാടുകളിലേക്ക് തന്റെ സാന്നിദ്ധ്യത്തെ പ്രസരിപ്പിക്കും എന്നതാണ്. മഞ്ജുനാഥൻ എന്ന മഞ്ജു അങ്ങനെ മറ്റുകഥാപാത്രങ്ങളുടെ സത്തയെ തൊട്ടൊഴുകുന്ന ദ്രാവകത്തിന്റെ വഴക്കം ആർജ്ജിക്കുന്നു.
ലിംഗസ്വത്വങ്ങളെ കമ്പോളം നിർവചിക്കുമ്പോൾ
ലിംഗപ്പകർച്ചകളെ കമ്പോളവിപണിയുമായി നേരിട്ടു ബന്ധപ്പെടുത്തിക്കൊണ്ടാണ്  ‘രതിമാതാവിന്റെ പുത്രൻ’ എന്ന കഥ മുന്നോട്ടുപോകുന്നത്. രതി എന്ന സ്ത്രീയ്ക്കും രത്തൻ എന്ന പുരുഷനുമായി വീതിച്ചുകൊടുക്കുന്ന ജീവൻ എന്ന കഥാപാത്രത്തിന്റെ സ്വത്വമാണ് പ്രശ്നവത്കരിക്കപ്പെടുന്നത്. ജീവൻ രതിയ്ക്ക് ആണും രത്തനു പെണ്ണുമാണ്. അയാളുടെ ഉദ്ധരിക്കപ്പെടാത്ത ആണത്തത്തെ ഗുളികകളും ഇല്ലാതിരുന്ന സ്ത്രീത്വത്തെ ലേഹ്യവും ചേർന്ന് പുഷ്ടിപ്പെടുത്തി രാത്രി അയാളെ വിത്തുകാളയും കാമധേനുവുമാക്കി മാറ്റുന്നു. രാത്രി പകൽ എന്നിങ്ങനെ വിഭക്തസ്വത്വത്തിന് കാലവും കല്പിച്ചു കൊടുത്തിട്ടുണ്ട്. ‘മാര്യേജ് ഈസ് ഫാൾസ് റിയലൈസേഷൻ ഓഫ് ജെൻഡെർ ഐഡന്റിറ്റി’ എന്ന ഒരാശയത്തെ ജീവൻ, രതി രത്തൻ എന്നീ മൂന്നു കഥാപാത്രങ്ങളിലൂടെ സാക്ഷാത്കരിക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്. വയറ്റിൽ വളരുന്ന പിണ്ഡത്തിന്റെ ഫലമായി മരിച്ചു പോകുന്ന ജീവൻ ഒടുവിൽ മറ്റൊരു പകർച്ചകൂടി നേടുന്നു, പ്രസവത്തോടെ മരിച്ചുപോകുന്ന രതിയുടെ മകനായി മാറുകയാണ് കഥയുടെ അവസാനം. രതി അമ്മയാവുന്നതോടെ  ജീവന്റെ മരിച്ചുപോയ അമ്മ തിരിച്ചുവരുമെന്ന അവളുടെ ഒരു വാചകം കഥയിലുണ്ട്. ബന്ധങ്ങളുടെ രേഖീയമല്ലാത്ത, വഴക്കമുള്ളതും കലങ്ങിയതുമായ അവസ്ഥയെയാണ് രതിമാതാവിന്റെ പുത്രൻ ചൂണ്ടുന്നത്. ‘ഒരു ബ്രാക്കറ്റിൽ എത്രപേർക്ക് ജീവിക്കാം’ എന്ന കഥയിലെ സാഹചര്യങ്ങൾ  ‘രതിമാതാവിലേ’തിനു സമാനമാണ്. ജോളി, റോസി, എൽദോ എന്നീ മൂന്നുപേരാണ് അതിലെ  കഥാപാത്രങ്ങൾ. റോസിയെ വിവാഹം കഴിക്കുന്ന ജോളി,  ദാമ്പത്യജീവിതത്തിലെ പരാജയത്തിനുശേഷം മരണം കാത്തുകിടക്കുകയാണ്. അയാളെ കൊല്ലുന്ന റോസി, രണ്ടു മരണങ്ങളുടെ തെരെഞ്ഞെടുപ്പിന്റെ ഭാരംകൂടി അയാളുടെ ദേഹത്തിനു മുകളിലേക്ക് വച്ചുകൊടുക്കുന്നു. റോസി, എൽദോ എന്ന രണ്ടു ഐച്ഛികങ്ങളിൽ  അയാളുടെ മനസ്സ് എൽദോയിലേക്കാണ് നീങ്ങുന്നത്. റോസിയുമായുള്ള വിവാഹം അയാളുടെ ആഗ്രഹമല്ലായിരുന്നു. റോസിയുടെ മുന്നിലും അതേ തിരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നു. അവൾ ജോളിയെന്ന ഓപ്ഷനെ റദ്ദാക്കുന്നു. അതോടൊപ്പം ജീവിതം, മരണം എന്നീ ദ്വന്ദ്വങ്ങളും മരണത്തിൽ തന്നെ എന്തിനുവേണ്ടിയുള്ള മരണം എന്നീ ദ്വന്ദ്വങ്ങളും ചേർന്നാണ് കഥയുടെ ആശയമേഖലയെ നിർണ്ണയിക്കുന്നത്. ബാഹ്യാകാരത്തിനകത്തുള്ള ലിംഗപരമായ പ്രതിസന്ധികൾക്കൊപ്പം ഈ നാല് കഥകളിലും ലിംഗം, പദവി, ബന്ധം, അധികാരം എന്നിവയെ സംബന്ധിച്ച് സമൂഹികമായ സ്ഥിരമാതൃകകൾ തകർന്നു വീഴുന്നതും ശാഖകളായി പിരിഞ്ഞൊഴുകുന്നതും വ്യക്തമാണ്.
കഥാപാത്രങ്ങൾ എന്ന മെഴുകുരൂപങ്ങൾ
ഒന്നു മറ്റൊന്നായി പരിണമിക്കുക എന്നത് പ്രമോദിന്റെ കഥകളിൽ അത്ര അപൂർവമല്ലാത്ത വസ്തുതയാണ്. ‘ദൃഷ്ടിച്ചാവേറി’ൽ രുദ്രയെന്ന പെൺകുട്ടിയ്ക്കു വരുന്ന മാറ്റം പലതാണ്. അവസാനം അവൾ ഒരു  കമ്പ്യൂട്ടർ കഥാപാത്രമായും മാറുന്നു. പശ്ചാത്തലം/ സ്ഥലം പ്രതിശീർഷഭോഗം, തിക്കുറിശ്ശി ഒരു കൊറിയൻ പദമാണ് എന്നീ കഥകളിലെ പശ്ചാത്തലം ആഗോളസാഹചര്യത്തിനനുസരിച്ച് മാറുന്നു. ഒരു കഥാപാത്രം മറ്റൊന്നായി മാറുന്നതിനും കഥാപാത്രങ്ങൾ വ്യക്തികളായി ഇറങ്ങി നടക്കുന്നതിനും കഥാപാത്രം മറ്റൊരു കഥാപാത്രമായി മാറുന്നതിനും  എഴുത്തിനിരുത്ത്, പ്രജനനം, വിലാപയാത്രയ്ക്ക് ഒരു ഉദാഹരണം ഇവയൊക്കെ ഉദാഹരണങ്ങളാണ്. മരിച്ചവന്റെ ജീവിച്ചിരിക്കുന്നവന്റെയും ആദേശം വിലാപയാത്രയ്ക്ക് ഒരു ഉദാഹരണം എന്ന കഥയിലുണ്ട്. എഴുത്തിനിരുത്തിലെ, നോവലിന്റെ കഥാപാത്രത്തിന് കാളിദാസന്റെ ‘കാളി’യിൽനിന്ന് കാൾ മാക്സിന്റെ ‘കാളി’ലേക്ക് ആദ്യമൊരു മാറ്റമുണ്ട്. അതു കഴിഞ്ഞയാൾ ജീവിതത്തിൽ വാസ്തവസത്തയായി ഇറങ്ങി നടക്കുകയും ചെയ്യുന്നു. അതും കഴിഞ്ഞ് പവന്റെ ഭാര്യ മിയയുടെ ജീവിതത്തിൽ അയാൾ ഒരു ആറുവയസ്സുകാരനായ കുഞ്ഞായും മാറുന്നു. ടി വി സീരിയലിലെ അഭിനേതാക്കളുടെയും കഥാപാത്രങ്ങളുടെയും ജാതിസ്വത്വങ്ങൾ പരസ്പരം മാറുന്നത് തുപ്പൽപ്പൊട്ടിൽ കാണാം. ആ നിലയ്ക്ക് വിളക്കുമരം കാണാൻ പോവുകയും അതിന്റെ ദുരന്തത്തെക്കുറിച്ച് കേട്ടിട്ട് വണ്ടി തിരിച്ച് വി എസ് അചുതാനന്ദനെ കാണാനായി തിരിക്കുന്ന കുടുംബത്തെ അവതരിപ്പിക്കുന്ന ഗോപുരച്ഛേദം  എന്ന കഥയില്പോലും ഈ വച്ചുമാറ്റമുണ്ട് എന്നു കാണാം.  ആദ്യം പറഞ്ഞ കഥകളിലെ സ്വപ്നസമാനമായ അന്തരീക്ഷത്തിൽനിന്ന് പ്രകടമായൊരു രൂപകാവവസ്ഥ ഈ കഥയ്ക്ക് ഉണ്ടെന്നു മാത്രം. വസ്തുസ്ഥിതിപരമാണ് ഈ ആദേശങ്ങളെങ്കിൽ ക്രിയാപരമായ മാറ്റങ്ങളെയും കഥകൾ അവതരിപ്പിക്കുന്നുണ്ട്. തന്നോട് തന്നെയുള്ള ഹിംസക്രമമായി വളർന്ന് മറ്റൊരാളിലേയ്ക്ക് ചായുന്നതാണ് ‘അംഗുലി പരിമിത’ത്തിലെ കാഴ്ച. ‘മരിപ്പുകളിൽ’ മറ്റുള്ളവരിലേക്ക് നീണ്ട ഹിംസ, ഇവിടെ തിരിച്ച് തന്നിലേക്ക് ചായുന്നു. ഒന്നു മറ്റൊന്നായി മാറുക, ആമുഖത്തിൽ പ്രമോദ് വ്യക്തമാക്കിയതുപോലെ ബോധാബോധങ്ങളുടെ വഴുക്കലിന്റെ പ്രത്യക്ഷസാക്ഷ്യങ്ങളാണ്. അതേസമയം നൈമിഷികമായ ജീവിതത്തിന്റെ വേറിട്ട വഴിയെയും അവ അടയാളപ്പെടുത്തുന്നു.
കൂട്ടുകാരന്റെ പിതാവിനാൽ (അധികാരി) ഏറ്റ പീഡനത്തിന്റെ ഫലമായി തന്റെ കാഴ്ച വേണ്ടെന്നു വയ്ക്കുന്ന രുദ്രയെന്ന കുട്ടിയെ ചുറ്റി വികസിക്കുന്ന ദൃഷ്ടിച്ചാവേറെന്ന കഥ സ്വതന്ത്രമായൊരു ഒഴുക്കിന്റെ മറ്റൊരു തലമാകുന്നു. മനസിലേറ്റ ആഘാതമാണ് അതിന്റെ വാതായനങ്ങളായ കണ്ണുകൾ വെളിവാക്കുന്നത്. അത് ഇരുട്ടായി പോകുന്നു. പകരം നിഷ്കളങ്കമായ കണ്ണുകൾ മാറ്റിസ്ഥാപിക്കുകയാണ് ചെയ്യേണ്ടത്. പക്ഷേ മാറ്റിവയ്ക്കാനുള്ള കണ്ണുകൾ വന്നത് സിലോണിൽ നിന്നായതുകൊണ്ട് പൂർവകഥയുടെ നിറം മാറുകയും പെട്ടെന്ന് തമിഴ്- ശ്രീലങ്കൻ സംഘർഷത്തിന്റെ ക്രൂരമായ വശങ്ങളിലേയ്ക്ക് ആഖ്യാനം ചുവടുമാറുകയും ചെയ്യുന്നു. അവിടെയും തീരാതെ രുദ്രയെ ഒരു വീഡിയോ കളിയിലെ കഥപാത്രമാക്കിക്കൊണ്ടാണ് കഥ അവസാനിക്കുന്നത്. വ്യത്യസ്തമായ മൂന്നു തലങ്ങളിലൂടെയൊഴുകുന്ന കഥ ഒരേസമയം ക്രൂരവും സ്വപ്നാത്മകവുമായ ഭ്രമലോകത്തെ ആവിഷ്കരിക്കുന്നു. രുദ്രയുടെ അന്ധത വർത്തമാനകാലമാണ്. കണ്ണുകൾ ബോംബുകളാണെന്ന സംശയത്തിൽ അന്വേഷിച്ചു വരുന്ന പട്ടാളക്കാർ ഭൂതകാലത്തിൽനിന്നാണ്. അവൾ വീഡിയോ ഗെയിമിൽ കള്ളക്കുരുടിയായി മാറുന്നത് ഭാവികാലത്തിലുമാണ്. ഉച്ചആധുനികതയുടെ കാലംവരെ സംഘർഷങ്ങൾ സ്ഥലത്തിനുമേലായിരുന്നെങ്കിൽ ഇപ്പോൾ കാലത്തിനുമേലാണെന്ന് ബോമാൻ വിവരിക്കുന്നുണ്ട്. മുൻകൂട്ടി പ്രവചിക്കാൻ വയ്യാത്തവിധം മനുഷ്യരെ കൈകാര്യം ചെയ്യാൻ കഴിയുന്നതരം ബന്ധങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് അദ്ദേഹം വാദിക്കുന്നു. ഭരണകൂടങ്ങൾക്ക് പൗരരുടെ മുഖ്യജാമ്യക്കാരനാവാൻ വിസമ്മതിക്കുന്ന ഒരവസ്ഥ നാക്കു നീട്ടുന്ന അരക്ഷിതത്വമായി നമുക്കു ചുറ്റും ഉണ്ട്.
അവിശുദ്ധത്രിത്വം
ബോമാൻ ‘അവിശുദ്ധ ത്രിത്വം’ (അൺഹോളി ട്രിനിറ്റി) എന്നു വിളിക്കപ്പെടുന്ന 3 അവസ്ഥകളുമായി (സമൂഹം, പുറം 181) പ്രമോദിന്റെ കഥകളിലെ സാഹചര്യങ്ങൾ ചേർന്നു നിൽക്കുന്നത്, നമ്മുടെ സമൂഹത്തിലെ പൊരുത്തക്കേടുകളുടെ ഭാവനാത്മക പ്രതിഫലനത്തിന്റെ ഭാഗമായാണ്. അനിശ്ചിതത്വം (അൺസെർട്ടേനിറ്റി) അരക്ഷിതത്വം (ഇൻസെക്യുരിറ്റി) സുരക്ഷയില്ലായ്മ (അൺസേഫ്) എന്നിവ ഓരോന്നും മാരകവും വേദനാജനകവുമായ ഉത്കണ്ഠകൾ നിർമ്മിച്ചു വിടുന്നതിനെപ്പറ്റിയാണ് ബോമാൻ എഴുതുന്നത്.  പാളിച്ചകളും ചതിക്കുഴികളും പതിയിരിക്കുന്നു എന്ന യാഥാർത്ഥ്യം മാത്രമല്ല, അവയെപ്പറ്റി മുൻകൂർ നിറച്ചുവയ്ക്കുന്ന വേവലാതികളുംകൂടി ചേർന്നാണ് നമ്മുടെ ജീവിതം ഭാരമുള്ളതായി തീരുന്നത്. പാരിസ്ഥിതികമായ  സുരക്ഷാഭീഷണിപോലെ പ്രധാനമാണ് ഗാർഹികമായ അരക്ഷിതത്വവും. (സ്ഥൂലപരിസ്ഥിതിയും സൂക്ഷ്മപരിസ്ഥിതിയും) പീഡനത്തെ സംബന്ധിക്കുന്ന സമൂഹത്തിനുള്ള ധാരണകളെയും വേവലാതികളെയും സമർത്ഥമായി കൂട്ടു പിടിച്ചാണ്, ‘തന്തത്താഴും റെഡ്ക്രോസും മരണമാസും’ അന്തരീക്ഷസൃഷ്ടി നടത്തിയിരിക്കുന്നത് എന്നു ശ്രദ്ധിക്കണം. യഥാർത്ഥത്തിൽ ആ കഥകളിൽ പീഡനമെന്ന ക്രിയ ഇല്ല. അതു നടക്കുന്നതിനു തൊട്ടു മുൻപ് അതിനെ സംബന്ധിച്ച വേവലാതികളെ ഉയർത്തിവിട്ടുകൊണ്ട് കഥകൾ അവസാനിക്കുന്നു. ‘തള്ളത്താഴെ’ന്ന കഥ സോക്രട്ടീസ് വാലത്ത്  എഴുതുന്നത് (2017, ജയ ഹേ എന്ന സമാഹാരം)  തന്തത്താഴിലെ അരക്ഷിതവും ഭീതിജനിപ്പിക്കുന്നതുമായ ഗാർഹികാന്തരീക്ഷത്തിന്റെ മറുപുറം അഥവാ ബദൽ എന്ന നിലയ്ക്കാണ്. 
ഭൂതകാല ഓർമ്മകളുടെയും ഭാവിവിശ്വാസങ്ങളുടെയും തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും പാലങ്ങളാണ് മനുഷ്യരെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും മുഹൂർത്തങ്ങളിൽ ജീവിക്കാനും സന്നദ്ധരാക്കുന്നത് എന്നാണ് ബോമാന്റെ വിശ്വാസം. (പുറം 129) ഐഡന്റിറ്റിയിൽ നമ്മൾ ഖരാവസ്ഥയിൽനിന്ന് ആധുനികത്വത്തിന്റെ ദ്രാവകാവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞെന്നും അവിടെ ഒന്നിനും ആകൃതി സൂക്ഷിക്കാൻ കഴിയില്ലെന്നും സാമൂഹിക രൂപങ്ങൾ വളരെ വേഗത്തിൽ നിരന്തരമായ മാറ്റത്തിനു വിധേയമാണെന്നും അത് മനുഷ്യനായിരിക്കുക എന്ന അനുഭവത്തെ പരിവർത്തിപ്പിക്കുന്നു എന്നും വാദിച്ചുകൊണ്ടാണ് സിഗ്മണ്ട് ബോമാൻ, ദ്രവാധുനികത്വം എന്ന പുസ്തകം ആരംഭിക്കുന്നത്. അത്തരമൊരു സാമൂഹികാവസ്ഥയെ ബോധപൂർവമോ അബോധാത്മകമായോ ഉൾക്കൊള്ളുന്നതരത്തിൽ മലയാള കഥാഭാവനയുടെ ആവിഷ്കാരരീതികൾ വൈവിധ്യം പ്രാപിച്ചിട്ടുണ്ട്. അതിനു മാതൃകയും തെളിവുമായി പ്രമോദ് രാമന്റെ കഥകളെ സംശയംകൂടാതെ സമീപിക്കാവുന്നതാണ്.  
2014 -ൽ കൊച്ചിയിൽ നടന്ന ബിനാലെയിൽ അനിൽ കപൂർ അവതരിപ്പിച്ച ‘ഡിസെൻഷൻ’ എന്ന രചന, നിരന്തരമായി കലങ്ങിമറിയുന്ന ഒരു പ്രതലത്തെ മുന്നിൽ വച്ചുകൊണ്ട് നാം നിൽക്കുന്ന നിലത്തിന്റെ ദൃഢതയെപ്പറ്റി ഒരു പുനരാലോചനയ്ക്ക്  പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു. അതിന്റെ നടുവിലത്തെ ചുഴി ഇരുട്ടിലേക്കു മറയുന്ന രീതിയിലാണ് സംവിധാനം ചെയ്തിരുന്നത്. വട്ടംചുറ്റുന്നതും നിരന്തരമായി ഇളകിക്കൊണ്ടിരിക്കുന്നതും ദ്രവാവസ്ഥയിലുള്ളതുമായ ഒരു സ്ഥലസങ്കല്പം അതു വച്ചു നീട്ടുന്നുണ്ട്. അതോടൊപ്പം അതിന്റെ കലക്കത്തിലേക്ക് നമ്മളെ വലിച്ചിടാൻ പോന്ന തരത്തിൽ പേടിപ്പെടുത്തുന്ന ഘടന അതിനുണ്ടായിരിക്കുകയും ചെയ്യുന്നു. സാമൂഹികവും വ്യക്തിപരവുമായ സ്വത്വങ്ങളെക്കുറിച്ചുള്ള ആലോചനകൾ, ഉറപ്പിന്റെയും യുക്തിയുടെയും പൊരുത്തങ്ങളുടെയും രൂപങ്ങളെ ദയനീയമായി അന്വേഷിക്കുകയും എന്നാൽ നിരന്തരപരിണാമിയായ മനുഷ്യാവസ്ഥകൾ ആ യത്നങ്ങളെ എതിർത്തു തോല്പിച്ചുകൊണ്ട് മുന്നോട്ടു പോവുകയും ചെയ്യുന്ന വാസ്തവത്തെ മറ്റൊരു ആവിഷ്കാരമാർഗമായ പ്രതിഷ്ഠാപനം (ഇൻസ്റ്റലേഷൻ) ചിത്രീകരിച്ചതിനെപ്പറ്റിയാണ് പറഞ്ഞത്. സമകാലചലചിത്രങ്ങളും ഈയവസ്ഥയെ പകർത്താൻ ഉത്സാഹിച്ചിട്ടുണ്ട്. (ലൂസിയ പ്യുവൻസോ യുടെ എക്സ് എക്സ് വൈ (2007) നീൽ ബെർഗറുടെ ലിമിറ്റ്‌ലെസ് (2011) തുടങ്ങിയവ ഉദാഹരണങ്ങൾ) കാലികമായ സമൂഹത്തിന്റെ പ്രതിഭിന്നമായ അവസ്ഥാന്തരങ്ങൾ കഥകളിൽ അവയ്ക്ക് സൂക്ഷ്മതലങ്ങളിൽ സഞ്ചരിക്കാനുള്ള  ശേഷിക്കൂടുതൽകൊണ്ടുതന്നെ കൂടുതൽ സങ്കീർണ്ണമായി ഉൾക്കൊണ്ടിട്ടുണ്ട്.

(വിജ്ഞാനകൈരളി)
-----------------------

വായനാസൂചി
1. Liquid Modernity – Zygmunt Bauman, Polity Press, UK, 2000
2. The Dialogic Imagination – Four Essays-  Mikhail M Bakhtin, Ed. Michael Holquist, University of Texas Press, US, 1981
3. രതിമാതാവിന്റെ പുത്രൻ - പ്രമോദ് രാമൻ, മാതൃഭൂമി ബുക്സ്,2011
4. ദൃഷ്ടിച്ചാവേർ - പ്രമോദ് രാമൻ, ഡി സി ബുക്സ്, 2014
5. മരണമാസ്പ്രമോദ് രാമൻ, മാതൃഭൂമി ബുക്സ്, 2017
6. Whorled Explorations – ലോകാന്തരങ്ങൾ, കൊച്ചി മുസിരിസ് ബിനാലെ, 2014
7. The trouble with being Human These Days – Identity – Bouman, Dolan Commings - https://understandingsociety.blogspot.in/2014/05/liquid-modernity.html

6. Zygmunt Bauman. Individual and society in the liquid modernity - Emma Palese, https://www.ncbi.nlm.nih.gov/pmc/articles/PMC3786078/