November 23, 2021

ചാമ്പലെന്നും വേലക്കാരിയെന്നും അടിമയെന്നും ജന്തുവെന്നും

 


    നെടുമുടി വേണുവിനെപ്പറ്റി ലളിതാംബിക അന്തർജ്ജനത്തിന്റെ മകൻ എൻ മോഹനനെന്റെ മകൾ സരിത മോഹനൻ ഭാമ എഴുതിയ ഓർമ്മക്കുറിപ്പിലൊരിടത്ത് ലളിതാംബിക കടന്നുവന്നപ്പോൾ വീണ്ടും,  അവരുടെ കഥകളെപ്പറ്റി ചെറായി രാമദാസ് എഴുതിയ ഒരു വാചകം ഓർത്തു. കുറിയേടത്ത് താത്രിയെപ്പറ്റി അവരെഴുതിയ പ്രതികാര ദേവത, കുറ്റസമ്മതം എന്നീ കഥകളെ പരാമർശിക്കുന്നതിനിടയിൽ രാമദാസ് പറയുന്നതിതാണ് : ”ഇത്ര അഴകോടെ, കയ്യടക്കത്തോടെ ഒരു പെണ്ണിന്റെ വിചാരലോകം ആവിഷ്കരിക്കാൻ കഴിയുന്ന മറ്റാരെങ്കിലും ഉണ്ടായിരുന്നോ അക്കാലത്ത്?”

പത്താം ക്ലാസിൽ പഠിക്കാനുള്ള ‘വിശ്വദർശനം’ എന്ന കഥ പഠിക്കാനുണ്ട്. പതിനൊന്നിൽ അഗ്നിസാക്ഷിയിലെ ഒരദ്ധ്യായമായ ‘ലാത്തിയും വെടിയുണ്ടയും’.  ലളിതാംബിക അന്തർജ്ജനത്തിന്റെ കഥകളെ വീണ്ടുവിചാരത്തിനു വിധേയമാക്കിയാൽ അവയിൽ പ്രവർത്തിക്കുന്ന ആശയധാരയെപ്പറ്റി ഇന്ന് ഘോരമായ വാഗ്വാദം ഉണ്ടാവും. (ഉണ്ടായിട്ടുണ്ട്) വിശ്വദർശനത്തിൽ സ്വന്തം സന്തതികളെ ശരിയായി പരിപാലിക്കാനാവാത്ത അമ്മയുടെ ആത്മനൊമ്പരവും കുറ്റബോധവും പശ്ചാത്താപവുമാണ് ചിത്രീകരിച്ചിട്ടുള്ളത്. സ്ത്രീയുടെ ആത്മസാക്ഷാത്കാരം അമ്മത്തത്തിലാണെന്ന പരിണാമഗുപ്തിയും അതിനുണ്ട്. ആദ്യകാല എഴുത്തുകാർ സദാചാര നിരതരാവുകയും നിലവിലിരുന്ന പ്രത്യയശാസ്ത്രത്തോട് മനസാ യോജിക്കുകയും ചെയ്ത് രചനകൾ നിർവഹിച്ചിരുന്നതിനുള്ള ഒരു കാരണം, എഴുത്ത് എന്ന മോശം സംഗതിയിൽനിന്ന് (ബാഡ് തിങ്) സ്വയം രക്ഷിച്ചെടുക്കാനാണ്. സ്ത്രീ എഴുത്തുകാർ മാത്രമല്ല, പലരും പല വിധത്തിൽ നേരിട്ട ഗൗരവമുള്ള പ്രശ്നമാണ് ഇത്. സദാചാരനിരതത്വം അപകർഷത്തെ പരിഹരിക്കാനുള്ള മാർഗം കൂടിയായിരുന്നു. അപ്പോഴും ചെറായി രാമദാസ് പറയുമ്പോലെ  ആന്തരിക ലോകത്തെ തന്മയത്വത്തോടെയും സജീവമായും  നിലനിർത്താൻ അവർക്കു കഴിഞ്ഞിരുന്നു. പുതിയകാലത്തിലെ വീണ്ടെടുപ്പുകൾ തന്നെയാണവരെ പരസ്പരവിരുദ്ധമായ ധ്രുവങ്ങളിൽകൊണ്ടുചെന്നിരുത്തുന്നത്.
 1. അവർ നിലവിലെ പുരുഷാധിപത്യപരമായ പ്രത്യയശാസ്ത്രത്തെ പിൻ പറ്റിയിരുന്നു.
2. മറ്റാർക്കും കഴിയാത്ത തരത്തിൽ സ്ത്രൈണമായ ആന്തരിക ലോകത്തെ ആവിഷ്കരിക്കുന്നതു വഴി അവർ അനന്യത നിലനിർത്തിയിരുന്നു.

തുർക്കിയിലെ സെറായ് സാഹിനർ, ഒർഹാൻ പാമൂക്കിനുശേഷമുള്ള എഴുത്തുകാരിൽ പ്രമുഖയാണ്. 1984-ലാണ് ജനനം. കഥാസമാഹാരങ്ങളും നോവലുകളും ലേഖനസമാഹാരവും അവരുടെ പേരിലുണ്ട്. 2018-ലെ ഒർഹാൻ കെമാൽ നോവെൽ പുരസ്കാരം ലഭിച്ച ‘കുൽ’ ഫ്ലാറ്റുകളിലെ പടികൾ വൃത്തിയാക്കി ജീവിക്കുന്ന മെർജാൻ എന്ന സ്ത്രീയുടെ കഥ പറയുന്ന നോവലാണ്. അവരുടെ ഭർത്താവ് ഒന്നിനും കൊള്ളാത്ത ഒരുവനാണ്. അവരുടെ വാക്കിൽ ഒരു മണ്ണുണ്ണി. ഭാര്യ ജോലി ചെയ്തുകൊണ്ടുവരുന്ന പണവും പറ്റി കഞ്ചാവും പുകച്ച് ഒരു മൂലയിൽ ചടഞ്ഞുകൂടുന്ന മടിയൻ. നിവൃത്തിയില്ലാതെ വന്ന സമയത്ത് അയാളോട് ഇറങ്ങി പോകാൻ മെർജാൻ പറഞ്ഞു. അങ്ങനെ ഇറങ്ങിപ്പോയ അയാൾ തിരിച്ചു വരുന്നതും കാത്തിരിക്കുന്ന നിലയിലാണ് നോവലിൽ നമ്മളവരെ കണ്ടുമുട്ടുന്നത്. അയാൾ തിരിച്ചുവരണമെന്ന അതിശക്തമായ ആഗ്രഹത്തിനൊപ്പം  മെർജാന് രണ്ടാമതൊരു  അഭിലാഷമുള്ളത് ഒരു കുഞ്ഞിന്റെ കാര്യത്തിലാണ്. അതും സുന്ദരനായ ആൺകുട്ടി. ഉത്തമയും സ്നേഹവതിയും മകന്റെ കാര്യത്തിൽ അഭിമാനിയുമായ അമ്മയെന്ന നിലയിൽ താൻ എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന കാര്യത്തിൽ മെർജാന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഈ രണ്ട് ആഗ്രഹവും പരസ്പര ബന്ധിതമാണ്. ക്രൈസ്തവവും മുഹമ്മദീയവുമായ ആരാധനാലയങ്ങളിലൊക്കെ അഭിലാഷസാധ്യത്തിനായി കയറി ഇറങ്ങുകയും നേർച്ച നടത്തുകയും ചെയ്യുന്നുണ്ട്, ഭർത്താവ് തിരിച്ചുവരാൻ. ഈ രണ്ട് ‘പരമപ്രധാന’മായ ആഗ്രഹങ്ങൾക്കിടയിൽ ജീവിക്കുന്ന സ്ത്രീയുടെ നീണ്ട ആത്മാഖ്യാനമാണ് ‘കുൽ.’

 ചാമ്പലെന്നും വേലക്കാരിയെന്നും അടിമയെന്നും ജന്തു (ക്രീച്ചർ) എന്നുമൊക്കെ തുർക്കിയിൽ അർത്ഥമുണ്ടേങ്കിലും നോവലിലൊരിടത്തും ശീർഷകത്തിന്റെ പദനിരുക്തിയെപ്പറ്റി ചർച്ചയില്ല. ഈ പര്യായങ്ങളെല്ലാം മെർജാൻ ഹാനിമിനു യോജിക്കും എന്നു മനസ്സിലാക്കാൻ വലിയ അദ്ധ്വാനം ആവശ്യമില്ല. ബാഹ്യമായും ഭൗതികമായും അവൾ നേരിടുന്ന പ്രശ്നങ്ങളല്ല കഥയിലുള്ളത്. അവൾക്കുതന്നെ നിയന്ത്രിക്കാനാവാത്ത അഭിലാഷപ്രവാഹത്തിന്റെ ഒഴുക്കിൽ നിലയില്ലാ കയത്തിലായി പോകുന്നു അവർ. അതൊരു അടിമത്തമാണെന്ന സൂചനയാണ് ഉള്ളത്. ഒറ്റയ്ക്ക് കപ്പലിൽ യാത്ര ചെയ്യുകയും  മദ്യശാലയിൽ ചെന്നിരുന്ന് ബിയറു കുടിക്കുകയും ചെയ്യുന്നുവെങ്കിലും  ഭർത്താവുമായുള്ള പുനഃസമാഗമം,   കുട്ടിയുടെ ജനനം എന്നിങ്ങനെയുള്ള സ്വപ്നചിന്തകളാൽ നിയന്ത്രിക്കപ്പെടുന്ന സ്ത്രീ സ്വതന്ത്രയാവുമ്പോഴും സ്വതന്ത്രയല്ലെന്ന വിചിത്രമായ അവസ്ഥയെയാണ് സെറായ് സാഹിനർ പിരിച്ചെടുക്കുന്നത്. അതോടൊപ്പം അവൾ

 നീണ്ട ഒരു ആത്മഗതാഖ്യാനമാണ് ഈ നോവൽ. മെർജാന്റെ ബാഹ്യലോകമല്ല അവളുടെ വിചാരലോകവും അവളുടെ കണ്ണുകളിലൂടെയുള്ള അവളുടെ പരിസരവുമാണ് വായനയിൽ പ്രത്യക്ഷമാവുന്ന യാഥാർഥ്യം.  നമ്മുടെ സാമൂഹിക യാഥാർഥ്യമാനദണ്ഡം വച്ചുള്ള കർക്കശ പരിശോധനയിൽ  ഒട്ടും ആശാസ്യമായ വ്യക്തിത്വത്തെയല്ല, മെർജാറിലൂടെ നോവലിസ്റ്റ്  വരച്ചിടുന്നത്. വെറുക്കുമ്പോഴും തീവ്രമായി സ്നേഹിക്കുക എന്ന സ്വഭാവത്തിന്റെ തീവ്രമായ വൈപരീത്യങ്ങളെ അതിസൂക്ഷ്മമായ വാക്ചിത്രങ്ങളിലൂടെ ആവിഷ്കരിക്കുന്നതിലും അതുവഴി  സ്ത്രൈണമായ ആന്തരിക ലോകത്തെ തെളിച്ചത്തോടെ പുറത്തിടുന്നതിലും സെറയ് കാണിക്കുന്ന അതീവ ജാഗ്രതയും സർഗാത്മകതയുമാണ് ‘കുൽ’-നെ അനുഭവമാക്കി മാറ്റുന്നത്.  ഭർത്താവ് പിരിഞ്ഞു പോയ സ്ത്രീയെ വിഷയം എന്ന നിലയിൽ നോക്കിക്കാണുന്നതിലെ ലൈംഗിക വിവക്ഷകളുള്ള കൗതുകമോ  ഭർത്താവിനെ കാത്തിരിക്കുന്ന സ്ത്രീ എന്ന നിലയിൽ അവളോട് തോന്നാവുന്ന താദാത്മ്യമോ അല്ല ഇവിടെ വിഷയം.  സത്യത്തിൽ അങ്ങനെ ഒരവസ്ഥയിൽനിന്ന് നോവൽ കുതറുന്നത്, പ്രത്യേകതരത്തിൽ നോവലിലെ സംഭവഗതികൾക്കും വസ്തുതകൾക്കും പുറത്തു ഒരു ബോധമണ്ഡലത്തെ രൂപപ്പെടുത്തിക്കൊണ്ടാണ്. ഭൗതിക യാഥാർത്ഥ്യങ്ങളിൽനിന്ന്  രക്ഷപ്പെട്ട് നിലനിന്ന ഇതുപോലെയൊരു മനസ്സും അതിന്റെ കാലികമായ സങ്കീർണ്ണതകളും ചേർന്നായിരിക്കണമല്ലോ ലളിതാംബികാ അന്തർജ്ജനത്തിന്റെയും ആഖ്യാനമണ്ഡലത്തെ സാധ്യമാക്കിയത് എന്ന് വായനയ്ക്കിടയിൽ തോന്നി.  സോദ്ദേശകമായി എഴുതുന്നതിൽനിന്ന് വ്യത്യസ്തമാണത്. താനുൾപ്പെട്ട വർഗത്തിന്റെ മോചനത്തിനായി എഴുതുന്നു എന്ന അഭിഭാഷകദൗത്യം അവിടെയില്ല.

സരമാഗുവിന്റെ കുരുന്നോർമ്മകൾ, ഷഹാദ് അൽറാവിയുടെ ബാഗ്ദാദ് ക്ലോക്ക്, ടാഗോറിന്റെ ചന്ദ്രലേഖ, ഓസ്കാർ വൈൽഡിന്റെ കഥകൾ, അനിതാ നായരുടെ ഇദ്രിസ്, ഭുവന, അരുന്ധതി റോയിയുടെ മൃഗരൂപം, ചാപ്ലിന്റെ ആത്മകഥ തുടങ്ങി ധാരാളം കൃതികളുടെ വിവർത്തകയായ സ്മിതാ മീനാക്ഷിയാണ് കുൽ-നെ മലയാളത്തിലേക്കാക്കിയിരിക്കുന്നത്. ബ്ലോഗുകളുടെ സുവർണ്ണകാലത്ത് ദേവസേനയ്ക്കും ഡോണാമയൂരയ്ക്കും സെറീനയ്ക്കും ഒപ്പം കവിതകൾ എഴുതികൊണ്ടാണ് സ്മിതയുടെ തുടക്കം. ‘ഇരുപത്തിയഞ്ചാമത്തെ മണിക്കൂർ’ കവിതാസമാഹാരം. ആ ഗുണം- അകത്തുള്ള ഒച്ചയനക്കങ്ങളെ നിശ്ശബ്ദമായി പിന്തുടർന്ന് പിടിച്ചു പറ്റുക എന്ന ഗുണം - സെറയ് സാഹിനറെ വിവർത്തനം ചെയ്യുമ്പോൾ വിശേഷമായും കാണാനുണ്ട്.  

എഫ് ബി

ആത്മസഹോദരർ എന്നാണ്!


 
“പരിഭാഷ ചെയ്യുക ഒരിക്കലും ലളിതമല്ല. പരിഭാഷയെന്നാൽ അതിരുകളിലുള്ള വഞ്ചനയാണ്. അതൊരു കള്ളക്കളിയാണ്. ഒരു വാക്യത്തിനു മറ്റൊരു വാക്യം വച്ചു മാറലാണ്. പരിഭാഷയെന്നാൽ ആത്യന്തിക സത്യം അനുഭവിപ്പിക്കാനായി  വിശദാംശങ്ങളിൽ നുണ പറയേണ്ടിവരുന്ന ഒരേയൊരു മനുഷ്യവ്യാപാരമാണ്. ഒരു വാക്കിന്റെ സത്യം ഏകമല്ലെന്നും അതു രണ്ടോമൂന്നോ നാലോ അഞ്ചോ അർത്ഥതലങ്ങളുള്ളതാണെന്നും മറ്റാരെക്കാളും നന്നായി മനസ്സിലാക്കുകയാണു പരിഭാഷാ കർമ്മത്തിലെ അപകടസന്ധി.  പരിഭാഷ ചെയ്യുകയെന്നാൽ എല്ലാവരും മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതുപോലെ അദ്വിതീയമായ ദൈവസത്യത്തിൽനിന്നുള്ള അകന്നു നിൽക്കലാണ്.”

ഡേവിഡ് ദിയോപ് ഫ്രെഞ്ചിലെഴുതുകയും അന്ന മോസ്കോവാകിസ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുകയും മാങ്ങാട് രത്നാകരൻ വഴി മലയാളത്തിലെത്തുകയും ചെയ്ത, 2021 ലെ ബുക്കർ സമ്മാനം നേടിയ നോവലിലെ ഇരുപത്തിനാലാം അദ്ധ്യായത്തിലെ ഒരു ഖണ്ഡമാണ് മേൽ കൊടുത്തത്.  തന്റെ ഇരട്ടത്തത്തെ ആൽഫാ ദിയായെ പരിഭാഷപ്പെടുത്തുന്ന സന്ദർഭമാണത്. ആ മൊഴിമാറ്റം ‘കേൾക്കുന്നവർക്ക്’ മനസ്സിലാകുന്നില്ല.  ‘എന്താണയാൾ പറയുന്നത് ?’ എന്നാണ് അവരു ചോദിക്കുന്നത്. പരിഭാഷകൻ ഒന്നുകൂടി അതിന്റെ സംഗ്രഹിച്ചു പുനരാഖ്യാനം ചെയ്തു : “അയാൾ പറയുന്നത് അയാൾ മരണവും ജീവിതവുമാകുന്നു എന്നാണ്”.

 അൽഫാ ദിയായെ എന്ന സെനഗളിൽനിന്നുള്ള ഫ്രഞ്ചു സൈനികന്റെ നിലയ്ക്കാതെ ഒഴുകുന്ന ചിന്തകളാണ് ഡേവിഡ് ദിയോപിന്റെ ‘രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പ്’ എന്ന 144 പേജുകളുള്ള നോവലിന്റെ അടിസ്ഥാനം. ‘ദൈവത്താണെ സത്യം’ എന്ന് നിരന്തരം ആവർത്തിച്ചുകൊണ്ട് നിർത്താതെ ചിലമ്പുന്ന ആ വാക്കുകളിൽ ഉത്കണ്ഠാകുലവും ഭ്രമാത്മകവുമായ ഒരു മനസ്സിന്റെ ശക്തമായ സാന്നിദ്ധ്യം ഉണ്ട്.   അൽഫാ ദിയായെ, മാദെംബ ദിയോപ് എന്നീ രണ്ടു കൂട്ടുകാരുടെ കഥ പറയുന്ന പുസ്തകത്തിന്റെ ശരിക്കുള്ള പേര് ‘ആത്മീയ സോദരൻ‘ എന്നായിരുന്നത്രേ. അതുകൊണ്ട് നോവലിസ്റ്റ് ഉദ്ദേശിക്കുന്ന താളവും ശ്ലേഷവും ഇംഗ്ലീഷിൽ ലഭ്യമല്ലെന്നു കണ്ടിട്ട് വിവർത്തക  അന്ന മോസ്കോവാകിസ്, കൊടുത്ത പേരാണ്, ‘രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പ്’’.  ആൽഫാ ദിയായെ ജർമ്മൻകാരനായ ഒരു ശത്രു സൈനികനെ ‘വൃത്തിയിൽ മനുഷ്യത്വത്തോടെ’ കഴുത്തറുത്തതിനെപ്പറ്റി ചിന്തിക്കുന്ന, മൂന്നാം അദ്ധ്യായത്തിലെ അവസാനവാക്യമാണത്.

ആത്മീയ സോദരൻ എന്നും സഹപോരാളിയെന്നും അർത്ഥം പറയാവുന്ന ഫ്രഞ്ചു ശീർഷകം മാറ്റി വിവർത്തക ‘ഇരുട്ടിൽ രക്തനിറത്തിനു വരുന്ന മാറ്റത്തിനു’ ഊന്നൽ നൽകിയപ്പോൾ അത് യുദ്ധം,  മനുഷ്യത്വം, ഒറ്റപ്പെടൽ, ജീവിതാസക്തി എന്നിങ്ങനെ രാഷ്ട്രാന്തരീയ സമൂഹത്തിലെ വായനക്കാർക്ക് ആർക്കും പെട്ടെന്ന് മനസിലാവുന്ന അർത്ഥതലം നോവലിനു ലഭിച്ചു.  പുറമേ ഇരുട്ടും കറുപ്പും കൊണ്ടുവരുന്ന സൂചനകളും. ജർമ്മനിയുടെയും ഫ്രാൻസിന്റെയും നീലക്കണ്ണുകളും വെളുത്തശരീരമുള്ള മനുഷ്യർക്കിടയിൽ ഒരു കൈയിൽ തോക്കും മറുകൈയിൽ കൊടുവാളുമായി  നിൽക്കുന്ന ചോക്ലേറ്റ് നിറമുള്ള സെനഗൽ സൈനികർ  (ഷൊക്കോലാ എന്നാണവരുടെ വിളിപ്പേര്) അവർ ജനിതകമായി ബന്ധപ്പെട്ടു കിടക്കുന്ന, വ്യത്യസ്തമായ സാംസ്കാരികപരിസരത്തിനു നേരെ വിരൽ ചൂണ്ടുന്ന സൂചകവും ആകുന്നു. അവരെ ആധുനിക വെളുത്ത സമൂഹം പരിഭാഷപ്പെടുത്തിയെടുക്കുന്നതിന്റെ പ്രശ്നമാണ് നോവലിനുള്ളിൽ ദിയോപ്പിനെ അലട്ടിയിരുന്നത്. ആൽഫാ ദിയായെയുടെ അയാളുടെ ഭാഷ സെനഗലിലെ ഗോത്രഭാഷയായ വൊളോഫാണ്. അയാളുടെ ബോധപ്രവാഹം നോവലിന്റെ ആഖ്യാനത്തിൽ ഫ്രഞ്ചായി തീരുന്നു. എതിരാളിയെ കൊല്ലുകമാത്രമല്ല കൈപ്പത്തി വെട്ടിക്കൊണ്ടുവരികയും അതു സൂക്ഷിക്കുകയും ചെയ്യുന്ന ആൽഫാ ദിയായെ രാക്ഷസനാണോ മനുഷ്യനാണോ എന്ന സംശയം അയാളുടെ സഹപോരാളികളെ ഉലയ്ക്കുന്നുണ്ട്. അയാളുടെ മനസ്സിനെപോലെ, അയാളുടെ ഭാഷയെപോലെ, അയാളുടെ സ്വത്വവും വ്യക്തിത്വവും വിവർത്തനത്തിനു വഴങ്ങാതിരിക്കുന്ന ഒരവസ്ഥയെ ആവിഷ്കരിക്കുന്നതിന്റെ ഭാഗംകൂടിയാണ് മേൽപ്പറഞ്ഞ പരിഭാഷയെക്കുറിച്ചുള്ള ഖണ്ഡം.

പരിഭാഷ ദൈവസത്യത്തിൽനിന്ന്  അകന്നുനിൽക്കുന്ന പ്രവൃത്തിയാണെന്നാണ് കഥാപാത്രമായ ആൽഫാ പറയുന്നത്.  ഡേവിഡ് ദിയോപ്, നോവലായി എഴുതാൻ തീരുമാനിച്ച മുഹൂർത്തത്തിൽ ദിയോപ്  നോട്ടം  പ്ലേറ്റോയുടെ ചിത്രത്തിൽനിന്ന് മാറ്റി അരിസ്റ്റോട്ടിലിലേക്കാക്കിയിരിക്കണം. ആദ്യം അന്നയും പിന്നീട് മാങ്ങാട് രത്നാകരനും  ‘പൊയറ്റിക്സിൽ’ തൊട്ടുതന്നെയാണ് സത്യവാങ്മൂലം സമർപ്പിക്കുന്നത്.  മനുഷ്യന്റെ അഗാധപ്രകൃതത്തിലുള്ള ദ്വയത്വത്തെ സംബന്ധിച്ച ഉൾക്കാഴ്ചകളെ കുഴമറിച്ചിലുകൾ ഇല്ലാത്ത കാവ്യസത്യമാക്കി പരിവർത്തിപ്പിക്കാൻ അതാവശ്യമാണ്.  ‘പരനുള്ളുകാണിക്കാൻ ഒന്നുമേ ഉപായമില്ലെന്ന’ ഭൗതികലോകത്തിലെ വലിയ ശരിയെ പരിമിതികൾകൊണ്ടല്ല നല്ല പരിഭാഷകൾ നേരിടുന്നത് എന്നതൊരു വസ്തുതയാണ്.  ‘അത്യാനന്ദത്തിന്റെ ദൈവികപരിചരണ’മാക്കി നോവൽ വായനയെ മാറ്റിയെഴുതുന്നതിൽ  ഇവയ്ക്ക് വലിയ പങ്കുണ്ട്.

രചനകൾ, കാലികമായി വലിയ താമസമില്ലാതെ നമ്മുടെ അടുത്ത് എത്തുന്നു എന്നത് വലിയ കാര്യമാണ്. വിവർത്തനം മികച്ചതാവുമ്പോൾ വായനാനന്ദന്ദം ഇരട്ടിയാകുന്നു. മാങ്ങാട് രത്നാകരന്റെ വിപുലമായ സാഹിത്യപരിചയവും ഭാഷാസ്വാധീനവും ‘രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പി’നെ മലയാളത്തിൽ ഒഴിവാക്കാനാവാത്ത ഒരു കൃതിയാക്കി മാറ്റുന്നു. 

(www.dcbooks.com/rathriyil-ella-rakthathinum-niram-karuppu-by-david-diop-readers-review.html)

November 19, 2021

ആൽമരവും തഥാഗതനും

 


 

    പ്രവാചകനായ നബി ഇരുന്ന് വിശ്രമിച്ച മരം പിന്നീട് ആളുകൾ ആരാധിക്കും എന്നുവച്ച് മുറിച്ചു കളഞ്ഞതുപോലെയൊരു കഥ ബുദ്ധചരിത്രത്തിലും ഉണ്ട്. ജ്ഞാനോദയത്തിനു ശേഷം ഏഴാഴ്ച ബുദ്ധൻ ചെലവഴിച്ച സ്ഥലങ്ങൾ മഹോബോധി ക്ഷേത്രത്തിൽ അടയാളപ്പെടുത്തി വച്ചിരിക്കുന്നതായി ‘ശ്രമണബുദ്ധൻ’ എന്ന പുസ്തകത്തിൽ ബോബി തോമസ് എഴുതുന്നു.  ആദ്യത്തെ ആഴ്ച അദ്ദേഹം വൃക്ഷത്തണലിൽ ധ്യാനനിരതനായി. രണ്ടാമത്തെ ആഴ്ച അടുത്തൊരിടത്ത് ഇരുന്ന് വൃക്ഷത്തെ കണ്ണിമയ്ക്കാതെ നോക്കി. മൂന്നാമത്തെയാഴ്ച നടന്നുകൊണ്ട് ധ്യാനിച്ചു. അപ്പോൾ കാല്പാദങ്ങൾക്കടിയിൽ താമരപ്പൂക്കൾ വിരിഞ്ഞു. നാലാമത്തെ ആഴ്ചയിലെ ധ്യാനത്തിലാണ് കാര്യകാരണബന്ധങ്ങളെപ്പറ്റിയുള്ള ചിന്തകൾ ശിരസ്സിലുദിച്ചത്. അഞ്ചാമത്തെ ആഴ്ച ധ്യാനിക്കാൻ മറ്റൊരു വൃക്ഷം തെരെഞ്ഞെടുത്തു. ആറാമത്തെ ആഴ്ച ധ്യാനിക്കുന്ന സ്ഥലത്ത് കാറ്റും പേമഴയും ഉണ്ടായി. അപ്പോൾ  നാഗരാജാവായ മുകാലിന്ദ വന്ന് പത്തികൾ വിരിച്ച് കുട പിടിച്ചുകൊടുത്തു.  ഏഴാമത്തെ ആഴ്ച, തപസ്സുവെന്നും ഭല്ലികനെന്നും പേരുള്ള  വ്യാപാരികൾ വന്ന് ബുദ്ധനു ഭക്ഷണവും തേനും നൽകി. ബ്രാഹ്മണരെയോ ഏഴജാതിക്കാരെയോ സംബോധന ചെയ്തിട്ടില്ല,  വണിക്കുകളെയാണ് ലക്ഷ്യം വച്ചതെന്ന് പറയാറുണ്ട്. അവർ ആളായും ദ്രവ്യമായും ബുദ്ധനെ കാര്യമായി സഹായിച്ചിട്ടുണ്ട്.

ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ടത് ഒരു മരമല്ല. എങ്കിലും ബുദ്ധൻ ധ്യാനിച്ചതായി പറയുന്ന പ്രമുഖ ബോധിമരം (നമ്മുടെ അരയാല്) അതിന്റെ പല തലമുറകൾ പിന്നിട്ട് ബോധഗയയിൽ ഇപ്പോഴും പരിപാലിക്കപ്പെടുന്നുണ്ട്, യന്ത്രത്തോക്കു ധരിച്ച സുരക്ഷാസൈനികരുടെ കർക്കശമായ കാവലിൽ. തോക്കു ചൂണ്ടിയ ജാഗ്രതകൾക്കുമുന്നിലൂടെ നടന്നു  ചെന്നു വണങ്ങുന്നത്, പ്രശസ്തനായ അഹിംസാമൂർത്തിയെ വാർത്തെടുത്ത  പഴയ മരത്തെ തന്നെയാണെന്ന് ജനം വിശ്വസിക്കുന്നു. അതാണു ജനം!   പല പ്രാവശ്യം ഈ മരം നശിപ്പിക്കപ്പെട്ടിട്ടുണ്ടത്രേ. അശോകചക്രവർത്തിക്കു തന്നേക്കാൾ സ്നേഹം മരത്തോടാണെന്നു മനസ്സിലാക്കിയ ഒരു രാജ്ഞിയാണ് ആദ്യം അതു വെട്ടിക്കളഞ്ഞത്. പിന്നെ പലപ്രാവശ്യം പകയോടേ പലരും വെട്ടി. രാജ്ഞിയുടെ കേസ് വിചാരണയ്ക്കെടുത്താൽ യുദ്ധം കണ്ട് ഹിംസ വെറുത്ത് ബുദ്ധശിഷ്യനായ  മഹാരാജാവ് അശോകൻ  എങ്ങനെ തീർത്തിരിക്കും ഉള്ളിലെ ദേഷ്യം എന്ന് ആലോചിക്കുന്നത് കൗതുകമാണ്.


എൻ ബി സുരേഷിന്റെ  ‘ആൽമരത്തിന്റെ ബോൺസായ് ബുദ്ധനോട്’ എന്ന കവിതാ പുസ്തകത്തിലെ അതേ പേരുള്ള കവിതയും അതിലെ കുട്ടിക്ക് ഓടയിൽനിന്ന് വീണുകിട്ടിയ മുറിപ്പാടുകളുള്ള ബുദ്ധപ്രതിമയും ഷോക്കേസിലെ  ബോൺസായ് മരവും  ചേർന്നാണ് ബോധഗയയിലെ ആൽമരത്തിന്റെ ഓർമ്മ കൊണ്ടുവന്നത്. മലയാളത്തിൽ ബുദ്ധ കവിതകൾക്ക് ഒരു പഞ്ഞവും ഇല്ല. രണ്ടാഴ്ചകൾക്ക് മുൻപ് സച്ചിദാനന്ദന്റെ ‘ബുദ്ധനെ കാണുവാൻ’ എന്ന കവിത മാതൃഭൂമിയിൽ വന്നതാണ് ഏറ്റവും അടുത്ത ഉദാഹരണം. ആ കവിതയിലും ഉണ്ട് ഒരു അരയാൽ. കൃഷ്ണനെകാണാൻ പോയ കുചേലന് ഉണ്ടായത് ഭൗതികക്ഷേമമാണെങ്കിൽ ബുദ്ധനെ കാണാൻ പോകുന്ന കവിയ്ക്ക് ഉണ്ടായത് കവിത്വത്തിലേക്കുള്ള ജ്ഞാനസ്നാനമാണ്. ആ പരിണാമം കുറേക്കൂടി ആഴത്തിലുള്ളതും പരപ്പുള്ളതുമാണ്. ആലിന്റെ മണ്ണിലും വേരിലും നീരിലും കവിയുടെ ചോര, ഇളകുന്ന ഇലകളിൽ ശ്വാസം, പിപ്പലങ്ങളുടെ ഞരമ്പുകളിൽ പിന്നിട്ട വഴികൾ, ചില്ലകളിലെ കാറ്റിൽ പ്രാണൻ.  സൃഷ്ടിയുടെ ദുഃഖം തന്റേതാവുകയും ആ കരുണയുടെ ധാരയിൽ തുഴഞ്ഞ് അക്കരെ പോകുന്ന തോണിയായി സ്വയം മാറുകയും ചെയ്തുകൊണ്ട്,  യുക്തിഭദ്രമായ ഭ്രമാത്മകതയിൽ എത്തിച്ചേരുകയാണ് കവിത അവസാനം. ബുദ്ധന്റെ സ്മരണയിൽ ബോധോദയത്തെ കാവ്യസങ്കല്പമായി മാറ്റിയെഴുതുകയാണല്ലോ കവി. ആ നിലയ്ക്ക് ബിംബാത്മകമായ ഇഴപിരിക്കലിനാണ് ‘ബുദ്ധനെ കാണുവാൻ’ എന്ന കവിതയിൽ സച്ചിദാനന്ദൻ മുതിരുന്നത്. സങ്കല്പത്തെ കൂടുതൽ അടുപ്പവും ജനകീയവും  മായികതയുള്ളതുമായ മറ്റൊരു മിത്തുമായി ചേർത്തു വച്ച് (കൃഷ്ണനും കുചേലനും) സമകാലികമാക്കി വികസിപ്പിക്കുകയും അതുവഴി കാവ്യനയപ്രഖ്യാപനം നടത്തുകയുമാണ് സച്ചിദാനന്ദൻ ചെയ്തത്.  


ഇതിന്റെ നേരെ വിപരീതാവസ്ഥയാണ്  ‘ആൽമരത്തിന്റെ ബോൺസായ് ബുദ്ധനോട്’ എന്ന കവിതയിലുള്ളത്. ബുദ്ധൻ എന്ന പ്രഭാവിതമായ ഭൂതകാലത്തെ സംശയത്തോടെ റദ്ദാക്കുകയും കാലികമായി ചുരുക്കുകയുമാണ്  കവിതയിൽ എൻ ബി സുരേഷ്  ചെയ്യുന്നത്. ഷോകേസ് തുറക്കുന്ന കുട്ടിയുടെ കൈ പിടിച്ച് നഗരത്തിലേക്ക് നടക്കുന്ന ബുദ്ധപ്രതിമയെയും, അവർക്കു പിന്നാലെ പോയി തോക്കു ചൂണ്ടി നിൽക്കുന്ന ഒരാളുടെ ഏകാഗ്രതയ്ക്ക് കുടപിടിച്ച് വടവൃക്ഷമാവുന്ന ബോൺസായിയെയും അവതരിപ്പിക്കുന്ന ഒരു ഭ്രമകല്പന ഈ കവിതയിലും ഉണ്ട്. സച്ചിദാനന്ദന്റെ കവിതയിലെന്നപോലെ തെളിച്ചമുള്ളതോ മൂർത്തമോ അല്ല ഈ കാഴ്ച. പകരങ്ങൾ (പ്രതിനിധികൾ) എന്ന മട്ടിൽ പ്രതിമയും മരമാതൃകയും പരസ്പരം സംസാരിക്കുകയും സ്വേച്ഛയാ സഞ്ചരിക്കുകയും ഒക്കെ ചെയ്യുന്നു. സൂചകങ്ങൾ വീണ്ടും സൂചകങ്ങളാവുന്ന അവസ്ഥയാണിത്.  കവിതയിലെ പ്രധാനഭാഗം ബോൺസായ് വൃക്ഷവും ബുദ്ധപ്രതിമയും തമ്മിലുള്ള സംഭാഷണമാണ്. ക്ഷീണിതനും ഏറേറ്റ് ഉടഞ്ഞുപോയവനും പരിക്കേറ്റവനുമായ പ്രതിമയോടുള്ള  കാരുണ്യവും കല്ലും കവണയുമായി ‘അവർ’ അടുത്തു വന്നത് ബുദ്ധൻ അറിയാതെ പോയതിലുള്ള നിരാശയും കുള്ളൻ മരം പങ്കുവയ്ക്കുന്നു. ബുദ്ധനെക്കുറിച്ച് പ്രചരിക്കുന്ന കഥകൾ താനറിഞ്ഞതായി അറിയിക്കുന്നു. നാടാകെ പടർന്ന് ആകാശത്തോളമുയർന്ന മരം ഷോക്കേസിൽ വളർച്ച മുരടിച്ചിരിക്കുന്നതിന്റെ അദ്ഭുതം ബുദ്ധനിൽ ഉയരുന്നു. വെള്ളവും വെളിച്ചവും വേണ്ടാത്തതും ബോധോദയം വിലക്കിയിട്ടുള്ളതുമായ തന്റെ അവസ്ഥയെക്കുറിച്ചു പറഞ്ഞുകൊണ്ട് മരം സംഭാഷണം അവസാനിപ്പിക്കുന്നു. ബുദ്ധനും മരവും തമ്മിലുള്ള ഈ വിനിമയം പൂർണ്ണമല്ല. അത് കവിതയുടെ ഉള്ള് നിശ്ചയിക്കുന്ന കുഴമറിച്ചിലിന്റെ അവസ്ഥയാണത്. ആഖ്യാനസ്വഭാവമുള്ള കവിത എന്തുകൊണ്ടാണ് ഒരു കുഴമറിച്ചിലിന്റെ അവ്യക്തതയോടെ അവസാനിക്കുന്നത്?

സുരേഷിന്റെ ഈ സമാഹാരത്തിലെ കവിതകൾ ഏറെക്കുറേ വിധേയമായിരിക്കുന്ന അവസ്ഥയാണിത്. കവിതയായി തീരുന്നതിനു മുൻപ് സ്തംഭിച്ചു പിടയ്ക്കുന്ന ഒരവസ്ഥ ഇതിലെ പല കവിതകളിലെയും വാക്യഘടനകൾക്കുണ്ട്. ഓടയിൽ കിടക്കുന്ന ഉടഞ്ഞ ശരീരമുള്ള പ്രതിമയായ ബുദ്ധന് കുറച്ചു നേരത്തേങ്കിലും കിട്ടിയ മോക്ഷപ്രാപ്തിയാണ് ഷോക്കേസിലെ വാസം. അത് ധ്യാനപരതയുടെ സ്വസ്ഥതയല്ല അലച്ചിലിന്റെ അസ്വസ്ഥതയാണ് അധികം താമസിക്കാതെ വച്ചു നീട്ടുന്നത് എന്നു നാം കാണുന്നു. സങ്കല്പങ്ങളിൽ ചുരുങ്ങി വികൃതമായി പോയ ആൽമരങ്ങൾക്കിപ്പോൾ ബോധത്തെ ഉദിപ്പിക്കാനുള്ള ശക്തിപോര ; ഹിംസയ്ക്ക് കുടചൂടാനാണ് അവയ്ക്ക് യോഗം എന്നൊരു വിപരീതദർശനവും കവിതയ്ക്കകത്തുണ്ട്.

യഥാർത്ഥത്തിൽ ഷോക്കേസിലെ ബോൺസായിയും ഓടയിൽ നിന്നെത്തിയ ബുദ്ധനും  തമ്മിലുള്ള സംവാദം, കവിയും വായനക്കാരും തമ്മിലുള്ള ഭാവനാത്മകമായ വിനിമയമാണ്. പരിതഃസ്ഥിതികളോട് അത്രയൊന്നും രാജിയാവാൻ പറ്റാത്ത ഒരു സിനിക്ക് സുരേഷിൽ പ്രവർത്തിക്കുന്നുണ്ട്. തന്നെപ്പറ്റിയുള്ള ആത്മനിന്ദാപരമായ വിലയിരുത്തലും കവിതയിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ ഉള്ള ഏതു വിനിമയവും എവിടെയും എത്തിക്കില്ലെന്ന അശുഭപ്രതീക്ഷയും അക്രമം നിറഞ്ഞ സാമൂഹികസ്ഥിതിയോടുള്ള മനോഭാവവും  ചേർന്നു രൂപം നൽകിയ ആശയതലമാണ് കവിതയിലെ ബുദ്ധനുള്ളത്.  ആ നിസ്സഹായത്വം അനുഭവങ്ങൾ മുറിവേൽപ്പിച്ച  സ്വാത്മ കാൽപ്പനികബിംബമാണ്. ബോൺസായി, വിശ്വാസം പൂർണ്ണമായി അർപ്പിക്കാൻ പറ്റാത്തതും പ്രതീക്ഷാരാഹിത്യത്തെ വ്യക്തമായി വിളമ്പരം ചെയ്യുന്നതുമായ വായനക്കാരുടെ പ്രതീകവും. ബോൺസായി ആൽമരമായും ബുദ്ധപ്രതിമയായും ചുരുക്കിയെടുത്ത മുദ്രാസ്വഭാവമുള്ള രണ്ട് ബിംബങ്ങളെ കാവൽ നിർത്തിയിരിക്കുന്ന ‘ആൽമരത്തിന്റെ ബോൺസായ് ബുദ്ധനോട്’ എന്ന കവിത എഴുത്തുകാരനും വായനക്കാരി/രനും തമ്മിലുള്ള ഭാവനാത്മക വിനിമയത്തെ സംബന്ധിച്ചുള്ള പതം പറച്ചിലാണ്.  പ്രമേയത്തിൽ എന്നപോലെ ആഖ്യാനത്തിലും കവിത അപൂർണ്ണമായിരിക്കുന്നതിനു കാരണമുണ്ട്. ഒരു കുഴമറിച്ചിലിന്റെ ആഖ്യാനരൂപത്തിന് അത്രയേ സാധ്യമാവുകയുള്ളൂ. നേരത്തേ പറഞ്ഞ രണ്ടു ബിംബങ്ങൾക്കു പുറമേ കവിതയെ കാവ്യാത്മകമാക്കി നിലനിർത്തുന്ന മറ്റൊരു ഘടകം,  വഴുക്കുന്ന പ്രതലത്തിൽ കാലുറയ്ക്കാതെയുള്ള ഈ അപൂർണ്ണതയാണ്. ലോകത്തെക്കുറിച്ച് തനിക്കുള്ള കടുത്ത അവിശ്വാസത്തെ  പിൻപറ്റിക്കൊണ്ട് തന്റേതായ തീർപ്പുകളൊന്നും എടുക്കുക സാധ്യമല്ലെന്ന നിസ്സഹായതമാത്രമാണിപ്പോൾ കൊടും യാഥാർത്ഥ്യം. മറിച്ചുള്ളതെല്ലാം വച്ചുകെട്ടലുകളാണെന്നാണ് കവിതയുടെ ഭാവം.. 


എഫ് ബി

ചുവരിലെ മരം, അതിൽ ചിറകൊതുക്കുന്ന പക്ഷികൾ

 


ചലനത്തിനുള്ള വേവലാതികളെ പല രൂപത്തിൽ പ്രകടമാക്കുകയും പ്രശ്നാത്മകമാക്കുകയും ചെയ്യുന്ന ഒരു തലം അസീം താന്നിമൂടിന്റെ കവിതകളിൽ കാണാം. സ്ഥാവരമായ ഒരു അവസ്ഥയിൽനിന്ന്  ജംഗമമായ മറ്റൊരവസ്ഥയിലേക്ക് പരിണമിക്കാനുള്ള പിടച്ചിലിനെ അനുസ്മരിപ്പിക്കുന്നതാണ് അതിന്റെ ആദ്യത്തെ വശം. സ്ഥലപരമെന്നോ തിരച്ഛീനമെന്നോ വിളിക്കാവുന്ന അവസ്ഥയാണത്. ‘പിന്നിലേറ്റ കൊടിയ പ്രഹരത്തിന്റെ നോവിൽ എല്ലാ ചെറുപ്പുകളും കുതറി കുതിക്കുന്ന പന്തിന്റെ ഊക്കായി’  ‘ഗോൾ’ എന്ന കവിതയിൽ പ്രത്യക്ഷമാവുന്നത് ആ ചലനവേഗമാണ്.  ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന കവിതാസമാഹാരത്തിന്റെ മുഖവുരയിൽ കവിതയ്ക്കുള്ള പ്രേരണയെ പുഴയുടെ ഒരു രൂപകത്തിലേക്ക് പകർത്തിവച്ചുകൊണ്ട് അതിന്റെ ഒഴുക്ക്, കരകവിയൽ, വറ്റിപോകൽ എന്നീ ഭാവങ്ങളെ കവി ഭാവന ചെയ്യുമ്പോൾ കാലസഞ്ചാരത്തിന്റെ ഉപപത്തികളും വെളിപ്പെടുന്നു. പുഴയുടെ മൂന്നു ഭാവങ്ങളും ഒരേ സ്ഥലത്തിൽ സംഭവിക്കുന്നതാണെങ്കിലും ഏകകാലത്തിലുള്ള പരിണാമമല്ല. അതുകൊണ്ട് അതിനുള്ളത് ലംബമാനമായ ചലനസ്വഭാവമാണെന്ന് പറഞ്ഞാലും ശരിയാണ്. ‘ആഴം എന്നെ നോക്കി വാ പിളർത്തുമെന്നും അകലം എന്റെ നിശ്ചലതയെ ചൂണ്ടി പരിഹസിക്കുമെന്നും’ പറഞ്ഞുകൊണ്ട് ‘അതുമാത്രം മതി’യെന്ന കവിത രണ്ടു തരത്തിലുമുള്ള ചലനങ്ങളോടുള്ള ഭയത്തെ പ്രകടമാക്കിയിട്ടുണ്ട്. ഈ ഭയത്തെ മറ്റൊരു തരത്തിൽ, ചലിക്കുന്ന സ്ഥാവരങ്ങളുടെ രൂപത്തിൽ കവിതകളിൽ  കാണാം. പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെടുകയും കാലു വയ്ക്കാനായുമ്പോൾ കാണാതാവുകയും ചെയ്യുന്ന വിചിത്രസ്വഭാവികളായ പടവുകളെ ‘അധികപേടി’യിൽ കാണാം. വഴുക്കലോടെ എപ്പോഴും കൂടെപ്പോരുന്ന രണ്ടു പടവുകൾ ആ കവിതയിലെ അസ്വാഭാവികമായ പ്രതീതിയാഥാർത്ഥ്യമാണ്. ഇതിനു സമാനമായ ഒരു കാഴ്ച ‘താണു നിവരുന്ന കുന്നിലു’മുണ്ട്. ഉരുട്ടികേറ്റുന്ന കല്ല് താഴേയ്ക്കു ഉരുളുന്നതിനനുസരിച്ച് താഴുകയും ഉയരുകയും ചെയ്യുന്ന കുന്നിന്റെ ചലനസ്വഭാവം പ്രത്യേകതയുള്ളതാണ്. സയൻസ് ഫിക്ഷൻ ചലച്ചിത്രങ്ങളിലേതിനു തുല്യമായ ഭ്രമക്കാഴ്ചകളിലൊന്നാണ് സ്ഥലരാശിയുടെ ഇത്തരത്തിലുള്ള ദ്രവമാനം. സകലതും മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന ഉത്തരാധുനിക (ഉച്ച-ആധുനിക) സമൂഹത്തിന്റെ പ്രത്യേകതകൾ വിശദമാക്കാൻ സിഗ്മണ്ട് ബോമാനും (ലിക്വിഡ് മോഡേണിറ്റി) ഉംബെർട്ടോ എക്കോയും (ലിക്വിഡ് സൊസൈറ്റി) ഈ സങ്കല്പത്തെ ഉപയോഗിച്ചിട്ടുണ്ട്. അരക്ഷിതമായ മാനസികഭാവത്തിന്റെ പ്രത്യക്ഷീകരണമാണ് അസീമിന്റെ കവിതകളിൽ പ്രത്യക്ഷമാകുന്ന സ്ഥലത്തിന്റെ അനിശ്ചിതമായ അവസ്ഥ.

‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി’ലെ ഭൂരിഭാഗം കവിതകളും ഒരുതരം നിശ്ചലജീവിതത്തെ അടയാളപ്പെടുത്തുന്നവയാണ്. വിത്തിനുള്ള ധ്വന്യാത്മകതയും സംഗ്രഹണത്വവും അന്തർമുഖതയും പുറംതോടിന്റെ സുരക്ഷിതത്വവും മരത്തിനില്ലെന്ന തിരിച്ചറിവാണല്ലോ മരത്തെ തിരിച്ചു വിളിക്കാൻ വിത്തിനെ പ്രലോഭിപ്പിക്കുന്നത്. മരവിത്തുകൾക്ക് (ബീജാങ്കുരങ്ങൾക്ക്) ഉരുണ്ടും പറന്നും മുങ്ങിയും അകലങ്ങളെയും ആഴങ്ങളെയും കൈയാളാൻ കഴിയുന്ന സ്വേച്ഛാചാരിത്വമുണ്ടെന്ന വസ്തുതയെക്കൂടി ഈ ശീർഷകം ഉള്ളടക്കുന്നു. എങ്കിലും വെമ്പിക്കുതിക്കാനുള്ള ആഗ്രഹം ദിവാസ്വപ്നമായി അനുഭവിച്ചുകൊണ്ടും അതിനെ റദ്ദ് ചെയ്തുകൊണ്ടും നിലവിലുള്ള അവസ്ഥയിൽ ചടഞ്ഞുകൂടുക എന്ന ഭാവമാണവയുടെ സ്ഥായി.  ‘കിളിർക്കാനുള്ള മിടിപ്പും കുതിക്കാനുള്ള വീർപ്പും വേണം എന്നാൽ അവ മാത്രം മതിയെന്ന്’ നേരത്തെ സൂചിപ്പിച്ച  ‘അതുമാത്രം മതി’യെന്ന കവിതയിലെ ശക്തമായ ഒരു തീർപ്പാണ്. ഇത് അസീമിന്റെ കവിതകളിലെ സ്ഥിരമായ നിലപാടാണ്. ‘കൊടിനാട്ടൽ’ എന്ന കവിതയിൽ ‘കൊടുമുടിയുടെ ഉച്ചിയിൽ നാട്ടാൻ പോകുന്ന കൊടിയിൽ തന്നെ പ്രതിഫലിച്ചു കണ്ടുകൊണ്ട്  കവി ‘ഊളിയിട്ടാഴ്ന്നു ചെന്നിട്ട് ഗിരിശൃംഗത്തിന്റെ നെറുകയിൽ ശിരസ്സൂന്നാനും കാലുകൾ കൊടിയാക്കി ചുഴറ്റിപ്പാറിക്കാനും’ മാത്രമാണ് കൊതിക്കുന്നത്. നിശ്ചലതയെയും ചലനത്തെയും സമീകരിച്ച് പ്രഖ്യാപിക്കുന്ന ഈ രൂപകത്തെ അസീമിന്റെ കവിതകളുടെ കേന്ദ്രസ്ഥാനത്തു നിർത്താമെന്നു തോന്നുന്നു. ഏറെ ആഴത്തിൽ വേരാഴ്ത്തുന്ന മരം (മരുഭൂമിയിലെ ഉറവ) കൈപ്പത്തി രണ്ടും ചീന്തിപ്പോയൊരു നാട്യക്കാരി നൃത്തം ചെയ്യാൻ വീർപ്പോടെ ഉയിർക്കുന്ന ആവേശം (അപൂർണ്ണം) എന്നെല്ലാം മറ്റു കവിതകളിൽ ഇതേ സ്വാത്മനിലയെ വ്യത്യസ്തസാഹചര്യങ്ങളിലായി കവി ആവർത്തിച്ചിട്ടുമുണ്ട്.

വീട്, കുന്ന്, സ്കൂൾ, ശില്പം, ചിത്രം, ശില, ഭൂമി, കാട്, വേര് എന്നിങ്ങനെയുള്ള സ്ഥാവരങ്ങളുടെ നീണ്ട നിര അസീമിന്റെ കവിതകളിലെ ഉറച്ചിരിക്കുന്ന സ്ഥലത്തെയും വാഹനം, കാറ്റ്, പക്ഷി, വേനൽ, വെളിച്ചം, രാത്രി, നിലാവ്, ഒച്ച  തുടങ്ങിയുള്ള നിശ്ചലതയെ പലനിലയ്ക്ക് അതിജീവിക്കാൻ കഴിയുന്ന ചരവസ്തുക്കളുടെ പ്രതീകങ്ങൾ മാനസികാവേഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. കടൽ, പുഴ, കൊടി, മരം, ചെടി, വിത്ത് എന്നിങ്ങനെ ഏറ്റക്കുറച്ചിലുകളോടെ ഈ രണ്ടു വിഭാഗങ്ങളുടെയും സ്വഭാവം സ്വീകരിച്ച ബിംബങ്ങളും കവിതയുടെ സംഘർഷഭൂമികയിൽ വരിചേരുന്നുണ്ട്.  തകർന്ന ബ്രേക്ക്, കൃത്യതയില്ലാത്ത ആക്സിലേറ്റർ, ഏതിലാണ് കാലന്നതിലുള്ള അവ്യക്തത, ലഹരി പെരുകി ബോധമില്ലാതായ ഡ്രൈവർ - ഇവ ചേർന്ന സംയുക്തത്തെ അസീം വിളിക്കുന്നത് ‘മനസ്സ്’ (അതേ പേരുള്ള കവിത) എന്നാണ്.  ഇരപ്പും കുതിപ്പും തുടിപ്പും യാഥാർത്ഥ്യമാണെന്നതുപോലെ തിരിച്ചു പോക്കും ഉറച്ചിരിപ്പും കൂടുതൽ യാഥാർത്ഥ്യമാണ്. എന്തുകൊണ്ട് ഇത്തരമൊരു ചടഞ്ഞുകൂടൽ എന്നതിന് കൂടുതൽ വിശദീകരണങ്ങളൊന്നും കവിതകൾ പങ്കു വയ്ക്കാൻ ശ്രമിച്ചു കാണുന്നില്ല. വളരെ അപൂർവമായി മാത്രം കവിതകൾ സമൂഹത്തിന്റെ കാപട്യത്തെയോ (ദുരന്തം, വൈഭവം) പ്രായോഗികതയെയോ (തിടുക്കം) നിസ്സംഗതയെയോ (ഒറ്റക്കാലിൽ നില്പ്) വിമർശനാത്മകമായി – അതും നേരത്ത സ്വരത്തിൽ - സമീപിക്കാൻ ബദ്ധപ്പെടുന്നുള്ളൂ. സാമൂഹികമായ സമ്മർദ്ദങ്ങളും പ്രതിലോമതകളും ഏൽപ്പിക്കുന്ന ആഘാതത്തെപ്പറ്റിയുള്ള നിശ്ശബ്ദതപോലും പിന്മടങ്ങാനുള്ള അതിശക്തമായ പ്രേരണയ്ക്കുള്ള സാധൂകരണമായി മാറുകയാണ് ഇവിടെ.

ബിംബവിന്യാസങ്ങളുടെ ചില സൂക്ഷ്മതകളിലൂടെ ചലനം എന്ന പ്രക്രിയയെ കവിതകൾ ഉള്ളടക്കുന്ന രീതികൾ ശ്രദ്ധിച്ചാൽ പാരമ്പര്യവും സമകാലികവുമായ കാവ്യമാർഗങ്ങളിൽനിന്ന് ഈ കവിതകൾ നേടാൻ ആഗ്രഹിക്കുന്ന വിടുതലുകളെ അടുത്തു കാണാൻ കഴിയുമെന്നു തോന്നുന്നു. സ്വാസ്ഥ്യം, ഏറെ എന്നീ രണ്ടു കവിതകൾ നോക്കുക. പൂർവകല്പിതവും ഏറെക്കുറേ പ്രസിദ്ധവുമായ ആശയങ്ങളെ ഈ കവിതകളിൽ പുതുക്കിപ്പണിതിരിക്കുകയാണ്. പുൽക്കൊടിത്തുമ്പിലെ മഞ്ഞിൻ കണിക പഴയ കവിതയിൽ പ്രപഞ്ചത്തെ പ്രതിഫലിപ്പിച്ചുവെങ്കിൽ അടർന്നു വീഴുന്ന മഞ്ഞയിലയുടെ പുറത്തുകേറിയിരുന്നു പറന്നു താഴെ എത്തിയിട്ടാണ് അതിപ്പോൾ പ്രപഞ്ചത്തെ നെഞ്ചേറ്റി കാണിക്കുന്നത്. പ്രഭാതത്തിലെ പുൽനാമ്പിലെ പഴയ മഞ്ഞുതുള്ളിയുടെ വിസ്മയത്തിനും തലേന്ന് അന്തിക്കേ വീഴാറായ ഇലയുടെ പുറത്തുകയറിയ പുതിയ മഞ്ഞുതുള്ളിയുടെ പ്രായോഗികതയ്ക്കും തമ്മിൽ സമയദൂരവും സ്ഥലദൂരവുമുണ്ട്. കൊഴിഞ്ഞു വീഴുന്ന പൂവിന്റെ സുഗന്ധം കാറ്റെടുത്തുകൊണ്ടു പോകുന്നതിനെപ്പറ്റിയുള്ള സങ്കല്പത്തെ പൂവിനെ മൊത്തമായി വേരെടുത്തുകൊണ്ടു പോകുന്നതായി മാറ്റിയെഴുതുകയാണ് ‘ഏറെ’ എന്ന കവിതയിൽ. പാരമ്പര്യത്തെ ഭാവപരമായി തിരുത്തുകയാണ് രണ്ടിടത്തും കവി. ബാല്യവും വാർദ്ധക്യവും പഴമയും പുതുമയും നോവും ആഹ്ലാദവും മരണവും ജീവനവും തുടങ്ങിയ ജീവിതത്തിന്റെ വിരുദ്ധഭാവങ്ങളെ മുഖാമുഖം നിർത്തിക്കൊണ്ടാണ് ഈ തിരുത്ത്. ഉള്ളിലൊതുക്കിയതെല്ലാം പ്രകടമാക്കാതിരിക്കുന്നതാണ് ഏറ്റവും മാരകമായ മുറിവെന്നറിയുന്നത് വേരുകൾക്കാണ് (മുറിവ്) ‘അകത്തെന്താണെന്ന’ ആവർത്തിച്ചുള്ള ആവലാതിയെ (പക്ഷേ വാതിലകത്തെക്കുറ്റിയിലാണ,ടവെന്ത്? – എന്ത്? എന്ന കവിത) പല നിലയ്ക്ക് ആവിഷ്കരിക്കാനുള്ള താത്പര്യത്തിന്റെ ഭാഗം കൂടിയാണ് വേരുകളുടെ ബിംബപദവി.

വേരിൽനിന്ന് കുറേക്കൂടി ആന്തരികമായ പിന്മാറ്റമാണ് വിത്തിനുള്ളത്. മരത്തിന്റെ പ്രകടനപരതയെയും ചലനത്തെ സംബന്ധിക്കുന്ന പരിമിതിയെയും റദ്ദാക്കാനുള്ള വിളിയാണത്. ഒപ്പം  ആ പിൻവിളിയിൽ മൂലകാരണത്തിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമുണ്ട്. പരമാണുവിന്റെ ബഹിർസ്ഫുരലോകമാണ് ഇക്കാണുന്നതെല്ലാം എന്ന് ഉദ്ദാലകഗുരു ശ്വേതകേതുവിനെ ഛാന്ദോഗ്യോപനിഷത്തിൽ പഠിപ്പിക്കുന്നത് ഒരു ആലിൻകായകൊണ്ടാണ്.  ‘ആകാശത്തിനുള്ള ഏതോ അഴകിനെ ഗാഢമായി ആശിക്കാനും അതിനായി ആയാസപ്പെടാനും അതെല്ലാം മൂടി വയ്ക്കാനും മരത്തിനുള്ള ആഗ്രഹപ്പെരുക്കങ്ങളെ സംഗ്രഹിച്ചു വച്ചുകൊണ്ടാണ് വിത്തുകൾ മിടിക്കുന്നത്’ എന്നു മറ്റൊരു കവിതയായ ‘ഭൂമി’യിൽ ഒരു നിരീക്ഷണം ഉണ്ട്. പുറത്തേക്കു വന്ന് ആകാവുന്നിടത്തോളം വികസിക്കുക എന്ന ജീവചൈതന്യത്തിന്റെ സ്വാഭാവിക ഗതിയെ തിരിച്ചിട്ട രൂപത്തിലാണ് അസീം സമീപിക്കുന്നത്.  ‘ഗർഭം’ എന്ന പേരുള്ള കവിതതന്നെയുണ്ട്. ജീവിതത്തിലൊരിക്കലും പെറ്റെഴുന്നേൽപ്പ് എന്നൊരവസ്ഥയോ പേറ്റുനോവാറുകയോ ഇല്ലെന്ന് അതിൽ കാണാം. എങ്കിൽ പിന്നെ എന്തിന് പുറത്തേക്ക് വരണമെന്ന പ്രതിസന്ധി ഉത്തരമില്ലാത്ത ചോദ്യമായി തീരുന്നിടത്തു നിന്നാണ് ‘ഗർഭാവസ്ഥയിലേക്ക് തിരിച്ചു പോകാൻ കഴിയാത്തതിലുള്ള അസ്വസ്ഥത കവിതകളിൽ പല തരത്തിൽ നിറയുന്നത്. ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി’ൽ ‘തിരിച്ചു വിളിക്കണം എന്നത് പ്രതിഭാസമ്പന്നമായ സങ്കല്പം മാത്രമാണെന്ന് മനസ്സിലാക്കുകയും ‘വിരിഞ്ഞിറങ്ങിയ ഒന്നിനും മടങ്ങിപോകാനാവില്ലെന്നു’മുള്ള അങ്കലാപ്പിനെ സർവജീവജാലങ്ങളുടെയും വേവലാതിയായി ധരിക്കുകയും ചെയ്യുന്നുണ്ട്.  ഈ വേവലാതിയുടെ ഐക്യധർമ്മത്തിലാണ് പ്രപഞ്ചത്തിലെ ഇതരജീവവസ്തുക്കളുമായുള്ള താദാത്മ്യം കവി കണ്ടെത്തുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

സ്വതന്ത്രാഭിലാഷങ്ങളുടെയും മോചനാകാംക്ഷകളുടെയും പാരമ്പര്യപ്രതീകങ്ങളായ പക്ഷികൾ അസീമിന്റെ കവിതയിൽ സ്വച്ഛമായ ഒരവസ്ഥയിൽ കടന്നുകയറുന്ന ഒച്ചകളും കലമ്പലുകളുമായി തീർന്നിരിക്കുന്നതിൽ അദ്ഭുതമൊന്നും ഇല്ല. എന്നാൽ അവ ഒഴിവാക്കപ്പെടുകയല്ല, തുടർച്ചയായി കവിതകളിൽ സകലധർമ്മങ്ങളോടെയും പ്രത്യക്ഷപ്പെടുന്നു എന്ന കാര്യത്തിലും  ശ്രദ്ധിക്കേണ്ട വശമുണ്ട്. പുഴയിൽ വലയെറിഞ്ഞിരിക്കുന്നയാളിന്റെ അടുക്കൽ കൊതിയോടെ വരുന്ന കിളികൾ അയാളുടെ ചുറ്റുപാടുകളെ  മലീമസമാക്കുന്ന കാഴ്ചയാണ് ‘ശേഷിപ്പു’കൾക്ക് മുന്നിൽ വയ്ക്കാനുള്ളത്. (‘ചിറകടി ഒച്ചകൾ, എല്ലുംതോലും ചിന്നിയ ദൃശ്യങ്ങൾ, കൂർമുള്ളിന്റെ ശേഷിപ്പുകൾ’) മുറിയിലെ ഭിത്തിയിൽ വരച്ചുവച്ച മരത്തിന്മേൽ പുറത്തെ ഇരുട്ടിൽനിന്നും പറന്നുവന്ന് ചിറകൊതുക്കിയിരിക്കുന്ന പറവയുമുണ്ട്, കവിതകളിൽ ഒരിടത്ത്. (ജാലകപ്പഴുത്) പക്ഷിയെ വരയ്ക്കുമ്പോൾ ചുണ്ടിനും നഖത്തിനും കൂർപ്പുകൂടുന്നു, തൂവൽ കൊഴിയുമന്നു, ചിറകിനു കൃത്യതയില്ലാതാവുന്നു, പടം വരതന്നെ കൈവിട്ടു പോവുന്നു. (പക്ഷിയെ വരയ്ക്കൽ) എനിക്കു നീ ചിറകുകളാകേണ്ട, കാരണം പറന്നുയരുകയെന്നാൽ അഗാധമായൊരു ആഴം സൃഷ്ടിക്കുകയാണെന്നും ആഴം അപകടകരമാണെന്നും (അതുമാത്രം മതി) ഭയപ്പെടുന്ന മാനസികാവസ്ഥകൾ സൃഷ്ടിക്കുന്ന കിളികളാണ്  കവിതകളിലുള്ളത്. ചിറകൊതുക്കാതെ പറന്നുയരുന്ന പക്ഷിയുടെ ഒരു ദൃശ്യമുള്ളത് ‘ലഹരി’യെന്ന കവിതയിലാണ്. ‘ജലത്തിലൂടെ ഒഴുകി നീങ്ങുന്ന ഒരാളുടെ ശിരസ്സിൽനിന്നു കിളി ചിറകുകുടഞ്ഞ് നനവില്ലാതെ പറന്നുപോകുന്ന ഒരു കിളിയുടെ ചിറകിന്റെ നിഴലിൽ ഭൂതലം ഇരുളുന്നു’ എന്നാണതിലെ വിചിത്രകല്പന. ചലനം ഒരു വേവലാതിയായി കവിതയിൽ നിറയുന്നതിന്റെ അസ്വസ്ഥതകളെ  എടുത്തു കാണിക്കാനുള്ള ഒരു ഉപാധിയെന്ന നിലയ്ക്കാണ് പക്ഷിബിംബങ്ങളെ പ്രത്യേകമായി അടുത്തു നോക്കിയത്.  സമാഹാരത്തിലെ ഭൂരിഭാഗം കവിതകളും നിശ്ചലതയെ സ്വാഭാവികമായ ഉപസ്ഥിതിയാക്കുകയും പുറത്തേക്കു കുതിക്കാൻ വെമ്പുന്ന എല്ലാ ചലനങ്ങളേയും വലിച്ചടുപ്പിക്കുന്ന ഭൂഗുരുത്വത്തെ അവയുടെ ഭാവബദ്ധതയുടെ കേന്ദ്രമാക്കുകയും ചെയ്യുന്നു.

ബഹിർമുഖതയിൽ കുറ്റബോധം അനുഭവിക്കുന്ന, തുടർച്ചയായി ഒളിക്കാൻ ഇടം തേടുന്ന സത്തയുടെ സന്ത്രാസങ്ങളാണ് അവസ്ഥയുടെയും പരിണാമത്തിന്റെയും ഇടയിലുള്ള സഞ്ചാരവഴികളെ സജീവമാക്കുന്നതെന്നാണ് ഇതിൽനിന്നെല്ലാം കൂടി ഉരുത്തിരിഞ്ഞു കിട്ടുന്ന അർത്ഥം. മുറിച്ചുമരിൽ വരച്ചു വച്ചിരിക്കുന്ന വൃക്ഷക്കൊമ്പിലേക്ക് പാഞ്ഞുവന്നിരുന്ന് ചിറകൊതുക്കുന്ന പക്ഷിയിലുള്ളതും മരത്തെ തിരിച്ചു വിളിക്കുന്ന വിത്തിന്റെ അതേ ആകർഷണബലമാണ്. ചലനങ്ങളെ നിശ്ചലമാക്കുന്ന ബലതന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, പെട്ടുകിടക്കാനാണോ വിട്ടുപോകാനാണോ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നതെന്ന കാര്യത്തിൽ കവിത പ്രത്യക്ഷത്തിലൊരു കുഴമറിച്ചിലും കാണിക്കുന്നില്ല. ഇരിക്കുന്നിടത്തിരിക്കുക, മടങ്ങിപ്പോകാൻ തീവ്രമായി അഭിലഷിക്കുക, അതിനു കഴിയായ്കയാൽ വേദനിക്കുക, ഈ വേദന തന്നെയാണ് സമസ്ത ജീവജാലങ്ങളിലും പ്രതിഫലിക്കുന്നതെന്ന് സ്വയം സമാധാനിക്കുക,  അതിനെപ്പറ്റി വാചാലനായിക്കൊണ്ട് വിനിമയം സാധ്യമാക്കുക... ഇങ്ങനെ ഉരുത്തിരിച്ചെടുക്കാവുന്ന ഋജുവായൊരു ഭാവരേഖ അസീമിന്റെ കവിതകളുടെ അടിസ്ഥാനഘടനയായി നിലനിൽക്കുന്നു.  

(littnow.com/thaanuyarunna-chalam-r-p-sivakumar-article-littnow)
(https://www.dcbooks.com/marathine-thirichu-vilikunna-vithu-by-azeem-thannimoodu-rr21.html)