April 27, 2010

ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...

അയോദ്ധ്യയിലെ ദശരഥന് രാജകർത്താക്കന്മാരായി, മാർക്കണ്ഡേയൻ, മൌദ്ഗല്യൻ, വാമദേവൻ, കശ്യപൻ, കാത്യായനൻ, ഗൌതമൻ, ജാബാലി എന്നിങ്ങനെ ‘മഹായശസ്വി’കളായ ഏഴുപേരാണ്. (വസിഷ്ഠനെയും ചേർത്ത് എട്ടു ‘മന്ത്രിമാർ’ എന്ന് എച്ച് ഡി സങ്കാലിയ) അഭിഷേകം മുടങ്ങി കാട്ടിലേയ്ക്ക് യാത്രയായ ശ്രീരാമനെ തിരിച്ചു വിളിക്കാൻ ചിത്രകൂടത്തിലേയ്ക്ക് ഭരതനോടൊപ്പം പോയവരിൽ ഒടുവിലത്തെ ആളായ ജാബാലിയുമുണ്ടായിരുന്നു. പിതാവ് തന്നോടു പറഞ്ഞതിൽ നിന്ന് അണുവിട മാറുന്ന പ്രശ്നമില്ലെന്നായിരുന്നു ശ്രീരാമന്റെ നിലപാട്. ഈ സമയം ജാബാലി മുന്നോട്ടു വന്ന് ചില ഉപദേശങ്ങൾ അവിടെ കൂടി നിൽക്കുന്നവരെല്ലാം കേൾക്കുന്ന രീതിയിൽ ശ്രീരാമനോട് പറഞ്ഞു. അതിങ്ങനെയാണ് : “ശ്രീരാമാ, നിന്റെ ബുദ്ധി അർത്ഥമില്ലാത്തതാകരുത്. ഈ ലോകത്തിൽ ആര്, ആർക്ക് ബന്ധുവാണ്? ജന്തു ഒറ്റയ്ക്കു ജനിക്കുന്നു; ഒറ്റയ്ക്ക് മരിക്കുന്നു. അതുകൊണ്ട് മാതാവ്, പിതാവ് എന്നൊക്കെയുള്ളത് ഭ്രാന്തന്റെ പിറുപിറുക്കൽ പോലെ അർത്ഥമില്ലാത്ത കാര്യമാണ്. വഴിയാത്രക്കാരൻ ഒരു വീട്ടിൽ താത്കാലികമായി താമസിക്കുന്നതുപോലെയാണ് മനുഷ്യർക്ക് മാതാവും പിതാവും വീടും ധനവുമെല്ലാം. ഒരിക്കൽ ഇതല്ലാം വിട്ടുപോകുക തന്നെ വേണം. അതുകൊണ്ട് രാജഭോഗങ്ങൾ അനുഭവിച്ചുകൊണ്ട് നീ അയോദ്ധ്യയിൽ താമസിക്കുക. ദശരഥൻ നിനക്കാരുമല്ല. നീ ദശരഥനുമാരുമല്ല.”
ജാബാലി പിന്നീട് തന്റെ തത്ത്വശാസ്ത്രം കുറെക്കൂടി വിശദീകരിച്ചു : “പിതാവ് വെറും ബീജം മാത്രമാണ്. നിന്റെ പിതാവായിരിക്കുന്ന രാജാവ് ഇപ്പോൾ പോകേണ്ടിടത്തു പോയിക്കഴിഞ്ഞു. ഭൂതങ്ങളുടെ വ്യാപാരം ഇങ്ങനെയാണ്. നീ വീണ്ടു വിചാരമില്ലാതെ നിനക്കു തന്നെ വിഘ്നമുണ്ടാക്കരുത്.”
കൂട്ടത്തിൽ ജാബാലി കുറേ ചോദ്യങ്ങൾ കൂടി ചോദിക്കുന്നുണ്ട് രാമനോട്: “ഒരുവൻ കഴിക്കുന്ന ഭക്ഷണം മറ്റുള്ളവരെ പോഷിപ്പിക്കുമോ? ഒരു ബ്രാഹ്മണൻ നൽകുന്ന ഭക്ഷണം നമ്മുടെ പിതൃക്കൾക്ക് ഉപകരിക്കുമോ? കുടിലബുദ്ധികളായ ബ്രാഹ്മണർ ഈ വിധികൾ കെട്ടിയുണ്ടാക്കി, സ്വാർത്ഥലക്ഷ്യങ്ങളോടെ അവർ പറയുന്നു ദാനം നൽകുക, തപസ്സു ചെയ്യുക, സ്വത്തു കൈവിടുക, പ്രാർത്ഥിക്കുക....! ”

പിതാവിന്റെ ഉപദേശകനും വയോധികനുമായ ജാബാലിയുടെ വാക്കുകൾ രാമനിലുണ്ടാക്കിയ കോപം ചില്ലറയല്ല. പിതാവിന്റെ മലത്തിൽ നിന്നു പുഴുക്കൾ ഉണ്ടാക്കുന്നതിനു സമാനമാണോ പുത്രന്മാരുണ്ടാകുന്നത് എന്ന് രാമൻ തിരിച്ചു ചോദിച്ചു. ജാബാലി പറഞ്ഞത് അധർമ്മമാണെന്നും അത് ലോകത്തെ കുഴക്കുമെന്നും രാജാവിന്റെ നടത്ത, സത്യമുള്ളതും ക്രൂരതയില്ലാത്തതും ആയിരിക്കണമെന്നും ഇതൊരു സനാതനധർമ്മമാണെന്നും കോപത്തിനിടയിൽ രാമൻ പറയുന്നുണ്ട്. പിതാവിനെ അത്യന്തം ബഹുമാനിക്കുന്ന ശ്രീരാമൻ തന്നെ പറഞ്ഞുകൊണ്ടു വന്ന സംഗതി വിട്ട് ‘വിഷമസ്ഥ ബുദ്ധിയും വലിയ നാസ്തികനുമായ ജാബാലിയെ ഉപദേഷ്ടാവായി’ സ്വീകരിച്ചത് തന്റെ അച്ഛൻ സുദീർഘമായ ജീവിതത്തിൽ കാണിച്ച മണ്ടത്തരമാണെന്നു വരെ പറഞ്ഞു. (അങ്ങനെ സ്വന്തം അച്ഛനെയും ചീത്ത പറഞ്ഞു!) അവസാനം കൂടെയുണ്ടായിരുന്ന വസിഷ്ഠൻ ഇടപ്പെട്ടിട്ടാണ് ശ്രീരാമകോപത്തിൽ നിന്ന് ജാബാലിയെ രക്ഷിച്ചത്.

ജാബാലിയുടെ വാക്കുകളിൽ നിന്നും ഒന്നു രണ്ടു കാര്യങ്ങൾ മനസിലാകുന്നുണ്ട്. ഒന്ന്, ജാബാലിയുടെ വാദങ്ങൾ സനാതനധർമ്മം എന്നു വിശ്വസിച്ചിരുന്ന സംഗതിയ്ക്ക് എതിരാണ്. രണ്ട്, അത് ലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. മൂന്ന്, ജാബാലി ഈശ്വരനിഷേധിയാണ്, നാസ്തികനാണ്. ദശരഥന്റെ ഉപദേശകനായിരുന്ന വ്യക്തി, രാജാവു മരിച്ച് അധികമാവുന്നതിനു മുൻപേ അടുത്ത രാജാവായേക്കാവുന്ന രാമനുവേണ്ടി സംസാരിക്കാൻ തുടങ്ങിയതു കണ്ടിട്ട് ഐ സി ചാക്കോ പറയുന്നത് ജാബാലി പ്രായോഗികതയിൽ വിശ്വസിക്കുന്ന യുക്തിവാദിയാണെന്നാണ്.

കുരുക്ഷേത്രയുദ്ധത്തിൽ പകുതി ജയിച്ച്, സഹോദരങ്ങളോടും പത്നിയോടുമൊപ്പം യുധിഷ്ഠിരൻ രാജധാനിയിൽ പ്രവേശിക്കുന്ന സമയത്ത് രാജാവിനെ ആശിർവദിക്കാനായി കൂടിനിന്ന ആയിരക്കണക്കിന് ബ്രാഹ്മണരുടെയും സന്ന്യാസിമാരുടെയും ഇടയിൽ നിന്നും ഒരാൾ മുന്നോട്ടു വന്ന് “ നീ ബന്ധുക്കളെക്കൊന്ന രാജാവാണ്, അതുകൊണ്ട് ലോകനിന്ദ്യനായി ഭവിക്കും. എന്തിനാണ് നീ സ്വന്തക്കാരെയും ഗുരുക്കന്മാരെയും കൊല്ലിച്ചത്? ഇനി നീ എന്തിന് ജീവിക്കുന്നു? നീ ചാവുക തന്നെയാണ് ഉത്തമം.” എന്നു നിർഭയനായി പറഞ്ഞു. കേട്ടു നിന്നവരെല്ലാം ആ വാക്കുകൾ കേട്ട് ഇടിവെട്ടേറ്റതുപോലെ നടുങ്ങി. യുധിഷ്ഠിരന് കടുത്ത നിരാശയായി. ‘വ്യസനിയായ എന്നെ ധിക്കരിക്കരുതേ’ എന്നു കരയുന്ന രാജാവിനോട് ആഭിമുഖ്യം കാണിക്കാൻ അവിടെയുണ്ടായിരുന്ന ബ്രാഹ്മണന്മാരെല്ലാവരും ചേർന്ന് പരുഷവാക്കുകൾ പറഞ്ഞ മനുഷ്യനെ കൊന്നുകളഞ്ഞു. (മഹാഭാരതം, ശാന്തിപർവം) അയാൾ ചാർവാകനായിരുന്നു. ചാർവാകൻ ശാപം കിട്ടിയ രാക്ഷസനും ദുര്യോധനന്റെ സഖാവുമായിരുന്നു എന്നും കൊല വഴി അയാൾക്ക് മോക്ഷം ലഭിച്ചു എന്നുമാണ് ബ്രാഹ്മണർ പറയുന്നത്. (രാക്ഷസൻ എന്ന വിളിപ്പേര് ചാർവാകനുമാത്രമല്ല, ചാർവാകന്മാർ തിരിച്ച് ചോമാതിരിമാരെയും ധൂർത്തന്മാർ രാക്ഷസന്മാർ എന്നൊക്കെയാണ് വിളിക്കുന്നത്) മഹാഭാരതത്തിലെ ശല്യപർവത്തിൽ ഭീമന്റെ അടിയേറ്റ് നിലത്തു് മരണാസന്നനായി വീണുകിടക്കുന്ന ദുര്യോധനൻ ചാർവാകനെ ഓർമ്മിക്കുന്നത് - “പരിവ്രാട്ടും വിദ്വാനുമായ ചാർവാകൻ (എന്റെ കഥ) അറിഞ്ഞാൽ അയാൾ എനിക്കുവേണ്ടി പകരം വീട്ടാതിരിക്കില്ല.” എന്നു പറഞ്ഞാണ്. അത്തരമൊരു നിർണ്ണായക സമയത്ത് ദുര്യോധനൻ ഓർമ്മിക്കണമെങ്കിൽ അത്ര പ്രാധാന്യം ചാർവാകന് ഹസ്തിനപുരിയിൽ ഉണ്ടായിരുന്നിരിക്കണമല്ലോ. ജയിച്ചവരുടെ കഥയാണ് ഇതിഹാസങ്ങൾ. ദുര്യോധനന് രാജ്യലാഭമുണ്ടായെങ്കിൽ കഥാരൂപത്തിലെങ്കിലും നാം ചാർവാകനെപ്പറ്റി കൂടുതൽ കേൾക്കുമായിരുന്നു.

നിർഭാഗ്യവശാൽ അതുണ്ടായില്ല. പക്ഷേ ഒന്നു സൂക്ഷിച്ചു നോക്കിയാൽ ചാർവാകന്റെ വാക്കുകളിലും ചില കാര്യങ്ങൾ തെളിഞ്ഞു കാണാം. യുദ്ധരംഗത്ത് ബന്ധുമിത്രാദികളെയും ഗുരുക്കന്മാരെയും കൊല്ലാൻ ഉപദേശിച്ച കൃഷ്ണൻ മരണശേഷമുള്ള ആത്മാവിലും സ്വർഗലബ്ധിയിലുമാണ് ഊന്നിയത്. (സാംഖ്യം?) അതിന്റെ നേരെ വിപരീതമാണ് ചാർവാകന്റെ വാദങ്ങൾ. ‘മരിച്ചാൽ മരിച്ചു എന്നുള്ളതിനാൽ,സ്വർഗമോ മോക്ഷമോ നിലനിൽക്കുന്നില്ലാത്തതിനാൽ, നീ എന്തിനുവേണ്ടി കൊന്നു’ എന്നാണ് ചാർവാകൻ ചോദിച്ചത്. സംഘർഷം രണ്ട് ആശയസംഹിതകൾ തമ്മിലാണ്. 1959-ൽ പുറത്തിറങ്ങിയ ‘ലോകായതം - പ്രാചീന ഇന്ത്യയിലെ ഭൌതികവാദങ്ങൾ’ എന്ന പ്രബന്ധത്തിൽ ഈ ആശയമത്സരം ബി സി 600 നടുത്ത് ആരംഭിക്കുന്നതായി ദേവീപ്രസാദ് ചതോപാദ്ധ്യായ ചൂണ്ടിക്കാണിക്കുന്നു. സകലവസ്തുകണങ്ങളും ജീവത്താണെന്ന വാദം ഉന്നയിച്ച ഛാന്ദോഗ്യോപനിഷത്തിലെ ഉദ്ദാലകനെയും, കർമ്മം സംസാരം മോക്ഷം എന്നിവയെപ്പറ്റി പറയുന്ന യാജ്ഞവൽക്യനെയും അവതരിപ്പിച്ചുകൊണ്ടാണ് പ്രാചീനമായ താത്ത്വികപ്രസ്ഥാനങ്ങളുടെ മത്സരത്തിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നത്. ഇന്ത്യൻ ചിന്തയിലെ പ്രധാനശാഖകളുടെയെല്ലാം മൂലം ബി സി ആറാം നൂറ്റാണ്ടിൽ കണ്ടെടുക്കാമെന്ന കാര്യം കോസാംബിയും എടുത്തു പറഞ്ഞിട്ടുണ്ട്. ജാബാലിയുടെയും ചാർവാകന്റെയും വാക്കുകൾക്കു പിന്നിൽ സഹസ്രാബ്ദങ്ങളിലൂടെ വികസിച്ചു വന്ന ചിന്താപദ്ധതിയുടെ പിൻബലമുണ്ടായിരുന്നുഎന്നർത്ഥം.

പക്ഷേ പൂർണ്ണരൂപത്തിൽ അതെന്തായിരുന്നു എന്നു മനസ്സിലാക്കാൻ മതിയായ പുസ്തകങ്ങൾ ലഭിച്ചിട്ടില്ല. പ്രാചീന ഇന്ത്യൻ ചിന്താപദ്ധതികളിലെ ഭൌതികധാര മുച്ചൂടും നശിപ്പിക്കപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് ജവഹർലാൽ നെഹ്രു ഉൾപ്പടെയുള്ളവരുടെ വാദം. ജാബാലിയോടും ചാർവാകനോടും ഉള്ള മേലാളുകളുടെ മനോഭാവം നേരിട്ട് കണ്ടതാണല്ലോ. ഇന്നത്തെ പോലെ തന്നെ അന്നും. എതിർവാക്കുകളെ ആരും സഹിക്കില്ല. പറ്റിയാൽ കൊന്നുതിന്നും. ‘സർവദർശനസംഗ്രഹത്തി’ലെ ചാർവാകരുടേതായി അറിയപ്പെടുന്ന പദ്യങ്ങളെ ദേവീപ്രസാദ് ‘ഇന്ത്യൻ ഫിലോസഫിയിൽ’ എടുത്തെഴുതുന്നുണ്ട്. “ശ്രാദ്ധം മരിച്ചവരെ തൃപ്തിപ്പെടുത്തുമെങ്കിൽ ഇവിടെയും സഞ്ചാരികൾ യാത്ര തിരിക്കുംപ്പോൾ പൊതിച്ചോറു കൊടുത്തയക്കണമെന്നില്ല. ഇവിടെ നാം ശ്രാദ്ധം നൽകുന്നതുകൊണ്ട് സ്വർഗവാസികൾ തൃപ്തിപ്പെടുമെങ്കിൽ പുരമുകളിൽ നിൽക്കുന്നവർക്ക് എന്തുകൊണ്ട് അങ്ങനെ ഭക്ഷണം നൽകിക്കൂടാ?”

“ബ്രാഹ്മണന്മാർ പരേതന്മാർക്കുവേണ്ടി ഈ കർമ്മങ്ങളെല്ലാം ഇവിടെ സ്ഥാപിച്ചതു ആഹാരത്തിനു വകയെന്ന നിലയിൽ മാത്രമാണ്. മറ്റൊരടത്തും ഒരു ഫലവുമില്ല. വേദങ്ങളുടെ മൂന്നു കർത്താക്കളും വിദൂഷകന്മാരും ദുഷ്ടന്മാരും കള്ളന്മാരുമായിരുന്നു.”

സ്വർഗനരകങ്ങളെക്കുറിച്ച് ലോകായതികർക്ക് വ്യക്തമായ നിലപാടുണ്ടായിരുന്നു.

“അവനവന്റെ മനസ്സിനു സുഖം കൊടുക്കുന്നതു തന്നെ സ്വർഗം. മറിച്ചുള്ളതു നരകം. ജീവിക്കുന്നിടത്തോളം സുഖമായി ജീവിക്കണം. (യാവജ്ജീവം സുഖം ജീവേത്) വെന്തു വെണ്ണീറായ ദേഹം തിരിച്ചു വരാറില്ല. (ഭസ്മീ ഭൂതസ്യ ദേഹസ്യ പുനരാഗമനം കുതഃ) യാഗം ചെയ്യുന്നവനും ഹോമവും ഹോമിച്ച സാധനങ്ങളും നശിച്ചിട്ടും കാലാന്തരത്തിൽ സ്വർഗം കിട്ടും എന്നു പറയുകയാണെങ്കിൽ കാട്ടുതീകൊണ്ട് ദഹിച്ചുപോയ അനേകം വൃക്ഷങ്ങൾക്കും സ്വർഗം കിട്ടില്ലേ?”

ചാർവാകരുടേതായി ലഭ്യമായ നേരിട്ടുള്ള വാക്കുകൾ എന്ന നിലയ്ക്കാണ് ഈ ഉദാഹരണങ്ങൾ എടുത്തെഴുതിയത്. ചാർവാകൻ എന്ന മുനിയുടെ പിന്മുറക്കാരാണ് ചാർവാകരെന്ന് അറിയപ്പെടുന്നതെന്നു പറയുന്നുണ്ടെങ്കിലും ‘ചാരുവായ വാക്കുകളാൽ ആളുകളെ വശീകരിക്കുന്നവർ’ എന്ന നിലയ്ക്ക് അതൊരു കളിപ്പേരായിരുന്നെന്നും വാദമുണ്ട്. (കെ ദാമോദരൻ) ലോകായതം, ബാർഹസ്പത്യം എന്നൊക്കെയുള്ള പേരുകളിലാണ് ഈ പ്രാചീനഭൌതികവാദധാര ശ്രദ്ധ കൂടുതൽ പിടിച്ചു പറ്റിയത്. ‘ഭൌതിക പദാർത്ഥങ്ങളുടെ സമൂഹമായ’ ലോകത്തെ അടിസ്ഥാനമാക്കിയതുകൊണ്ടാണ് അതിനു ‘ലോകായതം’ എന്നു പേരുവന്നതെന്നും സാധാരണക്കാരായ ജനങ്ങൾക്കിടയിൽ പ്രചാരമുണ്ടായതുകൊണ്ടാണ് (‘ലോകേഷു ആയതോ ലോകായതഃ) ഈ പേരെന്നും രണ്ടു വാദമുണ്ട്. മറ്റൊരു വാദം, കണ്മുന്നിൽ കാണുന്നതുമാത്രം യഥാർത്ഥം എന്നു വിശ്വസിക്കുന്നതുകൊണ്ട് ‘ലോകത്തിൽ (പ്രത്യക്ഷത്തിൽ) നിന്ന് ആയതം (സിദ്ധം)’ എന്ന അർത്ഥത്തിലാന് ആ പേരു കിട്ടിയതെന്നാണ്. ‘ഭൌതികപദാർത്ഥമാണ് മൌലികമായ യാഥാർത്ഥ്യം’ എന്ന് ഉപദേശിച്ച ഋഗ്വേദകാലത്തു ജീവിച്ചിരുന്ന ബൃഹസ്പതിയുടെ ശിഷ്യന്മാരാണ് ചാർവാകന്മാർ. അതുകൊണ്ടാണ് ബാർഹസ്പത്യം എന്ന പേര്. ഇക്കാര്യത്തെ ആസ്തികർ മറ്റൊരു തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. ശിവന്റെ ഉത്തമ ഭക്തരായിരുന്ന ത്രിപുരന്മാരെ വഞ്ചിച്ച് ദേവന്മാർക്ക് നല്ലതു വരുത്തുവാനായി ദേവഗുരുവായ ബൃഹസ്പതി അസുരന്മാരുടെ ഗുരുവായ ശുക്രന്റെ വേഷം ധരിച്ച് ഉപദേശിച്ചതാണ് ചാർവാക ദർശനം എന്ന്. പിൽക്കാലത്ത് ലോകായതികരിൽ ആരോപിക്കപ്പെട്ട ആസുരത്വവും വഞ്ചനയും അതിൽ സ്വതസ്സിദ്ധമായി കടന്നുകൂടിയതെങ്ങനെ വിശദീകരിക്കാനാണ് ഈ കഥ.

സിദ്ധാന്തപക്ഷത്ത് നിന്നും ധിഷണന്റെയും കേശകംബലി എന്ന തമാശപ്പേരുള്ള അജിതന്റെയും പേരുകൾ കൂടി കേൾക്കാറുണ്ട്. (ബുദ്ധമതഗ്രന്ഥങ്ങളാണ് അടിസ്ഥാനം) മണ്ണ്, വെള്ളം, വായു, തീ എന്നിങ്ങനെ നാലു ഭൂതങ്ങൾ മാത്രമാണ് പ്രപഞ്ചത്തിന്റെ മൂലകാരണം എന്നാണ് ധിഷണന്റെ വാദം. (ആകാശത്തെ/ശൂന്യതയെ ധിഷണൻ ഒഴിവാക്കി) ഭൌതിക പദാർത്ഥത്തിൽ നിന്നു ജീവൻ വരുന്നു എന്ന ബൃഹസ്പതിയുടെ നിഗമനത്തെ പിന്തുടർന്ന്, ഈ പ്രകൃതിഘടകങ്ങൾ ഒന്നിച്ചുചേരുമ്പോഴാണ് മനുഷ്യചൈതന്യം ഉണ്ടാവുന്നത് എന്നു പറഞ്ഞു. അതിനു ശരീരത്തിൽ നിന്ന് വേറിട്ട് ഒരസ്തിത്വമില്ല. അതുകൊണ്ട് ശരീരം നിലനിൽക്കുന്നിടത്തോളമേ ആത്മാവും ഉള്ളൂ. ധിഷണന്റെ ശിഷ്യനായ അജിതൻ മരിച്ചയാളിന്റെ അംശങ്ങൾ മേൽ‌പ്പറഞ്ഞ് നാലു പ്രകൃതിഘടകങ്ങളിൽ വിലയിക്കുന്നു എന്നും ദാനത്തിനും ബലിയ്ക്കും വഴിപാടുകൾക്കും ഒന്നും ഒരർത്ഥവും ഇല്ലെന്നും വാദിച്ച ആളാണ്. “വിഡ്ഢികളും വിവേകികളും ഒന്നുപോലെ മരിച്ചാൽ മരിച്ചു. അതിനു ശേഷം അവരില്ല.” മറ്റു ഗ്രന്ഥങ്ങളിലുള്ള സാന്ദർഭിക പരാമർശങ്ങളിലൂടെയാണ്, ലോകായത ചിന്തയെപ്പറ്റി അന്വേഷണങ്ങൾ പ്രധാനമായും നടന്നത്. ദിവ്യാവദാനം എന്ന ബൌദ്ധ ഗ്രന്ഥത്തിലും പതഞ്ജലിയുടെ കൃതിയിലും ലോകായതത്തിന് ഭാഷ്യങ്ങളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെയുള്ളത് ലോകായതത്തെ എതിർക്കാൻ വേണ്ടി ഉന്നയിക്കപ്പെട്ട വാദങ്ങളാണ്. മാധവാചാര്യർ (ഏ ഡി 14 -ആം നൂറ്റാണ്ട്) ആണ് അതിൽ പ്രമുഖൻ. ശങ്കരന്റെ ബ്രഹ്മസൂത്രത്തിലുമുണ്ട് ലോകായതവാദങ്ങളുടെ സംഗ്രഹം. ഏ ഡി ഏഴാം ശതകത്തിൽ ജീവിച്ചിരുന്ന പുരന്ദരൻ ഒരു പുസ്തകത്തിൽ സ്വയം താനൊരു ചാർവാകനാണ് (ചാർവാകമതേ ഗ്രന്ഥ കർത്തുഃ) എന്നെഴുതിവച്ചിട്ടുള്ളത് ദാസ് ഗുപ്ത തിരഞ്ഞു പിടിച്ചു നൽകിയിട്ടുണ്ട്.

രണ്ട്
ഇവിടെയൊരു പ്രശ്നം വരുന്നുണ്ട്. നേരിട്ടുള്ള വാക്കും എടുത്തെഴുതിയവാക്കും രണ്ടും ഒന്നാവാൻ സാധ്യതയില്ല. തത്ത്വചിന്താപദ്ധതികളെക്കുറിച്ചുള്ള കൂലംകഷമായ ചർച്ച്യ്ക്കിടയിൽ അർത്ഥത്തിന്റെ നേരിയ മാറ്റം പോലും ആശയത്തെ തകിടം മറിക്കും. ഗൂഗിൾ ബസ്സിൽ നടന്ന ഒരു ചർച്ചയ്ക്കിടയിൽ “ആടിനെ ബലികൊടുക്കുന്നേടത്ത് നിന്റെ തന്തയെക്കൊണ്ട് വന്ന് വെട്ടി കൊല്ലെടാ” എന്നൊരു വാക്യം ചാർവാകരുടേതായി എഴുതിയിട്ടു കണ്ടു. ആചാരബദ്ധമായ വൈദികമതത്തെ വെല്ലുവിളിക്കുന്ന ചാർവാകരെ പരാമർശിക്കാൻ (അവതരിപ്പിക്കാൻ) വേണ്ടിയാണീ വാക്യം ഉദ്ധരിക്കപ്പെട്ടത് എന്ന നല്ല ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഈ വാക്യത്തെ വ്യാഖ്യാനിക്കുമ്പോൾ വലിയൊരു അപകടം വന്നുപിണയും. ചാർവാകർ തന്തമാരേക്കാൾ അതായത് മാനുഷികബന്ധത്തെക്കാൾ ആടുമാടുകളാദിയുടെ ജീവനെ വിലകൽ‌പ്പിച്ചവരാണെന്ന് ഇതു വച്ച് ഒരാൾക്ക് വാദിക്കാമെന്നു വരും. ഗോവധനിരോധനവാദികൾക്ക് തങ്ങളുടെ പൂർവികപ്രാമാണ്യം കണ്ടെത്താനുള്ള മികച്ച ഒരു രേഖയുമാവില്ലേ അത്? കെ ദാമോദരൻ, മാധവാചാര്യരുടെ പുസ്തകത്തിലെ ഇതേ ഉദ്ധരണിയെ അവതരിപ്പിക്കുന്നത് മറ്റൊരു വിധത്തിലാണ്. നോക്കുക : ‘യാഗത്തിൽ കൊല ചെയ്യപ്പെടുന്ന മൃഗം സ്വർഗത്തിലെത്തുമെന്ന് പുരോഹിതന്മാർ പറയുന്നു. അങ്ങനെയാണെങ്കിൽ അവർ തങ്ങളുടെ സ്വന്തം മാതാപിതാക്കന്മാരെ ബലികഴിച്ച് നേരിട്ട് സ്വർഗത്തിലയയ്ക്കാത്തതെന്തുകൊണ്ട്?’ ഒരേ ആശയമുള്ള രണ്ടു വാക്യങ്ങളുടെ വിവർത്തനം ഉണ്ടാക്കുന്ന ആശയവ്യത്യാസം വളരെ വലുതാണ്. സ്വർഗ്ഗമില്ലെന്ന കാര്യത്തിലാണ് രണ്ടാമത്തേതിൽ ഊന്നൽ. അപ്പോൾ ഉദ്ധരിക്കപ്പെട്ട ചാർവാക വാക്യങ്ങൾ ഏതൊക്കെ തരത്തിൽ വളച്ചൊടിക്കപ്പെട്ടു എന്ന് കണ്ടെത്തുക പ്രധാനമാണ്. ഉപരിപ്ലവമായൊരു ചർച്ചയിൽ അത്രത്ര വലിയ കാര്യമായിരിക്കുകയില്ല, പക്ഷേ സൂക്ഷ്മമായ ഒരന്വേഷണത്തിനു വലിയൊരു തടസ്സമാണ് ഗ്രന്ഥകർത്താക്കളുടെ നിലപാടുകൾ. രാമായണ-ഭാരതങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങളിലും കാണാം, ആശയവ്യത്യാസം. ജാബാലി രക്തബന്ധത്തെ വില വയ്ക്കേണ്ടതില്ലെന്നാണ് പറയുന്നത്. ദുര്യോധനന്റെ സുഹൃത്തായ ചാർവാകനാവട്ടേ, ബന്ധുത്വത്തെ വില വയ്ക്കാത്തതിന്റെ പേരിലാണ് ധർമ്മപുത്രരെ വിമർശിക്കുന്നത്. പക്ഷേ ഒന്നുണ്ട്, ഇവയെ എല്ലാം കൂട്ടിയിണക്കുന്ന ചരട്, ഈ ലോക ജീവിതം കൊള്ളാവുന്നതാക്കാനുള്ള ശ്രമമാകുന്നു. എന്നാൽ നമ്മുടെ പരിമിതമായ ഉദാഹരണങ്ങളിൽ, സ്വന്തം വാക്കുകൾ തന്നെ അവരുടെ ജീവിതത്തെ അവഹേളനത്തിനു വിധേയമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുകയും ചെയ്യുന്നു. എതിർപ്പ് വിളിച്ചു വരുത്തുമെന്നറിയാവുന്നവർ എന്തിന് ഐഹിക സുഖത്തെ വെടിഞ്ഞ് ആത്മഹത്യാപരമായ നിലപാടുകളെടുക്കണം? ആകെ വൈരുദ്ധ്യം !

ഇന്ത്യയിലെ തത്ത്വചിന്താപദ്ധതികളെല്ലാം കൃത്യമായ ഒരു രേഖീയഘടനയിൽ ഉൾക്കൊള്ളിക്കാൻ പറ്റുന്നവയല്ല എന്നാണ് ഇതിന്റെ ആകെകൂടിയുള്ള അർത്ഥം. പല സാമൂഹികസംസ്കാരങ്ങളിൽ പലകാലങ്ങളിൽ ജന്മം കൊണ്ടതിനാൽ ആ വ്യത്യാസങ്ങൾ കൂട്ടിച്ചേർപ്പുകൾക്കുണ്ട്. ആസ്തിക്യബോധവും വേദങ്ങളുടെ പ്രാമാണ്യവും പ്രബലമായിരുന്ന കാലത്തും സ്വകീയമായൊരു ചിന്താപദ്ധതിയുമായി നിർഭയരായി ലോകായതികർ വ്യവസ്ഥയെ വെല്ലുവിളിച്ചു നിലകൊണ്ടു എന്നതാണ് നമ്മൾ ഇന്നു കാണുന്ന വാസ്തവം. ദശരഥനും ദുര്യോധനനും അവർ പ്രിയപ്പെട്ടവരായിരുന്നത്, എന്തും സ്വാംശീകരിക്കാൻ കഴിയുന്ന ഭാരതീയ ചിന്താമണ്ഡലത്തിന്റെ ആംഗീകരണസ്വഭാവം കൊണ്ടാണോ അവരുടെ ജനപ്രിയതയുടെ പ്രയോജനം വസൂലാക്കണമെന്ന രാജ്യതന്ത്രജ്ഞതകൊണ്ടാണോ എന്ന് അറിയാൻ മാർഗമില്ല. ആദ്യത്തേതിനുള്ള സാധ്യത പക്ഷേ തള്ളിക്കളയാനും പറ്റില്ല. കൌടില്യൻ അർത്ഥശാസ്ത്രത്തിൽ തത്ത്വശാസ്ത്രശാഖകൾ മൂന്നാണെന്നാണ് പറയുന്നത്. സാംഖ്യം, യോഗം, ലോകായതം. മൂന്നിലെയും ഭൌതികവാദചിന്തകളെ രാജാക്കന്മാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന കാര്യത്തിലാണ് ചാണക്യന്റെ ഊന്നൽ. അതെന്തുകൊണ്ട്? നിഷേധം, സന്ദേഹം, സുഖാസക്തി ഇതു മൂന്നുമാണ് ചാർവാകർക്കെതിരെയുള്ള ആരോപണങ്ങൾ. ശരീരം രക്ഷിക്കണം, അന്യരെ സഹായിക്കണം, പരഹിംസ പാടില്ല ഇതായിരുന്നു അവരുടെ നിലപാട്. ‘ശരീരം തന്നെയാണ് ആത്മാവ്, മരണം തന്നെയാണ് മുക്തി. അതുകൊണ്ട് ഉള്ള കാലം ഇന്ദ്രിയ സുഖം അനുഭവിക്കുകയാണ് വേണ്ടതെന്ന്’ ചാർവാക ദർശനം അനുശാസിക്കുന്നതെന്നാണ് ആത്മീയ വാദികളുടെ ആരോപണം. ആത്മീയവാദം ചാർവാക/ഭൌതികദർശനധാരയെകൂടി തങ്ങളുടേതാക്കിയതെങ്ങനെ എന്നു കൂടി നോക്കിയിട്ട് ഇതവസാനിപ്പിക്കാം.

അർത്ഥം, കാമം ഇവയെ മാത്രമേ ലോകായതികർ അംഗീകരിച്ചുള്ളൂ. ധർമ്മം പരലോകത്തിനുവേണ്ടിയുള്ള മൂല്യനിക്ഷേപമാകയാൽ പരലോകമില്ലെന്നു വിശ്വസിക്കുന്നവർ ധർമ്മത്തെയും അതിന്റെ അപരമായ അധർമ്മത്തെയും എങ്ങനെ അംഗീകരിക്കും? പുരുഷാർഥങ്ങളിലെ പരിമിത മേഖലയിൽ മാത്രം വ്യാപരിച്ചവരായി ചാർവാകരെ ചാപ്പകുത്താൻ ഇതൊരു കാരണമായി. അറിവു സമ്പാദിക്കാൻ ഒരു മാർഗം വേണം. സമ്പാദിക്കുന്ന അറിവ് യഥാർത്ഥമായിരിക്കണമെങ്കിൽ അനുഭവം കൊണ്ട് ബോധ്യപ്പെടുന്നതായിരിക്കണം. ഈ അനുഭവത്തെയാണ് ഭാരതീയ ദർശനം ‘പ്രമാണം’ എന്നു വിളിച്ചത്. പ്രമാണം നാലുതരത്തിലുണ്ട്. പ്രത്യക്ഷം, അനുമാനം, ആഗമം, ഉപമാനം എന്നിങ്ങനെ. (അർത്ഥാപത്തി, അഭാവം, സംഭവം, ഐതിഹ്യം.. എന്നിങ്ങനെ പ്രമാണഘടകങ്ങൾ കൂടും) ഇതിൽ പ്രത്യക്ഷമായ അനുഭവത്തെ മാത്രം പ്രമാണമാക്കിയവരാണ് പഴയ നാസ്തികർ ( നാസ്തികർ വേദ നിന്ദകരാണ് എന്ന് മനുസ്മൃതി) കണാദനും സുഗതനും പ്രത്യക്ഷം, അനുമാനം എന്നിങ്ങനെ രണ്ടു പ്രമാണത്തെ അടിസ്ഥാനമാക്കി (അതുകൊണ്ട് ഭൌതികവാദധാരയിൽ അവർ ചാർവാകർക്ക് അടുത്താണ്) സാംഖ്യരും ന്യായക്കാരും പ്രത്യക്ഷം, അനുമാനം, ആഗമം എന്നു മൂന്നു പ്രമാണങ്ങളെ ഉപയോഗിച്ചു.. അങ്ങനെ പോകുന്നു. കൂടുതൽ പ്രമാണങ്ങൾ ഉപയോഗിച്ചവർ കൂടുതൽ മിടുക്കരായി. പ്രത്യക്ഷപ്രമാണം മാത്രം അടിസ്ഥാനമാക്കിയാൽ എല്ലാത്തിനെയും വ്യാഖ്യാനിക്കാൻ കഴിയുമെന്ന വിചാരം ലോകായതികർക്ക് പൂർണ്ണമായും ഉണ്ടായിരുന്നോ എന്ന് സംശയമാണ്. പക്ഷേ അവരതിൽ മുറുകെ പിടിച്ചു. പരലോകത്തെപ്പറ്റിയുള്ള വ്യാമോഹത്തെ എതിർക്കാൻ ഇതത്യാവശ്യമായിരുന്നു എന്നാണ് കെ ദാമോദരൻ, മണിഭദ്രനെ ഉദ്ധരിച്ചുകൊണ്ടെഴുതുന്നത്. ദാരിദ്ര്യത്തെയും അടിമത്തത്തെയും കുറിച്ച് സാധാരണജനങ്ങൾക്ക് ബോധ്യമുണ്ടാവണമെങ്കിൽ ശാപ, പുനർജന്മ, പാപ ബോധങ്ങളുടെ അദൃശ്യലോകത്തു നിന്നിറങ്ങി സ്വന്തം അവസ്ഥയിൽ ശ്രദ്ധയൂന്നണം എന്നതാണ് കാരണമായി പറയുന്നത്. സാംബശിവശാസ്ത്രികൾ ചാർവാകരെ വേറിട്ടൊരു വിഭാഗമായല്ല കാണുന്നത്. അവരും ആത്മീയ വാദികൾ തന്നെ. ആത്മാവ് എന്ത് എന്നകാര്യത്തിൽ മാത്രമാണത്രേ തർക്കം. അതുകൊണ്ട് ചാർവാകരിൽ അനേകം കൂട്ടരുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു. വേദവാക്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ. അതിങ്ങനെ :
1. ശരീരം തന്നെ ആത്മാവ് എന്നു വാദിക്കുന്നവർ.
2. ഇന്ദ്രിയങ്ങൾ തന്നെ ആത്മാവ് എന്നു വാദിക്കുന്നവർ
3. പ്രാണൻ ഇല്ലാതെ ഇന്ദ്രിയങ്ങൾ പ്രവർത്തിക്കില്ലല്ലോ, അതുകൊണ്ട് പ്രാണനാണ് ആത്മാവ്
4. മനസ്സിലില്ലെങ്കിൽ ഇന്ദ്രിയങ്ങൾ പ്രവർത്തിക്കില്ല, അതുകൊണ്ട് മനസ്സാണ് ആത്മാവ് എന്നു വാദിക്കുന്നവർ
5. കണികകൾ ചേർന്നതാണ് (അണുക്കളാണ്) ശരീരം അപ്പോൾ അതു തന്നെ ആത്മാവ്
6. എല്ലാ പ്രവൃത്തിയ്ക്കും പിന്നിൽ ഞാൻ എന്ന ബോധമുണ്ടല്ലോ. ഞാൻ എന്ന ബോധമുണ്ടാക്കുന്ന ബുദ്ധിയാണ് ആത്മാവ്
അജ്ഞാനമാണ് ആത്മാവ്, ശൂന്യം ആണ് ആത്മാവ് ...........................എന്നിങ്ങനെ ഈ പട്ടിക വിപുലമാകുന്നു...

നാൽ‌പ്പതുകൾ മുതൽ ഇന്ത്യക്കാരായ അന്വേഷകർ കണ്ടെത്തിയ ഇന്ത്യൻ ചിന്തയിലെ ഭൌതികവാദസാന്നിദ്ധ്യത്തെ അത്രതന്നെ ഉൾപ്പൊരുത്തത്തോടെ സ്വാംശീകരിക്കൻ ആത്മീയവാദികൾക്കു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാണിക്കാനാണ് ഇതെഴുതിയത്. അതിലും ഇതിലും ചേരുമെന്ന സാമാന്യവത്കരണത്തെ ഒഴിവാക്കുക എന്നതാണ് മുന്നിലുള്ള കടമ്പ. സ്വകീയമായൊരു രീതിശാസ്ത്രം വികസിപ്പിച്ചെടുത്തുകൊണ്ടാണ് കോസാംബിയെപ്പോലുള്ള മനീഷികൾ ഇന്ത്യക്ക് ഒരു പുതിയ ചരിത്രരചനാപദ്ധതി രൂപകൽ‌പ്പന ചെയ്തത്. അതിന്റെ ഗുണഫലങ്ങൾ രുചിച്ചുകൊണ്ടു തന്നെ തത്ത്വചിന്തയിൽ പിന്തുടരേണ്ട രീതിശാസ്ത്രത്തെപ്പറ്റിയുള്ള ആലോചനകൾക്ക് അനുബന്ധങ്ങൾ ഉണ്ടാവണം. വെളിപാടിലും പാരമ്പര്യത്തിലും ഒപ്പം യുക്തിയിലും ചിന്തയിലും കെട്ടുപ്പിണഞ്ഞു കിടക്കുന്നവയെ ഓരോന്നായി വേർതിരിച്ചെടുക്കുന്നതിന്റെ പ്രശ്നമാണ് മുഖ്യം. മനുഷ്യന്റെ ആന്തരികലോകത്തിനാണ് ഇന്ത്യൻ ചിന്ത പ്രാധാന്യം നൽകിയത്. അന്തർജ്ഞാനപരമായ വെളിപാടുകളിലൂടെ ബാഹ്യപ്രതിഭാസങ്ങളെ വിശദീകരിക്കാനാണ് ഇന്ത്യൻ തത്ത്വചിന്ത ശ്രമിച്ചത്. ബാഹ്യപ്രതിഭാസങ്ങളെ അന്വേഷിക്കുന്നതിലൂടെ മാനസികവും ആന്തരികവുമായ പ്രവർത്തനങ്ങളിൽ എത്തിച്ചേരുന്ന രീതിശാസ്ത്രം കൊണ്ട് ഇതിനെ അളക്കുക എളുപ്പമല്ല. ഭൂതകാലത്തോടുള്ള അന്ധമായ ആഭിമുഖ്യം അപകടകരമായിരിക്കുന്നതുപോലെ സാമന്തയുക്തിയെ പിന്തുടരുന്ന മേൽക്കോയ്മാ മനോഭാവമുള്ള വിശകലനരീതികളും യാഥാസ്ഥിതികമാണ്. രണ്ടും കടുത്ത വൈരുദ്ധ്യത്തിലേയ്ക്കല്ലാതെ മറ്റൊരിടത്തും എത്തിക്കുമെന്ന് തോന്നുന്നില്ല. ആക്രോശങ്ങൾ ഒന്നിനെ മറ്റൊന്നിന് വളമാക്കി മാറ്റിക്കൊണ്ട് സമാന്തരമായി വീർത്തുകൊണ്ടിരിക്കും.. കാഫലമില്ലാതെ.

ചിന്ത, തത്ത്വശാസ്ത്രം, ദർശനം എന്നിവയുടെ അർഥഭേദങ്ങൾ സൂക്ഷ്മാണെങ്കിലും അവ ഉപേക്ഷിച്ച് ഒരേ അർത്ഥത്തിലാണ് ലേഖനത്തിൽ പ്രയോഗിച്ചിരിക്കുന്നത്.

ഇന്ത്യൻ ഫിലോസഫി - ദേവീ പ്രസാദ് ചതോപാദ്ധ്യായ
പ്രാചീനഭാരതത്തിന്റെ സംസ്കാരവും രൂപരേഖയും : ഡി ഡി കൊസാംബി
ഭാരതീയ ചിന്ത, ഇന്ത്യയുടെ ആത്മാവ് - കെ ദാമോദരൻ

April 21, 2010

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...




ഗാനലോകവീഥിയിലെ ആട്ടിടയർ
രണ്ട്


1952-ൽ പുറത്തിറങ്ങിയ ആത്മസഖിയിൽ ‘ആ നീലവാനിലെൻ ആശകൾ ...’ എന്ന ഗാനം പി ലീലയോടൊപ്പം പാടിയത് മോത്തി എന്ന ഗായകനാണ്. ആത്മസഖി സത്യനേശൻ എന്ന സത്യന്റെയും പി സുബ്രഹ്മണ്യത്തിന്റെ മെരിലാന്റ് സ്റ്റുഡിയോയുടെയും ആദ്യചിത്രമായിരുന്നു. ആ വർഷം പുറത്തിറങ്ങിയ ആത്മശാന്തിയിലും അൽഫോൺസയിലും മോത്തി പാടിയിട്ടുണ്ട്. മൊഴിമാറ്റിയ ചിത്രങ്ങളുടെ എണ്ണക്കൂടുതൽ കൊണ്ടാകും (സംവിധായകരുൾപ്പടെയുള്ള സാങ്കേതികകാര്യക്കാർ പുറത്തുനിന്നു വന്നവരായതുകൊണ്ടുമാകാം) 1950 കളിലെ മലയാളഗാനങ്ങളിൽ അന്യഭാഷാഗായകരുടെ എണ്ണം കൂടുതലായിരുന്നു. ആത്മസഖിയിൽ ഘണ്ടശാല വെങ്കിടേശ്വര റാവുവും എൻ എൽ ജ്ഞാനസരസ്വതിയും കവിയൂർ രേവമ്മയ്ക്കും പി ലീലയ്ക്കും മോത്തിയ്ക്കും ഒപ്പം പാടിയിരിക്കുന്നു. ആത്മശാന്തിയിൽ ജാനമ്മഡേവിഡിനൊപ്പം വിജയറാവുവും, പ്രേംനസീർ ആദ്യമായി അഭിനയിച്ച മരുമകളിൽ ജിക്കിയോടൊപ്പവും പ്രേമലേഖയിൽ ടി എ ലക്ഷ്മിയോടൊപ്പവും പ്രസന്നയിൽ രാധാജയലക്ഷ്മിയോടൊപ്പവും ചേർന്ന് യുഗ്മഗാനം പാടിയത് പ്രസാദ റാവുവാണ്. ദേവസുന്ദരി എന്ന ചിത്രത്തിൽ കമലേശ്വരറാവു പാടിയിട്ടുണ്ട്. 1957-ൽ പുറത്തിറങ്ങിയ തസ്കരവീരനിൽ പാടിയത് ശ്രീനിവാസറാവു ആണ്. ശശിധരൻ എന്ന ചിത്രത്തിനു സംഗീതം നൽകിയ കലിംഗറാവുവും മോഹനകുമാരിയും ചേർന്ന് ചേച്ചി എന്ന സിനിമയിൽ ഒരു ഡ്യുയറ്റ് ആലപിച്ചിട്ടുണ്ട്. മോഹനകുമാരിയോ രാധാജയലക്ഷ്മിയോ ടി എ ലക്ഷ്മിയോ പിന്നീട് അധികം ഗാനങ്ങൾ പടിയില്ലെങ്കിലും ബാബുരാജിന്റെ സംഗീതസംവിധാനത്തിലുള്ള ‘കദളിവാഴക്കൈയ്യിലിരുന്ന് കാക്ക ഇന്നു വിരുന്നു വിളിച്ചു..’(ഉമ്മ) എന്ന ഗാനം ജിക്കിയെയും രാഘവന്റെ ഈണത്തിൽ ‘എല്ലാരും ചൊല്ലണ് ..’ (നീലക്കുയിൽ) എന്ന ഗാനം ജാനമ്മഡേവിഡിനെയും സിനിമസംഗീതചരിത്രത്തിൽ മായ്ക്കാനാവാത്തവിധം രേഖപ്പെടുത്തിയിട്ടുണ്ട്. പാലാട്ട് കോമനിലെ കെ പി ഉദയഭാനുവിനോടൊപ്പം പാടിയ ‘ആനകേറാമലയിലെ..’, ലീലയോടൊപ്പം പാടിയ ‘പൂവേ നല്ല പൂവേ..’ എന്നിവ ജാനമ്മയുടെ ശ്രദ്ധേയമായ മറ്റു ഗാനങ്ങളാണ്. ആദ്യകാലചിത്രമായ ‘പ്രസന്നയിലെ (1950) ‘വിധിയിലെ ലീല’ എന്ന ദുഃഖഗാനം വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ പാപ്പുക്കുട്ടി ഭാഗവതർ പാടി. കറുത്തകൈ എന്ന സിനിമയിൽ ‘കള്ളനെ വഴിയിൽ മുട്ടും’ എന്ന ഗാനം യേശുദാസും പാപ്പുക്കുട്ടിയും ചേർന്ന് ആലപിച്ചതാണ്. ആശാചക്രത്തിലെ (1973) ‘കണ്ണേ കരളേ’ എന്നു തുടങ്ങിന്ന ഒരു പാട്ടു കൂടി മാത്രമേ പിന്നീട് അദ്ദേഹത്തിനു ലഭിച്ചിട്ടുള്ളൂ.

1952 -ലെ ചിത്രം, അൽഫോൺസയിലെ “കേൾക്കുക ഹാ’ എന്ന ഗാനം പാടിക്കൊണ്ടു പിന്നണിഗാനരംഗത്തേയ്ക്കു വന്ന ജോസ്പ്രകാശ് വിശപ്പിന്റെ വിളി, ശരിയോ തെറ്റോ, അവൻ വരുന്നു, മനസ്സാക്ഷി, ലൌ ഇൻ കേരള എന്നീ ചിത്രങ്ങളിൽ പാടി. 1964-ൽ പുറത്തിറങ്ങിയ കുട്ടിക്കുപ്പായത്തിലെ ‘പൊട്ടിച്ചിരിക്കുവാൻ’ എന്ന ശോകഗാനത്തിൽ ലീലയോടൊപ്പം ഉത്തമനും ഗോമതിയും ഉണ്ട്. കുട്ടിക്കുപ്പായത്തിലെ തന്നെ “വിരുന്നുവരും.., കാവ്യമേളയിലെ രണ്ടു പാട്ടുകൾ -അതിലൊന്ന് വയലാർ കവിതയായ ‘സർഗസംഗീത’മാണ്- കെ രാഘവന്റെ സംഗീതത്തിൽ അർച്ചനയിലെ ‘അല്ലെങ്കിലുമീ കോളേജു പെണ്ണുങ്ങൾക്ക് ആരോടുമില്ല സ്നേഹം’, സ്ഥാനാർത്ഥി സാറാമ്മയിലെ ‘തോറ്റുപോയ് തോറ്റുപോയ് കടുവാ പാർട്ടി തോറ്റു പോയ്’, (സംഗീതം എൽ പി ആർ വർമ്മ) കൊച്ചിൻ എക്സ്പ്രെസ്സിലെ ‘ഇരതേടി പിരിയും കുരുവികളേ’, കോട്ടയം കൊലക്കേസിലെ ‘അല്ലലുള്ള പുലയിക്ക്’ തുടങ്ങിയവയാണ് ഉത്തമൻ പാടിയ ഗാനങ്ങൾ. പിന്നെ അദ്ദേഹം തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് വലിഞ്ഞു. ഭർത്താവ് എന്ന സിനിമയിൽ ‘കണ്ണീരൊഴുകുവാൻ മാത്രം’ എന്ന സോളോയാണ് ഗോമതിയുടേതായുള്ളത്.

കടത്തുകാരനിലെ ‘മണിമുകിലേ’ എന്ന ഗാനത്തിലെ പുരുഷശബ്ദം ഏ കെ സുകുമാരന്റെയാണ്. കുഞ്ഞാലി മരയ്ക്കാറിലെ കോൽക്കളിപ്പാട്ടിലും (ആറ്റിനക്കരെ) ‘ഉദിക്കുന്ന സൂര്യനെ’ എന്ന സംഘഗാനത്തിലും ഏ ടി ഉമ്മറിന്റെ സംഗീതത്തിൽ ‘തളിരുകൾ’ എന്ന സിനിമയിലും ചിദംബരനാഥിന്റെ സംഗീതത്തിൽ ജന്മഭൂമിയിലും (‘നീലമലച്ചോലയിലെ’ എന്ന തോണിപ്പാട്ട്) സുകുമാരൻ പാടിയിട്ടുണ്ട്. പോർട്ടർ കുഞ്ഞാലിയിലെ ‘വണ്ടിക്കാരൻ ബീരാൻ കാക്ക’യെ അനശ്വരനാക്കിയ സീറോബാബു കുടുംബിനി, ജീവിതയാത്ര, എൻ ജി ഓ, പോസ്റ്റ്മാൻ, ബല്ലാത്ത പഹയൻ, ചൂണ്ടക്കാരി, ഇത്തിക്കരപ്പക്കി തുടങ്ങിയ സിനിമകളിലും പാടി. 1983-ൽ ഇറങ്ങിയ വിസ എന്ന ചലച്ചിത്രത്തിലെ ‘സംഗതി കൊഴഞ്ഞല്ലോ’ സീറോ ബാബുവിന്റേതാണ്. സി ഓ ആന്റോയ്ക്കും ബാബുവിനും കൂട്ടുപാടിയിട്ടുള്ള ഒരാളാണ് കൊച്ചിൻ ഇബ്രാഹീം. അദ്ദേഹവും കുളത്തുപ്പുഴ രവിയും (രവീന്ദ്രൻ തന്നെ) ചേർന്ന് മാൻപേടയിൽ ‘ഉഷസ്സിന്റെ ഗോപുരങ്ങൾ’ എന്നൊരു ഗാനം പാടിയിട്ടുണ്ട്. സൃഷ്ടി, അവൾ നിരപരാധിയാണ്, ചഞ്ചല, തുടങ്ങിയ സിനിമകളിൽ ഒറ്റയ്ക്കു പാടിയ ഇബ്രാഹീം ആന്റോയെപ്പോലെ കോറസ് ഗായകനായി ഇപ്പോഴും സജീവമാണ് മലയാള സിനിമയിൽ ഹലോ, ഇൻ ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഇന്നിലൊക്കെ പുതിയ തലമുറയിലെ കൂട്ടത്തോടു ചേർന്ന് ഇബ്രാഹിമിന്റെ ശബ്ദവും വേറിട്ട് അറിയാനാവാതെ ഉണ്ടെന്നു സമാധാനിക്കാം. ആരോമലുണ്ണിയിലെ ‘ആടിക്കളിക്കടാ കൊച്ചുരാമാ’ പാടിയത് രവീന്ദ്രനാണ്. വെള്ളിയാഴ്ച, ക്രോസ്ബെൽറ്റ്, സ്നേഹദീപമേ മിഴി തുറക്കൂ, സമസ്യ, കോളെജു ബ്യൂട്ടി തുടങ്ങിയവയിൽ പാടി ഗായകനായി തുടങ്ങിയ വഴി സംഗീതസംവിധായകനായപ്പോഴും രവീന്ദ്രൻ പൂർണ്ണമായി കൈവിട്ടില്ല. സ്വയം ചിട്ടപ്പെടുത്തിയ ഈണങ്ങൾ മൂളാൻ കോറസ്സിൽ അദ്ദേഹവും കൂടിയിരുന്നു. ഏപ്രിൽ 19, ഹിസ് ഹൈനെസ്സ് അബ്ദുള്ള, ഭരതം, ആയിരപ്പറ, ബട്ടർഫ്ലൈസ് തുടങ്ങിയവയിൽ.

ലേഡീസ് ഹോസ്റ്റലിലും മനസ്സിലും ബാബുരാജിന്റെ സംഗീതത്തിൽ രവീന്ദ്രനോടൊപ്പം പാടിയ ഗായകനാണ് കെ ആർ വേണു. സ്ത്രീധനം, നിന്റെ രാജ്യം വരേണമേ, പ്രഭു എന്നീ സിനിമകളിൽ പാടിയ കെ പി ചന്ദ്രമോഹനൻ വേറെയും ചില സിനിമകളിൽ (കുഞ്ഞാലി മരയ്ക്കാർ, അയലത്തെ സുന്ദരി, സി ഐ ഡി നസീർ..) കൂട്ടുചേർന്നു പാടിയിട്ടുണ്ട്. പ്രഭുവിലെ ‘മുണ്ടകൻ കൊയ്തിനു പോയേ ഏനൊരു’ എന്ന ഗാനം പ്രസിദ്ധമാണല്ലോ.സംഗീതസംവിധായകരായ പാട്ടുകാരുടെ കണക്കെടുക്കുമ്പോൾ ഒരു പക്ഷേ മുന്നിൽ നിൽക്കുക എം എസ് വിശ്വനാഥനായിരിക്കും. പണിതീരാത്ത വീടിലെ ‘കണ്ണുനീർതുള്ളിയെ സ്ത്രീയോടുപമിച്ച.’ സ്വരവും ഭാവവും കൊണ്ട് പെട്ടെന്ന് ആകർഷിക്കുന്ന ഗാനമാണ്. ദിവ്യദർശനം, ചന്ദ്രകാന്തം, ധർമ്മക്ഷേത്രേ കുരുക്ഷേത്രേ, ഇതാ ഒരു മനുഷ്യൻ, പടക്കുതിര, ഗുരുദക്ഷിണ, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങളിൽ സംഗീതം നിർവഹിക്കുന്നതിനോടൊപ്പം അദ്ദേഹം പാടുകയും ചെയ്തു. പിന്നണിഗായകരായ സംഗീതസംവിധായകരുടെ കൂടെ ഉൾപ്പെടുത്തേണ്ട മറ്റൊരു പേര്, ന്യൂസ്പേപ്പർ ബോയിയിലെ വിജയനാണ്. വിജയനും രാമചന്ദ്രനും ചേർന്നാണ് ന്യൂറിയലിസത്തിന്റെ പതാകാവാഹിയായ ആ മലയാള ചിത്രത്തിൽ സംഗീതം നിർവഹിച്ചിരുന്നത്. ടി എം സൌന്ദരരാജൻ ചായത്തിൽ കണ്ണദാസൻ എഴുതിയ ഒരു തമിഴ്പാട്ട് പാടിയിട്ടുണ്ട്. മൊഴിമാറ്റിയ ചിത്രങ്ങൾക്കൊപ്പം (കാട് ഞങ്ങളുടെ വീട്, ശങ്കരാഭരണം, സാഗരസംഗമം, ഗീതാഞ്ജലി, ഇണപ്രാവുകൾ..) എസ് പി ബാലസുബ്രഹ്മണ്യം മൌലികമായി തന്നെ മലയാളത്തിൽ പാടിയ ഗാനങ്ങളും അവിസ്മരണീയങ്ങളാണെന്നതിന് കടൽ‌പ്പാലത്തിലെ (1969) ‘ഈ കടലും മറു കടലും..’ആണ് ഒന്നാന്തരം തെളിവ്. പട്ടാളം ജാനകിയിലെ ‘മേലേ മാനത്തിലെ.. ’സർപ്പത്തിലെ ‘സ്വർണ്ണമീനിന്റെ ചേലൊത്ത’ എന്ന കവാലി, ശുദ്ധികലശത്തിലെ ‘ഓർമ്മകളിൽ’, സി ഐഡി മൂസയിലെ ‘മൈനേ.. പ്യാർ കിയാ..തുടങ്ങിയ ഗാനങ്ങൾ ഓർമ്മയിൽ നിൽക്കുന്നവ. നീലിസാലിയിൽ ബാബുരാജിന്റെ സംഗീതത്തിൽ ‘കരകാണാത്തൊരു കടലാണല്ലോ’ എന്ന ഗാനം പാടിയത് ശീർകാഴി ഗോവിന്ദരാജൻ.

വ്യത്യസ്തമായൊരു സ്വരം കൊണ്ട് മറക്കാനാവാത്ത കുറേ ഗാനങ്ങൾ മലയാളത്തിനു നൽകി മറഞ്ഞ ഗായകനാണ് ബ്രഹ്മാനന്ദൻ. കള്ളിച്ചെല്ലമ്മയിലെ ‘മാനത്തെ കായലിൻ..’ സി ഐഡി നസീറിലെ ‘നീല നിശീഥിനി..’പുത്രകാമേഷ്ടിയിലെ ‘ചന്ദ്രികാ ചർച്ചിതമാം..’ സ്നേഹദീപമേ മിഴി തുറക്കൂവിലെ ‘ലോകം മുഴുവൻ’ (രവീന്ദ്രൻ, എസ് ജാനകി, ബി വസന്ത എന്നിവരോടൊപ്പം സംഘമായി) ടാക്സിക്കാറിലെ ‘താമരപ്പൂ നാണിച്ചു നിന്റെ..’ കനകം മൂലം ദുഃഖം’ നിർമ്മാല്യത്തിലെ ‘സമയമായി, സമയമായി’ ‘ശ്രീമഹാദേവൻ തന്റെ..’, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു വിലെ ‘താരകരൂപിണി’, തെക്കൻ‌കാറ്റിലെ ‘പ്രിയമുള്ളവളേ..’പാതിരാവും പകൽ വെളിച്ചവും -ലെ ‘കണ്ണീരാറ്റിലെ തോണി..’ അക്കൽദാമയിലെ ‘അക്കൽദാമതൻ താഴ്വരയിൽ..’ലക്ഷ്മീവിജയത്തിലെ ‘മാനത്തു താരങ്ങൾ..’മണ്ണിലെ ‘ദേവീ ഭഗവതീ..’ തുടങ്ങിയ ഗാനങ്ങൾ മതിയാവും ബ്രഹ്മാനന്ദന് പിന്നണി ചരിത്രത്തിലെ സ്ഥാനം വ്യക്തമായി ഉറപ്പിക്കാൻ. എഴുപതുകളുടെ തുടക്കത്തിൽ ലഭിച്ച ജനപ്രിയത, അതിന്റെ രണ്ടാം പകുതിയിലും 80-കളുടെ തുടക്കത്തിലുമായി ലഭിച്ച ഗാനങ്ങളിൽ നിലനിർത്താൻ ബ്രഹ്മാനന്ദനു കഴിയാതെ പോയി. അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ച ചിത്രങ്ങളാണ്, മലയത്തിപ്പെണ്ണും കന്നിനിലാവും. എഴുപതുകളുടെ തുടക്കത്തിൽ മലയാളസിനിമയിൽ കടന്നുവന്ന മറ്റൊരുഗായകസ്വരമാണ് അയിരൂർ സദാശിവൻ. അജ്ഞാതവാസത്തിൽ രണ്ടു ഗാനങ്ങൾ (കൊച്ചുരാമാ കരിങ്കാലി, ഉദയസൌഭാഗ്യ താരകയോ..) യേശുദാസിനോടൊപ്പം അദ്ദേഹം പാടി. ചായത്തിലെ ‘അമ്മേ അമ്മേ’, ‘ശ്രീ വത്സം മാറിൽ ചാർത്തിയ ശീതാംശുകലേ..’ എന്നീ ഗാനങ്ങളാണ് സദാശിവന്റെ സ്ഥാനം ഉറപ്പിച്ചത്. മരത്തിലെ ‘മൊഞ്ചത്തിപ്പെണ്ണേ നിൻ ചുണ്ട്’, വിപഞ്ചികയിലെ ‘ഇതിലേ പോകും കാറ്റിനു പോലും’ രാജഹംസത്തിലെ ‘ശകുന്തളേ’ എന്ന ഹാസ്യഗാനം തുടങ്ങിയ അപൂർവം ഗാനങ്ങളേ അദ്ദേഹത്തിനു ഒറ്റയ്ക്കു പാടാൻ കിട്ടിയുള്ളൂ. ധർമ്മയുദ്ധം എന്ന സിനിമയിൽ ‘പ്രാണനാഥൻ എനിക്കു നൽകിയ.. എന്ന പ്രസിദ്ധമായ വരികളുടെ പാരഡി പി ഭാസ്കരൻ ദേവരാജൻ ടീം സദാശിവനെക്കൊണ്ട് പാടിച്ചിട്ടുണ്ട്. ‘പ്രാണനാഥ എനിക്കു നൽകിയ പരിതാപകരം ദണ്ഡം’ എന്ന്. ഏണിപ്പടികളിൽ മാധുരി പാടിയ അതേ ഈണത്തിൽ. അങ്കത്തട്ട്, പഞ്ചവടി, രഹസ്യരാത്രി, ശാപമോക്ഷം, മറ്റൊരു സീത എന്നിങ്ങനെ കൈകളിലെണ്ണാവുന്ന ചിത്രങ്ങളിൽ പാടി അയിരൂർ അരങ്ങൊഴിഞ്ഞു.

എം ജി രാധാകൃഷ്ണൻ കുമാരസംഭവം, കള്ളിച്ചെല്ലമ്മ, അഭയം, ഏണിപ്പടികൾ, തമ്പ് തുടങ്ങിയ ചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഓർക്കുന്നത് ശരശയ്യയിലെ ‘ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധിതാ‘ ആഹ്വാനത്തോടെ തുടങ്ങുന്ന ശാരികേ ശാരികേ.. എന്ന പാട്ടിന്റെ പേരിലായിരിക്കും ഭൂരിപക്ഷവും. ഒതേനന്റെ മകനിലെ ‘രാമായണത്തിലെ സീത, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ ‘ പല്ലനയാറ്റിൻ തീരത്ത്’ മഴക്കാറിലെ ‘ വൈക്കത്തപ്പനും ശിവരാത്രി..’ എന്നീ ഗാനങ്ങളും പ്രസിദ്ധങ്ങൾ തന്നെ. ദേവാസുരം, അമ്മയാണേ സത്യം, വെള്ളിത്തിര മുതലായ സിനിമകളിലും എം ജി രാധാകൃഷ്ണൻ പാടിയിട്ടുണ്ട്. ചെന്നായ വളർത്തിയ കുട്ടിയിലെ ‘പഞ്ചമി ചന്ദ്രിക വന്നു നീരാടും പഞ്ചവൻ കാടൊരു വളർത്തമ്മ’ എന്ന ഗാനം ജാനകിയുമായി ചേർന്നുപാടിയ പട്ടണക്കാട് പുരുഷോത്തമൻ ധർമ്മക്ഷേത്രേ കുരുക്ഷേത്രേ, മല്ലനും മാതേവനും, മാനിഷാദ, ആനപ്പാച്ചൻ, വേഴാമ്പൽ, സ്വാഗതം തുടങ്ങിയ ഏതാനും ചിത്രങ്ങളിൽ കൂടി പാടിയിട്ടുണ്ട്.

ഇക്കൂട്ടത്തിൽ തന്നെ പരിഗണിക്കാവുന്ന പേരാണ് ശ്രീകാന്തിന്റേതും. ചുവന്ന സന്ധ്യകളിലെ ‘ഇതിഹാസങ്ങൾ ജനിക്കും മുൻപേ’ എന്ന ഗാനമാണ് ശ്രീകാന്തിനെ പ്രസിദ്ധനാക്കിയത്. അതിനുമുൻപേ ഭാര്യ ഇല്ലാത്ത രാത്രിയിൽ മാധുരിക്കൊപ്പം പാടിയ ‘അഭിലാഷമോഹിനി’ പ്രിയമുള്ള സോഫിയയിലെ ‘ഓശാന ഓശാന’, റോമിയോയിലെ ‘മൃഗാംഗബിംബമുദിച്ചു’, പുഷ്പോത്സവപന്തലിനുള്ളിലെ’ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്. കൊട്ടാരം വിൽക്കാനുണ്ട്, മാനസവീണ, നീലസാരി, തുറന്ന ജയിൽ, രതിലയം തുടങ്ങിയയാണ് പ്രധാനസിനിമകൾ. 2007ൽ ഇറങ്ങിയ ഏകെജിയിലും ശ്രീകാന്തിന്റെ ഒരു പാട്ടുണ്ട്. എഴുപതുകളിൽ രംഗപ്രവേശം ചെയ്ത മറ്റൊരു വ്യത്യസ്തശബ്ദത്തിനുടമ ജോളി എബ്രഹാമാണ്. ചട്ടമ്പിക്കല്യാണിയിലെ ‘ജയിക്കാനായി ജനിച്ചവൻ ഞാൻ’ എന്ന ഗാനമാണ് ജോളിയുടെ പ്രശസ്തമായ ഗാനം. പഞ്ചമിയിലെ ‘രജനീഗന്ധി’യും പ്രസിദ്ധമാണ്. ഗോഡ്ഫാദറിലെ ‘മന്ത്രിക്കൊച്ചമ്മ..’യിലും ചമയത്തിലെ ‘അന്തിക്കടപ്പുറത്ത്..’ ലും ജോളിയുടെ ശബ്ദമുണ്ട്. കുഞ്ഞിക്കൈകൾ, പാരിജാതം, അപരാധി, പട്ടാളം ജാനകി, മണിയറ, യുദ്ധം, മണിത്താലി.. അങ്ങനെ ധാരാളം സിനികളിൽ ജോളി എബ്രഹാം പാടി. രാജഹംസത്തിൽ ‘കേശഭാരം കബരിയിലണിയും’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനനിരയിലേയ്ക്കു വന്ന മനോഹരൻ പിന്നീട് ഒറ്റയ്ക്ക് ഒരു പാട്ടും പാടിയതായി കാണുന്നില്ല. കോറസ്സിലേയ്ക്ക് നീങ്ങുകയായിരുന്നു. യേശുദാസ്, ജയചന്ദ്രൻ, സി ഓ ആന്റോ, അയിരൂർ, ബ്രഹ്മാനന്ദൻ എന്നിവരോടൊപ്പം മനോഹരൻ പാടി. പാലാഴിമഥനം, പെൺപട, മുച്ചീട്ടു കളിക്കാരന്റെ മകൾ, അനുഭവം, ലൈറ്റ് ഹൌസ് മുതലായവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ. ഉയരും ഞാൻ നാടാകെ (മാതളതേനുണ്ണാൻ, തുള്ളി തുള്ളി വാ) തേൻ‌തുള്ളി (കാലത്തെ ജയിക്കുവാൻ, ഓത്തുപ്പള്ളിയിലന്ന് നമ്മൾ) കത്തി (പൊന്നരളിപ്പൂ) ഉൽ‌പ്പത്തി (വെണ്ണിലാസോപാനം) തുടങ്ങിയ സിനിമകളിൽ തന്റെ വ്യത്യസ്തമായ സ്വരവും ആലാപനശൈലിയും വിടി മുരളി കേൾപ്പിച്ചിട്ടുണ്ട്. നാടൻപെണ്ണ്, പ്രേമഗീതങ്ങൾ, ഈ നാട്, ഇനിയെങ്കിലും, ജംബുലിംഗം തുടങ്ങിയ സിനിമകളിൽ പാടിയ ജെ എം രാജു, കായലും കയറും (രാമായണത്തിലെ ദുഃഖം) സാന്ധ്യരാഗം, ചന്ദ്രഗിരിക്കോട്ട, മംഗല്യച്ചാർത്ത് എന്നീ സിനിമകളിൽ പാടിയ എൻ വി ഹരിദാസ് എന്നിവരുടെ പ്രാധാന്യം അവരുടെ ചിത്രങ്ങളുടെ എണ്ണച്ചുരുക്കം കൊണ്ട് ഒട്ടും കുറയുന്നില്ല.

എഴുപതുകൾ പലതരത്തിൽ സംക്രമണകാലമായിരുന്നു. പുതുസ്വരത്തിനുവേണ്ടിയുള്ള അന്വേഷണങ്ങളാണ് ഗായകനിര വിപുലമാക്കിയത്. പക്ഷേ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഗതാനുഗതികത്വം അവിടെയും വന്നുപെട്ടു. പിന്നീടു വന്ന കൃഷ്ണചന്ദ്രനും, കെ ജി മാർക്കോസിനും താരത‌മ്യേന തൊട്ടു മുൻപിലുള്ള പൂർവികരേക്കാൾ ധാരാളം പാട്ടുകൾ ലഭിച്ചുവെങ്കിലും ഓർമ്മയിൽ മധുരമായി തിളങ്ങി നിൽക്കുന്നവ ഒന്നുമില്ല. ഇണയിലെ ‘വെള്ളിചില്ലു വിതറി’(കൃഷ്ണചന്ദ്രൻ) കൌതുകമാവുന്നത് ശബ്ദത്തിന്റെ കൌമാരസ്വഭാവം കൊണ്ടാണ്. ചിലമ്പിലെ ‘താരും തളിരും’ എന്ന ഗാനത്തിലൂടെയും കാണാമറയത്തിലെ ‘ഒരു മധുരക്കിനാവിൻ ലഹരിയിൽ) അതിന്റെ തന്നെ ഗ്രാമീണവും നാഗരികവുമായ ആവൃത്തികളെ യേശുദാസ് അനശ്വരമാക്കിയിട്ടുണ്ടെന്നു കൂടി ആലോചിക്കണം.

അഭിനേതാക്കളായ ഗായകരുടെ കൂട്ടത്തിൽ അടൂർഭാസിയായിരിക്കും മുൻപിൽ. ആദ്യകിരണങ്ങൾ, കാട്ടു കുരങ്ങ്, സ്ഥാനാർത്ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, ആഭിജാത്യം, ചായം ,തുറമുഖം, ഓണപ്പുടവ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ പാടി. വിദ്യാർത്ഥികളെ ഇതിലേ ഇതിലേ എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം പാടിയത് മനോരമയാണെങ്കിൽ (ചിഞ്ചിലു ചിലു ചിലു..) ആഭിജാത്യത്തിലെ ‘തള്ളു തള്ളു പന്നാസു വണ്ടി’ യിൽ കൂടെ ശ്രീലതയുമാണ്. ഒതേനന്റെ മകനിലെ ‘പച്ചമലക്കിളിയേ’ ശ്രീലതയുടെ പ്രസിദ്ധമായ ഗാനമാണ്. ഏഴുരാത്രികൾ, കള്ളിച്ചെല്ലമ്മ, ദിവ്യദർശനം, അരക്കള്ളൻ മുക്കാക്കള്ളൻ, സിന്ദൂരം (യദുകുല മാധവ..), ഇത്തിക്കരപക്കി (പുന്നാരപൊന്നുമോനേ) തുടങ്ങിയ കുറച്ചു സിനിമകളുണ്ട് ഗായിക എന്ന നിലയിലും ശ്രീലതയുടെ പേരോർമ്മിക്കുന്നതിന്. ശ്രീവിദ്യ, അയലത്തെ സുന്ദരി, രതിലയം (‘മൈലാഞ്ചി അണിയുന്ന മദനപ്പൂവേ’ എന്ന ഒപ്പനപ്പാട്ട്) , ഞങ്ങളുടെ കൊച്ചുഡോക്ടർ (‘കാറ്റിനും താളം..’ കൂടെപ്പാടിയത് ബാലചന്ദ്രമേനോൻ), നക്ഷത്ര താരാട്ട് ഒരു പൈങ്കിളി കഥ (‘ആനകൊടുത്താലും കിളിയേ ..’ കൂടെ ബാലചന്ദ്രമേനോൻ തന്നെ) എന്നീ സിനിമകളിൽ പാടി. മധുരം തിരുമധുരത്തിലെ ‘കാശായകാശെല്ലാം പൊൻ‌കാശ്..’ എന്ന പാട്ട് ജയച്ചന്ദ്രനോട് ചേർന്നു പാടിയത് കെ പി എസ് സി ലളിതയാണ്. നിൻ പദങ്ങളിൽ നൃത്തമാടിടും എന്ന ജയച്ചന്ദ്രൻ ഗാനത്തിലും (നാഴികക്കല്ല്) പണ്ടൊരു ശില്പി പ്രേമശില്പി എന്ന യേശുദാസ് (ഹോട്ടൽ ഹൈറേഞ്ച്) ഗാനത്തിനിടയിലും ഉള്ള സ്ത്രീ ശബ്ദം ടി ആർ ഓമനയുടേതാണ്. അമ്മവേഷങ്ങളിൽ അഭിനയിച്ചിരുന്ന ടി ആർ ഓമന മറ്റൊരു സീതയിൽ അയിരൂർ സദാശിവനോടൊപ്പം ഒരു ഭക്തിഗാനം പാടിയിട്ടുണ്ട്. കോട്ടയം ശാന്തയും ശ്രീലതയും ചേർന്നാണ് കള്ളിച്ചെല്ലമ്മയിലെ ‘കാലമെന്ന കാരണവർക്ക്.’ ആലപിച്ചത്. മധുരം തിരുമധുരം എന്ന സിനിമയിൽ ‘നടുവൊടിഞ്ഞൊരു മുല്ലാക്ക’ എന്ന യേശുദാസ്ഗാനത്തിലെ കടം കഥയ്ക്കുള്ള ഉത്തരങ്ങൾ പറയുന്നത് മനോഹരിയാണ്. മറ്റൊരിടത്തും അവരുടെ പേരില്ല. മലയാളത്തിലെ ചോദ്യോത്തരഗാനങ്ങൾ അന്വേഷിച്ചു പോകാൻ രസമുള്ള മേഖലയാണ്.

പിന്നണിഗാനമായി ആദ്യം ചലച്ചിത്രപാളികളിൽ രേഖപ്പെടുത്തിയ നാദത്തിന്റെ ഉടമ, സി സരോജിനിയിൽ നിന്നായിരുന്നല്ലോ തുടക്കം. പൊൻ‌കുന്നം അംബുജം (വെള്ളിനക്ഷത്രം) മോഹനകുമാരി (ചേച്ചി) എം എസ് രാജേശ്വരി (സ്കൂൾ മാസ്റ്റർ) തങ്കം തമ്പി (മിന്നുന്നതെല്ലാം പൊന്നല്ല, അമ്മു) സരസ്വതി (ബാല്യകാലസഖി) ജമുനാറാണി (ഡയൽ 2244) എം എസ് പദ്മ (ജന്മഭൂമി) രേണുക (കുമാരസംഭവം) യശോദ (മിസ്റ്റർ സുന്ദരി) ഉഷാ ഉതുപ്പ് (ചട്ടക്കാരി, കന്യാകുമാരി, ശിവതാണ്ഡവം, രണ്ടു പെൺകുട്ടികൾ, പോത്തൻ വാവ) ജയശ്രീ (മറ്റൊരു സീത) രാധാവിശ്വനാഥ് (മുത്ത്) സിബില സദാനന്ദൻ (കണ്ണാടിക്കൂട്, ഒന്നാനാം കുന്നിന്മേൽ) ...ഈ പട്ടിക ഇങ്ങനെ നീണ്ടു പോകും.. മലയാളസിനിമയുടെ ഗാനശാഖയുടെ തുടക്കം മുതൽ പൊതുധാരയിൽ എത്തിപ്പെടാതെ ഏതാനും സിനിമകളിൽ മാത്രം പാടി അപ്രത്യക്ഷരായവരെ അന്വേഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണ് ഗാനങ്ങളുടെ ആധിക്യം വലുതാണെന്നതുപോലെ മുഖമില്ലാതെ മറഞ്ഞവരുടെ എണ്ണവും കൂടുതലാണ്. കൂട്ടിച്ചേർക്കലുകളോടെയും തിരുത്തലുകളോടെയും മാത്രം പൂർത്തിയാക്കിക്കൊണ്ടിരിക്കേണ്ട അപൂർണ്ണമായ ഒരു പട്ടിക. അറുപതുവർഷം മാത്രം പിന്നിട്ട പിന്നണിഗാന ചരിത്രത്തിന്റെ സ്ഥിതിയാണിത്. എങ്കിലും മലയാളസംഗീതം പോലെ, മലയാളഗാനശേഖരം പോലെ ചില ഈടുവയ്പ്പുകൾ സൈബർലോകത്തുണ്ടെന്നത് ആശാവഹമായ നേട്ടം തന്നെയാണ്. സംശയമില്ല. എങ്കിലും ഈ വഴിയ്ക്ക് ഇനിയും ശ്രമങ്ങൾ വേണ്ടിയിരിക്കുന്നു.

സമർപ്പണം :
ഇന്നലെ നമ്മെ പിരിഞ്ഞുപോയ പ്രഥമശബ്ദചിത്രത്തിലെ നായിക എം കെ കമലത്തിന്.

ref
മലയാളസിനിമയുടെ ചരിത്രം - വിജയകൃഷ്ണൻ
http://malayalamsongslyrics.com/
http://www.malayalasangeetham.info

April 14, 2010

ഗാനലോകവീഥിയിലെ ആട്ടിടയർ




പാടാനുള്ള കഴിവാണ്, പി എസ് വാര്യരുടെ നാടകസംഘത്തിലെ അംഗമായിരുന്ന കെ കെ അരൂരിനെ (കെ കുഞ്ചുപിള്ളയെ) ബാലൻ എന്ന ആദ്യത്തെ സംസാരിക്കുന്ന മലയാള ചിത്രത്തിലെ നായകനാക്കിയത്. നായിക എം കെ കമലവും സബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരുടെ സഹോദരൻ ആലപ്പി വിൻസന്റും ഉൾപ്പടെ നടീനടന്മാർ ഏറിയകൂറും അതിൽ പാട്ടുകാരായിരുന്നു. അവർ അതിൽ പാടിക്കൊണ്ട് അഭിനയിച്ചു. എല്ലാ അർത്ഥത്തിലും റിയാലിറ്റി ഷോ. ജ്ഞാനാംബികയിലും പ്രഹ്ലാദയിലും ഷൂട്ടിംഗ് പൂർത്തിയാവാത്ത ഭൂതരായറിലും വാദ്യസംഘം പാട്ടുകാരോടൊപ്പം നടന്നുകൊണ്ടാണ് ഗാനചിത്രീകരണരംഗങ്ങൾ കൊഴുപ്പിക്കാൻ യത്നിച്ചത്. എന്തായിരുന്നിരിക്കും അക്കാലത്തെ ബുദ്ധിമുട്ടുകൾ ! പ്ലേ ബാക്ക് എന്ന സാങ്കേതിക വിപ്ലവം മലയാളത്തിലേയ്ക്ക് കടന്നുവന്നത് പിന്നെയും പത്തു വർഷം കഴിഞ്ഞാണ്. പി വി കൃഷ്ണയ്യർ സംവിധാനം ചെയ്ത നിർമ്മലയിലൂടെ ആ മഹാദ്ഭുതം മലയാളത്തിൽ യാഥാർത്ഥ്യമായി. ജി ശങ്കരക്കുറുപ്പാണ് നിർമ്മലയിലെ പാട്ടുകൾ എഴുതിയത്. പി എസ് ദിവാകറും ഇ കെ വാര്യരും കൂടി അവയ്ക്ക് ഈണം നൽകി. നിർമ്മലയിൽ ആദ്യം റിക്കോഡ് ചെയ്തത് ‘കരുണാകരപീതാംബര’ എന്നു തുടങ്ങുന്ന ഒരു ഗാനമാണ്. പാടിയത് സി. സരോജിനി. സിനിമയിലെ ആൺ ഗായകസ്വരത്തിന്റെ ഉടമ, ടി കെ ഗോവിന്ദറാവുവും സരോജിനിയും ആദ്യസിനിമയ്ക്കു ശേഷം പിന്നണിഗാനം നിർത്തിയിരിക്കാനാണിട. സിനിമയിലെ മറ്റൊരു ഗായിക പി ലീല പക്ഷേ ഒരു കാലഘട്ടം മുഴുവൻ നിറഞ്ഞു നിന്ന ശബ്ദമായി. തുടക്കത്തിൽ തന്നെ മലയാലഗാനലോക വീഥി രണ്ടു കൈവഴികൾ തുറന്നിട്ടു എന്നർത്ഥം. രക്ഷപ്പെടാനൊരു വഴി, പാദമുദ്രകൾ പോലും അവശേഷിപ്പിക്കാതെ നടന്നുപോയി നിഴലിൽ മറയാൻ മറ്റൊരു വഴി.

1962 - ലാണ് യേശുദാസ് ആദ്യം ഒറ്റയ്ക്കു പാടിയ ‘കാൽ‌പ്പാടുകൾ’ എന്ന സിനിമ പുറത്തു വരുന്നത്. എം ബി ശ്രീനിവാസനായിരുന്നു അതിലെ സംഗീത സംവിധായകൻ. ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന നാരായണഗുരുശ്ലോകമാണ് അദ്ദേഹം ആദ്യം പാടിയതെങ്കിലും പി ഭാസ്കരൻ എഴുതിയ ‘അറ്റൻഷൻ പെണ്ണേ..’ എന്ന ഹാസ്യഗാനവും( ശാന്താ പി നായരോടൊപ്പം) ‘പണ്ടുത്തര ഹിന്ദുസ്ഥാനിൽ’ എന്നു തുടങ്ങുന്ന ചണ്ഡാലഭിക്ഷുകിയിലെ വരികളും യേശുദാസ് ആ സിനിമയിൽ ആലപിച്ചിട്ടുണ്ട്. അന്നു തൊട്ട് നമ്മുടെ മാനകശബ്ദം ഏതാണെന്നതിന് മലയാളിയ്ക്ക് ആലോചിച്ചു നിൽക്കേണ്ടി വന്നിട്ടില്ല. വൈറ്റ് ഹെഡ് പ്ലേറ്റോയെക്കുറിച്ചു പറഞ്ഞതുപോലെ പിന്നീട് നമ്മുടെ ഗായകശബ്ദങ്ങളുടെയെല്ലാം ഉരകല്ല് യേശുദാസിന്റെ നാദമായി. മറ്റു പുരുഷശബ്ദങ്ങൾ അടിക്കുറിപ്പുകൾ മാത്രമായി. പി പി രാമചന്ദ്രന്റെ ഭാഷയിൽ “മലയാളിയുടെ സൌ‌മ്യകാമുകശബ്ദം..” പക്ഷേ ചലച്ചിത്ര പിന്നണിഗാനത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടതുപോലെ ചിലർ കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചു നിന്നു. കാരണമെന്തായാലും കൂടുതൽ പേരും കൊഴിഞ്ഞുപോയി. സർവതും ആഗിരണം ചെയ്തൊഴുകിയ യേശുദാസിന്റെ 45 വർഷത്തോളം നീണ്ട സ്വരകാകളിയ്ക്കിടയിൽ വേറിട്ട ശബ്ദങ്ങൾ പലതും തിളങ്ങി മിന്നിപ്പൊലിഞ്ഞ് പോയിട്ടുണ്ട്. (ജാനകിയുടെയും സുശീലയുടെയും ശബ്ദങ്ങളും യേശുദാസിനോളം വരികയില്ലെങ്കിലും മലയാളിയുടെ സ്വരഭാവുകത്വത്തെ നന്നായി തന്നെ സ്വാധീനിച്ചിട്ടുണ്ട്) പലരെയും പലപ്പോഴായി നമ്മൾ മറന്നു. അപൂർവം ചിലർ വീണ്ടും ഓർമ്മിക്കപ്പെട്ടു. അവരുടെ എണ്ണം അത്ര നിസ്സാരമല്ല. കെ പി ഉദയഭാനു, കമുകറ പുരുഷോത്തമൻ, പി ലീല, യേശുദാസ്, പി ജയചന്ദ്രൻ, സുശീല, ജാനകി, വാണിജയറാം, മാധുരി തലമുറയിൽ നിന്ന് ചിത്ര, എം ജി ശ്രീകുമാർ, ജി വേണുഗോപാൽ, ഉണ്ണിമേനോൻ, ജാസിഗിഫ്റ്റ്, വിധുപ്രതാപ്, മധുബാലകൃഷ്ണൻ, ജീമോൻ, രഞ്ജിത്ത്, കാർത്തിക്, മിന്മിനി, മഞ്ജരി, ഗായത്രി, ശ്വേത..................... തുടങ്ങിയ പുതുനിരയ്ക്കിടയിലുള്ള ഒരു കാലത്തെയാണുദ്ദേശിക്കുന്നത്.

രണ്ടാമത്തെ ശബ്ദചിത്രമായ ജ്ഞാനാംബികയിലെ (1940) പ്രധാനപാട്ടുകാർ എന്നുവച്ചാൽ നടീ നടന്മാർ സബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതരും കെ കെ അരൂരും മാവേലിക്കര പൊന്നമ്മയും സി കെ രാജവുമായിരുന്നു. ജയരാമ അയ്യരുടെ സംഗീതത്തിൽ ഭാഗവതർ പാടിയ ‘കഥയിതു കേൾക്കാൻ സഹജരേ വാ... ’ എന്ന ഗാനം കൂട്ടത്തിൽ പ്രസിദ്ധമാണ്. പക്ഷേ അദ്ദേഹത്തെ പെട്ടെന്ന് ഓർമ്മയിലെത്തിക്കുന്നത് ‘ജീവിതനൌക’(1951)യിലെ ‘ആനത്തലയോളം വെണ്ണതരാമെടാ ആനന്ദശ്രീകൃഷ്ണാ വാമുറുക്ക്..’ ‘എന്ന ഗാനമാണ്. ഭാഗവതരും മകൾ പുഷ്പവും ചേർന്നാണ് ആ ഗാനം പാടിയിരിക്കുന്നത്. നവലോകം എന്ന സിനിമയിൽ പുഷ്പം പാടിയ ‘കറുത്തപെണ്ണേ കരിങ്കുഴലീ’ എന്ന നാടൻ പാട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദയാസ്റ്റുഡിയോയുടെ ആദ്യ ചിത്രം വെള്ളിനക്ഷത്രം, നല്ലതങ്ക, ചിദംബരനാഥ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച സ്ത്രീ, ശശിധരൻ, ചേച്ചി, ലളിതപദ്മിനി രാഗിണിമാർ (തിരുവിതാംകൂർ സഹോദരിമാർ) ആദ്യമായി മുഖം കാണിച്ച പ്രസന്ന, പി ഭാസ്കരൻ ഗാനരചയിതാവായി രംഗപ്രവേശം ചെയ്ത ചന്ദ്രിക എന്നീ ചിത്രങ്ങളാണ് തുടർന്ന് വരുന്നത്. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് പാടി അഭിനയിച്ചിട്ടുണ്ട് നല്ലതങ്കയിൽ. വക്കം മണിയാണ് അതിലെ മറ്റൊരുപാട്ടുകാരൻ. ‘ഇമ്പമേറും ഈണത്തിൽ ആമ്പലമ്പിളിയെ നോക്കാൻ’ എന്ന മനോഹരമായ ഗാനം പി ലീലയുമായി ചേർന്ന് അദ്ദേഹം പാടിയിട്ടുള്ളത് ആ സിനിമയിലാണ്.

1952 ലിറങ്ങിയ ആത്മശാന്തി എന്ന ചിത്രത്തിൽ പി കോമള പാടിയിട്ടുണ്ട്. അഭയദേവ്- ടി ആർ പാപ്പ ടീമാണ് അതിൽ ഗാനങ്ങൾ തീർത്തത്. പോർട്ടർ കുഞ്ഞാലിയിലെ ‘കട്ടുറുമ്പിന്റെ കാതുകുത്ത്’കോമളയുടെ പ്രസിദ്ധമായ ബാബുരാജ് ഗാനമാണ്. കുട്ടിക്കുപ്പായത്തിലെ ‘വെളുക്കുമ്പോൾ കുളിക്കുവാൻ..’ , ലൈലമജ്നുവിലെ ‘കൂട്ടിനിളം കിളി, കണ്ടാൽ നല്ലൊരു..’ തുടങ്ങുന്ന ഗാനങ്ങളിൽ ശാന്താ പി നായർ, പി ലീല എന്നിവരോടൊപ്പം കോമളയുടെ ശബ്ദവുമുണ്ട്. യേശുദാസിനെ ആദ്യകാലത്ത് ശക്തമായി വിമർശിച്ച ഗായിക, കവിയൂർ രേവമ്മ ‘അച്ഛൻ’ എന്ന സിനിമയിൽ ‘ദൈവമേ കരുണസാഗരമേ’ എന്ന ഒരു ഗാനം കോഴിക്കോട് അബ്ദുൾ ഖാദറിനൊപ്പം പാടിയിട്ടുണ്ട്. പി എസ് ദിവാകറായിരുന്നു ചിത്രത്തിന്റെ സംഗീതസംവിധായകൻ ‘ചേച്ചി’യെന്ന ചിത്രത്തിലെ ആശ തകരുകയോ’ എന്ന ഗാനമാണ് രേവമ്മ പാടിയ മറ്റൊന്ന്. മുടിയനായ പുത്രനിലെ ‘മയിലാടും മല മാമല’ ബാബുരാജ്, രേവമ്മയെക്കൊണ്ടാണ് പാടിച്ചത്. ബാബുരാജിന്റെ ആദ്യചിത്രമായ ‘മിന്നാമിനുങ്ങിൽ’ ‘ആരു ചൊല്ലിടും’ എന്ന ഗാനം പാടിയത് മച്ചാട്ടു വാസന്തിയും മീനാ സുലോചനയും ചേർന്നാണ്. അമ്മു (കുഞ്ഞിപ്പെണ്ണിന് - ജാനകിയോടൊപ്പം) കുട്യേടത്തി ( ചിത്രലേഖ പ്രിയംവദ- ലീലയോടൊപ്പം) ഓളവും തീരവും (മാരൻ തന്നത് - യേശുദാസിനോടൊപ്പം) തുടങ്ങിയ ചിത്രങ്ങളിലും വാസന്തി പാടിയിരുന്നു. സുബൈദയിലെ ‘ഒരു കുടുക്ക പൊന്നുതരാം’ എന്ന സുപ്രസിദ്ധഗാനത്തിൽ എൽ ആർ ഈശ്വരിയെയും സഹോദരിയായ എൽ ആർ അഞ്ജലിയെയും ബാബുരാജ് ഒന്നിച്ചു പാടിച്ചിട്ടുണ്ട്. എൽ ആർ ഈശ്വരിയ്ക്കൊപ്പം ഗാനങ്ങൾ മലയാളത്തിൽ ലഭിച്ചില്ല അഞ്ജലിയ്ക്ക്. വേനലിൽ ഒരു മഴയിലെ ‘അയല പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട്..’ ആണ് ഈശ്വരിയുടെ ഒരു ജനപ്രിയഗാനം.

എം എൽ വസന്തകുമാരിയും (കൂടപ്പിറപ്പ്, കാഞ്ചന, പ്രസന്ന, ആശാദീപം) ശാന്താ പി നായരും (തിരമാല, നീലക്കുയിൽ, അനിയത്തി, ന്യൂസ്പേപ്പർ ബോയ്, ഹരിശ്ചന്ദ്ര) ബി വസന്തയും (അനാർക്കലി, കള്ളിപ്പെണ്ണ്, കായംകുളം കൊച്ചുണ്ണി, കാട്ടുമല്ലിക, തറവാട്ടമ്മ, കറുത്തരാത്രികൾ, അശ്വമേധം) രേണുകയും (മണവാട്ടി, ലില്ലി, തറവാട്ടമ്മ, അർച്ചന) അമ്പിളിയും (നഗരം സാഗരം, ശബരിമല ശ്രീ ധർമ്മശാസ്താവ്, പഞ്ചവടി, പാവങ്ങൾ പെണ്ണുങ്ങൾ, കാമം ക്രോധം മോഹം, മണിയറ) താരത‌മ്യേന കൂടുതല്‍ ചിത്രങ്ങളിൽ പിന്നണിഗാനം പാടിയവരാണ്. ഒന്നോരണ്ടോ സിനിമകളിൽ മാത്രം പാടി അരങ്ങൊഴിഞ്ഞ ഗായികമാരും കൂട്ടത്തിലുണ്ട്. സി എസ് രാധാദേവി (മന്ത്രവാദി) വസന്ത ഗോപാലകൃഷ്ണൻ (ചതുരംഗം) കോട്ടയം ശാന്ത (ഡോക്ടർ) ശൂലമംഗലം രാജലക്ഷ്മി (മുതലാളി) കമല (ലൌ ഇൻ കേരള, വിദ്യാർത്ഥി) മഹാലക്ഷ്മി (ലൌ ഇൻ കേരള) അരുണ (പിഞ്ചുഹൃദയം, മുത്തശ്ശി) കൌസല്യ (ശരവർഷം, പുഴയൊഴുകും വഴി) തങ്കം തമ്പി (മിന്നുന്നതെല്ലാം പൊന്നല്ല, അമ്മു) പി തങ്കം (ഖദീജ) സുശീലാദേവി (സ്വർണ്ണമത്സ്യം) ജെൻസി ( ചൂള, ഹർഷബാഷ്പം, വേഴാമ്പൽ)... നിര വലുതാണ്. പലർക്കും ഒറ്റയ്ക്ക് പാടാൻ അവസരം പോലും ലഭിച്ചില്ല. കൂട്ടത്തിലോ യുഗ്മമോ പാടി അവസാനിച്ചുപോയ ഗായികാജന്മങ്ങളാണ് കൂടുതലും. പിൽക്കാലത്ത് അവരുടെ പാട്ട് മറ്റാരുടേയെങ്കിലും പേരിൽ അറിയപ്പെടുകയും ചെയ്തു. ചിലമ്പിലെ ‘താരും ' ശ്രീകൃഷ്ണപരുന്തിലെ ‘നിലാവിന്റെ തേന്മാവിൽ’ അമരത്തിലെ ‘പുലരെ പൂങ്കോടിയിൽ’ കാതോടു കാതോരത്തിലെ ‘കാതോടു കാതോരം, നീ എൻ സർഗ സൌന്ദര്യമേ..’തുടങ്ങിയ പാട്ടുകൾ പാടിയ ലതികയുടെ ഗാനങ്ങൾ പലപ്പൊഴും എസ് ജാനകിയുടെയോ ചിത്രയുടേയോ സമാഹാരങ്ങളുടെ കൂടെയാണ് എഴുതി ചേർക്കപ്പെടുന്നത്. ‘കാനകപ്പെണ്ണ് ചമ്മരത്തി’ പാടിയ ഉഷാരവിയുടെ പേര് തമ്പിനു പുറമേ ഡിക്ടറ്റീവ് 909 കേരളത്തിൽ,ആഗമനം, ആമ്പൽ‌പ്പൂവ്, അരിക്കാരി അമ്മു, മഞ്ഞ്, വേനൽ തുടങ്ങിയ സിനിമകളുടെ ക്രെഡിറ്റുകളിലും ഉണ്ട്. തുലാവർഷം, തോമാസ്ലീഹ, കാമലോല, ഒഴുക്കിനെതിരെ, അഗ്നിപുഷ്പം, ഇനിയവർ ഉറങ്ങട്ടെ, ഓണപുടവ, സൌന്ദര്യം, വ്യാമോഹം, ഉൾക്കടൽ, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, യവനിക തുടങ്ങിയവയാണ് സെൽമാ ജോർജ്ജിന്റെ പ്രധാനചിത്രങ്ങൾ.

1977 -ൽ ഇറങ്ങിയ ‘സുജാത’ പിന്നണിഗാനചരിത്രത്തിൽ പ്രത്യേക അധ്യായം എഴുതിച്ചേർത്ത ചലച്ചിത്രമാണ്. ഹിന്ദിയിലെ പ്രസിദ്ധരായ രണ്ടു ഗായികമാർ ആ ചിത്രത്തിൽ പാടി. ‘ ആശ്രിതവത്സലനേ കൃഷ്ണാ..’എന്ന ഗാനം ഹേമലതയും ‘സ്വയം വര ശുഭദിനമംഗളങ്ങൾ..’ ആശാഭോൺസ്ലേയും. രവീന്ദ്രജയിനായിരുന്നു ചിത്രത്തിന്റെ സംഗീതസംവിധായകൻ. സലിൻ ചൌധരിയുടെ സംഗീതത്തിൽ ലതാമങ്കേഷ്കർ പാടിയ 'കദളി ചെങ്കദളി..’ (നെല്ല്) സുവിദിതമായ ഗാനമാണ്. മിസ്റ്റർ സുന്ദരി എന്ന സിനിമയിൽ യശോദരയോടൊപ്പം ‘മാൻപേട ഞാനൊരു മാൻപേട, എന്നൊരു ഗാനം കൂടി പാടിയിട്ടുണ്ട് ഹേമലത. ബാബുരാജ് ഈണം നൽകിയ രണ്ടുഗാനങ്ങൾ (‘സാഗരകന്യക’, ‘മൂകമാം അധരം’ ) മഹേന്ദ്ര കപൂർ ‘പ്രിയ’ സിനിമയ്ക്കുവേണ്ടി ആലപിച്ചിട്ടുണ്ട്. തളിരിട്ട കിനാക്കളിൽ ജിതിൻ ശ്യാമിന്റെ സംവിധാനത്തിൽ മുഹമ്മദ് റാഫി പാടിയ ‘ഷബാബ് ലേക്കെ’ എന്ന ഹിന്ദി ഗാനം, അയോധ്യയിലെ ‘എ ബി സി ഡി ചേട്ടൻ കെഡി അനിയനു പേടി’ എന്ന കിഷോർകുമാർ ഗാനം, മന്നാഡേയുടെ ‘മാനസമൈനേ വരൂ’ (ചെമ്മീൻ) ചെമ്പാ ചെമ്പാ (നെല്ല്) എന്നീ ഗാനങ്ങൾ. ദ്വീപിൽ ബാബുരാജിന്റെ ഈണത്തിൽ തലത്ത് മെഹ്‌മൂദ് പാടിയ 'കടലേ നീലക്കടലേ...' ഉത്തരേന്ത്യൻ ഗായകരെ വച്ച് മലയാളം നടത്തിയ പരീക്ഷണങ്ങൾ ഒരു ഘട്ടത്തോടെ അവസാനിച്ചുപോയതല്ല. അതിനു തുടർച്ചയുണ്ട്. ഈ വർഷത്തെ വിഷു റിലീസായ പാപ്പിയിലും അപ്പച്ചനിലും ഉദിത് നാരായണൻ പാടുന്നുണ്ട്.

കാട്ടുതുളസിയിലെ ‘തിന്താരെ തിന്താരേ’യും അമ്മുവിലെ ‘തേടുന്നതാരെ’ യും സുബൈദയിലെ ‘പൊട്ടിതകർന്ന കിനാവിന്റെ മയ്യത്തും’ മൂടുപടത്തിലെ ‘മൈലാഞ്ചി തോപ്പിലും..’ പാടിയത് സംവിധായകനായ മുഹമ്മദ് സബീർ ബാബുരാജു തന്നെ. ഉമ്മിണിത്തങ്കയിലും ജ്ഞാനസുന്ദരിയിലും ശ്രീ ഗുരുവായൂരപ്പനിലും സ്വന്തം സംഗീതത്തിന് ദക്ഷിണാമൂർത്തിയും നാദരൂപം നൽകിയിട്ടുണ്ട്. പിന്നണിഗായകരായ സംഗീതസംവിധായകരുടെ കൂടെ ഉൾപ്പെടുത്തേണ്ട മറ്റൊരു പേര്, മലയാളത്തിലെ ന്യൂറിയലിസത്തിന്റെ സദ്ഫലങ്ങളിലൊന്നായ ന്യൂസ്പേപ്പർ ബോയിയിൽ ‘പഴയയുഗങ്ങൾ പണിതൊരു വഴിയിൽ..’ എന്ന നാടകാവതരണഗാനരീതിയിലുള്ള പാട്ട് പാടിയ വിജയനാണ്. വിജയനും രാമചന്ദ്രനും ചേർന്നാണ് ആ ചിത്രത്തിൽ സംഗീതം നിർവഹിച്ചിരുന്നത്. ദേവത, അനാർക്കലി, ഗാനം, അദ്ധ്യായം, പൂജക്കെടുക്കാത്ത പൂക്കൾ, സന്ധ്യയ്ക്കെന്തിനു സിന്ദൂരം, കാവേരി, ഇന്ദുലേഖ, സ്വാതിതിരുന്നാൾ തുടങ്ങിയ ചിത്രങ്ങളിൽ ബാലമുരളീകൃഷ്ണ പാടി. 1955 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ പി ബി ശ്രീനിവാസ് മലയാളത്തിനു നൽകിയ ഗാനങ്ങൾ പലതും മികച്ചവയാണ്. (ഇണക്കുയിലേ..ഇണക്കുയിലേ - കാട്ടുതുളസി, മാമലകൾക്കപ്പുറത്ത് - നിണമണിഞ്ഞകാൽ‌പ്പാടുകൾ, കരളിൻ കണ്ണീർ - ബാല്യകാലസഖി) 1990 ലിറങ്ങിയ ജെസിയുടെ പുറപ്പാട് എന്ന സിനിമയിലും അദ്ദേഹത്തിന്റെ ഒരു ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ദൂരെ ദൂരെ..’. പി എസ് ദിവാകറിന്റെ സംഗീതത്തിൽ അച്ഛനിലെ (1952) ഒരു ഗാനം പാടിക്കൊണ്ടാണ് എ എം രാജ മലയാളത്തിലേയ്ക്ക് വരുന്നത്. എഴുപതുകളിൽ രാജ വളരെക്കുറച്ചുമാത്രമേ മലയാളത്തിൽ പാടിയിട്ടുള്ളൂ. എങ്കിലും ഭാര്യയിലെ ‘പെരിയാറേ..’, അടിമകളിലെ ‘താഴമ്പൂ മണമുള്ള..’ ഉണ്ണിയാർച്ചയിലെ ‘അന്നു നിന്നെ കണ്ടതിൽ പിന്നെ..’ പാലാട്ടു കോമനിലെ ‘ചന്ദനപ്പല്ലക്കിൽ...’റബേക്കയിലെ ‘കിളിവാതിലിൽ മുട്ടി വിളിച്ചത്..’ ലോറാ നീ എവിടെയിലെ ‘ കിഴക്കെ മലയിലെ വെണ്ണിലാവൊരു കൃസ്ത്യാനിപ്പെണ്ണ്..’ കുപ്പിവളയിലെ ‘കണ്മണി നീയെൻ കരം പിടിച്ചാൽ..’ തുടങ്ങിയ ഗാനങ്ങൾ തീർത്തും ഗൃഹാതുരമാണ്. നീലക്കുയിലിലെ ‘എങ്ങനെ നീ മറക്കും കുയിലേ’ ആണ് കോഴിക്കോട് അബ്ദുൾ ഖാദറെ ഗാനലോകത്ത് അവിസ്മരണീയനാക്കിയതെങ്കിലും ഒരുക്കൂട്ടം നല്ല ഗാനങ്ങൾ അദ്ദേഹം മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. തിരമാലയിൽ ശാന്താ പി നായരോടൊപ്പം പാടിയ ‘ഹേ കളിയോടമേ, നവലോകത്തിലെ ‘പരിതാപമിതേ..’ മാണിക്യക്കൊട്ടാരത്തിലെ ‘നക്ഷത്രപുണ്ണുകൾ ആയിരം’തുടങ്ങിയവ. അനിയത്തി, മിന്നാമിനുങ്ങ്, പുള്ളിമാൻ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു സിനിമകൾ. ഇതിനിടയ്ക്ക് ബ്രദർ ലക്ഷ്മണന്റെ സംഗീതത്തിൽ ‘അനിയത്തി’യിൽ ‘ബഹു ബഹു സുഖമാം’ എന്ന ഒരു ഗാനം പാടി അപ്രത്യക്ഷനാവുന്ന ഒരു ഗായകനുണ്ട്. പേര് കൊച്ചിൻ അബ്ദുൾഖാദർ.

മെഹബൂബിനെ ജനപ്രിയനാക്കുന്ന ഒരുപാട് ഗാനങ്ങളുണ്ട്. ജീവിതനൌകയിൽ ‘സുഹാനി രാത്തി’ന്റെ ഈണത്തിൽ ‘അകാലേ ആരും കൈവിടും’ (സംഗീതം ദക്ഷിണാമൂർത്തി) എന്ന ഗാനത്തിനൊപ്പം തോർന്നീടുമോ കണ്ണീർ എന്ന ശോകഗാനവും അദ്ദേഹം പാടി. പക്ഷേ പിന്നീട് ഹാസ്യരസപ്രധാനങ്ങളും വേഗമുള്ളവയുമായ പാട്ടുകളാണ് അദ്ദേഹത്തിന് മേൽച്ചാർത്തായി കിട്ടിയത്. എസ് പി പിള്ളയുടെയും ബഹദൂറിന്റെയും ഗായകസ്വരമായിരുന്നു മെഹബൂബ്. അപവാദങ്ങളായി ഒന്നോ രണ്ടോ ഉണ്ടെങ്കിലും. നീലക്കുയിലിലെ ‘മാനെന്നും വിളിക്കില്ല’, രാരിച്ചൻ എന്ന പൌരനിലെ ‘പണ്ട് പണ്ട് പണ്ട് നിന്നെ കണ്ട നാളിലാ..’ നായരു പിടിച്ച പുലിവാലിലെ ‘ഹാലു പിടിച്ചൊരു പുലിയച്ചൻ..’ ‘കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം’, നീലിസാലിയിലെ ‘നയാപൈസയില്ല..’ കണ്ടം വച്ച കോട്ടിലെ ‘കണ്ടബച്ച കോട്ടാണ്..’ ഓടയിൽ നിന്നിലെ ‘ഓ റിക്ഷാവാലാ’ തുടങ്ങിയവ ഉദാഹരണങ്ങൾ. കമുകറ പുരുഷോത്തമനും കെ പി ഉദയഭാനുവും യേശുദാസിന്റെ പ്രഭാവകാലത്തിലാണ് അണിയറയിലേയ്ക്ക് നീങ്ങിയത്. 2010-ൽ താന്തോന്നിയിൽ ഉദയഭാനു വീണ്ടും പാടി. ലൈലാമജ്നുവിലെയും രമണനിലെയും ഗാനങ്ങൾ ഉദയഭാനുവിനെ ശോകഗായകരുടെ ഇടയിൽ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും നായരുപിടിച്ച പുലിവാലിലെ ‘എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലിൽ’ , (ഈ ഗാനം മെഹബൂബിനാണ് പലപ്പോഴും ചാർത്തിക്കൊടുത്തു കണ്ടിട്ടുള്ളത്!) കാത്തിരുന്ന നിക്കാഹിലെ ‘ പച്ചക്കരിമ്പുകൊണ്ട് പടച്ചോൻ തീർത്തൊരു പെണ്ണ്..’ തുടങ്ങിയ പാട്ടുകളിലൂടെ ശൃംഗാരവും ഹാസ്യവും തന്റെ ശബ്ദത്തിനു വഴങ്ങുന്നതാണെന്ന് ഉദയഭാനു തെളിയിച്ചതാണ്. അവയ്ക്കു തുടർച്ചയുണ്ടായില്ലെങ്കിലും. ശോകഗാനങ്ങളാണ് കമുകറയെയും മലയാളത്തിന്റെ പ്രിയഗായകനാക്കിയത്. ഭാർഗവി നിലയത്തിലെ ‘ഏകാന്തതയുടെ അപാരതീര’മാണ് അദ്ദേഹത്തെ ഓർമ്മയിൽ എടുത്തു വയ്ക്കുന്ന പാട്ട്. ഹരിശ്ചന്ദ്രയിലെ ‘ആത്മവിദ്യാലയമേ..’ തറവാട്ടമ്മയിലെ ‘മറ്റൊരു സീതയെ കാട്ടിലേയ്ക്കയക്കുന്നു..’ തുടങ്ങിയ പാട്ടുകളിൽ ശോകത്തിന്റെ ആർദ്രതയേക്കാൾ ദർശനത്തിന്റെ പാകതയാണ് ശബ്ദത്തിൽ മുന്നിട്ടു നിൽക്കുന്നത്. മൂന്നുദശാബ്ദക്കാലം അദ്ദേഹത്തിന്റെ ശബ്ദം വെള്ളിത്തിരകളിൽ നിറഞ്ഞു നിന്നു. കാലം മാറുന്നു, ബാല്യസഖി, സി ഐ ഡി, ഭക്തകുചേല, സ്നേഹദീപം , കാട്ടുമൈന തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം പാടി. 1955 -ൽ റിലീസ് ചെയ്ത ‘കാലം മാറുന്നു’ എന്ന സിനിമയിലൂടെയാണ് ഗായികയായി കെ പി എസ് സി സുലോചനയും ഗാനരചയിതാവായി ഓ എൻ വി കുറുപ്പും ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ചതുരംഗം, പാലാട്ട് കോമൻ, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി, ലൈലാമജ്നു, മുറപ്പെണ്ണ് തുടങ്ങിയ സിനിമകളിൽ കെ എസ് ജോർജ്ജ് പാടി. ഒറ്റയ്ക്കു പാടി തുടങ്ങിയെങ്കിലും പിന്നെ പിന്നെ കൂടുതലും കോറസ് പാടാനായിരുന്നു അദ്ദേഹത്തിനു യോഗം. രോഗമായിരുന്നിരിക്കണം അദ്ദേഹത്തിന്റെ കാര്യത്തിൽ വില്ലൻ. മയിലാടും കുന്നിലെ ‘പാപ്പി അപ്പച്ചാ’, കാവിലമ്മയിലെ ‘വാർഡു നമ്പർ ഏഴിലൊരു വല്ലാത്ത രോഗി’, എന്നിങ്ങനെയുള്ള തമാശപ്പാട്ടുകൾക്കൊപ്പം ദാഹത്തിലെ ‘പടച്ചവനുണ്ടെങ്കിൽ പടച്ചവനുണ്ടെങ്കിൽ’, കുടുംബിനിയിലെ ‘വീടിനു പൊന്മണി നീ’ ‘മധുരിക്കും ഓർമ്മകളേ..(നാടകഗാനം) തുടങ്ങിയ ഗൌരവമുള്ള പാട്ടുകളും പാടിയ ആന്റോ ജീവിതാവസാനം കോറസ് പാടിയാണ് കഴിഞ്ഞത്. ആദ്യകാലങ്ങളിൽ ആന്റോയ്ക്ക് കോറസ് പാടാൻ വന്നിരുന്നത് യേശുദാസായിരുന്നത്രേ. ‘കിഴക്കുണരും പക്ഷി’ അഭിമന്യു, ഹേ ഓട്ടോ തുടങ്ങിയ സിനിമകളിൽ യേശുദാസിന്റെ ഗാനത്തിന് ആന്റോ കോറസ്സ് പാടി. കേരളസംഗീത നാടക അക്കാദമിയുടെ ആ വർഷത്തെ അവാർഡ് വാങ്ങാൻ നിൽക്കാതെ 2001-ൽ അദ്ദേഹം മരിച്ചു.

പിന്നണിഗാനചരിത്രത്തിന്റെ ഏടുകൾ മറിച്ചാൽ അറിയപ്പെടുന്നവരേക്കാൾ ഒന്നോരണ്ടോ ഗാനങ്ങൾ പാടി അരങ്ങൊഴിഞ്ഞവരുടെ എണ്ണപ്പെരുപ്പം നമ്മെ അദ്ഭുതപ്പെടുത്താതിരിക്കില്ല. സംസ്കാരചരിത്രങ്ങളെല്ലാം മുഖമില്ലാതെ അണിയറയിൽ മറയുന്നവരുടെ സംഖ്യയും കണക്കിൽ വച്ചുകൊണ്ടായിരിക്കാം സ്വയം കനപ്പടുന്നത്.

(തീരുന്നില്ല)
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ - കെ ശ്രീകുമാർ
ബാബുരാജ് സ്വരരാഗങ്ങളുടെ മുന്തിരിപ്പാത്രം - എഡി. ജയൻ ശിവപുരം
വയലാർകൃതികൾ
മലയാള സിനിമയുടെ കഥ - വിജയകൃഷ്ണൻ
http://www.malayalasangeetham.info

April 8, 2010

വരിക കാണുക..

‘ആയിരത്തിലൊരുവൻ’ അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴാണ് ശ്രീലങ്കയിലെ വശീയഹത്യകളെപ്പറ്റി ‘സാക്ഷികളില്ലാത്ത യുദ്ധം’ എന്ന തമിഴ് നാഷണൽ കോമിന്റെ ഡോക്യുമെന്ററി കണ്ണിൽ‌പ്പെട്ടത്. (http://www.youtube.com/watch?v=9nwQaZ2tXAs) 2009 ആഗസ്റ്റിൽ അപ്‌ലോഡു ചെയ്ത ഡോക്യുമെന്ററിയിലെ പശ്ചാത്തലഗാനം ആയിരത്തിലൊരുവനിലെ ഒരു ശോകഗാനമാണ്. ‘പെമ്മാനേ...’ മനുഷ്യക്കുരുതിയുടെ ശ്രീലങ്കൻ അദ്ധ്യായം കണ്ടിരിക്കാൻ തക്കവണ്ണം കരളുറപ്പുണ്ടെങ്കിൽ യൂ ട്യൂബിൽ Pemmane എന്ന വാക്കിൽ തിരഞ്ഞാൽ മതി. 2007-ൽ അമേരിക്കൻ പട്ടാളക്കാർ ഇറാക്കിൽ നടത്തിയ കൂട്ടക്കൊലയുടെ വീഡിയോ ക്ലിപ്പാണ് മറ്റൊന്ന്. ദില്ലിപോസ്റ്റിൽ (http://dillipost.blogspot.com/2010/04/2007-12.html) ഈ വീഡിയോയെപ്പറ്റി ഒരു കുറിപ്പുണ്ട്. (http://wikileaks.org). ഛത്തീസ്ഗഡിലെ ദന്തവാഡേയിൽ നിരത്തിക്കിടത്തിരിരിക്കുന്ന 72 ശവശരീരങ്ങളാണ് ഇതിലടുത്ത് നമ്മുടെ സംഭാവന. പൊട്ടിത്തെറിയ്ക്ക് ഇവിടെയും സാക്ഷികളില്ല. ശവശരീരങ്ങൾക്ക് നമ്മൾ സാക്ഷി! ചോരതെറിപ്പിച്ച് അസ്തമിക്കുന്നത് നിർബന്ധിതസാഹചര്യങ്ങളുടെ ഇരകളാണ്. ഒരു മൈൻ പൊട്ടുമ്പോൾ 72 ജീവനുകൾ മാത്രമല്ല പിടയുന്നത്. “എന്തുകൊണ്ടാണ് മൃതദേഹം മരിച്ചുവെന്ന് നിങ്ങൾ ഘോഷിച്ചത്?’ എന്ന് അമേരിക്കക്കതിരെ എഴുതിയ ലേഖനത്തിൽ ‘മരണം’ എന്ന സ്വന്തം കവിതയിലൂടെ ഹെരോൾഡ് പിന്റർ ആക്രോശിച്ചു. മരിച്ചവരൊക്കെ മരിച്ചോ?

കൊലകളെപ്പറ്റി വാചാലരാവുന്നതുപോലെയല്ല ഏതെങ്കിലും വിധത്തിൽ അവയ്ക്കു സാക്ഷ്യം നിൽക്കുന്നത്, നേരിട്ടോ ക്യാമറക്കണ്ണുകളിലൂടെയോ കാന്തിക നാടകളിലൂടെയോ നോക്കിക്കാണുന്നത്. ഇറാക്കിവീഡിയോയിലെ ഒന്നുമറിയാത്ത ഇരകളെ ആകാശത്തു നിന്നും ടാര്‍ഗറ്റ് ചെയ്യുന്ന സാങ്കേതികക്കണ്ണിലെ കുരിശ് അതിഭീകരമായ ഒരു കറുത്ത തമാശയാണ്. പുലികൾ ഒരു തമാശയാണ്. പ്രഭാകരനെക്കൊന്ന് വെടിപ്പാക്കിയ ലങ്ക ഒരു തമാശയാണ്. ഛത്തീസ്ഗഡിൽ ഒഴുകി ഒടുങ്ങിയത് വ്യവസ്ഥയുടെ ദുഷിച്ചരക്തമാണെന്നത് ഒരു തമാശയാണ്. മൈനുകളായിട്ടാണെങ്കിലും തോക്കുകളായിട്ടാണെങ്കിലും റോക്കറ്റുകളായിട്ടാണെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി നടക്കുന്ന ആയുധങ്ങൾ തമാശയാണ്.
അവയുടെ പിന്നിലെ പണവും തലച്ചോറും മാത്രമാണ് അത്ര തമാശയല്ലാത്തത്.

“കൊള്ളക്കാർ വിമാനങ്ങളും നങ്കൂരങ്ങളുമായി
കൊള്ളക്കാർ മോതിരങ്ങളും പ്രഭ്വികളുമായി
കൊള്ളക്കാർ ആശിസുകൾ തെറിപ്പിക്കുന്ന
കറുത്തപുരോഹിതന്മാരുമൊത്ത്
കുട്ടികളെക്കൊല്ലാൻ വാനിലൂടെയെത്തി
കുട്ടികളുടെ രക്തം തെരുവിലൂടെയൊഴുകി
ഇടതടവില്ലാതെ
കുട്ടികളുടെ രക്തം പോലെ തന്നെ”

- ‘ഞാൻ ചില കാര്യങ്ങൾ വിശദീകരിക്കുന്നു’ എന്ന കവിതയിൽ നെരൂദ ആവർത്തിച്ചെഴുതി. “വരിക കാണുക ഈ തെരുവുകളിലെ രക്തം...വരൂ കാണൂ ഈ തെരുവുകളിലെ....”പരമാധികാരസ്പെയിനിലെ തെരുവുകളിലേയ്ക്കുള്ള ദന്തഗോപുരവാസികൾക്കുള്ള ക്ഷണമായിരുന്നു. ഇപ്പോൾ ആര് ആരെ ക്ഷണിക്കുന്നു എന്നറിയില്ല. പ്രകരണത്തിൽ ‘കുട്ടികൾ’ മനുഷ്യർ എന്നായിരിക്കുന്നു.
ചോര ഇപ്പോൾ തെരുവുകളിൽ മാത്രമല്ല ഒഴുകുന്നതും.