June 26, 2009

ഏകവചനങ്ങളുടെ കൂടാരം 9


ചക്രവര്‍ത്തി തൂവലുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്വര്‍ണ്ണ തലപ്പാവും സ്വര്‍ണ്ണനൂലുകളാല്‍ ചിത്രപ്പണികള്‍ ചെയ്ത മേലങ്കിയുമാണ് ധരിച്ചിരുന്നത്. താന്‍ കീഴടക്കിയ പ്രദേശത്തിന്റെ പൊടി അദ്ദേഹത്തില്‍ പറ്റിപ്പിടിച്ചിരുന്നു. ലജ്ജകലര്‍ന്ന ചെറുചിരി മുഖത്ത്. “ഞാന്‍” കൊട്ടാരത്തില്‍ വേഗമെത്താന്‍ ആഗ്രഹിച്ചിരുന്നു” അദ്ദേഹം പറഞ്ഞു.
“ ‘ഞാന്‍’ വൈകി.”
ഒഴുക്കില്ലാത്ത എന്തോ ഒന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിലുണ്ടായിരുന്നു. പരീക്ഷണം പോലെയുള്ള ഒന്ന്. എന്താണ് അദ്ദേഹത്തിന് സംഭവിച്ചിരിക്കുന്നത്?
സംഭാഷണത്തിലെ അസ്വാഭാവികമായ പതര്‍ച്ചയെ അവഗണിക്കാനും താന്‍ നിശ്ചയിച്ചിരുന്നതുപോലെ തുടരാനും ജോധ ഉറപ്പിച്ചു.
“ഓഹ്.. അങ്ങ് ആഗ്രഹിച്ചു...” ചക്രവര്‍ത്തിയ്ക്കു നേരെ നിവര്‍ന്നു നിന്ന് അവള്‍ പറഞ്ഞു. സാധാരണ പകല്‍ വസ്ത്രമായിരുന്നു അവളിട്ടിരുന്നത്. തല മൂടിയിരുന്ന പട്ടു കവണിയുടെ തുമ്പ് വലിച്ച് മുഖത്തിന്റെ താഴത്തെ ഭാഗം മറച്ചിരുന്നു.
“തനിക്ക് എന്താണാവശ്യം എന്നു് ഒരാണിനു അറിയില്ല. ആവശ്യമുള്ളതായിരിക്കില്ല അയാള്‍ വേണമെന്നു പറയുന്നത്. തനിക്കു വേണ്ടതില്‍ മാത്രമേ ഒരു പുരുഷന്‍ നോട്ടമിടൂ.”

ചക്രവര്‍ത്തി കുഴങ്ങി. താന്‍ ഉത്തമപുരുഷ ഏകവചനത്തിലേയ്ക്ക് ഇറങ്ങി വന്ന കാര്യം അവള്‍ മനസ്സിലാക്കാന്‍ കൂട്ടാക്കിയതേയില്ല. അവളെ ബഹുമാനിക്കാന്‍ വേണ്ടിയായിരുന്നു ആ മാറ്റം. ആശ്ചര്യം കൊണ്ട് അവളെ ബോധക്ഷയത്തിലെത്തിക്കാന്‍ പര്യാപ്തമാവേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടിത്തവും പ്രണയത്തിന്റെ പ്രഖ്യാപനവുമായിരുന്നു. അതു ചീറ്റി. ഇനിയെന്തുചെയ്യണമെന്നറിയാതെ കലങ്ങിയതുകൊണ്ട് ചക്രവര്‍ത്തിയുടെ മുഖത്തേയ്ക്ക് ദ്വേഷ്യം ഇരച്ചു വന്നു.

“എത്ര ആണുങ്ങളെ അടുത്തറിയാം നിനക്ക്?” പുരികമുയര്‍ത്തി അവള്‍ക്കു നേരെ നടന്നടുത്തുകൊണ്ട് അദ്ദേഹം ചോദിച്ചു. “ഇത്രമാത്രം അറിവു നിനക്കെവിടുന്നുണ്ടായി? ‘ഞാന്‍’ ഇല്ലാതിരിക്കുമ്പോഴൊക്കെ മറ്റു പുരുഷന്മാരെ സ്വപ്നം കാണലാണോ നിന്റെ ജോലി? അതോ സ്വപ്നത്തിനു വെളിയിലും നിന്നെ സുഖിപ്പിക്കാന്‍ കഴിയുന്നവന്മാരെ തന്നെത്താനെ കണ്ടുപിടിച്ചു കഴിഞ്ഞോ ‍? ‘ഞാന്‍’ വെട്ടിനുറുക്കേണ്ട ഏവനെങ്കിലും പതുങ്ങി നടപ്പുണ്ടോ ഇവിടെ?”

ഈ സമയം തീര്‍ച്ചയായും സര്‍വനാമത്തിലെ വിപ്ലവകരമായ പുതുമ അവള്‍ ശ്രദ്ധിക്കും. അദ്ദേഹം എന്താണു പറയാന്‍ ശ്രമിക്കുന്നതെന്ന് ഇപ്പോള്‍ അവള്‍ മനസ്സിലാക്കും.

അവള്‍ക്കു മനസ്സിലായതേയില്ല. അദ്ദേഹത്തെ ഉത്തേജിപ്പിക്കുന്നതെന്താണെന്ന് തനിക്കറിയാമെന്നാണ് അവള്‍ വിചാരിക്കുന്നത്. രാജാവിനെ തന്റേതാക്കാന്‍ പ്രയോഗിക്കേണ്ട വാക്കുകളെക്കുറിച്ചുമാത്രമാണ് അവള്‍ ചിന്തിച്ചുകൊണ്ടിരുന്നത്.

“ആണുങ്ങളില്‍ ഭൂരിപക്ഷവും വിചാരിക്കുന്നതിനേക്കാള്‍ വളരെക്കുറച്ചുമാത്രമേ, സ്ത്രീകള്‍ സാധാരണയായി പുരുഷന്മാരെക്കുറിച്ച് ചിന്തിക്കാറുള്ളൂ. പറഞ്ഞാല്‍ പുരുഷന്മാര്‍ വിശ്വസിക്കില്ലെങ്കിലും സ്ത്രീകള്‍ അവരുടെ സ്വന്തം ആണുങ്ങളെക്കുറിച്ച് അങ്ങനെ ആലോചിച്ചുകൊണ്ടിരിക്കാറില്ല. ആണുങ്ങളെല്ലാം സ്ത്രീകളെ കൊതിക്കുന്നതു പോലെ പെണ്ണുങ്ങളെല്ലാം പുരുഷന്മാരെ കൊതിച്ചുകൊണ്ടിരിക്കുകയല്ല. അതുകൊണ്ടാണ് സ്ത്രീയെ വരുതിയ്ക്കു നിര്‍ത്തണം എന്നു പറയുന്നത്. പെണ്ണിനെ നന്നാക്കാനറിയില്ലെങ്കില്‍ അവള്‍ കൈവിട്ടു പോകും.”

രാജാവിനെ സ്വീകരിക്കാവുന്ന വിധം വസ്ത്രം ധരിച്ചിരുന്നില്ല, ജോധ. “അങ്ങേയ്ക്ക് പാവകളെയാണ് ആവശ്യമെങ്കില്‍ പാവക്കൂടുകളിലേയ്ക്ക് പോയാലും, അവിടെ അവര്‍ അങ്ങയെയും പ്രതീക്ഷിച്ച് ഇരിക്കുന്നുണ്ട്. ചായം വാരി പൂശി, മോങ്ങിക്കൊണ്ട്, പരസ്പരം മുടിവലിച്ച് പറിച്ച്........”

തെറ്റി. അതൊരു പിഴയായിരുന്നു. അവള്‍ മറ്റു റാണിമാരെക്കുറിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ പുരികം വളഞ്ഞുയര്‍ന്നു. മിഴികളില്‍ മേഘം കൂടുകെട്ടി. അവളുടെ ചുവടു വിലങ്ങിപ്പോയി. അവളെ ചൂഴ്ന്നു നിന്ന മായികത മിക്കവാറും തകര്‍ന്നു. അപകടം തിരിച്ചറിഞ്ഞ ജോധ, മുഴുവന്‍ ശക്തിയും കണ്ണുകളില്‍ ആവാഹിച്ച് അക്‍ബറിനെ സൂക്ഷിച്ചു നോക്കി. സൂത്രം ഫലിച്ചു. അദ്ദേഹം തിരിച്ച് അവളിലേയ്ക്കു വന്നു.

ആഭിചാരത്തിന്റെ ശക്തി ജയിച്ചു. അവള്‍ ശബ്ദമുയര്‍ത്തി തുടര്‍ന്നു. “അങ്ങ് ഒരു വയസ്സനായതു പോലെ തോന്നുന്നു.”
“മുത്തശ്ശനാണിതെന്ന് അങ്ങയുടെ മക്കള്‍ വിചാരിക്കും.”
നല്ല വാക്കുകളൊന്നും അവള്‍ പറഞ്ഞില്ല. അദ്ദേഹത്തിന്റെ വിജയത്തെ പ്രശംസിച്ചില്ല.
“ചരിത്രം മറ്റൊരു വഴിയിലൂടെ പോയിരുന്നെങ്കില്‍” അവള്‍ പറഞ്ഞു. “അങ്ങ് തോത്പിച്ചു കളഞ്ഞ പഴയ ദൈവങ്ങള്‍ ഇപ്പോഴും ഭരിച്ചിരുന്നുവെങ്കില്‍ , ധാരാളം അവയവങ്ങളും പല തലകളുമുള്ള ദൈവങ്ങള്‍ - ശിക്ഷകള്‍ക്കും നിയമങ്ങള്‍ക്കും പകരം കഥകളും പ്രവൃത്തികളും ഉള്ള ദൈവങ്ങള്‍, ദേവതകള്‍ക്ക് സമീപം കാവല്‍ നില്‍ക്കുന്ന ദൈവങ്ങള്‍, നൃത്തം ചെയ്യുന്ന ദൈവങ്ങള്‍, ചിരിക്കുന്ന ദൈവങ്ങള്‍, ഇടിമിന്നലിന്റെയും ഓടക്കുഴലിന്റെയും ദൈവങ്ങള്‍, ഒരുപാട് ഒരുപാട് ദൈവങ്ങള്‍ - ....അതൊരു വല്ലാത്ത മാറ്റമാകുമായിരുന്നു.“

താന്‍ അതിസുന്ദരിയാണെന്ന് അവള്‍ക്കറിയാമായിരുന്നു. പട്ടുകൊണ്ടുള്ള മുഖാവരണം അവളപ്പോള്‍ താഴെയിട്ടു. തന്റെ ലാവണ്യത്തെ സ്വതന്ത്രയാക്കി. രാജാവ് സ്വയം മറന്നു. “ ഒരു ആണ്‍കുട്ടി ഒരു സ്ത്രീയെ മനസ്സില്‍ സങ്കല്‍പ്പിക്കുമ്പോള്‍ , അവന്‍ അവള്‍ക്ക് വലിയ മുലകളും ചെറിയ മസ്തിഷ്കവുമാണ് കൊടുക്കാറ്. രാജാവ് ഭാര്യയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്നെ മാത്രം സ്വപ്നം കാണുന്നു.” അവള്‍ പിറുപിറുത്തു.

കാമകേളിയ്ക്കിടയില്‍ പുരുഷന്റെ ശരീരത്തില്‍ ഏഴുതരം നഖപ്രയോഗം നടത്തുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യമുണ്ടായിരുന്നു, ജോധയ്ക്ക്. പ്രണയരസത്തിന്റെ തീവ്രത അത് കൂട്ടും. നീണ്ടയാത്രകള്‍ പോകും മുന്‍പ് അദ്ദേഹത്തിന്റെ മുതുകിലും നെഞ്ചിലും കാലുകള്‍ക്കിടയിലും വലതു കൈയിലെ മൂന്നുനഖങ്ങള്‍ വച്ച് ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കും.അവയില്‍ നീറ്റലുണ്ടാവുമ്പോഴെല്ലാം അദ്ദേഹം അവളെ ഓര്‍ക്കണം. ഇപ്പോള്‍ അദ്ദേഹം കൊട്ടാരത്തിലാണ്. അവളുടെ നീണ്ട വിരലുകളിലൊന്ന് അദ്ദേഹത്തിന്റെ താടിയില്‍ വച്ചുകൊണ്ട്, താഴത്തെ ചുണ്ടിലും നെഞ്ചിലുമായി സ്പര്‍ശിച്ചുകൊണ്ട്, ഒരടയാളവും ശേഷിപ്പിക്കാതെ അദ്ദേഹത്തെ ത്രസിപ്പിക്കാന്‍ ഇപ്പോള്‍അവള്‍ക്കു കഴിയും. അദ്ദേഹത്തിന്റെ മുടിയിഴകളെ ഓരോന്നിനെയും എഴുന്നു നിര്‍ത്താന്‍ അവള്‍ക്കു കഴിയും. അര്‍ദ്ധചന്ദ്രാകൃതിയില്‍ കഴുത്തില്‍ ഒരു നഖക്ഷതം. അല്ലെങ്കില്‍ വേദനിപ്പിക്കാതെ മെല്ലെ അദ്ദേഹത്തിന്റെ മുഖത്ത് ആഴ്ന്നിറങ്ങുന്ന നഖങ്ങള്‍. സുഖം കൊണ്ട് അദ്ദേഹം ഞെരങ്ങും. അവള്‍ക്ക് അദ്ദേഹത്തിന്റെ മുലക്കണ്ണുകകള്‍ക്കു ചുറ്റും വൃത്തം വരച്ചുകൊണ്ട് ശരീരത്തില്‍ മറ്റൊരിടത്തും സ്പര്‍ശിക്കാതെ മുയല്‍ക്കുഞ്ഞിനെപ്പോലെ നിന്നു തിരിയാനറിയാം. ജീവിച്ചിരിക്കുന്ന ഒരു സ്ത്രീയ്ക്കും സാദ്ധ്യമല്ലാത്ത കാര്യം, ‘മയൂരപാദം’എന്ന സൂക്ഷ്മമായ കാമകൌശലവിദ്യ. അവള്‍ക്കറിയാം. ഇടതു മുലക്കണ്ണില്‍ തള്ളവിരലമര്‍ത്തി മറ്റു നാലുവിരലുകളെ അവള്‍ നെഞ്ചിലാകെ നടത്തും. പുലിയുടേതു പോലെയുള്ള നീണ്ടുവളഞ്ഞ നഖങ്ങള്‍ ചക്രവര്‍ത്തിയുടെ ശരീരത്തില്‍ പുതഞ്ഞിറങ്ങും. ചെളിയില്‍ മയിലിന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞു കിടക്കും പോലെ അദ്ദേഹത്തിന്റെ നെഞ്ചില്‍ അടയാളങ്ങള്‍ അവശേഷിക്കും. മൂര്‍ച്ചകൂട്ടി വച്ച് നഖങ്ങളെ അവള്‍ കാത്തു വച്ചത് ഈയൊരു നിമിഷത്തിനു വേണ്ടിയാണ്. ഇതെല്ലാം അവള്‍ ചെയ്യുമ്പോള്‍ ചക്രവര്‍ത്തി എന്തായിരിക്കും പറയുക എന്നവള്‍ക്കറിയാം. സൈനികതാവളത്തിനുള്ളിലെ ഏകാന്തതയില്‍ കണ്ണുകളടച്ച് അവളുടെ ചലനങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചതെങ്ങനെ എന്ന് അദ്ദേഹം വിവരിക്കും. അവളുടെ നഖങ്ങളായി തന്റെ നഖങ്ങളെ വിഭാവന ചെയ്യും. സ്വന്തം നഖമുനകൊണ്ട് ശരീരത്തില്‍ പോന്തിവരഞ്ഞ് അദ്ദേഹം ഉത്തേജിതനാവും.

അത് അദ്ദേഹം തന്നെ പറയാന്‍ വേണ്ടി അവള്‍ കാത്തു. ഒന്നും സംഭവിച്ചില്ല. കാര്യങ്ങളെന്തൊക്കെയോ തകിടം മറിഞ്ഞുപോയിരിക്കുന്നു. അക്ഷമയോ അസഹ്യതയോ അസ്വാസ്ഥ്യമോ അദ്ദേഹത്തില്‍ കൂടു കെട്ടിയിട്ടുണ്ട്. അവള്‍ക്ക് അതു മനസ്സിലായില്ല. പ്രണയത്തിന്റെ സങ്കീര്‍ണ്ണഭാവങ്ങള്‍ ഒരു വട്ടമ്പാലം ചുറ്റലില്‍ നിശ്ശേഷം നഷ്ടമായി തീര്‍ന്നതുപോലെയിരുന്നു അത്. അദ്ദേഹം മാറി എന്നവള്‍ക്കു മനസ്സിലായി. എങ്കില്‍ ഒന്നും പഴയതു പോലെ ശേഷിക്കില്ല, എല്ലാം മാറും!

ചക്രവര്‍ത്തി പിന്നെയൊരിക്കലും മറ്റുള്ളവരുടെ മുന്നില്‍ ‘ഞാന്‍‘ എന്ന എകവചനത്തെ ഉപയോഗിച്ചതേയില്ല. ലോകത്തിന്റെ കണ്ണുകള്‍ക്കു മുന്നില്‍ അദ്ദേഹം ‘ബഹുവചന’മായിരുന്നു. സ്നേഹിച്ച സ്ത്രീകളും അദ്ദേഹത്തെ പലരായി കണ്ടു. ബഹുവചനമായി തന്നെ അദ്ദേഹം ജീവിതത്തില്‍ തുടര്‍ന്നു.

അങ്ങനെ അക്‍ബര്‍ ഒരു പാഠം പഠിച്ചു.

(അവസാനിച്ചു)

അഹമ്മദ് സല്‍മാന്‍ റഷ്‌ദി
1947 ജൂണ്‍ 19-ന് ബോംബെയില്‍ ജനിച്ചു. ഇന്തോ ആംഗ്ലിയന്‍ എഴുത്തുകാരില്‍ പ്രമുഖന്‍‍. ഉപന്യാസകാരനും നോവലിസ്റ്റും. Grimus (1975) ആണ് ആദ്യ നോവല്‍. Midnight's Children (1981) എന്ന നോവലോടെ പ്രസിദ്ധനായി. Shame (1983) The Jaguar Smile: A Nicaraguan Journey (1987) East, West (1994)
The Moor's Last Sigh (1995), The Ground Beneath Her Feet (1999), Fury (2001), Step Across This Line: Collected Nonfiction 1992 - 2002 (2002)
Shalimar the Clown (2005), The Enchantress of Florence (2008) തുടങ്ങിയവ പ്രധാന കൃതികള്‍.The Best American Short Stories (2008) എഡിറ്റു ചെയ്തു. ബുക്കര്‍ പുരസ്കാരത്തിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജനങ്ങളുടെ തെരെഞ്ഞെടുപ്പിനു നല്‍കുന്ന ‘ബെസ്റ്റ് ഓഫ് ബുക്കര്‍’ ലഭിച്ചു. ജര്‍മനിയുടെയും ബ്രിട്ടന്റെയും Author of the year, ബ്രിട്ടന്റെ writers guild Award തുടങ്ങിയവ മറ്റു പുരസ്കാരങ്ങള്‍‍. Bridget Jones's Diary‘, Adaptation എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.


കഥ ന്യുയോര്‍ക്കറില്‍ നിന്ന്

June 25, 2009

ഏകവചനങ്ങളുടെ കൂടാരം 8


ഒരു ദശാബ്ദത്തിനു മുന്‍പ് തനിക്ക് ജന്മം നല്‍കിയ കൊട്ടാരം വിട്ട് അവള്‍ ഒരിടത്തും പോകാറുണ്ടായിരുന്നില്ല. സൃഷ്ടാവും പ്രിയതമനുമായ തന്റെ പുരുഷനു മുന്നില്‍ ഒരു യുവതിയായിട്ടാണ് അവള്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയാണവള്‍, അദ്ദേഹം ജനിപ്പിച്ച കുഞ്ഞും. കൊട്ടാരത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അവളെ നിലനിര്‍ത്തുന്ന ആഭിചാരം തകരുമെന്ന് അവള്‍ ന്യായമായും സംശയിച്ചു. അവള്‍ ഇല്ലാതാവും. വിശ്വാസത്തിന്റെ ബലവുമായി ചക്രവര്‍ത്തി അവളോടൊപ്പം ഇതുപോലെ അവിടെയുമുണ്ടാവുമെങ്കില്‍ ചിലപ്പോള്‍ അവള്‍ നിലനില്‍ക്കും. പക്ഷേ ഒറ്റയ്ക്കാണെങ്കില്‍ അതിന് അവസരമില്ല. ഭാഗ്യത്തിന്, അവള്‍ക്ക് അവിടം വിട്ടുപോകാന്‍ ഒരാഗ്രഹവുമില്ല. ചുവരുകളും തിരശ്ശീലകളും അതിരിട്ട, കൊട്ടാരസമുച്ചയത്തിലെ പല മന്ദിരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സങ്കീര്‍ണ്ണമായ ഇടനാഴികള്‍ അവള്‍ക്കാവശ്യമുള്ള യാത്രയുടെ സാദ്ധ്യതകള്‍ മുഴുവന്‍ നിറവേറ്റിക്കൊടുത്തു. ഇതാണ് അവളുടെ ചെറിയ പ്രപഞ്ചം. മറ്റൊരിടവും കീഴടക്കി സ്വന്തമാക്കാനവള്‍ക്ക് താത്പര്യമില്ല. ബാക്കി ലോകം മുഴുവന്‍ മറ്റുള്ളവരുടേതായിരിക്കട്ടേ. ത്രസിച്ചുനില്‍ക്കുന്ന ഈ കല്‍ച്ചതുരം മാത്രം അവളുടേത്.

ജോധ ഭൂതകാലമില്ലാത്ത ഒരു സ്ത്രീയായിരുന്നു. ചരിത്രത്തില്‍ നിന്ന് വേറിട്ടവള്‍. തനിക്കായിമാത്രമുള്ള ചരിത്രത്തെ സന്തോഷത്തോടെ കൈയാളുന്നവള്‍. മറ്റു റാണിമാര്‍ വെറുപ്പോടെ എതിര്‍ത്തത് അതിനെയാണ്. അവള്‍ക്ക് സ്വതന്ത്രമായ നിലനില്‍പ്പുണ്ടോ എന്ന ചോദ്യം അവളുടെ ഇഷ്ടം നോക്കിയും അല്ലാതെയും പല തവണ ആവര്‍ത്തിക്കപ്പെട്ടു. ദൈവം സ്വന്തം സൃഷ്ടിയില്‍ നിന്ന് മുഖം തിരിച്ചാല്‍, മനുഷ്യന് - വെറും മനുഷ്യന് - അതു പൂര്‍ത്തിയാക്കാന്‍ കഴിയുമോ?

ചോദ്യത്തിന്റെ വിശാലവും സാമാന്യവുമായ അര്‍ത്ഥം അതാണെന്നു പറയാം. എങ്കിലും സ്വകാര്യവും സങ്കുചിതവുമായ അര്‍ത്ഥമായിരുന്നു അവളെ കൂടുതല്‍ അസ്വസ്ഥയാക്കിയത്. അവളെ ഉണ്മയിലേയ്ക്കു കൊണ്ടുവന്ന പുരുഷനില്‍ നിന്നും അവളുടെ മനസ്സ് സ്വതന്ത്രമായിരുന്നോ? അവളുടെ നിലനില്‍പ്പിന്റെ സാദ്ധ്യതകളെക്കുറിച്ച് അദ്ദേഹത്തിനുള്ള വിശ്വാസത്തിന് ഇളക്കം തട്ടാത്തതു കൊണ്ട് മാത്രമല്ലേ അവള്‍ ജീവിക്കുന്നത്? അദ്ദേഹം മരിച്ചാലും അവളുടെ ജീവിതം നീണ്ടുപോകുമോ?

തന്റെ ശ്വാസമിടിപ്പ് വര്‍ദ്ധിക്കുന്നതായി അവളറിഞ്ഞു. എന്തോ സംഭവിക്കാന്‍ പോവുകയാണ്. എങ്കിലും മനസ്സിന്റെ കരുത്തും ഉറപ്പും പെട്ടെന്ന് തിരിച്ചെത്തി. സംശയങ്ങള്‍ പറന്നകന്നു.
ആ....അദ്ദേഹം വരികയാണ്.

കൊട്ടാരസമുച്ചയത്തിനുള്ളില്‍ ചക്രവര്‍ത്തി കാലെടുത്തു വച്ചപ്പോള്‍ തന്നെ തന്റെ അടുത്തേയ്ക്ക് വന്നുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുടെ ശക്തി അവള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. അതെ. എന്തോ സംഭവിക്കാന്‍ പോവുകയാണ്. ആ കാലൊച്ചകള്‍ അവള്‍ രക്തത്തില്‍ അറിഞ്ഞു. അടുക്കുന്തോറും വലുതായിക്കൊണ്ടിരിക്കുന്ന മട്ടില്‍ തന്നില്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞു. അവളായിരുന്നു അദ്ദേഹത്തിന്റെ കണ്ണാടി. അവളെ അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെയാണ്. അവള്‍ അദ്ദേഹത്തിന്റെ ആവശ്യങ്ങളാണ്, എന്നാല്‍ അവള്‍ അവളുമാണ്. അങ്ങനെ സൃഷ്ടിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ പൂര്‍ത്തിയാവുന്നത്. ചക്രവര്‍ത്തി നിര്‍മ്മിച്ച അവള്‍ സ്വതന്ത്രവ്യക്തിയാണ്. എന്തായിരിക്കണം എന്നും എന്താണ് ചെയ്യേണ്ടത് എന്നും സ്വഭാവത്തില്‍ എഴുതിവച്ചിട്ടുള്ള എല്ലാതിനെയും പോലെ , സ്വതന്ത്ര. ചോരത്തിളപ്പും വേഗവും കൊണ്ട് കരുത്തുറ്റവള്‍. അദ്ദേഹത്തിന് അവളിലുള്ള ശക്തി അപരിമിതമാണ്. ആകെ വേണ്ടത് സമ്പൂര്‍ണ്ണമായൊരു പൊരുത്തപ്പെടലാണ്. ഇതിനേക്കാള്‍ കൂടിയ ഐക്യത അവള്‍ക്കൊരിക്കലും അനുഭവപ്പെട്ടിട്ടില്ല. ഇരച്ചു പൊങ്ങിയ തിരമാലകള്‍ പോലെ സ്വന്തം പ്രകൃതം അവളില്‍ ഇരമ്പി നിന്നു. അവള്‍ വിധേയയല്ല. അദ്ദേഹം സമര്‍പ്പിതയായി കാല്‍ക്കല്‍ കിടക്കുന്ന പെണ്ണിനെ ഇഷ്ടപ്പെടുന്നില്ല.

അവള്‍ അദ്ദേഹത്തെ ശകാരിക്കും. ഇത്രനാള്‍ അകന്നു നില്‍ക്കാന്‍ എങ്ങനെ തോന്നി? അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഒരുപാട് തന്ത്രങ്ങളുമായി അവള്‍ക്ക് ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. ഇവിടെ വിശ്വസിക്കാന്‍ കൊള്ളാവുന്നവരായി ആരുമില്ല. ഓരോ ചുവരും കുശുകുശുക്കല്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാവരെയും തോത്പിച്ച് ചക്രവര്‍ത്തി മടങ്ങി വരുന്ന ദിവസത്തിനായി അവള്‍ കൊട്ടാരം സുരക്ഷിതമാക്കി വച്ചു. വിശ്വാസഘാതകരായ ചെറിയ ജീവികളെ അവള്‍ തുരത്തി. ചുവരുകളില്‍ പറ്റിപ്പിടിച്ചിരുന്ന് ചാരപ്രവര്‍ത്തനം നടത്തുന്ന പല്ലികളെ വഴിതെറ്റിച്ചു. ഗൂഢാലോചനക്കാരായ എലികളുടെ പരക്കം പാച്ചിലുകളെ നിശ്ചലമാക്കി. ഇതൊക്കെ ചെയ്ത് ചെയ്ത് അവള്‍ തളര്‍ന്നു. അതിജീവനത്തിനുവേണ്ടിയുള്ള വെറും യുദ്ധം പോലും അവളുടെ മനസ്സിന്റെ മുഴുവന്‍ ശക്തിയുടെയും അഭ്യാസം ആവശ്യപ്പെടുന്നുണ്ട്. മറ്റു റാണിമാര്‍... ഇല്ല.. അവള്‍ മറ്റു റാണിമാരെക്കുറിച്ച് പറഞ്ഞുകൂടാ. മറ്റു റാണിമാര്‍ നിലനില്‍ക്കുന്നില്ല. അവള്‍ മാത്രമാണ് സത്യം. അവളും ഒരു മന്ത്രവാദിനിയായിരുന്നു. തനിക്കായി മാത്രമുള്ള മായാവിനി.

അവള്‍ക്ക് രസിപ്പിക്കാന്‍ ഒരാളുമാത്രമേയുള്ളൂ‍. അദ്ദേഹം ഇതാ ഇവിടെയാണ്. മറ്റു റാണിമാരുടെ അടുത്തേയ്ക്ക് അദ്ദേഹം പോകുന്നില്ല. തനിക്ക് സന്തോഷം തരുന്നതിലേയ്ക്ക് അദ്ദേഹം വരുന്നു. അവള്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ദാഹമാണ് അവള്‍. അവള്‍ മുഴുവനായും അദ്ദേഹത്തിന്റെ ദാഹമാണ്. അവളാണ്, അദ്ദേഹത്തിന്റെ ആവശ്യങ്ങളുടെ കൈവശാവകാശക്കാരി. അവള്‍ക്ക് അറിയാന്‍ വയ്യാത്തതായി അദ്ദേഹത്തില്‍ ഒന്നുമില്ല.

വാതിലു തുറന്നു. അവളുടെ ജീവിതം തുടരും. അവള്‍ അനശ്വരയാണ്. കാരണം പ്രണയം കൊണ്ടാണ് അവളെ നിര്‍മ്മിച്ചിരിക്കുന്നത്.

- സല്‍മാന്‍ റഷ്ദി

June 23, 2009

ഏകവചനങ്ങളുടെ കൂടാരം 7


ജോധയുടെ സഹോദരിമാര്‍, എന്നു വച്ചാല്‍ അവളുടെ ഭര്‍ത്താവിന്റെ മറ്റു ഭാര്യമാര്‍, അവളെ കഠിനമായി വെറുത്തിരുന്നു. എന്തിനാണ് മഹാനായ ചക്രവര്‍ത്തി ശരീരം ഇല്ലാത്ത ഒരുവളുമായുള്ള സംഗമത്തില്‍ ഇത്രയേറെ താത്പര്യം കാണിക്കുന്നത്? അദ്ദേഹം പോയി കഴിയുമ്പോള്‍ ഇല്ലാതാവേണ്ടവളല്ലേ അവള്‍? യഥാര്‍ത്ഥത്തില്‍ ഉള്ളവരോടൊപ്പം അവിടങ്ങളില്‍ ചുറ്റി നടക്കേണ്ട ആവശ്യം അവള്‍ക്കില്ല. നിഴലായോ കണ്ണാടിയ്ക്കുള്ളിലെ പ്രതിബിംബമായോ അവള്‍ മാഞ്ഞു പോകണം. ഭാവനയില്‍ ഒരാളെ സൃഷ്ടിച്ച് കാത്തിരിക്കുമ്പോലെയൊരു പ്രവൃത്തിയാണ് ചക്രവര്‍ത്തിയുടേത്. അതൊരു ശരികേടാണെന്ന് ജീവിച്ചിരിക്കുന്ന റാണിമാര്‍ വിലയിരുത്തി. ജീവിച്ചേയിരിപ്പില്ലാത്ത ഒരുത്തി എങ്ങനെയാണ് രാജ്ഞിമാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ പഠിച്ചിരിക്കുക? ലൌകികവ്യവഹാരങ്ങള്‍ അറിയാത്ത ഉള്ളു പൊള്ളയായ ഒരു പുകച്ചുരുള് അവഗണനയല്ലാതെ മറ്റൊന്നും അര്‍ഹിക്കുന്നില്ല.

മറ്റു റാണിമാരിലുള്ള ഗുണങ്ങള്‍ കുറച്ചുകുറച്ചായി മോഷ്ടിച്ചെടുത്താണ് ചക്രവര്‍ത്തി അവള്‍ക്കു നല്‍കിയിരുന്നത്. റാണിമാര്‍ അതില്‍ വല്ലാതെ ക്ഷോഭിച്ചു. ജോധ് പൂരിലെ രാജാവിന്റെ മകളാണ് ജോധ എന്നാണ് ചക്രവര്‍ത്തി പറഞ്ഞത്. അല്ല! അതു മറ്റൊരു റാണിയാണ്. ജോധ്പൂര്‍ രാജാവിന്റെ സഹോദരി. അല്ലാതെ മകളല്ല. സങ്കല്‍പ്പത്തിലുള്ള റാണി, തന്റെ സീമന്തപുത്രന്റെ അമ്മയുമാണെന്ന് ചക്രവര്‍ത്തി വിശ്വസിക്കുന്നു. ഒരുപാടു കാലം കാത്തിരുന്നുണ്ടായതാണ് ആ മകന്‍. സന്ന്യാസിയുടെ അനുഗ്രഹത്താല്‍ ജനിച്ചവന്‍. അതേ സന്ന്യാസിയുടെ മലമുകളിലെ ആശ്രമത്തിനരികിലാണ് ഈ വിജയനഗരം സ്ഥാപിക്കപ്പെട്ടത്. പക്ഷേ സലിം രാജകുമാരന്റെ യഥാര്‍ത്ഥ ഉമ്മയല്ല അവര്‍. സലീം രാജകുമാരന്റെ ഉമ്മ, മറിയം ഉസ്‌ സമാനി എന്നറിയപ്പെടുന്ന രാജകുമാരി ഹീരാ കന്‍‌വാരി, അമീറിലെ രാജാ ബീഹാര്‍ മല്ലിന്റെ പുത്രി , കച്ച്വുവാഹാ ഗോത്രക്കാരി, കേള്‍ക്കാന്‍ തയ്യാറാവുന്നവരോടെല്ലാം കണ്ണീരോടെ, ഇക്കാര്യങ്ങള്‍ പറഞ്ഞു. സങ്കല്പറാണിയുടെ അതിരില്ലാത്ത സൌന്ദര്യം ഒരു പത്നിയില്‍ നിന്നെടുത്തതാണ്. അവരുടെ ഹിന്ദുമതം മറ്റൊരു ഭാര്യയില്‍ നിന്ന്. കണക്കില്ലാത്ത സ്വത്ത് മൂന്നാമതൊരാളില്‍ നിന്ന്. അവരുടെ വ്യക്തിത്വം മാത്രം എന്തായാലും അക്‍ബറിന്റെ സ്വന്തം സൃഷ്ടിയാണ്. ഒരു സ്ത്രീയും അതുപോലെയായിരിക്കില്ല. ഒരിക്കലും. എല്ലാ കാര്യത്തിലും അതീവ ശ്രദ്ധയുള്ളവള്‍. ഒരിക്കലും ഒന്നും ചോദിക്കാത്തവള്‍. ഏതു സമയത്തും പ്രാപിക്കാവുന്നവള്‍. അതീവ സൌമ്യ.

ജോധ ഒരു അസാദ്ധ്യതയായിരുന്നു. പൂര്‍ണ്ണതയെപ്പറ്റിയുള്ള മനോഹരമായ ഒരു കിനാവ്. അക്കാരണത്താല്‍ അന്തപുരത്തിലെ റാണിമാര്‍ അവളെ ഭയക്കുകയും ചെയ്തു. ഭൌമികമായ സാദ്ധ്യതയ്ക്കും അപ്പുറത്തായതിനാല്‍ അവളുടെ വശീകരണശക്തി അസാമാന്യമായിരിക്കും. അത്യന്തം പ്രലോഭനീയയായിരുന്നു ജോധ. രാജാവിന് അവളെ പ്രിയംകരിയാക്കിയതതാണ്. സ്വന്തം ചരിത്രങ്ങള്‍ അവള്‍ മോഷ്ടിച്ചതിനാല്‍ റാണിമാര്‍ അവളെ കഠിനമായി വെറുത്തു. കൊല്ലാന്‍ കഴിയുമായിരുന്നെങ്കില്‍ അവരവളെ കൊന്നുകളയുമായിരുന്നു. എന്നാല്‍ ചക്രവര്‍ത്തിയ്ക്കു മടുക്കുന്നതു വരെ അല്ലെങ്കില്‍ അദ്ദേഹം മരിക്കുന്നതുവരെ അവളും അനശ്വരയാണ്. ചക്രവര്‍ത്തിയുടെ മരണം എന്ന ആശയം ചിന്തയ്ക്കതീതമൊന്നുമല്ല, റാണിമാര്‍ അങ്ങനെ ആലോചിച്ചു തുടങ്ങുന്നെങ്കില്‍. ഇത്രകാലവും അവര്‍ വേദനകളെ നിശ്ശബ്ദതയില്‍ ഒതുക്കി വയ്ക്കുകയായിരുന്നു. “ചക്രവര്‍ത്തിയ്ക്ക് ഭ്രാന്താണ്” അവര്‍ ഉള്ളില്‍ പിറുപിറുത്തു. എന്നാല്‍ ആ വാക്കുകള്‍ പുറത്തു വരാതെ വിവേകപൂര്‍വം നിയന്ത്രിച്ചു. ആളുകളെ കൊല്ലാന്‍ അദ്ദേഹം കുതിരപ്പുറത്തുകയറി പാഞ്ഞു പോകുമ്പോള്‍ സങ്കല്പത്തിലെ റാണിയെ അവര്‍ സ്വന്തം ഉപചാരങ്ങളില്‍ കഴിയാന്‍ വിട്ടു. ഒരിക്കലും അവളുടെ പേരവര്‍ പറഞ്ഞില്ല. ജോധ, ജോധാഭായി. അവള്‍ അന്തപുരത്തില്‍ ഒറ്റയ്ക്ക് ചുറ്റിതിരിഞ്ഞു. ജാലകങ്ങളുള്ള കല്‍ച്ചുവരുകളിലൂടെ എത്തിനോക്കുന്ന ഏകാകിയായ ഒരു നിഴലായിരുന്നു അവള്‍. കാറ്റ് മെല്ലെ പറത്തുന്ന ഒരു തുണിക്കഷ്ണമായിരുന്നു അവള്‍. രാത്രികളില്‍, പഞ്ച് മഹലിലെ ഏറ്റവും മുകളിലുള്ള മട്ടുപ്പാവിലെ മിനാരത്തിനു താഴെ ദൂരെ ചക്രവാളത്തില്‍ മിഴികളയച്ചു കൊണ്ടവള്‍ നില്‍ക്കും, തന്നെ യാഥാര്‍ത്ഥ്യമാക്കിയ രാജാവിന്റെ മടങ്ങി വരവും കാത്ത്.

ലോകം മുഴുവന്‍ പ്രസിദ്ധനായ തന്റെ ഭര്‍ത്താവിന്റെ രക്തത്തില്‍ ആഭിചാരകര്‍മ്മങ്ങളുണ്ടെന്നു ജോധ അറിഞ്ഞിരുന്നു. ചെംങ്ഗിസ് ഖാന്‍ പരേതാത്മാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതിനെപ്പറ്റി എല്ലാവര്‍ക്കുമറിയാം. മൃഗബലിയും മാന്ത്രികച്ചെടികളും കൂടോത്രവും ഉപയോഗിച്ച് എട്ടു ലക്ഷം മക്കളെയാണ് അദ്ദേഹം ജനിപ്പിച്ചത്.

മുടന്തനായ തിമൂര്‍ ഭൂമിയെ വരുതിയിലാക്കിയ ശേഷം നക്ഷത്രങ്ങളില്‍ കയറി സ്വര്‍ഗം കീഴടക്കാന്‍ ശ്രമിച്ചതിനെപ്പറ്റിയുള്ള കഥകളും എല്ലാവരും കേട്ടിട്ടുണ്ട്. ബാബര്‍ ചക്രവര്‍ത്തി മരിച്ചുകൊണ്ടിരുന്ന ഹുമയൂണിന്റെ ജീവിതം രക്ഷിച്ച കഥയും എല്ലാവര്‍ക്കുമറിയാം. മകന്റെ രോഗശയ്യ വലം വച്ചുകൊണ്ട് പുത്രനില്‍ നിന്ന് പിതാവിലേയ്ക്ക് മരണത്തെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി, ബാബര്‍. മകന്‍ ജീവിക്കാനായി സ്വന്തം ജീവന്‍ അദ്ദേഹം ബലികൊടുത്തു. മരണവും പിശാചും തമ്മിലുള്ള കറുത്ത ഉടമ്പടികളായിരുന്നു അവളുടെ ഭര്‍ത്താവിന്റെ പൈതൃകം. അവളുടെ അസ്തിത്വമാകട്ടേ, അക്‍ബറിലുള്ള മാന്ത്രികശക്തിയുടെ കരുത്തിന്റെ തെളിവും.

സ്വപ്നത്തില്‍ നിന്ന് യഥാര്‍ത്ഥ ജീവിതം നിര്‍മ്മിക്കുക എന്നത് അമാനുഷികപ്രവൃത്തിയാണ്. ദൈവങ്ങളുടെ വിശിഷ്ടാധികാരങ്ങളെ പിടിച്ചെടുക്കുക എന്നാണ് അതിന്റെ അര്‍ത്ഥം. ആ കാലത്ത് സിക്രി കവികളെയും കലാകാരന്മാരെയും കൊണ്ട് കരകവിഞ്ഞിരുന്നു. അവര്‍ ഭാഷയുടെ കരുത്തും പ്രതിബിംബങ്ങള്‍ മനസ്സില്‍ ആവാഹിക്കാനുള്ള കഴിവും വച്ച് ഒന്നുമില്ലായ്മയില്‍ നിന്ന് മനോഹരമായ എന്തും നിര്‍മ്മിക്കാന്‍ കഴിവുറ്റ താന്‍പോരിമക്കാരായിരുന്നു. എന്നിട്ടും കവികളോ ചിത്രകാരന്മാരോ സംഗീതജ്ഞരോ ശില്പികളോ മാനുഷികപൂര്‍ണ്ണതയുടെ പാരമ്യമായ അക്‍ബര്‍ നേടിവച്ചിരുന്നതിന്റെ അടുത്തൊന്നുമെത്തിയില്ല. സദസ്സ് വിദേശികളെ കൊണ്ട് നിറഞ്ഞിരുന്നു. സുഗന്ധതൈലം പൂശിയവര്‍, വെയിലേറ്റു കരുവാളിച്ച കച്ചവടക്കാര്‍, ഇടുങ്ങിയ മുഖമുള്ള പാശ്ചാത്യരായ പുരോഹിതന്മാര്‍, അവരുടെ ദൈവങ്ങളെപ്പറ്റി, രാജാക്കന്മാരെപ്പറ്റി, അവരുടെ രാജ്യത്തെപ്പറ്റിയെല്ലാം വൃത്തികെട്ട നാവു ചുഴറ്റി പെരുപ്പിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. രാജാവ് ജോധയെ കാണിച്ച കുന്നുകളുടെയും താഴ്വരയുടെയും ചിത്രങ്ങളെല്ലാം അവര്‍ കൂടെ കൊണ്ടുവന്നിരുന്നതാണ്. ജോധ അപ്പോള്‍ ഹിമാലയത്തെപ്പറ്റിയും കാശ്മീരിനെക്കുറിച്ചുമോര്‍ത്തു. പ്രകൃതിസൌന്ദര്യത്തെക്കുറിച്ചുള്ള വിദേശികളുടെ നിസ്സാരമായ പൊങ്ങച്ചങ്ങള്‍ അവളെ പൊട്ടിച്ചിരിപ്പിച്ചു. അവരുടെ വാ....... ആ........ പദങ്ങള്‍ ! അര്‍ദ്ധവസ്തുക്കളെക്കുറിക്കുന്ന അര്‍ദ്ധപദങ്ങള്‍. കിരാതന്മാരായിരിക്കണം അവരുടെ രാജാക്കന്മാര്‍. അവരുടെ ദൈവത്തെ അവര്‍ മരത്തില്‍ തറച്ചില്ലേ? അതിനേക്കാള്‍ അപഹാസ്യരായ മനുഷ്യര്‍ വേറെ ആരുണ്ട്?

അവര്‍ അന്വേഷിച്ചു വന്നത്.............എന്താണ് യഥാര്‍ത്ഥത്തില്‍? ഉപയോഗമില്ലാത്ത എന്തെങ്കിലും ഒന്നായിരിക്കും. ബുദ്ധി എന്ന പേരില്‍ എന്തെങ്കിലുമൊക്കെ തലയ്ക്കുള്ളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ യാത്രയുടെ ഫലശൂന്യത അവര്‍ക്ക് സ്വയം ബോധ്യമായേനേ. യാത്രകള്‍ നിരര്‍ത്ഥകമാണ്. നിങ്ങള്‍ക്ക് അര്‍ത്ഥം തരുന്ന ഒരു സ്ഥലത്തു നിന്ന് അതു നിങ്ങളെ അടര്‍ത്തിയെടുക്കുന്നു. സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ചുകൊണ്ട് നിങ്ങള്‍ അതിനു അര്‍ത്ഥം പകരം നല്‍കുന്നു. ഒരിക്കല്‍ നിങ്ങള്‍ ജീവിച്ച, ഇപ്പോള്‍ ശുദ്ധ അസംബന്ധമായി തീര്‍ന്നിരിക്കുന്ന ഒന്നിനും കൊള്ളാത്ത സ്ഥലം മായികലോകമാണെന്ന് എല്ലായ്പ്പോഴും നിങ്ങളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും.

അതെ. ഈ സ്ഥലം സിക്രി അവര്‍ക്ക് മായാഭൂമിയാണ്. അവരുടെ ഇംഗ്ലണ്ടും പോര്‍ച്ചുഗലും പോലെ. അവരുടെ ഹോളണ്ടും ഫ്രാന്‍സും പോലെ. അത് അവളുടെ മനസ്സിലാക്കാനുള്ള കഴിവിനപ്പുറത്താണ്. ലോകം ഒന്നല്ല. “നമ്മള്‍ അവരുടെ സ്വപ്നമാണ്.” ജോധ ഒരിക്കല്‍ അക്‍ബറിനോട് പറഞ്ഞിരുന്നു. “അവര്‍ നമ്മുടെ സ്വപ്നങ്ങളും”.

അദ്ദേഹം ഒരിക്കലും അവളുടെ അഭിപ്രായങ്ങളെ വിലവയ്ക്കാതിരുന്നിട്ടില്ല. ചക്രവര്‍ത്തിയുടെ ധാര്‍ഷ്ട്യമുള്ള പുറം കൈകൊണ്ട് അവയെ തട്ടി എറിഞ്ഞിട്ടില്ല. അക്കാരണത്താല്‍ അവള്‍ അദ്ദേഹത്തെ കൂടുതല്‍ ഇഷ്ടപ്പെട്ടു. “പക്ഷേ സങ്കല്‍പ്പിച്ചു നോക്കൂ ജോധാ, നമുക്ക് മറ്റൊരാളുടെ സ്വപ്നങ്ങളില്‍ ഉണരാനും അവയെ മാറ്റാനും കഴിഞ്ഞാല്‍, നമ്മുടെ സ്വപ്നങ്ങളിലേയ്ക്ക് അവരെ ക്ഷണിക്കാനുള്ള ധൈര്യമുണ്ടായാല്‍..” ഒരു വൈകുന്നേരം ഒന്നിച്ചിരുന്ന് ഗഞ്ചിഫാ കാര്‍ഡു കളിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു. മുഴുവന്‍ ലോകവും ഒന്നിച്ചുണരാവുന്ന ഒരു സ്വപ്നമായി തീര്‍ന്നാല്‍...” അര്‍ദ്ധമയക്കത്തിലെന്ന പോലെ കിനാവുകളില്‍ നിന്ന് ഉണരുന്നതിനെക്കുറിച്ചു പറയുന്ന അദ്ദേഹത്തെ ‘സ്വപ്നാടകന്‍’ എന്നു ജോധ വിളിച്ചില്ല. കാരണം അവള്‍ തന്നെ ഒരു കിനാവല്ലേ? അല്ലാതെ എന്താണവള്‍?

- സല്‍മാന്‍ റഷ്ദി

June 22, 2009

ഏകവചനങ്ങളുടെ കൂടാരം 6



സിക്രിയിലെ ചുവപ്പുകോട്ടയിലെ ജാലകങ്ങളില്‍ തോരണങ്ങളായി പറന്നു കളിച്ചിരുന്ന നിറമുള്ള പട്ടുതിരശ്ശീലകള്‍ വെയിലില്‍ തിളങ്ങി. കറുപ്പു തിന്നു മയങ്ങുന്നതിനിടയില്‍ കാണുന്ന മായക്കാഴ്ച പോലെയായിരുന്നു അത്. രാജാവ്, വീണ്ടും പീലിവിരിച്ച മയില്‍പ്പക്ഷികളുടെയും നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളുടെയും കൂടെ കൊട്ടാരത്തിലാണ്. യുദ്ധം കീറിമുറിച്ച ലോകം പരുക്കന്‍ സത്യമാണെങ്കില്‍ സിക്രി അതിമനോഹരമായ നുണയാണ്. പുകവലിക്കാരന്‍ ഹുക്കയുടെ അടുത്തേയ്ക്ക് മടങ്ങുന്നതു പോലെ ചക്രവര്‍ത്തി കൊട്ടാരത്തിലേയ്ക്ക് മടങ്ങുന്നു. ചക്രവര്‍ത്തി ഊര്‍ജ്ജസ്വലനാണ്. അദ്ദേഹം ഇവിടിരുന്ന് ഒരു പുതിയ ലോകത്തെ ആവാഹിക്കുന്നു. മതത്തിനും, പ്രാദേശികതയ്ക്കും, പദവിയ്ക്കും, ഗോത്രത്തിനും അതീതമായ ഒരു ലോകം. ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീകള്‍ ഇവിടെയായിരിക്കും. അവരെല്ലാം അദ്ദേഹത്തിന്റെ പത്നിമാരായിരിക്കും. ഈ ഖണ്ഡത്തിലെ ഏറ്റവും മികച്ച പ്രതിഭകള്‍ ഇവിടെ ഒത്തുകൂടുന്നു. അവരില്‍ നിന്നുള്ള ഒന്‍പതു പേര്‍. നവരത്നങ്ങള്‍, മികച്ചവരില്‍ വച്ച് മികച്ചവര്‍. പ്രതിഭകളില്‍ വച്ച് പ്രതിഭകള്‍. അവരുടെ സഹായത്തോടെ ഈ ലോകത്തില്‍ അദ്ദേഹത്തിന് നേടാനൊന്നുമില്ലാത്തതായിരിക്കുന്നു. പിന്നെ ബീര്‍ബല്‍.. ഒന്‍പതുപേരില്‍ ഏറ്റവും സമര്‍ത്ഥന്‍. മിടുക്കന്മാരുടെ കൂട്ടത്തില്‍ സര്‍വശ്രേഷ്ഠന്‍ ! ചക്രവര്‍ത്തിയുടെ ഒന്നാമത്തെ മന്ത്രി. ഏറ്റവും അടുത്ത ചങ്ങാതി.

ആനക്കൊമ്പു കൊണ്ടു നിര്‍മ്മിച്ച ഹിരണ്‍ മിനാറില്‍ വച്ച് ചക്രവര്‍ത്തി, കാലഘട്ടത്തിലെ ഏറ്റവും രസികനും ബുദ്ധിശാലിയുമായ മന്ത്രിയുടെ അഭിവാദ്യം സ്വീകരിച്ചു. ബീര്‍ബലിനെ കണ്ടയുടന്‍ അദ്ദേഹത്തിന്റെ മനസ്സില്‍ കുസൃതിയുണര്‍ന്നു.
“ബീര്‍ബല്‍” കുതിരയില്‍ നിന്നിറങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു. “ താങ്കള്‍ നമ്മുടെ ഒരു ചോദ്യത്തിന് ഉത്തരം തരണം. കുറേക്കാലമായി നാം ആലോചിക്കുന്നതാണ്. “ ബീര്‍ബല്‍ വിനയാന്വിതനായി തലകുനിച്ചു. “അങ്ങയുടെ ആഗ്രഹം പോലെ ജഹാം പനാഹ്. ലോകത്തിന്റെ അഭയസ്ഥാനമേ.”
“ശരി” ഏതാണ് ആദ്യമുണ്ടായത്, കോഴിയോ മുട്ടയോ?
“കോഴി” ബീര്‍ബല്‍ ഒരു നിമിഷം പോലുമെടുക്കാതെ പറഞ്ഞു.
“അത്രയ്ക്കുറപ്പിച്ചു പറയാന്‍ എങ്ങനെ പറ്റും? “
“ഹുസൂര്‍” ബീര്‍ബല്‍ വിനയാന്വിതനായി മൊഴിഞ്ഞു. “അടിയന്‍ ഒരു ചോദ്യത്തിനുത്തരം നല്‍കാമെന്നേ ഉണര്‍ത്തിച്ചിട്ടുള്ളൂ.”

അക്‍ബറും ബീര്‍ബലും ആകാശത്തില്‍ ചുറ്റിപ്പറക്കുന്ന കാക്കകളെ നോക്കി പുറമതിലിന്റെ കെട്ടില്‍ നില്‍ക്കുകയായിരുന്നു. അവിടെ നിന്നാല്‍ നഗരം കാണാം.
“ബീര്‍ബല്‍” അക്‍ബര്‍ എന്തോ ആലോചിച്ചുകൊണ്ട് ചോദിച്ചു. “നമ്മുടെ സാമ്രാജ്യത്തില്‍ എത്ര കാക്കകളുണ്ടാവും?”
“ജഹാം പനാഹ്.” ബീര്‍ബല്‍ ഞൊടിയിടയില്‍ ഉത്തരം പറഞ്ഞു. “കൃത്യം ഒന്‍പതുലക്ഷത്തിതൊണ്ണൂറ്റി ഒന്‍പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന്.”
അക്‍ബര്‍ കുഴങ്ങി.
“എങ്കില്‍ എണ്ണിനോക്കേണ്ടി വരും. ചിലപ്പോള്‍ കൂടുതലുണ്ടെങ്കിലോ?” അദ്ദേഹം ചോദിച്ചു.
“അതു സാരമാക്കാനില്ല”. ബീര്‍ബല്‍ പറഞ്ഞു. “അയല‌്പക്ക രാജ്യങ്ങളില്‍ നിന്ന് കുറേ കാക്കകള്‍ അവരുടെ ബന്ധുക്കളെ കാണാന്‍ ഇവിടെ വന്നിട്ടുണ്ട്.”
“കാക്കകളുടെ എണ്ണം കുറവാണെങ്കിലോ?”
“നമ്മുടെ കുറേ കാക്കകള്‍ ലോകം കാണാന്‍ വേണ്ടി വിദേശത്തു പോയിട്ടുണ്ടാവും.”


വിദൂരമായ പശ്ചിമനാട്ടില്‍ നിന്ന് ഒരു ബഹുഭാഷാപണ്ഡിതന്‍ അക്‍ബറിന്റെ സദസ്സില്‍ വന്നിരുന്നു, മുന്‍പ്. പന്ത്രണ്ടു ഭാഷകളില്‍ സംസാരിക്കാനും തര്‍ക്കിക്കാനും കഴിവുള്ള ഒരു ജെസ്യൂട്ട് പാതിരി. തന്റെ മാതൃഭാഷ കണ്ടുപിടിക്കാന്‍ കഴിയുമോ എന്നു ചോദിച്ച് അദ്ദേഹം ചക്രവര്‍ത്തിയെ വെല്ലുവിളിച്ചു. ചക്രവര്‍ത്തി വന്നുപെട്ട പുതിയ തലവേദനയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രഥമമന്ത്രി എഴുന്നേറ്റ് ചെന്ന് പണ്ഡിതനെ വലം വച്ച് കാലുപൊക്കി അയാളുടെ ചന്തിയ്ക്ക് ശക്തമായ ഒരു തൊഴി വച്ചുകൊടുത്തു. പാതിരിയുടെ വായില്‍ നിന്ന് ഒരു പിടി ‘സൂക്തങ്ങള്‍‘ അറിയാതെ പുറത്തു വന്നു. ഒന്നും പോര്‍ത്തുഗീസിലല്ല, എല്ലാം ഇറ്റാലിയനില്‍.
“കണ്ടില്ലേ ജഹാം പനാഹ്, ബീര്‍ബല്‍ പറഞ്ഞു. “അപമാനമേല്‍ക്കുന്ന മനുഷ്യന്‍ തന്റെ മാതൃഭാഷയെ തന്നെ തെരഞ്ഞു പിടിക്കുന്നു.”

“നിങ്ങള്‍ നിരീശ്വരവാദിയായിരുന്നെങ്കില്‍ ലോകത്തിലെ മഹത്തായ മതങ്ങളിലെ വിശ്വാസികളോടെല്ലാം നിങ്ങള്‍ എന്തു പറയുമായിരുന്നു, ബീര്‍ബല്‍? തന്റെ മന്ത്രിയെ പരീക്ഷിക്കാനെന്ന മട്ടില്‍ അക്‍ബര്‍ ഒരിക്കല്‍ ചോദിച്ചിരുന്നു.
ബീര്‍ബല്‍ ത്രിവിക്രം പൂരിലെ മതഭക്തനായ ഒരു ബ്രാഹ്മണനായിരുന്നു. എന്നാല്‍പ്പോലും ഉത്തരത്തിനായി ഒരു നിമിഷം പോലും ബീര്‍ബല്‍ ആലോചിച്ചു നിന്നില്ല.
“അവരെല്ലാം തന്നെ തികഞ്ഞ നിരീശ്വരവാദികളാണെന്ന് അവരോട് പറയും. വിശ്വസിക്കുന്നതിനേക്കാള്‍ കൂടുതലായി ദൈവത്തെ അവര്‍ അവിശ്വസിക്കുകയാണ് ചെയ്യുന്നത്.”
“എങ്ങനെ?”
“എല്ലാ വിശ്വാസികള്‍ക്കും അവരുടെയല്ലാത്ത ദൈവത്തെ അവിശ്വസിക്കാന്‍ മതിയായ കുറേയേറേ കാരണങ്ങളുണ്ട്.” ബീര്‍ബല്‍ പറഞ്ഞു. “ അതുകൊണ്ട് ദൈവമേയില്ല എന്ന അടിയന്റെ വിശ്വാസത്തേക്കാള്‍ ശക്തമാണ് അന്യദൈവരാഹിത്യത്തിലുള്ള അവരുടെ വിശ്വാസം. അതാണ് ഒന്നിലും വിശ്വസിക്കാതിരിക്കാനുള്ള കാരണങ്ങള്‍ അടിയനു നല്‍കുന്നത്. ഇതാണ് അവരോടു പറയാനുള്ളത്.”

ക്വാബ്‌ഗാഹിലെന്ന സ്വപ്നമന്ദിരത്തില്‍, രാജാവിന്റെ സ്വകാര്യസ്നാനക്കുളത്തിലെ നിശ്ചലമായ ജലോപരിതലം നോക്കി നില്‍ക്കുകയായിരുന്നു, അക്‍ബറും ബീര്‍ബലും. നിര്‍മ്മിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച നീന്തല്‍ക്കുളമാണത്. മറ്റൊന്നുമായും താരതമ്യപ്പെടുത്താനാവാത്തത്. അനൂപ് തലോവ് എന്നായിരുന്നു അതിന്റെ പേര്. രാജ്യം അപകടത്തില്‍പ്പെടുമ്പോള്‍ അതിലെ ജലം താക്കീതു നല്‍കും എന്നൊരു പറച്ചിലു തന്നെയുണ്ടായിരുന്നു, കൊട്ടാരത്തിലെ ആശ്രിതജനങ്ങള്‍ക്കിടയില്‍.
“ബീര്‍ബല്‍” അക്‍ബര്‍ വിളിച്ചു.
“ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട റാണിയ്ക്ക് ശരീരമില്ലെന്ന ദൌര്‍ഭാഗ്യകരമായ കാര്യം താങ്കള്‍ക്ക് അറിയാം. എന്നിട്ടും നാം അവരെ മറ്റെല്ലാവരെയുംകാള്‍ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. നഷ്ടപ്പെട്ട കോഹ്- ഇ- നൂറിനേക്കാള്‍ വിലമതിക്കുന്നു. എന്നിട്ടും അവളെ ആശ്വസിപ്പിക്കാന്‍ നമുക്ക് കഴിയുന്നില്ല. “നിങ്ങളുടെ മോശപ്പെട്ട, വഴക്കാളിയായ ഭാര്യ പോലും മാംസവും രക്തവും കൊണ്ട് നിര്‍മ്മിച്ചവളാണ്.’ എനിക്ക് അവരുമായി മത്സരിക്കാന്‍ കഴിയില്ലല്ലോ. “ എന്നു പറഞ്ഞാണ് അവള്‍ വിഷമിക്കുന്നത്. സത്യമല്ലേ?”
“ജഹാം പനാഹ്, അവരുടെ മഹത്വം എന്താണെന്ന് ഏറ്റവും ഒടുവില്‍ മാത്രമേ എല്ലാര്‍വക്കും മനസ്സിലാവുകയുള്ളൂ എന്ന് റാണിയോട് അങ്ങ് പറയണം.“ ഒന്നാമത്തെമന്ത്രി ഉപദേശിച്ചു. “റാണിയേക്കാള്‍ കൂടുതല്‍ കാലം അന്തഃപുരത്തിലെ ഒരു ലാവണ്യവും നിലനില്‍ക്കാന്‍ പോകുന്നില്ല. ആയുഷ്കാലം മുഴുവന്‍ അങ്ങയുടെ സ്നേഹം അവര്‍ക്ക് നുകരാം. അവരുടെ പ്രശസ്തി കാലാന്തരങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. സത്യത്തില്‍ അവര്‍ നിലനില്‍ക്കുന്നില്ല എന്നതു വാസ്തവമാണെങ്കില്‍ അവര്‍ മാത്രമാണ് ജീവിക്കുന്നത് എന്നതും വാസ്തവമാണ്. അവര്‍ മിഥ്യയാണെങ്കില്‍, ഇല്ലെങ്കില്‍ ദാ അവിടെ ആ ഉയര്‍ന്ന ജാലകത്തിനപ്പുറത്ത് അങ്ങയുടെ മടക്കവും കാത്തിരിക്കുന്ന ആരും തന്നെ യഥാര്‍ത്ഥത്തിലുള്ളവരല്ല.”

-സല്‍മാന്‍ റഷ്ദി

June 21, 2009

ഏകവചനങ്ങളുടെ കൂടാരം 5



സംസാരിക്കാന്‍ അവിടെങ്ങും ആരുമുണ്ടായിരുന്നില്ല. കല്ലു പോലെ ചെവിടനായ തന്റെ അംഗരക്ഷകന്‍ ഭക്തി റാം ജയിനിനോട് താവളം വിട്ട് ദൂരെപ്പോവാന്‍ അദ്ദേഹം ആജ്ഞാപിച്ചു. സമാധാനമായി ഒറ്റയ്ക്കിരുന്ന് കുടിക്കണം. യജമാനന്റെ മുറുമുറുക്കലുകള്‍ കേള്‍ക്കാന്‍ കഴിയാതിരിക്കുക ഒരു അടിമയ്ക്ക് അനുഗ്രഹമാണ്. എന്നാല്‍ ഭക്തി റാം ജയിന്‍ ചക്രവര്‍ത്തിയുടെ ചുണ്ടുകള്‍ വായിക്കാന്‍ പഠിച്ചു കഴിഞ്ഞ സമര്‍ത്ഥനാണ്. അടിമയുടെ ഭൂരിഭാഗം ഗുണങ്ങളെയും അതു നഷ്ടമാക്കി. മറ്റാരെയും പോലെ അവനെയും അത് അപവാദപ്രചാരകനാക്കി. രാജാവിനു കിറുക്കാണ്. അവര്‍ പറഞ്ഞു. എല്ലാവരും പറഞ്ഞു. അദ്ദേഹത്തിന്റെ പടയാളികള്‍, പ്രജകള്‍, ഭാര്യമാര്‍..... ഭക്തി റാം ജയിനും അതു തന്നെ പറഞ്ഞു. ചക്രവര്‍ത്തിയുടെ മുന്നിലല്ല. അദ്ദേഹം ഒരതിമാനുഷന്‍, കിടയറ്റ പോരാളി, ഐതിഹ്യകഥകളിലെ നായകന്‍, രാജാക്കന്മാരുടെ അധിരാജന്‍. ഇങ്ങനെയുള്ള ഒരു വ്യക്തി കിറുക്കനായിരിക്കാന്‍ കൂടി ആഗ്രഹിച്ചാല്‍ അതു പറഞ്ഞ് തര്‍ക്കിക്കാന്‍ അവരാരാണ്? എന്നാല്‍ രാജാവ് ഭ്രാന്തനായിരുന്നില്ല. അദ്ദേഹം ആകാന്‍ ആഗ്രഹിക്കുന്നത് ഒന്ന്, ആയിരിക്കുന്നത് മറ്റൊന്ന്. ചക്രവര്‍ത്തി തന്റെ അവസ്ഥയില്‍ സംതൃപ്തനായിരുന്നില്ല എന്നേയുള്ളൂ. അദ്ദേഹം അതാവാന്‍ വേണ്ടി കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

കൊള്ളാം. കത്തിയവാറിലെ നാടുവാഴിയ്ക്ക് കൊടുത്ത വാക്കു പാലിക്കണം. വിജയനഗരത്തിന്റെ ഹൃദയത്തില്‍ ഒരു സ്മാരകമന്ദിരം പണിയണം. ഒരു സംവാദഗൃഹം. അവിടെ ആര്‍ക്കും ഏതു വിഷയത്തെപ്പറ്റിയും ആരോടും എന്തും പറഞ്ഞു തര്‍ക്കിക്കാം. നിരീശ്വരത്വത്തെപ്പറ്റിയും രാജഭരണം ഇല്ലാതാക്കുന്നതിനെപ്പറ്റിയും സംസാരിക്കാം. അവിടെ വച്ച് വിനയം ശീലിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം സ്വയം പഠിപ്പിക്കും. അല്ല, അതു ശരിയായില്ല. “പഠിപ്പിക്കുക” അല്ല. ഓര്‍മ്മിച്ചെടുക്കുകയാണ് അല്ലെങ്കില്‍ വീണ്ടെടുക്കുകയാണ്. വിനയം ഹൃദയത്തിന്റെ അടിത്തട്ടിലുണ്ട്. ഈ ‘വിനയവാനായ അക്‍ബര്‍‘ ആയിരിക്കും ഒരുപക്ഷേ തന്റെ ഏറ്റവും നല്ല വശം. മറുനാട്ടില്‍ കഴിച്ചുകൂട്ടിയ കുട്ടിക്കാലത്തെ അനുഭവങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് അക്‍ബറുടെ സ്വഭാവം. ഇപ്പോള്‍ രാജകീയ പ്രൌഢിയുടെ വസ്ത്രങ്ങള്‍ കൊണ്ട് മൂടിപ്പോയിരിക്കുന്നു. എങ്കിലും അതുണ്ട്. വിജയങ്ങളില്‍ നിന്നല്ല, തോല്‍‌വികളില്‍ നിന്ന് സ്വയംഭൂവായത്. ഇപ്പോഴെല്ലാം വിജയങ്ങളാണ്. എന്നാല്‍ ചക്രവര്‍ത്തിയ്ക്ക് പരാജയങ്ങളെക്കുറിച്ചും അറിയാം. പരാജയം അദ്ദേഹത്തിന്റെ പിതാവായിരുന്നു. അതിന്റെ പേരാണ് ഹുമയൂണ്‍.

പിതാവിനെക്കുറിച്ച് ചിന്തിക്കാന്‍ ചക്രവര്‍ത്തി ഇഷ്ടപ്പെട്ടില്ല. ധാരാളം കറുപ്പു പുകച്ച് മയങ്ങിക്കിടക്കുമായിരുന്ന ഒരാള്‍. സാമ്രാജ്യം നഷ്ടപ്പെടുത്തിക്കളഞ്ഞ ഒരാള്‍. പേര്‍ഷ്യയിലെ രാജാവ് യുദ്ധം ചെയ്യാന്‍ സൈന്യത്തെ അയച്ചു കൊടുത്തിട്ടാണ് അതു തിരിച്ചു കിട്ടിയത്. അതിനുവേണ്ടി ഹുമയൂണ്‍ ‘ഷിയാവിശ്വാസത്തിലേയ്ക്ക്’*മാറിയതായി നടിച്ചു. (കോഹ്-ഇ-നൂര്‍ രത്നം കൊടുക്കേണ്ടി വരികയും ചെയ്തു). സിംഹാസനം വീണ്ടെടുത്ത ഉടനെ പുസ്തകാലയത്തിലേയ്ക്കുള്ള കോണി കയറുന്നതിനിടയ്ക്ക് കാലുതെറ്റി വീണു മരിച്ചു. പിതാവിനെ അക്‍ബറിനു അറിഞ്ഞുകൂടായിരുന്നു. ഹുമയൂണ്‍ ചൌസാപ്രവിശ്യ കീഴടക്കിയതിനു ശേഷമായിരുന്നു, അക്‍ബറിന്റെ ജനനം. സിന്‍ഡില്‍ വച്ച്. പതിനാലുമാസം മാത്രം പ്രായമുണ്ടായിരുന്ന മകനെ ഉപേക്ഷിച്ച് ഹുമയൂണ്‍ പേര്‍ഷ്യയിലേയ്ക്ക് കടന്നു കളഞ്ഞു. പിതാവിന്റെ സഹോദരനും ശത്രുവുമായ ഖണ്ഡഹാറിലെ അസ്കാരിയാണ് അക്‍ബറിനെ കൂട്ടിക്കൊണ്ടുവന്ന് വളര്‍ത്തിയത്. പ്രാകൃതനും ക്രൂരനുമായിരുന്നു ചാചാ അസ്കാരി. എപ്പോഴെങ്കിലും സൌകര്യമൊത്തിരുന്നു എങ്കില്‍ അക്‍ബറിനെ അയാള്‍ കൊന്നു കളഞ്ഞേനേ. പക്ഷേ അയാള്‍ക്കതിനു പറ്റിയില്ല, ഭാര്യ എപ്പോഴും അയാളില്‍ ഒരു കണ്ണു വച്ചിരുന്നതിനാല്‍.

അക്‍ബര്‍ ജീവിച്ചു. ചാചി ജാന്‍** അങ്ങനെ ആഗ്രഹിച്ചിരുന്നതു കൊണ്ട്. ഖണ്ഡഹാറില്‍ വച്ച് അദ്ദേഹം ജീവിക്കാന്‍ പഠിച്ചു, പോരാടാനും കൊല്ലാനും‍, വേട്ടയാടാനും പഠിച്ചു‍. സ്വയം രക്ഷിക്കാനും അബദ്ധങ്ങളുച്ചരിക്കാതെ വാക്കുകളെയൊതുക്കാനും പഠിച്ചത്, ആരും പറഞ്ഞു കൊടുത്തിട്ടല്ല. ഒരാള്‍ കൊല്ലപ്പെടാന്‍ ഒതുക്കമില്ലാത്ത വാക്കുകള്‍ മതി. പരാജയപ്പെട്ടവന്റെ അന്തസ്സ്, നഷ്ടങ്ങള്‍, തോല്‍‌വിയെ സ്വീകരിക്കാന്‍ ആത്മാവിനെ ശുദ്ധീകരിക്കേണ്ടവിധം, വിട്ടുകൊടുക്കല്‍, മനസ്സു വച്ച ഒന്നിനെ മുറുക്കെ പിടിച്ചുകൊണ്ടിരുന്നാല്‍ ഉണ്ടാകാവുന്ന കെണി, അത് ഒഴിവാക്കേണ്ട രീതി, എല്ലാം അക്‍ബര്‍ പഠിച്ചെടുത്തു. ഉപേക്ഷിക്കുക എന്നാല്‍ എന്താണെന്ന് സാമാന്യമായും പിതാവില്ലാതിരുന്നാലുള്ള അരക്ഷിതത്വം പ്രത്യേകമായും അദ്ദേഹം മനസ്സിലാക്കി. പിതൃശൂന്യനായിരിക്കുന്നതിനെപ്പറ്റി, തന്തയില്ലായ്മയിലെ ഇല്ലായ്മയെപ്പറ്റി. കൂടുതല്‍ കഴിവുള്ളവനെ എതിര്‍ക്കുന്ന കഴിവുകുറഞ്ഞവന്റെ പ്രതിരോധതന്ത്രങ്ങളെപ്പറ്റി. തന്നിലേയ്ക്ക് ചുഴിഞ്ഞ് നോക്കാനും‍. തനിക്കുമപ്പുറത്തേയ്ക്ക് കാണാനും. ദീര്‍ഘവീക്ഷണം, പാര്‍ശ്വവീക്ഷണങ്ങള്‍, സൂത്രശാലിത്തം, വിനയം, അങ്ങനെ ഒരു ജീവിതത്തിലെ അനേകം താളുകള്‍‍. ഒരാളുടെ വളര്‍ച്ച തുടങ്ങേണ്ടുന്ന ‘അഭാവങ്ങളെ’ക്കുറിച്ചുള്ള നിരവധി പാഠങ്ങള്‍.

അദ്ദേഹത്തെ പഠിപ്പിക്കണം എന്നു ആരും വിചാരിക്കാത്ത വിഷയങ്ങളുമുണ്ട്. അദ്ദേഹം ഒരിക്കലും അഭ്യസിക്കാത്തവ. “നാം ഭാരതത്തിന്റെ ചക്രവര്‍ത്തിയാണ്, ഭക്തി റാം ജയിന്‍, പക്ഷേ എനിക്കൊരിക്കലും സ്വന്തം പേരെഴുതാന്‍ കഴിയില്ല !“ പ്രഭാതത്തില്‍ ദേഹശുദ്ധിയ്ക്കായി തന്നെ സഹായിക്കുന്ന വൃദ്ധനായ വേലക്കാരനെ നോക്കി അദ്ദേഹം അലറി.

“ അനുഗൃഹീതനായ പുണ്യാത്മാവേ, നിരവധിമക്കളുടെ പിതാവും അനേകം ഭാര്യമാരുടെ ഭര്‍ത്താവുമായുള്ളോനേ, ലോകത്തിലെ ഒരേയൊരു ഭരണാധികാരിയും ഭൂഖണ്ഡങ്ങളെ ഏകോപിപ്പിച്ചവനുമായ അങ്ങ് ..” ശരീരം തുടയ്ക്കാന്‍ പതുപതുത്ത ഒരു തുണി കൈമാറിക്കൊണ്ട് ഭക്തി റാം ജയിന്‍ ഉണര്‍ത്തിച്ചു. രാജാവ് ശരീരം വെടിപ്പാക്കുന്ന നാഴികകള്‍ രാജാവിനെ സ്തുതിക്കാനുള്ള സമയം കൂടിയാണ്. ഭക്തി റാം ജയിന്‍ രാജകീയ സ്തുതിപാഠകര്‍ക്കിടയിലെ ഒന്നാമന്‍ എന്നുള്ള പദവി കവിഞ്ഞ അഭിമാനത്തോടെ കൊണ്ടു നടന്നിരുന്നു. അലങ്കാരവാക്കുകള്‍ പരസ്പരം നെയ്തടുക്കുന്നതില്‍ നിഷ്ണാതനും സ്തുതിവാക്യങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വച്ചുകെട്ടി പെരുപ്പിച്ച് ആവര്‍ത്തിക്കുന്ന പരമ്പരാഗതമായ വൈതാളികരീതിയുടെ സമര്‍ത്ഥനായ പ്രയോക്താവുമായിരുന്നു, ഭക്തി റാം. അസാമാന്യമായ ഓര്‍മ്മശക്തിയുണ്ടെങ്കിലേ, അതിശയോക്തികള്‍ ഇഴുക്കിയ പദങ്ങളടുക്കി പ്രശംസാവചനങ്ങളെ പെരുപ്പിച്ചു വഴിനടത്താന്‍ പറ്റൂ. സംഭവങ്ങള്‍ ക്രമമായി അടുക്കണം. മടുപ്പു തോന്നിക്കാത്ത ആവര്‍ത്തനങ്ങള്‍ വേണം. ഭക്തി റാം ജയിനിന്റെ ഓര്‍മ്മശക്തി അപാരമായിരുന്നു. അയാള്‍ക്ക് നാഴികകളോളം ചക്രവര്‍ത്തിയെ സ്തുതിച്ചു നില്‍ക്കാനുള്ള ഭാഷാശേഷിയുണ്ടായിരുന്നു.

വിപത് സൂചനപോലെ ചൂടു വെള്ളം നിറച്ചു വച്ചിരിക്കുന്ന വലിയ പാത്രത്തില്‍ തന്റെ മുഖം ചുവന്നു വരുന്നത് ചക്രവര്‍ത്തി കണ്ടു. “നാം രാജാക്കന്മാരുടെയും രാജാവാണ് ഭക്തി റാം ജയിന്‍, പക്ഷേ നാമുണ്ടാക്കിയ നിയമങ്ങള്‍ പോലും നമുക്ക് വായിക്കാന്‍ അറിയില്ല. അതിലെന്താണ് നിനക്ക് പറയാനുള്ളത്?“

“അങ്ങനെ തന്നെയാണ്, നീതിമാന്മാരില്‍ വച്ച് നീതിമാനായിട്ടുള്ളവനേ, അനേകം മക്കളുള്ള പിതാവേ, അനേകം ഭാര്യമാരുടെ പ്രിയതമനേ, ലോകത്തിന്റെ ഏക ഭരണാധിപനേ, ഭൂമിഖണ്ഡങ്ങളെ ഏകോപിപ്പിച്ചവനേ, എല്ലാത്തിനെയും ഭരിക്കുന്നവനേ, ജീവനുള്ളവയെയെല്ലാം ഒരു കുടക്കീഴിലാക്കിയവനേ....“ഭക്തി റാം ജയിന്‍ തന്റെ ചുമതല വെടിപ്പായി തുടര്‍ന്നു.

“നാം പ്രകാശങ്ങളുടെ പ്രകാശമാണ്. ഇന്ത്യയുടെ നക്ഷത്രം. തേജസ്സുകളില്‍ സൂര്യന്‍‍. “ അടിസ്ഥാനമില്ലാത്ത പ്രശംസാവാക്കുകളെക്കുറിച്ചു ചിലതൊക്കെ മനസ്സിലാക്കി വച്ചിരുന്ന ചക്രവര്‍ത്തി പറഞ്ഞു. “ എന്നിട്ടും നാം വളര്‍ന്നത് നഗരത്തിന്റെ തീട്ടക്കുഴിയിലാണ്. കുട്ടികളെ ഉണ്ടാക്കിക്കൊടുക്കാന്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ കേറിപ്പിടിക്കുകയും ആണ്‍കുട്ടികളെ പുരുഷന്മാരാക്കാന്‍ പിന്നില്‍ നിന്ന് ഭോഗിക്കുകയും ചെയ്യുന്നിടത്ത്. മുമ്പില്‍ നില്‍ക്കുന്നവനെക്കുറിച്ച് യോദ്ധാവ് കരുതലോടെ ഇരിക്കുന്നതു പോലെ പിന്നില്‍ നിന്ന് ആക്രമിച്ച് ചന്തി തകര്‍ക്കുന്ന അക്രമിയെ സൂക്ഷിച്ചു കൊണ്ടാണ് നാം വളര്‍ന്നത്.“

“അങ്ങനെ തന്നെയാണ്, പ്രകാശങ്ങളുടെ പ്രകാശമേ, നിരവധി മക്കളുടെ പിതാവും നിരവധി ഭാര്യമാരുടെ പ്രിയതമനുമായിട്ടുള്ളവനേ, ലോകത്തിന്റെ ഏക ഭരണാധിപനേ, ഭൂമിഖണ്ഡങ്ങളെ ഏകോപിപ്പിച്ചവനേ, എല്ലാത്തിനെയും ഭരിക്കുന്നവനേ, ജീവനുള്ളവയെയെല്ലാം ഒരു കുടക്കീഴിലാക്കിയവനേ, പ്രകാശങ്ങളുടെ പ്രകാശമേ, ഇന്ത്യയുടെ താരമേ, തേജസ്വിയായ സൂര്യനേ....“പൊട്ടക്കാതനെങ്കിലും ചക്രവര്‍ത്തിയുടെ സൂചനകള്‍ മനസ്സിലാക്കേണ്ടതെങ്ങനെയെന്നറിയാവുന്ന ഭക്തി റാം ജയിന്‍ പറഞ്ഞു.

“അങ്ങനെയാണോ ഒരു രാജാവ് വളരേണ്ടത്, ഭക്തി റാം ജയിന്‍?” ചക്രവര്‍ത്തി ഒച്ചവച്ചു. പാത്രത്തില്‍ നിന്ന് വെള്ളം തെറിച്ചു. “അക്ഷരശൂന്യനായി, സ്വന്തം ചന്തി പൊത്തിപ്പിടിച്ച്, പ്രാകൃതനായി..- അതാണോ ഒരു രാജകുമാരന്‍...?”

“അങ്ങനെ തന്നെയാണ്, ബുദ്ധിമാന്മാരില്‍ വച്ച് ബുദ്ധിമാന്മാനായിട്ടുള്ളവനേ, നിരവധി മക്കളുടെ പിതാവും നിരവധി ഭാര്യമാരുടെ പ്രിയതമനുമായിട്ടുള്ളവനേ ലോകത്തിന്റെ ഏക ഭരണാധിപനേ, ഭൂമിഖണ്ഡങ്ങളെ ഏകോപിപ്പിച്ചവനേ എല്ലാത്തിനെയും ഭരിക്കുന്നവനേ, ജീവനുള്ളവയെയെല്ലാം ഒരു കുടക്കീഴിലാക്കിയവനേ, പ്രകാശങ്ങളുടെ പ്രകാശമേ, ഇന്ത്യയുടെ താരമേ, തേജസ്വിയായ സൂര്യനേ, മനുഷ്യാത്മാക്കളുടെ യജമാനനേ, പ്രജകളുടെ ഏകാശ്രയമേ...” ഭക്തി റാം ജയിന്‍ പറഞ്ഞു.

“എന്റെ ചുണ്ടുകളിലെ വാക്കുകള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് അഭിനയിക്കുകയാണ്, നീ“ ചക്രവര്‍ത്തി ശബ്ദമുയര്‍ത്തി.

“അങ്ങനെ തന്നെയാണ്, പ്രവാചകരേക്കാള്‍ ഉള്‍ക്കാഴ്ചയുള്ളവനേ, നിരവധി മക്കളുടെ......”

“നമുക്ക് ഉച്ചസദ്യയ്ക്കുള്ള വിഭവമായി, കഴുത്തുമുറിക്കേണ്ട ഒരു കൊറ്റനാടാണു നീ, ” രാജാവ് അലറി.

“അങ്ങനെതെന്നെയാണ്, ദൈവത്തേക്കാള്‍ കാരുണ്യവാനായവനേ.. നിരവധി.......”

“നിന്റെ അമ്മ പന്നിയെയയിരിക്കും പ്രാപിച്ചത്, നിന്നെയുണ്ടാക്കാന്‍...”

“അങ്ങനെതന്നെയാണ്, വാഗ്മികളിലെല്ലാം വച്ച് ഏറ്റവും നല്ല വചോവിലാസം സ്വായത്തമാക്കിയവനേ, നിര-....”

“ സാരമില്ല.“ കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ചക്രവര്‍ത്തി പറഞ്ഞു. “നമുക്കിപ്പോള്‍ സുഖമുണ്ട്. പൊയ്ക്കോ ദൂരെ. നിനക്കു ജീവിക്കാം.”

- സല്‍മാന്‍ റഷ്ദി

* ഇസ്ലാമിലെ അവാന്തരവിഭാഗം
**ബാപ്പയുടെ അനുജന്റെ ഭാര്യ

June 20, 2009

ഏകവചനങ്ങളുടെ കൂടാരം 4



കൊട്ടാരത്തിലേയ്ക്കുള്ള വഴി മദ്ധ്യേ, പെട്ടെന്ന് എത്തിയ ഒരു പട്ടാളദൌത്യം അദ്ദേഹത്തിന്റെ ചിന്തകളെ ഉടച്ചു. ഒരു പ്രതിയോഗിയെക്കൂടി ഒതുക്കേണ്ടതുണ്ടത്രേ. തീരേ നിസ്സാരനായ ഒരുവന്‍. കത്തിയവാര്‍ ഉപദ്വീപിലേയ്ക്ക് ഇനി അടിയന്തിരമായി തിരിയണം. വലിയ വായും അതിനേക്കാള്‍ വലിയ മീശയുമുള്ള, (ചക്രവര്‍ത്തിയ്ക്ക് മീശയോട് തീരെ ആഭിമുഖ്യമില്ല, ദയാരഹിതമായ നിലപാടാണ് അക്കാര്യത്തില്‍ പ്രതിയോഗികളോട് ) ഒരു കാര്യവുമില്ലാതെ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുന്ന നാടുവാഴിപ്രഭു കച്ച് നഹീനിലെ യുവാവായ റാണായുടെ അഹങ്കാരത്തെ തകര്‍ക്കണം. സ്വാതന്ത്ര്യം ! ആര്‍ക്കാണ് സ്വാതന്ത്ര്യം? എന്തില്‍ നിന്നുള്ള സ്വാതന്ത്ര്യം? ചക്രവര്‍ത്തി ഉള്ളില്‍ കത്തിയെരിഞ്ഞു. സ്വാതന്ത്ര്യമെന്നത് ഒരു കുഞ്ഞിന്റെ ഭാവനയാണ്. പെണ്ണുങ്ങള്‍ക്കുള്ള ഒരു കളി.

ഒരു മനുഷ്യനും സ്വതന്ത്രനല്ല. ഒരിക്കലും. അദ്ദേഹത്തിന്റെ സൈന്യം ഗിര്‍വനത്തിലെ വെളുത്തമരങ്ങള്‍ക്കിടയിലൂടെ ചലിച്ചു. അടുത്തടുത്തു വരുന്ന ഭീകരമായ ഒരു പകര്‍ച്ചവ്യാധിപോലെ. കച്ച് നഹീന്റെ ദുര്‍ബലമായ ചെറിയ കോട്ട, ഇളകുന്ന മരക്കൊമ്പുകളില്‍ അടുത്തുവരുന്ന മരണത്തെ കണ്ട് സ്വയം തകര്‍ന്നു വീണു. കീഴടങ്ങിയതായി പ്രഖ്യാപിക്കുന്ന കൊടിയുയര്‍ന്നു. ആ ചെറിയ നാട്ടുരാജ്യം ചക്രവര്‍ത്തിയുടെ കാല്‍ക്കല്‍ വീണു കിടന്ന് ദയ യാചിച്ചു. പരാജയപ്പെട്ട ശത്രുക്കളെ കൊന്നു തള്ളുന്നതിനു പകരം ചിലപ്പോഴെല്ലാം ചക്രവര്‍ത്തി അവരുടെപെണ്മക്കളിലാരെയെങ്കിലും വിവാഹം ചെയ്യും. തോത്പിക്കപ്പെട്ട ‘ഭാര്യാപിതാവിന്’ അങ്ങനെ പദവി ലഭിക്കും. ഉരുണ്ടു കളിക്കുന്ന തലയില്ലാത്ത ഒരു ശവശരീരമാകുന്നതിനു പകരം ചക്രവര്‍ത്തിയുടെ കുടുംബത്തില്‍ ഒരംഗമായി തീരുന്നതല്ലേ എന്തുകൊണ്ടും നല്ലത്? ഇപ്രാവശ്യം അദ്ദേഹം റാണയുടെ സുന്ദരമായ മുഖത്തെ വലിയ മീശ തൊലിയോടൊപ്പം അരിഞ്ഞെടുത്തു. ആ ദിവാസ്വപ്നക്കാരന്റെ മുഖത്തെ തലങ്ങും വിലങ്ങും പോന്തി. ചക്രവര്‍ത്തി നേരിട്ടാണത് ചെയ്തത്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ പിതാമഹന്‍ ചെയ്തതു പോലെ. സ്വന്തം വാളുകൊണ്ട്. പിന്നെ, വിറയ്ക്കാനും വിലപിക്കാനുമായി താവളത്തിലേയ്ക്ക് മടങ്ങി.

ചക്രവര്‍ത്തിയുടെ വിടര്‍ന്ന കണ്ണുകള്‍ ദിശതെറ്റി അനന്തതയിലേയ്ക്ക് പാളി നോക്കിക്കൊണ്ടിരിക്കും. ഒരു സ്വപ്നാടനക്കാരി പെണ്‍കുട്ടിയുടേതു പോലെ. അല്ലെങ്കില്‍ കരയെവിടെയെന്ന് തിരയുന്ന നാവികന്റേതു പോലെ. ഇഷ്ടക്കേടു കാണിക്കുന്ന സ്ത്രീകളുടെ മട്ടില്‍ അദ്ദേഹത്തിന്റെ ചുണ്ടുകള്‍ മുന്നോട്ട് കൂട്ടിപ്പിടിച്ചു. സ്ത്രൈണമാ‍യ ഈ താത്കാലികഭാവങ്ങള്‍ക്കപ്പുറം അദ്ദേഹം ആണത്തത്തിന്റെ ഉത്കൃഷ്ടമായ മാതൃകയായിരുന്നു. കരുത്തും വലിപ്പവും ഒത്തു ചേര്‍ന്ന പുരുഷാകാരം. കുട്ടിയായിരുന്നപ്പോള്‍ കൈയിലൊരായുധവുമില്ലാതെ അദ്ദേഹം പെണ്‍‌കടുവകളെ കൊന്നുതള്ളിയിട്ടുണ്ട്. സ്വന്തം പ്രവൃത്തിയില്‍ അസ്വസ്ഥനായതുകൊണ്ടൊ എന്തോ പിന്നീട് മാംസാഹാരം ഉപേക്ഷിച്ച് തികഞ്ഞ സസ്യാഹാരിയായി മാറി. മുസ്ലീമായ സസ്യാഹാരി. സമാധാനം മാത്രം ആഗ്രഹിക്കുന്ന പോരാളി. തത്ത്വചിന്തകനായ രാജാവ്. എല്ലാം പരസ്പര വിരുദ്ധം ! അതാണ് ഭാരതഖണ്ഡം അറിഞ്ഞതില്‍ വച്ച് ഏറ്റവും മികച്ച ഭരണാധികാരി. മഹാനായ അക്‍ബര്‍.

കെട്ടിക്കിടക്കുന്ന രക്തത്തില്‍ അലിഞ്ഞുചേര്‍ന്നുകൊണ്ടിരിക്കുന്ന തകര്‍ന്നടിഞ്ഞ കോട്ടയുടെ ചുവട്ടില്‍ നിരന്നു കിടന്നിരുന്ന ശവങ്ങളിലേയ്ക്ക് രാത്രി ഇറങ്ങി വന്നു. യുദ്ധത്തിനു ശേഷം പതിവുള്ള വിഷാദം അന്തരീക്ഷത്തിലെങ്ങും തളംകെട്ടിനിന്നു. തൊട്ടടുത്തുള്ള ചെറിയ ജലപാതത്തിന്റെ ശബ്ദത്തിനിടയിലും രാപ്പാടി പാടുന്നതു ചക്രവര്‍ത്തി കേട്ടു. ബുള്‍-ബുള്‍, ബുള്‍-ബുള്‍. താത്കാലിക താവളത്തിനുള്ളില്‍ മഞ്ഞുകട്ട ചാലിച്ച വീഞ്ഞു നുണഞ്ഞ് ക്രൂരരായ തന്റെ പൂര്‍വികരെയോര്‍ത്ത് ദുഃഖിക്കുകയായിരുന്നു ചക്രവര്‍ത്തി. ചരിത്രപുസ്തകങ്ങളില്‍ മഹാന്മാരാണെങ്കിലും രക്തദാഹികളായിരുന്ന അവരെപ്പോലെയാകാനല്ല അദ്ദേഹം ആഗ്രഹിച്ചത്. അക്രമോത്സുകമായിരുന്ന ഒരു ഭൂതകാലത്തില്‍ നിന്നും കുത്തഴിഞ്ഞിറങ്ങിവരുന്ന നാമങ്ങളുടെ ഭാരം അദ്ദേഹത്തിന്റെ ഉള്ളില്‍നിറഞ്ഞു. മനുഷ്യരക്തത്തില്‍ കുതിര്‍ന്ന് ഒലിച്ചുവന്നതാണ് ഈ പേരും. അക്‌ബര്‍. പിതാമഹന്‍ ബാബര്‍. ഫെര്‍ഘാനയിലെ യുദ്ധപ്രഭു, ഒരുപാടൊക്കെ കീഴടക്കി, എല്ലാവരാലും വെറുക്കപ്പെടുകയും ചെയ്തു. നിറഞ്ഞ സമ്പത്തിന്റെയും നിരവധി ദൈവങ്ങളുടെയും നാടായ ഇന്ത്യ എന്ന പുതിയ പ്രവിശ്യ, ബാബര്‍ എന്ന യുദ്ധയന്ത്രത്തിനുള്ള ആശംസാവാക്യങ്ങള്‍ക്ക് ലഭിച്ച അപ്രതീക്ഷിതമായ ഒരു സമ്മാനമായിരുന്നു. ബാബറിനും മുന്‍പ് ട്രാന്‍സോക്സിയാനയിലെയും മംഗോളിയയിലെയും കൊലപാതകികളായ രാജകുമാരന്മാര്‍. കരുത്തനായ തെമുജിന്‍. എല്ലാറ്റിനും മുകളില്‍ ജെന്‍‌ഘിസ്, ചാന്‍‌ഗെസ്, ഝെങ്കിസ് അല്ലെങ്കില്‍ ചിങ്ഗിസ് ക്വാന്‍. മുഗളശബ്ദം പേരായി സ്വീകരിക്കേണ്ടി വന്നതു നന്നായി. അതിനു കാരണക്കാരനായവനു നന്ദി. മംഗോളിയന്‍ അല്ലല്ലോ. മംഗോളിയന്‍ ആണെന്ന് ഉള്ളില്‍ തോന്നുന്നുമില്ല. തോന്നുന്നത് ......ഹിന്ദുസ്ഥാനിയാണെന്നാണ്. അദ്ദേഹത്തിന്റെ കൂട്ടര്‍ സ്വര്‍ണ്ണമോ നീലയോ വെള്ളയോ അല്ല. ‘കൂട്ടര്‍.....‍’ ആ പേരു കേട്ട മാത്രയില്‍ തന്നെ തന്റെ ലോലമായ ചെവികള്‍ വൃത്തികെട്ടതും പരുക്കനുമായെന്നു രാജാവിനു തോന്നി. ‘ആക്രമണകാരികളായ ഒരു കൂട്ട‘മായിരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. പരാജയപ്പെടുത്തിയ ശത്രുക്കളുടെ കണ്ണില്‍ വെള്ളിയുരുക്കിയൊഴിക്കാനോ അത്താഴം കഴിക്കുന്ന വിശാലമായ ഹാളിന്റെ തറയ്ക്കു കീഴെയിട്ട് അവരെ പിഴിഞ്ഞ് ചോരയൂറ്റാനോ ആഗ്രഹിച്ചില്ല.
യുദ്ധം അദ്ദേഹത്തെ മടുപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

കുട്ടിക്കാലത്ത് തന്നെ പഠിപ്പിച്ച അദ്ധ്യാപകനെ ചക്രവര്‍ത്തി ഓര്‍ത്തു. പേര്‍ഷ്യക്കാരനായ ഒരു മിര്‍. ഗുരു പറഞ്ഞു കൊടുത്തത് ഉള്ളില്‍ സമാധാനമുള്ള ഒരു മനുഷ്യന്‍ മറ്റുള്ളവരിലും സമാധാനം സൃഷ്ടിക്കും എന്നാണ്. സല്‍‌ഹ്- ഇ- കുല്‍. പരിപൂര്‍ണ്ണ ശാന്തി. ഒരു ഖാനും ഈ ആശയം മനസ്സിലാവില്ല. ഖാന്‍ സാമ്രാജ്യമല്ല, അദ്ദേഹത്തിനു വേണ്ടത്, ഒരു രാജ്യമാണ്.

കച്ച് നഹീനിലെ മെലിഞ്ഞ, ഇരുണ്ട നിറമുള്ള, യുവാവായ റാണാ അക്‍ബറിന്റെ കാല്‍ക്കല്‍ മുട്ടുകുത്തിനിന്നു. രോമങ്ങള്‍ ചീന്തിയെറിഞ്ഞ് നാശമായ മുഖത്തു നിന്നും രക്തം ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു, അപ്പോഴും. “ചരിത്രം ആവര്‍ത്തിക്കുകയാണ്” അയാള്‍ പറഞ്ഞു. “ 70 വര്‍ഷങ്ങള്‍ക്കു മുന്‍പ് അങ്ങയുടെ പിതാമഹന്‍ എന്റെ മുത്തച്ഛനെ കൊന്നു.”

“നമ്മുടെ പിതാമഹന്‍ .....” ആചാരമനുസരിച്ചുള്ള ബഹുവചനം ഉപയോഗിച്ച് ചക്രവത്തി പറഞ്ഞു. ഏകവചനത്തെക്കുറിച്ചുള്ള ആലോചനകള്‍ പരീക്ഷിക്കാനുള്ള സമയമല്ലിത്. ഈ മുടിഞ്ഞവന് ആ യോഗ്യത കിട്ടിക്കൂടാ.
“.....കവിയുടെ നാവുള്ള കിരാതനായിരുന്നു. നാം കിരാതന്മാരുടെ ചരിത്രമുള്ള ഒരു കവിയും. യുദ്ധത്തില്‍ പൈശാചികത്വം ഞാന്‍ അങ്ങേയറ്റം വെറുക്കുന്നു. ചരിത്രം ആവര്‍ത്തിക്കുകയല്ല, ചരിത്രം മുന്നോട്ടു പോവുകയാണ് എന്നാണ് അതു കാണിക്കുന്നത്. മനുഷ്യന് മാറാന്‍ കഴിയും.”

“ഒരു കൊലയാളിക്ക് പുറപ്പെടുവിക്കാന്‍ കഴിയുന്ന വിചിത്രമായ അഭിപ്രായപ്രകടനമാണത്.” റാണാ പിറുപിറുക്കുന്ന സ്വരത്തില്‍ സ്വയം മൊഴിഞ്ഞു. “ പക്ഷേ മരണവുമായി തര്‍ക്കി‍ക്കുന്നതില്‍ ഒരു കാര്യവുമില്ല.”

“ ഉം....നിന്റെ സമയമടുത്തു.” അക്‍ബര്‍ അമര്‍ന്നിരുന്നു. “ പോകുന്നതിനു മുന്‍പ് സത്യസന്ധമായി പറയുക, ശവക്കച്ചയില്‍ പൊതിയുമ്പോള്‍ ഏതു തരത്തിലുള്ള സ്വര്‍ഗമാണ് നീ കണ്ടെത്താമെന്നു പ്രതീക്ഷിക്കുന്നത്?” റാണ, മുറിഞ്ഞ് ചോരയൊട്ടി വികൃതമായ മുഖമുയര്‍ത്തി ചക്രവര്‍ത്തിയുടെ കണ്ണുകളിലേയ്ക്ക് നോക്കി. “സ്വര്‍ഗത്തില്‍ ആരാധനയും തര്‍ക്കവും അര്‍ത്ഥമാക്കുന്നത് ഒരേ കാര്യം തന്നെയാണ്”. റാണയുടെ ശബ്ദം ഉറച്ചു. “ ദൈവം ക്രൂരനായ ഒരു പ്രഭുവല്ല. ഈശ്വരസന്നിധിയില്‍ ഉച്ചരിക്കുന്ന ഏതു ശബ്ദവും സ്വതന്ത്രമാണ്. അതു തന്നെയാണ് അവിടത്തെ ആരാധനയും.”

അക്‍ബര്‍ അസ്വസ്ഥനായി. മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നത് ചുടുചോരയുടെ യുവത്വമാവുമ്പോള്‍ അതു സ്വാഭാവികമാണ്. പക്ഷേ സ്വാസ്ഥ്യരാഹിത്യത്തിനുമപ്പുറം, റാണയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ എവിടെയോ ചെന്നു തൊട്ടു. “നിനക്കൊരു സ്മാരകമന്ദിരം ഈ ഭൂമിയില്‍ കെട്ടിയുയര്‍ത്തുമെന്ന് നാം ഉറപ്പു തരുന്നു”. ചക്രവര്‍ത്തി പറഞ്ഞു. എന്നിട്ട് ‘അല്ലാഹു അക്‍ബര്‍’ .....‘ദൈവം വലിയവനാണ്‘ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ധീരതയും, ബുദ്ധിശാലിത്തവും അഹങ്കാരവും നിറഞ്ഞതു കൊണ്ട് ഉപയോഗശൂന്യമായ റാണയുടെ തല വെട്ടിയെറിഞ്ഞു.

റാണയെ കൊന്ന് നാഴികകള്‍ കഴിഞ്ഞപ്പോള്‍ ഏകാന്തതയുടെ ചിരപരിചിതനായ ഭൂതം വന്ന് ചക്രവര്‍ത്തിയെ ആവേശിച്ചു. തുല്യനിലയില്‍ കയറി നിന്ന് ഒരുത്തന്‍ അങ്ങനെ സംസാരിക്കുന്നത്, അദ്ദേഹത്തെ വല്ലാതെ ഭ്രാന്തുപിടിപ്പിച്ചിരുന്നു. അതു തെറ്റാണ്. അതറിയാം. രാജാവിന്റെ കോപം എപ്പോഴും ഒരു തെറ്റാണ്. കോപിഷ്ടനായ രാജാവ് അബദ്ധങ്ങള്‍ മാത്രം ചെയ്തുകൂട്ടുന്ന ദൈവത്തെപ്പൊലെയാണ്. മറ്റൊരു പൊരുത്തക്കേടു കൂടി ഇവിടെയുണ്ട്. അദ്ദേഹം പ്രാകൃതനായ ഒരു തത്ത്വചിന്തകനും കരയുന്ന കുഞ്ഞുങ്ങളെ കൊന്നു തള്ളുന്നവനും ആണെന്നതുപോലെ പൊങ്ങച്ചങ്ങളിലും പഞ്ചാരവാക്കുകളിലും വല്ലാതെ അഭിരമിക്കുന്ന താന്‍പോരിമക്കാരനുമാണ്. എന്നിട്ടും ഇപ്പോള്‍ താന്‍ നില്‍ക്കുന്നിടം വിട്ട് മറ്റൊരു ലോകത്തിലേയ്ക്ക് പോകണമെന്ന് ഒരിക്കലുംആഗ്രഹിക്കാതിരിക്കുന്നവനുമാണ്. അവിടെ മാത്രമാണ് തനിക്കു തുല്യനായ ഒരുവനെ അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിയുക. അവനെ മാത്രമാണ് തന്റെ സഹോദരനായി അദ്ദേഹത്തിനു പരിഗണിക്കാന്‍ കഴിയുക. അവനോട് അദ്ദേഹത്തിനു സ്വച്ഛന്ദമായി സംസാരിക്കാം, അവനെ പഠിപ്പിക്കാം, അവനില്‍ നിന്ന് ചിലതെല്ലാം പഠിക്കാം. സന്തോഷങ്ങള്‍ പങ്കിടാം. തുല്യനിലയിലുള്ളവരോട് സംസാരിച്ചിരിക്കുന്നതിന്റെ ആഹ്ലാദങ്ങള്‍ക്കായി വിജയങ്ങളുടെ താത്കാലിക സന്തോഷങ്ങള്‍ ഉപേക്ഷിക്കാം. പക്ഷേ അങ്ങനെയൊരു ലോകമുണ്ടോ? ഏതു നിരത്തിലൂടെയാണ് അങ്ങോട്ട് പോകേണ്ടത്? തനിക്ക് സമാനനായൊരു മനുഷ്യന്‍ ഈ ലോകത്തെവിടെയെങ്കിലും ഉണ്ടാകുമോ? അതോ അയാളെയാണോ താനിപ്പോള്‍ കൊന്നു തള്ളിയത്? മീശക്കാരനായ റാണയെപ്പോലെ ഈ ലോകത്ത് അയാള്‍ മാത്രമേയുണ്ടായിന്നുള്ളോ? സ്നേഹിക്കേണ്ടിയിരുന്ന ഒരു മനുഷ്യനെയാണോ താന്‍ ഇപ്പോള്‍ ഇല്ലാതാക്കിയത്......? ചിന്തകള്‍ ഇത്രത്തോളമായപ്പോള്‍ കണ്ണീര്‍ നിറഞ്ഞ് ചക്രവര്‍ത്തിയുടെ കാഴ്ച മങ്ങി.

ആഗ്രഹിക്കുന്ന വ്യക്തിയായി പരിണമിക്കുന്നതെങ്ങനെ? മഹാനായ അക്‍ബര്‍. ‘അക്‍ബര്‍ എന്ന മഹാന്‍ ‍!’ കൊള്ളാം. പക്ഷേ എങ്ങനെ?

- സല്‍മാന്‍ റഷ്ദി

June 19, 2009

ഏകവചനങ്ങളുടെ കൂടാരം 3



നഗരത്തില്‍ സമാധാനം തിരിച്ചു വന്നെങ്കിലും രാജാവിന്റെ ആത്മാവു മാത്രം ഇളകിമറിഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം യുദ്ധരംഗത്ത് നിന്നു മടങ്ങുകയായിരുന്നു. സൂറത്തില്‍ തലപൊക്കിയ അസ്വാസ്ഥ്യങ്ങളെ വരുതിയ്ക്കു നിര്‍ത്താന്‍ യാത്ര തിരിച്ചതാണ്. പടയൊരുക്കങ്ങളുടെയും യുദ്ധത്തിന്റെയും നീണ്ട ദിനങ്ങളിലും പ്രഹേളികാസ്വഭാവത്തോടെ തത്ത്വചിന്തയും ഭാഷാശാസ്ത്രവും അദ്ദേഹത്തിന്റെ മനസ്സില്‍ കെട്ടിമറിഞ്ഞു. യുദ്ധകാര്യങ്ങള്‍ക്കുള്ള അതേ പ്രാധാന്യത്തോടുകൂടി തന്നെ. ചക്രവര്‍ത്തി അബുല്‍ ഫദ് ജലാലുദീന്‍ മുഹമ്മദ് കുട്ടിക്കാലം മുതല്‍ ‘മഹാനായ’ എന്ന അര്‍ത്ഥമുള്ള ‘അക്‍ബര്‍’ സംജ്ഞയാല്‍ പ്രശസ്തനായ രാജാധിരാജന്‍, അര്‍ത്ഥത്തിന്റെ ആവര്‍ത്തനം വകവയ്ക്കാതെ, പിന്നെയും പേരിലൊരു ‘മഹാനായ’ കൂട്ടിച്ചേര്‍ത്ത് ‘മഹാനായ അക്‍ബറാ‘യ, മഹാന്മാരില്‍ വച്ച് മഹാനായ, മഹത്വങ്ങളാല്‍ മഹിതനായ, ഇരട്ടിച്ച മഹത്വമുള്ള, മഹത്വത്തിനുള്ളിലെ മഹിമയുടെ വലിപ്പം പ്രകടിപ്പിക്കാന്‍ നാമധേയത്തിലെ ആവര്‍ത്തനം ഉചിതമെന്നു മാത്രമല്ല അനിവാര്യം കൂടിയാക്കിത്തീര്‍ക്കുന്നത്ര മഹത്വം കൈയാളുന്ന, അതിവിശിഷ്ട മുഗളനായ ചക്രവര്‍ത്തി അക്‍ബര്‍, പൊടിയണിഞ്ഞ്, യുദ്ധരംഗത്തെ പ്രവൃത്തികളാല്‍ തളര്‍ന്ന്, വിജയിയായി, ചിന്താഗ്രസ്തനായി, മേദസ്സുകള്‍ അടിഞ്ഞു തുടങ്ങുന്ന ശരീരവുമായി, വ്യാമോഹങ്ങളില്‍ നിന്നു താത്കാലികമായി മുക്തനായി, വടിക്കാത്ത മുഖവുമായി, സഹൃദയനായി, കാമാതുരനായി, സമ്പൂര്‍ണ്ണനായ ഒരു ചക്രവര്‍ത്തിയായി, ഇതെല്ലാം കൂടിച്ചേരുമ്പോഴുണ്ടാകുന്ന പ്രഭാവലയത്തോടെ, ഒന്നിലധികം ആളുകള്‍ കൂടിച്ചേര്‍ന്ന വ്യക്തിയായി, ‘നാം’ എന്ന ഉത്തമപുരുഷബഹുവചനം കൊണ്ട് സ്വയം വിശേഷിപ്പിക്കുന്ന പല ശിരസ്സുകളുള്ള അസാധാരണസ്വത്വമായി, കൊട്ടാരത്തിലേയ്ക്കുള്ള നീണ്ടതും വിരസവുമായ യാത്രയ്ക്കിടയില്‍ ‘ഞാന്‍’ എന്ന ഉത്തമപുരുഷ ഏകവചനത്തിന്റെ അസ്വസ്ഥതയുണ്ടാക്കുന്ന സാദ്ധ്യതകളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.

കൂടെ കൊണ്ടു പോരുന്ന ഭദ്രമായി അടച്ച മണ്‍ഉപ്പുഭരണികളില്‍ തോത്പിച്ച ശത്രുക്കളുടെ തലകള്‍ അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിച്ചുകൊണ്ടിരുന്നു, അപ്പോള്‍.

ചക്രവര്‍ത്തി ഒരിക്കലും സ്വയം ‘ഞാന്‍’ എന്നു പറയാറില്ല. രഹസ്യമായോ സ്വപ്നത്തിലോ കോപം കൊണ്ടോ.. ഒരിക്കലും പറഞ്ഞിട്ടില്ല. അദ്ദേഹം എപ്പോഴും ‘നാം’ ആയിരുന്നു. (മറ്റെന്താണ് അദ്ദേഹം?) ‘നാം’ എന്നതിന്റെ നിര്‍വചനവും മൂര്‍ത്തീഭാവവുമായിരുന്നു. ബഹുവചനമായാണ് അദ്ദേഹം ജനിച്ചത്. ‘നാം’ എന്നു പറയുമ്പോഴൊക്കെ അദ്ദേഹം സ്വാഭാവികമായും സത്യസന്ധമായും അര്‍ത്ഥമാക്കിയത്, തന്റെ പ്രജകളുടെ എല്ലാം മൂര്‍ത്തരൂപമാണ് താന്‍ എന്നാണ്. തന്റെ അതിര്‍ത്തികള്‍ക്കുള്ളിലെ മരങ്ങള്‍, ചെടികള്‍, മൃഗങ്ങള്‍, തടാകങ്ങള്‍, മലകള്‍, നദികള്‍, പട്ടണങ്ങള്‍, വിശാലമായ ഭൂമി, തലയ്ക്കുമുകളിലൂടെ പറന്നു പോകുന്ന കിളികള്‍, മൂവന്തിയ്ക്ക് വന്നു കടിക്കുന്ന കൊതുകുകള്‍, മണ്ണിനടിയിലെ രഹസ്യലോകത്തിലിരുന്ന് വേരുകള്‍ കരളുന്ന പേരറിയാന്‍ വയ്യാത്ത ജന്തുക്കള്‍ എല്ലാം അതിലടങ്ങുന്നു. ഇതുവരെ നേടിയ എല്ലാ വിജയങ്ങളുടെയും ആകത്തുക, ആടിയ നിരവധി വേഷങ്ങളുടെ ഒത്തിരിപ്പ്. നേടിയെടുത്ത ശേഷികള്‍, ചരിത്രങ്ങള്‍, ശിരച്ഛേദം ചെയ്തതോ ചലനം കെടുത്തിയതോ ആയ ശത്രുക്കള്‍. ഇതെല്ലാം അതിലുണ്ട്. സ്വന്തം പ്രജകളുടെ വര്‍ത്തമാനകാലവും ഭൂതകാലവും അവരുടെ ഭാവിയെ ചലിപ്പിക്കുന്ന യന്ത്രവും അദ്ദേഹമാണ്.

‘നാം’ എന്ന പദം രാജാവിനുമാത്രമുള്ളതാണ്. എങ്കിലും സാധാരണക്കാര്‍ക്കും ഇടയ്ക്കൊക്കെ ബഹുവചനങ്ങളാണ് തങ്ങള്‍ എന്നു വിചാരിക്കാം. നീതിയോടു താത്പര്യം കൊണ്ടോ ചര്‍ച്ചയ്ക്കു വേണ്ടിയോ അത് അംഗീകരിച്ചു കൊടുക്കാമെന്നു വച്ചു.

ജനങ്ങള്‍ക്ക് തെറ്റിയോ? ഇനി ചക്രവര്‍ത്തിക്കാണോ ചിന്ത പിഴച്ചത്? (അയ്യോ! എന്തൊരു ചിന്ത!) ഒരുപക്ഷേ ഈ ‘ ഞാന്‍ ഒരു സമൂഹമാണ്’ എന്ന സങ്കല്പം ഈ ലോകത്തില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരിക്കും. ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ്. മറ്റുള്ള അനേകം അസ്തിത്വങ്ങള്‍ക്കിടയില്‍ അവയുടെ ഭാഗമായ ഒഴിവാക്കാനാവാത്ത മറ്റൊരു ഉണ്മ. അപ്പോള്‍ ‘പലതാ‘യിരിക്കുക എന്നത് രാജാവിന്റെ മാത്രം പ്രത്യേക കാര്യമായിരിക്കില്ല. അദ്ദേഹത്തിന്റെ മാത്രം ദിവ്യമായ അവകാശവുമായിരിക്കില്ല. പ്രജകളുടെ ചിന്തകളില്‍ ഒരു ഏകാധിപതിയുടെ പ്രതിരൂപങ്ങള്‍ ശുദ്ധമായി പ്രതിഫലിക്കും. പലപ്പോഴും കൂടിയ അളവില്‍ തന്നെ. അത് ഉറപ്പാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭരണത്തിനു കീഴില്‍ വരുന്ന സ്ത്രീകളും പുരുഷന്മാരും ‘നമ്മള്‍’ ആയി സ്വയം വിചാരിക്കുന്നത് എന്നു പറഞ്ഞ് വേണമെങ്കില്‍ ഒരാള്‍ക്ക് തര്‍ക്കിക്കാം. കുട്ടികളും അമ്മമാരും അമ്മായിമാരും തൊഴിലാളികളും സഹപ്രവര്‍ത്തകരും സ്വന്തം മതക്കാരും ഗോത്രക്കാരും കൂട്ടുകാരും എല്ലാം കൂടിച്ചേര്‍ന്ന പല സ്വത്വങ്ങളായിട്ടായിരിക്കും, അവരും സ്വയം നോക്കിക്കാണുന്നത്. പല തരത്തിലുള്ള ‘നമ്മള്‍’ ആയി അവര്‍, അവരെ കാണുന്നു. അതിലൊന്ന് അവരുടെ കുട്ടികളുടെ അച്ഛനാണ്. മറ്റൊന്ന് സ്വന്തം അച്ഛനമ്മമാരുടെ കുട്ടി. ഭാര്യയോടൊപ്പം വീട്ടില്‍ കഴിയുന്ന ആളല്ല, തൊഴില്‍ നല്‍കിയ വ്യക്തിയുടെ മുന്നിലുള്ളത്. ചുരുക്കത്തില്‍ അവരെല്ലാം ഓരോ ഭാണ്ഡങ്ങളാണ്. ‘പലമ’കള്‍ കുത്തിറച്ചത്, ചക്രവര്‍ത്തിയെപ്പോലെ തന്നെ. അപ്പോള്‍ ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നാണോ?

അങ്ങനെയാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ചോദ്യം ആശ്ചര്യകരമായ വിധത്തില്‍ സ്വയം രൂപം മാറിയത്. ‘പല ജീവിതങ്ങളുള്ള തന്റെ പ്രജകള്‍ ഓരോരുത്തരും ‘ഞാന്‍’ എന്ന ഏകവചനം കൊണ്ടാണ് തങ്ങളെക്കുറിച്ച് ചിന്തിക്കുന്നതെങ്കില്‍ എനിക്കും ‘ഞാന്‍’ മാത്രമായിരിക്കാന്‍ കഴിയില്ലേ? ഒരാള്‍ മാത്രമായ ഒരു ‘ഞാന്‍’ സാധ്യമല്ലേ? നഗ്നനും ഏകാകിയുമായ ഈ ‘ഞാന്‍’ ഭൂമിയിലെ ‘നാം‍’ എന്ന ആള്‍ക്കൂട്ടത്തിനു കീഴെ മറഞ്ഞുകിടക്കുകയായിരുന്നില്ലേ, ഇത്രകാലവും?’

ഈ ചോദ്യം, വെളുത്ത കുതിരപ്പുറത്തിരുന്ന് കൊട്ടാരത്തിലേയ്ക്ക് യാത്ര ചെയ്യുന്ന ചക്രവര്‍ത്തിയെ ഭയപ്പെടുത്തി. അന്ന് രാത്രി അദ്ദേഹത്തിന് ഉറങ്ങാനേ കഴിഞ്ഞില്ല. ജോധയെ വീണ്ടും കാണുമ്പോള്‍ എന്താണു പറയുക? “ഞാന്‍ തിരിച്ചെത്തി’ എന്നോ? “ഇതു ‘ഞാന്‍ ‘ ആണെന്നോ?” കുട്ടികള്‍ക്കും കാമുകര്‍ക്കും ദൈവത്തിനുമായി നീക്കി വച്ചിരിക്കുന്ന ‘നീ’ എന്ന മധ്യമ പുരുഷ ഏകവചനം ഉപയോഗിച്ച് അതിനു മറുപടി പറയാന്‍ അവള്‍ക്കു കഴിയുമോ? അങ്ങനെ അവള്‍ പറഞ്ഞാല്‍ തന്നെ അതെന്താവും അര്‍ത്ഥമാക്കുന്നത്? താന്‍ അവള്‍ക്ക് കുഞ്ഞിനെപ്പോലെയാണെന്നോ? ദൈവത്തെപ്പോലെയാണെന്നോ? അദ്ദേഹം അവളെ സ്വപ്നത്തില്‍ മിഴിവോടെ കണ്ടിരുന്നതുപോലെ അവള്‍ കണ്ട സ്വപ്നത്തിലെ വെറുമൊരു കാമുകന്‍ മാത്രമാണോ, മഹാനായ അക്‍ബര്‍? ചിലപ്പോള്‍ ‘നീ’ എന്ന പദത്തിനു ചുറ്റുമുള്ള ആ ചെറിയ ലോകം ഭാഷയിലെ ഏറ്റവും വികാരക്ഷമമായ പദമായേക്കും‍. ശ്വാസോച്ഛ്വാസത്തിനൊപ്പം ‘ഞാന്‍’ എന്ന് അദ്ദേഹം പല പ്രാവശ്യം ഉരുവിട്ടു.

ഇതാ ‘ഞാന്‍’....
‘ഞാന്‍’ നിന്നെ പ്രേമിക്കുന്നു.....
നീ ‘എന്റെ’ അരികില്‍ വരിക......’

- സല്‍മാന്‍ റഷ്ദി

June 18, 2009

ഏകവചനങ്ങളുടെ കൂടാരം 2



ഒരു നഗരവും കൊട്ടാരങ്ങള്‍ മാത്രം നിറഞ്ഞവയല്ല. രാജകൊട്ടാരം എടുത്തുപ്പിടിച്ചു നില്‍ക്കുന്ന ഒന്നാംതരം ചുവപ്പുകല്ലില്‍ തീര്‍ത്ത അടിത്തറയുടെ ചുവരുകള്‍ക്കു കീഴെ, തടികളും ചെളിയും ചാണകവും പച്ചക്കട്ടകളും കരിങ്കല്ലുകളും കൊണ്ടുണ്ടാക്കിയ യഥാര്‍ത്ഥ നഗരം ചുരുണ്ടുകൂടിക്കിടന്നിരുന്നു. ജാതിയും തൊഴിലും പരിഗണിച്ചാണ് അവിടെ അയല്‍ക്കാരും അയല്‍‌വക്കങ്ങളും നിശ്ചയിക്കപ്പെടുന്നത്.

ഇതാണ് വെള്ളിയാഭരണങ്ങള്‍ പണിയുന്നവരുടെ തെരുവ്. അവിടെ, കൊല്ലന്റെ വീട്. ആയുധങ്ങളുടെ കിലുക്കം കേട്ടില്ലേ. അതു നോക്കൂ.. അവിടെ താഴെ മൂന്നാമത്തെ നീര്‍ച്ചാലിന്റെവിടെ വളകളുടെയും വസ്ത്രങ്ങളുടെയും സ്ഥലം. കിഴക്കോട്ട് പോയാല്‍ ഹിന്ദുക്കളുടെ ചേരി. അതിന്റെയപ്പുറത്ത്, കോട്ട പിരിയുന്നിടത്ത് പേര്‍ഷ്യന്‍ താവളം. അതിനുമപ്പുറം , തുറാനികളുടെ പ്രദേശം. അതു കടന്നാല്‍, വെള്ളിയാഴ്ചപ്പള്ളിയുടെ ഭീമാകാരമായ വാതിലിനടുക്കല്‍ ഇന്ത്യക്കാരായ മുസ്ലീമുകളുടെ വീടുകള്‍. ഉയര്‍ന്ന പദവിയിലുള്ള ആളുകളുടെ മണിമന്ദിരങ്ങളാണ് തൊടുകുറികള്‍ പോലെ കാണുന്നത്. ചിത്രശാല, ഇതിനകം ലോകമെങ്ങും പ്രശസ്തമായിക്കഴിഞ്ഞ കൈയെഴുത്തുപ്രതികളുടെ ഗ്രന്ഥാലയം. സംഗീതസഭ, നൃത്തശാല. സിക്രിയുടെ ഈ താഴ്ന്ന പ്രദേശത്തിന് മടിപിടിച്ചിരിക്കാനേ കഴിയില്ല. യുദ്ധരംഗത്തു നിന്ന് ചക്രവര്‍ത്തി കൊട്ടാരത്തില്‍ മടങ്ങിയെത്തുമ്പോള്‍ വീര്‍പ്പുമുട്ടല്‍ പോലെ ഈ ചെളിനഗരത്തെ നിശ്ശബ്ദത പൊതിയും. രാജാവിന്റെ മയക്കം തടസ്സപ്പെടുമോ എന്ന് പേടിച്ച് കോഴികളുടെ കഴുത്തറുക്കുന്ന സമയത്ത് അവയുടെ വായില്‍ തുണിതിരുകേണ്ടി വരും. വണ്ടിച്ചക്രത്തിന്റെ അസ്ഥാനത്തുള്ള ഒച്ച മതി, ചമ്മട്ടിയടി കൊണ്ട് വണ്ടിയുന്തുന്നവന്റെ പുറം പൊളിയാന്‍. അടി കൊണ്ടുള്ള അവന്റെ നിലവിളി, ശിക്ഷയെ ചിലപ്പോള്‍ പിന്നെയും മാരകമാക്കും. പ്രസവിക്കുന്ന സ്ത്രീകള്‍ ശ്വാസമടക്കിപ്പിടിച്ച് കരച്ചില്‍ ഉള്ളിലൊതുക്കി. ചന്തകളിലെ മൂകാഭിനയങ്ങള്‍ ഭ്രാന്തിന്റെ ഒരു വകഭേദം പോലിരുന്നു. “രാജാവിവിടെയായിരിക്കുമ്പോള്‍ ഞങ്ങളെല്ലാം ഭ്രാന്തന്മാരാകും” ആളുകള്‍ പറഞ്ഞു. എന്നിട്ട്, അവിടെല്ലാം ചാരന്മാരും ചതിയന്മാരുമാണ് എന്നറിയാവുന്നതുകൊണ്ട് തിടുക്കത്തോടെ കൂട്ടിച്ചേര്‍ത്തു “ സന്തോഷം കൊണ്ട്”. ചെളിനഗരം ചക്രവര്‍ത്തിയെ കലവറയില്ലാതെ സ്നേഹിച്ചു. വാക്കുകളില്ലാത്ത നഗ്നമായ സ്നേഹത്തില്‍ ഉറച്ചു നിന്നു‍. കാരണം വാക്കുകള്‍, ശബ്ദം എന്ന വിലക്കപ്പെട്ട വസ്ത്രം കൊണ്ടാണല്ലോ നിര്‍മ്മിച്ചിരിക്കുന്നത്.

ചക്രവര്‍ത്തി പിന്നെയും യുദ്ധങ്ങള്‍ക്കായി- ഗുജറാത്തിലെയും രാജസ്ഥാനിലെയും സൈന്യങ്ങള്‍തിരെ, കാബൂളിനും കാശ്മീരിനുമെതിരെ - എല്ലായ്പ്പോഴും വിജയിക്കുന്ന, എന്നാല്‍ ഒരിക്കലും അവസാനിക്കാത്ത യുദ്ധങ്ങള്‍ക്കായി - യാത്ര ആരംഭിക്കുമ്പോള്‍ നിശ്ശബ്ദതയുടെ തടവറയിലെ പൂട്ടുകള്‍ മുറിയും. കാളങ്ങളും ആര്‍പ്പുകളും ഉച്ചത്തില്‍ മുഴങ്ങും. മാസങ്ങളോളം ഉരിയാടാനാവാതെ ഉള്ളില്‍ ഒതുക്കിവച്ച കാര്യങ്ങളെല്ലാം ആളുകള്‍ക്ക് പരസ്പരം പങ്കിടും. “നിന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്റെ അമ്മ മരിച്ചു. നീയുണ്ടാക്കിയ സൂപ്പ് കൊള്ളാം. പണം തന്നില്ലെങ്കില്‍ ഞാന്‍ പറയുന്നതെല്ലാം നീ ചെയ്യേണ്ടി വരും. നിന്റെ കൈ തോളറ്റം വച്ചു ഞാന്‍ ഒടിക്കും. ഓമനേ, ഞാനും നിന്നെ സ്നേഹിക്കുന്നു.” അങ്ങനെയെന്തും.

ചെളിനഗരത്തിന്റെ ഭാഗ്യത്തിന്, പ്രതിരോധകാര്യങ്ങള്‍ എപ്പോഴും അക്‌ബറിനെ പുറത്തേയ്ക്ക് കൂട്ടിക്കൊണ്ടു പൊയ്ക്കൊണ്ടിരുന്നു. അദ്ദേഹം മിക്കസമയവും നഗരം വിട്ടു താമസിച്ചു. ചക്രവര്‍ത്തിയുടെ അഭാവത്തില്‍ ദരിദ്രരും സ്വാതന്ത്ര്യം കിട്ടിയ കെട്ടിടനിര്‍മ്മാണത്തൊഴിലാളികളും ശല്യക്കാരായ ഷണ്ഡന്മാരും കൂട്ടമായി ഒച്ചവച്ചു. അന്തഃപുരത്തില്‍ റാണിമാര്‍ ഒന്നിച്ചു കിടന്നു വിലപിച്ചു. എങ്കിലും അന്യോന്യം ദ്രോഹിക്കാന്‍ ചെയ്ത കാര്യങ്ങളോ മൂടുപടമിട്ട മുറികളുടെ സ്വകാര്യതയില്‍ ഒറ്റയ്ക്കു കണ്ടെത്തിയ സന്തോഷമോ ഒരാളും മിണ്ടില്ല. ചക്രവര്‍ത്തിയുടെ ഭാവനയിലുള്ള രാജ്ഞി മാത്രമായിരുന്നു, പരിശുദ്ധ. അവളാണ് അത്യാര്‍ത്തിപിടിച്ച ഉദ്യോഗസ്ഥന്മാരുടെ ചെയ്തികളാല്‍ നരകിക്കുന്ന ജനങ്ങളുടെ ദുരിതങ്ങളെപ്പറ്റി കൊട്ടാരത്തിലെ വിശ്രമ സമയങ്ങളില്‍ അക്‍ബറിനോട് പറഞ്ഞത്. വാര്‍ത്ത അറിഞ്ഞ ഉടന്‍ ചക്രവര്‍ത്തി മന്ത്രിയുടെ ഉത്തരവ് റദ്ദാക്കി, ശാഠ്യവും ദുര്‍വാശിയും കുറഞ്ഞ ഒരാളെ മരാമത്ത് മന്ത്രിയുടെ സ്ഥാനത്തു മാറ്റി നിയമിച്ചു. ഇതുവരെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന തന്റെ പ്രജകളെല്ലാം തെരുവില്‍ ഉറക്കെ ഒച്ചവയ്ക്കണമെന്ന കാര്യം പ്രത്യേകം നിഷ്കര്‍ഷിക്കുകയും ചെയ്തു.
“കഴിയുന്നിടത്തോളം ഒച്ച വയ്ക്കൂ നമ്മുടെ പ്രജകളേ ! ഒച്ചയാണു ജീവിതം. ജീവിതം നല്ലതാണെന്നതിന്റെ സൂചനയാണ് കവിയുന്ന ആരവങ്ങള്‍. നിശ്ശബ്ദരായിരിക്കാന്‍ നമുക്കെല്ലാവര്‍ക്കും മരണകാലമുണ്ടല്ലോ.”

അതോടെ ആഹ്ലാദകരമായ ഒച്ചകള്‍ കൊണ്ട് നഗരം ഇരമ്പി. ആര്‍പ്പുകളില്‍ അടിമുടി ഉലഞ്ഞു.

പുതിയ ഒരു രാജാവാണ് സിംഹാസനത്തില്‍ എന്നും ലോകത്തിലൊരു കാര്യവും മാറ്റമില്ലാതെ എന്നെന്നേയ്ക്കുമായി നീണ്ടുപോകില്ലെന്നും ജനങ്ങള്‍ തിരിഞ്ഞറിഞ്ഞ ദിവസമായിരുന്നു അത്.

- സല്‍മാന്‍ റഷ്ദി
(തുടരും...)

June 17, 2009

ഏകവചനങ്ങളുടെ കൂടാരം - സല്‍മാന്‍ റഷ്ദി


മഹാനായ അക്‍ബര്‍ ചക്രവര്‍ത്തിയുടെ പുതിയ ‘വിജയനഗര’ത്തിലെ കൊട്ടാരങ്ങള്‍ ചുവന്നപുകകൊണ്ട് കെട്ടിയുയര്‍ത്തിയതുപോലെ തോന്നും, പ്രഭാതങ്ങളില്‍. പുതുതായി നിര്‍മ്മിക്കപ്പെട്ട പട്ടണങ്ങളെല്ലാം അവ ജനിച്ചത് എന്നെന്നേയ്ക്കുമായാണ് എന്ന ധാരണയാണ് കാണുന്നവര്‍ക്ക് നല്‍കുക. എന്നാല്‍ സിക്രി വ്യത്യസ്തയായിരുന്നു. സൂര്യന്‍ ചക്രവാളത്തില്‍ ഉദിച്ചുയരുമ്പോള്‍, കടുത്ത പകല്‍ച്ചൂടിന്റെ ആഘാതം, തറയോടുകളെ പോലും പൊടിയാക്കി മാറ്റുമ്പോള്‍, പേടിച്ചു വിറയ്ക്കുന്ന കൃഷ്ണമൃഗത്തെപ്പോലെ അന്തരീക്ഷത്തെ കിടുകിടുപ്പിച്ചുകൊണ്ട് കാതടപ്പിക്കുന്ന ശബ്ദങ്ങളുയരുമ്പോള്‍ ഒക്കെ ഭാവനയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ ബോധത്തിന്റെയും ഉന്മാദത്തിന്റെയും അതിര്‍രേഖകളെ ദുര്‍ബലമാക്കിക്കൊണ്ട് സിക്രി മരീചികയായി നിലകൊണ്ടു.

ചക്രവര്‍ത്തിപോലും ഭാവനകളെയാണ് താലോലിച്ചിരുന്നത്. റാണിമാര്‍ പ്രേതങ്ങളെപോലെ അന്തഃപുരങ്ങള്‍ക്കുള്ളില്‍ ഒഴുകി നടന്നു. രജപുത്രരും തുര്‍ക്കികളുമായ സുല്‍ത്താനമാര്‍ മിക്കപ്പോഴും ഒളിച്ചു കളിയില്‍ മുഴുകി. റാണിമാരുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രം യഥാര്‍ത്ഥത്തില്‍ ഉള്ളവളായിരുന്നില്ല. സ്വപ്നലോകത്തില്‍ മുഴുകിപ്പോയ ഒരു കുഞ്ഞ് തന്റെ കൂട്ടുകാരെ ഭാവനയില്‍ കാണുന്നതു പോലെ അക്ബര്‍ കണ്ട ഒരു സ്വപ്നമായിരുന്നു അവള്‍. നിരവധി യഥാര്‍ത്ഥ ജീവിതങ്ങള്‍ ചുറ്റുമൊഴുകുമ്പോഴും, തന്റെ റാണിമാരെല്ലാം മായാരൂപികളും ഇല്ലാത്ത പ്രിയതമ മാത്രം സത്യവും ആണെന്ന അഭിപ്രായമായിരുന്നു, ചക്രവര്‍ത്തിയ്ക്ക്. അദ്ദേഹം അവള്‍ക്കൊരു പേരും നല്‍കിയിരുന്നു, ജോധ. ചക്രവര്‍ത്തിയോട് ആരും മറുത്തൊന്നും പറഞ്ഞില്ല. അന്തഃപുരത്തിലെ സ്വകാര്യതയ്ക്കുള്ളിലും കൊട്ടാരത്തിനുള്ളിലെ പട്ടു വിരിച്ച ഇടനാഴികളിലും ജോധ സ്വാധീനത്തോടെയും അധികാരത്തോടെയും നിരന്തരം വളര്‍ന്നുകൊണ്ടേയിരുന്നു. മഹാനായ ഗായകന്‍ താന്‍സന്‍ അവള്‍ക്കു വേണ്ടി ഗാനങ്ങള്‍ രചിച്ചു. പേര്‍ഷ്യക്കാരനായ ഗുരു അബ്ദുസ് സമദ് ഒരിക്കല്‍ പോലും കണ്ണുകളുയര്‍ത്തി നോക്കാതെ, സ്വപ്നത്തിലെ ഓര്‍മ്മയില്‍ നിന്ന് അവളുടെ രൂപം വരച്ചു. ആ ചിത്രം കണ്ടമാത്രയില്‍, താളുകളില്‍ തിളങ്ങുന്ന ജോധയുടെ സൌന്ദര്യത്തില്‍ തരളിതനായി ചക്രവര്‍ത്തി കൈകള്‍ കൊട്ടി. “താങ്കള്‍ അവള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നു.” അദ്ദേഹം വിലപിക്കുന്ന സ്വരത്തില്‍ പറഞ്ഞു. അബ്ദുസ് സമദിന് ശ്വാസം നേരെയായി. കഴുത്തില്‍ തന്റെ ശിരസ്സ് വളരെ അയഞ്ഞു സ്ഥിതി ചെയ്യുന്നു എന്ന തോന്നല്‍ പെട്ടെന്ന് ഇല്ലാതെയായി. ചക്രവര്‍ത്തിയുടെ ദര്‍ബാറിലെ ഗുരു വരച്ച ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടതോടെ ജോധ വാസ്തവം തന്നെയാണെന്ന് സദസ്യര്‍ മുഴുവന്‍ തിരിച്ചറിഞ്ഞു. രാജസദസ്സിലെ ‘നവരത്നങ്ങള്‍’ ഒന്നൊഴിയാതെ ജോധയുടെ ഉണ്മയെ വാഴ്ത്തി. അവളുടെ സൌന്ദര്യവും ബുദ്ധിശക്തിയും അവരുടെ ചലനങ്ങളിലെ താളാത്മകതയും ശബ്ദത്തിലെ സൌകുമാര്യവും ചര്‍ച്ചചെയ്യപ്പെട്ടു. അക്‍ബറും ജോധാബായിയും!
ഇതാ.. കാലഘട്ടത്തിന്റെ പ്രണയകാവ്യം!

ചക്രവര്‍ത്തിയുടെ നാല്‍പ്പതാം പിറന്നാളിന്റെ സമയത്തു തന്നെയാണ് നഗരത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായത്. നീണ്ട പന്ത്രണ്ടു വര്‍ഷങ്ങളെടുത്തു അതിന്. ചൂടു കൊണ്ടു വിയര്‍ത്ത വര്‍ഷങ്ങള്‍. പക്ഷേ അദ്ധ്വാനമൊന്നും ഇല്ലാതെ, മായാജാലം കൊണ്ട് മണ്ണിനടിയില്‍ നിന്ന് പെട്ടെന്ന് ഉയര്‍ന്നുവന്നതാണ് പുതിയ പട്ടണം എന്ന തോന്നലാണത് ആളുകള്‍ക്കു നല്‍കിയത്. പുതിയ രാജകീയ തലസ്ഥാനത്തില്‍ താത്കാലികവാസത്തിനു ചക്രവര്‍ത്തി എഴുന്നള്ളുമ്പോള്‍ അദ്ദേഹത്തിന്റെ മരാമത്തു മന്ത്രി ഒരു നിര്‍മ്മാണപ്പണിയും മുന്നോട്ടു കൊണ്ടുപോകാന്‍ അനുവദിക്കുമായിരുന്നില്ല. കല്‍പ്പണിക്കാരുടെ ഉളികള്‍ ശബ്ദിക്കില്ല. മരയാശാരിമാര്‍ തടികള്‍ ചീകില്ല. ചിത്രകാരന്മാര്‍, രത്നം പതിപ്പിക്കുന്നവര്‍, തുണികളില്‍ അലങ്കാരവേല ചെയ്യുന്നവര്‍, കൊത്തുപ്പണിക്കാര്‍ എല്ലാവരും കാഴ്ചയില്‍ നിന്നു മറയും. അപ്പോള്‍ മാത്രം എല്ലാവരും സന്തോഷം ഉള്ളില്‍ കുത്തിനിറച്ചവരാകും‍. ആഹ്ലാദത്തിന്റെ ശബ്ദങ്ങള്‍ക്കു മാത്രമാണ് അനുവാദം. നര്‍ത്തകിമാരുടെ പാദങ്ങളില്‍ ചിലങ്കകള്‍ മധുരമായി നാദമുതിര്‍ക്കും. ജലധാരയിലെ വെള്ളം ചിലമ്പും. ഇളംകാറ്റില്‍ മഹാപ്രതിഭയായ താന്‍സെന്റെ സംഗീതം മെല്ലെ ഇളകിയാടും. ചക്രവര്‍ത്തിയുടെ കാതുകളില്‍ കവിതകള്‍ മന്ത്രിക്കപ്പെടും. വ്യാഴാഴ്ചകളിലെ കവിടികളി* സഭകളില്‍ അടിമപെണ്‍കുട്ടികളെ ഉപയോഗിച്ചുകൊണ്ട് ചതുരക്കളങ്ങള്‍ വരഞ്ഞ തറയില്‍ സാമട്ടിലുള്ള നാടകങ്ങള്‍ അരങ്ങേറുമായിരുന്നു. ഇളകുന്ന പങ്കകള്‍ക്കു താഴെ തിരശ്ശീലകൊണ്ടു മറഞ്ഞ ഉച്ചകളില്‍ പ്രണയത്തിനുവേണ്ടിമാത്രമുള്ള പ്രശാന്തമായ വേളകള്‍ തുടിക്കും.

*പാചിസി -ദീര്‍ഘചതുരത്തില്‍ തലങ്ങും വിലങ്ങും കളം വരഞ്ഞുള്ള കളി
(തുടരും..)

June 14, 2009

പരിഹാരം



ജൂണ്‍ പതിനേഴാം തീയതി
നടന്ന കോലാഹലങ്ങള്‍ക്കു ശേഷം
സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ കാര്യദര്‍ശി
കമ്മറ്റിയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു.
ആളുകള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു
ആയത് തിരിച്ചുകൊണ്ടുവരാന്‍ ചില്ലറ പ്രയത്നം പോരാ,
എളുപ്പവുമല്ല.
കാര്യങ്ങള്‍ അങ്ങനെയിരിക്കേ,
ജനങ്ങളെ പിരിച്ചു വിട്ട് മറ്റൊന്നിനെ
തെരെഞ്ഞെടുക്കുന്നതല്ലേ നല്ലത്?

ബെര്‍ടോള്‍ഡ് ബ്രഹ്ട് (1895-1956)
യൂജിന്‍ ബെര്‍ടോള്‍ഡ് ഫ്രെഡെറിക് ബ്രഹ്ട് എന്നു മുഴുവന്‍ പേര്. ജര്‍മ്മന്‍ കവിയും നാടകകൃത്തും സംവിധായകനും. Drums in the Night (1922), Baal (1923), In the Jungle of the Cities (1923) The Threepenny Opera (1928), The Mother (1932), The Trial of Lucullus (1939), Mother Courage and Her Children (1941), Life of Galileo (1943),The Caucasian Chalk Circle (1945) The Tutor (1950) തുടങ്ങിയവ പ്രധാന നാടകങ്ങള്‍. എപിക് തിയറ്റര്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്. അടിയുറച്ച മാര്‍ക്സിസ്റ്റായിരുന്നു ബ്രെഹ്ട്.



പടം : http://www.objector.org/

June 10, 2009

വിയര്‍പ്പും ചോരയും*



*A pint of sweat, saves a gallon of blood.- George S. Patton

1932 മാര്‍ച്ചു മാസത്തിലാണ് ഹിറ്റ്ലര്‍ക്കെതിരെ ആദ്യമായി ഒരു വധശ്രമം ഉണ്ടാവുന്നത്. ജര്‍മ്മനിയുടെ പരമാധികാരി ആവുന്നതിനും ഏതാണ്ട് ഒരു വര്‍ഷം മുന്‍പ്. ഹിറ്റ്ലര്‍ എന്താണ് എന്നു ലോകം മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നില്ല അന്ന്. എന്നിട്ടും അതുണ്ടായി. താന്‍ ജര്‍മ്മനിയുടെ രക്ഷകനാണെന്നും ദിവ്യമായ ഉദ്ദേശ്യങ്ങള്‍ തന്റെ പ്രവൃത്തികള്‍ക്കു പിന്നിലുണ്ടെന്നും ആത്മാര്‍ത്ഥമായി ഹിറ്റ്ലര്‍ വിശ്വസിച്ചിരുന്നതുപോലെ ഇയാള്‍ ലോകത്തിന്റെയും മനുഷ്യത്വത്തിന്റെയും ധൂമകേതുവാണെന്ന് തിരിച്ചറിഞ്ഞ ഒരു ഘടന സമാന്തരമായി ചരിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നറിയുന്നത് തിരിഞ്ഞു നോക്കുമ്പോള്‍ ഒരദ്ഭുതമാണ്. ഹിറ്റ്ലറുടെ മരണത്തിനിടയ്ക്ക് 42 കൊലപാതകശ്രമങ്ങള്‍ ഉണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. ഒന്നും ഫലം കണ്ടില്ല. കൂട്ടക്കൊലകള്‍ക്കും സര്‍വനാശത്തിനും ശേഷം ഹിറ്റ്ലര്‍ തന്നെ വേണ്ടി വന്നു അയാളുടെ ജീവനെടുക്കാന്‍.

അമേരിക്കക്കാരനായ റൊജര്‍ മൂര്‍ ഹൌസ് എഴുതിയ ‘കില്ലിംഗ് ഹിറ്റ്ലര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി ജോണ്‍ ടെയ്‌ലര്‍, നാഷണല്‍ ജ്യോഗ്രഫിക് ചാനലിനു വേണ്ടി സംവിധാനം ചെയ്ത ‘ഹിറ്റ്ലറെ കൊല്ലാനുള്ള 42 വഴികള്‍’ എന്ന ഡോക്യുമെന്ററി ആസുരമായ ഇരുണ്ടകാലങ്ങള്‍ ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ നിന്ന് മനുഷ്യന്റെ അസാധാരണമായ നീതിബോധത്തെയും ഇച്ഛാശക്തിയെയും എങ്ങനെ പ്രത്യക്ഷമാക്കുന്നു എന്നതിന് ചില തെളിവുകള്‍ മുന്നില്‍ വയ്ക്കുന്നുണ്ട്. നാസികള്‍ അധികാരത്തില്‍ വന്നതിന്റെ ഓര്‍മ്മയ്ക്കായി വര്‍ഷാവര്‍ഷം മ്യൂണിക്കില്‍ നടത്തുന്ന പരേഡിനു നേതൃത്വം നല്‍കി നടന്നു പോകുന്ന ഫ്യൂററെ വധിക്കാന്‍ ആള്‍ക്കൂട്ടത്തില്‍ ചെറിയ ഒരു കൈത്തോക്കുമായി കാത്തു നിന്ന 22കാരനായ ഒരു ഫ്രെഞ്ച് സെമിനാരി വിദ്യാര്‍ത്ഥിയുടെതാണ് അതിലൊന്ന്. മെറിസ് പവോ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ചില ക്രിസ്ത്യന്‍ സഭകളെ സംബന്ധിച്ചിടത്തോളം ഹിറ്റ്ലര്‍ അന്തിക്രിസ്തുവിന്റെ അവതാരമാണെന്ന വിശ്വാസം അപ്പോഴേയ്ക്കും പ്രചരിച്ചിരുന്നു. ഇതായിരിക്കാം പവോയെ പ്രേരിപ്പിച്ച ഘടകം. 1938 നവംബര്‍ 9-നായിരുന്നു പരേഡ്, അതുകാണാന്‍ തടിച്ചുകൂടിയ ആളുകളുടെ ഇടയിലൂടെ തിക്കി തിരക്കി പവോ മുന്നിലെത്തി കാത്തു നിന്നു. കൈയ്ക്കുള്ളിലൊതുങ്ങുന്ന വളരെ ചെറിയ തോക്കായിരുന്നു അദ്ദേഹത്തിന്റെ ആയുധം. അതുകൊണ്ട് അധികം ആരും ശ്രദ്ധിക്കില്ല. 25 അടി പരിധിയില്‍ വരുന്ന ലക്ഷ്യത്തെ മാരകമായി മുറിവേല്‍പ്പിക്കാന്‍ തക്ക കെല്‍പ്പുറ്റതായിരുന്നു ആ ആയുധം. പവോ നിരവധി തവണ പരിശീലനം നടത്തി ആത്മവിശ്വാസവും കൈയ്യാളിയിരുന്നു. പക്ഷേ ഫ്യൂറര്‍ അടുത്തെത്തിയപ്പോഴേയ്ക്കും ആവേശഭരിതരായ ജനം കൈകളുയര്‍ത്തി ‘ഹെയില്‍ ഹിറ്റ്ലര്‍’ വിളിച്ച് ‘സവിശേഷനായ ഇരയെ’ പവോയില്‍ നിന്ന് മറച്ചു. അങ്ങനെ ശ്രമം പാഴായി. തിരിച്ചുള്ള യാത്രയില്‍ തീവണ്ടിയില്‍ വച്ച് പരേഡു പോകുന്ന വഴി അടയാളപ്പെടുത്തിയ മാപ്പും ഉന്നം നിറച്ച തോക്കുമായി പവോ സംശയത്തിന്റെ പേരില്‍ അറസ്റ്റിലായി. അതിഭീകരമായ പീഡനത്തിനൊടുവില്‍ തന്റെ ലക്ഷ്യമെന്തായിരുന്നെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. പവോ ഗില്ലറ്റിനില്‍ കൊല്ലപ്പെട്ടു. പക്ഷേ നാസിദിനാഘോഷ പരേഡ് ആ വര്‍ഷത്തോടെ നിന്നു.

മ്യൂണിക്ക് ബ്യൂര്‍ഹാള്‍ സ്ഫോടനം ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഗിയോര്‍ എല്‍‌സ എന്ന സാധാരണക്കാരനായ മരയാശാരിയുടെ കഥയാണ് മറ്റൊന്ന്. നാസിദിന അനുസ്മരണാഘോഷവുമായി ബന്ധപ്പെട്ടാണ് ആ സംഭവവും ചരിത്രത്തിലിടം നേടുന്നത്. ഹിറ്റ്ലര്‍ രാജ്യത്തെ നയിക്കുന്നത് നല്ല വഴിക്കല്ലെന്ന തോന്നല്‍ ശക്തമായിരുന്നു എല്‍സയ്ക്ക്. പ്രസംഗിക്കാനുള്ള പോഡിയത്തിനടുത്തുള്ള തൂണില്‍ മാരകശേഷിയുള്ള ടൈംബോംബ് സ്വയം നിര്‍മ്മിച്ച് വച്ചുകൊണ്ടാണ് അദ്ദേഹം ഫ്യൂററെ കൊല്ലാന്‍ ശ്രമിച്ചത്. അതിനായി പലരാത്രികളില്‍ പിന്‍ വാതിലിലൂടെ ഹാളിനകത്തു കടന്ന് ഇരുട്ടത്ത് തനിയെ, മരപ്പാളികളിളക്കിയും കണിശതയോടെ സംവിധാനങ്ങള്‍ ഉറപ്പിച്ചും എലിസ ജോലി ചെയ്തു. അദ്ദേഹം നിര്‍മ്മിച്ച ടൈംബോംബിന്റെ മെക്കാനിസം അസാധാരണമായ ഒന്നായിരുന്നു എന്ന് പറയപ്പെടുന്നു. 24 മണിക്കൂറിലധികം നേരത്തേയ്ക്ക് അത് സെറ്റ് ചെയ്തു വയ്ക്കാന്‍ കഴിയുമായിരുന്നുവത്രേ. 1939 നവംബര്‍ 8-ന് രാവിലെ 9 മണിമുതല്‍ 10 മണി വരെ നീളുന്ന ഫ്യൂററുടെ പ്രസംഗത്തിനിടയ്ക്ക് കൃത്യം 9.30-ന് സ്ഫോടനം ഉണ്ടാകത്തക്ക രീതിയിലാണ് എല്‍സ ബോംബ് വച്ചിരുന്നത്. എന്നാല്‍ എന്തുകൊണ്ടോ അന്ന് രാവിലെ ഹിറ്റ്ലര്‍ പരിപാടിയുടെ സമയം മാറ്റി. 9 മണിയുടെ പ്രസംഗം 8 മണിക്കാക്കി. ഹിറ്റ്ലര്‍ പ്രസംഗിച്ചു തീര്‍ന്ന് ഹാളുവിട്ട് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഹാളിന്റെ മേല്‍ക്കൂര പോലും തകര്‍ത്തുകൊണ്ട് എല്‍സയുടെ ബോംബ് കൃത്യസമയത്ത് പൊട്ടി. ബുദ്ധിശക്തിയിലും ഘ്രാണശക്തിയിലും മുന്‍പന്തിയിലായിരുന്ന ജര്‍മനിയുടെ അതിര്‍ത്തിസേന സ്വിസ് അതിര്‍ത്തിയില്‍ വച്ച് എല്‍സയെ കൃത്യമായ തെളിവുകളോടെ പിടിച്ച് വിവരങ്ങളെല്ലാം ഇഞ്ചോടിഞ്ച് ഊറ്റിയെടുത്തശേഷം വെടിവച്ചുകൊന്നു.

ആത്മഹത്യാസ്ക്വാഡിനെക്കുറിച്ച് കേട്ടുകേഴ്വിപോലുമില്ലാതിരുന്ന കാലത്താണ് ഹിറ്റ്ലറുടെ സ്വന്തം കേണല്‍ ഗര്‍സ് ഡോര്‍ഫ് രണ്ടു ടൈംബോംബുകളും ഓവര്‍ക്കോട്ടിന്റെ കീശയിലിട്ട്, റഷ്യയില്‍ നിന്ന് ജര്‍മ്മന്‍ സേന പിടിച്ചെടുത്ത ആയുധങ്ങള്‍ കാണാന്‍ വരുന്ന ഫ്യൂററെ സ്വീകരിക്കാന്‍ ബര്‍ലിന്‍ ആയുധശാലയില്‍ പോയത്. ഹിറ്റ്ലറെ കൊല്ലാനുള്ള ഏതു ശ്രമമെന്നല്ല സേവനം തന്നെയും എല്ലാ അര്‍ത്ഥത്തിലും ആത്മഹത്യയാണ്. അപ്പോള്‍ ഗര്‍സ്‌ ഡോര്‍ഫിന്റെ തീരുമാനത്തില്‍ അതിശയോക്തിയില്ല.15 മിനിട്ട് ഹിറ്റ്ലര്‍ ആര്‍മറിയില്‍ ചെലവഴിക്കും എന്നായിരുന്നു കിട്ടിയ വിവരം. അന്ന് വല്ലാതെ അസ്വസ്ഥനായിരുന്ന ഹിറ്റ്ലര്‍ രണ്ടു മിനിട്ട് കഷ്ടിച്ച് അവിടെ ചെലവഴിച്ചെന്നു വരുത്തിയശേഷം സ്ഥലം വിട്ടു. അങ്ങനെ ആ ശ്രമം പാളി. ആരും അറിയാത്ത ഈ കഥ പിന്നീട് കേണല്‍ ക്ലോസ് ഫിലിപ്പ് സ്റ്റോഫന്‍‌ബര്‍ഗിന്റെ ഹിറ്റ്ലര്‍ വധാസൂത്രണവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് പൊങ്ങി വന്നത്. ‘ഓപ്പറേഷന്‍ വല്‍ക്രി’ എന്നാണ് സ്റ്റോഫന്‍‌ബര്‍ഗ് തന്റെ പ്രോജക്ടിനു നല്‍കിയ പേര്. യുദ്ധം നടക്കുന്നിടങ്ങളില്‍ അദൃശ്യരായ സുന്ദരികള്‍ രാത്രികാലങ്ങളില്‍ ആകാശത്തു നിന്നും ഇറങ്ങി വരും എന്നൊരു വിശ്വാസമുണ്ട് ജര്‍മ്മനിയില്‍. തണുത്ത വെളുപ്പാന്‍ കാലത്ത് അന്നു മരിക്കേണ്ട പടയാളികളെ ചുംബിച്ചിട്ട് അവര്‍ മടങ്ങിപ്പോകുമത്രേ. അവരാണ് വല്‍ക്രികള്‍. പഴുതടച്ചുള്ള ഒരു കൊലപാതകശ്രമമാണ് സ്റ്റോഫന്‍‌ബര്‍ഗ് പ്ലാന്‍ ചെയ്തത് എന്നതുകൊണ്ട് ‘ഹിറ്റ്ലറുടെ മരണദൂതിക’ എന്ന അര്‍ത്ഥത്തില്‍ ഈ പേര് അര്‍ത്ഥഗര്‍ഭമാണ്. പക്ഷേ യാദൃച്ഛികത അതല്ല, ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ക്കെതിരെ വിപ്ലവത്തിനുള്ള സാദ്ധ്യത മുന്‍‌കൂട്ടിക്കണ്ടുകൊണ്ട് അഡ്‌മിറല്‍ കാനറീസും ജനെറല്‍ ഓള്‍ ബ്രൈറ്റും കൂടിച്ചേര്‍ന്ന് കോഡുഭാഷയില്‍ ഒരു പ്രോജക്ട് തയാറാക്കി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഭ്യന്തരകാര്യാലയത്തില്‍ സൂക്ഷിച്ചിരുന്നു. അതിനു കൊടുത്തിരുന്ന പേരും ‘വല്‍ക്രി’ എന്നായിരുന്നു. ആഭ്യന്തരകലാപമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ അടിയന്തിരമായി ചെയ്യേണ്ടതെന്തെന്നു വിശദീകരിക്കുന്ന രേഖ തയ്യാറാക്കിയ ഓള്‍ബ്രൈറ്റ് തന്നെയാണ് സ്റ്റോഫന്‍‌ബര്‍ഗിനെ സഹായിച്ചുകൊണ്ട് ഓപ്പറേഷന്‍ വല്‍ക്രിയ്ക്കുവേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്തത്!

‘വല്‍ക്രി’ പൊളിഞ്ഞു. വുള്‍ഫ്‌ലെയര്‍ എന്ന രഹസ്യ സങ്കേതത്തില്‍ വച്ചു റഷ്യന്‍ യുദ്ധമുന്നണിയില്‍ നടത്തേണ്ട നീക്കങ്ങളെപ്പറ്റി ആലോചിക്കാന്‍ ഹിറ്റ്ലര്‍ വെളിച്ചു ചേര്‍ത്ത യോഗത്തില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ടിനൊപ്പം രണ്ടു ടൈംബോംബുകളുകൂടി സ്റ്റോഫന്‍‌ബര്‍ഗ് ബാഗിനുള്ളില്‍ വച്ചു. പക്ഷേ ഭൂഗര്‍ഭ അറയില്‍ കൂടേണ്ട യോഗം അവസാന നിമിഷം തുറസ്സായ സ്ഥലത്തേയ്ക്കു മാറ്റിയപ്പോള്‍ ബോംബിന്റെ ഫ്യൂസ് പ്രവര്‍ത്തനനിരതമാക്കാന്‍ അദ്ദേഹത്തിന് സമയം ലഭിച്ചില്ല. എന്നിട്ടും സഹായിയായ വെര്‍ണര്‍ ഹെഫ്റ്റനോടൊപ്പം യൂണിഫോം ശരിയാക്കാന്‍ എന്ന മട്ടില്‍ മുറിയില്‍ കയറി കഷ്ടിച്ച് ഒരു ബോംബിന്റെ ഫ്യൂസ് ശരിയാക്കിയപ്പോഴേയ്ക്കും വാതിലില്‍ തട്ടു കേട്ടു. അതുകൊണ്ടു ഒന്നു മതിയെന്നു വച്ച് മറ്റേ ബോംബ് ഹെഫ്റ്റന്റെ ബാഗിലൊളിപ്പിച്ച് സ്റ്റോഫന്‍‌ബര്‍ഗ് കോണ്‍ഫറന്‍സ് നടക്കുന്നിടത്തേയ്ക്കു പോയി. ബാഗ് ഹിറ്റ്ലര്‍ കുനിഞ്ഞു നിന്ന് മാപ്പു പരിശോധിക്കുന്ന മേശയുടെ കീഴില്‍ വച്ചു. തിരക്കിട്ടു പുറത്തിറങ്ങി. ഫ്യൂററുടെ വാക്കുകളില്‍ ശ്രദ്ധിച്ചു നിന്ന കേണല്‍ ബ്രാന്‍ഡ് കാലില്‍ തട്ടിയ ബാഗെടുത്ത് അല്പം അകലെ മേശയുടെ താങ്ങു തടിയ്ക്കപ്പുറത്തായി വച്ചു. അതായിരുന്നു ആകസ്മികത. ആ കനത്ത താങ്ങു തടിയാണ് ഹിറ്റ്ലറെ രക്ഷിച്ചത്. സ്ഫോടനം നടന്നു. നാലുപേര്‍ മരിച്ചു. അന്നു രാത്രി ഒരുമണിക്കുള്ള റേഡിയോ പ്രക്ഷേപണത്തില്‍ ഹിറ്റ്ലര്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. തനിക്ക് ഒരു പരിക്കും പറ്റിയിട്ടില്ല. വിധിയുടെ ദിവ്യമായ ഉത്തരവാദിത്വമാണ് തന്റെ ചുമലിലുള്ളത് എന്നതിന്റെ തെളിവാണത്. എന്നാല്‍ ഇതു ചെയ്തവരെ നമുക്കു യോജിച്ച രീതിയില്‍ നമ്മള്‍ തകര്‍ക്കും.

എഫ് ബി ഐയുടെ സഹായത്തോടെ അമേരിക്കയില്‍ വച്ച് റോജര്‍ മൂര്‍ ഹൌസ് ഓപ്പറേഷന്‍ വല്‍ക്രി അന്നുപയോഗിച്ച അതേ ബോംബുകളും രക്തമൊഴുക്കിന്റെയും മുറിവുകളുടെയും നിലയറിയാന്‍ അകത്ത് ഐസ്ക്രീം നിറച്ച മാനിക്വിനുകളും ഉപയോഗിച്ച് പുനഃസൃഷ്ടിച്ചു. ബോംബിന്റെ ഫ്യൂസ് പ്രവര്‍ത്തനക്ഷമമാക്കുന്ന വേളയില്‍ കതകില്‍ തട്ടി വിളിക്കാതിരുന്നെങ്കില്‍ സ്റ്റോഫന്‍‌ബര്‍ഗ് കൈയ്യിലുണ്ടായിരുന്ന രണ്ടും ബോംബും ബാഗിലെടുത്തു വച്ച് ഉപയോഗിക്കുമായിരുന്നു. എങ്കില്‍ മേശതാങ്ങിയുടെ സംരക്ഷണത്തില്‍ ഹിറ്റ്ലര്‍ അന്ന് രക്ഷപ്പെടുമായിരുന്നില്ല എന്ന നിഗമനത്തിലാണവര്‍ എത്തിയത്. അങ്ങനെ ‘വല്‍ക്രി’ ഹിറ്റ്ലറുടെ മരണ ദൂതിയായില്ല. പക്ഷേ അവള്‍ ഒരുപാടു പേരെ ചോരച്ചുണ്ടുകള്‍ കൊണ്ട് ഉമ്മവച്ചു. നിരവധി സൈന്യാധിപന്മാര്‍ ആത്മഹത്യ ചെയ്തു. 157 ഓഫീസര്‍മാരെയും അയ്യായിരത്തിലധികം ഉന്നതസ്ഥാനീയരെയും കൊലയ്ക്കു കൊടുത്തു. അതിഭീകരമായിട്ടാണ് അവരില്‍ പലരെയും കൊന്നത്, അറവുശാലയിലെ കമ്പികളില്‍ കൊരുത്തിട്ട്. അവരുടെ കൊടുംയാതന ഫിലിമിലാക്കി എസ് എസ് (ഷുട് സ്റ്റാഫന്‍) ഹിറ്റ്ലര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തു. ‘വല്‍ക്രി’ നടപ്പായിരുന്നെങ്കില്‍ പത്തുമാസം മുന്‍പ് രണ്ടാം ലോകയുദ്ധം അവസാനിച്ചേനേ, എങ്കില്‍ ഒരു കോടിയിലധികം മനുഷ്യജീവന്‍ രക്ഷപ്പെടുമായിരുന്നു. അപ്പോള്‍ അതിനും മുന്‍പ് പവോയുടെയോ എല്‍സയുടെയോ ശ്രമം വിജയിച്ചിരുന്നെങ്കിലോ? കൂട്ടക്കൊലകളും കോണ്‍സന്‍‌ട്രേഷന്‍ ക്യാമ്പുകളും എത്ര ഒഴിവായേനേ..

ആലോചിക്കുമ്പോള്‍ ഹിറ്റ്ലറുടെ വാദത്തില്‍ കഴമ്പുണ്ടായിരുന്നില്ലേ എന്ന് ആര്‍ക്കും സംശയം തോന്നും. താന്‍ അതിമാനുഷനാണെന്ന വാദത്തില്‍. പ്രവചനാതീതമായ ശക്തി തന്റെ പ്രവൃത്തികള്‍ക്കു പിന്നിലുണ്ടെന്ന വാദത്തില്‍. അല്ലെങ്കില്‍ ഈ ആകസ്മികതകളുടെ അര്‍ത്ഥമെന്താണ്? അനുഭവങ്ങള്‍ക്ക് ഘടനയുണ്ടെന്ന് വിചാരിക്കാനുള്ള ചില പഴുതുകള്‍ ഇങ്ങനെയാണു തുറന്നു വരുന്നത്. അതിമാനുഷപ്രഭാവത്തിന്റെ പിന്നാമ്പുറത്ത് ഒരു കോമാളി നിഴലിനെ കൂടെ നടത്തി വിടുകയായിരുന്നു, കാലം. ഈ കളികളുടെയൊക്കെ ആകെ വില കോടിക്കണക്കിനു മനുഷ്യജീവന്‍ ആയിരുന്നുവെങ്കിലും. സമാധാനത്തിനുള്ള എല്ലാ കാര്യങ്ങളും സ്റ്റാലിന്‍ ഒരുക്കി വച്ചിട്ടും റഷ്യ ആക്രമിക്കാനുള്ള ഹിറ്റ്ലറുടെ എടുത്തുച്ചാട്ടത്തിലുമുണ്ടായിരുന്നില്ലേ ഈ ആകസ്മികത? റഷ്യന്‍ ആക്രമണം ആറാഴ്ച വൈകിയാണ് ഹിറ്റ്ലര്‍ക്ക് ആരംഭിക്കാന്‍ കഴിഞ്ഞത്. (ആക്രമണത്തിനുള്ള തീയതി ഹിറ്റ്ലര്‍ നിശ്ചയിച്ചു വച്ചിരുന്നത് 1941 മെയ് 15, മുസ്സോളിനിയ്ക്ക് ഗ്രീസില്‍ സഹായം നല്‍കാനായി പോയതുകൊണ്ട് ആക്രമണം തുടങ്ങാന്‍ പറ്റിയത് ജൂണ്‍ 22 ന്.) മോസ്കോയ്ക്ക് 25 മൈല്‍ അടുത്തെത്തിയ ജര്‍മ്മന്‍ സൈന്യത്തെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് ആ വര്‍ഷം ശൈത്യം നേരത്തെ വന്നു. മൈനസ് 40 ഡിഗ്രിയുമായി! തന്റെ മരണത്തിനു തൊട്ടു മുന്‍പ് ആധുനിക ജര്‍മ്മനിയുടെ സ്ഥാപകനായി അറിയപ്പെടുന്ന പ്രഷ്യന്‍ രാജാവ് ഫെഡറിക്കിന്റെ ചിത്രത്തിനു മുന്നില്‍ നിന്നുകൊണ്ട് ഹിറ്റ്ലര്‍ ‘ആ ആറാഴ്ചകള്‍ തിരിച്ചു തരിക’ എന്നു വിതുമ്പിയതായി ഒരു കഥയുണ്ട്.

ചരിത്രമെന്നത് ആകസ്മികസംഭവങ്ങളുടെ ആകത്തുകയല്ലാതെ മറ്റെന്താണ്?

June 5, 2009

എത്രയെത്ര നീലാംബരികള്‍ !




ഒരേ കാര്യത്തെ വിവിധപത്രങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന് അന്വേഷിക്കുന്നത് എന്തുകൊണ്ടും കൌതുകകരമാണ്. വസ്തുതാവിവരണങ്ങളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് ചിന്തിച്ച് സമാധിയടയാം എന്നുള്ളതുകൊണ്ടല്ല. ക്ലീഷേകള്‍ വസ്തുനിഷ്ഠതയെ തകരാറിലാക്കുന്ന വഴികളെപ്പറ്റിയും വിവരത്തെ മോടി പിടിപ്പിക്കാന്‍ പത്രങ്ങള്‍ അവലംബിക്കുന്ന തന്ത്രങ്ങളെക്കുറിച്ചും വെളിപാടുകള്‍ നമുക്കുണ്ടാവുന്നത് ഇങ്ങനെ ചില വേളകളിലാണ്. പറഞ്ഞു പഴകിയതോ കേട്ടു തഴമ്പിച്ചതോ ആയ പ്രയോഗങ്ങള്‍ വാര്‍ത്തയില്‍ കടന്നുകൂടുന്നത് സാധാരണജനത്തെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാണ്. പുതിയപ്രയോഗങ്ങളുടെ സൂക്ഷ്മശ്രുതികളും നാനാര്‍ത്ഥങ്ങളും അന്വേഷിച്ച് ചിന്താവശനായി കാടുകയറേണ്ട ആവശ്യം വരില്ലല്ലോ. അല്പായുസ്സായ വാര്‍ത്തകള്‍ക്ക് അത്രയൊക്കെ മതി എന്നൊരു തൊടുന്യായവും പ്രസ്തുതത്തില്‍ ഉന്നയിക്കാവുന്നതാണ്. 24 മണിക്കൂറിനപ്പുറം ആയുസ്സു നീട്ടിക്കിട്ടാത്തതെങ്കിലും വായിക്കുന്ന നിമിഷം എന്തിനെക്കാളും ചൂടായി തന്നെയിരിക്കുന്ന ഒരു ‘വാര്‍ത്ത’ സൃഷ്ടിക്കുന്നത് യഥാര്‍ത്ഥചിത്രം തന്നെയാവുമോ -അങ്ങനെയൊന്നുണ്ടെങ്കില്‍- വായിക്കുന്നയാളിന്റെ മനസ്സില്‍? അഥവാ അത്തരം ഒരു ചിത്രം നിര്‍മ്മിക്കണമെന്ന ആഗ്രഹം എഴുതി വിടുന്ന ലേഖകനു/ലേഖികയ്ക്ക് ആത്മാര്‍ത്ഥമായി ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കാന്‍ വല്ല തെളിവും നമുക്കു മുന്നിലുണ്ടോ?

മെയ് 31-നാണ് കമലാസുരയ്യ യാത്രയായത്. എഴുത്തുകാരി എന്ന നിലയിലുള്ള തലപ്പൊക്കത്തിനു പുറമേ ഇന്നും ശരാശരി മലയാളിക്ക് തിരിഞ്ഞുകിട്ടാത്ത നിഗൂഢമായ എന്തൊക്കെയോ ഉള്ളില്‍ പാത്തുവച്ചിരിക്കുന്ന വച്ച വ്യക്തിത്വമാണവരുടേത്. കമലാസുരയ്യയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങള്‍ സാംസ്കാരികവും രാഷ്ട്രീയവും മതപരവുമായ സാമ്പത്തികവുമായ ലിംഗപരവും ഒക്കെയായ മാനങ്ങളെ ഉള്‍ക്കൊണ്ടിരുന്നു എന്നത് ചെറിയ കാര്യമല്ല. അതുകൊണ്ട് മലയാള ദിനപ്പത്രങ്ങള്‍ ആ മരണത്തെ ഉള്‍ക്കൊണ്ടതും അവതരിപ്പിച്ചതുമായ രീതി കാര്യമായ വിശകലനത്തിനുള്ള എല്ലാ സാധ്യതയും പേറുന്നുണ്ട്. അത്രത്തോളം പോകുന്നില്ല. നിര്‍വചനങ്ങളുടെ അതിരുകളില്‍ തളച്ചിടാനാവാത്ത കമലയെ പത്രങ്ങള്‍ സ്വതഃസിദ്ധമായ വിശേഷണങ്ങളില്‍ അവതരിപ്പിച്ചതെങ്ങനെ എന്നതിനേക്കാള്‍ സംഗ്രഹിച്ചതെങ്ങനെ എന്ന് നോക്കുന്നത് നന്നായിരിക്കും. മെയ് 31-നുള്ള സിറ്റി എഡിഷനുകളില്‍ തന്നെ മാതൃഭൂമി കമലാസുരയ്യയുടെ വേര്‍പാടിന്റെ വാര്‍ത്ത കൊടുത്തു, കാര്യമാത്രപ്രസക്തമായി. ജൂണ്‍ ഒന്നിലെ മാതൃഭൂമിയിലെ ലീഡ് ‘കമലദലം കൊഴിഞ്ഞു’ എന്നാണ്. ‘വിശ്വകഥാകാരിയ്ക്ക് അശ്രുപൂജ’ എന്ന് ഉപശീര്‍ഷകം. മനോരമയില്‍ ‘ഇല്ല പൂക്കില്ല നീര്‍മാതളം’ എന്നാണ് തലക്കെട്ട്. തന്റെ തന്നെ മരണത്തെക്കുറിച്ചുള്ള ഒരു വാക്യം മുകളില്‍ ഉദ്ധരണിയായി കൊടുത്തുകൊണ്ടാണ് വാര്‍ത്തയുടെ വൈകാരികതയ്ക്ക് മനോരമ നിറം കൂട്ടിയത്. 'പൂക്കള്‍ ഒഴിയാത്ത നീര്‍മാതളം' എന്നായിരുന്നു മാതൃഭൂമിയിലെ എഡിറ്റോറിയലിന്റെ പേര്‌‍. എം ടിയുടെയും ബി മുരളിയുടെയും മിഡ് പേജുകള്‍ കൊടുത്തതുകൊണ്ടായിരിക്കണം മനോരമയിലെ എഡിറ്റോറിയല്‍ കമലയെപ്പറ്റി ആയിരുന്നില്ല. അത് ഓസ്ട്രേലിയായിലെ വശീയ പേക്കൂത്തിനെപ്പറ്റിയാണ്. ദേശാഭിമാനിയിലെ ശീര്‍ഷകം ‘ആമിയെത്തുന്നു; അവസാനയാത്രയ്ക്ക്’ എന്നായിരുന്നു. മലയാളികളോട് കലഹിച്ച് പൂനയിലേയ്ക്ക് പിണങ്ങിപ്പോയ കമല തിരിച്ചെത്തുന്നതിനെ നാടകീയമായി അവതരിപ്പിക്കുന്നതായിരുന്നു, ആ വാക്യം. പത്രാധിപക്കുറിപ്പിന് ആ പ്രസിദ്ധമായ കഥയുടെ പേര് ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന്. മാധ്യമം വാര്‍ത്ത നല്‍കിയത് ‘ സ്നേഹതാരകം ഇനി ഓര്‍മ്മ’ എന്നും പറഞ്ഞാണ്. ‘അസ്തമിക്കാത്ത അക്ഷരസൌന്ദര്യം’ എന്നായിരുന്നു പത്രാധിപക്കുറിപ്പിന്റെ ശീര്‍ഷകം. ‘കഥ ബാക്കിയാക്കി മാധവിക്കുട്ടി മടങ്ങിപ്പോയി’ എന്ന് കേരളകൌമുദി. ‘കഥാവശേഷയായ ആമിയേടത്തി’ എന്ന പേരിലുള്ള എഡിറ്റോറിയല്‍ ലീഡിന്റെ പിന്തുടര്‍ച്ച തന്നെ. എന്തൊക്കെയോ മിച്ചം വച്ച് യാത്രയായ പ്രതീതിനിര്‍മ്മാണമാണ്. കേരളകൌമുദി കുടുംബത്തിന്റെ മദ്ധ്യാഹ്ന പത്രം ‘ഫ്ലാഷ്’ എഴുതിയത് ‘കമലയെ മലയാളം ഏറ്റു വാങ്ങി’ എന്നാണ്. എന്താണോ എന്തോ ലേഖകന്‍ ഉദ്ദേശിച്ചത്. ഒരു പക്ഷേ വായിച്ച ശീര്‍ഷകങ്ങളില്‍ ഏറ്റവും ദുരൂഹം ഇതാണ്. ‘നീര്‍മാതളം കൊഴിഞ്ഞു’ എന്നാണ് ദീപികയുടെ തലക്കെട്ടെങ്കില്‍ ‘നീര്‍മാതളപ്പൂ കൊഴിഞ്ഞു’ എന്നാണ് വീക്ഷണത്തിന്റെ തലക്കെട്ട്. ‘മലയാളത്തിന്റെ സുഗന്ധം പരത്തിയ കഥാകാരി‘ എന്നാണ് കമലയെ ദീപികയുടെ പത്രാധിപക്കുറിപ്പ് വിശേഷിപ്പിക്കുന്നത്. ‘നഷ്ടപ്പെട്ട നീലാംബരി’യായിരുന്നു കമലാസുരയ്യ എന്ന് വീക്ഷണത്തിലെ എഡിറ്റോറിയല്‍ ആ പേരുള്ള തലക്കെട്ടിലൂടെ പറയാന്‍ ശ്രമിക്കുന്നു.‍. ജനയുഗത്തിലെയും ചന്ദ്രികയിലെയും മുഖ്യവാര്‍ത്തയുടെ തലക്കെട്ട് ഒന്നു തന്നെ. ‘നഷ്ടപ്പെട്ട നീലാംബരി’. ‘മാധവിക്കുട്ടിക്ക് നാളെ യാത്രാമൊഴി’ എന്നാണ് ജന്മഭൂമി എഴുതിയത്. ബൈലൈനില്‍ മുരളി പാറപ്പുറം ‘മാധവിക്കുട്ടിയുടെ മരണത്തെയും മതം മാറ്റുന്നു’ എന്നൊരു വാര്‍ത്തകൂടി എഴുതി തുന്നിച്ചേര്‍ത്താണ് ജന്മഭൂമി ഒന്നിന് പുറത്തിറങ്ങിയത്. ‘മാധവിക്കുട്ടി മടങ്ങി വരട്ടെ’ എന്ന് അതിന്റെ എഡിറ്റോറിയല്‍. എവിടേയ്ക്കാണെന്ന് പറയാതെ തന്നെ വ്യക്തം. പേരുള്‍പ്പടെ കമലയുടെ മതം മാറ്റം ആകെ കലുഷമാക്കിയിരിക്കുകയാണ് ജന്മഭൂമിയുടെ പത്രമനസ്സിനെ. ഒരര്‍ത്ഥത്തില്‍ അതും സ്നേഹം തന്നെ. ‘കളങ്കമില്ലാത്ത കഥാകാരി’ എന്ന ശീര്‍ഷകത്തില്‍ പത്രാധിപക്കുറിപ്പ് കൊടുത്ത മംഗളത്തിലെ വാര്‍ത്ത ഇങ്ങനെ : ‘കഥയ്ക്കപ്പുറം കമല’. സ്വന്തം ലേഖകന്‍ എഴുതിയ ഒരു ലേഖനം, അകത്ത്.പേര് ‘നഷ്ടപ്പെട്ട നീലാംബരി

കൊച്ചിയില്‍ നിന്നിറങ്ങുന്ന ന്യൂ ഏജ് ബിസിനസ്സ് പത്രത്തിലെ പ്രശാന്ത് ആര്‍ നായരുടെ ബൈലൈനും ‘നഷ്ടപ്പെട്ട നീലാംബരി’ എന്നാണ്. ‘കമല കഥാവശേഷ’ എന്ന് ഹെഡ് കൊടുത്ത മെട്രോ വാര്‍ത്ത എഡിറ്ററുടെ കുറിപ്പില്‍ ‘അക്ഷരങ്ങളുടെ മഹാരാജ്ഞി‘ എന്നാണ് കമലയെ വിശേഷിപ്പിച്ചത്. മനോജ് കെ ദാസ് എഴുതിയ 'The Dove departs' ആണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രെസ്സിലെ വാര്‍ത്തയുടെ കാവ്യാത്മകമായ ശീര്‍ഷകം. ഇതിലെ പ്രാവിന് തലക്കെട്ടുകളുടെ കൂട്ടത്തില്‍ അപൂര്‍വതയുണ്ടെങ്കിലും എങ്ങനെ ഇതിവിടെ വന്നു എന്ന് ചിന്തിച്ച് കുഴമറിയാവുന്നതാണ്. ആകാശത്തിന്റെ മണവുമായി വരുന്ന പക്ഷികള്‍ നമ്മള്‍ കമലയുടെ കഥകളില്‍ കണ്ടതാണ്. ബൂട്ടിട്ടു ചവിട്ടിയരച്ചുകളഞ്ഞ് ഒരു കുരുവി മനസ്സില്‍ നിന്നു മായുകയുമില്ല. പ്രാവ് സമാധാനത്തിന്റെ എന്നപോലെ സ്നേഹത്തിന്റെയും ചിഹ്നമായിരിക്കാം. ആര്‍ക്കറിയാം? ദ ഹിന്ദു ആകട്ടെ, ഇമ്മാതിരി വേവലാതി ഒന്നും കൈയിലെടുക്കാതെ, State funeral for writer Kamala Suraiya എന്ന് അങ്ങേയറ്റം വസ്തുനിഷ്ഠമായി. ഇന്ത്യന്‍ എക്സ്പ്രെസ്സ്, അനുബന്ധങ്ങളില്‍ വേറെയും ചില ലേഖനങ്ങള്‍ നല്‍കി. അതിലൊന്ന് എന്‍ എസ് മാധവന്റെയാണ്. മറ്റൊന്ന് എം ടിയുടെ. നമ്മുടെ തൊട്ടയല്‍പ്പക്കമായ തമിഴ്‌നാട്ടിലെ രണ്ടു പത്രങ്ങളിലുമുണ്ടായിരുന്നു വാര്‍ത്ത. അകത്തെപേജുകളില്‍, രണ്ടു കോളത്തില്‍.‘കമലാദാസ് മരണം. നാളൈ ഉടല്‍ അടക്കം’ എന്ന് ദിനകരന്‍. ‘പെണ്‍എഴുത്താളര്‍ കമലാസുരയ്യാ മരണം’ എന്ന് നാഗര്‍കോവിലില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ദിനമലര്‍. ‘പെണ്‍എഴുത്താളര്‍’ എന്ന പ്രയോഗം എന്തുകൊണ്ടോ രസകരമായി തോന്നി. സംഗ്രഹണത്തിന്റെ ഓരോരോ രീതികളേയ് !

കമലയെന്നും സുരയ്യയെന്നും ആമിയെന്നും മാധവിക്കുട്ടിയെന്നും പലതരത്തില്‍ വിശേഷിപ്പിച്ച പേരുകളിലുമുണ്ട്, പത്രങ്ങളുടെ പൊളിറ്റിക്സും പൊളീമിക്സും. ചിത്രങ്ങളുടെ വ്യത്യാസങ്ങള്‍ കൂടി ചര്‍ച്ചയ്ക്കെടുത്താല്‍ ഇപ്പോഴെങ്ങും ഇതവസാനിപ്പിക്കാന്‍ പറ്റിയെന്നു വരില്ല. അനുസ്മരണക്കുറിപ്പുകളുടെ വൈപുല്യവും അത്രതന്നെ ചര്‍ച്ചയ്ക്കു വിധേയമാക്കാവുന്നതാണ്. എം ടിയും സുകുമാര്‍ അഴീക്കോടുമാണ് അനുസ്മരണക്കുറിപ്പെഴുതിയവരില്‍ മുന്‍പര്‍‍ മിക്ക പത്രങ്ങളിമുണ്ട് ഇവരുടെ കുറിപ്പുകള്‍. കൂട്ടുകാരി കാര്‍ത്ത്യായിനിയമ്മയും ചിരുതേയി എന്ന ജാനുവമ്മയുമാണ് അനുസ്മരണക്കാരിലെ വ്യത്യസ്തര്‍. ആ വക കാര്യങ്ങള്‍ പിന്നീടാവട്ടെ. പ്രധാനശീര്‍ഷകങ്ങളിലൂടെ മാത്രം കണ്ണോടിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാവുന്നു. ‘കഥ’യെഴുത്തിനപ്പുറമുള്ള കമലയുടെ ജീവിതം പൊതുബോധത്തില്‍ അത്രശക്തമല്ല. കുറഞ്ഞ പക്ഷം പത്രലേഖകര്‍ എന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെങ്കിലും. തലക്കെട്ടുകളൊന്നും കവിതയെ തിരിഞ്ഞു നോക്കുന്നുകൂടിയില്ലല്ലോ. കഥയില്‍ മാധവിക്കുട്ടി എത്ര പ്രസിദ്ധയാണോ അത്രതന്നെ പ്രസിദ്ധയായിരുന്നു കമലാദാസ് കവിതയിലും. എന്നിട്ട്? രണ്ടാമത്തെകാര്യം മാധവിക്കുട്ടി എന്നു കേള്‍ക്കുമ്പോള്‍ പത്രങ്ങള്‍ക്ക് ഓര്‍മ്മ വരുന്ന രൂപകം നീര്‍മാതളത്തിന്റേതാണ്. ആ വാക്കിന്റെ ഉച്ചാരണത്തിനുള്ള സൌകുമാര്യമായിരിക്കാം കാരണം. കമലയുടേതായ മൌലിക കല്‍പ്പനകള്‍ ഒന്നും പക്ഷേ ശീര്‍ഷകങ്ങളില്‍ കയറികൂടിയില്ല. ‘പക്ഷിയുടെ മണവും നരിച്ചീറുകള്‍ പറക്കുമ്പോഴത്തെ ഭയവും കുറഞ്ഞവാക്കുകളില്‍ കോറിയിട്ട എഴുത്തുകാരിക്ക് പതിച്ചുകിട്ടിയ ഏക പക്ഷി മുദ്രയാവട്ടേ പ്രാവിന്റേതും. (ഇന്ത്യന്‍ എക്സ്പ്രെസ്സ്) എങ്കിലും എല്ലാത്തിനെയും കവച്ചു വയ്ക്കുന്ന കല്‍പ്പന ‘നഷ്ടപ്പെട്ട നീലാംബരി’യുടെതാണ്. എത്രപ്രാവശ്യം അതു ആവര്‍ത്തിക്കപ്പെട്ടു ! സത്യത്തില്‍ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥ അവരുടെ സാഹിത്യ ജീവിതത്തെയോ ലൌകിക ജീവിതത്തെയോ ഒരു തരത്തിലും പ്രതിനിധീകരിക്കാന്‍ കെല്‍പ്പുറ്റ ബിംബമല്ല. ജീവിതവുമായി രാജിയാവാന്‍ അങ്ങേയറ്റത്തെ പ്രായോഗികതയോടെ ഉപദേശിക്കുന്ന ഒരു കഥയാണത്. ലെനിന്‍ രാജേന്ദ്രന്‍ സിനിമയാക്കിയതുകൊണ്ട് പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്ന ഒരു ശീര്‍ഷകമായെന്നു മാത്രം. വിട്ടുവീഴ്ചയില്ലാതെ സാമാന്യബോധത്തിന്റെ ധാരണകള്‍ക്കെതിരെ നിരന്തരം കലഹിച്ചിരുന്ന കമലയുടെ ജീവിതത്തെ ഏതുതരത്തിലാണ് ഈ കഥ അടയാളപ്പെടുത്തുന്നത്? ഒന്നുമില്ലെങ്കില്‍ ഒരുപാട് പേര്‍ ഒരേ ദിവസം ഈ ശ്രുതിയില്‍ ചിന്ത മീട്ടിയതെങ്ങനെ? ഒരു‘നഷ്ടപ്പെടലില്‍’ മാത്രം തൂങ്ങിയാണ് അതു നിര്‍മ്മിച്ച ആളിന്റെ ജീവിതവുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത ഒരു ക്ലീഷേ ഇങ്ങനെ പത്രത്താളുകളില്‍ വെറുതേ ആര്‍ത്തലച്ചുകൊണ്ടിരുന്നത് ! കഷ്ടം തന്നെ !

‘ഓണ്‍ പ്രസ്സ്‘ എന്ന പ്രബന്ധത്തിന്റെ തുടക്കത്തില്‍ (അതു പ്രസംഗവുമാണ്) ഉംബെര്‍ട്ടോ എക്കോ പത്രവാര്‍ത്തയുടെ വസ്തുനിഷ്ഠതയെ തകരാറിലാക്കുന്ന രണ്ടു കാര്യങ്ങളില്‍ ഒന്നായി ഉദാഹരണങ്ങളോടേ ചൂണ്ടിക്കാട്ടുന്നത് ഇതേ ക്ലീഷേയെയാണ് എന്നാണ് എന്റെ തോന്നല്‍. (ഫൈവ് മോറല്‍ പീസസ് എന്ന പുസ്തകം) കാരണം, യഥാര്‍ത്ഥങ്ങളായതെന്തോ അവയെ നിര്‍മ്മിക്കാനല്ല, ഇത്തരം വിശേഷണഭാഷ ഉപയുക്തമാകുക, ഉള്ള ചിത്രത്തിന്റെ തെളിച്ചം കുറയ്ക്കാ‍നാണ്. അല്ലേ?

June 1, 2009

ആ രാത്രി




സ്വന്തം വീടും നാടും വിട്ട് ബന്ധുക്കളെ പിരിഞ്ഞ് ദൂരെ പോകേണ്ടി വന്ന മകന് അമ്മ നല്‍കിയത് ഒരു തലയണയാണ്. അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവരുടെ കൈയ്യില്‍. എവിടെയായാലും അവന്‍ സുഖമായി ഉറങ്ങട്ടേയെന്ന് അവര്‍ കരുതികാണും. ദുരിതങ്ങളുടെ ഭൂമിയില്‍ എല്ലാം മറന്നുള്ള ഒരുറക്കമാണ് ഏറ്റവും മിച്ചമായ സുഖം. തലയണയും വാങ്ങി യാത്രയായ അവന്‍, ദൂരെ, അമ്മയുടെ മടിയിലെന്നപോലെ അതില്‍മുഖമണച്ച് ഉറങ്ങിയ ഒരു രാത്രിയിലാണ് ജെറുസലേം കത്തിയെരിഞ്ഞത്. കൂടെ അവന്റെ തലയണയും.

-ഏലീ വീസല്‍ പറഞ്ഞ കഥയാണിത്. ജോണ്‍ എസ് ഫ്രീഡ്മാനുമായുള്ള അഭിമുഖത്തില്‍ ഏലീ തന്റെ രചനാലോകത്തെ കത്തുന്ന തലയണയുടെ പാട്ടായി വിലയിരുത്തുന്നുണ്ട്. പൊറുതിയില്ലാത്തതും നീണ്ടു നീണ്ടു പോകുന്നതുമായ ജീവിതം. പൊറുക്കാന്‍ വയ്യാത്ത ഓര്‍മ്മകള്‍ക്കു പിന്നാലെ കിതച്ചും കൊണ്ടോടുന്ന അത് ഒരിക്കലും പ്രഭാതമുദിക്കാത്ത രാത്രി കൂടിയാണ് എന്നോര്‍മ്മിപ്പിക്കുന്നു ആ രചനകള്‍. ഓര്‍മ്മക്കുറിപ്പുകളും കവിതകളും നാടകവും ദൈവശാസ്ത്രവും ആത്മീയതയുമൊക്കെയായി 57 ‌ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്, വീസല്‍. ജനനം റുമേനിയയില്‍. 1928-ല്‍. യാഥാസ്ഥിതിക യഹൂദ മതവിശ്വാസിയായ അച്ഛന്റെയും (ഷോലോമോ വീസല്‍) കഠിനാദ്ധ്വാനിയായ അമ്മയുടെയും (സാറാ ഫ്രിഗ്) മൂന്നാമത്തെ മകനായി. ഒരിക്കല്‍ ജോലിയുടെ ഭാഗമായി വീസല്‍ പ്രസിദ്ധ ഫ്രഞ്ചു സാഹിത്യകാരനായ ഫ്രാന്‍സ് മോറിയാക്കിനെ കാണാന്‍ പോയിരുന്നു. ടെല്‍ അവീവിലെ ഒരു പത്രത്തിനുവേണ്ടി ഒരു അഭിമുഖം സംഘടിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. മോറിയാക്കിന് ഇസ്രയേലി പയ്യനെ ഇഷ്ടപ്പെട്ടു. അന്ന് വീസലിന് 24 വയസ്സുണ്ട്. പല കഥകളും പറഞ്ഞിരുന്ന കൂട്ടത്തില്‍ ഓഷ്‌വിറ്റ്സിലെ തീവണ്ടിനിലയത്തില്‍ നിരാലംബരായി നിന്ന ലക്ഷക്കണക്കിനു ജൂതക്കുട്ടികളെക്കുറിച്ച് ഫ്രഞ്ച് എഴുത്തുകാരന്‍ സൂചിപ്പിച്ചു. അവരെ എന്തിനുവേണ്ടിയാണങ്ങനെ നിര്‍ത്തിയിരുന്നതെന്ന് അന്ന് ജനം വേണ്ട രീതിയില്‍ അറിഞ്ഞിരുന്നില്ല. മോറിയാക്കും. പിന്നീട് നാസികളുടെ ക്രൂരതകളൊന്നൊന്നായി പുറത്തു വരുന്ന സമയത്താണ് ഗ്യാസ് ചേംബറുകളില്‍ വിറകുക്കഷ്ണങ്ങള്‍ക്കു പകരം എരിഞ്ഞത് ഇതുപോലുള്ള തീവണ്ടിനിലയങ്ങളില്‍ പലയിടത്തും പറ്റങ്ങളായി കാത്തു നിന്ന ബാല്യങ്ങളായിരുന്നു എന്ന വിവരം നടുക്കത്തോടെ ലോകമറിയുന്നത്.

“ ആ കുട്ടികളെക്കുറിച്ച് പിന്നീടെത്രമാത്രം ഞാന്‍ ചിന്തിച്ചിട്ടുണ്ടെന്നോ..?” മോറിയാക് ഓര്‍മ്മകളില്‍ നഷ്ടപ്പെട്ടുകൊണ്ട് പറഞ്ഞു. ആ കുട്ടികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാളാണ് തന്റെ മുന്നിലിരിക്കുന്ന പത്രപ്രവര്‍ത്തകന്‍ എന്ന് അപ്പോഴാണ് മോറിയാക് അറിയുന്നത്. കോണ്‍സന്റ്രേഷന്‍ ക്യാമ്പുകളെ അതിജീവിച്ച പലരെയും പോലെ വീസലിനും തന്റെ അനുഭവങ്ങള്‍ കുറിച്ചു വയ്ക്കാന്‍ കഴിയുമായിരുന്നില്ല. അതിനു പറ്റിയ പദങ്ങള്‍ തന്റെ പക്കലില്ലെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചു. മോറിയാക്കുമായുള്ള സൌഹൃദമാണ് വീസലിനെക്കൊണ്ട് എഴുതി തുടങ്ങിപ്പിച്ചത്. യിദ്ദിഷ് ഭാഷയില്‍ എഴുതിയ ‘ലോകം അപ്പോഴും മൌനമായി നിലകൊണ്ടു’ (and the world remain silent) എന്ന പുസ്തകം പകരമില്ലാത്ത നരകയാതനയുടെ നേര്‍സാക്ഷ്യങ്ങളാണ്.

1944-ലാണ് നാസികള്‍ വീസലിനെയും അച്ഛനമ്മമാരെയും അനുജത്തി ടുസിപോറയെയും തടവിലാക്കി പോളണ്ടിലെ ഓഷ്വിറ്റ്സിലേയ്ക്ക് കൊണ്ടു വരുന്നത്. വീസലിനു അന്ന് പതിനഞ്ചുവയസ്സായിരുന്നു. പിന്നെ ബുച്ചന്‍‌വാള്‍ട്ടിലേയ്ക്കു മാറ്റി. മനുഷ്യരെ മൃഗങ്ങളെക്കാള്‍ ദാരുണമായി കൈകാര്യം ചെയ്തു കൊണ്ട് പട്ടാളക്കാര്‍ മുന്നോട്ടു നടക്കാന്‍ ആജ്ഞകള്‍ നല്‍കുമ്പോള്‍ അച്ഛന്‍ കരയുന്നത് താന്‍ ആദ്യമായി കണ്ടു എന്ന് വീസല്‍ എഴുതുന്നു. അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് കൌമാരക്കാരനായ വീസല്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അമ്മ ദൃഢമായ മുഖഭാവത്തോടെയാണ് നടന്നിരുന്നത്. ഒരു വാക്കുപോലും പറയാതെ. ‘കുഞ്ഞനുജത്തിയുടെ മുടി നല്ലപോലെ ചീകി കെട്ടി വച്ചിരുന്നത് അതേമാതിരി തന്നെയുണ്ടായിരുന്നു. കൈയില്‍ ചുവന്ന മേല്‍ക്കുപ്പായം. ഏഴുവയസ്സുകാരി പെണ്‍കുട്ടിയ്ക്ക് താങ്ങാന്‍ കഴിയാത്തഭാരമാണ് അവളുടെ മുതുകില്‍ വച്ചുകൊടുത്തിരുന്നത്. “അവള്‍ പല്ലുകടിച്ചു കൊണ്ടാണ് നടന്നിരുന്നത്. പരാതിപ്പെടുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് അവള്‍ക്കു ഇതിനകം മനസ്സിലായിക്കാണും. പട്ടാളക്കാന്‍ നിരന്തരം കൈയ്യിലിരുന്ന വടി വീശി അടിച്ചുകൊണ്ടിരുന്നു.. “വേഗം.... വേഗം..” എനിക്കു ശക്തിയൊട്ടുമില്ലായിരുന്നു. വല്ലാത്ത ക്ഷീണം..യാത്ര ആരംഭിച്ചിട്ടേയുള്ളൂ..” *

ഇടയ്ക്കു വച്ച് സ്ത്രീകളെയും പുരുഷന്മാരെയും അവര്‍ വേറെ വേറെയാക്കി. അമ്മയും അനുജത്തിയും അകന്നുപോകുന്നത് വീസല്‍ കണ്ടു. അച്ഛന്‍ വീസലിന്റെ കൈയില്‍ മുറുകെ പിടിച്ചു. അവരപ്പോഴും നടന്നുകൊണ്ടിരുന്നു. അച്ഛനെ പട്ടാളക്കാര്‍ അടിച്ച് അടിച്ച് രോഗിയാക്കി. ജീവനോടെ അടുപ്പിലെറിഞ്ഞു. അമ്മയെയും അനുജത്തിയെയും വീസല്‍ പിന്നെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ല. നാസികള്‍ അവരെയും ജീവനോടെ അടുപ്പില്‍ ഇട്ടിരിക്കും. ( വീസലിന്റെ മൂത്ത സഹോദരിമാര്‍ ഹില്‍ഡയും ബിയാട്രിസും നാസിപീഡനങ്ങളെ അതിജീവിച്ചു. പിന്നീടവര്‍ ഫ്രഞ്ച് അനാഥാലയത്തില്‍ വച്ച് ഏലിയുമായി കൂടിച്ചേരുന്നുണ്ട്.)

“ഒരിക്കലും എനിക്കാ രാത്രി മറക്കാന്‍ കഴിയില്ല. ക്യാമ്പിലെ ആദ്യത്തെ രാത്രി. അതാണ് എന്റെ ജീവിതത്തെ, ഒരിക്കലും അവസാനിക്കാത്ത രാത്രിയാക്കി മാറ്റിയത്. ഏഴുപ്രാവശ്യം മുദ്ര വച്ച, ശാപങ്ങളേറ്റു വാങ്ങിയ രാത്രി. ആ പുകക്കൂട്ടങ്ങള്‍ ഞാന്‍ മറക്കില്ല. നിശ്ശബ്ദയായ നീലാകാശത്തിനു താഴെ മേഘപടലങ്ങളായി എരിഞ്ഞുയര്‍ന്ന കുഞ്ഞു ശരീരങ്ങളെ, അവയിലെ പേടിച്ചരണ്ട മുഖങ്ങളെ ഒരിക്കലും എനിക്കു മറക്കാന്‍ കഴിയില്ല. വിശ്വാസത്തെ എന്നെന്നേയ്ക്കുമായി കരിച്ചുകളഞ്ഞ ആ തീജ്ജ്വാലകളെ എനിക്കു മറക്കാനാവില്ല. ജീവിക്കാന്‍ വേണ്ടിയുള്ള, ഒരിക്കലും അവസാനിക്കാത്ത ആഗ്രഹത്തെ എന്നില്‍ നിന്ന് അപഹരിച്ചു നശിപ്പിച്ച ആ രാത്രിയുടെ ഭീകരമായ മൌനത്തെ മറക്കുക വയ്യ. എന്റെ ദൈവത്തെയും ആത്മാവിനെയും കൊലപ്പെടുത്തുകയും സ്വപ്നങ്ങളെ ചെളിമണ്ണിലിട്ട് ചവിട്ടിമെതിക്കുകയും ചെയ്ത നിമിഷങ്ങളെ എനിക്കു മറക്കാന്‍ കഴിയില്ല. ദൈവമുള്ളിടത്തോളം കാലം ഈ ഭൂമിയില്‍ ജീവിക്കാനായി ഞാന്‍ ശിക്ഷിക്കപ്പെട്ടാല്‍ പോലും ഇതൊന്നും എന്നെ ഒഴിഞ്ഞ് പോകില്ല. ഒരിക്കലും ഞാന്‍ മറക്കില്ല. ”

മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിന്റെയും അവഹേളിക്കുന്നതിന്റെയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും യാതനാ ചരിത്രം ഏലീ വീസല്‍ ഒരു പുസ്തകത്തില്‍ കുറഞ്ഞവാക്കുകളില്‍ കുറിച്ചിട്ടുണ്ട്. “രാത്രി” (Night) എന്ന പേരില്‍. ദുരന്തങ്ങള്‍ക്ക് എന്തിനാണ് ധാരാളം വാചകങ്ങള്‍? 1958-ലാണ് പുസ്തകം പുറത്തു വന്നത്. ‘ലോകം അപ്പോഴും മൌനമായി നിലകൊണ്ടു’ എന്ന പുസ്തകത്തിന്റെ സംഗ്രഹമാണ് ഇംഗ്ലീഷിലുള്ള ഈ പുസ്തകം. Night -ല്‍ അദ്ദേഹം എഴുതി :
“ ദൈവം എവിടെ?
ദാ ഇവിടെയുണ്ട് അയാള്‍.
ഈ കഴുമരത്തില്‍. തൂക്കിലേറ്റ നിലയില്‍!”

പ്രഭാതം (Dawn) എന്നും പകല്‍ ‍(Day) എന്നും പേരുള്ള കൃതികള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുറത്തിറങ്ങി. ഇരുട്ടിനു ശേഷമുള്ള വെളിച്ചത്തില്‍ വീസല്‍ കാണിച്ച വിശ്വാസം ചെറിയ കാര്യമല്ലെന്നു തോന്നുന്നു. മതാത്മകവും ആത്മീയമായതുമായ പാരമ്പര്യം വീസലിനെ അഗാധമായ അര്‍ത്ഥത്തില്‍ രാപകലില്ലാതെ വേട്ടയാടുന്ന ദുരന്തബോധങ്ങളില്‍ നിന്ന് കരകയറാന്‍ ഒരു പരിധിവരെ സഹായിക്കുന്നുണ്ടാവണം. (കത്തുന്നതെങ്കിലും) ‘തലയണ’ എന്ന കല്‍പ്പന തന്നെ ഒരാശ്രയത്തിന്റെ വിദൂരമായ ഛായ പകരുന്ന ചിഹ്നമാണ്. ഇങ്ങനെ പറയാന്‍ കാരണമുണ്ട്. ‘ദി ട്രൂസും’, ‘ഇതോ മനുഷ്യനും’ എഴുതിയ പ്രിമോ ലെവിയും ഓഷ്‌വിറ്റ്സിലുണ്ടായിരുന്നു.1944-ല്‍. ഉറക്കത്തെ വേട്ടയാടുന്ന ഓര്‍മ്മകള്‍ നിരവധി അഭിമുഖങ്ങളില്‍ പങ്കുവച്ചിട്ടും പുസ്തകങ്ങളില്‍ പകര്‍ത്തിയിട്ടും ‘രാത്രി’ പ്രിമോയുടെ ഉള്ളില്‍ പാടുകെട്ടി കിടന്നിരുന്നിരിക്കണം. ഒരിക്കലും നേരം വെളുക്കാതെ, 1987-ല്‍ കോണിപ്പടിയുടെ മുകളില്‍ നിന്നു ചാടി പ്രിമോ ആത്മഹത്യ ചെയ്തു. 68-മത്തെ വയസ്സില്‍. (അത് അപകടമരണമായിരുന്നു എന്നും പറയപ്പെടുന്നു.) വാക്കുകള്‍ നല്‍കിയാല്‍ പോലും ഓര്‍മ്മകള്‍ ഒഴിഞ്ഞുപോകില്ലെന്ന് അര്‍ത്ഥമുണ്ട്, അതൊരു ആത്മഹത്യയാണെങ്കില്‍. ‘നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു ഓഷ്‌വിറ്റ്സില്‍ വച്ച് തന്നെ പ്രിമോ മരിച്ചതാണല്ലോ’ എന്നാണ് വീസല്‍ ആ മരണവിവരമറിഞ്ഞപ്പോള്‍ പ്രതികരിച്ചത്.

ദൈവവും മനുഷ്യനുല്ലാത്ത ഒരു ലോകത്തിന്റെ ഏകാന്തമായ ഭീകരതയെക്കുറിച്ച് ഉള്ളുലയ്ക്കുന്ന വിധം എഴുതിയ മനുഷ്യന്, ‘മനുഷ്യവര്‍ഗത്തിന്റെ സന്ദേശവാഹകനായി’ വിലയിരുത്തിക്കൊണ്ട് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി, സ്വീഡിഷ് അക്കാദമി,1986-ല്‍.

* ഈ കഥ കൃഷ്ണന്‍ നായര്‍ എഴുതിയിട്ടുണ്ട്, മുന്‍പൊരിക്കല്‍ സാഹിത്യവാരഫലത്തില്‍.
* wikipedia