January 26, 2009
എടുപ്പുകളും റേഷന്‍കടകളും
ബി സി 431-ല്‍ പെരിക്ലിസാണ് ഒരു പ്രസംഗത്തിനിടയില്‍ ജനാധിപത്യം എന്തെന്ന് വിശദീകരിക്കുന്നത്. അന്ന് പ്ലേറ്റോ ജനിച്ചിട്ടില്ല. കുറച്ച് ആളുകളില്‍ മാത്രം നിക്ഷിപ്തമായ അധികാരാവകാശങ്ങള്‍ കൂടുതല്‍ ആളുകളിലേയ്ക്ക് സംക്രമിക്കേണ്ടതായിട്ടാണിരിക്കുന്നതെന്ന് പെരിക്ലിസ് വിശദീകരിച്ചു. അപ്പോഴും അധികാരത്തോടുള്ള ആദരവ്, നിയമത്തോടുള്ള കൂറ് എന്നിവ പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊതുപ്രവര്‍ത്തനങ്ങളിലെല്ലാം നിയന്ത്രണബോധവും വിവേചനവും നിലനില്‍ക്കുന്നുണ്ട്.’ പിറേയുസിലെ കൈഫാലസിന്റെ ഗൃഹത്തില്‍ വച്ച് ഗ്ലൌക്കോണ്, അദൈമാന്തസ്, പോളിമാര്‍ക്കസ്, ക്ലൈറ്റാഫോണ്, ക്രാസിമാക്കസ് തുടങ്ങിയവരുമായി നടത്തിയ സംവാദങ്ങള്‍ സോക്രട്ടീസ് വിവരിക്കും മട്ടില്‍ ശിഷ്യനായ പ്ലേറ്റോ എഴുതിവച്ച പുസ്തകമാണ് ‘റിപ്പബ്ലിക്‘. രചയിതാവിനെക്കുറിച്ചു് ഇനിയും സംശയങ്ങള്‍ അവസാനിക്കാത്ത കൃതികളും കൂട്ടിച്ചേര്‍ത്താല്‍, പ്ലേറ്റോ എഴുതിയിട്ടുണ്ടെന്നു വിശ്വസിച്ചുപോരുന്ന 36 കൃതികളില്‍ ഏറ്റവും പ്രസിദ്ധം ഈ റിപ്പബ്ലിക്കാണ്. നീതിയെക്കുറിച്ച് ചോദിച്ചുകൊണ്ടാണിതില് സോക്രട്ടീസ് സംസാരിച്ചു തുടങ്ങുന്നത്. തത്ത്വചിന്തകരായ ഭരണാധിപന്മാരുടെ ഇച്ഛയാണ് നീതിയെന്ന തീരുമാനത്തില്‍ ആ പ്രകരണം അവസാനിക്കുന്നു. രാജ്യത്തിന്റെ ഉത്തമതാത്പര്യങ്ങളെ മുന്‍ നിര്‍ത്തി ബോധപൂര്‍വം ഭരണകൂടങ്ങള്‍ നിര്‍മ്മിക്കുന്ന ഈ ഭരണാധിപന്മാരാണ് നീതിയുടെ അവസാനവാക്ക്. ടൊമോക്രസിയും ഒളിഗാര്‍ക്കിയും ഡെമോക്രസിയും വിശദീകരിക്കുന്നതിനൊപ്പം ജനാധിപത്യത്തിലെ അതിരുകടന്ന സ്വാതന്ത്ര്യവാഞ്ഛയെ ‘ടൈറനി’ എന്നു പേരിട്ട് മാറ്റിനിര്‍ത്താന്‍ മടിച്ചില്ല, പ്ലേറ്റോ.
പ്ലേറ്റോയുടെ ചിന്തയില്‍ ഒരു സമാന്തരപ്രപഞ്ചം നിഹിതമായിരുന്നു. കൈയെത്തിപിടിക്കാനാവാത്ത വിധം പരിപൂര്‍ണ്ണവും എന്നാല്‍ അദൃശ്യമായ ഒരു ആശയപ്രപഞ്ചത്തിന്റെ അനുകരണം മാത്രമാണ് ബാഹ്യപ്രപഞ്ചം എന്നാണ് അദ്ദേഹം വിശദീകരിച്ചത്. റിപ്പബ്ലിക്കിലെ ഏഴാഭാഗത്തിലെ ഗുഹാപ്രതിരൂപത്തിന്റെ കല്പ്പനയിലൂടെ ഇക്കാര്യം പ്ലേറ്റോ കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂഗര്‍ഭ ഗുഹയ്ക്കുള്ളിലെ തടവുകാര്‍, ഗുഹക്കു വിലങ്ങനെയുള്ള നടപ്പാതയിലൂടെ കടന്നുപോകുന്നവരുടെ നിഴലുകള്‍ യഥാര്‍ത്ഥ്യമായി തെറ്റിദ്ധരിക്കുന്നതുപോലെയാണ് സാധാരണജനം ബാഹ്യപ്രപഞ്ചത്തെ യാഥാര്‍ത്ഥ്യമായി തെറ്റിദ്ധരിക്കുന്നതത്രേ. അവ വെറും നിഴലുകള്‍ മാത്രമാണെന്ന് തിരിച്ചറിയുന്നത് ദാര്‍ശനികര്‍ മാത്രമാണ്. പക്ഷേ സത്യം പറഞ്ഞുകൊടുത്താലും അയാള്‍ ജനങ്ങള്‍ക്കിടയില്‍ അപഹാസ്യനായേക്കാം. സൃഷ്ടികളുടെ എണ്ണപ്പെരുപ്പം പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള ആഗ്രഹമാണെന്നതാണ് സത്യം എന്നു പ്ലേറ്റോ പറഞ്ഞു. ഓരോ വസ്തുവും അത് മാതൃകയാക്കുന്ന ‘ആദര്‍ശവസ്തു’വുമായി എത്രമാത്രം സാദൃശ്യം വഹിക്കുന്നോ അത്രമാത്രം യഥാര്‍ത്ഥമാവും. തോമസ് അക്വിനാസ്, പ്ലേറ്റോയുടെ റിപ്പബ്ലിക്കിനെ വളരെയെളുപ്പം ദൈവരാജ്യവുമായി കൂട്ടിക്കെട്ടി. പില്ക്കാലത്തുണ്ടായ എല്ലാ തത്ത്വചിന്തയും പ്ലേറ്റോയുടേ വാദങ്ങള്‍ക്കുള്ള അടിവരമാത്രമാണെന്ന് ആര്ഫ്രെഡ് നോര്‍ത്ത് വൈറ്റ് ഹെഡ് പറഞ്ഞിട്ടുണ്ട്. ക്രിസ്തുവിനെപ്പോലെ പ്ലേറ്റോയും ഇന്ത്യയില്‍ വന്നിരുന്നു എന്നും യോഗവിദ്യ സ്വായത്തമാക്കിയിരുന്നു എന്നും ഒരു വാദമുണ്ട്. അതെന്തോ ആവട്ടേ, പ്രാചീനമായാലും ആധുനികമായാലും ചിന്തയുടെ കുതിരവണ്ടികള്‍ എടുപ്പുകളുടെ തിരുമുറ്റത്ത് തന്നെ ചെന്നു നില്‍ക്കുന്നതിന്റെ സാരസ്യമാണ് ചികഞ്ഞു വന്നത്. ചെറു ചെറു പട്ടണങ്ങളും പ്രാന്തപ്രദേശങ്ങളും ഉള്‍പ്പെട്ട സ്വയംഭരണപ്രദേശങ്ങള്‍ ഹെല്ലനിക് സംസ്കാരത്തിന്റെ അവസാനത്തോടേ കൂറ്റന്‍ ഭരണാധികാരമായി വളര്‍ന്നതാണ് പ്രസിദ്ധമായ റോമാസാമ്രാജ്യം. ഭരണസിരാകേന്ദ്രമായ റോമിലെ പൌരന്മാര്ക്കു മാത്രമായിരുന്നു ജനാധിപത്യാവകാശങ്ങള്‍. മറ്റുള്ളവരെല്ലാം ഭരിക്കപ്പെടേണ്ടവര്‍ മാത്രം. ഇതിന്റെ ചുരുക്കിയെടുത്ത രൂപകമാണ് പാര്ലമെന്റുകള്. പഴയ ഭരണപ്രവിശ്യകളാണ് ആധുനിക സംസ്കാരത്തില്‍ നിയമസഭാ മണ്ഡലങ്ങളും ലോകസഭയും രാജ്യസഭയുമൊക്കെയായി വേഷപ്പകര്‍ച്ച നേടിയത്. സാമ്രാജ്യത്വവുമായി ഒരൊത്തുകളി ജനാധിപത്യം നേടിയെടുത്തിരിക്കുന്നത് അങ്ങനെയാണെന്ന് എം പി ബാലഗോപാല്‍ ‘വേറാക്കൂറെ’ന്ന പുസ്തകത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ജനാധിപത്യം വഴി നടന്ന് നടന്ന് ഇന്നെത്തിയിരിക്കുന്ന പരിണതി ഇതിനു നല്ല കൈത്താങ്ങും നല്‍കുന്നുണ്ട്.
ഭൂരിപക്ഷമെന്നത് കണക്കിലെ തിരിമറിമാത്രമാണെന്നിരിക്കേ ജനകീയഭരണമെന്നും ജനകീയജനാധിപത്യമെന്നും ഒക്കെ വിളിച്ചു കൂവുന്നതിന്റെ പുതിയ അര്‍ത്ഥങ്ങള്‍ നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റു ചിന്തയില്‍ ജനാധിപത്യത്തിന് മാര്‍ഗമെന്ന(വഴി മാത്രം) നിലയേ ഉള്ളൂ. പക്ഷേ ആ ബൂര്ഷാവ്യാമോഹത്തെ, വര്‍ഗരഹിതസമൂഹത്തിന്റെ അത്ര തന്നെ കാല്പ്പനികതയോടെ സ്വയംഭരണതത്ത്വവും പ്രയോഗവിധിയും ജീവിതരീതിയുമായി വിവരിക്കാം. പെരുമാറേണ്ടി വരുന്നവരോടൊക്കെയുള്ള ഇടപാടുകള്‍ ജനാധിപത്യപരമാക്കിക്കൊണ്ട് ഇത് ശീലമാക്കാനുള്ള നിര്‍ദ്ദേശം ഗോവിന്ദന് മുന്നോട്ടു വച്ചിരുന്നു. മാക്സിന്റെ വഴിയിലൂടെയായിരുന്നില്ല ലെനിന് സഞ്ചരിച്ചത്. പാര്‍ട്ടിയുടെ രൂപഘടന, അച്ചടക്കം, ചിട്ടകള്‍, ക്രിയാവിധികള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ‘എന്താണ് ചെയ്യേണ്ടത്?’ എന്ന പുസ്തകം എഴുതുമ്പോള്‍ ലെനിന് ‘ഉത്പാദനസങ്കേതങ്ങളിലുളവാകുന്ന വികാസക്രമഫലമായി തൊഴിലാളികളില്‍ ഒരു പുതിയ വിപ്ലവതത്ത്വശാസ്ത്രം രൂപപ്പെടുമെന്ന്’ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല എന്നു വ്യക്തമാണ്. അധികാരവിന്യസനം എന്ന സങ്കല്പങ്ങളെല്ലാം ഒരു കൂസലും കൂടാതെ കേന്ദ്രീകൃതമായ അള്‍ത്താരകളില്‍ ചെന്നു കയറുന്നതിന് ഒരു കാരണമുണ്ട് .മതം. അതു ഭരണകൂടസങ്കല്പ്പങ്ങളേക്കാള് പ്രാചീനമായതുകൊണ്ട് മനുഷ്യന്റെ ആവിഷ്കാരങ്ങളില്‍ എല്ലാം മതപരിഗണനകള്‍ മുന്‍ വിധിയില്ലാതെ പ്രവര്‍ത്തിക്കും. ലെനിന്റെ പ്രസിദ്ധമായ ഒരു വാക്യം ഇങ്ങനെ :“ ഫ്യൂഡല്‍ വ്യവസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ മുതലാളിത്തം സ്വര്‍ഗമാണ്. സോഷ്യലിസവുമായി താരതമ്യം ചെയ്യുമ്പോള്‍ നരകവും.” സ്വര്‍ഗനരകങ്ങളില്‍ വിശ്വസിക്കാത്ത ലെനിന് തന്റെ ആശയാവിഷ്കാരത്തിനും മതവുമായി ബന്ധപ്പെട്ട പരികല്പ്പനകള് ഉപയോഗിച്ചു എന്നത് ചെറിയകാര്യമല്ല. മാര്‍ക്സിനെ മിശിഹായാക്കുന്നതുള്പ്പടെ മാക്സിസം എന്ന ബൃഹദാഖ്യാനത്തിനു പില്ക്കാലത്ത് വന്നു ചേര്‍ന്ന വിമര്‍ശനങ്ങളൊന്നും ഈ ആരോപണത്തില്‍ നിന്ന് മാറിനില്‍ക്കുന്നതല്ല. തത്ത്വത്തില്‍ തന്നെ ഭൌതികം എന്നു തോന്നുന്ന വാദങ്ങള്ക്കുളില് പോലും ഒരു ദൈവ വിഗ്രഹം എവിടുന്നോ കടന്നു വന്ന് മുനിഞ്ഞിരിപ്പുണ്ടെന്നാണ് മനസ്സിലാക്കാനുള്ളത്. അപ്പോള്‍ വിശ്വാസത്തെ മൂന്നുനേരം തലയിലെടുത്തുവച്ചെഴുന്നള്ളിക്കുന്ന ഇന്ത്യയെപ്പോലുള്ള നാടുകളുടെ കഥയെന്താണ്!
‘എല്ലാ വിമര്‍ശനങ്ങളുടെയും തുടക്കം മതവിമര്‍ശനത്തില്‍ നിന്നാണെ’ന്നു പറഞ്ഞത് മാര്‍ക്സ് തന്നെയാണ്. കടുത്ത മതനിന്ദ ചിത്രങ്ങളില്‍ കുത്തിതിരുകി എന്നാരോപിച്ചാണ് ലൂയി ബുനുവലിന് ന്യുയോര്ക്കിലുണ്ടായിരുന്ന ജോലി പോയത്. എന്നിട്ടും ‘വിര്ഡിയാന’എന്ന സിനിമയില്‍ തെണ്ടികളുടെ ‘അവസാന അത്താഴം’ ചിത്രീകരിച്ചിരിക്കുന്ന രീതി കണ്ടാല്‍ വിശ്വാസികളല്ല, അല്ലാത്തവരും മൂക്കത്തു വിരലു വച്ചുപോകും. നിരോധിക്കപ്പെട്ട ‘എല്‍’-ന്റെ കഥ വേറെ. ഫ്രെഞ്ചു വിപ്ലവത്തിലെ നിര്‍ണ്ണായകഘട്ടത്തെ ചിത്രീകരിക്കുന്ന ഒരു പഴയ ചിത്രത്തില്‍ ബാരിക്കേടുകള്‍ക്കിടയില്‍ ഉശിരോടെ പൊരുതുന്ന ജനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ട് ത്രിവര്‍ണ്ണപതാകയുമേന്തി ഫ്രാന്‍സ്, സ്ത്രീ രൂപത്തില്‍ നില്‍ക്കുന്നുണ്ട്. സിലക്രോയ് എന്ന ചിത്രകാരനാണ് ആ പടം വരച്ചത്. ഒരു തെരുവുവേശ്യയുടെ മാതൃകയിലാണ് അതില്‍ ഫ്രാന്‍സ്! കാലം മുപ്പതുകളാണ്. അതിനും മുന്‍പ് കൊച്ചുകേരളത്തില്‍ വെണ്മണി സൌരയൂഥം ദൈവങ്ങളെ പരിഹസിച്ചും വസ്ത്രാക്ഷേപം ചെയ്തും കലഹിച്ചും വഴക്കുപറഞ്ഞും സ്നേഹിച്ചു. പക്ഷേ കാലം മാറിയപ്പോഴും ശാസ്ത്രജ്ഞാനം പരന്നപ്പോഴും നാം ഗുഹകളിലെ നിഴലുകളെ നോക്കി ഞരമ്പുകള്‍ വലിച്ചു മുറുക്കുകയാണ് ചെയ്തത്. ഈ ഉദാഹരണങ്ങള്‍ക്കൊപ്പം ഭാരതാംബ, സീത, സരസ്വതി, ഗണപതി തുടങ്ങിയ ഹുസ്സൈന്‍ ചിത്രങ്ങളെ ചേര്‍ത്തു വയ്ക്കുക. നമുക്ക് തോന്നുന്നതെന്താണ്? പലതരം സങ്കലനങ്ങളുടെ രൂപകല്‍പ്പനയാണ് ഇന്ത്യയെന്ന സങ്കല്‍പ്പത്തിനുള്ളത്. അതില്‍ വിവിധ നരവംശങ്ങളുടെ കൂടിച്ചേരല്‍ പോലുമുണ്ട്. സ്വാംശീകരണത്തിനുള്ള കഴിവുകൊണ്ടാണ് ഇന്ത്യ വളര്‍ന്നത്. വിമര്‍ശനങ്ങളെ അതുത്ഭവിക്കുന്ന കേന്ദ്രത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിക്കാണാനുള്ള ശക്തിയാണ് അതിന്റെ ആന്തരിക ബലം. സാമ്രാജ്യത്വസ്ഥാപനം ഇന്ത്യയുടെ ആന്തരികപ്രേരണയാവാതിരുന്നതിനുള്ള മുഖ്യകാരണം അതിന്റെ ഉള്ളിലേക്കുള്ള നോട്ടമാണ്. അസ്തിത്വവും (ഉണ്ട് എന്ന അവസ്ഥ) പ്രകാശനവുമാണ് സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ചൈതന്യവത്തായ ഘടകങ്ങള്‍. ഭാരതീയ മതവിശ്വാസത്തിന്റെ ഏറ്റവും വലിയ ദുഷിപ്പായ ജാതിവ്യവസ്ഥയെ, മതത്തിന്റെ മാന്‍ഡേറ്റുകളെ മാനിച്ചു കൊണ്ടു തന്നെ ഗാന്ധിജി പൊളിക്കാന്‍ ശ്രമിച്ചത് സ്വാംശീകരണപ്രവണതയുടെ ആധുനികമായ ഉദാഹരണമാണ്. പക്ഷേ ഇപ്പോള്‍ മതം, രാഷ്ട്രീയത്തിനു പിന്നിലെ അബോധസാന്നിദ്ധ്യം വെടിഞ്ഞ് മുന്നിലെത്തുമ്പോള്‍, മതം തന്നെ സ്വയമേവ രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്റെ കാളക്കഴുത്തോടെ സംസാരിച്ചു തുടങ്ങുമ്പോള്‍ മനസ്സിലാക്കാനുള്ളത് അരക്ഷിതത്വത്തിലേയ്ക്കാണ് നമ്മുടെ ചുവടുകള്‍ എന്നാണ്. കേന്ദ്രീകൃതകെട്ടുപാടുകളുള്ള സെമിറ്റിക് മതങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളില്‍ നിലനില്‍ക്കുന്ന അതേ ഘടനയും സ്വഭാവവും യാതൊരു ഉള്‍ക്കാഴ്ചയുമില്ലാതെ ഇന്ത്യയ്ക്കു മേലേ മതത്തിന്റെ പേരില്‍ വിരിച്ചിടുന്നതില്‍ പരം അപകടകരമായ അജ്ഞത മറ്റൊന്നിലുമില്ല.
അനു :
ചിത്രകാരന് എന്ന ബ്ലോഗറുടെ ആശയാവിഷ്കാരസ്വാതന്ത്ര്യം കോടതി കയറേണ്ടി വരുമെന്നതിന്റെ വേദനയിലാണീ കുറിപ്പ്. തമാശകഥകളെഴുതി അവസാനിച്ചുപോകേണ്ട, വളര്‍ച്ച മുരടിച്ച ഒന്നായി മലയാളം ബ്ലോഗുകള്‍ മാറാതിരിക്കാന്‍ മൂര്‍ച്ചയും വിവേകയും യുക്തിയുമുള്ള വിമര്‍ശനങ്ങള്‍ കൊണ്ടിവിടം മുഖരമാവണമായിരുന്നു. അതവസാനിച്ചു പോകുമോ എന്ന ആശങ്ക പങ്കുവയ്ക്കാനല്ലെങ്കില് മറ്റെന്തിനാണ് എനിക്കീ ബ്ലോഗ്? എത്ര പ്രതിലോമകരമായാലും സംവാദങ്ങളിലൂടെ തിരിച്ചറിയാനോ ബോദ്ധ്യപ്പെടുത്താനോ കഴിയാത്ത ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു തന്നെ ബോദ്ധ്യപ്പെടുത്താന്‍ കഴിയില്ലെന്നു വരുന്നതു് സ്വേച്ഛാധിപത്യത്തിന്റെ വളര്‍ച്ചയ്ക്കു മാത്രമാണ് വളമാവുക. സ്വയം ഉത്തരമില്ലാതെ കുറ്റാരോപണങ്ങളുമായി കൂടുതല്‍ ശക്തനായ രക്ഷാധികാരിയെ ആശ്രയിക്കുന്നതിനു തുല്യമായ പ്രവൃത്തിയാണത്. അധികാരരാഷ്ട്രീയത്തിന് ഏറ്റവും മോശമായ രീതിയില്‍ ഇതിനെ നയിച്ചുകൊണ്ടുപോകാനും പറ്റും എന്ന് സമകാല സംഭവങ്ങള്‍ തെളിവു നല്കുന്നു. വിമര്‍ശനങ്ങളോട് അസഹിഷ്ണുവാകുന്ന തരം മാന്യത, മറ്റെന്തു ഗുണമുണ്ടായാലും ഒരു മാനസികരോഗമാണ്. ഇതെന്റെ വിശ്വാസം. നിരോധനങ്ങള്‍ നാള്‍ക്കുനാള്‍ പെരുകട്ടെ !
പുസ്തകങ്ങള്‍ :
വേറാക്കൂറ് - എം പി ബാലഗോപാലന്
എം ഗോവിന്ദന്റെ ഉപന്യാസങ്ങള്‍
January 19, 2009
ക്ലാസ് മുറിയില്‍
ലോറന്റ് കാന്ററ്റും ഫ്രാന്‍സ് ബെഗാദിയുവും കണ്ടുമുട്ടിയതുപോലെ ആകസ്മികമാണ് ‘ക്ലാസ് ’ എന്ന രണ്ടു മണിക്കൂര്‍ ചിത്രത്തിന്റെയും പിറവി. ‘ഹെഡിംഗ് സൌത്തിനു’ ശേഷം ക്ലാസ്മുറിയിലെ അനുഭവങ്ങളെ ആസ്പദമാക്കി ഒരു വ്യത്യസ്ത ചിത്രം ചെയ്യണം എന്ന് ആഗ്രഹിച്ചു നടക്കുന്നതിനിടയിലാണ് കാന്ററ്റ്, ഒരു റേഡിയോസ്റ്റേഷനില്‍ വച്ച് ബെഗാദിയുവിനെ കാണുന്നത്. ബൊഗാദിയു അധ്യാപകവൃത്തി വിട്ട് സിനിമാ നിരൂപണത്തിലേയ്ക്ക് തിരിഞ്ഞിരുന്നു അപ്പോഴേയ്ക്കും. പള്ളിക്കൂടാനുഭവങ്ങളുടെ പൂര്‍വാശ്രമത്തെ ‘ചുവരുകള്‍ക്കിടയില്‍’ (Entre les Murs) എന്ന നോവലായി എഴുതി പ്രസിദ്ധീകരിച്ചിട്ട് അധിക നാളായിരുന്നില്ല. അവിടെ നിന്നാണ് തുടക്കം. അഭിനയവുമായി യാതൊരു മുന്‍ പരിചയവുമില്ലാത്ത, ഫ്രാന്‍സ് ഡോള്‍ട്ടോ ജൂനിയര്‍ ഹൈസ്കൂളിലെ 24 കൌമാരപ്രായക്കാര്‍ അഭിനേതാക്കളായി, ബെഗാദിയു, ഭാഷാദ്ധ്യാപകനായ മി. മാരിനായി, അദ്ദേഹത്തിനുമില്ല, അഭിനയത്തില്‍ മുന്‍പരിചയം. ഒരു ക്ലാസ് മുറിയില്‍ മൂന്ന് എച്ച് ഡി ക്യാമറ വച്ചാണ് ചിത്രീകരണം. (നിയന്ത്രണം പിയറി മിലന്) തിരക്കഥയില്‍ ഒരു രസമുണ്ട്. അതു രചിച്ചിരിക്കുന്നത് മൂന്നു പേര്, ആദ്യത്തെയാള്‍ നോവലിസ്റ്റും നായകനുമായ ബൊഗാദിയു തന്നെ, രണ്ടാമത്തെയാള്‍ സംവിധായകന് കാന്ററ്റ്, മൂന്നാമത്തെയാള്‍ എഡിറ്റര്‍ റോബിന് കാമ്പിലോ. ഒന്നു കൂടി നോക്കിയാല്‍ കാര്യം മനസ്സിലാവും. അദ്ധ്യാപകനായിരുന്ന ബെഗാദിയുവും കുട്ടികളും അവര്‍ക്കു പരിചിതമായ ക്ലാസ് മുറിയില്‍ തികഞ്ഞ സ്വാഭാവികതയോടെ പെരുമാറുന്നു. സംവിധായകനും എഡിറ്ററും ചേര്‍ന്ന് അവയില്‍ തെരെഞ്ഞെടുപ്പുകളും കൂട്ടിക്കലര്‍ത്തലുകളും നിര്‍വഹിക്കുന്നു. അവസാനം അവ ഒരു തന്തുവില്‍ ചെന്നു മുട്ടുന്നു. 2008-ല്‍ കാനില്‍ ‘പാം ഡി ഓര്’ പുരസ്കാരം കരസ്ഥമാക്കിയ സിനിമ അങ്ങനെ ജനിച്ചതാണ്. സാമ്പ്രദായികരീതിയില്‍ ഒരു സ്ക്രീന്‍ സ്ക്രിപ്ട് ഇല്ലാതെ. ആത്യന്തികമായി സാഹിത്യത്തെ പ്രസവിക്കാതെ.
അതുകൊണ്ടായിരിക്കും, 2 മണിക്കൂറു നീളുന്ന (128 മിനിട്ട്) സിനിമ പതിമൂന്നാമത്തെ ഐ എഫ് എഫ് കെയില്‍ കൈയടിയൊന്നും നേടാതെ ഓരം പറ്റി കടന്നു പോയത്. പറഞ്ഞു ഫലിപ്പിക്കാന്‍ നിയതഘടനയുള്ള ഒരു കഥ ഇല്ലാത്തതുകൊണ്ട് ആധാരചിത്രങ്ങളുടെ തൊട്ടടുത്ത കൈവരിയിലാണ് സ്ഥാനം, ഓമനപേര് ഡോക്യുഫിക്ഷന്. അദ്ധ്യാപകന് എന്ന സങ്കല്പത്തിന് സാധാരണ സിനിമകളിലുള്ള ധ്വനിമൂല്യം വലുതാണെന്ന് നമുക്കറിയാം. വിദ്യാര്‍ത്ഥി സമൂഹത്തെ (എന്നുവച്ചാല്‍ സമൂഹം തന്നെ) ഒന്നടങ്കം നന്മയിലേയ്ക്ക് നയിക്കാന്‍ ഉത്തരവാദിത്വപ്പെട്ട വീരനായകനോ സഹനമൂര്‍ത്തിയോ ആണ് അയാള്‍. സാമൂഹികപരിഷ്കരണത്തിന്റെ പ്രഭാതനക്ഷത്രം. ടു സാര്‍ വിത്ത് ലൌവ്, ക്ലാസ് 1987, (ഇത് പിന്നീട് പ്രിയദര്ശന് ‘ചെപ്പ്’ എന്ന സിനിമയാക്കി) ഡെഡ് പൊയറ്റ്സ് സൊസൈറ്റി എന്നിവ ചില ഉദാഹരണങ്ങള്‍. അദ്ധ്യാപകന്റെ വീര പരിവേഷം തനിക്ക് ദഹിക്കുന്ന കാര്യമല്ലെന്ന് കാന്ററ്റ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ ചിത്രങ്ങളെ പോലെ സ്കൂള്‍/കലാലയങ്ങളെ മൊത്തമായി ആഗിരണം ചെയ്യുകയോ മൊത്തം പരിവര്‍ത്തനം നടത്തി പുണ്യം തളിച്ച് ശുദ്ധമാക്കുകയോ ചെയ്യുന്നില്ല ‘ക്ലാസ്‘. അതൊരു അദ്ധ്യാപകന്റെ, ഒരു ക്ലാസിലെ മാത്രം അനുഭവമാണ് . ബഹുഭാഷാദേശീയസ്വത്വങ്ങള്‍ കുടിയേറി താമസമാക്കിയിട്ടുള്ള പാരീസിന്റെ മിനിയേച്ചര്‍ മാതൃകയാവാം ഇതിലെ ക്ലാസ്മുറി. പല വംശീയതകളുള്ള കുട്ടികള്‍ക്കിടയില്‍ പലപ്പോഴും നിസ്സഹായനാണ് ബൊഗാദിയുവിന്റെ മാരിന്. പാഠം വായിക്കാനാവില്ലെന്ന് ധിക്കാരം പറഞ്ഞ പെണ്‍കുട്ടിയെ മാപ്പു പറയിക്കാനുള്ള അദ്ധ്യാപകന്റെ ശ്രമം പാളുന്നതു തന്നെ ഒരു ഉദാഹരണം.അവള് (റേച്ചല്‍) ക്ലാസു വിട്ടു പോകുന്ന വഴി കുറച്ചുറക്കെ തന്നെ പറയുന്നുണ്ട്, താന്‍ പറഞ്ഞ ക്ഷമാപണം മനസ്സില്‍ കൊണ്ടു പറഞ്ഞതൊന്നുമല്ലെന്ന്, പിന്നെ കുട്ടികളുടെ കൂട്ടച്ചിരിയാണ്. വ്യാകരണ വാക്യങ്ങളുടെ തുടക്കത്തില്‍ ഓര്‍ക്കാതെ എഴുതി പോകാറുള്ള പതിവു നാമങ്ങളെ കുട്ടികള്‍ കാര്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിരുത്തുന്നതു കാണാം ഒരു സീനില്‍. വെളുത്തു വരേണ്യനായ ‘ബില്‍’ ആണ്, അദ്ധ്യാപകന്റെ സ്ഥിരം ഉദാഹരണ നാമം. (നമ്മുടെ വ്യാകരണവാക്യങ്ങളിലെ ‘രാമന്’ പോലെ) വെള്ളക്കാരന്മാരുടെ പേരിനു പകരം ഫാതും എന്നോ റാഷിദ് എന്നോ അഹമ്മദ് എന്നോ എന്തുകൊണ്ട് എഴുതുന്നില്ല എന്നാണ് കുട്ടികളുടെ ചോദ്യം. അതിനു അദ്ധ്യാപകന്റെ മറുപടി ‘ബില്‍’ മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പേരാണ് എന്നതാണ്. അതുകൊണ്ടതു നല്ല പേരാണ്. ‘ഐസറ്റ’ എന്ന പേരാണ് ‘ബില്ലി’നു പകരമായി കുട്ടികളുടെ ഭാഗത്തു നിന്ന് നിര്‍ദ്ദേശിക്കപ്പെടുന്നത്.
ക്ലാസ് മുറി വംശീയതകളുടെ സംഘര്‍ഷഭൂമികയാവുന്നതിന്റെ ചെറിയ ഉദാഹരണമാണ് എടുത്തെഴുതിയത്. ‘ആനിഫ്രാങ്കിന്റെ ഡയറി’ പഠിക്കുന്നതിനിടയില്‍ കുട്ടികളെക്കൊണ്ട് മി. മാരിന് എഴുതിക്കുന്ന സ്വന്തം ചിത്രങ്ങളിലൂടെ സ്വത്വപരമായ അംശങ്ങളെ വേറിട്ട് അവതരിപ്പിക്കാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ അവ കൌമാരത്തിന്റെ ഉത്കണ്ഠകളാണെന്നു വായിക്കാം എങ്കിലും അവയുടെ വാചാലത, മൌനം, ഒതുക്കം, വഴക്കമില്ലായ്മ, വൈകാരികത എല്ലാം വ്യക്തിപരമായ സവിശേഷതകള്‍ക്കുപരി പ്രവാസത്തിന്റെയും വംശീയതയുടെ നോവുകളെ ഉള്ളടക്കുന്നുണ്ട്. ‘വെയ്’ എന്ന മിടുക്കനായ ചൈനീസ് വിദ്യാര്‍ത്ഥിയുടെ അന്തര്‍മുഖത്വത്തിന് (അത് തനിക്ക് ഫ്രെഞ്ച് ശരിയായി ഉച്ചരിക്കാന്‍ കഴിയാത്തതിനാലാണ് എന്ന് അവന് സ്വയം വിശദമാക്കുന്നുണ്ട്) മറ്റൊരു അടിസ്ഥാനം കൂടിയുണ്ടെന്നു നാം മനസ്സിലാക്കുന്നത്, നിയമവിധേയമല്ലാതെ പാരീസില്‍ തങ്ങുന്ന ചൈനാക്കാരെ പുറത്താക്കുന്നതിനെക്കുറിച്ചുള്ള ഒരു പരാമര്‍ശത്തിലൂടെയാണ്. ‘വെയിനും’ അധികം താമസിക്കാതെ രാജ്യം വിട്ടുപോകേണ്ടി വരും എന്ന കാര്യം അദ്ധ്യാപകര്‍ സംഭാഷണത്തിനിടയില്‍ പങ്കു വയ്ക്കുന്നുണ്ട്. റേച്ചല്‍ എന്ന കറുത്ത വര്‍ഗക്കാരി കുട്ടി മൌനത്തിലൂടെയാണ് പ്രതികരിക്കുന്നത്. അവളുടെ നിശ്ശബ്ദത, വാക്കുകള്‍ വച്ച് ഒഴിഞ്ഞ താളുകള്‍ക്ക് മുകളില്‍ പരക്കുന്നതു കാണാം. കാരണമറിയാതെ ശിക്ഷിക്കപ്പെടുകയും മാറ്റി നിര്‍ത്തപ്പെടുകയും ചെയ്യുന്ന (ഇവള്‍ക്കാണ് വായിക്കാന്‍ പറ്റില്ലെന്നു പറഞ്ഞതിന്റെ പേരില്‍ നിര്‍ബന്ധിതമായി മാപ്പു പറയേണ്ടി വരുന്നത്) വര്‍ഗത്തിന്റെ നിരാലംബമായ ഉത്കണ്ഠകളാണ് രേഖപ്പെടുത്താത്ത അവളുടെ സെല്‍ഫ് പോട്രയിറ്റ്. സ്വന്തം ടേബിളുകളില്‍ പേരെഴുതി പ്രദര്‍ശിപ്പിക്കാനുള്ള അദ്ധ്യാപകന്റെ നിര്‍ദ്ദേശത്തെ അവഗണിച്ചു കൊണ്ട് എസ്മരാള്‍ഡ ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ പ്രകടമാക്കുന്നത് സ്വത്വബോധമാണ്. തങ്ങള്‍ ആരാണെന്ന് നന്നായി അദ്ധ്യാപകന് അറിയാമെന്നിരിക്കേ വീണ്ടും എന്തിനാണ് പേരുകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന ചോദ്യം, നിരന്തരം തങ്ങള്‍ ആരാണെന്നും തങ്ങളുടെ കൂറെന്താണെന്നും വ്യക്തമാക്കിക്കൊണ്ടിരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ജനതകളുടെ കൂട്ടങ്ങള്‍ക്കു മുന്നില്‍ കുഞ്ഞുകളിയല്ല, തീര്‍ച്ച.
സിനിമയിലെ കാതലായ പ്രശ്നം, അദ്ധ്യാപകന് വിദ്യാര്‍ത്ഥികളെ അപമാനിക്കും മട്ടില്‍ പദപ്രയോഗം നടത്തിയെന്ന ആരോപണമാണ്. സുലൈമാന്‍ എന്ന വഴങ്ങാത്ത പ്രകൃതക്കാരന് കുട്ടിയെ ക്ലാസില്‍ തുടരാന്‍ അനുവദിക്കണോ എന്ന അദ്ധ്യാപകയോഗത്തിലെ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥിപ്രതിനിധികളായിരുന്ന രണ്ടു പെണ്‍കുട്ടികള്‍ ക്ലാസിലെത്തിച്ച വിവരം സ്വന്തം അദ്ധ്യാപകന് സുലൈമാനു വേണ്ടി വേണ്ടരീതിയില്‍ വാദിച്ചില്ല എന്നതാണ്. സ്വാഭാവികമായും കുട്ടികള്‍ കര്‍ശനമായി അദ്ധ്യാപകനെ വിചാരണ ചെയ്തു. പ്രതിനിധികളായി വന്നവര്‍ കാര്യത്തിനു വേണ്ടത്ര ഗൌരവം കൊടുക്കാതെ ചിരിച്ചും കളിച്ചും ‘വേശ്യകളെപ്പോലെ’ കുഴഞ്ഞാടുകയായിരുന്നു എന്നാണ് കുറ്റപ്പെടുത്തല്‍ കേട്ട് ദേഷ്യം വന്ന മാരിന് പറഞ്ഞു പോയത്. (അയാള്‍ ചില പരിഷ്കാരങ്ങള്‍ക്കൊക്കെ ശ്രമിച്ച ജനാധിപത്യവാദിയാണ്) തന്റെ വാദങ്ങള്‍ അവര്‍ കേള്‍ക്കാതെ പോയതാണ് എന്ന് അയാള്‍ക്കറിയാം. പക്ഷേ ‘വേശ്യകള്‍’ എന്ന വാക്ക് കാര്യങ്ങളെ കുഴച്ചു മറിച്ചു. പരാതി അദ്ധ്യാപകനെതിരെയായി. രൂക്ഷമായ പ്രതിഷേധം. പിന്നെ അന്വേഷണം. പുറത്താക്കപ്പെടേണ്ട കുട്ടിയെക്കുറിച്ചുള്ള ആലോചന ഒരു നിര്‍ണ്ണായക നിമിഷത്തില്‍ ചെന്നെത്തുന്നത് ശാസകന്‍, ശിക്ഷിക്കപ്പെടേണ്ടവനാകുന്ന പരിണതിയിലാണ്. കുറ്റവും കുറ്റവാളിയും പുതിയ വിചാരണകളിലൂടെ പുനര്‍ നിര്വചിക്കേണ്ടി വരുന്ന അവസ്ഥ. കുട്ടികളെ നന്നാക്കുന്ന അദ്ധ്യാപകന് എന്ന പതിവുരീതി കയറുപൊട്ടിക്കുകയും അദ്ധ്യാപകനെ തിരുത്തുന്ന കുട്ടികള്‍ എന്ന യാഥാര്‍ഥ്യം സ്ഥാപിതമാവുകയും ചെയ്യുന്നതാണ് ‘ക്ലാസി’ലെ കാഴ്ച. സിനിമ അവസാനിക്കുന്നത് പ്ലേറ്റോയുടെ റിപ്പബ്ലിക്കിനെക്കുറിച്ചുള്ള പരാമര്‍ശത്തോടെയാണെന്നത് ആകസ്മികമല്ല. സ്ഥിരം റിബലായ എസ്മരാള്‍ഡ, ചേച്ചിയുടെ കൈയില്‍ നിന്നും വാങ്ങി ആ പുസ്തകം വായിച്ചിട്ടുണ്ട്. അതിലെ പ്രമേയം എന്താണെന്ന് അവള് അവള്‍ക്ക് മാത്രം പറ്റുന്ന രീതിയില്‍ അതിലെ സംവാദങ്ങളെ വിവരിക്കുന്നുണ്ട്.. “എല്ലാവരും കേറി ചാമ്പുന്ന ഒരു പുസ്തകം !” അദ്ധ്യാപകന് അവളെ മുന്‍പൊരിക്കല്‍ വിശേഷിപ്പിച്ച പരാമര്‍ശം ഓര്‍ത്ത് ചിരിച്ചു കൊണ്ടവള്‍ കൂട്ടിച്ചേര്‍ക്കുന്നു, “വേശ്യയെപ്പോലെ.”
ഒരു ക്ലാസ് മുറിയും അതിലെ ഫ്രെഞ്ചു ക്ലാസും വിട്ട് അധികമൊന്നും പുറത്തു പോകാത്ത ക്യാമറകള്‍ വച്ച് ‘ക്ലാസ്’ പറയുന്നത് ഒരു അക്കാഡെമിക് വര്‍ഷത്തെ കഥയാണ്. ഒരര്‍ത്ഥത്തില്‍ കൌമാരത്തിന്റെ ഒരു വര്‍ഷത്തെ വളര്‍ച്ചയുടെ കഥ. കുട്ടികളുടെ വളര്‍ച്ചയെ മറ്റൊരു തരത്തില്‍ സംവിധായകന് അറ്റയാളപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. ശാരീരികമായ ആധികളെക്കുറിച്ചുള്ള പരാമര്‍ശം സിനിമയില്‍ ധാരാളമുണ്ട്. റേച്ചലിന്റെ ഒരു ആര്‍ത്തവസംബന്ധിയായ വിഷാദാത്കത, ലൂസിയ്ക്ക് തന്റെ കാതുകള്‍ പുറത്തു കാണിക്കാന്‍ പറ്റാത്ത രീതിയില്‍ വലുതായിപ്പോയത്. അദ്ധ്യാപകന് ഗേയാണോ എന്ന് ഗൂഢമായ ലജ്ജയൊടെ ഒരാള്‍ ചോദിക്കുന്നുണ്ട്. സഹപാഠിനിയുടെ ദേഹത്തു തട്ടി മറിഞ്ഞു വീഴുന്ന കൂട്ടുകാരനെ, കാള്‍, ‘ശിശുകാമി’ (paedofile) എന്നാണ് വിളിക്കുന്നത്. അവളുടെ മുലയില്‍ അവന് തൊട്ടു എന്നുള്ളതുകൊണ്ട്. അവനപ്പോള്‍ കുട്ടിയല്ല! മുതിര്‍ന്ന ലോകത്തിന്റെ അറിവുകള്‍ മലിനമാക്കുന്ന കുപ്പകള്‍ കുട്ടികളില്‍ നിറഞ്ഞു തുടങ്ങുന്ന ഒരു രീതിയാണത്. അദ്ധ്യാപകന്റെ ‘വേശ്യ’ വിശേഷണത്തെ കുട്ടികള്‍ പരിഗണിച്ച രീതിയെയും ഇതേ ദിശയില്‍ കൂടി പോയി വേണം വിലയിരുത്തേണ്ടത്.എങ്കിലും ആ സാന്ദര്‍ഭിക പരാമര്‍ശത്തോടുള്ള അതിതീവ്രമായ വൈകാരിക പ്രതികരണത്തില്‍ നിന്ന് ഒരു വാക്ക് തമാശയുടെ സമചിത്തതയിലേയ്ക്ക് പരിണമിക്കുന്ന ഒരു ഭാഗത്തു വന്ന് സിനിമ തീരുന്നു. ‘നാലു ചുവരുകള്‍ക്കുള്ളില്‍’ (അതാണ് സിനിമയുടെയും ഫ്രെഞ്ച് പേര്) അനുഭവപ്പെടുത്തുന്ന വീര്‍പ്പുമുട്ടലുകള്‍ക്ക് പല ദിശയിലേയ്ക്ക് പറക്കാന്‍ കെല്‍പ്പുള്ള ചിറകുകളുണ്ട്. ആശയവിനിമയകാഠിന്യങ്ങളിലേയ്ക്കോ ദേശീയ-ഉപദേശീയസംഘര്‍ഷങ്ങളുടെ മിനിയേച്ചര്‍പ്പതിപ്പുകളിലേയ്ക്കോ അധികാരക്രമത്തിന്റെ കുഴമറിച്ചിലുകളിലേയ്ക്കോ മാത്രമായി അവയെ ഇറക്കിക്കെട്ടിയിടേണ്ടതില്ലെന്നു തോന്നുന്നു. ഒരു വച്ചുകെട്ടും കൂടാതെ ‘ക്ലാസിനു’ ഒരു ക്ലാസ്മുറി അനുഭവമായിട്ടും പഠനാനുഭവമായിട്ടും നിലനില്ക്കാനാവും എന്നോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.
January 13, 2009
17 - ബോബ് ഡിലന്
സ്പോട്സ് കാര്‍ വിളക്കുകാലില്‍ ഇടിച്ചുതകര്‍ന്നപ്പോള്‍
ഭാര്യയെ വിളിക്കാന്‍
ഞാന്‍ ഫോണ്‍ബൂത്തിലേയ്ക്കോടി.
അവളവിടെ ഇല്ല.
നടുങ്ങി ഞാന്‍ വിറച്ചും കൊണ്ട്
ഉറ്റ ചങ്ങാതിയെ വിളിക്കുമ്പോള്‍
ലൈനില്‍ തിരക്കോടു തിരക്ക്.
പിന്നെ പാര്‍ട്ടിയ്ക്കു പോയി.
ഇരിക്കാന്‍ കസേര കിട്ടിയില്ല
ആരോ കാലിലെ ചെളി
എന്റെ മേത്തു തേയ്ച്ചു
അവിടം വിടാമെന്നു വച്ചു.
വല്ലാതെ പേടി തോന്നി
വായ് ഉണങ്ങി വരണ്ടു
കൈകള്‍ തോളില്‍ തൂങ്ങിക്കിടന്നു
വയറ് പെരുത്തു
പട്ടികള്‍ മുഖത്തു നക്കി
ആളുകള്‍ തുറിച്ചു നോക്കി
‘നിനക്കെന്താ കുഴപ്പം’ ?
കൊള്ളാവുന്ന രണ്ടു കൂട്ടുകാരെ കണ്ട്
സംസാരിക്കാന്‍ നിന്നു.
എന്തോ തകരാറുണ്ടെന്ന് അവര്‍ക്ക് മനസ്സിലായി.
കുറച്ചു ഗുളികകള്‍ തന്നു
വീട്ടില്‍ച്ചെന്ന് ഞാന്‍
ആത്മഹത്യാക്കുറിപ്പ് എഴുതാന്‍ എടുത്തു വച്ചു.
അപ്പോഴാണ് കണ്ടത്,
തെരുവിലൂടെ ജാഥ പോകുന്നു.
മര്ലിന് ബ്രാന്‍ഡോയ്ക്കെതിരെ
സത്യമായിട്ടും എനിക്കൊന്നും പറയാനില്ല.
-----------------------------------------------------------------
‘ദ് ന്യൂയോര്‍ക്കറി’ല്‍ അടുത്തകാലത്ത് ബോബ് ഡിലന് എഴുതിയ രണ്ടു കവിതകളാണ് 17 ഉം 21 ഉം. ഡിലന്റെ പുതിയ കവിതകളും അമേരിക്കന്‍ ഫോട്ടോഗ്രാഫറായ ബാരി ഫെയിന്‍ സ്റ്റെയിന്റെ ചിത്രങ്ങളും ചേര്‍ന്ന്, ബീറ്റ് കാലത്തിലേക്ക് കറുപ്പിലും വെളുപ്പിലും ഒരു തിരിച്ചു പോക്ക് ഒരുക്കിയിരിക്കുന്നു, ‘ഹോളിവുഡ് ഛായാച്ചിത്രഗദ്യം : നഷ്ടപ്പെട്ട കൈയെഴുത്തുകള്‍’ എന്ന പുസ്തകം.
ചിത്രം : ബാരി ഫെയിന്‍ സ്റ്റെയിന്
January 5, 2009
റിപ്പബ്ലിക്കുകള്‍ ഉണ്ടാവുന്നത്
... സര്‍വോപരി ഒരു പരീക്ഷണമാണ്. വ്യക്തിപരമായ സഹകരണത്തിലുള്ള പരീക്ഷണം. വാക്കിലൊന്നും നാക്കില്‍ മറ്റൊന്നുമെന്ന വൈപരീത്യത്തിനെതിരായ പരീക്ഷണം. ചെറിയ മനുഷ്യര്‍ ഒത്തുച്ചേര്‍ന്നു ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ച് കാതലായ കാര്യങ്ങള്‍ ഫലപ്രദമാക്കാനൊക്കുമോ എന്ന പരീക്ഷണം.
-എം. ഗോവിന്ദന്
ചെറുതും വലുതുമായി നൂറിലധികം പ്രസാധകര് സജീവമാണ് മലയാളത്തില്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പുസ്തകങ്ങളിലൂടെ മാത്രം കണ്ണോടിച്ചാല്‍ ലഭിക്കുന്ന വിവരമാണിത്. യഥാര്‍ത്ഥ എണ്ണം ഇതിന്റെ മൂന്നിരട്ടിയെങ്കിലും വരും. നാഷണല്‍ റീഡര്‍ഷിപ്പ് സര്‍വേയെ വിശ്വസിക്കാമെങ്കില്‍ ഇംഗ്ലീഷിലല്ല, പ്രാദേശികഭാഷകളിലാണ് വായനയുടെ തോത് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ഇംഗ്ലീഷ് പ്രസാധകര് ( ഐക്യനാടുകള്‍ക്കും ബ്രിട്ടനുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍) ഇന്ത്യയാണെന്ന വാസ്തവം മനസ്സില്‍ വച്ചുകൊണ്ടു വേണം, പ്രാദേശികഭാഷകളിലെ വായനക്കാരുടെ കൂടിക്കൊണ്ടിരിക്കുന്ന എണ്ണത്തെ നോക്കിക്കാണാന്‍. ഇംഗ്ലീഷില്‍ തന്നെ പ്രാദേശികമായ അനുഭവാവിഷ്കാരങ്ങള്‍ സാര്‍വത്രികമായ അംഗീകാരം നേടുന്നതെങ്ങനെ എന്നതിന് ബുക്കര്‍ പുരസ്കാരങ്ങള്‍ നേടിയ രണ്ടു ഇന്ത്യന്‍ പുസ്തകങ്ങള്‍ വ്യക്തമായ തെളിവുകളുമായി മുന്നിലുണ്ട്. അരുന്ധതി റോയിയുടേ ‘ഗോഡ് ഓഫ് സ്മാള്‍ തിംഗ്സും’ അരവിന്ദ് അഡിഗയുടെ ‘ദി വൈറ്റ് ടൈഗറും’. ബ്ലോഗുകള്‍ പ്രാദേശികമായ വായനാനുഭവത്തെ സാര്‍വത്രികമാക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. ‘പത്രാധിപന്റെ’ കര്‍ക്കശമായ കത്രിക കീഴിലും പ്രത്യയശാസ്ത്രശാഠ്യങ്ങളിലുംപ്പെട്ട് കാലും തലയും മുറിക്കാതെ വായനക്കാരുടെ കൈയിലെത്താമെന്ന സൌകര്യമാണ് സ്വത്വാവിഷ്കാരങ്ങള്‍ക്ക് ബ്ലോഗുകള്‍ പകര്‍ന്നു നല്കിയ പുത്തനുണര്‍വ്. മാനകീകരണം (സ്റ്റാന്ഡേഡൈസേഷന്) എന്നത് ഒരു വിഭാഗത്തിന്റെ കുത്തകയല്ലെന്ന ബോധമാണ് അവനവന്/അവളവള്‍ പ്രസാധനത്തിനുള്ളത്. തികച്ചും ജനാധിപത്യപരം. അഭിപ്രായങ്ങള്‍ക്കു മേലുള്ള സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും അവകാശവും. ഒറ്റയ്ക്കൊറ്റയ്ക്ക് അവ കൂടിയും കുറഞ്ഞും ആത്മാവിഷ്കാരത്തിന്റെ അതിവൈകാരികതലങ്ങളെ തൊട്ടുരുമുമ്പോള്‍ തന്നെ കൂട്ടായി അവയ്ക്ക് സവിശേഷമായ ഒരു വ്യക്തിത്വം കൈവരുന്നുണ്ട്. അതു തീര്‍ത്തും സ്വത്വ സംബന്ധിയാണ്.
പുതിയകാലത്തിന്റെ ഈ കൂട്ടായ്മയില്‍ നിന്നാണ് ‘ബുക്ക് റിപ്പബ്ലിക്’ എന്ന പ്രസാധകസംരംഭത്തിന്റെ പിറവി. നല്ല രചനകളെ പ്രസാധനത്തില്‍ നിലനില്‍ക്കുന്ന കടമ്പകളെ പിന്തള്ളി വായനയെ സ്നേഹിക്കുന്നവരുടെ കൈകളില്‍ ലാഭേച്ഛ കൂടാതെ എത്തിക്കുക എന്നതാണ് ‘ബുക്ക്റിപ്പബ്ലിക്കി’ന്റെ പിറവിയ്ക്കു പിന്നിലെ താത്പര്യം. ബ്ലോഗ് കൂട്ടായ്മയില്‍ നിന്നായതുകൊണ്ട് പ്രത്യക്ഷമായിത്തന്നെ മൂന്നു അഭിലാഷങ്ങള്‍ അതിന്റെ സ്വാഭാവികമായ രൂപപ്പെടലിനു പിന്നിലുണ്ട്. 1. പുതിയകാലത്തിന്റെ ആശയപ്രകാശന മാദ്ധ്യമമായ ബ്ലോഗുകളില്‍ നാളിതുവരെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ത് എന്ന മാതൃസമൂഹവുമായി പങ്കിടാനുള്ള പ്രേരണ. 2. കുറേക്കൂടി വിപുലവും സാമ്പ്രദായികമായ കെട്ടുപാടുകളുള്ളതുമായ അച്ചടിമാദ്ധ്യമത്തില്, ബ്ലോഗുകളില്‍ പ്രായേണ അംഗീകാരം നേടിയെടുത്തുകഴിഞ്ഞ രചനകള്‍ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നറിയാനുള്ള സൌകര്യം. 3. അടഞ്ഞ സമൂഹമായല്ലാതെ നിലനില്ക്കാന് പാകത്തില്‍ ആശയങ്ങളുടെ കൈമാറ്റത്തിനുള്ള സന്നദ്ധത. വരുംകാലത്തിന്റെ ആശയപ്രകാശനമാര്‍ഗത്തെ എന്തിനാണ് ഇങ്ങനെ കഴിഞ്ഞുപോയ ഒരു കാലത്തിന്റെ മാര്‍ഗങ്ങളുമായി കൂട്ടിയിണക്കുന്നതെന്തിനാണെന്നതാണ് ഇവിടെ നേരിടേണ്ട ഒരു കാതലായ ചോദ്യം. വാമൊഴിവഴക്കത്തില്‍ നിന്ന് വരമൊഴികളിലേയ്ക്കും താളിയോലകളിലേയ്ക്കും പിന്നീട് അച്ചടിയിലേയ്ക്കുമൊക്കെ ഭാഷാലിപികള്‍ ആശയങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയ നാള് വഴികളിലൊക്കെ ഈ ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടാകാം. പുതിയ മാദ്ധ്യമം, സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ അവകാശമായി തീരുന്നതുവരെ പാലങ്ങള്‍ അത്യാവശ്യമായി വരും. അതു നേരത്തേ അക്കമിട്ടു സൂചിപ്പിച്ചതുപോലെ പൊതുസമൂഹത്തിനും ഉപസമൂഹത്തിനും പൊതുവായി ഉപകാരപ്രദമാണ്. പോക്കുവരവുകളില്ലാതെ അടഞ്ഞസമൂഹമായി നിലനില്‍ക്കുന്നതിനുള്ള കൌതുകം തീര്‍ത്തും കാല്പ്പനികമാണ്.
ഒരു കൂട്ടായ്മയ്ക്കു മാത്രം താണ്ടാന്‍ പറ്റിയ തരത്തിലുള്ള മുള്ളുവേലികളാണ്, പക്ഷേ ഇന്ന് പ്രസാധനരംഗത്ത് നിലനില്‍ക്കുന്നത്. പലതരത്തില്‍. മണിയന് പിള്ളയുടെ ‘കള്ളന്റെ കഥ’ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പേ പൂര്‍ത്തിയായ പുസ്തകമാണ്. രാഷ്ട്രീയവും പോലീസും ജുഡിഷ്യറിയും ഉള്‍പ്പടെയുള്ള അധികാരസ്ഥാപനങ്ങളെ വിറളിപിടിപ്പിക്കുന്ന ഒന്നായതുകൊണ്ട് അതിന്റെ പ്രസാധനത്തിനു മുന്നേ മണിയന് പിള്ള പഴയ ഒരു കേസില്‍ അകത്തായി. പുസ്തകം പ്രകാശനം ചെയ്തത് ആനന്ദ്. ഷെനെയുടെ ‘കള്ളന്റെ ജേണലു’മായിട്ടാണ് മണിയന്‍പിള്ളയുടെ ആത്മകഥയെ അദ്ദേഹം താരതമ്യം ചെയ്തത്. പക്ഷേ പുസ്തകം ഇപ്പോഴും അറയ്ക്കുള്ളിലാണ്. കാലികമായ ഒരു ഉദാഹരണം മാത്രമാണിത്. ആവശ്യക്കാര്‍ക്കു വേണ്ട പുസ്തകങ്ങളെ പലതരത്തിലുള്ള താത്പര്യങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ച കഥകള്‍ മലയാളത്തില്‍ ധാരാളമാണ്. വിതരണം മറ്റൊരു വേലി. തനിക്ക് 500 വായനക്കാരാണുള്ളതെന്ന് മലയാളത്തിലെ മുന്‍ നിര വിമര്‍ശകനായ കെ പി അപ്പന് ഒരു അഭിമുഖത്തില്‍ പറഞ്ഞതോര്‍ക്കുന്നു. അപ്പോള്‍ ഒരു പുസ്തകത്തിന് 1000 ശരിയായ വായനക്കാര്‍ ധാരാളമാണ്. ( 1000 എന്ന അക്കം വെറുതേ എഴുതിയതല്ല. ‘സമീക്ഷ’യ്ക്ക് 1000 വരിക്കാര്‍ തികയുന്ന ദിവസം അതു നിര്‍ത്തും എന്നായിരുന്നു എം. ഗോവിന്ദന്റെ പ്രഖ്യാപനം. അങ്ങനെ തന്നെ ചെയ്തൂ, അദ്ദേഹം) സമാന്തരമായ ഒരു വിതരണ സംവിധാനത്തിലൂടെ, (ഒരാള്‍ 10 പേര്‍ക്ക് ഒരു നല്ല പുസ്തകം പരിചയപ്പെടുത്തുന്നു, അങ്ങനെ 100 പേരിലൂടെ , 1000 പുസ്തകങ്ങള്‍ വിറ്റഴിയും!) അക്ഷരസ്നേഹികളായ ആയിരം വായനക്കാരുടെ കൈയില്‍ പുസ്തകമെത്തിക്കാന്‍ കഴിഞ്ഞാല്‍ ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു ശൃംഖല വിജയിക്കാന്‍ അതു മതി. അതോടൊപ്പം പുസ്തകപ്രസാധനമെന്നത് പ്രസാധകാധികാരിയുടെ ഔദാര്യമല്ല, മറിച്ച് ഒരു എഴുത്തുകാരന് /കാരിയ്ക്ക് സമൂഹം നല്കുന്ന അംഗീകാരമാണെന്ന അവബോധം വ്യാപകമാക്കാന്‍ കൂട്ടായ ഒരു പ്രസാധകസംരംഭത്തിനു കഴിയും. മാറിയ കാലത്തില്‍ പ്രസാധനത്തിന്റെ ലക്ഷ്യബോധങ്ങളും മാറിയിട്ടുണ്ട്. വിപണിയുടെ തുടിപ്പിനും ലാഭത്തിനും പിന്നാലേയാണ് ഭൂരിപക്ഷം പ്രസാധകരുടെയും നെട്ടോട്ടം. ആര്‍പ്പുകള്‍ക്കും ആരവാരങ്ങള്‍ക്കുമിടയില്‍ ചില വ്യത്യസ്തമായ നേരിയ ശ്വാസങ്ങളുണ്ട്. കാലച്ചുവട്, സുബാന്, ലെഫ്റ്റ് വേഡ്, തെഹല്‍ക്ക, വിമെന്‍ അണ്‍ലിമിറ്റഡ്, ദി ലിറ്റില്‍ മാഗസീന്... വ്യക്തമായ ദിശാബോധത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസാധക സംഘങ്ങളുടെ എണ്ണം ഇന്നും ഇന്ത്യയില്‍ കുറവല്ലെന്നതാണ് സത്യം. പുസ്തകപ്രസാധക സംഘത്തിന്റെയും മള്‍ബറിയുടെയും ശിഖയുടെയും പാഠഭേദത്തിന്റെയും അധികം അകലെയല്ലാത്ത ഒരു ഭൂതകാലം മലയാളത്തിനു സ്വന്തമായി ഉണ്ടായിരുന്നു. അതും നമ്മുടെ തരളസ്മൃതിയാണ്. വായനയുടെയും ഭാവുകത്വത്തിന്റെയും ചിറകുകള് അതിരുകള്‍ താണ്ടി പറന്നത് അവയുടെ കാലവിലംഘിയായ ഇടപെടലുകള്‍ നല്കിയ കരുത്തിനാലായിരുന്നു. ഉചിതമായ പുസ്തകം ഉചിതമായ സമയത്ത് അവതരിപ്പിച്ചുകൊണ്ടായിരുന്നു അവ ബൌദ്ധികചലനങ്ങള്‍ക്ക് വിളക്കു കത്തിച്ചത്. പ്രായോഗികതയുടെ വിപണിതന്ത്രങ്ങള്‍ നിലം പരിശാക്കിയ ചില ഉണര്‍ച്ചകളെ തിരിച്ചു പിടിക്കാനും കൂടിയാണ് ‘ബുക്ക് റിപ്പബ്ലിക്ക്’ എന്ന കൂട്ടായ്മയുടെ ശ്രമം.
കേവലം ഒരു മാസം കൊണ്ട് കൂട്ടായ പ്രവര്‍ത്തനം കൊണ്ട് സങ്കല്പത്തെ ഫലപ്രാപ്തിയിലെത്തിച്ചതിന്റെ നിറവിലാണ് ‘ബുക്ക് റിപ്പബ്ലിക്’ പ്രസാധകസംഘം. 2009 ജനുവരിമാസം 10-നു ശനിയാഴ്ച വൈകുന്നേരം ‘ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പുസ്തകം - ടി പി വിനോദിന്റെ ‘നിലവിളികളെക്കുറിച്ചുള്ള കടങ്കഥകള്‍’ - പ്രകാശിതമാവുകയാണ്. ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച്. (ക്ഷണക്കത്തും മറ്റുവിവരങ്ങളും ഇവിടെ) വിനോദിന്റെയും ആദ്യ പുസ്തകമാണിത്. ബ്ലോഗ് കൂട്ടായ്മയുടെ മറ്റൊരു സദ്ഫലമായ ‘പരോള്‍’ അവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. (സംവിധാനം: സനല്‍ ശശിധരന്, രചന : മണികണ്ഠന് ) മികച്ച ഒരു പുസ്തകത്തിന്റെയും സംഘം ചേരലിന്റെയും ഉത്സവാഘോഷങ്ങളില്‍ പങ്കുചേരാനുള്ള അപേക്ഷയായി ഈ എഴുതിയതിനെ പരിഗണിക്കുക. കൂടെ, ബ്ലോഗിലെ പുതിയ പ്രസാധകസംരംഭവുമായി സഹകരിക്കാനുള്ള ഒരു ക്ഷണപത്രവുമാണ്.
ബുക്ക് റിപ്പബ്ലിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഇ മെയില്‍ വിലാസം : bookrepublic@gmail.com
പുസ്തകം ബുക്ക് ചെയ്യാന്‍ : http://www.lapudabook.com/ http://www.bookrepublic.in/
ബ്ലോഗ് : http://book-republic.blogspot.com/
ഗൂഗിള്‍ കൂട്ടം : http://groups.google.co.in/group/book-republic/
ഓര്‍ക്കൂട്ട് : http://www.orkut.co.in/Main#Community.aspx?cmm=58355774
Subscribe to:
Posts (Atom)