December 30, 2010
ചെയ്യാത്ത തെറ്റിന്...
എഞ്ചിനീയറിംഗ് മെഡിക്കൽ പ്രവേശനത്തിന് പ്ലസ് വൺ - ടു സ്കോറുകളും പരിഗണിക്കുന്നതിനുള്ള ആലോചനകൾ നടക്കുന്ന സമയമാണല്ലോ. ടെർമിനൽ ഇവാലുവേഷനിൽ TE- വർഷാവസാന പരീക്ഷയിൽ- കുട്ടികൾക്കു ലഭിക്കുന്ന സ്കോറുകൾക്കൊപ്പം ‘തുടർ മൂല്യ നിർണ്ണയം’(കണ്ടിന്യൂസ് ഇവാലുവേഷൻ -C E) എന്നറിയപ്പെടുന്ന ഇന്റേണൽ അസെസ്മെന്റിന്റെ സ്കോറും കൂടി കൂട്ടിച്ചേർത്താണിപ്പോൾ പതിനൊന്ന് - പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ മൊത്തം സ്കോർ കണക്കാക്കുന്നത്. ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് നേരിട്ട് പതിനൊന്നാം ക്ലാസിലെ പരീക്ഷ കൂടി നടത്താൻ തുടങ്ങിയതോടെ സി ഇ സ്കോറുകളുടെ പ്രാധാന്യം വർദ്ധിച്ചിട്ടുണ്ട്.
സി ഇ സ്കോറുകളുടെ അടിസ്ഥാന ലക്ഷ്യം ക്ലാസിലുള്ള എല്ലാ വിദ്യാർത്ഥികളെയും ഒരു നിശ്ചിത തലത്തിൽ (Zone of Proximal Development - ZPD) അധ്യാപകരുടെ കൈത്താങ്ങോടെ എത്തിക്കുക എന്നതാണെങ്കിലും ഫലത്തിൽ പല സ്കൂളുകളിലും ഇത് കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതിനുള്ള ഉപാധിയായി തരം താണിരിക്കുകയാണ്. പഴയ ചൂരലിനു പകരം പുതുതായി എത്തിയ, ഭീഷണിയ്ക്കുള്ള ഉപാധി എന്നു പറയാം. ഇത്, എന്താണ് C E എന്നതിനെക്കുറിച്ചുള്ള ധാരണക്കുറവിൽ നിന്നുണ്ടാകുന്നതാണ്. ഭാഷാവിഷയങ്ങളിൽ അവതരണം, ചർച്ച, അന്വേഷണം, രചന എന്നിങ്ങനെ നാലുമേഖലകളിലെ കുട്ടിയുടെ മികവിനെ വിലയിരുത്തി നിർണ്ണയിക്കേണ്ട ഒന്നാണ് ഈ മൂല്യ നിർണ്ണയം. (അതുപോലെ മറ്റു വിഷയങ്ങൾക്കു് സ്വഭാവമനുസരിച്ച് മേഖലകൾ മാറും) ഇതിലേതെങ്കിലും മേഖലയിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയെ കണ്ടെത്തി ഗ്രൂപ്പു പ്രവർത്തനത്തിലൂടെയോ സഹകരണ- സഹവർത്തിത പഠനത്തിന്റെ അടിസ്ഥാനത്തിലോ ക്ലാസിന്റെ പൊതു നിലവാരത്തിലേയ്ക്ക് ഉയർത്തിക്കൊണ്ടു വരേണ്ട ചുമതല അദ്ധ്യാപകർക്കാണ്. സ്വാഭാവികമായും നിരന്തരമായ അത്തരം പ്രവർത്തനം വർഷാവസാനത്തിലെ എഴുത്തു പരീക്ഷയിൽ പ്രതിഫലിക്കും. പഠന - ചിന്താശേഷികളെ ഉദ്ദീപിപ്പിക്കും. പക്ഷേ ഈ ആശയമല്ല ക്ലാസ് മുറികളിൽ പലപ്പോഴും പ്രാവർത്തികമാവുന്നത്. പാഠഭാഗം വായിക്കാൻ അമാന്തിക്കുകയോ ചർച്ചകളിൽ മൌനിയായിരിക്കുകയോ അന്വേഷണ പ്രവർത്തനകളിൽ സഹകരിക്കാതിരിക്കുകയോ ചെയ്യുന്ന കുട്ടിയ്ക്ക്, പരീക്ഷ അടുക്കുന്ന സമയം, ഒന്നിനും കൊള്ളാത്ത കുട്ടി എന്ന ലേബലിൽ കുറഞ്ഞ സ്കോറു കൊടുക്കുന്ന പതിവിപ്പോൾ സാർവത്രികമായിക്കൊണ്ടിരിക്കുകയാണ്. വെറുതേ കൊടുക്കുന്ന ‘മാർക്ക്’ എന്ന പരിഹാസത്തിന്റെ ലേബലിലാണ് ഈ കുറഞ്ഞ സ്കോറിനു ന്യായീകരണം കണ്ടെത്തുന്നത്. എന്നാലിത് അധ്യാപകന്റെ(പികയുടെ) ധാരണക്കുറവിനു കുട്ടിയെ ശിക്ഷിക്കുന്നതിനു സമാനമാണ് .
ഈ പോരായ്മയ്ക്ക് നിലവിൽ പരിഹരണ മാർഗങ്ങളൊന്നും ഇല്ലെന്നതാണ് വാസ്തവം. പുതിയ പാഠ്യപദ്ധതിയുടെ ആവിഷ്കാരത്തിനുശേഷം ധാരാളം അദ്ധ്യാപക പരിശീലനങ്ങളും ക്ലസ്റ്റർ മീറ്റിംങുകളും കഴിഞ്ഞിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും തുടർമൂല്യനിർണ്ണയത്തിന്റെ കാതൽ ശരിയായി ഉൾക്കൊണ്ടവർ. ഭൂരിപക്ഷം പേർക്കും അതു ഒന്നിനും കൊള്ളാത്ത ‘ഞഞ്ഞാപിഞ്ഞ’ കൾക്ക് വെറുതെ കൊടുക്കുന്ന ‘മാർക്കാണ്‘. ആദ്യ കാലങ്ങളിൽ C E സ്കോറുകൾ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണമെന്നും അവസാന സ്കോർ നിർണ്ണയം പൂർത്തിയാക്കുന്നതിനു മുൻപ് കുട്ടികളുടെ പരാതികൾ പരിഹരിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. പ്രിൻസിപ്പാളിനും, അവിടെ പരിഹരിക്കപ്പെടാത്ത പരാതികൾ അക്കാദമിക് ചുമതലയുള്ള ജോയിന്റ് ഡയറക്ടർക്കുമാണ് നൽകേണ്ടത്. ഇപ്പോൾ മിക്കസ്കൂളുകളിലും പേരിന് ഇത് പ്രസിദ്ധീകരിച്ചാലായി. അതും സ്കോർ അപ്ഡേറ്റു ചെയ്യുന്നതിന്റെ തലേ ദിവസം. പരാതികളെ എന്തെങ്കിലും മുരട്ടുന്യായം പറഞ്ഞ് മുടക്കും. പേരു തെറ്റിപ്പോയെന്നോ അടുത്തപ്രാവശ്യം ശരിയാക്കാമെന്നോ. എന്താണ് ചെയ്യേണ്ടതെന്നറിയാത്ത കുട്ടികൾക്ക് കിട്ടിയതും വാങ്ങിയിരിക്കുക മാത്രമേ നിവൃത്തിയുള്ളൂ. അതതു വിഷയങ്ങളിലുള്ള മോണിറ്ററിംഗ് ടീം സ്കൂളുകളിൽ വർഷാവസാനഘട്ടത്തിൽ എത്തുമ്പോൾ കൊടുക്കുന്ന C E സ്കോറുകളും അവസാനം അപ്ഡേറ്റു ചെയ്യുന്ന സ്കോറുകളും തമ്മിൽ വ്യത്യാസം വരാൻ പാടില്ലെന്ന നിർദ്ദേശം കൂടി വന്നതോടെ പരാതികൾ അനുസരിച്ച് മാർക്കു തിരുത്തുന്ന പ്രക്രിയ ഏറെക്കുറെ അവസാനിച്ചമട്ടാണ്. നിരന്തരമായ മൂല്യ നിർണ്ണയത്തെ സമയബന്ധിതമായി രേഖപ്പെടുത്താൻ വിദ്യാഭ്യാസവകുപ്പ് നൽകിയ സോഫ്റ്റ് വെയർ (ഇവാൽ പ്രോ) എത്ര സ്കൂളുകളിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന കാര്യം പ്രത്യേകം കണക്കെടുക്കേണ്ടതാണ്. സ്കോർ അപ്ലോഡു ചെയ്യാനുള്ള സമയം മാത്രമാണ് അതിന്റെ ഉപയോഗം പലേടത്തും. കാരണം അതു മാത്രം നിർബന്ധിതമായതിനാൽ.
സ്കോറു നൽകുന്നതുൾപ്പടെയുള്ള അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യാൻ സ്കൂളുകളിൽ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (SRG)യോഗം ചേരണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. ഇത് കാര്യക്ഷമമായി നടന്നു പോകുന്ന സ്കൂളുകൾ തീരെ ഇല്ല എന്നു പറയുന്നില്ല. പക്ഷേ പലയിടത്തും ആദ്യഘട്ടങ്ങളിൽ കാണിച്ച ചൂട് ആറിയ മട്ടാണ്. അതുകൊണ്ട് അദ്ധ്യാപകർക്ക് തോന്നിയ മട്ടിൽ സ്കോറുകൾ കൊടുക്കാമെന്നായിട്ടുണ്ട്. മാത്രമല്ല സി ഇ സ്കോറുകളുടെ കാര്യം പറഞ്ഞ് വിരട്ടുന്ന പതിവും തല പൊക്കി തുടങ്ങി. നഗരത്തിലെ ഒരു സ്കൂളിലെ ഈ വർഷത്തെ ഒന്നാം വർഷ ഇമ്പ്രൂവ് മെന്റ് പരീക്ഷ എഴുതിയ ഹ്യുമാനിറ്റീസ് ബാച്ചിലെ ഏതാനും കുട്ടികളുടെ, വിവിധ വിഷയങ്ങളുടെ സ്കോറാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. (2008-2009 ലെ +2 പരീക്ഷയിൽ 23 കുട്ടികൾ ഇംഗ്ലീഷിനു തോറ്റ സ്കൂളാണിതെന്നു കൂടി അറിയണം) ആദ്യ ഭാഗത്തുള്ള ഇംഗ്ലീഷ് C E സ്കോറുകളെ മറ്റു വിഷയങ്ങൾക്കു കിട്ടിയ സ്കോറുകളുമായി താരതമ്യം ചെയ്തു നോക്കുക. ഇംഗ്ലീഷിൽ 20 - ൽ 7 വരെ സ്കോറു കുറഞ്ഞ കുട്ടിയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് 35 ശതമാനമാണെന്ന കാര്യം അതിട്ട അദ്ധ്യാപികയ്ക്കോ(കനോ) അതു ലഭിച്ച കുട്ടിയ്ക്കോ അറിയില്ലെന്നാണ് തോന്നുന്നത്. ( അതേ കുട്ടിയ്ക്ക് ചരിത്രത്തിന് 19 ഉം സാമ്പത്തിക ശാസ്ത്രത്തിനു 20 ഉം ആണു സ്കോർ.) മാത്രവുമല്ല, ഇത്രയധികം കുട്ടികൾക്ക് ഇത്ര കുറഞ്ഞ സ്കോറു വരണമെങ്കിൽ അതിന്റെയർത്ഥം പ്രസ്തുത വിഷയത്തിൽ തുടർപ്രവർത്തനങ്ങളോ അനുസാരിയായ മൂല്യ നിർണ്ണയമോ നടന്നിട്ടില്ല എന്നല്ലേ? കൃത്യമായി അവ നടന്നിരുന്നു എങ്കിൽ കുട്ടികൾ, സിദ്ധാന്തമനുസരിച്ച്, ആശാസ്യമായ ഒരു മേഖലയിൽ എത്തേണ്ടതല്ലേ. എങ്കിൽ തീർച്ചയായും ഒരു ക്ലാസിലെ ഇത്രയധികം കുട്ടികൾക്ക് കുറഞ്ഞ മൂല്യം ലഭിക്കുമായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ചും അദ്ധ്യാപിക(കൻ) ബോധവതി(വാൻ)യായിരിക്കാൻ ഇടയില്ല. ഒരു ക്ലാസിലെ ഇത്രയധികം കുറഞ്ഞ സ്കോറുകൾ തന്റെ നേർക്കാണ് വിരൾ ചൂണ്ടുന്നതെന്ന് അവർക്ക് അറിയില്ലല്ലോ. മോശം കുട്ടിയ്ക്ക് കുറഞ്ഞ ‘മാർക്ക്’ എന്ന സാമ്പ്രദായിക നയമാണ് അവരെടുത്തിട്ടുള്ളതെന്നു കാണാം. ഒന്നു കൂടി ചുഴിഞ്ഞു നോക്കിയാൽ ഇതിൽ അദ്ധ്യാപിക(പകന്റെ)യുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും മനസ്സിലാവും. ഇഷ്ടമില്ലാത്ത കുട്ടിയ്ക്ക് കുറവ് സ്കോറ്. അതാണ് കൂട്ടത്തിൽ ഏറ്റവും വലിയ ദുരന്തം. എന്നാൽ പോലും പഠിക്കാത്തതിന്റെ പേരിലും അലസതയുടെ പേരിലും പഴിയും വഴക്കും മുഴുവൻ കേട്ടിരിക്കാൻ ഇട, കുട്ടി തന്നെ ആയിരിക്കും എന്ന് വ്യക്തം. (പി ടി എ മീറ്റിംഗുകൾ അതിനുള്ള വേദിയാണ്, അദ്ധ്യാപകർക്ക് രക്ഷിതാക്കളിൽ നിന്നും രണ്ടടിയും ചീത്തയും മറ്റു കുട്ടികളുടെ മുന്നിൽ വച്ച് വാങ്ങിക്കൊടുക്കാൻ പറ്റിയ വേദി! സ്വന്തം കഴിവുകേടുകളെ ശകാരം കൊണ്ട് അവർക്ക് മറച്ചു വയ്ക്കാം. ഗുരുത്വം ഇന്നും വിലപിടിച്ച മൂല്യമായതു കൊണ്ട് അച്ഛനമ്മമാർ നിന്ന് ഓച്ഛാനിച്ച് ഓച്ഛാനിച്ച് നടു വളയ്ക്കും. ഓരം പറ്റി നിന്ന് കരയുന്ന കുട്ടികളാൽ ശബളമാണ്, റിപ്പോർട്ട് ഒപ്പിടാൻ രക്ഷിതാക്കൾ കൂട്ടത്തോടെ സ്കൂളിലെത്തുന്ന (ഞാൻ കണ്ടിട്ടുള്ള) ക്ലാസ് അദ്ധ്യാപക രക്ഷാകർതൃ യോഗങ്ങൾ) അദ്ധ്യാപകരിൽ നിന്നും തുടർന്ന് രക്ഷിതാക്കളിൽ നിന്നും കുട്ടി വാങ്ങിച്ചു കൂട്ടും. മാനസിക സമ്മർദ്ദങ്ങളുടെതു മാത്രമായ കാലത്തിനാണ് പൊതുവേ കേരളത്തിൽ കൌമാരകാലം എന്നു പറയുന്നത്. ‘ഒരു സുഖവുമില്ല ജീവിതത്തിന് ’ എന്നാണ് അവരുടെ കോട്ടുവായകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. മറ്റൊന്നുകൂടിയുണ്ട് പ്രവേശനപരീക്ഷകൾ പോട്ടെ, വർഷാവസാന എഴുത്തു പരീക്ഷയിൽ നല്ല മാർക്കു നേടിയാലും ഈ കുറഞ്ഞ C E സ്കോറുകൾ ഒരു കുട്ടിയെ നല്ലൊരു കോളേജിൽ, നല്ല വിഷയത്തിന് പ്രവേശനം ലഭിക്കുന്നതിൽ നിന്നും തടയാൻ സാധ്യതയുണ്ട്. അദ്ധ്യാപകർക്ക് ചീള് കേസാണെങ്കിലും കഴുത്തറുപ്പൻ മത്സരങ്ങൾക്കിടയിൽ വെറും 1 സ്കോർ വിദ്യാർഥികൾക്ക് ചില്ലറയല്ല! ചിലപ്പോൾ ജീവിതം തന്നെയാവും! സ്വന്തമല്ലാത്ത തെറ്റിന് കുട്ടികൾ എന്തൊക്കെ അനുഭവിക്കണം!
അദ്ധ്യാപകർക്ക് ‘സിദ്ധാന്ത’മറിഞ്ഞുകൂടാതെ വന്നാലും പാട് കുട്ടിക്കാണ്. ചിലപ്പോൾ വഴി ചെന്നു കയറുന്നത് കൊലക്കയറിൽ. ഉദാഹരണങ്ങളുണ്ട്. ആർക്കും കുതിരകയറാവുന്ന മുതുക് പിള്ളാരുടേതായതു കൊണ്ട്, ഉറപ്പില്ല, ഇതിനു് പരിഹാരം വല്ലതും ഉണ്ടോ?
മുൻകൂർജാമ്യം : എല്ലാ സ്കൂളുകളിലെയും സ്ഥിതി ഇതുപോലെയാവണമെന്നില്ല. എങ്കിലും ഇതുപോലെയും ഇതിനേക്കാൾ മോശമായും സ്കൂളുകൾ ഉണ്ടെന്ന കാര്യം കാണാതെ പോകേണ്ടതില്ല. മാർക്ക് ലിസ്റ്റ് നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തത്.
December 20, 2010
സ്വപ്നങ്ങളുടെ ഓടുന്ന കുതിരകൾക്കു പിന്നാലെ
പതിനഞ്ചാമത് IFFK യുടെ ഫെസ്റ്റിവൽ ബുക്കിലും ആദ്യ ഷെഡ്യൂളിലും അരവിന്ദന്റെ ആദ്യചിത്രം ‘ഉത്തരായണം’ ഉണ്ട്. പക്ഷേ 1974 -ൽ പുറത്തിറങ്ങിയ ആ ചിത്രത്തിന്റെ സ്ഥാനത്ത് -ഉച്ചപ്പടങ്ങളുടെ വിഭാഗത്തിൽ - ധന്യ തിയേറ്ററിൽ പ്രദർശിപ്പിക്കപ്പെട്ടത് ‘വാസ്തുഹാര’യാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കൈയെത്തുന്ന ദൂരത്ത് നിന്നുപോലും ഒരു ഫിലിം പെട്ടിയ്ക്ക് ഫെസ്റ്റിവലിനെത്താനുള്ള കടമ്പകളെ മൂടൽമഞ്ഞിലെന്നപോലെ ഇതു മുന്നിൽ കാണിച്ചു തരുന്നില്ലേ? അതുകൊണ്ട് നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും ഗോദാർദ്ദിന്റെ പുതിയ ചിത്രം ‘സോഷ്യലിസം’ പ്രദർശിപ്പിക്കാനാവാതെ (ഇവിടെ കാണാനാവാതെ) പോയതിൽ അത്ര നിരാശയ്ക്കവകാശമില്ല. ആദ്യ ദിവസം മുതൽ കാത്തിരുന്ന ഒരു ഒറ്റ ഷോട്ട് ഹൊറർ ചിത്രം, എത്തിയത് അവസാനദിവസത്തെ അവസാനഷോയ്ക്കാണ്. ഫെസ്റ്റിവലിന്റെ മുഖ്യസംഘാടകരിലൊരാളായ ബീനാപോൾ ഫെസ്റ്റിവലിൽ അവശ്യം കണ്ടിരിക്കേണ്ട പത്തുപടങ്ങളുടെ കൂട്ടത്തിൽപ്പെടുത്തിയിരുന്ന ഈ ഉറുഗ്വൻ ചിത്രം കണ്ടില്ലെങ്കിലും വലിയ കുഴപ്പമൊന്നും ഇല്ലായിരുന്നു എന്ന് പരസ്പരം പറഞ്ഞുകൊണ്ടാണ് ആളുകൾ തിയേറ്റർ വിട്ടത്. ടൈറ്റിലുകൾക്കു ശേഷവും ഏതാണ്ട് അഞ്ചുമിനിട്ടോളം സിനിമയുണ്ടായിരുന്നു എന്ന സത്യമാണ് തിയേറ്ററിൽ നൊസ്റ്റാൾജിയയോടെ സീറ്റു വിടാൻ മടിപ്പിടിച്ചിരുന്നവർക്ക് കിട്ടിയ ആകെ നിർവൃതി. ആ സിനിമാമിച്ചമാകട്ടെ, വളരെ പ്രധാനപ്പെട്ടതാണെന്ന് സംവിധായകൻ ഗുസ്താവോ ഹെർണാണ്ടസ് വിചാരിക്കുന്നുണ്ടെന്ന് തോന്നുന്നു. നാൽപ്പതുകളിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമയിലെ നായിക ലാറ, അവൾ നടത്തിയ കൊലപാതകങ്ങൾക്കു ശേഷം എങ്ങോട്ടു പോയി കാണാതാവുന്നു എന്നാണ് ആ ഭാഗം കാണിച്ചു തരുന്നത്. ഇല്ലാത്ത മകളെ കൊഞ്ചിച്ചും വിരൽ പിടിച്ചും കടുത്ത മാനസികരോഗത്തിനു പിന്നാലെ അവൾ ചക്രവാളസീമയിളേയ്ക്കു നടന്നു മറയുന്നു. അവളെ നരകക്കുഴിയിൽ നിന്നു രക്ഷപ്പെടുത്താനും കൊലപാതകങ്ങൾ ഒഴിവാക്കാനും അവിടെ ഒരു ഡോ. സണ്ണിയില്ലെന്ന ദുഃഖത്തോടെ ഒരാഴ്ചത്തെ ഇരുട്ടുമുറിവാസം അവസാനിപ്പിച്ച് ആളുകൾ മൂരി നിവരുന്നു, കണ്ണു തിരുമ്മുന്നു.
എങ്കിലും കഥാമിച്ചം വീണു കിട്ടിയ കുറച്ചുപേർക്കു സന്തോഷമുണ്ട്. മറ്റുള്ളവർ കാണാത്തതാണല്ലോ വിചാരിച്ചിരിക്കാതെ അവർക്കു കിട്ടിയത്. ആസ്വാദനത്തിൽ മാത്രമല്ല സൃഷ്ടിയിലും ഈ ‘അപൂർവത’ നിസ്സാര കാര്യമല്ല. മുൻപില്ലാത്തത് ( അ - പൂർവം) എന്നു വച്ചാൽ ഇതുവരെ ആരും ചെയ്യാത്തത് എന്നും കൂടി ആലോചിച്ച് ആലോചിച്ച് സംവിധായകർ വശപ്പിശകാകുന്നു എന്ന് നമുക്ക് അറിയാം. മേള തുടങ്ങും മുൻപേ വിവാദമായ ‘ചിത്രസൂത്രം’ (വിപിൻ വിജയ്) മലയാള സിനിമകൾക്കിടയിൽ ഒരപൂർവതയായിരുന്നതുകൊണ്ടാണ് ആളുകൾ കലഹിച്ചത്. കൊള്ളാമോ കൊള്ളില്ലയോ? മുൻപൊരിക്കൽ ഇദ്ദേഹത്തിന്റെ ‘ഒപ്പുചിത്രത്തെ ആളുകൾ കൂട്ടായി കൂവി തോത്പിച്ചതാണ്. അന്നും കാണികൾ രണ്ടായി പിരിഞ്ഞു. കഴിഞ്ഞ വർഷത്തെ ഉത്സവത്തിൽ നിന്ന് ഒഴിവാക്കിയ ചിത്രത്തെ ഈ വർഷം മന്ത്രി ബേബി നേരിട്ട് ഇടപെട്ട് കൂട്ടത്തിൽ കൂട്ടിയതാണെന്ന്, മറ്റാരുമല്ല ബേബി തന്നെ പറഞ്ഞതും അതിനു തലമൂത്ത സംവിധായകർ ‘അതു ശരിയല്ലല്ലോ’ എന്നും പറഞ്ഞ് കുണുങ്ങിയതുമാണ്. ‘അതീതലോകത്തേയ്ക്കും സ്വത്വാന്വേഷണത്തിലേയ്ക്കുമുള്ള സാമ്പ്രദായികമല്ലാത്ത നോട്ടമാകുന്ന’ ഈ ചിത്രം ഗംഭീരമായ പരീക്ഷണമാണെന്ന് ലാൽ ജോസെഴുതി. ആദിമധ്യാന്തങ്ങൾ അവയവപ്പൊരുത്തത്തോടെ പീലിവിരിച്ചാടുന്ന കഥയും കാത്ത് തിയേറ്ററിലെത്തുന്ന ബഹുഭൂരിപക്ഷം എന്തു ചെയ്യണം? ഈ അതീതലോകം സിനിമയിൽ ഇപ്പോൾ ഒരു ആഖ്യാനവഴിയോ ആവിഷ്കാരരീതിയോ പുത്തൻ ചുവടുവയ്പ്പോ ഒക്കെയാണ്. ഈ വർഷം കാനിൽ സമ്മാനിതമായ അപിചാത്പോങ് വീരസെതാക്കുളിന്റെ സിനിമയിൽ ( അങ്കിൾ ബൂണ്മി ഹു ക്യാൻ റീക്കാൾ ഹിസ് പാസ്റ്റ് ലൈവ്സ്) ബൂണ്മിയുടെ മരിച്ചുപോയ ഭാര്യയും കുരങ്ങന്മാരുടെ ആത്മാവിനൊപ്പം ജീവിച്ച് അതുപോലെയായ മകനും ഒക്കെ വന്നിരുന്ന് ദീർഘദീർഘമായ സംഭാഷണത്തിൽ ഏർപ്പെടുന്നുണ്ട്. ചിത്രത്തിന്റെ അവസാനത്തിൽ ബുദ്ധസന്ന്യാസി കാവി വസ്ത്രം ഒക്കെ ഒഴിവാക്കി ജീൻസും ധരിച്ച് അമ്മായിയുമായി പുറത്തിറങ്ങി പോകുന്നുണ്ട്. അതേസമയം ഹോട്ടൽ മുറിയിലിരുന്ന് ടി വി കാണുന്നുമുണ്ട്.
ഇറാനിയൻ സിനിമകൾ തുടക്കത്തിൽ ഉണ്ടാക്കിയ വിസ്മയത്തിന്റെ ഏകതാനതയിലേയ്ക്കാണ് അപിചാത്പോങിനെപ്പോലുള്ള ഏഷ്യയുടെ വ്യത്യസ്തമായ ആഖ്യാനങ്ങൾ പുതി വഴി വെട്ടുന്നത്. പതിഞ്ഞ ശൈലിയും മങ്ങിയ വെളിച്ചവുമാണ് ബൂണ്മി അമ്മാവന്റെ അന്തരീക്ഷം. അങ്ങനെ എടുത്തുപറയാൻ ഒരു കഥയില്ല. നമുക്കും അപരിചിതമാകാൻ ഇടയില്ലാത്ത ഒരു പാട് ചിത്രങ്ങൾ ഉണ്ടു താനും. (ചിത്രത്തിന്റെ ആദ്യത്തിലെ ആ പോത്ത് അല്ലെങ്കിൽ ഇങ്ങനെ നമ്മളെ തന്നെ നോക്കി നിൽക്കുകയില്ലായിരുന്നു.) എല്ലാം കൂടി കൂട്ടി വച്ച് നമ്മളുണ്ടാക്കുന്നതാണ് മൊത്തത്തിൽ സിനിമ. സാഹിത്യം പ്രസവിക്കുന്നതല്ല സിനിമ എന്നു പറയും പോലെ സിനിമയും സാഹിത്യത്തെ പ്രസവിക്കേണ്ടതില്ലെന്ന് അതിനു പറയാം. പോർട്ടുഗീസു സംവിധായകൻ മാനുവൽ ഒലിവേരയുടെ (പുള്ളിയ്ക്ക് പ്രായം നൂറിലധികമായി ) ആഞ്ചലിക്കയിലും - ദ സ്ട്രെയിഞ്ച് കേസ് ഓഫ് ആഞ്ചലിക്ക- ആത്മാവിന്റെ സഞ്ചാരമുണ്ട്. മരിച്ച യുവപ്രഭ്വിയുടെ ചിത്രമെടുക്കാൻ നിയുക്തനായ യുവാവ് അവളുടെ ആത്മാവുമായി പ്രണയത്തിലായി ഒടുവിൽ ‘ഭൌതികമായി’ മരിക്കുന്നതാണ് കഥ. കഴിഞ്ഞ വർഷം ഇതേ സംവിധായകന്റേതായി പ്രദർശിപ്പിക്കപ്പെട്ട സിനിമ - ‘എക്സൻട്രിസിറ്റീസ് ഓഫ് എ ബ്ലോണ്ട് ഗേൾ’ ആയിരുന്നു. പേരിനു തന്നെയുണ്ട് തുടർച്ച. ആഞ്ചലിക്കയിൽ ഒരു സമാധാനമുള്ളത് മരിച്ചു കിടന്ന സ്ത്രീയുടെ അസാധാരണമായ സൌന്ദര്യത്തിൽ വീണുപോയ യുവമനസ്സിന്റെ ഭ്രമാത്മകമായ അവസ്ഥയായി വ്യാഖ്യാനിക്കാനുള്ള പഴുത് സംവിധായകൻ കനിഞ്ഞു നൽകിയിട്ടുണ്ടെന്നുള്ളതാണ്. സംസ്കാരത്തിന്റെ അടിവേരുകളിൽ നിന്ന് കാഴ്ചയുടെ പദാർഥങ്ങൾ വലിച്ചെടുക്കാൻ പ്രതിഭകളുടെ അബോധം തുനിയുമ്പോൾ ആസ്വാദനം കൂടുതൽ ജാഗ്രതകൾ ആവശ്യപ്പെട്ടു തുടങ്ങുന്നു.
ആഞ്ചലിക്കയുടെ ഭൂതകാലമല്ല, അങ്കിൾ ബൂണ്മിയുടെ. (മറ്റൊരു സമാനത. രണ്ടും കാനിലുണ്ടായിരുന്നു, ന്യൂയോർക്കിലും, ടൊറൊന്റോയിലും മെൽബോണിലും ഉണ്ടായിരുന്നു) ആഞ്ചലിക്കയുടെ ഫോട്ടോഗ്രാഫർ നഷ്ടപ്പെട്ടലയുന്നതുപോലെയൊരു കാലത്തിന്റെ കയത്തിലല്ല ബൂണ്മി നഷ്ടപ്പെട്ടു കിടക്കുന്നത്. പല ലയറുകൾ തീർത്തുവച്ച കാലമാണ് ബൂണ്മിയുടെ ജീവിതം ഉള്ളിത്തൊലിപോലെ പിരിച്ച് അവതരിപ്പിക്കുന്നത്. മേളയിലെ ഉച്ചപ്പട വിഭാഗത്തിലെ കബനീനദി ചുവന്നപ്പോൾ എന്ന സിനിമയിലെ മലയാളിയുടെ ഭൂതകാലവും ഫ്യൂഡൽ ഭൂതകാലത്തെ ചീത്തപറഞ്ഞുകൊണ്ടുള്ള നമ്മുടെ ‘സോദ്ദേശ്യ’സിനിമകളും കുഞ്ചാക്കോ കാലഘട്ടത്തിലെ വടക്കൻ വീരഗാഥകളും ചേർത്തുവച്ചാൽ രസകരമായ സമീകരണങ്ങൾക്ക് ദിശാസൂചികൾ കിട്ടും. അങ്ങനെയുള്ള കോപ്പുകൾ കൂടി തരുന്നുണ്ട് ചില സിനിമകൾ.
ഒരു കലാസൃഷ്ടി നമ്മെ സന്തോഷിപ്പിക്കുന്നില്ലെന്നത് അതിന്റെ നിലവാരത്തകർച്ചയുമായി ഏതെല്ലാം തോതിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശാസ്ത്രീയമായി ആലോചിക്കേണ്ട കാര്യമാണ്. ‘അവാർഡു തുക വർദ്ധിപ്പിച്ചു, അതിനനുസരിച്ചുള്ള മെച്ചം ഉണ്ടാവണേ സംവിധായകന്മാരേ.. ’എന്ന് മനോരമയുടെ സിനിമാപ്പേജ് പായാരം പാടിയിരുന്നു. ഒരു കണക്കിനു ശരിയാണ്, പതിനഞ്ചു വയസ്സു പ്രായമുള്ള ഒരു മേളയിൽ മത്സരിക്കാൻ ‘അഹമഹമികയാ’ ലോകോത്തര സിനിമകൾ വന്നു ക്യൂ നിൽക്കും എന്നു വിചാരിക്കാനൊക്കുമോ? 78 രാജ്യങ്ങളിൽ നിന്ന് 220 ഓളം ചിത്രങ്ങളിൽ കൊള്ളാവുന്ന കുറെ കാണണമെന്നുണ്ടെങ്കിൽ ചിലതൊക്കെ ഒഴിവാക്കണം. എളുപ്പം മത്സര സിനിമകൾ ഒഴിവാക്കുകയാണ്. പക്ഷേ അതോടെ അടഞ്ഞു പോകുന്നത് നവാഗതതെളിച്ചങ്ങളെ അടുത്തറിയാനുള്ള ഒരവസരമായിരിക്കും. മേളകൾ പൊലിക്കേണ്ടത് അന്യഥാ പ്രശസ്തരായ വ്യക്തികളെയാണോ തിരിച്ചറിയേണ്ട പുതുനാമ്പുകളെയാണോ എന്നൊരു ചോദ്യമുണ്ട്. ഗോദാർദ്ദിനെയോ ക്രിസ്റ്റി പിയുവിനെയോ ഇനാറിറ്റുവിനെയോ അറിയാൻ ഇനി ഈ ഡിവിഡികാലത്ത് മേളകളുടെ സന്നാട്ടകൾ ആവശ്യമില്ല. പക്ഷേ കാർലോസ് ഗാവിറിയയുടെ ‘പോട്രൈറ്റ് ഇൻ എ സീ ഓഫ് ലൈസോ’ ജൂലിയ സോളമെനോഫിന്റെ ‘ദ ലാസ്റ്റ് സമ്മർ ഓഫ് ലാ ബോയിറ്റയോ മറ്റെവിടെ നാം ഇനി ഓർത്തെടുത്തു കാണാൻ പോകുന്നത്? മത്സര സിനിമകൾ തലയ്ക്കടിച്ച അനുഭവങ്ങളുണ്ട്. ഡീഗോ ഫ്രീഡിന്റെ ‘വൈൻ’ എന്ന അർജന്റീനിയൻ ചിത്രം കൊള്ളാവുന്ന തലവേദനകേസുകെട്ടാണെന്ന് കിംവദന്തി പരന്നിരുന്നു. ക്യാമറ അടങ്ങിയിരിക്കാതെ ഓടി നടന്നാൽ ചിത്രീകരണത്തിൽ വൈവിധ്യമാകും പക്ഷേ ഇരുട്ടുമുറിയിൽ അഞ്ചാമത്തെ സിനിമയ്ക്കായി നഖം കടിക്കുന്ന മ്ലാനമുഖമുള്ള കാണിയുടെ സ്ഥിതിയെന്താവും? പക്ഷേ, ജെ ദേവിക പറഞ്ഞത് തനിക്ക് ഇഷ്ടപ്പെട്ട പടമാണത് എന്നാണ്. ലൈംഗികജീവിതത്തെയും പ്രണയത്തെയും സിനിമ വ്യാഖ്യാനിക്കുന്ന രീതിയുടെ പുതുമകൊണ്ടാണത് എന്നും. മത്സരചിത്രങ്ങളിൽ ആളുകൾ ഇടിച്ചു കയറിയത് ഒരു വലിയ വീടിന്റെ നിലവറയ്ക്കുള്ളിൽ -അതു വേലക്കാരികളുടെ താമസമുറിയായിരുന്നു-ഒളിച്ചു താമസിക്കുന്ന 3 സ്ത്രീകളുടെ കഥ പറയുന്ന ‘ബറീഡ് സീക്രട്ടി’നാണ്. പുരുഷലോകത്തിന്റെ ചതിയിൽനിന്നും വക്രതയിൽ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുന്ന സ്ത്രീകളുടെ സ്വകാര്യലോകമാണെന്ന് നമ്മൾ തിരിച്ചറിയുന്നു. പക്ഷേ അതത്ര ശുദ്ധലോകവും അല്ല. ആധിപത്യവും ക്രൂരതയും മറ്റൊരുതരത്തിൽ അവിടെയും നടമാടുന്നുണ്ട്. അലങ്കാരങ്ങളും ലൈംഗിക പ്രണയസുഖങ്ങളും നിഷേധിക്കപ്പെട്ട ഒരു ലോകത്തിൽ നിന്നും ‘മമ്മ’യെ കൊന്ന് അയിഷ പുറം ലോകത്ത് സാകൂതം നടന്നെത്തുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. വാസനകളുടെ നിഷേധത്തെ പ്രതിഷേധാത്മകമായി തന്നെ സമീപിച്ചിരിക്കുകയാണ് ടുണീഷ്യൻ സംവിധായിക രാജ അമരി. സ്ത്രീകൾ ആൺ ലോകവുമായി ബന്ധപ്പെടുന്ന രണ്ടിടത്തും - അവർ നെയ്യുന്ന അലങ്കാരവസ്ത്രങ്ങൾ വിൽക്കാൻ കൊണ്ടു പോകുന്നിടത്തും കാമുകിയെ കാണാനില്ലാതെയാവുമ്പോൾ കൂട്ടുകാരന്റെ പ്രണയിനിയുമായി കിടക്കയിലേയ്ക്കു പോകുന്ന സ്വന്തം കാമുകനെ, സ്ത്രീകൾ പുതുതായി തട്ടിക്കൊണ്ടു വന്ന പെൺകുട്ടി കാണുന്നിടത്തും - സാമ്പത്തികവും വൈകാരികവുമായ തറകളിൽ- തങ്ങളുടേതിൽ നിന്ന് വേറിട്ട ലോകത്തിന്റെ - ഉപരി ലോകത്തിന്റെ - നെറിയില്ലായ്മ അമരി എടുത്തു കാണിച്ചിട്ടുണ്ട്. പക്ഷേ അവ സ്ത്രീകളുടെ ഇരുണ്ട ലോകത്തിന്റെ സാധൂകരണമായിട്ടല്ല, അതിനു സമാന്തരമായി നില നിൽക്കുന്നു എന്നതാണ് സിനിമ നൽകുന്ന സൂചന. ഒന്നു മറ്റൊന്നിനേക്കാൾ മെച്ചമല്ലെന്ന്. ആൺ ലോകം ഈ സിനിമയ്ക്കു ഇടിച്ചു കയറുന്നതിന്റെ പ്രേരണകൾ വ്യക്തമാണ്.
പലതരത്തിൽ നമുക്കിടയിൽ ആവിഷ്ടമായിരിക്കുന്ന ലോകങ്ങളെ സിനിമകൾ കൈകാര്യം ചെയ്യുന്ന വിധം തിയേറ്ററിൽ നിന്ന് തിയേറ്ററിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ ചിലപ്പോൾ വന്നു തൊടും. വാസ്തവമോ അതീതമോ ഗർഭിതമോ സമാന്തരമോ ഒക്കെയായ പലലോകങ്ങൾ. സിനിമയുടെ വിഭ്രാത്മകതകൾക്ക് മാത്രം കഴിയുന്ന വിലോഭനീയതയോടെ. തൊട്ടടുത്തുണ്ടായിരുന്നിട്ടും പലപ്പോഴും നാം ചെന്നിടിച്ച് മൂക്കു മുറിഞ്ഞ ആ കണ്ണാടിലോകങ്ങൾ.. ! അതല്ലേ എല്ലാം. ഉം. ശരിയാണ്.. എങ്കിലും നമ്മുടെ ഗതികിട്ടാത്ത ആലോചനകളെ തിരക്കി തിരശ്ശീലയിൽ നിന്നും ഇറങ്ങിവരുന്ന കൈകുലുക്കങ്ങളെ ഇനിയും നിങ്ങൾ, സ്തുതിഗീതങ്ങൾ എന്നാണോ വിളിക്കുന്നത് ? ഇരുട്ടുമുറിയിലായതു കൊണ്ട് ആരും കാണില്ലെന്നു വച്ച് ? മോശം തന്നെ.
അനു :
“കൊള്ളാം താങ്കൾ പറഞ്ഞ ആ കേവലം കഥ പറച്ചിൽ ഉണ്ടല്ലോ, അതു തന്നെ ഒരു സിനിമയ്ക്ക് ധാരാളമാണ്.”
- വെർണർ ഹെർസോഗ്
December 11, 2010
വായിച്ചറിയുവാന്‍ ഒരു സങ്കടഹര്‍ജി
ഇന്നത്തെ (10-12-2010) മനോരമ പത്രത്തിലെ പഠിപ്പുരയില്‍ ‘നിങ്ങളുടെ സ്കൂളില്‍ അവകാശലംഘനമുണ്ടോ?’ എന്നൊരു ചോദ്യമുണ്ടായിരുന്നല്ലോ. ഇന്നുച്ചയ്ക്ക് കിട്ടിയ ഫ്രീ പിരീഡില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഈ വിഷയം ഏതെങ്കിലും അദ്ധ്യാപകര്‍ അസൈന്മെന്റായി തന്നിരുന്നുവെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ഞങ്ങള്‍ എഴുതുമായിരുന്നു എന്ന് വെറുതേ ആലോചിച്ചു. അങ്ങനെയെങ്കിലും ഞങ്ങളുടെ ഉള്ളിലുള്ള കാര്യങ്ങള്‍ ഇവിടെയുള്ള അദ്ധ്യാപികമാരെ അറിയിക്കാന്‍ അവസരം കിട്ടുമായിരുന്നു. അല്ലാതെ അവസരമില്ല. പറഞ്ഞിട്ടെന്തു ഫലം? അങ്ങനെയൊന്നും ഉണ്ടാവില്ല. ‘നിലവാരം കണക്കിലെടുക്കാതെയുള്ള പഠനരീതിയും കനമുള്ള ബാഗു‘മൊന്നുമല്ല ഞങ്ങളുടെ പ്രശ്നം.
പഠിക്കാത്തതുകൊണ്ടും ഉഴപ്പുന്നതുകൊണ്ടുമുള്ള കുറ്റങ്ങള്‍ കേട്ടു കേട്ട് ജീവിതം തന്നെ മടുത്തിരിക്കുന്ന ഞങ്ങള്‍ക്ക് ഇതൊക്കെ അവകാശ ലംഘനം തന്നെയാണോ എന്നും അറിയില്ല.
എന്തായാലും ഒന്നു കേട്ടു നോക്കുക. ഒരുപാട് കാര്യങ്ങള്‍ക്ക് ദിവസവും പഴി കേള്‍ക്കുന്നതിനാല്‍ ഇക്കാര്യം തുറന്നു പറഞ്ഞതിന്റെ ‘ഗുരുത്വദോഷം’ കൂടി ഞങ്ങളുടെ തലയില്‍ ഇരുന്നോട്ടെ.
1. പത്തുവരെ സ്കൂളുകളില്‍ ഉച്ചയ്ക്കുള്ള ഇടവേള ഒരു മണിക്കൂറായിരുന്നെങ്കില്‍ ഹയര്‍ സെക്കണ്ടറിയില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് അരമണിക്കൂറേ ഉള്ളൂ. 12.30- ന് ക്ലാസു കഴിഞ്ഞാല്‍ മരണവെപ്രാളത്തോടെ ഓടിപോയി കൈ കഴുകി ഉള്ളതെന്തായാലും വാരിത്തിന്ന് റെഡിയാവണം.
2. ആകെ രണ്ടു വാഷ് ബേയ്സിനേയുള്ളൂ. കൈകഴുകാനുള്ള കുട്ടികളുടെ എണ്ണം മുന്നൂറ്റി അന്‍പതോളം വരും.. ഉച്ചയാവുമ്പോള്‍ അവിടെ തള്ള്, ക്യൂ.. ഇപ്പോള്‍ പുതിയ നിയമം വന്നിട്ടുണ്ട്. അതായത് കൈ കഴുകാം, പാത്രം കഴുകാന്‍ പാടില്ല. സ്കൂള്‍ പരിസരം വൃത്തികേടാവുന്നു. അതുകൊണ്ട് എച്ചില്‍പ്പാത്രവും മിച്ചം വന്നതും കഴുകാതെ പഠിക്കുന്ന പുസ്തകങ്ങളോടൊപ്പം വച്ച് കൊണ്ടുപോകണം. പരിസ്ഥിതി വൃത്തിയായി. ഞങ്ങളുടെ ബാഗ് എച്ചില് ബാഗായിയിരിക്കുന്നു.
3. അദ്ധ്യാപകര്‍ക്ക് തോന്നിയതുപോലെ ക്ലാസില്‍ വരാമെങ്കിലും - വാരാതെയുമിരിക്കാമെങ്കിലും - ഞങ്ങള്‍ സ്കൂള്‍ സമയത്തിനു 5 മിനിട്ട് മുന്‍പേ സ്കൂളില്‍ എത്തിയിരിക്കണം. വഴി മുഴുവന്‍ കുഴിയാണ്, റോഡ് ബ്ലോക്കാണ്, ബസ്സു സമയത്തിനു വന്നില്ല എന്ന ന്യായമൊന്നും പറയാന്‍ പാടില്ല. എന്നല്ല, ഒന്നും തിരിച്ചു പറയാന്‍ പാടില്ല. ലേറ്റായി വരുന്നവരെല്ലാം ബോയ്സിന്റെ കൂടെ കറങ്ങാന്‍ പോയിട്ടു വരുന്നവരാണെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്. ചിലപ്പോള്‍ അച്ഛനും അമ്മയ്ക്കും കൂടി ചേര്‍ത്താണ് തെറി. ലേറ്റായി വരുന്നരുടെ പേര് ബുക്കിലെഴുത്ത്, വഴക്കു പറച്ചില് ശിക്ഷ, കരച്ചില്... എല്ലാം കൂടി ചേര്‍ന്ന് ക്ലാസില്‍ ചെല്ലുമ്പോള്‍ അവിടെയും ചിലപ്പോള്‍ പുറത്ത് നില്‍ക്കേണ്ടി വരും. അതായത് 5 മിനിട്ട് ലേറ്റാവുന്ന കുട്ടികള്‍ വഴക്കുപറയല്‍, ഗുണദോഷ ചടങ്ങുകളൊക്കെ കഴിഞ്ഞ് ചിലപ്പോള്‍ ക്ലാസിലിരിക്കുന്നത് മൂന്നാമത്തെ പിരീഡായിരിക്കും.
4. സ്കൂളില്‍ എത്തുന്ന കാര്യത്തില്‍ മാത്രമാണ് സമയനിര്‍ബന്ധം. അതുകഴിഞ്ഞാല്‍ പല ആവശ്യങ്ങള്‍ക്കായി കറങ്ങി നടക്കുന്ന കുട്ടികളെ കാണാം. ഹൈസ്കൂളില്‍ ചില ആണ് കുട്ടികളെ ( ഞങ്ങളുടെ സ്കൂളില്‍ ഹൈസ്കൂള്‍ വരെ ആണ് കുട്ടികള്‍ ഉണ്ട്, ഹയര്‍ സെക്കണ്ടറി പെണ്‍കുട്ടികള്‍ക്കു മാത്രം) ക്ലാസിനു പുറത്തോ ഓഫീസിനു വെളിയിലോ നിര്‍ത്തിയിരിക്കുന്നതു കാണാം. ദിവസം മുഴുവന്‍ അവരെ അവിടെ നിര്‍ത്തിയിരിക്കും.
5. ലീഡര്‍മാരുടെ പ്രധാന ജോലി ക്ലാസിലുള്ള കുട്ടികളുടെ പ്രേമം കണ്ടെത്തുകയാണ്. ഒരു കുട്ടി ആരെ നോക്കി ചിരിച്ചു, ബസ്സില്‍ ആരുടെ അടുത്താണ് നില്‍ക്കുന്നത്, ട്യൂട്ടോറിയല്‍ കോളേജില്‍ ആരോടു സംസാരിക്കുന്നു ഇതൊക്കെ ചെന്നു ടീച്ചറോടു പറഞ്ഞുകൊടുക്കണം. അല്ലെങ്കില്‍ വഴക്കു കിട്ടും. നല്ല ലീഡറാവാന്‍ ഇതൊക്കെ ചെയ്യണം. അതുകൊണ്ട് ക്ലാസില്‍ എല്ലാവരും എല്ലാവരെയും സംശയിക്കുന്നു. ക്ലാസിലിരുന്ന് ഒരു തമാശപറയാന്‍ പോലും ആര്‍ക്കും കഴിയില്ല. എപ്പോള്‍ ആരുടെ തലയില്‍ ഇടിവീഴും എന്നു പറയാന്‍ പറ്റില്ലല്ലോ.
6. ഏതെങ്കിലും കുട്ടിയുടെ നാവില്‍ നിന്ന് ആരുടെയെങ്കിലും പേരു വീണു കിട്ടിയാല്‍ പൂരമാണ് പിന്നെ. ചോദ്യം ചെയ്യാന്‍ പ്രിന്‍സിപ്പാള്‍ വിളിപ്പിക്കും. സ്കൂള്‍ സമയം കഴിഞ്ഞും നീളും ചോദ്യം ചെയ്യല്‍. അപ്പോള്‍ ക്ലാസില്‍ പോകേണ്ടതില്ല. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ മതി. സ്വന്തം കാര്യം മാത്രമല്ല. മറ്റു കുട്ടികളുടെ പ്രേമത്തെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും പറഞ്ഞുകൊടുക്കണം. കണ്ടെത്തിയ പ്രേമങ്ങളുടെ നീണ്ട ലിസ്റ്റ് അവരുടെ കൈയ്യിലുണ്ട്. അവിടെ വരുന്ന എല്ലാവരെയും അതു കാണിക്കും.
7. സ്കൂള്‍ അസംബ്ലിയിലും സ്കൂളില്‍ നടക്കുന്ന പരിപാടികളിലും കുട്ടികളില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രിന്‍സിപ്പാള്‍ മൈക്കിലൂടെ പറയും. ഇത് നാണം കെടുത്തുന്ന പരിപാടിയാണ്. കുട്ടിയുടെ പേരു പറയാറില്ലെങ്കിലും കൂട്ടുകാര്‍ക്കും അവരോടൊപ്പം ഉള്ള അച്ഛനമ്മമാര്‍ക്കും ആ കുട്ടിയെ അറിയാമായിരിക്കും. ഇങ്ങനെ ഒരു കാര്യത്തിനു പേര് മൈക്കിലൂടെ പറഞ്ഞതിന്റെ പേരില്‍ ഒരു കുട്ടിക്ക് മനശ്ശാസ്ത്ര ചികിത്സ വേണ്ടി വന്നു.
8. ചില ടീച്ചര്‍മാരും ചോദ്യം ചെയ്യാറുണ്ട്. സ്കൂളില്‍ പ്രേമം പിടിക്കുന്ന പരിപാടിയാണ് മുഖ്യം. പഠിപ്പിക്കലിന് അത്ര പ്രാധാന്യമില്ല. സ്റ്റാഫ് റൂമില്‍ ചെന്നാല്‍ ചിലപ്പോള്‍ ചില കുട്ടികള്‍ക്ക് ‘റാഗിംഗ്’ നേരിടേണ്ടി വരും. “ഇന്നു നിന്റെ മറ്റേയാളിനെ കണ്ടില്ലേ? അയാള്‍ എന്തു ഷര്‍ട്ടാണ് ഇട്ടുകൊണ്ട് വന്നിരിക്കുന്നത്? നീ നന്നായി നോക്കിയോ, എന്താണ് മുഖത്തൊരു ദുഃഖം? ... (ഏതെങ്കിലും സിനിമാതാരത്തിന്റെയോ പുരാണ കഥാപാത്രത്തിന്റെയോ പേരു്..) ..കണ്ടിട്ട് മൈന്‍ഡ് ചെയ്തില്ലേ? അയാള്‍ നിന്നെ മറന്ന് മറ്റാരെങ്കിലും കണ്ടെത്തിയോ? ” ഇതൊക്കെയാണ് ചോദ്യങ്ങള്‍. എന്നിട്ട് ടീച്ചര്മാരെല്ലാം കൂടി കൂട്ട ചിരി. ക്ലാസില്‍ വന്നും ചിലര്‍ ഇതൊക്കെ കാണിക്കാറുണ്ട്. ഇവര്‍ പ്രേമിക്കാന്‍ പ്രേരിപ്പിക്കുകയല്ലേ ചെയ്യുന്നത്? എന്നിട്ട് അതു കുറ്റമായി എല്ലാവരോടും പറഞ്ഞു നടക്കും.
9. അച്ഛനോ അമ്മയോ കാണാന്‍ വരുമ്പോള്‍ ടീച്ചര്മാര് പറയുന്നത് ‘ഇവള് എപ്പഴും ആലോചിച്ചുകൊണ്ടിരിക്കുന്നു. പഠിക്കുന്നില്ല. ഇവള്‍ക്ക് ചികിത്സ വേണം’ എന്നാണ്. ‘ആലോചിച്ചുകൊണ്ടിരിക്കുന്നു’ എന്നു പറഞ്ഞാല്‍ അവള് ആരെയോ പ്രേമിക്കുന്നു എന്നാണ്. പിന്നെ അമ്മമാര്‍ക്ക് സംശയമായി. അവര്‍ക്ക് അതു സഹിക്കാന്‍ പറ്റില്ല. അതോടെ അമ്മയോട് എന്തു പറഞ്ഞാലും ദേഷ്യം പിടിക്കും. ഞങ്ങളെ സംശയിക്കാന്‍ തുടങ്ങും.
10. ചായ കുടിച്ച ഗ്ലാസു കഴുകുക, ഇരിക്കാനുള്ള കസേര തുടപ്പിക്കുക, തുടങ്ങിയ പരിപാടികളും ഉണ്ട്, ടീച്ചര്‍മാര്‍ക്ക്. പലപ്പോഴും സ്നേഹത്തോടെയാണ് പറയുന്നത്. ദേഷ്യത്തോടെ പറയുന്നവരും ഉണ്ട്. നിഷേധിക്കാന്‍ പറ്റില്ല. നിഷേധി എന്ന പേരു കേള്‍ക്കേണ്ടി വരും. എല്ലാത്തിനും ഇമ്പോസിഷന്‍ കിട്ടും. ടീച്ചര്മാര് ചെയ്യേണ്ട ജോലികള്‍ ഞങ്ങളെക്കൊണ്ട് ചിലപ്പോള്‍ ചെയ്യിക്കും. മാര്‍ക്കു ലിസ്റ്റ് വായിച്ചു കൊടുക്കുക. ഉത്തരക്കടലാസിലെ മാര്‍ക്കെഴുതുക, റിപ്പോര്‍ട്ട് കാര്‍ഡിലെ മാര്‍ക്കും മറ്റും എഴുതി കൊടുക്കുക, നോട്ടീസ് കൊണ്ടു കൊടുക്കുക...അങ്ങനെ അങ്ങനെ. ചെയ്തു കൊടുത്താല്‍ കുറച്ചു നാള് വഴക്കു പറച്ചില് ഇല്ല. പ്രിന്‍സിപ്പാളിന്റെയും ടീച്ചര്‍മാരുടെയും പ്രിയപ്പെട്ട കുട്ടിയാവാം.
11. ഇതൊന്നും സാരമില്ല, ഞങ്ങളൊക്കെ പിച്ചക്കാരികളാണെന്ന മട്ടില്‍ ടീച്ചര്മാര് സംസാരിക്കും അതാണ് സഹിക്കാന്‍ പറ്റാത്തത്. ഒരു അദ്ധ്യാപിക ക്ലാസില്‍ പറഞ്ഞത് നിന്നെയൊക്കെ പഠിപ്പിക്കാനല്ല ഞാന്‍ വരുന്നത് ശമ്പളം കിട്ടും അതുകൊണ്ടാണെന്നാണ്. ഞങ്ങളെ വിശേഷിപ്പിക്കാന്‍ ഒരു ചീത്തപ്പേരും അവര്‍ ഉപയോഗിച്ചു. ദേഷ്യം കൊണ്ടല്ല. അവര്‍ ആത്മാര്‍ത്ഥമായി തന്നെ പറഞ്ഞതാണ്. കാരണം അവര്‍ പഠിപ്പിക്കാനേയല്ല ക്ലാസില്‍ വരുന്നത്. അവര്‍ പഠിപ്പിച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നും മനസ്സിലാകുകയും ഇല്ല. ഇങ്ങനെ മനോഭാവമുള്ള ഒരാള്‍ ആത്മാര്‍ത്ഥമായി പഠിപ്പിക്കുമോ? ചില അദ്ധ്യാപികമാര്‍ മറ്റു ടീച്ചേഴ്സിനെ കുറ്റം പറയും. ------- സാറിനോട് സംസാരിച്ചാൽ ചീത്തയായി പോകും എന്നൊക്കെ. അതാണ് അവര്‍ പഠിപ്പിക്കുന്ന പാഠം.
12. സി ഇ മാര്‍ക്ക് കുറയ്ക്കുമെന്നും കോണ്ടക്ട് സര്‍ട്ടിഫിക്കറ്റില്‍ ബാഡ് എന്നെഴുതി ഭാവി തുലയ്ക്കുമെന്നും ടി സി തരുമെന്നും ഞങ്ങളെ അദ്ധ്യാപികമാര്‍ ഭീഷണിപ്പെടുത്താറുണ്ട്. സി ഇ മാർക്ക് നല്ലവണ്ണം കുറ്ച്ചിട്ട ടീച്ചർ മാരുണ്ട്. ചോദിച്ചപ്പോൾ തെറ്റിപ്പോയതാണെന്ന് പറഞ്ഞു. ചില കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വളരെ ഭയമുണ്ട്. ക്ലാസില്‍ സംശയം ചോദിച്ചാലും അതങ്ങനെയാണോ എന്ന് തിരിച്ചു ചോദിച്ചാലും ഭീഷണിയാണ്. അതു കുറച്ചു ദിവസം നീണ്ടു നില്ക്കും. ഏതെങ്കിലും ടീച്ചറിനു ഒരു കുട്ടിയോടു ഇഷ്ടക്കേടുണ്ടായാല് പിന്നെ ആ കുട്ടിയുടെ കാര്യം പോക്കാണ്. എന്തു ചെയ്താലും അതിനെ വഴക്കു പറഞ്ഞുകൊണ്ടിരിക്കും.
13. ചില ടീച്ചര്‍മാര്‍ക്ക് ചില കുട്ടികളെ ഇഷ്ടമാണ്. പക്ഷേ ടീച്ചര്‍മാര്‍ക്കു തമ്മില്‍ തമ്മില്‍ വഴക്കുണ്ട്. അതിന്റെ ഫലം പാവം ഞങ്ങളാണ് അനുഭവിക്കേണ്ടത്. ഒരു ടീച്ചറിന്റെ പെറ്റായ കുട്ടിയെ കാണുന്നത് മറ്റേ ടീച്ചറിനു കലിയാണ്..അതുകൊണ്ട് ആ ക്ലാസില്‍ ആ കുട്ടി എന്തു ചെയ്താലും കുറ്റമാണ്. വെറുതെ വഴക്കു പറഞ്ഞുകൊണ്ടിരിക്കും. കണ്ണീരു കണ്ടാല്‍ പോലും ചില അദ്ധ്യാപികമാര്‍ക്ക് ദയയുണ്ടാവില്ല. വഴക്കു പറഞ്ഞു കൊണ്ടിയിരിക്കും. എന്തെങ്കിലും മനസ്സിലാവണ്ടേ? അതിന്റെ കൂടെ വഴക്കും. രണ്ടു ദിവസം മുന്‍പ് ഏതോ കരിയര്‍ ഗൈഡന്‍സുകാര്‍ ഒരു സ്ലിപ്പു കൊണ്ടു വന്ന് പൂരിപ്പിക്കാന്‍ പറഞ്ഞു, അതിലൊരു ചോദ്യമുണ്ടായിരുന്നു, നിങ്ങളെ ഏറ്റവും സ്വാധീനിച്ച വ്യക്തി ആര്? അതിനൊരു കുട്ടി ഒരു ടീച്ചറിന്റെ പേരെഴുതി മറ്റൊരു ടീച്ചറിന്റെ പേരെഴുതിയില്ല എന്നും പറഞ്ഞ് അതിനും കിട്ടി ഞങ്ങള്‍ക്ക് വഴക്ക്. അദ്ധ്യാപികമാര്‍ക്ക് എന്തോ മാനസികക്കുഴപ്പമുണ്ടെന്നു തോന്നും ഒരു കാര്യവുമില്ലാതെ അവര്‍ ദേഷ്യം കൊണ്ട് തുള്ളിച്ചാടിക്കൊണ്ടിരിക്കുന്നതു കണ്ടാല്‍. കാരണം ഒന്നും പറയുകയും ഇല്ല.
14. എക്സ്ട്രാ ക്ലാസുകള്‍ ഞങ്ങള്‍ക്ക് പേടി സ്വപ്നമാണ്. ശനിയും ഞായറുമൊക്കെ ഞങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍ വക എക്സ്ട്രാക്ലാസുകളാണ്. അവധി ദിവസങ്ങളിലും എക്ട്രാക്ലാസാണ്, പോയില്ലെങ്കില്‍ വീട്ടില്‍ വിളിച്ച് പരാതി പറയും. പിന്നെ തുടര്‍ച്ചയായി ചോദ്യം ചെയ്യും. അതു പേടിച്ച് എല്ലാവരും പോകും. എന്നാല്‍ പോര്‍ഷന്‍ ഒരിഞ്ചു പോലും മുന്നോട്ടു പോകുന്നില്ല. പ്രിന്‍സിപ്പാളിനു പഠിപ്പിക്കാന്‍ സമയമില്ലാത്തതുകൊണ്ട് ഞങ്ങള്‍ അവധികള്‍ ഇല്ലാതെ ചെന്നിരുന്നുകൊടുക്കണം. ക്ലാസെടുപ്പൊന്നുമില്ല. വെറും വാചകമടിമാത്രം. മണിക്കൂറുകളോളം നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കും. അതില്‍ പഠിക്കാനുള്ള ഒന്നും ഉണ്ടാവില്ല. ഞങ്ങള്‍ വെറുതേ കേട്ടുകൊണ്ടിരിക്കണം. അങ്ങോട്ടും ഇങ്ങോട്ടും നോക്കിക്കൂടാ, കോട്ടുവായിട്ടുകൂടാ, പുറത്തേയ്ക്ക് നോക്കിക്കൂടാ, ഉറങ്ങിക്കൂടാ, അനങ്ങാതെ ബാഗും പിടിച്ച് പാവകളെപ്പോലെ രാവിലെ മുതല്‍ ഓരോ സെക്കന്റും എണ്ണി കഴിച്ചുകൂട്ടും. അപ്പോള്‍ തോന്നും, ജീവിതം എന്ത് ബോറാണ്!
15. ഇപ്പോള്‍ സ്കൂളില്‍ പുതിയൊരു നിയമം കൂടി വന്നു. നാട്ടില്‍ സ്ത്രീ പീഡനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ആണ് അദ്ധ്യാപകരോട് (അവര്‍ ആണുങ്ങളാണ്. ആകെ നാലുപേരേയുള്ളൂ സ്കൂളില്‍) ഞങ്ങള്‍ ക്ലാസിനു പുറത്തു വച്ച് സംസാരിക്കാന്‍ പാടില്ല. അവരുടെ സ്റ്റാഫ് റൂമില്‍ പോകാന്‍ പാടില്ല. എന്തു സംശയവും ക്ലാസില്‍ വച്ചു തന്നെ തീര്‍ക്കണം. ക്ലാസ് മുറിയില്‍ നടക്കുന്ന രഹസ്യങ്ങളൊക്കെ ഞങ്ങള്‍ അവരോട് പറയുമോ എന്നായിരിക്കും പേടി. എന്നാല്‍ പെണ് ടീച്ചര്‍മാരുടെ സ്റ്റാഫ് റൂമില്‍ പോയി തന്നെ സംശയങ്ങള്‍ തീര്‍ക്കണം. അദ്ധ്യാപകരുടെ അടുത്തു നിന്ന് പെണ്‍കുട്ടികള്‍ സംസാരിക്കുന്നു. തോളില്‍ കൈയ്യിടുന്നില്ലെന്നേയുള്ളൂ, എന്നൊക്കെ പ്രിന്‍സിപ്പാള്‍ ക്ലാസ് പി ടി എയ്ക്കു വന്ന അമ്മമ്മാരോട് പറയുന്നു. രക്ഷാകര്ത്താക്കള് ചോദിച്ച ചോദ്യത്തിനൊന്നും ഉത്തരമില്ല. എല്ലാമറിയാവുന്ന വൃദ്ധയുടെ ഗൂഢമായ മന്ദസ്മിതത്തില്‍ തന്ത്രപൂര്‍വം ഒളിപ്പിച്ചു വച്ചിരിക്കുന്നു, അവര്‍ എല്ലാം.
16. പിന്നെയുമുണ്ട് നിയമങ്ങള്‍. ക്ലാസില്‍ വച്ച് കൈപൊക്കാന്‍ പാടില്ല. ക്ലാസു കഴിഞ്ഞ് പുറത്തിറങ്ങാന്‍ പാടില്ല. കാരണം താഴെ നിന്ന് ആണ്‍കുട്ടികള്‍ മൊബൈലില്‍ ഫോട്ടോ എടുക്കും. എന്നും ഒരേ ബസ്സില്‍ കയറാന്‍ പാടില്ല. കാരണം ആണ് കുട്ടികളെ എന്നും കണ്ടാല്‍ പ്രേമമാകും. തൊട്ടിരിക്കാനും കൊഞ്ചിക്കുഴയാനും പാടില്ല. തൊട്ടടുത്ത് ബോയ്സ് സ്കൂളായതിനാല്‍ മുന്‍പേ തന്നെ സ്കൂള്‍ ഗ്രൌണ്ടിലൊന്നും പോകാന്‍ പാടില്ല. ഇപ്പോള്‍ ക്ലാസിനു പുറത്തിറങ്ങാനും അവിടെ നില്‍ക്കാനും പാടില്ലെന്ന നിയമം വന്നതോടെ സ്കൂള്‍ ഒരു ജയില്‍ ആയി. അന്‍പതില്‍ കൂടുതല്‍ കുട്ടികളാണ് ഈ ജയിലില്‍. സിനിമകളില്‍ പോലും ഇതിനേക്കാള്‍ വലിയ മുറിയാണ് ജയില്‍. അതിലിത്രയും തടവുകാരെ ഒരു സമയം ഇടില്ല.
17. രണ്ടു ദിവസം മുന്‍പ് നടന്ന ഞങ്ങളുടെ ക്ലാസ് പി ടി എ സ്കോര്‍ കുറഞ്ഞതിനു കുറ്റം കുറ്റം തന്നെ. ടീച്ചര്‍മാര്‍ക്ക് ഒരു കുഴപ്പവുമില്ല. ഒരു കുട്ടിയ്ക്ക് നല്ല സ്കോര്‍ ഏതിനെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ അതു ടീച്ചര്‍ വെറുതേ കൊടുത്തത്. ഗ്രേഡു മോശമായത് കുട്ടി പഠിക്കാത്തതുകൊണ്ട്. അതു സാരമില്ല. “നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയാണ് ഇപ്പോള്‍ മോശമായിരിക്കുന്നത്.. ഇങ്ങനെ പോയാല്‍ ഇവള് തോല്‍ക്കും.” ഇതാണ് അച്ഛനമ്മമാരോട് പറയാന്‍ ടീച്ചര്മാര് റെക്കോഡു ചെയ്തു വച്ചിരിക്കുന്ന വാക്യം. വല്ലാത്ത ക്രൂരതയാണിത്. ഒന്നുരണ്ട് ടീച്ചര്‍മാരെപ്പറ്റി കുറ്റം പറയാന്‍ എഴുന്നേറ്റവരെ അതൊന്നും ഇവിടെ പറയണ്ട എന്നു പറഞ്ഞ് ഇരുത്തി. ഒരു മണിക്കൂറോളം ക്ലാസെടുത്ത പ്രിന്‍സിപ്പാളിന് പഠനം മെച്ചപ്പെടുത്തുന്നതിനെപ്പറ്റി ഒന്നും പറയാനില്ല. പരാതികള്‍ക്ക് മറുപടി ഇല്ല. പകരം സ്കൂളിലെ പെണ്‍കുട്ടികളുടെ സ്വഭാവം ചീത്തയാണെന്ന് മാത്രമാണ് എല്ലാ ക്ലാസിലും വിളിച്ചു പറഞ്ഞത്. പെണ്‍കുട്ടികള്‍ കൊഞ്ചുകയും കുഴയുകയും ചെയ്യുന്നു. ആണ്‍കുട്ടികളുടെ തോളില്‍ കൈയിടുന്നില്ലെന്നു മാത്രം ബാക്കിയെല്ലാം ചെയ്യുന്നുണ്ട്. ആണുങ്ങളുടെ മൊബൈലില്‍ എല്ലാം ഇവിടുള്ള പെണ്‍കുട്ടികളുടെ പടമാണ്. ചില പെണ്‍കുട്ടികള്‍ വിസിലടിക്കുന്നു, ആരുടെയൊക്കെയോ കൂടെ കാറില്‍ കേറി പോകുന്നു, ഐസ്ക്രീം കുടിക്കാന്‍ പോകുന്നു. ബൈക്കിന്റെ പിന്നില്‍ മോശമായ രീതിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നു. അതൊന്നും ശരിയല്ല. നമ്മുടേത് അമേരിക്കയല്ല. കേരളത്തിന്റെ സംസ്കാരം നമ്മള് പുലര്‍ത്തണം. ആരാണ് ഇതൊക്കെ ചെയ്തതെന്ന് ചോദിച്ചിട്ട് മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ പി ടി എ മീറ്റിംഗ് കഴിഞ്ഞതിനു ശേഷം വീട്ടിലും അടിയന്തിരാവസ്ഥയാണ്.. ആരും ഒന്നും മിണ്ടുന്നില്ല. ‘നീ പറഞ്ഞത് കേട്ടാല്‍ മതി. പഠിക്കാന്‍ പോയാല്‍ പഠിച്ചാല്‍ മതി മറ്റൊന്നും നീ ചിന്തിക്കണ്ട, അതിനൊക്കെ വേറെ ആളുകള്‍ ഇവിടുണ്ട്..’ എന്നൊക്കെയാണ് ഉഗ്രശാസനം.
ഇടയ്ക്ക് സ്കൂളില്‍ ഒരു കൌണ്‍സിലര്‍ വന്നിരുന്നു. ചില കാര്യങ്ങള്‍ തുറന്നു പറയാമെന്നു മനസ്സിലായത് അപ്പോഴാണ്. കേള്‍ക്കാനാളുണ്ടാവുമ്പോഴല്ലേ പറയാനും ആളുണ്ടാവൂ.. ഒന്നോരണ്ടോ കുട്ടികള്‍ ചെയ്ത തെറ്റിനു ഒരു സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ മുഴുവന്‍ പീഡനം അനുഭവിക്കേണ്ടി വരില്ലേ? അതാണിവിടെ സംഭവിക്കുന്നത്. അദ്ധ്യാപകര്‍ക്ക് കുട്ടികളെ അറിയില്ലെങ്കില്‍ അവരുടെ ജീവിതം ദുരന്തമാവില്ലേ? അതാണ് ഇവിടെയും. പറഞ്ഞതില്‍ ഏതൊക്കെയാണ് അവകാശ ലംഘനം എന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്തായാലും പെണ്കുട്ടികളായി ജനിക്കുന്നത് ശാപമാണെന്ന് ഇവിടെ വന്നതിനു ശേഷമാണ് കൂടുതലായി മനസ്സിലാവുന്നത്. തൊട്ടടുത്തുള്ള സ്കൂളിലെ ആണ്‍കുട്ടികള്‍ക്ക് ഒരു കുഴപ്പവുമില്ല. ഇവിടെ അവര്‍ ഇഷ്ടം പോലെ കറങ്ങി നടക്കുന്നുണ്ട്. അത്രയും ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം കുറയുന്നു. അധികം താമസിക്കാതെ ഞങ്ങളില്‍ ആര്‍ക്കെങ്കിലും ഭ്രാന്തുവരും. പേരെഴുതി വച്ച് ആത്മഹത്യ ചെയ്താല്‍ ചിലപ്പോള്‍ ഒരു സ്കൂളിന്റെ കാര്യം പുറത്തറിയുമായിരിക്കും. എന്നിട്ടും എന്തു പ്രയോജനം? അയിരൂപ്പാറ സ്കൂളില്‍ മരണം നടന്നു കഴിഞ്ഞിട്ടും അദ്ധ്യാപകരുടെ പെരുമാറ്റത്തിലൊന്നും ഒരു മാറ്റവും വന്നിട്ടില്ലല്ലോ..ഞങ്ങളുടെ വിധി!
( നഗരത്തിലെ മറ്റു പെണ്‍പള്ളിക്കൂടങ്ങളിലെ സ്ഥിതിയും ഇതൊക്കെ തന്നെയാണ്. ഇതെങ്ങാനും പ്രസിദ്ധീകരിച്ചോ അല്ലാതെയോ സ്കൂളിലെ ആരെങ്കിലും കണ്ടാല്‍ പിന്നെ നേരെ കിണറ്റില്‍ ചാടിയാല്‍ മതി. ഇതിങ്ങനെ പ്രസിദ്ധീകരിക്കാതെ ഇതില്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്നു പരിശോധിച്ച് അതൊരു റിപ്പോര്‍ട്ടായി മെട്രോയിലോ പെണ്മയിലോ പ്രസിദ്ധീകരിച്ചാല്‍ പഠിപ്പിസ്റ്റുകളും ടീച്ചേഴ്സ് പെറ്റുകളും സ്പൈകളും പോമറേനിയനുകളുമായ കുറച്ചു കുട്ടികളുടെ മുഖം ചുളിക്കല്‍ ഒഴിച്ച് ബാക്കി ഈ സ്കൂളിലെ 300-ല്‍ അധികം വരുന്ന ‘പാവം’ പെണ്‍കുട്ടികളുടെ ആത്മാര്‍ത്ഥമായ സ്നേഹവും ആശംസയും മനോരമയോടൊപ്പം എന്നും ഉണ്ടാവും. മറ്റുള്ള സ്കൂളില്‍ എന്തു നടക്കുന്നു എന്ന് അറിയാനും അതു വഴിയൊരുക്കും. ‘വാടരുതീ മലരുകള്‍’ എന്നൊക്കെ മനോരമ ലേഖനം എഴുതിയതല്ലേ? അങ്ങനെ മാത്രമല്ല, ഇങ്ങനെയും സ്കൂളുകളില്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ വാടുന്നുണ്ട്. അതു മനസ്സിലാക്കും എന്നു വിചാരിക്കുന്നു.
എന്ന് ...
സ്നേഹത്തോടെ,
- ഞങ്ങള്‍,
..................സ്കൂളിലെ പന്ത്രണ്ടാം തരത്തില്‍ പഠിക്കുന്ന ചില ‘നിഷേധി’കളായ വിദ്യാര്‍ത്ഥിനികള്‍.
- പെണ്ണുങ്ങളായി ജനിച്ചതുകൊണ്ട് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നവര്‍)
( P S : ഭാഷ മാറ്റിയിട്ടുണ്ട്. ബാക്കിയെല്ലാം കുട്ടികള്‍ എഴുതിയതും പറഞ്ഞതുമായ കാര്യങ്ങളാണ്)
December 3, 2010
മരിച്ച മനുഷ്യരുടെ വഴി -ചിനുഅ അചെബെ
വിചാരിച്ചതിനേക്കാളൊക്കെ നേരത്തേ മൈക്കൽ ഒബിയുടെ ആശകൾ പൂവണിഞ്ഞു. 1949 ജനുവരി ഒന്നാം തീയതി അദ്ദേഹം എൻഡ്യൂമെ സെൻട്രൽ സ്കൂളിലെ ഹെഡ്മാസ്റ്ററായി നിയമിതനായി. വികസനമൊട്ടും ഇല്ലാതെ കിടന്ന സ്കൂളാണ്. അതുകൊണ്ടാണ് അധികാരികൾ ഊർജ്ജസ്വലനായ ഒരു യുവാവിനെ തന്നെ അങ്ങോട്ടയയ്ക്കാൻ തീരുമാനിച്ചത്. ഒബി പുതിയ ഉത്തരവാദിത്വത്തെ സന്തോഷത്തോടെ സ്വീകരിച്ചു. പുതുപുത്തൻ ആശയങ്ങൾ കുറെയധികം തലയിൽ കൊണ്ടുനടന്നയാളാണ് ഒബി. കൈവന്നിരിക്കുന്നത് അതെല്ലാം പ്രായോഗിക തലത്തിൽ കൊണ്ടു വരാനുള്ള അവസരവും. ഔദ്യോഗിക രേഖകളിൽ ‘നല്ല അദ്ധ്യാപകൻ’ എന്നു എഴുതിയിടാൻ തക്കവിധം മെച്ചപ്പെട്ട സ്കൂൾ വിദ്യാഭ്യാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ മേഖലയിലുള്ള മറ്റു ഹെഡ്മാസ്റ്റർമാരിൽ നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തിയ ഘടകമിതാണ്. കൂടുതൽ പേരും അവിടെ നല്ല വിദ്യാഭ്യാസം ഇല്ലാത്തവരോ ഇടുങ്ങിയ ചിന്താഗതിക്കാരോ ആണ്. ആ പഴഞ്ചൻ വാധ്യാന്മാരോടുള്ള അതൃപ്തി അദ്ദേഹം ഉറക്കെ തുറന്നു തന്നെ സംസാരിച്ചിരുന്നു പലപ്പോഴും.
“ഈ ജോലി നമ്മൾ നന്നായി ചെയ്യും ഇല്ലേ?” തന്റെ ഉദ്യോഗക്കയറ്റത്തെ സംബന്ധിച്ച സന്തോഷകരമായ വാർത്ത കേട്ട അവസരത്തിൽ അദ്ദേഹം ഭാര്യയോട് ചോദിച്ചു.
തങ്ങളെക്കൊണ്ട് കഴിയുന്നത്ര ഭംഗിയായി തന്നെ അത് ചെയ്യുമെന്ന് അവൾ മറുപടി പറഞ്ഞു. “മനോഹരമായ ഉദ്യാനങ്ങൾ ഉണ്ടാക്കണം. അതുപോലെ പുതിയ ഒട്ടേറെ കാര്യങ്ങൾ കൊണ്ടു വരണം”. രണ്ടു വർഷത്തെ അവരുടെ വിവാഹ ജീവിതത്തിനിടയിൽ ഒബിയുടെ ഭാര്യ, ആധുനിക രീതികളോടുള്ള അദ്ദേഹത്തിന്റെ താത്പ്പര്യത്താലും അദ്ധ്യാപന മേഖലയിലുള്ള കാലഹരണപ്പെട്ട പഴഞ്ചൻ വിശ്വാസികളായ ആളുകളെ തരം താഴ്ത്തുന്ന അദ്ദേഹത്തിന്റെ സംഭാഷണരീതിയാലും നന്നായി സ്വാധീനിക്കപ്പെട്ടിരുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിനേക്കാൾ ശോഭിക്കുക ഒനിട്ഷാ ചന്തയിലെ കച്ചവടത്തിലാണ് പഴമക്കാർ ശോഭിക്കുക, കുട്ടികളെ പഠിപ്പിക്കുന്നതില്ലല്ല. യുവാവായ സ്കൂൾ തലവന്റെ ബഹുമാനിതയായ ഭാര്യയായി അവർ സ്വയം പരിഗണിക്കാൻ തുടങ്ങിയിരുന്നു. സ്കൂളിലെ റാണി.
മറ്റധ്യാപകരുടെ ഭാര്യമാർക്ക് അവളുടെ പദവിയിൽ അസൂയ തോന്നണം. എല്ലാത്തിലും അവൾ ഒരു പുതുമ കൊണ്ടു വരും..... പെട്ടെന്ന് അവിടെ മറ്റുള്ള ഭാര്യമാർ ഉണ്ടെന്ന കാര്യം തന്നെ അവളിൽ നിന്നു മാഞ്ഞു പോയി. പ്രതീക്ഷയ്ക്കും ഭയത്തിനും ഇടയിൽ ചാഞ്ചാടിക്കൊണ്ട് അവൾ ആകാംക്ഷയോടെ ഭർത്താവിനെ നോക്കി.
“നമ്മുടെ എല്ലാ സഹപ്രവർത്തകരും യുവാക്കളും അവിവാഹിതരുമാണ്.” അവൾക്ക് മനസ്സിലാക്കാൻ കഴിയാത്ത പ്രത്യേക സന്തോഷത്തോടെ അയാൾ പറഞ്ഞു. “അത് നല്ലൊരു കാര്യമാണ്”. അയാൾ തുടർന്നു.
“എന്തുകൊണ്ട്?”
“എന്തുകൊണ്ടെന്നോ? അങ്ങനെയെങ്കിൽ അവർ കഴിവു മുഴുവനും എപ്പോഴും സ്കൂളിനായി വിനിയോഗിക്കില്ലേ?” അയാൾ ചോദിച്ചു.
നാൻസിയ്ക്ക് എന്തോ പെട്ടെന്ന് നിരാശതോന്നി. കുറച്ചു നിമിഷങ്ങൾ അവൾക്ക് പുതിയ സ്കൂളിനെപ്പറ്റിയൊരവിശ്വാസം മനസ്സിൽ വന്നു നിറഞ്ഞു. പക്ഷേ, കുറച്ചു നിമിഷങ്ങൾ മാത്രം. അവളുടെ വ്യക്തിപരമായ ചെറിയ ദൌർഭാഗ്യം, ഭർത്താവിന്റെ നിറഞ്ഞ അഭിലാഷങ്ങൾക്കു നേരെ കണ്ണടച്ചുപിടിക്കാൻ അവളെ പ്രേരിപ്പിച്ചില്ല. കസേരയിൽ മടങ്ങിയിരിക്കുന്ന അയാളെ അവൾ നോക്കി. അല്പം കുനിഞ്ഞ ചുമലുകളുള്ള മനുഷ്യനാണ് അയാൾ. ഒറ്റനോട്ടത്തിൽ ക്ഷീണിതൻ. പക്ഷേ ചില നേരങ്ങളിൽ വല്ലാത്ത ശാരീരികമായ ഊർജ്ജം പ്രസരിപ്പിച്ചുകൊണ്ട് അയാൾ ആളുകളെ അദ്ഭുതപ്പെടുത്തുന്നു. ഇപ്പോഴത്തെ ഇരിപ്പിൽ അയാളുടെ തുളച്ചുകയറുന്ന അസാധാരണമായ ആഴക്കണ്ണുകൾക്കു പിറകിൽ അയാൾക്കുള്ള എല്ലാ ശാരീരികമായ കരുത്തും പിൻ വാങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നാണ് തോന്നുക. 26 വയസ്സേ ഉള്ളൂ, തോന്നിക്കുന്നത് മുപ്പതിലധികം. മൊത്തത്തിൽ തീരെ ഭംഗിയില്ലാത്തവനല്ല, ഒബി.
“ നിന്റെ ചിന്തകൾക്ക് ഒരു പെനി, മൈക്ക്” സ്ത്രീകളുടെ ഒരു മാസികയിൽ വായിച്ച വാക്യം ഓർത്തുകൊണ്ട് കുറച്ചു സമയത്തിനു ശേഷം നാൻസി പറഞ്ഞു. “ഒരു സ്കൂൾ എങ്ങനെ നടത്തണമെന്ന് ഇക്കൂട്ടർക്ക് കാണിച്ചുകൊടുക്കാൻ നമുക്ക് മികച്ച ഒരവസരമാണ് കൈ വന്നിരിക്കുന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്”.
അക്ഷരാർത്ഥത്തിൽ തന്നെ എൻഡൂം സ്കൂൾ വളരെ പിന്നാക്കമാണ് പലകാര്യത്തിലും. സ്കൂളിനെ നന്നാക്കിയെടുക്കാനുള്ള മുഴുവൻ സമയപ്രവർത്തനത്തിൽ ഒബി മുഴുകി. അയാളുടെ ഭാര്യയും അതു തന്നെ ചെയ്തു. രണ്ടു ലക്ഷ്യങ്ങളായിരുന്നു അയാൾക്ക്. മികച്ചരീതിയിലുള്ള പഠനത്തിന് ഊന്നൽ കൊടുക്കുക. സ്കൂൾ പരിസരം അതീവ മനോഹരമാക്കിത്തീർക്കുക. മഴക്കാലം തുടങ്ങിയതോടെ നാൻസിയുടെ സ്വപ്നത്തിലുണ്ടായിരുന്ന ഉദ്യാനം യാഥാർത്ഥ്യമായി, പൂവിട്ടു. പൂത്തുലഞ്ഞ ചെമ്പരത്തിപ്പൂക്കളുടെയും അരളികളുടെയും തിളങ്ങുന്ന ചുവപ്പും മഞ്ഞയും അയൽപ്പക്കങ്ങളിലെ പുല്ലാനിപ്പൊന്തകളിൽ നിന്ന് സ്കൂൾ മുറ്റത്തിന്റെ അതിർത്തിയെ പ്രത്യേകം എടുത്തുകാട്ടി.
ഒരു സായാഹ്നത്തിൽ സ്വന്തം പ്രയത്നത്തെ തലകുലുക്കി അഭിനന്ദിച്ചുകൊണ്ട് പരിസരം നോക്കി ഒബി നിൽക്കുമ്പോൾ ഗ്രാമത്തിലെ പ്രായം ചെന്ന ഒരു സ്ത്രീ വേച്ചു വേച്ച് സ്കൂൾ മുറ്റം മുറിച്ചുകടക്കുന്നത് മാരിഗോൾഡ് ചെടികളുടെ ഇടയിലൂടെ കണ്ടു. അയാൾക്ക് അസ്വസ്ഥത തോന്നി. ചെന്നുനോക്കുമ്പോൾ മുൾക്കാടുകൾക്കിടയിലൂടെ സ്കൂൾ മുറ്റം മുറിച്ചു കടന്നുപോകുന്ന, മിക്കവാറും ഉപയോഗിക്കാതെ ആളുകൾ ഉപേക്ഷിച്ചു കഴിഞ്ഞ ഒരു വഴിയുടെ ചില അടയാളങ്ങൾ അവിടെ.
‘ഞാൻ അദ്ഭുതപ്പെട്ടുപോയി’ - പിന്നീട് ഒബി മൂന്നു വർഷമായി ആ സ്കൂളിലുള്ള ഒരു അദ്ധ്യാപകനോട് പറഞ്ഞു. “നിങ്ങൾ ഗ്രാമത്തിലുള്ളവരെ ഈ വഴി ഉപയോഗിക്കാൻ അനുവദിച്ചിരിക്കുകയാണ്. അല്ലേ? അതു അസംബന്ധമാണ്”
“ആ വഴി” -ക്ഷമാപണത്തിന്റേതു പോലുള്ള സ്വരത്തിൽ അദ്ധ്യാപകൻ പറഞ്ഞു. “ അധികം ഉപയോഗിക്കാത്തതാണെങ്കിലും ഗ്രാമവാസികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതാണ് ഗ്രാമചൈത്യത്തെയും പൊതുശ്മശാനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നത്.”
“അതിനു സ്കൂളിപ്പോൾ എന്താണ് ചെയ്യേണ്ടത്?” സ്കൂൾതലവൻ ചോദിച്ചു.
“എനിക്കറിയില്ല”. ചുമലുകൾ ചുരുക്കിക്കൊണ്ട് അദ്ധ്യാപകൻ പറഞ്ഞു. “ പക്ഷേ ഒരിക്കൽ ഞങ്ങളത് അടയ്ക്കാൻ ശ്രമിച്ചപ്പോൾ വലിയ ഒരു കൂട്ടം ആളുകൾ ബഹളം വച്ചുകൊണ്ടു വന്നത് ഞാൻ ഓർക്കുന്നുണ്ട്.”
“അത് കുറച്ചുകാലങ്ങൾക്കു മുൻപ്. ഇനി ആ വഴി ആരും ഉപയോഗിക്കരുത്”. നടന്നു പോകുന്നതിനിടക്ക് ഒബി പറഞ്ഞു. “ഇതിങ്ങനെ കിടക്കുന്നതു കണ്ടാൽ അടുത്തയാഴ്ച സ്കൂൾ പരിശോധനയ്ക്കു വരുന്ന വിദ്യാഭ്യാസഓഫീസർ എന്തായിരിക്കും വിചാരിക്കുക? പരിശോധനയ്ക്കിടയ്ക്ക്, ഗ്രാമത്തിലുള്ളവരെല്ലാം അവരുടെ പ്രാകൃതമതാചാരങ്ങൾക്ക് സ്കൂൾ മുറി ഉപയോഗിച്ചോട്ടെയെന്നോ ”
രണ്ടു കനത്ത മരത്തൂണുകൾ വഴി സ്കൂൾ മുറ്റത്തേയ്ക്ക് തുറക്കുന്നവിടെയും അവസാനിക്കുന്നവിടെയുമായി ഉടൻ സ്ഥാപിക്കപ്പെട്ടു. അവ കമ്പികളാൽ ചുറ്റി വരിഞ്ഞ് കൂടുതൽ ശക്തമാക്കി.
മൂന്നു ദിവസത്തിനു ശേഷം ഗ്രാമപുരോഹിതൻ ഹെഡ്മാസ്റ്ററെ കാണാനായി വന്നു. കുറച്ചു കൂനുള്ള വളരെ വയസ്സായ മനുഷ്യനായിരുന്നു അദ്ദേഹം. ബലമുള്ള തടിച്ച ഒരു ഊന്നു വടി അദ്ദേഹം കൈയിൽ പിടിച്ചിരുന്നു. ആ കമ്പ് തറയിൽ ഉറക്കെ തട്ടാനായിട്ടാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. വാദങ്ങളിൽ തന്റെ അഭിപ്രായം ഒന്നുറപ്പിച്ചു പറയുമ്പോൾ അല്ലെങ്കിൽ പുതിയ ആശയം അവതരിപ്പിക്കുമ്പോൾ. അപ്പോഴെല്ലാം അദ്ദേഹം ഇത് ആവർത്തിച്ചു.
“ഞങ്ങളുടെ പൂർവകരുടെ നടപ്പാത ഈയിടെ അടച്ചു എന്നു കേട്ടല്ലോ?” പതിവു ഉപചാരങ്ങൾക്കു ശേഷം പുരോഹിതൻ ചോദിച്ചു. അതെയെന്ന് ഒബി പറഞ്ഞു. “സ്കൂൾ മൈതാനം ആളുകൾ നടവഴിയാക്കുന്നത് ഞങ്ങൾക്ക് അനുവദിക്കാൻ പറ്റില്ല.”
“നോക്കൂ മകനെ”- ഊന്നു വടി കൊണ്ട് താഴെ ഒന്നു തട്ടി പുരോഹിതൻ പറഞ്ഞു.” ഈ വഴി നീ ജനിക്കും മുൻപേ, നിന്റെ അച്ഛൻ ജനിക്കും മുൻപ് ഇവിടുണ്ടായിരുന്നു. ഗ്രാമത്തിലെ ജീവിതം മുഴുവൻ ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്. മരിച്ചു പോയ ബന്ധുക്കൾ ഇതിൽ കൂടിയാണ് ഞങ്ങളെ വിട്ടു പിരിഞ്ഞത്. പൂർവികർ ഈ വഴിയാണ് ഞങ്ങളെ കാണാൻ വരുന്നത്. അതിനേക്കാളൊക്കെ പ്രധാനം ജനിക്കാൻ പോകുന്ന കുട്ടികൾ ഇതുവഴിയാണ് എത്തുന്നത്.”
സംതൃപ്തമായ ഒരു പുഞ്ചിരി വിരിഞ്ഞു, അദ്ദേഹത്തിന്റെ വാക്കുകൾ സശ്രദ്ധം കേട്ടിരുന്ന ഒബിയുടെ മുഖത്ത്.
“സ്കൂളു കൊണ്ട് സാധിക്കേണ്ട ലക്ഷ്യങ്ങളെ മുഴുവൻ ഇതു പോലുള്ള അന്ധവിശ്വാസങ്ങൾ വച്ചുകൊണ്ട് തള്ളിക്കളയാൻ പറ്റുമോ?” അവസാനം ഒബി പറഞ്ഞു. “മരിച്ചവർക്ക് നടവഴിയൊന്നും വേണ്ട. ഈ പറഞ്ഞ ആശയം മൊത്തം ഉഡായിപ്പാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ കേട്ടാൽ ആർത്തു ചിരിക്കാൻ വേണ്ടി കുട്ടികളെ പഠിപ്പിക്കുകയാണ് ഞങ്ങളിവിടെ ചെയ്യുന്നത്.”
“നിങ്ങൾ പറഞ്ഞതു സത്യമായിരിക്കും” പുരോഹിതൻ പറഞ്ഞു. “പക്ഷേ ഞങ്ങൾ ഞങ്ങളുടെ പ്രപിതാക്കന്മാരുടെ ആചാരങ്ങൾ പിന്തുടരുന്നു. വഴി തുറന്നു തരികയാണെങ്കിൽ വഴക്കടിക്കാനായി ഒന്നുമില്ല. ഞാൻ എപ്പോഴും പറയാറുള്ളതുപോലെ, കഴുകനും ഇര തേടട്ടേ, പരുന്തും ഇരതേടട്ടെ.”
അദ്ദേഹം പോകാനായി എഴുന്നേറ്റു.
ഇക്കാര്യത്തിൽ തനിക്കുള്ള വിഷമം ഹെഡ്മാസ്റ്റർ പുരോഹിതനെ അറിയിച്ചു.” എങ്കിലും സ്കൂൾ പരിസരത്തെ പൊതുവഴിയാക്കാൻ പറ്റില്ല. അതു ഞങ്ങളുടെ നിയമങ്ങൾക്കെതിരാണ്. മൈതാനം ഒഴിവാക്കി, നിങ്ങൾ മറ്റൊരു വഴി നിർമ്മിക്കണം. ഇവിടുള്ള ആൺകുട്ടികൾ അതിനു നിങ്ങളെ സഹായിക്കും. ഒരല്പം വളഞ്ഞു പോക്കേണ്ടി വരുന്നത് പ്രപിതാക്കൾ വലിയ ഭാരമുള്ള സംഗതിയായി കണക്കാക്കുമെന്നു എനിക്കു തോന്നുന്നില്ല.”
“കൂടുതലൊന്നും എനിക്കു പറയാനില്ല.” വൃദ്ധനായ പുരോഹിതൻ പറഞ്ഞു. അയാൾ പുറത്തിറങ്ങി.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഗ്രാമത്തിൽ പ്രസവക്കിടക്കയിൽ വച്ച് ഒരു യുവതി മരിച്ചു. സന്ദർശിച്ചവരോട് ഗ്രാമപുരോഹിതൻ ആവശ്യപ്പെട്ടത് പൂർവികരെ അപമാനിക്കുന്ന തരത്തിൽ വഴിക്കെട്ടിയടച്ചതിനുള്ള പ്രതിഫലമാണ്. പൂർവികർക്കു വേണ്ടി അനുഷ്ഠിക്കേണ്ട മഹത്തായ ത്യാഗം വേണമെന്ന്.
തൊട്ടടുത്ത ദിവസം ഒബി സ്വന്തം പ്രയത്നങ്ങളുടെ നഷ്ടാവശിഷ്ടങ്ങൾക്കിടയിൽ ഉറക്കമുണർന്നു. വഴിയരികിലുണ്ടായിരുന്നവ മാത്രമല്ല, സ്കൂളിനു ചുറ്റുമുണ്ടായിരുന്ന മനോഹരമായ ചെടിപ്പടർപ്പുകൾ മുഴുവൻ നശിപ്പിക്കപ്പെട്ടിരുന്നു. ചവിട്ടിയരയ്ക്കപ്പെട്ട പൂക്കൾ അവിടെമാകെ ചിതറിക്കിടന്നു. സ്കൂൾ കെട്ടിടങ്ങളിലൊന്ന് തകർന്ന് നിലം പൊത്തിക്കിടന്നു.
ആ ദിവസമാണ് വെള്ളക്കാരനായ സൂപ്പർവൈസർ സ്കൂൾ പരിശോധനയ്ക്കെത്തിയത്. സ്കൂളിന്റെ അവസ്ഥ നേരിട്ടു കണ്ട അയാൾ എഴുതാവുന്നതിൽ വച്ച് ഏറ്റവും മോശം റിപ്പോർട്ടെഴുതി. അതിൽ ഗൌരവത്തോടെ കൂട്ടിച്ചേർത്തിരുന്നതിതാണ് : ‘പുതിയ ഹെഡ്മാസ്റ്ററുടെ തെറ്റായ നയങ്ങൾ കാരണം സ്കൂളും ഗ്രാമവുമായുള്ള ബന്ധം വഷളായി ഒരു കലാപത്തിനുള്ള സാഹചര്യം ഉടലെടുത്തിട്ടുണ്ട്.’
ചിനുഅ അചെബെ : (1930- ) ആഫ്രിക്കൻ എഴുത്തുകാരിൽ പ്രസിദ്ധൻ. നൈജീരിയയിലെ ഒബിദിയിൽ സ്കൂളദ്ധ്യാപകന്റെ മകനായി ജനിച്ചു. ഇംഗ്ലണ്ടിൽ നിന്ന് നൈജീരിയയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ സ്വതന്ത്ര ബയാഫ്രയ്ക്ക് വേണ്ടി വാദിക്കുകയും നിരവധി രാജ്യങ്ങൾ ആനുകൂല്യം തേടി സന്ദർശിക്കുകയും ചെയ്തു. ബയാഫ്ര നാഷണൽ ഗൈഡൻസ് കമ്മറ്റിയുടെ ചെയർമാനായിരുന്നു. 1970-ഓടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി എഴുത്തിലുമാത്രമായി ശ്രദ്ധയൂന്നിതുടങ്ങി. 1958 -ലാണ് ആദ്യ നോവൽ ‘എല്ലാം ശിഥിലമാകുന്നു’ പുറത്തുവന്നു. അതോടെ പ്രസിദ്ധനായി. പാശ്ചാത്യവഴികൾ പിന്തുടരുന്ന ആഫ്രിക്കൻ പൈതൃകത്തിന്റെ തകർച്ചയാണ് നോവലിന്റെ പ്രമേയം. പിന്നീടു വന്ന നോവലുകളിലെല്ലാം അച്ചെബേ ഈ പ്രമേയം പിന്തുടർന്നു.
November 22, 2010
ഞങ്ങളെ തൊട്ടു കളിച്ചവരാരും...
“പോലീസ് ഞങ്ങൾക്ക് പുല്ലാണ്’ എന്നു പറഞ്ഞാൽ പോലീസ് ഞങ്ങൾക്ക് പുല്ലിൽ കൂടിയ എന്തോ ആണെന്നാണ് അർത്ഥം. അത്രയും ഗമണ്ടനായ സംഗതിയെ വകവയ്ക്കേണ്ടതില്ലെന്ന് സ്വയം അനുശാസിക്കുന്നതിന്റെ ഭാഗമാണ് ആ കാറൽ. ഒരു കൂട്ടത്തിന്റെ ഭാഗമായി നിൽക്കുന്നതുകൊണ്ട് പലതരത്തിൽ പേടിക്കേണ്ടതായ സംഗതികളെ, വ്യക്തിഗതമായ ഭയങ്ങളെ, പമ്പയോ തൂതപ്പുഴയോ കടത്തി പറഞ്ഞു വിടാം. ഒപ്പം കേൾക്കുന്നവരിലേയ്ക്ക് ഒരു ശക്തി പ്രസരിപ്പിക്കുകയും ചെയ്യാം. തങ്ങളെക്കുറിച്ചൊരു മതിപ്പുണ്ടാക്കാം. ബോഫോഴ്സ് കേസിൽപ്പെട്ട രാജീവ്ഗാന്ധിയെ പ്രതിപക്ഷം ചുരുക്കിക്കെട്ടിയത് “ഗലി ഗലി മേം ശോർ ഹേ, രാജീവ ഗാന്ധി ചോർ ഹേ’ എന്നു പറഞ്ഞാണ്. ഒരു വിളംബരത്തിന്റെ ഫലമാണ് ഈ മുദ്രാവാക്യത്തിന്. കുറ്റപ്പെടുത്തൽ നേരിട്ട് ഏറ്റെടുക്കുന്നില്ല. ഗലികളിൽ അങ്ങനെ കേൾക്കുന്നു എന്നാണ്. അതാവട്ടെ ഒച്ചയും ആയിട്ടുണ്ട് എന്ന്. നമ്മളായിട്ട് മിണ്ടാതിരിക്കണോ എന്നാണ് അത് ചോദിക്കുന്നത്.
ഭാഷയുടെ പലതരത്തിലുള്ള വിനിയോഗങ്ങളിലൊന്നാണ് മുദ്രാവാക്യവും. സവിശേഷമായ മറ്റൊരു വ്യവഹാരരൂപം. പഴഞ്ചൊല്ലുകൾ പോലെ ഈ പുതുച്ചൊല്ലുകൾ ഭാഷയുടെ അന്തസത്തയെ ഉള്ളിലടക്കുന്നു എന്ന തോന്നൽ വെറുതെയല്ല. താളാത്മകത സ്വതസ്സിദ്ധമാണതിന്. ലളിതമായിരിക്കണം, വൈകാരിക തീവ്രതയുണ്ടാവണം. ഇങ്ങനെയൊക്കെ ആകുമ്പോഴേ സംഗതി കേൾക്കുമ്പോഴേ മനസ്സിൽ കയറിക്കൂടൂ. തീവ്രതയേറും തോറും വ്യക്തിവിദ്വേഷപരമാവും എന്നൊരു ദോഷമുണ്ട്. തലമറിക്കുന്ന രീതിയിലുള്ള വൈരുദ്ധ്യമാണ് മറ്റൊരു പ്രശ്നം. ‘ചോരച്ചാലുകൾ നീന്തിക്കയറിയ,’ ആളുകൾ അടുത്ത നിമിഷം ‘തല്ലുന്നേ കൊല്ലുന്നേ തല്ലി തല്ലി ക്കൊല്ലുന്നേ’ എന്നു വിളിക്കുന്നു. അതും ‘പോലീസ് പുല്ലാ’ണെന്നു ആർത്ത അതേ നാവുകൾ വച്ച്. അതൊക്കെ പോട്ടേ, സൂര്യനിലെ കളങ്കമുണ്ടോ ആരെങ്കിലും വകവയ്ക്കുന്നതായിട്ട്? മുദ്രാവാക്യങ്ങളുടെ പരിണാമങ്ങളിലൂടെ ഒരു വാമൊഴി ചരിത്രം സാധ്യമാണോ? അല്ലെങ്കിൽ തിരിച്ച് ചരിത്രത്തിലൂടെ അതിന്റെ വാമൊഴി സംഗ്രഹങ്ങളിലേയ്ക്ക് ഇടുങ്ങിയ ഒരു കിളിവാതിലായി മുദ്രാവാക്യങ്ങൾക്ക് ഒരു നിലനിൽപ്പുണ്ട്. ഭൂതകാലസംഭവങ്ങളെ-അവയെത്ര അപ്രധാനമായിരുന്നാലും ശരി- പൊതുബോധം എങ്ങനെ സംഗ്രഹിച്ചു എന്ന് അന്വേഷിച്ച് തിരിഞ്ഞു നോക്കുന്നത് രസമാണ്. നമ്മുടെ ആസന്നഭൂതകാലത്തിലെ പ്രത്യേക ഘട്ടമായ വിമോചനസമരകാലം മുദ്രാവാക്യങ്ങളാൽ സമൃദ്ധമായിരുന്നു. അവയുടെ അനുരണനങ്ങൾ ഇന്നും വറ്റാത്ത കറകളായി നാവുകളിൽ പറ്റിപ്പിടിച്ചു കിടപ്പുണ്ട്. കാലം അതിന്റെ പ്രതിലോമപരമോ പുരോഗമനപരമോ ആയ കാൽപ്പാടുകളെ പതിപ്പിച്ചിട്ടിരിക്കുന്ന അടയാള വാക്യങ്ങൾ, സംഘർഷം നിറഞ്ഞ കാലത്ത് പൂവിടർത്തുന്ന സർഗാത്മകതയുടെ പ്രത്യക്ഷലക്ഷണമായിട്ട് കണക്കിലെടുക്കാമോ?
1959 ജൂൺ 13 നാണ് അങ്കമാലിയിൽ വെടിവയ്പ്പ് നടന്നത്. വിമോചനസമരത്തിന്റെ നാൾ വഴിയിലെ ഒരു പ്രധാനസംഭവം. അവിടെ മരിച്ചത് കാളവണ്ടിക്കാരൻ പാപ്പച്ചൻ, മരം വെട്ടുകാരൻ ദേവസ്സി, ലോറിക്ലീനർ വറീത്, പനമ്പു നെയ്തുകാരൻ കൊച്ചുവറീത്, കോഴിക്കൊട്ട പൈലി എന്നിവർ. രണ്ടുപേർ കുര്യപ്പൻ വർഗീസും ഹൈസ്കൂൾ വിദ്യാർത്ഥിയായ കുഞ്ഞവിര പൌലോസും ആശുപത്രിയിൽ വച്ചു മരിച്ചു. പരിക്കേറ്റവർ വേറെ. പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ വന്നവരെ പോലീസ് പ്രാണരക്ഷാർത്ഥം വെടിവച്ചു എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. അങ്കമാലിക്കാരല്ലാതിരുന്നിട്ടും സെന്റ് ജോർജ്ജ് ഫെറോനാ പള്ളിയിൽ മരിച്ച ഏഴുപേർക്കു വേണ്ടി കല്ലറകളുയർന്നു. ‘അമ്മയെ ഞങ്ങൾ മറന്നാലും അങ്കമാലി മറക്കില്ലെന്നാ’യിരുന്നു അവിടെ നിന്നും ഉയർന്ന മുദ്രാവാക്യം. ‘അങ്കമാലി കല്ലറയിൽ, ഞങ്ങടെ സോദരരാണെങ്കിൽ കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും’ വിമോചനസമരത്തിന്റെ പ്രധാന മുദ്രകളിലൊന്നായി. കമ്മ്യൂണിസ്റ്റുകാരുടെ ജാഥകൾ ഭീഷണി പറഞ്ഞതും അങ്കമാലിയെ ചൂണ്ടിക്കാട്ടിയാണ്, ‘കണ്ടോടാ കണ്ടോടാ അങ്കമാലി കണ്ടോടാ’ എന്ന് അവർ തിരിച്ചു വിളിച്ചു.
അങ്കമാലി വെടിവയ്പ്പിന്റെ രണ്ടാം ദിവസം, തിരുവന്തപുരത്തെ വെട്ടുക്കാട്ടിലും പുല്ലുവിളയിലും പോലീസ് വെടിവയ്പ്പുണ്ടായി. രക്തസാക്ഷികൾ വീണ്ടും അഞ്ച്. പേമാരിയും കടൽക്ഷോഭവും കാരണം പട്ടിണിയിലമർന്നു കിടന്ന കടലോരഗ്രാമങ്ങൾക്ക് ജീവനൌഷധമായി പുതിയ മുദ്രാവാക്യം കിട്ടി. “ഞങ്ങടെ നെഞ്ചിലെ ചോരയ്ക്ക് നിങ്ങടെ കൊടിയുടെ നിറമെങ്കിൽ ആ ചെങ്കൊടിയാണേ കട്ടായം പകരം ഞങ്ങൾ ചോദിക്കും”. പതിനെട്ടു ദിവസം കഴിഞ്ഞപ്പോൾ ഇ എം എസ്സിന്റെ പോലീസ് വീണ്ടും വെടി വയ്പ്പ് നടത്തി. ഇത്തവണ ചെറിയ തുറയിൽ. 3 പേരാണ് അവിടെ മരിച്ചു വീണത്. സിൽവ, ലാസർ എന്നീ പുരുഷന്മാരും അഞ്ചുകുട്ടികളുടെ അമ്മയും ഗർഭിണിയുമായ ഫ്ലോറിയും. പോലീസ് അതിക്രമത്തിന്റെ മൂർത്തരൂപമായി മാറി ഫ്ലോറി. സ്ത്രീയെ അതും ഗർഭിണിയെ കൊല്ലുന്ന പോലീസ്, അവരെ അഴിച്ചു വിട്ട് അനങ്ങാപ്പാറനയവുമായിരിക്കുന്ന ഭരണകൂടം, എന്തിന് അടങ്ങണം?
“തെക്കുതെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഭർത്താവില്ലാ നേരത്ത്
ഫ്ലോറിയെന്നൊരു ഗർഭിണിയെ
വെടിവെച്ചുകൊന്ന സർക്കാരേ
പകരം ഞങ്ങൾ ചോദിക്കും”
വിമോചനസമരപാതയിൽ ഏറ്റവും ശ്രദ്ധയാർജ്ജിച്ച മുദ്രാവാക്യമാണ്. സമരത്തെ അനുകൂലമാക്കാൻ പോന്ന മുഴുവൻ വൈകാരികതയും സമാഹരിച്ചു വച്ചിരിക്കുന്ന സാരസ്വതം! കേരളത്തിലെ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ സമരങ്ങളും വെടിവയ്പ്പുകളും നടന്നത് എന്നറിയണം. ജൂൺ 15 നു സ്കൂളുകൾ തുറക്കും എന്ന് സർക്കാർ. തുറപ്പിക്കില്ലെന്ന് പുതിയ വിദ്യാഭ്യാസനിയമത്തിൽ കലിയും കലിപ്പും പൂണ്ട സഭയും മന്നത്തു പദ്മനാഭനും. “മന്നം പൂട്ടിയ സ്കൂളു തുറക്കാൻ എം എന്നു മീശ കിളിർത്തിട്ടില്ല’ എന്നു വിളിച്ചുകൊണ്ടാണ് സമരക്കാർ സർക്കാർ സ്കൂളുകൾ പിക്കറ്റു ചെയ്തത്. (എം എൻ ഗോവിന്ദൻ നായർ അന്ന് പാർട്ടി സെക്രട്ടറി. മന്ത്രിമാർക്കും മീതെയാണ് അന്നും പാർട്ടിസെക്രട്ടറി എന്ന് പൊതുജനത്തിനറിയാം) സംഭവം ശരി തന്നെ. സ്കൂളുകൾ തുറന്നില്ല. തുറക്കാൻ സമ്മതിച്ചില്ല. “പൂട്ടിക്കോ പൂട്ടിക്കോ സ്കൂളിപ്പം പൂട്ടിക്കോ, പൂട്ടിയില്ലെങ്കിൽ പൂട്ടിക്കും ചുട്ടുകരിക്കും നോക്കിക്കോ” എന്ന് സമരക്കാരുടെ വക വേറൊരു ഭീഷണീ മുദ്രാവാക്യം. ‘കുട്ടിസഖാക്കൾ ഞെട്ടട്ടേ, കെട്ടിത്തൂങ്ങി ചാവട്ടെ, അരിവാൾ ഭരണം അറബിക്കടലിൽ’ എന്നും ആവേശങ്ങൾ മുഴങ്ങി. സമരക്കാരെ പുറത്തു നിന്ന് ഇറക്കുമതി ചെയ്തു എന്ന ആരോപണവുമായി പരിഹാസത്തോടെ കമ്മ്യൂണിസ്റ്റുകാർ പാടിയത് : “ഇ എം എസ്സിനു ജാഥ നടത്താൽ കൂലിക്കാരെ കൂട്ടണ്ട” എന്നാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ മുദ്രാവാക്യം ഏറ്റു ചൊല്ലാൻ ആളെകിട്ടാത്ത അവസ്ഥ വരച്ചിട്ടിട്ടുണ്ട്, ചെറുകാടിന്റെ ‘പ്രമാണി’യിൽ. ‘പ്രമാണി’യിൽ മാത്രമല്ല, എസ് കെ പൊറ്റക്കാട് അക്കാലത്ത് എഴുതിയ ഒരു കഥയിലും - ഒരു തീവണ്ടിയാത്ര- അക്കാലത്ത് മുഴങ്ങിയ ഒരു മുദ്രാവാക്യത്തെ കേന്ദ്രതത്ത്വമായി ആവിഷ്കരിച്ചിട്ടുണ്ട്. കഥയിൽ ഒരു കൂട്ടം പിള്ളാർ കൂടിനിന്ന് മുഴക്കുന്ന മുദ്രാവാക്യമാണ്, ‘ഈയെമ്മെസ്സേ കൊലയാളീ, തോക്കുകളൊക്കെ നിറച്ചോളൂ, പോലീസൊക്കെ പുല്ലാണ്....’എന്ന്. കുട്ടികളുടെ സംഘത്തിന്റെ സമരവീര്യ ചിത്രീകരണത്തിലൂടെ വിമോചനസമരത്തിന്റെ അപക്വതയെ/ ബാലിശത്വത്തെ പുറത്തിടാനായിരുന്നു പൊറ്റെക്കാടിന്റെ ശ്രമം എന്നു തോന്നുന്നു.
സമരവുമായി ബന്ധപ്പെട്ട് അക്കാലത്ത് മുഴങ്ങിയ നിരവധി മുദ്രാവാക്യങ്ങൾ ജാതിയെയും ശാരീരിക വൈകല്യങ്ങളെയും നേരിട്ടു പരാമർശിച്ചുകൊണ്ട് എതിരാളിയുടെ മനോവീര്യം തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇ എം എസ്സിന്റെ വിക്കും കെ സി ജോർജ്ജിന്റെ മുടന്തും ചാത്തൻ മാസ്റ്ററുടെ ജാതിയുമാണ് “വിക്കാ ഞൊണ്ടീ ചാത്താ നിങ്ങളെ മുക്കിക്കൊല്ലും കട്ടായം” എന്ന മുദ്രാവാക്യത്തിൽ പരിഹാസത്തിനു വിധേയമാകുന്നത്. മന്ത്രി മന്ദിരത്തിലും ഇരിങ്ങാലക്കുട ടി ബിയിലും ഒപ്പം ഉണ്ടായിരുന്നു എന്ന് ആരോപിക്കപ്പടുന്ന ഒരു മുസ്ലീം സ്ത്രീയുടെ പേരിൽ ചാത്തൻ മാസ്റ്ററെ അപഹസിച്ചുകൊണ്ട് ഇറക്കിയ മുദ്രാവാക്യം ഇങ്ങനെ : “മൈമുനാബീവീനെ കട്ടോണ്ടു പോകുമ്പോൾ.... ..ചാത്തന്റെ ചൊടി കണ്ടോ?” അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്ന രീതിയിൽ ആളുകൾ വാപൊത്തി ചിരിച്ച് അശ്ലീലമാക്കിയ മട്ടിലുള്ളതാണ് പ്രസ്തുതം. ഒളിഞ്ഞുനോട്ടവും ജാതി അധിക്ഷേപമാണ് അതിന്റെ കാതൽ. പ്രകടമായ ലൈംഗിക പരാമർശമുള്ളവയും കൂട്ടത്തിലുണ്ട്. “സി പിയെ വെട്ടിയ നാടാണേ, ഓർത്തുകൊള്ളൂ നമ്പൂതിരി” എന്നു തുടങ്ങി ചിലതൊക്കെ വിരലു ചൂണ്ടുന്ന ഭീഷണിയുള്ളതാണ്. വിദ്യാഭ്യാസബില്ലിനെതിരെ ആഞ്ഞടിച്ചു കൊണ്ട് രംഗത്തു വന്ന മന്നത്തിനെ ഒതുക്കാൻ 1958 മേയ് 24 -ന് പേക്കോലവും ചുമന്നു കമ്മ്യൂണിസ്റ്റുകാർ കോട്ടയത്ത് ജാഥ നടത്തി. “എം എൻ നാടു ഭരിക്കട്ടെ, മന്നം തൂങ്ങിച്ചാവട്ടെ’ എന്നാണ് അവരു വിളിച്ചത്. അതിന്റെ ചൊൽത്താളം പിന്നെ മന്നത്തിന്റെ സ്വന്തം ആൾക്കാർ ഏറ്റെടുത്തു. “മന്നം നാടു ഭരിക്കട്ടേ, എം എൻ തൂങ്ങി ചാവട്ടെ’ എന്നവർ തിരിച്ചു വിളിച്ചു. ‘എമ്മാ തൊമ്മാ തെമ്മാടി’ എന്ന് എം എന്ന് വിളിപ്പേരും കിട്ടി. ആഭ്യന്തര മന്ത്രി അച്യുതമേനോൻ ‘ചോരക്കൊതിയൻ ചേലാടൻ’. ‘അച്യുതമേനോൻ , അറുകൊലമേനോൻ’എന്നൊരു വട്ടപ്പേരും സമരക്കാർ കനിഞ്ഞ് അദ്ദേഹത്തിനു നൽകിയിരുന്നു.
ചെങ്ങറസമരത്തിന് അനുഭാവം പ്രഖ്യാപിച്ച് സമരം നടത്തിയ പുതിയ തലമുറക്കാരുടെ ‘മാലിന്യം’ വൃത്തിയാക്കാൻ മഹിളാ അസോസിയേഷൻകാർ പിറ്റേന്ന് സെക്രട്ടറിയേറ്റു പരിസരത്ത് ചൂലേന്തി, അടിച്ചുതളി സമരം നടത്തിയിരുന്നല്ലോ. ഐസ്ക്രീം പാർലർ കേസുമായി ബന്ധപ്പെട്ട് സാറാജോസഫും കൂട്ടുകാരും ചൂലും പൊക്കിപ്പിടിച്ച് നടത്തിയതുമായിരുന്നില്ല, 1959 ജൂലായ് 18-നു കോട്ടയത്ത് പുതുതായി രൂപം കൊണ്ട വിമോചനസമരസമിതിയുടെ വനിതാവിഭാഗം കുറ്റിച്ചൂലുമായി നടത്തിയതാണ് ഈ വിഭാഗത്തിൽ ചരിത്രത്തിലാദ്യം എന്നു തോന്നുന്നു. അതു ഒരിടവും വൃത്തിയാക്കാനായിരുന്നില്ല. “ അരിവാളല്ലിതു ചുറ്റികയല്ലിതു കുറ്റിചൂലാ സർക്കാരേ..” എന്നായിരുന്നു സിംഹികളുടെ ഗർജ്ജനം. അങ്ങനെ ഉയർത്തിപ്പിടിച്ച കുറ്റിച്ചൂൽ കേരളസമരചരിത്രത്തിൽ ശാശ്വതരൂപകമായി!
1959 ജൂലായ് 31 ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചു വിട്ടുകൊണ്ട് രാഷ്ട്രപതി ഭരണം ഏറ്റെടുത്തു. ‘ഇ എം എസ്സേ മുങ്ങിക്കോ റഷ്യയിൽ പോയി പൊങ്ങിക്കോ’ എന്നും പാടിയാണ് അതിന്റെ ആഹ്ലാദപ്രകടനം പരക്കെ നടന്നത്. തുടർന്നുള്ള തെരെഞ്ഞെടുപ്പ് നടന്നത് 1960 ഫെബ്രുവരി ഒന്നിന്. കമ്മ്യൂണിസ്റ്റുപാർട്ടിക്ക് ഒറ്റയ്ക്കു നിൽക്കുകയല്ലാതെ ഗത്യന്തരമില്ലായിരുന്നു. അപ്പുറത്ത് കോൺഗ്രസ്സും മുസ്ലീം ലീഗും പി എസ് പിയും ചേർന്ന മുക്കൂട്ടു മുന്നണി. (മന്നം ചാക്കോ ശങ്കർ പട്ടം മമ്മതുകോയാ സിന്ദാബാദ് !) ‘തെക്കു തെക്കൊരു ദേശത്തായിരുന്നു’ കമ്മ്യൂണിസ്റ്റ്വിരുദ്ധമുന്നണിയുടെ തുറുപ്പു ചീട്ടെങ്കിൽ ‘മുക്കൂട്ടില്ല മുന്നണിയില്ല ഒറ്റയ്ക്കാണേ മാളോരേ, കൂട്ടിക്കെട്ടിയ മുന്നണികണ്ടീ, കൂറ്റൻ ചെങ്കൊടി താഴില്ലെ’ന്നും നീട്ടിപ്പാടി പാർട്ടി പ്രവർത്തകർ ആവേശം ചോരാതിരിക്കാൻ അണകെട്ടി. കാര്യമുണ്ടായിരുന്നില്ല. മുക്കൂട്ടു മുന്നണിയുടെ പ്രഭാവത്തിൽ കമ്മ്യൂണിസ്റ്റു പാർട്ടി തോറ്റു. തുന്നം പാടിയോ എന്തോ? (മു. മു :94 സീറ്റ്, ക. പാ: 29 സീറ്റ്) തോൽവിയിൽ പടപ്പാട്ടുകൾക്കുള്ള സ്ഥാനം എന്തായിരുന്നെന്ന് അളക്കുക എളുപ്പമല്ല. എങ്കിലും ഒന്നുറപ്പാണ്, ‘രാഷ്ട്രീയം’ മനസ്സിലാവുന്ന രീതിയിൽ ജനങ്ങളിലെത്തിക്കുക എന്ന ദൌത്യം മുദ്രാവാക്യങ്ങൾ നിറവേറ്റി എന്ന കാര്യം.
ഇന്നും ഉപ്പന്റെ വിലാപം പോലെ ഇടയ്ക്കിടക്ക് കേൾക്കാറില്ലേ, ചെയ്ത കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്ന പല്ലവികൾ, ഭരണപക്ഷത്തിന്റെ ഘോരചതികൾ ജനം അറിഞ്ഞില്ലെന്ന, നനഞ്ഞ പടക്കം പോലെയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധ മുറുമുറുപ്പുകളുടെ അനുപല്ലവികൾ? പൊതുബോധവുമായി ഉടമ്പടിയുള്ള ധാരണകളെ ലാളിത്യത്തിൽ മുറുക്കിക്കെട്ടി ജനത്തിന്റെ കൈവെള്ളയിൽ വെച്ചുകൊടുക്കുന്ന ഒരു കാലത്തെയാണോ എന്തോ നാം രാഷ്ട്രീയപ്രബുദ്ധതയെന്നു വിളിച്ചു വരുന്നത്...ആ... ആർക്കറിയാം?
പുസ്തകം
കമ്മ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും - കെ രാജേശ്വരി
November 14, 2010
ഇനിയൊരടി നടന്നാൽ കിട്ടുമേ കൈക്കലെന്നും...
ബ്രസീലിയൻ ചിന്തകൻ പൌലോഫ്രെയറുടെ (1927-1991)‘മർദ്ദിതരുടെ ബോധനശാസ്ത്രത്തിൽ’ ബാങ്കിംഗ് വിദ്യാഭ്യാസത്തിന്റെ ന്യൂനതകളെ സംഖ്യയിട്ട് കൊടുത്തിട്ടുണ്ട്. അവയിങ്ങനെ.
1. അദ്ധ്യാപകൻ പഠിപ്പിക്കുന്നു. കുട്ടികൾ പഠിക്കപ്പെടുന്നു
2. അദ്ധ്യാപകന് എല്ലാം അറിയാം. കുട്ടിൾക്ക് ഒന്നുമറിയില്ല
3. അദ്ധ്യാപകൻ ചിന്തിക്കുന്നു. കുട്ടികൾ ചിന്തയ്ക്ക് വിഷയമാകുന്നു
4. അദ്ധ്യാപകൻ സംസാരിക്കുന്നു. കുട്ടികൾ താഴ്മയോടെ കേൾക്കുന്നു
5. അദ്ധ്യാപകൻ അച്ചടക്കം നടപ്പിലാക്കുന്നു. കുട്ടികൾ അച്ചടക്കം പാലിക്കുന്നു
6. അദ്ധ്യാപകൻ തെരെഞ്ഞെടുക്കുന്നു. കുട്ടികൾ അതു സ്വീകരിക്കുന്നു
7. അദ്ധ്യാപകൻ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ആപ്രവർത്തനത്തിന്റെ മിഥ്യാബോധം ലഭിക്കുന്നു
8. അദ്ധ്യാപകൻ കാര്യപരിപാടിയുടെ ഉള്ളടക്കം തെരെഞ്ഞെടുക്കുന്നു. കുട്ടികൾ അതിനോട് പൊരുത്തപ്പെടുന്നു
9. അദ്ധ്യാപകൻ തൊഴിൽ പരമായ പ്രാമാണ്യവും വിജ്ഞാനസംബന്ധമായ ആധികാരികതയും കൂട്ടിക്കലർത്തി കുട്ടികളുടെ സ്വാതന്ത്ര്യത്തിനെതിരെ തിരിച്ചു വിടുന്നു
10. പഠനക്രിയയിൽ അദ്ധ്യാപകൻ പ്രവർത്തകനും കുട്ടികൾ വസ്തുക്കളും ആകുന്നു.
വാക്കുകളുടെ മുഴക്കമാണ് ഈ ആഖ്യാനവിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രകടമായ സ്വഭാവം. വിഷയത്തെ യാന്ത്രികമായി ഓർമ്മ വയ്ക്കുന്നതിലേയ്ക്കാണ് കുട്ടിയെ ഇതു നയിക്കുന്നത്. അതായത് അവരെ സംഭരണികളാക്കുന്നു എന്ന്. എത്ര കൂടുതൽ സംഭരണികളിൽ നിറയ്ക്കുന്നോ അത്രയും നല്ല അദ്ധ്യാപകനാവും അയാൾ. അങ്ങനെ നിറച്ചുകൊള്ളാൻ എത്ര വിധേയത്വത്തോടെ ഇരിക്കുന്നോ അത്രയും നല്ല വിദ്യാർഥിയാവും കുട്ടി. ശാസകസമൂഹത്തിന്റെ ശീലങ്ങളാണ് സ്കൂളിൽ നടപ്പാവുന്നത്. അപമാനവീകരണത്തിന്റെ ഈ ശീലങ്ങളെ കൃത്യമായി നടപ്പാക്കിക്കൊടുക്കുന്ന അദ്ധ്യാപകനാണ് സമൂഹത്തിന്റെ ദൃഷ്ടിയിലും നല്ല അദ്ധ്യാപകൻ. പ്രശ്നത്തെ അവതരിപ്പിക്കുകയും പരസ്പരം ചർച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ അദ്ധ്യാപകൻ വിദ്യാർത്ഥി എന്ന മേൽ - കീഴ് വിഭജനം അവസാനിക്കുകയും അദ്ധ്യാപക-വിദ്യാർത്ഥി, വിദ്യാർത്ഥി-അദ്ധ്യാപകൻ എന്നീ പുതിയ പ്രയോഗങ്ങൾ ഉടലെടുക്കുകയും ചെയ്യും. കാരണം അയാൾ സംവാദത്തിലേർപ്പെട്ടു കൊണ്ട് പഠിക്കുകകൂടി ചെയ്യുകയാണ്. കുട്ടികൾക്ക് സ്വന്തം ചിന്തയിലൂടെ അയാളെയും പഠിപ്പിക്കാനുണ്ട്. ബ്രസീലിൽ നിന്നും ചിലിയിൽ നിന്നും നേടിയെടുത്ത ആശയങ്ങളിൽ നിന്നു രൂപപ്പെട്ടതിനാൽ ഫ്രെയർ ഈ വിപ്ലവകരമായ ക്ലാസ് മുറി പരിഷ്കാരത്തിന് വിമോചനാത്മക വിദ്യാഭ്യാസം എന്നാണ് പേരു നൽകിയത്. സാമൂഹിക പരിവർത്തനം ലക്ഷ്യമിടുന്ന വിപ്ല്വകാരികൾക്ക് ഇടക്കാല പരിപാടിയായി പോലും ബാങ്കിംഗ് സമ്പ്രദായത്തെ ഉപയോഗിക്കാൻ കഴിയില്ലെന്നും അവർ വിപ്ലവകാരികളാണെങ്കിൽ സംവാദാത്മകർ (ഡയലോജിക്കൽ) ആയേ തീരൂ എന്നും ഫ്രെയർ എഴുതി.
ലോകബാങ്ക്, യുനെസ്കോ, യൂണിസെഫ്, യു എൻ ഡി പി എന്നിവരുടെ മുഖ്യ സംഘാടനത്തിൽ 1990 മാർച്ച് 5 മുതൽ 9 വരെ തായ്ലാൻഡിലെ ജ്യോംതിയനിൽ നടന്ന ലോകവിദ്യാഭ്യാസസമ്മേളനമാണ് ആഗോളതലത്തിൽ -വിശേഷിച്ച് വികസ്വരരാജ്യങ്ങളിൽ - നിലവിലുള്ളതിനെ മാറ്റി പകരം പുതിയ വിദ്യാഭ്യാസപദ്ധതിയ്ക്കുവേണ്ടിയുള്ള സത്വര നടപടികളെ നിർദ്ദേശിച്ചത്. ഏവർക്കും വിദ്യാഭ്യാസം (Education for All) എന്ന മുദ്രാവാക്യത്തെ മുന്നോട്ടു വച്ച സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട 'വികസ്വരരാജ്യങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തൽ’ പ്രബന്ധത്തിലും വട്ടമേശാ രേഖകളിലും പിന്നീട് ഡി പി ഇ പിയ്ക്കും അനുസാരി പദ്ധതികൾക്കും രൂപം നൽകിയ അടിസ്ഥാന സിദ്ധാന്തങ്ങളുടെയും പ്രവർത്തന മാതൃകകളുടെയും അടിത്തറയുണ്ട്. കേരളത്തിൽ പുതിയ പാഠ്യപദ്ധതി എന്ന് സാമാന്യമായി വ്യവഹരിക്കപ്പെടുന്ന സംഗതി കൂലംകഷമായ മാറ്റത്തിന്റെ മുന്നുപാധികളാണ്. അദ്ധ്യാപക പരിശീലനത്തിലും അദ്ധ്യാപകരുടെ കൈപ്പുസ്തകത്തിലുമായി പരാമർശിക്കപ്പെടുന്ന ചില താക്കോൽ വാചകങ്ങൾക്ക് പിന്നിലുള്ള ചിന്തകരെയും അവരുടെ ആശയങ്ങളെയും ഒന്നടുത്തു നോക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു.
അവയിലൊന്ന് ‘ശിശുകേന്ദ്രിതം’(Child centered) എന്ന വാക്കാണ്. അദ്ധ്യാപകകേന്ദ്രിതമായിരുന്ന (ഇപ്പോഴുമായ) വിദ്യാഭ്യാസത്തിന്റെ പോരായ്മകളെ ചൂണ്ടിക്കാട്ടി അതിനെ ശിശുകേന്ദ്രിതമാക്കുന്നതിനെക്കുറിച്ച് പറഞ്ഞതും പ്രവർത്തനങ്ങളിലൂടെയുള്ള പഠനത്തിന്റെ മെച്ചം ചൂണ്ടിക്കാട്ടിയതും ജോഹാൻ ഹെൻട്രിച്ച് പെസ്റ്റലോസിയാണ് (1746-1827) വിദ്യാർത്ഥിയുടെ സമീപപരിസരത്തു നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും പഠനം ആരംഭിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. വസ്തുക്കൾ, പഠനസാമഗ്രികൾ എന്ന രീതിയിൽ ക്ലാസ് മുറികളിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതും പെസ്റ്റലോസിയുടെ കാലത്താണെന്ന് പറഞ്ഞുകേൾക്കുന്നു. അതായത് വസ്തുക്കളിലൂടെ അനുഭവങ്ങൾ നൽകി അറിവു നിർമ്മിക്കപ്പെടുക എന്ന പ്രക്രിയയെപ്പറ്റി അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. വസ്തുക്കൾ ഉപയോഗിച്ചുള്ള ആശയ നിർമ്മാണത്തെ ‘വസ്തുപാഠം’ എന്നാണ് അദ്ദേഹം വിളിച്ചത്. ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു താക്കോൽ വാക്കായ, അനുഭവാത്മകപഠനത്തിലേയ്ക്കുള്ള (Experimental Learning) ചുവടുവയ്പ്പായിരുന്നു ഇത്.
ക്ലാസ് മുറിയിലെ ജനാധിപത്യം എന്ന ആശയത്തിനു കാതലായ സംഭാവന നൽകിയ വ്യക്തിയായിരുന്നു അമേരിക്കക്കാരനായ ജോൺ ഡ്യൂയി.(1859-1952) സ്ഥിരനേതാവിന്റെ സ്ഥാനത്ത് മാറി മാറി വരുന്ന പല നേതാക്കളെ പ്രതിഷ്ഠിച്ചുകൊണ്ട് ഗ്രൂപ്പടിസ്ഥാനത്തിലുള്ള പ്രോജക്ടുകൾ കുട്ടികളിൽ ജനാധിപത്യബോധം വികസിപ്പിക്കുന്നതായി ഡ്യൂയി ദർശിച്ചു. ചെയ്തു പഠിക്കുക എന്ന സമീപനത്തെ വിദ്യാഭ്യാസചിന്തയിൽ സമർത്ഥമായി ഇണക്കിയ ആളുകൂടിയാണദ്ദേഹം. പഠനം ആവശ്യങ്ങളിൽ അധിഷ്ഠിതവും താത്പര്യം ജനിപ്പിക്കുന്നതും ആക്കിതീർക്കാനാണ് ഡ്യൂയി പരീക്ഷണങ്ങളിൽ ഉത്സാഹിച്ചത്. ഒരു വിഷയത്തിൽ മാത്രം ഒതുങ്ങി നിൽക്കാത്ത പ്രോജക്ടുകൾ വിദ്യാഭ്യാസത്തിലെ ‘ഉദ്ഗ്രഥിതസമീപനം’ എന്ന ആശയത്തിനാണ് ഊന്നൽ നൽകിയത്. വിദ്യാഭ്യാസം, ജീവിതപ്രശ്നം തന്നെയാണെന്നും നാളത്തെ ജീവിതത്തിനുവേണ്ടിയുള്ള വെറും തയാറെടുപ്പല്ലെന്നും അദ്ദേഹം പറഞ്ഞു. ഡ്യൂയിയുടെ കാഴ്ചപ്പാടുകൾ പുതിയ പാഠ്യപദ്ധതിയിൽ കാര്യമായി തന്നെ കയറിപ്പറ്റിയിട്ടുണ്ട്. പ്രോജക്ട് പഠനം, പ്രവർത്തനങ്ങളിലൂടെയുള്ള പഠനം (learning by doing), തൊഴിൽ പഠനം, പ്രശ്നപരിഹരണ പഠനം, സഹവർത്തിതപഠനം (Collaborative Learning) തുടങ്ങിയ സ്വീകരിച്ചിരിക്കുന്നത് ജോൺ ഡ്യൂയിയുടെ സങ്കൽപ്പനങ്ങളിൽ നിന്നാണ്.
സ്വിസ്സർലണ്ടുകാരനായ ജീൻ പിയാഷേയാണ് (1896-1980) ജ്ഞാനനിർമ്മിതിവാദത്തെ വിദ്യാഭ്യാസത്തിൽ കടത്തി വിടുന്നതിൽ മുഖ്യപങ്കു വഹിച്ച ചിന്തകൻ. അറിവ് മുൻകൂട്ടി നിർമ്മിക്കപ്പെട്ട രൂപത്തിൽ നമ്മിലേയ്ക്ക് വരികയല്ല. അത് സൃഷ്ടിക്കുന്നതാണ് എന്നാണ് പിയാഷേ പറഞ്ഞത്. അതുകൊണ്ടു തന്നെ അത് അത്യന്തികമായ യാഥാർത്ഥ്യമല്ല. അറിവ് എന്താണെന്ന അതി പുരാതനകാലം മുതൽക്കുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ മനശ്ശാസ്ത്രത്തിന്റെ കൂടി സഹായം തേടിക്കൊണ്ട് മുന്നോട്ടുപോവുകയാണ് പിയാഷേ ചെയ്തത്. ഡാർവിന്റെ പരിണാമവാദം ചെലുത്തിയ സ്വാധീനത്തിന്റെ ഫലം കൊണ്ടാകാം ചുറ്റുപാടുമായി ബന്ധപ്പെട്ട് കുട്ടികൾ സ്വയം നടത്തുന്ന നിരീക്ഷണങ്ങൾക്ക് പഠനപ്രക്രിയയിൽ പിയാഷേ മുഖ്യ പ്രാധാന്യം നൽകി. അദ്ധ്യാപകർക്ക് ഉപയോഗിക്കാനുള്ള മാന്വലുകളുടെ അത്ര നിർബന്ധിതമല്ല വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ എന്നു പറഞ്ഞുകൊണ്ട് അദ്ധ്യാപകൻ പഠിതാവാകേണ്ടതിന്റെ ആവശ്യകതയിൽ പിയേഷേ ഊന്നി.
പുതിയ വിദ്യാഭ്യാസരീതിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം മുഴങ്ങിക്കേട്ടിട്ടുള്ള പേര് പക്ഷേ ഇവരുടേതാരുടെയുമല്ല. റഷ്യക്കാരനായ ലഫ് വീഗോട്സ്കി (1896-1934) യുടേതാണ്. കുറച്ചുകാലം മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും സ്റ്റാലിന്റെ റഷ്യയിൽ കനത്ത നിയന്ത്രണങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ടും അദ്ദേഹം നിരന്തരമായ അന്വേഷണങ്ങളിൽ മുഴുകി. സംഭാവനകളുടെ കനം മരനത്തിനു ശേഷമാണ് ലോകം അറിഞ്ഞു തുടങ്ങിയതെന്നു മാത്രം. ‘ബോധനമനഃശാസ്ത്രമാണ്’ (Pedagogical Psychology) അദ്ദേഹം ജീവിച്ചിരുന്ന കാലത്തിറങ്ങിയ മുഖ്യകൃതി. താൻ ജീവിക്കുന്ന സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളിൽ ഇടപെടുന്നതിന് കുട്ടിയെ സഹായിക്കുന്നത് സവിശേഷമായ സാംസ്കാരിക ഉപകരണങ്ങളാണെന്ന് വിഗോട്സ്കി പറഞ്ഞു. അവയെ മാനസിക ഉപകരണങ്ങൾ (ചിഹ്നവ്യവസ്ഥകൾ, സാങ്കേതിക വിദ്യകൾ, ഓർക്കാനുള്ള തന്ത്രങ്ങൾ...തുടങ്ങിയവ) ഭൌതിക ഉപകരണങ്ങൾ ( പുസ്തകം , പേന, സ്ഥാപനങ്ങൾ....തുടങ്ങിയവ) എന്നിങ്ങനെ തിരിക്കാം. സമൂഹത്തിൽ ഇടപെടുക എന്നതിനർത്ഥം സാംസ്കാരിക ഉപകരണങ്ങളുമായി ഇടപെടുക എന്നതാണ്. സാംസ്കാരിക ഉപകരണങ്ങൾ, സ്വതവേ പരിമിതനായ മനുഷ്യന്റെ ശേഷികളെ അപരിമിതമാക്കുന്നു.
രണ്ടുതരം മാനസികധർമ്മങ്ങൾ കുട്ടികൾക്ക് സാധ്യമാവുന്നുണ്ട് എന്നാണ് വിഗോട്സ്കിയുടെ കണ്ടെത്തൽ. താഴ്ന്ന മാനസിക ധർമ്മങ്ങളും (ഓർമ്മ, സംവേദനം, ശ്രദ്ധ..തുടങ്ങിയവ) ഉയർന്ന മാനസികശേഷികളും (യുക്തി, ആസൂത്രണം, അമൂർത്തചിന്ത...തുടങ്ങിയവ) വിദ്യാഭ്യാസം ഊന്നൽ നൽകേണ്ടത് ഉയർന്ന മാനസികശേഷികളുടെ വികാസത്തിനാണ്. ഓരോ വ്യക്തിയ്ക്കും സ്വന്തം നിലയിൽ എത്തിച്ചേരാവുന്ന പഠനനേട്ടത്തിന്റെ ഒരു നിലയും (കറന്റ് ലെവൽ) മറ്റൊരാളിന്റെ സഹായത്തോടെ എത്തിച്ചേരാവുന്ന മറ്റൊരുനിലയും (പൊട്ടെൻഷ്യൽ ലെവൽ) ഉണ്ട്. കൂട്ടുച്ചേർന്നുള്ള പഠനത്തിൽ തന്നേക്കാൾ അറിവുള്ള ഒരാളുടെ സഹായത്താൽ ഉയർന്ന നില കൈവരിക്കാൻ കുട്ടിയ്ക്ക് കഴിയുന്നു. ഗ്രൂപ്പുകൾ മാറിക്കൊണ്ടിരുന്നാൽ കൈവരിക്കാവുന്ന പഠനസാദ്ധ്യതകളും മാറും. (ഡ്യൂയിക്ക് ഗ്രൂപ്പ് മാറ്റം, ജനാധിപത്യത്തിന്റെ പരിശീലനമാണ്) അങ്ങനെ വ്യക്തിഗതമായ നിലവിലുള്ള സാധ്യതയുടെയും എത്തിച്ചേരാവുന്ന ഉയർന്ന സാധ്യതകളുടെയും ഇടയിലാണ് പഠനം നടക്കുന്നത്. ഈ മേഖലയെ ZPD (സോൺ ഓഫ് പ്രോക്സിമൽ ഡെവലപ്മെന്റ്) എന്ന് വിഗോട്സ്കി വിളിക്കുന്നു. കേരളത്തിൽ ഒരുപാട് വിമർശനം ഏറ്റു വാങ്ങിയ ‘കൈത്താങ്ങ്‘(സ്കഫോൾഡിംഗ്) എന്ന പ്രയോഗം വിഗോട്സ്കിയുടെ ആശയത്തിൽ നിന്നും കടന്നു വന്നതാണ്. അദ്ധ്യാപകൻ പഠനത്തിൽ വിദ്യാർത്ഥിക്കു താങ്ങു നൽകുന്ന ‘ഫെലിസിറ്റേറ്റർ’ മാത്രമാണെന്ന ആശയം, സർവജ്ഞനും ഒഴിഞ്ഞ പാത്രത്തിൽ ജ്ഞാനം എന്ന ഭിക്ഷ വിളമ്പുന്നവനും സമാദരണീയനായ മാതൃകയുമാണെന്ന പാരമ്പര്യരീതിയ്ക്ക് ദഹിക്കുന്നതല്ല. അതേ കൈതാങ്ങാണ് സഹപഠനത്തിൽ കുട്ടിയ്ക്ക് കൂടെയുള്ള മറ്റൊരു വിദ്യാർത്ഥിയും നൽകുന്നത് എന്നു വരുമ്പോൾ ക്ലാസ് മുറിയിൽ അദ്ധ്യാപകന്റെ സർവ പ്രാമാണിത്തം ഒന്നുകൂടി താഴുന്നു. ഇതാണ് എതിർപ്പിന്റെ മൂലകാരണം. സഹകരണ പഠനം (co-operative learning) സഹവർത്തിത പഠനം (collaborative learning ) തുടങ്ങിയ കൽപ്പനകളെ വിദ്യാഭ്യാസത്തിൽ ഉപയോഗിക്കാനാവും വിധം വികസിപ്പിച്ചതും വിഗോട്സ്കിയാണ്.
നേരത്തേ ലഭിച്ച അറിവുകളും അനുഭവങ്ങളും പ്രയോജനപ്പെടുത്തി പുതിയ പഠനപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ആളായി കുട്ടിയെ അവതരിപ്പിക്കുന്ന ജ്ഞാനനിർമ്മിതിവാദത്തിന്റെ ശക്തനായ വക്താവാണ് അമേരിക്കക്കാരനായ ജെറോം എസ് ബ്രൂണർ (1915-) പിയാഷെ, ജോൺ ഡ്യൂയി തുടങ്ങിയവരുടെ ആശയങ്ങളെ ഇദ്ദേഹം കുറേകൂടി മുന്നോട്ടു കൊണ്ടുപോവുകയാണുണ്ടായത്. ഒരു സമൂഹം അതിലെ അംഗങ്ങളുടെ തുടർച്ചയായ പരിഗണനയ്ക്കു വിഷയമാകണമെന്ന് കരുതുന്ന മുഖ്യപ്രശ്നങ്ങളെയും തത്ത്വങ്ങളെയും മൂല്യങ്ങളെയും കേന്ദ്രീകരിച്ച നടത്തുന്ന പാഠ്യപദ്ധതിയ്ക്ക് ബ്രൂണർ നൽകിയ പേര് ‘ചാക്രിക പാഠ്യപദ്ധതി’ (Spiral Curriculum) എന്നാണ്. നമ്മുടെ പ്രശ്നാധിഷ്ഠിത പാഠപുസ്തകങ്ങളിലേയ്ക്കുള്ള മേൽപ്പാലമാണ് ബ്രൂണറുടെ ഈ ആശയം. കുട്ടി സ്വയം കണ്ടത്തുന്ന അറിവാണ് മെച്ചപ്പെട്ടത്. നിരീക്ഷണം, അളക്കൽ, തരം തിരിക്കൽ, പ്രവചനം, വിശദീകരിക്കൽ, നിഗമനത്തിലെത്തൽ തുടങ്ങിയ മാനസികശേഷികൾ ഉപയോഗിച്ച് വേണം പഠനം നടക്കാൻ. ഇതിനു ബ്രൂണർ നൽകിയ പേരാണ് കണ്ടെത്തൽ പഠനം (Discovery Learning). സെന്റർ ഫോർ കോഗ്നിറ്റീവ് സ്റ്റഡീസ്, ഹാർവാർഡിൽ സ്ഥാപിച്ചുകൊണ്ട് പഠനം എന്ന ബൌദ്ധികപ്രക്രിയ(cognitive process)യ്ക്ക് ബ്രൂണർ പ്രത്യേക അടിവര നൽകി. വിഗോട്സ്കിയോട് ബ്രൂണർക്ക് പ്രത്യേക ബഹുമാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സങ്കൽപ്പമായ ‘സംസ്കാരത്തിന്റെ ഉപകരണങ്ങൾ’ ആർജിക്കാനുള്ള കഴിവായിട്ടാണ് ബ്രൂണർ ‘ബുദ്ധിശക്തി’യെ നിർവചിച്ചത്.
1983-ലാണ് ‘ബുദ്ധിയുടെ ബഹുമുഖം’ (Multiple intelligence) എന്ന വ്യത്യസ്തമായൊരു സിദ്ധാന്തം ഹൊവാർഡ് ഏൾ ഗാർഡ്നർ (1943-) അവതരിപ്പിക്കുന്നത്. പരീക്ഷവഴി അളന്നെടുക്കാൻ കഴിയും എന്നു വിശ്വസിച്ചിരുന്ന, മനുഷ്യന്റെ ബുദ്ധിയെക്കുറിച്ചുള്ള പരമ്പരാഗതമായ സങ്കല്പത്തെയാണ് നാസി ജർമ്മനിയിൽ നിന്ന് അഭയം തേടി അമേരിക്കയിലെത്തിയ മാതാപിതാക്കളുടെ മകനായ ഗാർഡ്നർ തകർത്തത്. ‘ഒന്നോ അതിലധികമോ സാംസ്കാരിക സാഹചര്യങ്ങളിൽ വിലമതിക്കാൻ ഇടയുള്ള, പ്രശ്നപരിഹാരം നടത്താനോ ഉത്പ്പന്നങ്ങൾ രൂപകൽകൽപ്പന ചെയ്യാനോ ഉള്ള കഴിവിനെയാണ് ബുദ്ധി എന്ന് അദ്ദേഹം വിളിച്ചത്. ആദ്യം പല ആളുകളും ഈ സിദ്ധാന്തം ഉൾക്കൊള്ളാൻ മടിച്ചെങ്കിലും വമ്പിച്ച സ്വാധീനമാണ് ബഹുമുഖ ബുദ്ധിയെന്ന ആശയം പിന്നീട് ഉണ്ടാക്കിയത്. 1. ഭാഷാപരമായ ബുദ്ധി 2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി 3. ദൃശ്യസ്ഥലപരമായ ബുദ്ധി 4. ശാരീരിക ചലനപരമായ ബുദ്ധി 5. സംഗീതപരമായ ബുദ്ധി 6. വ്യക്ത്യാന്തരബുദ്ധി 7. ആന്തരിക വൈയക്തിക ബുദ്ധി 8. പ്രകൃതിപരമായ ബുദ്ധി തുടങ്ങിയവയാണ് ബുദ്ധിയുടെ ബഹുമുഖങ്ങൾ. ഇവയെയെല്ലാം പരിഗണിച്ചുകൊണ്ടുള്ള പഠനസമ്പ്രദായത്തിന് ഓർമ്മശക്തിമാത്രം പരീക്ഷിക്കുന്ന പഠന-മൂല്യനിർണ്ണയ രീതിയേക്കാൾ മികവുണ്ടാവുമല്ലോ. അമേരിക്കയിലെ ന്യൂസിറ്റി സ്കൂളിൽ പ്രതിവർഷം ആയിരക്കണക്കിനാളുകൾ വിദ്യാഭ്യാസത്തിൽ ഈ സിദ്ധാന്തത്തിന്റെ പ്രയോഗം പഠിക്കാനായി എത്തുന്നുണ്ടെങ്കിലും ഈ സിദ്ധാന്തം നടപ്പിലാക്കിയ സ്കൂളുകൾ വ്യക്തമായ പുരോഗതി കാണിച്ചു എന്ന പഠനങ്ങൾ കാണിക്കുന്നു എങ്കിലും ‘ബുദ്ധിയുടെ ബഹുമുഖങ്ങൾ ഒരിക്കലും വിദ്യാഭ്യാസലക്ഷ്യമാവരുത്‘ എന്നാണ് ഗാർഡ്നറുടെ അഭിപ്രായം. കാരണം മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ലക്ഷ്യങ്ങൾ ഒരിക്കലും ശാസ്ത്രനേട്ടങ്ങളിൽ നിന്നല്ലത്രേ ഉണ്ടാവേണ്ടത്!
‘സ്വീകരണപഠനം (reception learning) തുടങ്ങിയ അസുബെലിന്റെ ആശയങ്ങൾ, പ്രത്യേക ആവശ്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിലും മൂല്യ നിർണ്ണയത്തിലും വിഗോട്സ്കിയൻ സ്കൂളുകാർ മുന്നോട്ടു കൊണ്ടുപോയ സങ്കൽപ്പങ്ങൾ തുടങ്ങിയ ഒരു പിടി കാര്യങ്ങൾ ഇതോടൊപ്പം ചേർത്തു വയ്ക്കേണ്ടതുണ്ട്. എങ്കിലും സാമാന്യാവലോകനമെന്ന നിലയിൽ പാഠപുസ്തകം, ബോധന രീതി, ക്ലാസ് മുറി അഥവാ സ്കൂൾ അന്തരീക്ഷം, അദ്ധ്യാപകർ, പരീക്ഷ, മൂല്യനിർണ്ണയം തുടങ്ങിയ കാതലായ കാര്യങ്ങളിലേയ്ക്ക് പുതിയ ചിന്തകൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽക്കു തന്നെ കടന്നു കയറിയിട്ടുണ്ട്. കേരളത്തിൽ എൺപതുകളുടെ ഒടുക്കവും തൊണ്ണൂറുകളുടെ തുടക്കവുമായി പുറത്തിറങ്ങിയ ചില പുസ്തകങ്ങളെങ്കിലും നമ്മുടെ വിദ്യാഭ്യാസ രീതിയുടെ സാമ്പ്രദായികമായ ചുറ്റുവട്ടങ്ങളെ പ്പറ്റി ഉത്കണ്ഠപ്പെട്ടിട്ടുണ്ട്. യതിയുടെ പരിവർത്തിതോന്മുഖ വിദ്യാഭ്യാസം, ഇവാൻ ഇലിച്ചിന്റെയും പൌലോഫ്രെയറുടെയും പുസ്തകങ്ങളുടെ വിവർത്തനം, കനവും പള്ളിക്കൂടവും സാരംഗും പോലുള്ള പോലുള്ള ബദൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ആവിർഭാവം തുടങ്ങിയവ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. വിമർശനങ്ങളുടെ വെയിലത്ത് വാടാതെയും നെടുവീർപ്പുകളിൽ ഉലയാതെയും 1998-99 കാലത്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൽ വ്യാപിച്ച ഡിപി ഇ പിയുടെ സൈദ്ധാന്തിക അടിത്തറ നവീന ആശയങ്ങളാൽ ഭദ്രമാണ് എന്നൊരു വാദമുണ്ട്. പക്ഷേ അവയുടെ പ്രയോഗം നമ്മുടെ സ്കൂളുകളിൽ ഇപ്പോഴും നടക്കുന്നത് പൌലോ ഫ്രെയർ ‘ബാങ്കിംഗ് വിദ്യാഭ്യാസം’ എന്നു വിളിച്ച രീതിയിൽ തന്നെയാണ്. മര്യാദപഠിപ്പിക്കുന്ന മികച്ച അദ്ധ്യാപകനും ‘കാടനായി’ ജനിച്ചെങ്കിലും മാതൃകാ അദ്ധ്യാപകന്റെ ശിക്ഷണത്തിൽ ഉത്തമപൌരനാവുകയും സാറ് ക്ലാസിൽ പാടിയ പടുപാട്ടുകൾ പരീക്ഷാ മുറിയുടെ ഏകാന്തതയിലിരുന്ന് കാണാതെ എഴുതി ചരിതാർത്ഥനാവുന്ന വിദ്യാർത്ഥിയും ഒന്നും ഇന്നും നമ്മുടെ ഭാവനാമാതൃകയിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. മായ്ക്കാനുള്ള ശ്രമവുമില്ല. അതുകൊണ്ട് മാറിയ പാഠ്യക്രമം, അതിന്റെ സൈദ്ധാന്തികമായ അടിത്തറയായി എന്തു് ഉയർത്തിപിടിച്ചാലും ഫ്രെയറു പറയുന്നതുപോലെ കൊളോണിയൽ മൂല്യങ്ങൾ വർഷങ്ങളായി ഉള്ളിൽ ആവേശിച്ച സമൂഹം, അധിനിവേശകനും അധിനിവേശിതനുമായി തിരിഞ്ഞ് സ്വന്തം ജനതയ്ക്കെതിരെ തന്റെ മജ്ജയിൽ സമന്വയിച്ചിരിക്കുന്ന അക്രമാസക്തിയെ നിരന്തരം പ്രയോഗിച്ചുകൊണ്ടേയിരിക്കും. അതാണ് നമ്മുടെ ക്ലാസ് മുറികൾ. ചൂരൽ മാറി മർദ്ദനോപകരണം സി ഇ (continues evaluation) ആയതുകൊണ്ട്, ചോക്കും കരിമ്പലകയും മാറി ലാപ്ടോപ്പും ഇന്റെനെറ്റും ഡി എൽ പിയും വന്നതുകൊണ്ട് മാനം തെളിയുമോ എന്നു ചോദിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.
സിദ്ധാന്തങ്ങളുടെ ക്ലാസ് റൂം പ്രയോഗം. ഏതു പഠനമാണ്, അത് ഏതു നിലയ്ക്കാണെന്ന കാര്യം പുറത്തുകൊണ്ടു വരിക?
പുസ്തകങ്ങൾ
പുരോഗമന വിദ്യാഭ്യാസ ചിന്തകൾ -പി വി പുരുഷോത്തമൻ
മർദ്ദിതരുടെ ബോധനശാസ്ത്രം - പൌലോ ഫ്രെയർ
വിഗോട്സ്കിയും വിദ്യാഭ്യാസവും - പി വി പുരുഷോത്തമൻ
ഡി പി ഇ പി എന്ത് ? എന്തിന്?
ഡിപി ഇ പിയുടെ അകം പൊരുൾ - ജനകീയ പ്രതിരോധ സമിതി
മാറുന്ന വിദ്യാഭ്യാസം- എഡി. അബ്ദുൾ ഹക്കീം
November 7, 2010
സാമാന്യധാരണകളുടെ ജാലകപ്പഴുതിലൂടെ
ശ്രാദ്ധശേഷം, ഹേരാമ, ജാരനും പൂച്ചയും തുടങ്ങിയ നോവലുകളുടെ കർത്താവായ കെ വി മോഹൻ കുമാർ രചിച്ച ജാലകപ്പഴുതിലെ വെയിൽ എന്ന നോവലൈറ്റ് ഹരിതം ബുക്സും നീലാംബരിയും ചേർന്ന് 2010 ലഘുനോവൽ വർഷത്തിൽ പുറത്തിറക്കിയ കൃതികളിലൊന്നാണ് . നോവലിസ്റ്റിന്റെ സ്വതസ്സിദ്ധമായ നിരങ്കുശമായ എഴുത്തുരീതികൊണ്ട് ചെറുകഥയുടെ ഭാവാത്മകമായ ഏകാഗ്രതയും ഘടനാപരമായ കൈയൊതുക്കവും ഈ കൃതി അനുഭവിപ്പിക്കുന്നു. ഗൈനക്കോളജിസ്റ്റായ ഹേമലത, അവളുടെ നഷ്ടപ്രണയത്തെ അന്വേഷിച്ച് യാത്രയാവുന്നതിന്റെ ലഘുവിവരണമാണ് നോവലിന്റെ ബാഹ്യഘടന. അവളുടെ കൌമാര യൌവന സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ആദർശവാനും മനുഷ്യസ്നേഹിയും വിപ്ലവകാരിയുമായ രാജീവനെ തിരഞ്ഞാണ് ഹേമലതയുടെ എങ്ങുമെത്താത്ത യാത്ര. ഗോത്രവികസന പരിപാടിയുടെ പ്രോജക്ട് ഉദ്യോഗസ്ഥനായിരുന്ന അയാൾ നിസ്സഹായരായ ജനതയുടെ പേരിൽ നടക്കുന്ന അഴിമതിയും കൊള്ളരുതായ്മകളും കണ്ട് സ്വന്തം നിലയ്ക്ക് അവരെ സമുദ്ധരിക്കാൻ നാടുവിട്ടു പോയതാണ്. ജീർണ്ണിച്ചു നിലം പൊത്താറായ ഒരു വ്യവസ്ഥയുമായി രാജിയാവാൻ വയ്യാതെ അയാൾ അലഞ്ഞുതിരിയലിന്റെ പൈതൃകം സ്വായത്തമാക്കിയിട്ടുണ്ട്. അയാൾ തന്റെ പ്രവൃത്തിമേഖലയായി തെരെഞ്ഞെടുത്തത് കാടാണ്. രാജീവിന്റെ അപരരൂപമായി നെത്സൺ ഗോമസുണ്ട് നോവലിൽ. പഠനകാലത്ത് ആരെയും കൂസാതെ നടന്നിരുന്ന തന്റേടിപ്പെണ്ണിനെ അനുസരണ പഠിപ്പിക്കാൻ ഹേമലതയുടെ വസ്ത്രമുരിഞ്ഞ ഒരു ഭൂതകാലമുണ്ട് അയാൾക്ക്. എന്നാൽ അയാൾ പെട്ടെന്ന് മെരുങ്ങിയ മൃഗമാവുന്നു. തെറ്റ് ഏറ്റു പറഞ്ഞ് വിനീതനാവുന്നു. അതവരുടെ വിവാഹത്തിൽ കലാശിക്കുകയും ചെയ്യുന്നു. ഏതു സാമൂഹികസ്ഥാപനത്തിന്റെയും -വിവാഹത്തിന്റെയും- നിലനിൽപ്പ് കടന്നുകയറ്റങ്ങളിലൂടെയാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
ഹേമലത കൊതിക്കുന്ന ഒരു കടന്നുകയറ്റം പക്ഷേ രാജീവിൽ നിന്നായിരുന്നു. കാവിൽ വിളക്കു വയ്ക്കാൻ കൂട്ടു ചെല്ലുമ്പോഴും രാത്രിയിൽ ഉറമൊഴിഞ്ഞ് വായിച്ചുകൊണ്ടിരിക്കുന്ന അയാളുടെ അടുത്തേയ്ക്ക് വാസനകളെ പിൻപറ്റി തയാറെടുക്കുമ്പോഴും അവളിൽ ഒരു കാട് മുരളുന്നുണ്ട്. നെത്സൺ ഗോമസിനെ വർണ്ണിക്കുമ്പോഴും നോവലിസ്റ്റ് ഈ വന്യതയുടെ ടെർമിനോളജി ഉപയോഗിക്കാൻ മടിക്കുന്നില്ല. അതായത് വ്യത്യസ്തമായ മൂന്നുകാടുകളാണ് കഥാപാത്രങ്ങളിൽ പ്രവർത്തിക്കുന്നത് എന്നർത്ഥം. വിവിധനിലകളിൽ നഗരത്തിൽ നിന്ന് കാട്ടിലേയ്ക്ക് പാലായനം ചെയ്യുകയോ തിരിച്ചു വരികയോ ചെയ്യുന്ന മൂന്നുപേരാണ് ജാലകപ്പഴുതിലെ വെയിലേറ്റ നിലയിൽ വായനക്കാർ കാണുന്നത്. രാജീവ് തന്റെ പ്രാകൃതവാസനകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ആളാണ്. സ്ഥലപരമായി അയാൾ നഗരത്തിൽ നിന്ന് കാട്ടിലേയ്ക്കും പിന്നെ ജ്വാലാമുഖിയിലേയ്ക്കും അവിടെ നിന്ന് ഒരു പക്ഷേ മരണത്തിലേയ്ക്കും യാത്രയാവുന്നു. അയാളുടെ ബ്രഹ്മചര്യം ഉളപ്പടെയുള്ള സൂചനകളെ കണക്കിലെടുത്തുകൊണ്ട് (ഹേമയിൽ നിന്നു മാത്രമല്ല, മുഡുഗ പെൺകുട്ടിയായ മാരയിൽ നിന്നും അയാൾ ഓടിപ്പോവുകയാണ്) ആധ്യാത്മികമായ സ്ഥിതപ്രജ്ഞയെപ്പറ്റിയും മോക്ഷപ്രാപ്തിയെപ്പറ്റിയുമുള്ള സാമാന്യബോധം കൃത്യമായി തന്നെ ഇയാളുടെ സൃഷ്ടിയിൽ സങ്കോചമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ( അയാളെ കാണാനില്ലെന്ന കുറിപ്പ് ഹേമ ഒളിപ്പിക്കുന്നത് ഭഗവദ് ഗീതയുടേ താളുകൾക്കുള്ളിലാണെന്നത് ആകസ്മികമാവാൻ വഴിയില്ല) വിത്സണാവട്ടെ പ്രാകൃതമായ വാസനകളെ പരിഷ്കരിച്ചവനല്ല. ഹേമലതയുടെ അനാട്ടമി പഠിക്കാൻ ശ്രമിച്ച അയാളുടെ മനം മാറ്റം താത്കാലികമായിരുന്നു. ഭാര്യയായ ഹേമലതയുടെ മുന്നിൽ നാൻസി ഷീൽഡുമായി ( ഒരു വിദേശി? രാജീവന്റെ ഗോത്രത്തിലേയ്ക്കുള്ള തിരിച്ചു പോക്കിനു പകരം ഇവിടെ വൈദേശികമായ ബന്ധം.) പ്രത്യക്ഷപ്പെടാനും ആ ബന്ധത്തെ ന്യായീകരിക്കാനും അയാൾക്കു മടിയില്ല. കാട്ടു നീതിയെക്കുറിച്ചുള്ള സാമാന്യബോധമാണ് നോവലിസ്റ്റ് അയാളിൽ പ്രവർത്തിപ്പിക്കുന്നത്. ഹേമലതയിലെന്ന പോലെ മാരയിലും കാത്തിരിപ്പ്, അസ്വാസ്ഥ്യങ്ങളില്ലാത്ത സഹനത, സമ്പൂർണ്ണമായ സമർപ്പണം, മാനസികവിശുദ്ധി തുടങ്ങിയ സ്ത്രീസങ്കൽപ്പങ്ങളെക്കുറിച്ചുള്ള ഭാരതീയമായ ചില മുൻധാരണകൾ ഉണ്ട്.
ജാലകം ഏകാകിതയുടെയും നിസ്സഹായമായ സഹനാവസ്ഥയുടെയും കൈനാട്ടിയാണെങ്കിൽ വെയിൽ ഒരു ശുഭപ്രതീക്ഷയാണ്. ഭൌതികേതരമായ ഒരർത്ഥത്തിലാണ് ഈ വെയിൽ വീണു കിടക്കുന്നത്. ജ്വാലാമുഖിയിൽ വച്ച് കാണാതാവുന്ന രാജീവൻ അക്ഷരാർത്ഥത്തിൽ ജീവൻ വെടിഞ്ഞതാവണമെന്നില്ല. അയാൾ മറ്റൊരു ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നതുമാകാം. പക്ഷേ മാരയും ഹേമയും ഭൂമിയിൽ തന്നെയാണ്. ഭൌതികമായ പൊരുത്തക്കേടുകൾക്ക് ആത്മീയ പരിഹാരം മറ്റൊരു തരം സാമാന്യധാരണയുടെ ദിശാസൂചിയാണ്. ഗോത്രം എന്ന പുതിയ സമൂഹസൃഷ്ടി മാരയുടെ ശിരസ്സിലുണ്ട്. അത് ഒരു തരം സർഗാത്മകമായ പ്രവൃത്തിയാണ്. ഹേമയാവട്ടേ അനേകം പിഞ്ചുജീവനുകൾക്ക് ഭൂമിയിലേയ്ക്കുള്ള മാർഗം സുഗമമാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവളും. മാതൃത്വത്തിന്റെ രണ്ടു ഭാവങ്ങൾ നോവലിസ്റ്റ് ഇവരിൽ രണ്ടുപേരിലായി വീതം വച്ചിരിക്കുന്നു. നൻസിയെയും ഉപേക്ഷിച്ച നെത്സണിൽ വീണ്ടും ഒരു പിന്മടക്കത്തിന്റെ വിളികൾ ഉയരുന്നുണ്ട്. നെത്സൺ - ഹേമ ദമ്പതികൾക്ക് കുട്ടികളില്ലെന്ന പരാമർശം അയാളിൽ മാത്രമുള്ള ഊഷരത വ്യക്തമായി കാണിച്ചു തരുന്നുണ്ട്. മറ്റേയറ്റത്ത് മോക്ഷത്തിലേയ്ക്ക് രക്ഷപ്പെടുന്ന നിസ്സംഗതയും. ജീവിതസമസ്യകൾക്ക് ഒരു മധ്യമമാർഗമുണ്ടോയെന്ന ചോദ്യമാണ്, മാരയെയും ഹേമയെയും അഭിമുഖം നിർത്തിക്കൊണ്ട് നോവൽ അവസാനിപ്പിക്കുന്നതിൽ ഉള്ളതെന്നും വാദിക്കാവുന്നതാണ്.
-------------------------------------------------------------------
ജാലകപ്പഴുതിലെ വെയിൽ
കെ വി മോഹൻ കുമാർ
ഹരിതം ബുക്സ് & നീലാംബരി
വില : 28 രൂപ
October 27, 2010
യന്തിരചരിതം രണ്ടാം ദിവസം
പട്ടാളത്തിലെ ആളെക്കൊല്ലി ഏർപ്പാടിനൊരു പരിഹാരം എന്ന നിലയ്ക്കാണ്, ഒരു പുരുഷായുസ്സ് ഹോമിച്ച് വശി എന്ന ശാസ്ത്രജ്ഞൻ ചിട്ടി എന്ന അമാനുഷികമായ കഴിവുകളുള്ള യന്ത്രത്തിനു ജന്മം നൽകിയത്. യന്ത്രത്തിന്റെ അപരിമിതമായ ശേഷിയ്ക്കും കൃത്യതയ്ക്കും ഒപ്പം മാനുഷികമായ വൈകാരികാനുഭൂതികളും നിർബന്ധത്തിനു വഴങ്ങി പിന്നീട് കൂട്ടിച്ചേർത്തപ്പോൾ ചിട്ടിക്ക് സങ്കീർണ്ണമായ ഒരു ഘടന കൈ വരുന്നു. അപരിമിതമായ അതിന്റെ കർമ്മശേഷി വികാരത്താൽ നിയന്ത്രിക്കപ്പെടുന്നു എന്ന ഒരു തരം പുതിയ കൈനില. പതിനായിരക്കണക്കിനായുധങ്ങൾ കണിശതയോടെ കൈകാര്യം ചെയ്യാനായി പ്രോഗ്രാം ചെയ്യപ്പെട്ട യന്ത്രം ഒരു പൂവിനെ നോക്കിയിരുന്ന് പ്രണയ വാചകങ്ങളുരുവിട്ട് നിഷ്കാമകർമ്മിയാവുന്നതിൽ തന്റെ ആയുഷ്കാലസ്വപ്നം മുഴുവൻ പൊലിഞ്ഞു പോകുന്നതു കണ്ടാണ് വശി, തന്റെ തന്നെ സൃഷ്ടിയായ ചിട്ടിയെ തകർത്ത് കച്ചടയിൽ കളഞ്ഞത്. തകർക്കുമ്പോൾ അയാൾ പറയുന്നുണ്ട്, സ്വന്തം മകനായിരുന്നു അതെന്ന്. പിന്നീട് കാമുകിയോടൊപ്പമുള്ള കാർ യാത്രയിലും അയാളാവാക്യം ആവർത്തിക്കുന്നുണ്ട്.
പക്ഷേ വീട്ടിൽ പരിചയപ്പെടുത്തുമ്പോഴും കാമുകിയോടൊപ്പം അവളെ സഹായിക്കാനായി അയക്കുമ്പോഴും ആ യന്തിരൻ വശിഗറിന്റെ അതേ മാതൃകയിലുള്ള, എന്നാൽ അയാളുടെ ശാരീരികമായ പരിമിതികളെ ലംഘിക്കാൻ ശേഷിയുള്ള സഹോദരനാണ്. ഒരു മലക്കം മറിച്ചിലിൽ ഹോർമോണുകൾ കൂടിച്ചേർന്ന്, തന്റെ സൃഷ്ടാവിന്റെ കാമുകി സന, അയാളിൽ ഉൾപുളകങ്ങൾ സൃഷ്ടിക്കുമ്പോഴും അയാൾ വശിയുടെ മകനല്ല, മറിച്ച് സഹോദരനായ അപരൻ ആണ്. ആൾട്ടർ ഈഗോ. ഒരാൾ ഒരേ സമയം അച്ഛനും സഹോദരനുമായിരിക്കുക എന്ന അതിപ്രാചീനമായ കൊടിയ പാപം നേരിട്ട് ചെന്നു മുട്ടി വിളിക്കുന്നത് മാതൃത്വത്തിന്റെ ഗർഭഗൃഹത്തിലാണ്. ഇതേ പാപത്തിന്റെ കത്തുന്ന ഭാരത്തെ ഈഡിപ്പസ് നേരിട്ട വിധം നമുക്കറിയാവുന്നതാണ്. ഒടുവിൽ ഒളിമ്പസ് മലമുകളിലെ ദൈവങ്ങൾ നേരിട്ട് ഇടപെട്ട് പാപവിമുക്തി നൽകി. അയാൾ മരിച്ചു വീണ സ്ഥലത്തെ പുണ്യഭൂമിയാക്കി. സ്ഫിംഗ്സ് പോലുള്ള ഭീകര മായികരൂപങ്ങൾ മനസ്സിനെ വിഭ്രമിപ്പിക്കുന്ന രീതിയിൽ തിമിർത്താടിയ പഴയ അലംഘനീയമായ വിധിവിഹിത കഥയുടെ പുനരാവർത്തനമായിരിക്കുന്നതിൽ ‘യന്തിരന്’ ഏതൊക്കെയോ നിലയിൽ ചാരിതാർത്ഥ്യങ്ങളുണ്ട്. ജനകീയമായ നീക്കുപോക്കുകളുമുണ്ട്. എന്നാൽ നമ്മെ സംശയാലുക്കളാക്കിക്കൊണ്ട് പാപത്തെ ഊട്ടിഉറപ്പിക്കത്തക്കവിധത്തിൽ ‘ജക്കോസ്റ്റ’ ഇവിടെ അദൃശ്യയാണ്. കാണാനാവുന്നില്ലെന്നതിനർത്ഥം, അവൾ ഇല്ലെന്നല്ല. യന്ത്രത്തെ വച്ച് വശി കാണുന്നതുപോലൊരു സ്വപ്നം സ്വയം ചിന്താശേഷി നേടി വളർന്ന ചിട്ടിയും കാണുന്നുണ്ട്. അത് യന്ത്രവും മനുഷ്യനുമായി ചേർന്നുൽപ്പാദിപ്പിക്കുന്ന ഒരു ഭാവി തലമുറയെക്കുറിച്ചാണ്. റോബോസാപ്പിയൻസ്! വശി യന്ത്രത്തെ വച്ചു കണ്ടതോ, ചിട്ടി മനുഷ്യനെ വച്ചു കണ്ടതോ ആയ രണ്ടു സ്വപ്നങ്ങളും പൂവണിഞ്ഞില്ല. എന്നു വച്ചാൽ മാനുഷികമായ പരിമിതിയിലേയ്ക്കുള്ള മടക്കം എന്ന ആത്യന്തികമായ ശരിയിലാണ് സിനിമ അവസാനിക്കുന്നത്. തന്റെ തകർച്ചയ്ക്കു കാരണം താൻ ചിന്തിക്കാൻ ആരംഭിച്ചതാണെന്ന് (ഒപ്പം വികാരം കൊള്ളുവാനും എന്നു നാം കണക്കിലെടുക്കണം) മ്യൂസിയം പീസായി ഇരിക്കുന്ന തന്നെ കാണാൻ വരുന്ന പെൺകുട്ടിയോട് ചിട്ടി പറയുന്നതായി നാം കേൾക്കുന്നുണ്ട്. യന്ത്രത്തിന്റെയാണോ, മനുഷ്യന്റെ( ആ പെൺകുട്ടിയുടെ) തന്നെയാണോ ആ നാടകീയ സ്വഗതാഖ്യാനം എന്നുള്ളത് വലിയ ആശയക്കുഴപ്പമുള്ള സംഗതിയല്ല. കാരണം മാനുഷികമായ പരിമിതികളെ ലംഘിക്കാൻ കഴിയുമോ എന്ന മനുഷ്യന്റെ ഭ്രാന്തൻ അന്വേഷണങ്ങളാണ് അവന്റെ നിർമ്മിതികളിൽ എന്നപോലെ ആ നിർമ്മിതികളെക്കുറിച്ചുള്ള സ്വപ്നങ്ങളിലും വിരാജിക്കുന്നത് എന്ന് ഏതു കൊച്ചുകുട്ടിയ്ക്കും മനസ്സിലാവുന്ന കാര്യമാണ്.
എന്നാൽ ചിട്ടിയുടെ ദുരന്തത്തിനു കാരണമായ സന ഏതു തരത്തിലാണ് വിശകലനത്തിനു വഴങ്ങി തരുക എന്നത് ആലോചിക്കേണ്ട വിഷയമാണ്. സന ഒരർത്ഥത്തിൽ ചിട്ടിയുടെ അമ്മയാണ്. സൃഷ്ടാവിന്റെ കാമുകി. അവൾക്ക് പാഠം പറഞ്ഞു കൊടുത്ത് പരീക്ഷയ്ക്ക് സഹായിക്കുമ്പോഴും തെരുവിൽ ചെന്ന് അവൾക്കു വേണ്ടി ആളുകളെ വിരട്ടുമ്പോഴും അവൾക്കായി ഭക്ഷണം പാകം ചെയ്യുമ്പോഴും നൃത്തം ചെയ്ത് അവളെ രസിപ്പിക്കുമ്പോഴും അവളുടെ ആജ്ഞാനുവർത്തിയായി മറ്റുള്ളവരെ സഹായിക്കുമ്പോഴും സ്ത്രീയുമായുള്ള പുരുഷന്റെ വിവിധ ബന്ധങ്ങളുടെ കുടമാറ്റങ്ങൾ അയാളിലുണ്ട്. തീവണ്ടിയിലെ കൊടുമ്പിരി കൊണ്ട സംഘർഷത്തിൽ അയാൾ അവളുടെ ചാരിത്ര്യസംരക്ഷകനുമാണ്. യന്ത്രത്തിന് മകനോ സഹോദരനോ കൂട്ടുകാരനോ പിതാവോ ഗുരുവോ ആയിരിക്കാൻ എളുപ്പമാണെങ്കിലും കാമുകനാവുക എന്നതിന്റെ മാനുഷികതയെ യാന്ത്രികതയ്ക്കൊപ്പം വയ്ക്കാൻ പറ്റാതെ പോകുന്നതിന്റെ പൊരുത്തക്കേടാണ് യന്തിരനിലെ ഈഡിപ്പസ് ഘടനയിൽ കുടിയിരിക്കുന്ന പാപം. വശി പൊളിച്ചുകളഞ്ഞ കച്ചടയിൽ നിന്ന് രണ്ടാം ജന്മം നേടി വരുന്ന ചിട്ടിബാബു, ഉൽപ്പാദനാവയവങ്ങൾ പോലുമുള്ള യന്ത്രമാണെന്ന (സ്വന്തം) പരാമർശം ഒരിടത്തുണ്ട്. അയാളുടെ രണ്ടാം ജന്മം മറ്റൊരു തരത്തിലുള്ള സാക്ഷാത്കാരമാണ് എന്ന് അർത്ഥം. അതായത് അയാളിൽ കുടികൊള്ളുന്ന സർവശേഷിയും വൈകാരികമായ പാരമ്യവും കൊണ്ട് അയാൾക്ക് ഒരിടത്തേയ്ക്ക് മാത്രമേ പോകാനുള്ളൂ, അത് സനയിലേയ്ക്കാണ്. ഇത്രയധികം ശേഷിയുള്ള യന്തിരന്, നശിച്ചിട്ടും ആഗ്രഹമൂർച്ഛയാൽ നശിക്കാൻ കൂട്ടാക്കാതിരിക്കുന്നതരം യാന്ത്രിക ഇച്ഛാശക്തിയുടെ അസാധാരണമായ ശേഷിയ്ക്ക് എന്തുകൊണ്ട് താരതമ്യേന നിസ്സാരമായൊരു ആഗ്രഹസഫലീകരണം സാധ്യമാവാതെ പോയി? മറ്റൊരർത്ഥത്തിൽ ആ ഒരു കഴിവുകേട് അയാളുടെ അമാനുഷികമായ ശേഷിയെ എല്ലാം സംശയത്തിന്റെ നിഴലിൽ നിർത്തുകയല്ലേ ചെയ്യുന്നത്?
അയാളെ അപ്രസക്തമാക്കുന്ന ഘടകം അതു തന്നെയാണ്. അതിശയോക്തിപരമായി സിനിമ അയാളിൽ ഏതെല്ലാം സിദ്ധികളുണ്ടെന്ന് കാണിക്കുന്നോ അതെല്ലാം ഒരൊറ്റ ലക്ഷ്യത്തിലേയ്ക്ക് കുതിക്കുന്ന മുനകൂർത്ത അമ്പാണെന്ന് മനസ്സിലാക്കാൻ ഒട്ടും പ്രയാസമില്ല. സുന്ദരിയും അപ്രാപ്യയുമായ സ്ത്രീയെ കൈവശപ്പെടുത്തുക എന്നതാണ് ആ ലക്ഷ്യം. അതു സാധ്യമല്ലാതെ വന്നാൽ തകർച്ചയാണു ഫലം. എന്തുണ്ടായിട്ടെന്ത്, ആഗ്രഹിച്ച പെണ്ണിനെ പ്രാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ന സാമാന്യ(ആണത്ത)ധാരണയുടെ നെടുവീർപ്പാണ് ഇവിടത്തെയും ദുരന്തഭൂമിക. ഞാൻ ചിന്തിക്കാൻ ആലോചിച്ചു എന്നുള്ള ചിത്രാവസാനത്തിലെ ഏറ്റുപറച്ചിൽ പോലും അയാൾ ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് സൂചിപ്പിക്കുന്നുണ്ടല്ലോ. എന്തായിരുന്നു അയാളുടെ ചിന്ത എന്നാലോചിച്ചാൽ അയാൾ സുന്ദരിയായ പെണ്ണിനെ കൈവശപ്പെടുത്താൻ നോക്കുകയും അതിനുള്ള വഴി തടസ്സപ്പെടുന്നു എന്നു കണ്ടപ്പോൾ ആക്രമണകാരിയായിതീരുകയും ചെയ്തതാണ്. അയാളുടെ തകർച്ചയുടെ വമ്പിച്ച ഒച്ചയ്ക്കു വേണ്ടിയുള്ള ഒരുക്കൂട്ടലുകളാണ് അമാനുഷികസിദ്ധിവിശേഷങ്ങളെപ്പറ്റിയുള്ള വാ പിളർന്ന ദൃശ്യവിവരണകോലാഹലങ്ങൾ. ഇതു തന്നെയല്ലഏ പത്തു തലയുള്ള രാവണനിൽ കാലാന്തരങ്ങൾ വായിച്ചെടുത്തുകൊണ്ടിരിക്കുന്ന ദുരന്തവും!
ഇക്കണ്ട സിദ്ധി വിശേഷങ്ങളെല്ലാം കൂടി കുത്തിച്ചെലുത്തി വച്ചിട്ടു വേണമായിരുന്നോ അയാളെ തറപറ്റിക്കാൻ എന്നാലോചിക്കുന്നത് രസകരമാണ്. അസാധാരണമായ ശേഷികൾ ഉള്ളയാൾ എന്ന നിലയ്ക്ക് അസാധാരണമായ ഒരു പ്രണയ(മനുഷ്യനും യന്ത്രവും)കഥയിലെ കൂടി നായകത്വം കൽപ്പിച്ചുകൊടുക്കാൻ എന്തായിരുന്നു തടസ്സം? പറ്റില്ല എന്നാണുത്തരം. അതു നാം വിചാരിക്കുന്നതുപോലെ അയാൾ യന്ത്രമായതുകൊണ്ടല്ല. മറിച്ച് അത് ഒരു വഴിവിട്ട ബന്ധമാകുമെന്നതുകൊണ്ടാണ്. സിമെട്രിക്കലായി സനയുടെ ചാരിത്ര്യം സംരക്ഷിക്കുന്ന രണ്ടു രംഗങ്ങൾ രണ്ടിടത്തായി സംവിധായകൻ വിന്യസിച്ചിട്ടുണ്ട്. അതിലൊന്ന് അതിവേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന തീവണ്ടിയിൽ വച്ച് ഒരു തെമ്മാടിക്കൂട്ടത്തിൽ നിന്ന് വളരെ പ്രയാസപ്പെട്ട് യന്തിരൻ ചിട്ടി, സനയുടെ പരിശുദ്ധി രക്ഷിച്ചെടുക്കുന്ന വേളയാണ്. രണ്ടാമത്തെ ഊഴം വശിയുടെയാണ്. ഒരു നാൾ ബോയിഫ്രണ്ടാകാൻ ചെന്നു മുട്ടിയ പച്ച മനുഷ്യൻ ആക്രമണകാരിയായപ്പോൾ അയാളിൽ നിന്ന് വശി സനയെ രക്ഷിക്കുന്നതിൽ ആദ്യത്തെ കൊടുങ്കാറ്റൊന്നുമില്ല. മണ്ണുവാരി എതിരാളിയുടെ കണ്ണിലിട്ടു, പെണ്ണിന്റെ കൈയ്യും പിടിച്ച് കുഞ്ഞൊരു ഓട്ടം ഓടി രക്ഷപ്പെട്ടു. അത്രേയുള്ളൂ. നായിക അവസാനം വരെ പരിശുദ്ധയായിരിക്കുക, അവളുടെ സംരക്ഷകത്വം നിസ്സംശയം നായകനിൽ നിക്ഷിപ്തമായിരിക്കുക തുടങ്ങിയ ജനപ്രിയ ഫോർമുലയുടെ പ്രവർത്തനത്തോടൊപ്പം തന്നെ രണ്ടാമത്തെ സംഭവത്തിനു പ്രത്യേകമായും ചിലതു കൂടി പറഞ്ഞു തരാനുണ്ട്. മലയാളിയുടെ സ്വന്തമായ നളചരിതം കഥകളിയിൽ നിന്ന് നേരിട്ട് ഇറങ്ങി വന്നൊരു സന്ദർഭമാണോ എന്നു സംശിക്കത്തക്ക സന്ധിബന്ധങ്ങളുള്ള ഒരു രംഗമാണത്. ജാതീയമായ/ വർണ്ണപരമായ ഉച്ചനീചത്വങ്ങളെ സംബന്ധിക്കുന്ന പ്രശ്നം അതിലുണ്ട്. കാട്ടിൽ വച്ച് ദമയന്തിയെ പാമ്പിൽ നിന്ന് രക്ഷിക്കുന്ന കാട്ടാളന്റെ ദുരന്തം അയാളുടെ അതിരു വിടുന്ന കാമമാണെന്ന് സാമ്പ്രദായിക ചിന്ത പറയുന്നത്. ദമയന്തിയെ വച്ചൊരു കുടുംബം സ്വപ്നം കാണുക മാത്രമാണ് അയാൾ ചെയ്യുന്നത്. രക്ഷിച്ചവനെങ്കിലും ഇഷ്ടക്കേടിനു വിധേയനായതുകൊണ്ട് അയാൾ ദമയന്തീകോപത്താൽ എരിഞ്ഞു കരിഞ്ചാമ്പലടിച്ചു പോയി. കുലകന്യകയുടെ പാതിവ്രത്യഭംഗത്തിനിച്ഛിച്ചതു മാത്രമല്ല, ആഗ്രഹിക്കാൻ പാടില്ലാത്തതു പ്രതീക്ഷിച്ചതും കൂടിയാണ് അയാളുടെ ദുരന്തഹേതു. കലാഭവൻ മണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒന്നുകൂടി പറയാനുണ്ട്. അയാളുടെ ഇച്ഛാഭംഗത്തിന് യന്തിരന്റേതുമായുള്ള സാമ്യമാണ് അത്. രണ്ടുപേരും സനയാൽ ആദ്യം പ്രചോദിതരായി തീരുകയും നിശ്ചയിക്കപ്പെട്ട അതിർത്തികളെ സ്വത്വബലം കൊണ്ട് ലംഘിക്കുകയും ചെയ്തവരാണ്. ഒരാൾ കണ്ണിൽ മണ്ണുവാരിയിട്ടാൽ ഒഴിവാക്കാവുന്ന രീതിയിൽ നിസ്സാരനായിരിക്കുകയും മറ്റേയാൾ വമ്പിച്ച നാശം ഉണ്ടാക്കി വച്ചുകൊണ്ട് കനപ്പെട്ടിരിക്കുകയും ചെയ്യുന്നു.
യന്തിരൻ സത്യത്തിൽ അരുത്താത്ത ബന്ധത്തിനായുള്ള ഇച്ഛയുടെയും അതിന്റെ തകർച്ചയുടെയും കഥയാണ്. ‘മനസ്സാൽ ചെയ്യപ്പെട്ട പാപമേ ഗുരുതരം’ എന്നു പറഞ്ഞുറപ്പിച്ച് കൺതിളക്കിയെടുത്ത സാമൂഹികപാഠങ്ങൾ വിധിച്ച ദണ്ഡനീതി യന്തിരന്റെ സ്വയം നാശത്തിലുണ്ട്. അതു നടപ്പിലാക്കാൻ കഴിഞ്ഞു എന്നതാണ് യന്തിരന്റെ ശുഭപര്യവസായിത. കാലാന്തരങ്ങളിൽ കുറ്റബോധത്തിന്റെ ഉമിത്തീയിൽ എരിയാനാണ് അതിനു യോഗം എന്ന തീർപ്പിൽ അഗമ്യഗമനത്തെപ്പറ്റിയുള്ള ഉത്കണ്ഠകളെ ശമിപ്പിക്കുന്ന ഇളം കാറ്റുണ്ട്. മാനസാന്തരം വന്ന ഈഡിപ്പസിനെ പുണ്യവാനാക്കുന്നതുപോലെയുള്ള ഒന്ന്. പൂർവ നിശ്ചിതമായ സാംസ്കാരിക ഘടനയ്ക്കകത്ത് അതിന്റെ അതിരുകളുമായി സമരസപ്പെട്ടും ഒട്ടി നിന്നും കൂടി പ്രവർത്തിക്കുമ്പോൾ യന്തിരന്റെ അബോധഘടന സദാചാരപരമായും സാമൂഹികപരമായും കൂടുതൽ ബലമുള്ളതായി തീരുന്നു.
October 17, 2010
അന്തിയിൽ അല്പാല്പം മരിച്ച് ഭാവിയിലേയ്ക്ക്
I
കാൾ മാർക്സിന്റെ 20 കവിതകളും ജെന്നിയ്ക്കെഴുതിയ ഒരു കത്തും ചേർന്ന ഒരു പരിഭാഷാ പുസ്തകം 1984 -ൽ പുറത്തു വന്നു. വിവർത്തകൻ ഓ എൻ വി കുറുപ്പ്. അതേ വർഷം തന്നെയാണ് ഓ എൻ വിയുടെ ഭാവുകത്വത്തിന്റെ ദിശാമാറ്റത്തെ അടയാളപ്പെടുത്തിക്കൊണ്ട് ‘ഭൂമിക്കൊരു ചരമഗീതവും’ പുറത്തു വന്നത്. ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’, ‘അക്ഷരങ്ങൾ’ എന്നീ സിനിമയിലെ പാട്ടുകൾക്ക് അതേ വർഷം അദ്ദേഹത്തിന് ഏഴാമതും സംസ്ഥാന ചലച്ചിത്ര അവാർഡു കിട്ടി. മാക്സിനൊപ്പം ഓ എൻ വി വിവർത്തനം ചെയ്ത മറ്റൊരു വിദേശസാഹിത്യകാരൻ പുഷ്കിനാണ്. (പുഷ്കിൻ : സ്വാതന്ത്ര്യബോധത്തിന്റെ ദുരന്തഗാഥ)പക്ഷേ ഓ എൻ വി കവിതയെക്കുറിച്ചുള്ള ആലോചനകളിലൊന്നും ഈ വിവർത്തനക്കാര്യങ്ങൾ അങ്ങനെ കാര്യമായി കടന്നു വന്നതായി അറിവില്ല. ആ കവിതകൾ അവയുടെ വിദേശഛായകൾ വെടിഞ്ഞ് ഓ എൻ വികവിതകളായി മാറിയിരിക്കുന്നു എന്നതാവാം കാരണം. 19 മുതൽ 22 വരെയുള്ള ഇളപ്പക്കാലത്തെഴുതിയ, കൊടുമ്പിരിക്കൊണ്ട പ്രണയവും അസ്വസ്ഥതകളുമാണ് മൂന്നു പുസ്തകങ്ങളിലായി നീണ്ടുപരന്ന മാക്സിയൻ കവിതകളുടെ പ്രമേയം. പക്ഷേ മാക്സിന് സ്വന്തം കവിതകളെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്നില്ല. ആകെ ഒരു കവിതയാണ് ജീവിതകാലത്ത് അദ്ദേഹം പ്രസിദ്ധീകരിച്ചത്. ലോകത്തെവിടെയും സംഭവിക്കുന്നതിനുമുൻപ്, 1912-ൽ തന്നെ മാർക്സിന്റെ ജീവചരിത്രം സ്വന്തം ഭാഷയിൽ വായിച്ച പ്രബുദ്ധരാണ് മലയാളികൾ ( അതെ വർഷം അദ്ദേഹത്തിന്റെ മറ്റൊരു ജീവചരിത്രവും ഇന്ത്യയിൽ എഴുതപ്പെട്ടിരുന്നു. ലാല ഹർദയാലിന്റെ പുസ്തകം. അതു പക്ഷേ ഇംഗ്ലീഷിലായിരുന്നു) അദ്ഭുതപ്രഭാവനും ഗൌരവക്കാരനുമായ മനീഷിയായി ആ ‘യോഗിവര്യന്റെ’ (സന്ന്യാസിയുടെ പര്യായപദങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പുസ്തകത്തിലുടനീളം മാർക്സിനോട് തന്റെ ബഹുമാനാദരങ്ങൾ പ്രയോഗിക്കുന്നത്) ചിത്രം പതിഞ്ഞു പോയതുകൊണ്ടാവണം വിവർത്തകൻ സാക്ഷാൽ ഓ എൻ വി കുറുപ്പായിട്ടും അവയെക്കുറിച്ചൊന്ന് ആലോചിക്കാൻ ആളുകൾക്ക് തോന്നാത്തത്. മറ്റൊരുകാരണം ഓ എൻ വിയൂടെ കാവ്യഭാഷയാണ്, സാഗരഗർജ്ജനത്തിനൊന്നും സന്നദ്ധമാവാത്ത ‘മൌനം ഉടഞ്ഞൊരു മന്ത്രം’ പോലെയുള്ളൊരു ഭാഷയാണത്. അതിലെങ്ങനെ മാക്സ് വിവർത്തിതനാകും എന്ന് മലയാളിയുടെ അബോധം ശങ്കിച്ചുപോയിരിക്കാനും സാധ്യതയുണ്ട്. ‘മനുഷ്യനും ചെണ്ടയും’ എന്ന കവിത നോക്കുക :
“.. അവനാചെണ്ടയെ നിന്ദിച്ചാർത്തു! രോഷം മൂത്തു തെരുതെരെ
അടിയോടടിയായ്! ചെണ്ടപൊട്ടി,ച്ചുടുനിണം വാർന്നൊഴുകിടും വരെ
... ചെണ്ടയതിനു മനുഷ്യനില്ല! മനുഷ്യനവനൊരു ചെണ്ടയില്ല!
എന്തു പിന്നെ? സന്ന്യസിക്കാൻ കോപ്പുകൂട്ടുകയാണ് മനുഷ്യൻ” - ഇതല്ലല്ലോ മലയാളിയുടെ മാക്സ്! ഇതിലെ ഭാഷ ഹൈസ്കൂളിൽ നിന്ന് കരേറിയിട്ടില്ലെന്നേ ഒറ്റനോട്ടത്തിൽ തോന്നൂ. ‘ജെന്നിയ്ക്കുള്ള ഉപസംഹാരഗീതം ആരംഭിക്കുന്നത് “നിന്നോടു ചൊല്ലാം കുഞ്ഞേ, ഞാനൊരു കാര്യംകൂടി” എന്നും പറഞ്ഞാണ്. ആ കുഞ്ഞേ വിളി സന്ദർഭത്തിലെ അസ്വാഭാവികത കൊണ്ട് വല്ലാതെ കല്ലുകടിക്കുന്നുണ്ട്. പ്രണയം കൊണ്ട് കുഞ്ഞേ എന്നു വിളിക്കുന്ന പതിവ് ജർമ്മനിയിലോ ഇംഗ്ലണ്ടിലോ കേരളത്തിലോ ഉണ്ടോ? ജെന്നിയ്ക്കുള്ള രണ്ടാമത്തെ ഗീതത്തിൽ “ജെന്നി-എന്നൊരേപദം മാത്രമായോരോവരി/തന്നിലും കുറിച്ചിട്ടൊരായിരം പ്രബന്ധങ്ങൾ പൂർത്തിയാക്കുവാനെനിക്കായിടും” എന്നു തുടങ്ങി അവസാനിക്കുന്നത് “സ്നേഹം താൻ ജെന്നി! - ജെന്നിയെന്നതു സ്നേഹത്തിൻ പേർ!” എന്നാണ്. സംശയമില്ല. മുടന്തുന്ന ഭാഷയാണ് ഇവിടത്തെ പോരായ്മ. എന്നാൽ അന്തഃസംഘർഷങ്ങൾക്ക് അരു നിൽക്കുമ്പോൾ ഓ എൻ വി, മാക്സാവുന്ന വിസ്മയക്കാഴ്ചയും ഇതേ സമാഹാരത്തിൽ ഉണ്ട്.
“അന്തമെഴാത്ത സംഘർഷങ്ങളിൽ, ഏതു-
മന്തമില്ലാത്തതാം കോളിളക്കങ്ങളിൽ,
ആവില്ല ജീവിതത്തോടൊത്തുപോകുവാ
നാവില്ലൊഴുക്കിനോടൊത്തു നീന്തീടുവാൻ (അനുഭൂതികൾ)
“എനിക്കു വേണ്ടാ, ശാന്തസ്വച്ഛജീവിതം
ഭൂമി നടുക്കും കൊടുങ്കാറ്റിൻ കരുത്താ-
ണെന്നാത്മാവിൽ”
എന്ന് മറ്റൊരു കവിതയിൽ. പുഷ്കിന്റെ സ്വാതന്ത്ര്യവും മാക്സിന്റെ വിപ്ലവവുമായിരിക്കും ഓ എൻ വിയെ ഈ കവിതകളുടെ വിവർത്തനത്തിലേയ്ക്ക് നയിച്ചത്. പകർന്നു കിട്ടിയത് അതൊന്നുമല്ലാത്തതുകൊണ്ടാവാം ആ പുസ്തകങ്ങൾ പെട്ടെന്ന് മറന്നു പോയത്.(മാക്സിന്റെ കവിതകൾക്ക് രണ്ടാം പതിപ്പ് മൾബറി ഇറക്കി. ആദ്യപതിപ്പ് ഗ്രന്ഥശാലാസഹകരന സംഘത്തിന്റെ) ഒരു ചങ്ങമ്പുഴയുടെ തുടക്കക്കാലമായി മാക്സിനെ വായിക്കാൻ മലയാളിക്കു ബുദ്ധിമുട്ടുണ്ടാകും. വായനാസുഖവും ഒഴുക്കും വിവർത്തിത കവിതകൾക്കല്ല, പുഷ്കിനെക്കുറിച്ചുള്ള പഠനലേഖനത്തിനാണ് മറ്റേ പുസ്തകത്തിൽ എന്നതും കൂടി ചേർത്തു വച്ചു വായിച്ചാൽ മറ്റൊരാളെ മറ്റൊരാളായിതന്നെ ഭാഷയിലാവാഹിക്കുന്നതിനെ ശക്തിയുക്തം എതിർത്തു നിൽക്കുന്ന ഒരു ‘സ്വം’ ഓയെൻവിയിൽ കവിതകളിൽ കണ്ടെത്താൻ കഴിഞ്ഞേക്കും. ചങ്ങമ്പുഴയെയും സച്ചിദാനന്ദനെയും ഒക്കെ പറ്റിയുള്ള ആരോപണം അവർ അവരവരുടെ വിവർത്തനങ്ങളെ സ്വന്തം കാവ്യങ്ങളായി മാറ്റിയെന്നാണല്ലോ. ഓയെൻവിയെന്ന ഇടയദ്ധ്യായത്തിന്റെ കഥ അതിലും വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ അബോധപ്രേരണങ്ങൾ തന്നെയല്ലാതെ മറ്റാരെയും ആവിഷ്കരിക്കുന്നതിൽ നിന്ന് വിലക്കി ഇടന്തടിച്ചു നിൽക്കുകയാണ്. കാൽപ്പനികതയുടെ ചിരപരിചിതമായ കൈവഴിയിലെ ഒരു ട്വിസ്റ്റാണിത്. എന്നാൽ സ്വാംശീകരിച്ച ആശയങ്ങൾക്കാവട്ടെ, തിളക്കമുള്ള ഒഴുക്കുമുണ്ട്. ‘സഹജാതർ തന്മൊഴി സംഗീതമായ് തോന്നും നാൾ വരും, ആശിക്കുക, മംഗളവചസ്സെന്നാൽ തൊണ്ടയിൽ കുരുങ്ങുന്നു’ എന്ന അശാന്തിപർവത്തിലെ വരി, കവിയായ മാക്സും ഓയെൻവിയും ചേർന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ്.
II
ജനങ്ങൾ ആർക്കുന്ന ഒരു തെരുവല്ല, പുറത്തേയ്ക്കു തുറക്കുന്ന ജാലകങ്ങളുള്ള തെരുവോരത്തെ ഏകാന്തമായ പുഷ്പലതാസദനമാണ് ഓയെൻവി കവിതയുടെ രചനാവേദി. ( ‘ആദ്യത്തെയും അടിപ്പടവിലെയും ഓ എൻ വി’ എന്ന ലേഖനത്തിൽ ഓയെൻവിയെ നെരൂദയുമായുള്ള വിദൂര താരതമ്യത്തിന് വിധേയനാക്കിയിട്ടുല്ലത് ഓർമ്മിച്ചുകൊണ്ട്) വിശ്വാസരാഷ്ട്രീയം പുറത്തു തന്നെ കാവൽ നിന്നു. സുലളിതപദങ്ങളാൽ കവിത ചിലങ്ക മുഴക്കി അകത്തു നൃത്തം ചെയ്തു. ‘ഒറ്റക്കമ്പിയുള്ള തമ്പുരു’ എന്ന് പി ഭാസ്കരനും ‘എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്തെ’ന്ന് വയലാറും അവരവരുടെ വിപ്ലവസങ്കൽപ്പങ്ങളെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ അപകർഷത്തോടെ കാൽപ്പനികതയുടെ നുകത്തിൽ കെട്ടിയിട്ട നിലയ്ക്ക് ഓയെൻവിക്കവിതയ്ക്കുള്ള വിശേഷണം അനിതാതമ്പി എഴുതിയതുപോലെ ‘വഴിവക്കിലെ പൂമരം’ എന്നാകുന്നതു ശരിയാവും. തിരക്കിൽ നോക്കിയും എന്നാൽ അകന്നു മാറിനിന്നും.
സൃഷ്ടി എന്ന സിനിമയിലെ ഗാനമായി അവതരിച്ച ‘സൃഷ്ടിതൻ സൌന്ദര്യമുന്തിരിച്ചാറിനായി കൈക്കുമ്പിൾ നീട്ടുന്നു നിങ്ങൾ’ എന്ന കവിത (‘ഞാൻ’ എന്നാണതിന്റെ പേര്) , കവിയെന്ന കുരിശുമരണക്കാരന്റെ നയപ്രഖ്യാപനമാണ്. സർഗവേദനയെക്കുറിച്ച് നിങ്ങൾക്ക് - മധുരത്തിനു കുമ്പിളും കുത്തി കാത്തു നിൽക്കുന്ന വായനക്കാർക്ക് -ഒരു ചുക്കും അറിയില്ലെന്നാണ് കവി അതിൽ കരയുന്നത്. ആയിരം പൂവുകളെ അയാൾ കീറിമുറിച്ചത്, സഹോദരരെ കൊന്നത്, ഭൂമിപുത്രിയെ കാട്ടിലെറിഞ്ഞത്, ഒരു പുതു വിഗ്രഹത്തിനായി പല പല വിഗ്രഹങ്ങൾ തകർത്തത്, ദീപങ്ങളൊക്കെ കെടുത്തി പ്രാർത്ഥിച്ചത്. ശാന്തിയെ കുടിയിരുത്താൻ തീർത്ത ചുടലകൾ. ആരും ഒന്നും അറിയുന്നില്ല. പക്ഷേ യുഗത്തിന്റെ ഇതിഹാസം അയാളുടെ വീരസാഹസചിത്രം രേഖപ്പെടുത്തി വയ്ക്കാതിരിക്കില്ല. ഈ കവിതയിൽ നിന്ന് ഭൂമിയ്ക്കൊരു ചരമഗീതത്തിലെ ‘സൂര്യഗീതത്തിലേയ്ക്ക് ദൂരം വളരെ ചെറുതാണെന്നു കാണാം. മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തിയായ സൂര്യന് സ്വസ്തി ചൊല്ലുന്ന കവിതയാണത്. അദ്ദേഹത്തിന്റെ വറ്റാത്ത നിറവാർന്ന അക്ഷയപാത്രത്തിലെ പാൽവെളിച്ചം കുടിച്ചാണ് കൊച്ചുഭൂമിയിൽ ജീവൻ നൃത്തം വയ്ക്കുന്നത്. ഈ സൂര്യൻ കവി തന്നെയാണ്. താൻ മറ്റുള്ളവർക്കായി എരിഞ്ഞുകൊണ്ടിരിക്കുന്ന സുസ്നേഹമൂർത്തിയാണെന്ന സ്വയം പ്രഖ്യാപനമാണ് കവിത. ‘നീയെന്റെ വാക്കിന്റെ തിരിയിൽ നിന്നെരിയുന്നു’ എന്ന് വാച്യമായി തന്നെ അതിനു കവിതയുടെ അവസാനത്തിൽ കവി അംഗീകാരം കൊടുത്തിട്ടുണ്ട്. വാഴ്വിന്റെ ലഹരി, വാഴ്വെന്ന ലഹരി കവിതാസ്വാദനത്തിന്റെയുമാണെന്ന് പല കവിതകളിലും കവി ആവർത്തിച്ചിട്ടുള്ള ആശയമാണ്. ‘എവിടെയുമെനിക്കൊരു വീടുണ്ട്, ഞാനുണ്ടെഴുതി മുഴുമിക്കാത്ത കവിതയും; കാണുവാനുഴറുന്ന നല്ല മനുഷ്യരും അവരൊത്ത് നുകരാൻ കൊതിക്കുന്ന വാഴ്വിന്റെ ലഹരിയും....( വീടുകൾ) എന്റെ അമൃതമീ നിൻ സ്മൃതികൾ മാത്രം, ചിറകുകളിൽ സംഗീതമുള്ള കളഹംസമേ അരിയ നിൻ ചിറകിന്റെ തൂവലിൻ തുമ്പിൽ ഒരു മാത്രയെങ്കിൽ ഒരു മാത്ര എൻ വാഴ്വെന്ന മധുരമാം സത്യം ജ്വലിപ്പൂ..(ഭൂമിക്കൊരു..)
താൻ ശ്വസിച്ചുജീവിക്കുന്ന ലോകത്തിനു സമാന്തരമായി നിർമ്മിച്ച ഒരു ലോകമാണിത്. ഇഹ ലോകത്തിൽ നിന്നു കിട്ടുന്ന ചോദനകൾക്ക് പരിഹാരം തേടാനുള്ള അതീവസാങ്കൽപ്പികമായ ഒരു ലോകമാണ് ഓയെൻവിയുടെ കാവ്യലോകം. കവിതയെ പാട്ടുമായി അടുപ്പിച്ച കവിയെന്ന പ്രശംസയുണ്ട് ഓയെൻവിയ്ക്ക്. മനസ്സിന്റെ തീർത്ഥയാത്രയിലെ ‘നടന്നും നടന്നേറെ തളർന്നും...’, ചില്ലിലെ ‘ഒരു വട്ടം കൂടി..’, സ്വപ്നത്തിലെ ‘സൌരയൂഥത്തിൽ വിടർന്നൊരു...’, ഉൾക്കടലിലെ ‘ എന്റെ കടിഞ്ഞൂൽ..’, കുമാരസംഭവത്തിലെ ‘പൊൽത്തിങ്കൾക്കല പൊട്ടു തൊട്ട..’ എന്ന ശ്ലോകം. കവിതയെ വിശദീകരിക്കുന്ന തന്റെ പുതിയ ഒരു കവിതയ്ക്ക് അദ്ദേഹം കൊടുത്ത പേരു്, ‘എന്റെ പാട്ടിൽ’ എന്നാണ്. ‘കവിതയിൽ’ എന്നല്ല. സ്വപ്നങ്ങളുടെ വഴക്കമുള്ളതും നിറഭംഗികൾ കലർന്നതും രൂപം മാറുന്നതും ആയ അല്പം നിഗൂഢവുമായ ഘടന ഓയെൻവി കവിതകൾക്കുണ്ട്. അത് ജനപ്രിയമാകുന്നതിന്റെ കാരണമതാണ്. കവിതയിലൂടെ കഥപറയാൻ ഓയെൻവിയ്ക്കുള്ള താത്പര്യം ശ്രദ്ധിച്ചാൽ അതിനുള്ളിൽ പ്രവർത്തിക്കുന്നതുപോലും ഒരു ലോകത്തിനുള്ളിലെ മറ്റൊരു ലോകം എന്ന ആഖ്യാനഘടനയാണെന്ന് പെട്ടെന്ന് മനസ്സിലാവും. ഇത് കവി അറിയാതിരുന്നിട്ടില്ല. ‘മർത്ത്യനെപ്പറ്റിയാണല്ലോ നിന്റെ പാട്ടുകളെങ്കിലും അമർത്ത്യത കടക്കണ്ണാൽ നിന്നെയെന്നേ വരിച്ചുപോൽ’ എന്ന് ‘മരണത്തിന്നപ്പുറ’മെന്ന കവിതയിൽ എഴുതുന്നു. അമർത്ത്യതയുടെ ലോകം വാക്കിന്റെ ലോകമാണ്. ‘തീരെ ചെറിയ ശബ്ദങ്ങൾ’ എന്ന കവിതയിൽ രണ്ടു തരം ശബ്ദങ്ങളുടെ വിവരണത്തിലും ഈ രണ്ടുലോകങ്ങൾ വിരിയുന്നുണ്ട്. ഒന്ന്, പെരും കൂടം ഇരുമ്പിനെ മെരുക്കുന്നതിന്റെ, കുതിരക്കുളമ്പടികളുടെ, കതിനയുടെ, മഴയുടെ, നദിയുടെ, സ്വതന്ത്രതാ ഗാനത്തിന്റെ വലിയ ശബ്ദങ്ങൾ. പക്ഷേ തനിക്കിഷ്ടം എന്നു പറഞ്ഞ് കവി ചെന്നു കയറുന്നത് ഇലകളിൽ നിന്ന് മഞ്ഞുകണങ്ങൾ വീഴുന്നതിന്റെ, തരിവളകളുടെ, മരമുടിയിഴകൾ തലോടുന്ന കാറ്റിന്റെ, ചിലങ്കയിൽ നിന്ന് അടർന്നു വീഴുന്ന മണികളുടെ, സ്വപ്നത്തിന്റെയൊക്കെ തീരെ ചെറിയ ശബ്ദങ്ങളിലേയ്ക്കാണ്.
താൻ കേന്ദ്രമായ ഒരു സ്വകാര്യലോകത്ത് കവിയിരിക്കുന്നു. അത് വാക്കിന്റെ ലോകവും വാക്കു പുറപ്പെട്ടു വരുന്ന ലോകവും ആകുന്നു. അത് സ്വപ്നത്തിന്റെ നിയമങ്ങളുമായി നീക്കുപോക്കുള്ള ലോകമാണ് . പ്രചോദനങ്ങൾക്കുവേണ്ടിയുള്ള ഒരു ബന്ധം മാത്രമാണ് അതിനീ ഇരുണ്ടവാസ്തവ ലോകവുമായുള്ളത്. ഓയെൻ വി കവിതകളിൽ പരന്നു കിടക്കുന്ന ആശംസകളുടെ എണ്ണം അസംഖ്യമാണല്ലോ. ഭൌതികദുരന്തങ്ങളുടെ നടുവിൽ നിന്നു തിരിഞ്ഞുകൊണ്ടല്ല, ഈ ആശംസകളൊക്കെയും. വെളിച്ചവും പ്രാവുകളും വാക്കുകളും നക്ഷത്രങ്ങളും മഴവില്ലും ആകാശവും മധുരവും സൌന്ദര്യവും ദേവതമാരും തന്റെ വരുതിയിൽ കൈയെത്താവുന്നിടത്തിരിക്കുന്ന ഈ രണ്ടാം ലോകത്തു നിന്ന് പുറപ്പെട്ടു വരുന്നതാണ് അവ.
October 12, 2010
അപ്പം കൊണ്ടു മാത്രമല്ല
സ്റ്റാലിന് തുടങ്ങിയുള്ള ഭൂതകാല അസ്വസ്ഥതകള്‍ നിങ്ങളുടെ തലവേദനയാണ് ! ഞങ്ങളുടെയല്ല. ക്ഷമാപണങ്ങള്‍ മറ്റേ വശത്തു നിന്നും ആരംഭിച്ചു തുടങ്ങട്ടേ, നമ്മുടെ പക്ഷത്തിന് ഇനി അതിന്റെ ആവശ്യമില്ല. വിശാല-ജനാധിപത്യ ആദര്‍ശാത്മക ഭീഷണികളുടെ കാലം കഴിഞ്ഞിരിക്കുന്നു !
- സ്ലാവോജ് സിസക്ക്
യെവ്ജെനി യെവ്തുഷെങ്കോയുടെ കവിതകൾ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്ന ‘സോവ്യറ്റ് സ്പോർട്സ്’ എന്ന പ്രസിദ്ധീകരണത്തിലെ വിദേശവാർത്തകൾ, പാർട്ടി, ഫുട്ബോൾ, സാഹിത്യം എന്നീ നാലുവിഭാഗങ്ങളുടെ ചുമതലവഹിച്ചിരുന്ന അലക്സാന്ദ്രോവിച്ച് ടറാസോവ് ഒരിക്കൽ -മെയ്ദിനത്തിന് മാസിക പുറത്തിറങ്ങുന്ന ദിവസം- യെവ്തുഷങ്കോയെ വിളിച്ചു് അല്പമൊന്നമ്പരന്ന പുഞ്ചിരിയോടെ പറഞ്ഞു -
“ചെറിയ ഒരു പ്രയാസമുണ്ട് സന്യാ, ചീഫ് എഡിറ്റർ വെപ്രാളം പിടിച്ചിരിക്കുന്നു. നിങ്ങളുടെ കവിതയിൽ സ്റ്റാലിനെക്കുറിച്ചൊന്നും പറയുന്നില്ല. അതു ചേർക്കാനും വൈകി.”
“അതുകൊണ്ടെന്ത്” കവി തിരക്കി
“ഒന്നുമില്ല. നാലുവരി ഞാൻ എഴുതിച്ചേർത്തു.” ടറാസോവ് പറഞ്ഞു. കവിതകൾ നിരന്തരം എഴുതിയിരുന്നെങ്കിലും മിക്ക പ്രസിദ്ധീകരനങ്ങളും യെവ്തുഴെങ്കോയുടെ രചനകൾ നിരസിച്ചിരുന്നു. അതുകൊണ്ട് തന്റെ കവിതയിൽ സ്റ്റാലിൻ ഉണ്ടായാലും ഇല്ലെങ്കിലും തനിക്കൊന്നുമില്ലെന്നാണ് യെവ്തുഷെങ്കോ ആദ്യം വിചാരിച്ചത്. കുട്ടിക്കാലം മുതലേ സ്റ്റാലിനെ ആരാധിച്ചു വന്നിരുന്നതാണ്. ഒരു കവിത പ്രസിദ്ധീകരിക്കണമെങ്കിൽ അതിൽ സ്റ്റാലിനെ പ്രകീർത്തിക്കുന്ന 4 വരിയെങ്കിലും ഉണ്ടാവണമെന്ന നിയമം ആവർത്തിക്കേണ്ടി വന്നപ്പോൾ കലമ്പി. ഒരിക്കൽ ‘പ്രാവ്ദ’യിൽ അച്ചടിച്ചു വന്ന ഒന്നിനും കൊള്ളാത്ത കവിതയ്ക്ക് രണ്ടാം പ്രാവശ്യവും സ്റ്റാലിൻ പ്രൈസ് കിട്ടിയതിനെക്കുറിച്ച് സംസാരിക്കാനായുമ്പോൾ യെവ്തുഷ്ങ്കോയെ വേദിയിലിരുന്ന താടി നരച്ച പ്രസിദ്ധനായ ഒരു കവി സമയം കഴിഞ്ഞെന്ന് പറഞ്ഞ് വിലക്കിയിരുന്നു. സ്റ്റാലിൻ പ്രൈസ് എന്നു പേരുള്ള സാഹിത്യപുരസ്കാരത്തിന് അർത്ഥങ്ങൾ വേറെയാണ്. പുസ്തകം ധാരാളമായി അച്ചടിക്കപ്പെടും. പത്രങ്ങളിൽ വലിയ വായിൽ വാർത്തയും ചിത്രങ്ങളും വരും. ഏതെങ്കിലും ഔദ്യോഗിക സ്ഥാനം ലഭിക്കും. കാറോ ബംഗ്ലാവോ കിട്ടും. പക്ഷേ അവാർഡു കിട്ടുന്നത് ‘ജീവിച്ചിരിക്കുന്നവർക്കല്ല, ശവങ്ങൾക്കാണെന്ന്’ തിരസ്കൃതനായ ഒരു കവി അലറുന്നതും യെവ്തുഷെങ്കോ കണ്ടു.
സോവ്യറ്റ് റഷ്യയിൽ ലക്ഷക്കണക്കിനു ജനങ്ങൾ എഴുത്തും വായനയും അഭ്യസിച്ചിട്ടുണ്ട്. എന്തു പ്രയോജനം? സ്റ്റാലിന് അനിഷ്ടകരമായതൊന്നും എഴുതാനോ വായിക്കാനോ പറ്റില്ല എന്ന് ലൂയി ഫിഷർ (1947-ൽ, സ്റ്റാലിൻ ജീവിച്ചിരിക്കേ തന്നെ) എഴുതി. ഒരിക്കൽ അന്ന അഖ്മത്തോവ പോളിടെക്നിക് മ്യൂസിയത്തിൽ കവിതവായിക്കാനായി പ്രവേശിച്ചപ്പോൾ കാണികൾ എഴുന്നേറ്റു നിന്ന് അരമണിക്കൂറോളം കൈയടിച്ചു. ഈ വാർത്തയറിഞ്ഞ സ്റ്റാലിൻ അവരുടെ പൊതു പരിപാടികൾ ഉടൻ നിർത്തി വയ്പ്പിച്ചു എന്നൊരു കഥയുണ്ട്. യുക്തി ലളിതമാണ്. തന്റെ രാജ്യത്തിൽ കൈയടിയ്ക്ക് അർഹനായി താൻ മാത്രമേയുള്ളൂ. ഈ വിചാരധാരയുടെ തണലിലാണ് ഏകാധിപതികൾ ചായുറങ്ങുന്നത്. സ്റ്റാലിന്റെ കൊടും ഭീകരതയ്ക്കിരയായ തന്റെ മകനെയും ഭർത്താവിനെയും കുറിച്ചുള്ള ഓർമ്മകൾ വിതുമ്പുന്ന കാവ്യപരമ്പര അഖ്മത്തോവ 34 വർഷങ്ങൾക്കുശേഷം പ്രസിദ്ധീകരിച്ചു. പ്രശസ്തനായ ഷോസ്താകോവിച്ചിയുടെ ‘മ്ത്സെൻസ്കിലെ ലേഡി മാക്ബത്ത്’ എന്ന ഓപ്പറ കാണാൻ സ്റ്റാലിൻ പോയ ഒരു കഥയുണ്ട്. (സ്റ്റാലിന് എന്തു സംഗീതം? എന്തു കവിത? എന്തു തത്ത്വചിന്ത? പക്ഷേ ഏകാധിപതി സർവജ്ഞനായിരിക്കണം) അന്നോളം ‘പ്രാവ്ദ’, ഈസ്വെസ്റ്റിയ’ തുടങ്ങിയ വൻകിട പത്രങ്ങളിൽ പോലും ഉജ്ജ്വലമായ ആസ്വാദനം ലഭിച്ച സൃഷ്ടിയായിരുന്നു അത്. സോവ്യറ്റ് അധികൃതരുടെ അനുമതിയോടെ, അതു കളിച്ച വിദേശരാജ്യങ്ങളിലും അതിനു പ്രശംസകൾ കിട്ടിയിരുന്നു. മോസ്കോയിലും ഇതരനഗരങ്ങളിലും തിങ്ങിയ സദസ്സുകൾക്കുമുന്നിൽ അവതരിപ്പിച്ചു വരികയായിരുന്ന ഓപ്പറ എന്നാൽ സ്റ്റാലിന് ഇഷ്ടമായില്ല. പിറ്റേന്ന് സ്റ്റാലിന്റെ അഭിപ്രായം, സ്വന്തം അഭിപ്രായമാക്കി ഡേവിഡ് സാസ്ലാവ്സ്ക്കി പ്രാവ്ദയിൽ ഒരു ലേഖനം കാച്ചി. അയാളെ വിളിച്ചു വരുത്തി സ്റ്റാലിൻ തന്നെ പറഞ്ഞു കൊടുത്തതാണ് ‘വിരസം, ഭീകരം’ തുടങ്ങിയ അഭിപ്രായങ്ങൾ. ചെറുകിടപ്പത്രങ്ങൾ അതേറ്റുപാടി. ‘ലേഡി മാക്ബെത്ത്’ സോവ്യറ്റ് യൂണിയനിൽ നിരോധിക്കപ്പെട്ടു. അതോടെ ഷോസ്താകോവിച്ച് ഒരു പീറപ്പാട്ടുകാരനായി. (ആക്കി)
ആത്മകഥയിലൊരിടത്ത് സ്റ്റാലിൻ ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം അറസ്റ്റുകളും കൊലപാതകങ്ങളുമല്ലെന്ന് യെവ്തുഷെങ്കോ എഴുതുന്നു. മാനുഷികമായ നന്മയുടെ ശിഥിലീകരണമായിരുന്നു എല്ലാത്തിനേക്കാളും ഭീകരം . ജൂതവിരോധം സ്റ്റാലിൻ പ്രസംഗിച്ചു നടന്നില്ലെങ്കിലും പ്രവൃത്തിയിൽ അതു പ്രകടമായിരുന്നു.സ്വാർത്ഥതാത്പര്യങ്ങളോ അടിമത്തമോ ചാരപ്പണിയോ ക്രൂരതയോ മതഭ്രാന്തോ കാപട്യമോ അനുവർത്തിക്കണമെന്ന് പറഞ്ഞിട്ടില്ല. പക്ഷേ പ്രവൃത്തികളിലൂടെ അനുയായികൾക്ക് അതാണ് അയാൾ കാണിച്ചു കൊടുത്തത്. കമ്മ്യൂണിസം പ്രസംഗിക്കുകയും ആദർശങ്ങൾ വളച്ചൊടിക്കുകയും ചെയ്യുന്നവർ (പാശ്ചാത്യരായ) യഥാർത്ഥ കമ്മ്യൂണിസ്റ്റ് വിരോധികളെക്കാൾ അപകടകാരികളാണെന്ന്, സ്വന്തം ശത്രുക്കളെ കമ്മ്യൂണിസത്തിന്റെ ശത്രുക്കളായി വിധിയെഴുതുന്ന സൈദ്ധാന്തിക കവി ‘കെ’യെ സാക്ഷി നിർത്തി അദ്ദേഹം എഴുതിയിട്ടു.
1953 മാർച്ച് 5 ന് സ്റ്റാലിൻ മരിച്ചു. ‘റഷ്യയെ ചിതറിച്ചുകൊണ്ട്’ എന്നെഴുതുന്നു യെവ്തുഷെങ്കോ. കാരണമുണ്ട്. സ്റ്റാലിൻ എല്ലാ സൌകര്യങ്ങളും നോക്കി സംരക്ഷിക്കും എന്ന വിശ്വാസത്തോടെ ജീവിച്ച സാധാരണമനുഷ്യരെയാണ് ആ മരണം ചകിതരാക്കിയത്. അത്രയും ജീവിതത്തോട് ഇഴുകിച്ചേർന്നിരുന്ന ഒന്ന് ഇല്ലാതായി എന്നു വിശ്വസിക്കാൻ ജനക്കൂട്ടത്തിനു അത്ര പെട്ടെന്ന് കഴിയുമായിരുന്നില്ല. ട്രൂബ്നായ ചത്വരത്തിൽ പതിനായിരക്കണക്കിനാണ് ആളുകൾ ഒഴുകിയത്. അവരുടെ ഉച്ഛ്വാസവായു മാർച്ചുമാസത്തെ ഇലകളില്ലാത്ത മരങ്ങൾക്കുമേൽ മേഘക്കൂട്ടങ്ങളെ പോലെ കറങ്ങി നടന്നു. അതിഭീകരമായ വെള്ളച്ചുഴിപോലെ കറങ്ങിനീങ്ങിക്കൊണ്ടിരുന്ന ജനസമുദ്രത്തിന്റെ ആവേഗം നീലക്കണ്ണുകളുള്ള ഒരു പെൺകുട്ടിയുടെ ശരീരാസ്ഥികളെ വഴിവക്കിലെ പോസ്റ്റിലിടിച്ച് നുറുക്കി. ഇടിയുടെ ആഘാതത്തിൽ നുറുങ്ങിപ്പോയ അവളുടെ കരച്ചിൽ ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കും അട്ടഹാസങ്ങൾക്കും നടുവിൽ മുങ്ങിപ്പോയി. പിന്നാലെ മറ്റൊരാൾ. ജനക്കൂട്ടം തങ്ങളിൽ ചെറുതും വേഗതയില്ലാത്തതുമായ ശരീരങ്ങളെ ചവിട്ടിമെതിച്ച് ചോരതുപ്പിച്ചും ശ്വാസം മുട്ടിച്ചും എല്ലു നുറുക്കിയും കൊന്നുകൊണ്ടിരുന്നു. റോഡുകളിൽ കിടന്ന ട്രക്കുകളിൽ തലയിടിച്ചും ആളുകൾ ചത്തു മലച്ചു. ട്രക്കുകളുടെ വശങ്ങളിൽ ചോര ചാലിട്ടൊഴുകി. വന്മരങ്ങൾ വീഴുമ്പോൾ പുൽക്കൊടികൾ കാരണമില്ലാതെ ഞെരിയുമെന്നതിന് ഇന്ത്യൻ പാഠങ്ങളും പാഠഭേദങ്ങളുമുണ്ട്. അത് ആസൂത്രിതമായ ഹിംസ. ഇവിടെ എന്തിനാണ് രാത്രി ശലഭങ്ങളെപ്പോലെ ജനം തെരുവിലിറങ്ങി നിസ്സഹായതയ്ക്ക് ബലിയാവുന്നത്?
‘സ്റ്റാലിൻ മരിച്ചു.
എന്നാൽ അയാളുടെ ഒഴിഞ്ഞ കസേര ബാക്കിയാണ്.
ആ കസേരയെ എല്ലാവർക്കും പേടിയാണ്. കാരണം മരിച്ചയാൾ എപ്പോഴാണ് ചാടി വീഴുക എന്നെങ്ങനെ പറയും?
മുപ്പതുകൊല്ലക്കാലം ഭീതിയുടെയും അവിശ്വാസത്തിന്റെയും കാലാവസ്ഥയിൽ പുലർന്ന ഒരു സമൂഹത്തിന്
പെട്ടെന്ന് ലഭിച്ച ഭാഗ്യത്തെ എങ്ങനെ വിശ്വസിക്കാൻ പറ്റും?’ യെവ്തുഷെങ്കോ ഒരു കവിതയിൽ ചോദിച്ചു. തന്റെ മരണം ആഘോഷിക്കാൻ ഒത്തുകൂടിയവരെ മുഴുവൻ വെടിവച്ചുകൊന്ന സ്വേച്ഛാധിപതിയുടെ കഥ പറഞ്ഞ ഏലിയാസ് കനേറ്റിയാണ് ‘മരിച്ചവരെപ്പോലും ഭയപ്പെടണമെന്ന്’ പറഞ്ഞത്. ‘മരിച്ചത് ശക്തനാണെങ്കിൽ പ്രത്യേകിച്ചും. വൈരം, പക, വിദ്വേഷം എന്നിവ അയാളുടെ മരണത്തിനു ശേഷവും ഭയങ്കരമായി നിലനിൽക്കും.’ ക്രൂഷ്ചേവിന്റെ ഭരണകാലത്ത് ജോർജിയയുടെ തലസ്ഥാനമായിരുന്ന ടിഫ്ലിസിൽ ഒരു വിദ്യാർത്ഥി പ്രകടനം നടന്നിരുന്നു. ഇരുപതാം പാർട്ടി കോൺഗ്രസ്സിൽ ‘രാജ്യത്തിന്റെ കൺ കണ്ട ദൈവമായ’ സ്റ്റാലിനെ അപകീർത്തിപ്പെടുത്തുന്ന ചില പരാമർശങ്ങൾ ക്രൂഷ്ചേവ് നടത്തിയതിനെതിരെയുള്ള പ്രതിഷേധമായിരുന്നു, ആ പ്രകടനം. അത് പെട്ടെന്ന് കലാപമായി മാറി. ഏഴായിരം പേർ കൊല്ലപ്പെട്ടു എന്നായിരുന്നു വാർത്ത. പട്ടണം പുറം ലോകത്തു നിന്നും ആഴ്ചകളോളം ഒറ്റപ്പെട്ടു. മരിച്ചിട്ടും ഒരാൾ കൊല്ലും കൊലയുമായി ഇറങ്ങി നടക്കുകയാണ്. ഇതാണ് ശവശരീരങ്ങൾ വളരുക എന്നതിന്റെ പര്യായോക്തം. വൈരത്തിനും പകയ്ക്കും വിദ്വേഷത്തിനുമൊപ്പം നിസ്സഹായതയും എന്ന് കൂട്ടിച്ചേർക്കണം. ഡൊമിനിക് ലാപ്പിയറുടെ ‘അന്നൊരിക്കൽ സോവ്യറ്റ് യൂണിയനിൽ’ എന്ന പുസ്തകത്തിൽ കാണാം ആ ഭാവങ്ങളിൽ ചിലത്. കീവ് സന്ദർശനത്തിനു ശേഷം ‘ബാബിയാർ’ എന്നൊരു കവിത യെവ്തുഷെങ്കോ എഴുതിയിരുന്നു. സ്റ്റാലിൻ മരിച്ച് വർഷങ്ങൾക്കു ശേഷമാണ്. ജൂതവിരോധത്തിനെതിരെയായിരുന്നു ആ കവിത. ഒറ്റു കൊടുക്കപ്പെട്ട വിപ്ലവത്തെപ്പറ്റി. ( റഷ്യയിൽ കവി എന്ന വാക്ക് പോരാളി എന്നതിന്റെ പ്രതിദ്ധ്വനിയാണ്. റഷ്യയെ ചിന്തിക്കാൻ സഹായിച്ചത് കവികളാണ്, സ്വേച്ഛാചാരികൾക്കെതിരെ പറ്റപൊരുതാൻ സഹായിച്ചതും കവികൾ തന്നെ - യെവ്) അത് ആദ്യമായി വായിച്ച മോസ്കോ പോളിടെക്നിക്ക് ഹാളിൽ സ്വയം വികാരാധീനനായി പോകാതിരിക്കാൻ കവി വല്ലാതെ ബുദ്ധിമുട്ടി. അതിനേക്കാൾ വൈകാരികമായിരുന്നു കേൾവിക്കാരുടെ പ്രതികരണങ്ങൾ. അവർ ആദ്യം സ്തംഭിച്ചു നിന്നു. പിന്നെ നിലയ്ക്കാത്ത കൈയടി. 1905 മുതൽ പാർട്ടിമെമ്പറായ ഒരു മനുഷ്യൻ വേച്ച് വേച്ച് വേദിയിൽ കയറി കവിയുടെ അടുത്തു വന്നു കരഞ്ഞു. അയാൾ 15 വർഷം സ്റ്റാലിന്റെ ക്യാമ്പിൽ കഴിഞ്ഞ ആളാണ് ഇപ്പോഴും ജീവനോടെയിരിക്കുന്നു. ‘തനിക്ക് കവിയുടെ തലതൊട്ടപ്പനാകണം’ അയാൾ അപേക്ഷിച്ചു.
ഈ കവിതയുമായിട്ടാണ് കവി ലിറ്റററി ഗസറ്റിന്റെ ആഫീസിലെത്തിയത്. പരിചയക്കാരനായ ജോലിക്കാരന് അത് വായിച്ചു കൊടുത്തു. അയാൾ ഓടിച്ചെന്ന് സഹപ്രവർത്തകരെയൊക്കെ വിളിച്ചുകൂട്ടി. ഒന്നുകൂടി വായിക്കാൻ ആവശ്യപ്പെട്ടു. കവിത കേട്ടവർക്കെല്ലാം അതിന്റെ കോപ്പി വേണം.
‘കോപ്പിയോ, എന്താണുദ്ദേശിക്കുന്നത്, ഞാനിതിവിടെ കൊണ്ടു വന്നത് പ്രസിദ്ധീകരിക്കാൻ വേണ്ടിയാണ്’. യെവ്തുഷങ്കോ പറഞ്ഞു.
എല്ലാവരും പെട്ടെന്ന് നിശ്ശബ്ദരായി.
താത്കാലികമായൊരു മറവിരോഗത്തിൽ നിന്ന് ഞെട്ടിയുണർന്ന എഡിറ്റർ പിറുപിറുക്കും പോലെ പറഞ്ഞു
-“അതവനാണ്, ആ വൃത്തികെട്ട സ്റ്റാലിൻ. അവൻ നമ്മളിൽ ഇപ്പോഴും ഉണ്ട്.”
September 29, 2010
സാറേ സാറേ സാമ്പാറേ...
‘ആത്മാവിനുള്ള കോഴിസൂപ്പ്’ എന്ന പ്രചോദനാത്മക ഗ്രന്ഥത്തിലെ പല കഥകളിലൊന്ന് ഇടയ്ക്കിടയ്ക്ക് മനസ്സിൽ വന്നു കയറാറുണ്ട്. ബാൾട്ടിമൂർ നഗരത്തിലെ ഒരു കോളേജ് അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക്, ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന 200 സ്കൂൾ വിദ്യാർത്ഥികളെ കണ്ടുപിടിച്ച് അവരുടെ ഭാവി പരിപാടികളെ വിലയിരുത്തുക എന്നൊരു പ്രോജക്ടു നൽകി. ഫലം നിരാശജനകം. കുട്ടികളിൽ ഒരെണ്ണം പോലും രക്ഷപ്പെടാനുള്ള നേരിയ സാധ്യതപോലും നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ട് 200 എണ്ണത്തിന്റെയും ഭാവി ഇരുണ്ടതാണെന്ന് അടിവരയിട്ട് പിള്ളേർ സാറിന് റിപ്പോർട്ട് നൽകി. 25 വർഷം കഴിഞ്ഞ് ആകസ്മികമായി പഴയ റിപ്പോർട്ട് കാണാനിടയായ മറ്റൊരദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികളെ വിളിച്ച് അതിൽ പറഞ്ഞിട്ടുള്ള 200 കുട്ടികളും ഇപ്പോൾ ഏതേതു നിലയിലുള്ള ജീവിതം നയിക്കുകയാണെന്ന് അന്വേഷിച്ചുവരാൻ ആവശ്യപ്പെട്ട് വേറൊരു പ്രോജക്ട് നൽകി. പഴയ സ്കൂൾകുട്ടികളിൽ 180 പേരെയും നിയുക്തപ്രോജക്ട് എഴുത്തുകാർ കണ്ടുപിടിച്ചു. പക്ഷേ പ്രവചിക്കപ്പെട്ടിരുന്നതുപോലെ അവരിൽ ആരുടെയും ഭാവി അത്രയ്ക്ക് ഇരുളടഞ്ഞു പോയിരുന്നില്ലത്രേ. പകരം എല്ലാവരും വൈദ്യവും വാസ്തുവിദ്യയും നിയമവുമൊക്കെ പഠിച്ച് നല്ലനിലയിലുമെത്തിയിരുന്നു.
അദ്ധ്യാപകന് കൌതുകം ഇരച്ചു. അദ്ദേഹം തന്നെ ഫീൽഡിലിറങ്ങി അദ്ഭുതകരമായ ജീവിതവിജയങ്ങളുടെ കാരണം പഴയ ചേരി നിവാസികളെ നേരിൽ കണ്ട് തിരക്കി. അപ്പോഴല്ലേ സത്യം പുറത്തുവന്നത്. ഒരേ സ്വരത്തിൽ എല്ലാവരുംപറഞ്ഞത് “ഞങ്ങളെ പഠിപ്പിച്ച ടീച്ചറാണ്” കാരണം എന്ന്. അപ്പോഴേയ്ക്കും വൃദ്ധയായ, ടീച്ചറെ കണ്ടു പിടിച്ച് അദ്ദേഹം അഭിമുഖം നടത്തി. അവർ പറഞ്ഞത്, “ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തില്ല, അവരെ സ്നേഹിച്ചു അത്രമാത്രം!”. ഒരു അദ്ധ്യാപിക ജീവിതത്തിൽ പകർത്തിയ സ്നേഹത്തിന്റെ മാഹാത്മ്യമാണ് ആത്മാവിനുള്ള ഇവിടത്തെ കോഴിസൂപ്പ്. സ്നേഹം. അതെവിടുന്നു കിട്ടിയാലും തരക്കേടില്ല. പക്ഷേ അദ്ധ്യാപിക(പകനി)യിൽ നിന്നാവുമ്പോൾ അതിനു മഹത്വം വർദ്ധിക്കുന്നുണ്ടോ എന്ന മാറ്റു നോക്കലാണ് മുഖ്യം. കാരണം? ‘കുട്ടികളെ സ്നേഹിക്കൂ, അവർ നല്ലവരാണ്’ എന്നൊരു പുസ്തകം സ്കൂൾ ലൈബ്രറിയിൽ പൊടിപിടിച്ചിരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ‘ഹിഗ്വിറ്റ’യിൽ, എൻ എസ് മാധവൻ എഴുതിയതുപോലെ -‘പെനാലിറ്റികിക്ക് കാത്തു നിൽക്കുന്ന ഗോളിയുടെ ഏകാന്തത’ എന്ന ജർമ്മൻ പുസ്തകത്തിന്റെ പേരു് സാഹിത്യസ്നേഹിയായ ഫാദർ കപ്രിയാറ്റിയിൽ നിന്ന് കേട്ടപ്പോൾ തന്നെ ഗീവർഗീസച്ചന് അതു വായിച്ചതുപോലെ തോന്നി, പലതവണ’ എന്നാണ് കഥയിലെ ആദ്യവാക്യം -ചില പുസ്തകങ്ങൾ വായിക്കാതെ തന്നെ അതിന്റെ ഉള്ളടക്കം പിടികിട്ടിയതുപോലെ തോന്നില്ലേ? അതിലൊന്നാണ് ഇതും. രചയിതാവ് അദ്ധ്യാപകനായിരിക്കണം. സംശയമുണ്ടോ? സാരമായ കുറ്റബോധത്തിന്റെ അസ്ക്യതയോടെ ‘സ്നേഹിക്കണം, സ്നേഹിക്കാതിരിക്കരുത് എന്നൊക്കെ’ ഉറപ്പിച്ചു പറയണമെങ്കിൽ സ്നേഹം അല്പം കുറഞ്ഞ ഒരു പ്രദേശമായിരിക്കണമല്ലോ അദ്ധ്യാപകമേഖല. അതാണ് മൊത്തത്തിൽ ഈ ഉപദേശപ്രസംഗങ്ങളുടെ എല്ലാം രത്നച്ചുരുക്കം.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും യുക്തി, പാശ്ചാത്യം പൌരസ്ത്യം എന്നിങ്ങനെ മിനിമം രണ്ടെങ്കിലും ഉണ്ട്. അവിടെ സ്നേഹം. ഇവിടെ ചെറിയ വ്യത്യാസമുണ്ട്. നമ്മുടെ അദ്ധ്യാപകർ കുട്ടികൾക്ക് ആവർത്തിച്ചു പറഞ്ഞുകൊടുക്കുന്ന കഥകളിലൊന്ന് ഏകലവ്യന്റെയാണ്. (ഗുരുത്വദോഷിയായ കർണ്ണന്റെ കാര്യം വിടാം. ‘വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ?’) എന്തൊക്കെ സംഭവിച്ചാലും അതുമാത്രം അപനിർമ്മാണത്തിനു വിധേയമാവുകയില്ല, ക്ലാസുകളിൽ. ചായ വാങ്ങണം, ചായപ്പാത്രം കഴുകണം, ബോർഡ്, കസേര ഇത്യാദികൾ തുടക്കണം. പുറത്തു നിൽക്കണം. തല്ലാനുള്ള വടി ഒടിച്ചുകൊണ്ടു വരണം. ചോദിച്ചാൽ തള്ളവിരലു തന്നെ കൊടുക്കയും വേണം. നിരുപാധികമായ വിധേയത്വം. അതാണ് ഇന്നും അദ്ധ്യാപകലോകം കുട്ടികളിൽ നിന്ന് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ കേരളീയമായ ഭാഷ്യം, പ്രഭാകരൻ എന്നു കൂടിപേരുള്ള സുകുമാരകവിയുടെയാണ്. ഗുരുവിനെകൊല്ലാൻ കല്ലുമായി തട്ടിൻപുറത്തുകയറിയിരുന്ന സുകുമാരന്‍ പരദ്രോഹപരവും ദാരുണവുമെങ്കിലും ഗുരുവിന്റെ ശിഷ്യസ്നേഹത്തെക്കുറിച്ച് അറിവുകിട്ടിയപ്പോൾ ഉണ്ടായ പശ്ചാത്താപമാണ് കഥയുടെ കാതൽ. കർമ്മബഹുലമായ ജീവിതത്തിന്റെ ഉച്ചസ്ഥായിയിൽ, ഒടുക്കം, സുകുമാരൻ ഉമിത്തീയിൽ നീറി ചത്തു. ഉള്ളംകാലു മുതൽ ഏരിയുന്ന ഉമിത്തീയുടെ ചൂടറിയാതിരിക്കാനാണത്രേ അദ്ദേഹം കവിത കെട്ടാൻ തുടങ്ങിയത്. ശ്രീകൃഷ്ണവിലാസം മഹാകാവ്യം. അതിന്റെ പന്ത്രണ്ടാം സർഗമെത്തിയപ്പോഴേയ്ക്കും നാവു വെന്തുപോയതിനാൽ കൃതി അപൂർണ്ണമായി നിന്നു. ‘പശ്യപ്രിയേ കൊങ്കണ.. ’എന്നിടത്ത് നിന്നു പോയ കാവ്യം ഒരിക്കൽ സാക്ഷാൽ കാളിദാസൻ പൂർത്തിയാക്കാൻ നോക്കിയതാണ്. ..’ഭൂമി ഭാഗാൻ’ എന്നൊരു വാക്ക് ചേർക്കാൻ തുടങ്ങുമ്പോഴേക്ക് അശരീരി വന്ന് കാളിദാന്റെ കാതിനു പിടിച്ചു. ‘പട്ടുനൂലോടൊപ്പം വാഴനാരു കൂട്ടിച്ചേർക്കരുത്’ എന്നായിരുന്നു അത്. (ഐതിഹ്യമാല - കൊട്ടാരത്തിൽ ശങ്കുണ്ണി) കാളിദാസൻ കലമ്പി പട്ടുനൂലുവേണ്ടെന്നു വച്ച് വാഴനാരായി എഴുതിയതാണ് ഇന്ന് നമ്മൾക്കിടയിൽ ‘കുമാരസംഭവം’ എന്ന് അറിയപ്പെടുന്ന സംഭവം. അതാണ് ഗുരുത്വത്തിന്റെ ഗുണവും പ്രഭാവവും. ഈ കഥപോലും താൻ പോരിമയുള്ള പൂവങ്കോഴി ഒരദ്ധ്യാപകന്റെ വെർഷനാകാനാണ് സാധ്യത. ഈ മനുഷ്യനായിരിക്കും ‘ഉമിത്തീയിൽ വെന്താലും തീരാത്തതാണ് ഗുരുത്വദോഷം’ എന്ന വെയ്പ്പിന്റെ പ്രയോക്താവും പ്രചാരകനും.
ജെയിംസ് ക്ലാവലിന്റെ ചിത്രം ‘റ്റു സർ വിത്ത് ലൌവി’ലെ (1966) കറുപ്പൻ സാറ്, താക്കറെ (സിഡ്നി പോയ്റ്റിയർ) വെള്ളക്കാരായ വിദ്യാർത്ഥികളുടെ ഹീറോ ആയി മാറുന്നത് നേരത്തേ പറഞ്ഞ സ്നേഹത്തിന്റെ ക്ലാസ് റൂം ഉപയോഗം കൊണ്ടാണ്. സിനിമയ്ക്ക് ആസ്പദമായ നോവൽ എഴുതിയ ഇ ആർ ബ്രെയ്ത്വെയിറ്റ് തീർച്ചയായും അദ്ധ്യാപകനായിരിക്കും. (അവിടെ അങ്ങനെയാണ് അങ്ങോട്ടു കൊടുക്കും ഇങ്ങോട്ടൊന്നും ചോദിക്കില്ല. ഇവിടെ അങ്ങനെയല്ല. ഇങ്ങോട്ടു ചോദിക്കും ഒത്താൽ കൊടുക്കും. ഒത്തില്ലെങ്കിൽ ഗുരുത്വദോഷം!) ഹെലൻ കെല്ലറുടെ ജീവിതത്തിലെ ആനി സള്ളിവൻ ഏതു ഗണത്തിലാണെന്ന് ചോദിക്കാം. അതൊരപൂർവതയാണ്. പ്ലാറ്റോയാണ് സോക്രട്ടീസിനെ നിർമ്മിച്ചത് എന്നതുപോലെ കെല്ലർ നിർമ്മിച്ചതാണ് സള്ളിവൻ. അതിന്റെ ആൺപതിപ്പ് ‘ബ്ലാക്ക്’ വേറൊരു കഥയാണല്ലോ പറഞ്ഞു തരുന്നത്. ‘അകക്കണ്ണു വിളക്കുന്ന വിജ്ഞാനസാഗര സങ്കല്പം’ ഭാരതത്തിന്റെ പൊതുബോധവുമായി കൃത്യമായ നീക്കുപോക്കുള്ള ഉടമ്പടിയാണ്. അതു എന്നും ചെലവാകും. (ഏ ആർ റഹ്മാന് ഓസ്കാർ കിട്ടിയ വേളയിൽ പത്രമാസികാദികളിൽ എം കെ അർജ്ജുനന്റെ പടം നിറഞ്ഞിരുന്നു. എന്റെ വിദ്യാർത്ഥി, അവന്റെ കുട്ടിക്കാലത്ത്.. തുടങ്ങിയ ഗീർവാണങ്ങളാൽ സമൃദ്ധം വാർത്തകൾ. കൂടെ കുട്ടി ദിലീപിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് പടവും. അവിടെയും എവിടുന്നോ ഒരു ഗുരു! ഈ വാർത്തകൾക്കു അർജ്ജുനൻ മാഷുടെ പങ്കെത്രത്തോളമുണ്ടെന്ന് അറിയില്ല. റഹ്മാൻ പ്രശസ്തനായി തുടങ്ങുന്ന കാലത്ത് വീട്ടിൽ നിത്യസന്ദർശകനായിരുന്ന അർജ്ജുനനെ -ആർ കെ ശേഖറിന്റെ കൂട്ടുകാരനെ- ഒരു മുസ്ലീം സന്ന്യാസിയുടെ ഉപദേശപ്രകാരം പുറത്താക്കിയിരുന്നു വീട്ടുകാർ എന്നാണ് രാജേന്ദ്രബാബു എഴുതിയ ഓർമ്മക്കുറിപ്പുകളിൽ ഉണ്ടായിരുന്നത്. പക്ഷേ പിന്നീട് അദ്ദേഹം മലയാള മാധ്യമങ്ങളിൽ ഗുരുവായി നിറയുന്നു.)എം ടിയുടെ സിനിമ ‘കൊച്ചുതെമ്മാടിയിലും’ ഉണ്ടായിരുന്നു. പ്രചോദനപരമായ സ്നേഹം. പക്ഷേ സ്കൂൾ ജീവിതം അക്കാലങ്ങളിൽ തലതിരിഞ്ഞിരുന്നതുകൊണ്ടാവാം ‘ഒറ്റക്കയ്യാ മുട്ടാളാ, നിന്റെ മറ്റേക്കൈയും സൂക്ഷിച്ചോ’ എന്ന മുദ്രാവാക്യമാണ് ഇപ്പഴും ആ സിനിമയെക്കുറിച്ചോർക്കുമ്പോൾ മനസ്സിൽ തെയ്യം തെയ്യം കളിച്ചു വരുന്നത്. ഇതാണ് വിദ്യാർത്ഥികളുടെ വെർഷൻ. സാറന്മാർ പലതും പറയും. ഏതു കുട്ടിയുടെയും ഓർമ്മയിൽ, മൂക്കിൽ ഈർക്കിലുകയറ്റുന്ന, തല്ലി ചന്തി പിളർക്കുന്ന, ബെഞ്ചിൽ കയറ്റി നിർത്തി അപമാനിക്കുന്ന, മണലിൽ മുട്ടുകാലിൽ നിർത്തുന്ന, പെൺകുട്ടികളുടെ ഇടയിൽ കയറ്റി ഇരുത്തി അവഹേളിക്കുന്ന, താക്കോൽ നുള്ളുകൾ കൊണ്ട് തുടയിലെയും കൈയിലേയും തൊലി അൽപ്പാല്പം അടർത്തി വീട്ടിൽ കൊണ്ടുപോകുന്ന അദ്ധ്യാപകസത്വങ്ങൾ പത്തിവിരിച്ച് ആടി നിൽപ്പുണ്ട്. മണിയടിക്കുമ്പോൾ വായിൽ വെള്ളമൂറുമെന്ന ജന്തുസിദ്ധാന്തത്തിൽ പടുത്തുയർത്തിയ പഠനപ്രക്രിയകളായിരുന്നല്ലോ വർഷങ്ങളോളം നമ്മുടെ പള്ളിക്കൂടങ്ങളിൽ തിമിർത്താടിയത്. അതിൽ ഏറ്റക്കുറച്ചിലൊന്നുമില്ല ഇപ്പഴും. കാരണം നമ്മുടെ അദ്ധ്യാപകർ കച്ചകെട്ടി ഒരുങ്ങിവന്ന ശില്പശാല അതാണ്. അതുകൊണ്ട് കുട്ടികളെ മര്യാദപഠിപ്പിക്കാൻ സ്കൂളുകളിൽ ഇടിമുറി ആവശ്യമാണെന്ന് പറയുന്ന അദ്ധ്യാപകൻ ഒരു വിസ്മയ വസ്തുവല്ല. ഈ അടുത്തകാലത്ത് ഫിലിപ്പ് എം പ്രസാദും സംഘവും നടത്തിയ പ്രചാരണപരിപാടി ‘ചൂരലില്ലാത്ത സ്കൂൾ’ ആണ്. ‘ഈ സ്കൂളിൽ വടി ഉപയോഗിക്കുന്നില്ലെന്ന്’ എഴുതി വയ്ക്കലായിരുന്നു പ്രധാന ഇനം. ഒന്ന് ഇല്ലെന്ന് എഴുതി വയ്ക്കണമെങ്കിൽ ആ ഒന്ന് നിലവിൽ ഉണ്ടാവണമല്ലോ.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ചോക്കുപൊടി’ എന്ന പംക്തി ഉണർത്തിവിട്ടതാണ് അദ്ധ്യാപകരെക്കുറിച്ചുള്ള ചിന്തകൾ. കഴിഞ്ഞാഴ്ച നോക്കുമ്പോൾ അതു വച്ചു പരസ്യവും! (അക്ഷരം പറഞ്ഞുകൊടുക്കുന്നവർക്ക് ആഴ്ചപ്പതിപ്പിന്റെ ആദരം. എഴുതൂ... വായനക്കാരേ എഴുതൂ...) എങ്ങനെയുണ്ട്? ദീനാനുകമ്പകളും രക്ഷാകർത്തൃത്വങ്ങളുമാണ് കുറിപ്പുകളിലെ മുഖ്യഅജണ്ട. ക്ലാസിൽ ‘തലതെറിച്ചവനായിരുന്ന’ ഒരു കുട്ടി വർഷങ്ങൾക്കു ശേഷം തന്നെ കണ്ട്, മുണ്ടിന്റെ മടത്തുകെട്ടഴിച്ചിട്ടു നിന്നു വിതുമ്പി, തടിച്ച സ്ത്രീ, വാഹനങ്ങളെ വകവയ്ക്കാതെ റോഡുമുറിച്ചു കടന്നു വന്ന് കൂടെയുണ്ടായിരുന്ന ചീവീടുകളെക്കൊണ്ട് കാൽ തൊടീച്ച് നെറുകയിൽ വയ്പ്പിച്ചു... എന്നൊക്കെ അദ്ധ്യാപകർ തന്നെ എടുത്തു കാച്ചുന്നതിൽ ചെറുതല്ലാത്ത അശ്ലീലമുണ്ട്. അപൂർവമായി ചില വീണ്ടു വിചാരങ്ങളും കാണാം, അൽപം കരുണകാണിച്ചിരുന്നെങ്കിൽ അവൾ/ അവൻ രക്ഷപ്പെടുമായിരുന്നു, എനിക്ക് അന്നത് കഴിഞ്ഞില്ല, കാവിൽ ഭഗവതീ പൊറുക്കൂ... എന്ന മട്ടിൽ. എങ്കിലും കൂടുതലും താൻ നന്നാക്കി വിട്ട ലോകത്തെക്കുറിച്ചുള്ള ഊറ്റം കൊള്ളൽ തന്നെ. അദ്ധ്യാപകർ എന്ന ന്യൂക്ലിയസ്സിനു ചുറ്റും കറങ്ങുന്ന ഒന്നായി സ്കൂൾ ജീവിതം പായലു പിടിച്ചുപോകുന്നതുകൊണ്ടാണ് നമ്മുടെ സാമൂഹികജീവിതവും ഇങ്ങനെ ക്ലാവുനിറഞ്ഞിരിക്കുന്നത്. അദ്ധ്യാപകൻ/അദ്ധ്യാപിക, വിദ്യാർത്ഥിയുടെ കണ്ടെത്തലാണ്. അല്ലാതെ അയാൾക്ക്/അവൾക്ക് സ്വയം ജീവിതമില്ല. പി കെ നാരായണപിള്ള ഒരിക്കൽ പറഞ്ഞതുപോലെ സ്വന്തം അശ്ലീലങ്ങളല്ലാതെ എന്താണ് ഒരാൾക്ക് ക്ലാസുകളിൽ വിളമ്പാനുള്ളത്? ആ മാലിന്യങ്ങളിൽ നിന്ന് ഒരിക്കൽ ഒരു നിശാഗന്ധി വിടരുമായിരിക്കും. ആ ചെളിപോലും അത്രയ്ക്ക് സർഗാത്മകമാണെങ്കിൽ. ചിലപ്പോൾ മാത്രം. അപ്പോൾ സ്മരണ വേണ്ടത് ഗുരുവിനല്ല, ശിഷ്യർക്കാണ്. (മാതൃഭൂമിയിൽ അതിനും ഉണ്ട് ഒരു പംക്തി, പേര് ‘മധുരച്ചൂരൽ’ എന്ന്.. ചൂരൽ!!. കുട്ടിയുടെ ഗുരുസ്മരണയ്ക്ക് അങ്ങനെയൊരു പേരു തന്നെയാണഭികാമ്യം!) ‘ബ്ലാക്കിലെ’ അമിതാബച്ചന്റെ ആ മറവി അർത്ഥഗർഭമാണെന്നു തോന്നുന്നു. അയാൾ ചെയ്തത് അയാൾ സ്വാഭാവിമായി തന്നെ മറക്കേണ്ടതുണ്ട്. അതാണ് അയാളിലെ നന്മ. അപ്പോൾ ഇങ്ങനെ ദേഹമാകെ ‘ചോക്കു പൊടി’യും പറ്റിച്ച് വികൃതരായി കമ്പിനു കമ്പിനു അനുസ്മരണങ്ങൾ നടത്തി ഞെളിയുന്നവരെ ആത്മാരാധകരെ എന്തു ചെയ്യണം?
അതു പണ്ടേ പിള്ളാർ ചെയ്തതാണല്ലോ.. “സാറേ സാറേ സാമ്പാറേ....”
കുറച്ചു കഷ്ണങ്ങളൊക്കെയുണ്ട്, ഇളക്കിയാൽ ശരിതന്നെ, പക്ഷേ, കൂടുതലും വയ വയ വയാന്ന്...
Subscribe to:
Posts (Atom)