August 29, 2012

അരയന്നമേ ആരോമലേ


മലയാളത്തിലെ പ്രാചീന സന്ദേശകാവ്യമായ ‘ഉണ്ണുനീലി സന്ദേശ’ത്തിലെ ‘സന്ദേശവും’ കൊണ്ടു കടുത്തുരുത്തി വരെ പോകുന്നത്  തൃപ്പാപ്പൂർ മൂപ്പൻ ആദിത്യവർമ്മയാണ്. വേണാട് രാജവംശത്തിലെ രണ്ടു കൈവഴികളിലിളയതാണ് തൃപ്പാപ്പൂർ. മൂത്തത് ചിറവ. രാജതുല്യപദവിയുള്ള ഒരാളെ തന്നെ അഞ്ചലോട്ടക്കാരനാക്കിയതാണ് ഇവിടത്തെ രസം. അതു ചെയ്യാൻ തക്കവണ്ണം പവറുള്ള ആരായിരിക്കും സന്ദേശകാരൻ എന്നതിനു തെളിഞ്ഞ ഉത്തരമൊന്നും കൃതിയിൽ നിന്നു ലഭിച്ചിട്ടില്ല. അതുകൊണ്ടും കൂടിയാണ് അതൊരു മുഴുത്ത ചിരിയാണെന്ന് കുട്ടികൃഷ്ണമാരാര് പറഞ്ഞത്. ചിരിയോ കാമവിവശതയോ പെണ്ണുകാണലോ? നായിക ദൂതനെ സംശയിക്കാതിരിക്കാൻ സന്ദേശം കൊടുത്തയയ്ക്കുന്ന ആൾ,  ചില അടയാളവാക്യങ്ങൾ പ്രേഷകന് പറഞ്ഞു കൊടുക്കുന്ന പതിവുണ്ട് . ഉണ്ണുനീലി സന്ദേശത്തിൽ നായകൻ കൊടുത്തയക്കുന്ന അടയാളവാക്യങ്ങൾ ഇവയാണ് :  1) ഒരിക്കൽ തളിയിൽ ഒരുവം കൂത്തു (നങ്ങ്യാർ മാത്രം ആടുന്ന കൂത്ത്) കണ്ടുകൊണ്ടിരുന്നപ്പോൾ തപതിയായി നടിച്ച നങ്ങ്യാർ നായകനെ നോക്കി ചിലതെല്ലാം പ്രാകൃതത്തിൽ പറഞ്ഞത്, അതുകേട്ട് പരവശയായി ഓടിയ ഉണ്ണുനീലിയെ പിന്നെ അടുത്തൊന്നും കാണാത്തത്. 2)  വണ്ടിൻ കൂട്ടങ്ങളെ പോലെ കറുത്ത ഭംഗിയുള്ള കടാക്ഷങ്ങൾ ചൊരിയുന്ന ഉണ്ണുനീലി ഒരിക്കൽ ഇതേ നായകനുമൊത്ത് പുഷ്ടിയോടെ വളർന്നു പന്തലിച്ച തേന്മാവിൻ തണലിൽ തളിർച്ചില്ലകൾ ഒരുക്കിയ കിടക്കയിൽ സന്ധ്യമയങ്ങിയ സമയത്ത് ക്രീഡാവിവശരായി കാറ്റുമേറ്റ് ശയിക്കുമ്പോൾ അവളുടെ മാറിൽ വന്നു വീണ മാന്തളിർകുല കണ്ട് പാമ്പാണെന്ന് വിചാരിച്ച് കാട്ടിക്കൂട്ടിയ അതിരു കടന്ന വെപ്രാളം. 3) മഴക്കാലത്തെ ഒരു രാത്രി ‘ചെറിയത് ’എന്ന തോഴിയായി  തെറ്റിദ്ധരിച്ച് നെയ്തൽ പൂവിതൾ പോലെ മൃദുവായ നഖങ്ങളാൽ നായകന്റെ വശങ്ങളിൽ എഴുതുമ്പോൾ അവളുടെ വളർന്നു വരുന്ന ഇളം മുലകൾ താൻ മർദ്ദിച്ചത് .

അളകാപുരിയുടെ നാഥൻ കുബേരനാൽ രാമഗിരി ആശ്രമത്തിലേയ്ക്ക് പ്രവാസത്തിനു ശിക്ഷിക്കപ്പെട്ട യക്ഷൻ പ്രിയാവിരഹം കൊണ്ട് എരിഞ്ഞത് ഒരു വർഷമാണ്. നാലു മാസം കൂടി കഴിഞ്ഞാൽ ( പ്രവാസത്തിന്റെ ആറാം മാസമാണ് മേഘദൂത രചന. മാസം നാലു കഴിഞ്ഞാൽ അനന്തശാലിയായ വിഷ്ണു തല്പത്തിൽ നിന്ന് ഉണരും!) വിരഹത്താൽ ഇരട്ടിച്ചുള്ള അഭിലാഷങ്ങൾ പൂർണ്ണനിലാവുള്ള ശരത്കാല രാത്രികളിൽ നമുക്ക് അനുഭവിച്ചു തീർക്കാം എന്ന് മേഘം വഴി പ്രിയയെ അറിയിക്കുന്ന അയാൾ യക്ഷിണി മേഘത്തെ സംശയിക്കാതിരിക്കാൻ പറഞ്ഞുകൊടുക്കുന്ന അടയാളവാക്യം കാളിദാസൻ ഒരു ശ്ലോകത്തിലാണ് സംഗ്രഹിച്ചിരിക്കുന്നത്. - ഒരിക്കൽ യക്ഷൻ നായികയെ ആലിംഗനം ചെയ്ത് ഉറങ്ങുന്ന സമയത്ത് അവൾ രാത്രിയിൽ പെട്ടെന്നുണർന്ന് നിലവിളിക്കുകയും  ‘വഞ്ചകാ’ എന്ന് ദുഷിക്കുകയും കാരണമന്വേഷിച്ചപ്പോൾ മയക്കത്തിൽ നിന്ന് പൂർണ്ണമായും വിട്ട് ചിരിച്ചുകൊണ്ട് മറ്റൊരു പെണ്ണിനെ രമിപ്പിക്കുന്നതായി സ്വപ്നം കണ്ട് അബദ്ധം പറ്റിപോയ  കാര്യം അറിയിക്കുകയും ചെയ്തതാണത്.

കാളിദാസന് ‘മേഘദൂതം’ എഴുതാൻ പ്രേരണയായത് രാമായണത്തിലെ ഹനുമാന്റെ ദൂതാണെന്ന് ഒരു വാദമുണ്ട്. രാമായണത്തിലെ കാണ്ഡങ്ങളുടെ തലക്കെട്ടുകളിൽ മുഴച്ചു നിൽക്കുന്ന ഒന്നാണ് സുന്ദരകാണ്ഡം. കൂട്ടത്തിൽ മികച്ചതായതുകൊണ്ടല്ല, സുന്ദരന് ദൂതൻ എന്നർത്ഥമുണ്ടെന്നാണ് അതിന്റെ ഒരു ന്യായീകരണം. ഹനുമാന് ചുമതല ഇരട്ടിയാണ്. സീതയെ വിശ്വസിപ്പിക്കാനും തിരിച്ച് രാമനെ വിശ്വസിപ്പിക്കാനും കിണയണം. അശോകവനികയിൽ വച്ച് ചൂഢാരത്നം നൽകിയ ശേഷം സീതപറഞ്ഞ സന്ദേശവാക്യം ചിത്രകൂടത്തിൽ വച്ച് ഇന്ദ്രപുത്രനായ ജയന്തൻ കാക്കയുടെ രൂപത്തിൽ സീതയെ ആക്രമിച്ച കാര്യമാണ്. അപ്പോൾ രാമനും സീതയും ഉറക്കത്തിലായിരുന്നു. ആദ്യം എഴുന്നേറ്റ സീതയുടെ മുലകളെ ഒരു കാക്ക വന്ന് കൊത്തിക്കീറി. പക്ഷി പിന്നെയും പിന്നെയും ഉപദ്രവിച്ചുകൊണ്ടിരുന്നു. സീതയുടെ ചോരവീണ് നനഞ്ഞിട്ടാണ് രാമൻ എഴുന്നേറ്റത്. ‘ഭീരൂ, അഞ്ചു തലയുള്ള നാഗത്തോടാണോ വിളയാടുന്ന’തെന്നും ചോദിച്ച് ദർഭയെടുത്ത് ബ്രഹ്മാസ്ത്രവുമായി യോജിപ്പിച്ച് വിട്ടു. അവസാനം രാമന്റെ കാൽക്കൽ അഭയം യാചിച്ചു വീണ് ജയന്തൻ സ്വന്തം തടി രക്ഷിച്ചെടുത്തു. എടുത്തുചാട്ടവും തരികിടകൈയിലിരിപ്പും സ്ത്രീ പീഡനവ്യഗ്രതയും ഞരമ്പുരോഗവും കൊണ്ട് ജയന്തന് ആകെ നഷ്ടമായത് വലതു കണ്ണു മാത്രം!  വൈലോപ്പിള്ളിയുടെ ‘മാമ്പഴ’ത്തിന് മനശ്ശാസ്ത്രനിരൂപണം എഴുതിയ എം എൻ വിജയൻ ഈ കഥയ്ക്ക് ഒരു അടിവര നൽകിയിട്ടുണ്ട്. മാമ്പഴം ‘മായുടെ പഴം’ തന്നെയാണെന്നതിന് ഒരു തെളിവായി.  സീതയ്ക്ക് തെളിവിനായി സ്വന്തം പേരുകൊത്തിയ മോതിരം ഏൽ‌പ്പിച്ച രാമൻ പറഞ്ഞ അടയാളവാക്യം മൃഢാനന്ദസ്വാമിയുടെ വാല്മീകിരാമായണ തർജ്ജുമയിലില്ല. അതില്ലാതെ ദൂത് പൂർത്തിയാവുന്നതെങ്ങനെ? 1915 ൽ മംഗളോദയത്തിൽ കെ പരമേശ്വരൻ രാമായണത്തിലെ വിവരങ്ങളുടെ ആധികാരികതയെപ്പറ്റി 10 ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ രാമായണത്തെപറ്റിയുള്ള ഗൌരവമുള്ള പഠനങ്ങൾ തുടങ്ങിയിരുന്നില്ല. ( നാലുവശത്തേയ്ക്കും സുഗ്രീവസൈന്യം പോയെങ്കിലും എന്തുകൊണ്ട് തെക്കോട്ടു പോയ ഹനുമാന്റെ പക്കൽ അടയാളവാക്യവും മോതിരവും രാമൻ കൊടുത്തു വിട്ടു?) 1909 ലാണ് രാമായണത്തെ ചരിത്രവുമായി ബന്ധിപ്പിച്ച് അന്വേഷണങ്ങൾ നടത്തിയ സങ്കാലിയയുടെ ജനനം. രാമൻ നൽകിയ മോതിരവും സീത നൽകിയ- ഹനുമാൻ മോതിരം പോലെ ധരിച്ച് കൊണ്ടുപോയി രാമനെ ഏൽ‌പ്പിച്ച- ചൂഢാമണിയും രാവണന്റെ നിശാസദസ്സിലെ പാനോത്സവ വർണ്ണനയും മറ്റും മറ്റും ചരിത്രപരമായി പ്രാധാന്യമുള്ള വച്ചുകെട്ടലുകളെ വെടിപ്പായി കാണിച്ചുതരുന്നുണ്ടെന്ന കാര്യം സങ്കാലിയയുടെ രാമായണ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

 ‘അടയാളവാക്യം’ എന്ന ലേഖനത്തിൽ എം എൻ കാരശ്ശേരി, രാമൻ ഹനുമാൻ വശം പറഞ്ഞയച്ച മൂന്ന് അടയാളവാക്യങ്ങൾ എടുത്തെഴുതിയിട്ടുണ്ട്.
1. വനവാസത്തിനു പുറപ്പെടാൻ നേരത്ത് ഞാൻ യാത്ര ചോദിച്ചപ്പോൾ അന്തപ്പുരത്തിൽ സാധാരണവേഷത്തിലിരുന്ന സീത ‘ഞാനും’ എന്നു പറഞ്ഞ് അതേ വേഷത്തിൽ പുറപ്പെടാൻ ഒരുങ്ങി.
2. വനയാത്രയുടെ തുടക്കത്തിൽ ഞങ്ങൾ നഗരം കഴിഞ്ഞ് ഒരു കുറ്റിക്കാട്ടിനടുത്തെത്തിയപ്പോൾ വനവാസം ഇവിടെയായാലും മതിയല്ലോ എന്ന് സീത പറഞ്ഞു.
3. ഒരിക്കൽ കിടപ്പറയിൽ വച്ച്  രാമന്റെ പാദം തലോടിക്കൊണ്ടിരിക്കെ  സ്വന്തം കൈയിൽ കിടന്ന രത്നമോതിരം സീത ഊരി ദൂരെ കളഞ്ഞു. കാരണം ചോദിച്ചപ്പോൾ  പറഞ്ഞത് കരിമ്പാറയിൽ അങ്ങയുടെ പാദം തൊട്ടപ്പോൾ അഹല്യ എന്നു പേരായ ഒരു സുന്ദരിയായി തീർന്നു.  ആ നിലയ്ക്ക് ഈ മോതിരത്തിലെ മനോഹരമായ രത്നം രാമപാദ സ്പർശത്താൽ എത്തരത്തിൽ‌പ്പെട്ട സുന്ദരിയാവില്ലെന്ന് ആരുകണ്ടു? അവൾ നിമിത്തം എനിക്ക് എന്തൊക്കെ നഷ്ടങ്ങൾ വന്നുകൂടാ?

സീതയും നൽകുന്നത് മൂന്ന് അടയാള വാക്യങ്ങളാണ്. ഇവയിൽ ‘ജയന്തൻ കാക്ക’യുടെ ആക്രമണ കാര്യം ഇല്ല. രാമൻ ആദ്യമായി മിഥിലയിൽ വന്ന സമയം. രാമന്റെ തത്സ്വരൂപം കാണാൻ ഉദ്യാനത്തിലേയ്ക്ക് നോക്കിയ സീത അവിടത്തെ കണ്ണാടി പോലുള്ള വെള്ളത്തിൽ തന്റെ മുഖം പ്രതിഫലിച്ചത് നോക്കി നിൽക്കുന്ന രാമനെയാണ് കണ്ടത്. അദ്ദേഹം ഉടനെ തിരിഞ്ഞു നോക്കി സീതയുടെയും രാമന്റെയും കണ്ണുകൾ തമ്മിലിടഞ്ഞു. സ്വയം വരത്തിനു മുൻപ് അതിഥിമന്ദിരത്തിൽ താമസിക്കുകയായിരുന്ന രാമന് സീത തോഴിവശം ഒരു പ്രണയ ലേഖനം  കൊടുത്തയച്ചു. അദ്ദേഹം ഉടൻ മറുപടിയും നൽകി. മറ്റൊരിക്കൽ കിടക്കയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാമനെ ചുംബിച്ച സീതയെ അപ്പോൾ ഉണർന്ന അദ്ദേഹം ആലിംഗനം ചെയ്തു.

 സ്വകാര്യനിമിഷങ്ങളിലെ അനുഭവങ്ങളെ ഉദ്ദേശ്യസാധ്യത്തിനായി പുറത്തറിയിക്കുന്നതിന്റെ മുഹൂർത്തങ്ങളാണ് അടയാളവാക്യങ്ങളായി പഴയകൃതികളിൽ കയറിപ്പറ്റിയിരിക്കുന്നത്. ശാരീരികബദ്ധമായ രാഗത്തിന്റെ കൊടിയടയാളങ്ങൾ തന്നെയാണിവ. ആണിന്റെ ഓർമ്മയിലുള്ള സുന്ദരനിമിഷങ്ങളായി ഇവയെ അടയാളപ്പെടുത്തിയിരിക്കുകയാണ്. അവന്റെ ഭയമോ വിഹ്വലതയോ ഒക്കെയാണിവയുടെ അടിസ്ഥാനം. പുറമേയ്ക്ക് അങ്ങനെയല്ല ഭാവമെങ്കിലും. ഉറക്കറയുടെ പശ്ചാത്തലങ്ങളെ ഏകാന്തമായ സ്വകാര്യസ്ഥലങ്ങളും ഉറക്കത്തിന്റെ പരിവേഷങ്ങൾ സ്വപ്നത്തിന്റെ മാധുര്യമുള്ള മായികലോകവുമാണ്. അതുകൊണ്ട് സമാനതകൾ ആകസ്മികങ്ങളല്ല. രാമായണത്തിൽ നിന്ന് തുടങ്ങിയ യാത്ര കാലങ്ങൾ കഴിഞ്ഞ് തെക്കോട്ട് എത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ മാംസബദ്ധമാവുന്നുണ്ട് എന്നതൊരു പ്രശ്നമല്ല. അന്ന് ചിലർക്കെങ്കിലും കഷ്ടിച്ച് കമിഴ്ന്ന് നീന്താൻ തുടങ്ങിയ പെൺകുഞ്ഞിന്റെ ചേഷ്ടകൾ ഭാവിയിൽ അനുഷ്ഠിക്കാനിരിക്കുന്ന ‘പുരുഷായിത’ത്തിന്റെ മുന്നൊരുക്കങ്ങളായിരുന്നു. അമ്മൂമ്മമാർക്ക് പത്തും പതിനൊന്നും വയസ്സുള്ള പെൺകുട്ടികളെ വശീകരണം പഠിപ്പിക്കുന്ന തിരക്കുണ്ടായിരുന്നു. യുവജനങ്ങൾ മേദിനിവെണ്ണിലാവിനെയും ഇട്ടിയച്ചിയെയും ഉണ്ണിനങ്ങയെയും ചുമലിലെടുത്ത് നടന്നിരുന്നു. അതൊരു കാലം.  വായിച്ചു കളയാവുന്നവയെങ്കിലും അടയാളവാക്യങ്ങളുടെ വിളുമ്പുകളിൽ പരിതപിക്കുന്ന ഹൃദയത്തിനൊപ്പം കാലവും ചരിത്രവും രാജ്യനീതിയും സംസ്കാരവുമൊക്കെ കൂടെ നടക്കുന്നുണ്ട്.

അനു : കൃഷ്ണൻ പണ്ട് ദൂതുമായി ധൃതരാഷ്ട്രരെ കാണാൻ പോയിരുന്നു. അടയാളവാക്കുകളൊന്നും ഇല്ല. മഹാഭാരതത്തിൽ തന്നെ യുധിഷ്ഠിരന് അരക്കില്ലത്തെപ്പറ്റി വിദുരർ മുന്നറിയിപ്പ് നൽകിയത് വളച്ചുകെട്ടിയ വാക്യങ്ങളിലൂടെയാണ്. “ ലോഹം കൊണ്ടു മാത്രമല്ല, ആയുധമുണ്ടാക്കുന്നത്. മഞ്ഞിൽ രക്ഷ നൽകുന്നവൻ തന്നെയാണ് ചിലപ്പോൾ കാടെരിക്കുന്നത്. കാട്ടിൽ കഴിയുന്നവർക്ക് മുള്ളൻപന്നിയിൽ നിന്നു കൂടി പാഠം പഠിക്കേണ്ടി വരും”. ധ്വനിയാണു സംഗതി. കാമുകസവിധത്തിൽ വിശ്വസ്തനായ ദൂതൻ വഴി കാര്യങ്ങൾ തുറന്നു പറയാം. രാജ്യതന്ത്രത്തിൽ വ്യംഗ്യമര്യാദയിലായില്ലെങ്കിൽ തടി രക്ഷപ്പെടില്ല. ഇതും ഒരു അടയാളവാക്യമാണ്.

August 5, 2012

കണ്ണെഴുതിയ താളുകൾ



 രണ്ടു പുസ്തകങ്ങൾ. ഒരെണ്ണം ആലിസൺ ഹൂവർ ബാർട്‌ലെറ്റിന്റെ  The Man Who Loved Books Too Much,  മറ്റൊന്ന് എലിസബെത്ത് ഗിൽബെർട്ടിന്റെ ‘Committed'. പുസ്തകകള്ളനായ ജോൺ ഗിൽക്കിയുടെയും പുസ്തകപ്പോലീസായി സ്വയം അവരോധിച്ച കെൻ സാൻഡേഴ്സിനെയും പിന്തുടർന്ന കഥയാണ് ആലിസൺ പറയുന്നത്. ബിബ്ലിയോമാനിയ - പുസ്തകഭ്രാന്തിന്റെ കഥയാണത്. ഒരു വിവാഹബന്ധത്തിന്റെ തകർച്ചയ്ക്കു ശേഷം താൻ തനിക്കു യോജിച്ച ഇണയെ -ബ്രസീലുകാരനായ ഫിലിപ്പെയെ- കണ്ടെത്തിയതും വിവാഹം ചെയ്തതുമായ കഥയാണ് എലിസബെത്ത് വിവരിക്കുന്നത്. കൂട്ടത്തിൽ ലോകസഞ്ചാരത്തിനിടയിൽ വിവാഹമെന്ന സ്ഥാപനത്തെ വിവിധ സമൂഹങ്ങൾ, അവയിലെ സ്ത്രീകൾ എങ്ങനെ ഉൾക്കൊള്ളുന്നു എന്നും കൂടി അന്വേഷിക്കുന്നുണ്ട്  ‘Eat, Pray, Love’  എന്ന പുസ്തകത്തിന്റെയും കൂടി കർത്രിയായ എലിസബെത്ത്. അമേരിക്കൻ ജീവിതത്തിന്റെ കൊണ്ടു പിടിച്ച പോക്കിനിടയിൽ ‘ഉത്തരവാദിത്ത’മുള്ളവരാകുക എന്നാലെന്തെന്ന അന്വേഷണത്തിന് ഒരു പാട് പ്രസക്തിയുണ്ടാവും. അതു വായിക്കാൻ നമുക്ക് തികഞ്ഞ കൌതുകവുമുണ്ട്. നമുക്കിവിടെ കുടുംബം എന്നു പറഞ്ഞാൽ കൊലപാതകമോ ആത്മഹത്യയോ ആണെന്ന് ‘മിനിമലിസ്റ്റ് പ്രോഗ്രാം’ വച്ചു നിർവചിക്കാം. ‘പ്രതീകാത്മകമായി ഒരാൾ ഇല്ലാതായിക്കൊണ്ട് മറ്റേയാൾ നിലനിൽക്കുക’ എന്ന് അർത്ഥം. ഇതിനെ നമുക്ക് ‘ഫാമിലി കോഷ്യന്റ്’ എന്നു വിളിക്കാം. സ്കൂൾ വിദ്യാഭ്യാസത്തിലല്ലാതെ ഏതൊക്കെയോ വഴികളിൽ നിന്ന് നമ്മുടെ പെൺകുട്ടികൾക്ക് ലഭിക്കുന്ന പരിശീലനത്തിന്റെ മിടുക്കാണ് ഈ കോഷ്യന്റ്. അതാണ് ഭാരതീയ കുടുംബജീവിതഭദ്രതയ്ക്കുള്ള മാർബിൾ അടിത്തറ. അവൾ ഉള്ളതുവച്ച് മണി മാനേജുമെന്റ് നടത്തും, തർക്കങ്ങൾ പരിഹരിക്കും, മക്കൾക്ക് ഗൃഹപാഠം ചെയ്തു കൊടുക്കും, അവരെ സ്കൂളിൽ കൊണ്ടാക്കും, അവരുടെ കുറ്റങ്ങൾക്ക് പഴിയേൽക്കും, പിറ്റേന്നത്തേയ്ക്കുള്ള വിഭവങ്ങൾ പ്ലാൻ ചെയ്ത് നടപ്പാക്കും, ഭർത്താവിനു ഏതുനിലയ്ക്കും അവസ്ഥയിലും കിടന്നു കൊടുക്കും, സ്വന്തം ആശയാഭിലാഷങ്ങളെ എന്തു വിലകൊടുത്തും പുറത്തറിയിക്കാതെ ശവമടക്കും. ഭർതൃവീട്ടിലെ ആരെയും രാപകലില്ലാതെ പരിചരിക്കും. ചത്താലും ചുമതലകളിൽ നിന്ന് അവധിയൊട്ട് എടുക്കുകയുമില്ല. എന്നിട്ടും സ്വന്തമായൊരു കീശയില്ലാത്ത ഈ മുഴുനീളസാരിക്കാരിയുടെ അടിമ ജീവിതത്തെ അമേരിക്കൻ സ്ത്രീയുടെ ബൌദ്ധികജീവിതവുമായി വച്ച് താരത‌മ്യം ചെയ്യാൻ കിട്ടിയൊരു സന്ദർഭമാണ് ‘കമ്മിറ്റഡ്’.

 കുറച്ചു കൂടി മാനസികമായ അടുപ്പമുള്ള അവസ്ഥയിലാണ് മറ്റേ പുസ്തകത്തിന്റെ സ്ഥിതി. അതിൽ സംസ്കാരങ്ങളുടെ സംഘർഷം കുറച്ചേയുള്ളൂ. നമ്മളെവിടെ അവരെവിടെ എന്ന വ്യത്യാസം, എലിസബെത്തിന്റെ പുസ്തകത്തിലെ വിവാഹകാര്യത്തിലെന്നപോലെ ഒരു മൂന്നാം ലോകകാരന് തോന്നേണ്ട ആവശ്യം ഇവിടെ ഇല്ല. ആകെപ്പാടെ അമ്പരന്ന് പോയത് പുസ്തകങ്ങളുടെ ആദ്യപ്പതിപ്പിന് കുതിച്ചുയരുന്ന തരത്തിൽ വിലയുണ്ടെന്നതും ആന്റിക് പുസ്തകങ്ങൾക്ക് രത്നക്കല്ലുകൾക്ക് സമാനമായ തരത്തിൽ സൂക്ഷിപ്പു സംവിധാനങ്ങളുണ്ടെന്നുള്ളതും എഴുത്തുകാരൻ ഒപ്പിട്ട കൃതികളുടെ മൂല്യവും മറ്റും മറ്റുമാണ്. പൊതുവേ വിദേശികൾ വലിയ വായനക്കാരാണെന്നും പുസ്തകങ്ങളുടെ മഹത്വം തിരിച്ചറിയുന്നവരാണെന്നുമൊക്കെയാണ് നമ്മുടെ വയ്പ്പ്. ഫ്രെഞ്ചുകാർക്കിടയിൽ അഞ്ചിൽ മൂന്നുപേർ പുസ്തകം വായിക്കാത്തവരാണെന്ന് ഒരു പരിഹാസമുണ്ട്. ഇതാണ് ലോകത്തിലെ സാംസ്കാരികതലസ്ഥാനത്തിന്റെ ജനതയുടെ അവസ്ഥ. അപ്പോൾ പുസ്തകം തൊടാനും മണക്കാനും അവയ്ക്കിടയിൽ ജീവിക്കാനുമായി ഭ്രമം പിടിച്ച് ഇറങ്ങിത്തിരിച്ച ഒരുത്തന്റെ കഥ വായിക്കുമ്പോൾ അതിൽ എന്തോ ഒരിദുണ്ട്! പ്രത്യേകിച്ചും നമ്മൾ പുസ്തകത്തിന്റെ മണം പിടിപ്പുകാരാണെങ്കിൽ. ആലിസണിന്റെ നായകൻ/പ്രതിനായകൻ ജോൺ ഗിൽക്കി പുസ്തകം വായിക്കാൻ വേണ്ടിയല്ല മോഷ്ടിക്കുന്നത്. വിലപിടിപ്പുള്ള പുസ്തകങ്ങൾ കള്ള ക്രെഡിറ്റുകാർഡുകൾ ഉപയോഗിച്ച് സ്വന്തമാക്കുകയാണ്. മോഷ്ടിച്ചു സ്വന്തമാക്കിയ പുസ്തകങ്ങൾക്കായി സാൻഫ്രാൻസിസ്കോയ്ക്കും ഓക്ലാൻഡിനും ഇടയ്ക്കുള്ള മനുഷ്യനിർമ്മിത ദ്വീപായ ട്രഷർഐലന്റിൽ ( അതും ഒരു പുസ്തകത്തിന്റെ പേരാണ് !) ഒരു ഫ്ലാറ്റും കരസ്ഥമാക്കി. അവിടെനിന്നാണ് ഡിക്ടറ്റീവ് കെൻ മുൺസൺ, സാൻഡേഴ്സൺ കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗിൽക്കിയുടെ ചില തൊണ്ടിമുതലുകൾ കൈയോടെ പൊക്കിയത്. ഗിൽക്കിയ്ക്ക് വായനശാലയിൽ നിന്ന് പുസ്തകം അടിച്ചു മാറ്റുന്ന ശീലം ഉണ്ടായിരുന്നില്ല. ആത്മാർത്ഥമായും അതു മോഷണമാണെന്ന് അയാൾ വിശ്വസിച്ചു. അതേ സമയം സമ്പന്നരായ ഇടപാടുകാരുടെ ക്രെഡിറ്റു കാർഡ് നമ്പറുകൾ തപ്പിയെടുത്ത് ആന്റിക്ക് ബുക്ക് സ്റ്റോറുകളിൽ നിന്ന് വിലപിടിപ്പുള്ള പുസ്തകങ്ങളുടെ പഴയ എഡിഷനുകൾ ശേഖരിക്കാൻ കഴിയാതെ വരുന്നത് ഒരു നീതികേടാണെന്നും അയാൾ കരുതി. എന്തൊരു മനുഷ്യൻ! കെൻ സാൻഡേഴ്സ് പുസ്തകമോഷണ നിരീക്ഷണത്തിൽ നിന്നും വിരമിച്ച ശേഷവും പുസ്തകമോഷണത്തിനായി ജയിൽ ശിക്ഷകൾ അനുഭവിച്ച ശേഷവും ഗിൽക്കിക്ക് തന്റെ ജനനാന്തരപ്രേരണകളെ തടയാൻ  കഴിഞ്ഞില്ലെന്നു പറഞ്ഞുകൊണ്ടാണ് ആലിസണിന്റെ പുസ്തകം അവസാനിക്കുന്നത്. അയാൾ ക്യാനഡക്കാരനായ വ്യാപാരിയിൽ നിന്ന് പിന്നെയും ഒരു പുസ്തകം തട്ടി. ഗിൽക്കിയെ മുന്നോട്ടു നയിച്ചത് വായനയല്ല, ഉടമസ്ഥാവകാശമാണ്. പുസ്തകങ്ങൾക്കിടയിൽ നിൽക്കുന്നതിന്റെ സുഖമായിരുന്നു അയാളുടെ നിർവൃതി.  പുസ്തകവും അതിന്റെ വായനയും കാഴ്ചയുമായി ബന്ധപ്പെട്ട സംഗതിയാണ്. അതിനപ്പുറത്ത് അതിന്റെ സാന്നിദ്ധ്യം, ഗന്ധം അവയ്ക്കിടയിലെ ജീവിതം ഇതൊക്കെയാണ് ഒരാൾ തീവ്രമായി ആഗ്രഹിക്കുന്നതെങ്കിലോ? ഒരായുസ്സുമുഴുവൻ വായിച്ചാലും തീരാത്ത പുസ്തകങ്ങളുടെ നടുവിലെ ഊർജ്ജസ്വലമായ നിലയെക്കുറിച്ച് ഇറ്റാലോ കാൽ‌വിനോ എഴുതിയില്ലേ - വായിക്കാൻ കാലങ്ങളായി നിങ്ങൾ തയാറെടുക്കുന്ന പുസ്തകങ്ങൾ, വിഫലമായി നിങ്ങൾ തിരഞ്ഞുകൊണ്ടിരുന്ന പുസ്തകങ്ങൾ, ജോലിയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, നിങ്ങൾ സ്വന്തമാക്കാനാഗ്രഹിക്കുന്ന പുസ്തകങ്ങൾ, പിന്നീട് വായിക്കാനായി മാറ്റിവച്ച പുസ്തകങ്ങൾ, അടുക്കിവച്ചിരിക്കുന്ന മറ്റു പുസ്തകങ്ങളുമായി ഒത്തുപോകുന്ന പുസ്തകങ്ങൾ, ജിജ്ഞാസ കൊണ്ട് നിങ്ങളെ നിറയ്ക്കുന്ന പുസ്തകങ്ങൾ... - ( പി കെ രാജശേഖരൻ - ‘വാക്കിന്റെ മൂന്നാംകര’യുടെ ആമുഖത്തിൽ) ആർജന്റൈൻ ദേശീയവായനശാലയുടെ മേധാവിയായിരുന്ന അന്ധനായ ബോർഹസിനെയും ഗിൽക്കി അനുസ്മരിപ്പിക്കുന്നുണ്ട്. അതുകൊണ്ട്  അയാളുടെ വിലകൂടിയ പുസ്തകങ്ങൾ ശേഖരിച്ചു വച്ചിരുന്ന ഫ്ലാറ്റും ഒരു ബോർഹേസിയൻ ലാബിറന്താണ്, അയാളുടെ മനസ്സുപോലെ.

 പി ജി ഗോവിന്ദപിള്ളയുടെ പുസ്തകപ്രേമത്തെപ്പറ്റി വായിച്ചിരിക്കുന്നതിനിടയിലാണ് ആലിസണിന്റെ പുസ്തകം കൈയിൽ വരുന്നത്. പുസ്തകങ്ങളോടുള്ള പ്രേമത്തിന് തികച്ചും മാനുഷികമായ ഔദ്ധത്യം ഉണ്ട്. പ്രകൃതിയിൽ വേറെ ആർക്കാണ് ശബ്ദസൂചകങ്ങളായി ലിപികളുണ്ടാക്കാനും അവ വച്ച് മനുഷ്യവർഗത്തിന്റെ കാലാകാലമുള്ള ധാരണകളെ ഉപ്പിലിട്ടു സൂക്ഷിക്കുവാനും കൈമാറാനും കഴിയുന്നത്? പുസ്തകപ്രണയത്തിൽ തന്നെ കാൽ‌പ്പനികതയും മിസ്റ്റിസിസവും ഉണ്ട്. ആനന്ദ്,  ‘പരിണാമത്തിന്റെ ഭൂതങ്ങളുടെ അവസാനഭാഗത്ത് തന്നെ കാത്തിരുന്ന ഒരു പുസ്തകത്തെക്കുറിച്ച് പറയുന്നുണ്ട്.  ഹാർവേഡ് സർവകലാശാലയെയും മാസൈച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയൊരു ഇടവഴിയിലെ അരമതിലിൽ പകുതി വായിച്ചിട്ട് വച്ചിട്ടു പോയ നിലയിൽ കണ്ടെത്തിയ ആമി സ്റ്റിവർട്ടിന്റെ  The Earth Moved എന്ന പുസ്തകത്തെപ്പറ്റി. പുസ്തകപ്രണയിയുടെ കാൽ‌പ്പനികമായ സന്ദർഭനിർമ്മാണമായിട്ടാണ് എനിക്കാഭാഗം തോന്നിയത്.  കുചേലനാണ് മാളികയും ഭക്ഷണവും. പുസ്തകപ്രണയിയുടെ ദിവാസ്വപ്നത്തിൽ തനിക്കായി കാത്തിരിക്കുന്ന ഒരു പുസ്തമാണ് എപ്പോഴും. അങ്ങനെയുണ്ട് ചിലത്, ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു മറന്ന പുസ്തകങ്ങൾ ദാ മുന്നിൽ!  അതു പ്രണയത്തിന്റെ കഥ, പക്ഷേ ഭ്രാന്ത് വേറൊരു വകയാണ്. പട്ടിണികിടന്നും പുസ്തകം വായിച്ചയാളാണ് ചാൾസ് ലാമ്പ്. നാലു പുത്തൻ കൈയ്യിൽ ഒന്നിച്ചു വരുന്ന ദിവസം രണ്ടു സ്മോളടിക്കണം എന്നു വിചാരിക്കുമ്പോലെ പുസ്തകം വാങ്ങിക്കണം എന്നു വിചാരിക്കുന്നതും ഒരു തരം ‘മാനിയ’ തന്നെ. ഡച്ചുകാരൻ ഇറാസ്മസ് പറഞ്ഞത് പണം കൊണ്ട് വല്ലതും വാങ്ങുന്നുണ്ടെങ്കിൽ അതു പുസ്തകം ആയിരിക്കണമെന്നാണ്, ബാക്കി വരികയാണെങ്കിൽ അതു കൊണ്ടും പുസ്തകം വാങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിദഗ്ദോപദേശം! ഇതിന്റെയൊക്കെ ഇങ്ങേയറ്റത്തെ കൊമ്പാണ് മോഷണം.

 ആലിസണിന്റെ ബുക്കു വായിക്കുമ്പോഴാണ് ആദ്യ പ്രതികൾക്ക് വർഷം കഴിയുംതോറും മൂല്യം കൂടുന്നതെങ്ങനെയെന്നും ബുക്കുക്കടക്കാർ അവ സൂക്ഷിക്കുന്നതെങ്ങനെയെന്നും പുസ്തകമോഷ്ടാക്കളുടെ കരിങ്കണ്ണ് അവയിൽ തന്നെ എങ്ങനെ പതിയുന്നുവെന്നും കളങ്കമില്ലാതെ മനസ്സിലാക്കുന്നത്. അഞ്ചിലൊരാളോ പത്തിലൊരാളോ പുസ്തകം വായിക്കട്ടെ, പുസ്തകങ്ങളോട് ബഹുമാനമില്ലാത്ത ഒരു സമൂഹത്തിന് ‘ആന്റിക് ആൻഡ് റെയർ ബുക്ക് ഷോപ്പുകൾ ’ എന്ന സങ്കല്പം തന്നെ ഉണ്ടാവില്ലെന്നുറപ്പാണല്ലോ. പഴയ പുസ്തകങ്ങൾ വിൽക്കുന്ന ചായ്പുകൾ നഗരത്തിലുണ്ട്. അദ്ഭുതം പല വേട്ടകളെയും അവ അതിജീവിക്കുന്നുണ്ട്. ഗിൽക്കിയെ മാത്രമല്ല വേറെ കുറെ പുസ്തകവട്ടന്മാരെയും പുസ്തകത്തിൽ കാണാം. ജീവിതകാലം മുഴുവൻ പുസ്തകങ്ങൾ വാങ്ങിക്കൂട്ടിയ  ബോട്ടണി പ്രൊഫസർ ഫിറ്റ്സ് പാട്രിക് 1952 ൽ മരിക്കുമ്പോൾ വീട്ടിൽ നിന്ന് കിട്ടിയത് 90 ടൺ പുസ്തകങ്ങളാണ്! ഇതിലെത്രയെണ്ണം അദ്ദേഹം വായിച്ചിട്ടുണ്ടാവും. അമേരിക്കൻ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സൺ തകരാറു പിടിച്ച വായനക്കാരനായിരുന്നു എന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ആദ്യകാല ശേഖരം 1770 ൽ കത്തിപ്പോയി. കൂടുതൽ വാശിയോടെയാണ് പുതിയ പുസ്തകക്കൂമ്പാരം അദ്ദേഹം ഉണ്ടാക്കിയത്.  ബ്രിട്ടീഷ് സേന
വാഷിങ്ടണിലെ കോൺഗ്രഷണൽ ലൈബ്രറി കത്തിച്ചപ്പോൽ 6700 പുസ്തകങ്ങൾ ജെഫേഴ്സൺ സഭയ്ക്കു വിറ്റു. ഇറ്റലിയിലെ ടസ്കൻ പ്രഭുകുടുബത്തിൽ‌പ്പെട്ട ഗൂഗ്ലിയെൽമോ ലിബ്‌റി ഗണിതജ്ഞനും പത്രപ്രവർത്തകനും അദ്ധ്യാപകനും ഫ്രെഞ്ച് ഗവണമെന്റിന്റെ ഉപദേശകനും എന്നാൽ പുസ്തകമോഷ്ടാവും ആയിരുന്നു. ഫ്രാൻസിലെ പബ്ലിക് ലൈബ്രറികളിൽ രാത്രികാലത്തും ഉറങ്ങാതിരുന്ന് ജോലി ചെയ്ത ലിബ്‌റി വിലമതിക്കാനാവാത്ത പഴയഗ്രന്ഥങ്ങൾ അടിച്ചുമാറ്റി അതിലെ മുദ്രകൾ മായ്ച്ചുകളഞ്ഞ് കൂടിയ വിലയ്ക്ക് വിറ്റു. പകരം വില കുറഞ്ഞ പതിപ്പുകൾ തിരികെ വച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലെ അപൂർവമായ കൈയെഴുത്തുപ്രതികൾ ഉൾപ്പടെ അദ്ദേഹത്തിന്റെ ശേഖരത്തിന് 15 ലക്ഷത്തിലധികം യൂറോ മതിപ്പുവിലയുണ്ടായിരുന്നത്രേ. ലിബ്‌റിയെ അധികാരികൾ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്തു.

‘എന്റെ പുസ്തകപ്രണയത്തിന്റെ കഥ’ എന്ന ലേഖനത്തിൽ സുകുമാർ അഴീക്കോട് ( വായനയുടെ സ്വർഗത്തിൽ) ഗുണ്ടർട്ട് നിഘണ്ടുവിന്റെ ആദ്യത്തെപ്രതി കൈവശമുള്ള മലയാളികളിലൊരാളായിരുന്നു തന്റെ പിതാവെന്ന് അറിയിക്കുന്നുണ്ട്. അതിന്റെ മൂല്യത്തെപ്പറ്റി മലയാളികളാരെങ്കിലും ആലോചിട്ടുണ്ടാവുമോ? ഭാഷാപരമായും ചരിത്രപരമായും പ്രാധാന്യമുള്ള ആ പുസ്തകം ജനിച്ചത് അമേരിക്കയിലോ ക്യാനഡയിലോ മറ്റോ ആയിരുന്നെങ്കിലോ? ന്യൂയോർക്കിലെ ആന്റിക് ബുക്ക് സ്റ്റോറുകൾ എത്രയക്കങ്ങളുള്ള വിലയാണ് ഡോളറിൽ രേഖപ്പെടുത്തി ഡസ്റ്റ് പ്രൂഫ് ജാക്കറ്റിട്ട്, കക്കാത്തോടിന്റെ പെട്ടിയിൽ അടച്ച് സൂക്ഷിക്കുമായിരുന്നത്! ആ വിലപ്പെട്ട നിഘണ്ടുവിന്റെ കേരളത്തിൽ അവശേഷിക്കുന്ന ആദ്യപ്രതി ഇപ്പോൾ എവിടെയാണോ ആവോ? 1458 ൽ അച്ചടിച്ച ഗുട്ടൻബെർഗ് ബൈബിളിന്റെ പേജുകൾ കീറി മീൻ പൊതിഞ്ഞു വിൽക്കുന്നതു കണ്ട വൈജ്ഞാനികനെക്കുറിച്ച് ഒരു പരാമർശമുണ്ട് പുസ്തകത്തിൽ. എങ്കിൽ പിന്നെ നമ്മൾ ആവശ്യമില്ലാതെ ഉത്കണ്ഠപ്പെട്ടിട്ടു കാര്യമില്ല. അതും നടന്ന് 100 വർഷം കഴിഞ്ഞപ്പോൾ സമൂഹം ആധുനികമായി. പഴയ പുസ്തകങ്ങളുടെ വില മനസ്സിലാക്കി തുടങ്ങി. പുരാവസ്തുക്കളുടെ പുസ്തകക്കടകളിൽ ആദ്യപ്രതികൾക്ക് വില ഉയർന്നു. എങ്കിൽ എല്ലാകാര്യങ്ങൾക്കും കാലത്തിന് അല്പം പിറകിലായിരിക്കുന്നുവെങ്കിലും സദാ സകലമാറ്റത്തിനും പടിഞ്ഞാട്ടു നോക്കുന്ന നമുക്കും നാളെയുടെ ആ സൂര്യൻ ഇവിടെയും കുതിച്ചെത്തും എന്നു തന്നെ പ്രതീക്ഷിക്കാം. (പൊളിഞ്ഞുപോയ പുസ്തകപ്രസാധകസംഘം മംഗളോദയത്തിലെ തിരുവനന്തപുരത്തെ ഓഫീസിൽ വിൽക്കാത്ത (പുതിയ) പഴയ പുസ്തകങ്ങൾ എലിയും ഇരട്ടവാലനും തിന്നു കിടന്ന കാഴ്ച കണ്ടത് ഓർമ്മിക്കുന്നു. കരമനയ്ക്കടുത്ത് പൂട്ടിക്കിടക്കുന്ന ഒരു പഴയ വീട്ടിൽ ദിവാൻ സി പിയുടെ അമൂല്യമായ ഗ്രന്ഥശേഖരം നശിച്ച നാമാവശേഷമാവുകയാണെന്ന് ഒരു കിംവദന്തിയുണ്ട്. എന്നും കാണും ആ വീട്. നിയമപ്രശ്നങ്ങളുണ്ട്. എന്തു ചെയ്യാനാണ്? സൂര്യൻ ഉദിക്കുക തന്നെ വേണം)

‘പെണ്ണും പുസ്തകവും പണവും (മറ്റൊരുത്തന്റെ കൈയിൽ) പോയാൽ പോയി’ എന്നർത്ഥമുള്ള സംസ്കൃതശ്ലോകം പരക്കെ പ്രചാരമുള്ളതാണല്ലോ. അത് ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. ഇണയെയും വിവാഹത്തെയും സംബന്ധിക്കുന്ന ഒരു പുസ്തകത്തെപ്പറ്റിയും പുസ്തകഭ്രാന്തിനെപ്പറ്റിയുമുള്ള സ്ത്രീകളെഴുതിയ രണ്ടു പുസ്തകങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടാണല്ലോ തുടങ്ങിയത്. നഷ്ടം, ഭ്രഷ്ടാ, ഖണ്ഡശഃ എന്നിങ്ങനെയാണ് കിട്ടിയാൽ തന്നെ, പോയ വകകൾ തിരിച്ചുകിട്ടുക.  നമ്മൾ ആ ആഭാണകത്തിൽ മറ്റൊരുത്തന്റെ കൈയിൽ പോയ പെണ്ണിനു നേരെ ഒളിനോട്ടമയച്ചുകൊണ്ടാണ് പുസ്തകത്തിലേയ്ക്കും പണത്തിലേയ്ക്കും നോക്കുന്നത്. പുസ്തകത്തിനോ പണത്തിനോ മറ്റേതു രണ്ടുമായാലും ഭ്രഷ്ടയാവുക സാധ്യമല്ലല്ലോ.     ആകസ്മികമായിട്ടെങ്കിലും പുസ്തകത്തിന് സ്ത്രീയുമായി ഒരു പൊരുത്തം വന്നു കളിക്കുന്നത് ശ്രദ്ധിക്കാതിരിക്കാനാവില്ല. പുസ്തകപോലീസ് - ബിബ്ലിയോഡിക്- ആയ കെൻ സാൻഡേഴ്സ് സ്വയം വിലയിരുത്തുന്നത് ആലിസൺ എഴുതിയിട്ടുണ്ട്. “പുതിയ എന്തെങ്കിലും കണ്ടാൽ അതിലേയ്ക്ക് ഊളിയിടുന്ന സ്വഭാവം തനിക്ക് സ്വായത്തമാണെന്നാണ് അയാൾ പറഞ്ഞത്. ജീവിതത്തിലുടനീളം ഇത് പലരൂപത്തിൽ ആവർത്തിച്ചിട്ടുണ്ട്. കള്ളന്മാരെ പിന്തുടരുന്ന കാര്യത്തിൽ  അതു വിജയകരമായിരുന്നു; സ്ത്രീകളുടെ കാര്യത്തിൽ പരാജയവും.” സാൻഡേഴ്സ് നേരത്തേ തകർന്ന ദാമ്പത്യത്തിന് താനേറ്റെടുത്ത  ദൌത്യത്തിന്റെ മികവിനെ പകരം വച്ചു. പലരും പുസ്തകത്തെപ്പറ്റി സംസാരിക്കുന്നത് പ്രേമഭാജനത്തെപ്പറ്റി സംസാരിക്കുന്നതുപോലെ തന്നെ  “ചില പുസ്തകങ്ങൾ കണ്ണിൽ‌പ്പെട്ടാൽ എനിക്ക് സ്വസ്ഥത നഷ്ടപ്പെടും. പിന്നെ അതുകിട്ടുന്നതുവരെ എനിക്ക് അടക്കമില്ല. ഒരു വേദന. അതു കൈക്കലാക്കി ക്കഴിഞ്ഞാൽ പെട്ടെന്ന് ഭാവം മാറും. ഒരു നിമിഷം മതി എനിക്കു തൃപ്തിയായി.” ബോസ്റ്റൺ കാരനായ പുസ്തകവ്യാപാരി പീറ്റർ സ്റ്റേൺ പറഞ്ഞതാണിത്. The Love Affairs of a Bibliomaniac എന്ന പുസ്തകം എഴുതിയ യൂജിൻ ഫീൽഡ് എഴുതി : എന്റെ പുസ്തകങ്ങൾ എന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അതു ഞാൻ ആഴത്തിൽ മനസ്സിലാക്കുന്നു. ഞാനെന്നും രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ പ്രിയപ്പെട്ട മുത്തുകൾ എങ്ങനെയിരിക്കുന്നു എന്നു നോക്കിക്കൊണ്ട് ‘സുപ്രഭാതം പ്രിയ മിത്രങ്ങളേ’ എന്നു ഘോഷിക്കും. അപ്പോൾ അവ സന്തോഷത്തോടെ മന്ദഹസിക്കും.” പുസ്തകഭ്രാന്തിന്റെ കഥ വെറുമൊരു വസ്തുപ്രണയത്തിന്റെ കഥയല്ല. അതിൽ എന്തൊക്കെയോ കൂടിക്കലരുന്നുണ്ട്. എന്തോ എടുത്ത് പകരം മറ്റെന്തോ വയ്കുന്നുണ്ട്. പുസ്തകങ്ങളെ പ്രണയിക്കുക, അതു ഭ്രാന്താവുക, അവയുടെ സാമീപ്യത്തിൽ മറ്റൊന്നിൽ നിന്നും കിട്ടാത്തതരം നിർവൃതി അനുഭവിക്കുക, മറ്റൊരു ലോകത്തിൽ ആ ആത്മാനുഭൂതിയുമായി ജീവിക്കുക, അസാധാരണമായ ഈ വൃത്താന്തങ്ങളെ സാഹസികമായിട്ടാണെങ്കിൽ പോലും പിന്തുടരാൻ ചിലതുണ്ടെന്ന് ഒരു സ്ത്രീയ്ക്കു തന്നെ തോന്നുക. അങ്ങനെ സംഭവിച്ചതാണല്ലോ “The Man Who Loved Books Too Much” എന്ന പുസ്തകം.

ആകെകൂടി കൂട്ടി വച്ച് താടിയ്ക്കു കൈകൊടുത്തിരിക്കുമ്പോൾ പഴയ സംസ്കൃതശ്ലോകക്കാരൻ ‘പുരുഷവാദി’ പുസ്തകത്തിനൊപ്പം സ്ത്രീയെ വെറുതെ കൂട്ടായി പിടിച്ചതല്ലെന്നു തോന്നുന്നു. മനശ്ശാസ്ത്രപരമായ എന്തോ ഒരു മൂളക്കമുണ്ട് സംഗതികളിൽ !